ബി. ഇക്ബാൽ

പുതിയ വൈറസ്​ വകഭേദങ്ങൾക്ക്​
വാക്​സിൻ അസമത്വവും കാരണമാണ്​

വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതക വ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്. 70 കോടി ജനങ്ങളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഒരു ഡോസ് ലഭിച്ചവർ 9.9 ശതമാനവും രണ്ട് ഡോസും കിട്ടിയവർ 6.7 ശതമാനവും മാത്രമാണ്.

ബോട്ട് സ്വാന, ദക്ഷിണാഫ്രിക്ക എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്​ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ ഇതിനകം വ്യാപിച്ച 50 ലേറെ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം, ഡൽറ്റ വൈറസിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ള വൈറസാണിത്​. എന്നാൽ രോഗതീവ്രത ഡൽറ്റയേക്കാൾ കുറവാണ്. ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണവും ആശുപത്രി അഡ് മിഷനും വർധിച്ചിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലെത്തിയ രോഗികളുടെ എണ്ണം കുറവാണ്. ഒമിക്രോൺ മൂലം പത്ത് പേരാണ് ദക്ഷിണാഫ്രിക്കയിൽ മരിച്ചത്. മരണനിരക്ക് 6.6%. എന്നാൽ മുൻ വകഭേദങ്ങൾ മൂലമുള്ള മരണനിരക്ക് 17- 23 ശതമാനമായിരുന്നു. കോവിഡ് വാക്‌സിനെ അതിജീവിക്കാനുള്ള കഴിവ് ഒമിക്രോണിനുമുണ്ട്. അതുകൊണ്ട് വാക്‌സിനെടുത്തവരിലും രോഗം വരാം, എന്നാൽ കടുത്ത രോഗമുണ്ടാവില്ല.
മഹാമാരിക്ക് കാരണമായ ഫ്‌ളൂ വൈറസിൻ നിന്നുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വൈറസുകൾ കൂടുതൽ ജനിതകമാറ്റത്തിന് വിധേയമാവുമ്പോൾ പകർച്ചസാധ്യത വർധിക്കുകയും രോഗരൂക്ഷതയും മരണസാധ്യതയും കുറയുകയും ചെയ്യുന്നതായി കാണാം. അങ്ങനെയാണ് മഹാമാരികൾ, ചിലയിടങ്ങളിൽ തുടർന്നും നിലനിൽക്കുന്ന, എന്നാൽ വാക്‌സിൻ വഴിയും ചികിത്സയിലൂടെയും നിയന്ത്രണ വിധേയമായമാവുന്ന പ്രാദേശിക രോഗമായി (Endemic Disease) മാറുന്നത്. ആ വഴിക്കാണ് കൊറോണാ വൈറസും നീങ്ങികൊണ്ടിരിക്കുന്നതെന്നാണ് ഒമിക്രോണിന്റെ വരവ് സൂചിപ്പിക്കുന്നത്- പുതിയ വൈറസ്​ വകഭേദത്തിന്റെ പാശ്​ചാത്തലത്തിൽ കോവിഡിന്റെ ഭാവിയെക്കുറിച്ച്​ ചില ശാസ്​ത്രീയ നിരീക്ഷണങ്ങൾ.

കെ. കണ്ണൻ: കൊറോണ വൈറസിന്റെ ഏറ്റവും പുതിയ മ്യൂട്ടന്റായ ഒമിക്രോൺ, വൈറസുകളുടെ സ്വഭാവികവും ആകസ്മികവുമായ മ്യൂട്ടേഷനിലൂടെ സംഭവിച്ചതാണോ? ഒമിക്രോണിന്റെ ‘ഉൽപ്പത്തി രഹസ്യം' എന്താണ്?

ഡോ. ബി. ഇക്​ബാൽ: കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ് -2 ആർ.എൻ. എ വൈറസായതുകൊണ്ട് ജനിതക മാറ്റത്തിലൂടെ (Mutations) വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വൈറസുകൾ മനുഷ്യകോശങ്ങൾക്കുള്ളിൽ കടന്ന് പെരുകുന്നതിന്റെ (Replication) ഭാഗമായി പകർപ്പെടുക്കുമ്പോൾ ജനിതകഘടനയിൽ നേരിയ മാറ്റം സംഭവിക്കാം. ഡി. എൻ. എ വൈറസുകളുടെ കാര്യത്തിൽ ജനിതക വ്യതിയാനങ്ങളിലെ തെറ്റ് തിരുത്താൻ (Proof Reading) സംവിധാനമുണ്ട്. എന്നാൽ, ആർ. എൻ. എ വൈറസുകളിൽ അതില്ല. അതുകൊണ്ടാണ് ആർ. എൻ. വൈറസുകൾ കൂടുതലായി ജനിതക മാറ്റത്തിന് വിധേയമാവുന്നത്. വൈറസുകളിൽ സംഭവിക്കുന്ന എല്ലാ ജനിതക വ്യതിയാനങ്ങളും നിലനിൽക്കാറില്ല. വൈറസുകളുടെ എണ്ണം വർധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന (Replication and Transmission) വൈറസ് ഭേദങ്ങൾ നിലനിൽക്കും, മറ്റുള്ളവ ജൈവപരിണാമ പ്രകിയയുടെ (Biological Evolution) ഭാഗമായി നശിച്ചുപോകും.

