ഒരു ചരിത്രാന്വേഷിയുടെ
സമുദ്രസഞ്ചാരങ്ങൾ

‘‘ഡോ. മഹ്‍മൂദ് കൂരിയ അടക്കമുള്ള ഇന്ത്യൻ മഹാസമുദ്ര പഠിതാക്കൾക്ക് കേരളചരിത്ര സംബന്ധിയായി വലിയ ഉൾക്കാഴ്ചകളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തെ പരിമിതമായ സ്ഥലരാശിയിൽ കാണുന്നതിനു പകരം വിശാലമായ സാമുദ്രികലോകത്തിന്റെ ഭാഗമായി മനസ്സിലാക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ പ്രത്യേകത’’- ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ ഇൻഫോസിസ് അവാർഡ് നേടിയ ഡോ. മഹ്‍മൂദ് കൂരിയയുടെ ഗവേഷണ പഠനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു വി. അബ്ദുൽ ലത്തീഫ്.

ലയാളിയും ചരിത്രഗവേഷകനും പ്രിയസുഹൃത്തുമായ ഡോ. മഹ്മൂദ് കൂരിയയ്ക്കാണ് ഈ വർഷത്തെ ഹ്യൂമാനിറ്റീസ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ ഇൻഫോസിസ് അവാർഡ്. എല്ലാ മലയാളികൾക്കുമൊപ്പം മഹ്‍മൂദിന്റെ ഈ അവാർഡു ലബ്ധിയിൽ വലിയ സന്തോഷം രേഖപ്പെടുത്തുന്നു.

ഇതിനു മുമ്പ് ഈ അവാർഡ് നേടിയ മലയാളി ഡോ. മനു വി. ദേവദേവൻ ആണ്. രണ്ടു പേരും ചരിത്രഗവേഷകരാണ് എന്നതും ശ്രദ്ധേയമാണ്. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, ലൈഫ് സയൻസസ്, ഗണിതശാസ്തം, ഫിസിക്കൽ സയൻസസ്, സോഷ്യൽ സയൻസസ് എന്നീ ആറ് അക്കാദമിക് മേഖലകളിലെ മികച്ച സംഭാവനകളെ ആദരിക്കുന്നതിനായി 2008-ലാണ് ഇൻഫോസിസ് ഈ അവാർഡ് ഏർപ്പെടുത്തിയത്. സ്വർണമെഡലും പ്രശസ്തി പത്രവും 100,000 യു. എസ് ഡോളർ സമ്മാനത്തുകയും ഉൾപ്പെടെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന ഈ അവാർഡ് അകാദമിക് രംഗത്തെ ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജ്യസ് അവാർഡുകളിലൊന്നാണ്.

ചരിത്രഗവേഷകയായ ഡോ. ഉപീന്ദർ സിംഗ് (2009) പിൽക്കാലത്ത് ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജി (2009), പ്രമുഖ ശാസ്ത്രചരിത്രകാരിയായ ജാഹ്നവി ഫാൽക്കി(2023) കരുണ മണ്ടേന(2023) തുടങ്ങിയവർ മുമ്പ് ഈ അവാർഡ് നേടിയ പ്രമുഖരാണ്.

പെരിന്തൽമണ്ണ സ്വദേശിയായ ഡോ. മഹ്‍മൂദ് ചരിത്രഗവേഷണത്തിലെ ഇന്ത്യൻ മഹാസമുദ്രപഠിതാക്കളിൽ ആഗോളതലത്തിൽ തന്നെ ഗണനീയ സംഭാവനകൾ ചെയ്ത പണ്ഡിതനാണെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തുന്നു. ആധുനിക പൂർവകാലത്തെയും ആദ്യ- ആധുനിക ഘട്ടത്തിലെയും മാരിടൈം വേൾഡിലെ ഇസ്‍ലാമിന്റെ വ്യാപനത്തെ കുറിച്ചുള്ള പഠനത്തിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. ഇന്ത്യനോഷ്യൻ, മെഡിറ്ററേനിയൻ തീരങ്ങളിൽ ചിതറിക്കിടക്കുന്ന, ഇസ്‍ലാമിലെ ഷാഫി- ഈ വിഭാഗത്തെ കുറിച്ചുള്ള പഠനത്തിനാണ് മഹമൂദ് പിഎച്ച്.ഡി ബിരുദം നേടിയത്. ഈ ഗവേഷണപ്രബന്ധം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ ഹിസ്റ്ററി ബിരുദം നേടിയ ഡോ. മഹമൂദ് അടിസ്ഥാനപരമായി ചെമ്മാട്, ദാറുൽ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ്. പിന്നീട് ചരിത്രപഠനത്തിലേക്കു വഴിമാറിയ അദ്ദേഹം ജെ.എൻ.യുവിൽ റൊമില ഥാപ്പർ അടക്കമുള്ള പ്രമുഖരുടെ കൂടെ എം.എയും എം.ഫിലും പൂർത്തിയാക്കി. പ്രൊഫ. യോഗേഷ് ശർമ്മയാണ് തന്നെ ഇന്ത്യൻ മഹാസമുദ്രപഠനങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതെന്ന് ഇന്ത്യൻ മഹാസമുദ്രവും മലബാറും എന്ന ഗ്രന്ഥത്തിൽ മഹമൂദ് സ്മരിക്കുന്നുണ്ട്. നെതർ ലാന്റ്സിലെ ലീഡൻ യൂണിവേഴ്സിറ്റിയിൽനിന്നാണ് വിവിധ സ്കോളർഷിപ്പുകളോടെ അദ്ദേഹം പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ട്രൽ ബിരുദവും നേടുന്നത്. നെതർലാന്റ്സ് ഗവർമെന്റിന്റെ, രണ്ടു കോടി രൂപയോളം വരുന്ന വെനി സ്കോളർഷിപ്പും അദ്ദേഹം കരസ്ഥമാക്കുകയുണ്ടായി.

മൃഗകലാപങ്ങൾ എന്ന പുസ്തകം പോസ്റ്റ് ഹ്യൂമൻ ചരിത്രസമീപനം എന്നു വിശേഷിപ്പിക്കാവുന്ന, ഒരു പക്ഷേ മലയാളത്തിലെ ആദ്യത്തെ ചരിത്രാന്വേഷണമായിരിക്കും.
മൃഗകലാപങ്ങൾ എന്ന പുസ്തകം പോസ്റ്റ് ഹ്യൂമൻ ചരിത്രസമീപനം എന്നു വിശേഷിപ്പിക്കാവുന്ന, ഒരു പക്ഷേ മലയാളത്തിലെ ആദ്യത്തെ ചരിത്രാന്വേഷണമായിരിക്കും.

ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമുള്ള നൂറിലധികം സർവകലാശാലകളിൽ മഹമൂദ് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രസിദ്ധമായ നിരവധി ഗവേഷണ ജേണലുകളിൽ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് ജേർണലായ ആനൽസിൽ ഡച്ച് പൊന്നാനിയെ കുറിച്ചു വന്ന ലേഖനവും ഡച്ചു ജേർണലായ ജെഷോയിൽ വന്ന മക്കയിലെ ബംഗാളി മുസ്‍ലിംകളെ കുറിച്ചുള്ള പഠനവും ശ്രദ്ധേയമാണ്. ആനൽസ് എന്ന ചരിത്രഗവേഷകരുടെ ‘സ്കൂളിലെ’ പ്രമുഖനായ ബ്രോദേലിന്റെ ലോംഗ് ഡ്യൂറീ എന്ന തിയറി മഹ്‍മൂദ് ഇസ്‍ലാമിക് ലോ ഇൻ സർക്കുലേഷനിൽ ഉപയോഗിച്ചതായി കാണാം. വളരെ അപൂർവമായി മാത്രമേ ഇന്ത്യൻ ഗവേഷകർ ഈ ജേണലുകളിൽ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുള്ളൂ. ഡച്ച് ജേർണലായ de ont dekking (ഡിസ്കവറി) മഹ്‍മൂദിനെ കവറാക്കി സ്റ്റോറി ചെയ്തിരുന്നു.

മൈക്കൽ നെയ്‍ലർ പിയേഴ്സനൊപ്പം എഡിറ്റു ചെയ്ത മലബാർ ഇൻ ഇന്ത്യനോഷ്യൻ, ഇസ്‍ലാമിക് ലോ ഇൻ സർകുലേഷൻ, മൃഗകലാപങ്ങൾ-മലബാർ സമരങ്ങളുടെ മനുഷ്യേതര ചരിത്രങ്ങൾ, എന്നിവയാണ് മഹ്‍മൂദിന്റെ പ്രധാന ഗ്രന്ഥങ്ങൾ. ഇസ്‍ലാമിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ച് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രൗഢഗ്രന്ഥം അദ്ദേഹത്തിന്റേതായി വൈകാതെ പുറത്തുവരുമെന്നു കരുതുന്നു. മൃഗകലാപങ്ങൾ എന്ന പുസ്തകം പോസ്റ്റ് ഹ്യൂമൻ ചരിത്രസമീപനം എന്നു വിശേഷിപ്പിക്കാവുന്ന, ഒരു പക്ഷേ മലയാളത്തിലെ ആദ്യത്തെ ചരിത്രാന്വേഷണമായിരിക്കും.

മഹമൂദ് അടക്കമുള്ള ഇന്ത്യൻ മഹാസമുദ്ര പഠിതാക്കൾക്ക് കേരളചരിത്ര സംബന്ധിയായി വലിയ ഉൾക്കാഴ്ചകളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തെ പരിമിതമായ സ്ഥലരാശിയിൽ കാണുന്നതിനുപകരം വിശാലമായ സാമുദ്രികലോകത്തിന്റെ ഭാഗമായി മനസ്സിലാക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ പ്രത്യേകത.

മഹമൂദ് കൂരിയ നിലവിൽ സ്കോട്ട് ലാന്റിലെ എഡിൻബർഗ് സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റി, ലീഡൻ യൂണിവേഴ്സിറ്റി, ബെർഗൻ യൂണിവേഴ്സിറ്റി, ജക്കാർത്ത നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്.

കേവലം 36 വയസ്സിനിടെയാണ് അകാദമികരംഗത്ത് മഹ്‍മൂദ് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയത്. ചരിത്രത്തിന് നോബൽ സമ്മാനമുണ്ടെങ്കിൽ അത് മലയാളത്തിലേക്കു കൊണ്ടുവരാൻ പ്രാപ്തിയുള്ള ഗവേഷകനാണ് മഹ്‍മൂദ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, ഡച്ച്, ഭാഷാ ഇന്തോനേഷ്യ തുടങ്ങിയ ഭാഷകളിൽ മഹ്‍മൂദിന് പ്രാവീണ്യമുണ്ട്.

മഹമൂദ് അടക്കമുള്ള ഇന്ത്യൻ മഹാസമുദ്ര പഠിതാക്കൾക്ക് കേരളചരിത്ര സംബന്ധിയായി വലിയ ഉൾക്കാഴ്ചകളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തെ പരിമിതമായ സ്ഥലരാശിയിൽ കാണുന്നതിനുപകരം വിശാലമായ സാമുദ്രികലോകത്തിന്റെ ഭാഗമായി മനസ്സിലാക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ പ്രത്യേകത. ഒരു സമൂഹം എന്ന നിലയിൽ കേരളത്തെ രൂപപ്പെടുത്തിയത് കരയെക്കാൾ കടലാണ് എന്ന് ഇന്ത്യനോഷ്യൻ പഠിതാക്കൾ പറയും. കേരളത്തിലേക്ക് മനുഷ്യരും ഭാഷകലും മതങ്ങളും ആശയങ്ങളും കലകളും സാങ്കേതികവിദ്യയുമെല്ലാം കടന്നു വന്നത് കടൽ വഴിയാണ്. അതുകൊണ്ടു തന്നെ കേരളത്തെ സംബന്ധിക്കുന്ന ഏതു കാര്യത്തിനും സമുദ്രാന്തരബന്ധങ്ങളുടെ കഥ പറയാനുണ്ടാകും. കടലിൽനിന്നുള്ള നോട്ടങ്ങളാണ് ഈ അന്വേഷണങ്ങളുടെ കാതൽ എന്നു പറയാം.

ഇസ്‍ലാമിക് ലോ ഇൻ സർക്കുലേഷൻ എന്ന പുസ്തകം മഹ്‍മൂദ് സമർപ്പിച്ചിരിക്കുന്നത് ലോകത്തെങ്ങുമുള്ള പിഎച്ച്.ഡി ഗവേഷകർക്കാണ്.
ഇസ്‍ലാമിക് ലോ ഇൻ സർക്കുലേഷൻ എന്ന പുസ്തകം മഹ്‍മൂദ് സമർപ്പിച്ചിരിക്കുന്നത് ലോകത്തെങ്ങുമുള്ള പിഎച്ച്.ഡി ഗവേഷകർക്കാണ്.

കേരളത്തെ കുറിച്ചുള്ള അറിവുകൾ വിവിധ ഭാഷകളിലായി ചിതറിക്കിടക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പൂർവാധുനിക, ആദ്യ-ആധുനിക ഘട്ടങ്ങളിലെ ചരിത്രരേഖകൾ ഇന്ത്യൻ ഭാഷകൾക്കു പുറത്ത് അറബി, ചൈനീസ്, ഹീബ്രു, സുറിയാനി തുടങ്ങിയ ഭാഷകളിൽക്കൂടി അന്വേഷിക്കേണ്ടതുണ്ട്. യൂറോപ്യൻ കൊളോണിയലിസത്തോടെ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ലാറ്റിൻ തുടങ്ങിയ ഭാഷകളിലും കേരളത്തെ കുറിച്ചുള്ള അറിവുകൾ ചിതറിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രപഠിതാക്കൾ വിവിധ ഭാഷകളിൽ ഇനിയും കൈവയ്ക്കാതെ കിടക്കുന്ന ചരിത്രരേഖകളിലേക്കാണ് യുവഗവേഷകരെ ക്ഷണിക്കുന്നത്. ഇത്തരത്തിൽ വിവിധ ഭാഷകളിൽ ചിതറിക്കിടക്കുന്ന ചരിത്രരചനാസ്രോതസ്സുകൾ പരിചയപ്പെടുത്തുന്ന പുസ്തകമാണ് മഹ്‍മൂദും മൈക്കൽ നെയ്‍ലർ പിയേഴ്സണും ചേർന്ന് എഡിറ്റു ചെയ്ത മലബാർ ഇൻ ഇന്ത്യനോഷ്യൻ എന്ന പുസ്തകം. കേരളവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്പതിലധികം ഭാഷകളിൽ ചിതറിക്കിടക്കുന്നതായി മഹ്‍മൂദ് സൂചിപ്പിക്കുന്നുണ്ട്. ഇതൊക്കെയും ഒറ്റപ്പഠനത്തിലേക്ക് ഇതുവരെ കണ്ണിചേർക്കപ്പെട്ടിട്ടില്ല.

ഇന്ത്യൻ മഹാസമുദ്രപഠിതാക്കളെ സംബന്ധിച്ച് ഉത്തരാഫ്രിക്കയും പശ്ചിമേഷ്യയും മലബാർ തീരവുമെല്ലാം സാംസ്കാരികമായും ചരിത്രപരമായും അടുത്തുനിൽക്കുന്ന ദേശങ്ങളാണ്. കേരളത്തിലെ ജൂത, ക്രിസ്ത്യൻ, ഇസ്‍ലാം മതങ്ങൾ വിദൂരമായ ഈ ദേശങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. തങ്ങൾക്ക് മെത്രാനെ തേടി കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിലെ പ്രമുഖനായ പകലോമറ്റം തറവാട്ടിലെ ഗീവർഗീസ് പോകുന്നത് തുർക്കിയിലെ ഗസാർട്ട സബേസ്സ് സബ്ദയിലേക്കാണ്. പോർച്ചുഗീസുകാരുടെ വരവിനും ദശകങ്ങൾക്കു മുമ്പ് മലബാറിൽ ആഫ്രിക്കൻ ബന്ധമുള്ളവർ മുസ്‍ലിം പള്ളികൾ പണിയിക്കുന്നതോ പുതുക്കിപ്പണിയുന്നതോ ആയ ചരിത്രം വിവിധ ലിഖിതങ്ങളും കുറിപ്പുകളും രേഖപ്പെടുത്തുന്നു. കേരളരൂപീകരണ ഐതിഹ്യവുമായി ബന്ധപ്പെട്ട ‘പെരുമാൾ മക്കത്തു പോയ’ കഥയുടെ പ്രാഥമിക സ്രോതസ്സ് ഒരു അറബി രേഖയാണെന്ന് ഗവേഷകർ കണ്ടെത്തുന്നു. ഇത്തരത്തിൽ ഒരു പറ്റം ഗവേഷകർ ചേർന്ന് മലബാർ ചരിത്രത്തെ മാറ്റിയെഴുതുന്നത് നമുക്കു കാണാം. ഈ സാഹചര്യത്തിലാണ് ഈ യുവ ഗവേഷകക്കൂട്ടത്തിൽ ഒരാൾക്ക് പ്രസ്റ്റീജ്യസ് ആയ ഒരു അവാർഡു ലഭിക്കുന്നത് എന്നത് അവർക്കാകെയുള്ള ബഹുമതിയായും കാണാവുന്നതാണ്.

ഇന്ത്യൻ മഹാസമുദ്രപഠിതാക്കൾ വിവിധ ഭാഷകളിൽ ഇനിയും കൈവയ്ക്കാതെ കിടക്കുന്ന ചരിത്രരേഖകളിലേക്കാണ് യുവഗവേഷകരെ ക്ഷണിക്കുന്നത്.

മഹ്‍മൂദിന്റെ അന്വേഷണങ്ങൾ ഇന്ത്യനോഷ്യൻ, മെഡിറ്ററേനിയൻ സമുദ്രലോകങ്ങളിലെ ഇസ്‍ലാമിക നിയമങ്ങളിലാണ് ഊന്നുന്നത്. സമുദ്രതീരത്തെ കച്ചവടക്കാരായ മുസ്‍ലിംകൾ ശാഫീ എന്ന മദ്‍ഹബിൽ (ചിന്താധാരയിൽ) ഉൾപ്പെടുന്നവരാണ്. കിഴക്കനാഫ്രിക്കൻ തീരങ്ങൾ തൊട്ട് പശ്ചിമേഷ്യൻ തീരങ്ങളിലൂടെ കിഴക്ക് ഇന്തോനേഷ്യ വരെയും മെഡിറ്ററേനിയൻ ഭാഗങ്ങളിലും നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഈ വിശ്വാസധാരയെ ശാഫീ കോസ്മൊപൊളിസ് ആയാണ് മഹ്‍മൂദ് അടയാളപ്പെടുത്തുന്നത്. ബുദ്ധികൂർമ്മതയും ക്ഷമാശീലവും സൂക്ഷ്മാന്വേഷണത്വരയുമുള്ള ഗവേഷകനു മാത്രമേ ലോകത്തിന്റെ വലിയൊരു ഭാഗത്തെ തൊട്ടുകൊണ്ടുള്ള ഇത്തരമൊരു ഗവേഷണത്തെ ഏകോപിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥലത്തിൽ മാത്രമല്ല, കാലത്തിലും കൂടിയാണ് ഇത് പരന്നു കിടക്കുന്നത്. നിരവധി ആശയങ്ങളുടെ, പുസ്തകങ്ങളുടെ സഞ്ചാരവഴികൾ ഈ അന്വേഷണത്തിൽ മഹ്‍മൂദ് കാണിച്ചുതരുന്നുണ്ട്. കിഴക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിക്കുകയും നൂറ്റാണ്ടുകളായി അവിടെ സജീവമായിരിക്കുകയും ചെയ്ത ചില പുസ്തകങ്ങൾ മലബാറിലുണ്ടായതാണെന്ന് മഹമൂദ് കാണിച്ചു തരുന്നു.

അറേബ്യയിൽനിന്ന് മറ്റു ദേശങ്ങളിലേക്കു പ്രചരിച്ച ഇസ്‍ലാം പ്രാദേശികനിയമവ്യവസ്ഥകളുമായി സംവദിച്ചതിൽനിന്നാണ് മരുമക്കത്തായ മുസ്‍ലിംകളുടെ നിയമാവലികൾ രൂപപ്പെടുന്നത്. ‘പെൺശരീഅത്ത്’ എന്നു വിശേഷിപ്പിക്കാവുന്ന, ഇസ്‍ലാമില മരുമക്കത്തായ സ​മ്പ്രദായം ഇന്ത്യൻ മഹാസമുദ്രമേഖലയിലാകെ ചിതറിക്കിടക്കുന്നുണ്ട്. സമീപകാലത്തായി ഈ മേഖലയിലാണ് മഹ്‍മൂദ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള ചില ലേഖനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. ഇങ്ങനെ മനുഷ്യചരിത്രത്തിന്റെ സങ്കീർണ്ണമായ കോണുകളിലേക്കുള്ള നോട്ടം മഹ്‍മൂദിന്റെ ഗവേഷണങ്ങളിൽ കാണാനാകും.

സ്വന്തമായി ഗവേഷകനായിരിക്കുക എന്നതിനൊപ്പം മികച്ച അകാദമിക സംഘാടകനും കൂടിയാണ് മഹ്‍മൂദ്. സാമൂഹ്യശാസ്ത്രപഠിതാക്കളുടെ കൂട്ടായ്മയായ I-SHORE മഹ്മൂദിന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. ഇതിനകം അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി വെബിനാറുകളും വർക്‍ഷോപ്പുകളും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും ഐ-ഷോർ നടത്തിയിട്ടുണ്ട്. മലബാറുമായി ബന്ധപ്പെട്ട ലോകത്തെങ്ങുമുള്ള ഗവേഷകരുടെ അകാദമിക ഹബ്ബായി പ്രവർത്തിക്കുകയാണ് ഐ-ഷോറിന്റെ പ്രഖ്യാപിത ലക്ഷ്യം. മഹ്‍മൂദിന്റെ പുതിയ സമ്മാനലബ്ധി ഈ കൂട്ടായ്മയ്ക്കും കരുത്താകുമെന്ന് പ്രതീക്ഷിക്കാം. മഹ്‍മൂദിനൊപ്പം ഈ സംഘടനയിൽ സഹകരിക്കുന്ന ഡോ. മനു വി. ദേവദേവൻ മുമ്പ് ഈ അവാർഡ് നേടിയിരുന്നു എന്നതും പ്രസ്താവ്യമാണ്.

സാമൂഹ്യശാസ്ത്രപഠിതാക്കളുടെ കൂട്ടായ്മയായ I-SHORE ൽ സഹകരിക്കുന്ന ഡോ. മനു വി. ദേവദേവൻ മുമ്പ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഇൻഫോസിസ് അവാർഡ് നേടിയിരുന്നു.
സാമൂഹ്യശാസ്ത്രപഠിതാക്കളുടെ കൂട്ടായ്മയായ I-SHORE ൽ സഹകരിക്കുന്ന ഡോ. മനു വി. ദേവദേവൻ മുമ്പ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഇൻഫോസിസ് അവാർഡ് നേടിയിരുന്നു.

2016-ൽ നെതർലാന്റ്സിന്റെ തലസ്ഥാനമായ ആംസ്റ്റർ ഡാമിൽ വച്ചാണ് മഹ്‍മൂദിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഡോ. എ.കെ. അബുൽ ഹക്കീം, ഡോ.എം.സി. അബ്ദുൾ നാസർ എന്നിവരോടൊപ്പം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആ പരിചയപ്പെടൽ. ഏതാനും മണിക്കൂറു നേരത്തെ സംസാരംകൊണ്ട് ഞങ്ങൾ തമ്മിൽ ഹൃദയബന്ധം സ്ഥാപിക്കപ്പെട്ടു. 2018-ൽ താൻസാനിയയിലെ ദാറുസ്സലാം യൂണിവേഴ്സിറ്റിയിൽ ഒരു കോൺഫ്രറൻസിന് പോയപ്പോൾ മഹ്‍മൂദ് അവിടെയുണ്ടായിരുന്നു. മലയാളിയായ ഈ ചരിത്രഗവേഷകന് അന്താരാഷ്ട്രതലത്തിൽ കേൾവിക്കാർക്കപ്പുറം ആരാധകരുള്ളത് അവിടെവച്ചാണ് തിരിച്ചറിയുന്നത്. പിന്നീട് ലീഡനിനും ഞങ്ങൾ പോയിരുന്നു. ആ സമയത്ത് വ്യക്തിപരമായ ചില ആവശ്യങ്ങൾ വന്ന് മഹ്‍മൂദ് നാട്ടിലേക്കു മടങ്ങിയെങ്കിലും ഞങ്ങൾക്ക് താമസിക്കാൻ അപാർടുമെന്റിനെ ചാവി ഒരു സുഹൃത്തിനെ ഏല്പിച്ചിരുന്നു.

മഹ്‍മൂദിന്റെ ഗവേഷണമേഖലകളോട് സംവദിച്ചുകൊണ്ട് അദ്ദേഹവുമായി സംസാരിക്കാനും ഒരു പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്യാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇസ്‍ലാമിക ശരീഅത്തിലെ പെൺവഴിയെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇസ്‍ലാമിക് ലോ ഇൻ സർക്കുലേഷൻ എന്ന പുസ്തകത്തെ മുൻനിർത്തി ട്രൂക്കോപ്പിക്കു വേണ്ടി ദീർഘമായ അഭിമുഖം നടത്താനും അവസരമുണ്ടായി. മലബാർ ഇൻ ഇന്ത്യനോഷ്യൻ എന്ന പുസ്തകം ഡി.സി ബുക്സിനു വേണ്ടി മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള നിയോഗവും എനിക്കായിരുന്നു.

ഇസ്‍ലാമിക് ലോ ഇൻ സർക്കുലേഷൻ എന്ന പുസ്തകം മഹ്‍മൂദ് സമർപ്പിച്ചിരിക്കുന്നത് ലോകത്തെങ്ങുമുള്ള പിഎച്ച്.ഡി ഗവേഷകർക്കാണ്. ഗവേഷണം ഒരു കരിയർ സ്വപ്നമായി കാണുന്ന എല്ലാവർക്കും മഹ്‍മൂദ് വലിയ പ്രചോദനമാണ്.


Summary: Dr. Mahmood Kooria was awarded the Infosys Science Prize for his research excellence. V. Abdul Latheef writes about the significance of Kooria's studies.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments