ഞങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ​​​​​​​അതിഭാവുകത്വം വേണ്ട

കോവിഡ്-19 സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല, ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഒരു വ്യക്തി തന്റെ മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ഡോക്ടർമാരെ സമീപിക്കാൻ തയാറാവുക. എന്നാൽ കോവിഡിനുശേഷം, ചികിത്സ കൂടുതൽ സുരക്ഷിതമായ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനോ, ഓൺലൈൻ സംരംഭങ്ങളെ ആശ്രയിച്ച് ഡോക്ടറുമായി നേരിട്ട് സമ്പർക്കം പുലർത്താതെ ചികിത്സ തേടാനോ നിർബന്ധിതരാവുകയാണ് സാധാരണ ജനം.

മറ്റു​ മാധ്യമങ്ങളിലൂടെ ചികിത്സ തേടുമ്പോൾ, ഒരു ഡോക്ടറുമായി നേരിട്ട് സംവദിക്കുമ്പോൾ ഉണ്ടാകുന്ന സാധ്യതകൾ ഇല്ലാതാവുകയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള പരസ്പര ആശയ വിനിമയം (Interpersonal Communication) വളരെ പ്രധാനമാണെന്നിരിക്കെ, രോഗാവസ്ഥയെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും ശരിയായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ വഴി പലപ്പോഴും സാധിക്കാതെ വരാം. ചികിത്സ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നത് രോഗാവസ്ഥ ഗുരുതരമാവുന്നതിനും, ഫലപ്രദമായ ചികിത്സ ലഭ്യമാവാതിരിക്കുന്നതിനും കാരണമാവാം

രോഗികൾക്കും ഡോക്ടർമാർക്കുമിടയിൽ കോവിഡ് സൃഷ്ടിച്ച അനേകം മറകളും അകലങ്ങളുമുണ്ട്. ആലങ്കാരികമായവയേക്കാളുപരി അക്ഷരാർഥത്തിലുള്ളവ. പുഞ്ചിരിക്കുന്ന മുഖത്തോടെ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചറിയാനും, രോഗികൾക്ക് പ്രത്യാശ നൽകാനും പി.പി.ഇ കിറ്റിന്റെയും, മാസ്‌കുകളുടേയും പരിമിതി ആരോഗ്യപ്രവർത്തകരെ അനുവദിക്കുന്നില്ല. ഇതുമൂലം ചികിത്സയുടെ പ്രാരംഭഘട്ടത്തിൽ രോഗിക്ക് ലഭിക്കേണ്ട ആത്മവിശ്വാസം നൽകാൻ ഡോക്ടർമാർക്ക് സാധിക്കാതെ പോകുക മാത്രമല്ല, അവരിൽ പിരിമുറുക്കം ഉണ്ടാക്കാനും സാധ്യതയുണ്ട്.

ഡോക്ടറും രോഗിയും പങ്കിടുന്ന പൊതു ഇടം തുടങ്ങി, അവർക്കിടയിലുള്ള അകലം പോലും ചികിത്സയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രോഗികളും, ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ബന്ധത്തെ (rapport) ഇത് പ്രതികൂലമായി ബാധിക്കും.

പൊതു ഗതാഗത മാർഗങ്ങളുടെ ലഭ്യതക്കുറവ്, രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നതിനു വേണ്ട സമയവും ചെലവും വർധിപ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയാൽ രോഗപ്രതിരോധത്തിനായുള്ള മുന്നൊരുക്കളുമായി രോഗികൾ തീർച്ചയായും സഹകരിക്കേണ്ടതുണ്ട്. പരിചരണം ആവശ്യമായ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചറിയുന്നതിനുമുമ്പ്, എവിടെ നിന്ന്​ വരുന്നു, കണ്ടയ്ൻമെന്റ് സോണിലാണോ താമസം, വീട്ടിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടോ, വിദേശ യാത്ര നടത്തിയിട്ടുണ്ടോ, നടത്തിയവരുമായി സമ്പർക്കമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുന്നു.

പ്രസ്തുത ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ തങ്ങളുടെ ചികിത്സയെ ബാധിക്കുമെന്ന പേടി, വിവരങ്ങൾ നൽകാതിരിക്കാനും, തെറ്റായ വിവരങ്ങൾ നൽകാനും ആളുകളെ പ്രേരിപ്പിക്കും. അടിയന്തര ശസ്ത്രക്രിയക്കുമുമ്പ് സാധാരണ സമ്മതപത്രത്തിനു പുറമേ, കോവിഡ് പിടിപെടാൻ സാധ്യതയുണ്ടെന്ന പ്രത്യേക സമ്മതപത്രവും ഇപ്പോൾ നൽകേണ്ടതുണ്ട്. ഇത് പലരേയും അലോസരപ്പെടുത്തുന്നുണ്ട്, പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെ കാര്യത്തിൽ.

മാറ്റിവെക്കേണ്ടിവരുന്ന അടിയന്തര ശസ്​ത്രക്രിയകൾ

പ്ലാസ്റ്റിക് സർജൻ എന്ന നിലക്ക് അടിയന്തര സ്വഭാവമുള്ള പല ശസ്ത്രക്രിയകളും കെെകാര്യം ചെയ്യേണ്ടി വരാറുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിയായി പലവിധം ശസ്ത്രക്രിയകൾ പ്ലാസ്റ്റിക് സർജറിയുടെ ഭാഗമാണ്. പുനർനിർമാണ ശസ്ത്രക്രിയ (reconstructive surgery), സൗന്ദര്യ വർധക ശസ്ത്രക്രിയ (cosmetic surgery) എന്നിവ ഇതിന്റെ ഉപവിഭാഗങ്ങളാണ്. അപകടങ്ങളിൽ അറ്റു പോയ വിരലുകൾ, കൈപ്പത്തി, കാലുകൾ തുടങ്ങിയ അവയവങ്ങൾ മൂന്നു നാല് മണിക്കൂറുകൾക്കുള്ളിൽ സർജറി നടത്തി രക്തയോട്ടം പുനഃസ്ഥാപിക്കേണ്ടതുണ്ട്. കോവിഡ് ടെസ്റ്റിന്റെ റിസൾട്ടിന്​ കാത്തിരിക്കാനുള്ള സാഹചര്യമായിരിക്കില്ല അപ്പോൾ. രോഗി വന്നയുടൻ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ ചെയ്യുന്നത്. ശസ്ത്രക്രിയക്കിടയിൽ രോഗി കോവിഡ് പോസിറ്റിവ് ആണെന്ന വിവരം ആശങ്കയോടെ കേൾക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ട്.

ജന്മനാ ഉണ്ടാവുന്ന മുറിച്ചുണ്ട്, മുറിഅണ്ണാക്ക് എന്നിവ സമയബന്ധിതമായി ഒരു വയസ്സിനുള്ളിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയാൽ മാത്രമേ കുഞ്ഞിന് ശരിയായ സംസാരശേഷിയും മുഖഘടനയും ലഭിക്കൂ. പ്രസവത്തോനടനുബന്ധിച്ചും അല്ലാതെയും നവജാത ശിശുക്കളുടെ കൈകളിലേക്കുള്ള നാഢീവ്യൂഹത്തിന് സംഭവിക്കുന്ന ക്ഷതങ്ങൾ (brachial plexus injury) മൂലം ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ശസ്ത്രക്രിയ ആവശ്യമായ കേസാണെങ്കിൽ ഇത് പരിഹരിക്കാൻ ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മണിക്കൂറുകളോളം നീളുന്ന സങ്കീർണ ശസ്ത്രക്രിയകൾ ആവശ്യമായി വരും. ഇത് ചെയ്യുന്നതിൽ വരുന്ന കാലതാമസം കുട്ടിയുടെ ചലനശേഷിയെ തന്നെ ബാധിച്ചേക്കും. കോവിഡ് ഭീതി മൂലം പലരും ഇത്തരം അടിയന്തരശ്രദ്ധ ആവശ്യമായ ശസ്ത്രക്രിയകൾ പോലും നീട്ടിവെക്കുന്ന സ്ഥിതിവിശേഷമാണ്.

ചില പുനർനിർമാണ ശസ്ത്രക്രിയകൾ പല ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. ആക്‌സിഡന്റിൽ പെട്ട് കൈയിന്റെ പുറകു വശത്തെ ദശ മുഴുവനായി നഷ്ടപ്പെട്ട ഒരു രോഗി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. എല്ലുകൾ പുറത്തു കാണുന്ന അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ കൈ പൂർവസ്ഥിതിയിലാക്കാൻ വയറിന്റെ അടിവശത്തു നിന്നുള്ള ദശയാണ് ഉപയോഗിക്കുക. ചികിത്സയുടെ ആ ഘട്ടത്തിൽ കൈ വയറിനോട് ഒട്ടിച്ചേർന്നിരിക്കും. ദശ പിടിക്കുന്നത് വരെ, മൂന്നാഴ്ചത്തോളം കൈ പോക്കറ്റിൽ വെക്കുന്നതുപോലെ വയറിനോട് ചേർത്ത് അനങ്ങാതെ പിടിക്കണം. ചികിത്സയുടെ ആദ്യ ഘട്ടത്തിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ രണ്ടാഴ്ചക്കു ശേഷം രോഗിക്ക് കോവിഡ് പിടിപെട്ടു. രണ്ടാം ഘട്ട ശസ്ത്രക്രിയ, അതായത് കൈ വയർ ഭാഗത്തു നിന്ന്​ വേർപെടുത്തുന്ന ശസ്ത്രക്രിയ ഒരു മാസത്തിലധികം മാറ്റി വേക്കേണ്ട സാഹചര്യമുണ്ടായി. അപ്രതീക്ഷിതമായ ഇത്തരം സംഭവങ്ങൾ രോഗികളെ ശാരീകമായി മാത്രമല്ല, മാനസികമായും ബുദ്ധിമുട്ടിക്കും.

ഓൺലൈൻ കൺസൾട്ടേഷൻ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വർഷങ്ങൾക്കു മുമ്പ് കൈത്തണ്ടയിലെ അത്ര മാരകമല്ലാത്ത മാലിഗ്നന്റ് ട്യൂമർ നീക്കി, പുനർനിർമാണ ശസ്ത്രക്രിയക്ക് വിധേയയായ ഒരു പേഷ്യന്റ് ഉണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ തുടർപരിശോധനക്ക് അവരെത്താറുണ്ടായിരുന്നു. എന്നാൽ കോവിഡിനുശേഷം അവർ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിച്ചു. ഓപറേഷൻ നടന്ന ഭാഗത്തെ ഫോട്ടോ അയക്കും. കെെ തടവി നോക്കി മുഴകൾ ഒന്നും ശ്രദ്ധയിൽ പെടുന്നില്ലെന്നും, മറ്റു രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും അവരറിയിച്ചു. എന്നാൽ പിന്നീട് ഓപറേഷൻ നടന്ന ഭാഗത്ത് ചെറിയ വേദനയുണ്ടെന്നും, പാരസെറ്റമോൾ കഴിച്ചപ്പോൾ അത് മാറിയെന്നും അവർ പറഞ്ഞു. വളരെയധികം നിർബന്ധിച്ച ശേഷമാണ് അവർ ഒ.പിയിൽ റിവ്യൂവിന് വരാൻ തയ്യാറായത്. പ്രാഥമിക പരിശോധന കഴിഞ്ഞ് എം.ആർ.ഐ സ്‌കാൻ ചെയ്തപ്പോഴാണ് രോഗം വീണ്ടും വരുന്നതിന്റെ ലക്ഷണം കണ്ടത്. Online consultation delays the diagnosis. ഇത്തരം സന്ദർഭത്തിൽ നാം ആരെ പഴിക്കും, രോഗത്തെയല്ലാതെ!

ആശുപത്രികളുടെ അടിസ്ഥാനം സ്വഭാവം പുനഃക്രമീകരിക്കുന്നതിലും കോവിഡ് വലിയ പങ്കുവഹിച്ചതായി കാണാം. പുതുതായി ആരംഭിച്ച റിസപ്ഷൻ ഏരിയ, വെയ്റ്റിങ് ഏരിയ, കോവിഡ് രോഗികൾക്കായുള്ള പ്രത്യേകം വാർഡുകൾ, ഐ.സി.യു, ലേബർ റൂം, അണുനശീകരണത്തിന് വേണ്ടി വരുന്ന അധിക ചെലവ് തുടങ്ങി കോവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾ ആത്യന്തികമായി സാധാരണക്കാർക്ക് തന്നെയാണ് ഭാരമായിത്തീരുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഇന്ന് 10- 20 ശതമാനം വരെ അധിക ചെലവ് വരുന്നുണ്ട്.

ആരോഗ്യപ്രവർത്തകരും സ​മ്മർദത്തിലാണ്

ആരോഗ്യപ്രവർത്തകരിൽ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിട്ടുണ്ട്. ജോലിക്കിടയിലുള്ള ചെറിയ വിശ്രമവേളകൾ, സഹപ്രവർത്തകരുമായുള്ള ഒത്തു ചേരലുകൾ, അവരുമൊന്നിച്ചുള്ള ലഘുഭക്ഷണം എന്നിവ തരുന്ന സന്തോഷങ്ങൾ കോവിഡിനു പിന്നാലെ ഇല്ലാതായി. ഇത് ആരോഗ്യപ്രവർത്തകരുടെ മാനസിക പിരിമുറുക്കം കൂട്ടാനും ഒറ്റപ്പെടലിനും കാരണമായി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വീട്ടുകാരുമായി ഇടപഴകുന്നതിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. കുട്ടികളും, പ്രായമായവും വീട്ടിലുണ്ടെങ്കിൽ അധിക ശ്രദ്ധ നൽകേണ്ടി വരും. കോവിഡ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഉള്ളതിനാൽ, സുഹൃത്തുക്കളും, അയൽക്കാരും, ബന്ധുക്കളും തങ്ങളിൽ നിന്ന് മനഃപൂർവം മാറിനിൽക്കുന്നുണ്ടെന്ന് ചില സഹപ്രവർത്തകരെങ്കിലും പരാതിപ്പെടാറുണ്ട്.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മറ്റ് തൊഴിൽ രംഗങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതൽ സാമൂഹ്യ പ്രതിബദ്ധത ആവശ്യമാണെന്നാണ് പൊതുബോധം. ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം കൊണ്ടാണത്. എന്നാൽ കോവിഡ് ആരോഗ്യമേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ നേരിടുന്നത് മേൽ പറഞ്ഞ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും, അതിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നുമുള്ള ആഖ്യാനങ്ങൾ അനീതിയാണ്. മണിക്കൂറുകളോളം മാസ്‌ക്, പി.പി.ഇ കിറ്റ് എന്നിവ ധരിച്ച്, സമയത്ത് ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും, ടോയ്‌ലറ്റിൽ പോകാതെയും, വിശ്രമിക്കാതെയും ജോലി ചെയ്യേണ്ടി വരുന്നത് ഒട്ടും സ്വാഭാവികമല്ല. ഇത്തരം നിർണായക ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ അതിഭാവുകത്വം നൽകുന്നതിനുപകരം തൊഴിൽ സുരക്ഷിതത്വവും അർഹിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിലാണ്​ ശ്രദ്ധയൂന്നേണ്ടത്.


ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് ഏഴിൽ വന്ന ലേഖനം

Comments