മുതലാളിത്തം മോൾഡ് ചെയ്ത ഒരു ലോകം മാർക്​സിനെ ഇപ്പോഴും പ്രസക്തനാക്കുന്നു

തൊഴിലാളി വർഗ ഐക്യം സാധ്യമാക്കിയതിൽ മാർക്​സിന്റെ ചിന്തകൾക്കും ഇടപെടലുകൾക്കുമുള്ള പങ്ക്​ നിർണായകമാണ്​. മുതലാളിത്തം മോൾഡ് ചെയ്ത ഒരു ലോകത്താണ്​ ഇന്ന്​ തൊഴിലാളികൾ കഴിയുന്നത്​. തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നതുതന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകമാണത് എന്നോർക്കുമ്പോൾ, മാർക്​സ്​ നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം വ്യക്തമാകും. ഇന്ന്​ കാൾ മാർക്​സിന്റെ 140-ാം ചരമവാർഷികം.

‘‘അവനുക്കു മുമ്പുള്ള ചരിത്രമെല്ലാം അവനോടു മുടിവടൈകിറതു, അവനിലിരുന്നു താൻ പതിയ ചരിത്രം തുടങ്ങുകിറതു, അത് തൊഴിലാളി വർഗത്തിൻ ചരിത്രമാണ്’... ചെന്നൈ മെറീന ബീച്ചിൽ ഒരു മെയ് ദിനത്തിൽ പതാക ഉയർത്തി എം. ശിങ്കാരവേലു ചെട്ടിയാർ* പറഞ്ഞ വാക്കുകളാണിത്. അത് അദ്ധ്വാനിച്ച്​അദ്ധ്വാനിച്ച്​ ആണ്ടുപോയവരുടെ ചരിത്രമാണ്. നാളിതുവരെ രേഖപ്പെടുത്താത്തവരുടെ ചരിത്രമാണ്. ഭൂമിയെ ചലിപ്പിക്കുന്നവരുടെ ചരിത്രമാണ്. ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ ചരിത്രമാണ്. നാളിതുവരെ അവഗണിക്കപ്പെട്ടവരുടെ ചരിത്രമാണ്. മർദ്ദകരുടെ ചരിത്രമാണ്.

കാൾ മാർക്‌സിന് വിശേഷണങ്ങൾ ഒന്നും വേണ്ട.
The philosophers have hitherto only interpreted the world in various ways,’ ‘The point, however, is to change it’- കാൾ മാർക്‌സിനുമുമ്പ് ലോകത്തെക്കുറിച്ചും ലോകത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചും ചിന്തിച്ചിരുന്നവരെല്ലാം ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിരുന്നത്. മാർക്​സിനുശേഷമാണ് മാറ്റം എന്ന ആവശ്യകതയെ ലോകം ആയുധമായി ഏറ്റെടുക്കുന്നത്. ഇത് വെറും ആയുധമല്ല, ‘തലതിരിഞ്ഞ’വരുടെ ദീർഘകാലസ്വപ്നം കൂടിയാണ്. തൊഴിലാളി എന്ന വിശേഷണം അക്ഷരാർത്ഥത്തിൽ ആധികാരികമായി ഉപയോഗിച്ചത് മാർക്‌സ് ആണ്. ലണ്ടനിലെ ലൈബ്രറികളെ സാക്ഷിയാക്കി അദ്ദേഹം ആ ദൗത്യം നിറവേറ്റി. ‘ദൈവം തന്റെ പരമാധികാരത്തെ രാജാക്കൻമാരെ ഏൽപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് ദൈവത്തിനുശേഷം എല്ലാം രാജാക്കന്മാരാണ്, രാജാക്കൻമാരാണ് ദൈവതുല്യർ’ എന്ന വാദത്തെ എതിർത്താണ്​ മാർക്‌സും ഏംഗൽസും യങ് ഹെഗലിയൻ ബുദ്ധിജീവി സർക്കിളിൽനിന്ന്​ പുറത്തുവരുന്നത്. പിന്നീടാണ് അവർ മെറ്റീരിയലിസ്​റ്റുകളാകുന്നത്​. നാളിതുവരെ ആരും ഇങ്ങനെ ചിന്തിക്കാത്തതുകൊണ്ട് യങ് ഹെഗലിയൻ ഗ്രൂപ്പ് രണ്ടായി പിളർന്നു. ലോക ബുദ്ധിജീവികൾ നിരന്തരം സംവദിച്ചു.

ബെർലിനിൽ സ്ഥാപിച്ച എംഗൽസിന്റെയും മാർക്സിന്റെയും പ്രതിമ
ബെർലിനിൽ സ്ഥാപിച്ച എംഗൽസിന്റെയും മാർക്സിന്റെയും പ്രതിമ

‘തൊഴിലാളികളുടെ അദ്ധ്വാനം നിലച്ചാൽ ഈ ലോകം ചലിക്കില്ല. ഒരു ശക്തിക്കും ഈ ലോകത്തെ ചലിപ്പിക്കാൻ ശേഷിയില്ല, അതുകൊണ്ട് എല്ലാം അധ്വാനത്തിന്റെ ഫലമാണ്. അതുകൊണ്ട് തൊഴിലാളികൾ മുതലാളികളുടെ ചൂഷണം തിരിച്ചറിയണം’- മാർക്‌സും ഏംഗൽസും നിരന്തരം എഴുതുകയും തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇടപെടുകയും ചെയ്തു. The history of all hitherto existing societies is the history of class struggles- മാർക്‌സ് പറഞ്ഞു. ഈ പുത്തൻ ചിന്തകളെ ഭരണകൂടവും യാഥാസ്​ഥിതിക വാദികളും ഭയന്നു. മാർക്‌സിനെ അവർ നിരന്തരം വേട്ടയാടി. എന്നാൽ, അതിലൊന്നും തളരാതെ, നിരന്തരം തൊഴിലാളികളോട് സംസാരിക്കുകയും അവരെ മനസിലാക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച്​ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്​തു. ആർക്കുവേണ്ടി തന്റെ ജീവിതം മാറ്റി വച്ചോ, അവർക്കുവേണ്ടി എന്തും സഹിക്കാൻ മാർക്‌സ് തയ്യാറായി. ഈ പോരാട്ടത്തിൽ അദ്ദേഹം ഒരു ഘട്ടത്തിൽ ഒറ്റയാനായി. ഒപ്പം പ്രവർത്തിച്ചു കൊണ്ടിരുന്ന ഏംഗൽസിനെയും മറ്റു സഖാക്കളെയും ഭരണകൂടം മാർക്‌സിൽ നിന്ന്​ അകറ്റാൻ ശ്രമിച്ചു. മാർക്‌സിന് വരുന്ന കത്തുകളും മാർക്‌സ് എഴുതിയ കത്തുകളും അവർ മനഃപൂർവ്വം മരവിപ്പിച്ച്​, മാർക്‌സിനെ തികച്ചും ഒറ്റപ്പെടുത്തി.

മുതലാളികളും തൊഴിലാളികളും രൂപപ്പെടുന്നത് ഒരേ സ്ഥലത്തുനിന്നാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാൻ അദ്ദേഹം ലണ്ടൻ തെരുവീഥികളിൽ അലഞ്ഞു. ഒടുവിൽ ഏംഗൽസിന്റെ പിതാവിന്റെ ടെക്​സ്​റ്റൈൽ ഫാക്​ടറിയിൽ നിന്ന്​ മാർക്‌സ് അത് ശരിക്കും പഠിച്ചെടുത്തു. അങ്ങനെയാണ്​, തൊഴിലാളി വർഗത്തിന്റെ ചരിത്രം ശാസ്ത്രീയമായി എഴുതപ്പെട്ടത്​.

റൂസ്സോ സോഷ്യൽ കോൺട്രാക്ട് എന്ന പുസ്തകത്തിൽ സമൂഹം എന്ന ആശയം ഉയർത്തിപ്പിടിക്കുകയും തനി മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്​ വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്​. എന്നാൽ, മാർക്‌സിനെപ്പോലെ സമൂഹത്തെ കുറിച്ച്​ ശാസ്ത്രീയമായ ചിന്ത രൂപപ്പെടുത്താൻ മറ്റു ചിന്തകർക്ക്​ കഴിയാതെ പോയി. മാർക്‌സ് തൊഴിലാളികളെ ചൂണ്ടിക്കാണിച്ചാണ് ലോകത്തെ വ്യാഖ്യാനിച്ചത്. ഒരു പക്ഷേ മാർക്‌സ് ഇല്ലായിരുന്നെങ്കിൽ ആരായിരിക്കും തൊഴിലാളി വർഗത്തെ ഇത്രമേൽ അടയാളപ്പെടുത്തുമായിരുന്നത്​ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

‘ഒരു യുവാവിന്റെ ചിന്തകൾ’ എന്നത്​ മാർക്‌സ് സ്‌കൂളിൽ പഠിക്കുമ്പോൾ എഴുതിയ ലേഖനമാണ്. ലോകത്തിന് മാറ്റം അനിവാര്യമാണ് എന്ന ചിന്ത അതിൽ തന്നെ അദ്ദേഹം മുന്നോട്ടുവക്കുന്നുണ്ട്​. ആദം സ്മിത്തിന്റെ സാമ്പത്തികശാസ്ത്രം തൊഴിലാളികളെ വഞ്ചിക്കുന്നതാണെന്നും അതുകൊണ്ട് തൊഴിലാളികൾക്ക് ഒരുപകാരവും ഉണ്ടാകില്ലെന്നും മാർക്‌സ് പറഞ്ഞു.

എംഗൽസും മാർക്സും കുടുംബത്തോടൊപ്പം
എംഗൽസും മാർക്സും കുടുംബത്തോടൊപ്പം

എന്തുകൊണ്ടാണ്​, സർപ്ലസ്​ വാല്യു എന്ന മിച്ചമൂല്യത്തെക്കുറിച്ച് ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വ്യാഖ്യാനിക്കാത്തത് എന്ന്​ മാർക്‌സ് തുറന്നു കാണിച്ചു. സാമ്പത്തികം കണ്ടെത്തുന്നവർ, അല്ലെങ്കിൽ സാമ്പത്തികത്തെ സൃഷ്ടിക്കുന്നവർ സാമ്പത്തിക അടിമകളായി തുടരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നതുവരെ വ്യവസ്ഥിതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കണം എന്ന് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടു. നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളും തൊഴിലാളി വർഗത്തിന് എതിരാണ്, അതുകൊണ്ട് ഈ വ്യവസ്ഥിതി മാറണം. അല്ലെങ്കിൽ തൊഴിലാളികൾ എന്നും തൊഴിലാളികളായി തുടരും.

മാർക്‌സിന്റെ ചിന്ത പങ്കിട്ടിരുന്ന ഏംഗൽസ്​, മാർക്​സിനൊപ്പം ചേർന്ന്​ ലണ്ടനിൽ ലോക തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചും അവരുടെ ജീവിതത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചും എഴുതാനും തൊഴിലാളികളെ സംഘടിപ്പിക്കാനും തീർമാനിച്ചു. German- france magazineഎന്ന പത്രം തുടങ്ങി. മുതലാളിത്തം പ്രസ്​ ആക്​റ്റ്​ എന്ന തന്ത്രത്തിലൂടെ ആ വെല്ലുവിളി നേരിട്ടു. ഒറ്റയാനായി മാർക്‌സ് അത് നേരിട്ടു. എന്നാൽ, ദാരിദ്ര്യം കൊണ്ട്​ അദ്ദേഹത്തിന്​ പിടിച്ചുനിൽക്കാനായില്ല. അധികാരം നമ്മുടെ ചങ്ക്​ ഞെരിക്കുമ്പോൾ, ജീവനോടെയുണ്ടെങ്കിൽ നാം തിരിച്ചുവരും, സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ എന്ന ചുവന്ന മഷിയിലെഴുതിയ വാചകത്തോടെജർമൻ - ഫ്രാൻസ് മാഗസിൻ വിട പറഞ്ഞു. പിന്നീട് തൊഴിലാളികളെ നേരിട്ട് കാണാൻ മാർക്‌സ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. മാർക്‌സും ഏംഗൽസും തൊഴിലാളികളുടെ യോഗം വിളിക്കും. ചിലർ അനുകൂലമായി പ്രതികരിക്കും, ചിലർ മാർക്‌സിനെ എതിർക്കും. ഫാക്ടറിയും മുതലാളിമാരെയും ആക്രമിക്കണം എന്ന, തൊഴിലാളികളിൽ ഒരു പക്ഷത്തിന്റെ ആവശ്യത്തിന്​ മാർക്‌സ്​ വഴങ്ങാതിരുന്നതും എതിർപ്പ്​ ക്ഷണിച്ചുവരുത്തി. ആ എതിർപ്പിനെ മാർക്‌സ് സ്‌നേഹത്തോടാണ് അഭിമുഖീകരിച്ചത്. നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളെയും ചോദ്യം ചെയ്യണം എന്നാണ് മാർക്‌സ് ആദ്യം തൊഴിലാളികളെ പഠിപ്പിച്ചത്.

ഡീഗോ റിവേറോയുടെ വിശ്വ പ്രസിദ്ധമായ മാർക്സ് മ്യൂറൽ
ഡീഗോ റിവേറോയുടെ വിശ്വ പ്രസിദ്ധമായ മാർക്സ് മ്യൂറൽ

തൊഴിലാളി വർഗ ഐക്യം സാധ്യമാക്കിയതിൽ മാർക്​സിന്റെ ചിന്തകൾക്കും ഇടപെടലുകൾക്കുമുള്ള പങ്ക്​ നിർണായകമാണ്​. മുതലാളിത്തം മോൾഡ് ചെയ്ത ഒരു ലോകത്താണ്​ ഇന്ന്​ തൊഴിലാളികൾ കഴിയുന്നത്​. തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നതുതന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകമാണത് എന്നോർക്കുമ്പോൾ, മാർക്​സ്​ നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം വ്യക്തമാകും.

മാർക്‌സിസത്തിനുശേഷം ഒരുപാട് സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മോഡേണിസം, പോസ്റ്റ് മോഡേണിസം, പോസ്റ്റ്‌ കൊളോണിയലിസം തുടങ്ങിയ ചിന്തകൾ ലോകത്തെ പല രീതികളിൽ വ്യാഖ്യാനിച്ചു. പോസ്റ്റ് മോഡേണിസ്റ്റുകൾ മാർക്‌സിസത്തെ പുച്ഛിച്ചു. മാർക്‌സിസം 19-ാം നൂറ്റാണ്ടിലെ കിണറ്റിലെ തവളയാണ് എന്ന് പോസ്റ്റ് മോഡേൺ ചിന്തകനായ മൈക്കൾ ഫുക്കോ അഭിപ്രായപ്പെട്ടു. പക്ഷേ, ഇതെല്ലാം വെറും ബുദ്ധിജീവി സിദ്ധാന്തങ്ങളായി ഒടുങ്ങി. പോസ്റ്റ് കൊളോണിയലിസം എന്ന സിദ്ധാന്തം എഡ്വേർഡ് സെയ്ദ് വ്യാഖ്യാനിച്ചത്​ മാക്‌സിനെ മുൻനിർത്തിയാണ്​.

എഡ്വേർഡ് സെയ്ദ്
എഡ്വേർഡ് സെയ്ദ്

ഇന്ത്യയെക്കുറിച്ച്​ പറയുമ്പോൾ മാർക്​സ്​, ഇന്ത്യൻ അവസ്​ഥകളെ, പ്രത്യേകിച്ച്​ ജാതി സമൂഹത്തെ മനസ്സിലാക്കിയില്ല എന്ന വിമർശനമുണ്ട്​. അത് വളരെ തെറ്റാണ്. 1857-ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അഭിസംബോധന ചെയ്​ത്​ മാക്‌സ് എഴുതി: ഇന്ത്യക്കാർ ജാതിയിൽനിന്ന്​ സ്വയം വിമോചിതരായാൽ മാത്രമേ അവർക്ക് സമ്പൂർണ സ്വാതന്ത്ര്യം ലഭിക്കൂ. എങ്കിലും, ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിനെതിരെ പൊരുതുന്ന ഇന്ത്യക്കാർക്ക് അഭിനന്ദനങ്ങൾ.

മാർക്‌സ് പറഞ്ഞതുപോലെ, മൂന്നാം ലോകരാജ്യങ്ങൾ ഇന്നും യൂറോപ്യൻ രാജ്യങ്ങളുടെ പിടിയിലാണ്. അവരുടെ ചിന്തയെ പോലും തീരുമാനിക്കുന്നത് യൂറോപ്യൻ ശക്തികളാണ്. അത്തരത്തിലുള്ള ചിന്താശേഷിയിൽ നിന്ന്​ മൂന്നാം ലോക രാജ്യങ്ങൾ വിമോചിപ്പിക്കപ്പെടേണ്ടതുണ്ട്​. അവരുടെ ‘സെൽഫ്​’ അവർ തിരിച്ചറിയണം. മൂന്നാം ലോക രാജ്യങ്ങൾ സാമ്പത്തിക അടിമകൾ മാത്രമല്ല, വൈജ്​ഞാനിക അടിമകൾ കൂടിയാണ്​. അതുകൊണ്ട്, മൂന്നാം ലോകരാജ്യങ്ങൾ സ്വതന്ത്രമായി ചിന്തിക്കുന്ന കാലം വരെ മാർക്‌സിസത്തിന് പ്രസക്തിയുണ്ടാവും. Primitive society എന്ന ആശയം മുൻനിർത്തി​ മാർക്‌സ് പറയുന്നതുപോലെ, വിഭജനമില്ലാത്ത ഒരു സമൂഹത്തെയാണ് ഇനി വാർത്തെടുക്കേണ്ടത്. ശാസ്ത്രീയമായ സമത്വം നിലവിൽ വരികയും തൊഴിലാളി വർഗം മുതലാളിത്തത്തിൽ നിന്ന്​ പൂർണമായി വിമോചിക്കപ്പെടുന്നതുവരെയും മാർക്‌സിന്​ പ്രസക്തിയുണ്ടായിരിക്കും.

(*എം. ശിങ്കാരവേലു ചെട്ടിയാർ: ഇന്ത്യൻ കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തിന്റെയും ട്രേഡ്​ യൂണിയൻ പ്രസ്​ഥാനത്തിന്റെയും മുൻനിരയിലുണ്ടായിരുന്ന തമിഴ്​ നേതാവ്​.)


Summary: തൊഴിലാളി വർഗ ഐക്യം സാധ്യമാക്കിയതിൽ മാർക്​സിന്റെ ചിന്തകൾക്കും ഇടപെടലുകൾക്കുമുള്ള പങ്ക്​ നിർണായകമാണ്​. മുതലാളിത്തം മോൾഡ് ചെയ്ത ഒരു ലോകത്താണ്​ ഇന്ന്​ തൊഴിലാളികൾ കഴിയുന്നത്​. തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നതുതന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകമാണത് എന്നോർക്കുമ്പോൾ, മാർക്​സ്​ നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം വ്യക്തമാകും. ഇന്ന്​ കാൾ മാർക്​സിന്റെ 140-ാം ചരമവാർഷികം.


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments