ലോകാരോഗ്യ സംഘടനയുടെ പ്രവചനമനുസരിച്ച് 21-ാം നൂറ്റാണ്ടിൽ മനുഷ്യർ നേരിടേണ്ട ഏറ്റവും വലിയ ആരോഗ്യഭീഷണി കാലാവസ്ഥാ മാറ്റമായിരിക്കും. ഇതുമൂലം 1970 മുതൽ പ്രതിവർഷം ഒന്നര ലക്ഷം പേരെങ്കിലും മരിക്കുന്നുണ്ട് എന്നാണ് കണക്ക്. 2030നുശേഷം കാലാവസ്ഥാമാറ്റം വലിയ തോതിൽ വർദ്ധിക്കാം. ഇത് മനസ്സിലാക്കി 2008-ൽ ‘കാലാവസ്ഥാ മാറ്റത്തിൽനിന്ന് ആരോഗ്യത്തെ സംരക്ഷിക്കുക’ എന്നത് പ്രധാന തീമായി പരിഗണിച്ചിരുന്നു. കാലാവസ്ഥാമാറ്റം ഭൂമിയിൽ എല്ലായിടത്തും ഉണ്ടാകുമെങ്കിലും ദുരന്തങ്ങൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലായിരിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം നമ്മുടെ വികസനചർച്ചയുടെ ഭാഗമാകേണ്ടതുണ്ട്. എന്നാൽ ഇത് ഒരിക്കലും രാഷ്ട്രീയ സംവിധാനത്തിന്റെയോ ബ്യൂറോക്രാറ്റുകളുടേയോ ആസൂത്രണ വിദഗ്ധരുടേയോ അജണ്ടയിൽ സ്ഥാനം പിടിക്കാറില്ല.
കേരളം കാലാവസ്ഥാമാറ്റത്തിന്റെ
ഹോട്ട് സ്പോട്ട്
ഇന്ത്യയിൽ തന്നെ കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തം കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടലിനോട് തള്ളിനിൽക്കുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് മൂലയിൽ പടിഞ്ഞാറ് അറബിക്കടലിനടയിലും കിഴക്ക് പശ്ചിമഘട്ടത്തിനിടയിലും തിരുകിവെച്ചതുപോലെ കിടക്കുന്ന ഭൂപ്രദേശമാണ് കേരളം. കിഴക്കുതൊട്ട് പടിഞ്ഞാറുവരെ 30- 120 കിലോമീറ്റർ മാത്രം വീതിയിൽ തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ വിഭജിച്ച് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയുടെ കടൽതീരം 600 കിലോമീറ്ററോളം നീണ്ടുകിടക്കുന്നു.

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇവിടെ വർഷം തോറും ശരാശരി 3000 മി.മി. മഴ പെയ്യുന്നു (1800-3800 മി.മി). ശരാശരി താപനില 22- 32 ഡിഗ്രി സെൻ്റിഗ്രേഡ്. ഈർപ്പാവസ്ഥ 73 - 80 %. 3.40 കോടിയോളം ജനസംഖ്യയുള്ള കേരളത്തിന്റെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 860- ലധികമുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയുമാണ്.
സെൻസസ് രേഖകൾ പ്രകാരം അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ 50% ലധികം പ്രദേശങ്ങൾ പട്ടണപ്രദേശങ്ങളായി മാറിയിട്ടുണ്ട്. 44 നദികളിൽ ഒന്നൊഴികെ മറ്റെല്ലാം പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. ദേശീയ വൾനറബിലിറ്റി അറ്റ്ലസ് പ്രകാരം കേരളത്തിലെ 16% പ്രദേശങ്ങൾ വെള്ളപ്പൊക്ക ദുരിതബാധിതമാണ്. ഭൂപ്രകൃതി കൊണ്ടും ജനനിബിഡത കൊണ്ടും നിയന്ത്രിതമില്ലാത്ത ഭൂവിനിയോഗത്തിന്റെ പ്രത്യേകത കൊണ്ടും കേരളം കാലാവസ്ഥാമാറ്റത്തിന്റെ ഹോട്ട് സ്പോട്ട് ആണ്. അതുകൊണ്ടുതന്നെ ഈ ഭൂപ്രദേശത്ത് ഉയർന്ന താപനില, വരൾച്ച, കാട്ടുതീ, കഠിനവർഷം, മലയിടിച്ചിൽ, ചുഴലിക്കാറ്റ്, ഇടിമിന്നൽ തുടങ്ങിയ കാലാവസ്ഥാ ആഘാതങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടുതൽ ശക്തിയോടെ ഉണ്ടാകാനും കൂടുതൽ മനുഷ്യർ ഇരകളാകാനും സാധ്യത കൂടുതലാണ്.
വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഭയന്ന് വീടുകളിൽ കഴിയുന്നവരുണ്ട്. ഇതുണ്ടാക്കുന്ന മാനസിക വിഷമങ്ങൾ- പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉറക്കക്കുറവ്, ഉൽകണ്ഠാരോഗങ്ങൾ, വിഷാദരോഗങ്ങൾ ഇവയൊക്കെ കാലാവസ്ഥാ മാറ്റങ്ങളുടെ ആരോഗ്യ ആഘാതങ്ങളുടെ മറ്റൊരു വശമാണ്.
