സർവനാശത്തിന്റെ കപ്പൽ; ആ യാത്രയ്ക്ക് 200 വയസ്

പരിഷ്‌കൃതമനുഷ്യൻ നരഭോജിയായി മാറിയതിന്റെ ആദ്യ ആധികാരിക തെളിവ്. ഒരൊറ്റ മനുഷ്യൻ വിചാരിച്ചാൽ പോലും കോടിക്കണക്കിന് വർഷം കൊണ്ട് ഉരുത്തിരിഞ്ഞ ജീവജാലങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിക്കാം എന്ന പാരിസ്ഥിതികമായ തിരിച്ചറിവ്... ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു യാത്രയിലൂടെ

ക്യാപ്റ്റൻ പൊള്ളാർഡ്. ഒരു തകർന്ന കപ്പലിന്റെ കപ്പിത്താൻ. അയാളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ജോലിക്കാർ കപ്പൽ ഉപേക്ഷിച്ച് മൂന്നു രക്ഷാബോട്ടുകളിൽ അന്തമില്ലാത്ത നടുക്കടലിലൂടെ കര തേടി സഞ്ചരിക്കുകയാണ്.

ദിവസങ്ങൾ കഴിയവേ, ബോട്ടുകൾ പരസ്പരബന്ധം വിട്ട് പല വഴിക്കാകുന്നു. അതിലൊരു ബോട്ടിലെ നാലുപേരിലൊരാൾ മാത്രമാണ് ഇപ്പോൾ ക്യാപ്റ്റൻ പൊള്ളാർഡ്. ഭക്ഷണം ഇല്ലാതായിട്ട് നാളുകളായി. ഓരോരുത്തരായി മരിക്കാൻ തുടങ്ങുകയാണ്.

അതോടെ കപ്പിത്താൻ പൊള്ളാർഡ് ഒഴികെയുളള മൂന്നു പേരിൽ രണ്ടു പേർ ചേർന്ന് ഒരു തീരുമാനമെടുക്കയാണ്. ഒരാളെ കൊന്നുതിന്നേ മറ്റുള്ളവർക്ക് ജീവൻ നിലനിർത്താനാകൂ. കപ്പിത്താെന്റ ഉത്തരവ് കാക്കുകയാണ് അവർ.

പൊള്ളാർഡ് കീഴുദ്യോഗസ്ഥരായ മനുഷ്യരുടെ മുഖത്തേക്ക് ദയനീയമായി നോക്കി. തന്നെയല്ലെങ്കിൽ പിന്നെ ആരെയാണ് അവർ ഉദ്ദേശിക്കുന്നതെന്ന് കപ്പിത്താന് മനസ്സിലായി. അതുകൊണ്ട് അയാൾ പറഞ്ഞു; വേണ്ട. അത് ഞാനായിക്കോട്ടെ.
പറ്റില്ലെന്ന് മറ്റുള്ളവർ പറഞ്ഞു. ക്യാപ്റ്റന് മറുപടിയില്ലായിരുന്നു. കാരണം, നാലിൽ രണ്ടുപേർ ചേർന്നപ്പോൾ ഭൂരിപക്ഷം ഉണ്ടായി വന്നിരിക്കുന്നു. നാലാമൻ പ്രായപൂർത്തിയാകാത്ത പയ്യനാണ്. ആ രണ്ടു പേരിലൊരാൾ പറഞ്ഞു, അവനെ വെടിവെയ്ക്കാൻ പോവുകയാണ്.
അവന്റെ പേര് അവ്ൻ കഫിൻ എന്നായിരുന്നു.
പറ്റില്ലെന്ന് ക്യാപ്റ്റന് ശഠിക്കാനാവില്ല. ഭൂരിപക്ഷമാണ് പ്രധാനം. തോക്കും അവരുടെ കൈവശമാണ്. പൊള്ളാർഡ് തല താഴ്ത്തിയിരുന്നു. താമസിക്കാതെ ഒരു വെടിശബ്ദം കേട്ടു, ദുർബലമായ ഞരക്കവും.
കൊല്ലപ്പെട്ട അവ്ൻ കഫിൻ മറ്റാരുമല്ല. കപ്പിത്താെന്റ ഫസ്റ്റ് കസിനാണ്. ഒരേ ചോര. ആ ചോര കുടിക്കണം. ആ മാംസം ഭക്ഷിക്കണം. അതാണ് അയാൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി. ജീവിക്കണമെങ്കിൽ അതല്ലാതെ വഴിയില്ല.

കപ്പൽ തകർന്നാൽ കപ്പിത്താൻ എന്നത് ആലങ്കാരിക പദവി മാത്രമാണ്. അധികാരശ്രേണികൾ അതോടെ അപ്രസക്തമാകും. ഭൂരിപക്ഷത്തിന്റെ മുന്നിൽ അയാൾ നിശബ്ദമായി, നിവൃത്തികേടിന്റെയും ആത്മനിന്ദയുടെയും പരമകോടിയിൽ അമർന്ന് തലതാഴ്ത്തി.
അൽപനേരത്തിനുശേഷം ഒരു വിളി വന്നു: വന്ന് വിശപ്പടക്കൂ.
നിവൃത്തികേടിന്റെ പരകോടിയിൽ നരഭോജിയാകാമെന്നത് കടലിലെ അലിഖിതനിയമമാണ്. കപ്പലിൽ നരഭോജിയാകേണ്ടി വന്ന സാഹചര്യം ചോദ്യം ചെയ്ത് ബ്രിട്ടനിൽ ഒരു കേസ് വന്നിട്ടുണ്ട്. കോടതി അന്നു പറഞ്ഞു: ഏത് നിർബന്ധിത സാഹചര്യത്തിലാണെങ്കിലും കുറ്റകൃത്യം, കുറ്റകൃത്യം തന്നെയാണ്.

എന്നിട്ടും മൂന്നു മാസത്തെയോ മറ്റോ ചെറിയ ശിക്ഷ കൊടുത്ത് കോടതി കൈകഴുകി. കേസാകാതിരുന്നാൽ ഏതു കാലത്തും തുടരാമെന്ന് സാരം.
2
കൊല്ലപ്പെട്ട അവ്ൻ കഫിന് 17 വയസ്സേ ആയിട്ടുള്ളൂ. ഇന്നത്തെ കണക്കിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിയുടെ പ്രായം. അവന്റെ അമ്മ, ക്യാപ്‌റ്റന്റെ ഉറ്റബന്ധുവായിരുന്നു. ഫസ്റ്റ് കസിനെന്ന നിലയിൽ കുട്ടിയെ മൂത്ത സഹോദരനെ ഏൽപ്പിച്ച് വിട്ടതാണ്.

കപ്പിത്താൻ വഴിയിൽ അധികാരഭ്രഷ്ടനാകുമെന്ന് അവർ ഊഹിച്ചില്ല. രാജകീയമായിരിക്കും അവന്റെ യാത്രയെന്നു കരുതിയവർ, ഇതാകും അവന്റെ വിധിയെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല.

ഈ ബോട്ടിനെ, മറ്റൊരു ബ്രിട്ടിഷ് കപ്പലായ "ഇന്ത്യൻ' വന്ന് രക്ഷപെടുത്തുമ്പോൾ, ഭ്രാന്തനെപ്പോലെ, തന്റെ അനിയന്റെ എല്ലിനുള്ളിലെ ഇല്ലാത്ത മജ്ജ പിന്നെയും പിന്നെയും വലിച്ചൂറ്റിക്കൊണ്ടിരിക്കുന്ന കപ്പിത്താനെയാണ് നാവികർ കണ്ടത്.

അന്നേരം കപ്പൽ തകർന്നിട്ട് മൂന്നു മാസത്തിലേറെ കടന്നുപോയിരുന്നു.
3
മേൽപ്പറഞ്ഞത് ഭാവനാകഥനമല്ല. ക്യാപ്റ്റൻ പൊള്ളാർഡിനൊപ്പം രക്ഷപെട്ട ഫസ്റ്റ് ഓഫിസർ (രണ്ടാമത്തെ ചുമതലക്കാരൻ) അവ്ൻ ചേസ് എഴുതിയ ഓർമക്കുറിപ്പിലെ സംഭവകഥയാണ്.

രക്ഷപ്പെട്ട് നാലു മാസത്തിനു ശേഷം ചേസ് പുസ്തകമെഴുതി. മിടുക്കനായ ചേസിനും അവസാനകാലത്ത് ബുദ്ധിഭ്രമം വന്നു. പഴയ ഓർമയിൽ ഭക്ഷണം തട്ടിൻപുറത്തും മറ്റും ഒളിപ്പിച്ചു വയ്ക്കുന്ന ശീലമുണ്ടായിരുന്നു.
കപ്പലിന്റെ കഥ ഇതാണ്: എസെക്‌സ് എന്നായിരുന്നു ദുരന്തമായ ആ കപ്പലിന്റെ പേര്. തിമിംഗല വേട്ടയ്ക്കിറങ്ങിയതാണ്. അമേരിക്കയുടെ വടക്കുകിഴക്കൻ പ്രദേശമായ മെസേടൂസിറ്റ്‌സിലെ നെയ്‌റന്റക്കിറ്റിൽ നിന്ന് 1819ൽ യാത്ര തുടങ്ങി.

തൊട്ടടുത്ത വർഷം, കൃത്യം 200 കൊല്ലം മുൻപ് 1820ൽ ശാന്തസമുദ്രത്തിന്റെ തെക്കൻഭാഗത്തു വച്ച് ഒരു തിമിംഗലം അതിനെ ആക്രമിച്ചു മുക്കി. തുടർന്ന് രക്ഷായാനത്തിലുള്ള യാത്രയിലാണ് കപ്പിത്താൻ പൊള്ളാർഡ് നരഭോജിയായി മാറിയത്.

ഹെർമൺ മെൽവിൽ
ഹെർമൺ മെൽവിൽ

ഈ കപ്പൽയാത്രയെ കുറിച്ചുണ്ടായ അവ്ൻ ചേസിന്റെ പുസ്തകമാണ് "മൊബി ഡിക്ക്' എന്ന ലോകപ്രശസ്ത നോവലെഴുതാൻ (1851) ഹെർമൺ മെൽവിൽ എന്ന എഴുത്തുകാരനെ പ്രേരിപ്പിച്ചത്. മെൽവിലും ജീവിതകാലത്ത് ഈ പുസ്തകം കൊണ്ട് രക്ഷപെട്ടില്ല. പിൽക്കാലത്താണ് പുസ്തകത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടത്.
4
പൊള്ളാർഡ് എന്ന കഥാപാത്രത്തിന്റെ തലങ്ങൾ ഇവിടെ തീരുന്നില്ല. കാരണം കപ്പൽച്ചേതത്തിനു ശേഷം ഗതികേടിന്റെ പരകോടിയിൽ നമ്മൾ കണ്ട പൊള്ളാർഡ് ആയിരുന്നില്ല, കപ്പൽ പുറപ്പെടുന്ന സമയത്തെ പൊള്ളാർഡ്.
അന്തക്കാലത്ത് കപ്പിത്താനാവുക ചില്ലറ കളിയായിരുന്നില്ല. ഒരു കപ്പൽ നടുക്കടലിൽ പ്രവേശിച്ചാൽ പിന്നീടത് സ്വയം ഒരു രാജ്യമോ സാമ്രാജ്യമോ ആണ്. കപ്പിത്താനാണ് ഭരണത്തലവൻ. കടലിൽ അയാളുടേതാണ് തീർപ്പ്.

ആകയാൽ ആവശ്യാനുസരണം അയാളൊരു സ്വേച്ഛാധിപതി കൂടിയാണ്. പ്രാകൃതമായ കടൽനിയമങ്ങൾ വച്ച് അയാൾക്ക് എന്തും തീരുമാനിക്കാം.

രണ്ടരക്കൊല്ലത്തെ യാത്രാപരിപാടിയായിരുന്നു "എസക്‌സ്' ലക്ഷ്യമിട്ടിരുന്നത്.

എന്നുവെച്ചാൽ, തുടർന്നുള്ള രണ്ടര വർഷത്തെ തലവനാണ് പൊള്ളാർഡ്. നല്ലൊരു ഭരണാധിപനായി കപ്പിത്താൻ കപ്പലിലുള്ളവരെയും കപ്പലിനെയും വിവേകപൂർവം നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അക്കാലത്തും ക്യാപ്റ്റന്മാരൊക്കെ അത്യാവശ്യം പ്രായവും പക്വതയുമുള്ളവരായിരുന്നു.
എന്നാൽ "എസക്‌സ്' യാത്ര പുറപ്പെടുമ്പോൾ ക്യാപ്റ്റൻ പൊള്ളാർഡിന്റെ പ്രായം 29 മാത്രമായിരുന്നു. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ കപ്പിത്താന്മാരിൽ ഒരാൾ.

അവ്ൻ ചേസ്
അവ്ൻ ചേസ്

ചെറുപ്പത്തെ ചുക്കാൻ ഏൽപിക്കുന്നത് വലിയ തെറ്റൊന്നുമല്ല. പക്ഷേ "ഇനി യുവരക്തം നയിക്കട്ടെ, കടൽക്കിഴവന്മാർ മാറി നിൽക്കട്ടെ' എന്ന പുരോഗമനാശയങ്ങൾക്കു പിന്നിൽ മുതലാളിത്തത്തിന്റെ കള്ളക്കളികൾ കൂടി എന്നും ഉണ്ടായിരുന്നു.

കണ്ണും മൂക്കും നോക്കാത്ത ചെറുപ്പക്കാരുടെ സാഹസികതയെയും ചോരത്തിളപ്പിനെയും വിറ്റ് കാശാക്കുകയും അവരുടെ പ്രവർത്തനക്ഷമത കുറയുമ്പോൾ നിഷ്‌കരുണം ഉപേക്ഷിക്കുകയും ചെയ്യുന്ന കോർപറേറ്റ് ബുദ്ധിയുടെ ആദ്യകാലം. യാത്ര തുടങ്ങുമ്പോൾ പൊള്ളാർഡും മുതലാളിമാരുടെ ഓമനയായിരുന്നു.

കാരണം അയാളുടെ മുൻപുള്ള യാത്രകളെല്ലാം മുതലാളിക്ക് ലാഭമുണ്ടാക്കി കൊടുത്തവയായിരുന്നു.
5
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കകാലമായിരുന്നു. അമേരിക്കക്ക് ആവേശം കുറച്ച് കൂടുതലായിരുന്നു. കാരണം അതുവരെ ലോകം യൂറോപ്പിന്റെ കാൽക്കീഴിലായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുമ്പോൾ അമേരിക്കക്ക് കിട്ടിയത്, യൂറോപ്യന്മാർ ചവച്ചുചണ്ടിയാക്കിയ ലോകത്തെയാണ്. തിമിംഗലവേട്ട പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ യൂറോപ്യന്മാർ തുടങ്ങിവെച്ചിരുന്നു.

അതിനാൽ "എസക്‌സ്' വേട്ടയ്ക്കിറങ്ങുന്ന കാലത്തു തന്നെ തിമിംഗലത്തിന്റെ എണ്ണത്തിൽ കാര്യമായി കുറവുവന്നിരുന്നു. പക്ഷേ, ആവശ്യകത കുറഞ്ഞിരുന്നില്ല. അന്ന് വിളക്കുകൾ എരിഞ്ഞിരുന്നത് പ്രധാനമായും തിമിംഗലത്തിന്റെ നെയ്യ് ഇന്ധനമാക്കിയായിരുന്നു. ഇന്നത്തെ പെട്രോൾ പോലെ അത്യാവശ്യമായിരുന്നു തിമിംഗല നെയ്യ്.
അങ്ങനെ ഭൂമിയിൽ ബാക്കിയുള്ള തിമിംഗലങ്ങളെ എത്രയും പെട്ടെന്ന് കൊന്നൊടുക്കാനുള്ള ത്വര അമേരിക്കയിലെ പുത്തൻ മുതലാളിമാരിൽ പ്രകടമായിരുന്നു. അതിനാൽ, വിവേകം നോക്കാതെ സാഹസികത നോക്കി സ്ഥാനക്കയറ്റം നൽകുന്ന ഒരുതരം വാശി ഉരുത്തിരിഞ്ഞു വന്നു.

ആ സാഹചര്യത്തിൽ ഉയർന്നു വന്ന ചെറുപ്പക്കാരനായിരുന്നു കാപ്റ്റൻ പൊളളാർഡ്. കപ്പലോട്ടങ്ങളുടെ കാലമായതിനാൽ, ഇന്നത്തെ ഒരു കമ്പനി സി.ഇ.ഒ പോലെ ഉയർന്ന സാമൂഹികപദവിയായിരുന്നു അത്.

കപ്പലിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന അവ്ൻ ചേസിന്റെ പ്രായം വെറും 23.

കാബിൻ ബോയ് തോമസ് നിക്കേഴ്‌സൺ ആയിരുന്നു ചെറുത്. വയസ് 14. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പരുവം. (പ്രായമായപ്പോൾ നിക്കേഴ്‌സണും ഓർമക്കുറിപ്പെഴുതി.

നഷ്ടപ്പെട്ടുപോയ കൈയെഴുത്തുപ്രതി കണ്ടെത്തി 1984ലാണ് പുസ്തകമാക്കിയത്) അങ്ങനെ, ആകെക്കൂടി ഒരു പിള്ളേരുസെറ്റിനെയായിരുന്നു തിമിംഗലവേട്ടയ്ക്ക് നടുക്കടലിലേയ്ക്ക്, അതും രണ്ടര വർഷത്തെ കടൽതടവിന് കപ്പൽമുതലാളിമാർ പറഞ്ഞയച്ചത്.

തോമസ് നിക്കേഴ്‌സൺ
തോമസ് നിക്കേഴ്‌സൺ

കപ്പലിലുള്ളവർ ചെറുപ്പക്കാരാണെങ്കിലും, കപ്പലിന്റെ സ്ഥിതി അങ്ങനല്ലായിരുന്നു. ഒരു അപ്പൂപ്പൻ. ആകയാൽ എസെക്‌സിന് ഇടയ്ക്കിടെ അഴിച്ചുപണി ആവശ്യമായി വന്നിരുന്നു.

എങ്കിലും മുങ്ങാനിരുന്ന ഈ യാത്രയിലും അത്യാവശ്യം തട്ടിക്കൂട്ട് അഴിച്ചുപണി മാത്രമേ നടത്തിയുള്ളൂ. ഒരു തിമിംഗലം വാലു കൊണ്ടടിച്ചപ്പോൾ തകർന്നു പോകുന്ന മട്ടിൽ അത്രയും ദുർബലമായിരുന്നു അതിന്റെ ചട്ടക്കൂടെന്ന് പിന്നീട് തെളിഞ്ഞു.

തിമിംഗലവേട്ടയ്ക്കുള്ള വലിപ്പവും ഈ കപ്പലിനുണ്ടായിരുന്നില്ല. 88 അടി നീളം മാത്രം. സുരക്ഷയ്ക്കായും കടലിലിറങ്ങി വേട്ട നടത്താനും 28 അടി നീളമുള്ള നാലു ബോട്ടുകളായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.
ഒരു കൈ കൊണ്ട് കപ്പിത്താന്മാരെ പുകഴ്ത്തുകയും താലോലിക്കുകയും ചെയ്യുകയും മറുകൈ കൊണ്ട് ബാക്കിയുള്ള ജീവനക്കാരെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്ന മാനേജ്‌മെന്റ് തന്ത്രം തന്നെയായിരുന്നു അന്നും.

വേട്ടക്കപ്പലുകളിൽ "അപ്പൂപ്പ'നായിരുന്ന എസെക്‌സിലെ ക്രൂവിന്റെ എണ്ണവും പരമാവധി കുറച്ചിരുന്നു. മറ്റ് അംഗങ്ങൾ ബോട്ടുകളിലിറങ്ങി തിമിംഗലവേട്ട നടത്തുമ്പോൾ കപ്പൽ നിയന്ത്രിച്ച് നിർത്താൻ ആറു പേരെങ്കിലും വേണ്ടിയിരുന്നു. എസെക്‌സിൽ ഇതിന് രണ്ടുപേർ മാത്രമായിരുന്നു.

ചെറുപ്പവും സാഹസികതയും മൂലമാകും, ഇതൊന്നും ക്യാപ്റ്റൻ പൊള്ളാർഡിനെ അലട്ടിയില്ല.
യാത്ര പുറപ്പെടുമ്പോൾ ക്യാപ്റ്റനടക്കം 21 കപ്പൽജീവനക്കാരുണ്ടായിരുന്നു. അധികം വൈകാതെ തന്നെ അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ കപ്പലിലെ സുരക്ഷാബോട്ടുകളിലൊന്നിന് കേടുപറ്റി.

എസെക്‌സ് കപ്പലിനെ തിമിംഗലം ആക്രമിക്കുന്നതിന്റെ ചിത്രീകരണം - തോമസ് നിക്കേഴ്‌സൺ.
എസെക്‌സ് കപ്പലിനെ തിമിംഗലം ആക്രമിക്കുന്നതിന്റെ ചിത്രീകരണം - തോമസ് നിക്കേഴ്‌സൺ.

അത് നന്നാക്കാനോ കടൽ ശാന്തമാകാനോ കപ്പിത്താൻ കാത്തുനിന്നില്ല. ഒരു നാവികൻ അപകടം മനസ്സിലാക്കി കപ്പൽ ഉപേക്ഷിച്ചു. അതോടെ ക്രൂവിന്റെ എണ്ണം 20 ആയി.

ഇങ്ങനെ പല തരത്തിലുള്ള ലാഭക്കൊതിക്ക് തലവെച്ചു കൊടുത്തതിന്റെ ഫലമായിരുന്നു, മനുഷ്യജന്മത്തിലേയ്ക്കും വച്ച് ഏറ്റവും ഗതികെട്ട അവസ്ഥയിലേയ്ക്ക് പൊള്ളാർഡ് എത്തിപ്പറ്റിയത്. നരഭോജിയായി ജീവൻ നിലനിർത്തി രക്ഷപെട്ട ശേഷം പൊള്ളാർഡിന് എന്തു സംഭവിച്ചുവെന്ന് നോക്കാം.
6
നാട്ടിലെത്തി ആരോഗ്യം വീണ്ടെടുത്ത ക്യാപ്റ്റൻ പൊള്ളാർഡ് വീണ്ടും ഒരു തിമിംഗലവേട്ടക്കപ്പലിന്റെ കപ്പിത്താനായി. രണ്ടാം ജന്മത്തിലെ ആദ്യയാത്രയെന്നു പറയാം.

എന്നാൽ ആ കപ്പൽ - റ്റൂ ബ്രദേഴ്‌സ് -ഹവായിൽ വച്ച് ഒരു കൊടുങ്കാറ്റിൽ തകർന്നു. (ഈ കപ്പലിന്റെ അവശിഷ്ടം 2008ൽ കണ്ടെടുത്തിരുന്നു). ഇതോടെ പൊള്ളാർഡ് വേട്ടക്കപ്പൽ ഉപേക്ഷിച്ച് ഒരു കച്ചവടക്കപ്പലിന്റെ കപ്പിത്താനായി. അതും നടുക്കടലിൽ മുങ്ങി.

ഫലം- കപ്പൽമുതലാളിമാർ ഏറ്റവും മിടുക്കനായ കപ്പിത്താന്മാരിലൊരാളായി കരുതിയിരുന്ന പൊള്ളാർഡ് "ജോനാ' അഥവാ കപ്പലിനാകെ നാശം വിതയ്ക്കുന്ന ഭാഗ്യഹീനനെന്ന് മുദ്രകുത്തപ്പെട്ടു.

പിന്നീട് ഒരു കപ്പൽമുതലാളിയും അയാളെ പണിക്കെടുത്തില്ല. പിൽക്കാലത്ത് ഒരുപാട് സി.ഇ.ഒമാർക്ക് സംഭവിച്ച ദുരന്തം പോലെ തന്നെ.
കപ്പൽ തകർന്ന് മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അറുപതു വയസ്സുകാരനായ ക്യാപ്റ്റൻ പൊള്ളാർഡിനെ "മൊബി ഡിക്കി'ന്റെ രചയിതാവ് മെൽവിൽ കണ്ടുമുട്ടുന്നുണ്ട്. പരസ്പരം അവർ അധികം സംസാരിച്ചില്ല.

അമേരിക്കൻ തിമിംഗലവേട്ടയുടെ ഈറ്റില്ലമായ മെസേടൂസിറ്റ്‌സിലെ നെയ്‌റന്റക്കിറ്റിലെ രാത്രികാവലിനു നിയോഗിക്കപ്പെട്ട "ഗൂർഖ'യായിരുന്നു അപ്പോൾ അയാൾ. ഏറ്റവും കുറഞ്ഞ ജോലികളിലൊന്ന്.

"നാട്ടുകാർക്ക് അയാൾ ആരുമല്ലായിരുന്നു.

എനിക്ക് അങ്ങനെയല്ലായിരുന്നു'വെന്ന് മെൽവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ എഴുപത്തിയെട്ടാം വയസിൽ പൊള്ളാർഡ് ഭാഗ്യഹീനനായിത്തന്നെ മരിച്ചു.

ജീവിതത്തിന്റെ മഹാ അനിശ്ചിതത്വങ്ങളിലൂടെ ഉലഞ്ഞു സഞ്ചരിച്ച് ഒടുവിൽ തകർന്നു പോയ ഒരു കപ്പലിന്റേതുമാതിരിയുള്ള ജീവിതം.
"എസക്‌സ്' എന്ന കപ്പലിന്റേയും വിചിത്രമായ അവസാനമായിരുന്നു.

മോബിഡിക്ക് ചലച്ചിത്രത്തിൽ നിന്നുള്ള രംഗം.
മോബിഡിക്ക് ചലച്ചിത്രത്തിൽ നിന്നുള്ള രംഗം.

7
യാത്ര തുടർന്ന് ഉൾക്കടലിൽ എത്തിയ എസെക്‌സിന് തിമിംഗലങ്ങളെയൊന്നും കണ്ടുമുട്ടാനായില്ല. ക്രൂരവും അനിയന്ത്രിതവുമായ വേട്ട മൂലം തിമിംഗലങ്ങളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നല്ലോ. അതുവഴി വന്ന മറ്റു ചില കപ്പലുകാരാണ് വളരെ ദൂരെ മറ്റൊരു പ്രദേശത്ത് ധാരാളം തിമിംഗലങ്ങളുണ്ടെന്ന സൂചന കപ്പിത്താന് നൽകിയത്.

പക്ഷേ, സൂക്ഷിക്കണം മനുഷ്യഭോജികളായ മനുഷ്യർ ഏറെയുള്ള ദ്വീപുകളുടെ പരിസരമാണെന്ന മുന്നറിയിപ്പും നൽകി. പൊള്ളാർഡ് അതൊന്നും കാര്യമാക്കിയില്ല.

അങ്ങോട്ടേയ്ക്ക് കപ്പൽ വിട്ടു; തന്നെ വിധി സ്വയം ഒരു നരഭോജിയായി മാറ്റാൻ കൊണ്ടു പോവുകയാണ് എന്ന ബോധ്യമില്ലാതെ.
നാലായിരം കിലോമീറ്റർ അകലെ; അത്രയും ദൂരെയായിരുന്നു കപ്പലുകാർ പറഞ്ഞ "തിമിംഗലങ്ങളുടെ വിളനിലം'. അതിനുമുമ്പ് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കേണ്ടതുണ്ടായിരുന്നു. അതിനായി ഗാലപ്പഗോസ് ദ്വീപിലേയ്ക്ക് പോകാൻ തീരുമാനിച്ചു.

ഇതിനകം കപ്പലിലുണ്ടായ വിള്ളൽ നന്നാക്കാനായി ആദ്യം കണ്ട ഒരു ദ്വീപിന്റെ പരിസരത്തേയ്ക്ക് കപ്പൽ അടുപ്പിച്ചു. ഇന്നത്തെ എസ്പനോല ദ്വീപായിരുന്നു അത്. 1820 ഒക്ടോബർ എട്ടിന് കപ്പൽ അവിടെ നങ്കൂരമിട്ടു. ഒരാഴ്ച തമ്പടിച്ചു.

ഭക്ഷിക്കാൻ 300 ഗാലപ്പഗോസ് ആമകളെ പിടിച്ചു കപ്പലിലിട്ടു. പിന്നെ ചാൾസ് ദ്വീപിൽ തങ്ങി, അവിടുന്നും 60 ആമകളെ കയറ്റി. ആമയെന്നു വച്ചാൽ 45 മുതൽ 363 കിലോ വരെ തൂക്കം വരുന്ന ഭീമന്മാരാണ്. ചെറുതിനെയൊക്കെ കപ്പലിൽ ഇഴഞ്ഞു നടക്കാൻ അനുവദിച്ചു. വലിയവയെ കെട്ടിയിട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് ഒരു വർഷം വരെ ജീവിക്കാനാകുമെന്ന് കപ്പൽയാത്രികർ വിശ്വസിച്ചു.

തിരിച്ചുപോകാൻ തുടങ്ങുമ്പോൾ ചാൾസ് ദ്വീപിന് കപ്പൽസംഘത്തിലെ ഒരാൾ തീയിട്ടു. തമാശയ്ക്കു ചെയ്തതാണ്. പറഞ്ഞു തീരും മുൻപ് തീ നിയന്ത്രാതീതമായി.

കപ്പൽസംഘത്തിന് ഓടി കടലിൽ ചാടേണ്ടി വന്നു. പിറ്റേന്ന് ഉൾക്കടലിൽ നിന്ന് നോക്കുമ്പോഴും ദ്വീപ് കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കപ്പലിലെ കാബിൻ ബോയായിരുന്ന നിക്കേഴ്‌സൺ പിൽക്കാലം ചാൾസ് ദ്വീപ് സന്ദർശിച്ചപ്പോൾ, അത് പുല്ലുപോലും മുളയ്ക്കാത്ത കറുത്ത മരുഭൂമി മാത്രമായി അവശേഷിച്ചിരുന്നു.

ദ്വീപ് ആവാസകേന്ദ്രമാക്കിയിരുന്ന ആമകളും ഫ്‌ലോറിയാന മോക്കിങ് പക്ഷികളും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഏതാണ്ട് വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലമൊരു മനുഷ്യന്റെ വിവേകമില്ലായ്മ, ജന്തുജാലങ്ങളുടെ വംശനാശത്തിലെത്തുമെന്ന ആദ്യ തിരിച്ചറിവ് മനുഷ്യന് അന്നാണുണ്ടാകുന്നത്.
8

മോബിഡിക്ക് ചലച്ചിത്രത്തിന്റെ പോസ്റ്റർ.
മോബിഡിക്ക് ചലച്ചിത്രത്തിന്റെ പോസ്റ്റർ.

ഒടുവിൽ തെക്കേഅമേരിക്കയിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ, നിറയെ തിമിംഗലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഉൾക്കടലിൽ "എസക്‌സ്' എത്തിച്ചേർന്നു. എന്നാൽ അവിടെയെങ്ങും ഒരു തിമിംഗലത്തെയും കണ്ടെത്താനായില്ല.

ദിവസങ്ങൾക്കുശേഷം ഒരെണ്ണത്തിനെ കണ്ടു. അപകടകാരിയായ തിമിംഗലം രണ്ടാം ഓഫിസർ അവ്ൻ ചെയ്‌സ് നിയന്ത്രിച്ചിരുന്ന ബോട്ടിനു തൊട്ടു കീഴെയെത്തി കുത്തിഉയർന്നതോടെ ആ ബോട്ട് തകർന്നു. ബോട്ട് കെട്ടിവലിച്ച് കപ്പലിൽ കയറ്റി നന്നാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഏതാണ്ട് 85 അടി നീളമുള്ള മറ്റൊരു ഭീമൻ തിമിംഗലത്തെ കണ്ടത്.

ആ തിമിംഗലം കപ്പലിനെ വാലു കൊണ്ട് തലങ്ങും വിലങ്ങും ആക്രമിച്ച് സാരമായി കേടുവരുത്തിയ ശേഷമാണ് നീന്തിപ്പോയത്. ഒരു ജീവിവംശത്തിന്റെ പ്രതിഷേധം. തകർന്ന കപ്പൽ ഉപേക്ഷിക്കേണ്ടി വന്നു.
ബാക്കിയായ മൂന്നു സുരക്ഷാബോട്ടുകളിലായി 20 നാവികരുടെ സഞ്ചാരം. തെക്കേ അമേരിക്കയിൽ നിന്ന് പടിഞ്ഞാറു മാറി 3,700 കിലോമീറ്റർ അകലെയായിരുന്നു അപ്പോൾ ബോട്ടുകൾ.

കൈയിലുള്ള ചാർട്ടുകളിൽ നിന്ന് തൊട്ടടുത്ത ദ്വീപ് 1900 കിലോമീറ്റർ അകലെയാണെന്ന ഭീതിദമായ വിവരം അവർ തിരിച്ചറിഞ്ഞു. ഉപ്പുവെള്ളത്തിൽ കുതിർന്ന ആഹാരം കഴിച്ചതോടെ ദാഹം കൂടി.

രണ്ടാഴ്ചയോളം കൈയിലുള്ള വെള്ളവും കേടായ ആഹാരവും കഴിച്ച് കഴിഞ്ഞു കൂടി. മൂത്രം പോലും ദാഹമകറ്റാൻ ഉപയോഗിക്കേണ്ടി വന്നു. ബോട്ടുകളാകട്ടെ, ദീർഘസഞ്ചാരത്തിന് നിർമിച്ചവയായിരുന്നില്ല.

പഴുതുകളിലൂടെ വെള്ളം കയറുന്നുണ്ടായിരുന്നു. ഒരു മാസത്തിനു ശേഷം മരണം മുഖാമുഖം കാണുന്ന സമയത്തായിരുന്ന മനുഷ്യവാസമില്ലാതെ ഹെൻഡേഴ്‌സൻ ദ്വീപിൽ അവർ എത്തുന്നത്. നീരുറവയും ദ്വീപിലെ ഞണ്ടുകളെയും പക്ഷികളെയും മുട്ടകളും തിന്ന് ഒരാഴ്ച അവിടെ തങ്ങി.

ഉള്ള ഭക്ഷണം ഇല്ലാതായിത്തുടങ്ങി. ഇനി തങ്ങുന്നത് അപകടമെന്ന് കരുതി യാത്ര തുടരാനൊരുങ്ങി. മൂന്നു പേർ ദ്വീപിൽ തങ്ങാൻ തീരുമാനിച്ചു.

ബാക്കി 17 പേർ മൂന്നു ബോട്ടുകളിൽ യാത്ര തുടർന്നു. ദ്വീപിൽ നിന്ന് സംഘടിപ്പിച്ച ജീവികളെ മൂന്നുദിവസം കൊണ്ട് തിന്നു തീർത്തു. പിന്നെ പട്ടിണി. തുടർന്ന് മനുഷ്യർ ഓരോരുത്തരായി മരിച്ചു തുടങ്ങി.

മരിച്ച രണ്ടുപേരെ ആചാരപ്രകാരം കടലിലെറിഞ്ഞു. മൂന്നാമത് മരിച്ച ആളിന്റെ മൃതദേഹം നശിപ്പിക്കാതെ, വേണ്ടി വന്നാൽ ഭക്ഷണമാക്കാൻ മാറ്റിവെച്ചു. ഇതിനിടെ, മൂന്നു ബോട്ടുകളിലൊരെണ്ണം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമായി. ആ ബോട്ട് മൂന്നുപേരുടെ അസ്ഥികൂടവുമായി വിജനമായ ഒരു ദ്വീപിൽ അടിഞ്ഞു കയറിയതായി പിന്നീട് രേഖപ്പെടുത്തപ്പെട്ടു.

ദ്വീപിൽ തങ്ങാൻ തീരുമാനിച്ച മൂന്നു പേരുടെ തീരുമാനമായിരുന്നു ശരിയെന്ന് തെളിഞ്ഞു. ഒരു വർഷത്തിനു ശേഷം ഒരു കപ്പൽ ഇവരെ രക്ഷിച്ച് ഓസ്‌ട്രേലിയയിലെത്തിച്ചു.

മോബിഡിക്ക് നോവലിന്റെ കവർ
മോബിഡിക്ക് നോവലിന്റെ കവർ

10
മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം കണ്ട യാത്രയായിരുന്നു അത്. ഒപ്പം മനുഷ്യൻ ചില സവിശേഷസാഹചര്യത്തിൽ തന്റെ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ് ഏറ്റവും മൃഗീയമായി പെരുമാറുമെന്നതിന്റെ ദൃഷ്ടാന്തവുമായി ആ കപ്പൽയാത്ര മാറി.

കേവലമൊരു മനുഷ്യജീവി വിചാരിച്ചാൽ ലക്ഷക്കണക്കിന് വർഷം കൊണ്ട് ഉരുത്തിരിഞ്ഞ ചില ജീവകുലത്തിനെ തന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും തെളിഞ്ഞു. അങ്ങനെ ഇന്നത്തെയും എന്നത്തേയും ലോകസാഹചര്യത്തിലും ആ കപ്പൽയാത്രയ്ക്ക് പ്രസക്തിയേറുന്നു.
ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തന്നെ ഏറ്റവും വലിയ കച്ചവടക്കാരും കോർപറേറ്റുകളായും സ്വയം അധഃപതിക്കുമ്പോൾ, അധികാരം നിലനിർത്താൻ സ്വന്തം ജനതയെത്തന്നെ തമ്മിലിടിപ്പിച്ചും, അവരെ വെടിവച്ചു കൊന്നുമൊക്കെ ഭരണകർത്താക്കൾ തന്നെ നരഭോജികളായി പരിണമിക്കുമ്പോൾ എസക്‌സിന്റെ യാത്ര ഈ ഇരുനൂറാം വർഷവും വലിയൊരു പാഠപുസ്തകമാവുകയാണ്.


Summary: GR Indugopan writes about Essex ship accident.


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ, ആനോം ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments