സെവൻത്ത് സീൽ എന്ന ചിത്രത്തിൽ നിന്നൊരു രംഗം

അടുത്ത മൂവിൽ നിങ്ങൾ ചെക്ക് മേറ്റാണ്

ലോകത്തിലെ മറക്കാനാകാത്ത ചില മരണങ്ങളെക്കുറിച്ച്​, മരണാസന്നമായ അവസ്ഥയിലെ വേദനകളെക്കുറിച്ച്​, മരണാവബോധങ്ങളെക്കുറിച്ച്​ കോവിഡ്​ കാലത്ത്​ ഒരു വിചാരം

Knight: And you will reveal your secrets?Death: I carry no secrets. Knight: So you know nothing? Death: I am unknowing.The Seventh Seal (1958), Ingmar Bergman

‘‘വ്യക്തിപരമായി, കുറച്ചു കൂടി ആഴത്തിൽ സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാൻ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എന്നെ പ്രാപ്തനാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അനിലിന്റെ മരണവും അതുകൊണ്ടുതന്നെ വ്യക്തിപരമായിട്ടാണ് എന്നെ ബാധിച്ചത്. മരണം തന്റെ തീനാവുകൊണ്ട് നക്കിത്തോർത്തുമ്പോൾ നട്ടെല്ലിലൂടെ പടരുന്ന തണുപ്പിനെ തടയാൻ പറ്റുന്ന ജാക്കറ്റുകളോ സ്വറ്ററുകളോ ഒന്നും തൽക്കാലം എന്റെ കൈവശം ഇല്ല’’
- ബിപിൻ ചന്ദ്രൻ ( ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 05, അകാലത്തിൽ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെഴുതിയ ഒബിറ്റ്)

""എത്രയും പെട്ടെന്നു തന്നെ ഈ രോഗത്തിനെ കീഴ്‌പ്പെടുത്താൻ എനിക്ക് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു'' എന്നാണ് മരണത്തിന് മുൻപ് പ്രശസ്ത ഉറുദു കവിയും സംഗീതജ്ഞനുമായ റാഹത്ത് ഇന്ദോരി ട്വീറ്റ് ചെയ്തത്. മരണത്തോടടുക്കുമ്പോഴും ജീവിതത്തോട് പൊരുതാനും ജീവിക്കാനുമുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമായിരുന്നു. ഓരോ ജീവകോശങ്ങളും അതിജീവനത്വര കാണിക്കുമ്പോഴും കോവിഡ് വൈറസ് ശരീരത്തെ കീഴടക്കുകയായിരുന്നു. കോവിഡിനോടൊപ്പം ഇന്ദോരിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിക്കുകയും, രക്ഷപ്പെടുത്താനാവാത്തവിധം ആരോഗ്യനില സങ്കീർണമാകുകയും ചെയ്തു.

റാഹത്ത് ഇന്ദോരി
റാഹത്ത് ഇന്ദോരി

അവസാനഘട്ടമായപ്പോഴേക്കും ന്യുമോണിയ പിടികൂടുകയും ഓക്‌സിജൻ കൃത്രിമമായി നൽകേണ്ട അവസ്ഥയിലെത്തുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട്​ പ്രതികരിക്കാതായി. ജീവിതചര്യ രോഗമായ ഡയബെറ്റിസ് മരണത്തിലേക്ക്​ ആക്കം കൂട്ടി എന്നാണ് റാഹത്ത് ഇന്ദോരിയെ ചികിത്സിച്ച അരബിന്ദോ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞത്. സംഗീതത്തിന്റെ ഹൃദ്യമായ സൗരഭ്യത്തിലൂടെയും, ഗസലിന്റെ മനോഹാരിതയിലൂടെയും, ശക്തമായ രാഷ്ട്രീയം വിളിച്ചുപറയുന്ന കവിതകളിലൂടെയും, ഇന്ത്യൻ സാഹിത്യലോകത്ത്​ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത അതുല്യപ്രതിഭ ഒടുവിൽ മരണത്തിന് കീഴടങ്ങി. മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്ന ഇന്ത്യൻ ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തി അദ്ദേഹം എഴുതിയ വരികൾ:

Sabhi ka khoon hai shaamil, Yahaan ki mitti mai... Kisi ke baap ka Hindustaan Thodi hai....
(everybody's blood mingles in the soil here:
Hindustan does not belong solely to any one)

കോവിഡ് മഹാമാരിയിൽ മരിച്ച കവി ഈ വരികളിലൂടെ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുകയാണ്. റാഹത്ത് ഇന്ദോരിയുടെ ശവശരീരം ഖബർ സ്ഥാനിലേക്ക് കൊണ്ടുപോകുമ്പോൾ മാസ്‌ക് ധരിച്ച്​ നിരവധി പേർ വിലാപ ജാഥയായി അനുഗമിച്ചു. സാഹിത്യലോകത്ത് മനോഹരമായ കവിതാപ്രപഞ്ചം സമ്മാനിച്ച കവിയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാനോ സ്പർശിക്കാനോ കഴിയാതെ വൈറസ് മനുഷ്യരെ മാറ്റിനിർത്തി. ഒരിക്കൽ പോലും ഇങ്ങനെ ഒരു മരണത്തെ കവി സ്വപ്‌നത്തിൽ പോലും കണ്ടിരുന്നില്ല. അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിൽ മരണം മാത്രമാണ് യാഥാർഥ്യമായി നിൽക്കുന്നത്. റാഹത്ത് ഇന്ദോരി കോവിഡ് കാലത്തും ചിന്തിച്ച് എഴുതിയ വരികൾ ഇങ്ങനെയാണ്:

"ജീവിതത്തെയും മരണത്തെയും കുറിച്ച് മാത്രമെ ഈ സാഹചര്യത്തിൽ ഏതൊരാൾക്കും എഴുതാൻ കഴിയൂ'

കാലങ്ങളായി ഉണ്ടാക്കിവെച്ച മരണമെന്ന സങ്കൽപ്പത്തെത്തന്നെ തിരുത്തിയെഴുതിയാണ് പകർച്ചവ്യാധി പുതിയ മരണാവബോധം രേഖപ്പെടുത്തിയത്. ബന്ധങ്ങളും ബന്ധനങ്ങളും പൂർണമായി നിരാകരിക്കപ്പെട്ട്, ഒരു നോക്കുകാണാൻ പോലും കഴിയാതെ, മനുഷ്യസ്പർശം ഏൽക്കാതെ കോവിഡ് ബാധിച്ച ശരീരം സംസ്‌കരിക്കപ്പെടുന്നു. വാക്‌സിനും സാമൂഹിക അവബോധവും ചെറുതായെങ്കിലും കോവിഡ് മനസിൽ ഉണ്ടാക്കിയ മരണഭീതി കുറച്ചിട്ടുണ്ടെങ്കിലും, മരണം എന്ന വാക്കിനെ രോഗവുമായി ബന്ധപ്പെടുത്തുമ്പോഴുണ്ടാവുന്ന പരിഭ്രമവും ഭയവും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വളർന്നിട്ടുണ്ടിപ്പോൾ.

ഏതൊരു സാധാരണ വ്യക്തിയും മരണശേഷം അയാൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെ ഓർമകളിൽ ജീവിക്കുന്നുണ്ട്. എഴുത്തുകാരും ചിന്തകരും സാമൂഹികപ്രവർത്തകരും ലോകത്തിനു മുന്നിൽ സമർപ്പിച്ച ഭാവനാപ്രപഞ്ചത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ദാർശനിക ചിന്തകളിലൂടെയും പിൽകാലചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഒരുപക്ഷെ അവർ മരണത്തിന് കീഴ്പ്പെട്ടിരുന്നില്ലെങ്കിൽ എന്ന് വെറുതെ ചിന്തിച്ചുപോകും.

സത്യത്തിൽ ഏതൊരു മനുഷ്യന്റേതും പോലുള്ള മരണമായിരിക്കാം അവരുടേതും, ചിലപ്പോൾ അസാധാരണവുമായിരുന്നിരിക്കാം. പക്ഷെ, അവരുടേത് എങ്ങനെയുള്ള മരണമായിരിക്കാം? മരണഭയം ഉണ്ടായിരുന്നോ? മരണവെപ്രാളം കാണിച്ചിരുന്നോ? എന്നൊക്കെയുള്ള നമ്മുടെ ജിജ്ഞാസകൾ ജീവിതത്തിലേക്കുള്ള വായനയാണ് തുറന്നിടുന്നത്. ചിലപ്പോൾ അവരുടെ എഴുത്തിന്റെ പുനർവായനയുമായേക്കുമത്.

വിശ്വസാഹിത്യത്തിൽ മഹാമാരി പടർന്ന് പിടിച്ചു മരണത്തെ ദുഃസ്വപ്നം കണ്ടുറങ്ങുന്ന നിരാശാഭരിതമായ സമൂഹത്തെ അവതരിപ്പിച്ച ഡിസ്റ്റോപ്പിയൻ എഴുത്തുകളും അപോകലിപ്റ്റിക് ഫിക്ഷനുകളും കാലങ്ങൾക്ക് മുന്നേ മനുഷ്യന്റെ ആസന്നമരണ ചിന്തകളെയും, മരണഭീതിയെയും അഗാധമായി തന്നെ സ്പർശിച്ചിട്ടുണ്ട്. മേരി ഷെല്ലിയുടെ നോവലായ The Last Man എന്ന സയൻസ് ഫിക്ഷൻ കൃതിയും അൽബേർ കാമുവിന്റെ 1947-ൽ പ്രസിദ്ധീകരിച്ച പ്ലേഗ് എന്ന നോവലും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇനി പഴയതുപോലെ ഒരു ജീവിതമുണ്ടോ എന്ന് നിരാശപ്പെട്ട തീക്ഷ്ണമായ മനുഷ്യാകുലത ഗാഢമായിത്തന്നെ ഇവിടെയൊക്കെ ആരചിക്കപ്പെട്ടു. അങ്ങനെ മരണത്തെ ഭയന്നും ആശങ്കപ്പെട്ടും ജീവിച്ചിരുന്നവരുടെ കൂട്ടത്തിൽ എഴുത്തുകാരും ഉണ്ടായിരുന്നു.

