‘കാവി ശാസ്​ത്രം’: ഇന്ത്യൻ ശാസ്ത്രസമൂഹത്തിന്റെ ഞെട്ടിക്കുന്ന നിശ്ശബ്​ദതക്കിടയിൽ, ഡോ. മീര നന്ദയെ വായിക്കുമ്പോള്‍

‘സയൻസിന്റെ കാവിവത്ക്കരണത്തിനെതിരെ ഇന്ത്യയിലെ ശാസ്ത്രസമൂഹം പൊതുവേ നിശ്ശബ്ദമാണ്. എന്നാല്‍ ഇന്ത്യയിലെ ശാസ്ത്രചരിത്രകാരന്മാരുടെ നിശ്ശബ്ദത കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാണ്.’- സയന്‍സിന്റെ മേഖലയില്‍ അരങ്ങേറുന്ന കാവിവത്ക്കരണത്തിന്റെ പ്രത്യയശാസ്തപ്രക്രിയയെ അതിന്റെ സമഗ്രതയില്‍ അഭിസംബോധന ചെയ്യുന്ന ശാസ്ത്രഗവേഷകയും ശാസ്ത്രചിന്തകയുമായ ഡോ. മീര നന്ദയുടെ ചിന്തകളിലൂടെ.

'ഒരു കാല്‍ ശാസ്ത്രത്തിലും മറ്റേകാല്‍ മതത്തിലും ഊന്നുന്നവര്‍ക്ക് രണ്ട് കാലുകളും നഷ്ടപ്പെടുന്നു.’
- വൗറ്റര്‍ ഹാനിഗ്രാഫ്, (ഡോ. മീര നന്ദ ഉദ്ധരിച്ചത് )

ഒന്ന്

ശാസ്ത്രം, ചരിത്രം, തത്വചിന്ത തുടങ്ങിയുള്ള മനുഷ്യ വൈജ്ഞാനികതയുടെ സമസ്ത ഇടങ്ങളിലേക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിച്ചുകയറ്റുന്നതിനുള്ള തീവ്രശ്രമങ്ങള്‍ പല വിതാനങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്നുപോകുന്നത്. ആധുനിക കാലം അതിസങ്കീര്‍ണങ്ങളായ അന്വേഷണ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടയും പോരാട്ടങ്ങളിലൂടെയും ആര്‍ജ്ജിച്ചടുത്ത അറിവിന്റെ പുതിയ ചക്രവാളങ്ങളെ പരിപൂര്‍ണ്ണമായും പൗരാണിക കാലത്തെ വേദങ്ങളിലും ഉപനിഷത്തുക്കളിലും മതമാമൂലുകളിലും വരിഞ്ഞുകെട്ടാനുള്ള, ചരിത്രവിരുദ്ധവും അശാസ്ത്രീയവുമായ, വാദങ്ങളും വ്യാഖ്യാനങ്ങളുമാണ് പല കോണുകളില്‍ നിന്നും നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ചരിത്രവിരുദ്ധവും അശാസ്ത്രീയവുമായ വ്യാഖ്യാനങ്ങളിലൂടെ, സര്‍വ്വസുരഭിലമായ ഒരു സാങ്കല്പിക ഭൂതകാലത്തെ ഭാവനയില്‍ മെനഞ്ഞെടുക്കുകയും അത്തരമൊരു ഭൂതകാലത്തെ ആധുനിക ലോകത്തിന് ബദലായി നിറുത്തുകയുമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം.

ചരിത്രത്തെയും ശാസ്ത്രത്തെയും കെട്ടുകഥകള്‍കൊണ്ട് പകരം വയ്ക്കുന്ന, തത്വചിന്തയെ മതചിന്തയിലേയ്ക്ക് വെട്ടിച്ചുരുക്കുന്ന അതിസങ്കീര്‍ണ്ണമായ ഹിന്ദുത്വപ്രത്യയശാസ്ത്ര നിര്‍മ്മിതിയെ അതിന്റെ അടിവേരോളം ഇറങ്ങിച്ചെന്ന് വിമര്‍ശന വിധേയമാക്കുന്ന ധൈഷണിക ഇടപെടലുകള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം അതീവ പ്രാധാന്യം കൈവന്ന ചരിത്രസന്ദര്‍ഭം കൂടിയാണിത്. ഇന്ത്യയിലെ മുഖ്യധാരാ ധൈഷണികര്‍ ചരിത്രം തങ്ങളോട് ആവശ്യപ്പെടുന്ന പ്രസ്തുത കര്‍ത്തവ്യം അതിന്റെ അര്‍ത്ഥത്തില്‍ നിറവേറ്റുന്നുണ്ടോ എന്നത് മറ്റൊരു ചര്‍ച്ചാവിഷയമാണ്. ചരിത്രത്തിന്റെ മണ്ഡലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവത്ക്കരത്തെ സമരതീക്ഷ്ണമായി പ്രതിരോധിക്കാന്‍ ചരിത്രകാരന്മാര്‍ ഗംഭീരമായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍, സയന്‍സിന്റെയും തത്വശാസ്ത്രത്തിന്റയും മണ്ഡലങ്ങളില്‍ അരങ്ങേറുന്ന കാവിവത്കരണ പ്രക്രിയയെ, ചരിത്രത്തിന്റെ മണ്ഡലത്തിലെന്നപോലെ, അതിന്റെ സൂക്ഷ്മതലങ്ങളില്‍ എതിരിടാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഗൗരവമായി നിലനില്ക്കുന്നുണ്ട്. ഈയൊരു വിടവിനെ നികത്തി, സയന്‍സിന്റെ മേഖലയില്‍ അരങ്ങേറുന്ന കാവിവത്ക്കരണത്തിന്റെ പ്രത്യയശാസ്തപ്രക്രിയയെ അതിന്റെ സമഗ്രതയില്‍ അഭിസംബോധന ചെയ്യുന്ന പ്രൗഢമായ ധൈഷണിക ഇടപെടലാണ് ലോകപ്രശസ്ത ഇന്ത്യന്‍ശാസ്ത്രഗവേഷകയും ശാസ്ത്രചിന്തകയുമായ ഡോ. മീര നന്ദ, Science in Saffron: Skeptical Essays on History of Science (Three Essays collective, January, 2016) എന്ന പുസ്തകത്തിലൂടെ നിര്‍വ്വഹിക്കുന്നത്.

ആധുനിക സയൻസിന്റെയും അറിവിന്റെയും മണ്ഡലങ്ങളിലുള്ള സര്‍വ്വവിധ ഉത്തരങ്ങളും പ്രാചീന ഭാരതത്തിന്റെ വേദസംസ്‌കാരത്തിന്റെ പക്കലുണ്ടെന്നും മറുപടി നല്‍കാന്‍ ചോദ്യങ്ങള്‍ക്കായി കാത്തിരിക്കലാണ് അതിന്റെ സാംസ്‌കാരിക പൈതൃകമെന്നുമാണ് ഹിന്ദുത്വവാദികള്‍ പ്രരിപ്പിക്കുന്നത്. ഇതര ദേശസംസ്‌കാരങ്ങളെ മുഴുവന്‍ ഇകഴ്ത്തിക്കാട്ടുന്ന ഈയൊരു ദേശീയ വരേണ്യവാദം അന്ത്യന്തം അപകടം പിടിച്ച ഒന്നാണെന്ന് മീര നന്ദ വ്യക്തമാക്കുന്നുണ്ട്. ദേശീയഭാവനയെ ചരിത്രവിരുദ്ധമായ ഇത്തരം മിത്തുകള്‍ കൈയ്യടക്കുന്നതോടെ വംശീയവാദത്തിന്റെയും മേല്‍ക്കോയ്മാവാദത്തിന്റെയും അഴക്കുചാലുകളിലേക്ക് ആ രാജ്യം മറിഞ്ഞു വീഴും. ശാസ്ത്രീയമായ ചോദ്യങ്ങള്‍, അതിന്റെ രീതിശാസ്ത്രപരമായ പ്രകാരങ്ങളില്‍ ആവിഷ്‌കൃതമാകാന്‍ തുടങ്ങുന്ന ചരിത്രഘട്ടങ്ങള്‍ക്കു മുമ്പുതന്നെ, അവയ്​ക്കുള്ള എല്ലാവിധ ഉത്തരങ്ങളും വേദഗ്രന്ഥങ്ങളില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്ന അപകടം പിടിച്ച മിത്തിനെ വളരെ ഗൗരവത്തില്‍തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും മീര നന്ദ എടുത്തുപറയുന്നുണ്ട്. കാവിശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഓരോ വാദമുഖങ്ങളെയും അതീവശ്രദ്ധയോടെ പരിശോധിക്കണം. കാവിശാസ്ത്രത്തിനെതിരെയുള്ള ഈയൊരു പരിശോധനയാകട്ടെ ശാസ്ത്രചരിത്രം (History of Science) മുന്നോട്ടുവയ്ക്കുന്ന ഏറ്റവും ഫലപ്രദമായ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണം. അതായത്, കാവിശാസ്ത്രത്തിനെതിരെയുള്ള മൂര്‍ച്ചയേറിയ ആയുധങ്ങള്‍ നമ്മള്‍ കണ്ടത്തേണ്ടത് സയൻസിന്റെ ചരിത്രത്താളുകളില്‍ നിന്നുമാണ്. എത്രതന്നെ അസംബന്ധം നിറഞ്ഞ വാദഗതികളായാലും സയൻസിന്റെ ചരിത്രം കൊണ്ട് അതിനെ കീറിപിളര്‍ക്കേണ്ടതുണ്ട്. എങ്ങനെയാണ് ആധുനികലോകത്തില്‍ സയന്‍സ് വികസിച്ചുവന്നതെന്നും ലോകത്തെ മനസ്സിലാക്കിയെടുക്കുന്നതില്‍ മറ്റ് അറിവുരൂപങ്ങളില്‍ നിന്നും സയൻസിനുള്ള വ്യതിരിക്തയെന്തെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ദന്തഗോപുരങ്ങളില്‍ അന്തിയുറങ്ങുന്ന ബുദ്ധിജീവികള്‍ മനുഷ്യ ജീവിതങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരേണ്ടതുണ്ടെന്നും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് സയൻസിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ പ്രതിരോധം തീര്‍ക്കണ്ടതുണ്ടെന്നും മീര നന്ദ ശക്തമായ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സയൻസ്​ നേരിടുന്ന വെല്ലുവിളികള്‍ക്കാനുപാതികമായ പ്രതിരോധം ശാസ്ത്രചരിത്രകാരന്മാരില്‍ നിന്നും അതിന്റേതായ ഗൗരവത്തില്‍ ഉയര്‍ന്നു വരാത്തതിന്റെ കാരണമെന്തെന്നും മീര നന്ദ അന്വേഷിക്കുന്നുണ്ട്. സയൻസിന്റെ കാവിവത്ക്കരണത്തിനെതിരെ ഇന്ത്യയിലെ ശാസ്ത്രസമൂഹം പൊതുവേ നിശ്ശബ്ദമാണ്. എന്നാല്‍ ഇന്ത്യയിലെ ശാസ്ത്രചരിത്രകാരന്മാരുടെ നിശ്ശബ്ദത കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാണ്. അക്കാദമിക് ശാസ്ത്ര ചരിത്രകാരന്മാരുടെ സമീപനമാണ് ഏറെ നിരാശാജനകം. ഇന്ത്യന്‍ അക്കാദമിക് മേഖലകളില്‍ ഇന്ന് ഉത്തരാധുനിക വായാടിത്തത്തിന് ഏറെ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണെന്നും മീര നന്ദ നിരീക്ഷിക്കുന്നുണ്ട്.

മീര നന്ദ

മാനവിക വിഷയങ്ങളിലും സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും ഉത്തരാധുനിക വ്യവഹാരങ്ങള്‍ക്ക് ആധിപത്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സൂക്ഷ്മപരിസരം അക്കാദമിക് മേഖലയില്‍ ഇപ്പോള്‍ സജീവമാണ്. അതുകൊണ്ടുതന്നെ, ഉത്തരാധുനികതയുടെ സ്വാധീനം എങ്ങനെയാണ് ശാസ്ത്രചരിത്രകാരന്മാരെ കാവിശാസ്ത്രത്തിന്റെ അയുക്തികള്‍ക്കെതിരെ രംഗത്തുവരുന്നതില്‍ നിന്ന്​ പിന്‍തിരിപ്പിക്കുന്നതെന്ന അന്വേഷണം ഏറെ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ഉത്തരാധുനിക യുക്തികള്‍ എങ്ങനെയാണ് മതമാമൂലുകളെയും മതമൗലികവാദവ്യവഹാരങ്ങളെയും പിന്തുണയ്ക്കുന്നതെന്ന് കാവിശാസ്ത്രത്തോടുള്ള അതിന്റെ സമീപനത്തില്‍ നിന്ന്​ കൃത്യമായി വ്യക്തമാകുന്നുണ്ട്.

ഈയൊരു ഘട്ടത്തില്‍ മീര നന്ദ വളരെ പ്രധാനപ്പെട്ട രണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആധുനിക സയൻസിനെ എല്ലായ്‌പ്പോഴും പരമപുച്ഛത്തോടെ സ്‌ക്വയര്‍ ബ്രാക്കറ്റുകള്‍ക്കുള്ളില്‍ തളച്ചിട്ട് വിശകലനം ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ആധുനിക സയൻസിന്റെ അതിരടയാളങ്ങളില്‍ നിന്നും വേദശാസ്ത്രത്തെയും അതുപോലുള്ള ബദല്‍ ജ്ഞാനരൂപങ്ങളെയും വേര്‍തിരിച്ച് വിശകലനം ചെയ്യാനാവുന്നത്? ആധുനിക സയൻസിനെ 'കൊളോണിയ'ലെന്നും 'യൂറോകേന്ദ്രീകൃതവാദ ' മെന്നും മുദ്രകുത്തി പരിഹസിക്കുന്നവരില്‍ നിന്നും, നമുക്കെങ്ങനെയാണ്, ആധുനിക സയൻസിന്റെ ചരിത്ര താളുകളില്‍ നിന്ന്​ തെളിവുകള്‍ കണ്ടെത്തി ദേശീയവാദ മിത്തുനിര്‍മ്മാതാക്കളുടെ മുന്‍ഗണനാവാദങ്ങളെ എതിര്‍ക്കുമെന്ന് പ്രതീക്ഷിക്കാനാവുക? അതുകൊണ്ടുതന്നെ, ആധുനിക സയൻസിനെ വേദിക് രൂപഘടനയിലേയ്ക്ക് ഉള്‍ച്ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ അവര്‍ക്കാര്‍ക്കും വിഷമമുണ്ടാകാനും സാധ്യതയില്ല. കാരണം ആധുനിക സയൻസ്​ എന്നത്​ ഒരു പാശ്ചാത്യ ഗൂഢാലോചനയാണെന്നാണ് ഉത്തരാധുനിക വ്യവഹാരങ്ങള്‍ നിരന്തരം പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാര്‍വ്വത്രികമായ ഒരു ശാസ്ത്രബൃഹദാഖ്യാനത്തെ (the universal metanarrative of science) അവര്‍ അംഗീകരിക്കുന്നില്ല. ആധുനിക സയൻസിന്റെ വസ്തുനിഷ്ഠതയിലും സാര്‍വ്വത്രികതയിലും അവര്‍ വിശ്വസിക്കുന്നുമില്ല.

സ്വാഭാവികമായും വൈദികശാസ്ത്രം പോലുള്ള 'ബദല്‍' രൂപങ്ങളെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കേണ്ടിവരും. അതാണിപ്പോള്‍ അക്കാദമിക് ശാസ്ത്രചരിത്രമേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മീരാനന്ദ നിരീക്ഷിക്കുന്നുണ്ട്.

പ്രകൃതിയെയും മനുഷ്യരെയും മനസ്സിലാക്കുന്നതില്‍ മുന്‍കാലങ്ങളില്‍ നിന്നും, വളരെ വ്യത്യസ്തമായ ഒരു സമീപനരീതിയാണ്, 16ാം നൂറ്റാണ്ടുമുതല്‍ 18-ാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ അരങ്ങേറിയ ശാസ്ത്രവിപ്ലവത്തിലൂടെ (the scientific revolution) ഉരുത്തിരിഞ്ഞുവന്ന ആധുനിക സയൻസ്​ മുന്നോട്ടുവെച്ചത്. തീര്‍ച്ചയായും ഈയൊരു ശാസ്ത്രവിപ്ലവം സാധ്യമായി തീര്‍ന്നത് ഏകമുഖമായിട്ടായിരുന്നില്ല. വ്യത്യസ്ത സംസ്‌കാരങ്ങളിലും നാഗരികതകളിലും നിലവിലുണ്ടായിരുന്ന ഒരുപാട് നേട്ടങ്ങളുടെ വല്ലാത്തൊരു സമന്വയത്തിലൂടെയും വളര്‍ച്ചയിലൂടെയുമാണ് അത് സംഭവിച്ചത്. പ്രാചീന ഗ്രീക്കുകാരുടെയും ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും ഒക്കെ അടയാളങ്ങള്‍ ചരിത്രപരമായി അത് പേറുന്നുമുണ്ട്. എന്നാല്‍ ശാസ്ത്രവിപ്ലവത്തിനുശേഷം ഉരുവംകൊണ്ട പുതിയ ശാസ്ത്രമാകട്ടെ, ശാസ്ത്രവിപ്ലവത്തിലേയ്ക്ക് ആനയിച്ച വ്യത്യസ്തതലങ്ങളിലുള്ള പ്രകൃതി-മനുഷ്യധാരണകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതായത് പ്രാചീന സങ്കല്പനങ്ങളെയാകെ അത് തലകീഴായി മറിച്ചിട്ടു. അത് പ്രപഞ്ചത്തെയും അതില്‍ മനുഷ്യനുള്ള സ്ഥാനത്തെയും സംബന്ധിച്ച് തികച്ചും പുതിയതായ സങ്കല്പനങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. അതുകൊണ്ടുതന്നെ ആധുനിക സയൻസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ വേദങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന വാദം ചരിത്രപരമായി നിലനില്‍ക്കുന്നതല്ല.

രണ്ട്

ഹിന്ദുത്വവാദികള്‍ സയൻസിന്റെ മേഖലയില്‍ മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങളുടെ പൊള്ളത്തരങ്ങളെ ശാസ്ത്രചരിത്രത്തില്‍ നിന്നും തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഡോ. മീര നന്ദ അരിഞ്ഞുവീഴ്ത്തുന്നത്. ആമുഖം കൂടാതെ നാല് പ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. ആദ്യ പ്രബന്ധത്തില്‍ (Who Discovered the Pythagorean Theorem?) പൈതഗോറിയന്‍ സിദ്ധാന്തം കണ്ടെത്തിയതിന്റെ പിതൃത്വം പ്രാചീന ഭാരതീയര്‍ക്കുള്ളതാണെന്ന കാവിശാസ്ത്രത്തിന്റെ വാദമുഖങ്ങളെ കീറിപ്പിളര്‍ന്ന് പരിശോധിക്കുന്നു.

പൈതഗോറിയന്‍ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ജ്യാമിതീയ ബന്ധങ്ങളെക്കുറിച്ചുള്ള സങ്കൽപനം നിരവധി പ്രാചീന നാഗരികതകള്‍ക്കുള്ളില്‍ നിലവിലുണ്ടായിരുന്നു. ഇന്ത്യയിലും ഗ്രീസിലും ബാബിലോണിലും ചൈനയിലും ഈജിപ്തിലുമെല്ലാം ഈ സിദ്ധാന്തം ചില ഭേദഗതികളോടെ നിലനിന്നിരുന്നു. ഒരു മട്ടത്രികോണത്തിന്റെ പാദത്തിന്റെയും ലംബത്തിന്റെയും വര്‍ഗ്ഗങ്ങളുടെ ആകെ തുക അതിന്റെ കര്‍ണത്തിന്റെ വര്‍ഗ്ഗത്തിന് തുല്യമായിരിക്കുമെന്ന സിദ്ധാന്തം, അതാത് നാഗരികതകളുടെ ഭൗതികമായ താല്പര്യങ്ങളുടെ അടിത്തറയിന്‍മേലാണ് രൂപംകൊണ്ടത്. ഈ നാഗരികതകളിലെല്ലാം ഭൂമിയുടെ അളന്നുതിട്ടപ്പെടുത്തലിനും, കെട്ടിടങ്ങള്‍, യജ്ഞശാലകള്‍, പിരമിഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഈ സിദ്ധാന്തം അനിവാര്യമായിരുന്നു. മറ്റ് നാഗരികതകളിലുണ്ടായിരുന്നതുപോലെ നമ്മുടെ നാഗരികതയിലും ഈ സിദ്ധാന്തം നിലനിന്നിരുന്നു എന്നതില്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ പിതൃത്വം പ്രാചീന ഇന്ത്യക്കാര്‍ക്ക് മാത്രമുള്ളതാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. യൂറോകേന്ദ്രീകൃതവാദത്തിനുള്ള മറുപടി മറ്റൊരു ഇന്തോസെന്‍ട്രിസമല്ലെന്നും മീര നന്ദ വ്യക്തമാക്കുന്നുണ്ട്.

തുടര്‍ന്ന്, ലോകഗണിതശാസ്ത്രത്തിനും സയന്‍സിനുമുള്ള പ്രാചീന ഇന്ത്യക്കാരുടെ ഏറ്റവും മൗലികമായ സംഭാവനകളായി കൊണ്ടാടപ്പെടുന്ന പൂജ്യത്തിന്റെയും ദശാംശസമ്പ്രദായ (decimal system) ത്തിന്റെയും ചരിത്രത്തിലൂടെ മീരാനന്ദ കടന്നുപോകുന്നു. പൂജ്യം പരിപൂര്‍ണ്ണമായും ലോകഗണിതശാസ്ത്രത്തിനുള്ള ‘ഹിന്ദു’ സംഭാവനയാണെന്ന് അടയാളപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും നിരന്തരം പുറത്തുവരുന്നുണ്ട്. പൂജ്യം നമ്മള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന് എണ്ണാന്‍ പോലും കഴിയില്ലായിരുന്നു എന്ന നിലയിലാണ് പ്രചാരണ സന്നാഹങ്ങള്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്. ആരും ഒരു തരത്തിലും തര്‍ക്കിക്കാതെ എല്ലാവരും അംഗീകരിക്കുന്ന ഒരു ‘വസ്തുത’യുണ്ടെങ്കില്‍ അത് ഭാരതീയരുടെ പൂജ്യത്തിന്റെ കണ്ടുപിടിത്തമാണെന്നും വാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പൂജ്യത്തേയും ദശാംശ സംമ്പ്രധായത്തെയും സംബന്ധിച്ചുള്ള ഇത്തരം അവകാശവാദങ്ങള്‍ സത്യമാണോ? ആധുനിക ഗണിതശാസ്ത്രത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന പൂജ്യത്തിന്റെയും ദശാംശ സമ്പ്രദായത്തിന്റെയും യഥാര്‍ത്ഥ ഉറവിടം പ്രാചീന ഇന്ത്യയാണെന്ന വാദം വിമര്‍ശനഹരിതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണോ? ഇത്തരം അതിസങ്കീര്‍ണ്ണങ്ങളായ ചോദ്യങ്ങളുടെ മറുപടി തേടിയുള്ള അന്വേഷണമാണ് രണ്ടാമത്തെ പ്രബന്ധ ത്തില്‍ (Nothing That Is: Zero's Fleeting Footsteps) അത്ഭുതപ്പെടുത്തുംവിധം മീര നന്ദ നിര്‍വ്വഹിക്കുന്നത്. പൂജ്യത്തിന്റെ പ്രാചീന ചരിത്രത്തിലൂടെയുള്ള അതിസാഹസികമായ ഒരു യാത്ര നമുക്കിവിടെ ദര്‍ശിക്കാനാവും. നമ്മുടെ ബോധമണ്ഡലങ്ങളില്‍ പൂജ്യത്തെക്കുറിച്ചും ദശാംശസമ്പ്രദായത്തെക്കുറിച്ചും അടിഞ്ഞുകൂടിയിട്ടുള്ള പാരമ്പര്യബോധ്യങ്ങളെയാകമാനം ഈ അന്വേഷണം അട്ടിമറിക്കുന്നു.ചരിത്രത്തിലെ പരസ്പര കൊടുക്കല്‍ -വാങ്ങലുകളെ നിഷേധിക്കുന്ന സര്‍വ്വവിധ ''ശുദ്ധി'' വാദങ്ങളെയും ഈ അന്വേഷണം തള്ളിക്കളയുന്നു.

അടുത്ത പ്രബന്ധം (Genetics, Plastic Surgery and other Wonders of Ancient Indian Medicine) പ്രാചീന ഇന്ത്യയിലെ വൈദ്യരംഗത്തെക്കുറിച്ചുള്ള അന്വേഷണമാണ്. പ്രാചീന ഇന്ത്യയിലെ ജനിതകശാസ്ത്രത്തെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും മൂലകോശ ഗവേഷണത്തെക്കുറിച്ചും ഒക്കെയുള്ള സംഘപരിവാറിന്റെ അസംബന്ധങ്ങളെ ഇവിടെ മീര നന്ദ വലിച്ചുകീറിയെറിയുന്നുണ്ട്. പ്രാചീന ഇന്ത്യന്‍ വൈദ്യരംഗത്തെ അതിസൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കിയതിനുശേഷം ഇന്ത്യന്‍ വൈദ്യചരിത്രം നെഗറ്റീവായിട്ടുള്ള പാഠങ്ങളാണ് നല്‍കുന്നതെന്ന (the real lesson of the history of medicine in India is negative) നിരീക്ഷണത്തിലാണ് മീര നന്ദ എത്തിച്ചേരുന്നത്. അന്ധവിശ്വാസങ്ങള്‍കൊണ്ട് നീതീകരിക്കപ്പെട്ട സാമൂഹ്യ അസമത്വങ്ങളുടെ ദുഷിപ്പുകള്‍ തന്നെയാണ് പ്രാചീന ഇന്ത്യന്‍ വൈദ്യചരിത്രവും പേറുന്നത്. അതുകൊണ്ടുതന്നെ ആധുനിക വൈദ്യലോകത്തിനാവശ്യമായ അറിവുകളുടെ ഒരു പ്രചോദന ഉറവിടമല്ലത്. എന്തായാലും മിത്തുകളും കല്പ്പിതകഥകളും കൊണ്ട് മലീമസമാകാത്ത യഥാര്‍ത്ഥത്തിലുള്ള വൈദ്യചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുണ്ടെന്നത് ശരിയാണ്. വൈദ്യശാസ്ത്രത്തിലും സയന്‍സില്‍ പൊതുവിലും യഥാര്‍ത്ഥ പുരോഗതിയും നേട്ടങ്ങളും പടുത്തുയര്‍ത്താനാണ് നമ്മള്‍ ഗൗരവമായി പരിശ്രമിക്കുന്നതെങ്കില്‍, അത്തരം പരിശ്രമങ്ങളില്‍ നമ്മള്‍ എന്ത് ചെയ്തുകൂടാ എന്ന പാഠം നമുക്ക് സമ്മാനിക്കാന്‍ പ്രാചീന ഇന്ത്യന്‍ വൈദ്യചരിത്രം സഹായകമായിത്തീരും! അല്ലാതെ നമുക്കില്ലാതിരുന്ന ഒന്നിനെ പുതിയ കാലഘട്ടത്തിലേക്ക് പുനരാനയിക്കാനാവില്ല.

1893-ല്‍ തന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍, ആധുനിക ശാസ്ത്രത്തിന്റെ സര്‍വ്വവിധതത്വങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുള്ള, ആധുനിക ശാസ്ത്രം ശരിവയ്ക്കുന്ന മതമാണ് ഹിന്ദുമതമെന്ന് വിവേകാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. വേദാന്തത്തിന്റെ ആത്മീയശക്തിയാണ് ആധുനിക സയന്‍സില്‍ മുഴങ്ങിക്കേള്‍ക്കുന്നതെന്നും വിവേകാനന്ദന്‍ പറഞ്ഞിരുന്നു. ചിക്കാഗോ പ്രഭാഷണത്തിനുശേഷം ന്യൂയോര്‍ക്കില്‍ വച്ച് പതഞ്ജലിയുടെ യോഗസൂത്രത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ യോഗയെന്നത് സയന്‍സാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതിശാസ്ത്രമാണ് യോഗക്കുള്ളതെന്നും വിവേകാനന്ദന്‍ പ്രസംഗിച്ചിരുന്നു. ആധുനിക സയൻസിനെ ഹിന്ദുമതത്തിന്റെയും യോഗയുടെയും കള്ളികളില്‍ കെട്ടിയിടാനുള്ള വിവേകാനന്ദന്റെ വാദഗതികളെ ആധുനിക സയന്‍സിന്റെ വൈജ്ഞാനികതയില്‍ നിന്നുകൊണ്ട് സമഗ്രമായി വിമര്‍ശനവിധേയമാക്കുന്ന അതിഗംഭീരമായ പഠനമാണ് (Yoga Scientized : How Swami Vivekanda Rewrote Patanjali's Yoga Sutra) പുസ്തകത്തിലെ അവസാന പ്രബന്ധം. ശാസ്ത്രമെന്തെന്നും കപടശാസ്ത്രമെന്തെന്നും വളരെ കൃത്യമായി വ്യക്തമാക്കിക്കൊണ്ട് ഇത്തരം അവകാശവാദങ്ങളെ മുഴുവന്‍ മീരാനന്ദ പിച്ചിച്ചീന്തുന്നു. ശാസ്ത്രത്തെ കെട്ടുകഥകള്‍കൊണ്ട് പകരം വയ്ക്കുന്നതുപോലെ അപകടകരമാണ് ശാസ്ത്രത്തെ ആത്മീയസങ്കല്പനങ്ങള്‍കൊണ്ട് പകരം വയ്ക്കുന്നതും. അതുകൊണ്ടുതന്നെ കപടശാസ്ത്രങ്ങള്‍ക്കെതിരെയും അതിനെ മുന്‍നിര്‍ത്തിയുള്ള ആത്മീയ വിഭ്രമങ്ങള്‍ക്കെതിരെയും ആശയപരമായി പടപൊരുതേണ്ടതുണ്ട്. ശാസ്ത്രത്തെയും കപശാസ്ത്രത്തെയും കൃത്യമായി വേര്‍പിരിക്കേണ്ടത് തത്വശാസ്ത്രപ്രശ്‌നം മാത്രമല്ലെന്നും മറിച്ച് സാമൂഹ്യവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യം അതിനുണ്ടെന്നും മീരാനന്ദ എടുത്തുപറയുന്നു. കെട്ടുകഥകള്‍പോലെ ആത്മീയവിഭ്രമങ്ങളും കാവിശാസ്ത്രത്തിന്റെയും ഹിന്ദുത്വപ്രത്യയശാസ്ത്ര നിര്‍മ്മിതിയുടെയും ഒളിപ്പുരകളാണെന്ന യഥാര്‍ത്ഥ്യം മറ്റാരുമറന്നാലും ജനാധിപത്യവാദികള്‍ മറക്കരുത്.


പി.എസ്​. പൂഴനാട്​

പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖ മാസികയായ 'എംപ്ലോയീസ് ഫോറ'ത്തിന്റെ അസോ എഡിറ്റര്‍. ലോകദര്‍ശനങ്ങള്‍: ചാര്‍വാകന്‍ മുതല്‍ മാര്‍ക്‌സ് വരെ, മാര്‍ക്‌സ് വീണ്ടും മാര്‍ക്‌സ : സമകാലിക വായനകള്‍, ജനങ്ങള്‍ക്കുവേണ്ടി മരിച്ചുവീഴാം: മാല്‍ക്കം എക്‌സും പോരാളികളും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments