സി.പി.എം നേതാവ്​ എം.സി. ജോസഫൈന്റെ മൃതദേഹം / Photo : CPIM Ernakulam DC, fb page

മരണാനന്തരം, നിസ്സാരമായ ഈ ശരീരം
​മനുഷ്യർക്ക്​ ഗുണകരമാകുമെങ്കിൽ...

മരണാനന്തരം ശരീരം പഠനാവശ്യത്തിന്​ വിട്ടുനൽകാൻ നിരവധിപേർ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്​. ഈയിടെ സി.പി.എം നേതാവ്​ എം.സി. ജോസഫൈന്റെ ശരീരം മെഡിക്കൽകോളേജിന്​ കൈമാറി. മരിച്ച് മണ്ണടിഞ്ഞുപോകുന്ന ശരീരം ഭാവിയിലും മനുഷ്യന് ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ വിട്ടുകൊടുക്കാം എന്ന ചിന്ത വിപ്ലവകരം തന്നെയാണ്​.

ശകങ്ങൾക്കുമുമ്പ്​. മെഡിക്കൽ വിദ്യാർത്ഥി ജീവിതത്തിന്റെ ആദ്യ ദിനങ്ങൾ. മെഡിക്കൽ കോളേജ് എന്ന, അന്നുവരെ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ആ മഹാ വിദ്യാലയത്തിൽ വൈദ്യപഠനത്തിന്റെ ഹരിശ്രീ കുറിക്കുമ്പോൾ ജിജ്ഞാസയും, തെല്ല് ഭയാശങ്കകളും ഒപ്പമുണ്ടായിരുന്നു. എന്നെപ്പോലെ, ഏതൊരു ഒന്നാം വർഷ എം.ബി.ബി.എസ്​. വിദ്യാർത്ഥിയെയും ഈ മാനസികാവസ്ഥയിലെത്തിക്കുന്ന പ്രധാന വിഷയം അനാറ്റമിയും, അതിനെ ഉച്ചസ്ഥായിയിലെത്തിക്കുന്ന ഇടം അനാറ്റമി ഡിസക്ഷൻ ഹാളുമാണ്​ (dissection hall).

ഒന്നരവർഷം നീളുന്ന ഫസ്റ്റ് എം.ബി. (first M.B) പഠനകാലത്ത് അനാറ്റമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങൾ മാത്രമാണ് മെഡിക്കൽ വിദ്യാർത്ഥിക്ക് പഠിക്കാനുള്ളത്. അവയിൽ സ്വതവേ ഏറ്റവും ദുഷ്‌കരമായ വിഷയമാണ് അനാറ്റമി (എക്‌സപ്ഷനുകളുണ്ടായേക്കാം).

മനുഷ്യശരീരം കീറിമുറിച്ചുള്ള വിശദവും ഗഹനവുമായ അനാറ്റമി അഥവാ മനുഷ്യശരീരപഠനം. അതിനായി നിശ്ശബ്​ദത തളംകെട്ടി നിൽക്കുന്ന വലിയ, അനാറ്റമി ഡിസക്ഷൻ ഹാൾ. അവിടെ, ഭാവിഡോക്ടർമാരെ ആത്മവിശ്വാസത്തോടെ ‘മനുഷ്യജീവൻ വച്ചുള്ള കളിക്ക്' സജ്ജരാക്കാനായി കഡാവറുകൾ (Cadaver) കാത്തുകിടക്കുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ എല്ലാ ഋതുഭേദങ്ങളും അനുഭവിച്ച നമ്മെപ്പോലെ, പച്ചയായ മനുഷ്യർ, അപരിചിതർ!
വൈദ്യവൃത്തിയുടെ മഹത്വം, അതേൽപിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം, എല്ലാം ഈ കഡാവറുകൾ - മൃതദേഹങ്ങൾ- അനുനിമിഷം വൈദ്യവിദ്യാർത്ഥികളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

'മരണത്തിലും ഞങ്ങൾ ജീവനെ സേവിക്കുന്നു' സ്വിറ്റ്‌സർലാൻഡിൽ മരണാനന്തരം ശരീരം വിട്ടുനൽകിയവർക്കായി നിർമ്മിച്ച ശ്മശാനത്തിലെ ശിലാലിഖിതം / Photo: Wikimedia Commons

മത്സരപ്പരീക്ഷകളിലൂടെ, പഠനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും മാറ്റുരയ്ക്കപ്പെട്ട് മെഡിക്കൽ കോളേജിലെത്തുന്ന കൗമാരക്കാരെ ഒരളവോളം അദ്ഭുതങ്ങളുടെ ലോകത്തേയ്ക്കാണ് അനാറ്റമി കൂട്ടിക്കൊണ്ടുപോകുന്നത്. ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളിൽ എന്തെങ്കിലുമൊരു പരിചയത്തിന്റെ ലാഞ്ചനയെങ്കിലും പ്രീഡിഗ്രി, എൻട്രൻസ് പഠന കാലയളവിൽ, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കും. എന്നാൽ അനാറ്റമി അങ്ങനെയല്ല. അത് മനുഷ്യശരീരമെന്ന വിശാലമായ കാൻവാസിന്റെ അത്ഭുത ലോകത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെ കാണുന്നതും, കേൾക്കുന്നതും പഠിയ്ക്കുന്നതുമെല്ലാം നമുക്ക് പുതിയതാണ്. മനുഷ്യശരീര ഘടനയെക്കുറിച്ച് - മസിലുകൾ, നെർവുകൾ, ആർട്ടറി, വെയിൻ, എല്ലുകൾ, ആന്തരികാവയവങ്ങൾ, ഫേഷ്യ (fasia) മെനിൻജസ് (meninges), തലച്ചോർ തുടങ്ങി അനവധിയായവയെക്കുറിച്ച് നമ്മൾ പഠിയ്ക്കുന്നു. അദ്ധ്യാപകരുടെ ശിക്ഷണത്തിൽ, സ്വന്തമായി ‘ലെയർ ബൈ ലെയർ' കീറിമുറിച്ച് പഠിയ്ക്കുന്നു.

അതുവരെ പരിചിതമല്ലാത്ത ലാറ്റിൻ പദാവലികളുടെ ‘പാൻഡോറപ്പെട്ടി’ തുറക്കപ്പെടുന്നു. ഇതേക്കുറിച്ച് വിഖ്യാത ന്യൂറോ സയന്റിസ്​റ്റ് ഡോ. വി.എസ്​. രാമചന്ദ്രൻ, പ്രശസ്തമായ ‘ദി ടെൽ- ടെയിൽ ബ്രെയിൻ’ എന്ന പുസ്തകത്തിൽ സരസമായി പ്രതിപാദിക്കുന്നുണ്ട്. പാദത്തിലെ ചെറുവിരൽ അനക്കുന്ന മസിലിന്റെ പേര് abductor ossis metatarsi digiti quinti എന്നാണ്. എനിക്കിതൊരു പദ്യം പോലെ തോന്നുന്നു. ഹാരി പോട്ടർ പരമ്പര കണ്ടുവളർന്ന തലമുറ, വൈദ്യവിദ്യാർത്ഥികളാകുമ്പോഴേക്കും ഈ വാക്കുകളൊക്കെ ആ സിനിമകളിലെ പോലെ, മന്ത്രോച്ചാരണം പോലെ സംഗീതാത്മകമായി ഉച്ചരിക്കുമായിരിക്കും.

അനാറ്റമി ഡിസക്ഷൻ ഹാളിലെ ഒന്നാം ദിനം ഏതൊരു ഡോക്ടറുടെയും ഓർമകളിലെ നിറവാർന്ന ദിനമാകും. കഡാവറുകൾ കേടാകാതിരിക്കാനിട്ടു സൂക്ഷിക്കുന്ന ഫോർമാലിൻ ലായനിയുടെ മനം പിരട്ടുന്ന രൂക്ഷ ഗന്ധം, ചെറിയ കണ്ണെരിച്ചിൽ, ഒരോ ഡിസക്ഷൻ ടേബിളിലും നിരയായി വച്ചിരിക്കുന്ന മൃതശരീരങ്ങളുടെ കാഴ്ച നൽകുന്ന അത്ഭുതപരതന്ത്രത (എന്റെ ബാച്ചിലെ ഒരാൾ ഒന്ന് ചെറുതായി faint ചെയ്തു - ഒരു ചെറിയ ബോധക്ഷയം) അനാറ്റമി അദ്ധ്യാപകരുടെ, ടേബിളിൽ വന്നു നൽകുന്ന introductory ക്ലാസുകൾ, അറച്ചറച്ച് ആദ്യമായി കഡാവർ ഒന്ന് തൊടുന്നത്, പതിയെ സ്കാൽപൽ ഉപയോഗിച്ച് സ്കിൻ ഡിസക്​റ്റ്​ ചെയ്യുന്നത്,sub cutaneous fatty layer- തൊലിക്കു കീഴെയുള്ള കൊഴുപ്പിന്റെ കട്ടകൾ കാണുന്നത്, തൊടുന്നത്, ഒക്കെ ആദ്യ ദിനങ്ങളിലെ തെളിഞ്ഞ ഓർമകളാണ്.

Photo : Unsplash.com

ഡിസക്ഷനുശേഷം, കൈ എത്ര തവണ കഴുകിയാലും, ഫോർമാലിന്റെയും മറ്റും മണം പൂർണമായി മാറുന്നില്ലേ എന്നുതോന്നി കൈ പലവട്ടം കഴുകുന്നത്, അന്ന് എന്റെ മാത്രം പ്രശ്‌നമായിരുന്നില്ല. പതിയെപ്പതിയെ ഒരു മെഡിക്കൽ വിദ്യാർത്ഥി ഈ സാഹചര്യങ്ങളുമായി ഒത്തുപോകുന്നു. ആഴത്തിലുള്ള, ശാസ്ത്രീയമായ, ക്രമാനുഗതമായ അനാറ്റമി പഠനത്തിലേക്ക് അവനെ / അവളെ അദ്ധ്യാപകർ കൂട്ടിക്കൊണ്ടുപോകുന്നു. വിശദമായ dissection demonstration-കളികളിലൂടെ. പ്രാരംഭത്തിലെ ചില്ലറ അസ്വസ്ഥതകളിൽ നിന്ന്​ മെല്ലെ, അനാറ്റമി ഹാൾ ഒരു വൈദ്യവിദ്യാർത്ഥിയുടെ പ്രിയ ഇടങ്ങളിൽ ഒന്നായി മാറുന്നു. അവരുടെ വിജ്ഞാനദാഹം ശമിപ്പിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള അറിവുകളുടെ മായാലോകം.

ആ കാലത്ത് ഏതാണ്ട് 10-15 ഓളം വിദ്യാർഥികൾക്ക്​ ഒരു കഡാവർ എന്ന നിലയ്ക്കായിരുന്നു. അക്ഷരമാലാ ക്രമത്തിലാണ് വിന്യാസം. അനുവദിക്കപ്പെട്ട ശരീരത്തിലായിരിക്കും അടുത്ത ഒന്നര വർഷക്കാലത്തെ ഡിസക്ഷൻ പഠനം. ‘R’ അക്ഷരത്തിൽ തുടങ്ങുന്ന പേരുകാരായിരുന്നു എന്നോടൊപ്പം. ഈ ഓരോ കൂട്ടവും ‘body mates' എന്നാണ് അറിയപ്പെട്ടത്. ഇവർ തമ്മിൽ ആത്മബന്ധത്തിന്റെ വല്ലാത്ത ഒരു ഇഴയടുപ്പം രൂപപ്പെടും. അവയിൽ പലതും പലപ്പോഴും ആജീവനാന്തം നിലനിൽക്കുകയും ചെയ്യും.

വളരെ സിസ്റ്റമാറ്റിക് ആയാണ് ഡിസക്ഷൻ പഠനം. കൈയിലെ തൊലിയിൽ തുടങ്ങി subcutaneous fatty layer, muscles, nerves, artery, veins എന്നിങ്ങനെ ക്രമാനുഗതമായ പ്രക്രിയ. ഓരോ മസിൽസിന്റെയും origin, insertion, ഓരോ നെർവിന്റെയും സഞ്ചാരപാത ഒക്കെ സസൂക്ഷ്മം ഡിസക്​റ്റ്​ ചെയ്‌തെടുത്ത്, കണ്ടറിഞ്ഞ്, തൊട്ടറിഞ്ഞ് പഠിക്കണം. Gray's anatomy എന്ന "നല്ല ഭാരമുള്ള' പുസ്തകമാണ് അനാറ്റമിയുടെ ആധികാരിക ഗ്രന്ഥം. എല്ലാ വിശദവിവരങ്ങളും ഗഹനമായിത്തന്നെ ഇതിലുണ്ട്. ഡിസക്ഷൻ ടേബിളിലെ വഴികാട്ടി ഗ്രന്ഥം Cunningham's manual of practical anatomy ആണ്- അനാറ്റമിയുടെ ബൈബിൾ. Cunningham ശ്രമകരമായി വായിച്ചു പഠിച്ച്, അധ്യാപകരുടെ കർശനശിക്ഷണത്തിൽ അനാറ്റമി ഡിസക്ഷൻ പാഠങ്ങൾ പുരോഗമിക്കുന്നു. തിയറി പരീക്ഷയ്ക്കും വൈവയ്ക്കും മറ്റും എളുപ്പത്തിൽ പഠിക്കാൻ Chaurasia's Anatomy എന്ന പുസ്തകമാണ് ഒട്ടുമുക്കാൽപേരും പഠിച്ചിരുന്നത് എന്നത് പരസ്യമായ രഹസ്യം! അസ്ഥികളുടെ വിശദപഠനത്തിനായുള്ള Osteology session, തലച്ചോർ നാഡികോശവ്യൂഹങ്ങളുടെ മാത്രമായുള്ള Neuro anatomy പഠനവും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

മതാചാരങ്ങളെയും ഈശ്വരവിശ്വാസത്തെ തന്നെയും ചോദ്യംചെയ്യുന്ന ന്യൂനപക്ഷത്തിൽ നിന്നാണ് പലപ്പോഴും, മൃതദേഹം പഠനാവശ്യങ്ങൾക്ക്​ വിട്ടുനൽകാനുള്ള സന്നദ്ധത ഉണ്ടാകുന്നത്.

വാസ്തവത്തിൽ അനാറ്റമി പഠനചരിത്രത്തിന്റെ നാൾവഴികൾ വിജ്ഞാനകുതുകിയായ മനുഷ്യന്റെ ശാസ്ത്രതൃഷ്ണയുടെ കഥ കൂടിയാണ്. ബി.സി മൂന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽക്കാണ് ശാസ്ത്രീയ ഡിസക്ഷൻ പഠനങ്ങൾ ആരംഭിച്ചത് എന്ന് ചരിത്രരേഖകൾ ചൂചിപ്പിക്കുന്നു. ഗ്രീക്ക് ഫിസിഷ്യൻമാരായ Herophilus of Chalcedon, Erasistratus of Chios എന്നിവരായിരുന്നു അഗ്രഗാമികൾ. അന്നത്തെ ഗ്രീക്ക് സംസ്‌കാരധാരയിൽ മനുഷ്യശരീര ഡിസക്ഷൻ പഠനം അരുതാത്ത പ്രവൃത്തിയായാണ് ഗണിക്കപ്പെട്ടിരുന്നത്. എന്നിരിക്കിലും ശാസ്ത്രീയപഠനങ്ങളുടെ ഒരു ഹബ് ആയിക്കൂടി അന്ന് അലക്‌സാൺഡ്രിയ മാറിക്കൊണ്ടിരുന്നു. ഒരു കാലം വരേയ്ക്കും റോമിൽ ഡിസക്ഷനുകൾ നിയമപരമായി തന്നെ വിലക്കപ്പെട്ടിരുന്നു. അന്ന് അനാറ്റമിസ്റ്റുകൾ മൃഗങ്ങളുടെ കഡാവറുകൾ ഡിസക്ഷൻ ചെയ്തും അപകടം പറ്റുന്ന മനുഷ്യശരീരത്തിൽ പഠനങ്ങൾ നടത്തിയും മറ്റുമാണ് ഈ ശാസ്ത്രശാഖയെ വികസിപ്പിച്ചത്. അനാട്ടമിയിലെ അതികായനായ Galen ശ്രദ്ധേയമായ അനവധി സംഭാവനകൾ ഈ മേഖലയിൽ നൽകിയത് ചത്ത കുരങ്ങൻമാരിലും വ്രണിതരാകുന്ന ഗ്ലാഡിയേറ്റർമാരിലും നടത്തിയ അനാറ്റമി പഠനങ്ങളിൽ നിന്നാണ്.

അനാട്ടമി പഠിപ്പിക്കുന്ന ഹെറോഫിലസ്. വെലോസോ സൽഗാഡോയുടെ ചിത്രീകരണം (1906). / Photo : Wikimedia Commons

തുടർന്ന് മധ്യഘട്ടത്തിൽ, യൂറോപ്പിൽ ശക്തമായ മതഇടപെടലുകളാൽ ഈ പഠനശാഖ മുരടിച്ചു. നീണ്ട 1700 വർഷങ്ങൾക്കുശേഷം, 14-ാം നൂറ്റാണ്ടിലാണ് പിന്നീട് ശാസ്ത്രീയ അനാറ്റമി ഗവേഷണ പഠനങ്ങൾ പുനരാരംഭിച്ചത്, ഇറ്റലിയിലെ ബൊളോനയിൽ. തുടർന്ന് ഒരു സമ്പൂർണ ശാസ്ത്രശാഖയായി മനുഷ്യ അനാറ്റമി പഠനം വികസിച്ചു. മെഡിസിനിൽ ബിരുദം നേടാൻ ഒരു ഡിസക്ഷൻ എങ്കിലും ചെയ്തിരിക്കണം എന്ന് 14-ാം നൂറ്റാണ്ട് മുതൽ തന്നെ പല യൂണിവേഴ്‌സിറ്റികളും നിബന്ധന വച്ചിരുന്നു. ഇറ്റലിയിലെ റിനെയ്‌സെൻസ് കാലഘട്ടം, ശാസ്ത്രജ്ഞരിൽ തുടങ്ങി ചിത്രകാരൻമാരിൽ വരെ അനാറ്റമി ഉത്സുകത നിറച്ചു. ചിത്രരചനയിലെ കൃത്യതയ്ക്കായി വരെ അവർ ഡിസക്ഷനുകൾ ചെയ്തു. ലിയനാർഡോ ഡാവിഞ്ചി നൂറുകണക്കിന് ശരീരഘടനാചിത്രങ്ങൾ ഡിസക്ഷൻ ചെയ്ത് വരച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക്​ വീക്ഷിക്കാനായി പൊതുസ്ഥലങ്ങളിൽ ഡിസക്ഷൻ ചെയ്യുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. വലിയ ജനാവലിയാണ് ഇത് കാണാൻ തടിച്ചുകൂടിയിരുന്നത്. ഇതിനായി സ്ഥിരംവേദികൾ കൂടി പദുവ യൂണിവേഴ്‌സിറ്റിയിലും മറ്റും പണികഴിപ്പിച്ചിരുന്നു.

തുടർനൂറ്റാണ്ടുകളിലും അനാറ്റമി പഠനത്തിന്റെ പ്രചാരം വർധിക്കുകയും ഈ വിധം കഡാവറുകളുടെ ആവശ്യകത വർധിച്ചുവരികയും ചെയ്തു. ശ്മശാനങ്ങളിൽ നിന്നുള്ള മോഷണങ്ങളും കേസുകളും മറ്റും അതോടെ പതിവായി.
ഇംഗ്ലണ്ടിലും കോമൺവെൽത്ത് രാജ്യങ്ങളിലും 1832-ൽ അനാറ്റമി ആക്റ്റ് നിലവിൽവന്നു. അനാഥ മൃതദേഹങ്ങളിലാണ് അനാറ്റമി പഠനം പ്രധാനമായും നടത്തേണ്ടത് എന്ന് ഈ ആക്റ്റ് നിഷ്‌കർഷിച്ചു. 1968-ൽ അമേരിക്ക Uniform Anatomical Gift Act (UAGA) പാസാക്കി. ശരീരം ദാനം ചെയ്യാൻ താത്പര്യപ്പെടുന്ന വ്യക്തിയുടെ ആഗ്രഹം, ബന്ധുക്കളുടെ താത്പര്യത്തെക്കാൾ പ്രധാനമാണെന്ന് UAGA നിഷ്‌കർഷിക്കുന്നു.

Photo : Unsplash.com

അനാറ്റമി പഠനത്തിന് മൃതദേഹം നൽകി പണം സമ്പാദിക്കാനായി കൊലപാതക പരമ്പര നടത്തപ്പെട്ട സംഭവവും ചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുണ്ട്. 1820-കളിൽ ബ്രിട്ടനിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും മദ്യവും നൽകിയശേഷം, കൊലപാതകത്തിന്റെ ലക്ഷണങ്ങൾ ഒന്നും അവശേഷിപ്പിക്കാതെ തലയണയും മറ്റും ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുന്ന കുപ്രസിദ്ധ കൊലയാളികളായിരുന്നു വില്യംസ് ബർകെയും വില്യം ഹാരെയും. ഇവർ ഈ മൃതദേഹങ്ങൾ പിന്നീട് Edinburgh Medical School ന് അനാറ്റമി പഠനത്തിന് വറ്റു. ബർക്കിന്റെ ഈ കൊലപാതകരീതി ഫോറൻസിക് ശാസ്ത്രജ്ഞരിൽ ഇന്നും "ബർക്കിങ് രീതി' എന്നറിയപ്പെടുന്നു.

അനാറ്റമി പഠനത്തിന്​ ശരീരങ്ങൾ ലഭിക്കുന്ന സ്രോതസ്സുകളിൽ ഒന്നാണ്, മരണാനന്തരം ശരീരം സന്നദ്ധ വ്യക്തികൾ വിട്ടുനൽകുക എന്നത് (voluntary donors). പ്രശസ്തരും അപ്രശസ്തരുമായ പലരും ശരീരം വിട്ടുനൽകാനുള്ള സന്നദ്ധത നൽകാറുണ്ട്. ഈയിടെ സി.പി.എം. നേതാവ്​ എം.സി. ജോസഫൈന്റെ ശരീരം മെഡിക്കൽകോളേജിന്​ കൈമാറി. നടൻ കമൽഹാസൻ തന്റെ സമ്മതപത്രം നൽകിക്കഴിഞ്ഞു. മുൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, സി.പി.എം. നേതാവ് സോമനാഥ് ചാറ്റർജി, ജനസംഘം നേതാവ് നാനാജി ദേശ്​മുഖ്​ തുടങ്ങിയ പ്രമുഖർ അനാറ്റമി പഠനത്തിന്​ സ്വശരീരം ദാനം നൽകിയവരാണ്.

ഈ വിധം പഠനാവശ്യങ്ങൾക്ക് ശരീരം ദാനം ചെയ്യുന്ന പ്രക്രിയ ലളിതമാണ്. ഇതിനായി മെഡിക്കൽ കോളേജുകളിലെ അനാറ്റമി വിഭാഗവുമായാണ് ബന്ധപ്പെടേണ്ടത്. തുടർന്ന് നിശ്ചിത ഫോറത്തിലെ സമ്മതപത്രം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ സമർപ്പിക്കണം. ദാനം നൽകാൻ ഉദ്ദേശിക്കുന്ന വ്യക്തി ഈ വിവരം തന്റെ അടുത്ത ബന്ധുക്കളെ അറിയിക്കുകയും അവരുടെ സന്നദ്ധത ഉറപ്പാക്കുകയും വേണം. മരണാനന്തരം ബന്ധുക്കൾ തന്നെ ഈ ശരീരം മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതുണ്ട്. കോളേജിൽ നിന്ന് വന്നുകൊണ്ടുപോകുന്ന സമ്പ്രദായം ഇല്ല. ഇങ്ങനെ ലഭിക്കുന്ന മൃതദേഹങ്ങൾ എംബാമിങ് പ്രക്രിയയിലൂടെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന അവസ്ഥയിലാക്കുന്നു. എന്തെങ്കിലും കാരണങ്ങളാൽ പോസ്റ്റമോർട്ടത്തിന് (autopsy) വിധേയമാകുന്ന മൃതദേഹങ്ങൾ പിന്നെ അനാറ്റമി പഠനത്തിന്​ സ്വീകരിക്കുകയില്ല. ഈ വൊളന്ററി ഡോണർഷിപ്പ്​ പ്രോത്സാഹിപ്പിക്കാൻ ഓർഗൻ ഇന്ത്യ പോലെയുള്ള സന്നദ്ധ സംഘടനകളും അവയുടെ വെബ്‌സൈറ്റുകളും ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്. (മരണാനന്തരം അവയവദാന സന്നദ്ധത നൽകുന്നവരും ഉണ്ട്. കണ്ണ്, കരൾ, വൃക്കകൾ, ഹൃദയം തുടങ്ങി ഒട്ടുമുക്കാൽ അവയവങ്ങളും ദാനം നൽകാനാകും. അവയുടെ പ്രക്രിയ ശരീരദാനത്തിൽ നിന്ന് അൽപം വ്യത്യസ്തമാണ്.).

പഠനാവശ്യങ്ങൾക്കായി മൃതശരീരം ലഭിക്കുന്ന മറ്റൊരു പ്രധാന സ്രോതസ് unclaimed bodies ആണ്. ഏറ്റെടുക്കാൻ ആളില്ലാത്ത, മറ്റ് നിയമസങ്കീർണതകളില്ലാത്ത മൃതശരീരങ്ങൾ പൊലീസ്, ഫൊറൻസിക് വിഭാഗം വഴി അനാറ്റമി ഡിപ്പാർട്ട്‌മെന്റിന് കൈമാറുന്നു.

മതത്തിന്റെ ചട്ടക്കൂടിലാണ് നാം ബഹുഭൂരിപക്ഷം പേരും ജനിക്കുന്നതും മരിക്കുന്നതും. വിവാഹം ഉൾപ്പെടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾക്കൊക്കെ മതത്തിന്റേതായ "ചിട്ടവട്ടങ്ങൾ' ഉണ്ട്. മരണാനന്തര ജീവിതവും, ജൻമജൻമാന്തര ജീവിതവുമൊക്കെ മതവിശ്വാസത്തിന്റെ ഭാഗമാകുന്നവർക്ക് ആചാരപരമായ മരണാനന്തരകർമം എന്നത് അനിവാര്യതയാണ്. ആത്മാവിന്റെ ശാന്തിക്കെങ്കിലും. വേറിട്ട് ചിന്തിക്കുന്ന, മതാചാരങ്ങളെയും ഈശ്വരവിശ്വാസത്തെ തന്നെയും ചോദ്യംചെയ്യുന്ന ന്യൂനപക്ഷത്തിൽ നിന്നാണ് പലപ്പോഴും ഈ തരത്തിലുള്ള സന്നദ്ധത ഉണ്ടാകുന്നത്. അത്തരം മതനിരാസികൾക്ക് ഇതല്ലാതെ മറ്റെന്താണ്, മറ്റെന്തുണ്ട് ഒരു മാർഗം എന്നതും ചിന്തിക്കേണ്ട കാര്യം തന്നെ.

മരിച്ച് മണ്ണടിഞ്ഞുപോകുന്ന നിസാരമായ ഈ ശരീരം കുറച്ചാളുകൾക്കു കൂടി പഠിക്കാൻ സഹായമാകുമെങ്കിൽ, അത് മനുഷ്യന് ഗുണകരമാകുമെങ്കിൽ അത് നല്ലതാണ് എന്ന ചിന്തയും വിപ്ലവകരം തന്നെ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. റോഷൻ ബിജ്​ലി

കംപോസിറ്റ്​ റീജ്യനൽ സെൻറർ ഫോർ പേഴ്​സൺസ്​ വിത്ത്​ ഡിസബിലിറ്റീസ്​- കേരള (സി.ആർ.സി- കെ) ഡയറക്​ടർ. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ റീജ്യനൽ ഡയറക്​ടറും ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെൻറൽ ഹെൽത്ത്​ ആൻറ്​ ന്യൂറോ സയൻസസിൽ സയൻറിഫിക്​ റിസർച്ച്​ ഓഫീസറുമായിരുന്നു.

Comments