Photo: Pixabay

ശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ട കോവിഡ് കാല വിചാരണകൾ

കോവിഡ് കാല ദുരിതത്തിൽ അൽപമെങ്കിലും ആശ്വാസമേകിയത് ശാസ്ത്രത്തിന്റെ കഴിവുകളും സംഭാവനകളുമായിരുന്നു. എന്നാൽ, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങളെയും കഴിവുകളെയും കുറിച്ചുള്ള മതിപ്പിനോടൊപ്പം അതിന്റെ പരിമിതികളും വെളിപ്പെട്ട കാലം കൂടിയായിരുന്നു ഇതെന്ന വാദം മുന്നോട്ടുവെക്കപ്പെടുന്നു

കോവിഡ് മഹാമാരിയുടെ കാലം മനുഷ്യർക്ക് പുതിയ അനുഭവങ്ങൾ നൽകി. ഇന്നേക്കുവരെ അപരിചിതവും എന്നാൽ മിക്കപ്പോഴും അനിഷ്ടകരവുമായ അനുഭവങ്ങൾ. രോഗത്തെക്കുറിച്ച് ലഭ്യമായതും പ്രചരിപ്പിക്കപ്പെട്ടതുമായ വിവരങ്ങളും ആശയങ്ങളും സൃഷ്ടിച്ച ഭയവും ആശങ്കകളുമായിരുന്നു ആദ്യാനുഭവങ്ങൾ. തൊഴിലിടങ്ങളും പ്രവൃത്തിസ്ഥലങ്ങളും നിശ്ചലമായതോടെ വരുമാനമാർഗങ്ങൾ നിലയ്ക്കുകയും ഏറെ മനുഷ്യരും നിത്യവൃത്തിക്കുതന്നെ പ്രയാസമനുഭവിക്കുന്ന രീതിയിൽ സാമ്പത്തികപ്രശ്‌നങ്ങളിൽ പെടുകയും ചെയ്തു. മനുഷ്യർ ഒന്നിച്ചുകൂടുന്ന എല്ലാ പൊതുസ്ഥലങ്ങളും അടയ്ക്കപ്പെട്ടതോടെ സാമൂഹികബന്ധങ്ങൾ അസാധ്യമാകുന്ന നില വന്നു. പല മനുഷ്യരും ഏകാന്തമായ തുരുത്തുകളിലേക്കു നയിക്കപ്പെടുകയായിരുന്നു. വീട്ടുതടങ്കലിലായ ദിവസങ്ങൾ നൽകിയ അസ്വാസ്ഥ്യങ്ങളും ഉൽക്കണ്ഠകളും ചിലരിലെങ്കിലും മനോരോഗത്തിന്റെ ലക്ഷണങ്ങളോളം വളർന്നു. ഈ ദുരിതസ്ഥിതിയിൽപെട്ടവർക്ക് അൽപമെങ്കിലും ആശ്വാസമേകിയത് ശാസ്ത്രത്തിന്റെ കഴിവുകളും സംഭാവനകളുമായിരുന്നു. എന്നാൽ, ശാസ്ത്രത്തെക്കുറിച്ചുള്ള പല മിഥ്യാധാരണകളും വിശ്വാസങ്ങളും പുനർമൂല്യവിചാരത്തിനു വിധേയമായ സന്ദർഭം കൂടിയായിരുന്നു ഇത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെയും കഴിവുകളെയും കുറിച്ചുള്ള മതിപ്പിനോടൊപ്പം അതിന്റെ പരിമിതികളും വെളിപ്പെട്ടു.

ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിച്ച് ഈ കോവിഡ് കാലം സൃഷ്ടിച്ചെടുത്ത പുതിയ സമ്പർക്കരീതികൾ കോവിഡ് കാലത്തിനു ശേഷവും നിലനിൽക്കുമെന്നു കരുതണം. മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കുന്നതിന് ആപേക്ഷികമായി കുറഞ്ഞ സാമ്പത്തികച്ചെലവുള്ളതും എളുപ്പതരവുമായ മാർഗമായി അത് തിരിച്ചറിയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഒറ്റപ്പെട്ടുപോയ മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചത് ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളായിരുന്നു. വാർത്താവിനിമയ സംവിധാനം ഇത്രമാത്രം വികസിച്ചില്ലായിരുന്നെങ്കിൽ വീട്ടുതടങ്കലുകളുടെ ഏകാന്തത കൂടുതൽ ദുസ്സഹമാകുമായിരുന്നു. ടെലിവിഷനും സാമൂഹിക വാർത്താമാധ്യമങ്ങളും ഓഡിയോ വീഡിയോ ചാറ്റുകളും ഗൂഗിൾ, സൂം മീറ്റുകളും പരസ്പരസമ്പർക്കത്തിനുള്ള ബദൽ സാധ്യതകളെ തുറന്നു. അടച്ചിട്ട ചലച്ചിത്രശാലകൾ സൃഷ്ടിച്ച ശൂന്യതയെ പരിഹരിക്കാൻ ഒരു പരിധി വരെയെങ്കിലും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കു കഴിഞ്ഞു. സ്‌കൂളുകളും കലാലയങ്ങളും അടച്ചിട്ടതോടെ അവതാളത്തിലായ വിദ്യാഭ്യാസരംഗത്ത് തുടർച്ചകൾ നിലനിർത്താനെങ്കിലും ഓൺലൈൻ ക്ലാസുകൾക്കു കഴിഞ്ഞു.

