വിംബിൾഡൺ കിരീടം അർഹമായി യാനിക് സിന്നർക്ക് ലഭിച്ചു. എങ്കിലും എന്റെ മനസ്സ് ആഗ്രഹിച്ചത് ഫ്രഞ്ച് ഓപ്പണിൽ തന്റെ ആദ്യത്തെ ഗ്രാൻഡ് സ്ലാം നേടിയതിനു തുടർച്ചയായി അലക്സാണ്ടർ സ്വെരേവ് വിംബിൾഡൺ കിരീടം കൂടി ഉയർത്തണമെന്നതായിരുന്നു.
ആദ്യ സെറ്റ് അതിമനോഹരമായി, പിഴവുകളില്ലാത്ത ടെന്നീസിലൂടെ സ്വെരേവ് സ്വന്തമാക്കിയപ്പോൾ ആ പ്രതീക്ഷ ശക്തമായി. പക്ഷേ പിന്നീട് സിന്നർ തന്റെ അസാമാന്യ മികവ് പുറത്തെടുത്ത് അർഹിച്ച വിജയം നേടി.
ഞാൻ സ്വെരേവിന്റെ (ആരാധകരുടെ പ്രിയപ്പെട്ട “സാഷ”യുടെ) വിജയം ആഗ്രഹിച്ചത് ഒരു ടെന്നിസ് പ്രേമി എന്ന നിലയിൽ മാത്രമല്ല; ഒരു ഡോക്ടറും പൊതുജനാരോഗ്യപ്രവർത്തകനുമെന്ന നിലയിലും കൂടിയാണ്. കാരണം, സാഷ ഓരോ മത്സരത്തിലും ടെന്നീസിലെ എതിരാളിയെ മാത്രമല്ല, തന്നെ ബാധിച്ചിട്ടുള്ള രോഗത്തെയും നേരിടുകയാണ്.
നാലാം വയസ്സിൽ തന്നെ സാഷയ്ക്ക് ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിക്കപ്പെട്ടു. അതിനുശേഷം ഓരോ ദിവസവും, ഓരോ പരിശീലനവും, ഓരോ മത്സരവും ഇൻസുലിന്റെ കരുതലോടെയാണ് മുന്നേറിയത്. ലോകം കാണുന്നത് എതിരാളിയുമായുള്ള പോരാട്ടമാണ്; എന്നാൽ അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓരോ നിമിഷവും നിയന്ത്രിച്ചുകൊണ്ടുള്ള മറ്റൊരു അദൃശ്യപോരാട്ടവും സാഷ നടത്തിക്കൊണ്ടിരിക്കുന്നു.
എന്താണ് ടൈപ്പ് 1 പ്രമേഹം?
ടൈപ്പ് 1 പ്രമേഹം ഒരു സ്വയംപ്രതിരോധ (Autoimmune) രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ആഗ്നേയഗ്രന്ഥി കോശങ്ങളെ നശിപ്പിക്കുന്നതിനാൽ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം വളരെ കുറയുകയോ പൂർണമായും ഇല്ലാതാകുകയോ ചെയ്യുന്നു. അതുകൊണ്ട് ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ അനിവാര്യമാണ്.
ഇത് ടൈപ്പ് 2 പ്രമേഹത്തിൽനിന്ന് വ്യത്യസ്തമാണ്. ടൈപ്പ് 2-ൽ ശരീരം ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതാണ് പ്രധാന പ്രശ്നം. അമിതവണ്ണം, ജീവിതശൈലി, പാരമ്പര്യം എന്നിവ ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളാണ്; എന്നാൽ ടൈപ്പ് 1 അതുകൊണ്ടല്ല ഉണ്ടാകുന്നത്.
വർഷങ്ങളോളം തന്റെ രോഗവിവരം സാഷ മറച്ചുവച്ചു. അത് തന്റെ ദൗർബല്യമായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കയായിരുന്നു കാരണം. എന്നാൽ 2022-ൽ സാഷ ലോകത്തോട് സത്യം തുറന്നുപറഞ്ഞു. അതിനുശേഷം ഒരു ടെന്നീസ് താരമെന്നതിലുപരി, ടൈപ്പ് 1 പ്രമേഹമുള്ള ലക്ഷക്കണക്കിന് കുട്ടികൾക്കും യുവാക്കൾക്കും ആത്മവിശ്വാസത്തിന്റെ പ്രതീകമായി സാഷ മാറി.

സാഷ സ്ഥാപിച്ച Alexander Zverev Foundation ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് ഇൻസുലിനും മറ്റ് ജീവൻ രക്ഷാ ചികിത്സകളും ലഭ്യമാക്കാൻ പ്രവർത്തിച്ചുവരുന്നു.
മത്സരത്തിനിടെ ഇൻസുലിൻ സ്വീകരിക്കാനുള്ള അവകാശത്തിനുവേണ്ടിയും സാഷ ശബ്ദമുയർത്തി. 2023-ലെ ഫ്രഞ്ച് ഓപ്പണിൽ കോർട്ടിൽ ഇൻസുലിൻ എടുക്കുന്നതിനെതിരായ നിയന്ത്രണത്തെ സാഷ ചോദ്യം ചെയ്തു. ഇൻസുലിൻ പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നല്ല, ജീവൻ നിലനിർത്താനുള്ള ചികിത്സയാണെന്ന് സാഷ ലോകത്തോട് ഓർമ്മിപ്പിച്ചു. ഒടുവിൽ ചികിത്സയ്ക്കാവശ്യമായ ഇൻസുലിൻ മത്സരത്തിനിടെ ഉപയോഗിക്കാനുള്ള ഔദ്യോഗിക അനുമതിയും നേടിയെടുത്തു.
കളിക്കിടെ പ്രമേഹം മൂലം പല പ്രശ്നങ്ങളും സ്വെരേവീന് നേരിടേണ്ടിവരാറുണ്ട്. ജർമ്മനിയിലെ ഹാലെയിൽ നടന്ന വിംബിൾഡിനിനു മുൻപ് നടന്ന ടെയ്‌ലർ ഫ്രിറ്റ്സിനെതിരായ സെമിഫൈനൽ മത്സരത്തിൽ തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ (Continuous Glucose Monitor - CGM) സെൻസർ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് യഥാർത്ഥത്തേക്കാൾ കൂടുതലാണെന്ന് തെറ്റായി കാണിച്ചതിനെ തുടർന്ന്, അബദ്ധത്തിൽ ആവശ്യത്തിലധികം ഇൻസുലിൻ സ്വെരേവ് കുത്തിവെച്ചു.
പിഴവ് മനസ്സിലായതോടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ മത്സരത്തിന്റെ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 350 ഗ്രാം ഗ്ലൂക്കോസ് ജെൽ സ്വെരേവീന് കഴിക്കേണ്ടിവന്നു. അത് കളിയെ പ്രതികൂലമായി ബാധിച്ചു. ഒടുവിൽ ആ മത്സരത്തിൽ മൂന്ന് സെറ്റുകൾക്ക് അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.
സ്വെരേവ് ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു:
“ഞാൻ ഓരോ മത്സരത്തിലും രണ്ട് കളികളാണ് ഒരേസമയം കളിക്കുന്നത്- ലോകം കാണുന്ന ടെന്നിസ് മത്സരവും, ആരും കാണാത്ത രക്തത്തിലെ പഞ്ചസാരയെ ഓരോ നിമിഷവും നിയന്ത്രിക്കുന്ന മറ്റൊരു പോരാട്ടവും.”
സാഷ ഒറ്റയ്ക്കല്ല ഈ പോരാട്ടത്തിൽ. പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം അക്രം, അഞ്ച് ഒളിമ്പിക് സ്വർണമെഡലുകൾ നേടിയ അമേരിക്കൻ നീന്തൽ താരം ഗാരി ഹാൾ ജൂനിയർ, സ്പാനിഷ് ഫുട്ബോൾ താരം നാച്ചോ ഫെർണാണ്ടസ്, ന്യൂസിലൻഡ് ക്രിക്കറ്റ് താരം സോഫി ഡിവൈൻ, ഒളിമ്പിക് സ്വർണമെഡൽ ജേതാവായ വെയ്റ്റ്‌ലിഫ്റ്റർ മത്തിയാസ് സ്റ്റൈനർ തുടങ്ങി നിരവധി ലോകോത്തര കായികതാരങ്ങളും ടൈപ്പ് 1 പ്രമേഹത്തോടൊപ്പം അതുല്യനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരുടെ ജീവിതം ഒരേയൊരു സന്ദേശമാണ് നൽകുന്നത്- ടൈപ്പ് 1 പ്രമേഹം സ്വപ്നങ്ങൾക്ക് തടസ്സമല്ല.

ഇന്നലെ വിംബിൾഡൺ കിരീടം അദ്ദേഹത്തിന് നഷ്ടമായി. എന്നാൽ ജീവിതത്തോടുള്ള ഈ പോരാട്ടത്തിൽ സാഷ വളരെ മുമ്പേ വിജയിച്ചുകഴിഞ്ഞു. ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികൾക്കും യുവാക്കൾക്കും അദ്ദേഹം നൽകുന്ന സന്ദേശം വിലമതിക്കാനാവാത്തതാണ്:
“പ്രമേഹം നിങ്ങളുടെ സ്വപ്നങ്ങളെ തോൽപ്പിക്കില്ല. ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ വേദിയിലും പൊരുതാം.”
അതിനാലാണ് ഇന്നും എന്റെ മനസ്സ് പറയുന്നത്-സാഷ, നിങ്ങൾ കിരീടം നേടിയില്ലെങ്കിലും, അനേകം ഹൃദയങ്ങൾ നിങ്ങൾ ഇതിനകം കീഴടക്കിക്കഴിഞ്ഞു.
