ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചു കൊന്നതിന്റെ 76 വർഷം; നാൾവഴികൾ

നാഥുറാം വിനായക് ഗോഡ്സേ, നാരായൺ ദത്താത്രേയ ആപ്‌തേ എന്നീ പ്രതികൾക്ക് വധശിക്ഷയും വിഷ്ണു രാമചന്ദ്ര കർക്കരേ , ഗോപാൽ വിനായക് ഗോഡ്സേ, മദൻലാൽ കശ്മീരിലാൽ പഹ് വ, ശങ്കർ കിസ്തയ്യ, ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരേ എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ് ജസ്റ്റീസ് ആത്മചരൺ വിധിച്ചത്. ഉപോദ്ബലക (corroborative ) തെളിവുകളുടെ അഭാവത്തിൽ പ്രതികളിൽ ഒരാളായ വിനായക് ദാമോദർ സവർക്കറെ കോടതി വെറുതെ വിട്ടു. വിചാരണാവേളയിൽ പൊലീസ് ഭാഗം ചേർന്ന പ്രതി ദിഗംബർ രാമചന്ദ്ര ബഡ്ഗെയെയും കോടതി മോചിപ്പിച്ചു.

1948 ജനുവരി മാസത്തിൽ ഗാന്ധിയെ വധിക്കാൻ രണ്ട് ശ്രമങ്ങൾ നടക്കുകയുണ്ടായി. 1948 ജനുവരി 20 ന് ദൽഹിയിലെ ബിർളാ ഹൗസിൽ ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ ഗൺ കോട്ടൺ സ്ലാബ് സ്ഫോടനം ഉണ്ടായി. അതേ തുടർന്ന് മദൻലാൽ കശ്മീരിലാൽ പഹ് വ എന്ന അഭയാർത്ഥി പൊലീസ് പിടിയിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പഹ് വ ഒരു ഗൂഢാലോചനയുടെ കണ്ണി മാത്രമാണ് താനെന്ന് വെളിപ്പെടുത്തുകയുണ്ടായി. വിഷ്ണു രാമചന്ദ്ര കർക്കരെയും പൂനെയിലെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ പത്രാധിപരും ( നാഥുറാം വിനായക് ഗോഡ്സേ ) ഇതിന് പിന്നിലുണ്ടെന്നും പഹ് വ സമ്മതിച്ചു. മാത്രമല്ല , "അവർ വീണ്ടും വരും ' (ഫിർ ആയേഗാ ) എന്ന മുന്നറിയിപ്പും നൽകി.

എന്നാൽ, ഈ സൂചനകളുടെ പിന്നാലെ ത്വരിതഗതിയിൽ ചലിക്കാൻ പൊലീസിന് കഴിഞ്ഞില്ല. 1948 ജനുവരി 30 ന് നടന്ന രണ്ടാം വധശ്രമം വിജയത്തിലെത്തി. നാഥുറാം വിനായക് ഗോഡ്സേ ഗാന്ധിയെ വധിച്ചു. അവിടെ വെച്ചു തന്നെ ഗോഡ് സേ പിടിയിലായി. തുടർന്നുള്ള ദിവസങ്ങളിൽ ദിഗംബർ രാമചന്ദ്ര ബഡ്ഗേ, ശങ്കർ കിസ്തയ്യ, നാരായൺ ദത്താത്രേയ ആപ്തേ ,വിഷ്ണു രാമചന്ദ്ര കർക്കരെ , ഗോപാൽ ഗോഡ്സേ എന്നിവരും പിടിയിലായി .റെഡ് ഫോർട്ടിൽ ,പ്രത്യേക കോടതിയിൽ പ്രതികളുടെ വിചാരണ ആരംഭിച്ചു.

പ്രധാനമായും രണ്ട് കോടതി വിധികളും ഒരു കമീഷൻ റിപ്പോർട്ടുമാണ് ഗാന്ധി വധത്തിന്റെ കാര്യത്തിലുണ്ടായത്.
1. പ്രത്യേക കോടതിയുടെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ആത്മചരണിന്റെ 1949 ഫെബ്രുവരി 10 ലെ വിധി.
2. അപ്പീൽ കോടതിയിലെ (കിഴക്കൻ പഞ്ചാബ് ഹൈക്കോടതി) ജസ്റ്റീസ് അച്ചുറാം, ജസ്റ്റീസ് ഭണ്ഡാരി , ജസ്റ്റീസ് ഖോസ് ലേ എന്നിവരുടെ 1949 ജൂൺ 23 ലെവിധികൾ.
3 . ഗാന്ധി വധ ഗൂഢാലോചന അന്വേഷിക്കാൻ ഇന്ത്യൻ ഭരണകൂടം ഏർപ്പെടുത്തിയ കപൂർ കമീഷൻ റിപ്പോർട്ട്.

നാഥൂറാം വിനായക് ഗോഡ്സേ നാരായൺ ദത്താത്രേയ ആപ്‌തേ

നാഥുറാം വിനായക് ഗോഡ്സേ, നാരായൺ ദത്താത്രേയ ആപ്‌തേ എന്നീ പ്രതികൾക്ക് വധശിക്ഷയും വിഷ്ണു രാമചന്ദ്ര കർക്കരേ , ഗോപാൽ വിനായക് ഗോഡ്സേ, മദൻലാൽ കശ്മീരിലാൽ പഹ് വ, ശങ്കർ കിസ്തയ്യ, ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരേ എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ് ജസ്റ്റീസ് ആത്മചരൺ വിധിച്ചത്. ഉപോദ്ബലക (corroborative ) തെളിവുകളുടെ അഭാവത്തിൽ പ്രതികളിൽ ഒരാളായ വിനായക് ദാമോദർ സവർക്കറെ കോടതി വെറുതെ വിട്ടു. വിചാരണാവേളയിൽ പൊലീസ് ഭാഗം ചേർന്ന പ്രതി ദിഗംബർ രാമചന്ദ്ര ബഡ്ഗെയെയും കോടതി മോചിപ്പിച്ചു.

ഇതേതുടർന്ന് നാഥുറാം വിനായക് ഗോഡ്സേ കിഴക്കൻ പഞ്ചാബ് ഹൈക്കോടതിയിൽ അപ്പീൽ പെറ്റീഷൻ സമർപ്പിച്ചു. പ്രത്യേക ജഡ്ജിക്ക് രണ്ട് കാര്യങ്ങളിൽ തെറ്റുപറ്റി എന്ന് പറഞ്ഞാണ് അപ്പീൽ പെറ്റീഷൻ സമർപ്പിച്ചത്. ഒന്നാമത്തേത് , ഗാന്ധിവധത്തിനുപിന്നിൽ ഒരു ഗൂഢാലോചനയുണ്ടായിരുന്നു എന്നതിൽ. രണ്ട് ,1948 ജനുവരി 20ലേയും 30ലേയും സംഭവങ്ങളെ ആ ഗൂഢാലോചനയുടെ അവിഭാജ്യഘടകങ്ങളായി കണ്ടതിൽ. പൊലീസ് ഭാഗം ചേർന്ന പ്രതി ദിഗംബർ രാമചന്ദ്ര ബഡ്ഗേയുടെ 'കഥ 'യ്ക്ക് നിയമം അനുശാസിക്കുന്ന ഉപോദ്ബലക തെളിവുകളുടെ അടിസ്ഥാനമില്ല എന്നാണ് ഗോഡ്സേ വാദിച്ചത്. ഗാന്ധിയുടെ കൊല താൻ മാത്രമെടുത്ത തീരുമാനമാണെന്നും മറ്റാർക്കും അതിൽ പങ്കില്ല എന്നും നാഥുറാം വിനായക് ഗോഡ്സേ അപ്പീലിൽ ബോധിപ്പിച്ചു. ഇതോടൊപ്പം മറ്റ് ആറു പ്രതികളും അപ്പീൽ സമർപ്പിച്ചു.

സർവർക്കറുടെ ചിത്രം ലോഗോ ആയി പ്രിൻറ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം

കിഴക്കൻ പഞ്ചാബ് ഹൈക്കോടതിയുടെ വിധി നാഥുറാം വിനായക് ഗോഡ്സേയുടെ അപ്പീൽ തള്ളി. എങ്കിലും ഡോ. പർച്ചൂരെയേയും ശങ്കർ കിസ്തയ്യയേയും അപ്പീൽ കോടതി വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷകൾ അപ്പീൽ കോടതി ശരിവെച്ചു. തുടർന്ന് 1949 നവംബർ 15 ന് അംബാല ജയിലിൽ നാഥുറാം വിനായക് ഗോഡ്സേയുടേയും നാരായൺ ദത്താത്രേയ ആപ്തേയുടേയും വധശിക്ഷ നടപ്പാക്കി, മറ്റുള്ളവരുടെ ജീവപര്യന്തത്തടവും.

എന്നാൽ ഗാന്ധിവധത്തിന്റെ കഥ അവിടെ തീർന്നില്ല .
1964 ഒക്ടോബർ 12 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗോപാൽ വിനായക് ഗോഡ്സേ, വിഷ്ണു രാമചന്ദ്ര കർക്കരേ, മദൻലാൽ കശ്മീരിലാൽ പഹ് വ എന്നിവർ ജയിൽ വിമോചിതരായി. ആ സമയത്ത് 'പരേതനായ ദേശഭക്തൻ ' നാഥുറാം ഗോഡ്സേയുടെ സഹോദരനായ ഗോപാൽ റാവു ഗോഡ്സേയുടേയും വിഷ്ണുപന്ത് കർക്കരേയുടേയും മദൻലാൽ പഹ് വയുടേയും ജയിൽ മോചനം ആഘോഷിക്കുന്നതിന് 1964 നവംബർ 12ന് വൈകീട്ട് 5.30 മുതൽ 7.30 വരെ പൂനെയിലെ ശനിവാർ പേട്ടിലെ ഉദ്യാൻ കാര്യാലയത്തിൽ സത്യവിനായക പൂജ നടത്തുന്നതിനും അവരെ ആദരിക്കുന്നതിനും എം.ജി.ഖായ്സാസ് എന്ന ഒരാളുടെ പേരിൽ ക്ഷണപത്രിക പുറപ്പെടുവിച്ചു. 125 മുതൽ 200 വരെ ആളുകൾ ഗാന്ധിയുടെ കൊലപാതകത്തിലെ പ്രതികളെ ആദരിക്കുന്ന ഈ ചടങ്ങിൽ പങ്കെടുത്തു. അതിൽ അദ്ധ്യക്ഷത വഹിച്ചത് ലോകമാന്യതിലകിന്റെ പേരമകനും ഹിന്ദുമഹാസഭാ നേതാവും തരുൺ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്ന ജി.വി.കേത്ക്കർ ആയിരുന്നു. തന്റെ പ്രസംഗത്തിൽ ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസങ്ങൾക്ക് മുമ്പുതന്നെ ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെപ്പറ്റി നാഥുറാം വിനായക് ഗോഡ്സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പരാമർശിക്കുകയുണ്ടായി. മാത്രമല്ല , 1948 ജനുവരി 20 ന് മദൻലാൽ പഹ് വ നടത്തിയ ഗാന്ധിവധശ്രമം പരാജയപ്പെട്ട ശേഷം പൂനെയിൽ തിരിച്ചെത്തിയ ദിഗംബർ ബഡ്ഗെ തന്നോട് 'ഭാവി പരിപാടികളെ ' ക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായെന്നും കേത്ക്കർ അവകാശപ്പെട്ടു. അതിനെപ്പറ്റി അധികം സംസാരിക്കരുതെന്ന് ഗോപാൽ ഗോഡ്സേ കേത്ക്കറെ തടയാൻ ശ്രമിച്ചെങ്കിലും 'അതിന്റെ പേരിൽ അവർ തന്നെ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല ' എന്ന് പ്രതികരിച്ച് കേത്ക്കർ പ്രസംഗം തുടർന്നു.

ജസ്റ്റിസ് ജീവൻലാൽ കപൂർ

കേത്ക്കറുടെ പ്രസംഗം പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള ചർച്ച സജീവമായി. പൂനെ ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ആയിരുന്ന ബി.എൻ. സനസ് കേത്ക്കറുടെ പ്രസ്താവനയിലേയ്ക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുകയും മഹാത്മാഗാന്ധി വധക്കേസിൽ പ്രതികളായവരെ ആദരിക്കാൻ മുതിർന്ന പൂനെയിലെ വ്യക്തികൾക്കുമേൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ 1964 നവംബർ 17 ന് ഒരു ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി വധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ ആക്കം വർദ്ധിപ്പിക്കുന്ന ഒന്നാണ് കേത്ക്കറുടെ വെളിപ്പെടുത്തൽ എന്ന് ആ ലേഖനം ഊന്നിപ്പറഞ്ഞു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ ഗോഡ്സേ കേത്ക്കറോട് വെളിപ്പെടുത്തിയത് തന്റെ 'പദ്ധതി ' യല്ല, 'ഉദ്ദേശ്യ'മാണ്. അത് രണ്ടും തമ്മിലുള്ള സൂക്ഷ്മവ്യത്യാസം ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ ഗാന്ധിയുടെ വധം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കേത്ക്കറെ തടയുന്നില്ല.

ലേഖനം ഇങ്ങനെ തുടർന്നു : '''കഥ' അവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ചയിൽ (1964 നവംബർ 12 ) ഗോഡ്സേയുടെ 'രക്തസാക്ഷിത്വം' ആഘോഷിച്ചവരിൽ നിന്ന് അത് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്.
ഗാന്ധിവധത്തിന്റെ സൂത്രധാരന്റെ കൂട്ടാളികൾക്ക് നൽകിയ ഈ 'സ്വീകരണം ' എന്നത് ഈ രാജ്യത്തെ ചിലയാളുകളിൽ ഈ നീചപ്രേരണ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ വൃത്തികെട്ട ഓർമപ്പെടുത്തലാണ്. കൊലയാളിയെ മാത്രമല്ല , നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അയാളെ സഹായിച്ചവരെയും ദേശീയ നായകരായി കണക്കാക്കുന്ന നീചപ്രവൃത്തിയിലൂടെ നമ്മളും അതേ നിലവാരത്തിലേയ്ക്ക് താഴുകയല്ലേ ചെയ്യുന്നത് പൂനെയിലെ സ്വീകരണം വിവരിക്കാൻ കഴിയുന്നതിനപ്പുറമുള്ള നാണം കെട്ട പ്രവൃത്തിയാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഇല്ല.''

ഇത്തരം ചർച്ചകളെ തുടർന്ന് 1964 നവംബർ 24 ന് പൂനെ ജില്ലാ മജിസ്ട്രേറ്റ് കേത്ക്കറെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഒരു ഉത്തരവിനെപ്പറ്റി മുൻകൂർ ധാരണ ലഭിച്ചതിനാലാകാം, നവംബർ 23നുതന്നെ കേത്ക്കർ പൂനെ വിട്ട് മദ്രാസിലേയ്ക്ക് പോയി. നവംബർ 25 ന് മദ്രാസ് പൊലീസ് കമീഷണർക്കുമുമ്പാകെ കേത്ക്കർ കീഴടങ്ങി. പാർലിമെന്റിൽ ഭൂപേഷ് ഗുപ്ത അടക്കമുള്ള എം.പി മാർ കേത്ക്കർ സംഭവത്തെ ചൊല്ലി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഗോപാൽ സ്വരൂപ് പാഥക് എം. പിയെ അന്വേഷണ കമീഷനായി നിയോഗിച്ചു. അദ്ദേഹം.കേന്ദ്രമന്ത്രിയായതിനെ തുടർന്ന് ജസ്റ്റീസ് ജീവൻലാൽ കപൂറിനെ അന്വേഷണ കമീഷൻ ആയി നിയമിച്ചു.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ ആർ.എസ്.എസിനുള്ള പങ്കിനെപ്പറ്റി കപൂർ കമ്മീഷൻ അന്വേഷിച്ചു. കമീഷൻ എത്തിയ നിഗമനം താഴെ കൊടുക്കുന്നു:
"ഈ എല്ലാക്കാര്യങ്ങളും നിലനിൽക്കെത്തന്നെ, പ്രത്യയശാസ്ത്രപരമായി അതൊരു കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനം ആയിരുന്നു. അത് ഒരിക്കലും അഹിംസയുടെ തത്വശാസ്ത്രത്തിലോ അഹിംസയുടെ പ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. അത് ഗാന്ധിസത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. പക്ഷെ അതിന്റെ ഗാന്ധിവിരുദ്ധത മഹാത്മാഗാന്ധിയെ വ്യക്തിപരമായി ദ്രോഹിക്കുന്നത്രയും പോയതായി കാണുന്നില്ല.'

ഒരർത്ഥത്തിൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റത്തിൽ നിന്ന് ആർ. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായി ഇതിനെ കാണാം. നിയമദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാമെങ്കിൽ കൂടിയും രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു തീർച്ചയുണ്ടാക്കണമെങ്കിൽ നാം കപൂർ കമീഷൻ റിപ്പോർട്ടിലെ ആർ. എസ്. എസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും ആർ. എസ്. എസിനെ കുറിച്ച് കമീഷൻ എത്തിച്ചേർന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു.

കപൂർ കമീഷൻ, ഗാന്ധിവധത്തിലെ ഗൂഢാലോചനകളെ കുറിച്ച് വിശദമായി അന്വേഷിച്ചു. പത്തൊമ്പതാം സാക്ഷിയായി കമീഷൻ വിസ്തരിച്ചത് ഗാന്ധിവധത്തിന്റെ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആർ. എൻ. ബാനർജിയെ ആണ്. അദ്ദേഹം ആർ. എസ്.എസിനെപ്പറ്റി ഇങ്ങനെ മൊഴി നൽകി: "(മദൻലാൽ പഹ് വയുടെ ) ബോംബേറിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ആർ. എസ്. എസിനില്ല. എന്റെ അഭിപ്രായത്തിൽ ഗൂഢാലോചനക്കാർ ആർ. എസ്. എസ് അംഗങ്ങളായി പ്രവർത്തിക്കുന്നവർ ആയിരുന്നില്ല. അതേസമയം, ആ സംഘടനയുടെ ചില പ്രവർത്തനങ്ങൾ സാമൂഹികവിരുദ്ധവും എതിർക്കപ്പെടേണ്ടതുമായതിനാൽ (1948) ജനുവരി 30നുശേഷം ആ സംഘടനയ്ക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ ഗവണ്മെന്റിന് കുറ്റബോധം തോന്നുകയുണ്ടായി .'
ആർ. എസ്. എസിനെ നിരോധിക്കാനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കുന്ന സമയത്തുതന്നെ ആ വിവരം ചോരുകയും പിറ്റേന്ന് പത്രങ്ങളിൽ ആ വാർത്ത വരികയും ആർ. എസ്. എസിന്റെ ഉന്നതർ ഒളിവിൽ പോകുകയും ചെയ്തെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു.

ബോംബെ പ്രവിശ്യയിലെ ആർ. എസ്. എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴികളെ കമീഷൻ ക്രോഡീകരിച്ചതിൽ നിന്ന് ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
19 .42: ആർ. എസ്. എസിന്റേയും ഹിന്ദുമഹാസഭയുടേയും പ്രവർത്തനങ്ങൾ 1947 ൽ ബോംബെ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുകയും അന്നത്തെ ബോംബെ പ്രധാനമന്ത്രി (Premier ) ഈ സംഘടനകളെ സംബന്ധിച്ച് മൂന്ന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഉണ്ടായി.

ആർ. എസ്. എസിന്റെ മുഴുവൻ നേതാക്കളുടേയും പ്രവർത്തകരുടേയും പട്ടിക ശേഖരിച്ച് പോലീസ് ഗവണ്മെന്റിന് സമർപ്പിക്കേണ്ടതാണ് ഹിന്ദുമഹാസഭയെ സംബന്ധിച്ചും അത്തരമൊരു പട്ടിക പൊലീസ് ഗവണ്മെന്റിന് സമർപ്പിക്കേണ്ടതാണ് ഈ രണ്ടു സംഘടനകളുടേയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കേണ്ടതാണ്. അന്നത്തെ ബോംബെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാർജി ദേശായ് പത്തു ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ സമർപ്പിക്കാൻ ഡി. ഐ. ജി / സി. ഐ. ഡി മാർക്ക് നിർദ്ദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ എല്ലാ അർത്ഥത്തിലും ശരിയും സമഗ്രവും ആയിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
19.45 : അതനുസരിച്ച് ഡി. ഐ. ജി / സി. ഐ. ഡി പ്രത്യേകം പട്ടിക ആർ. എസ്. എസിനെ സംബന്ധിച്ച് തയ്യാറാക്കിയതായി കാണുന്നില്ല. മാത്രമല്ല , ഈ പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ ആർ. എസ്. എസ് അംഗങ്ങൾ ആണെന്നും പറയുന്നില്ല. പക്ഷെ, ധാരാളം ആർ. എസ്. എസ് പ്രവർത്തകർ ഹിന്ദുമഹാസഭ പ്രവർത്തകർ കൂടിയായിരുന്നു എന്നതിന് തെളിവുണ്ട്. ഈ പട്ടിക കടുത്ത സവർക്കറിസ്റ്റായ നാഥുറാം ഗോഡ്സേയുടേയും അത്ര തന്നെ അപകടകാരിയായ എൻ. ഡി. ആപ്തേ (നാരായൺ ദത്താത്രേയ ആപ്തേ ) യുടേയും അത്ര തന്നെ അപകടകാരിയും ലൈസൻസില്ലാത്ത ആയുധങ്ങൾ വ്യാപാരം ചെയ്യുന്ന ഡി. ആർ. ബഡ്ഗേ (ദിഗംബർ രാമചന്ദ്ര ബഡ്ഗേ) യുടേയും പേരുകൾ ഉൾക്കൊള്ളുന്നു.
19.47: പൂനെയിലെ പ്രാദേശിക സി. ഐ. ഡി സമാഹരിച്ച മറ്റൊരു പട്ടികയിലും ഒരു സവർക്കറൈറ്റ് ആയ നാഥുറാം ഗോഡ്സേയുടേയും മറ്റൊരു സവർക്കറൈറ്റും സ്ഫോടക വസ്തു നിയമപ്രകാരം ഒരു കുറ്റകൃത്യവിചാരണയ്ക്ക് വിധേയനായ എൻ.ഡി. ആപ്തേയുടേയും സവർക്കറൈറ്റും സ്ഫോടകവസ്തു നിയമപ്രകാരം വിചാരണ നടത്തിക്കൊണ്ടിരിക്കുന്ന ജി.വി. കേത്ക്കറിന്റേയും സവർക്കറൈറ്റും നിയമവിരുദ്ധമായ ആയുധ ഇടപാടുകാരനും ആയ ഡി. ആർ. ബഡ്ഗേയുടേയും പേരുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

1947 ആഗസ്റ്റ് 15 ന് അയച്ച ഈ പട്ടികയുടെ അവതരണക്കത്തിൽ (Forwarding letter), കമീഷനുമുമ്പാകെ ഹാജരാക്കിയ പ്രദർശനത്തെളിവ് നമ്പർ 115 ൽ, പ്രസ്തുത പട്ടിക ഒന്നിൽ ആർ.എസ്.എസ്. ഭാരവാഹികളുടേയും പ്രവർത്തകരുടേയും, പട്ടിക രണ്ടിൽ, ഹിന്ദുമഹാസഭയുടെ നേതാക്കളുടേയും പട്ടികയാണ് അയയ്ക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
19.52: കമീഷനുമുമ്പാകെ സമർപ്പിച്ച തെളിവുരേഖ 62 (1947 ഡിസംബർ 20) ലെ പൊലീസിന്റെ വാരാന്ത്യറിപ്പോർട്ടിൽ 1947 ഡിസംബർ 10 ന് ഹിന്ദുസഭാംഗങ്ങളും ഏതാനും പഞ്ചാബി, സിക്ക് അഭയാർത്ഥികളും ചേർന്ന് നടത്തിയ സ്വകാര്യ യോഗത്തിൽ വി. ആർ. കർക്കരേ (വിഷ്ണു രാമചന്ദ്ര കർക്കരേ - ഗാന്ധി വധത്തിലെ പ്രതി ) അഭയാർത്ഥികൾക്കിടയിലെ വിമുക്തഭടരെ ആർ. എസ്. എസ് സന്നദ്ധസേവാംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി . മുസ്‌ലിംകളോടുള്ള അവരുടെ പ്രതികാരം തീർക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുത്തി.
19.53 : കമീഷനുമുമ്പാകെ ഹാജരാക്കിയ തെളിവു രേഖ 1947 സെപ്റ്റംബർ 17 ലെ 120-A/1, ആർ. എസ്. എസിന്റെ പ്രവർത്തനങ്ങളെ കാണിക്കുന്ന ഒന്നാണ്. അത് പറയുന്നത് ആർ. എസ്. എസ് എന്നത് ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിപ്പിക്കപ്പെട്ട തീവ്രവാദ സംഘടനയാണെന്നാണ്. ആത്യന്തികമായി ഹിന്ദുസംഘടനയായ ഇത് ഹിന്ദുമഹാസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിൽ പോലും അതിന്റെ പ്രധാന സംഘാടകരും പ്രവർത്തകരും ഒന്നുകിൽ ഹിന്ദുമഹാസഭയുടെ അംഗങ്ങളോ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്. ഹിന്ദുക്കളെ സംഘടിപ്പിച്ചും ഹിന്ദു ജനകീയസൈന്യം ഉണ്ടാക്കിയും രാജ്യത്തെ മുസ്‌ലിം ആധിപത്യം അടക്കമുള്ള വൈദേശികാധിപത്യത്തിൽ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണത് പ്രവർത്തിക്കുന്നത്. അത് ഒരു പ്രത്യക്ഷസംഘടനയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രവർത്തനകാര്യങ്ങളിൽ രഹസ്യാത്മകത പുലർത്തിവരുന്ന ഒന്നാണത്. ഹിന്ദുമഹാസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് അതിന്റെ നയങ്ങളിൽ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇതേ ഖണ്ഡികയിൽ തന്നെ സംഘ സന്നദ്ധസേവകർ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കാറില്ല എന്നും കമീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.

സാക്ഷി നമ്പർ 95 , ജെ. എൻ. സാഹ്നി നൽകിയ മൊഴിയിൽ പറയുന്ന ആറു ലക്ഷത്തിലധികം വരുന്ന അംഗങ്ങളുള്ള രഹസ്യസംഘടനയെപ്പറ്റി കമീഷൻ പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുദ്ദേശിച്ച് ഉണ്ടാക്കിയ ആ സംഘടനയുടെ രഹസ്യ സെല്ലുകൾ പഞ്ചാബ് , മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹം മൊഴി നൽകിയത്. ഗോൾവർക്കറോ (അന്നത്തെ ആർ. എസ്. എസ് തലവൻ) ഭോപട്ക്കറോ, ഡോ.ഖരേയോ ( ഹിന്ദുമഹാസഭ നേതാക്കൾ ) ആണ് ആ രഹസ്യസംഘത്തിന്റെ നേതാവ് എന്ന് ശ്രുതി പരന്നിരുന്നു. അതിലെ സന്നദ്ധപ്രവർത്തകർക്ക് ആൾവാറിലും ഭരത്പൂരിലും മറ്റ് ചില സ്ഥലങ്ങളിലും ഉന്നതനേതാക്കളെ കൊന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള പരിശീലനം നൽകുകയുണ്ടായി. മഹാത്മാഗാന്ധി കൊല്ലപ്പെട്ട സമയത്ത് ഈ പദ്ധതിയുടെ ഭാഗമായി അതിനെ കണക്കാക്കുകയും കടുത്ത നടപടികൾ എടുക്കുകയും ചെയ്തു. ചില രാജകുമാരന്മാർ അവരുടെ കൈയ്യാളുകളിലൂടെ പ്രവർത്തിക്കുന്ന ഒരു അഞ്ചാംപത്തിയുടെ രൂപത്തിലുള്ള രഹസ്യ രാഷ്ട്രീയപ്രസ്ഥാനത്തിനും രൂപം നൽകിയതായി കൂടിയും സാഹ്നിയുടെ മൊഴിയിലുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ, ഏറ്റവും ചുരുങ്ങിയത് അവരുടെ രാജ്യങ്ങളിലെങ്കിലും അധികാരം പിടിച്ചെടുക്കാൻ ഉദ്ദേശിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്.

ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org

ജയ്സാൽമീർ, ജോധ്പൂർ, ആൾവാർ, ഭരത്പൂർ, ബറോഡ, ഭോപ്പാൽ രാജ്യങ്ങളിലെ രാജകുമാരന്മാരെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നാഗ്പൂരിലിരുന്ന്‌ഗോൾവാൾക്കറും ( ആർ. എസ്. എസ് തലവൻ ) പൂനെയിലിരുന്ന് ഭോപ്പട്ക്കറും ആണ് ഇതിനെ നയിച്ചിരുന്നത്. (19.56 ഖണ്ഡിക )

1947-48 കാലത്ത് ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന എം. കെ സിൻഹ നൽകിയ മൊഴിയിൽ ബോംബെ പ്രോവിൻസിന്റെ മറാത്ത സംസാരിക്കുന്ന ഭാഗങ്ങളിലും സെൻട്രൽ പ്രോവിൻസിലും ശക്തമായ മഹാസഭാ പ്രസ്ഥാനവും ആർ. എസ്. എസ് പ്രസ്ഥാനവും പ്രവർത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അത് ഒരു ഗാന്ധി - വിരുദ്ധ പ്രസ്ഥാനമാണ് എന്ന് അദ്ദേഹം വ്യവച്ഛേദിക്കുന്നില്ല. അതേസമയം അവിടെ വലിയതോതിൽ ഗാന്ധി വിരുദ്ധ സംസാരം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഗാന്ധിയുടെ പാകിസ്ഥാൻ സമീപനത്തെ മുൻനിർത്തി. (19.58 ഖണ്ഡിക )

സാക്ഷി നമ്പർ 55, ബി. ബി. എസ്. ജെറ്റ്ലിയുടെ മൊഴിയനുസരിച്ച് അദ്ദേഹം സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ രണ്ടുമാസങ്ങളിൽ ആർ. എസ്. എസിനെതിരെ 600-700 കേസുകൾ എടുക്കുകയുണ്ടായി. ആയുധശേഖരണത്തിനും ഗ്രാമങ്ങൾ ആക്രമിച്ചതിനും വ്യക്തികളെ ആക്രമിച്ചതിനുമെതിരെയായിരുന്നു കേസുകൾ. ആർ. എസ്. എസിനെ നിരോധിക്കാൻ അദ്ദേഹം ശുപാർശ ചെയ്യുകയും അക്കാര്യം യു.പി പ്രധാനമന്ത്രി ( Premier ) ആയിരുന്ന ജി. ബി. പാന്തിനോടും ആഭ്യന്തരമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയോടും സംസാരിക്കുകയും ചെയ്തിരുന്നു. അവർ അദ്ദേഹത്തോട് യോജിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ്‌സർദാർ പട്ടേലുമായി ( അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി) കൂടിയാലോചിക്കണം എന്ന് പറയുകയുണ്ടായി. ഗാന്ധി വധത്തെ തുടർന്ന് ആർ. എസ്. എസിനെ നിരോധിക്കുകയുണ്ടായി.( 19.59 ഖണ്ഡിക )

ഗാന്ധിയുടെ വ്യക്തിഗത ഭിഷഗ്വരയായിരുന്ന സുശീല നയ്യാരുടെ ( സാക്ഷി നമ്പർ 53 ) മൊഴി ഇങ്ങനെ: താൻ ഗാന്ധിയുടെ മുന്നിൽ വെച്ച് ആർ. എസ്. എസ് സന്നദ്ധപ്രവർത്തകരെ സ്തുതിച്ചപ്പോൾ അദ്ദേഹം (ഗാന്ധി ) അവർക്ക് ആർ. എസ്. എസിനെപ്പറ്റി അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. അവർ ഫാസിസ്റ്റുകളേയും നാസികളേയും പോലെ കറുപ്പു കുപ്പായക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില പൊലീസുകാർക്ക് ആർ. എസ്. എസ് ആഭിമുഖ്യമുണ്ടായിരുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിൽ അത് തന്നെ അത്ഭുതപ്പെടുത്തില്ല എന്നും അവർ പറഞ്ഞു.

മരണസമയത്ത് ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന പ്യാരേലാലിന്റെ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ കമീഷൻ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ആ പുസ്തകത്തിന്റെ 687-ാം പേജിൽ നിന്ന് കമീഷൻ എടുത്ത് ചേർത്ത ഭാഗം ഇതാണ്:
""ആർ. എസ്. എസ് എന്നത് മഹാരാഷ്ട്രയിൽ നിന്ന് നിയന്ത്രിക്കുന്ന വർഗ്ഗീയ , അർദ്ധസൈനിക ,ഫാസിസ്റ്റ് സംഘടനയാണ്. മഹാരാഷ്ട്രക്കാരാണ് അതിന്റെ താക്കോൽസ്ഥാനങ്ങൾ കൈയ്യാളുന്നത്. അവരുടെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. "മുസ്‌ലിംകൾ ഇന്ത്യ വിടുക ' എന്ന മുദ്രാവാക്യമാണ് അവർ സ്വീകരിച്ചിട്ടുള്ള മുദ്രാവാക്യം' . അക്കാലത്ത് അവർ അത്രമേൽ സക്രിയരായിരുന്നില്ല, ഏറ്റവും ചുരുങ്ങിയത് പരസ്യമായെങ്കിലും. പക്ഷെ പഞ്ചാബിലേയും പടിഞ്ഞാറൻ പാക്കിസ്ഥാനിലേയും ഹിന്ദുക്കളേയും സിക്കുകളേയും ഒഴിപ്പിക്കുന്ന സന്ദർഭത്തിനായാണ് അവർ കാത്തിരിക്കുന്നതെന്ന കറുത്ത സൂചന നൽകപ്പെട്ടിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവർ പാകിസ്ഥാൻ ചെയ്തതിന് പകരമായി ഇന്ത്യൻ മുസ്‌ലിംകൾക്കു നേരെ ആഞ്ഞടിക്കാനാണ് കാത്തിരുന്നത്. അത്തരം ഒരു ദുരന്തത്തിന്റെ ജീവനുള്ള സാക്ഷിയാകാൻ ഗാന്ധി തയ്യാറായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ യൂണിയനിലെ ന്യൂനപക്ഷം മാത്രമാണ് മുസ്‌ലിംകൾ. ഇന്ത്യൻ യൂണിയനിലെ തുല്യപൗരർ എന്ന നിലയിൽ അവരുടെ ഭാവിയെക്കുറിച്ച് എന്തിനവർ അരക്ഷിതരാകണം''
ഖണ്ഡിക 19.64. ഖണ്ഡിക 19.67 ലും പ്യാരേലാലിനെ കമീഷൻ ഉദ്ധരിക്കുന്നു.)

1947 സെപ്റ്റംബർ 12 ന് ആർ. എസ്. എസ് തലവൻ ഗാന്ധിജിയെ സന്ദർശിക്കുകയും അവർ നിലകൊള്ളുന്നത് മുസ്‌ലിംകളെ കൊല്ലാനല്ലെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹത്തോട് പറയുകയും ചെയ്തു. അതായത് അവർ സുരക്ഷാശക്തിയാണെന്നും നശീകരണശക്തിയല്ലെന്നും ആർ. എസ്. എസ് സമാധാനത്തിനുവേണ്ടി നിൽക്കുന്ന ഒന്നാണെന്നും. പക്ഷെ മുസ്‌ലിംകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങളെ പരസ്യമായി അപലപിക്കാൻ മഹാത്മാവ് ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഗാന്ധിജിക്കുതന്നെ അത് ചെയ്യാൻ കഴിയും എന്നാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം ആർ. എസ്. എസ് നേതാക്കൾ ശുചിത്തൊഴിലാളികളുടെ കോളനിയിൽ അവർ നടത്തുന്ന ഒരു റാലിയിൽ പങ്കെടുക്കാൻ ഗാന്ധിജിയെ കൊണ്ടുപോയി. അവർ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ഹിന്ദുമതം ഉല്പാദിപ്പിച്ച ഒരു മഹാത്മാവ് എന്ന് വിളിക്കുകയും ചെയ്തു. മറുപടിയായി ഒരു ഹിന്ദുവെന്ന നിലയിൽ താൻ അഭിമാനിക്കുന്നു എന്നും എന്നാൽ തന്റെ ഹിന്ദുമതം അസഹിഷ്ണുത നിറഞ്ഞതും പുറംതള്ളുന്നതുമായ ഒന്നല്ല എന്നും ഗാന്ധി പറഞ്ഞു.

കമീഷന്റെ 19.78 ഖണ്ഡിക പറയുന്നത്, ആർ. എസ്. എസ് തലവൻ ഗോൾവാൾക്കറുടെ ഒരു പ്രസംഗത്തെ പറ്റിയാണ്. 1947 ഡിസംബർ 8 ന് 2500 ഓളം വരുന്ന പ്രവർത്തകരോടാണ് അദ്ദേഹം പ്രസംഗിച്ചത്. ശിവജിയുടെ അടവുനയവഴിയിലെ ഒളിപ്പോർ മുറകളെ സ്വാംശീകരിക്കാൻ നിരവധി സന്നദ്ധപ്രവർത്തകരെ സജ്ജമാക്കാൻ അദ്ദേഹം പ്രവർത്തകരോടാവശ്യപ്പെട്ടു. സംഘം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും തങ്ങളുടെ വഴിയിൽ ആരൊക്കെ നിന്നാലും അവരെയൊക്കെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു; അത് നെഹ്റു ഗവണ്മെന്റായാലും മറ്റേത് ഗവണ്മെന്റായാലും. ഇന്ത്യ, അദ്ദേഹം പറഞ്ഞു, അത്തരക്കാർക്ക് ജീവിക്കാനുള്ളതല്ല.
മേൽപ്പറഞ്ഞ സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് ആർ. എസ്. എസിനെപ്പറ്റി കമീഷൻ ക്രോഡീകരിച്ച നിഗമനങ്ങളിൽ ചിലത്:

19 .102 4 (a): ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിക്കപ്പെട്ട തീവ്രഹിന്ദുസംഘടന ആർ. എസ്. എസ് ആണ്. അത് ഹിന്ദുമഹാസഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ പ്രധാന സംഘാടകരും പ്രവർത്തകരും ഹിന്ദുമഹാസഭാ അംഗങ്ങളോ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്.
b) അത് ഒരു പരസ്യസംഘടനയാണെങ്കിലും അതിന്റെ പ്രവർത്തനത്തെക്കുറിച്ച്‌രഹസ്യാത്മകത സൂക്ഷിക്കുന്നു.
19.102 (5): വർഗ്ഗീയ സംഭവങ്ങളിൽ അതിനൊരു കൈയ്യുള്ളതായി സംശയിക്കപ്പെടുന്നു.
6). അത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തില്ല.

കപൂർ കമീഷന്റെ പ്രധാന നിഗമനങ്ങളിൽ ഒന്ന്, മേലെ ഞാൻ എടുത്തു പറഞ്ഞ ഒന്ന്, ഹിന്ദുമഹാസഭയുടേയും ആർ. എസ്. എസിന്റേയും സംഘാടകരും പ്രവർത്തകരും മഹാരാഷ്ട്രയിലെങ്കിലും ഏറെക്കുറെ ഒന്നായിരുന്നു എന്നാണ്, അഫിലിയേഷൻ ഇല്ലെങ്കിൽ പോലും. ഹിന്ദു സംഘടൻ പ്രസ്ഥാനങ്ങൾ എന്ന മട്ടിൽ കമീഷൻ എടുത്തുകാണിക്കുന്ന ആർ. എസ്. എസും ഹിന്ദുമഹാസഭയും ഹിന്ദു രാഷ്ട്ര ദളുമൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് കമീഷൻ കാണുന്നത്.
ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം

Comments