എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള, എവിടെയൊക്കെയോ എഴുതിയിട്ടുള്ള, കാര്യമാണ്: നമ്മുടെ ജീവിതത്തിലെ പ്രധാന വഴിതിരിവുകളിൽ മിക്കപ്പോഴും നമുക്കൊപ്പം ഒരു ഡോക്ടറുടെ സാന്നിധ്യമുണ്ടാകും. അത് സന്തോഷമോ സങ്കടമോ ആവാം. പ്രതീക്ഷയോ നിരാശയോ ആവാം. തുടക്കങ്ങളോ ഒടുക്കങ്ങളോ ആവാം. നമ്മൾ ആദ്യമായി ഈ ലോകത്തേക്ക് മിഴികൾ തുറക്കുമ്പോൾ, ആദ്യത്തെ ശബ്ദം പുറപ്പെടുവിക്കുമ്പോൾ, ജീവിതയാത്രയിലുടനീളം ആരോഗ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ, നമ്മിൽ നിന്നും ഒരു പുതിയ ജീവൻ പുറത്തുവരുമ്പോൾ, എല്ലാത്തിനും ഒടുവിൽ നാം ഒരു നെടുവീർപ്പോടെ ഭൂമിയോട് വിട പറയുമ്പോൾ ഒക്കെ, ആ നിമിഷങ്ങളിൽ നമുക്ക് കരുത്തു പകർന്നു കൊണ്ട് കൂടെയുണ്ടാവുക പ്രിയപ്പെട്ടവരല്ല, നമ്മുടെ ഡോക്ടർമാരാണ്.
നിങ്ങളിൽ പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ, എന്റെ കാര്യത്തിൽ അതൽപ്പം കൂടുതലാണ്. പലപ്പോഴും സംഘർഷങ്ങളുടേതായ ഒരു ജീവിതകാലമായിരുന്നു എന്റേത്. പ്രത്യേകിച്ചും ആരോഗ്യ കാര്യങ്ങളിൽ. എന്റെ സ്വയവും പിന്നെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പല കാലങ്ങളിലായി എനിക്ക് ഒരുപാടു തവണ നേരിടേി വന്നിട്ടു്. അപ്പോഴൊക്കെയും പല രീതികളിൽ ഒപ്പമുണ്ടായ ചില പ്രിയ ഡോക്ടർമാരെ ഓർത്തെടുക്കുകയാണ് ഞാനീ കുറിപ്പിൽ.
ചെറുപ്പം തൊട്ട് ഒരു അസുഖക്കാരി കുട്ടിയായിരുന്നു ഞാൻ. അപകടകരമായ രീതികളിൽ അല്ലെങ്കിലും രോഗങ്ങൾ എന്റെ ബാല്യ ത്തെയും കൗമാരത്തെയും ഏതൊക്കെയോ രീതികളിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരന്തരമായ ശ്വാസംമുട്ടലും കഫപ്രശ്നങ്ങളും അലർജിയും മാറാത്ത ജലദോഷപ്പനിയും കാരണം പഠനവും ഉറക്കവും വിശപ്പും ആരോഗ്യവും ഒക്കെ ‘കൊള’മായ എത്രയോ ദിവസങ്ങൾ. പിന്നീട് ജീവിതത്തിൽ ഉണ്ടായ ആരോഗ്യസംബന്ധമായ ദുരിതങ്ങളും സംഘർഷങ്ങളും വെച്ച് നോക്കുമ്പോൾ അന്നത്തെ ആ പ്രശ്നങ്ങൾ താരതമ്യേന നിസ്സാരമായിരുന്നു. പക്ഷേ അന്നത്തെയാ കുട്ടിക്ക് അവ എളുപ്പത്തിൽ മറികടക്കാനാവാത്ത മാനസിക സമ്മർദ്ദങ്ങളാണ് നൽകിയത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പറ്റാതെ, ശ്വാസം കിട്ടാതെ ഉറക്കം നഷ്ടപ്പെട്ട്, അസുഖക്കാരി പെൺകുട്ടി എന്ന ലേബൽ എന്നെ അരക്ഷിതയും വിഷാദിയും ആക്കി. ആ ഇരുണ്ട കാലങ്ങളിൽ എനിക്ക് സുരക്ഷിതത്വത്തിന്റെ ഒരിത്തിരി വെട്ടം കാട്ടിത്തന്നത് ഇന്നും പിതൃതുല്യ ബഹുമാനത്തോടെ ഞാൻ കാണുന്ന എന്റെ ആദ്യ ഡോക്ടറാണ്. തലശ്ശേരിയിലെ കൊളശ്ശേരിയിൽ എന്റെ വീട്ടിനടുത്തുള്ള ഒരു ജനറൽ ഫിസിഷ്യൻ ആയിരുന്നു ഡോക്ടർ സദാനന്ദൻ. കുഞ്ഞുന്നാളിൽ എനിക്കും അനിയനും അസുഖം കൂടുമ്പോഴൊക്കെ അച്ഛൻ ഞങ്ങളെയും കൊണ്ട് സദാനന്ദൻ ഡോക്ടറുടെ അടുത്തേക്ക് പോകും. അധികം ഫീസ് വാങ്ങാത്ത, ജനസമ്മതനായ, സൗമ്യനായ ഒരു ഡോക്ടർ. അദ്ദേഹം സമയമെടുത്ത് ഞങ്ങളെ പരിശോധിക്കും. പതിഞ്ഞ ശബ്ദത്തിൽ പിശുക്കിയ വാക്കുകളിൽ വിവരങ്ങൾ ചോദിക്കും. ചിലപ്പോൾ കുറേ നേരം തലതാഴ്ത്തി നിശ്ശബ്ദനായി എന്തോ ആലോചിച്ചിരിക്കും. പിന്നെ പറയും: നമുക്ക് ഇന്നയിന്ന കാര്യങ്ങൾ ചെയ്യാം, നോക്കാം, ശരിയാവും. ഞങ്ങൾ സന്തോഷത്തോടെ, സമാധാനത്തോടെ, കൊളശ്ശേരി ജംഗ്ഷനിൽ നിന്ന് മരുന്നും വാങ്ങി തിരിച്ചുപോകും. ഡോക്ടറെ കാണാൻ വന്നാൽ തന്നെ പകുതി അസുഖം മാറും എന്ന് ഒട്ടും തമാശയില്ലാതെ പരസ്പരം പറഞ്ഞു ചിരിക്കും.

ഇത്രയും വർഷങ്ങൾക്കുശേഷവും ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം ഞാൻ ഇന്നും സമീപിക്കുന്നത് സദാനന്ദൻ ഡോക്ടറെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏതൊരു സ്പെഷ്യലിസ്റ്റിനേക്കാൾ വിലയാണ് എന്റെ മനസ്സിൽ. ഇന്നും എന്റെ ആവലാതികൾ അദ്ദേഹം താല്പര്യത്തോടെ, അനുതാപത്തോടെ കേൾക്കും. എല്ലാത്തിനും സൗമ്യമായി സമാധാനം പറയും. അന്നത്തെ കൊച്ചു പെൺകുട്ടി പത്തുനാല്പത് വർഷങ്ങളിലൂടെ കടന്നുപോയ തീച്ചൂളകൾ അദ്ദേഹത്തിനും അറിയാം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചതിന് നാലോ അഞ്ചോ ദിവസങ്ങൾക്കുശേഷം, ശ്വാസം ഒഴിഞ്ഞുപോയ തൊണ്ടക്കുഴലും കടുത്ത ചുമയും അതിലും കടുത്ത വിഷാദവുമായി ഒറ്റയ്ക്ക് ഏറ്റവും തകർന്നവളായി അദ്ദേഹത്തെ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു. പങ്കാളിയുടെ മരണവിവരം അറിയിച്ചപ്പോൾ അദ്ദേഹം കുറേനേരം നിശ്ശബ്ദനായി തലതാഴ്ത്തിയിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു എന്ന് എനിക്ക് മനസ്സിലായി. പിന്നെ ചില മരുന്നുകൾ എഴുതി. എന്നിട്ട് എന്നോട് പറഞ്ഞു: തകരാതെ പിടിച്ചുനിൽക്കണം. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം. തൽക്കാലം ഈ മരുന്നുകളിൽ നിന്ന് തുടങ്ങൂ. ഇരുട്ടിലും പ്രതീക്ഷയോടെ ഞാൻ ചിരിച്ചു.
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, കഴിവിന് ഒപ്പം തന്നെ ഒരു ഡോക്ടർക്ക് ഏറ്റവും അധികമായി വേണ്ടുന്ന ചില കാര്യങ്ങളിൽ ഒന്ന് രോഗിയെ കേട്ടിരിക്കാനുള്ള ക്ഷമയാണ് എന്ന്. അവരുടെ ആവലാതികളും പരിദേവനങ്ങളും ചിലപ്പോൾ ചൊടിപ്പിക്കുന്നതായിരിക്കും. എങ്കിലും അവരെ ശാന്തമായി ഒന്ന് കേട്ടാൽ തന്നെ മാനസികമായി അതവർക്ക് നൽകുന്ന ഊർജ്ജം ചില്ലറയല്ല.