കാലാവസ്ഥാമാറ്റം മൂലമുള്ള ചൂടിനെതുടർന്ന് സമുദ്രനിരപ്പ് ഉയരുമ്പോൾ തീരപ്രദേശത്തുള്ള പുഴകളിലും കായലുകളിലും ഉപ്പുവെള്ളം ലീച്ചു ചെയ്ത് കയറി മറ്റ് ജലസ്രോതസ്സുകളേയും ബാധിക്കും. ഇത് പ്രകൃതിയേയും ജീവജാലങ്ങളേയും കൃഷിയേയും മത്സ്യസമ്പത്തിനേയും ബാധിച്ചിട്ടുണ്ട്. ഇത് ഭക്ഷ്യലഭ്യത കുറച്ചതിനോടൊപ്പം രോഗാണുകളുടെയും കീടങ്ങളുടെയും സ്ഥല- കാല വ്യാപനം കൂട്ടിയിട്ടുമുണ്ട്. ഇതിന്റെ ദുരിതം ഏറ്റവും ബാധിച്ചിട്ടുള്ളത് സമുദ്രനിരപ്പിൽനിന്ന് താഴെ കിടക്കുന്ന കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിക്കപ്പെടുന്ന 500 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള കുട്ടനാട് പ്രദേശത്താണ്. ഇത് ആളുകളെ അവിടം വിട്ടൊഴിയാൻ പ്രേരിപ്പിക്കുന്നു. സമുദ്രനിരപ്പ് അടുത്ത നൂറു വർഷത്തിനിടയിൽ 10 - 20 മി.മി ഉയരാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം.

തെക്ക്- കിഴക്കൻ ഏഷ്യയിൽ ഗ്ലോബൽ വാമിങ്ങ് മൂലം താപനില ഏറ്റവും കൂടി വരാനും ചുഴലിക്കാറ്റുകൾ കൂടുതൽ ഉണ്ടാകാനും സാദ്ധ്യതയുള്ള സമുദ്രമേഖല അറബിക്കടലാണ്. നിസർഗ്ഗാ, ബിപർ ജോയ്, ഓഖി തൊട്ട് അസ്ന വരെ ഇതിന്റെ ഉദാഹരണങ്ങളാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അറേബ്യൻ കടലിൽ രൂപം കൊണ്ടിട്ടുള്ള ചുഴലികളുടെ ഫലമായി തീരപ്രദേശത്തിന്റെ 40% പ്രദേശങ്ങളിൽ തീരമിടിച്ചിലുണ്ടായിട്ടുണ്ട് – വർഷംതോറും 7125 ക്വുബിക് മീറ്റർ കരയെ കടൽ കവർന്നെടുക്കുന്നുണ്ട് എന്നാണ് സർക്കാറിന്റെ ആസൂത്രണ രേഖകളിലുള്ളത്.
കാലാവസ്ഥാമാറ്റം മൂലം ചൂട് കൂടുമ്പോൾ കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടുന്നതിനാൽ വരൾച്ചയും ജലക്ഷാമവുമുണ്ടാകാം. ബാഷ്പീകരിക്കപ്പെട്ട ജലം ആകാശത്തിലെത്തുമ്പോൾ കൂടുതൽ വ്യാപ്തിയുള്ള മഴമേഘങ്ങളുണ്ടാക്കുകയും അവയിൽനിന്ന് കനത്ത തോതിലുള്ള കഠിന വർഷപാതമുണ്ടാകുകയും ചെയ്യുന്നു. ഒരു ഡിഗ്രി താപനില കൂടുമ്പോൾ തന്നെ 7% ബാഷ്പീകരണം കൂടാമെന്നാണ് വിദഗ്ധരുടെ കണക്ക്. അങ്ങനെ ഈ മാറ്റം പരിസ്ഥിതി, ബയോ ഡൈവേഴ്സിറ്റി, കൃഷി, ഭക്ഷ്യസ്ഥിതി, വനം, ജലം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളെയും പല വിധത്തിൽ ബാധിക്കും.
അടുത്ത കാലത്തായി ലോകത്തുതന്നെ വിരളമായി മനുഷ്യരിൽ കാണുന്ന 90% മരണസാധ്യതയുള്ള അമീബിക്ക് മസ്തിഷ്കജ്വരവും കേരളത്തിൽ ആളുകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളൊഴിച്ച് മറ്റിടങ്ങളിൽ 2017- വരെ പ്രതിവർഷം ശരാശരി ലഭ്യമായ മഴ 10% വരെ കുറവായിരുന്നു. 2017നുശേഷം ഈ പ്രവണത മാറുകയും മഴ കൂടുകയും ഇത് ജൂൺ - ജൂലൈയിൽ നിന്ന് മാറി ആഗസ്റ്റ് - സെപ്തംബറിൽ കൂടുതലായി കാലം തെറ്റി പെയ്യുകയും ചെയ്യുകയാണ്. കൂടാതെ മുമ്പ് രണ്ട് മൺസൂണുകളിൽ മാത്രം ചെയ്തിരുന്ന മഴ സമയം തെറ്റി ഏതു മാസവും പെയ്യാമെന്ന അവസ്ഥയിലുമായിട്ടുണ്ട്. പെരുമഴയെ തുടർന്ന് 2018- ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി 450-ലധികം പേർ മരിക്കുകയും 5.4 മില്യൻ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. 2019, 2020 ആഗസ്റ്റിലും 2021 ഒക്ടോബറിലും സംസ്ഥാനത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ 4500നടുത്ത് ആളുകൾ മുങ്ങിമരിച്ചിട്ടുണ്ട്. ഇതിൽ മിക്കവാറും മഴക്കാലത്ത് സംഭവിച്ചതാണ്. ഇതുപ്രകാരം കണക്കാക്കിയാൽ സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 3 പേർക്ക് വെള്ളത്തിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്.
വെള്ളപ്പൊക്കത്തിൽ അഴുക്കുജലം കലർന്ന് വെള്ളസ്രോതസ്സുകൾ മുഴുവൻ മലിനമാകുകയും ജലജന്യരോഗങ്ങൾ പടരുകയും ചെയ്യും. കേരളത്തിന്റെ ഭൂപ്രകൃതിയുടെയും മണ്ണിൻ്റേയും പ്രത്യേകതകൾ നിമിത്തം തുടർച്ചായി ചെയ്യുന്ന കനത്ത മഴ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുകളും ഉണ്ടാക്കുന്നുണ്ട്. ഇതിപ്പോൾ കൂടിവരുന്ന പ്രവണതയാണ്. 2019- ൽ കവളപ്പാറയിലും പുതുമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 60- ലധികം പേരുടേയും 2020- ൽ പെട്ടിമുടി ഉരുൾപൊട്ടലിൽ 70- ഓളം പേരുടേയും ജീവൻ നഷ്ടപ്പെട്ടു. 2024 ജൂലായ് 31 ന് രാത്രി വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് ചതുരശ്രകിലോമീറ്ററിനുള്ളിൽ തന്നെ മുന്നൂറോളം ജീവനുകൾ ഒഴുകിപ്പോയി.

1901- 2021 കാലത്തെ രേഖകൾ പരിശോധിക്കുമ്പോൾ 100 വർഷം കൊണ്ട് കേരളത്തിലെ ശരാശരി താപനില 1.0 5 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. ഇതിൽ താപനില ഏറ്റവും കൂടിയ 10 വർഷങ്ങളിൽ 8 എണ്ണവും കഴിഞ്ഞ ദശകങ്ങളിലായിരുന്നു (2010നുശേഷം). കേരളത്തിൽ പൊതുവേ തീരദേശത്തേയും മലനാടുകളേയും അപേക്ഷിച്ച് ഇടനാടുകളിലാണ് പകൽ താപനില കൂടുതൽ. രാത്രി കടൽ തണുക്കാത്തതിനാൽ തീരപ്രദേശങ്ങളിൽ മറ്റ് രണ്ട് പ്രദേശങ്ങളേയും അപേക്ഷിച്ച് താപനില കൂടുതലുമാണ്.
നൂറ്റാണ്ടുകളായി വവ്വാലുകളുടെ ആവാസവ്യവസ്ഥയായ പശ്ചിമഘട്ടപ്രദേശങ്ങളിലെ കാലാവസ്ഥമാറ്റമുണ്ടാക്കിയ ആഘാതങ്ങളും കേരളത്തിലെ രോഗപകർച്ചകൾക്ക് കാരണമാണ്.
2000- 2020 വരെ ലഭ്യമായ കണക്കനുസരിച്ച്, ഇവിടങ്ങളിലെ പകൽ- രാത്രി ശരാശാരി താപനില വർഷം തോറും ക്രമാനുഗതമായി കൂടിവരികയാണ് എന്ന് ഗ്രാഫുകൾ കാണിക്കുന്നു. 2016-ൽ എല്ലാ ജില്ലകളിലും ശരാശരി താപനില 2- 3 ഡിഗ്രി കൂടുതലായിരുന്നു. പാലക്കാട് 5 ഡിഗ്രി വരെ കൂടി. ആ വർഷം ചരിത്രത്തിലാദ്യമായി കേരളത്തിൽ താപതരംഗമുണ്ടായതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശേഷമുള്ള വർഷങ്ങളിൽ സൂര്യാഘാതം മൂലം സംസ്ഥാനത്ത് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 2019- ൽ ഉയർന്ന താപം മൂലമുള്ള സൂര്യാഘാതം പോലുള്ള അവസ്ഥകളെ സംസ്ഥാന ദുരന്തമായി ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അന്തരീക്ഷത്തിലെ ഈർപ്പാവസ്ഥ കൂടുതലായതിനാൽ അന്തരീക്ഷ താപനിലയേക്കാൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന താപനില (ഹീറ്റ് ഇൻഡക്സ്) വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ചെറിയ തോതിലുള്ള താപവർദ്ധനവ് തന്നെ വലിയ ആഘാതമുണ്ടാക്കും. കൂടാതെ പകുതിയിലധികം പ്രദേശങ്ങളിലും നഗരവത്കരണവും കോൺക്രീറ്റ് വത്കരണവും അതിദ്രുതം പുരോഗമിക്കുകയാണ്. ഇതേതുടർന്ന് കേരളത്തിൽ അർബ്ബൻ ഹീറ്റ് ഐലൻസ് എന്ന പ്രതിഭാസം മൂലം ചൂട് കൂടിയതിന്റെ പ്രത്യാഘാതമുണ്ടാകും.

2025- ൽ വേനൽ തുടങ്ങുന്നതിനുമുമ്പ് ജനുവരിയിൽ തന്നെ സംസ്ഥാന സർക്കാറിന് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകേണ്ടിവന്നിട്ടുണ്ട്. താപനില കൂടുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം കൂടുതൽ നഷ്ടപ്പെടുന്നതിനാൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നതിനാൽ ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം തുടങ്ങിയവ കൂടാം. സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിൽ ഇവ രണ്ടും കൂടിവരുന്നുമുണ്ട്. താപനില ഒരു യൂണിറ്റ് വർധിക്കുമ്പോൾ വയറിളക്കരോഗങ്ങൾ 3% കൂടാം. വരൾച്ച മൂലം കേരളത്തിലെ പ്രതിശീർഷ ശുദ്ധജല ലഭ്യത സംസ്ഥാന രൂപീകരണത്തിന് ശേഷം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. (1951- 14413 ലിറ്റർ , 2021- 5301 ലിറ്റർ).
താപനില വർദ്ധിക്കുമ്പോൾ അന്തരീക്ഷത്തിൽ കൂടുതൽ പൊടി പടലങ്ങളുണ്ടാകും. കൂടുതൽ നിർമ്മാണ പ്രവർത്തികളും റോഡുകളിൽ വാഹനപെരുപ്പവും കൂടിയ കേരളത്തിൽ ഇവയും കൂടിച്ചേർന്ന് അന്തരീക്ഷ മലിനീകരണം കൂട്ടും. ഇത് ആസ്തമ- അലർജി രോഗങ്ങളും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കാം. കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പട്ടണങ്ങളിലെ എയർക്വാളിറ്റി ഇൻഡക്സ് (വായുമലനീകരണതോത്) ചെന്നൈ, ഹൈദരബാദ്, പൂന തുടങ്ങിയ നഗരങ്ങളുടേതിന് സമാനമാണ്. 2010 മുതൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിലെ എയർ പൊല്യൂഷൻ ഇൻഡക്സ് വർഷം തോറും വർദ്ധിക്കുകയാണ്.
കാലാവസ്ഥാമാറ്റവും
രോഗവ്യാപനവും
കേരളത്തിലുള്ള സാധാരണ മരണങ്ങളുടെ 7.4%- ത്തിൽ, വായുമലീനികരണം ഒരു കാരണമാണ് എന്നാണ് സർക്കാറിന്റെ തന്നെ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടിലുള്ളത്. കേരളീയരിൽ 1000 പേരിൽ 47 പേരിലും ദീർഘകാല ശ്വാസകോശരോഗമായ COPD-യും 37 പേരിൽ ആസ്മ രോഗവുമുണ്ട് എന്നാണ് സർവ്വേകൾ. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ 10% കൂടുമ്പോൾ മനുഷ്യരിൽ 12% ലധികം സാധാരണ മരണങ്ങളും 6% ഹൃദ്രോഗ മരണങ്ങളും കൂടാം.

അത്യുഷണ്ണം, വരൾച്ച, വെള്ളപ്പൊക്കം എന്നിവ കൂടാതെ പകർച്ചവ്യാധികൾ , ജലജന്യരോഗങ്ങൾ, ഭക്ഷ്യ വിഷബാധ, പ്രാണിജന്യ രോഗങ്ങൾ, മൃഗജന്യരോഗങ്ങൾ, പോഷകാഹാരക്കുറവ്, മാനസിക രോഗങ്ങൾ തുടങ്ങിയവ വർധിപ്പിക്കാൻ കാലാവസ്ഥാ മാറ്റം നേരിട്ടുതന്നെ ഒരു കാരണമാണ്. അവയൊക്കെ എങ്ങനെയാണ് കേരളത്തിൽ നിലവിലുള്ളത് എന്ന് എപിഡിമിയോളജിയുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകും. താപനിലയിലെ മാറ്റങ്ങൾ മണ്ണിലേയും വെള്ളത്തിലേയും വായുവിലേയും സൂക്ഷ്മാണുക്കളേയും കീടങ്ങളേയും അവയുടെ അതിജീവനത്തേയും പെരുപ്പത്തേയും ബാധിക്കുന്നതിനാൽ കൃഷിയിടം തൊട്ട് ഭക്ഷണപാത്രം വരെയുള്ളവയിൽ രോഗാണുകളുടെ കടന്നു കയറ്റമുണ്ടാകാം.
മഴ ഒരു യൂണിറ്റ് വർദ്ധിക്കുമ്പോൾ 2% വയറിളക്കരോഗങ്ങൾ കൂടാം. അതിനാൽ കേരളത്തിൽ കൂടുതലായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകളെ വെറും ശുചിത്വപ്രശ്നങ്ങൾക്കപ്പുറം കാലാവസ്ഥാമാറ്റവുമായി ചേർത്ത് പരിശോധിക്കേണ്ടതുണ്ട്.
മഴ ഒരു യൂണിറ്റ് വർദ്ധിക്കുമ്പോൾ 2% വയറിളക്കരോഗങ്ങൾ കൂടാം. അതിനാൽ കേരളത്തിൽ കൂടുതലായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകളെ വെറും ശുചിത്വപ്രശ്നങ്ങൾക്കപ്പുറം കാലാവസ്ഥാമാറ്റവുമായി ചേർത്ത് പരിശോധിക്കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റം കൊതുക്, ചെള്ള് തുടങ്ങിയ രോഗകാരികളായ പ്രാണികളുടെ സ്ഥല- കാല വിതരണത്തിൽ അപഭ്രംശങ്ങൾ ഉണ്ടാക്കാം. ഈർപ്പവും താപവുമുള്ള അന്തരീക്ഷത്തിൽ കൊതുകുകളുടെ ആയുസ്സും പുനരുൽപ്പാദനനിരക്കും രക്തപാന നിരക്കും കൂട്ടാം. മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ട് കൊതുക് ലാർവകളുടെ പെരുപ്പം കൂട്ടും. ഇതുമൂലം പല കൊതുകുജന്യ രോഗങ്ങളും കൂടാം. ജൈവവൈവിധ്യത്തിന്റെ ‘ഹബ്’ ആയ കേരളത്തിൽ വരൾച്ചയോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ ജീവികൾക്കൊപ്പം രോഗാണുക്കളും പലായനം ചെയ്ത് സ്ഥലമാറ്റം ചെയ്യപ്പെടുന്നതിനാൽ അവ പുതിയ സ്ഥലങ്ങളിലെത്തപ്പെടുന്നു. കൂടാതെ ഇവിടെ ഉള്ള രോഗാണ്ക്കൾക്ക് ജനിതക വ്യതിയാനവും ഉണ്ടാവും. ( കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലെ സർക്കാർ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന രോഗങ്ങളുടെ കണക്കുകൾ താഴെ പട്ടികയിൽ നല്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ എത്തുന്ന അധിക രോഗികളുടെയും കണക്കുകൾ ഇതിൽ ഉൾപ്പെടാൻ സാധ്യത ഇല്ല)
2004 അവസാനം ഇന്ത്യൻ മഹാസമുദ്രത്തിലും തുടർന്ന് അറബികടലിലും ഉണ്ടായ സുനാമിക്കുശേഷം അടുത്തവർഷങ്ങളിൽ തീരപ്രദേശമായ കേരളത്തിലെ കരയിൽ ആഞ്ഞടിച്ച ചിക്കൻ ഗുനിയയുടെ സുനാമി മൂലം അഞ്ചാറു വർഷത്തോളം അനേകം പേർ കിടപ്പിലായി. ജനസംഖ്യയിൽ ഏകദേശം 80% പേരെയെങ്കിലും ബാധിച്ച് ‘ഹേർഡ് ഇമ്യൂണിറ്റി’ ലഭിച്ചപ്പോൾ രോഗം കെട്ടടങ്ങി. അവർക്ക് ശരാശരി 30- 120 ദിവസം വരെ പ്രവൃത്തിനഷ്ടമുണ്ടായിട്ടുണ്ട് എന്നതിൽ നിന്ന് ഇതുണ്ടാക്കിയ സാമ്പത്തികനഷ്ടം ഊഹിക്കാം. സുനാമിക്കുശേഷം അറബിക്കടലിലുള്ള മൗറിഷ്യസ് ദീപസമൂഹത്തിലെ റീയൂനിയൻ ദ്വീപിൽ നിന്നാണ് കൊതുകുകൾ വഴി കേരളത്തിൽ ചിക്കൻ ഗുനിയ വൈറസ് എത്തിയത്. ഇത് ഇവിടെയുണ്ടായിരുന്ന ഏഷ്യൻ ജീനോ ടൈപ്പിന് പകരം കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ ജീനോ ടൈപ് വൈറസുകളായിരുന്നു. 2007-ൽ മലയോര മേഖലയായ ഇടുക്കി ജില്ലയിൽ ചിക്കൻ ഗുനിയ പകർത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് സൈന്യത്തെ നിയോഗിക്കേണ്ടി വന്നതും നമ്മുടെ ആരോഗ്യ ചരിത്രരേഖകളിലുണ്ട്.

കേരളത്തിൽ 1990- കളുടെ രണ്ടാം പകുതി തൊട്ട് ഡെംഗു വ്യാപനം തുടങ്ങി. ഇപ്പോൾ കേരളത്തിൽ എല്ലാ ജില്ലകളിലും ഒരുപോലെ ഡെംഗു വ്യാപനമുണ്ട്. കേരളിയരിൽ മുതിർന്നവരിൽ 50%ത്തിലധികം പേർക്കും എപ്പോഴെങ്കിലും ഡെംഗു അണുബാധയുണ്ടായിട്ടുണ്ട് എന്നാണ് സീറോ സർവ്വേകളിൽ കണ്ടത്. വർഷംതോറും 3- 5% വരെയുള്ളവർക്ക് പുതുതായി ഡെംഗു അണുബാധയുണ്ടാകുന്നുണ്ട്. ആയിരക്കണക്കിന് പേർ ആശുപത്രികളിൽ പ്രവശിക്കപ്പെടുക്കയും മരിക്കുകയും ചെയ്യുന്നു. ഡെംഗു പരത്തുന്ന ഈഡീസ് കൊതുകുകൾ പെരുകാനുള്ള ഉറവിടങ്ങൾ നമ്മുടെ വീടുകൾക്ക് ചുറ്റുമുണ്ട്. 1950- കളിൽ പശ്ചിമഘട്ടത്തിലെ കാടുകളിൽ പെരുകിയിരുന്ന ഈഡീസ് കൊതുകുകൾ വനനശീകരണത്തേയും കാലാവസ്ഥാമാറ്റത്തെയും തുടർന്ന് അവിടം ഉപേക്ഷിച്ച് വീടുകളുടെ പരിസരങ്ങളിലേക്ക് കുടിയേറി വന്നവരാണ് എന്നാണ് മുതിർന്ന പ്രാണിശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം.
കേരളത്തിൽ 1996- ൽ ആലപ്പുഴയിൽ തുലാവർഷക്കാലത്ത് ഔട്ട് ബ്രേയ്ക്കിന് ആരംഭം കുറിച്ച ജപ്പാൻ ജ്വരം എല്ലാ വർഷവും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൃഷി ഉപേക്ഷിക്കപ്പെട്ട നെൽപ്പാടങ്ങളിലെ വെള്ളക്കെട്ടുകൾ ഇത് പകർത്തുന്ന ക്യൂലക്സ് കൊതുകുകളുടെ പെരുകാനുള്ള താവളമാണ്.
1970- കളിൽ ഇന്ത്യയിൽ മലമ്പനി നിർമ്മാജനം ചെയ്യുന്നതിൽ വിജയിച്ച സംസ്ഥാനമായാണ് കേരളം അറിയപ്പെട്ടിരുന്നത്. എന്നാൽ 1990- കളോടെ മലമ്പനി വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത് ആദ്യകാലത്ത് അന്യദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മലമ്പനിയായിരുന്നു വെങ്കിൽ ഇപ്പോൾ തദ്ദേശീയമായും മലമ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഇത് അനോഫിലസ് കൊതുകുകൾ വർദ്ധിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ മലമ്പനി പൊട്ടിപ്പുറപ്പെടാറുണ്ട്. ഉത്തരേന്ത്യയിൽ നിന്നെത്തുന്ന അന്തരർ സംസ്ഥാന തൊഴിലാളികൾക്കൊപ്പം കാലാവസ്ഥാമാറ്റം മൂലം മൈഗ്രേറ്റ് ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ യാത്രകൾ ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. (ഉദാ: വലിയതുറ). മുമ്പുണ്ടായിരുന്ന താരത്യമേന ചികിത്സിച്ചുമാറ്റാവുന്ന വൈവാക്സ് മലമ്പനിക്കുപകരം ഗുരുതരാവസ്ഥകളുണ്ടാക്കുന്ന ഫാൽസിപാരം മലമ്പനി രോഗാണുക്കളുടെ വർദ്ധനവ് ഇപ്പോൾ ഭീഷണിയുമായിട്ടുണ്ട്. കാലാവസ്ഥാമാറ്റം മൂലം ഭാവിയിൽ ഇന്ത്യയിയുടെ തെക്കൻ പ്രദേശങ്ങളും മലമ്പനിബാധിതമാകാമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുമുണ്ട്.
കേരളത്തിൽ 1996- ൽ ആലപ്പുഴയിൽ തുലാവർഷക്കാലത്ത് ഔട്ട് ബ്രേയ്ക്കിന് ആരംഭം കുറിച്ച ജപ്പാൻ ജ്വരം എല്ലാ വർഷവും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൃഷി ഉപേക്ഷിക്കപ്പെട്ട നെൽപ്പാടങ്ങളിലെ വെള്ളക്കെട്ടുകൾ ഇത് പകർത്തുന്ന ക്യൂലക്സ് കൊതുകുകളുടെ പെരുകാനുള്ള താവളമാണ്. ഇതേ വെള്ളക്കെട്ടുകളിൽ വളരുന്ന കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ എന്ന രോഗവും കേരളത്തിൽ കുറച്ച് വർഷങ്ങളായി അങ്ങിങ്ങ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കാലാവസ്ഥാമാറ്റം മൃഗങ്ങളിൽ ന്ന് സ്പിൽ ഓവർ ചെയ്ത് രോഗാണുക്കൾ മനുഷരിലെത്താൻ പ്രധാന കാരണമാണ്. എലിപ്പനിയും ഭൂപ്രകൃതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗമാണ്. 1980-കൾ തൊട്ടാണ് ഇത് കേരളത്തിൽ അറിയപ്പെട്ടുതുടങ്ങുന്നത്. മഴയും വെള്ളക്കെട്ടും മണ്ണിലെ ഇർപ്പാവസ്ഥയും ഇതിന്റെ രോഗാണുക്കളുടെ പെരുപ്പവും ആയുസ്സും കൂട്ടുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മാളങ്ങളുപേക്ഷിക്കുന്ന എലികൾ അവയുടെ മൂത്രം വഴി രോഗാണുകളെ മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നു. കെട്ടികിടക്കുന്ന മഴവെള്ളം ഇവയുടെ വിസ്തൃത വ്യാപനം എളുപ്പം സാധ്യമാക്കുകയും ചെയ്യുന്നു. കേരളത്തിലെ മണ്ണിന്നടിയിലെ ഉയർന്ന താപനില (22 ഡിഗ്രി) ഇതിനനുകൂലമാണ്. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇപ്പോൾ സംസ്ഥാനത്തെ പശുക്കളും ആടുകളും നായകളും പന്നികളും ഇതിന്റെ രോഗവാഹകരമായിട്ടുണ്ട്. അതിനാൽ, എലിപ്പനി കേരളത്തിൽ മണ്ണുമായി ഇടപെടുന്നവരിലെ ഒരു തൊഴിൽ ജന്യരോഗവുമായി മാറിയിട്ടുണ്ട്. ചികിത്സ ലഭ്യമായിട്ടും രോഗബാധിതരിൽ 10% പേർ മരിക്കുന്നുണ്ട്.
കേരളത്തിൽ 2008- നുശേഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പകർച്ചവ്യാധിയാണ് ചെള്ള് പനിയെന്നറിയപ്പെടുന്ന സ്ക്രബ് ടൈഫസ്. ഇത് ഈ നൂറ്റാണ്ടിന്റെ ആദ്യം വരെ ഇന്ത്യയിൽ ഹിമാലയത്തിലെ കാർഗിൽ മേഖലകളിൽ മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ. എലികളിലുള്ള ചെള്ളുകൾ വഴി പകരുന്ന ഈ രോഗം കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് കൂടിവരികയാണ്. ഇപ്പോൾ എല്ലാ ജില്ലകളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ക്യാസ്നർ ഫോറസ്റ്റ് - കുരങ്ങുരോഗം- മൃഗജന്യ വൈറസ് രോഗമാണ്. കുരങ്ങുകളിലും കാട്ടിലെ അണ്ണാനുകളിലുമുള്ള ഉണ്ണികൾ (ticks) വഴിയാണ് രോഗം പകരുന്നത്. 2013-ലെ വേനൽക്കാലത്ത് ബ്രഹ്മഗിരി മേഖലയിലുണ്ടായ കാട്ടുതീക്കുശേഷമാണ് വയനാട്ടിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ക്യാസ്നർ ഫോറസ്റ്റ് - കുരങ്ങുരോഗം- ഇതുവരെ കർണ്ണാടക സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് വനപ്രദേശങ്ങളിൽ മാത്രം ഉണ്ടാകുന്ന മൃഗജന്യ വൈറസ് രോഗമാണ്. കുരങ്ങുകളിലും കാട്ടിലെ അണ്ണാനുകളിലുമുള്ള ഉണ്ണികൾ (ticks) വഴിയാണ് രോഗം പകരുന്നത്. 2013-ലെ വേനൽക്കാലത്ത് ബ്രഹ്മഗിരി മേഖലയിലുണ്ടായ കാട്ടുതീക്കുശേഷമാണ് വയനാട്ടിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് വയനാട്ടിലും നിലമ്പൂർ ഭാഗത്തും കുരങ്ങ് രോഗം ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാമാറ്റത്തെതുടർന്ന് കാട് വരളുന്നതുമൂലം കുരങ്ങുകളും ഉണ്ണികളും ഇര തേടി പാലായനം ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു എന്ന് അനുമാനിക്കുന്നു.
കാലാവസ്ഥമാറ്റം ജൈവവൈവിധ്യം തന്നെ മാറ്റും. കഠിനമായ വരൾച്ചയും മഴയും വെള്ളപ്പൊക്കവും ആവാസവ്യവസ്ഥ തകരാറിലാക്കും. അതിനാൽ ചെറുജീവികൾക്കൊപ്പം സസ്യഭോജികളും ( ആന) / മാംസഭോജികളുമായ (കടുവ) വന്യജീവികൾക്ക് ഇരയും ജലവും തേടി പാലായനം ചെയ്യേണ്ടിവരും. ഇത് പലപ്പോഴും മനുഷ്യ വാസസ്ഥലത്തേക്കാകാം. കേരളത്തിൽ മനുഷ്യ - വന്യജീവി സംഘർഷം ഇപ്പോൾ ഒരു പ്രധാന അതിജീവന പ്രശ്നമായി മാറിയിട്ടുണ്ട്. വർഷം തോറും നൂറിലധികം പേർ ഇതുമൂലം മരിക്കുന്നുണ്ട്. തെരുവു നായ്ക്കളുടെ ആക്രമണവും കൂടിവരുന്നുണ്ട്.

ജലലഭ്യത കുറയുന്ന വരൾച്ചയും മലവെള്ളപ്പാച്ചിലുണ്ടാക്കുന്ന മഴക്കാലവും ഒരുപോലെ ജലജന്യരോഗങ്ങൾ വർധിക്കാനിടയാക്കും. ആദ്യത്തേത്, ജലക്ഷാമവും വെള്ളത്തിൽ രോഗാണുക്കളുടെ സാന്ദ്രതാ പരിധി കൂട്ടും. മഴക്കാലത്ത് തോടുകളിലെയും പുഴകളിലെയും വെള്ളപ്പൊക്കം മൂലവും, ജലവിതരണ- സാനിട്ടറി സംവിധാനങ്ങളിൽ തകരാറുകളുണ്ടാകുന്നതുവഴിയും രോഗാണുകളുടെ കൂടിക്കലരൽ സംഭവിക്കും. കിണറുകളുടേയും സെപ്ടിക് ടാങ്കുകളുടെയും സാന്ദ്രത കൂടിയ കേരളത്തിൽ മഴക്കാലത്ത് രോഗാണുകൾ ജലസ്രോതസ്സുകളിൽ എത്താൻ സാധ്യത കൂടുതലാണ്. മഴയിൽ പച്ചക്കറികൃഷിയിടങ്ങളിൽ മലിനജലം ഒഴുകിയെത്തുന്നതും മഞ്ഞപിത്ത വ്യാപനത്തിന് കാരണമാകും. ഹെപ്പറൈറ്റിസ്- എ മൂലമുള്ള മഞ്ഞപ്പിത്തത്തിന്റെ വ്യാപനം കൂടാനുള്ള ഒരു കാരണമിതാണ്. ഇതുമൂലമുണ്ടാകുന്ന ഔട്ട് ബ്രേക്കുകളിൽ ബാധിക്കുന്നവരുടെ എണ്ണവും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഇപ്പോൾ യുവാക്കളിൽ കൂടിവരുന്ന മഞ്ഞപ്പിത്തവ്യാപനത്തെ ഒരു ‘ഡവലപ്മെൻ്റ് പാരാഡോക്സ്’ ആയാണ് എപിഡിമിയോളിസ്റ്റുകൾ കരുതുന്നത്.
തിരിച്ചുവരുന്ന
അപൂർവ രോഗങ്ങൾ
മിക്കാവാറും അപൂർവ്വമായി മാറിയിരുന്ന വയറിളക്കരോഗമായ ഷിഗല്ല ഡിസന്ററി കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി തിരിച്ചുവരികയാണ്. മലിന ജലത്തിലൂടെ പകരുന്ന ടൈഫോയിഡും റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു ജലജന്യരോഗമാണ്. വെള്ളത്തിന്റെ ഉപരിതല താപനില കൂടുന്നത് കോളറ പോലുള്ള ബാക്ടീരകളുടെ അതിജീവനവും വ്യാപനവും കൂട്ടാം. 2024- ൽ തിരുവനന്തപുരത്തും വയനാട്ടിലും കോളറവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ പല പുതിയ രോഗങ്ങളുണ്ടാകുകയും പഴയ രോഗങ്ങൾ തിരിച്ചുവരികയും ചെയ്യുന്നുണ്ട്. ഇവയിൽ 80%- വും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തുന്നതാണ്. ഇതൊക്കെ മനുഷ്യജന്യമോ അല്ലാത്തതോ ആയ കാലാവസ്ഥാമാറ്റങ്ങളും ആവസവ്യവസ്ഥകളിലെ മാറ്റങ്ങളും ജൈവ്യവൈവിധ്യവുമായി ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റുന്നവയാണ്.
ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്ന കരിമ്പനി എന്ന് മീഡിയ വിശേഷിപ്പിക്കുന്ന ലീഷ്മാനിയാസിസ് (കാല - ആസാർ) രോഗം കേരളത്തിൽ മുമ്പുണ്ടായിരുന്നില്ല. സാൻഡ് ഫ്ലൈ - (മണലിച്ച) വഴി പകരുന്ന ഈ രോഗം 2015നുശേഷം മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലെ മലയോര മേഖലകളിൽ ഒറ്റയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്ടീരയകൾ ഉണ്ടാക്കുന്ന, ഇന്ത്യയിൽ തന്നെ വിരളമായ പ്രാണിജന്യരോഗമായ ലൈം രോഗം 2013-ലും 2024-ലും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി തെക്കേ ഇന്ത്യയിൽ നിപരോഗ ബാധയുണ്ടായത് 2018-ൽ കോഴിക്കോട് ആണ്. ഇന്ത്യയിൽ തന്നെ ഇതിനുമുമ്പേ നിപ രോഗബാധയുണ്ടായത് ബംഗാളിൽ മാത്രമാണ് (സിലിഗുരി, നാദിയ ജില്ലകൾ). അന്ന് ബാധിച്ചവരിൽ 90% ലധികം പേരെ കൊന്ന നിപ തുടർവർഷങ്ങളിലും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രകൃത്യാൽ തന്നെ നിപ വൈറസ് വാഹകരായ റ്റെറോപസ് (Pteropus) വർഗ്ഗത്തിൽ പെട്ട വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് സ്പിൽ ഓവർ മൂലം എങ്ങനെയാണ് വൈറസ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്താൻ പഠനങ്ങൾ നടക്കുകയാണ്. നൂറ്റാണ്ടുകളായി വവ്വാലുകളുടെ ആവാസവ്യവസ്ഥയായ പശ്ചിമഘട്ടപ്രദേശങ്ങളിലെ കാലാവസ്ഥമാറ്റമുണ്ടാക്കിയ ആഘാതങ്ങളും കേരളത്തിലെ രോഗപകർച്ചകൾക്ക് കാരണമാണ്.
കുട്ടികളിലെ പോഷകാഹാരക്കുറവ് ആ പ്രദേശത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഒരു ഇൻഡിക്കേറ്ററായി സാധാരണ ഉപയോഗപ്പെടുത്തുന്നതാണ്.
അടുത്ത കാലത്തായി ലോകത്തുതന്നെ വിരളമായി മനുഷ്യരിൽ കാണുന്ന 90% മരണസാധ്യതയുള്ള അമീബിക്ക് മസ്തിഷ്കജ്വരവും കേരളത്തിൽ ആളുകളെ ബാധിക്കുന്നുണ്ട്. ഇതുണ്ടാക്കുന്ന പ്രത്യേക തരം ഏകകോശജീവികളായ അമീബകൾ 30 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള വെള്ളത്തിൽ ജീവിക്കുന്നവയാണ്. അതിനാൽ, ഈ രോഗവ്യാപനം കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു ദുരന്തമാണെന്ന് പറയാം. രോഗഭയം മൂലം പല സ്ഥലത്തും ആളുകൾ കുളങ്ങളിൽ നീന്തിക്കുളിക്കാൻ ഭയക്കുന്നുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിൽ കുളിക്കാനുപയോഗിക്കുന്ന കുളങ്ങൾ കമ്പി വേലി കെട്ടി താഴിട്ട് പൂട്ടിയിടേണ്ടി വന്നിട്ടുമുണ്ട്.
കൂടുതൽ മഴയുണ്ടാകുമ്പോൾ മേൽ മണ്ണ് ഒഴുകിപ്പോയി ഫലപുഷ്ടി കുറയുന്നതിനാല്‍ അവിടെയുണ്ടാകുന്ന ഭക്ഷ്യവിളകൾക്കും പോഷക ഗുണം കുറവായിരിക്കും. കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി കൃഷിഭൂമി കുറയുകയും, വിളകൾ നശിക്കുകയും ഭക്ഷ്യ ഉത്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. മണ്ണൊലിപ്പ് മണ്ണിന്റെ ഫലപുഷ്ടി കുറച്ചിട്ടുണ്ട്. ഇതുമൂലം പാലുത്പാദനവും മത്സ്യബന്ധനവും കുറയാം. ഇത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, ഭക്ഷ്യസുരക്ഷയെയും കാര്യമായി ബാധിക്കാം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇതും ഒരു കാരണമാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ആ പ്രദേശത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഒരു ഇൻഡിക്കേറ്ററായി സാധാരണ ഉപയോഗപ്പെടുത്തുന്നതാണ്. അടുത്തുനടന്ന അഞ്ചാമത് നാഷണല്‍ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൂക്കം കുറവുള്ള കുട്ടികളുടെ ശതമാനം 16.1%-ൽ നിന്ന് 19.7% കൂടിയതും വളർച്ചക്കുറവുള്ള കുട്ടികളുടെ എണ്ണം 19.7%-ൽ നിന്ന് 23.4%- മായി കൂടിയതും കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കുറഞ്ഞുവരുന്ന ഭക്ഷ്യസുരക്ഷയുടെ ഒരു മാനദണ്ഡമായി ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാലാവസ്ഥാദുരന്തങ്ങൾ മൂലം വീടുകൾ നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യും. വളരെയധികം പേർക്ക് നാടും വീടും തൊഴിലും വീട്ട് പലായനം ചെയ്യേണ്ടിവന്നിട്ടുമുണ്ട്. പലർക്കും ബന്ധുക്കൾ നഷ്ടമായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ദീർഘകാലം കഴിയേണ്ടി വന്നിട്ടുമുണ്ട്. വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഭയന്ന് വീടുകളിൽ കഴിയുന്നവരുണ്ട്. ഇതുണ്ടാക്കുന്ന മാനസിക വിഷമങ്ങൾ- പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉറക്കക്കുറവ്, ഉൽകണ്ഠാരോഗങ്ങൾ, വിഷാദരോഗങ്ങൾ ഇവയൊക്കെ കാലാവസ്ഥാ മാറ്റങ്ങളുടെ ആരോഗ്യ ആഘാതങ്ങളുടെ മറ്റൊരു വശമാണ്.
ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടെയും ഫലമായി കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങൾ കൂടുതൽ അനുഭവിക്കുന്ന സംസ്ഥാനമായി കേരളത്തെ പരിഗണിച്ച്, ഭാവിവികസനത്തിന്റെ വഴികൾ ഇപ്പോഴേ തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ വരും തലമുറകളുടെ കാലങ്ങൾക്കപ്പുറം ഒരു കഥയായി കേരളം മാറിയേക്കാം.
▮
References:
1.State Action Plan on Climate Change 2023 – 2030. Department of Environment, Government of Kerala 2022.
2.Kerala state Action plan for climate change and human health -2022.
3.Government of kerala state planning board thirteenth five-year plan 2017-2022Working group on climate change and disaster management report.
4.Dr Jayakrishnan T .Health Impacts of Climate change –Kerala Perspective .Association of Health care providers India – Conference( AHPICON ) Manipur , Imphal 2025 Souvenir 2025 p 50-54.