അൽബേർ കാമുവിനെക്കുറിച്ച്​ ഒരു ചിത്രീകരണം
അൽബേർ കാമുവിനെക്കുറിച്ച്​ ഒരു ചിത്രീകരണം

2020-ന് മുൻപും ലോകത്തെ പലതരത്തിലുള്ള മഹാമാരികൾ ആക്രമിച്ചിട്ടുണ്ട്. അന്നും ധാരാളം മനുഷ്യർ മരിച്ചു. അതിൽ പ്രസിദ്ധരായ എഴുത്തുകാരും ഉണ്ടായിരുന്നു. ജീവിതങ്ങൾ പകർന്നാടിയ മഹത്തായ എഴുത്തിനെയും എഴുത്തുകാരെയും ആരാധിക്കുമ്പോൾ പലരുടെയും ജീവിതവും മരണവും പലപ്പോഴും നമുക്ക് അജ്ഞാതമാണ്. ലോകം മുഴുവനും കീഴടക്കിയ പുതിയ മഹാമാരി മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ, മനുഷ്യന് മുന്നിൽ മരണം തൂങ്ങി കിടക്കുമ്പോൾ, മരണത്തെ കുറിച്ചുള്ള എഴുത്തുകളും പുസ്തകങ്ങളും വായിക്കുന്നത് കോവിഡിനു മുമ്പുള്ള വായനകൾ പോലെ നിർമമം ആവുന്നില്ല. മരവിപ്പും ഭീതിയും ഒപ്പം കൂടുന്ന അനുഭവമായി മാറുന്നുണ്ട് അതിൽ പലതും.

നിന്റെ ശ്വാസത്തിലെ തേൻ ഊറ്റിക്കുടിച്ച മരണം

പാൻഡെമിക് സിറ്റുവേഷനിലെ മരണത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലെത്തുക റോമിയോ ആൻഡ് ജൂലിയറ്റിൽ ""Death, that hath sucked the honey of thy breath'' എന്നെഴുതിയ വില്യം ഷേക്സ്പിയറിനേയാണ്. അജ്ഞാതമായ മരണം (unknown death) എന്നാണ് ഷേക്സ്പിയറിന്റെ മരണത്തെക്കുറിച്ച് എവിടെയും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. ഏതൊരു വ്യക്തിയുടെ മരണത്തിന് പിന്നിലും കാരണങ്ങളുണ്ടാകും.

വില്യം ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ പോർട്രെയ്റ്റുകൾ. 1610, 1600, 1622 കാലഘട്ടങ്ങളിലേതാണ് ഈ രചനകൾ
വില്യം ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ പോർട്രെയ്റ്റുകൾ. 1610, 1600, 1622 കാലഘട്ടങ്ങളിലേതാണ് ഈ രചനകൾ

അത് പ്രായമാകാം, രോഗമാകാം, ഏറ്റുമുട്ടലുകളാവാം, കൊലപാതകമോ സ്വയംഹത്യയോ ആവാം. കാരണങ്ങൾ ഇല്ലാതെ മരണം എത്തുന്നില്ല. എന്നാൽ ഷേക്സ്പിയർ 53-ാം വയസ്സിൽ കാരണങ്ങളില്ലാതെ മരണത്തിലേക്ക് പ്രവേശിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ എന്തായിരുന്നു? മരണഭയം ഉണ്ടായിരുന്നോ? മരണകാരണം എന്താണ്? മരണത്തിന് മുന്നേ അദ്ദേഹത്തിന്റെ മനോനില എന്തായിരുന്നു? മരണത്തെക്കുറിച്ചു അദ്ദേഹത്തിന്റെ കൃതികളിൽ സൂചനകൾ ഉണ്ടായിരുന്നോ? തുടങ്ങി ഉത്തരമില്ലാത്ത സമസ്യകൾ ഷേക്സ്പിയറിന്റെ മരണം മുന്നോട്ട് വെക്കുന്നുണ്ട്.

ഷേക്സ്പിയർ അദ്ദേഹത്തിന്റെ എഴുത്ത് പെട്ടെന്ന് നിർത്തിയത് ദുരൂഹത ഉണർത്തിയിരുന്നു. ഹാരോൾഡ് ബ്ലൂം അതിനെകുറിച്ചു ഇങ്ങനെ എഴുതി: The real mystery of Shakespeare, a thousand times more mysterious than any matter of the will, is why is it that unlike Dante, Cervantes, Chaucer, Tolstoy, whomever you wish- he makes what seems a voluntary choices to stop writing.

ഷേക്സ്പിയറിന്റെ മരണം പോലെ ദുരൂഹത നിറഞ്ഞ മറ്റൊരു ചോദ്യമായിരുന്നു എന്തുകൊണ്ടാണ് ഷേക്സ്പിയറിന്റെ മരണം നിശബ്ദമാക്കപ്പെട്ടു എന്നത്. എലിസബത്തീൻ കാലഘട്ടത്തിൽ, ഇംഗ്ലണ്ടിന്റെ സാമൂഹിക- സാംസ്‌കാരിക- സാഹിത്യ രംഗത്ത് തങ്ങളുടേതായ ഇടം നേടിയെടുത്ത പല പ്രമുഖരുടെയും മരണശേഷം അവരുടെ ശവശരീരം ആയിരങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര നടത്തി ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തിട്ടും, ഇംഗ്ലീഷ് സാഹിത്യത്തിൽ ലോക ക്ലാസിക്കുകൾ സമ്മാനിച്ച, ഇംഗ്ലണ്ടിന്റെ പ്രശസ്തി ലോകസാഹിത്യ ചരിത്രത്തിന്റെ മുകളിലിപ്പോഴും നിലനിർത്തുന്ന ഷേക്സ്പിയറിന്റെ മരണം എന്തുകൊണ്ട് മൗനമാക്കപ്പെട്ടു? അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എന്തുകൊണ്ട് നടന്നില്ല? എന്നീ പ്രസക്തമായ ചോദ്യങ്ങൾ കാലം അവശേഷിപ്പിക്കുന്നു.

ഷേക്സ്പിയറിന്റെ കാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന ജെയിംസ് രാജാവിനും പുത്രനും ഷേക്സ്പിയർ നാടകങ്ങളോട് പ്രതിപത്തി ഇല്ലായിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ പ്രതിഭയിൽ വിശ്വാസവും ഇല്ലാത്തതിനാൽ നാടകത്തോടും കലാപ്രവർത്തനത്തോടും ആദരവ് പുലർത്തിയിരുന്നില്ല. ഭരണകൂടത്തിന് അദ്ദേഹത്തിനോടുള്ള താൽപര്യമില്ലായ്മയുടെ അനുരണങ്ങളാകാം, ആ മരണം അപ്രസക്തമാക്കപ്പെട്ടതിനു പിന്നിലെ കാരണം

ഷേക്‌സ്പിയറിനെക്കുറിച്ച് ഉന്നതമായ കാഴ്ചപ്പാട് വെച്ചു പുലർത്തിയ സാഹിത്യ നിരൂപകനായിരുന്നു ഹരോൾഡ് ബ്ലൂം. പാശ്ചാത്യ സംഹിതയുടെ (western canon) കേന്ദ്ര ബിന്ദു എന്നാണ് അദ്ദേഹം ഷേക്‌സ്പിയറിനെ വിശേഷിപ്പിച്ചത്‌/ photo: wikimedia commons
ഷേക്‌സ്പിയറിനെക്കുറിച്ച് ഉന്നതമായ കാഴ്ചപ്പാട് വെച്ചു പുലർത്തിയ സാഹിത്യ നിരൂപകനായിരുന്നു ഹരോൾഡ് ബ്ലൂം. പാശ്ചാത്യ സംഹിതയുടെ (western canon) കേന്ദ്ര ബിന്ദു എന്നാണ് അദ്ദേഹം ഷേക്‌സ്പിയറിനെ വിശേഷിപ്പിച്ചത്‌/ photo: wikimedia commons

മധ്യവയസ്സ് പിന്നിടുന്നതിനുമു​ൻപ്​ ഷേക്‌സ്പിയർ അത്യാവശ്യം പണവും പ്രശസ്തിയും നേടിയിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് കുറച്ചെങ്കിലും പരിക്കേറ്റത് പുത്രനായ ഹാംനെറ്റിന്റെ മരണത്തോടെയാണ്. കാരണം മകന്റെ മരണം അത്രയേറെ ഷേക്‌സ്പിയറിനെ മാനസികമായി തളർത്തിയിരുന്നു. രതിജന്യമായ രോഗപീഡകൾ ഷേക്‌സ്പിയറിനുണ്ടെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലീനരായിരുന്ന പല എഴുത്തുകാരെക്കാളും സിഫിലിസ് രോഗത്തിന്റെ തീവ്രത ഷേക്‌സ്പിയറിൽ കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹത്തിൽ കടുത്ത അപകർഷതാബോധമുണ്ടാക്കിയിരിക്കാം. ചിലപ്പൊഴൊക്കെ അദ്ദേഹം രോഗത്തെക്കുറിച്ചു നാടകങ്ങളിൽ പരാമർശിച്ചിരുന്നു. അതിന് തെളിവായി ഡി. എച്ച്​. ലോറൻസ് ഇങ്ങനെ പറഞ്ഞിരുന്നു: ""ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ട്രാജഡികളിൽ ഭയവും നിരാശയും നിഴലിക്കുന്നത് സിഫിലിസ് രോഗമുണ്ടെന്ന ബോധമുണ്ടാക്കുന്ന ഞെട്ടൽ കൊണ്ടാണെന്നാണ്.''

അതേസമയം ഷേക്‌സ്പിയറിന്റെ സമകാലിക നാടകകൃത്ത് ക്രിസ്റ്റഫർ മാർലോ സിഫിലിസിനെക്കുറിച്ചും പകർച്ചവ്യാധിയായ ലൈംഗിക രോഗങ്ങളെക്കുറിച്ചും തന്റെ നാടകത്തിൽ പരസ്യമായാണ് പ്രതിപാദിച്ചത്. ഷേക്‌സ്പിയർ നാടകങ്ങളിൽ അത്തരം രോഗങ്ങളെക്കുറിച്ച് ചുരുങ്ങിയ വരികളിലെ സൂചിപ്പിച്ചിരുന്നുള്ളു. Merchant of Venice എന്ന നാടകത്തിൽ ഏതാണ്ട് മൂന്ന് വരി. പിന്നീടുള്ള ഇരുപത് നാടകങ്ങളിൽ ശരാശരി രണ്ടിൽ താഴെയുള്ള വരികളിലാണ് അത്തരം പരാമർശങ്ങൾ. നാടകങ്ങളിൽ STD യെ കുറിച്ച് കൂടുതൽ പറഞ്ഞാൽ തനിക്കും അത്തരത്തിലുള്ള രോഗമുണ്ടെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചാലോ എന്നൊരു ഭയം ഷേക്‌സ്പിയറിനുണ്ടായിരുന്നിരിക്കാം.

സിഫിലിസ് ബാധിച്ച മുഖത്തിന്റെ ചിത്രീകരണം/ photo: wikimedia commons
സിഫിലിസ് ബാധിച്ച മുഖത്തിന്റെ ചിത്രീകരണം/ photo: wikimedia commons

ഷേക്സ്പിയർ മധ്യവയസ്സിൽ എത്തുന്ന സമയത്ത്, അതായത് എലിസബത്തീൻ കാലഘട്ടത്തിന്റെ അവസാനത്തിൽ അന്നത്തെ സമൂഹത്തിൽ രതിജന്യരോഗങ്ങൾ പടർന്ന് പിടിച്ചിരുന്നു. ഭാര്യ ആൻ ഹാത്ത്വേയുമായി മാനസികമായും ശാരീരികമായും നിലന്നിന്ന അകൽച്ച അവരുടെ ലൈംഗിക ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. എന്തുകൊണ്ടോ ദാമ്പത്യജീവിതത്തിന്റെ സൗന്ദര്യം ചോർന്നു പോയതിനാൽ ലൈംഗികജീവിതത്തിന് വേണ്ടി ഷേക്സ്പിയർ മറ്റു പല വ്യക്തികളിലും അഭയം പ്രാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഷേക്സ്പിയറിന് രോഗം പിടിപെടാനുള്ള കാരണം ഇങ്ങനെയാണ്:

""ലൈംഗികതയോടുള്ള അമിതമായ ആസക്തി അദ്ദേഹത്തിനെ ബ്രോത്തലിലേക്ക് എത്തിച്ചു. ഭാവനയിൽ സൃഷ്ടിച്ചെടുക്കുന്ന സെക്ഷ്വൽ ഫാന്റസി പ്രയോഗികമാക്കുക എന്നൊരു ലക്ഷ്യമായിരുന്നു പിന്നിൽ''. അത്തരമൊരു ജീവിതത്തിൽ അഭിരമിച്ച ഒരു സമയമുണ്ട് ഷേക്സ്പിയറിന്. എറിക് പാട്രിഡ്ജ് പറയുന്നത് ഷേക്സ്പിയറിന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അദ്ദേഹത്തിന്റെ സോനെറ്റുകൾ പരിശോധിച്ചാൽ കാണാൻ കഴിയും എന്നാണ്. സിഫിലിസ് എന്ന പേര് തന്നെ ഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്നില്ല. ഷേക്സ്പിയർ ഈ രോഗത്തിനെ the pox, the malady of France, infinite malady, the hour leprosy എന്നാണ് വിളിച്ചിരുന്നത്. Troilus and Cressida എന്ന രചനയിൽ incurable bone ache എന്നാണ് രോഗത്തെ പരാമർശിച്ചിട്ടുള്ളത്.

ഡി.എച്ച് ലോറൻസ്
ഡി.എച്ച് ലോറൻസ്

സിഫിലിസ് കൊണ്ടുള്ള മരണം എലിസബത്തീൻ ഇംഗ്ലണ്ടിൽ സർവ സാധാരണമായിരുന്നു. ഷേക്സ്പിയറിന്റെ കാലത്ത്​ ഈ രോഗത്തെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾ ലഭ്യമായിരുന്നില്ല. മൂർച്ഛിക്കുമ്പോൾ ഈ രോഗം ഏത് അവയവത്തെയും ബാധിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും, കാർഡിയോ വാസ്‌കുലാർ സിസ്റ്റത്തെയും സെൻട്രൽ നെർവസ് സിസ്റ്റത്തെയും ബാധിച്ച്, പിന്നീട് പക്ഷാഘാതത്തിലേക്കും ഡിമെൻഷ്യയിലേക്കും സ്പൈനൽ കോഡിന് ക്ഷതം വരുത്തുന്ന അവസ്ഥയിലേക്കും എത്തുകയും ചെയ്യുന്നു.
​എലിസബത്തീൻ കാലഘട്ടത്തിലെ വൈദ്യശാസ്ത്രജ്ഞർ സിഫിലിസ് രോഗത്തിന് നിർദ്ദേശിച്ച ചികിത്സ മെർക്കുറി ട്രീറ്റ്മെന്റ് ആയിരുന്നു. മെർക്കുറി ചികിത്സ രോഗികളിൽ കൂടുതൽ ഫലം കണ്ടിരുന്നെങ്കിലും അതിന് അതിഭയങ്കരമായ പ്രത്യാഘാതങ്ങളും ഉണ്ടായിരുന്നു. ഷേക്സ്പിയറും മെർക്കുറി ചികിത്സയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിരുന്നു

സിഫിലിസിന് പുറമെ ഗൊണേറിയ എന്ന ഗുഹ്യരോഗവും ഷേക്‌സ്പിയറിനെ അലട്ടിയിരുന്നു. രോഗവും ചികിത്സയും സൃഷ്ടിച്ച മൂഡ് സ്വിങ്ങും, വിഷാദ രോഗവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിച്ചിരിക്കാം. അന്ന് 85% സിഫിലിസ് രോഗികളും മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അമിത ദേഷ്യം, വിഷാദരോഗം, ലൈംഗികത അനുഭവിക്കാതെ പോകുന്നതിനുള്ള നിരാശ എന്നിവയും ഇത്തരം രോഗികളെ അലട്ടിയിരുന്നു. പുറമെ സ്വവർഗരതിയും വിവാഹേതര ബന്ധങ്ങളും ലൈംഗികത പാപമാണെന്ന പൊതുബോധവും കുറ്റബോധവും ഇവരെ സാമൂഹികമായും ഒറ്റപ്പെടുത്തി.

എറിക് പാട്രിഡ്ജ്
എറിക് പാട്രിഡ്ജ്

എഴുത്തിൽ പുലർത്തിയ സകല ആത്മവിശ്വാസവും രോഗബാധിതനായ ഷേക്‌സ്പിയറിന് അവസാന കാലത്ത് നഷ്ടപ്പെട്ടതായി വേണം മനസ്സിലാക്കാൻ. അതീവ സങ്കടകരമാണ് ഷേക്‌സ്പിയറിന്റെ അവസാന കാലം എന്ന് പിന്നീട് വന്ന ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം സദാസമയം അസുഖത്തിനും വിഷാദരോഗത്തിനും കീഴ്പ്പെട്ടെന്നും, അമിത ആൽക്കഹോൾ ഉപയോഗം തലച്ചോറിലെ സെറിബെല്ലത്തെ നശിപ്പിച്ചിരിക്കാമെന്നുമാണ് പ്രബലമായ നിഗമനങ്ങൾ. അവസാനകാലത്ത് തന്റെ സുഹൃത്തുക്കളിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഷേക്‌സ്പിയർ പൂർണമായി വിടവാങ്ങി. സിഫിലിസ് ചികിത്സ ഷേക്സ്പിയറിന്റെ വ്യക്തിത്വം തന്നെ മാറ്റി മറിച്ചു. അദ്ദേഹം എല്ലാത്തിനെയും ഭയപ്പെട്ടു. ധൈര്യപൂർവം സമൂഹത്തിലെ വൈരുധ്യാഭാസങ്ങളെ പരിഹസിച്ച് കൃതികൾ രചിച്ച ഷേക്സ്പിയറിന് ഭീരുത്വം കൈമുതലായി. ആളുകളെ അഭിമുഖീകരിക്കാൻ നാണക്കേടായി. ഒരു കാലത്ത് എന്തായിരുന്നോ അതിന് നേർവിപരീതമായിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റെ പെരുമാറ്റം. (മെർക്കുറിയുടെ അംശം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തെളിവാണ് ഫിസിസ്റ്റായ ഐസക്ക് ന്യൂട്ടന്റെ ദാരുണാന്ത്യം. ഷേക്സ്പിയറിനെ പോലെ ന്യൂട്ടനും സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞ് അൻപതാമത്തെ വയസ്സിൽ ഭ്രാന്തിന്റെ ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി. ന്യൂട്ടൻ ശാസ്ത്രപരീക്ഷണങ്ങൾക്ക്​ കൂടുതൽ സമയം ലബോറട്ടറിയിൽ ചെലവിട്ടിരുന്നു. ലാബിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മെർക്കുറിയുമായുള്ള സമ്പർക്കം ന്യൂട്ടന്​ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മുടി പരിശോധിച്ചതിൽ നിന്നും അപകടകരമായ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു)​.

സ്റ്റ്രാറ്റ്‌ഫോർഡ് ട്രിനിറ്റി ചർച്ചിലെ ഷേക്‌സ്പിയറിന്റേയും ബന്ധുക്കളുടേയും കല്ലറകൾ
സ്റ്റ്രാറ്റ്‌ഫോർഡ് ട്രിനിറ്റി ചർച്ചിലെ ഷേക്‌സ്പിയറിന്റേയും ബന്ധുക്കളുടേയും കല്ലറകൾ

സിഫിലിസ് രോഗവും അതിന്റെ ചികിത്സയുമാണ് ഷേക്‌സ്പിയറിന്റെ മരണകാരണം എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും, പുതിയ ഗവേഷണങ്ങളിലൂടെ എഴുതപ്പെട്ട ജീവിത രേഖകൾ പരിശോധിക്കുമ്പോൾ രോഗവും ചികിത്സയും തന്നെയാണ് അദ്ദേഹത്തെ മരണത്തിലേക്ക്
നയിച്ചതെന്ന് വായിച്ചെടുക്കാം. അവസാന കാലത്ത് ഷേക്‌സ്പിയറിന്റെ കൈകൾക്ക് വിറ അനുഭവപെട്ടിരുന്നാൽ അദ്ദേഹത്തിന്റെ കൈയക്ഷരം വികൃതമായി. അവസാനത്തെ വിൽപത്രത്തിലെ മൂന്ന് ഒപ്പുകളടക്കം അദ്ദേഹത്തിന്റെ ആറ് ഒപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തിയിട്ടുണ്ട്.

1616 ഏപ്രിൽ 23ന്, 53-ാം പിറന്നാളിൽ സുഹൃത്തുക്കളായ ജോൺ ഡ്രൈഡനും ബെൻ ജോൺസണും അടക്കമുള്ള മദ്യപാന സദസ്സിൽ വെച്ചാണ് ഷേക്സ്പിയർ മരിക്കുന്നത്. എന്നാൽ ചർച്ചിന്റെ രേഖകളിൽ മരണതിയ്യതി ഏപ്രിൽ 25 എന്നും, മരണകാരണം അജ്ഞാതം എന്നുമാണ് രേഖപ്പെടുത്തിയത്. സിഫിലിസ് രോഗവും മെർക്കുറി ചികിത്സയും ഷേക്‌സ്പിയറിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തിയെന്നും, അത് ടൈഫോയ്ഡ് പനി എളുപ്പം പിടികൂടാൻ കാരണമാവുകയും, അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബയോഗ്രാഫർമാരുടെയും വാദം.

ബെൻ ജോൺസൺ
ബെൻ ജോൺസൺ

ഹാംലറ്റ് പറഞ്ഞതു പോലെ to be or not to be എന്ന അവസ്ഥയിൽ തന്നെ ആയിരുന്നിരിക്കാം ഷേക്സ്പിയർ വിട പറഞ്ഞതും. ജീവിക്കണോ മരിക്കണോ എന്നൊക്കെയുള്ള വിരുദ്ധ ചിന്തകൾ ഷേക്‌സ്പിയറിന്റെ അന്ത്യനാളുകളിൽ നിറഞ്ഞു നിന്നിട്ടുണ്ടാവും എന്നുറപ്പ്. എന്നിരുന്നാലും
സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞതു പോലെ മറ്റുള്ളവരുടെ ഹൃദയത്തിൽ ജീവിക്കുക എന്നതാണ് അമരത്വം. കൃതികളിലൂടെയും, കഥാപാത്രങ്ങളിലൂടെയും അരങ്ങുകളിലൂടെയും അനവധി നൂതന ആവിഷ്‌കാരങ്ങളിലൂടെയും അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.

ജീവിതത്തിന്റെ ലക്ഷ്യം തന്നെ മരണം!

മരണമാണ് എല്ലാ ജീവിതത്തിന്റെയും ലക്ഷ്യം (The goal of all life is death) എന്ന് പറഞ്ഞത് സിഗ്മണ്ട് ഫ്രോയിഡ് ആണ്. 1920 ൽ ഇറങ്ങിയ Beyond the Pleasure Principle എന്ന പുസ്തകത്തിലാണ് മരണത്തോടുള്ള മൗനമായ അഭിവാഞ്ഛയെ കുറിച്ചും, ഒരേസമയം സൃഷ്ടിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള മനുഷ്യന്റെ ത്വരയെക്കുറിച്ചും ഫ്രോയിഡ് ചർച്ചചെയ്യുന്നത്. മനുഷ്യന് ഒരു തരത്തിലും സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത പ്രതിഭാസമായ മരണത്തെ തന്റെ ഇച്ഛക്കനുസരിച്ച് ഡിസൈൻ ചെയ്‌തെടുക്കാൻ ഫ്രോയിഡിന് കഴിഞ്ഞിട്ടുണ്ട്.

ക്ളാസിക്കൽ ഫ്രോയിഡിയൻ സൈക്കോ അനലിറ്റിക് തിയറിയിൽ മനുഷ്യന് മരണത്തിനോടുള്ള പ്രതിപത്തിയെ പരാമർശിച്ചത് "death drive' എന്ന വിശേഷണം ഉപയോഗിച്ചാണ്. അതിനെ അദ്ദേഹം നിർവചിച്ചത് ഇങ്ങനെയായിരുന്നു: drive toward death and destruction often expressed through behaviors such as aggression, repetition, compulsion and self destructiveness. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ death drive ഒരു വ്യക്തിയുടെ എല്ലാതരത്തിലുള്ള സർഗാത്മക കഴിവുകളെയും നശിപ്പിക്കും.

സിഗ്മണ്ട് ഫ്രോയ്ഡ്‌ / photo: wikimedia commons
സിഗ്മണ്ട് ഫ്രോയ്ഡ്‌ / photo: wikimedia commons

മരണത്തെക്കുറിച്ച് ഇങ്ങനെയൊക്കെ ശക്തമായ മനസ്സ് രൂപപ്പെടുത്തിയിരുന്നുവെങ്കിലും ആസന്നമരണ ചിന്തകകളിൽ നിന്ന് ഫ്രോയിഡും മുക്തനായിരുന്നില്ല. ഒരിക്കൽ സുഹൃത്തായ മേരി ബൊണാപാർട്ടിന് അദ്ദേഹം എഴുതി, "my world is again what it was before, a little island of pain floating in a sea of indifference’. ഇതെഴുതുന്ന ഫ്രോയിഡിന് ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം. സഹിക്കാൻ കഴിയാത്ത വേദനയിൽ നിന്നുമെഴുതിയ ആത്മരോദനമായി ആ വരികളെ കണക്കാക്കാം. ഫ്രോയിഡ് കാലങ്ങളായി, എങ്ങനെ മരിക്കാം എന്ന അന്വേഷണത്തിലായിരുന്നു. ചിന്തയിലും വീക്ഷണത്തിലും എന്ന പോലെ മരണത്തിലും അദ്ദേഹം സ്വയം തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. യൗവനം മുതൽ ഫ്രോയിഡ് പുകവലിക്ക് അടിമയായിരുന്നു. ഇരുപതുകളുടെ തുടക്കത്തിലാണ് സിഗരറ്റ് വലി ആരംഭിച്ചത്. ലോക്കലായി കിട്ടുന്ന വില കുറഞ്ഞ സിഗരറ്റിൽ തുടങ്ങി, ദിവസം ഇരുപതോളം സിഗരറ്റ് വരെ വലിക്കുന്ന ചെയിൻ സ്‌മോക്കറായി അദ്ദേഹം മാറി. ഡോക്ടർമാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിരവധി തവണ താക്കീതും ഉപദേശവും ഉണ്ടായിട്ടും ഫ്രോയിഡ് പുകവലി ഉപേക്ഷിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ച്​ പുകവലി സർഗാത്മക ശക്തിയെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണ്. പക്ഷേ, വലിയ വിലയാണ് ഫ്രോയിഡിന് കൊടുക്കേണ്ടി വന്നത്. വായയിൽ കാൻസർ കാരണം കീഴ്​ത്താടിയുടെ വലിയ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു. കാൻസർ കണ്ടെത്തിയത് മുതൽ പതിനാറ് വർഷത്തിനുള്ളിൽ 33 സർജറികൾക്ക് വിധേനായെങ്കിലും പുകവലി നിർത്തിയില്ല, വാശി പോലെ അത് തുടർന്നു.

വളർത്തുനായയോടൊപ്പം ഫ്രോയിഡ്
വളർത്തുനായയോടൊപ്പം ഫ്രോയിഡ്

ഫ്രോയിഡിനെ പോലെ ഒരു രോഗിയെ ചികിത്സിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു എന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ""മരുന്നിനേക്കാൾ മാനസിക ചികിത്സയാണ് ഇപ്പോൾ ആവശ്യം. പക്ഷെ വൃദ്ധനായ ഫ്രോയിഡിനോട് പറഞ്ഞിട്ട് കാര്യമില്ല, കാരണം അദ്ദേഹം മനസ്സിനെ അത്തരത്തിൽ വലിച്ചു നീട്ടിയിരുന്നു.'' രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഫ്രോയിഡിന്റെ വായയിലെ കോശങ്ങൾ നശിച്ച് ദുർഗന്ധം വമിച്ചുകൊണ്ടിരുന്നു. ഒരു ബുള്ളെറ്റ് കവിളിനുള്ളിലൂടെ തുളച്ചുകയറിയതുപോലുള്ള ദ്വാരം ഫ്രോയിഡിന്റെ കവിളിലുണ്ടായിരുന്നു. എപ്പോഴും കീടങ്ങളും പ്രാണികളും ഫ്രോയിഡിന് ചുറ്റും പാറിനടന്നു. ഇതിനാൽ ഫ്രോയിഡിന് എപ്പോഴും കൊതുകുവലക്കുള്ളിലേക്ക് വലിയേണ്ടിവന്നു.

ഫ്രോയിഡിന് നായ്ക്കളെ വലിയ ഇഷ്ടമായിരുന്നു. എപ്പോഴും ഒരു നായ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. നായയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ, അതിന് അനിശ്ചിതത്വം ഇല്ലാത്ത ഒരു അവസ്ഥയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു തരിപോലും വെറുപ്പില്ലാത്ത സ്‌നേഹവും, ഉറച്ച നിലപാടുമാണ് നായയ്ക്ക് എന്നാണ് ഫ്രോയിഡ് പറയാറ്. പഠിക്കുമ്പോഴും രോഗികളെ ചികിത്സിക്കുമ്പോഴും എഴുതുമ്പോഴും ജോലി ചെയ്യുമ്പോഴും ചിന്തിക്കുമ്പോഴും ജീവിതത്തിന്റെ ഒരു ഭാഗമെന്ന പോലെ വളർത്തു നായ എപ്പോഴും ഫ്രോയിഡിന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ, അവസാനകാലത്ത് വളർത്തു നായ അദ്ദേഹത്തിൽനിന്ന്​ അകന്നു. ആ അകൽച്ചയെ ഫ്രോയിഡ് കണ്ടത് ജീവിവർഗ്ഗത്തിന്റെ തിരസ്‌കാരമായിട്ടാണ്. നായ ഫ്രോയിഡിനെ തിരസ്‌കരിച്ച ആ നിമിഷം മരണം തന്റെ മുറിയിലുണ്ടെന്ന് ഫ്രോയിഡ് തിരിച്ചറിയുകയായിരുന്നു. വളർത്തു നായയുടെ തിരസ്കാരം, മരണത്തിന്റെ ദുർഗന്ധം അവിടമാകെ പരന്നിരുന്നു എന്ന വലിയ ഒരു അറിവ് കാണിച്ചു തന്നു എന്നാണ് ഫ്രോയിഡ് എഴുതിയത്.

മേരി ബൊണാപാർട്ട്
മേരി ബൊണാപാർട്ട്

എങ്ങനെ മരിക്കണം എന്നതിനെക്കുറിച്ച് ഫ്രോയിഡ് ഗാഢമായി ചിന്തിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഏഴുതി: ""നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് എന്റെ രോഗത്തിന്റെ കാഠിന്യം . അതുകൊണ്ട് എന്റെ ഓപ്പറേഷനെക്കുറിച്ചും രോഗത്തെക്കുറിച്ചും ഒന്നും പറയാനില്ല. ഞാൻ ഈ രോഗത്തെ വലിയ പ്രയാസമായി കാണുന്നില്ല. ചിലപ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യകൾ ഉപയോഗിച്ച് പൊരുതാൻ കഴിഞ്ഞേക്കാം. പക്ഷെ "don't try to live forever, you will not suceed' എന്ന ബെർണാഡ് ഷായുടെ താക്കീത് നമ്മൾ ഓർക്കണം.''

ഫ്രോയിഡിനെ മാനസികമായി പിടിച്ചു കുലുക്കിയ മറ്റൊരു സന്ദർഭം അഞ്ചാമത്തെ മകൾ, ഏറ്റവും പ്രിയപ്പെട്ട സോഫിയയുടെ മരണമാണ്. ഫ്രോയിഡിന്റെ പരുഷ സ്വഭാവത്തെ മയപ്പെടുത്തിയതിൽ സോഫിയക്ക് വലിയ പങ്കുണ്ടായിരുന്നു. വിവാഹശേഷം ഹാംബർഗിലേക്ക് താമസം മാറിയെങ്കിലും ഫ്രോയിഡുമായി കത്തുമുഖേന സോഫിയ നിരന്തരം സംവദിച്ചിരുന്നു. മൂന്നാമത്തെ പ്രസവശേഷം ആരോഗ്യം വഷളായ സോഫിയ ഇൻഫ്‌ളുവെൻസ പിടിപെട്ട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ട്രെയിൻ ഇല്ലാതിരുന്നതിനാൽ, മോശം ആരോഗ്യാവസ്ഥയിലിരിക്കുന്ന മകളെ സന്ദർശിക്കാൻ സാധിക്കാതിരുന്ന തന്റെ നിസ്സഹായവസ്ഥയെക്കുറിച്ചും ഫ്രോയിഡ് എഴുതിയിട്ടുണ്ട്. 1920 ലാണ് സോഫിയ മരിക്കുന്നത്.

1923ലാണ് ഫ്രോയിഡിന് ഓറൽ ക്യാൻസർ സ്ഥിരീകരിച്ചത്. ഈ രോഗം ഫ്രോയിഡും ഇളയ മകൾ അന്നയുമായുള്ള ബന്ധം ശക്തമാക്കി. അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ സംബന്ധിച്ച് അന്ന സുഹൃത്തും ഫ്രോയിഡിന്റെ സഹപ്രവർത്തകയുമായ ലൂ ആൻഡ്രിയ സലോമിക്ക് എഴുതിയത്; ‘എന്റെ അച്ഛനെ ഈ ഒരു സാഹചര്യത്തിൽ നിന്ന്​ ഞാൻ ഒരിക്കലും ഉപേക്ഷിച്ചു പോരില്ല’ എന്നാണ്.

അന്ന ഫ്രോയിഡും സിഗ്മണ്ട് ഫ്രോയിഡും / photo: wikimedia commons
അന്ന ഫ്രോയിഡും സിഗ്മണ്ട് ഫ്രോയിഡും / photo: wikimedia commons

ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഏറ്റവും പ്രയാസകരമായ അന്തരീക്ഷത്തിലും ഫ്രോയിഡ് പുകവലി തുടർന്നു. ഫ്രോയിഡ് വെച്ചു നീട്ടിയ സിഗരറ്റ് മരുമകൻ നിരസിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടി: ""my boy, smoking is one of the greatest and cheapest enjoyment in life and if you decide in advance not to smoke, I can only say sorry for you''.

സൈക്കോ അനാലിസിന്റെ പിതാവായിരുന്നിട്ടും ഫ്രോയിഡിന് വ്യക്തമായ എക്​സ്​പ്രസീവ്​‌ ജീവിതം നയിക്കാൻ സാധിച്ചിരുന്നില്ല. കുട്ടികളായശേഷം ഫ്രോയിഡുമായുള്ള ലൈംഗിക ബന്ധം ഭാര്യ മാർത്ത ഉപേക്ഷിച്ചിരുന്നു. പിന്നീടങ്ങോട്ട് മിക്കവാറും അൺ റൊമാന്റിക്ക് ജീവിതമായിരുന്നു ഫ്രോയിഡിന്റേത്. ലൈംഗിക ജീവിതം വിദൂരമായിരിക്കുമ്പോൾ തന്നെയാണ് ഫ്രോയിഡ് ലൈംഗികതയെ അടിസ്ഥാനമാക്കി id, ego, super ego എന്ന സിദ്ധാന്തങ്ങൾ രചിച്ചത്. ജീവിതവും സിദ്ധാന്തവും വിരുദ്ധ ചേരികളിലായിരുന്നു ഫ്രോയിഡിന്. ലൈംഗികതയ്ക്ക് പകരം എന്ന നിലക്കാണ് ഫ്രോയിഡ് പുകവലിയെ കണ്ടത്. ഫ്രോയിഡിനെ സംബന്ധിച്ച് libido യുടെ എക്സ്​പ്രഷൻ‌ ആയിരുന്നു പുകവലി. മാത്രമല്ല, പ്രണയത്തിന്റെ തീവ്രഭാവങ്ങൾ അതിനുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

ഫ്രോയിഡ് രോഗികളെ പരിശോധിച്ച കൗച്ച്. അദ്ദേഹത്തെ സന്ദർശിച്ചിരുന്ന മാഡം ബെവിനിസ്റ്റി 1890-കളിൽ സമ്മാനിച്ചതാണിത്‌ / photo: wikimedia commons
ഫ്രോയിഡ് രോഗികളെ പരിശോധിച്ച കൗച്ച്. അദ്ദേഹത്തെ സന്ദർശിച്ചിരുന്ന മാഡം ബെവിനിസ്റ്റി 1890-കളിൽ സമ്മാനിച്ചതാണിത്‌ / photo: wikimedia commons

മരണം എന്ന ആശയത്തോടുള്ള ആത്യന്തികമായ ആകർഷണം ഫ്രോയിഡിന്റെ തിയറികളെ സ്വാധീനിച്ചിരിക്കാമെന്നാണ് ജീവചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ലൈംഗിക ചോദനകളാണ് അടിസ്ഥാനപരമായി മനുഷ്യരെ മുന്നോട്ടു നയിക്കുന്നതെന്ന് അടിവരയിടുന്ന പ്ലെഷർ പ്രിൻസിപ്പിൾ വിപുലീകരിച്ച് "death drive' എന്ന ആശയം ഉൾക്കൊള്ളിക്കാൻ ഫ്രോയിഡ് തയ്യാറായത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സംഘട്ടനങ്ങളുടെ പ്രതിഫലനം കൂടിയാണെന്ന് മനസ്സിലാക്കാം.

ജീവിതത്തിന്റെ അവസാനത്തോടടുക്കുമ്പോൾ മരണത്തോടുള്ള ഫ്രോയിഡിന്റെ മനോഭാവം തന്നെ മാറി. അമിത ദേഷ്യം കാണിക്കാതെ മരണത്തെ ബുദ്ധി കൊണ്ടും ജീവിതത്തിൽ നിന്നുമുള്ള രാജികൊണ്ടും ധൈര്യം കൊണ്ടും നേരിടാൻ ഉറച്ച നിലപാട് എടുത്തു. മരണത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ഒരു സർജറിക്ക് കൂടി വിധേയനായെങ്കിലും പിടിച്ചു നിർത്താൻ സാധിക്കാത്ത വിധം കാൻസർ ഫ്രോയിഡിനെ ബാധിച്ചു കഴിഞ്ഞിരുന്നു. ആ സമയങ്ങളിൽ ഫ്രഞ്ച് നോവലിസ്റ്റ് ബൽസാക്കിന്റെ മനോഹരമായ നോവൽ La Peau de chagrin വായിച്ചുകൊണ്ടിരുന്നു ഫ്രോയിഡ്.

W. H. Auden ഫ്രോയിഡിനെ കുറിച്ചുള്ള ഒരു കവിതയിൽ ഇങ്ങിനെ എഴുതി: ""All he did was to remember like the old and be honest like children''. ബൽസാക്കിന്റെ നോവലിന്റെ അവസാന താളുകൾ മറിച്ചശേഷം ഫ്രോയിഡ് തന്റെ ഡോക്ടറായ മാക്‌സ് ഷറിനോട്, എപ്പോഴാണോ മരണം തനിക്ക് അനിവാര്യമായി തോന്നുന്നത് അപ്പോൾ തന്നെ മരിക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയെക്കുറിച്ചു ഓർമപ്പെടുത്തി.

ഫ്രോയിഡിന് നൽകിയ വാഗ്ദാനം പാലിക്കാൻ ഡോക്ടർ തയ്യാറായി. അദ്ദേഹം അന്നയോട് സമ്മതം ചോദിച്ചു. ആദ്യം ആ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീടവർ സമ്മതിച്ചു. ഫ്രോയിഡിന്റെ അവസാന നിമിഷത്തെക്കുറിച്ച് ഷർ എഴുതിയത് ഇങ്ങനെയാണ്: ""ആദ്യം ഫ്രോയിഡിന് 2 സെന്റി ഗ്രാം മോർഫിൻ നൽകി, അദ്ദേഹം ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ നിരങ്ങിയിറങ്ങി. അദ്ദേഹത്തിന്റെ മുഖത്തു നിന്ന്​ വേദനയുടെയും യാതനയുടേയും വികാരങ്ങൾ മാഞ്ഞു. പിന്നീട് 12 മണിക്കൂറുകൾക്കുശേഷം ഇതേ ഡോസ് ആവർത്തിച്ചു. ഫ്രോയിഡിന്റെ സമയം അടുത്തിരുന്നു, കോമയിലേക്ക് വഴുതി വീണ ഫ്രോയിഡ് പിന്നീട് ഉണർന്നില്ല.'' The organism wishes to die only in its own fashion. ഫ്രോയിഡ് തെരഞ്ഞെടുത്ത മരണത്തിലേക്ക് അദ്ദേഹം എത്തി. യഥാർഥത്തിൽ മനുഷ്യന് തെരഞ്ഞെടുക്കാൻ അവകാശമില്ലാത്ത, തനിക്ക് നിയന്ത്രണവിധേയമല്ലാത്ത മരണം സ്വയം തെരഞ്ഞെടുത്ത് നിയന്ത്രിച്ച അത്ഭുത പ്രതിഭയാണ് ഫ്രോയിഡ്. താൻ ഭാവനയിൽ വരച്ചിട്ട മരണത്തിലേക്ക് നടന്നടുത്തവൻ.

കുടുംബത്തോടൊപ്പം ഫ്രോയിഡ്
കുടുംബത്തോടൊപ്പം ഫ്രോയിഡ്

ഫ്രോയിഡിന് മരണം താൻ രൂപകൽപന ചെയ്ത പോലെ ആവണമെന്ന നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് മോർഫിൻ എടുക്കുന്ന നിമിഷം മുതൽ മരണത്തിലേക്ക് അടുക്കുന്ന നിമിഷം വരെ ചിന്തകൾ വിശകലനം ചെയ്തുകൊണ്ട് കുറിപ്പുകൾ എഴുതുകയായിരുന്നു. ആഗ്രഹിക്കുന്ന പോലുള്ള മരണത്തെക്കുറിച്ചുള്ള തന്റെ പ്രമാദമായ ലേഖനത്തിനുവേണ്ടി. മരണത്തെ കുറിച്ചുള്ള ചിന്തകൾക്ക് ആധികാരികതക്കായി സ്വന്തം മരണം ഒരു റഫറൻസ് ആയി വെച്ചു . അങ്ങിനെ മനുഷ്യന് സ്വന്തം മരണത്തെ കാണാൻ കഴിയില്ല എന്ന വാദം ഫ്രോയിഡ് ആധികാരികമായി പൊളിച്ചെഴുതുകയായിരുന്നു .

മരണത്തിനുള്ളിലെ ജീവിതം

Oh , for the time when I shall sleep without identity
മരണത്തെ കുറിച്ച് ബ്രോന്റി സഹോദരിമാരിൽ ഒരാളായ എമിലി ബ്രോന്റി രേഖപ്പെടുത്തിയ വാക്കുകളാണിത്. സ്വത്വമില്ലാത്തവളായി ഉറങ്ങുന്ന സമയമാണ് മരണമെന്നാണ് എമിലി പറഞ്ഞത്. കോവിഡ് കാലത്ത്, എഴുത്തുകാരുടെ അസാധാരണമായ മരണങ്ങളുടെ പുനർവായനയിൽ ഇത്ര നൊമ്പരപ്പെടുത്തിയ മരണങ്ങൾ അപൂർവം. അത്രമേൽ ഹൃദയഭേദകമായ ജീവചരിത്രമായിരുന്നു ബ്രോന്റി സഹോദരിമാരുടേത്.

ബ്രാൻവെൽ ബ്രോന്റി വരച്ച ബ്രോന്റി സഹോദരിമാരുടെ ചിത്രം‌. ചിത്രത്തിന്റെ പൂർണതക്കായി ബ്രാൻവെൽ തന്റെ ചിത്രം പെയ്ന്റിങിൽ നിന്ന് പിന്നീട് മായ്ച്ചു കളയുകയായിരുന്നു
ബ്രാൻവെൽ ബ്രോന്റി വരച്ച ബ്രോന്റി സഹോദരിമാരുടെ ചിത്രം‌. ചിത്രത്തിന്റെ പൂർണതക്കായി ബ്രാൻവെൽ തന്റെ ചിത്രം പെയ്ന്റിങിൽ നിന്ന് പിന്നീട് മായ്ച്ചു കളയുകയായിരുന്നു

ജീവിക്കാൻ വേണ്ടിയുള്ള സമരമായിരുന്നു അവരുടേത്. രോഗവും മരണവും തമ്മിലുള്ള യുദ്ധമായിരുന്നു അവരുടെ ജീവിതം.

സമകാലീനരായ പെണ്ണെഴുത്തുകാരികളെ പോലെ ബ്രോന്റി സഹോദരിമാരും (ഷാർലറ്റ് ബ്രോന്റി, എമിലി ബ്രോന്റി, ആനി ബ്രോന്റി) എഴുത്തിൽ ലിംഗ നിഷ്പക്ഷത സൂക്ഷിച്ചു. എഴുതുന്ന ആളുടെ പേരും ജൻഡറും രഹസ്യമായിരിക്കണം എന്നും, അത് പുരുഷൻ ആണെന്നോ സ്ത്രീ ആണെന്നോ ലോകം തിരിച്ചറിയാത്ത വിധമായിരിക്കണം എന്നും അവർ നിഷ്‌കർഷിച്ചിരുന്നു. അതുകൊണ്ട്​ കറർ, എല്ലിസ്, ആക്ഷൻ ബെൽ എന്നീ തൂലികാനാമങ്ങളാണ് അവർ സ്വീകരിച്ചിരുന്നത്. പെണ്ണെഴുത്തിന് വേണ്ടത്ര സ്വീകാര്യത ഇല്ലാതിരുന്ന കാലംകൂടിയായിരുന്നു അത്​. സ്ത്രീപക്ഷ ചിന്തകളും പുരോഗമന നിലപാടും യാഥാസ്ഥിതിക പുരുഷാധിപത്യസമൂഹത്തിൽ സൂക്ഷ്മവും സുരക്ഷിതവുമായി കടത്തിവിടാൻ വേണ്ടിയായിരിക്കണം അവർ അത്തരമൊരു നിലപാട് സൂക്ഷിച്ചിരുന്നത് .

മരണം ഒരു വേട്ടക്കാരനെ പോലെ ബ്രോന്റി സഹോദരിമാരുടെ കുടുംബത്തെ പിന്തുടർന്നിരുന്നു. പാട്രിക്കിന്റെയും മറിയയുടെയും ആറ് മക്കളിൽ രണ്ടു പേർ ചെറുപ്രായത്തിൽ തന്നെ രോഗാവസ്ഥയിൽ മരിച്ചു. ബ്രോന്റി സഹോദരിമാരുടെ അമ്മയെ മരണം കീഴ്‌പ്പെടുത്തിയത് ഗർഭാശയ ക്യാൻസറിന്റെ രൂപത്തിലായിരുന്നു. മരണം പെട്ടെന്ന് അമ്മയെ തട്ടിയെടുത്തത് ബ്രോന്റി സഹോദരിമാരിൽ കനത്ത മാനസികാഘാതമുണ്ടാക്കി. ജീവിക്കുന്ന ചുറ്റുപാടുകളോട് പൊരുത്തപെടാനാവാത്ത വിധം കുടുംബം ഒറ്റപ്പെട്ടു. സാമൂഹികമായും അവർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി. വിദ്യാഭ്യാസവും വികസനവും വേണ്ടത്ര രീതിയിൽ എത്തിപ്പെടാത്ത ഒരു ഗ്രാമീണാന്തരീക്ഷത്തിലായിരുന്നു ബ്രോന്റി സിസ്റ്റേഴ്‌സ് വളർന്നത്. എന്നാൽ ഇവരുടെ അച്ഛൻ പാട്രിക് പരന്ന വായനയും സാമൂഹിക ബോധവുമുള്ള വ്യക്തിയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉയർന്ന ചിന്ത വെച്ചു പുലർത്തിയതുകൊണ്ട് അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും പെൺമക്കളെ പഠിപ്പിക്കാൻ മാറ്റിവെച്ചു. വിവാഹത്തിനുമു​മ്പ്​ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്തയിൽ 1824- ൽ ലങ്കാഷെയറിലെ ക്ലെർജിഡോട്ടേഴ്സ് സ്‌കൂളിലേക്ക് പെൺമക്കളെ പഠനത്തിനയച്ചു. മക്കളായ മറിയയും എലിസബത്തും രോഗം വിട്ടൊഴിയാത്തവരായിരുന്നു. എന്നിട്ടും ഷാർലറ്റ് ബ്രോന്റിയേയും എമിലി ബ്രോന്റിയേയും പിന്തുടർന്ന് മറിയയും എലിസബത്തും ക്ലെർജി ഡോട്ടേഴ്സ് സ്‌കൂളിലെത്തി. ഇതിനുമുമ്പ് ലോവുഡ് സ്‌കൂളിൽ ബ്രോന്റി സഹോദരിമാർ കുറച്ചുകാലം പഠിച്ചിരുന്നു. പെൺകുട്ടികളുടെ ചെറിയ ചെറിയ അനുസരണക്കേടിനോട് അധ്യാപകർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. സ്‌കൂൾ ഭക്ഷണം മോശമായിരുന്നു. പെൺകുട്ടികൾ എത്ര വിശപ്പുണ്ടെങ്കിലും ഭക്ഷണത്തോട് താൽപര്യം കാണിക്കാറില്ലായിരുന്നു. അവിടുത്തെ വൃത്തിരഹിതമായ അന്തരീക്ഷത്തെ കുറിച്ച് ബ്രോന്റി സഹോദരിമാരിൽ ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്: ‘അസുഖ ബാധിതയായ ഒരധ്യാപികക്ക് ചായ കൊണ്ടുകൊടുക്കുന്നവൻ, ഇറച്ചി മുറിച്ച കൈകൾ കഴുകാതെ വിരലിട്ടിളക്കിക്കൊണ്ട്​ കൊടുക്കുന്ന കാഴ്ച എന്നിൽ ഓക്കാനമുണ്ടാക്കി '

അന്ന്, ഒരു വസന്തകാലത്ത് വ്യാപിച്ച പകർച്ചവ്യാധി, സ്‌കൂളിലെ 40 കുട്ടികളെയും ബാധിച്ചു. അവരെ പരിശോധിക്കാൻ വന്ന ഡോക്ടർ അടുക്കളയിൽ ചെന്ന് ഒരു പിടി ഭക്ഷണം വായിലിട്ട് ഉടനെ തുപ്പുകയാണ് ചെയ്തത്. പന്ത്രണ്ട് കുട്ടികൾ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ ബ്രോന്റി സഹോദരിമാരിൽ രണ്ടു പേരും ഉണ്ടായിരുന്നു. മരിയയുടെയും എലിസബത്തിന്റെയും മരണശേഷം ഷാർലറ്റ് സാധാരണ ബോർഡിങ് സ്‌കൂളിൽ ചേർന്നു. 14 വയസ്സായ അവളെ മേരി ടെയ്​ലർ എന്ന അധ്യാപിക കിളവി എന്നാണ് വിളിച്ചിരുന്നത്. പഴയ ഫാഷനിലുള്ള വസ്ത്രങ്ങൾ ആയിരുന്നു ഷാർലറ്റ് ധരിക്കാറ്, പോരെങ്കിൽ ഷാർലറ്റിന് ഷോർട്ട് സൈറ്റ് ഉണ്ടായിരുന്നു. അവൾ എപ്പോഴും എന്തെങ്കിലും അന്വേഷിച്ചു നടക്കുന്ന പോലെ കാണപ്പെട്ടു. കൂടെ ഒരൽപം ലജ്ജയും പരിഭ്രമവും. വൃത്തിയില്ലാത്തവൾ എന്ന് വിളിക്കപ്പെടുമ്പോഴും തന്റെ ബൗദ്ധികമായ കഴിവുകൾ അവൾ പുറത്തെടുത്തുകൊണ്ടിരുന്നു.

ഷാർലെറ്റ് ബ്രോന്റി
ഷാർലെറ്റ് ബ്രോന്റി

പത്തൊമ്പതാമത്തെ വയസ്സിൽ ഷാർലറ്റ് ഒരധ്യാപികയായി നാട്ടിൽ തിരിച്ചെത്തി. അവളോടൊപ്പം എമിലി ബ്രോന്റിയും ഉണ്ടായിരുന്നു.

എമിലി, ഹോം സിക്‌നസ് കാരണം കൂട്ടിലിട്ട വെരുകിനെ പോലെ ഏകാന്തജീവിതമാണ് നയിച്ചത്. ആ സമയം അവളുട വിളറിയ മുഖവും, മെലിഞ്ഞ രൂപവും, ശക്തിയും ഓജസ്സുമില്ലാത്ത ശരീരവും അവളനുഭവിക്കുന്ന മാനസിക പിരിമുറക്കത്തെ വ്യക്തമാക്കി. എമിലിയുടെ ഈ ലക്ഷണങ്ങൾ കണ്ട് ഷാർലറ്റ് അവളെ തിരികെ വീട്ടിലെത്തിച്ചു. അതോടെ രോഗശമനമുണ്ടായി. മാനസിക വിഹ്വലതകൾ മാത്രമായിരിക്കും എമിലിക്ക് എന്ന് അപ്പോൾ ഷാർലറ്റ് വിലയിരുത്തി. എന്നാൽ വിഷാദരോഗം ഷാർലെറ്റിനേയും ബാധിച്ചു. ഭാവനാപ്രപഞ്ചത്തിനും അധ്യാപിക എന്ന നിലക്കുള്ള കടമകൾക്കുമിടയിൽ ഷാർലറ്റിന് ശ്വാസം മുട്ടി. പക്ഷെ, അവളിലെ സർഗാത്മകത എല്ലാ തരത്തിലുള്ള സങ്കടങ്ങളെയും കഴുകി കളഞ്ഞു. ഇതിനിടെ എമിലിയും സ്‌കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

1848 ലാണ് ബ്രോന്റി സഹോദരിമാരുടെ സഹോദരനായ ബ്രാൻവെൽ ക്ഷയരോഗം പിടിച്ച്​ മരിച്ചത്​. തന്റെ സഹോദരിമാരുടെ എഴുത്ത് സമൂഹത്തിലുണ്ടാക്കിയ വിവാദങ്ങളും അപവാദങ്ങളും ബ്രാൻവെല്ലിനു അവരോടു വെറുപ്പുളവാക്കിയിരുന്നു. സമൂഹത്തിൽ നിന്നുള്ള വിമർശനങ്ങളോട് മൗനം പാലിക്കുകയും അവസാനം ബ്രാൻവെലിനെ വിഷാദരോഗം ബാധിക്കുകയും ചെയ്തു. ഏക സഹോദരന്റെ മരണം ബ്രോന്റി സഹോദരിമാരെ വീണ്ടും ദുഃഖത്തിലാഴ്ത്തി. എമിലിക്ക് ആസ്‌പെർജർ സിൻഡ്രോം ഉണ്ടായിരുന്നു. അത് അവളുടെ സാമൂഹിക ഇടപെടലിന് തടസ്സമായി. സോഷ്യൽ ഫോബിയ ആസ്‌പെർജർ സിൻഡ്രോമിന്റെ ഒരു സവിശേഷതയായിരുന്നു. അത് പിന്നീട് എമിലിയുടെ പെരുമാറ്റത്തേയും ബാധിച്ചു തുടങ്ങി. അങ്ങനെ എമിലിക്ക് പേഴ്‌സനാലിറ്റി ഡിസോർഡർ സംഭവിക്കുകയും, ഒരധ്യാപിക എന്ന നിലയിൽ പരാജയമാകുകയും ചെയ്തു. ആസ്‌പെർജർ സിൻഡ്രം എമിലിയുടെ എഴുത്തുകളേയും സ്വാധീനിച്ചിരിക്കാം. എമിലിയുടെ വുതെറിങ് ഹൈറ്റ്‌സും, ഷാർലറ്റിന്റെ ജെയ്ൻ ഐറും താരതമ്യപ്പെടുത്തിയാൽ രണ്ട് സഹോദരിമാരുടെ മനോഭാവത്തിലെ വ്യത്യാസം എളുപ്പം മനസിലാക്കാം.

എമിലി രോഗത്തെ ഭയത്തോടെയാണ് കണ്ടത്. അവളുടെ ഉച്ചത്തിലുള്ള ചുമ മുറികളിൽ പ്രതിധ്വനികൾ ഉണ്ടാക്കി. അനീമിയയും ഇൻഫെക്ഷനും രൂക്ഷമായി. നെഞ്ചിൻപാളികൾക്കിടയിൽ ദ്രാവകം നിറഞ്ഞതിനാൽ ശ്വാസം വലിക്കാൻ നന്നേ ബുദ്ധിമുട്ടി. മരുന്നുകൾക്ക് പ്രതിരോധിക്കാൻ പറ്റാത്ത വിധം രോഗം തന്റെ ശരീരം കാർന്നുതിന്നു എന്ന് എമിലി മനസ്സിലാക്കി. തന്റെ അടുത്തുനിന്ന് ഭയചകിതരായ സഹോദരിമാരെ അവർ തള്ളിമാറ്റി.
എമിലിയുടെ അവസാന ദിവസം ഹൃദയഭേദകമായിരുന്നു. അന്ന് അവൾ നേരത്തേ എഴുന്നേറ്റ് മുടി ചീകി. ചീർപ്പ് തീയിലേക്ക് വലിച്ചെറിഞ്ഞു. വസ്ത്രം ധരിച്ചശേഷം എമിലി താഴത്തെ നിലയിലേക്ക് വന്നു. അതു കണ്ട് അവളുടെ അച്ഛൻ ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ അവളെയെടുത്ത്​ മുകളിലെ നിലയിലേക്ക് കൊണ്ടുവന്നു. അവൾ ശരീരം കൊണ്ട് അപ്പോഴേക്കും ഒരു കൊച്ചു കുഞ്ഞിനെപോലെയായിരുന്നു. ഡോക്ടർ ഒരു പ്രതീക്ഷയും പ്രകടിപ്പിച്ചില്ല. ഒടുവിൽ അവളുടെ നീലനിറമുള്ള കണ്ണുകൾ ഇമവെട്ടാതെ ഒരു ദിശയിലേക്ക് മാത്രം നോക്കി നിന്നു. എമിലി ഈ ലോകത്തു നിന്ന് പോയശേഷം അവളുടെ വളർത്തുനായ മാത്രം ദിവസങ്ങളോളം മോങ്ങിക്കൊണ്ടിരുന്നു. എമിലിയുടെ മരണം ഷാർലറ്റിനെ ശൂന്യതയിലേക്ക് എടുത്തെറിഞ്ഞു. അത്രയ്ക്ക് ദൃഢമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. സ്നേഹവും സ്പർദ്ധയും സംഭ്രമവും നിറഞ്ഞ ബന്ധം.

ഷാർലറ്റ് വരച്ച ആനി ബ്രോന്റിയുടെ ചിത്രം / photo: wikimedia commons
ഷാർലറ്റ് വരച്ച ആനി ബ്രോന്റിയുടെ ചിത്രം / photo: wikimedia commons

എമിലി രോഗബാധിതയായി കിടന്നതുമുതൽ ആനി ബ്രോന്റി നെഞ്ചുവേദനയുടേയും ചുമയുടെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ആനി അച്ഛന്റെ സുഹൃത്തായ വില്യം വെയ്റ്റ്മാനുമായി പ്രണയത്തിലായിരുന്നു. അവൾക്ക് യാഥാസ്ഥികമല്ലാത്ത മതവിശ്വാസമുണ്ടായിരുന്നു. ആനിയുടെ ആഗ്നസ് ഗ്രേ ജനശ്രദ്ധ ആകർഷിച്ച കൃതിയായിരുന്നു. ആദ്യകാല ഫെമിനിസ്റ്റ് നോവലുകളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്ന The Tenant of Wildfell Hall മതി ആനിയുടെ തീവ്രമായ മനസ്സു വായിക്കാൻ.

ഷാർലറ്റിന് ആനിയുടെ എഴുത്തിനോടും സൗന്ദര്യത്തോടും കടുത്ത അസൂയ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എമിലിയുടെ വുതെറിംഗ് ഹൈറ്റ്‌സ് പുനഃപ്രസിദ്ധീകരിക്കാൻ നോക്കുമ്പോൾ ആനിയുടെ രണ്ടാമത്തെ നോവൽ ​The Tenant of Wildfell Hall ന്റെ ആശയത്തെ ഷാർലറ്റ് നിശിതമായി വിമർശിച്ചു. ആൽക്കോഹോളിസവും അബ്യുസിവ് മാര്യേജുമായിരുന്നു അതിലെ വിഷയം. ഷാർലറ്റ് ആ നോവൽ പൂർണമായും തെറ്റാണെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാൻ തടസം നിന്നു. അതുകൊണ്ടുതന്നെ ആനിയുടെ നോവൽ പത്തുവർഷത്തോളം പുറംലോകം കാണാതെ ഇരുന്നു. ഒരു പക്ഷെ, മറ്റ് രണ്ട് ബ്രോന്റി സഹോദരിമാരുടെ അത്ര പ്രശസ്തി ആനി ബ്രോന്റിക്ക് ലഭിക്കാതെ പോയതിന്റെ കാരണവും അതായിരിക്കാം

എമിലി ബ്രോന്റിയുടെ വുതറിങ് ഹൈറ്റ്‌സ് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ നിർമിച്ച സിനിമയിൽ നിന്നും ഒരു രംഗം
എമിലി ബ്രോന്റിയുടെ വുതറിങ് ഹൈറ്റ്‌സ് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ നിർമിച്ച സിനിമയിൽ നിന്നും ഒരു രംഗം

ആനിയും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ആനി എമിലിയെക്കാളും അതിജീവനശേഷി പ്രകടിപ്പിച്ചു. സ്‌കാർബറോയിൽ സന്ദർശനത്തിന് പോയപ്പോഴാണ് അസുഖം മൂർച്ഛിച്ച് ആനി മരിച്ചത്.

മരണസമയത്തും അടുത്തുണ്ടായിരുന്നത് ഷാർലറ്റ് മാത്രം. മഹാമാരി തന്റെ കണ്ണിയിലെ അവസാന ജീവനെയും എടുത്ത്, യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ കൊണ്ടുപോയപ്പോൾ ഷാർലറ്റിനു ഭ്രാന്ത് പിടിച്ചു. ഷാർലറ്റിന് ആനിയോട് അഗാധ സ്നേഹവും ഉണ്ടായിരുന്നു. ആനിയുടെ മരണശേഷം ഷാർലറ്റ് കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തിയതും അതുകൊണ്ടാണ്. ആനിയുടെ മരണശേഷം ഷാർലറ്റ് എഴുതി:

There's little joy in life for me, And little terror in the grave; I've lived the parting hour to see, Of one I would have died to save

അവൾ കുറെ കാലം എകാകിയായി സഹോദരിമാരുടെ ഓർമകളിൽ ജീവിച്ചു. പിന്നീട് ഹൃദയം തകർന്ന് എഴുതിത്തുടങ്ങി. ഈ സമയത്തായിരുന്നു അവർ ഷിർലി എഴുതി തീർത്തത്. വേദനാജനകമായ കാലഘട്ടത്തിലും ഷാർലറ്റ് 1853-ൽ തന്റെ അവസാനത്തെ നോവലായ വില്ലേറ്റ് എഴുതിത്തീർത്തു.

സ്‌കാർബറോയിലെ ആനി ബ്രോന്റിയുടെ ശവകുടീരം
സ്‌കാർബറോയിലെ ആനി ബ്രോന്റിയുടെ ശവകുടീരം

നോവൽ അവസാനിപ്പിക്കാൻ രോഗത്തിനോടും ജീവിതത്തിനോടും അവൾ പോരാട്ടം നടത്തുമ്പോഴാണ് അവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഷാർലറ്റ് അച്ഛന്റെ ക്യൂറേറ്ററായ ആർതർ ബെൽ നിക്കോൾസിനെ വിവാഹം ചെയ്തു. സുന്ദരനും നല്ല ഉയരവുമുള്ള ഒരാളായിരുന്നു അദ്ദേഹം. പക്ഷെ ഷാർലറ്റിന്റെ അത്ര ബൗദ്ധിക നിലവാരം ആർതർക്കുണ്ടായിരുന്നില്ല. പിതാവായ പാട്രിക്കിന് ഷാർലറ്റിന്റെ വൈവാഹിക ജീവിതത്തിക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഷാർലറ്റ് ഗർഭിണിയാകുന്നത് അവളുടെ ജീവൻ അപകടത്തിലാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അവസാനം പാട്രിക്ക് ഭയപ്പെട്ടപോലെ ഷാർലറ്റ് മോശമായ രോഗാവസ്ഥയിൽ ഗർഭിണിയായി. ഗർഭാവസ്ഥയുടെ മൂന്നു മാസം അതികഠിനമായിരുന്നു. നിരന്തരമുള്ള ഛർദി മൂലം പോഷകമൂല്യമുള്ള ഭക്ഷണം സ്വീകരിക്കാൻ ശരീരത്തിന് കഴിഞ്ഞില്ല. പക്ഷെ ദുർബലമായ രോഗാവസ്ഥയിലും ഷാർലറ്റ് എഴുത്തു തുടർന്നു. പക്ഷെ, ഒരു പെൻസിൽ പോലും പിടിക്കാവത്ത വിധം ആരോഗ്യം നഷ്ടപ്പെട്ട് അവൾ 38-ാമത്തെ വയസ്സിൽ മരണത്തിലേക്ക് നടന്നു.

അടുത്ത നീക്കത്തിൽ നിങ്ങൾ ചെക്ക്‌മേറ്റാണ്

ബെർഗ്​മാന്റെ സെവൻത് സീലിൽ (മില്യൺ കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ച പ്ലേഗ് ആണല്ലോ ഈ സിനിമയുടെ പശ്ചാത്തലം) സിനിമ അവസാനിക്കാൻ പത്ത് മിനിറ്റുള്ളപ്പോൾ മരണവുമായി ചതുരംഗം കളിക്കുന്ന യോദ്ധാവ് (knight), തോൽവി ഭയന്നാവാം, അറിയാതെ എന്ന ഭാവത്തിൽ കരുക്കളെ തട്ടി മറിച്ചിടുന്നുണ്ട്.

Nils Bengt Folke Ekerot ആണ് സെവൻത് സീലിൽ മരണം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്
Nils Bengt Folke Ekerot ആണ് സെവൻത് സീലിൽ മരണം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്

It is your move, Antonius Block, എന്ന് മരണം പറഞ്ഞു കഴിഞ്ഞയുടൻ ഭയത്തെക്കുറിച്ച് മരണവും യോദ്ധാവും സംസാരിക്കുന്നു. അതിനു ശേഷമാണിത്. കളത്തിലെ കരുക്കൾ പുനഃസ്ഥാപിക്കാനാവാതെ I forgot where the pieces were എന്നു പറയുന്ന അന്റോണിയസ് ബ്ലോക്ക് എന്ന യോദ്ധാവിനോട് മരണം പറയുന്നു: But I haven't forgotten.

കരുക്കൾ പുനഃസ്ഥാപിച്ച് മരണം പറയുന്നു: വളരെ രസകരമായ ഒരു കാര്യം ഇനി നടക്കാൻ പോകുന്നു.

യോദ്ധാവ്: എന്താണത്?

മരണം: അടുത്ത മൂവിൽ നിങ്ങൾ ചെക്ക് മേറ്റാണ്.

മരണത്തിന് നമ്മുടെ മറന്നു പോയ നീക്കങ്ങൾ വരെ ഓർമ്മയുണ്ട് !

നിൽസ് എക്കറോട്ട്
നിൽസ് എക്കറോട്ട്

ഈ കോവിഡ് കാലത്താണ് സെവൻത് സീൽ വീണ്ടും കണ്ടത്.
ബെർഗ്​മാൻ 2007 ൽ മരിച്ചു. അപ്പോൾ വയസ് 89. സിനിമയിൽ മരണത്തെ ഭംഗിയായി അവതരിപ്പിച്ച Nils Bengt Folke Ekerot എന്ന നടൻ എങ്ങനെയാണ് മരിച്ചത് എന്നന്വേഷിക്കണമെന്ന് തോന്നി. 1971 ൽ 51-ാമത്തെ വയസിൽ എക്കെറോട്ട് മരിക്കുന്നു. സ്വയം നശിക്കാൻ ത്വരയുള്ള വ്യക്തിത്വമായാണ് എവിടെയും ഈ മഹാനടനെക്കുറിച്ച് സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. മരണത്തിലേക്ക് നടന്നടുക്കാൻ അമിത മദ്യപാനവും പുകവലിയും സ്വീകരിക്കുകയായിരുന്നു ഇയാൾ, ഫ്രോയിഡ് ആസന്നമരണ കാലത്തും പുകവലിയെ ഉപാസിച്ചതുപോലെ. ശ്വാസകോശാർബുദം ഒടുവിൽ മരണത്തിന്റെ നടനെ കീഴ്‌പ്പെടുത്തി. ▮

References:

John J Ross, M D, The medical lives of famous writers, St Martin's Press, New York Katie Roiphe , The Violet Hour, Virago Press, LondonJacques Derrida,The Work of Mourning, The University of Chicago Press Chicago and London


ഡോ. ശ്രീകല മുല്ലശ്ശേരി

എഴുത്തുകാരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ. അത്തരം സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

Comments