ഗോവർധന്റെ 'Akbar With Lion and Calf' പെയ്ന്റിങ്ങ്. പുരാതന ചരിത്രഭാഗത്തിൽ ആര്യവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും, മധ്യകാലചരിത്രത്തെ സാമുദായിക സ്പർധ വളർത്തും വിധം 'മുസ്‌ലിം കാലഘട്ടം' ആയി അവതരിപ്പിക്കുകയുമാണ് ബി.എ. ചരിത്രപഠനത്തിന് തയ്യാറാക്കിയ പുതിയ ഫ്രെയിംവർക്കിൽ. / Photo: Wikimedia Commons

ഇന്ത്യാ ചരിത്രം കമ്യൂണലൈസ്​ ​ചെയ്​ത
​കാരിക്കേച്ചറായി മാറുകയാണ്​

നിലവിലുള്ള വസ്തുനിഷ്ഠ ചരിത്രത്തെ ബോധപൂർവം തെറ്റായി വ്യാഖ്യാനിച്ചും ​മാറിയ രാഷ്ട്രീയ താല്പര്യങ്ങൾക്കിണങ്ങിയവയെ കൂട്ടിച്ചേർത്തും രൂപപ്പെടുത്തുന്ന പുതിയ ചരിത്രനിർമിതി ഒരു ജനതയുടെ ചരിത്രബോധത്തെ ഇല്ലായ്മ ചെയ്യുന്നത്​ എങ്ങനെയെന്ന്​ പരിശോധിക്കുന്നു

റജില

മകാലിക ഇന്ത്യൻ ചരിത്രരചന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അപചരിത്ര നിർമിതി. നിലവിലുള്ള വസ്തുനിഷ്ഠപരമായ ചരിത്രത്തെ ബോധപൂർവം അവഗണിച്ചും തെറ്റായി വ്യാഖ്യാനിച്ചും മാറിയ രാഷ്ട്രീയ താല്പര്യങ്ങൾക്കിണങ്ങിയവയെ കൂട്ടിച്ചേർത്തും ഈ പുതിയ ചരിത്രനിർമിതി ഒരു ജനതയുടെ ചരിത്രബോധത്തെ (sense of past) ഇല്ലായ്മ ചെയ്യുന്നതും ചരിത്രനീതിക്ക്​ അതീതവുമാണ്. ഇത്തരം സാഹചര്യത്തിൽ ചരിത്രം അധികാര വർഗത്തിന്റെ വ്യക്തവും സ്പഷ്ടവുമായ സ്ഥാപിത താല്പര്യങ്ങൾക്കുള്ള ഉപകരണമായി പരിണമിക്കുന്നു.

ഇന്ന് ഇന്ത്യയിൽ നടക്കുന്നത് സ്റ്റേറ്റ് സ്‌പോൺസേഡ്​ ആയ, ദീർഘവീക്ഷണത്തോടെ ബോധപൂർവം നടക്കുന്ന സംഘടിതമായ മാറ്റി എഴുതപ്പെടലുകളാണ്. ഈ അപനിർമിത കാവിവൽകൃത ചരിത്രം ചില വിഭാഗം ജനങ്ങളുടെ, പ്രത്യേകിച്ച്​ ന്യൂനപക്ഷങ്ങൾ, ദലിത്- ആദിവാസി സമൂഹങ്ങൾ, സ്ത്രീകൾ എന്നിങ്ങനെ സാമൂഹികശ്രേണിയിൽ താഴ്​ത്തിനിർത്തപ്പെട്ടവരുടെ ചരിത്രബോധത്തെ, അവരനുഭവിച്ച ഭൂതകാലത്തെ (experienced past) അസാധൂകരിക്കുന്നതും അപരവൽക്കരിക്കുന്നതുമാണ്.

ഇന്ത്യയുടെ പ്രാചീന നാഗരിക സംസ്‌കാരമായ സിന്ധുനദീതട/ ഹാരപ്പൻ സംസ്‌കാരത്തെ വേദകാലവുമായി ബന്ധിപ്പിക്കാൻ അതിനെ സിന്ധു- സരസ്വതി നാഗരികത എന്ന് പേര്​ മാറ്റിയിരിക്കുന്നു.

2021 ജൂലൈയിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) പ്രസിദ്ധീകരിച്ച ബി.എ. ചരിത്ര പഠനത്തിന്റെ Learning Outcomes Based Curriculum Framework (LOCF) ചരിത്രകാരന്മാർക്കും ഗവേഷകർക്കുമിടയിൽ വിവാദമാകുകയും പുതിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയുമാണ്. ചരിത്രത്തെ സംഘടിതമായി പൊളിച്ചെഴുതാനും രാഷ്ട്രീയവൽക്കരിക്കാനുള്ള എല്ലാ സാധ്യതകളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇതുപ്രകാരം രാജ്യത്തെ സർവ്വകലാശാലകളോട് തങ്ങളുടെ സിലബസിൽ പ്രസ്തുത ​ഫ്രെയിംവർക്ക്​ പ്രതിപാദിച്ച പ്രത്യേക ടോപ്പിക്കുകളും അതുമായ ബന്ധപ്പെട്ട്​ തയ്യാറാക്കിയ ഡീറ്റൈൽഡ് ആയ ബിബ്ലിയോഗ്രഫിയും നിർദ്ദേശിക്കുന്നു. നിരാശാജനകമെന്നു പറയട്ടെ, ഈ ഫ്രെയിംവർക്കിന്റെ പിന്നണിശില്പികളിൽ പ്രമുഖ ചരിത്രകാരന്മാരുടെയോ ചരിത്രഗവേഷകരുടെയോ പ്രാതിനിധ്യം കുറവാണ്. അത് മറ്റൊരു രാഷ്ട്രീയമാണ്.

2020-21 ബജറ്റ് അവതരണത്തിൽ ഇന്ത്യയുടെ പ്രാചീന നാഗരിക സംസ്‌കാരമായ സിന്ധുനദീതട/ ഹാരപ്പൻ സംസ്‌കാരത്തെ വേദകാലവുമായി ബന്ധിപ്പിച്ചു കൊണ്ട് അതിനെ സിന്ധു- സരസ്വതി നാഗരികത എന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ വിശേഷിപ്പിച്ചത്. / Photo: Nirmala Sitharaman, Fb

പ്രസ്തുത ഫ്രെയിംവർക്കിൽ പ്രതിപാദിച്ച പാഠ്യപദ്ധതി പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയുടെ പുരാതന ചരിത്രത്തിൽ, ചരിത്ര വസ്തുതകളേക്കാൾ മിത്തോളജി മുന്നിട്ടു നിൽക്കുന്നു. ഇന്ത്യൻ ചരിത്രത്തിന്റെ ഹിന്ദുത്വവൽക്കരണം അല്ലെങ്കിൽ ആര്യവൽക്കരണം ഇവിടെ വളരെ സ്പഷ്ടമായി കാണാം. ഇന്ത്യയുടെ പ്രാചീന നാഗരിക സംസ്‌കാരമായ സിന്ധുനദീതട/ ഹാരപ്പൻ സംസ്‌കാരത്തെ വേദകാലവുമായി ബന്ധിപ്പിക്കാൻ അതിനെ സിന്ധു- സരസ്വതി നാഗരികത എന്ന് പേര്​ മാറ്റിയിരിക്കുന്നു. മുൻകാലങ്ങളിൽ നടന്ന ശ്രമങ്ങളുടെ തുടർച്ച തന്നെയാണിത്. ഇവിടെ സരസ്വതി എന്ന് ഋഗ്വേദത്തിൽ പരാമർശമുള്ള നദിയെ , തികച്ചും രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ രണ്ടു വിരുദ്ധമായ സംസ്‌കാരങ്ങളെ, തികച്ചും നാഗരികമായ ഹാരപ്പൻ സംസകാരത്തെയും പാസ്ചറൽ ആൻഡ് റൂറൽ (pastural and rural)ആയ വേദ സംസ്‌കാരത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ ഒരു നരേറ്റീവ് തുടർച്ച ( narrative continuity) എന്ന ടെക്​നിക് ഉപയോഗിച്ച്​, ഏകീകൃതമായ ഒരു ആര്യൻ സംസ്‌കാരം എന്ന ആശയത്തിലേക്കെത്തിക്കുകയും ആര്യൻ അധിനിവേശത്തെ മിത്തായി ചിത്രീകരിച്ച്​ ആര്യന്മാരെ ഇന്ത്യയിലെ ആദിമനിവാസികളാക്കി അതിലൂടെ ഹിന്ദുത്വ ഭാരതം എന്ന ആശയത്തിന് അടിത്തറയുറപ്പിക്കുകയും ചെയ്യാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടത്തുന്നത്​. കൂടാതെ, മഹാജനപദങ്ങളെ റിപ്പബ്ലിക്കെന്ന മോഡേൺ ടെർമിനോളജി ഉപയോഗിച്ച്​ തെറ്റായ മാനം നൽകിയിരിക്കുന്നു.