ജനിതകമാറ്റത്തിലൂടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന വൈറസുകളുടെ കാര്യത്തിൽ നാല് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്:
1. പകർച്ചാ നിരക്ക് (Infectivity) കൂടുമോ?
2. രോഗരൂക്ഷതയും കാഠിന്യവും (Virulence) വർധിപ്പിക്കുമോ?
3. പുതിയ വകഭദേങ്ങളെ ഇപ്പോഴുപയോഗിക്കുന്ന വൈറസ് ടെസ്റ്റുകളുപയോഗിച്ച് കണ്ടെത്താൻ കഴിയുമോ?
4. ലഭ്യമായ വാക്‌സിനുകൾ ഇവക്കെതിരെ ഫലപ്രദമാവുമോ?

കോവിഡിനെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തെരുവിൽ വിതരണം ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാനെത്തിയവരുടെ നീണ്ടനിര. 2020 ജൂണിൽ ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്ന്. / Photo: Nelson Antoine, shutterstock
കോവിഡിനെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തെരുവിൽ വിതരണം ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാനെത്തിയവരുടെ നീണ്ടനിര. 2020 ജൂണിൽ ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്ന്. / Photo: Nelson Antoine, shutterstock

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന്​ വ്യത്യസ്ത ജനിതകഘടനയുള്ള മൂന്നുതരം കോവിഡ് വൈറസുകളാണ് ആദ്യ ഘട്ടത്തിൽ കണ്ടെത്തിയത്. പിന്നീട് നാലാമതൊരു ജനിതകമാറ്റം കൂടി ഇന്ത്യയിൽ നിന്നും ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റൊരു പുതിയ വകഭേദ വൈറസും റിപ്പോർട്ട് ചെയ്യപ്പെട്ടു. പകർച്ചാനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളിവയെല്ലാമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ രോഗരൂക്ഷത പൊതുവിൽ കൂടുതലായി കാണപ്പെട്ടിട്ടില്ല. കോവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റുകളുപയോഗിച്ചുതന്നെ ജനിതകമാറ്റം സംഭവിച്ച ഇത്തരം വൈറസുകൾ മൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താൻ കഴിയും.

‘ബ്രേക്ക് ത്രൂ ഇൻഫക്ഷൻ’, ‘റീ ഇൻഫക്ഷൻ’ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല. മാത്രമല്ല ആരും മരിച്ചതായും റിപ്പോർട്ടില്ല.

ഇപ്പോൾ ലഭ്യമായ വാക്‌സിനുകളെല്ലാം എല്ലാ ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ എത്തിയിട്ടുള്ള നിഗമനം. എന്നാൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ കോവിഡ് വാക്‌സിനുകളോട് ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗമുണ്ടാക്കുന്നുണ്ട്. ഇതിനെ ‘ബ്രേക്ക് ത്രൂ ഇൻഫക്ഷൻ’ എന്നാണ് വിളിക്കുക. അതുപോലെ, രോഗം വന്ന് മാറിയവരിൽ വീണ്ടും രോഗമുണ്ടാക്കാനും (റീ ഇൻഫക്ഷൻ) ഈ രണ്ട് വൈറസുകൾക്ക് കഴിയും. എന്നാൽ ‘ബ്രേക്ക് ത്രൂ ഇൻഫക്ഷൻ’, ‘റീ ഇൻഫക്ഷൻ’ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല. മാത്രമല്ല ആരും മരിച്ചതായും റിപ്പോർട്ടില്ല.

കഴിഞ്ഞ മ്യൂട്ടന്റായ ഡെൽറ്റയിൽനിന്ന് ഒമിക്രോൺ എങ്ങനെയാണ് ബയോളജിക്കലായി വ്യത്യാസപ്പെട്ടിരിക്കുന്നത്?

ഒമിക്രോണിൽ കൂടുതലായി ജനതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്‌പൈക്ക് പ്രോട്ടീൻ എന്ന താക്കോലുപയോഗിച്ചാണ് കൊറോണ വൈറസ് മനുഷ്യ കോശങ്ങളിലേക്ക് കടക്കുന്നത്, സ്‌പൈക്ക് പ്രോട്ടീന്റെ അഗ്രഭാഗമായ റിസപ്റ്റർ ബൈൻഡിഗ് ഡോമൈൻ (Receptor Binding Domain), എ. സി. ഇ ഗ്രാഹിയുമായി (ACE Receptor) പറ്റിചേർന്നാണ് കോശങ്ങളിലേക്ക് പ്രവേശിക്കുന്നതും പെരുകി മറ്റ് മനുഷ്യരിലേക്ക് വ്യപിക്കുന്നതും. പൊതുവിൽ ഒമിക്രോണിൽ ഡൽറ്റയേക്കാൾ ഇരട്ടി വ്യതിയാനം (50 ഓളം) സംഭവിച്ചിട്ടുണ്ട് സ്‌പൈക്ക് പ്രോട്ടീനിൽ ഡൽറ്റായിൽ 10 വ്യതിയാനമാണുണ്ടായിരുന്നതെങ്കിൽ ഒമിക്രോണിൽ 30 എണ്ണമാണ് കാണാൻ കഴിഞ്ഞത്. റിസപ്റ്റർ ബൈൻഡിഗ് ഡോമൈൻ വ്യതിയാനം ഒമിക്രോണിൽ 10 ഉം ഡൽറ്റായിൽ 2 ഉം മാണുള്ളത്. തന്മൂലം ഒമിക്രോണിന്റെ വ്യാപന ശേഷി ഡൽറ്റയേക്കാൾ കൂടുതലായിരിക്കും.

ഡെൽറ്റ വൈറസിന്റേയും ഒമിക്രോൺ വൈറസിന്റേയും സ്‌പൈക് പ്രോട്ടീനുകളിലെ മ്യൂ​ട്ടേഷനുകളുടെ താരതമ്യം. നിറങ്ങൾ ചേർത്ത പൊട്ടുകളൊക്കെ മ്യൂടേഷൻ സംഭവിച്ച ഇടങ്ങളാണ്. / Graphics: cen.acs.org
ഡെൽറ്റ വൈറസിന്റേയും ഒമിക്രോൺ വൈറസിന്റേയും സ്‌പൈക് പ്രോട്ടീനുകളിലെ മ്യൂ​ട്ടേഷനുകളുടെ താരതമ്യം. നിറങ്ങൾ ചേർത്ത പൊട്ടുകളൊക്കെ മ്യൂടേഷൻ സംഭവിച്ച ഇടങ്ങളാണ്. / Graphics: cen.acs.org

ഒമിക്രോണുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക, അത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ വേഗം കൂട്ടുമെന്നതാണ്. ഇതുവരെയുള്ള കണക്കനുസരിച്ച്, 57 രാജ്യങ്ങളിലാണ് ഒമിക്രോൺ സാന്നിധ്യമുള്ളത്. ഡെൽറ്റാ വകഭേദം, വീടുകൾക്കുള്ളിലിരിക്കുന്നവരിൽ പോലും വ്യാപകമായി പടർന്നുവല്ലോ. നിലവിലുള്ള രോഗസാഹചര്യങ്ങളെ ഒമിക്രോൺ എങ്ങനെയെല്ലാമാണ് മാറ്റിത്തീർക്കുക?.

രോഗവ്യാപനം വർധിക്കും, എന്നാൽ ഡൽറ്റാ വൈറസിനെ പോലെതന്നെ രോഗ രൂക്ഷത വർധിക്കില്ല. ഭാഗികമായി മാത്രമേ ഇപ്പോഴുള്ള വാക്‌സിനുകളെ അതിജീവിക്കുകയുള്ളൂ. എന്നാൽ വ്യാപനം കൂടുമ്പോൾ അപകടസാധ്യതയുള്ളവരെ (പ്രായാധിക്യമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ) കൂടുതലായി ബാധിക്കുകയും മരണസഖ്യ ഉയരുകയും ചെയ്യാം. അതുകൊണ്ട് രണ്ട് ഡോസ് വാക്‌സിനേഷനെടുക്കുകയും കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കുകയും ചെയ്യുന്നത് കൂടുതൽ ശക്തിപ്പെടുത്തേണ്ടിവരും.

കേരളത്തെ സംബന്ധിച്ച്​ ജനസാന്ദ്രതയും പ്രായാധിക്യമുള്ളവരും അപകടസാധ്യതയുള്ള രോഗമുള്ളവരും കൂടുതലായതുകൊണ്ട് കരുതൽ നടപടി ശക്തിപ്പെടുത്തേണ്ടതാണ്.

കോവിഡിന്റെ ചരിത്രത്തിൽ ആദ്യമായി, ഇപ്പോഴത്തെ വാക്സിൻ നിർമാതാക്കൾ, നിലവിലെ വാക്സിനുകളുടെ ഡിസൈൻ, ഒമിക്രോണിന്റെ പാശ്ചാത്തലത്തിൽ നവീകരിക്കാനുള്ള ഗവേഷണത്തിലാണ്. വാക്സിനുകളുടെ ‘രണ്ടാം തലമുറ' വേണ്ടിവരുമെന്ന നിഗമനങ്ങളും വരുന്നു. നിലവിലുള്ള കോവിഡ് വാക്സിനുകൾ ഒമിക്രോണിനെതിരെ എത്രമാത്രം ഫലപ്രദമാണ്? ഇൻഫ്ളൂവൻസ വാക്സിനെപ്പോലെ, ഓരോ വർഷവും വാക്സിൻ എടുക്കേണ്ട സ്ഥിതിയിലേക്ക് കോവിഡ് പരിണമിക്കാനുള്ള സാധ്യതയുണ്ടോ?

ഡൽറ്റായുടെ കാര്യത്തിലെന്ന പോലെ ഭാഗികമായ വാക്‌സിൻ അതിജീവന ശേഷി മാത്രമാണ് ഒമിക്രോണിനുമുള്ളത്. ഇപ്പോഴുള്ള വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന പുതിയ വാക്‌സിനുകൾ താമസിയാതെ കണ്ടെത്താനാവും. ഫ്‌ളൂ വൈറസിന്റെ കാര്യത്തിലെന്നപോലെ വർഷം തോറും വാക്‌സിനെടുക്കേണ്ടി വന്നേക്കാം. വാക്‌സിനിലൂടെ എത്രനാൾ പ്രതിരോധം നിലനിർത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്.

Photo : Screenshot
Photo : Screenshot

ബൂസ്റ്റർ ഡോസാണ് ഫലപ്രദം എന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് കേന്ദ്ര സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും വാർത്തയുണ്ട്. യു.എസിലും ബ്രിട്ടനിലും ബൂസ്റ്റർ ഡോസ് നൽകുന്നു. ബൂസ്റ്റർ ഡോസ് ഒമിക്രോൺ മൂലമുണ്ടാകമെന്ന് പറയപ്പെടുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളെ തടയാൻ എത്രമാത്രം പര്യാപ്തമാണ്? ബൂസ്റ്റർ ഡോസ് ആവശ്യമായാൽ തന്നെ, നിലവിലുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് പര്യാപ്തമാകുമോ?

ബൂസ്റ്റർ ഡോസ് നൽകുന്നത് ഒമിക്രോണിനെതിരായി മാത്രമല്ല. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും നാല്പത് കഴിഞ്ഞവരിൽ പലർക്കും വാക്‌സിൻ നൽകിയിട്ട് ഒരു വർഷമാകുന്നു. ഇവരുടെ വാക്‌സിൻ പ്രതിരോധം കുറഞ്ഞ് (Immune Decay) കാണും. അതുകൊണ്ടാണ് ബൂസ്റ്റർ നൽകുന്നത്. പ്രതിരോധം കുറഞ്ഞാൽ ഏത് വൈറസ് വകഭേദവും ബാധിക്കാം. ഇപ്പോൾ ലഭ്യമായ വാക്‌സിനുകളിൽ മിക്കവയും ബൂസ്റ്ററായി നൽകാമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവാക്‌സിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇപ്പോൾ നാം സ്വീകരിച്ചുവരുന്ന പ്രതിരോധ സംവിധാനങ്ങളായ മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള നടപടികൾ, ഇത്തരം പുതിയ വേരിയന്റുകളുയർത്തുന്ന ആശങ്കയുടെ സാഹചര്യത്തിൽ ശാസ്ത്രീയമായി നവീകരിക്കേണ്ടതുണ്ടോ?

കേരളത്തെ സംബന്ധിച്ച്​ ജനസാന്ദ്രതയും പ്രായാധിക്യമുള്ളവരും അപകടസാധ്യതയുള്ള രോഗമുള്ളവരും കൂടുതലായതുകൊണ്ട് കരുതൽ നടപടി ശക്തിപ്പെടുത്തേണ്ടതാണ്. ഇരട്ട മാസ്‌കോ, എൻ- 95 മാസ്‌കോ ധരിക്കണമെന്ന നിർദ്ദേശം ഇപ്പോൾ പൊതുവേ അവഗണിക്കപ്പെട്ട് വരികയാണ്. ഒമിക്രോണിന്റെ വ്യാപന നിരക്ക് കൂടുതലായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതാണ്. ഇപ്പോൾ കേരളത്തിൽ വ്യാപകമായി നടന്നുവരുന്ന പൊതുപരിപാടികളുടെ (സാംസ്‌കാരിക, രാഷ്ടീയ സമ്മേളനങ്ങൾ, വിവാഹ- മത ചടങ്ങുകൾ) സംഘാടകർ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് പരിപാടി സ്ഥലത്തുതന്നെ എൻ- 95 മാസ്‌ക് ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കേണ്ടതാണ്.

ഇനിയും 4-5 ലക്ഷം പേർക്കെങ്കിലും വാക്​സിൻ ആദ്യഡോസ് കിട്ടാനുണ്ട്​. ഈ വിഭാഗത്തിൽ പെട്ടവരാണ് ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നത്.

ഇടവേളകളിൽ (ആഹാരം കഴിക്കുക, സംസാരിക്കുക,) മാസ്‌ക് മാറ്റുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുകയും കഴിവതും പൊതു പരിപാടികളിൽ പാനീയങ്ങളും മറ്റും നൽകുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യണം. മാസ്‌ക് ധാരണം കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് മുറികളിലെ വായുസഞ്ചാരം (Ventilation) ഉറപ്പാക്കലാണ്. അടഞ്ഞ മുറികളിലും എ. സി മുറികളിലും ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. ഇതിലേക്ക് സർക്കാർ ഓഫീസുകൾ മാതൃക കാട്ടേണ്ടതാണ്. എല്ലാ സർക്കാർ ഓഫീസുകളിലും എ. സി ഒഴിവാക്കി വായുസഞ്ചാരം ഉറപ്പാക്കണമെന്നും അടഞ്ഞ മുറികളിലെ കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും നിർദ്ദേശം നൽകുന്നത് ജനങ്ങൾക്കുള്ള നല്ലൊരു ആരോഗ്യ സന്ദേശമായിരിക്കും.

കരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതാണ്. ഇരട്ട മാസ്‌കോ, എൻ- 95 മാസ്‌കോ ധരിക്കണമെന്ന നിർദ്ദേശം ഇപ്പോൾ പൊതുവേ അവഗണിക്കപ്പെട്ട് വരികയാണ്.
കരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതാണ്. ഇരട്ട മാസ്‌കോ, എൻ- 95 മാസ്‌കോ ധരിക്കണമെന്ന നിർദ്ദേശം ഇപ്പോൾ പൊതുവേ അവഗണിക്കപ്പെട്ട് വരികയാണ്.

കേരളത്തിൽ, ഏറെ പേർക്കും കോവിഡ് വന്ന് ഭേദമാകുകയും രണ്ടു ഡോസ് വാക്സിനേഷൻ ഭൂരിപക്ഷം പേരും എടുത്ത സ്ഥിതിക്കും, ഒമിക്രോണിനെച്ചൊല്ലി കേരളം ആശങ്കിക്കേണ്ടതുണ്ടോ?

അമിത ആശങ്ക വേണ്ട; എന്നാൽ ചില വിശദാംശങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്‌സിനേഷനിൽ കേരളം വളരെ മുൻപന്തിയിലാണെങ്കിലും ഒന്നാം ഡോസ് കിട്ടേണ്ടവർ ഇനിയും അവശേഷിക്കുന്നുണ്ട്. 2.72 കോടിയാണ് പതിനെട്ട് വയസ്സിനു മേൽ പ്രായമുള്ളവർ. 96% പേർക്ക്​ ഒന്നാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ടെങ്കിലും ഇനിയും 4-5 ലക്ഷം പേർക്കെങ്കിലും ആദ്യഡോസ് കിട്ടാനുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ പെട്ടവരാണ് ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നത്. ഇവരിൽ പലരും വാക്‌സിൻ വിമുഖത (Vaccine Hesitancy) കാട്ടുന്നുണ്ട് . 60+ പ്രായത്തിൽ വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്തി ഒരു മോപ്പിങ് അപ്പ് ഓപ്പറേഷൻ (Mopping Up Operation) വഴി എല്ലാവർക്കും വാക്‌സിൻ നൽകേണ്ടതാണ്. അങ്ങനെ മാത്രമേ മരണസംഖ്യ കുറക്കാനാവൂ.

വാക്സിൻ വിതരണത്തിലെ അസമത്വത്തെയും അവികസിത രാജ്യങ്ങളോടുള്ള വിവേചനത്തെയും ചൂണ്ടിക്കാണിച്ച്, വാക്സിൻ വംശീയത എന്ന ഒരാശയം താങ്കൾ അടക്കമുള്ള, പൊതുജനാരോഗ്യ വിദഗ്ധർ മുന്നോട്ടുവക്കുകയും അതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഒമിക്രോൺ റിപ്പോർട്ടുചെയ്ത അവസരത്തിലും സമാനമായ ഒരു വംശീയയും വിവേചനവും പ്രത്യക്ഷമായി. നവംബർ ആദ്യം വൈറസ് വകഭേദം കണ്ടെത്തിയ ഉടൻ ദക്ഷിണാഫ്രിക്ക അത് റിപ്പോർട്ടു ചെയ്യുകയും അതുമായി ബന്ധപ്പെട്ട പഠന- ഗവേഷണങ്ങൾ തുടങ്ങുകയും ചെയ്തു. എന്നാൽ, ഒമിക്രോണിന്റെ ഉറവിടം ദക്ഷിണാഫ്രിക്കയാണെന്ന തരത്തിൽ പ്രചാരണം നടക്കുകയും ഒരുതരത്തിലുമുള്ള ശാസ്ത്രീയ സ്ഥിരീകരണവുമില്ലാതെ സമ്പർക്കയാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇത്തരം അരാഷ്ട്രീയ നിലപാടുകൾക്ക് ഇപ്പോഴും ശാസ്ത്രത്തെ ഹൈജാക്ക് ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ടാണ്?

രാഷ്ടീയ- സാമൂഹ്യ രംഗത്ത് നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളും മുൻധാരണകളും മഹാമാരി കാലത്തും തുടരാറുണ്ട്, അതാണിപ്പോൾ കാണുന്നത്. വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതക വ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്‌സിൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ലോകരാജ്യങ്ങൾ മൊത്തമെടുത്താൽ 43% പേർക്ക് രണ്ട് ഡോസ്​ വാക്‌സിനും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ 70 കോടി ജനങ്ങളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഒരു ഡോസ് ലഭിച്ചവർ 9.9 ശതമാനവും രണ്ട് ഡോസും കിട്ടിയവർ 6.7 ശതമാനവും മാത്രമാണ്. ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ ഒന്നും രണ്ടും ഡോസ് ലഭിച്ചവർ യഥാക്രമം 28, 24 ശതമാനമാണ്.

കോവിഡ് വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക- ദരിദ്ര രാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്‌സിൻ വർണവിവേചനം  എന്നും വാക്‌സിൻ അസമത്വം എന്നുമാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.  / Photo:  Screenshot from cbc video
കോവിഡ് വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക- ദരിദ്ര രാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്‌സിൻ വർണവിവേചനം എന്നും വാക്‌സിൻ അസമത്വം എന്നുമാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. / Photo: Screenshot from cbc video

കോവിഡ് വാക്‌സിൻ ലഭ്യമായി തുടങ്ങിയ ഘട്ടത്തിൽ സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിലേറെ വാക്‌സിൻ വാങ്ങി സ്റ്റോക്ക് ചെയ്തതു മൂലമാണ് വികസ്വരരാജ്യങ്ങൾക്ക് ആവശ്യമായ വാക്‌സിൻ ലഭിക്കാതെ പോയത്. ഇപ്പോൾ തന്നെ അമേരിക്കയിൽ 11 കോടിയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 20 കോടിയും വാക്‌സിൻ ഡോസുകൾ; ബൂസ്റ്റർ ഡോസിനാവശ്യമായത് കണക്കിലെടുത്താൽ പോലും, ആവശ്യത്തിൽ കൂടുതലായി കെട്ടികിടക്കയാണ്. വാക്‌സിൻ ഉല്പാദിപ്പിച്ചുകഴിഞ്ഞാൽ മൂന്ന് മാസത്തിനകം ഉപയോഗിക്കേണ്ടതുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളും മറ്റും വാക്‌സിൻ കിട്ടാതെ വലയുമ്പോൾ അമേരിക്കയിൽ കാലഹരണപ്പെട്ട ഒന്നരകോടി വാക്‌സിൻ ഡോസുകളാണ് കഴിഞ്ഞ സെപ്തംബറിൽ നശിപ്പിക്കപ്പെട്ടത്.

കോവിഡ് വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക- ദരിദ്ര രാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്‌സിൻ വർണവിവേചനം (Vaccine Apartheid) എന്നും വാക്‌സിൻ അസമത്വം (Vaccine Inequality) എന്നുമാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. വാക്‌സിൻ അസമത്വം പരിഹരിക്കാൻ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ കോവാക്‌സ് (COVAX: COVID-19 Vaccines Global Access) എന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളുടെ സഹകരണത്തോടെ വികസ്വര രാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ‘കോവാക്‌സി’ലൂടെ ലോകാരോഗ്യസംഘടന ശ്രമിച്ച് വരുന്നത്. 60 കോടി ഡോസുകൾ ലക്ഷ്യമിട്ടെങ്കിലും ഇതിനകം 20 കോടി ഡോസ് വാക്‌സിൻ 140 രാജ്യങ്ങൾക്ക് ‘കോവാക്‌സ്’ പദ്ധതിയുടെ ഭാഗമായി നൽകി കഴിഞ്ഞിട്ടുണ്ട്.

സങ്കുചിതമായ വാക്‌സിൻ ദേശീയതയുടെ സ്ഥാനത്ത് ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വളർത്തിയെടുക്കേണ്ട വാക്‌സിൻ സാർവദേശീയത വളർന്നുരുന്നുണ്ട്.

കോവിഡ് വാക്‌സിൻ ഉല്പാദനകമ്പനികളും വാക്‌സിൻ ഉല്പാദനവും വർധിച്ച സാഹചര്യത്തിൽ ‘കോവാക്‌സ്’ പദ്ധതിയുമായി സഹകരിച്ച് ആവശ്യമായ ഡോസ് വാക്‌സിൻ വികസ്വരരജ്യങ്ങൾക്ക് ലഭുമാക്കാൻ സമ്പന്ന രാജ്യങ്ങൾ അടിയന്തിരമായി ശ്രമിക്കയാണ് വേണ്ടത്. കാരണം ആശങ്കജനകമായ വൈറസ്​ വകഭേദങ്ങൾ എവിടെയുണ്ടായാലും വികസിത രാജ്യങ്ങളിലേതടക്കം ലോകജനതയുടെ മൊത്തം ആരോഗ്യമാണ് അപകടത്തിലാവുക.

വാക്സിനേഷൻ തന്നെയാണ്, ഒമിക്രോൺ അടക്കമുള്ള വെല്ലുവിളിക്കുള്ള നിലവിലെ ഏക പോംവഴിയെന്ന് മെഡിക്കൽ സയൻസ് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പലതരം താൽപര്യങ്ങൾ- സമ്പന്ന രാജ്യങ്ങളുടെയും മരുന്നുവിപണിയെ നിയന്ത്രിക്കുന്ന കോർപറേറ്റുകളുടെയും മറ്റും- ശാസ്ത്രീയമായ ഈ പരിഹാരത്തെ അട്ടിമറിക്കുംവിധം ഇടപെടുന്നു. അതായത്, ഏറ്റവും അടിയന്തരമായി വാക്സിൻ വേണ്ട ജനങ്ങൾക്കും രാജ്യങ്ങൾക്കും അത് കിട്ടാതെ പോകുന്നു. ലോകത്ത് ഏറ്റവും വ്യാപകമായി വാക്സിനേഷൻ നടന്ന കോവിഡ് കാലത്തെ അനുകൂലവും പ്രതികൂലവുമായ അനുഭവത്തിൽനിന്നുള്ള പാഠങ്ങളുൾക്കൊണ്ട്, വാക്സിൻ അസമത്വം എന്ന വെല്ലുവിളി ഭാവിയിൽ എങ്ങനെ മറികടക്കാം? അതിന്, മെഡിക്കൽ സയൻസിന്റെയും രാഷ്ട്രീയ വ്യവഹാരങ്ങളുടെയും മേഖലകൾക്ക് എങ്ങനെ യോജിച്ചുപ്രവർത്തിക്കാനാകും?.

സങ്കുചിതമായ വാക്‌സിൻ ദേശീയതയുടെ സ്ഥാനത്ത് ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വളർത്തിയെടുക്കേണ്ട വാക്‌സിൻ സാർവദേശീയത (Vaccine Internationalism) വളർന്നുവരുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ‘കോവാക്‌സ്​’ അത്തരം ഒരു സംരംഭമാണ്. ഇതിനുപുറമേ സന്നദ്ധസംഘടനകളും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങളിൽ വാക്‌സിൻ അസമത്വത്തിനെതിരെ സാർവദേശീയ ഐക്യദാർഢ്യത്തിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പുരോഗമന പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയായ പ്രോഗസ്സീവ് ഇന്റർനാഷണൽ (Progressive International) ആരോഗ്യമേഖലയിലെ വൻകിട മരുന്ന് നിർമാണകമ്പനികളുടെ സ്വാധീനം നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്‌സിൻ നിർമിക്കാനാവണമെന്നും വാക്‌സിൻ അസമത്വം ഒഴിവാക്കി വാക്‌സിൻ എല്ലാവരും ആവശ്യക്കാർക്ക് പങ്കിടണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ്,എന്നീ വികസിതരാജ്യങ്ങളിൽ നിന്നും ക്യൂബ, ബൊളിവിയ, അർജന്റീന, മെക്‌സിക്കോ, കെനിയ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള സഖ്യസംഘടനകൾ പ്രോഗ്രസ്സീവ് ഇന്റർനാഷണലിന്റെ ‘എല്ലാവർക്കും വാക്‌സിൻ’ എന്ന സംരംഭത്തിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാക്‌സിനുമേലുള്ള പേറ്റൻറ്​ നിബന്ധനയും കുത്തക വിപണനാധികാരവും നീക്കം ചെയ്ത് വാക്‌സിൻ ഉല്പാദിപ്പിക്കാൻ മറ്റുള്ളവർക്ക് അധികാരം നൽകേണ്ടത് വാക്‌സിൻ സാർവദേശീയത വളർത്തിയെടുക്കാൻ ആവശ്യമാണ്.

അശാസ്​ത്രീയവും അബന്ധ ജടിലങ്ങളുമായ വിശ്വാസങ്ങളുടെയും പേരിൽ വാക്‌സിനെടുക്കാതിരിക്കുന്നവർ സ്വന്തം ആരോഗ്യമല്ല സമൂഹത്തിന്റെയാകെ ആരോഗ്യമാണ് അപകടത്തിലാക്കുന്നത്.

പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാസ്‌കിൻ വികസിപ്പിച്ചെടുക്കാൻ ഓപൺ സോഴ്‌സ് പ്രസ്ഥാനങ്ങൾ (Open Source Movements) ശ്രമിച്ചുവരികയാണ്. യൂറോപ്യൻ വാക്‌സിൻ ഇനിഷ്യേറ്റീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജി- ഡൽഹി എന്നിവരുടെ സഹകരണത്തോടെ ഓപൺ സോഴ്സ് ഫാർമാ ഫൗണ്ടേഷൻ കോവിഡിനും ഭാവി മഹാമാരികൾക്കും പ്രയോജനപ്പെടുത്താവുന്ന വാക്‌സിൻ കണ്ടെത്താനായി ഓപൺ വാക്‌സ് (OpenVax) എന്നൊരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

കേരളത്തിൽ, കോവിഡ് വാക്സിൻ എടുക്കാതെ മാറിനിൽക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. വാക്സിൻ സ്വീകരിക്കാതെ, കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കില്ലെന്ന തീരുമാനം എത്ര ആശാസ്യമാണ്? വാക്സിനോടുള്ള വിമുഖത നേരിടാൻ, നിർബന്ധപൂർവമായ ഇത്തരം നടപടികളേക്കാൾ ശാസ്ത്രീയവും സാമൂഹികവുമായ കാമ്പയിനുകൾ കുറെക്കൂടി ശക്തമാക്കുകയല്ലേ വേണ്ടത്?

തീർച്ചയായും; അതേയവസരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധനിക ദരിദ്രഭേദമില്ലാതെ കോവിഡ് രോഗികളിൽ 95 ശതമാനത്തോളം പേർക്ക് കോവിഡ് ചികിത്സ സൗജന്യമായി നൽകിയ സംസ്ഥാനമാണ് കേരളം. സ്വകാര്യ ആശുപത്രികളിൽ പോകുന്നവരിൽ വലിയൊരു വിഭാഗത്തിന് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്. മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേയും ലാബറട്ടറികളിലേയും ചികിത്സാ പരിശോധനാ ഫീസും നിയന്ത്രിച്ച് നിശ്ചയിച്ചിട്ടുണ്ട്. മുൻധാരണകളുടെയും അശാസ്​ത്രീയവും അബന്ധ ജടിലങ്ങളുമായ വിശ്വാസങ്ങളുടെയും പേരിൽ വാക്‌സിനെടുക്കാതിരിക്കുന്നവർ സ്വന്തം ആരോഗ്യമല്ല സമൂഹത്തിന്റെയാകെ ആരോഗ്യമാണ് അപകടത്തിലാക്കുന്നത്. വാക്‌സിനെടുക്കാത്ത അധ്യാപകർ അതിലൂടെ എന്ത് സന്ദേശമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്? കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മാത്രമല്ല ശാസ്ത്രബോധം തളർത്തുകകൂടി ചെയ്യില്ലേ? ഗുരുതരമായ മഹാമാരി ഭീഷണി, സംസ്ഥാനം മാത്രമല്ല ലോകമാകെ നേരിടുമ്പോൾ സമൂഹത്തിനും സർക്കാരിനും സ്വാഭാവികമായും സാമൂഹ്യ താത്പര്യങ്ങൾക്കെതിരെ നിൽക്കുന്നതിനോട് പ്രതികരിക്കേണ്ടിവരും. എന്നാൽ കഴിഞ്ഞ എതാനും ദിവസമായി വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട് വാക്‌സിനെടുക്കാതിരുന്ന അധ്യാപകരിൽ പലരും വാക്‌സിൻ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കടുത്ത നടപടികൾ ഇനി സർക്കാർ സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments