സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായിരുന്ന ഡോ. ആനന്ദിയെക്കുറിച്ചാണ്, ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ പ്രിയ ഡോക്ടറെക്കുറിച്ചുള്ള പംക്തിയിൽ നാടകകൃത്തും സംവിധായകനുമായ സുരേഷ് ബാബു ശ്രീസ്ഥ എഴുതുന്നത്.

ഡോ. ആനന്ദി.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ. അങ്ങനെ ഒരു ജീവിതം ജീവിച്ചുതീർത്തത് അവൾ മാത്രമായിരുന്നു.

പൂക്കൾ വിതറിയ ശവകുടീരത്തിൽനിന്ന് കണ്ണീരോടെ എഴുന്നേൽക്കവെ ആകാശത്തുനിന്നെവിടെ നിന്നോ അവൾ ചിരിയോടെ വിളിച്ചു പറയുന്നതായി അയാൾക്ക് തോന്നി, "ബാബൂ ... മരിച്ചവരുടെ ആകാശത്തുനിന്ന് ജീവിതത്തിന്റെ മണ്ണിലേക്ക് ഒരുപാട് അകലമുണ്ട് ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്കും’’.

അതെ ആ ദൂരത്തിന്റെ പേരാണ് ഡോ. ആനന്ദി ഗോപാൽ ജോഷി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ. ജനനം 1865. മരണം 1887. കേവലം 22 വർഷത്തെ ജീവിതം.

ഒൻപത് വർഷം പ്രായമുള്ളപ്പോഴാണ് അവളെ കാണാൻ അയാൾ എത്തിയത്. 28 വയസ്സ് പ്രായമുള്ള ഗോപാൽ റാവു എന്ന വിഭാര്യൻ. കളിക്കൂട്ടുകാർക്കിടയിൽ നിഷ്കളങ്കതയോടെ ഒരു പൂമ്പാറ്റയെ പോലെ ചിരിച്ചുകളിച്ചുനടന്നിരുന്ന അവളെ നോക്കി, ദരിദ്രരായ അവളുടെ മാതാപിതാക്കളോട് അയാൾ പറഞ്ഞു; ‘എനിക്ക് പെൺപണം വേണ്ട. സർക്കാർ ജോലിയുണ്ട്, പ്രായം അല്പം കൂടുതലുണ്ടെന്ന് മാത്രം. ഇപ്പോ ൾ അവൾക്ക് 9 വയസ്സായി എന്നു പറയുന്നു, എങ്കിൽ മുതിർന്നതിനു ശേഷം മാത്രം എന്റെ കൂടെ പറഞ്ഞയച്ചാൽ മതി’.

ആചാരപ്രകാരം യമുന എന്നായിരുന്നു അവളുടെ പേര്. വിവാഹശേഷം ഗോപാൽ റാവു അവളുടെ പേര് മാറ്റി. അവൾ ആനന്ദിയായി. മുതിർന്നപ്പോൾ അവളെ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വിദ്യാലയത്തിൽ പഠിപ്പിക്കാൻ വിട്ടപ്പോൾതന്നെ ആളുകൾ ഗോപാൽ റാവുവിനെ എതിർത്തു. "പെൺകുട്ടികൾ വിദ്യാലയത്തിൽ പോവുക എന്ന് പറഞ്ഞാൽ ആചാരലംഘനമാണ്, ഭ്രഷ്ട് ഉണ്ടാകും. സ്ത്രീകൾ പഠിക്കുന്നത് തെറ്റാണ്. ദൈവനിന്ദയാണ് ".

ആചാരപ്രകാരം യമുന എന്നായിരുന്നു അവളുടെ പേര്. വിവാഹശേഷം ഗോപാൽ റാവു അവളുടെ പേര് മാറ്റി. അവൾ ആനന്ദിയായി.
ആചാരപ്രകാരം യമുന എന്നായിരുന്നു അവളുടെ പേര്. വിവാഹശേഷം ഗോപാൽ റാവു അവളുടെ പേര് മാറ്റി. അവൾ ആനന്ദിയായി.

പക്ഷേ ഗോപാലിനും ആനന്ദിക്കും പകപ്പുണ്ടായില്ല. മാത്രവുമല്ല വിധവയായ ഗോപാലിന്റെ അമ്മ അനുഷ്ഠിക്കുന്ന ആചാരങ്ങളെ ആനന്ദി എതിർത്തു. "ഭർത്താവ് മരിക്കുന്നത് ഭാര്യയുടെ കുറ്റം കൊണ്ടാണോ? അല്ലെങ്കിൽ തന്നെ പുരുഷന്മാർ മരിക്കുമ്പോൾ മാത്രമാണ് ഭാര്യമാരെ ആചാരങ്ങൾ തളക്കുന്നത്, എന്നാൽ ഒരു സ്ത്രീ മരിക്കുമ്പോൾ പുരുഷന്മാർക്ക് ഈ ആചാരങ്ങൾ ബാധകമാവാത്തതെന്താ?. പുരുഷൻ മരിച്ചാൽ സ്ത്രീ ദുശ്ശകുനം.. എന്നാൽ സ്ത്രീ മരിച്ചാൽ പുരുഷൻ ദുശ്ശകുനമാവുന്നില്ല?"

ആനന്ദി ചോദിക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ആ വീട്ടിൽ അത്തരം ആചാരങ്ങൾ ശ്വാസംമുട്ടിനിന്നു. അക്ഷരങ്ങളും ആചാരങ്ങളും അവിടെ ഇഴ പിരിഞ്ഞു. ഏറെ വൈകാതെ ആനന്ദി അമ്മയായി.

അന്ന് അവന് നല്ല പനിയായിരുന്നു. ദീനം കൂടിക്കൂടിവന്നു. രാത്രി അവനെയും കൊണ്ട് ഡോക്ടറുടെ അടുത്തു ചെന്നു. ഗേറ്റ് പോലും തുറക്കാത്ത ആ വാതിലിനുമുന്നിൽ നിന്ന് കണ്ണീരോടെ ഗോപാലും ആനന്ദിയും മടങ്ങി. ആ രാത്രി പുലരുന്നതിനുമുൻപേ അവരെ വിട്ട് അവൻ പോയി. ഗോപാലിന്റെ അമ്മ കരഞ്ഞു പറഞ്ഞു: വൈധവ്യാചാര ലംഘനത്തിന്റെ ഫലം. പക്ഷേ ആനന്ദിയുടെ നെഞ്ച് തകർന്നത് ആ ദുർവിധിക്കു മുന്നിലായിരുന്നു, മതിയായ ചികിത്സ ലഭിക്കാത്ത തന്റെ നാടിന്റെ ദുർഗ്ഗതി. അന്ന് രാത്രി ആകാശത്ത് തെളിഞ്ഞ ഓരോ നക്ഷത്രങ്ങളിലും കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ കണ്ടത് സ്വന്തം മകന്റെ മുഖമായിരുന്നു. തലതല്ലിതകർന്ന ആ മാതൃഹൃദയം കണ്ണീരോടെ ഗോപാലിനോട് ആ രാത്രി വിങ്ങിക്കൊണ്ട് പറഞ്ഞു; ‘ചികിത്സ തേടിയെത്തുന്ന ഒരാളുടെ കണ്ണീരിനു മുന്നിൽ ഏത് നേരവും വാതിൽ തുറക്കുന്ന ഒരു കൈകൾ ഉണ്ടായിരുന്നെങ്കിൽ നമുക്ക് നമ്മുടെ മകനെ നഷ്‌ടപ്പെടില്ലായിരുന്നു. ബാബൂ ഇനി ഞാൻ ഒന്നാവശ്യപ്പെട്ടോട്ടെ അങ്ങ് പഠിപ്പിച്ച അക്ഷരങ്ങളുടെ കരുത്തിൽ എന്നെ ഒരു ഡോക്ടർ ആക്കാമോ? അതിനു വേണ്ടി എത്ര കഷ്‌ടപ്പെടാനും ഞാൻ തയാറാണ്, നമ്മുടെ കുഞ്ഞിന്റെ മരണത്തോട് നമ്മുടെ ജീവിതം കൊണ്ട് നമുക്ക് പ്രായശ്ചിത്തം ചെയ്യണം’- ആ ഹൃദയത്തിനു മുന്നിൽ പണവും പ്രശ്‌നങ്ങളും ഗോപാൽ റാവു മറന്നു.

പക്ഷേ അതിന്റെ ചുവടുകൾക്കുമുന്നിലെ ആദ്യ വാതിൽപ്പടിയിൽ തന്നെ ആ സാധുക്കൾ പകപ്പോടെ നിന്നു. ബ്രിട്ടീഷുകാരുടെ മക്കൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ ആനന്ദി എന്ന പേരുകാരിക്ക് അഡ്‌മിഷൻ കൊടുക്കില്ല.

ക്രൂരമായ അവഹേളനവും. നിന്ദയും പരിഹാസ വാക്കുകളും ചുറ്റും നിന്നട്ടഹസിച്ചു. മക്കളെ പെറ്റു പോറ്റി അടുക്കളയിലേക്ക് മടങ്ങാൻ ന്യായാസനങ്ങൾ കൽപിച്ചു. ഒടുവിൽ ഭൂമിയോളം താഴ്ന്ന് എല്ലാ നിന്ദയും ഏറ്റുവാി ആനന്ദി ആ യാത്ര തുടർന്നു. അവജ്ഞ, അവഗണന എല്ലാം സഹിച്ചു. മനസ്സിൽ ഒരു ലക്ഷ്യം മാത്രം: ഒരു ഡോക്ടറാവുക. മെഡിക്കൽ പ്രവേശനം മുന്നിലെത്തിയപ്പോഴാണ് ആനന്ദിയും ഗോപാലും ശരിക്കും പകച്ചുപോയത്. സായിപ്പിന്റെ കോളജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ മതം മാറണം, പേര് മാറണം, മത ചിഹനങ്ങൾ ഒന്നും ദേഹത്തുണ്ടാവരുത്. ആനന്ദി മാത്രം മാറിയാൽ പോര, കുടുംബവും മാറണം. നെറ്റിയിലെ സിന്ദൂരവും സ്വന്തം പേരും ആനന്ദിയെ ചൂഴ്ന്ന് നിന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു; ‘എന്നെ ഞാനല്ലാതാക്കി മാറ്റി എനിക്ക് ആരുമാകണ്ട ’. തകർന്നുപോയ ആ ദമ്പതികൾ മകന്റെ ശവമാടത്തിൽ ചെന്ന് മാപ്പിരന്നു.

എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോഴാണ്, മിസ് കാർപെന്റർ എന്ന വിദേശവനിത പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി അവർക്കിടയിലേക്ക് വന്നത്. അവർ ആനന്ദിയെ അമേരിക്കയിൽ കൊണ്ടുപോയി പഠിപ്പിക്കാൻ സന്നദ്ധത അറിയിച്ചു. യാഥാസ്ഥിതിക മേടകൾ ഉറഞ്ഞുതുളളി: ‘കടൽ കടന്ന് പോകാൻ പുരുഷന്മാർക്കുപോലും വിലക്കുള്ളപ്പോൾ ഒരു പെണ്ണ് കടൽ കടക്കാനോ? ഗോപാൽ, നീയും കുടുംബവും എന്നെന്നേക്കുമായി ഗോത്രത്തിനു പുറത്താവാൻ പോവ്വാ, ഘോരശാപം നിങ്ങൾ ഏറ്റു വാങ്ങാൻ പോവ്വാ. ഈ കളി തീക്കളിയാണ്’.

ആ ഭ്രഷ്‌ടിനെയും ആചാരങ്ങളെയും ഭീഷണികളെയും മറികടന്ന് ആനന്ദി മെഡിക്കൽ വിദ്യാഭ്യാസത്തിനായി കപ്പൽ കയറി. അപ്പോഴും മനസ്സിലെ കടൽ ഇരമ്പിമറിഞ്ഞുകൊണ്ടേയിരുന്നു. നികൃഷ്ടയായ ഒരു പെൺപിറവിയായി ആചാരങ്ങൾ അവളെ മുദ്രകുത്തി. മനുഷ്യശരീരത്തിന്റെ സങ്കീർണതകളുടെ കോശസൂക്ഷ്മതകൾ താണ്ടി ആനന്ദി മെഡിക്കൽ ബിരുദം നേടിയപ്പോഴേക്കും അവൾ ശരിക്കും തളർന്നു. കടുത്ത രോഗബാധ അവളെ കീഴടക്കി. തിരിച്ച് ഭർത്താവിനൊപ്പം കപ്പലിറങ്ങുമ്പോഴേക്കും അവർ അവശയായിരുന്നു. ഒരു മെഡിക്കൽ ബിരുദധാരിണിയായ അവരെ ചികിത്സിക്കാൻ അന്ന് ആചാരങ്ങളുടെ ഘനംപേറിയ ചികിത്സകർ തയ്യാറായില്ല.

അവരെ ഒരു ഡോക്ടറായി അംഗീകരിക്കാൻ നമ്മുടെ രാജ്യം മനസ്സ് കാട്ടിയില്ല. ഒടുവിൽ ഒരു ഡോക്ടറായി ചില മനുഷ്യസ്നേഹികൾ അവർക്ക് ജോലി നൽകാൻ തയ്യാറായപ്പോഴേക്കും ആനന്ദി വല്ലാതെ അവശയായിരുന്നു.

മനുഷ്യഹൃദയത്തിന്റെ താളം തൊട്ടറിയാനുളള സ്റ്റെതസ്കോപ്പിൽ ഒരിക്കൽ പോലും ഒരു രോഗിയെ പരിശോധിക്കാൻ അനുവദിക്കാത്ത ഒരു സമൂഹത്തിന്റെ ഹൃദയതാളം ചരിതത്തിനു നൽകിക്കൊണ്ട് വേദനയുടെ പാരമ്യതയിൽ ഒരു രാത്രി ആനന്ദിയുടെ പ്രാണൻ പിടഞ്ഞവസാനിച്ചു. കൈയിൽ അപ്പോഴും കണ്ണീരോടെ ഒരു സ്റ്റെതസ്കോപ്പ് കിടന്നിട്ടുണ്ടായിരുന്നു. അതുകണ്ട് ലോകമനഃസ്സാക്ഷിയോട് ഇന്ത്യ മൗനമായി മാപ്പ് ചോദിച്ചിരുന്നുവോ ആവോ? അറിയില്ല.

ഇന്ന്, ഡോക്ടർ സമൂഹത്തിനെതിരെ അതിക്രൂരമായ അക്രമങ്ങളും മാധ്യമവിചാരണകളും പുതിയ രീതിയിൽ നടമാടിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ആനന്ദി എന്ന ഡോക്ടർ ജീവിതം മറന്നുപോയ ഓർമ്മയാകാതിരിക്കാൻ ചരിത്രത്തിന്റെ ഹൃദയത്തിനുമീതെ നമുക്ക് കാലത്തിന്റെ സ്റ്റെതസ്കോപ്പ് വയ്ക്കാം.

READ : ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments