കോവിഡ് -19 രോഗകാരണമായ ഒമിക്രോൺ വകഭേദത്തിൻ്റെ JH. 1 ഉപവകഭേദം തിരുവനന്തപുരത്ത് ഒരാളിൽ കണ്ടെത്തിയതും കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാർത്തയും സ്വാഭാവികമായും ഊഹാപോഹങ്ങൾ പരക്കുന്നതിനും ജനങ്ങളിൽ ആശങ്ക പരത്തുന്നതിനും കാരണമായിട്ടുണ്ട്. സാമൂഹ്യശൃംഖലകളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിച്ച് അമിതഭയത്തിനടിമപ്പെടാതെ കോവിഡ് രോഗത്തെ സംബന്ധിച്ച ശാസ്തീയവിവരങ്ങൾ മനസ്സിലാക്കി അമിതഭീതി ഒഴിവാക്കി സമചിത്തതയോടെ ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
കോവിഡ് -19 നു കാരണമായ സാർഴ്സ് കൊറോണ വൈറസ് -2 (SARS-CoV-2) ആർ എൻ എ വൈറസായതിനാൽ നിരന്തരം ജനിതകമാറ്റത്തിനു വിധേയമായി കൊണ്ടിരിക്കും. പൊതുവിൽ പുതിയ വകഭേദങ്ങൾക്ക് വാസ്കിനേഷനിലൂടെയും രോഗത്തിലൂടെയും ലഭിക്കുന്ന ആർജ്ജിത രോഗപ്രതിരോധശേഷിയെ അതിജീവിക്കാനുള്ള കഴിവുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇവയുടെ വ്യാപനനിരക്ക് (Infectivity) കൂടുതലായിരിക്കും. എന്നാൽ ഇവയുണ്ടാക്കുന്ന കോവിഡ് രോഗത്തിന്റെ തീവ്രത (Virulence) താരതമ്യേന കുറവായിരിക്കും.
ഇപ്പോൾ പ്രചാരത്തിലുള്ള ഒമിക്രോൺ വകഭേദത്തിൽ നിന്ന് BA.1-5, XBB, എന്നിങ്ങനെ നിരവധി ഉപവകഭേദങ്ങൾ ആവിർഭവിച്ചിട്ടുണ്ട്. ഇവയിൽ BA.2 ൽ നിന്നുത്ഭവിച്ച BA.2.86 വകഭേദമാണ് ചില രാജ്യങ്ങളിൽ Pirola എന്നറിയപ്പെടുന്നത്. ഇതിൽ L455S എന്ന ജനിതക വ്യതിയാനം കൂടി സംഭവിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട വകഭേദമാണ് JN.I.
ജനസാന്ദ്രത കൂടിയിരിക്കുന്നതിനാലും സാംസ്കാരിക, സമൂഹിക, ആത്മീയ, രാഷ്ടീയ ആൾക്കൂട്ട സന്ദർഭങ്ങൾ കൂടുതലായതുകൊണ്ടും വ്യാപനനിരക്ക് കൂടിയ വകഭേദം കോവിഡ് കേരളത്തിൽ കൂടുതൽ പേരിലെത്താൻ കാരണമാവുന്നുണ്ട്. അതുപോലെ കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ പോക്കുവരവും കൂടുതലാണ്. ജനങ്ങളുടെ ആരോഗ്യബോധം ഉയർന്നതായതിനാൽ കോവിഡ് ടെസ്റ്റിംഗ് താരതമ്യേന കൂടുതലായി നടക്കുന്നതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെക്കാൾ പുതിയ വകഭേദം മൂലമുള്ള കോവിഡ് കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നത്.
എന്തായാലും വ്യാപനനിരക്ക് കൂടിയ പുതിയ വകഭേദം പ്രത്യേക്ഷപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ച്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. രണ്ടും മൂന്നും കോവിഡ് വാക്സിനേഷൻ ഡോസുകൾ എടുക്കാത്തവർ അതെടുത്ത് വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കണം. വാക്സിനേഷൻ എടുത്തവരിലും പുതിയ വകഭേദം രോഗമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് മനസ്സിലാക്കിയിരിക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
2. മുതിർന്ന പൗരരും പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിവയുമുള്ളവർ പുറത്ത് പോകുമ്പോഴെല്ലാം മാസ്ക് ഉപയോഗിക്കാനും തിരികെ വീട്ടിലെത്തുമ്പോൾ കൈകൾ ആവർത്തിച്ച് കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.
3. അനുബന്ധ രോഗമുള്ളവർ തങ്ങളുടെ പ്രാഥമികരോഗങ്ങളുടെ ചികിത്സ കൃത്യമായും മുടക്കം കൂടാതെയും നടത്തിയിരിക്കണം.
4. പുതിയ വകഭേദമുണ്ടാക്കുന്ന കോവിഡിൻ്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച് ഭേദപ്പെട്ടാലും എല്ലാ പ്രായത്തിലുള്ളവരിൽ 20% പേർക്കെങ്കിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങൾ (Post Covid Diseases) ഉണ്ടാവാൻ സാധ്യതയുണ്ട്.
5. പ്രായമേതായാലും എല്ലാവരും രോഗസാധ്യത കൂടുതലുള്ള സന്ദർഭങ്ങളിലും സ്ഥലത്തും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികൾ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, അടഞ്ഞ എ.സി മുറികൾ എന്നിവിടങ്ങളിലും ഉത്സവങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ ആൾക്കൂട്ട സ്ഥാലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കണം.
6. ഇപ്പോൾ കേരളത്തിൽ വർധിച്ച് വരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളും പലതരത്തിലുള്ള വായുവഴി പകരുന്ന രോഗങ്ങളും തടയാനും മാസ്ക് ഉപയോഗിക്കുന്നത് സഹായകരമാണ്. ഫ്ലൂ രോഗം മൂലം കോവിഡ് ബാധിതരേക്കാൾ കൂടുതാളുകൾ ഇപ്പോൾ മരിക്കുന്നുവെന്നത് അറിഞ്ഞിരിക്കണം.
പുതിയ വാക്സിൻ പ്രതീക്ഷിക്കാം
നിലവിലുള്ള കോവിഡ് വാസ്കിൻ ആദ്യം പ്രത്യക്ഷപ്പെട്ട വൈറസിനെതിരെയുള്ളതാണ്. പുതിയ വകഭേദങ്ങളെക്കൂടി പ്രതിരോധിക്കാവുന്ന വാക്സിൻ വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.