കോൺഡം നിർമാതാക്കളായ ഡ്യൂറക്സിന്റെ ഒരു പരസ്യം.

നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ ബാഗിൽ നിന്ന്
​കോൺഡം കണ്ടുകിട്ടുകയാണെങ്കിൽ?

കോൺഡം മുൾമുനയിൽ നിർത്തിയത് അതുവരെ അനാവശ്യ പരിചരണങ്ങളിൽ സുഖസുഷുപ്തിയിലാണ്ട നമ്മുടെ സദാചാര മൂല്യങ്ങളെയാണ്

രു കാലമുണ്ടായിരുന്നു, ഇന്ന് ലോകം കോവിഡ് വാക്സിനുവേണ്ടി ഉറ്റുനോക്കുന്നതുപോലെ ഫ്രഞ്ച് രോഗം എന്നറിയപ്പെട്ട സിഫിലിസിനെ പിടിച്ചുകെട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നുറ്റുനോക്കിയ കാലം. മനുഷ്യന്റെ തല മുതൽ മുട്ടുവരെ പഴുപ്പ്കുരുക്കൾ നിറഞ്ഞ് മുഖത്തെ മാംസം അടർന്നു വീണു ഒരു ചികിത്സയും ലഭിക്കാതെ മനുഷ്യർ മരണത്തിലും അറപ്പോടെ നോക്കിക്കണ്ട സിഫിലിസ് പാൻഡെമിക് കാലം. അതിന്റെ പ്രതിരോധമെന്നോണം ലോകമെമ്പാടും കോൺഡം പ്രചാരം നേടി. സമ്മിശ്ര പ്രതികരണങ്ങൾ നിലനിൽക്കെ ഇന്നത്തെ മാസ്‌ക് പോലെ ന്യൂയോർക്കിൽ കോടിക്കണക്കിന് കോൺഡങ്ങൾ വിറ്റുപോയി. മനുഷ്യകുലം പുതിയൊരു സ്വഭാവരൂപീകരണത്തിന് തുടക്കമിട്ടു.

കോൺഡം; വെല്ലുവിളികൾ നേരിട്ട മെഡിക്കൽ ഉപകരണം

കോൺഡത്തിന്റെ ചരിത്രം തുടങ്ങുന്നത് 3300 വർഷങ്ങൾക്കുമുൻപ് ഈജിപ്തിൽ ആണെങ്കിലും ആദ്യമായതിന്റെ ഉപയോഗങ്ങളെക്കുറിച്ചു പ്രതിപാദിച്ചത് 1564ൽ ഫെല്ലോപിയ എന്ന ഗൈനെക്കോളജിസ്റ്റാണ്. ചാൾസ് രണ്ടാമന്റെ കൊട്ടാരഭിഷഗ്വരൻ Earl of Condom ന്റെ പേരിൽ നിന്നാണ് കോൺഡത്തിന് ആ പേര് ലഭിച്ചത്.

പ്രതിവർഷം 1.7 മില്യൺ മനുഷ്യർ ചികിത്സയില്ലാത്ത എയ്ഡ്‌സ് മൂലം മരിക്കുന്നുണ്ട്. ഉമിനീരൊഴികെയുള്ള ശാരീരിക ദ്രവങ്ങളിൽ നിന്നെല്ലാം എയ്ഡ്‌സ് പകരാം. രക്തദാനം സ്വീകരിക്കൽ, ഡയാലിസിസ്, മുലയൂട്ടൽ, sterilize ചെയ്യപ്പെടാത്ത ശസ്ത്രക്രിയ ഉപകരണങ്ങൾ ഇതെല്ലാം പൊതുവെ എയ്ഡ്‌സ് പകരാനുള്ള മാർഗങ്ങൾ ആണ്. എങ്കിലും ലൈംഗികതയുടെ വാലിൽ മാത്രമാണ് ആ രോഗത്തെ സമൂഹം കെട്ടിയിട്ടത്. രോഗങ്ങളെല്ലാം ചെയ്തുപോയ പാപങ്ങളുടെ ശിക്ഷയാണെന്ന ചിന്ത ലോകാടിസ്ഥാനത്തിൽ തന്നെ സമൂഹത്തിൽ അന്തർലീനമാണ്. ലൈംഗികത പാപങ്ങളുടെ പാപവും ലൈംഗികരോഗങ്ങൾ ശിക്ഷകളുടെ ശിക്ഷയും ആണ്. ലൈംഗികതയും അവ കാരണമാകുന്ന രോഗങ്ങളും ജീവശാസ്ത്രമെന്നതിലുപരി സാമൂഹ്യ-രാഷ്ട്രീയ സ്വത്വപ്രതിസന്ധികളാണ്.

Sports Make You Healthy - എലാസൺ കമ്പനിയുടെ പരസ്യം.
Sports Make You Healthy - എലാസൺ കമ്പനിയുടെ പരസ്യം.

സിഫിലിസിന്റെയും AIDS ന്റെയും പാൻഡെമിക് കാലത്ത് വളരെ ഫലപ്രദമായ, ചെലവ് കുറഞ്ഞ പ്രതിരോധമെന്ന നിലക്ക് പരിചയപ്പെടുത്തപ്പെട്ട കോൺഡം എണ്ണമറ്റ ഗവേഷണങ്ങളുടെ ഫലപ്രാപ്തിയാണ്. കോൺഡം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ ജനനനിയന്ത്രണം, ലൈംഗിക രോഗ പ്രതിരോധം എന്നിവയാണെങ്കിലും unplanned പ്രെഗ്‌നൻസി തടയുന്നതു വഴി അബോർഷൻ, അതുമൂലമുള്ള സ്ത്രീ ശാരീരികപ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കാം.

പ്രസവങ്ങൾക്കിടയിലെ വിടവുകൊണ്ട് (Birthspacing) ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കാം. കൗമാരക്കാർക്കിടയിലെ ഗർഭം തടയുക
(Stop Teen Mom) എന്നതും കൂടി അതിന്റെ മുദ്രാവാക്യമാണ്. കാരണം പ്രായപൂർത്തിയെത്തും മുൻപേ പ്രസവിക്കുന്നവരിൽ മാതൃ-ശിശു മരണ നിരക്ക് കൂടുതലാണ്, അങ്ങനെ പല ഗുണങ്ങളും കോൺഡം കൊണ്ടുണ്ടെങ്കിലും Food and Drug Administration അംഗീകാരമുള്ള ഈ മെഡിക്കൽ ഉപകരണം സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല.

എവിടെയാണ് പിഴച്ചത്?

കോൺഡത്തിന്റെ സാധ്യതകൾ കണക്കിലെടുത്ത് WHO, UNAIDS, UNICEF, UNFPA, IPPF, വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ബോധവൽകരണ കാമ്പയിനുകൾ രൂപീകരിച്ചു. അതുവരെ അശ്ലീലരഹസ്യമായിരുന്ന ലൈംഗികത അങ്ങാടിപ്പാട്ടായി. പ്രധാന വീഥികളിൽ വലിയ ഫ്‌ളക്‌സുകൾ നോക്കി മനുഷ്യർ മുഖം ചുളിച്ചു. റേഡിയോയിൽ, പത്രങ്ങളിൽ, ആശുപത്രി വരാന്തകളിൽ, തെരുവുകളിൽ നടക്കുന്ന ബോധവൽക്കരണങ്ങളെ കൗമാരക്കാരും കുട്ടികളും അന്ധാളിപ്പോടെ നോക്കി. മൂടിവെയ്ക്കേണ്ടതല്ല, അത്തരം രോഗങ്ങളെന്നു അത് വിളിച്ചു പറഞ്ഞു. ആരോഗ്യകരമായ ചർച്ചകൾ കൊണ്ട് സുരക്ഷിതസമൂഹം കെട്ടിപ്പെടുക്കാനാവുമെന്നു കോൺഡത്തിനെ മുൻനിർത്തി ചർച്ചകൾ നടന്നു. സ്ത്രീകളുടെ പ്രത്യുൽപാദനോരോഗ്യത്തിൽ വലിയൊരു വിപ്ലവം തന്നെയാണ് കോൺഡം മുന്നോട്ടു വെച്ചത്.

കോൺഡം നിർമാതാക്കളായ ഡ്യൂറക്സിൻറെ പരസ്യങ്ങളിലൊന്ന്.
കോൺഡം നിർമാതാക്കളായ ഡ്യൂറക്സിൻറെ പരസ്യങ്ങളിലൊന്ന്.

അടുപ്പിച്ച് ആവർത്തിച്ചുള്ള പ്രസവങ്ങളും ഗർഭഛിദ്രങ്ങളും എണ്ണത്തിൽ നന്നേ കുറഞ്ഞു. ഏകദേശം രണ്ടുകൊല്ലം മുൻപ് 2017 ഡിസംബറിൽ ഇന്ത്യ ഗവണ്മെന്റ് രാവിലെ 6 മുതൽ രാത്രി 10 വരെ കോൺഡം പരസ്യം ചെയ്യുന്നത് നിയമപരമായി നിരോധിച്ചു. കോൺഡം പരസ്യങ്ങൾ കുട്ടികളിൽ അശ്ലീല വികാരങ്ങൾ ജനിപ്പിക്കുന്നു എന്നാണ് മദ്രാസ് ഹൈക്കോടതി 2020 നവംബറിൽ പുനർവായനയിലും നിരീക്ഷിച്ചത്. 15 വയസ്സിൽ താഴെയുള്ളവരെല്ലാം കോടതിയുടെ നോട്ടത്തിൽ കുട്ടികളായിപ്പോയി എന്നതാണ് ദുഃഖകരം. ലോകചരിത്രത്തിൽ ആദ്യമായല്ല കോൺഡം പരസ്യങ്ങൾക്ക് വിലക്ക് വീഴുന്നത്. 1873 ൽ അമേരിക്കയിൽ പാസായ Comstock നിയമവും 1889ൽ അയർലണ്ടിൽ പ്രാബല്യത്തിൽ വന്ന നിയമവും സമാനമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ജർമനിയിലും ഇറ്റലിയിലും ഗർഭനിരോധന മാർഗങ്ങൾക്ക് വിലക്കുണ്ടായിരുന്നു.

കോൺഡത്തിന്റെ ലിംഗവും വർഗവും

കോൺഡം മുൾമുനയിൽ നിർത്തിയത് അതുവരെ അനാവശ്യ പരിചരണങ്ങളിൽ സുഖസുഷുപ്തിയിലാണ്ട നമ്മുടെ സദാചാര മൂല്യങ്ങളെയാണ്. ഒരുതരത്തിൽ കുടുംബങ്ങളിൽ അവ നേട്ടങ്ങളാണ് തരുന്നതെങ്കിൽ കൗമാരക്കാരെ ലൈംഗികപരീക്ഷണങ്ങൾക്ക് പ്രചോദിപ്പിക്കുന്നു എന്നൊരു വിമർശനം നിലനിൽക്കുന്നുണ്ട്. എങ്കിലും ശാസ്ത്രീയ ലൈംഗിക വിദ്യാഭാസം ഇല്ലാത്തിടത്ത് ‘കുട്ടികൾ' അശാസ്ത്രീയ ഉറവിടങ്ങളിലും ലൈംഗിക വൈകൃതങ്ങളിലും ചെന്നുചാടുമെന്ന കാര്യവും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്, പ്രത്യേകിച്ച് ഇന്റർനെറ്റുകൾ കുഞ്ഞിവിരലുകൾ കൈകാര്യം ചെയ്യുന്ന കാലത്ത്.

ശ്രദ്ധേയമായ ചില കോൺഡം പരസ്യങ്ങൾ.
ശ്രദ്ധേയമായ ചില കോൺഡം പരസ്യങ്ങൾ.

കോൺഡം പൊതുവെ മധ്യവർഗ പുരുഷന്മാരാൽ സ്വീകരിക്കപ്പെട്ടില്ല. സർക്കാർ ബോധവൽക്കരണം ഊർജ്ജപ്പെടുത്തുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. പക്ഷെ ഈ പരസ്യങ്ങൾ പുരുഷനെക്കുറിച്ചുള്ള ആകുലതകൾ പേറുന്നവയായിരുന്നു എന്നതാണ് സത്യം. മോശക്കാരായ സ്ത്രീകളിൽ നിന്ന്, നിങ്ങളുടെ രഹസ്യലൈംഗികബന്ധങ്ങളിൽ നിന്ന് നിങ്ങൾക്ക് എയ്ഡ്‌സ് പകരാതിരിക്കാനുള്ള ഉപകരണം എന്ന മറുവായന അതിനുണ്ടായി. Male condom പരസ്യങ്ങൾ ആറാൾ പൊക്കത്തിൽ നഗ്‌നരായ കാമാർത്തി നിറഞ്ഞ സ്ത്രീകളെക്കിടത്തി. എന്നാൽ വിരളമായി ലൈംഗിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന കോൺഡം പരസ്യങ്ങളും ഇല്ലാതില്ല. എന്ത് പറയുന്നു എന്നല്ല എങ്ങനെ പറയുന്നു എന്നതും സുപ്രധാനമാണ്.

കോൺഡം കൊണ്ടുള്ള സ്ത്രീ ക്ഷേമമോ സുരക്ഷയോ സാമൂഹിക നേട്ടങ്ങളോ സംവദിക്കപ്പെട്ടില്ല. അവിടെയും സ്ത്രീ ലഹരിവസ്തുവും അതിനു അടിമപ്പെടുന്ന പുരുഷന് ലൈംഗിക രോഗങ്ങൾക്കുള്ള പ്രതിരോധമെന്നോണം കോൺഡം ഉപയോഗിക്കൂ എന്ന ഉപദേശവുമാണ് മുഴങ്ങിക്കേട്ടത്

ഫാമിലി പ്ലാനിംഗിനെക്കുറിച്ചുള്ള ബോധവൽക്കരണം ഒരുപരിധി വരെ വിജയം കണ്ടു. എങ്കിലും സ്ത്രീകളെ അത് എവ്വിധമാണ് ബാധിക്കുന്നത് എന്നറിയുന്നത് നന്നായിരിക്കും. കോൺഡത്തോട് വിമുഖതയുള്ള പുരുഷന്മാർ നിർബന്ധിച്ചും അവരെ ഭയന്നും സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ മുന്നോട്ടു വന്നു. രണ്ടാം പ്രസവം കഴിഞ്ഞാൽ choice ആയും മൂന്നാം പ്രസവത്തിനുശേഷം നിർബന്ധമായും സ്ത്രീകൾ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാവുന്നു. പുരുഷവന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ ആരും മുന്നോട്ട് വന്നുമില്ല. female കോൺഡങ്ങൾ പരസ്യവട്ടത്ത് വെളിച്ചപ്പെട്ടില്ല. കോൺഡം കൊണ്ടുള്ള സ്ത്രീ ക്ഷേമമോ സുരക്ഷയോ സാമൂഹിക നേട്ടങ്ങളോ സംവദിക്കപ്പെട്ടില്ല. അവിടെയും സ്ത്രീ ലഹരിവസ്തുവും അതിനു അടിമപ്പെടുന്ന പുരുഷന് ലൈംഗിക രോഗങ്ങൾക്കുള്ള പ്രതിരോധമെന്നോണം കോൺഡം ഉപയോഗിക്കൂ എന്ന ഉപദേശവുമാണ് മുഴങ്ങിക്കേട്ടത്.

ഇനി സമൂഹത്തോട് ഒരു കോടി രൂപയുടെ ഒരു ചോദ്യം ചോദിക്കട്ടെ: നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ ബാഗിൽ നിന്ന് കോൺഡം കണ്ടുകിട്ടുകയാണെങ്കിൽ അത് നിങ്ങളിലുളവാക്കുന്ന വികാരം എന്തായിരിക്കും?

Comments