അന്യഗ്രഹ ജീവിതവും
ആത്മീയ മതിഭ്രമങ്ങളും
ചില വിചിത്ര മാനസികാവസ്ഥകളും

എന്തുകൊണ്ട് മനുഷ്യർ വ്യാജ സിദ്ധാന്തങ്ങളിലും കപടശാസ്ത്രങ്ങളിലും വിശ്വസിക്കുകയും അവ തെളിക്കുന്ന വഴിയേ പോകുകയും ചെയ്യുന്നു? എളുപ്പമല്ല, ഇതിനുത്തരം കണ്ടെത്താൻ. അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് മലയാളികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ അതിമതാത്മകതയും ആത്മീയ മതിഭ്രമങ്ങളും മാനസികാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കുന്നു.

ചിന്താവിഷ്ടയായ ശ്യാമള (1998) എന്ന സിനിമയിലെ വിജയൻ എന്ന കഥാപാത്രത്തെ പിന്തുടർന്നാൽ ചില കാര്യങ്ങൾ വ്യക്തമാകും. ഇച്ഛാഭംഗവും നിരാശയുമായി നടന്ന ചെറുപ്പക്കാരൻ. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവുമൂലം തൊഴിലിൽ ശ്രദ്ധയൂന്നനായില്ല. എന്നാൽ ഏർപ്പെട്ട ബിസിനസുകളിൽ പരാജയപ്പെടുകയും ചെയ്‌തു. അപ്പോഴാണ് അയാൾ ഭക്തിയിലേക്കു തിരിയുന്നത്. ശബരിമലയിൽ പോയി തിരികെവന്ന് പൂർണമായും ഭക്തിയിൽ ആമഗ്നനായി. ഇതിനുശേഷം, കൊമേഴ്സ്യൽ സിനിമയുടെ സമവാക്യങ്ങൾക്കനുസൃതമായി കുടുംബബന്ധങ്ങൾ സംരക്ഷിച്ച് സന്തോഷവും ചിരിയും സമ്മാനിച്ച് സിനിമ അവസാനിക്കുന്നു.

മതാത്മകതയിൽ മുങ്ങിക്കഴിയുന്ന സമൂഹത്തിൽ ചിലർ അതിമതാത്മകതയിലേയ്ക്ക് (Hyper-religiosity) തെന്നിവീഴുന്നത് അസംഭവ്യമല്ല. അങ്ങനെ പരിണമിക്കാൻ വ്യക്തികൾക്ക് പല കാരണങ്ങളുണ്ട്; പല ഘട്ടങ്ങളിലൂടെ അവർ അതിമതാത്മകതയിലേയ്ക്ക് എത്തപ്പെടുന്നു.

മതാനുകൂലമായി പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ ചിലരെങ്കിലും അതിമതാത്മകതയിലേയ്ക്ക് കടന്നുപോകാൻ സാധ്യതയേറും. (ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽനിന്ന്)

അടുത്തിടെ മൂന്നു മലയാളി യുവാക്കൾ, അരുണാചൽ പ്രദേശിലെത്തി മരണം തിരഞ്ഞെടുത്തത് ഇപ്രകാരമുള്ള അവസ്ഥയിലെത്തിയതിനാലാകാം. കോട്ടയം മീനടം സ്വദേശി നവീന്‍, ജീവിതപങ്കാളി തിരുവനന്തപുരം സ്വദേശി ദേവി, ഇവരുടെ സുഹൃത്ത് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള മുറിവുണ്ടാക്കി രക്തം വാര്‍ന്നാണ് മൂന്നുപേരും മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഗൂഗിളില്‍ പതിവായി തെരഞ്ഞിരുന്നതിന്റെ വിവരങ്ങളും പൊലീസിന് കിട്ടിയിരുന്നു.
കേരളത്തിൽ നിന്ന് ഏറെ അകലെ അരുണാചൽ പ്രദേശിൽ ഒരു ഗ്രാമം മരണത്തിനായി ഇവർ കണ്ടെത്തുകയായിരുന്നു. തീർച്ചയായും ഇതിനൊക്കെ വളരെ നാളത്തെ ആസൂത്രണം നടന്നിരിക്കണം. ഒപ്പം തങ്ങളുടെ ചിന്തകളും പദ്ധതികളും ചോർന്നുപോകാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കയും വേണം.

മതചിന്തയും
മാനസികാരോഗ്യവും

പൊതുവെ പറഞ്ഞാൽ, മതവിശ്വാസം നോർമൽ ജീവിതത്തിന് എതിരല്ല. മതചിന്തകൾ ഒരു പരിധിവരെ വ്യക്തികളുടെ ആധ്യാത്മിക വികാസത്തിന് ആവശ്യമാണെന്ന് പലരും കരുതുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുന്നവർക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ മതചിന്ത കുറെയൊക്കെ സഹായിക്കുമെന്ന ആശയം ചില ഗവേഷകർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മതചിന്തയിലൂടെ സൗഖ്യം എന്ന അവസ്ഥ, സഹാനുഭൂതി, പ്രത്യാശ, ജീവിതത്തോടുള്ള അനുകൂല ചിന്ത, എന്നിവ കണ്ടെത്താൻ സഹിയ്ക്കുമെന്നും വരാം. ജീവിതത്തിലെ അസ്തിത്വപരമായ വിരുദ്ധാവസ്ഥകളെ സമന്വയിപ്പിക്കാൻ മതദർശനം ഉപയോഗപ്പെടാം. അതികാംക്ഷയും വിയോഗവും, നന്മയും തിന്മയും, ദൈവാനുഭവവും ദൈവസാന്നിധ്യമില്ലായ്മയും തുടങ്ങിയ അനുഭവങ്ങൾ ഇപ്രകാരം കാണാം.

ഇതെല്ലാം മതദർശനം നിലനിൽക്കുന്ന സമൂഹങ്ങളിൽ മതത്തെ മാനുഷികമൂല്യങ്ങൾക്ക് അനുകൂലമായി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. മതാനുകൂലമായി പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ ചിലരെങ്കിലും അതിമതാത്മകതയിലേയ്ക്ക് കടന്നുപോകാൻ സാധ്യതയേറും. ക്രമേണ അതിന് കൂടുതൽ സ്വീകാര്യത ലഭിക്കുകയും കൂടുതൽ പേർ അതിലേക്ക് ആകൃഷ്ടരാകുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ വൈദ്യശാസ്ത്രത്തെ ഒഴിവാക്കി ഇതര ചികിത്സാമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അനാരോഗ്യം അനുഭവിക്കുന്നവർക്ക് ആരോഗ്യം, അസുഖം, സൗഖ്യം എന്നിവയെ കുറിച്ച് അവരുടേതായ ധാരണകളുണ്ടാകും.

ആന്ത്രപ്പോളജി വിദഗ്‌ധർ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ 'വിവരണപരമായ മാതൃകകൾ' (explanatory models) ആയാണ് കാണുന്നത്. മാനസികാരോഗ്യത്തിൽ വ്യതിയാനം അനുഭവിക്കുന്നവർ, അവരുമായി ചേർന്ന് നിൽക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർ മാനസികാവസ്ഥയെ എങ്ങനെ കാണുകയും എങ്ങനെ വിവരിക്കുകയും എങ്ങനെ പ്രശ്നവത്കരിക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാതൃക സങ്കൽപ്പിക്കുന്നത്. മാനസിക വ്യതിയാനങ്ങൾ മെഡിക്കൽ മാതൃകയ്ക്ക് വഴങ്ങുന്ന രോഗമല്ല, മറിച്ച് സമൂഹധാരണകൾക്ക് വിരുദ്ധമായി വ്യക്തിഗത അനുഭവങ്ങളുടെ അവസ്ഥയാണ് എന്ന് പറഞ്ഞുവെയ്ക്കുന്നു.

അരുണാചൽ പ്രദേശിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശി നവീനും ജീവിതപങ്കാളി തിരുവനന്തപുരം സ്വദേശി ദേവിയും

അമേരിക്കൻ, യൂറോപ്യൻ സമൂഹങ്ങളിൽ മതനിരപേക്ഷമായ ജീവിതരീതി ക്രമേണ വികസിച്ചുവരുന്നതായി കാണാം. ഇവിടെല്ലാം മതാത്മകത (religiosity), ആത്മീയത (spirituality) എന്നിവ വേറിട്ടാണ് അനുഭവപ്പെടുക. ഈ നൂറ്റാണ്ടിൽ ഇത്തരം മാറ്റം നമുക്ക് കാണാം. ഇതിനർത്ഥം സ്ഥാപനവത്കരിക്കപ്പെട്ടതും പാരമ്പര്യ ധാരണയ്ക്ക് അനുസൃതമായതുമായ മതദർശനത്തിനു പകരം കൂടുതൽ വ്യക്തിഗതമായ, അനുഭവവേദ്യമായ ആത്മീയതയിൽ സമൂഹം ഊന്നൽ കൊടുക്കുന്നു. മതഗ്രന്ഥങ്ങൾ വിവരിക്കുന്ന വിശേഷങ്ങളും അത്ഭുതങ്ങളുമല്ല, പുതുകാലത്തെ ജീവിതരീതിയും, സാംസ്‌കാരിക ചിഹ്നങ്ങളും, ഭാഷയും ഒരുക്കുന്ന ആത്മീയതയ്ക്ക് സ്വീകാര്യതയേറുന്നതായി കാണപ്പെടും.

പുതിയ കാലത്ത് മത / ആത്മീയാനുഭവങ്ങൾ ഉണ്ടാകുന്നവർ മതപ്രവർത്തകർ, വികാരികൾ, പൂജാരികൾ എന്നിവരോട് അതേക്കുറിച്ചു പറയാൻ സാധ്യതയില്ലെന്ന് കണ്ടെത്തി. അടുത്ത സുഹൃത്തുക്കൾ, ചില ബന്ധുക്കൾ എന്നിവരെ വിശ്വാസത്തിലെടുത്തെന്നുവരാം. ഇത് സമൂഹത്തിൽ വർധിച്ചുവരുന്ന സെക്യുലർ പ്രക്രിയയുടെ പ്രതിഫലനമാണ്. അതിമതാത്മകത, അതി-ആത്മീയത (hyper-spirituality) എന്നിവയുടെ പ്രവർത്തനരീതി മതസ്ഥാപനങ്ങൾക്ക് ബാഹ്യമാണെങ്കിൽ അത്ഭുതപ്പെടാനില്ല.

അതിമതാത്മകത വ്യക്തികളിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ തിരിച്ചറിയാം എന്നതാണ് ഒരു പ്രധാന വിഷയം. പ്രകൃത്യാതീതവും മിസ്റ്റിക്കലുമായ അനവധി അനുഭവങ്ങളുണ്ടാകുക, ആത്മീയ മതിഭ്രമങ്ങൾ (delusion) ഉണ്ടാകുക, ഭക്തിയുടെ അതിപ്രസരം സ്വഭാവത്തിൽ കാണുക ഇവയെല്ലാം ശ്രദ്ധയിൽ പെടും. മതത്തിനെതിരെ അഭിപ്രായം പറയുന്നവരും ഇക്കൂട്ടത്തിലില്ലാതില്ല. അതിമതാത്മകത മനസികരോഗവുമായി ചേർന്നു നിൽക്കുന്ന അവസ്ഥയാണ്. നോർമൽ എന്ന് പറയാനാവാത്ത പല ആശയങ്ങൾ ഒന്നിച്ചു കൊണ്ടുപോകുകയും, അത് ജീവിതത്തിന്റെ സന്തുതിലാവസ്ഥയെ ബാധിക്കുകയും ചെയ്യും. ചിലതരം അപസ്മാരങ്ങൾ, മതിഭ്രമം, മസ്തിഷ്ക ശോഷണം, ഗേഷ്വിൻഡ് സിൻഡ്രോം എന്നീ രോഗങ്ങളിൽ അതിമതാത്മകത കൂടി രോഗലക്ഷണമാണ്.

അരുണാചൽ പ്രദേശിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ

മാനസികരോഗലക്ഷണങ്ങൾ, കോവിഡിനുശേഷം

സാമൂഹിക ജീവിതത്തിലെ പരാജയബോധം, അരികുവൽക്കരണം, ഉൾവലിയൽ എന്നിവ മാനസികാരോഗ്യ വ്യതിയാനങ്ങളുമായി ചേർന്നുവന്നാൽ പ്രശ്നസാധ്യതയേറും എന്നതിൽ തർക്കമില്ല. മസ്തിഷ്‌ക സംബന്ധിയായ മാനസിക പ്രശ്നങ്ങൾ മറ്റു രോഗാവസ്ഥകളിലും ഉണ്ടാകാം. ഉദാഹരണത്തിന്, കോവിഡ്-19 പാൻഡെമിക് സാഹചര്യങ്ങളിൽ മാനസികരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മതിഭ്രമം, ഇല്ലാത്ത കാഴ്ചകൾ കാണുക, വിചിത്രാനുഭവങ്ങൾ ഉണ്ടാകുക, മാനസിക വിക്ഷോഭം അനുഭവിക്കുക, ക്രമരഹിതമായ പെരുമാറ്റരീതികൾ പ്രദർശിപ്പിക്കുക തുടങ്ങി വിചിത്രമെന്ന് തോന്നാവുന്ന പലതും പാൻഡെമിക് കാലത്ത് പ്രത്യക്ഷപ്പെട്ടു. കോവിഡനന്തര ജീവിതത്തിൽ മനസ്സിന്റെ പ്രവർത്തനത്തിൽ സൈക്കോസിസ് അവസ്ഥയെ ഓർമിപ്പിക്കും വിധം വ്യക്തികളിലുണ്ടായ താളപ്പിഴകൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

34 വയസ്സുള്ള സ്ത്രീ അനുഭവിച്ച സൈക്കോസിസ് അനുഭവത്തെക്കുറിച്ചുള്ള ഒരു പഠനത്തെക്കുറിച്ച് പറയാം. കോവിഡ് മുക്തമായി ഏതാണ്ട് ഒരു മാസത്തിനുള്ളിൽ അവരെ ചികിത്സക്കായി അടിയന്തര വിഭാഗത്തിൽ എത്തിച്ചു. വിചിത്ര ശബ്ദങ്ങൾ, അതിക്രമിച്ചു കയറുന്നതും മാനസിക സംഘർഷമുണ്ടാക്കുന്നതുമായ ചിന്തകൾ, അതിമതാത്മകത എന്നിവയോടെ രോഗി ചികിത്സയ്ക്കായി പ്രവേശിക്കപ്പെട്ടു. ഇതിൽ അതിമതാത്മകത, സൈക്കോസിസ് ലക്ഷണങ്ങൾ എന്നിവയ്ക്ക് വലിയ മാറ്റമില്ലാതെ തുടർന്നു. കോവിഡ് ബാധിക്കുന്നതിനു മുമ്പ് മനസികരോഗമില്ലാത്ത വ്യക്തിയിൽക്കണ്ട ലക്ഷണങ്ങൾ എന്ന രീതിയിൽ ഗൗരവതരമായ ഗവേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. കോവിഡ് രോഗം സൃഷ്ടിക്കുന്ന വിചിത്രാനുഭവമായി മാത്രം ഇതിനെ കരുതാനാവില്ല. ഇതിൽ പഠനവിധേയമായ രോഗിയാകട്ടെ, തനിക്ക് മാനസിക രോഗമൊന്നുമില്ലെന്നും, ചികിത്സ ആവശ്യമില്ലെന്നും, ഒരു ക്രിസ്ത്യൻ മതോപദേശകന്റെ സേവനം മാത്രം മതിയാകുമെന്നും ഉറപ്പിച്ചു പറഞ്ഞു.

സമാന പഠനങ്ങൾ കോവിഡ് പാൻഡെമിക്കിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. സാർസ് (SARS, 2003) രോഗത്തെ അതിജീവിച്ചവരിൽ ചിലർക്ക് സൈക്കോസിസ് ബാധിച്ചിരുന്നു. മുൻകാലത്ത് മാനസിക പ്രശ്നങ്ങൾ ഇല്ലാത്തവരിൽ സാർസ് ബാധയ്‌ക്കുശേഷം സൈക്കോസിസ് കണ്ടെത്തിയ റിപ്പോർട്ട് അടുത്ത വർഷം തന്നെ പുറത്തുവന്നിരുന്നു. മാത്രമല്ല, 1957- ലെ ഇൻഫ്ലുവെൻസ പകർച്ചവ്യാധിക്കാലത്ത് ജനിച്ചവരിൽ കോവിഡ്, സാർസ് രോഗങ്ങൾക്ക് ശേഷം മാനസികാഘാതം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപ്രതിസന്ധി മാനസികാരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കാമെന്ന സാധ്യത കൂടി പരിഗണിക്കണം എന്നർത്ഥം.

മാനസിക രോഗവും
മരണവും തമ്മിൽ

മാനസിക രോഗങ്ങളും മരണവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് പരിഗണിക്കാം. മാനസികാരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവരിൽ പലരും, വ്യർത്ഥമെന്നു കരുതി, തങ്ങളുടെ ജീവിതം അവസാനിപ്പിച്ചെങ്കിലെന്ത് എന്ന ചിന്തയുവുമായി മുന്നോട്ടുപോകും. കഴിഞ്ഞ 45 വർഷമെടുത്താൽ, ചില രാജ്യങ്ങളിൽ ആത്മഹത്യാനിരക്കിൽ 60% വർദ്ധനവ് കാണുന്നു. യുവാക്കളിൽ (15- 34 വയസ്) ആദ്യ മൂന്നു മരണകാരണങ്ങളിൽ ആത്മഹത്യ പെടും. ഗുരുത പൊതുജനാരോഗ്യ പ്രശ്‌നമായി ഇതിനെ കാണണം. പലപ്പോഴും ആത്മഹത്യ ചെയ്യുന്നവരുടെ മുൻകാല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, മാനസികരോഗാവസ്ഥകളെ കുറിച്ച് റിപ്പോർട്ടുകളോ വിശ്വസനീയമായ രേഖകളോ ലഭ്യമാവാറില്ല. പരാമർശിത പഠനത്തിൽ എട്ടു ലക്ഷം ആത്മഹത്യകൾ പരിഗണിക്കപ്പെട്ടു, എങ്കിലും 15,629 പേരിൽ മാത്രമാണ് മാനസിക വ്യതിയാനമുള്ളതായ റിപ്പോർട്ട് ലഭിച്ചത്. അതിൽ തന്നെ, അവരിൽ 50% പേരിലേ കൃത്യമായ രേഖകൾ കണ്ടെത്താനായുള്ളൂ. മരണം/ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട മുൻകാല ആരോഗ്യരേഖകൾ മറച്ചുവെയ്ക്കാനാണ് സാധ്യത.

കോവിഡനന്തര ജീവിതത്തിൽ മനസ്സിന്റെ പ്രവർത്തനത്തിൽ സൈക്കോസിസ് അവസ്ഥയെ ഓർമിപ്പിക്കും വിധം വ്യക്തികളിലുണ്ടായ താളപ്പിഴകൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

മാനസിക വ്യതിയാനങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ശക്തമായ സ്റ്റിഗ്മ (stigma) രോഗത്തെ രഹസ്യാവരണത്തിൽ പൊതിയാൻ കാരണമാകുന്നു. ആത്മഹത്യ ചെയ്‌ത വ്യക്തികളുടെ ജീവിതത്തെക്കുറിച്ചു നാം മനസ്സിലാക്കുന്നത് പോലീസ് രേഖകൾ, മുൻകാല ആശുപത്രി റിപ്പോർട്ടുകൾ, ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ മൊഴികൾ എന്നിവയിലൂടെയാണ്. അവയാകട്ടെ, മാനസികരോഗങ്ങൾ നിർണയിക്കാൻ കാലാകാലങ്ങളിൽ ഉണ്ടായിവന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് കണ്ടെത്തുക വ്യക്തികളുടെ മരണശേഷം അത്ര എളുപ്പമല്ല.

മാനസികരോഗങ്ങളും ആത്മഹത്യയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നാലക്കാര്യം വിശദമായി മനസ്സിലാക്കാൻ രോഗനിർണയവും ചികിത്സയും എത്രകണ്ട് പ്രയാസമാണെന്നുകൂടി പറഞ്ഞുവെയ്ക്കണം. ചിത്തവൃത്തി (mood disorders) രോഗങ്ങളായ വിഷാദം (depression), ബൈപോളാർ രോഗം (bipolar disorder) എന്നിവ കണ്ടെത്തി ചികിത്സ സാധ്യമാകുന്നത് 50% പേരിൽ മാത്രമാണ്. അതായത് പകുതിയോളം പേർ പല കാരണങ്ങളാൽ ആരോഗ്യകേന്ദ്രത്തിൽ എത്തപ്പെടുന്നില്ല. വരുന്നവരിൽ 50% പേരിൽ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകുന്നുള്ളൂ. വികസ്വര രാജ്യങ്ങളിൽ കണക്കുകൾ കുറച്ചുകൂടി മോശമാകാനാണ് സാധ്യത. പാശ്ചാത്യ നാടുകളിൽ ലക്ഷത്തിൽ 15.1 എന്ന തോതിൽ ആത്മഹത്യ നടക്കുന്നു; ഫലപ്രദമായ ചികിത്സ ഇതിനെ 13.9 ആയി ചുരുക്കും. മദ്യപാനം, ഷിസോഫ്രേനിയ (schizophrenia) എന്നീ മാനസിക വ്യതിയാനങ്ങളുടെയും സ്ഥിതി മറിച്ചല്ല. പറ്റുന്നത്രപേരെ ചികിത്സക്കെത്തിക്കാനായാൽ ആത്മഹത്യാനിരക്ക് ലക്ഷത്തിൽ 12 എന്ന തോതിലേയ്ക്ക് വരും. മാനസികരോഗങ്ങൾ ചികിൽസിക്കേണ്ടതാണെന്ന് അതുമായി ജീവിക്കുന്നവരും അവരുടെ സംരക്ഷകരും കരുതുന്നില്ലെന്ന കാര്യവും വിസ്മരിച്ചുകൂടാ.

ആത്മഹത്യാ പഠനങ്ങൾ സത്യത്തിൽ കൂടുതൽ സങ്കീർണമാണ്. ആത്മഹത്യാനുബന്ധ പെരുമാറ്റ രീതികൾ കണ്ടെത്തിയാൽ ആത്മഹത്യ പ്രവചിക്കാനാകുമോ എന്ന ചിന്തയ്ക്ക് സാംഗത്യമുണ്ട്. അമേരിക്കയിൽ നിന്ന് വരുന്ന ഒരു കണക്ക് പരിശോധിക്കാം: അവിടെ (2020) 1.22 കോടി പേർ ആത്മഹത്യയെ കുറിച്ച് ചോദിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. അവരിൽ 32 ലക്ഷം പേർ ആത്മഹത്യയ്ക്ക് വേണ്ട പദ്ധതികൾക്ക് രൂപം നൽകി; 12 ലക്ഷം പേർ ആത്മഹത്യാശ്രമം നടത്തി. ആത്മഹത്യാചിന്ത കൊണ്ടുനടന്നവരിൽ പത്തിൽ ഒരാൾ എന്ന തോതിൽ മാത്രമാണ് ആത്മഹത്യാശ്രമം നടത്തുന്നത്. അവരെ നോർമൽ/ അബ്നോർമൽ എന്ന ബൈനറിയിൽ ഉൾപ്പെടുത്താനാവുമോ എന്നുപോലും സംശയമാണ്. അനേകതരം മാനസിക അനാരോഗ്യങ്ങൾ ആത്മഹത്യാനുകൂല പെരുമാറ്റവുമായി ചേർന്നുപോകുന്നതിനാൽ അവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിരത്തി കണ്ടെത്താനാകുന്നില്ല. മറ്റു സ്ട്രെസ് ഒന്നും ഉണ്ടാകാതിരുന്നാൽ അവർ സമൂഹത്തിൽ നിന്ന് ബഹിഷ്കൃതരാകാതെ തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോകാനാണ് സാധ്യത.

ഇതുവരെ ചർച്ചചെയ്ത കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം.
ഒന്ന്: സമൂഹത്തിൽ മതദർശനം നിലനിൽക്കുന്നത് അത് പൊതുസമ്മതമായ രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ്. നിലവിൽ മതചിന്തകൾ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കും എന്നതിന് തെളിവില്ല.
വ്യക്തി- കുടുംബ പ്രശ്നങ്ങളെ നേരിടാൻ മതം, ആത്മീയത എന്നിവ സഹായകരമാകാനും സാധ്യതയുണ്ട്.
രണ്ട്: മതദർശനങ്ങൾക്ക് വേരോട്ടമുള്ള സമൂഹങ്ങളിൽ കുറേപ്പേരെങ്കിലും അതിമതാത്മകത (hyper-religiosity) എന്ന അവസ്ഥയിലേയ്ക്ക് കടക്കും എന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു. രോഗാതുരമായ മനസുള്ളവരിൽ ഇതുണ്ടാകാനുള്ള സാധ്യതയേറും. അതിമതാത്മകത മറ്റു മാനസിക വ്യതിയാനങ്ങളുമായി ചേർന്ന് കാണാറുണ്ട്. ചില മസ്തിഷ്ക്ക രോഗങ്ങളിലും അതിമതാത്മകത കാണാം.
മൂന്ന്: ക്രമേണ മത, ആത്മീയ ചിന്തകൾക്ക് സെക്യുലർ സ്വഭാവം കൈവരിക്കാം. മതത്തിന്റെ പൊതു അനുഭവങ്ങളിൽനിന്ന് മാറി സ്വന്തമായി തീർത്ത ഭാവനകളിലെ 'സ്പിരിച്വൽ' അനുഭവങ്ങളുടെ നിർമിതികൾ പിന്തുടരുന്നവർ ധാരാളമുണ്ട്.
നാല്: സമൂഹത്തിൽ മാനസിക രോഗമുള്ളവർ അനവധിയാണ്, എങ്കിലും അവരെ കണ്ടെത്താനും ഫലപ്രദമായി ചികിൽസിക്കാനും ഇനിയും കഴിഞ്ഞിട്ടില്ല. അവരിൽ ആത്മഹത്യാ പ്രവണതയും ആത്മഹത്യാനുകൂല ചിന്തയും അസാധാരണവുമല്ല.

മാനസികരോഗങ്ങളും ആത്മഹത്യയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നാലക്കാര്യം വിശദമായി മനസ്സിലാക്കാൻ രോഗനിർണയവും ചികിത്സയും എത്രകണ്ട് പ്രയാസമാണെന്നുകൂടി പറഞ്ഞുവെയ്ക്കണം.

സ്വന്തം വ്യക്തിത്വബോധത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വേറിട്ട മാനസിക ബോധ്യങ്ങളിലേയ്ക്ക് നയിച്ചെന്നുവരും. വിചിത്രമായ ആശയങ്ങളും വിശ്വാസങ്ങളും ചിലരിലെങ്കിലും ഉണ്ടാകുന്നത് അസാധാരണമല്ല. ആധുനിക കാലത്തിനു ചേർന്ന തരത്തിൽ ഭാവനാസിദ്ധാന്തങ്ങൾ തങ്ങളുടെ പ്രമാണങ്ങളായി കൊണ്ടുനടക്കുന്നവരിൽ ശാസ്ത്രവിദ്യാഭ്യാസം നേടിയവർ പോലും ധാരാളമുണ്ടാകും. ചില ശാസ്ത്രനിയമങ്ങളെ സൗകര്യപൂർവം വളച്ചൊടിച്ചാണ് ഇതെല്ലാം സാധ്യമാക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം നാം കണ്ട ശാസ്ത്രമുന്നേറ്റങ്ങൾ ഉപയോഗിച്ച് വ്യാജശാസ്ത്രങ്ങൾ, അശാസ്ത്രീയ പ്രവണതകൾ, പുതിയതരം അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കുകൂടി വികസിക്കാൻ അവസരം ലഭിക്കുമെന്ന നിലവന്നു. അക്കാലത്തെ പുതുമയാർന്ന റോക്കറ്റ് സയൻസ്, രഹസ്യ സ്വഭാവമുള്ള പ്രതിരോധ ഗവേഷണം എന്നിവ അന്ധവിശ്വാസ പ്രചാരകർ അവരുടെ ഉപകരണമാക്കി.

മറ്റു ഗ്രഹങ്ങളിൽ മനുഷ്യസമാനർ വസിക്കുന്നുണ്ടെന്നും അവർക്ക് നമ്മളെക്കാൾ ബുദ്ധിയും കഴിവുകളും ഉണ്ടെന്നുമുള്ള ധാരണകൾ രണ്ടാം ലോകയുദ്ധത്തിനുശേഷം മുളപൊട്ടിവന്നതാണ്. ബഹിരാകാശ ഗവേഷണവും യാത്രയും ഇത്തരം ഭാവനകൾക്ക് സാധ്യതയേകി. അവിടവിടെ കണ്ടതായി പറയപ്പെടുന്ന പറക്കും തളികകളും (UFO - Unidentified Flyig Objects) നിഗൂഢത നിലനിർത്തിക്കൊണ്ടുപോന്നു. തെളിവുകളില്ലാത്ത ഇത്തരം പ്രതിഭാസങ്ങളെ (UAP - unidentified anomalous phenomena) തിരിച്ചറിയാത്ത അസാധാരണ പ്രതിഭാസങ്ങൾ എന്നറിയപ്പെടുന്നു. അന്യഗ്രഹവാസികൾ തങ്ങളെ തട്ടിക്കൊണ്ടു പോയെന്നും ഭാഗ്യവശാൽ അല്പസമയത്തിനുള്ളിൽ രക്ഷപ്പെട്ടെന്നുമുള്ള അവകാശവാദങ്ങൾക്കും നല്ല പ്രചാരമാണുള്ളത്. അന്യഗ്രഹ ജീവികളുടെ വലയിൽ പെട്ട അത്രയും സമയം തങ്ങളുടെ ഓർമകളിൽനിന്ന് മാഞ്ഞുപോയെന്നുമാണ് ചിലരുടെ അനുഭവം. നാളിതുവരെ തെളിവുകൾ ലഭ്യമായില്ലെങ്കിലും വിശ്വാസത്തിന് കുറവുണ്ടായിട്ടില്ല. കുറേശ്ശേ വിശ്വാസികളെ ആകർഷിച്ച ഇത്തരം പ്രചാരണങ്ങൾക്ക് 2015 ആയപ്പോൾ 50% പേരുടെ പിന്തുണ അവകാശപ്പെടാനായി. അന്യഗ്രഹവാസികൾ തങ്ങളെയും തട്ടിക്കൊണ്ടു പോയെന്ന് വിശ്വസിക്കുന്നവർ അമേരിക്കയിൽ മാത്രം 37 പേരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിശ്വാസം നിലനിൽക്കാൻ ഇതൊക്കെ മതി.

യാഥാർത്ഥമോ അയഥാർത്ഥമോ ആയ ചില അനുഭവങ്ങളെ അസാധാരണമായി വിവരിക്കാനും അവ വിശ്വസിക്കാനും ചിലർക്കാകും. സംഭവങ്ങളാകാം, തോന്നലുകളാകാം; അവ തങ്ങളുടെ ജീവിതാനുഭവമാണെന്നു വന്നാൽ തള്ളിക്കളയാനാവില്ലല്ലോ. സംഭവങ്ങളുടെ ഘടന വക്രീകരിക്കുകയും, മറ്റനുഭവങ്ങളുമായി തുന്നിച്ചേർത്ത് പുതുമയാർന്ന ആത്മനിഷ്ഠമായ ലോകാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. മനോനിലയും വ്യക്തിത്വവും അനുകൂലമായവരാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് ന്യായീകരണം കാണുക. അവർ മറ്റുള്ളവരിൽ നിന്ന് ഏതെങ്കിലും വിധത്തിൽ വൈകല്യമുള്ളവരാണെന്ന് ഇതിന്നർത്ഥമില്ല. മാനസികാരോഗ്യം, മറ്റുള്ളവരുമായി പൊരുത്തപ്പെടൽ, സുഗമമായ സാമൂഹിക ജീവിതം എന്നിവയിൽ പ്രകടമായ വ്യതിയാനം നിലവിൽ പഠനങ്ങൾക്ക് കണ്ടെത്താനായില്ല. ഒരു കാര്യം പലരിലും കാണാനായി: ഭ്രമകല്പനകളോടുള്ള ആഭിമുഖ്യം ആയിരുന്നു അത്. വസ്തുതകളെ അതിഭാവനയോടെ മനസ്സിലാക്കുന്നവർ അതിലൂടെയുണ്ടാകുന്ന ഭ്രമചിന്തകൾ യാഥാർഥ്യമായി തെറ്റിദ്ധരിച്ചുകൊണ്ടാവും അവകളോട് പ്രതികരിക്കുക. മാനസിക വ്യാപാരങ്ങൾ പരസ്പര ബന്ധമില്ലാതെ വിഘടിച്ചു നിൽക്കയാൽ അനുഭവങ്ങൾക്കും കെട്ടുറപ്പ് നഷ്ടപ്പെടും.

ഭ്രമകല്പനകൾക്ക് മസ്തിഷ്ക പ്രവർത്തനങ്ങൾ കാരണമാകാമോ എന്ന അന്വേഷണവും നടന്നിട്ടുണ്ട്: ഉറക്കത്തിൽ പൊടുന്നനെയുണ്ടാകുന്ന ബലക്ഷയം (sleep paralysis), ചില മസ്തിഷ്ക ഭാഗങ്ങളിലെ അതിസംവേദനം (temporal lobe sensitivity) എന്നിവ. ഉണർവിന്റെയും സുഷുപ്തിയുടെയും മദ്ധ്യേ സംഭവിക്കുന്നതാണ് നിദ്രാബലക്ഷയം. ഈ അവസ്ഥയുണ്ടാകുന്ന വ്യക്തിക്ക് താൻ ഉണർന്നിരിക്കുന്നുവെന്ന തോന്നലുണ്ടാകുമെങ്കിലും തന്റെയുള്ളിൽ നടക്കുന്ന അവസ്ഥകളോട് സക്രിയമായി പ്രതികരിക്കാനാകുന്നില്ല. ഉണർന്നിരിക്കുന്നുവെന്ന ബോധമുണ്ടാകുകയും ചുറ്റും നടക്കുന്നതായ തോന്നലുകൾക്ക് യാഥാർഥ്യത്തിന്റെ പരിവേഷമുണ്ടാകുകയും ചെയ്യുന്നത് കുറച്ചെങ്കിലും ഭയം ഉളവാക്കുന്നതാണ്. അയഥാർത്ഥ (unreal) രൂപങ്ങൾ കാണപ്പെട്ടതായ റിപ്പോർട്ടുകൾ ഉറക്കവ്യതിയാനവുമായി ബന്ധപ്പെട്ടതാകാമെന്ന് വിദഗ്ദ്ധർ കരുതുന്നത്. മസ്തിഷ്‌കശാസ്ത്ര ഗവേഷകരും ഈ മേഖലയിൽ സജീവമാണ്. അവരുടെ അഭിപ്രായത്തിൽ മസ്തിഷ്കത്തിന്റെ ടെംപോറൽ ഭാഗത്ത് (temporal lobe) ഉണ്ടാകുന്ന അമിത പ്രവർത്തനം പാരാനോർമൽ (paranormal) അഥവാ സാമാന്യേതര അനുഭവങ്ങൾക്ക് കാരണമാകും. അന്യഗ്രഹ ജീവികളെ കാണുന്നതും അവർ തങ്ങളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തോന്നിലും മറ്റും ഇത്തരക്കാരിൽ ഉണ്ടാകാനാണ് സാധ്യത. ശാസ്ത്രം ഇത്രയും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നല്ല; ഇത്തരം ചിന്താരീതികളെക്കുറിച്ച് പഠനങ്ങൾ നടത്താൻ വ്യക്തമായ തെളിവുകൾ ലഭിക്കാനുള്ള പ്രയാസവും ഒപ്പം കാണണം.

അയഥാർത്ഥ രൂപങ്ങൾ കാണപ്പെട്ടതായ റിപ്പോർട്ടുകൾ ഉറക്കവ്യതിയാനവുമായി ബന്ധപ്പെട്ടതാകാമെന്ന് വിദഗ്ദ്ധർ കരുതുന്നത്. മസ്തിഷ്‌കശാസ്ത്ര ഗവേഷകരുടെ അഭിപ്രായത്തിൽ മസ്തിഷ്കത്തിന്റെ ടെംപോറൽ ഭാഗത്ത് ഉണ്ടാകുന്ന അമിത പ്രവർത്തനം പാരാനോർമൽ അഥവാ സാമാന്യേതര അനുഭവങ്ങൾക്ക് കാരണമാകും.

(അന്ധ)വിശ്വാസങ്ങൾ അതാതു കാലത്തെ ശാസ്ത്ര മുന്നേറ്റങ്ങളോടൊത്തു പോകും. ബഹിരാകാശ യാത്രയും ഗവേഷണവും സാധ്യമായപ്പോൾ മുതലാണ് അന്യഗ്രഹ യാത്രകളും ജീവികളും നമ്മുടെ വിശ്വാസമണ്ഡലത്തിലേയ്ക്ക് കടന്നുകൂടിയത്. അതുകൊണ്ടുതന്നെ വിശ്വാസം പ്രചരിപ്പിക്കാനും അനുബന്ധമായ വിപണിയൊരുക്കാനും പല ഏജൻസികളും ഉണ്ടാകും. ഭൂമിയിലെ സർവ നാഗരികതയും സാംസ്‌കാരിക മുന്നേറ്റങ്ങളും അന്യഗ്രഹ ദേവതകൾ വന്നു സ്ഥാപിച്ചതാണെന്ന വാദം ഉയർത്തിയ എറിക് വോൻ ദാനിക്കെനെ (Erich von Däniken) ഓർമയിൽ വരുന്നു. അദ്ദേഹത്തിന്റെ "ദൈവങ്ങളുടെ രഥങ്ങൾ" എന്ന പുസ്തകം വിപണി കീഴടക്കി. അന്യഗ്രഹവാസികളും ഉയർന്ന ശാസ്ത്രസാങ്കേതിക ജ്ഞാനമുള്ളവരുമായ അസ്‌ട്രോണാട്ടുകൾ ഭൂമി സന്ദർശിച്ചിരുന്നുവത്രെ. അവർ പങ്കിട്ട ടെക്നൊളജിയാണ് പിരമിഡുകൾ, സ്റ്റോൺഹെഞ്ച് മുതലായ അത്ഭുതങ്ങൾ ഭൂമിയിൽ സാധ്യമാക്കിയത്; മനുഷ്യരുടെയും മൃഗങ്ങളുടെയും ആകൃതികൾ കൂട്ടിച്ചേർത്ത ദേവതാസങ്കല്പവും അവർ നമുക്ക് നൽകിയ സംഭവനയാണെന്നും ദാനിക്കെൻ പറയുന്നു. ഇതെല്ലാം ഉപയോഗിച്ച് പഴയ നിയമത്തിലെ സംഭവങ്ങൾക്ക് പുനരാഖ്യാനം നൽകാനുമാണ് എഴുത്തുകാരന്റെ ശ്രമം. ഇദ്ദേഹത്തിന്റെ അവകാശവാദങ്ങൾ അബദ്ധങ്ങളാണെന്നും കപടശാസ്ത്രം പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കപ്പെട്ടതാണ്, എങ്കിലും ആശയങ്ങൾ പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അന്യഗ്രഹങ്ങളിൽ വസിക്കുന്ന അമാനുഷിക സിദ്ധിയുള്ളവർ, സാങ്കേതിക മികവുള്ളവർ എന്നിവരെക്കുറിച്ചു സിനിമകളും കളിപ്പാട്ടങ്ങളും വിനോദോപാധികളും വിപണിയിലുണ്ട് എന്നത് അന്ധവിശ്വാസത്തിൻറെ മാർക്കറ്റ് സാധ്യത വ്യക്തമാക്കുന്നു.

എന്നാൽ, എന്തുകൊണ്ട് മനുഷ്യർ വ്യാജസിദ്ധാന്തങ്ങളിലും കപടശാസ്ത്രങ്ങളിലും വിശ്വസിക്കുകയും അവ തെളിക്കുന്ന വഴിയേ പോകുകയും ചെയ്യുന്നു? എളുപ്പമല്ല, ഇതിനുത്തരം കണ്ടെത്താൻ. കാരണമുണ്ട്. റിച്ചാർഡ് ഫ്രയ്ഡ്മാന്റെ (Richard Freidman) അഭിപ്രായത്തിൽ നമ്മുടെ മസ്തിഷ്‌കത്തിന്റെ ഘടന സത്യവും കൃത്യതയും മനസ്സിലാക്കാൻ പറ്റിയ രീതിയിലല്ല. സത്യമെന്ന് തോന്നാവുന്ന (plausibility) കാര്യങ്ങൾ വിശ്വസിക്കുകയാണ് നാം ചെയ്യുന്നത്. അതിനാൽ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും വിശ്വസിക്കുന്നവർ ഏറെയുണ്ടാകും എവിടെയും. പല വ്യാജവാർത്തകളെയും വിശ്വസിക്കുന്നവുടെ എണ്ണം അവ അവിശ്വസിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും. കോവിഡ് കാലത്തെ പഠനങ്ങളിൽ ഇത് കണ്ടെത്തിയിരുന്നു.

നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ധാരണയുണ്ടാകാൻ എല്ലാർക്കും ആഗ്രഹമുണ്ട്. എന്നാൽ അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങൾ കണ്ടെത്തുക ശ്രമകരമാണുതാനും. അപ്പോൾ പൊതുധാരണകൾക്ക് അനുകൂലമായ കഥ മെനയുകയാണ് എളുപ്പം. പലതരം പീഡനങ്ങൾക്ക് വിധേയരാകുന്ന സമൂഹങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും സങ്കൽപ്പിക്കുക. പലതരത്തിൽ പീഡിപ്പിക്കപ്പെടുന്നു എന്ന് സ്വയം സങ്കല്പിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും സങ്കല്പിക്കുക. ഇവർ തങ്ങൾ പെട്ടുപോയിരിക്കുന്ന അവസ്ഥകളെ മനസ്സിലാക്കാനും തങ്ങളുടെ അനുഭവങ്ങൾ വ്യാഖ്യാനിക്കലും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തും. അതിൽനിന്ന് പിൻവാങ്ങാൻ അവർ ശ്രമിക്കാറുമില്ല; ഒരുപക്ഷെ സാധിക്കാറുമില്ല.

ഡോ. നവീന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയത്‌

മാനസിക വ്യതിയാനങ്ങൾ, അതിമതാത്മകത (hyper-religiosity), ചിലതരം മസ്തിഷ്‌ക രോഗങ്ങൾ, അന്യഗ്രഹ വാസവുമായുള്ള വിശ്വാസം, ഗൂഢാലോചനാസിദ്ധാന്തം തുടങ്ങി പല കാരണങ്ങളാൽ വ്യക്തികൾ വിചിത്രമായ വിശ്വാസങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേയ്ക്കും വഴുതിവീഴാം. ഇടയ്ക്കിടെ ഉണ്ടാകുന്ന നാടകീയ സംഭവങ്ങൾ നമ്മുടെ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു എന്നുമാത്രം. ദീർഘകാലമായി നിലനിൽക്കുന്ന രോഗങ്ങളിൽ ചിലതിന്, അപസ്മാരം, മാനസികരോഗങ്ങൾ, ഓട്ടിസം, മദ്യാസക്തി എന്നിവയ്ക്ക് പലതരം അനുഷ്ഠാന ചികിത്സകൾ അപൂർവമല്ല. തികച്ചും മതേതരവും, മതബാഹ്യവും, ശാസ്ത്രീയവുമായ പഠനങ്ങൾ തുടർച്ചയായി ഉണ്ടാകുക എന്നതാവാം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നത്.

References:
1.Ouwehand, E., Braam, A.W., Renes, J.W. et al. Holy Apparition or Hyper-Religiosity: Prevalence of Explanatory Models for Religious and Spiritual Experiences in Patients with Bipolar Disorder and Their Associations with Religiousness. Pastoral Psychol 69, 29–45 (2020). https://doi.org/10.1007/s11089-019-00892-3.
2.Ahearn J, Driscoll M, Gilela S. New-Onset Hyperreligiosity, Demonic Hallucinations, and Apocalyptic Delusions following COVID-19 Infection. Case Rep Psychiatry. 2023 Feb 11;2023:9792099. doi: 10.1155/2023/9792099. PMID: 36819980; PMCID: PMC9938787.
3.Bertolote JM, Fleischmann A, De Leo D, Wasserman D. Suicide and mental disorders: do we know enough? British Journal of Psychiatry. 2003;183(5):382-383. doi:10.1192/bjp.183.5.382.
4.Xu, Y.E., Barron, D.A., Sudol, K. et al. Suicidal behavior across a broad range of psychiatric disorders. Mol Psychiatry 28, 2764–2810 (2023). https://doi.org/10.1038/s41380-022-01935-7.
5.Drinkwater and Dagnall – https://www.sciencealert.com/how-science-can-explain-ufo-sightings-and-alien-abductions (2017).
6.von Daniken, Erich - Chariots of the Gods: (1968); Berkley.
7.Freidman, Richard - Why Humans Are Vulnerable to Conspiracy Theories: (2020); (https://doi.org/10.1176/appi.ps.202000348).
8.Resnick, Brian - The dark allure of conspiracy theories, explained by a psychologist; Vox (May, 2017).

Comments