സയൻസ് ശത്രുവായ ഒരു ഭരണകൂടത്തിന് എങ്ങനെ കോവിഡിനെ നേരിടാൻ കഴിയും?

തുല്യതയും നീതിയും ഉറപ്പാക്കി കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കോടതിക്ക് ഇടപെടേണ്ടി വരുന്നു. തുല്യ മനുഷ്യ സങ്കൽപമില്ലാത്ത ഹിന്ദുത്വ ഭരണകൂടത്തിൽ നിന്ന് എല്ലാവർക്കും നീതിയുക്തമായി വാക്‌സിനും ചികിത്സയും ലഭ്യമാവുമെന്ന് എങ്ങനെ പ്രതീക്ഷിക്കും? സായൻസിക ജ്ഞാനശാസ്ത്ര നിലപാടിനെ നിരാകരിച്ചാണ് ഹിന്ദുത്വം നിലനിൽക്കുന്നത്. ഇത്തരമൊരു സായൻസിക ലോകവീക്ഷണത്തിന്റെ അഭാവമാണ് മഹാമാരിക്കാലത്തെ ഏറെ സങ്കീർണമാക്കിയിരിക്കുന്നത്.

കോവിഡ് മഹാമാരിയെ ഹിന്ദുത്വ ഭരണകൂട ശക്തികൾ കൈകാര്യം ചെയ്ത രീതി ആഗോളതലത്തിൽ തന്നെ രൂക്ഷ വിമർശനം ഏറ്റുവാങ്ങി. ഈ വിമർശനങ്ങൾ ഭരണകൂട ചെയ്തികളെ ലോകസമൂഹത്തിനുമുന്നിൽ അനാവരണം ചെയ്തു. യഥാർത്ഥത്തിൽ, വർത്തമാന ഇന്ത്യയിൽ തുടരുന്ന ബ്രാഹ്‌മണ്യ ഹിന്ദുത്വ ഭരണകൂടത്തിന്റെ ലോകവീക്ഷണവും പ്രത്യയ ബോധവുമാണ് കോവിഡ് കാലത്തെ സങ്കീർണമാക്കുകയും ബഹുജനങ്ങളെ സാമൂഹ്യ ദുരിതങ്ങളുടെ (Social Sufferings) കൊടിയ വിപത്തിലേക്ക് ആഴ്ത്തുകയും ചെയ്തത്. മഹാമാരിയുടെ ആരംഭത്തിലുള്ള അടച്ചിടലും, അതിസാധാരണക്കാരായ മനുഷ്യർ റെയിൽ പാളങ്ങളിൽ പുഴുക്കളെക്കാൾ ദയനീയമായി മരിച്ചുവീണതും, ആയിരക്കണക്കിനുപേർ മരണത്തിന് കീഴടങ്ങേണ്ടി വന്നതും സർക്കാർ നയങ്ങളുടെ മാത്രം പരാജയമല്ല; മറിച്ച്, ഭരണകൂടത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക യുക്തികളെ നിയന്ത്രിക്കുന്ന ബ്രാഹ്‌മണ്യ ഹിന്ദുത്വ ആശയങ്ങളാണ് ഈ നയങ്ങൾ തീരുമാനിക്കുന്നത് എന്നതുകൂടിയാണ്.

ബ്രാഹ്‌മണ്യ പാരമ്പര്യവാദം

മഹാമാരി മഹാജനസമൂഹത്തെ പിടിമുറുക്കിയ അവസരത്തിൽ അവർക്ക് സാമൂഹ്യവും സാമ്പത്തികവുമായ പിന്തുണ നൽകുന്നതിനുപകരം സാമാന്യ ജനത്തെ ഹിന്ദുത്വാശയങ്ങളാൽ പൂരിതമാക്കി സ്തംഭിപ്പിക്കുന്നതിനാണ് ബ്രാഹ്‌മണ്യ ശക്തികൾ ശ്രമിച്ചത്. പാത്രം കൊട്ടലും, ദീപം ജ്വലിപ്പിക്കലുമെല്ലാം ആധുനികതയ്‌ക്കെതിരായ ബ്രാഹ്‌മണ്യ പാരമ്പര്യവാദത്തിന്റെ വീണ്ടെടുപ്പുകളായിരുന്നു. ഇതുവഴി സ്വതവേ ബ്രാഹ്‌മണ്യ ലോകവീക്ഷണത്തിലകപ്പെട്ടിരിക്കുന്ന ജനതതിയെ പാരമ്പര്യത്തിന്റെ ബലതന്ത്രങ്ങളിൽ കുരുക്കിയിട്ട് രോഗവും രോഗമോചനവും കർമസിദ്ധാന്തബന്ധിതമാക്കി അവതരിപ്പിക്കാൻ സാധിച്ചു. ഇങ്ങനെ വരുമ്പോൾ ജനതതിയെ രക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് ഭരണകൂടം ഒഴിഞ്ഞു മാറുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെടുന്നു. ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുമ്പോഴും നദികൾ ശ്മശാനസ്ഥലികളായി തീരുമ്പോഴും ഭരണകൂടം തെല്ലും നീതിയുക്തമായി ചലിക്കാതിരിക്കുന്നതിന് കാരണം അത് പിന്തുടരുന്ന സാംസ്‌കാരിക യുക്തി ബ്രാഹ്‌മണ്യത്തിന്റെതാണ് എന്നതുകൊണ്ടാണ്.

കോവിഡിന് ഒരു ‘ചാണക ചികിത്സ'

ഹിന്ദുരാഷ്ട്രവാദത്തിലൂന്നിയ ജാതിബ്രാഹ്‌മണ്യ ഹിന്ദുത്വത്തിന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സമീപിക്കേണ്ട ഒരു ഭൗതിക യാഥാർഥ്യമാണ് ഈ ജൈവപ്രപഞ്ചമെന്ന കാഴ്ചപാടില്ല. പ്രപഞ്ചത്തെയും സമൂഹത്തെയും മനുഷ്യരെയും ശാസ്ത്രീയമായി സമീപിക്കുന്ന ഒരു ദർശനപാരമ്പര്യം ജാതി ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിനില്ല. മനുഷ്യരെ തുല്യരായി കാണുന്ന ലോകവീക്ഷണം ഇല്ല എന്നു മാത്രമല്ല അടിസ്ഥാനപരമായി സമൂഹത്തെ അസമത്വപൂർണമായി ശ്രേണീവൽക്കരിക്കുന്ന സാംസ്‌കാരിക സാമൂഹിക പ്രത്യയ ബോധമാണ് ഹിന്ദുത്വത്തിന്റേത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ബഹുജനങ്ങൾ അനുഭവിക്കുന്ന സാമൂഹ്യ ദുരിതങ്ങൾ പരിഹരിക്കപ്പെടേണ്ടവയാണെന്ന് ഹിന്ദുത്വം വിചാരിക്കുന്നില്ല. സ്വാമി- ദാസ ബന്ധത്തിലാണ് ജാതി ഹിന്ദുത്വം മനുഷ്യരെ കാണുന്നത്. തന്മൂലം മനുഷ്യരെ തുല്യരായി കാണുന്ന ഒരു മനുഷ്യസങ്കല്പവും അന്വേഷണത്വരയിലും ശാസ്ത്രാഭിമുഖ്യത്തിലൂടെയും സമീപിക്കുന്നതുമായ ഒരു പ്രപഞ്ച വീക്ഷണവും ഹിന്ദു രാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രമായ ജാതി ബ്രാഹ്‌മണ്യത്തിനില്ല. ആധുനിക ലോകവീക്ഷണത്തിലൂടെയും അതിന്റെ യുക്തിവിചാരങ്ങളിലൂടെയും സായൻസിക ബോധത്തിന്റെ അടിസ്ഥാനത്തിലും പരിഹരിക്കേണ്ട വിഷയങ്ങളെ വേദകാല ആര്യന്മാരുടെ സാമൂഹിക ഭാവനകൾ കൊണ്ട് പരിഹരിക്കാനാണ് ഹിന്ദുത്വ ശക്തികൾ പരിശ്രമിക്കുന്നത്.

കൊവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെ ലൈറ്റുകൾ ഓഫാക്കി വിളക്ക് കത്തിക്കുന്നു.

ചാണക- ഗോമൂത്ര- പഞ്ചഗവ്യ ചികിത്സയിൽ അഭയം പ്രാപിക്കാൻ ജനസമൂഹത്തെ പ്രേരിപ്പിക്കുന്ന ഭരണകൂടവും അതിന്റെ മധ്യവർത്തികളും വർണവിഭജനത്തിലും ജാതി വിഭജനത്തിലും അധിഷ്ഠിതമായ ചാതുർവർണ്യത്തിന്റെ സംസ്‌കാരത്തെ ആധുനിക ഇന്ത്യയിൽ കൂടുതൽ ബലവത്താക്കാനാണ് അഹോരാത്രം യത്‌നിക്കുന്നത്. ഇതാകട്ടെ ഭരണകൂടത്തെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സഹായിക്കുകയും രോഗങ്ങളുടെയും സാമൂഹ്യ ദുരിതങ്ങളുടെയും ഉത്തരവാദിത്വം കർമസിദ്ധാന്തബന്ധിതമാക്കി സാമാന്യ ജനങ്ങളിൽ തന്നെ കെട്ടിയേല്പിക്കുന്നതിനും സാധിക്കുന്നു.

ചാതുർവർണ്യത്തിന്റെ ലോകവീക്ഷണം സാംസ്‌കാരിക അടിത്തറയായി വീക്ഷിക്കുന്ന ഹിന്ദുത്വ ഭരണകൂടയുക്തി ബഹുജനങ്ങളെ ഹീനരും മ്ലേച്ഛരുമായാണ് ദർശിക്കുന്നത്. ബഹുജനങ്ങളെ തുല്യമനുഷ്യരായി സമദർശനം ചെയ്യുന്ന സമതാ സങ്കല്പം ഹിന്ദുത്വബ്രാഹ്‌മണ്യ യുക്തിക്ക് തികച്ചും അജ്ഞാതമാണ്. മനുഷ്യബന്ധങ്ങളെ ത്രൈവർണിക ശ്രേണിയായി അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങളെ സംവഹിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിൽ നിന്ന് സാമാന്യ ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭ്യമാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?. തുല്യ മനുഷ്യ സങ്കല്പമില്ലാത്ത ഹിന്ദുത്വ ഭരണകൂടത്തിൽ നിന്ന് എല്ലാവർക്കും നീതിയുക്തമായി വാക്‌സിനും ചികിത്സയും ലഭ്യമാവുമെന്ന് എങ്ങനെ പ്രതീക്ഷിക്കും. ഭരണഘടനാവാഴ്ചയുള്ള രാജ്യത്ത് പൗരന്റെ ജീവൽപ്രശ്‌നമായ കോവിഡ് വാക്‌സിൻ തുല്യതയും നീതിയും ഉറപ്പാക്കി വിതരണം ചെയ്യാൻ കോടതിക്ക് ഇടപെടേണ്ടി വരുന്ന സന്ദർഭമിതാണ്. ഭരണകൂടത്തിന്റെ സാമാന്യയുക്തിയെന്നത് ബ്രാഹ്‌മണ്യ ലോകബോധത്തിന്റെ പ്രപഞ്ചസങ്കല്പമായിരിക്കുമ്പോൾ നീതിയും തുല്യതയും ജനങ്ങൾക്ക് അപ്രാപ്യമായിത്തീരുന്നതിൽ അതിശയോക്തി ഒട്ടുമില്ല.

വൈപുല്യങ്ങളിലും പലമകളിലും അധിഷ്ഠിതമായ മഹാരാജ്യത്തെ ‘മായയായി ' (ശങ്കരാചാര്യരെ ഓർക്കുക) കാണുന്ന ലോകബോധം രോഗവും സാമൂഹ്യ ദുരിതങ്ങളും ‘മായയായി ' പ്രചരിപ്പിച്ച് ബ്രാഹ്‌മണ്യ ത്രൈവർണിക സാംസ്‌കാരിക ആധിപത്യം നിലനിർത്തുകയാണ്. കർമ-പുനർജന്മസിദ്ധാന്തങ്ങളിലൂടെ അസമത്വങ്ങളും സാമൂഹിക ദുരിതങ്ങളും ന്യായീകരിക്കുന്ന സാംസ്‌കാരിക പക്ഷത്തിന്റെ വക്താക്കൾ മഹാമാരിക്കാലത്ത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയതിന്റെ കാരണം മറ്റൊന്നല്ല.

പ്രപഞ്ചത്തെയും അതിന്റെ ഭൗതിക യാഥാർഥ്യത്തെയും അദ്വൈത മായയായി തല തിരിച്ചിടുന്ന ലോക ബോധത്തിന്റെ വക്താക്കൾ പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയതും യുക്തിചിന്തയിലും വിമർശന പാരമ്പര്യത്തിലും സ്വതന്ത്ര അന്വേഷണങ്ങളിലും അടിസ്ഥാനപ്പെടുത്തിയതുമായ പ്രപഞ്ച നിരീക്ഷണമോ സാമൂഹിക അന്വേഷണ രീതിയോ അല്പം പോലും വിലമതിക്കുന്നില്ല. കോവിഡ് പോലെയുള്ള മഹാമാരി വന്നു ചേരുമ്പോൾ അതിനെ സായൻസികമായ ചിന്താരീതിയിലൂടെയും പ്രയോഗ പദ്ധതികളിലൂടെയും നേരിടുന്നതിന് പകരം യജ്ഞ കർമങ്ങളും ഗോമൂത്രചികിത്സയും മന്ത്രവാദവും ഭരണകൂട യുക്തിയായി സർക്കാർ സംവിധാനങ്ങളിലൂടെ ഹിന്ദുത്വം പ്രചരിപ്പിക്കുന്നത് അതിന്റെ പ്രപഞ്ച ധാരണ ബ്രാഹ്‌മണ്യ ലോകവീക്ഷണമായതിനാലാണ്.

സായൻസിക ലോകവീക്ഷണത്തിന്റെ അഭാവം

പ്രപഞ്ച സത്യങ്ങളെയും സാമൂഹ്യ യാഥാർത്ഥ്യങ്ങളെയും അയഥാർത്ഥമായ അദ്വൈതമായാവാദമായി സാത്മീകരിക്കുന്നതിലൂടെ ഭൂരിപക്ഷം ജനസാമാന്യത്തെ അന്ധവിശ്വാസങ്ങളിലും ജാതി മത ഭേദ വിവേചന രൂപങ്ങളിലും ശാശ്വതമായി നിലനിർത്താൻ ഹിന്ദുത്വത്തിന് കഴിയുന്നു.
സായൻസിക ചിന്താധാരയിലൂന്നുന്ന പ്രപഞ്ച വീക്ഷണത്തിന്റെ അഭാവം മാത്രമല്ല, സാമൂഹ്യ ദുരിതങ്ങളെ സ്ഥാപനവൽക്കരിക്കുന്ന ജാതി-വർണ മേൽക്കീഴ് ബന്ധങ്ങളിലാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ദർശനം അന്തർലീനമായിരിക്കുന്നത്. ഇതാണ് കോവിഡ് കാലത്തെ സാമൂഹ്യ ദുരിതങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതും. സാമൂഹ്യ ബന്ധങ്ങളുടെയും വിഭവങ്ങളുടെയും മേൽ, ജാതിഹിന്ദുക്കൾ കുത്തക നേടിയെടുക്കുന്ന അടിച്ചമർത്തൽ വ്യവസ്ഥിതിയാണ് ഹിന്ദുത്വത്തിന്റെ ആധാരശില. ഈ വ്യവസ്ഥിതിയെ പ്രകൃത്യാലുള്ളതും സ്വാഭാവികവുമായി കാണുന്ന സാമൂഹിക കാഴ്ചയും ചിന്താപാരമ്പര്യവുമാണ് ഇതിഹാസ പുരാണങ്ങളിലും ധർമശാസ്ത്ര നിയമാവലികളിലും ലീനമായിരിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന ജനതതിയുടെ സാംസ്‌കാരിക ബോധത്തെ ഹിന്ദുത്വം ഇന്നും നിയന്ത്രിച്ചുനിർത്തുന്നത് ഇതിഹാസ പുരാണ പാഠങ്ങളുടെ ബ്രാഹ്‌മണ്യ യുക്തിയിലൂടെയാണ്. സത്യത്തിൽ നിരീക്ഷണത്തിലും യുക്ത്യധിഷ്ഠിതമായ ചിന്തനത്തിലും അടിസ്ഥാനപ്പെടുത്തിയ സായൻസിക ജ്ഞാനശാസ്ത്ര നിലപാടിനെ നിരാകരിച്ചാണ് ഹിന്ദുത്വം നിലനിൽക്കുന്നത്. ഇത്തരമൊരു സായൻസിക ലോകവീക്ഷണത്തിന്റെ അഭാവമാണ് മഹാമാരിക്കാലത്തെ ഏറെ സങ്കീർണമാക്കിയിരിക്കുന്നത്.

കേവലം സർക്കാർ നയത്തിന്റെ പരാജയം എന്ന നിലയ്‌ക്കോ ഏതെങ്കിലും ഭരണാധിപതിയുടെ ഭരണകൂട ചെയ്തിയായി മാത്രമോ മഹാമാരി കാലത്തെ ഇന്ത്യൻ പ്രതിസന്ധികളെ വായിക്കുന്നത് ഹിന്ദുത്വപ്രത്യയ ബോധത്തെ അതിൽ നിന്ന് രക്ഷപ്പെടാനനുവദിക്കലാവും. ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രത്യയ ബോധങ്ങളെയും സാമൂഹ്യ പുറന്തള്ളൽ രാഷ്ട്രീയത്തെയും വിമർശനാത്മകമായി സമീപിച്ചു കൊണ്ടു മാത്രമേ മഹാമാരിക്കാലത്തെ ഇന്ത്യൻ സാമൂഹ്യ ദുരിതങ്ങളെ മനസിലാക്കാൻ കഴിയൂ. യുക്തിവിചാരത്തിലൂന്നുന്ന സായൻസികമായ പ്രപഞ്ച വീക്ഷണത്തിന്റെ അഭാവവും മനുഷ്യരെ അസമത്വപൂർണമായി ദർശിക്കുന്ന രാഷ്ട്രീയ വിചാരവുമാണ് ഹിന്ദുത്വത്തെ നയിക്കുന്നത്. ഇന്ത്യയുടെ സെക്കുലർ രാഷ്ട്രീയ ശരീരത്തെ ബാധിച്ച മഹാമാരിയായി, സാമൂഹ്യ ദുരിതങ്ങളുടെ ശക്തിമത്തായ കാരണമായി ഹിന്ദുത്വമെന്ന വൈറസ് മാറിയിരിക്കുന്നു. ബ്രാഹ്‌മണ്യ ലോകവീക്ഷണത്തിന്റെ അതിഭൗതിക ആഖ്യാനങ്ങളിൽ നിന്നും സാമൂഹിക ഭേദജീവിത ബോധ്യത്തിൽ നിന്നും പുറത്തു കടക്കാതെ ഇന്ത്യക്ക് മഹാമാരിയുടെയും സാമൂഹ്യ വിപത്തുക്കളുടെയും കൊടിയ ദുരിതങ്ങളിൽ നിന്ന് മുക്തമാവാൻ സാധ്യമല്ല.

Comments