ജോൺ സ്റ്റുവാർട്ട് മിൽ / Photo: Wikimedia Commons

പുരാതന ചരിത്രഭാഗം ആര്യവൽക്കരണത്തിന്​ കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ, മധ്യകാല ചരിത്രഭാഗത്തെ വളരെ നികൃഷ്ടമായി സാമുദായികവൽക്കരിച്ചിരിക്കുന്നു. കൊളോണിയൽ ചരിത്രകാരൻ ജെ. എസ്. മില്ലിന്റെ കൊളോണിയൽ തന്ത്രത്തിന്റെ ഭാഗമായ പെരിയോഡിസഷനായ, Hindu period, Muslim period and British period എന്നതിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ യൂണിറ്റുകൾക്ക് ഡൽഹിയിലെ മുസ്​ലിം ഭരണം (Muslim rule in Delhi), മുസ്​ലിം ഭരണത്തിന്റെ സ്വാധീനം ഇന്ത്യയിൽ (impact of Muslim rule on India) എന്നീ ശീർഷകങ്ങളിൽ മധ്യകാല ചരിത്രത്തെ മുസ്​ലിം പീരീഡ് ആക്കി അവതരിപ്പിച്ചിരിക്കുന്നു. ഡൽഹി സുൽത്താന്മാരുടെയോ മുഗളന്മാരുടെയോ സാമൂഹിക സാംസ്‌കാരിക സംഭാവനകളെ തീർത്തും അവഗണിച്ച്​ അവരെ വെറും അധിനിവേശകരായി ഒതുക്കി നിർത്തിയിരിക്കുന്നു. മുഗൾ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനും ജനപ്രിയനുമായ അക്ബറിനെയോ അദ്ദേഹത്തിന്റെ ജനസഹായകമായ നയങ്ങളെയോ പാഠ്യപദ്ധതിയിൽ കാണാൻ കഴിയുന്നില്ല. പകരം, ജനപ്രീതി കുറവായ ഔറംഗസിബിന്റെ നെഗറ്റീവ് റോളിനെ പ്രൊജക്റ്റ് ചെയ്തും ഔറംഗസിബിന്റെ രാജ്പുത് നയങ്ങളെ എടുത്തു കാണിച്ചും സാമുദായിക സ്പർധ വളർത്തുന്ന തരത്തിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്ത്യൻ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും വിദേശികളാക്കി പ്രതിഷ്ഠിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

ഇന്ത്യൻ ചരിത്ര രചനയുടെ പ്രാരംഭ ഘട്ടങ്ങളിൽ കണ്ടതുപോലെ ചരിത്രം വീണ്ടും അധികാരവർഗങ്ങളുടെ കുത്തകയായി മാറുകയാണ്​. സാമൂഹ്യ ശ്രേണിയിൽ പിന്തള്ളപ്പെട്ട സോഷ്യൽ ക്യാറ്റഗറികളായ, സ്ത്രീകൾ, LGBTQ+ സമുദായങ്ങൾ, ദലിതർ എന്നിവരുടെ ചരിത്രം, ചരിത്ര പുസ്തകങ്ങളിൽ നിന്ന് മായ്ക്കപ്പെട്ടേക്കാവുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.

ഇതൊന്നുമല്ല, സോഷ്യൽ ഹിസ്റ്ററിയുടെ യൂണിറ്റിൽ പ്രതിപാദിക്കുന്ന മൊഡ്യുളുകൾ ഏതൊരു മതേതരവാദിയെയും ആശങ്കപ്പെടുത്തുന്ന തരത്തിൽ സമുദായികാവൽക്കരിച്ച ( communalized) ഒന്നായാണ് കാണാൻ കഴിയുന്നത്. ഇവിടെ ഇന്ത്യൻ ജനതയുടെ സാമൂഹിക ചരിത്രത്തെ ഹിന്ദു സമൂഹം, മുസ്​ലിം സമൂഹം എന്നിങ്ങനെ വ്യത്യസ്ത മൊഡ്യുളുകളാക്കി സമുദായികപരമായി വിഭജിച്ചിരിക്കുന്നു.

ആധുനിക ചരിത്രത്തിന്റെ സെക്ഷനുകളിൽ സാമൂഹിക, സാമ്പത്തിക, സാസ്‌കാരിക ചരിത്രത്തെ മുഴുവനായും തള്ളിക്കളഞ്ഞിരിക്കുകയാണ്​. കൂടാതെ, ഈ പ്രഖ്യാപിത ഫ്രെയിംവർക്കിൽ റോമീല ഥാപ്പർ, ആർ.എസ്​. ശർമ, സതീഷ് ചന്ദ്ര, ഇർഫാൻ ഹബീബ്, ബിപിൻ ചന്ദ്ര തുടങ്ങിയ പ്രഗത്ഭ ചരിത്രകാരന്മാരുടെ രചനകൾ പിന്തള്ളിയിരിക്കുന്നു.

ഈ അപനിർമിതിയുടെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയം ഒരു ഏകപക്ഷമായ നരേറ്റീവ് ആണ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത ഏകപക്ഷ അധീശത്വ ചരിത്രം ഒരിക്കലും സ്ത്രീ, ദലിത് കീഴാള വിഭാഗങ്ങൾക്ക് ചരിത്രത്തിൽ ഇടം നൽകില്ല എന്നത് സംശയരഹിതമാണ്. ഇന്ത്യൻ ചരിത്ര രചനയുടെ പ്രാരംഭ ഘട്ടങ്ങളിൽ കണ്ടതുപോലെ ചരിത്രം വീണ്ടും അധികാരവർഗങ്ങളുടെ കുത്തകയായി മാറുകയാണ്​. സാമൂഹ്യ ശ്രേണിയിൽ പിന്തള്ളപ്പെട്ട സോഷ്യൽ ക്യാറ്റഗറികളായ, സ്ത്രീകൾ, LGBTQ+ സമുദായങ്ങൾ, ദലിതർ എന്നിവരുടെ ചരിത്രം, ചരിത്ര പുസ്തകങ്ങളിൽ നിന്ന് മായ്ക്കപ്പെട്ടേക്കാവുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.

ഇർഫാൻ ഹബീബ്, നജഫ് ഹെെദർ

ഇത്തരം പ്രഹസനങ്ങൾ നടക്കുന്നത് ദേശീയത വളർത്താൻ എന്ന പേരിലാണെന്നത് അപലപനീയമാണ്. അതുകൊണ്ട്​ ഒരു കൂട്ടം ചരിത്രകാരന്മാർ ഈ ന്യൂ കരിക്കുലം ഫ്രെയിംവർക്കിനെ ഒരു ഔട്ട് ഡേറ്റഡ് പദ്ധതിയായാണ് കാണുന്നത്. ഇത് നമ്മളെ നയിക്കുന്നത് ചരിത്രപരമായ പിന്നാക്കാവസ്ഥയിലേക്കാണെന്ന് അവർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ പ്രമുഖ മെഡീവൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് യു.ജി.സി യുടെ ഈ പ്രഖ്യാപിത ഫ്രെയിംവർക്കിനെ വിശേഷിപ്പിച്ചത് ‘ഭാരതീയ ചരിത്രത്തിന്റെ കമ്യൂണലൈസ്​ ചെയ്ത കാരിക്കേച്ചർ' എന്നാണ്. ജവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിലെ മെഡീവൽ ഹിസ്റ്ററി ചരിത്രകാരൻ നജഫ് ഹൈദറിന്റെ അഭിപ്രായത്തിൽ ഇത് തികച്ചും രാഷ്ട്രീയവൽക്കരിച്ചതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുമെന്നാണ്.

ചില പ്രത്യേക ചരിത്രകാലഘട്ടത്തെ ഗ്ലോറിഫൈ ചെയ്തും ചിലതിനെ തികച്ചും പ്രാകൃതമായി ചിത്രീകരിച്ചും ചരിത്രപരമായ വിടവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ചരിത്രം ഭൂരിപക്ഷ ചരിത്രമാകുന്നു

ഇവിടെ തിരുത്തിയെഴുതലുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ പാഠപുസ്തകങ്ങളിൽ ഏത് തരത്തിലുള്ള ചരിത്രമാണ് ഉൾപ്പെടുത്തേണ്ടതെന്ന വലതുപക്ഷത്തിന്റെ ചർച്ചകൾക്ക് ഏകദേശം നാൽപ്പതു വർഷം മുമ്പത്തെ ചരിത്രമുണ്ട്. ആ കാലഘട്ടത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പഴയ അവതാരമായ ജനസംഘം ഭരണത്തിലുണ്ടായിരുന്നു. റോമീല ഥാപ്പർ, ബിപിൻ ചന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖ ചരിത്രകാരന്മാർ എഴുതിയ പാഠപുസ്തകങ്ങൾ ദേശവിരുദ്ധമാണെന്ന ആരോപണമുന്നയിച്ച്​ അന്ന് നാനാജി ദേശ്​മുഖ്​ പോലെയുള്ള ഒരുകൂട്ടം ആളുകൾ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ഇതിനെ തുടർന്ന് പ്രധാനമന്ത്രി, അന്നത്തെ വിദ്യാഭ്യാസമന്ത്രിയോട് ആരോപണ വിധേയമായ പാഠപുസ്തകങ്ങൾ റദ്ദ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. മാർക്‌സിസ്​റ്റ് ​ചരിത്രകാരന്മാർ മാർക്‌സിസ്റ്റ് കാഴ്ചപ്പാടിൽ എഴുതിയത് എന്നായിരുന്നു അന്നത്തെ പാഠപുസ്​തകങ്ങൾക്കെതിരായ മുഖ്യ ആരോപണം. എന്നാൽ അത് അക്കാദമിസ്റ്റുകൾക്കിടയിൽ വിവാദമാവുകയും തുടർന്ന് ആ തീരുമാനം പിൻവലിക്കേണ്ടി വരികയും വന്നു. പിന്നീട് ഈ ശ്രമത്തിന്റെ തുടർച്ചയെന്നോണം 1998 -2004 കാലഘട്ടത്തിൽ എൻ.ഡി.എ സർക്കാരിന്റെ രണ്ടാം ഭരണത്തിന് കീഴിൽ പാഠപുസ്തകങ്ങളിൽ കാര്യമായ മാറ്റം സൃഷ്ടിക്കാനുള്ള ശ്രമമുണ്ടായി.

ഇന്ത്യൻ ചരിത്രത്തെ കമ്യൂണിസ്​റ്റുകാരുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ആധിപത്യത്തിൽ നിന്ന്​ മോചിപ്പിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു അന്നത്തെ വലതുപക്ഷത്തിന്റെ വാദം. എന്നാൽ എൻ.ഡി.എയെ പരാജയപ്പെടുത്തി 2004 ൽ യു.പി.എ വന്നപ്പോൾ ചരിത്രപാഠപുസ്തകങ്ങളെ കാവിരഹിതമാക്കി അവയെ മതേതരമാക്കുമെന്നായിരുന്നു പ്രതിജ്ഞ. കാവിവൽക്കരിച്ച പാഠപുസ്തകങ്ങൾ പിന്തള്ളി 2002 നു മുമ്പ് നിലവിലുണ്ടായിരുന്നതും എൻ.ഡി.എ അധികാരത്തിൽ വന്നപ്പോൾ എടുത്തുമാറ്റപ്പെട്ടതുമായ പാഠപുസ്തകങ്ങൾ യു.പി.എ സർക്കാർ തിരികെ കൊണ്ടുവന്നു. അതുകൊണ്ടുതന്നെ, പിന്നീട് പാഠപുസ്തകങ്ങളുടെ ചരിത്രത്തെ, കാവിവൽക്കരണത്തിനും മുമ്പും ശേഷവും എന്നീ രണ്ടു ഭാഗങ്ങളായി വിഭജിക്കേണ്ടതായി വന്നു.

ബിപിൻ ചന്ദ്ര, റോമില ഥാപർ

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എന്ന ഇന്ത്യൻ ചരിത്രകാരന്മാരുടെ സംഘടന ഈ Learning Outcomes Based Curriculum Framework നും എൻ.സി.ഇ.ആർ.ടി പരിഷ്കാരങ്ങൾക്കും എതിരെ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു: ‘2001 -2002 കാലഘട്ടത്തിൽ നടന്ന തിരുത്തിക്കുറിക്കലുകളുടെ ഭാഗം തന്നെയാണ് യു.ജി.സി യുടെ ഈ പുതിയ ഫ്രെയിംവർക്ക്​. അന്ന് ആർ.എസ്​.എസ്​ സ്ഥാപനമായ വിദ്യാഭാരതിയുടെ ജനറൽ സെക്രട്ടറി ദീന നാഥ് ബത്ര യുടെ എഡിറ്റർഷിപ്പിൽ ഇറക്കിയ പ്രസിദ്ധീകരണമായ The Enemies of Indianization: The Children of Marx, Macaulay and Madrasa' എന്ന പുസ്തകത്തിൽ ഈ ശ്രമത്തിന്റെ പിന്നിലുള്ള അജണ്ട വളരെ വ്യക്തമായിരുന്നു. അന്ന് ബി.ജെ.പി സർക്കാർ പുറത്തിറക്കിയ ഇത്തരം പാഠപുസ്തകങ്ങൾക്കെതിരെ വിമർശനമുണ്ടായപ്പോൾ അവ പിൻവലിക്കേണ്ടി വന്നു.

അന്ന് പരാജയപ്പെട്ട ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് പുതിയ നയങ്ങളും എന്നാണ് ഈ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. കൂടാതെ നിലവിലുള്ള പാഠപുസ്തകങ്ങളെല്ലാം ചരിത്രവിരുദ്ധമാണെന്ന യു.ജി.സി യുടെ അവകാശവാദവും ഇന്ത്യൻ ഹിസ്​റ്ററി കോൺഗ്രസ്​ തള്ളിക്കളയുന്നു. ചരിത്രത്തിന്റെ വളച്ചൊടിക്കലുകൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ പബ്ലിക് നോട്ടീസ് സമർപ്പിക്കുമെന്നും ഹിസ്​റ്ററി കോൺഗ്രസി​ന്റെ ഭാഗമായ ചരിത്രകാരന്മാർ പ്രഖ്യാപിക്കുന്നു. (IHC statement on New LOCF and NCERT reforms 2021).

ഗുജറാത്തിലെ പാഠപുസ്തകത്തിൽവരുത്തിയ ‘മോഡിഫിക്കേഷന്’ നമ്മൾ സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ മിലിറ്റന്റായും ആർ.എസ്.എസിനെ ദേശീയപ്രസ്ഥാനമായും ഇന്ത്യൻ മുസ്‌ലിംകളെ തീവ്രവാദികളായും കാണിച്ച്​, ഹിറ്റ്‌ലറുടെ നാസി പാരമ്പര്യത്തെ അതിൽ പുകഴ്​ത്തിപ്പാടിയിരിക്കുന്നു.

ഇന്ത്യയുടെ ഭൂതകാലത്തെ പ്രകീർത്തിക്കുന്ന പ്രവണത ദേശീയവാദികളായ ചരിത്രകാരന്മാരാണ് തുടങ്ങി വയ്ക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തെയും ചരിത്രത്തെയും തികച്ചും പ്രാകൃതമായി ചിത്രീകരിക്കാൻ ശ്രമിച്ച അധിനിവേശ ചരിത്രത്തിനെതിരായിരുന്നു അത്. അന്ന് അത് ഇന്ത്യക്കാരിൽ ദേശീയബോധം ഉണർത്തുകയും അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ ഊർജം നൽകുകയും ചെയ്തു. എന്നാൽ ഇന്ന് ഈ പ്രകീർത്തനം ജനങ്ങളെ സാമുദായികപരമായി വിഭജിക്കാനാണ് ഉപയോഗിക്കുന്നത്. ചില പ്രത്യേക ചരിത്രകാലഘട്ടത്തെ ഗ്ലോറിഫൈ ചെയ്തും ചിലതിനെ തികച്ചും പ്രാകൃതമായി ചിത്രീകരിച്ചും ചരിത്രപരമായ വിടവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ചരിത്രം ഭൂരിപക്ഷ ചരിത്രമാകുന്നു. പ്രസ്തുത ഭൂരിപക്ഷ ചരിത്രം, ന്യൂനപക്ഷ വിഭാഗങ്ങളെ അപരവൽക്കരിക്കുകയും രണ്ടാംകിട പൗരന്മാരായി ബിംബവൽക്കരിക്കുകയും ഭൂരിപക്ഷത്തിനിടയിൽ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഗുജറാത്തിലെ പാഠപുസ്തകത്തിൽ വരുത്തിയ ‘മോഡിഫിക്കേഷന്​’ നമ്മൾ സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ മിലിറ്റന്റായും ആർ.എസ്.എസിനെ ദേശീയപ്രസ്ഥാനമായും ഇന്ത്യൻ മുസ്‌ലിംകളെ തീവ്രവാദികളായും കാണിച്ച്​, ഹിറ്റ്‌ലറുടെ നാസി പാരമ്പര്യത്തെ അതിൽ പുകഴ്​ത്തിപ്പാടിയിരിക്കുന്നു. എൻ.സി.ഇ.ആർ.ടി, കേരള സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ജാതീയ സമരങ്ങളുടെ ഭാഗം ഒഴിവാക്കാൻ പറഞ്ഞ്​ ഗുജ്റാത്ത്​മോഡൽ പാഠപുസ്തകങ്ങൾ മാതൃകയാക്കാൻ നിർദേശിച്ചത് സംസ്ഥാന വ്യാപകമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സംക്ഷിപ്തമായി പറഞ്ഞാൽ, re writing നേക്കാൾ ചരിത്രത്തിന്റെ re-righting ആണ് നടക്കുന്നത്. കെ. എൻ. പണിക്കർ, Outsider as Enemy: Politics of Re-writing History in India എന്ന പ്രസംഗത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘അപചരിത്ര നിർമിതിയുടെ മുഖ്യ ലക്ഷ്യം ചരിത്രത്തിന്റെ സമുദായീകരണവും അതിലൂടെ അവർ മുന്നോട്ട് വയ്ക്കുന്ന സാംസ്‌കാരിക ദേശീയവാദത്തിന്​ ആശയപരമായ അടിത്തറ പണിയുകയുമാണ്''
എഴുതപ്പെട്ട ചരിത്രങ്ങളെ മാറ്റി എഴുതുക മാത്രമല്ല, ദീർഘവീക്ഷണത്തോടെ ഭാവി ചരിത്ര നിർമ്മിതി കൂടി നടക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ പാർലമെൻറ്​സമുച്ചയമായ സെൻട്രൽ വിസ്ത പദ്ധതിയും പട്ടേൽ പ്രതിമപോലെയുള്ള നിർമ്മിതികളും, സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും പുനർനാമകരണം ചെയ്യുന്നതും ഒക്കെ ഭാവി ചരിത്രത്തിൽ ഇടം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. അതിലുപരി, വസ്തുനിഷ്ഠപരമായി എഴുതപ്പെട്ട ചരിത്രങ്ങളുടെ തെളിവ് നശിപ്പിക്കലും മാനിപ്പുലേഷനും നടന്നു കൊണ്ടിരിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റജില

ചരിത്ര ഗവേഷക, ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി.

Comments