പത്രപ്രവർത്തകനും എഴുത്തുകാരനും തലശ്ശേരിയിലെ സാംസ്കാരിക മേഖലയിൽ പ്രശസ്തനുമായിരുന്ന മൂർക്കോത്ത് രഞ്ജിത് എന്റെ നല്ല സുഹൃത്തായിരുന്നു. രണ്ടോ മൂന്നോ തവണ അദ്ദേഹം എന്റെ അഭിമുഖം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അച്ഛന്റെ തലവേദന നിരവധി ചികിത്സകൾക്കു ശേഷവും ഭേദമാകാതെ വന്നപ്പോഴാണ് രഞ്ജിത് കോഴിക്കോട്ടേക്കുവന്ന് ഏതെങ്കിലും വിദഗ്ദ്ധ ഡോക്ടറെക്കുറിച്ചന്വേഷിച്ചത്. പരിചയക്കാരനെന്ന നിലയിൽ രഞ്ജിത് എന്റെ സഹായം തേടി. പെരുമാറ്റത്തിൽ ലാളിത്യവും പ്രവൃത്തിയിൽ ആത്മാർത്ഥതയും വരുമാനചിന്തയിൽ സ്വാർത്ഥതയുമില്ലാത്ത അപൂർവ്വം ചിലർ എന്റെ ഓർമ്മപ്പട്ടികയിൽ ആദ്യ പേരുകാരായി ഉണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്വേഷണം ഡോ. പി. സനൽകുമാറിലേക്ക് നീണ്ടു. അന്നദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മികച്ച വകുപ്പായ ന്യൂറോ സർജറിയിൽ സൽപ്പേ രോടെ ജോലി ചെയ്യുന്നു. മിതഭാഷിയാണ്. ആർഭാടം തീരെയില്ല. ഞാനെന്ന കൃത്രിമഭാവമില്ല. രോഗിയെ ക്ഷമയോടെ കേൾക്കും. കാര്യങ്ങൾ വിശദീകരിക്കും. രോഗിയും ബന്ധുക്കളും തൃപ്തരാവും. കർമ്മസാമർത്ഥ്യത്തിൽ വിട്ടുവീഴ്ചയില്ല. ഏതൊരാൾക്കും സമീപിക്കാം. സംശയം ചോദിക്കാം. അപരരുടെ മേൽ കുതിരകയറിയാലേ എന്റെ വിജ്ഞാനക്കുത്തക അംഗീകരിക്കപ്പെടുകയുള്ളൂ എന്ന മിഥ്യ തീരെയില്ല. അതിനെല്ലാമപ്പുറം തിളങ്ങുന്ന ഒരു സൗമ്യവ്യക്തിത്വം അദ്ദേഹത്തിലെ സാധാരണ മനുഷ്യനെ അസാധാരണ സവിശേഷതയുള്ള ഡോക്ടർ എന്ന ഖ്യാതിയിലേക്കുയർത്തി.

മൂർക്കോത്ത് രഞ്ജിത്തും അച്ഛനും ഞാനും ഒരുനാൾ അദ്ദേഹത്തെ കാണാൻ താമസസ്ഥലത്തെത്തി. വീട്ടിൽ രോഗികളെ നോക്കാറില്ലെന്നും നാളെ രാവിലെ മെഡിക്കൽ കോളജിൽ ന്യൂറോസർജറിയി ലെത്തിയാൽ മതിയെന്നും ഉപദേശം കിട്ടി. അദ്ദേഹത്തിന്റെ കയ്യിൽ വായിച്ചു പകുതിയായ ഒരു പുസ്തകമുണ്ടായിരുന്നു. വരാന്തയും മുറ്റവും ഒട്ടും പരിഷ്കരിക്കാത്ത ഒരു ഗ്രാമീണഭവനം പോലെ മാത്രം വൃത്തിയായി സൂക്ഷിച്ചിരുന്നു. മുറ്റത്തെ മാവിന്റെ ചില്ലയിൽ അണ്ണാറക്കണ്ണനും കരിയിലപ്പ ക്ഷിയും സ്വസ്ഥമായി വിഹരിച്ചിരുന്നു. ഞങ്ങളെന്തെങ്കിലും പറയുംമുൻപ് അദ്ദേഹം വാതിലടച്ചു. രോഗിയെ പരിഗണിക്കാതിരുന്നതിന്റെ പേരിൽ രഞ്ജിത് അദ്ദേഹത്തെ വിമർശിക്കാൻ തുടങ്ങി. ഞാൻ സമാധാനിപ്പിച്ചു. സ്വകാര്യപ്രാക്ടീസ് ചെയ്യാത്ത അപൂർവ്വം ചിലരുണ്ട്. അക്കൂട്ടത്തിലാവാം അദ്ദേഹം. രഞ്ജിത്തിന്റെ നാവടങ്ങിയെങ്കിലും പ്രതിഷേധഭാവം തുടർന്നു. ആ ദിവസം രഞ്ജിത്തും അച്ഛനും എന്റെ വീട്ടിൽ തങ്ങി.
രാത്രിയിൽ ഞങ്ങൾ വൈദ്യശാസ്ത്രരംഗത്തെ നന്മതിന്മകളെപ്പറ്റി ഏറെ സംസാരിച്ചു. പിറ്റേന്ന് ന്യൂറോ സർജറി ഒ.പിയിൽ ടിക്കറ്റെടുത്തു കാത്തുനിൽക്കുമ്പോൾ ഒരു സാധാരണക്കാര നെപ്പോലെ ശാന്തമായി നടന്നുവരുന്ന ഡോ. സനൽ കുമാറിനെ കണ്ടു. ‘വരൂ...’ എന്ന് പതുക്കെ എന്നോടു പറയുന്നത് ഞാൻ മാത്രം കേട്ടു. വിശദമായ പരിശോധന... എക്സ്റേ, സ്കാൻ, അനുബന്ധകാര്യങ്ങൾ എല്ലാം പടിപടിയായി ചെയ്തു. തലച്ചോറിൽ മുഴ. രണ്ടാംനാൾ ശസ്ത്രക്രിയ. രഞ്ജിത്തിന്റെ വിമർശനങ്ങൾ ആദരവിനു വഴിമാറി. വിശദമായി എല്ലാം പറഞ്ഞുകൊടുക്കാൻ മടിയില്ലാത്ത ഒരു ഡോക്ടറെ അത്രയധികമൊന്നും രഞ്ജിത് ചികിത്സാരംഗത്ത് കിട്ടില്ല. ‘എല്ലാവരും മരാകുന്നു, ഞങ്ങൾ മാത്രം മിടുക്കരാകുന്നു’ എന്ന ഭാവം ഡോ. സനൽകുമാറിനെ തീണ്ടിയില്ല. ആശങ്കകളുടെ മണിക്കൂറുകൾ കടന്നുപോയി. ഐ സി യുവിൽ നിന്ന് രോഗിയുടെ സ്ഥിതി യഥാസമയം അറിഞ്ഞുകൊണ്ടിരുന്നു. എല്ലാം ചിട്ടയോടെ മാതൃകാപരമായി സംവിധാനം ചെയ്തിരുന്നു. നാലാംനാൾ എഴുന്നേറ്റിരുന്നു ദ്രാവകഭക്ഷണം കഴിക്കുന്ന അച്ഛനെക്കണ്ട് രഞ്ജിത് ഡോക്ടർക്കും ദൈവത്തിനും നന്ദി പറഞ്ഞു.
ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് ഡോക്ടർ ഞങ്ങളെ വിളിപ്പിച്ച്, വീട്ടിൽ ചെന്നാൽ ചെയ്യേ കാര്യങ്ങളെല്ലാം വിശദീകരിച്ചു. സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ഭാഷ ഏതു ശാസ്ത്രത്തെയും മനുഷ്യോചിതമാക്കുന്നു. ആശുപത്രി വിടുംമുൻപ് ഞാനറിയാതെ രഞ്ജിത്, ഡോക്ടറെ കാണാൻ വീണ്ടും വീട്ടിൽ പോയത്രേ. ആ സന്ദർശനത്തിന്റെ പേരിൽ രഞ്ജിത്തിന് വേറിട്ടൊരു വ്യകതിമാഹാത്മ്യം ബോധ്യപ്പെട്ടു. മറ്റുള്ളവരിൽനിന്ന് ഒന്നും മോഹിക്കാത്ത ചിലരുണ്ട്. അവർ സ്വന്തം കഴിവിലും ജ്ഞാനത്തിലും ജീവിതസമയം സമർപ്പിക്കുന്നു. രോഗത്തിന്റെ പേരിൽ അന്യരുടെ അദ്ധ്വാനപ്പങ്ക് വ്യാമോഹിക്കുന്നവർക്ക് മനസ്സിന് ഭാരമേറും. അനുചിതമായ പെരുമാറ്റത്തിന്റെ പശ്ചാത്തലം അന്വേഷിച്ചാൽ സ്വയം തെറ്റിദ്ധരിച്ച അപക്വമതികളെ കാണാം. ഡോ. പി. സനൽ കുമാറിനെക്കുറിച്ച് മൂർക്കോത്ത് രഞ്ജിത് കലാകൗമുദിയിൽ ഒരു നല്ല ലേഖനമെഴുതി. ഞാനതു ഡോക്ടറെ ഏല്പി ക്കുമ്പോൾ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല. ചെറിയൊരു ചിരി. അത്രമാത്രം. പക്ഷേ, ഞങ്ങൾക്കിടയിൽ വലിയൊരു സൗഹൃദം വളർന്നു. അത് കുടുംബബന്ധമായി മാറി. അദ്ദേഹത്തിന്റെ മക്കളുടെ വിവാഹത്തിന് ഞാനും എന്റെ മക്കളുടെ വിവാഹത്തിന് അദ്ദേഹവും പങ്കുകൊണ്ടു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ ന്യൂറോ ശാസ്ത്രപുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ പ്രാരംഭ ജോലികളിൽ ഏർപ്പെടാൻ എനിക്കും കഴിഞ്ഞു. ‘പി.കെ. ഗോപിയുടെ മനസ്സിൽ മറക്കാനാവാത്ത ഏതെങ്കിലും ഡോക്ടറുണ്ടോ’ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒന്നാം പേര്: ഡോ. പി. സനൽകുമാർ, ന്യൂറോ സർജൻ, തിരുവനന്തപുരം.
READ: രോഗങ്ങളുടെയും വെല്ലുവിളികളുടെയും
മഴക്കാലം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

