ആ വ്യാജ മരുന്നു പരസ്യങ്ങൾ
അപ്രത്യക്ഷമായതിനു പുറകിലെ പോരാട്ടകഥ

പതഞ്ജലി ഗ്രൂപ്പ് 53 തവണ നിയമം ലംഘിച്ച്​ പരസ്യം നൽകിയതായി ലോക്‌സഭയിൽ ആയുഷ് മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, ഈ പരസ്യങ്ങൾ നൽകുന്നത് അവർ നിർത്തിയില്ല. പതഞ്ജലി എന്റെ ടാർഗറ്റ് അല്ല. എറ്റവും കൂടുതൽ പരസ്യം നൽകുന്നതും ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നതുമായ കമ്പനി എന്ന നിലയ്ക്കാണ് പതഞ്ജലിക്കെതിരെ തുടർച്ചയായ പരാതി നൽകേണ്ടിവന്നത്. കേരള സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയിൽ ഓർത്തോ ഹെർബിനെതിരെ എന്റെ പരാതിയുണ്ട്.

കെ. കണ്ണൻ: ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ആയുർവേദ മരുന്നുകളുടെ നിയമവിരുദ്ധ പരസ്യങ്ങൾ നൽകുന്ന ബാബാ രാംദേവിന്റെ പതജ്ഞലി ഗ്രൂപ്പിനെതിരെ നിരന്തരമായ നിയമനടപടികളാണ് താങ്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നൂറിലേറെ വിവരാവകാശ അപേക്ഷകളും പരാതികളും താങ്കൾ നൽകിയിട്ടുണ്ട്. താങ്കളുടെ പരാതിയെതുടർന്ന്​ പതഞ്ജലി ഗ്രൂപ്പിനുകീഴിലുള്ള ദിവ്യ ഫാർമസി പരസ്യം ചെയ്യുന്നത് മൂന്നുമാസമായി നിർത്തിവച്ചിരിക്കുകയാണ്. ഈ പരസ്യം സ്വീകരിച്ചുവരുന്ന മലയാള മാധ്യമങ്ങളിൽ ഈ വാർത്ത കാണാനില്ല. താങ്കളുടെ നിയമപോരാട്ടത്തിലെ ഒരു പ്രധാന ഘട്ടമെന്ന നിലയ്ക്ക് ദിവ്യ ഫാർമസിയുടെ പരസ്യം നിർത്തിവപ്പിക്കുന്നതിലേക്ക് നയിച്ച നിയമനടപടികൾ എന്തെല്ലാമായിരുന്നു?

ഡോ. കെ.വി. ബാബു: എന്റെ നിയമപോരാട്ടങ്ങളുടെ പാശ്ചാത്തലം പറയാം. 2018 മാർച്ചിൽ ട്വിറ്ററിൽ, ഐ ഡ്രോപ്പിന്റെ ഒരു പരസ്യം ശ്രദ്ധയിൽ പെട്ടു. അത് പതഞ്ജലി ആയുർവേദിക് ലിമിറ്റഡിനുകീഴിലുള്ള ദിവ്യ ഫാർമസിയുടേതായിരുന്നു. Glaucoma, Cataract, Double vision, Colour vision, Retinitis, Pigmentosa, Night blindness തുടങ്ങിയവക്കുള്ള മരുന്ന് എന്ന പേരിലായിരുന്നു പരസ്യം. ഈ രോഗങ്ങൾക്കെല്ലാം ഒരേ ഡ്രോപ്‌സ് തന്നെ ഉപയോഗിക്കാം എന്നത് പ്രാഥമികമായി തന്നെ ഒരു തട്ടിപ്പാണെന്ന് വ്യക്തമായിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് ഗ്ലോക്കോമക്ക് ചികിത്സ ചെയ്തുകൊണ്ടിരുന്ന രണ്ട് രോഗികൾ എന്റെ അടുത്തുവന്നത്. ഒന്നോ രണ്ടോ മാസത്തെ ഇടവേളക്കുശേഷമാണ് അവർ വന്നത്. ഈ സമയത്ത് ചികിത്സ നിർത്തി അവർ ആയുർവേദ ചികിത്സ ചെയ്തു. കുറെ കഴിഞ്ഞാണ് ഞാനത് അറിഞ്ഞത്. രണ്ടുപേരും ഏതാണ്ട് കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലാണ് വരുന്നത്. അപ്പോഴാണ് ഇത്തരം വ്യാജ മരുന്നുകളെക്കുറിച്ചും പരസ്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കാൻ തുടങ്ങിയത്. അത് വളരെ ഗുരുതരമായ പൊതുജനാരോഗ്യപ്രശ്‌നം കൂടിയാണ്. ശാസ്ത്രീയമായി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ചികിത്സയുള്ള രോഗങ്ങൾക്ക്, ഇത്തരം വ്യാജപരസ്യങ്ങളുടെ പുറകേ പോയി ചികിത്സിച്ച് ആരോഗ്യം തന്നെ അപകടത്തിലാക്കുന്ന അവസ്ഥ.

പതഞ്​ജലി സ്ഥാപകരായ രാംദേവ്, ബാൽകൃഷ്ണ
പതഞ്​ജലി സ്ഥാപകരായ രാംദേവ്, ബാൽകൃഷ്ണ

നിയമത്തിന്റെ വകുപ്പുകൾ മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. 1954ലെ Drugs and Magic Remedies Act അനുസരിച്ച് 54 രോഗങ്ങളുടെ ചികിത്സ, മരുന്ന് എന്നിവ പരസ്യം ചെയ്യുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. അപ്പൈൻഡിസൈറ്റിസ്, സിഫിലിസ് ഗുണേറിയ, ഡയബറ്റിക്, ഹൈപ്പർ ടെൻഷൻ, കണ്ണുരോഗങ്ങൾ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെയാണ് ഈ നിയമത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത്തരം വ്യാജ പരസ്യങ്ങൾ കണ്ട് ചികിത്സിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നതിനാലാണ് ഈ വിലക്ക്. നിയമത്തിലെ ഈ വ്യവസ്ഥ പതഞ്ജലി ഗ്രൂപ്പ് 53 തവണ ലംഘിച്ചതായി രാജ്യസഭയിൽ ആയുഷ് മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിൽ മാർച്ച് 28ന് ആയുഷ് മന്ത്രി നൽകിയ മറുപടിയിൽ, സർക്കാർ സംവിധാനം തന്നെ കണ്ടെത്തിയ ഈ നിയമലംഘനത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

ഡോ. കെ.വി. ബാബു
ഡോ. കെ.വി. ബാബു

തെറ്റിധാരണാജനകമായ പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആറ് പത്രങ്ങളുടെ എഡിറ്റർമാർക്ക് കത്തയച്ചിരുന്നു. മനോരമ മാത്രമാണ്, വേണ്ടത് ചെയ്യാം എന്നു പറഞ്ഞ് മറുപടി നൽകിയത്. പിന്നെ അവർ പരസ്യം നൽകിയിട്ടുമില്ല. മറ്റു പത്രങ്ങളൊന്നും മറുപടി നൽകിയില്ല, പരസ്യം നൽകുന്നത് തുടരുകയും ചെയ്തു.

എന്നിട്ടും, ഈ പരസ്യങ്ങൾ നൽകുന്നത് അവർ നിർത്തിയില്ല. എല്ലാ ശനിയും ഞായറും പത്രങ്ങളിൽ ഈ പരസ്യങ്ങൾ വന്നുകൊണ്ടിരുന്നു. ഇതേതുടർന്ന്, 2022 ഫെബ്രുവരി 24ന് ഞാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് പരാതി നൽകി. ഒരാഴ്ച കൊണ്ട് കൊളസ്‌ട്രോൾ കുറയ്ക്കും എന്ന അവകാശവാദവുമായി ദിവ്യ ഫാർമസി ഹിന്ദു പത്രത്തിൽ നൽകിയ Lipidom എന്ന മരുന്നിന്റെ പരസ്യത്തിനെതിരെയായിരുന്നു പരാതി. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഈ പരാതി മാർച്ച് 16ന് ആയുഷ് മന്ത്രാലയത്തിന് അയച്ചു. മന്ത്രാലയം ഉത്തരാഖണ്ഡിലെ സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിക്ക് അയച്ചു. കാരണം, അവരാണ് മരുന്നിന് ലൈസൻസ് കൊടുത്തത് എന്നതുകൊണ്ട്, നടപടിയെടുക്കേണ്ടതും അവരാണ്.
സ്‌റ്റേറ്റ് അതോറിറ്റി ഏപ്രിൽ 26ന് ദിവ്യ ഫാർമസിക്ക് കത്തയച്ചു. ഏപ്രിൽ 26ന്. ഞങ്ങൾ പരസ്യം നൽകുന്നത് അവസാനിപ്പിക്കുന്നു എന്നു പറഞ്ഞ് ദിവ്യ ഫാർമസി മെയ് ഏഴിന് മറുപടി നൽകി. എന്നെ സംബന്ധിച്ച് ഈ നിയമപോരാട്ടം അവിടെ അവസാനിച്ചു. നിയമപ്രകാരം ആറു മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. എന്നാൽ, ആരെയും ജയിലിലടക്കുക എന്റെ ലക്ഷ്യമല്ലാത്തതുകൊണ്ട് പരസ്യം നിർത്തുകയാണ് എന്ന അവരുടെ ഉറപ്പിൽ ഞാൻ പിൻവാങ്ങി.

ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ഡോ. വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യവും അതിന് കേന്ദ്ര ആയുഷ് മന്ത്രി നൽകിയ മറുപടിയും
ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ഡോ. വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യവും അതിന് കേന്ദ്ര ആയുഷ് മന്ത്രി നൽകിയ മറുപടിയും

അതിനശേഷം, ജൂലൈ 10ന് ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി പത്രങ്ങളിൽ ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകളുടെ പരസ്യം വന്നു. BPgrit, Madhugrit, Thyrogrit, Lipidom, Eyegrit Gold tablets എന്നീ മരുന്നുകളുടെ പരസ്യമാണ് വന്നത്. ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ഗോയിറ്റർ, ഹൈ കൊളസ്‌ട്രോൾ, ഹൃദ്‌രോഗങ്ങൾ, ഗ്ലോക്കോമ എന്നിവക്ക് ഉടനെയും സ്ഥായിയായതുമായ പരിഹാരം എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതായത്, പരസ്യം നിർത്തിയെന്നു പറഞ്ഞവർ തന്നെ അത് ലംഘിച്ചു. ഇത് രാജ്യത്തിന്റെ നിയമസംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്ന നടപടിയായിരുന്നു.

ആയുഷ് മന്ത്രാലയത്തിന് ആർടി.ഐ ഫയൽ ചെയ്തപ്പോൾ കിട്ടിയ മറുപടി, നിങ്ങൾ ഒരുപാട് ആർ.ടി.ഐയായി അയക്കുന്നു, പരാതി പരിഹാരത്തിന്​ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല എന്നാണ്. അപ്പീലിലും ഇതേ മറുപടിയാണ് ലഭിച്ചത്. ഇതോടെ, എന്റെ ആർ.ടി.ഐ സ്‌പെയ്‌സ് ബ്ലോക്ക് ചെയ്യപ്പെട്ട നിലയിലായി.

Drugs and Magic Remedies Act-1954, ഡ്രഗ്‌സ് ആൻറ്​ കോസ്‌മെറ്റിക്‌സ് ആക്​റ്റ്​, 2019- ലെ ഉപഭോക്തൃ സംരക്ഷണ നിയമം എന്നിവ പ്രകാരമെല്ലാം ശിക്ഷാർഹമായ നടപടിയാണിത്. അതനുസരിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡിലെ സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി എന്നിവർക്ക് പരാതി അയച്ചു. കൗതുകകരമായ കാര്യം, ഇത്തരം സംവിധാനങ്ങൾക്ക് പരാതി കൊടുത്താൽ മറുപടി അയക്കില്ല, അയച്ചാൽ തന്നെ അത് ഹിന്ദിയിലുമായിരിക്കും എന്നതാണ്​. അതിനാൽ, പരാതിയുടെ അവസ്ഥ എന്താണ് എന്നന്വേഷിച്ച് തുടർച്ചയായി ആർ.ടി.ഐകളും കൊടുക്കേണ്ടിവന്നു.

ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകളുടെ പരസ്യത്തിൽ  ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ഗോയിറ്റർ, ഹൈ കൊളസ്‌ട്രോൾ, ഹൃദ്‌രോഗങ്ങൾ, ഗ്ലോക്കോമ എന്നിവക്ക് ഉടനെയും സ്ഥായിയായതുമായ പരിഹാരം എന്നാണ് അവകാശപ്പെട്ടിരുന്നത്​
ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകളുടെ പരസ്യത്തിൽ ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ഗോയിറ്റർ, ഹൈ കൊളസ്‌ട്രോൾ, ഹൃദ്‌രോഗങ്ങൾ, ഗ്ലോക്കോമ എന്നിവക്ക് ഉടനെയും സ്ഥായിയായതുമായ പരിഹാരം എന്നാണ് അവകാശപ്പെട്ടിരുന്നത്​

എന്നാൽ, എന്റെ പരാതിയിൽ പറയാത്ത ഒരു വകുപ്പ് ചൂണ്ടിക്കാട്ടിയാണ് പതഞ്ജലി മറുപടി നൽകിയത്. ഡ്രഗ്‌സ് ആൻറ്​ കോസ്‌മെറ്റിക്‌സ് ആക്റ്റിലെ റൂൾ 170 കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതനുസരിച്ച് നടപടിയെടുക്കാനാകില്ല എന്നായിരുന്നു അവരുടെ വാദം. ഡ്രഗ്‌സ് ആൻറ്​ കോസ്‌മെറ്റിക്‌സ് ആക്റ്റിൽ 2018ൽ എഴുതിച്ചേർത്ത ക്ലോസാണ് 170. Drugs and Magic Remedies Act- ന്റെ പരിധിയിൽ വരുന്ന 54 രോഗങ്ങളുടെ പരസ്യങ്ങൾക്കുപുറമേ, മറ്റു ചില അവകാശവാദങ്ങളുള്ള പരസ്യങ്ങൾ കൂടി നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഈ ക്ലോസിലുണ്ടായിരുന്നത്. ഉദാഹരണത്തിന്, ഇന്ന മരുന്നു കഴിച്ചതിനാൽ ഹിമാലയം കയറാനായി, മാരത്തോണിൽ പങ്കെടുക്കാനായി, ശബരിമല പതിനെട്ടാംപടി കയറാൻ കഴിഞ്ഞു തുടങ്ങിയ അവകാശവാദങ്ങൾ. ഈ വകുപ്പ് 2019 ജനുവരിയിൽ ഡൽഹി ഹൈകോടതിയും ഫെബ്രുവരിയിൽ മുംബൈ ഹൈകോടതിയും സ്‌റ്റേ ചെയ്തിരുന്നു. നാലു കൊല്ലം കഴിഞ്ഞിട്ടും സ്‌റ്റേ വെക്കേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്, കോടതി പരിഗണനയിലുള്ള ഒന്നായതിനാൽ ആ സെക്ഷൻ പ്രകാരം നടപടിയെടുക്കാൻ പറ്റില്ല എന്നായിരുന്നു പതജ്ഞലിയുടെ വാദം. എന്നാൽ എന്റെ പരാതി റൂൾ 170 പ്രകാരമേ ആയിരുന്നില്ല.

പതഞ്ജലിയുടെ തെറ്റിധാരണാജനകമായ പരസ്യങ്ങൾക്കെതിരെ എന്ത് നിയമനടപടിയെടുത്തു എന്ന സന്തോഷ്‌കുമാർ പി. യുടെ ചോദ്യത്തിന് ആയുഷ് മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി
പതഞ്ജലിയുടെ തെറ്റിധാരണാജനകമായ പരസ്യങ്ങൾക്കെതിരെ എന്ത് നിയമനടപടിയെടുത്തു എന്ന സന്തോഷ്‌കുമാർ പി. യുടെ ചോദ്യത്തിന് ആയുഷ് മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി

പതഞ്ജലിയുടെ അതേ നിലപാടാണ് സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയും ആയുഷ് മന്ത്രലായവും സ്വീകരിച്ചത്. ഇതേതുടർന്ന് കേന്ദ്ര ആയുഷ് മന്ത്രിക്ക് ഞാൻ ഒരു മെയിൽ അയച്ചു- എന്റെ പരാതി റൂൾ 170 പ്രകാരമല്ല, Drugs and Magic Remedies Act പ്രകാരമാണ് എന്നു കാണിച്ച്. പരാതിയുമായി ബന്ധമില്ലാത്ത വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. തുടർന്ന്, ആയുഷ് മന്ത്രാലയത്തിന് ആർടി.ഐ ഫയൽ ചെയ്തപ്പോൾ കിട്ടിയ മറുപടി, നിങ്ങൾ ഒരുപാട് ആർ.ടി.ഐയായി അയക്കുന്നു, പരാതി പരിഹാരത്തിന്​ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല എന്നാണ്. അപ്പീലിലും ഇതേ മറുപടിയാണ് ലഭിച്ചത്. ഇതോടെ, എന്റെ ആർ.ടി.ഐ സ്‌പെയ്‌സ് ബ്ലോക്ക് ചെയ്യപ്പെട്ട നിലയിലായി. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനുള്ള സാധ്യതയും അടഞ്ഞു. ഇതേതുടർന്നാണ് ഞാൻ എം.പിമാരുടെ സഹായം തേടിയത്. തമിഴ്‌നാട്ടിലെ ശിവഗംഗ എം.പി കാർത്തി പി. ചിദംബരത്തിന് ഈ വിവരങ്ങൾ കൈമാറി. നവംബർ 11ന് അദ്ദേഹം ആയുഷ് മന്ത്രാലയത്തിന് കത്തയച്ചു. പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും ചെയ്തു. അതിനുശേഷം ഡോ. വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ എന്നീ എം.പിമാരെയും സമീപിച്ചു. ഇവരും ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. അതോടെ, എന്റെ നിയമപോരാട്ടം കുറെക്കൂടി വിപുലമായ ഒരു തലത്തിലെത്തിനിൽക്കുകയാണെന്നു പറയാം.

മരുന്നുകളുടെ തെറ്റിധാരണാജനകമായ പരസ്യങ്ങളുമായി ബന്ധപ്പെട്ട് കമ്പനികൾക്കും മാധ്യമങ്ങൾക്കും എതിരെ ഡ്രഗ്‌സ് കൺട്രോൾ (ആയുർവേദ) ഡിപ്പാർട്ടുമെന്റിൽ ലഭിച്ച പരാതി.
മരുന്നുകളുടെ തെറ്റിധാരണാജനകമായ പരസ്യങ്ങളുമായി ബന്ധപ്പെട്ട് കമ്പനികൾക്കും മാധ്യമങ്ങൾക്കും എതിരെ ഡ്രഗ്‌സ് കൺട്രോൾ (ആയുർവേദ) ഡിപ്പാർട്ടുമെന്റിൽ ലഭിച്ച പരാതി.

എന്തുകൊണ്ടാണ് പതഞ്ജലി ഗ്രൂപ്പ് താങ്കളുടെ നിയമപോരാട്ടത്തിന്റെ പ്രധാന ലക്ഷ്യമായി മാറിയത്? കമ്പനിയെപ്പോലെ തന്നെ, പരസ്യം നൽകുന്ന മാധ്യമങ്ങൾക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടല്ലോ. പരസ്യം നൽകുന്ന മാധ്യമങ്ങൾക്കെതിരെ താങ്കൾ എന്തു നടപടിയാണ് സ്വീകരിച്ചത്?

പതഞ്ജലി എന്റെ ടാർഗറ്റ് അല്ല. എറ്റവും കൂടുതൽ പരസ്യം നൽകുന്നതും ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നതുമായ കമ്പനി എന്ന നിലയ്ക്കാണ് പതഞ്ജലിക്കെതിരെ തുടർച്ചയായ പരാതി നൽകേണ്ടിവന്നത്. മറ്റു കമ്പനികളുടെ പരസ്യങ്ങൾക്കെതിരെയും ഞാൻ നിയമനടപടി തേടിയിട്ടുണ്ട്. കേരള സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയിൽ ഓർത്തോ ഹെർബിനെതിരെ എന്റെ പരാതിയുണ്ട്. നേരത്തെ സൂചിപ്പിച്ച റൂൾ 170 അനുസരിച്ചുള്ള സ്‌റ്റേ ഡൽഹിയിലും മുംബൈയിലുമാണുള്ളത്, കേരളത്തിലില്ല. അത് വച്ചാണ് ഓർത്തോ ഹബിന്റെ അവകാശവാദങ്ങൾക്കെതിരെ പരാതി നൽകിയത്. സ്‌റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി അവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഓർത്തോ ഹെർബിന്റെ ഇപ്പോൾ വരുന്ന പരസ്യങ്ങൾക്ക് അതോറിറ്റിയുടെ അനുമതിയില്ലാത്തതുകൊണ്ടാണ് അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ‘‘റൂൾ 170 പ്രകാരം ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ അനുമതിയില്ലാതെ ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങളുടെ പരസ്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇപ്രകാരം ഈ വകുപ്പിന്റെ അനുമതിയില്ലാതെ താങ്കളുടെ സ്ഥാപനത്തിന് അംഗീകരിച്ച് അനുവദിച്ചുനൽകിയ ആയുർവേദ ഔഷധത്തിന്റെ പരസ്യം ചെയ്യുന്നത് കുറ്റകരമായതിനാൽ മേൽ പ്രസ്താവിച്ചതുപ്രകാരം നിയമവിരുദ്ധമായി പരസ്യം ചെയ്തതുസംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം നൽകണം’’ എന്നാണ് ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) നൽകിയ കത്തിലുള്ളത്.

പതഞ്ജലിയുടെ തെറ്റിധാരണാജനകമായ പരസ്യങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവഗംഗ എം.പി കാർത്തി പി. ചിദംബരം ആയുഷ് മന്ത്രിക്ക് നൽകിയ കത്ത്
പതഞ്ജലിയുടെ തെറ്റിധാരണാജനകമായ പരസ്യങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവഗംഗ എം.പി കാർത്തി പി. ചിദംബരം ആയുഷ് മന്ത്രിക്ക് നൽകിയ കത്ത്

പരസ്യങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. പരസ്യങ്ങൾക്കെതിരെ പ്രസ് കൗൺസിലിലും പരാതി കൊടുത്തിട്ടുണ്ട്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോംസ് അനുസരിച്ച് Drugs and Magic Remedies Act -ന് വിരുദ്ധമായ ഒരു പരസ്യവും പ്രസിദ്ധീകരിക്കാൻ പാടില്ല. ഇത് ഗൈഡ് ലൈൻ അല്ല, നിയമം തന്നെയാണ്. എന്നാൽ, ഇത് ലംഘിച്ച് മലയാള മാധ്യമങ്ങളടക്കം പരസ്യം നൽകാറുണ്ട്. ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആറ് പത്രങ്ങളുടെ എഡിറ്റർമാർക്ക് കത്തയച്ചിരുന്നു. മനോരമ മാത്രമാണ്, വേണ്ടത് ചെയ്യാം എന്നു പറഞ്ഞ് മറുപടി നൽകിയത്. പിന്നെ അവർ പരസ്യം നൽകിയിട്ടുമില്ല. മറ്റു പത്രങ്ങളൊന്നും മറുപടി നൽകിയില്ല, പരസ്യം നൽകുന്നത് തുടരുകയും ചെയ്തു. ഇതേതുടർന്നാണ് ടൈംസ് ഓഫ് ഇന്ത്യക്കും മാതൃഭൂമിക്കും എതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി അയച്ചത്. പരസ്യത്തിലെ അവകാശവാദങ്ങൾ ഡ്രഗ്‌സ് ആൻറ്​ മാജിക് റമഡീസ് ആക്റ്റിലെ വ്യവസ്ഥ ലംഘിക്കുന്നതാണ് എന്നായിരുന്നു പരാതി. ഇതേതുടർന്ന് പ്രസ് കൗൺസിൽ രണ്ടു പത്രങ്ങൾക്കും ഷോ കോസ് നോട്ടീസ് നൽകി. പ്രസ് കൗൺസിൽ റഗുലേഷനിലെ 5 (1) ചട്ടപ്രകാരമായിരുന്നു നോട്ടീസ്.

ടൈംസ് ഓഫ് ഇന്ത്യയിൽ പിന്നെ പരസ്യം കണ്ടിട്ടില്ല. ദ ഹിന്ദുവിലും മാതൃഭൂമിയിലും പരസ്യം വന്നിരുന്നു. ജനുവരി രണ്ടിനുശേഷം, മൂന്നുമാസമായി ഇത്തരം പരസ്യങ്ങൾ വന്നിട്ടില്ല. ഇനി പരസ്യം വരില്ല എന്ന ഉറപ്പൊന്നുമില്ല. കാരണം, ഞാൻ അവസാനം കൊടുത്ത ആർ.ടി.ഐക്ക് ലഭിച്ച മറുപടിയിൽ, മുമ്പും ഇവർ പരസ്യം നിർത്തിവച്ചിട്ടുണ്ട്, പിന്നെയും കൊടുത്തുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ റഗുലേറ്ററി സംവിധാനത്തിനുമുന്നിൽ ഇവർ കൊടുത്ത രേഖാമൂലമുള്ള ഒരു മറുപടി വേണം എന്നുറപ്പുവരുത്താനായിരുന്നു എന്റെ ശ്രമം. അതില്ലാത്തിടത്തോളം കാലം ഇവർ വീണ്ടും തുടങ്ങിയേക്കാം. എന്നാൽ, ഈ വിഷയം മൂന്ന് എം.പിമാർ പാർലമെന്റിൽ വരെ ഉന്നയിച്ച സ്ഥിതിക്ക് കുറെക്കൂടി ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ▮


ഡോ.​ കെ.വി. ബാബു

ഓഫ്താൽമോളജിസ്റ്റ്, വിവരാവകാശ പ്രവർത്തകൻ. പൊതുജനാരോഗ്യ പ്രവർത്തകൻ. മരുന്നുകളുടെയും ചികിത്സയുടെയും പേരിലുള്ള വ്യാജ അവകാശവാദങ്ങൾക്കും പരസ്യങ്ങൾക്കും എതിരെ നിരന്തര നിയമപോരാട്ടം നടത്തുന്നു.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments