ഹിന്ദുവിരുദ്ധവും ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാർ സമരങ്ങൾ എന്ന പരമ്പരാഗത വിശദീകരണങ്ങളിൽ നിന്ന്
വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാർ സമരത്തെ അവതരിപ്പിക്കാനാണ് പരിവാർ ആഖ്യാനങ്ങൾ ദേശീയ തലത്തിൽ ഇപ്പോൾ ശ്രമിക്കുന്നത്. ഹിന്ദുക്കളെ വംശഹത്യ നടത്തിയതും മതപരിവർത്തനം നടത്താൻ ലക്ഷ്യമിട്ടതുമായ ലഹളകളായിരുന്നു മലബാർ സമരങ്ങൾ എന്നതാണ് ഈ ആഖ്യാനങ്ങളുടെ സ്വഭാവം. ഖിലാഫത്ത് രാജ്യം സ്ഥാപിക്കാൻ ഹിന്ദുക്കളെ മതം മാറ്റിയതും വംശഹത്യ നടത്തിയതുമായ ലഹളകളായിട്ടാണ് മലബാർ സമരങ്ങളെ ഇവർ പ്രചരിപ്പിക്കുന്നത്. മലബാറിൽ ഹിന്ദുക്കൾ വംശഹത്യക്കിരയായ ഒരു പീഡിത ജനതയാണ് എന്നും മതപരിവർത്തനത്തിലൂടെ ഹിന്ദുക്കൾ മലബാർ പ്രദേശത്ത് ന്യൂനപക്ഷമായി മാറി എന്നും അവതരിപ്പിക്കുന്നതിന് പലതരം പ്രചാരണങ്ങളും നിർമിക്കപ്പെട്ടിട്ടുണ്ട്.
സമകാലിക മലപ്പുറം ജില്ല മുസ്ലിം ഭൂരിപക്ഷമുള്ള പീഡിത ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശമായി സ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരം നിരന്തരം ദേശീയമായി നിലനിർത്തുന്നത് ഈ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ്. വംശഹത്യക്കിരയായ ഹിന്ദു എന്ന നിർമിതിയിലൂടെ മുസ്ലിം സമൂഹത്തെ രാഷ്ട്രീയ അപരരായി സ്ഥാനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ ഹിന്ദുത്വ ചരിത്ര വിശദീകരണം മലബാർ സമരങ്ങളെ മതപരിവർത്തന ലഹളകളായി സ്ഥാനപ്പെടുത്തുന്നു.
ചരിത്രത്തെ സാംസ്‌കാരിക രാഷ്ട്രീയമായി, ദൈനംദിന ഹിംസകളായി പ്രക്ഷേപിക്കുന്ന വ്യവഹാരം ഹിന്ദു രാഷ്ട്ര പ്രത്യയബോധമായി നിരന്തരം വിന്യസിക്കുന്ന നിർമിതി ഹിംസയാണ്. ഹിംസയുടെ ചരിത്രവും ചരിത്രത്തിന്റെ ഹിംസാവൽക്കരണവുമായി ഹിന്ദുത്വം മുസ്ലിം വിരുദ്ധ മുൻവിധികളുടെ ഒരു സാമൂഹിക പൊതുബോധം നിർമിക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തെ പറ്റിയുള്ള സംഘപരിവാറിന്റെ സമകാലിക ദേശീയ വ്യാഖ്യാനം ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കാവശ്യമായി മുസ്ലിം അപരത്വ നിർമിതി ലക്ഷ്യം വച്ചാണ് രൂപപ്പെടുത്തുന്നത്. മുസ്ലിം വിരുദ്ധ സാമൂഹിക അവബോധത്തെ ചരിത്രബോധമായി, ഹിംസാത്മകമായി മാറ്റിക്കൊണ്ടാണ് മുസ്ലിം അപരത്വ സങ്കല്പം ഇസ്ലാം പേടിയായി ഭാവനപ്പെടുന്നത്. മലബാർ സമരങ്ങളെ മുൻനിർത്തി മുസ്ലിം അപരത്വത്തെ പിൻപറ്റുന്ന ഒട്ടനവധി രാഷ്ട്രീയ പ്രതിനിധാനങ്ങളും സാംസ്‌കാരിക മുൻവിധികളും രാഷ്ട്രീയ- സാമൂഹിക മുൻവിധികളായും ദൈനംദിന രാഷ്ട്രീയ- സാംസ്‌കാരിക വ്യവഹാരമായും മാറിയിട്ടുണ്ട്
മലബാർ / "മാപ്പിള ലഹള'യുടെ സമര ചരിത്രം
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് മലബാറിൽ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണനയങ്ങൾക്കെതിരെ തദ്ദേശീയ സമൂഹങ്ങളുടെ ചെറുത്തുനിൽപുകളും പ്രതിരോധങ്ങളുമായിരുന്നു അവ. മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയും അവർ നടപ്പാക്കിയ ചൂഷണ നയങ്ങൾക്കെതിരെയും പാരമ്പര്യമായി നിലനിന്ന ജാതി- ജന്മി ചൂഷണത്തിനെതിരായും നടന്ന പ്രക്ഷോഭങ്ങളെ ലഹളകളായിട്ടാണ് ബ്രിട്ടീഷ് ഭരണാധികാരികളും കൊളോണിയൽ ഉദ്യോഗസ്ഥ പണ്ഡിതരും വിലയിരുത്തിയത്. കൊളോണിയൽ നിയമ സംവിധാനത്തിനും ഭരണനയങ്ങൾക്കും എതിരായ പ്രക്ഷോഭങ്ങളായതിനാൽ ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്തവിരുദ്ധവുമായ ലഹളകളായിട്ടാണ് ഈ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ഇവ ബ്രിട്ടീഷ്- നിയമ വിരുദ്ധ കലാപങ്ങളായിട്ടാണ് അക്കാലത്തെ ഔദ്യോഗിക രേഖകളിലുള്ളത്.
ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളായതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് കൊളോണിയൽ വിരുദ്ധ മലബാർ പ്രക്ഷോഭങ്ങൾക്കുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഖിലാഫത്ത് മുന്നേറ്റവും കൂടിച്ചേർന്ന് ബ്രിട്ടിഷ് ഭരണത്തിനെതിരെ രൂപപ്പെടുത്തിയ ദേശീയ രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് മലബാർ സമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും സംഭവബഹുലവുമായ 1920-21 കാലങ്ങളിലെ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായതിനാൽ മലബാർ സമരങ്ങൾ എന്നാണ് പൊതുവെ മലബാർ പ്രക്ഷോഭങ്ങളെ ഇന്ത്യയിലെ മതനിരപേക്ഷ ചരിത്രരചനാ ശാസ്ത്രം സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്ര പാട്ടക്കുടിയാൻമാരായ തെക്കേ മലബാറിലെ മാപ്പിളമാർ നേരിട്ട് പങ്കെടുത്ത ഈ സമരങ്ങളിൽ അവർക്കിടയിൽ ഏറെ സ്വാധീനമുണ്ടായിരുന്ന മത പണ്ഡിതരായ ബൗദ്ധിക നേതൃത്വം വഴികാട്ടിയായി. ഈ ബൗദ്ധിക നേതൃത്വമാണ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് ദേശീയമായ ആശയങ്ങൾ നൽകിയത്. ഇതുകൊണ്ട് മാപ്പിളമാരുടെ നേതൃത്വത്തിൽ നടന്ന ദേശീയ സമരമെന്ന നിലയിൽ മാപ്പിള സമരങ്ങളെന്നും വിളിക്കാറുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന മാപ്പിള പ്രക്ഷോഭങ്ങളായി ഈ സമരങ്ങളെ സ്ഥാനപ്പെടുത്തുക വഴി മലബാറിലെ സാധാരണ മുസ്ലിം ജനസഞ്ചയങ്ങളുടെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിന് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം നേടാനായിട്ടുണ്ട്. ബഹുജന പിന്തുണയുള്ളതും വ്യത്യസ്ത ജാതി വിഭാഗങ്ങൾ പങ്കെടുത്തതുമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരുന്നു മലബാർ സമരങ്ങൾ.
ബ്രിട്ടീഷ് മലബാറിന്റെ മാനവിക ഭൂമിശാസ്ത്രം
ബ്രിട്ടീഷ് കാലത്തെ മലബാർ പല മാറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരുന്ന സന്ദർഭം കൂടിയായിരുന്നു ഈ പ്രക്ഷോഭകാലം. സാമ്പത്തിക രംഗത്ത്, പ്രത്യേകിച്ച് കാർഷിക ഉൽപാദന രംഗത്തും ഭൂവുടമസ്ഥതയിലും കൊളോണിയൽ താല്പര്യങ്ങളെ മുൻനിർത്തിയുള്ള പരിവർത്തനങ്ങൾ ഏറെ നടന്നു. ബ്രിട്ടീഷ് ഭരണ നടപടികൾ സാമൂഹിക ജീവിതത്തിൽ ജാതി- സാമുദായിക വിവേചനം രൂക്ഷമാക്കി. ബ്രിട്ടീഷുകാർ നടപ്പാക്കി സംരക്ഷിച്ചിരുന്ന ഭൂവുടമസ്ഥത പരമ്പരാഗത ജന്മികൾക്കും ഇടനിലക്കാർക്കും ഭൂവുടമസ്ഥതയിലും സാമ്പത്തിക രംഗത്തും ആധിപത്യം നിലനിർത്താൻ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു. വരേണ്യ വിഭാഗങ്ങൾക്ക് സാമൂഹിക- ജാതീയ മേൽക്കോയ്മ നിലനിർത്താൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു മലബാറിലെ കോളോണിയൽ നയങ്ങൾ. ഇത്തരം നയങ്ങളും ബ്രിട്ടീഷ് ഭരണ നടപടികളും ജനകീയ എതിർപ്പിനിടയാക്കി. ഇവ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും ബ്രിട്ടീഷുകാർ സംരക്ഷിച്ചിരുന്നതും അവരോട് കൂറ് പുലർത്തിയിരുന്നതുമായ മേൽജാതി ജന്മിമാർക്കും എതിരായ ആക്രമണ സ്വഭാവമുള്ള പൊട്ടിത്തെറികളായി മാറി.
ചെറുത്തുനിൽപ്പിന്റെ പലതരം പ്രതിഷേധ രൂപങ്ങൾ തെക്കെ മലബാറിൽ സാധാരണ സംഭവങ്ങളായി മാറി. ബ്രിട്ടീഷ് ഭരണ കാലയളവിൽ 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ 20ാം നൂറ്റാണ്ടിലെ ആദ്യ ദശകം വരെയുണ്ടായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ബ്രിട്ടീഷ് ഭരണവ്യവസ്ഥിതിക്കെതിരായ ലഹളകളായിട്ടാണ് ബ്രിട്ടീഷ് കോടതിയും പൊലിസ് സംവിധാനവും റവന്യൂ ഉദ്യോഗസ്ഥരും പരിഗണിച്ചിരുന്നത്. ഈ പ്രതിരോധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ, 1920-1921 കാലത്ത് നടന്ന, പ്രക്ഷോഭങ്ങളും ബ്രിട്ടീഷ് വിരുദ്ധ യുദ്ധവും ഏറ്റുമുട്ടലുകളും ബ്രിട്ടീഷ് ഭരണം മലബാറിൽ ഇല്ലായ്മ ചെയ്ത് തദ്ദേശീയരുടെ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു.
ആധുനിക മലബാർ: സമ്പദ് വ്യവസ്ഥയും ജനജീവിതവും
1766 ലാണ് മലബാർ, മൈസൂർ സുൽത്താൻമാരുടെ കീഴിലായത്. മൈസൂർ സുൽത്താന്മാരുടെ ഭരണത്തിൻ കീഴിൽ മലബാറിൽ പല പരിഷ്‌കാരങ്ങളും നടപ്പാക്കി. റോഡുകളും പാലങ്ങളും ഉൾപ്പടെ ഗതാഗത സൗകര്യങ്ങളുണ്ടായി. ജലസേചനത്തിനും കാർഷിക വികാസത്തിനും ഉതകുന്ന പദ്ധതികൾ വന്നു. കൃഷിഭൂമിയിൽ കർഷകർക്ക് ഉടമസ്ഥതാവകാശം ലഭ്യമാകുന്ന നയങ്ങൾ പ്രഖ്യാപിച്ച് ഉൽപാദനം വർദ്ധിപ്പിക്കാനാണ് ഹൈദരാലിയും ടിപ്പു സുൽത്താനും ലക്ഷ്യം വച്ചത്. ഭൂനികുതി പിരിക്കുന്നതിന് ഭൂസർവ്വെയും സർക്കാർ നേരിട്ട് നികുതി പിരിക്കുന്ന റയട്ട് വരി സമ്പ്രദായവും മലബാറിൽ നടപ്പാക്കി.
കാർഷിക ഉൽപാദന മേഖലയിൽ ഇടത്തട്ടുകാരായ ജന്മിമാരുടെ ചൂഷണം നിയന്ത്രിക്കുന്ന രീതിയായിരുന്നു ഇതിൽ പ്രധാനം. കർഷകർക്ക് കൃഷി ഭൂമിയിലുള്ള അവകാശത്തിന് സ്ഥിരത ലഭിക്കുന്ന നയങ്ങളാണ് മൈസൂർ ഭരണത്തിൽ മലബാറിൽ നടപ്പാക്കിയത്. ഹൈദരാലിയുടെ മരണശേഷം ടിപ്പു സുൽത്താൻ മൈസൂറിന്റെ ഭരണം ഏറ്റെടുത്തതോടെ സാമൂഹിക രംഗത്തും പല പരിഷ്‌കാരങ്ങളും ഏർപ്പെടുത്തി. ക്രൂരമായ ജാതീയ അടിച്ചമർത്തലും വിവേചനവും നിലനിന്ന മലബാറിൽ ടിപ്പു ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങൾ പരമ്പരാഗത ജാതി ശക്തികളുടെ എതിർപ്പ്ക്ഷണിച്ചു വരുത്തുന്നതായിരുന്നു. ഈ സവർണ ജാതി ശക്തികളാണ് ടിപ്പു സുൽത്താൻ ഹിന്ദുവിരുദ്ധനും ആക്രമണകാരിയും ക്ഷേത്ര ധ്വംസകനുമാണെന്ന പ്രചാരണം നടത്തിയത്.
യഥാർത്ഥത്തിൽ മലബാറിനെ ആധുനികവൽക്കരിക്കാനുള്ളതായിരുന്നു ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങൾ. 1784 മുതൽ 1790 വരെയുള്ള ചുരുങ്ങിയ കാലത്ത്ടിപ്പു നടപ്പാക്കിയ നയങ്ങൾ മലബാറിന്റെ സാമ്പത്തിക- സാമൂഹിക രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്നതായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാറ്റം വന്ന ഒരു പ്രദേശം കൂടിയായിരുന്നു മൈസൂർ ഭരണകാലത്തെ മലബാർ. ഈ മാറ്റങ്ങൾ പരമ്പരാഗത ജന്മിമാരുടെയും സമ്പന്നരായ കാണക്കാരുടെയും നാടുവാഴികളുടെയും ഇവരുടെ സേവകരുടെയും പാരമ്പര്യമായ സാമ്പത്തിക അവകാശങ്ങളും ജാതി- സാമൂദായിക അധികാരങ്ങളും സാമൂഹിക പദവികളും രാഷ്ട്രീയാധികാരവും നഷ്ടപ്പെടുത്തുന്നതായിരുന്നു. കർഷകർക്ക് കാർഷികാവകാശം ഉറപ്പാക്കി ഉൽപാദനം വർദ്ധിപ്പിക്കുക എന്ന ഭരണനയമാണ് മൈസൂർ ഭരണകൂടം മലബാറിൽ നടപ്പാക്കിയത്. ഭരണ നവീകരണത്തിന്റെ ഭാഗമായി, മലബാർ പ്രദേശത്ത് സൈനിക- വാണിജ്യ ലക്ഷ്യങ്ങളെ മുൻനിർത്തി റോഡ് വികസനം നടപ്പാക്കി. കാർഷിക രംഗത്ത് നികുതി നേരിട്ട് പിരിക്കുന്ന നയം, മൈസൂർ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ അവകാശങ്ങൾ മലബാറിലും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടപ്പാക്കിയത്. ഇതാകട്ടെ പ്രത്യക്ഷമായ ജാതിവിവേചനങ്ങളെ കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങളായിരുന്നു.
1792 ലെ മൂന്നാം ആംഗ്ലോ- മൈസൂർ യുദ്ധത്തെതുടർന്നുണ്ടായ ശ്രീരംഗപട്ടണം സന്ധിയനുസരിച്ച് മലബാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായി. ഇതോടെ മലബാറിൽ നടപ്പിലാക്കിയ സാമ്പത്തിക - സാമൂഹിക പരിഷ്‌കാരം നിലച്ചു. മാത്രമല്ല പരമ്പരാഗത ജന്മികൾക്കും വരേണ്യ ജാതികൾക്കും ഭൂവുടമസ്ഥതയും അധികാരവും ലഭിക്കുന്നതരത്തിൽ ബ്രിട്ടീഷ് നിയമ സംരക്ഷണമുള്ള നിയമ ഭൂസ്വാമി വ്യവസ്ഥ (Legal Landlordism) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരിച്ചുകൊണ്ടുവന്നു. ജന്മിമാർക്ക് ഭൂമിയിലുണ്ടായിരുന്ന കുത്തകാവകാശം പുനഃസ്ഥാപിക്കപ്പെട്ടു. പരമ്പരാഗത ജാതി ജന്മിത്വവും ചൂഷണവും ബ്രിട്ടീഷ് കമ്പനി ഭരണത്തിൽ തിരിച്ചെത്തി. വെറും പാട്ടക്കുടിയാന്മാരായ കർഷകരെ കൃഷിഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ജന്മിമാർക്കും ഇടനിലക്കാർക്കും ബ്രിട്ടീഷ് നിയമങ്ങളുടെ പിന്തുണ ലഭിച്ചു. ജന്മിമാരും സവർണ ഭൂവുടമകളും സ്വകാര്യ സേനകളെയും കോൽക്കാർ പോലുള്ള മർദ്ദക സംഘങ്ങളെയും നിലനിർത്തി പാട്ടക്കുടിയാൻമാരെ അടിച്ചമർത്തി. ഇതിനെതിരെ തെക്കേ മലബാറിനെ കേന്ദ്രീകരിച്ച് ലഹളകളും പ്രക്ഷോഭങ്ങളുമുണ്ടായി. ബ്രിട്ടീഷ് കാർഷിക നയങ്ങൾക്കും കൊളോണിയൽ ഭൂഉടമസ്ഥതാ രൂപങ്ങൾക്കും തദ്ദേശീയ സമൂഹങ്ങളെ കീഴ്‌പ്പെടുത്തുന്ന ഭരണ രീതികൾക്കും എതിരെയായിരുന്നു പ്രക്ഷോഭങ്ങൾ. അങ്ങനെ ഇവ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ഒന്നായി മാറി.
ഭൂബന്ധങ്ങളിൽ ജന്മിമാർക്ക് ലഭിച്ച ഉടമസ്ഥതാവകാശവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിയമ- രാഷ്ട്രീയ പിന്തുണയും ഭൂവുടമസ്ഥതയിലും സാമൂഹിക മേൽക്കോയ്മയിലും ജാതി ഹിന്ദുക്കളായ ജന്മിമാർക്കുണ്ടായിരുന്ന പാരമ്പര്യ അവകാശങ്ങൾ ഊട്ടിയുറപ്പിച്ചു. ജാതിയും ജന്മിത്തവും ആധുനിക സാമൂഹിക- സാമ്പത്തിക അധികാരമായി വികസിപ്പിക്കുന്ന ഭരണ നടപടികളാണ് ബ്രിട്ടീഷ് കൊളോണിയലിസം ആവിഷ്‌കരിച്ചത്. ഇത് കീഴാള സ്വത്വമുള്ള മാപ്പിളമാർ ഉൾപ്പെടുന്ന കാർഷിക സമൂഹത്തെ അടിച്ചമർത്താനുള്ള സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ സാഹചര്യമുണ്ടാക്കിത്തീർത്തു. ബ്രിട്ടീഷ് പട്ടാളവും നിയമസംവിധാനങ്ങളും കോടതിയും ജന്മിമാർക്കും ജാതി മേധാവികൾക്കും സംരക്ഷണമേർപ്പെടുത്തുന്ന വിദേശ ഭരണമായി നിലനിന്നു. അങ്ങനെ മലബാറിലെ ബ്രിട്ടീഷ് ഭരണം ഒരു വിദേശ കമ്പനി ഭരണകൂടത്തിന്റെ പരമാധികാരം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന ചൂഷണ വ്യവസ്ഥയായി നിലനിന്നു. 1792 മുതൽ 1830 വരെ മലബാറിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പരമാധികാരം ഈ തരത്തിലാണ് സ്ഥാപിക്കപ്പെട്ടത്. അതുവഴി പരമ്പരാഗത ജന്മിമാരായ തദ്ദേശീയ വരേണ്യർക്ക്അവരുടെ പാരമ്പര്യ ജന്മിത്വ- ഭൂവുടമ അധികാരങ്ങളും സാമൂഹികമായ അധികാരങ്ങളും പുനഃസ്ഥാപിക്കാനും അതിനെ ഭരണകൂട സംരക്ഷണത്തോടെ ആധുനിക വൽക്കരിക്കാനും കഴിഞ്ഞു.
മാപ്പിളമാരുടെ പാശ്ചാത്യ വിരുദ്ധതയും കോളോണിയൽ പരമാധികാര നിരാസവും
പോർച്ചുഗീസ് കാലഘട്ടം മുതൽ പാശ്ചാത്യശക്തികൾക്കെതിരായി മലബാറിലെ മുസ്ലിം വൈജ്ഞാനിക നേതൃത്വം പല രീതിയിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. മലബാറിന്റെ സംസ്‌കാരത്തെയും കൊളോണിയൽ വിരുദ്ധ ചിന്തകളെയും സമരങ്ങളെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയവും എതിർ സംസ്‌കാരവും തുഹ്ഫത്തുൽ മുജാഹിദ്ദീൻ എന്ന ചരിത്ര ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. അസംഖ്യം പണ്ഡിതർ കേരളത്തിലെ മുസ്ലിം സമൂഹത്തിലെ കോളോണിയൽ വിരുദ്ധ പാരമ്പര്യങ്ങൾക്ക് ബൗദ്ധിക നേതൃത്വം കൊടുത്തു. പല മുസ്ലിം ഉലമാക്കളും സൂഫിവര്യന്മാരും തങ്ങൾമാരും മാപ്പിളമാരിൽ കൊളോണിയൽ വിരുദ്ധ പോരാട്ട മനഃസ്ഥിതി ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ബ്രിട്ടീഷ് ഭരണം ഒരു വൈദേശിക ഭരണമെന്ന നിലക്ക് ഹിംസയിലൂടെ തദ്ദേശീയ ജനതയ്ക്കു മേൽ ഏർപ്പെടുത്തിയ രാഷ്ടീയ പരമാധികാരമായിട്ടാണ് പല പണ്ഡിതരും കണ്ടത്. കമ്പനി ഭരണത്തെ നിരസിക്കുന്ന ഒരു സ്വാതന്ത്ര്യ സങ്കല്പത്തെ ബ്രിട്ടീഷ് ഭരണവ്യവസ്ഥയ്‌ക്കെതിരായ നിഷേധ സംസ്‌കാരമായി നിലനിർത്താൻ ഈ ബൗദ്ധിക നേതൃത്വം ശ്രദ്ധിച്ചിരുന്നു. ബ്രിട്ടീഷ് ഭരണവ്യവസ്ഥിതി ഇല്ലാതാക്കി മലബാർ പ്രദേശത്തെ ഒരു "മലയാള രാജ്യ'മാക്കി മാറ്റാൻ 1920-21 കാലത്തെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലക്ഷ്യം വച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ആശയങ്ങളും ഖിലാഫത്ത് സമരബോധ്യവും ഒരു മലയാള /കേരള രാജ്യം എന്ന ഭാഷാ- സാംസ്‌കാരിക- ഭൂമിശാസ്ത്ര സങ്കല്പത്തിൽ താൽക്കാലികമായിട്ടാണെങ്കിലും നിലനിർത്താൻ കുഞ്ഞഹമ്മദ് ഹാജിക്കായി എന്നത് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന രാഷ്ട്രീയ ഇടപെടലായി മനസിലാക്കേണ്ടതാണ്.
മലബാറിനെ ബ്രിട്ടീഷ് ഭരണവ്യവസ്ഥയിൽ നിന്ന് മോചിപ്പിച്ച് ഒരു സ്വതന്ത്ര ഭൂപ്രദേശമാക്കുകയും മലയാള ഭാഷാ- സാംസ്‌കാരിക സ്വത്വമുള്ള ഒരു ഭൂപ്രദേശമായി ഭാവനപ്പെടുത്തുകയും ചെയ്യുന്ന സ്വരാജ്യ ബോധം സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പ്രധാനപ്പെട്ട ഒരു സങ്കല്പമായിരുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ നിർമ്മിച്ചെടുത്ത പ്രധാനപ്പെട്ട ഒരു രാഷ്ടീയ ഭാവനയാണ് ബ്രിട്ടീഷ് വിരുദ്ധമായ ഒരു മലയാള രാജ്യ സങ്കല്പം. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ബ്രിട്ടീഷുകാരെ തുരത്തി തെക്കെ മലബാറിൽ സ്വതന്ത്രരായ ജനസഞ്ചയത്തിന്റെ ഒരു സമാന്തര ഭരണകൂടത്തെ കുറച്ചുനാളത്തേയ്ക്കാണെങ്കിലും നിലനിർത്താൻ വാരിയൻ കുന്നന്റെ നേതൃത്വത്തിൽ കഴിഞ്ഞു എന്നത് പ്രധാന രാഷ്ട്രീയ സംഭവമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പോരാട്ടത്തിന് സമാനമായ സംഭവങ്ങളുണ്ടായിട്ടില്ല.
മാപ്പിള സമൂഹത്തിലെ പണ്ഡിത കൂട്ടായ്മയെയും ജനങ്ങളെയും ബ്രിട്ടീഷ് വ്യവസ്ഥയോട് കൂറുപുലർത്തുന്നവരായി മാറ്റാനാണ് ബ്രിട്ടീഷുകാർ ആദ്യം മുതൽ ശ്രമിച്ചത്. പല മുസ്ലിം ജന്മിമാരെയും കച്ചവടക്കാരെയും ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റിയിരുന്നു. മാത്രമല്ല, മൈസൂർ ഭരണത്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതിരോധ ശേഷിപ്പുകൾ മാപ്പിള മുസ്ലിംകളിൽ ഉണ്ടാകാതിരിക്കാൻ ബ്രിട്ടീഷുകാർ ശ്രദ്ധിച്ചു. മാപ്പിളമാരെ വിദേശ പാശ്ചാത്യ കമ്പനി ഭരണത്തിന്റെ അനുഭാവികളും വക്താക്കളുമാക്കാൻ മലബാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയ കാലം മുതൽ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് വിരോധം നിലനിർത്തിയ മുസ്ലിം കർഷക സമൂഹത്തെയും അവരെ പിന്തുണച്ച കൊളോണിയൽ വിരുദ്ധ ചിന്തയുള്ള ഇസ്ലാമിക പണ്ഡിത സമൂഹത്തെയും ബ്രിട്ടീഷ് കമ്പനിയുടെയും ബ്രിട്ടീഷ് വ്യവസ്ഥയുടെയും എതിർ പക്ഷത്ത് സ്ഥാനപ്പെടുത്താനാണ് മലബാർ ബ്രിട്ടീഷുകാരുടെ കീഴിലായ കാലം മുതൽ കമ്പനി ഉദ്യോഗസ്ഥരും ഭരണനയങ്ങളും ശ്രദ്ധിച്ചിരുന്നത്. ടിപ്പു സുൽത്താന്റെ ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധ പ്രതിച്ഛായയിൽ ബ്രിട്ടീഷ് വിരുദ്ധരായ മാപ്പിളമാരെ സ്ഥാനപ്പെടുത്തുന്ന ഒട്ടനവധി പ്രതിനിധാനങ്ങളും ഭരണനയങ്ങളും മലബാറിൽ ബ്രിട്ടീഷുകാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിരുന്നു. ഇതോടൊപ്പം ബ്രിട്ടീഷ് പക്ഷക്കാരായ മാപ്പിള ജന്മിമാരെയും പണ്ഡിതരെയും ബ്രിട്ടീഷ് അനുകൂല ലോയലിസ്റ്റുകളായി ശ്രഷ്ടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു.
ടിപ്പുവിനെപ്പറ്റിയുള്ള കൊളോണിയൽ ആഖ്യാനങ്ങളും പ്രതിനിധാനങ്ങളും മുസ്ലിം വിരുദ്ധ മുൻവിധിയായി സ്ഥാപിച്ചെടുക്കുന്ന നയങ്ങളാണ് ബ്രിട്ടീഷുകാർ പിന്തുടർന്നത്. അങ്ങനെയാണ്, മാപ്പിളമാരെ ഒരു അപര ജനതയായി കാണുന്ന രീതി ഭരണനയമായി മാറിയത്. മുസ്ലിം മത സ്വത്വത്തെയും മാപ്പിളമാരുടെ ദൈനംദിന ജീവിതത്തെയും ഒരു സാംസ്‌കാരിക അപര ജീവിതമായി സ്ഥാനപ്പെടുത്തുവാനും അതുവഴി ഒരു "മാപ്പിളപ്പേടി'യും മുസ്ലിം / ഇസ്ലാം മുൻവിധിയും സാമൂഹിക പേടിയായി നിർമിച്ചെടുക്കാനും ബ്രിട്ടീഷ് ആഖ്യാനങ്ങളിലൂടെ സാധ്യമായി. ഇത് മലബാറിനെ മുൻനിർത്തി മുസ്ലിം ജീവിതത്തെ അപരവൽക്കരിക്കുന്ന സാമാന്യബോധവും പൊതുകാഴ്ചപ്പാടുമായി പിന്നീട് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാരും ബ്രിട്ടീഷ് പക്ഷപാതികളായ ഹിന്ദു പുനരുദ്ധാരണ സംഘങ്ങളും പിന്തുടർന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായി വന്ന ഹിന്ദു മതമൗലികവാദ പ്രസ്ഥാനങ്ങളും ശുദ്ധി പ്രസ്ഥാനക്കാരും ഈ ബ്രിട്ടീഷ് റിപ്പോർട്ടുകളും വിവരണങ്ങളും ആശ്രയിച്ചാണ് മലബാറിനെ പൊതുവായും മാപ്പിള മുസ്ലിംകളെ പ്രത്യേകിച്ചും മതപരമായി മാത്രം കാണുന്ന കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തുന്നത്. കേരളമുൾപ്പെടെ പല പ്രദേശങ്ങളിലെയും സമുദായ പരിഷ്‌ക്കരണവാദികളും ഈ ബ്രിട്ടീഷ് നിർമിത മുസ്ലിം / മാപ്പിള പേടിയെ വിമർശരഹിതമായി പിൻപറ്റുകയുണ്ടായി. ബ്രിട്ടീഷ് വിരുദ്ധ മുസ്ലിം ജീവിതത്തെയും കൊളോണിയൽ വിരുദ്ധ മുസ്ലിം വൈജ്ഞാനികതയെയും ഭീതിയോടെയും വെറുപ്പോടെയും കാണുന്നതിൽ നിന്നാണ് ഈ മുസ്ലിം പേടി ഒരു കൊളോണിയൽ നയമായി ഉണ്ടായി വന്നത്. മുസ്ലിം പ്രാതിനിധ്യമുള്ള പ്രതിരോധങ്ങളെ പാശ്ചാത്യ വിരുദ്ധവും ബ്രിട്ടീഷ് നിയമങ്ങളോടുള്ള നിഷേധരീതിയുമായി മാറ്റിയെടുക്കാനായി. കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ നിർമിച്ച കൊളോണിയൽ "പൊതു’താൽപര്യത്തിനെതിരായ അപകടകരമായ ഭീഷണിയായി മുസ്ലിം /മാപ്പിള മനഃസ്ഥിതിയെ ചിത്രീകരിക്കുന്ന ഒരു എഴുത്ത് വിവരണരീതിയും റിപ്പോർട്ടിംഗ് സംസ്‌കാരവും കൊളോണിയൽ ഉദ്യോഗസ്ഥ പണ്ഡിതരും ബ്രിട്ടീഷ് സിവിൽ സർവീസ് സംവിധാനവും ഒരു നയമായി നിലനിർത്തി. ബ്രിട്ടീഷ് മലബാറിലെ കൊളോണിയൽ പുരാരേഖ / ആർക്കൈവ്‌സ് നിർമിതി ഒരു ഭരണനിർവ്വഹണ രേഖാസമുച്ചയം എന്നതിൽ നിന്നും കൊളോണിയൽ ഭരണത്തിന്റെ ദൈനംദിന വിവരണ രൂപത്തിൽ നിന്നും ബ്രിട്ടീഷ് പരമാധികാരത്തെ സ്ഥാപിച്ചുറപ്പിക്കുന്നതും സാധൂകരിക്കുന്നതുമായ ഒരു ജ്ഞാനപദ്ധതിയും ഭരണ വിജ്ഞാന രൂപവുമായിട്ടാണ് നിലനിന്നത്. എതിർക്കുന്ന ജനസമൂഹങ്ങളെ അപര ജനതകളും ഹീനരും കലാപകാരികളും വിധ്വംസകരും പ്രാകൃതരും അപരിഷ്‌കൃതരുമായി നിർമിച്ചെടുക്കുന്ന ഒരു സാമൂഹിക ബോധന പ്രക്രിയ ബ്രിട്ടീഷ് ഭരണ നടപടി ക്രമത്തിന്റെ ഭാഗമായി വികസിച്ചുവന്നു. പാശ്ചാത്യ അധിനിവേശ സംസ്‌കാരത്തെ നിരസിച്ചവരും കൊളോണിയൽ ഭരണാധിപത്യം ഏർപ്പെടുത്തിയ രാഷ്ട്രീയ പരമാധികാരത്തെ അംഗീകരിക്കാത്തവരുമായ മാപ്പിളമാരെ തീവ്ര മുസ്ലിം മത വിശ്വാസിയായി (fanatic mappila) ചിത്രീകരിക്കുന്ന രീതി കൂടിയായിട്ടാണ് കൊളോണിയൽ ഭരണ നടപടികളും അതിന്റെ വിജ്ഞാന നിർമ്മിതിയും മലബാറിനെ മുൻനിർത്തി വികസിപ്പിച്ചത്. ഈ ബ്രിട്ടീഷ് നിർമിതിയെ അതേപടി പിൻപറ്റിയാണ് ഹിന്ദു രാഷ്ട്രവാദ ആശയങ്ങൾ വളർന്നു വന്നത്. കൊളോണിയൽ കാലത്തെ ഇന്ത്യാ ചരിത്രത്തിന്റെ സമകാലിക വായനയെ പരിവാർ രാഷ്ട്രീയ ബോധം പിൻപറ്റുന്നവർ സമീപിക്കുന്നതും ഈ നിർമിതിയെ പിൻപറ്റിയാണ്.
മലബാറിലെ സാമൂഹിക സംഘർഷങ്ങളും പ്രതിരോധ ജീവിതവും
തെക്കേ മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ കാർഷിക പ്രവർത്തനങ്ങളിൽ നീർ നില നെൽകൃഷിക്കായിരുന്നു പ്രാധാന്യം. തോട്ടം വിളകളേക്കാൾ ചെറുകിട പറമ്പ്- പുരയിട ഉൽപ്പന്നങ്ങളായിരുന്നു നെൽകൃഷിക്കൊപ്പമുണ്ടായിരുന്ന ബഹുവിള കൃഷി രൂപങ്ങൾ. പരമ്പരാഗത ജന്മിമാരും ജാതി മേലാളരുമായിരുന്നു ഭൂവുടമകളിൽ കൂടുതലും. ബ്രാഹ്‌മണ കുടുംബങ്ങളും നായർ തറവാടുകളും മുസ്ലിം കുടുംബങ്ങളും ജന്മിമാരിൽ ഉൾപ്പെട്ടിരുന്നു. ജന്മിമാർ, കാണക്കുടിയാൻമാർ, വെറും പാട്ടക്കുടിയാൻമാർ എന്നിങ്ങനെയായിരുന്നു ഭൂവുടമസ്ഥതയും കൃഷി ചെയ്യാനുമുള്ള അവകാശങ്ങളും മേൽ- കീഴ് തരംതിരിവ് അവകാശങ്ങളായി നിലനിന്നത് .വെറും പാട്ടക്കുടിയാന്മാരായിരുന്നു പ്രധാന ഉൽപാദക സമൂഹം. പരമ്പരാഗത ജാതി വ്യവസ്ഥയിൽ അടിത്തട്ടിൽ വരുന്ന ആളടിയാർ വിഭാഗങ്ങളായ പുലയർ, ചെറുമർ, കണക്കർ മുതലായ അയിത്തജാതിക്കാർ നിർബന്ധിത അധ്വാന വിഭാഗങ്ങളായിരുന്നു. ജാതി അടിമകളായ ഇവർക്ക് ഭൂമിയുടെയും ഉൽപന്നത്തിന്റെയും മേൽ അവകാശമുണ്ടായിരുന്നില്ല. അധ്വാന സമൂഹം ഉൽപാദിപ്പിച്ച കാർഷിക മിച്ചം പാട്ടം, നികുതി എന്നീ രൂപങ്ങളിൽ ജന്മിമാരും ഇടനിലക്കാരും പിരിച്ചെടുത്തു. രാഷ്ടീയ പരമാധികാരം കോയ്മയായി നിലനിർത്തി ഭരിക്കുന്ന ബ്രിട്ടീഷ് അധികാര വ്യവസ്ഥയും പരമ്പരാഗത ജന്മികളായ മേൽജാതി വരേണ്യ സാമൂഹിക വർഗവും ഉൽപാദക സമൂഹങ്ങളെ ചൂഷണം ചെയ്താണ് നിലനിന്നത്. അതിജീവിക്കാനുള്ള വിഭവങ്ങൾ മാത്രം നൽകി കർഷകരെയും ജാതി അടിമകളെയും സദാ ദാരിദ്ര്യത്തിൽ നിലനിർത്തിയ ഒരു സമ്പദ്‌വ്യവസ്ഥ കൂടിയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം താങ്ങിനിർത്തിയ ജാതി -ഭൂവുടമ ആധിപത്യം. അതുവഴി ജാതിയും ജന്മിത്ത്വവും ബ്രിട്ടീഷ് ഭരണകൂടാധികാരവും ഒരു കോയ്മാവ്യവസ്ഥയും ആധിപത്യ ഭരണ രൂപവുമായി നിലനിന്നു. പാട്ടക്കുടിയാൻമാരെയും ദരിദ്ര കർഷകരെയും ജാതി അടിമകളെയും ചൂഷണം ചെയ്തും അടിച്ചമർത്തിയും നിലനിന്ന ഈ കോയ്മ വ്യവസ്ഥിതി തദ്ദേശീയ ജാതി വരേണ്യരെ ഇടനിലക്കാരും പങ്കുകാരുമാക്കിയ ഒരു വൈദേശിക ഭരണം കൂടിയായിരുന്നു.
കർഷകരിൽ കൂടുതലും മാപ്പിള മുസ്ലിംകളായിരുന്നു. സേവന തൊഴിലുകളായ കൈത്തൊഴിൽ, കാർഷിക ഉപകരണ നിർമാണം, മരപ്പണിയുൾപ്പടെയുള്ള ഗൃഹനിർമാണം, നെയ്ത്ത്, ലോഹപ്പണി എന്നിങ്ങനെ വിവിധ തൊഴിൽ കൂട്ടായ്മകൾ കാർഷിക സമൂഹത്തിന്റെ ഭാഗമായി നിലനിന്നു. തൊഴിൽ സമൂഹങ്ങൾ പൊതുവെ കുടികളായിട്ടാണ് നിലനിന്നത്. തൊഴിൽ കൂട്ടങ്ങളായ കുടികളും ആളടിമകളായ അയിത്തജാതികളും കർഷക വിഭാഗങ്ങളായ മാപ്പിളമാരും സാമൂഹികമായി ഉൽപ്പാദക സമൂഹങ്ങളായിരുന്നു. ജന്മിമാരായി സവർണ സ്വത്വം സ്വയം പേറിയ ജാതി ഹിന്ദുക്കളായ മേലാളരായിരുന്നു ജന്മിമാരിൽ കൂടുതൽ. നാമമാത്രമായ മുസ്ലിം തറവാടുകൾ ജന്മി കുടുംബങ്ങളായിരുന്നു. ജന്മിമാരുടെ കണക്കെഴുത്തുകാർ, ജന്മി കുടുംബങ്ങളിലെ സേവന ജോലികളിലേർപ്പെട്ടവർ, കരം പിരിവുകാർ, ക്ഷേത്രസങ്കേതങ്ങളിലെ ആശ്രിതർ എന്നിങ്ങനെ ബ്രാഹ്‌മണ ജന്മിത്തത്തിന്റെ ആശ്രിത വിഭാഗങ്ങളായി നായർ, മേനോൻ, കുറുപ്പ്, ക്ഷേത്ര ജോലിക്കാരായ അന്തരാള ജാതികൾ എന്നിങ്ങനെ ജന്മിത്തത്തിന്റെയും ജാതി കോയ്മയുടെയും സംരക്ഷകരും പ്രായോജകരുമായി ഇടനില- മധ്യവർത്തി ജാതികളും നിലനിന്നു.
ജാതി മേലാളത്തത്തിന്റെ സാമൂഹികാധികാരവും ബ്രാഹ്‌മണ്യത്തിന്റെ വരേണ്യതയും കൂടിയ അധികാര വ്യവസ്ഥിതിയെ നിയമപരമായി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മേൽക്കോയ്മയായിട്ടാണ് ബ്രിട്ടീഷ് ഭരണകൂടം മലബാറിൽ നിലനിന്നത്. ബ്രിട്ടീഷുകാരുടെ നികുതി അധീശത്വ വ്യവസ്ഥയും (tax regime) വൈദേശികമായ ഭരണകൂടാധികാരവും പാശ്ചാത്യമായ സാംസ്‌കാരിക കോയ്മയായി പ്രവർത്തിച്ചു, ഒരുതരം അടിച്ചമർത്തൽ നിയമ സംവിധാനമെന്ന നിലയ്ക്ക്. 1768 മുതൽ 1921 വരെ ഈ രീതിയിൽ നിലനിന്ന കൊളോണിയൽ വാഴ്ച്ചക്കും ജന്മിത്ത മേൽക്കോയ്മക്കും എതിരെ ചെറുതും വലുതുമായ ആയിരത്തിനോടടുത്ത് "ലഹളകൾ ' എന്നു വിളിക്കാവുന്ന പ്രക്ഷോഭങ്ങൾ മലബാറിലുണ്ടായിട്ടുണ്ട്. ഈ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണ് ബ്രിട്ടീഷുകാർ നിലനിർത്തിയ വൈദേശിക ഭരണവും ജാതിജന്മിത്തം നില നിർത്തിയ ചൂഷണവും എത്ര ക്രൂരമായ അടിച്ചമർത്തൽ വ്യവസ്ഥയായിരുന്നെന്ന് മനസ്സിലാകൂ.
മലബാർ സമരങ്ങൾ; ആഖ്യാനങ്ങളും സാമൂഹിക പൊതുബോധ നിർമിതിയും
മലബാർ സമരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന 1921-ലെ പ്രക്ഷോഭങ്ങൾ ഒരു നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിൽ ഇന്ന് ചർച്ചയാകുന്നുണ്ട്. മുസ്ലിം ചരിത്രകർതൃത്വത്തെ പുനരാഖ്യാനം ചെയ്യേണ്ട സന്ദർഭം കൂടിയാണിത്. ജന്മിത്തത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരായ കർഷകസമരമായിട്ടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി മലബാർ സമരങ്ങളെ കണ്ടിരുന്നത്. കമ്യൂണിസ്റ്റ് ആഖ്യാനങ്ങളിൽ "ജന്മിത്വ - ബ്രിട്ടീഷ് വിരുദ്ധ കർഷക കലാപം' എന്നത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വ്യാഖ്യാനമാണ്. മലബാർ കലാപം കൊളോണിയൽ വിരുദ്ധവും ജന്മിത്തത്തിനെതിരായതുമായ കാർഷിക സായുധ കലാപമായിരുന്നു എന്നത് അക്കാദമിക രംഗത്തും സ്വീകാര്യത നേടിയ ഒരു വിശകലനമാണ്. സൗമേന്ദ്ര ടാഗോർ മുതൽ ഇ.എം.എസും കെ.എൻ. പണിക്കരും വരെയുള്ളവർ പാരമ്പര്യ മാർക്‌സിസം മുതൽ ഗ്രാംഷിയൻ നവ മാർക്‌സിസം വരെയുള്ള വിശകലനങ്ങൾ കൊണ്ടാണ് ഈ വ്യാഖ്യാനങ്ങൾ നിർമിച്ചിട്ടുള്ളത്. കൊളോണിയൽ കാലഘട്ടത്തെപ്പറ്റിയുള്ള ഇടതുപക്ഷ സമീപനത്തിൽ ഇന്ത്യയിലെ സ്വാതന്ത്ര്യ പൂർവകാലഘട്ടങ്ങളിലെ കാർഷിക സമരങ്ങളെ ബ്രിട്ടീഷ് - ജന്മി വിരുദ്ധ സമരങ്ങളായി സ്ഥാനപ്പെടുത്തുന്നതിൽ അസ്വഭാവികതയില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര വിശദീകരണത്തിന് ആവശ്യമായിരുന്നു ഇത്തരം വിശകലനങ്ങൾ. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ കാർഷിക സമരങ്ങളുടെ പ്രധാന മുൻപാഠമായി സ്ഥാനപ്പെടുത്തുന്ന രീതി കാർഷിക സമരങ്ങളെ ആധാരമാക്കുന്ന വ്യാഖ്യാനങ്ങളിൽ പ്രധാന്യത്തോടെ വരുന്നത് സ്വാഭാവികം.
മാപ്പിളമാരുടെ സവിശേഷമായ സാമുദായിക കർതൃത്വം ഒരു രാഷ്ട്രീയ താക്കീതായി ഇത്തരം വിശദീകരണങ്ങളിൽ അയാളപ്പെടുന്നുണ്ട്. മാപ്പിള മുസ്ലിം പാരമ്പര്യത്തിലെ കൊളോണിയൽ വിരുദ്ധതയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ ഘടകങ്ങളെ അപ്രത്യക്ഷപ്പെടുത്തുന്ന ഏകപക്ഷീയ വിവരണങ്ങൾ അദൃശ്യപ്പെടുത്തിയിരിക്കുന്നതായി കാണാം. മലബാർ സമരങ്ങളിലെ ബ്രിട്ടീഷ് -ജന്മി വിരുദ്ധ സ്വഭാവത്തെ നിരാകരിക്കുന്നതാണ് ഹിന്ദുത്വവാദ പരിവാർ ആഖ്യാനങ്ങൾ. "കലാപാനന്തരഘട്ടം' മുതൽ കലാപത്തിനിരയായ "ഹിന്ദു'ക്കളെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് ഉണ്ടായി വന്ന സവർണ ഹിന്ദു സംരക്ഷണ സംഘങ്ങൾ നിർമിച്ച ആഖ്യാനങ്ങളായിട്ടാണ് ഇത് വളർന്നുവന്നത്. മലബാർ സമരങ്ങളെപ്പറ്റി വടക്കേ ഇന്ത്യയിൽ അന്ന് ലഭ്യമായ കൊളോണിയൽ വിവരണങ്ങളെ മാത്രം ആശ്രയിച്ചുണ്ടാക്കിയെടുത്ത വ്യാഖ്യാനങ്ങളാണവ. ഹിന്ദു ശുദ്ധി പ്രസ്ഥാനക്കാരും ആര്യസമാജക്കാരും ഹിന്ദുമഹാസഭയും മറ്റുമാണ് ഈ വിശദീകരണങ്ങൾ നിർമിച്ചെടുത്തത്. "മുസ്ലിം കലാപകാരികൾ' ഹിന്ദുക്കളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു എന്ന ബ്രിട്ടീഷ് വിവരണങ്ങളെയും മറ്റ് മുസ്ലിം വിരുദ്ധ കഥകളെയും ആശ്രയിച്ചാണ് പ്രധാനമായും സവർണ ഹിന്ദു സംരക്ഷണ സംഘങ്ങൾ പ്രചരിപ്പിച്ച വിവരണങ്ങൾ ഉണ്ടായി വന്നത്. മൈസൂർ സുൽത്താന്മാരുടെ കേരളത്തിലേക്കുള്ള അധികാര വ്യാപനത്തെ വിദേശിയായ ടിപ്പുവിന്റെ കേരളാധിനിവേശവും മുസ്ലിം ആക്രമണവുമായി ചിത്രീകരിക്കുന്ന രീതി ഇതിനകം ടിപ്പു വിരുദ്ധ ബ്രിട്ടീഷ് ആഖ്യാനങ്ങളെ ആധാരമാക്കി നിർമിക്കപ്പെട്ടിരുന്നു. സവർണ ഹിന്ദു സഭകൾ വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഹിന്ദുരാഷ്ട്രവാദ രാഷ്ടീയത്തോടൊപ്പം ഇത് വ്യാപകമായി പ്രചരിപ്പിച്ചു. കൊള്ളയും ക്ഷേത്ര ധ്വംസനവും നിർബന്ധിത മതപരിവർത്തനവുമായിരുന്നു ടിപ്പുവിന്റെ മലബാറിലെ ചെയ്തികൾ എന്നതായിരുന്നു ഈ വിവരണങ്ങളുടെ സ്വഭാവം. ഇത്തരം ആഖ്യാനങ്ങളുടെ തുടർച്ചയിലാണ് ഹിന്ദുത്വ ആശയങ്ങളെ മുൻനിർത്തി പല മതം മാറ്റ കഥകളും ഉണ്ടായി വന്നത്. ഈ ആഖ്യാനങ്ങളെ, സമകാലിക ഹിന്ദുരാഷ്ട്ര വാദ രാഷ്ട്രീയത്തിന്റെ താല്പര്യത്തിനായി മലബാർ സമരങ്ങളെ മുൻനിർത്തി വിധ്വംസകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമരമായിരുന്നു മലബാർ സമരങ്ങൾ എന്ന ദേശീയ സമര വിശകലനങ്ങളെയും ചരിത്ര വിശകലനങ്ങളെയും ഇത്തരം ഹിന്ദുത്വവാദ വ്യാഖ്യാനങ്ങൾ അംഗീകരിക്കുന്നില്ല. ജാതി ജന്മിത്വത്തിനും സവർണ മേലാളത്തത്തിനും എതിരായ സാമൂഹിക പ്രക്ഷോഭങ്ങൾ മലബാർ സമരങ്ങളിലുണ്ടായിരുന്നു എന്ന ചരിത്ര യാഥാർഥ്യവും ഈ വ്യാഖ്യാനം സമ്മതിച്ചു കൊടുക്കുന്നില്ല. കൊളോണിയൽ മലബാറിൽ നിലനിന്ന ജാതി സമുദായങ്ങളെ ഒരു ഏകീകൃത ഹിന്ദു മതസമുദായമായി മാത്രം സ്ഥാനപ്പെടുത്തുന്നതാണ് ഹിന്ദുരാഷ്ട്രവാദക്കാരുടെ നിലപാട്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സ്വതന്ത്ര്യ സമരത്തെ മതലഹളയും കൊള്ളയും മതം മാറ്റ പ്രവർത്തനവുമായി മാത്രം കാണുന്ന രീതിയാണ് ഹിന്ദുത്വവാദ ആഖ്യാനങ്ങളുടെ പൊതു സ്വഭാവം.
മലബാർ സമരങ്ങളെ പറ്റിയുള്ള വരേണ്യ കോൺഗ്രസ്
ആഖ്യാനമാണ് മറ്റൊന്ന്. പാശ്ചാത്യാധിനിവേശ വിരുദ്ധ മലബാർ സമരങ്ങളും മാപ്പിള പോരാളികളുടെ പ്രതിരോധവും രക്തസാക്ഷിത്വവും കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വഴിതെറ്റിയ ഒരു അപഭ്രംശ ദുരന്തമായിട്ടാണ് വരേണ്യ കോൺഗ്രസ് വ്യാഖ്യാനം 1921 ലെ സമരകാലത്തു തന്നെ വിലയിരുത്തിയത്. എം. പി. നാരായണ മേനോനും സഹപ്രവർത്തകരുമാണ് മലബാർ സമരങ്ങളിലെ ജന്മിത്വ വിരുദ്ധതയും ബ്രിട്ടീഷ് വിരുദ്ധതയും രാഷ്ട്രീയമായി മനസ്സിലാക്കിയ കോൺഗ്രസ് നേതാക്കൾ. എന്നാൽ അവർ കോൺഗ്രസിൽ തന്നെ ന്യൂനപക്ഷമായി മാറിയിരുന്നു. ഒരർത്ഥത്തിൽ വരേണ്യ ദേശീയ കോൺഗ്രസ് നിലപാടിന്റെ തുടർച്ചയിൽ കൂടിയാണ് മലബാർ സമരങ്ങളെ ലഹളകളായി കാണുന്ന വലതുപക്ഷ നിലപാടുകൾ ഹിന്ദുത്വ നിലപാടുകളായി വികസിച്ചുവന്നത്.
മലബാർ സമരങ്ങളുടെ സമകാലീനത
മലബാർ കലാപവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളും മറ്റും ആഘോഷിക്കുന്ന ചരിത്രഭാഷ്യങ്ങളുണ്ട്. മധ്യകാലം മുതൽ പാശ്ചാത്യാധിനിവേശങ്ങൾക്കെതിരെ പോരാടിയ ഒരു ചരിത്ര പാരമ്പര്യത്തിൽ കേരളത്തിലെ മുസ്ലിം സ്വത്വത്തെ നിർമിക്കുന്ന രീതിയിലാണ് ഈ ആഘോഷ ചരിത്രങ്ങൾ നിലനിൽക്കുന്നത്. പാശ്ചാത്യാധിനിവേശത്തിനെതിരായ മുസ്ലിം പ്രതിരോധത്തിന്റെ ഐതിഹാസികമായ അവസാന പോരാട്ട ഗാഥയായി 1921-നെ ആഘോഷിക്കുന്ന വിവിധ ചരിത്രഭാഷ്യങ്ങളുണ്ട്. ഹിന്ദുത്വ സമഗ്രാധിപത്യ വ്യവസ്ഥയിലേക്ക് ഭരണഘടനാ ജനാധിപത്യവും റിപ്പബ്‌ളിക്കൻ സെക്യുലർ ജനാധിപത്യവും കീഴ്‌പ്പെട്ടു പോയ സമകാലിക ഇന്ത്യനവസ്ഥയിൽ ന്യൂനപക്ഷ സമൂഹമായ മുസ്ലിം ജനതയുടെ കൊളോണിയൽ വിരുദ്ധ പാരമ്പര്യങ്ങളെ സമകാലീനമാക്കുന്നത് ഒരു രാഷ്ടീയ പ്രക്രിയയായി കാണുന്ന സമീപനം ഇത്തരം ആഘോഷ ചരിത്രഭാഷ്യങ്ങൾക്കുണ്ട്.
പോർച്ചുഗീസ് അധിനിവേശം മുതൽ 1921 ലെ മലബാർ സമരങ്ങൾ വരെയുള്ള കാലഘട്ടത്തിൽ കൊളോണിയൽ ചൂഷണത്തിന് എതിർ പക്ഷത്തുണ്ടായിരുന്നത് മലബാറിലെ പ്രധാന ജനസഞ്ചയമായ മുസ്ലിംകളായിരുന്നു. ബ്രിട്ടീഷുകാർ ടിപ്പുവിനെ പറ്റിയും മലബാറിലെ മാപ്പിളമാരെപ്പറ്റിയും നിർമിച്ച മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളും വിവരണങ്ങളും പിന്തുടരുന്നവർ എക്കാലത്തും മലബാറിലെ മുസ്ലിംകളെ മുൻനിർത്തി ഇസ്ലാം പേടിയെ നിർമിച്ചിരുന്നു. ഇതിനെ ചരിത്രപരമായും രാഷ്ട്രീയമായും അഭിമുഖീകരിക്കാൻ മലബാറിനെ കേന്ദ്രമാക്കി നിലനിൽക്കുന്ന കേരളത്തിലെ മുസ്ലിം വൈജ്ഞാനിക നേതൃത്വം ശ്രമിച്ചിട്ടുണ്ട്. മലബാറിലെ മുസ്ലിം സംഘടനാ നേതൃത്വങ്ങൾക്ക് പോർച്ചുഗീസ് കാലഘട്ടം മുതൽ 1921-ലെ മലബാർ സമരം വരെയുള്ള പാശ്ചാത്യാധിനിവേശവിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ സമരങ്ങളെ മുസ്ലിം രാഷ്ട്രീയ സ്വത്വത്തെ നിർമിച്ച പ്രധാന പ്രതിരോധ സംസ്‌ക്കാരമായി നിലനിർത്തേണ്ടത് ആവശ്യമായിത്തീരുന്നു. എന്നാൽ കൊളോണിയലിസത്തിനെതിരായ മാപ്പിളമാരുടെ പ്രതിരോധ സംസ്‌കാരം മുസ്ലിം അപരത്വത്തെ സ്വയം നിർമിക്കുന്ന സ്വത്വ കെണിയായി മാറുന്ന സാംസ്‌കാരികവും മതപരവുമായ ചരിത്രമുൻവിധികൾ ഇത്തരം ആഘോഷ ആഖ്യാനങ്ങളിൽ ചരിത്ര ഭാരമായി ഉൾവഹിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രതിനിധാനങ്ങളെ പ്രതിരോധിക്കാനുള്ള ചരിത്ര വിഭവങ്ങളെ ജ്ഞാന സംവാദങ്ങളുടെ അടിത്തറയാക്കാൻ വരേണ്യ സ്വഭാവമുള്ള പല മുസ്ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങൾക്കും കഴിയുന്നില്ല. ഇത് മലബാർ സമരങ്ങളെ മുൻനിർത്തി മാപ്പിളമാരെ സാമുദായിക അസ്തിത്വ കെണിയിൽ കുരുക്കിയിടുന്ന പ്രതിവ്യവഹാരങ്ങളെ കൂടി ഉത്പാദിപ്പിക്കുന്നു. ഈ പ്രതിസന്ധിയെ ബൗദ്ധികമായും സാംസ്‌കാരികമായും എങ്ങനെ മറികടക്കാം എന്നത് പ്രധാനമാണ്. ഈ പ്രശ്‌നത്തെ മുൻനിർത്തി ആലോചിക്കുമ്പോൾ കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്ലിംകൾ ഏതുതരം മുസ്ലിംകളാണ് എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരും. ഏതുതരം മുസ്ലിംകളാണ് മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നേരിട്ട് പോരാളികളായി പങ്കെടുത്തത്? കലാപകാരികളുടെ കീഴാളസ്വത്വം ജനവംശീയമായും കീഴാള രാഷ്ട്രീയമായും അടയാളപ്പെടുത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾ സമകാലികമായി പ്രസക്തമാക്കികൊണ്ടാണ് 1921-ലെ മലബാർ സമരങ്ങളുടെ ഒരു നൂറ്റാണ്ട് പിന്നിടുന്നത്.
മുസ്ലിം സ്വത്വത്തെ കീഴാളസ്വത്വമായി അടയാളപ്പെടുത്തുന്ന കീഴാള പഠനങ്ങൾ (Subaltern Studies) ഉണ്ടായിട്ടുണ്ട്. കീഴാളരുടെ അടിമ ജാതി അനുഭവം ഒരു രാഷ്ട്രീയ വിഷയം എന്ന നിലയിൽ മലബാർ സമരങ്ങളെപ്പറ്റിയുള്ള ചരിത്രശാസ്ത്രം പരിഗണിച്ചിട്ടില്ല. മലബാർ സമരങ്ങളിലെ ജാതി അടിമ വിഷയവും മാപ്പിളമാരുടെ സാമൂഹിക കർതൃത്വത്തിന്റെ ജനവംശപരമായ ചരിത്ര പാരമ്പര്യവും വിശകലനം ചെയ്തിട്ടില്ല. ഇതിനെ ചരിത്രപരമായി സ്ഥാനപ്പെടുത്താൻ ശ്രമിക്കുന്ന അന്വേഷണങ്ങൾ ഉണ്ടായിട്ടില്ല. കലാപങ്ങളെ സ്ത്രീപക്ഷത്തുനിന്നും സമീപിക്കുന്നതും സ്ത്രീകളുടെ സാമൂഹിക ഓർമകളിലൂടെ കണ്ടെടുക്കാൻ ശ്രമിക്കുന്നതുമായ വാങ്മയ അനുഭവ ദമിത പഠനങ്ങൾ ഉണ്ടായി വരുന്നുണ്ട്. മലബാർ സമരങ്ങളിലെ അല്ലെങ്കിൽ കലാപത്തിലെ ഹിന്ദുവും ജാതിയും എങ്ങനെ പ്രവർത്തിച്ചു എന്നത് സമകാലികമായി പ്രശ്‌നവൽക്കരിക്കേണ്ട പ്രധാന പ്രശ്‌നമാണ്. മലബാർ സമരങ്ങളിലെ ജാതി പ്രശ്‌നവും അടിമവിഷയവും എന്തായിരുന്നു? മാപ്പിള സമൂഹത്തിൽ ജനവംശപരമായും ചരിത്രപരമായും ദമിതമായിരിക്കുന്ന ജാതി കീഴാളത്വം മാപ്പിള ചരിത്രങ്ങളിലും മലബാർ സമര ആഖ്യാന പാഠങ്ങളിലും എങ്ങനെ അദ്യശ്യമായി? മലബാർ "ലഹള'യിൽ ഏകതാനതയുള്ള ഒരു പൊതു ‘ഹിന്ദു' മതസമൂഹം നിലനിന്നിരുന്നുവെന്ന വാദം ചരിത്രപരമായി നിലനില്ക്കുന്നതാണോ? മാപ്പിള പോരാളികൾക്ക് മതം മാറ്റാനായി ഒരു പൊതു ഹിന്ദു സമുദായം നിലനിന്നിരുന്നുവെന്ന വാദം നിലനിൽക്കുന്നതാണോ എന്നത് ചരിത്രവൽക്കരിക്കേണ്ടതാണ്.
ഹിന്ദുക്കൾ ഒരു പൊതുമതവിഭാഗമായി മലബാർ സമര കാലങ്ങളിൽ നിലനിന്നിരുന്നില്ല, വ്യത്യസ്ത ജാതി വിഭാഗങ്ങൾ മാത്രമായിട്ടാണ് നിലനിന്നത്. എന്നാൽ ഏകാതനമായ പൊതു ഹിന്ദു സമൂഹത്തെ ഒരു സാങ്കല്പിക മതസ്വത്വവും ‘കലാപ' ത്തിന്റെ ഇരയുമായി നിലനിർത്തിയ വരേണ്യജാതിതാൽപര്യം ഹിന്ദുത്വ പൊതുബോധമായി മാറി മലബാർ സമരങ്ങളെ വർഗീയവൽക്കരിച്ച് മുസ്ലിം പേടിയായി വളർന്നു വന്നത് എങ്ങനെയാണ് എന്ന് വിശദീകരിക്കപ്പെടേണ്ടതാണ്. മലബാർ സമരങ്ങളെ ചുറ്റിപ്പറ്റി ഇസ്ലാം പേടി എങ്ങനെ വികസിച്ചു വന്നു എന്നതും അയിത്തജാതികളും ജാതി അടിമകളും ഉൾപ്പെടുന്ന ഒരു പൊതു ഹിന്ദുമതം മലബാർ സമരകാലത്ത് നിലനിന്നിരുന്നു എന്ന വാദവും പാരസ്പര്യപ്പെട്ട് നിർമിക്കപ്പെട്ടതാണ്.
ക്ഷേത്ര പ്രവേശനം തിരുവിതാംകൂറിൽ ഒരു രാഷ്ടീയ ആവശ്യമായി ഉന്നയിക്കുന്നതും തങ്ങൾ ഹിന്ദുക്കളാണ് എന്ന് അവകാശപ്പെടുന്നതും ജാതി അടിമത്തത്തിന്റെ ചരിത്രാനുഭവമുള്ള മനുഷ്യർ നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങൾ ആയിരുന്നില്ല. മറിച്ച്, അത് കോൺഗ്രസിന്റെ അയിത്തോച്ചാടന സമരങ്ങളുടെ ഭാഗമായി വരേണ്യ കോൺഗ്രസ് നേതൃത്വം ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. ക്ഷേത്രപ്രവേശനം പ്രഖ്യാപിക്കുന്നതിന് ഒന്നര ദശകങ്ങൾക്ക് മുന്നേ മലബാറിൽ ഒരു പൊതു ഹിന്ദു സമുദായം നിലനിന്നു എന്ന വാദം നിലനിൽക്കുന്നതല്ല. അങ്ങനെയുള്ള ഹിന്ദുക്കളെ മാപ്പിള കലാപകാരികൾ നിർബന്ധിപ്പിച്ച് മതം മാറ്റിയെന്ന വാദവും ചരിത്രവൽക്കരിച്ച് അന്വേഷിക്കേണ്ടതാണ്. ജാതി അടിമകളും അയിത്തജാതിക്കാരും മാപ്പിളമാരായി ഇസ്ലാം വിശ്വാസികളായി മാറിയ പ്രക്രിയ പൂർവ മധ്യകാലഘട്ടത്തിൽ ആരംഭിച്ചതാണ്.
മാപ്പിളമാരുടെ കീഴാളസ്വത്വത്തെ കാർഷിക പ്രക്ഷോഭമായി, വിധ്വംസകമായി ബ്രിട്ടീഷ് ഭരണ നടപടികൾക്കും ജന്മിത്വത്തിനും എതിരെ പൊട്ടിത്തെറിക്കുന്ന, കലാപബോധമുള്ള ജനതയായി സ്ഥാനപ്പെടുത്തുന്നതാണ് കീഴാള പഠനങ്ങൾ. മാപ്പിളമാരുടെ കീഴാളത്വത്തിന്റെ സാംസ്‌കാരികവും ജനവംശ (ethnographic) പരവുമായ തലങ്ങളെ കീഴാള പഠന പദ്ധതി പരിഗണിച്ചിട്ടില്ല. മാപ്പിളമാരുടെ ജാതീയവും ജനവംശീയപരവുമായ മിശ്രിത കീഴാളത്ത്വത്തെയും (multiple subalternity) അതിന്റെ ജനവംശപരമായ സാംസ്‌കാരികതയെയും പ്രശ്‌നവൽക്കരിക്കേണ്ടിയിരിക്കുന്നു. മതസ്വത്വവൽക്കരിക്കപ്പെട്ട് നിർമിക്കപ്പെട്ട മുസ്ലിം സാമുദായിക സ്വത്വത്തെ ഏകാത്മ മതസ്വത്വമായി കണ്ടു കൊണ്ടാണ് മലബാർ സമരങ്ങളിലെ മാപ്പിളമാരുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായി വന്നത്. മുസ്ലിം വൈജ്ഞാനികതയെയും ബൗദ്ധിക സംസ്‌കാരത്തെയും മലബാറിൽ മാത്രം ഒതുങ്ങി നിന്ന ഒന്നാക്കി മാറ്റുകയും ചെയ്തു.
യൂറോപ്യൻ കൊളോണിയൽ അധിനിവേശത്തിനെതിരെയും പാശ്ചാത്യ ഭരണ നടപടിക്രമങ്ങളിലൂടെ തദ്ദേശീയ ജനതകളെ കോളനിജനതകളാക്കുന്ന ഭരണവ്യവസ്ഥയ്ക്കും അതിന്റെ ബൗദ്ധികാധിനിവേശത്തിനും എതിരെയും കേരളത്തിലെ ഇസ്ലാമിക ബൗദ്ധിക സാംസ്‌കാരിക പാരമ്പര്യം തെക്കനേഷ്യയെ മുൻനിർത്തി എങ്ങനെ ചിന്തിച്ചു എന്നത് ചരിത്ര വിശദീകരണം ആവശ്യമായ ഒന്നായി നിലനിൽക്കുന്നു. യൂറോപ്യൻ അധിനിവേശത്തിനും കൊളോണിയൽ ആധിപത്യത്തിനും എതിരെ ഭൂഗോള തെക്കൻ (Global South) പ്രദേശങ്ങളിൽ നിന്നുണ്ടായി വന്ന ജ്ഞാനപരവും രാഷ്ടീയവുമായ പ്രതിരോധങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലബാർ സമരങ്ങൾ. ബ്രിട്ടീഷ് ഭരണവ്യവസ്ഥയും തദ്ദേശീയ ഭൂപ്രഭുക്കന്മാരും മലബാറിലെ ജനസഞ്ചയത്തിനുമേൽ അടിച്ചേൽപ്പിച്ച രാഷ്ട്രീയ- സാമ്പത്തിക പരമാധികാരത്തെ നിഷേധിച്ച പ്രതിരോധ സംസ്‌കാരത്തിന് നേതൃത്വം നൽകിയത് മലബാറിലെ ഇസ്ലാമിക പണ്ഡിതരാണ്. ഭൂഗോള തെക്കൻ രാജ്യങ്ങളിൽ പടർന്ന യൂറോപ്യൻ അധിനിവേശ വിരുദ്ധമായ പ്രതിസംകാരത്തിന്റെ ഭാഗമായാണ് മലബാർ സമരങ്ങളെയും അതിന്റെ ബൗദ്ധിക നേതൃത്വത്തെയും സമകാലികമായി സ്ഥാനപ്പെടുത്തേണ്ടത്.