ചെറുപ്പത്തിൽ തീരെ വയ്യാത്ത കുട്ടിയായിരുന്നു ഞാൻ. എല്ലാ രോഗാണുക്കൾക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. പനിയൊക്കെ എന്നെ പ്രേമിച്ചതിന് കണക്കില്ല. ബാല ടി.ബി എന്ന് ഞങ്ങൾ വിളിച്ചിരുന്ന പ്രൈമറി കോംപ്ലക്സ്, ടൈഫോയ്ഡ്, അഞ്ചാം പനി, തൊണ്ണീക്കം എന്ന് ഞങ്ങൾ വിളിച്ചിരുന്ന മുഖമൊക്കെ നീരുവന്നു തടിക്കുന്ന രോഗം തുടങ്ങിയവ പത്തുവയസ്സാകും മുമ്പേ എന്റെ ശരീരത്തെ അവരുടെ ലോകസഞ്ചാരത്തിന്റെ ഇടത്താവളമാക്കി. അതിനുശേഷവും ചിക്കൻ പോക്സ് മുതലായ സൂപ്പർ ഫാസ്റ്റ് രോഗങ്ങളും എന്നെ അവയുടെ സ്റ്റോപ്പുകളാക്കിയിട്ടുണ്ട്. അമ്മയുണ്ടായിരുന്നെങ്കിൽ കൃത്യം കണക്ക് തരാമായിരുന്നു. കുറച്ചാണ്ടുകൾക്ക് മുമ്പ്, അമ്മ പിരിയും മുമ്പേ ഒരു ദിവസം ആ രോഗിക്കുട്ടിയുടെ കഥ എന്നെ ഓർമ്മിപ്പിച്ചിരുന്നു.
എനിക്ക് ഏകാന്തത മധുരതരമാക്കുന്നതിൽ രോഗങ്ങളുടെ ഈ ബന്ധുത വളരെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ കൈയ്യിലിരിപ്പുകൾ കൊണ്ടും കാലിലിരുപ്പുകൾ കൊണ്ടും ഏകാന്തത ഞാൻ ചോദിച്ചു വാങ്ങിച്ചിട്ടുണ്ട്. നല്ല കളിക്കാരനായിരുന്നു ഞാൻ. പൂഴിയിലും ജലത്തിലുമൊക്കെ ആർത്തുല്ലസിച്ച ബാല്യമുള്ളവൻ. കണ്ടാൽ കനം വെച്ച നൂലുപോലെയാണെങ്കിലും മരംകയറാനും മറിയാനും അത്ര പിന്നോക്കമായിരുന്നില്ല. അതിനാൽ പലപ്പോഴും കൈയ്യിലെയും കാലിലെയും അസ്ഥികളുടെ ബലം പരിശോധിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാവുകയും പരാജയപ്പെട്ടപ്പോഴൊക്കെ പ്ലാസ്റ്ററിട്ട് ഏകാന്തതയെ പുൽകുകയും ചെയ്തിട്ടുണ്ട്.
അന്നൊക്കെ എന്റെ നാട്ടിൽ ഇത്തരം സന്ദർഭങ്ങളിൽ ഓടിയെത്താൻ ഒരേ ഒരു ദൈവമേ ഉണ്ടായിരുന്നുള്ളു. എസ് എൻ പുരം എന്ന ശ്രീനാരായണപുരത്ത് ഞാൻ പഠിച്ചിരുന്ന ജി എൽ പി എസ് പാപ്പിനിവട്ടത്തിന് സ്വല്പം വടക്കുമാറി താമസിച്ചിരുന്ന കരുണാകരമേനോൻ എന്ന കരുണാകരൻ ഡോക്ടർ. അന്നത്തെ കടുത്ത ദൈവവിശ്വാസിയായിരുന്ന ആ ബാലൻ ദൈവത്തിന്റെ തുടർച്ചയായാണ് കരുണാകരൻ ഡോക്ടറെ കണ്ടത്. മരുന്നുകൾ തന്ന് എന്റെ പൊതുജീവിതം പലവട്ടം വീണ്ടെടുത്തതുകൊണ്ടു മാത്രമല്ല. ദൈവങ്ങളെ അന്ന് ഞാൻ അടയാളപ്പെടുത്തിയിരുന്ന് മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ ചില പണിയായുധങ്ങൾ കൊണ്ടു നടക്കുന്നവരായിട്ടാണ്. ശിവന് കഴുത്തിൽ സർപ്പമുണ്ടായിരുന്നു. വിഷ്ണുവിന് കൈയ്യിൽ സദാ കറങ്ങുന്ന ചക്രമുണ്ടായിരുന്നു. കരുണാകരൻ ഡോക്ടർക്ക് കഴുത്തിൽ ഒരു കുഴലുണ്ടായിരുന്നു. അതിന്റെ പേര് സ്റ്റെതസ്കോപ്പ് ആണെന്ന് പറഞ്ഞുതന്നത് അമ്മയായിരുന്നു. എന്നെ തിരിച്ചും മറിച്ചും ഉരുട്ടി അതിന്റെ തണുത്ത പ്രതലം എന്നിൽ അമർത്തുന്ന കരുണാകരൻ ഡോക്ടറാണ്, ഡോക്ടർ ഇൻ ആക്ഷൻ, എന്നതിന് എന്റെ ഓർമ്മയിലെ പ്രാഗ് സ്വരൂപം. അതിന്റെ സ്പർശം ആദ്യമാദ്യം മുടിവെട്ടുകാരന്റെ കൈയ്യിലെ മുടി മുറിക്കുന്ന യന്ത്രത്തെ ഓർമ്മിപ്പിച്ചു. നാഡി മിടിപ്പ് പിടിച്ചുനോക്കിയും നെഞ്ചിൽ കൊട്ടിനോക്കിയും കണ്ണുകളിൽ ടോർച്ച് പായിച്ചും നാക്ക് പുറത്തേക്ക് ചാടിച്ചും രോഗനിർണ്ണയനാടകത്തിലെ പ്രധാന നായകനായി ഞാൻ അഭിനയിച്ചത് എനിക്കിപ്പോഴും നല്ല ഓർമ്മ. ആ നാടകത്തിന്റെ സംവിധായകനായിരുന്നു കരുണാകരൻ ഡോക്ടർ.
ആ സംവിധായകന്റെ കർക്കശമായ നിലപാടുകൾക്ക് കീഴടങ്ങേണ്ടി വന്ന നടനായിരുന്നു ഞാൻ. അതിലേറ്റവും പ്രധാനപ്പെട്ടത് സൂചി എന്ന സിറിഞ്ച് ഉപയോഗിച്ചുള്ള രംഗമാണ്. ജീവിതം തന്നെ നാടകം എന്ന നിർവ്വചനത്തെ ഉറപ്പിച്ചു തരുന്നതായിരുന്നു അത്. അതിന്റെ വേദനയേക്കാൾ, വേദനയെടുക്കുമല്ലോ എന്ന പ്രാഗ്ബോധമാണ് നമ്മെ പീഡിപ്പിക്കുക. അത് നമ്മുടെ കണ്ണുകൾ ഇറുപ്പിക്കും. അഗാധമായൊരു അലർച്ചയെ വായിൽ കൊണ്ടുവരും. കുത്തേല്ക്കാൻ പോകുന്ന കൈയ്യെ തേക്കിൻ തടി പോലെ ദൃഢമാക്കും. ഒരു പാതി പുഞ്ചിരിയിൽ ഇതു കൊണ്ടൊന്നും പിൻവലിയാതെ ആ മഹാസംവിധായകൻ, കരുണാകരൻ ഡോക്ടർ, തന്റെ കർത്തവ്യം കടുകിട വ്യതിചലിക്കാതെ ചെയ്തു തീർക്കും. സ്കൂൾമുറ്റത്ത് വീണ് നെറ്റി പൊട്ടിയപ്പോൾ തുന്നലിടാൻ പ്രത്യേക സൂചിയും നൂലുമായി നിൽക്കുന്ന സംവിധായകനെ ഇന്നലെയെന്ന പോലെ ഞാനോർക്കുന്നു. ആ സംഭവം, എന്റെ ശരീരം നിലനിൽക്കുന്ന കാലം വരെ കരുണാകരൻ ഡോക്ടറെ ഓർക്കാനുള്ള അടയാളം എന്റെ പുരികങ്ങൾക്കിടയിൽ തന്നു.

പിന്നീട് ഞാൻ ഓർക്കാറുണ്ട്. അക്കാലത്തെ എസ് എൻ പുരത്തെ ഒട്ടു മുക്കാലും മനുഷ്യശരീരങ്ങൾക്ക് മേൽ ഇത്തരം ഒപ്പുകൾ കരുണാകരൻ ഡോക്ടറുടേതായി പതിഞ്ഞു കിടപ്പുണ്ടാകും. പനിയെ, മറ്റ് വ്യാധികളെ, മുറിവുകളെ, ഒടിവുകളെ അതിജീവിച്ച് ആ ശരീരങ്ങളെ കടത്തിക്കൊണ്ടുപോയ കടത്തുകാരന്റെ ഓർമ്മയടയാളങ്ങളായി. എസ് എൻ പുരത്തെ ഒരു കാലത്തിന്റെ ചരിത്രം ലഭിക്കുക മണ്ണു കുഴിച്ചു മാത്രമല്ല, ശരീരങ്ങളെ പരിശോധിച്ചു കൂടിയാണ്.
തുച്ഛമായ ഒരു തുകയായിരു ന്നു, ആ കൈകളിൽ ഓരോരുത്തരും വെച്ചു കൊടുത്തിരിക്കുക. നമ്മൾ കേട്ടിട്ടുള്ള കഥകളിലെ ഉദാരനും സ്നേഹവാനുമായ ഡോക്ടർ അല്ലായിരുന്നു കരുണാകരൻ ഡോക്ടർ. വാക്കുകൾ കൊണ്ടുള്ള മന:ശാസ്ത്ര പരിചരണത്തിൽ വിദഗ്ദ്ധനുമല്ലായിരുന്നു. എങ്കിലും കർക്കശതയുടേതായ ചില മുഹൂർത്തങ്ങൾ ജീവിതത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുതന്നു. ആ പേരിനെ വിഗ്രഹിച്ചാൽ കരുണയുടെ ആകാരമായവൻ എന്ന് കിട്ടും. ജനിച്ചന്നേ ഡോക്ടറായിത്തീരും എന്ന മട്ടിൽ അച്ഛനമ്മമാർ ഇട്ട ഒന്ന്. കരുണയ്ക്ക് ഒരു കർക്കശത്വമുണ്ട് എന്ന് പിൽക്കാലത്തെ പഠിപ്പിന് അടിത്തറയിട്ടയാൾ അദ്ദേഹമാണ്. വളരെ പിന്നീട്, ‘‘സ്നേഹം ഇക്കാണുന്നതൊന്നുമല്ല,
കാട്ടുപന്നിയെ വേട്ടയാടാൻ
കാടൻ കൂർപ്പിക്കുന്ന കുന്തത്തിന്റെ മുനയിയിലെവിടെയോ ആണത്’’ എന്ന് സച്ചിദാനന്ദനെ വായിച്ചപ്പോൾ എനിക്ക് കരുണാകരൻ ഡോക്ടറെ ഓർമ്മ വന്നു. ഇരയെ വേട്ടയാടുന്നു എന്ന അർത്ഥത്തിലല്ല, വേട്ടയാടും പോലെ ഒരു മുഹൂർത്തം സൃഷ്ടിച്ച് രക്ഷയുടെ മഹാസാഗരം സൃഷ്ടിക്കുന്നതിനെപ്പറ്റി.
ഏത് പാതിരായ്ക്കും മുട്ടിയാൽ തുറക്കുന്ന വാതിൽ, സമയാസമയങ്ങളുടെ മറുകര കടന്ന സ്ഥിതപ്രജ്ഞമായ മുഖം, സാങ്കേതിക സഹായങ്ങൾ ഒട്ടുമില്ലാത്ത കാലത്ത് കൈവിരലുകൾ കൊണ്ട് തൊട്ടു തലോടി ഏനക്കേടുകൾ മനസ്സിലാക്കുന്ന മഹാശ്രദ്ധ. ഇതൊന്നും അന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അതുകൊണ്ട് ഡോക്ടറുടെ അടുത്തേയ്ക്ക് പോകേണ്ടിവരുമ്പോൾ ഞങ്ങളുടെ മുഖം ചുളിയുമായിരുന്നു. എന്നാൽ ആരോഗ്യത്തിന്റെ കര പറ്റിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തിനെ സ്മരിക്കുകയും ചെയ്തിരുന്നില്ല. ഇഷ്ടക്കേടിനും ഉദാസീനതയ്ക്കുമിടയിൽ അനിവാര്യമായ കർമ്മയോഗിയായി കരുണാകരൻ ഡോക്ടർ ഞങ്ങൾക്കിടയിൽ ജീവിച്ചു. വളരെ വർഷം.
ഡോക്ടർക്ക് പിന്നീടെന്തുപറ്റി എന്നറിയില്ല. പക്ഷെ, ഇന്നും എന്റെ ശരീരത്തിലെ ഓരോ കോശവും, അവർക്ക് എന്നിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാ നായാൽ, കരുണാകരൻ ഡോക്ടറുടെ അടുത്തേക്കോടും എന്നറിയാം. അവരുടെ നന്ദി സമർപ്പിക്കാൻ. ഞങ്ങളുടേതുപോലെ ഒരു കുഗ്രാമത്തിൽ, അല്ലെങ്കിൽ ആ കോശങ്ങളുടെ, ആ അസ്ഥികളുടെ കഥ മറ്റൊന്നായേനെ.
ഇന്ന് എന്റെ മകൻ ഒരു ഭിഷഗ്വരനാണ്. അവന് കൂടെ നിൽക്കാൻ ഒരു വലിയ സാങ്കേതിക ലോകമുണ്ട്. പുരോഗമിച്ച, വൈദ്യത്തിന്റെ ലോകവ്യവഹാരമുണ്ട്. എന്നാൽ ഏതോ തരത്തിൽ അവന്റെ ലോകവും, കരുണാകരൻ ഡോക്ടർമാരുടെ ലോകവുമായി ബന്ധപ്പെടുന്നുണ്ട്. ഒരു സ്റ്റെതസ്കോപ്പും നാലഞ്ച് ഉപകരണങ്ങളും കൊണ്ടും അസാമാന്യമായ ഇച്ഛാശക്തിയാലും സന്നദ്ധതയാലും ആയുസ്സ് എന്ന പരികല്പനയെ സംവർദ്ധിതമായ ഒന്നാക്കി തീർത്ത ചരിത്രകഥ. അതാണ് അവന്റെ ലോകത്തെ നൈതികമാക്കി തീർക്കേണ്ട ഓർമ്മ. അത്, ഞാനവന് പറഞ്ഞുകൊടുത്തിട്ടില്ല. പറഞ്ഞു കൊടുക്കണം.
READ: അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