ഇത്തരം സാങ്കേതികവിദ്യകളുടെ ആധിപത്യം വലിയ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും കോർപ്പറേറ്റ് മുതലാളിമാർക്കും ആണെന്ന വസ്തുതയും അവരുടെ മൂലധനതാൽപ്പര്യങ്ങൾ ഈ ദുരിതകാലത്തും അതിശകതമായി എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന കാര്യവും മറയ്ക്കപ്പെടേണ്ടതല്ല. ഈ സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികൾ ഉണ്ടായിരുന്നുവെന്നും പറയണം. എന്നാൽ, ദുരിതകാലത്ത് ഇവ ആശ്വാസമേകുന്നുണ്ടായിരുന്നു. ഭൗതികശാസ്ത്രങ്ങൾ അചേതന ശാസ്ത്രവസ്തുക്കളിൽ ഗണിതത്തിന്റെ കൃത്യതയും വസ്തുനിഷ്ഠതയും ഉപയോഗിച്ച് സാക്ഷാത്കരിച്ച നേട്ടങ്ങൾ മഹാമാരിയുടെ കാലത്ത് മനുഷ്യർക്ക് ആശ്വാസം പകർന്നതിന്റെ കാര്യമാണിത്. മഹാമാരിയുടെ കാലത്തെ ദുരിതങ്ങൾക്കിടയിൽ ആശ്വാസം പകരാൻ ആധുനിക ഭൗതികശാസ്ത്രങ്ങളുടെ വസ്തുനിഷ്ഠതയ്ക്കു കഴിഞ്ഞതിന്റെ കഥയുമാണിത്. എന്നാൽ, വസ്തുനിഷ്ഠതയിൽ ഊന്നുന്ന ശാസ്ത്രങ്ങളുടെ സാങ്കേതികവിദ്യാ പ്രയോഗരൂപങ്ങളിലെ അധികാരോന്മുഖവും ആധിപത്യപരവുമായ പ്രവണതകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലും മറ്റും ഇപ്പോഴും പ്രകടമായിരുന്നു. എന്നാൽ, ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിച്ച് ഈ കോവിഡ് കാലം സൃഷ്ടിച്ചെടുത്ത പുതിയ സമ്പർക്കരീതികൾ കോവിഡ് കാലത്തിനു ശേഷവും നിലനിൽക്കുമെന്നു കരുതണം. മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കുന്നതിന് ആപേക്ഷികമായി കുറഞ്ഞ സാമ്പത്തികച്ചെലവുള്ളതും എളുപ്പതരവുമായ മാർഗമായി അത് തിരിച്ചറിയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

സ്‌കൂളുകളും കലാലയങ്ങളും അടച്ചിട്ടതോടെ അവതാളത്തിലായ വിദ്യാഭ്യാസരംഗത്ത് തുടർച്ചകൾ നിലനിർത്താനെങ്കിലും ഓൺലൈൻ ക്ലാസുകൾക്കു കഴിഞ്ഞു / Photo: Wikimedia Commons

മഹാമാരികൾ ദുരിതം വിതയ്ക്കുന്ന കാലങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കേണ്ടത് ജീവശാസ്ത്രങ്ങളാണ്. എന്നാൽ, കോവിഡിന്റെ ആദ്യനാളുകളിൽ വൈദ്യശാസ്ത്രം പകച്ചുനിന്നുവെന്നു പറയണം. വ്യക്തികേന്ദ്രിതമായ വൈദ്യശാസ്ത്രപ്രവർത്തനങ്ങൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സ്ഥിതിയെയാണ് മഹാമാരി സൃഷ്ടിച്ചത്. ആധുനിക വൈദ്യശാസ്ത്രവും മുതലാളിത്തവും ചേർന്ന് വളർത്തിയെടുത്ത രോഗിയായ വ്യക്തിയെ ചികിത്സിക്കുകയെന്ന രീതി മഹാമാരികളെ കൈകാര്യം ചെയ്യാൻ അസമർത്ഥമാണെന്നു തെളിയിക്കപ്പെട്ടു. ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കു പുകഴ്‌പെറ്റ രാജ്യങ്ങളിൽ പോലും കോവിഡ് ബാധ മൂലം പതിനായിരക്കണക്കിനു മനുഷ്യർ മൃതരായി. കോവിഡിനെ ചെറുക്കാൻ ലോകമെമ്പാടും സാമൂഹികമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിന് നിർബന്ധിക്കപ്പെട്ടു.

വികസിതമെന്നു പുകഴ്‌പെറ്റ പല രാജ്യങ്ങളിലെയും ജനങ്ങളിലൊരു വിഭാഗമെങ്കിലും ഇത്തരം സാമൂഹികനിയന്ത്രണങ്ങളോട് വിപ്രതിപത്തി കാണിച്ചുവെന്നത് മുതലാളിത്തവും ആധുനികവൈദ്യവും ചേർന്നു നിർമിച്ചെടുത്ത വ്യകതികേന്ദ്രിതമായ ചികിത്സാപദ്ധതികളുടെ സംസ്‌കാരം ജനങ്ങളിൽ സൃഷ്ടിച്ച പ്രതിലോമപരതയുടെ അടയാളമായിരുന്നു.

പകർച്ചവ്യാധികൾക്കും മഹാമാരികൾക്കും പല രോഗങ്ങൾക്കും വ്യക്തിതലത്തിലുള്ള ചികിത്സയെക്കാളുപരി സാമൂഹികമായ പരിഹാരങ്ങളാണ് വേണ്ടത്. ക്ഷയരോഗത്തിനു കീഴ്‌പ്പെടുന്ന ശരീരങ്ങൾക്കു കാരണമാകുന്നത് ദാരിദ്യ്രമാണെന്നും അതുകൊണ്ട് ദാരിദ്ര്യത്തെ ചികിത്സിക്കുകയെന്നും പറയുന്ന എംഗൽസ് - വിർച്ചൗ തീസിസ് ഇവിടെ ഓർക്കാം. ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതിന്റെ തുടർച്ചയിൽ അതിനെ നശിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകുകയെന്ന സമീപനത്തിനു വലിയ പ്രചാരം ലഭിക്കുന്ന സന്ദർഭത്തിലാണ് ഈ വീക്ഷണത്തിൽ നിന്ന് മാറനിന്ന് ദരിദ്രന്റെ ക്ഷീണിതമായ ശരീരത്തിലാണ് ബാക്ടീരിയ ബാധിക്കുന്നതെന്നും പ്രധാന പ്രതിവിധി ദാരിദ്യ്രത്തെ ഇല്ലാതാക്കുകയെന്നതാണെന്നും എംഗൽസും മറ്റും നിർദേശിക്കുന്നത്. ശരിയായ കുടിവെള്ള വിതരണ സംവിധാനത്തിന് പല പകർച്ചവ്യാധികളെയും ഒഴിവാക്കാൻ കഴിയുമെന്ന ജെ.ബി.എസ്. ഹാൽഡന്റ നിദർശനങ്ങളും ഈ വസ്തുതയിലേക്കു തന്നെയാണ് വെളിച്ചം പകരുന്നത്.

ഇപ്പോൾ, സാമൂഹികമായ ചികിത്സാരീതികൾക്കുള്ള പ്രാധാന്യത്തെ മഹാമാരിയുടെ വ്യാപനം വ്യക്തമായി കാണിച്ചുതരുന്നുണ്ടായിരുന്നു. എന്നാൽ, വികസിതമെന്നു പുകഴ്‌പെറ്റ പല രാജ്യങ്ങളിലെയും ജനങ്ങളിലൊരു വിഭാഗമെങ്കിലും ഇത്തരം സാമൂഹികനിയന്ത്രണങ്ങളോട് വിപ്രതിപത്തി കാണിച്ചുവെന്നത് മുതലാളിത്തവും ആധുനികവൈദ്യവും ചേർന്നു നിർമിച്ചെടുത്ത വ്യകതികേന്ദ്രിതമായ ചികിത്സാപദ്ധതികളുടെ സംസ്‌കാരം ജനങ്ങളിൽ സൃഷ്ടിച്ച പ്രതിലോമപരതയുടെ അടയാളമായിരുന്നു. മറുവശത്ത്, ജനതയുടെമേൽ നിയന്ത്രണങ്ങളേൽപ്പിക്കാനുള്ള അവസരമായി ഭരണകൂടാധികാരം കോവിഡ് കാലത്തെ ഉപയോഗിക്കുന്നുമുണ്ടായിരുന്നു.

ഒരുവർഷം കഴിയുമ്പോഴേക്കും വാക്‌സിനുകൾ തയ്യാറായി എന്നത് വിജയകരമായ ശാസ്ത്രപ്രവർത്തനമായിരുന്നു / Photo: Wikimedia Commons

ഈ മഹാമാരിയുടെ കാലത്ത് ആദ്യം സംഭവിച്ച ചില കാര്യങ്ങൾ ഓർക്കുക. പൊതുമേഖലയെ നിരന്തരം കുറ്റം പറയുകയും എല്ലാം സ്വകാര്യവൽകരിക്കണമെന്നു മുറവിളി കൂട്ടുകയും ചെയ്തവർക്കുതന്നെ പൊതുമേഖലയിലെ ആരോഗ്യസംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരികയും അതിന്റെ മെച്ചത്തെ കുറിച്ച് പറയേണ്ടിവരികയും ചെയ്തു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനുപോലും ജനങ്ങളുടെ ചികിത്സാസൗകര്യങ്ങൾക്കുവേണ്ടി പണം അനുവദിക്കേണ്ടിവന്നു. ഇങ്ങനെ, വലതുപക്ഷ നയങ്ങൾക്കേറ്റ വലിയ തിരിച്ചടിയെയും പരാജയത്തെയും കോവിഡ് മഹാമാരി ബോധ്യപ്പെടുത്തി.

കോവിഡിന്റെ അതിദ്രുത വ്യാപനം വാക്‌സിനേഷൻ കൊണ്ടേ പരിഹരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരുവർഷം കഴിയുമ്പോഴേക്കും വാക്‌സിനുകൾ തയ്യാറായി എന്നത് വിജയകരമായ ശാസ്ത്രപ്രവർത്തനമായിരുന്നു. എന്നാൽ, ഇത് ധാർമികവും നൈതികവുമായ ചില പ്രശ്‌നങ്ങളെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. മൂന്നാംഘട്ട ട്രയൽ ഫലങ്ങൾ ലഭ്യമാകാതെ തന്നെ പല രാജ്യങ്ങളും വാക്‌സിനുകളെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. 2020 വേനൽക്കാലത്ത് ആദ്യഘട്ട ട്രയലുകളുടെ അവസരത്തിൽ ഒരു ഫലങ്ങളും ലഭ്യമാകാതെ തന്നെ റഷ്യ വാക്‌സിൻ ഉപയോഗത്തിന് അംഗീകാരം നൽകി. ഒന്നും രണ്ടും ഘട്ട ട്രയലുകൾക്കുശേഷം ചൈന പല വാക്‌സിനുകൾക്കും അടിയന്തരാവശ്യങ്ങൾക്ക് അംഗീകാരം നൽകി. മൂന്നാംഘട്ട ട്രയലുകൾ നടക്കുന്നതിന്നിടയിലാണ് ഇന്ത്യ കോവാക്‌സിൻ അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് അംഗീകരിക്കുന്നത്. യഥാർഥത്തിൽ, നമ്മുടെ ഔഷധനിർമാണരംഗത്ത് നിലനിൽക്കുന്ന ചില പ്രവണതകളെ ഇതു തുറന്നുകാട്ടി.

