കോവിഡിനെ നേരിടുന്നതിൽ നാം തോറ്റുപോയത്​ എന്തുകൊണ്ട്​?

സ്റ്റോക്ക് തീരുകയും പുതിയ സ്റ്റോക്ക് ഇല്ലാതാവുകയും ചെയ്തപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവനും വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവൻ പ്രതിരോധ കുത്തിവെയ്പ്പ് നൽകാമെന്ന കേന്ദ്രത്തിന്റെ ഔദാര്യത്തിനിടയിലും വീഴ്ചവരുത്തിയത് സംസ്ഥാനങ്ങളാണെന്ന് കുറ്റപ്പെടുത്താൻ വേണ്ടിയാവും അങ്ങനെ ചെയ്തത്.

ഹാമാരിയ്ക്ക് മുന്നിൽ നമ്മൾ പരാജയപ്പെടുന്നതിന്റെ മുഖ്യകാരണം ഭൂരിപക്ഷാധിപത്യ സമീപനമാണ്. പേര് സൂചിപിക്കുന്നത് പോലെ ഭൂരിപക്ഷാധിപത്യവാദം, ജനതയിലെ ഭൂരിപക്ഷത്തെയല്ല ഉൾക്കൊള്ളുന്നത്. ഒരു ചെറു ന്യൂനപക്ഷത്തിനുവേണ്ടി അത് ഭൂരിപക്ഷത്തെ അകറ്റി നിർത്തുന്നു. ഒരു മഹാമാരിയെ നേരിടുന്നതിന് അവശ്യം വേണ്ട കൂട്ടായ ഉത്തരവാദിത്ത ബോധവും അനുകമ്പയോടെയുള്ള ഇടപെടലും ഇല്ലാതായി പോകുന്നതിന് കാരണം, ഒരു നീതി ബോധവുമില്ലാത്ത ഈ അകറ്റി നിർത്തലാണ്. അതാണ് നരേന്ദ്രമോദി പ്രതിനിധീകരിക്കുകയും സമൂഹവും വിശ്വാസം അർപ്പിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യുന്നത്.

സാധാരണ ഗതിയിൽ വിവിധ സാമൂഹ്യ ഗ്രൂപ്പുകൾ എളുപ്പം അംഗീകരിക്കാത്ത കാര്യങ്ങൾക്ക് സ്വീകാര്യത നൽകാൻ ഭൂരിപക്ഷാധിപത്യവാദം നിർമിച്ചെടുക്കുന്ന മനോഭാവത്തിന് കഴിയുന്നു. എല്ലാ കാര്യങ്ങളും ക്രമപ്പെടുത്താൻ ആക്രമവും സഹനവും ആവശ്യമാണെന്ന വാദത്തെ അത് നീതികരിക്കുന്നത് ഇതിന്റെ ഭാഗമാണ്. എതിരാളികളും ശത്രുക്കളും ആയി ചിത്രീകരിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങളെ പരമാർശിച്ചാണ് ഈ വാദം മുന്നോട്ടുവെയ്ക്കുക. ഇത് പിന്നീട് പൊതുബോധത്തെ കീഴ്‌പ്പെടുത്തുകയും അക്രമങ്ങൾക്കും പീഢനങ്ങൾക്കുമെതിരെ ശബ്ദിക്കാനും പോലും ആകാത്ത അവസ്ഥയിലേക്ക് നമ്മെ മാറ്റിയെടുക്കുകയും ചെയ്യുന്നു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഡൽഹിയിലെ  കുടിയേറ്റ തൊഴിലാളികൾ  /   Photo : Rubin Joseph, FB
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികൾ / Photo : Rubin Joseph, FB

ഇതാണ് കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സംഭവിച്ചത്. ഇപ്പോൾ ജനങ്ങൾ ആശുപത്രിയിൽ പ്രവേശനം കിട്ടാതെയും ഓക്‌സിജൻ ലഭിക്കാതെയും വലയുമ്പോൾ ഒരു തരം നിസ്സംഗത നമ്മെ പൊതിയുന്നു. ഒരു പക്ഷെ സഹനവും മരണവുമെല്ലാം അനിവാര്യമാണെന്ന് തോന്നൽ നമ്മുടെ അബോധ മനസ്സിനെ കീഴ്‌പെടുത്തിയെന്നിരിക്കണം. ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വീമ്പിളക്കുന്ന എന്നാൽ, സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു ചെറുവിഭാഗത്തിലാണ് ഇത്തരം ചിന്തകൾ കേന്ദ്രീകരിക്കുന്നത്. ഈ ലോകവീക്ഷണത്തിലേക്ക് സമൂഹത്തിലെ വലിയ വിഭാഗം ആളുകൾ മാറിയേക്കാമെങ്കിലും ഈ ആശയം തീവ്ര നിലപാടുള്ള ചെറുവിഭാഗത്തിന്റെതാണ്. ശരാശരിയിൽ താഴെ നിലവാരമുള്ളവരെ സ്വാധീനിച്ചാണ് തങ്ങളുടെത് ഭൂരിപക്ഷമാണെന് പറയുന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് എങ്ങനെയാണ് ഒരു സംവിധാനം തകരുന്നത് എന്നതിന്റെ വിശദീകരണം കൂടി ആകുന്നുണ്ട്. ഈ വാദത്തെ പിൻപറ്റുന്നവർ -അവർ ഉദ്യോഗസ്ഥ വിഭാഗത്തിൽപ്പെട്ടതായാലും നീതിന്യായ സംവിധാനത്തിൽപ്പെട്ടവരയാലും- ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നതുകൊണ്ടാണ് സംവിധാനത്തിന്റ തകർച്ചയായി ഇതിനെ കാണേണ്ടത്.

ഇതോടെ, ഉത്തരവാദിത്തം കൈയൊഴിഞ്ഞും അതേസമയം അർഹിക്കാത്ത അംഗീകാരം സ്വയം ഏറ്റെടുത്തും അതോടൊപ്പം സമൂഹത്തിലെ ഭീതിയും കാരണം കാര്യശേഷി ഇല്ലാത്ത ഒരു സംവിധാനമാണ് രൂപപ്പെടുന്നത്. ഇതും മഹാമാരിയെ നേരിടുന്നതിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുന്ന ആളുകളെയാണ് ഈ ഘട്ടത്തിൽ ആവശ്യം. എന്നാൽ വേട്ടക്കാർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു അന്തരീക്ഷത്തിൽ ആരും അതിന് തയ്യാറാവുന്നില്ല. ആരെങ്കിലും നല്ല രീതിയിൽ ജോലി ചെയ്യുകയും അതിനുള്ള അംഗീകാരം കിട്ടുകയും ചെയ്താൽ അത് നേതാവിൽ അസ്വസ്ഥത ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലുമുള്ള വികേന്ദ്രീകരണം സാധ്യമാകാത്ത രീതിയിലുളള മന്ത്രിസഭയുടെയും മറ്റെല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനത്തിൽനിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. കാര്യങ്ങൾ ശരിയായി പോകുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും മോദി നേരിട്ട് ഏറ്റെടുക്കും. ഓക്‌സിജനും വാക്‌സിനും ലഭ്യമാക്കുന്ന കാര്യത്തിൽ കണ്ടതുപോലെ എല്ലാം തകരുമ്പോൾ അദ്ദേഹം എല്ലാം "വികേന്ദ്രീകരിക്കുകയും' ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കെണന്ന് പറയുകയും ചെയ്യും.

'പലതവണ പറഞ്ഞിട്ടും മുഖ്യമന്ത്രിയോ കേന്ദ്ര സർക്കാരോ ഓക്സിജൻ ലഭ്യമാക്കുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ മറ്റെവിടെങ്കിലും കൊണ്ടുപോയി രക്ഷിക്കു. ക്ഷമ'. ഉത്തർപ്രദേശിലെ മയോ മെഡിക്കൽ സെന്ററിനു മുന്നിൽ ആശുപത്രി അധികൃതർ പതിച്ച നോട്ടീസ്.   / Photo : Rubin Joseph, FB
'പലതവണ പറഞ്ഞിട്ടും മുഖ്യമന്ത്രിയോ കേന്ദ്ര സർക്കാരോ ഓക്സിജൻ ലഭ്യമാക്കുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ മറ്റെവിടെങ്കിലും കൊണ്ടുപോയി രക്ഷിക്കു. ക്ഷമ'. ഉത്തർപ്രദേശിലെ മയോ മെഡിക്കൽ സെന്ററിനു മുന്നിൽ ആശുപത്രി അധികൃതർ പതിച്ച നോട്ടീസ്. / Photo : Rubin Joseph, FB

ഈ സംവിധാനത്തിന്റെ മറ്റൊരു സവിശേഷത മേധാവിത്വ ഗ്രൂപ്പുകൾക്കുള്ള അധീശത്വത്തെ സ്വാഭാവികവൽക്കരിക്കലാണ്. അതോടൊപ്പം ആ വിഭാഗം അപരവൽക്കരിക്കുന്നവരെ തരംതാണവരായി കാണുകയും ദുർബലരെന്ന് അവർ കരുതുന്നവരെ വെറുക്കകയും ചെയ്യുകയെന്ന സമീപനമാണ്. ദുർബല വിഭാഗക്കാരോടുള്ള വെറുപ്പാണ് ഭൂരിപക്ഷാധിപത്യവാദ സമീപനങ്ങളുടെ പ്രധാന സവിശേഷത. അനർഹമായ കാര്യങ്ങൾ നേടിയെടുക്കുകയും അങ്ങനെ ചെയ്യുന്നത് ദുർബല വിഭാഗത്തെ കൂടുതൽ നിസ്സഹായരാക്കാൻ വേണ്ടിയാണെന്ന് സ്ഥാപിച്ചുമാണ് ഇത് ചെയ്യുന്നത്.

വിജയാരവത്തോടെ കുംഭമേള നടത്തിയത് ഇതിന്റെ ഭാഗമായി കാണാം. മുസ്​ലിം കൂട്ടായ്മകൾ തടസ്സപ്പെടുത്തുകയും തബ്​ലീഗുകാർ എങ്ങനെയാണ് വിമർശിക്കപ്പെട്ടതെന്ന കാര്യം രഹസ്യമായി അറിയിക്കുകയും ചെയ്തുകൊണ്ടാണ് ഇത് ചെയ്തത്. ഇങ്ങനെ തങ്ങളുടെ വിഭാഗങ്ങൾക്കുണ്ടെന്ന് കരുതുന്ന മേധാവിത്വ പ്രതീതി യഥാർത്ഥത്തിൽ ആത്മഹത്യാപരമായ ഭൂരിപക്ഷവാദമായി മാറുകയാണ് ചെയ്തത്. 1700 ലധികം പേരാണ് കുംഭമേളയിൽ കോവിഡ് ബാധിതരായത്. ഇതിൽ സുതാര്യത ആവശ്യപ്പെട്ടാൽ അത് ഹിന്ദു വിരുദ്ധമാണെന്ന് പറയുകയും ചെയ്യും. ആഘോഷത്താൽ തന്നെ മുറിവേൽക്കുന്ന അവസ്ഥയായി ഇതെന്നത് വൈചിത്ര്യമായി തോന്നാം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും തങ്ങൾ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിൽ കെട്ടിവെയ്ക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തിലുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ഭൂരിപക്ഷാധിപത്യവാദത്തിൽ എപ്പോഴെങ്കിലും സംഭവിക്കുന്നതല്ല, മറിച്ച് അതിന്റെ അടിസ്ഥാനം തന്നെയാണ്. മേധാവിത്വം അവകാശപ്പെടുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റുള്ളവരെ എതിർക്കുന്നതിന് സംരക്ഷണവും നൽകുന്നു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഫലപ്രദമായ തന്ത്രമാണെന്നും അത് ജന്മനാ ലഭിക്കുന്ന വിവേകത്തിന്റെ സൂചനയുമായിട്ടാണ് ഇവർ കണക്കാക്കുന്നത്.

ഈ ഭരണ കൂടത്തിന്റെ തുടക്കം മുതൽ തന്നെ സാമ്പത്തിക രംഗത്തെ കൃത്രിമ കണക്കുകൾ കൊണ്ട് വിശദീകരിക്കുന്നത് നമ്മൾ കണ്ടു. സ്വന്തം ചെയ്തിക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയെന്ന സവിശേഷ "കലാ' പ്രവർത്തനമാണ് നമ്മൾ ഡൽഹി കലാപത്തിന്റെ സമയത്ത് കണ്ടത്. കലാപം തടയാനും പുനരധിവാസ പ്രവർത്തനത്തിനും വേണ്ടി ശ്രമിച്ചവരെ ആക്രമമുണ്ടാക്കാൻ പ്രവർത്തിച്ചവരെന്നാണ് കുറ്റപ്പെടുത്തിയത്. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഓക്‌സിജൻ കണ്ടെത്താൻ ശ്രമിച്ച ഡോക്ടറെ കുറ്റപ്പെടുത്തിയതും ഇതിൽ ഉൾപ്പെട്ടതാണ്.

തെറ്റായ പ്രചാരണം സൃഷ്ടിക്കുകയും മറ്റുള്ളവർക്കെതിരെ തന്നിഷ്ടപ്രകാരം കുറ്റം ചുമത്തുകയും ചെയ്യുന്നതിനെ ആണ് ആധുനിക കാലത്തെ ചാണക്യ തന്ത്രമായി വിശേഷിപ്പിച്ചുപോന്നത്. സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിലും സമീപകാലത്തെ ഫോറൻസിക് അന്വേഷണങ്ങൾ തെളിയിച്ചതുപോലെ ഭീമാ കൊറെഗാവ് കേസിൽ വ്യാജ തെളിവുകൾ ഉണ്ടാക്കിയതിലുമെല്ലാം ഇതാണ് കണ്ടത്. ഇങ്ങനെ ഭൂരിപക്ഷാധിപത്യവാദത്തിന്റെ എല്ലാ രീതികളും മഹാമാരിയെ നേരിടുന്നതിൽ നമ്മെ പിന്നോട്ടടുപ്പിക്കുന്നുണ്ട്.

ഡോ. കഫീൽ ഖാൻ
ഡോ. കഫീൽ ഖാൻ

എത്രപേർ മരിച്ചുവെന്നോ, എത്രത്തോളം ഓക്‌സിജൻ ലഭ്യമാണെന്നതിനെ സംബന്ധിച്ചോ ആധികാരികമായ വിവരങ്ങൾ നമുക്കില്ല. വാക്‌സിനുകളുടെ ലഭ്യത കുറഞ്ഞു തുടങ്ങിയപ്പോൾ മോദി പ്രഖ്യാപിച്ചു "ടിക്കാ ഉത്സവ്'. സ്റ്റോക്ക് തീരുകയും പുതിയ സ്റ്റോക്ക് ഇല്ലാതാവുകയും ചെയ്തപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവനും വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവൻ പ്രതിരോധ കുത്തിവെയ്പ്പ് നൽകാമെന്ന കേന്ദ്രത്തിന്റെ ഔദാര്യത്തിനിടയിലും വീഴ്ചവരുത്തിയത് സംസ്ഥാനങ്ങളാണെന്ന് കുറ്റപ്പെടുത്താൻ വേണ്ടിയാവും അങ്ങനെ ചെയ്തത്. ധാർമിക രോഷം കൊള്ളുകയും നീതിപൂർവമായ അരാജകാവസ്ഥയെ പിന്തുണയ്ക്കുക പോലും ചെയ്ത ഭൂരിപക്ഷത്തിന് ഇപ്പോൾ അവരുടെ നിരാശ പ്രകടിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നേതാവ് തന്നെയാണ് അവരുടെ പ്രതീക്ഷ. അരക്ഷിത ബോധം കൂട്ടി കൂടുതൽ പിന്തുണയും അച്ചടക്കവും ഉറപ്പുവരുത്താനുള്ള ഒരു അവസരവും സുപ്രീം ലീഡർ കളഞ്ഞുകുളിക്കാറുമില്ല. മഹാമാരിയോടെയാണ് ഭൂരിപക്ഷാധിപത്യ മനോഭാവം അതിന്റെ വിഷമ വൃത്തം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ മഹാമാരിക്കെതിരായ പോരാട്ടം പരാജയപ്പെട്ടതിൽ അത്ഭുതമില്ല, അതിൽ ധാർമ്മിക രോഷം കൊള്ളേണ്ടതുമില്ല.

പ്രശസ്ത രാഷ്ട്രമീമാംസകനായ ലേഖകൻ, ജവഹർലാൽ നെ്ഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറാണ്. India After Modi, Populism And the Right, Politics of Post Civil Society, Secular Sectarianism തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ‘ദി വയറി’ൽ പ്രസിദ്ധീകരിച്ചതാണ്​ ഈ ലേഖനം.


Summary: സ്റ്റോക്ക് തീരുകയും പുതിയ സ്റ്റോക്ക് ഇല്ലാതാവുകയും ചെയ്തപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവനും വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവൻ പ്രതിരോധ കുത്തിവെയ്പ്പ് നൽകാമെന്ന കേന്ദ്രത്തിന്റെ ഔദാര്യത്തിനിടയിലും വീഴ്ചവരുത്തിയത് സംസ്ഥാനങ്ങളാണെന്ന് കുറ്റപ്പെടുത്താൻ വേണ്ടിയാവും അങ്ങനെ ചെയ്തത്.


Comments