ഇടയിൽ കുറേ വർഷങ്ങളിൽ എന്റെ ജീവിതം സൗദി അറേബ്യയിലായിരുന്നു. പ്രവാസം തുടങ്ങിയ ആദ്യ നാളുകളിൽ എന്നെ ബാധിച്ച പ്രധാന അസുഖം തീർച്ചയായും ഗൃഹാതുരത തന്നെയാണ്. നാടിന്റെ രുചി, മണങ്ങൾ, പച്ചത്തുരുത്തുകൾ, ഓർമ്മകൾ ഇതൊക്കെയും എന്നിൽ വിഷാദത്തിന്റെ കറുപ്പ് തൂകിക്കൊണ്ടിരുന്നു. അതേപോലെതന്നെ എനിക്ക് മിസ്സ് ചെയ്ത ഒരു കാര്യമായിരുന്നു നാട്ടിലെ ഡോക്ടറെ കാണാൻപോകലുകൾ. കാരണം, സൗദിയിലെ ചികിത്സാചെലവുകൾ അന്ന് ഞങ്ങളെ പോലെയുള്ള സാമ്പത്തിക ഞെരുക്കക്കാർക്ക് താങ്ങാവുന്നതായിരുന്നില്ല. മരുന്നുകളുടെ വിലയും ഇന്ത്യയിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലായിരുന്നു. നമ്മുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം മെച്ചമാണെന്ന് കൂടുതൽ ബോധ്യമാക്കിക്കൊണ്ടാണ് അവിടത്തെ എന്റെ ഒരു അസുഖകാലം കടന്നുപോയത്.
അന്ന് ജീവിതം തുടങ്ങുക മാത്രം ചെയ്ത എനിക്കും പങ്കാളിക്കും ആശുപത്രി ചെലവുകൾക്ക് മാറ്റിവയ്ക്കാൻ കയ്യിൽ പണം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, സുഖമില്ലാതാകുമ്പോൾ ഡോക്ടറെ കാണാൻ പോകാതെ വീട്ടുമരുന്നുകളും മറ്റും ആയി ഞാൻ അതിനെ ചെറുക്കാൻ നോക്കി. ഇടക്കെങ്കിലും സങ്കടപ്പെട്ടു കരഞ്ഞു. നാട്ടിൽ വച്ച് ഒരു പനി വരുമ്പോഴേക്കും ഓടിപ്പോകുന്ന ഞങ്ങളുടെ സദാനന്ദൻ ഡോക്ടറുടെ വീട്ടുമുറ്റം ഓർത്ത് ഗൃഹാതുരയായി. രോഗ സമയങ്ങളിൽ കുഞ്ഞുക്ലിനിക്കുകളിൽ പോകാൻ തുടങ്ങിയത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ്. എങ്കിലും മനസ്സിന് പിടിച്ച ഡോക്ടർമാർ അവിടെ കുറവായിരുന്നു. നല്ല ആശുപത്രികളും ഡോക്ടർമാരും തീർച്ചയായും സൗദി അറേബ്യയിൽ ഉണ്ട്. പക്ഷേ അവരിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ എനിക്ക് ഉണ്ടായില്ലെന്ന് മാത്രം.
READ: മഴക്കാലമായി, ദുരന്തഭീതി ഒഴിവാക്കാൻ ആസൂത്രണം നടത്തേണ്ട സമയം
സൗദിയിൽ ആയിരിക്കുമ്പോഴാണ് ഇളയ മകന്റെ പ്രസവശേഷം എനിക്ക് കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. സൗദിയിൽ തന്നെ നിന്നുകൊണ്ട് ചികിത്സ നടത്തുക അസംഭവ്യമായിരുന്നു. അതിനുവരുന്ന ഭീമമായ ചികിത്സാചെലവ് തന്നെയായിരുന്നു കാരണം. അതുകൊണ്ട് ഞാൻ കുഞ്ഞുമായി നാട്ടിലേക്ക് വന്നു. പ്രാരംഭ ടെസ്റ്റുകൾക്കും ഡയഗ്നോസിസിനും ഒക്കെ ശേഷം തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ ചികിത്സ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അവിടുന്നങ്ങോട്ട് സ്വാഭാവികമായും ജീവിതത്തിലെ മറ്റൊരു ഇരു ഘട്ടം തുടങ്ങി. ക്യാൻസർ ചികിത്സയിലൂടെ കടന്നുപോകുന്നത് എത്രത്തോളം ദുഷ്കരമാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ശാരീരികവും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ. ഇന്നുമുണങ്ങാത്ത ആത്മാവിന്റെ മുറിവുകൾ. കൂടെ നിന്നവർ പലരും ഉണ്ട്. പക്ഷേ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് തിരിച്ചുനടത്തിയതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് മലബാർ കാൻസർ സെൻററിലെ എന്റെ ഡോക്ടർമാരാണ്.
ഏറ്റവും ആദ്യം പരിഭ്രാന്തിയോടെ അവിടെയെത്തിയ എന്നെ തികഞ്ഞ പക്വതയോടെ ആത്മവിശ്വാസത്തിലേക്ക് തിരികെ വിളിച്ച ഡോക്ടർ ബെൻസ്, എന്റെ സർജറി ചെയ്ത എം.സി.സിയുടെ ഡയറക്ടർ കൂടിയായിരുന്ന ഡോക്ടർ സതീഷ്, കീമോ സമയത്തും റേഡിയേഷൻ സമയത്തും അരക്ഷിതത്വങ്ങളിൽ നിന്ന് കൈപിടിച്ചുയർത്തിയ ഒരു കൂട്ടം ഡോക്ടർമാർ, ചികിത്സ കഴിഞ്ഞശേഷം കഴിഞ്ഞ പത്തോളം വർഷങ്ങളിലായി റെഗുലർ ചെക്കപ്പുകളിൽ എന്റെ എല്ലാ ആശങ്കകളും പരിഹരിച്ചു പോരുന്ന ഡോക്ടർമാർ- ഇവരോടൊക്കെയും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഡോക്ടർമാരുടെ സാമീപ്യം ജീവിതത്തിലെ ഏറ്റവും നിർണായകമായ മറ്റു ചില മുഹൂർത്തങ്ങളിലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത്രമേൽ വ്യക്തിപരമായ ചില ഓർമ്മകൾ ആകയാൽ ഞാൻ അവയെ തൽക്കാലം എഴുതാതെ വിടുന്നു. ഒരുപക്ഷേ, ആ നിമിഷങ്ങളെ വീണ്ടും അക്ഷരങ്ങളിലേക്ക് പകർത്തിവയ്ക്കാനുള്ള മനക്കരുത്ത് ഇന്നെനിക്കില്ല. ഞാൻ തകർന്നുപോയേക്കാം. അതുകൊണ്ട് ഞാൻ അത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുന്നു.
ഈ കുറിപ്പിന്റെ നല്ലൊരു ഭാഗവും ഞാൻ എഴുതി തീർത്തത് മലബാർ കാൻസർ സെൻററിന്റെ വരാന്തയിലിരുന്നാണ്. ഇന്നലെ പതിവുള്ള വാർഷിക ചെക്കപ്പിനും സ്കാനിംഗിനുമായി പോയതായിരുന്നു ഞാൻ. പുറത്തെ നല്ല തിരക്കിനിടയിൽ നിന്ന് മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിനിടെ സിസ്റ്റർ വിളിച്ചു. ഇത്തവണ ചെക്കപ്പ് നടത്തിയത് കാഴ്ചയിൽ ഒരു കൊച്ചു പെൺകുട്ടിയെ പോലെ തോന്നിച്ച ഒരു പുതിയ ഡോക്ടർ ആയിരുന്നു. സംസാരം കേട്ടപ്പോൾ തമിഴ് നാട്ടുകാരിയാണെന്ന് തോന്നി. തമിഴ് രീതിയിൽ അവർ എന്നെ അമ്മ എന്നാണ് വിളിച്ചത്. സൗമ്യവും കരുണവുമായ ശബ്ദത്തിൽ, ദിവസവും വ്യായാമം ചെയ്യണമെന്നും സ്വയം പരിശോധനകൾ മുടക്കരുത്, ഭക്ഷണം നന്നായി കഴിക്കണം എന്നും ഒക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു. എന്റെ മകളാകാൻ മാത്രം പ്രായമുള്ള ആ കുഞ്ഞു ഡോക്ടറോട് ഒരു അമ്മയോട് എന്നപോലെ ഞാൻ അനുസരണയോടെ തലയാട്ടിക്കൊണ്ടിരുന്നു. ഞങ്ങൾക്കിടയിലെ ആ നിമിഷങ്ങളിൽ അസാധാരണമായ ദൈവികത നിറഞ്ഞുനിന്നിരുന്നു. അതിന്റെ എന്തെന്നില്ലാത്ത പോസിറ്റിവിറ്റി ഞാൻ അനുഭവിച്ചു.
എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നില്ല ഒരിക്കലും അവസാനത്തെയും. ജീവിതാന്ത്യം വരെ ആ പോസിറ്റിവിറ്റി കൂടെയുണ്ടാവും എന്ന ഉറപ്പിൽ, നിറഞ്ഞ മനസ്സോടെ ഞാൻ ഡോക്ടറോട് നന്ദി പറഞ്ഞിറങ്ങി.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