ആവശ്യത്തിന് ട്രയലുകളോ തൃപ്തികരമായ ഫലങ്ങളോ ലഭിക്കാതെ തന്നെ ഔഷധങ്ങൾ വിപണിയിലെത്തുന്നുണ്ടെന്ന് ലോകത്തിനു നന്നായി വെളിപ്പെട്ട സന്ദർഭമായി ഇതു മാറി. ശാസ്ത്രസ്ഥാപനങ്ങളും അധികാരവും തമ്മിലുള്ള ബന്ധത്തെ നന്നായി കാണിച്ചു തന്നു, ഈ സംഭവങ്ങൾ. ജീവവസ്തുവിനെ ശാസ്ത്രവസ്തുവായി പരിഗണിക്കുമ്പോൾ പാലിക്കേണ്ടിയിരിക്കുന്ന ധാർമികവും നൈതികവുമായ സുരക്ഷാനടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നു പറയണം. അചേതനമായ ഭൗതികവസ്തുവിൽ നിന്ന് ശാസ്ത്രവസ്തുവിനെ നിർമിച്ചെടുക്കുന്നതു പോലെ ജീവവസ്തുവിനെ ശാസ്ത്രവസ്തുവാക്കാൻ കഴിയുമോ? ആധുനികശാസ്ത്രത്തെ പ്രശ്‌നസങ്കലിതമായ ഒരു അവസ്ഥയിലേക്കോ പ്രതിസന്ധിയിലേക്കോ നയിക്കുന്ന ചോദ്യമാണിത്. ഭൗതികശാസ്ത്രങ്ങളിൽ ചെയ്യുന്നതുപോലെ ശാസ്ത്രപ്രവർത്തനത്തിന് യോജിച്ച ആദർശവസ്തുവിന്റെ നിർമാണം ജീവവസ്തുവിൽ എത്രമാത്രം സാദ്ധ്യമാണെന്ന പ്രശ്‌നമാണിത്.

ഏതെങ്കിലും ഒരു രോഗത്തിന് സവിശേഷ മരുന്ന് നിയമേനയെന്നോണം നിർദേശിക്കപ്പെടുന്നില്ല. അഥവാ ഭൗതികശാസ്ത്രങ്ങളിലെ രീതിശാസ്ത്രത്തിൽ പ്രത്യക്ഷമാകുന്ന സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സംയോഗം ആധുനിക വൈദ്യത്തിൽ കാണാൻ കഴിയില്ല.

വിവിധ ചികിത്സാപദ്ധതികൾ വ്യത്യസ്ത അടിസ്ഥാനങ്ങളിലും വ്യാഖ്യാനങ്ങളിലും നിന്നുകൊണ്ട് രോഗങ്ങളെ ചികിത്സിക്കുകയും ഭേദപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യവഹാരങ്ങളാണ്. പല ചികിത്സാപദ്ധതികളെയും ആധുനികമായ അർഥത്തിലുള്ള ശാസ്ത്രമെന്ന് വിളിക്കാൻ പോലും കഴിയില്ല. മനുഷ്യരുടെ അനുഭവങ്ങളെയും ചികിത്സയുടെ പ്രയോഗക്ഷമതയുടെ ചരിത്രത്തെയുമൊക്കെയാണ് അവ ആധാരമായി സ്വീകരിക്കുന്നത്. ആധുനികവൈദ്യം പോലുമോ മറ്റേതെങ്കിലും വൈദ്യശാസ്ത്രശാഖയോ രോഗങ്ങൾ ഭേദപ്പെടുത്തുന്നതിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സൈദ്ധാന്തിക പ്രരൂപങ്ങൾ നിർദേശിക്കുന്നില്ല. ചില മരുന്നുകൾ; ആധുനികവൈദ്യത്തെ സംബന്ധിച്ച് അവ രാസസംയുക്തങ്ങളോ അവയുടെ മിശ്രിതങ്ങളോ ആണ്, രോഗത്തെ കുറയ്ക്കാനോ ഭേദപ്പെടുത്താനോ ശേഷിയുള്ളവയാണെന്ന് അനുഭവപരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നുമാത്രം. ഈ മരുന്നുകൾ രോഗത്തെ എങ്ങനെയാണ് ഭേദപ്പെടുത്തുന്ന (healing) തെന്ന് വിശദീകരിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനുപോലും കഴിയുന്നില്ല.

ഏതെങ്കിലും ഒരു രോഗത്തിന് സവിശേഷ മരുന്ന് നിയമേനയെന്നോണം നിർദേശിക്കപ്പെടുന്നില്ല. അഥവാ ഭൗതികശാസ്ത്രങ്ങളിലെ രീതിശാസ്ത്രത്തിൽ പ്രത്യക്ഷമാകുന്ന സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സംയോഗം ആധുനിക വൈദ്യത്തിൽ കാണാൻ കഴിയില്ല. (ജനിതക ചികിത്സയിൽ ഇതു സാധ്യമായേക്കാം, ജനിതകശാസ്ത്രം ഗണിതവൽകരണത്തിനു വിധേയമാകുന്ന ശാസ്ത്രമാണ്.) മിക്കവാറും എല്ലാ വൈദ്യസമ്പ്രദായങ്ങളിലും അനുഭവാധിഷ്ഠിതരീതിയും അതുവഴി രോഗവിമുകതിക്കുള്ള സംഭാവ്യതയുമാണ് ഉപയോഗപ്പെടുത്തുന്നത്. ആധുനിക വൈദ്യത്തെ ഇന്നത്തെ രൂപത്തിൽ ഖണ്ഡിതവും കൃത്യവുമായ (exact) ശാസ്ത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നർഥം. വൈദ്യശാസ്ത്രം കൃത്യതയുള്ള പ്രകൃതിശാസ്ത്രങ്ങളെക്കാളുപരി സാമൂഹികശാസ്ത്രങ്ങളോടാണ് കൂടുതൽ ചേർന്നുനിൽക്കുന്നത്. പലപ്പോഴും രോഗങ്ങൾക്കു സാമൂഹികപരിഹാരങ്ങൾ ആവശ്യമായിരുന്നത് ഈ വസ്തുതയോട് ചേർത്തുകാണുകയും ചെയ്യാം.

ഇതര ചികിത്സാപദ്ധതികളോട് കേരളത്തിലെ ആധുനിക ശാസ്ത്രവൈദ്യന്മാർ പുലർത്തുന്ന ശത്രുതാപരമായ മനോഭാവത്തെ ഈ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. മുൻകാലങ്ങളിലെന്നപോലെ തന്നെ (ചിക്കൻഗുനിയ വ്യാപകമായ സന്ദർഭത്തിലും മറ്റും) ഇപ്പോഴും ഇതര ചികിത്സാപദ്ധതികൾ കോവിഡിന്റെ ചികിത്സയിൽ ഉപയോഗപ്പെടുത്തുന്നതിന്നെതിരെ ഇവർ രംഗത്തുവന്നു. ഇപ്പോൾ, സ്‌കൂൾ വിദ്യാർഥികൾക്ക് ആഴ്‌സെനിക ആൽബം വിതരണം ചെയ്യുന്നതിനെതിരെ വലിയ പ്രചാരണമാണ് സംഘടിപ്പിക്കപ്പെട്ടത്. ശാസ്ത്രത്തെ കേവലയുക്തിയിൽ പ്രതിഷ്ഠിക്കുന്ന സമീപനങ്ങളാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് പോലും സ്വീകരിച്ചത്.

ഔഷധവ്യവസായം സ്വതന്ത്രഗവേഷണത്തിന്റെ ഭാഗമായിട്ടല്ല, സ്ഥാപനവൽകൃതമായ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഏറെയും നടക്കുന്നത് / Photo: Wikimedia Commons

ഇത്തരുണത്തിൽ, യുക്തിയുടെ വക്താക്കൾ അയുക്തികമെന്നു വിളിക്കുന്ന ചികിത്സാസമ്പ്രദായങ്ങളുടെ ഇടപെടലുകൾ സൃഷ്ടിച്ച പ്രശ്‌നങ്ങളും ആധുനിക ശാസ്ത്രവൈദ്യന്മാർ വിതരണം ചെയ്ത മരുന്നുകൾ സൃഷ്ടിച്ച പ്രശ്‌നങ്ങളും തമ്മിലുള്ള ചില താരതമ്യപഠനങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ വിഷയത്തെക്കുറിച്ച് ലേഖനമെഴുതിയ ഡാൻ ഹിന്ദ് ചൂണ്ടിക്കാണിക്കുന്നത്, അയുക്തികരെന്നു മുദ്രകുത്തപ്പെട്ടവരുടെ മരുന്നുകളെക്കാൾ സ്ഥാപനവത്കൃതമായ ഗവേഷണത്തിലൂടെ പുറത്തുവരുന്ന മരുന്നുകളുടെ ഉപയോഗമാണ് കൂടുതൽ മാരകമായ ഫലങ്ങൾ നൽകുന്നതെന്നാണ്. ഔഷധവ്യവസായം സ്വതന്ത്രഗവേഷണത്തിന്റെ ഭാഗമായിട്ടല്ല, സ്ഥാപനവൽകൃതമായ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഏറെയും നടക്കുന്നത്. അയുക്തികരുടെ ഇടപെടലുകളെ ഡാൻ വിമർശിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ, അയുക്തികരെന്നു മുദ്ര കുത്തപ്പെട്ടവരേക്കാൾ യുക്തിക്കു ഭീഷണി ഉയർത്തുന്നത് സ്ഥാപനവൽകൃതമായ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്നവരാണെന്ന് ഡാൻ ഹിന്ദ് എഴുതുന്നുണ്ട്.

സ്ഥാപനവൽകൃത താൽപര്യങ്ങളെ സേവിക്കുന്ന ഗവേഷണങ്ങളെ ആധുനികമെന്നോ ജ്ഞാനോദയപരമെന്നോ വിശേഷിപ്പിക്കാൻ കഴിയില്ല. സ്ഥാപനവൽകൃതഗവേഷണം പല കാര്യങ്ങളെയും ഗോപ്യമാക്കി വയ്ക്കുന്നു. പാർശ്വഫലങ്ങൾ വ്യകതമാകാതിരിക്കാൻ പ്രായം കുറഞ്ഞ ആൾക്കാരിൽ ട്രയലുകൾ നടത്തുക, കുറഞ്ഞ കാലയളവിലേക്കുമാത്രം ട്രയലുകൾ നടത്തുക, നിലനിൽക്കുന്ന മരുന്നുകളോടു താരതമ്യം ചെയ്യുന്നതിനുപകരം പ്ലാസിബയോടു താരതമ്യം ചെയ്ത് കൂടുതൽ ക്ഷമതയുള്ളതാണെന്ന ഫലം സൃഷ്ടിക്കുക തുടങ്ങി പല കൃത്രിമങ്ങളും ബഹുരാഷ്ട്രക്കമ്പനികൾ അനുവർത്തിക്കാറുണ്ട്.

മുന്നേ ഉപയോഗിക്കപ്പെട്ടിരുന്ന വില കുറഞ്ഞ മരുന്നുകളുടെ ക്ഷമത അവഗണിക്കപ്പെടുകയായിരുന്നു. പുതിയ മരുന്നുകളുടെ രംഗപ്രവേശത്തോടെ വിഷാദരോഗം ബാധിച്ചവരുടെ എണ്ണത്തിൽ ആയിരം മടങ്ങോളം വർധനവാണുണ്ടായത്.

ഡാൻ ഹിന്ദിന്റെ മറ്റു ചില വിശദീകരണങ്ങൾ കൂടി ശ്രദ്ധിക്കുക. 1968-നും 1997-നുമിടയ്ക്ക് അയുക്തികരുടെ മരുന്നുചികിത്സ മൂലം 8985 വിപത്ഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടന പറയുമ്പോൾ അനുയോജ്യമായ രീതിയിൽ FDAയുടെ അംഗീകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് നിർദേശിക്കപ്പെട്ട ചികിത്സയിൽ അമേരിക്കയിൽ മാത്രം 1998-ൽ മാത്രം 1,06,000 ആളുകൾ മരിച്ചതായി ടൊറാേന്റോ സർവകലാശാലയിലെ ഗവേഷകവിഭാഗം നടത്തിയ പഠനം പറയുന്നു. വിഷാദരോഗത്തിന്റെയും ഉൽക്കണ്ഠയുടെയും ചികിത്സക്കായി വിതരണം ചെയ്ത പ്രാക്‌സിൽ എന്ന മരുന്നിനെക്കുറിച്ച് GSKഎന്ന ബഹുരാഷ്ട്രകമ്പനി നടത്തിയ ഒമ്പതുപഠനങ്ങളിൽ എട്ടെണ്ണവും പ്രസിദ്ധീകൃതമായില്ലെന്ന് മനഃശാസ്ത്രനായ ഡേവിഡ് ഹെയ്‌ലി വിവരിക്കുന്നുണ്ട്. 2003-ൽ ഈ പഠനങ്ങൾ കണ്ടെത്തി പരിശോധിക്കുമ്പോൾ പ്ലാസിബോയെ അപേക്ഷിച്ച് പ്രാക്‌സിൽ എന്ന മരുന്ന് 1.5 മുതൽ 2.3 മടങ്ങുവരെ കൂടുതൽ ആത്മഹത്യാഹേതുവായി തീരുന്നുവെന്നു കണ്ടെത്തുന്നുണ്ട്. പ്രാക്‌സിലിന്റെ വിൽപന വാണിജ്യത്തിലെ വളരെ വലിയ ഒരു വിജയകഥയാണ് പറയുന്നത്. 1988-ൽ അമേരിക്കയിൽ ഇതിന്റെ വിതരണം ആരംഭിച്ചതിനുശേഷം 2004 ആകുമ്പോഴേക്കും അഞ്ചുകോടി മനുഷ്യർക്ക് ഇതു വിതരണം ചെയ്യപ്പെട്ടു. മുന്നേ ഉപയോഗിക്കപ്പെട്ടിരുന്ന വില കുറഞ്ഞ മരുന്നുകളുടെ ക്ഷമത അവഗണിക്കപ്പെടുകയായിരുന്നു. പുതിയ മരുന്നുകളുടെ രംഗപ്രവേശത്തോടെ വിഷാദരോഗം ബാധിച്ചവരുടെ എണ്ണത്തിൽ ആയിരം മടങ്ങോളം വർധനവാണുണ്ടായത്.

ഉദരപ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വേദനാസംഹാരിയായി ഉപയോഗിക്കാൻ കഴിയുമെന്ന പ്രചാരണത്തോടെ വിപണിയിലെത്തിയ വയോക്‌സ് എന്ന മരുന്ന് ഹൃദയസ്തംഭനത്തിനു കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ തുടക്കം മുതലേ ഉണ്ടായിരുന്നു. പൊതുജനങ്ങൾക്കിടയിൽ ഏറ്റവും നാശമുണ്ടാക്കിയ മരുന്നായി അതു മാറി. രണ്ടായിരമാകുമ്പോഴേക്കും അമേരിക്കയിൽ അതിന്റെ വാർഷികവിൽപന ഒന്നര ബില്യൻ ഡോളറോളമായിരുന്നു. പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിൽ വലിയ പരസ്യമാണ് ഈ ഔഷധത്തിന് കമ്പനികൾ നൽകിയത്. പരസ്യത്തിനു ചെലവഴിച്ച തുക പെപ്‌സിയുടെ പരസ്യത്തിന് ചെലവഴിച്ച തുകയെക്കാളും അധികമായിരുന്ന വർഷങ്ങളുണ്ടായിരുന്നു. 160 മില്യൻ ഡോളറോളം വരുന്ന ബജറ്റായിരുന്നു പരസ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടത്. 2004 ആഗസ്റ്റിൽ ഈ മരുന്നിന്റെ മാരക പാർശ്വഫലങ്ങൾ ഉറപ്പിക്കപ്പെടുകയും അമേരിക്ക ഉൾപ്പെടെ എൺപതോളം രാജ്യങ്ങളിൽ നിന്ന് അതു പിൻവലിക്കപ്പെടുകയും ചെയ്തു.

ഉദരപ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വേദനാസംഹാരിയായി ഉപയോഗിക്കാൻ കഴിയുമെന്ന പ്രചാരണത്തോടെ വിപണിയിലെത്തിയ വയോക്‌സ് എന്ന മരുന്ന് ഹൃദയസ്തംഭനത്തിനു കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ തുടക്കം മുതലേ ഉണ്ടായിരുന്നു / Photo: YouTube Screenshot

പൊതുജന താൽപര്യത്തിലുള്ള ശാസ്ത്രം നേരിടുന്ന വലിയ വിപത്ത് അയുക്തികരായ എതിരാളികളിൽ നിന്നല്ലെന്ന്, അത് സ്ഥാപനവൽകൃതമായ ഗവേഷണത്തിൽ നിന്നാണെന്ന് വയോക്‌സ് എന്ന മരുന്ന് സൃഷ്ടിച്ച നാശം തെളിയിക്കുന്നതായി ഡാൻ ഹിന്ദ് എഴുതുന്നുണ്ട്. എന്നാൽ, കോർപറേറ്റ് കമ്പനികളുടെ ഇത്തരം ചൂഷണങ്ങളെയും മനുഷ്യരിൽ സൃഷ്ടിക്കുന്ന പാർശ്വഫലങ്ങളെയും അത്യാപത്തുകളെയും എതിർക്കുന്നവരെ ശാസ്ത്രയുക്തിക്കെതിരെ നിൽക്കുന്നവരായി ചിത്രീകരിക്കുന്ന സ്ഥിതി യുകതിവാദികളുടെയും മറ്റും ഇടയിൽ വ്യാപകമായിട്ടുണ്ട്. ശാസ്ത്രയുക്തിയുടെ പേരിൽ നടക്കുന്ന ശാസ്ത്രയുക്തിവിരുദ്ധമായ ഇത്തരം പ്രവണതകൾ നിശിതമായി വിമർശിക്കപ്പെടേണ്ടതാണ്.

ഇതേരൂപത്തിലുള്ള വിവിധ പ്രശ്‌നങ്ങളെ എല്ലാ ചികിത്സാപദ്ധതികളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും അവയ്ക്കിടയിലെ സമന്വയത്തിനും സമവായത്തിനും തിരുത്തലുകൾക്കും പകരം കേവലയുക്തിയുടെ പ്രയോഗത്തിലൂടെ ശത്രുതാപരമായ അവസ്ഥ സൃഷ്ടിക്കുന്നതിനും മറ്റു ചികിത്സാപദ്ധതികളുടെ നിർദേശങ്ങളെ അപഹസിക്കുന്നതിനുമാണ് ഈ കോവിഡ് കാലത്തുപോലും പലരും ശ്രമിച്ചത്. ഹോമിയോ മരുന്നായ ആഴ്‌സെനിക ആൽബം വിതരണം ചെയ്യുന്നതിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന കാരണം ആഴ്‌സെനിക് എന്ന മാരക വിഷം വിതരണം ചെയ്യുന്നുവെന്നതായിരുന്നു. കുടിവെള്ളത്തിലൂടെയും കടൽമത്സ്യത്തിലൂടെയും മനുഷ്യരുടെ ശരീരത്തിലേക്ക് ആഴ്‌സെനിക് എല്ലാദിവസവും എത്തിച്ചേരുന്നുണ്ടെന്നും നിർദേശിക്കപ്പെട്ട ഹോമിയോ മരുന്നിൽ ഇവയെ അപേക്ഷിച്ച് എത്രയോ വളരെ നേരിയ അളവിൽ മാത്രമേ ആഴ്‌സനിക് അടങ്ങിയിട്ടുള്ളൂവെന്നും മറ്റുമുള്ള വിവരങ്ങൾ മറച്ചുകൊണ്ടായിരുന്നു കേരള ശാസ്ത്രസാഹിത്യപരിഷത്തുപോലും പ്രചാരണം നടത്തിയത്.

എന്നാൽ, ആധുനിക ചികിത്സയിൽ നിലനിൽക്കുന്ന ഇതിലും അപകടകരമായ പ്രശ്‌നങ്ങളെ ശാസ്ത്രസംഘടനകൾ പോലും അവഗണിക്കുന്നതായിട്ടാണ് കാണുന്നത്. ഉദാഹരണത്തിന് ഹൃദയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആസ്പിരിൻ സൃഷ്ടിക്കുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൽകുന്ന മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് അപകടകരമാണ്. ഇക്കാര്യം പല ഡോക്ടർമാരും തങ്ങളുടെ രോഗികളോടു പറയാറില്ല. (എന്നെ ചികിത്സിക്കുന്ന ഡോക്ടർ ഒരു നിശ്ചിത കാലയളവിനുശേഷം അതു നിർദേശിക്കാതിരിക്കുകയും ദീർഘകാലം അത് കഴിക്കുന്നത് ഉചിതമല്ലെന്നു പറയുകയും ചെയ്തു.) ചികിത്സാ സമ്പ്രദായങ്ങൾ പലവിധത്തിലുള്ള പരിമിതികളെ വഹിക്കുന്നുണ്ടെന്ന് കാണാതിരിക്കുന്നത് ശാസ്ത്രീയമായ ഒരു സമീപനമല്ല. ചിലപ്പോൾ, മറ്റു ചികിത്സാപദ്ധതികൾ നിർദേശിക്കുന്ന മരുന്നുകൾ ഇത്തരം പരിമിതികളെ തരണം ചെയ്യുന്നതിന് സഹായകമായേക്കും.

ചൈനയിലെ പരമ്പരാഗതവൈദ്യത്തെ കുറിച്ച് സന്ദേഹമുന്നയിച്ച അവിടുത്തെ ആധുനികവൈദ്യന്മാരോട് മാവോ സെ തുങ് പറഞ്ഞ മറുപടി ഇവിടെയും പ്രസകതമാണ് / Photo: Flickr

ഗർഭിണികളിലുണ്ടാകുന്ന ഉദരവായുപ്രശ്‌നത്തിന് ആയുർവേദത്തിലെ ധാന്വന്തരം ഗുളിക നിർദേശിച്ച ഒരു ഗൈനക്കോളജിസ്റ്റ് എന്റെ അനുഭവത്തിലുണ്ട്. വിവിധ ചികിത്സാപദ്ധതികളുടെ ധാരണകളെ ത്യാജഗ്രാഹ്യ വിവേചനബുദ്ധിയോടെ സമീപിക്കുകയാണ് വേണ്ടത്. ആപേക്ഷികമായ മെച്ചങ്ങളെയും കുറവുകളെയും മനസ്സിലാക്കണം. ആധുനിക ഭൗതികശാസ്ത്രത്തോടൊപ്പം വളർന്നുവന്ന ആധുനികവൈദ്യത്തിന് ഇതര ചികിത്സാപദ്ധതികളെ അപേക്ഷിച്ച് വലിയ മെച്ചങ്ങളുണ്ട്. എന്നാൽ, മനുഷ്യചരിത്രത്തിൽ ദീർഘകാലം നിലനിൽക്കുകയും ഉപയോഗിക്കുകയും ചെയ്ത പഴയ ചികിത്സാപദ്ധതികളെ പാടേ തള്ളിക്കളയുന്നതിനുള്ള വാദമായി ഇതു മാറരുത്.

ശാസ്ത്രം ഇതര മാനവികവ്യവഹാരങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യവഹാരമാണ്. ആപേക്ഷികമായി സവിശേഷമെച്ചങ്ങളുള്ള വ്യവഹാരമാണത്. എന്നാൽ, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടെയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്.

ചൈനയിലെ പരമ്പരാഗതവൈദ്യത്തെ കുറിച്ച് സന്ദേഹമുന്നയിച്ച അവിടുത്തെ ആധുനികവൈദ്യന്മാരോട് മാവോ സെ തുങ് പറഞ്ഞ മറുപടി ഇവിടെയും പ്രസകതമാണ്. ദീർഘകാലമായി അവ നിലനിന്നിട്ടുണ്ടെങ്കിൽ ഫലപ്രദമാണെന്നതിന് ഇനിയും മറ്റൊരു തെളിവു വേണോയെന്നു മാവോ ചോദിക്കുകയുണ്ടായി. കാലത്തിന്റെ പരീക്ഷണശാലയിൽ അവ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് മാവോ പറഞ്ഞത്. സംഭാവ്യതാപഠനങ്ങൾ പ്രകൃതിയിലും ജീവിതത്തിലും നടക്കുന്നുണ്ട്. മറ്റൊരു രീതിയിൽ, പ്രകൃതിയിൽ നടക്കുന്ന സംഭാവ്യതാപഠനങ്ങൾ കൂടുതൽ ഉറപ്പുള്ളവയാണ്. പരീക്ഷണശാലയിലെ സാംഖ്യക പഠനങ്ങളിലൂടെ തെരഞ്ഞെടുത്ത മരുന്നുകൾ പിന്നീട് പാർശ്വഫലങ്ങൾ മൂലവും മറ്റും നിരോധിക്കേണ്ടി വരുന്നുണ്ടല്ലോ? വ്യത്യസ്ത ചികിത്സാപദ്ധതികളുടെ ആപേക്ഷികമായ ക്ഷമതയെക്കുറിച്ചുള്ള ഈ ധാരണയെ ആപേക്ഷികതാവാദത്തിലേക്കു വലിച്ചുനീട്ടി പൊട്ടിച്ച് എല്ലാ കപടശാസ്ത്രങ്ങൾക്കും അംഗീകാരം നൽകുന്നതിനുള്ള വാദമാണിതെന്നു പറയുന്നതിനോട് ഈ ലേഖകൻ യോജിക്കുന്നില്ല. ആപേക്ഷികതയും ആപേക്ഷികതാവാദവും വ്യത്യസ്തമായ കാര്യങ്ങളാണ്.

ശാസ്ത്രം ഇതര മാനവികവ്യവഹാരങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യവഹാരമാണ്. ആപേക്ഷികമായി സവിശേഷമെച്ചങ്ങളുള്ള വ്യവഹാരമാണത്. എന്നാൽ, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടെയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും സവിശേഷതകളിൽ വ്യത്യസ്തവും അതതുകളുടെ മേഖലകളിൽ പ്രസകതവുമാണ്. അവ പരസ്പരം പ്രതിപ്രവർത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണുതാനും. പരസ്പര വിമർശവും അത്യാവശ്യമാണ്. എന്നാൽ, ഏതെങ്കിലും ഒരു വ്യവഹാരത്തിന്റെ മൂല്യങ്ങളിലേയ്ക്ക് ഇതരവ്യവഹാരങ്ങളെ ചുരുക്കാനുള്ള ശ്രമങ്ങൾ അനുലോമമല്ല. വിവിധ ചികിത്സാപദ്ധതികളും വൈദ്യസമ്പ്രദായങ്ങളും തമ്മിൽ ഇങ്ങനെയൊരു ബന്ധം നിർമിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്നതായിരിക്കും ഉചിതം. അത് ജനാധിപത്യപരമായ ഒരു സമീപനമായിരിക്കും. എന്നാൽ, നമ്മുടെ കോവിഡ് കാല പ്രതിസന്ധി പോലും ഇത്തരമൊരു സമീപനത്തിനു വഴിവെച്ചില്ലെന്നത് സങ്കടകരമായിരിക്കുന്നു.

ശാസ്ത്രത്തെ ദൈവമായി കണ്ട് കേവലയുക്തിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്, വാക്‌സിൻ സ്വീകരിക്കാൻ വിമുഖരായി പ്രാർഥനയിൽ അഭയം തേടുന്നതിൽ നിന്ന് ഒട്ടും ഭിന്നമല്ലാത്ത സമീപനമാണ്. മഹാവിഷ്ണുവോ യേശുക്രിസ്തുവോ ശാസ്ത്രമോ - ഏതാണ് നിങ്ങളുടെ ദൈവമെന്ന പ്രശ്‌നത്തിലേക്കു കാര്യങ്ങളെ ചുരുക്കുന്ന കാര്യം. അനിശ്ചിതമായ നില സ്വീകരിക്കുകയും നിരന്തരം നവീകരിക്കുകയും പുതിയ ചോദ്യങ്ങൾ എപ്പോഴും ഉന്നയിക്കുകയും ചെയ്യുന്ന ശാസ്ത്രീയതയുടെ വീക്ഷണത്തിനു വിരുദ്ധമാണിത്. നമ്മുടെ ശാസ്ത്രസംഘടനകളിൽ പോലും നിലനിൽക്കുന്ന ശരിയായ ശാസ്ത്രാവബോധത്തിന്റെ അഭാവവും സാമൂഹികമായി കാര്യങ്ങളെ നോക്കിക്കാണാനുള്ള വിമനസ്സുമാണ് ഈ കോവിഡ് കാലവും നമുക്കു നൽകിയത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments