​കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ

രാജർഷി രാമവർമ
ഇതാ, രേഖകൾ സത്യം പറയുന്നു

കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമയെക്കുറിച്ചുള്ള ഐതിഹ്യസമാനമായ അൽഭുതകഥകൾ വെറും നുണകളാണെന്ന്​ തെളിയിക്കുന്ന ചരിത്രപഠനം

തെളിഞ്ഞുകിട്ടിയ സത്യങ്ങൾ

നൂറുകൊല്ലം മുമ്പ് കൊച്ചി രാജ്യം വാണിരുന്ന രാജർഷി രാമവർമയെപ്പറ്റി ഇപ്പോഴും കേൾക്കുന്നതും വായിക്കുന്നതും ഐതിഹ്യസമാനമായ അൽഭുതകഥകളാണ്. രണ്ടുപതിറ്റാണ്ടുമുമ്പാണ് അവയുടെ സത്യാവസ്ഥയിൽ എനിക്ക് സംശയം തോന്നിത്തുടങ്ങിയത്. ആദർശ സമ്പന്നൻ, മാതൃകാ രാജൻ, സംസ്‌കൃത പണ്ഡിതൻ, മാത്രമല്ല സംസ്‌കൃത ചിത്തനും... ഇങ്ങനെ സ്തുതിപാഠകർ എഴുതിപ്പിടിപ്പിച്ച ഒട്ടേറെ തൊങ്ങലുകളുണ്ട്. അദ്ദേഹം തന്നെ സൂക്ഷിച്ചുവെച്ചിരുന്ന പുരാരേഖകളിലാണ് ഞാൻ സത്യം തെരഞ്ഞത്. 19ൽ പരം കൊല്ലത്തെ ഭരണകാലത്തെ കുറിച്ച്​അദ്ദേഹത്തിനുകീഴിൽ പഴയ ഹുസൂർ കച്ചേരിയിൽ സൂക്ഷിച്ചുവച്ചിരുന്നതും ഭരണകാലശേഷം അദ്ദേഹവും മകൻ ഐ.എൻ. മേനോനും അന്യായമായി കൈയടക്കിയതും പിന്നീട് മേനോന്റെ മരണശേഷം ഭാര്യ സംസ്ഥാന ആർക്കൈവ്‌സിനെ ഏൽപ്പിച്ചതുമായ രാജഡയറികളും നൂറുകണക്കിന് ഭരണഫയലുകളുമാണ് എറണാകുളം റീജ്യനൽ ആർക്കൈവ്‌സിലുള്ളത്. മാതൃകാ രാജൻ എന്ന് കേൾവിപ്പെട്ട ബിംബത്തിനടുത്തെത്താവുന്ന ഒരു സൂചനയെങ്കിലും കാണാനായില്ല എനിക്ക്. തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങൾ വിറ്റാണ് തീവണ്ടിപ്പാതക്ക് പണം തികച്ചത്, ബ്രിട്ടീഷുകാരോട് ആദർശപരമായി ഇടഞ്ഞതുമൂലമാണ് സ്ഥാനം ത്യജിക്കേണ്ടിവന്നത്, വെറുംകൈയോടെ അധികാരപീഠം വിട്ടിറങ്ങുകയായിരുന്നു തുടങ്ങിയ വാഴ്​ത്തുകൾ വെറും നുണകളാണ് എന്നാണ് പ്രസ്തുത ഔദ്യോഗിക രേഖകളിൽ കണ്ണും മിഴിച്ചുകിടക്കുന്നത്. ഇങ്ങനെ തെളിഞ്ഞുകിട്ടിയ സത്യങ്ങൾ ചേർന്നാൽ വലിയൊരു ഗ്രന്ഥമാകും. അതിന്റെ ആദ്യഘട്ടമാണ് ഈ പഠനം. ബാക്കി വഴിയേ തയാറാക്കുന്നുണ്ട്.

ബ്രിട്ടീഷ് ഭരണത്തെ ചെറുക്കുന്നതു പോയിട്ട്, ആ ഭരണത്തിനെതിരെ ഒന്നു പരിഭവിയ്ക്കാനെങ്കിലും കഴിഞ്ഞതിന്റെ ഒരു തെളിവും കണ്ടിട്ടില്ല ഈ ലേഖകൻ. മറിച്ച്, ബ്രിട്ടീഷുകാർക്ക് തികച്ചും വിധേയനായിരുന്നു രാജാവ്. ഒട്ടേറെയുണ്ട് അതിന്റെ തെളിവുകൾ.

ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം, വസ്തുതകളെ അടിസ്ഥാനമാക്കിയല്ലാതെ ഒരു വരി പോലും ഈ രാജാവിനെക്കുറിച്ച് ഞാൻ എഴുതിയിട്ടില്ല എന്നതാണ്. ഏതു പരീക്ഷയെയും നേരിടാൻ വേണ്ടത്ര ഒറിജിനൽ പുരാരേഖകൾ മാത്രമേ (അവയാകട്ടെ, രാജാവ് സൂക്ഷിച്ചുവച്ചിരുന്നതും) ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. വസ്തുനിഷ്ഠമല്ലാതെ ഈ രാജാവിനെപ്പോലും വല്ലവരും അവഹേളിക്കുന്നത് ഞാൻ കണ്ടുനിന്നിട്ടില്ല എന്നതിന്, ഈയിടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ‘താത്രീ വിചാരം: നേരും നുണയും' എന്ന പരമ്പര തന്നെ തെളിവാണ്. താത്രീ ജാരനാണ് രാജാവ് എന്നു പ്രചരിപ്പിച്ച മുഴുവൻ പേരെയും ഞാൻ അതിൽ തുറന്നുകാണിച്ചിട്ടുണ്ട്.
അതായത്, ഗവേഷണത്തിന്റെയും എഴുത്തിന്റെയും വസ്തുനിഷ്ഠതയാണ് ഈ പഠനത്തിന്റെ മേന്മയായി ഞാൻ സവിനയം അവകാശപ്പെടുന്നത്.

രാജാവിന്റെ ഡയറിയിലൂടെ

107 കൊല്ലം മുൻപ്, 1914ൽ പഴയ കൊച്ചി രാജ്യത്തിന്റെ ഭരണം സ്വയം വിട്ടൊഴിഞ്ഞുപോയ രാജാവായിരുന്നു സർ രാമവർമ ജി. സി. എസ്. ഐ., ജി. സി. ഐ. ഇ. ആ സ്ഥാനത്യാഗത്താൽ തന്നെ അതിപ്രശസ്തനായി അദ്ദേഹം. സംസ്‌കൃത പണ്ഡിതനും, ചിലരുടെ നോട്ടത്തിൽ സംസ്‌കൃതചിത്തനും ആയിരുന്നതിനാൽ അദ്ദേഹത്തിന് ‘രാജർഷി' എന്ന മറുപേരുമുണ്ട്.

കോളേജ് തല സംസ്‌കൃത പഠനത്തിനുള്ള ഒരു പുസ്തകമാണ് അദ്ദേഹത്തിന്റെ ‘ബാലബോധനം'. ‘വേദാന്ത പരിഭാഷാ സംഗ്രഹ'വും അദ്ദേഹത്തിന്റെ കൃതിയാണ്. ആരാധകർ അദ്ദേഹത്തിൽ കാണുന്ന ഗുണങ്ങൾ ഇനിയുമുണ്ട്. നുണ നിറഞ്ഞ സ്തുതിപാഠങ്ങൾ വരെ പ്രചരിപ്പിക്കുന്നുണ്ട് ചിലർ. ‘ബ്രിട്ടീഷധികാരത്തെ ചെറുത്ത് രാജാധികാരം ഉറപ്പിക്കാൻ അദ്ദേഹം ധീരമായ നടപടികൾ കൈക്കൊണ്ടു' എന്ന് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ് പ്രസിദ്ധീകരിച്ച ‘ബാലബോധന' (1990) ത്തിന്റെ ആമുഖത്തിൽ പറയുന്നത് അവയിലൊന്നാണ്. ബ്രിട്ടീഷ് ഭരണത്തെ ചെറുക്കുന്നതു പോയിട്ട്, ആ ഭരണത്തിനെതിരെ ഒന്നു പരിഭവിയ്ക്കാനെങ്കിലും കഴിഞ്ഞതിന്റെ ഒരു തെളിവും കണ്ടിട്ടില്ല ഈ ലേഖകൻ. മറിച്ച്, ബ്രിട്ടീഷുകാർക്ക് തികച്ചും വിധേയനായിരുന്നു രാജാവ്. ഒട്ടേറെയുണ്ട് അതിന്റെ തെളിവുകൾ. രണ്ടവസരത്തിലും സ്ഥാനത്യാഗത്തിൽനിന്ന് പിന്തിരിയാൻ രാജാവിനെ നിർബന്ധിച്ചത് ബ്രിട്ടീഷുകാരായിരുന്നു എന്നതാണ് മുഖ്യ തെളിവ്. തങ്ങളെ ചെറുക്കുന്ന രാജാവിനെ നിലനിർത്താൻ അവർ തയ്യാറാവില്ലല്ലോ. സ്ഥാനത്യാഗം ചെയ്ത രാജാവിന്റെ പ്രതിമ, എറണാകുളത്ത് (ഇന്നത്തെ സുഭാഷ് പാർക്കിൽ) വന്ന് 13-10-1925-ന് അനാച്ഛാദനം ചെയ്തത് മദ്രാസ് ഗവർണർ ഗൊഷെൻ പ്രഭുവാണ് എന്നതെങ്കിലും ഓർക്കാമായിരുന്നു സ്തുതിപാഠകർക്ക്!

എറണാകുളം സുഭാഷ് പാർക്കിലെ രാമവർമ പ്രതിമ
എറണാകുളം സുഭാഷ് പാർക്കിലെ രാമവർമ പ്രതിമ

രാജാവ് 19 കൊല്ലം രാജ്യം ഭരിച്ച്​ സ്ഥാനത്യാഗം ചെയ്ത 1914-ൽ തന്നെ പുറത്തിറങ്ങിയ ‘കൊച്ചി രാജ്യചരിത്രം' രണ്ടാം ഭാഗത്തിൽ കെ. പി. പദ്മനാഭമേനോൻ നൽകുന്ന വിവരണം ഇതാണ്: അയിത്തജാതിക്കാർക്ക് ‘നഗരങ്ങളിലും ഗ്രാമങ്ങളിലും മറ്റും കടന്ന് സ്വേച്ഛ പ്രകാരം സഞ്ചരിച്ചുകൂടാത്തതിനാൽ അവരവർക്ക് ഇഷ്ടപ്പെട്ടതുപോലെ ന്യായമായ യാതൊരു തൊഴിലും ചെയ്ത് ദിവസവൃത്തി കഴിക്കുവാൻ കഴിയുന്നില്ല. അതുകൊണ്ട്, ചെറുമർ, കണക്കൻ, പുലയർ, പറയർ, നായാടി മുതലായവർക്ക് നികൃഷ്ട തൊഴിലുകളിലല്ലാതെ പ്രവേശിപ്പാൻ തരമില്ലാത്തതിനാൽ അവരുടെ മേൽഗതിക്ക്​ ഒരു കാലവും മാർഗമില്ലെന്ന് വരുന്നു. അവർക്കു മറ്റുള്ളവരെപ്പോലെ വിദ്യാലയങ്ങളിൽ ചേർന്നു വിദ്യ അഭ്യസിക്കുവാൻ പാടില്ല. ദീനം പിടിപെട്ടാൽ ചികിത്സയ്ക്കുകൂടി വഴിയില്ല.'

ഈ പ്രാകൃത കാലത്തുതന്നെ അടിമവർഗത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടവും തുടങ്ങിയിരുന്നു. പണ്ഡിറ്റ് കെ.പി. കറുപ്പൻ, കൃഷ്‌ണേതി, സഹോദരൻ അയ്യപ്പൻ, പി.സി.ചാഞ്ചൻ, കെ.പി.വള്ളോൻ തുടങ്ങിയ വിപ്ലവകാരികളാണ് പല ഘട്ടങ്ങളിലായി അത് നയിച്ചത്. അതിന്റെ തുടക്കം രാമവർമ രാജാവിന്റെ കാലത്തായിരുന്നു എന്നതാണ് ആ ഘട്ടത്തെ പഠിക്കാൻ എനിക്കു പ്രചോദനമായത്.

രാമവർമ ജനിച്ചത് 1852 ഡിസംബർ 27 (1028 ധനു 14) നാണ്. ജന്മി കുടുബാംഗമായ കൂടലാറ്റുപുറത്ത് ഭാസ്‌കരൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും, കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാന്റെ മകൾ ‘കുഞ്ഞിക്കിടാ'വിന്റെയും മകൻ. രാമവർമയ്ക്ക് ചേച്ചിയും 3 അനുജത്തിമാരും 3 അനുജന്മാരുമുണ്ടായിരുന്നു. രാമവർമയെ ആദ്യം പാലസ് സ്‌കൂളിൽ ചേർത്തു. ‘പഠിക്കുവാനല്ല, തരമുണ്ടെങ്കിൽ കളിക്കുവാൻ മാത്രമായിരുന്നു അവിടുന്ന് ഉദ്യമിച്ചിരുന്നത്'. പിന്നെ പാലസ് ഇംഗ്ലീഷ്​സ്‌കൂളിലാക്കി. ‘ഇവിടെയും വിജ്ഞാനസമ്പാദനത്തിനല്ല, സഹജമായ വിഹാരങ്ങൾക്കാണ്​ തിരുമേനി അധിക സമയവും ചെലവഴിച്ചിരുന്നത്'.
തുടർന്ന് വഴിക്കുവഴിയേ 3 ഗുരുക്കളുടെ കീഴിൽ സംസ്‌കൃത പഠനം നടത്തി; തർക്കം, വ്യാകരണം തുടങ്ങിയവയിൽ ‘ആരെയും വെല്ലത്തക്ക വ്യുൽപത്തി' നേടി. (‘പിന്നീട് ആംഗലേയ സാഹിത്യത്തിലും അതുല്യമായ വൈദുഷ്യം സമ്പാദിച്ചു.')

രാഷ്ട്രീയമായ സ്വാതന്ത്ര്യമൊന്നുമില്ലാത്ത ഒരു സാമന്തനായിരുന്നു കൊച്ചി രാജാവ്. അനുദിന ഭരണ കാര്യങ്ങളിലും ഒട്ടേറെ ബ്രിട്ടീഷ് നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നു രാജാവ്. ഈ ദുർബലാവസ്ഥ അയിത്ത ജാതിക്കാരുടെ സാമൂഹിക വിപ്ലവത്തെ എങ്ങനെ തുണച്ചു എന്നത് മറ്റൊരു പഠന വിഷയമാണ്.

27 വയസ്സ് തികയും മുൻപ്, 1055 വൃശ്ചികത്തിൽ, രാമവർമ വിവാഹിതനായി. ഹുസൂർ ശിരസ്തദാർ എടക്കുന്നി ഇട്ടിയുഴുത്ര വാരിയരുടേയും കൊമരത്ത് കുഞ്ഞിക്കാളി അമ്മയുടേയും മകൾ പതിനാറുകാരി പാറുക്കുട്ടി അമ്മയെയാണ് നേത്യാരായി വരിച്ചത്. ഒരാണ്ട് തികയും മുൻപേ, അടുത്ത തുലാം മാസത്തിൽ, ടൈഫോയ്ഡ് പിടിപെട്ട് പാറുക്കുട്ടി മരിച്ചു.
ഒരു വ്യാഴവട്ടത്തിനുശേഷം മറ്റൊരു തുലാം മാസത്തിൽ (1068-ൽ) മറ്റൊരു പതിനാറുകാരി പാറുക്കുട്ടി അമ്മ രാമവർമയുടെ പ്രിയതമയായി വന്നു (1892 ഒക്‌റ്റോബറിൽ). അന്നത്തെ ഇളയ രാജാവിന്റെ സപത്‌നി പുത്രിയാണവർ. നേരത്തേ തന്നെ അവർ മറ്റൊരാളുടെ ഭാര്യയാണ്. എന്നിട്ടും രാമവർമ രാജകുമാരെന്റ ആഗ്രഹം നിറവേറി. തൃപ്പൂണിത്തുറ പള്ളിയിൽ വീട്ടുകാരിയായ ഇട്ട്യാണത്ത്​ പാറുക്കുട്ടിയുടെ യഥാർഥ ഭർത്താവിന് എതിർപ്പൊന്നുമില്ലായിരുന്നു എന്നാണ് രാമവർമ ആത്മകഥയിൽ എഴുതുന്നത് (The Rajarshi of Cochin, 1994). ഇത്തരം കാര്യങ്ങൾ അന്ന് തെറ്റായി കരുതിയിരുന്നില്ലെന്നും, അതുകൊണ്ട്, ആരും അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹം തുടർന്നു പറയുന്നത്! ( ആ ബന്ധത്തിലുള്ള മകനാണ്, പിന്നീട് കൊച്ചിയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറായ റാവുസാഹിബ് ഐ.എൻ. മേനോൻ.)

ആദ്യഭാര്യയുടെ മരണശേഷം രാമവർമ രണ്ടാമത്​ വിവാഹം കഴിച്ച ഇട്ട്യാണത്ത്​ പാറുക്കുട്ടി
ആദ്യഭാര്യയുടെ മരണശേഷം രാമവർമ രണ്ടാമത്​ വിവാഹം കഴിച്ച ഇട്ട്യാണത്ത്​ പാറുക്കുട്ടി

രാമവർമ മരിച്ചത് 29-1-1932-ന് 80-ാം വയസ്സിലാണ്. 1063 മിഥുനത്തിൽ (1888) അന്നത്തെ രാജാവ് മരിച്ചതിനാൽ ക്രമപ്രകാരം രാമവർമ ‘ഇളയരാജാ'വായി. കുതിര സവാരിയിലും നായാട്ടിലും വലിയ ഭ്രമമായിരുന്നു അദ്ദേഹത്തിന്. തന്റെ മാതുലസ്ഥാനീയനായ പുതിയ രാജാവ് സർ വീര കേരളവർമയിൽനിന്ന് വലിയ പരിഗണനയാണ് രാമവർമയ്ക്ക് കിട്ടിയത്. അങ്ങനെ, ആ ഭരണകാലത്തെ മിക്ക പ്രധാന സംഭവങ്ങളും അറിയാൻ അവസരം കിട്ടി. രാജാവ് ഭരണകാര്യങ്ങൾ രാമവർമയോട് തുറന്ന് ചർച്ചചെയ്യുമായിരുന്നു. ആ ഘട്ടത്തിലെ ഒരു ദിവാനായ ഗോവിന്ദമേനോനും അതിനു മുൻപത്തെ ദിവാനായിരുന്ന ശങ്കുണ്ണി മേനോനും രാമവർമയുടെ സുഹൃത്തുക്കളായിരുന്നു. ഭരണരംഗത്തെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടി നേടിയ കൃത്യമായ അറിവുകൾ, രാജാവായപ്പോൾ രാമവർമയ്ക്ക് വലിയ തുണയായി.
വീര കേരളവർമ രാജാവ് മരിച്ചതിനാൽ 23-10-1895-ന് 42-ാം വയസ്സിൽ രാമവർമ കൊച്ചി രാജാവായി സിംഹാസനാരോഹണം ചെയ്തു. പതിവനുസരിച്ച് മട്ടാഞ്ചേരി കോവിലക (ഡച്ച് പാലസ്)ത്തായിരുന്നു ചടങ്ങ്. അതിഥികളെല്ലാം അതതു സ്ഥാനത്ത് ഇരുന്നുകഴിഞ്ഞപ്പോൾ, തിരുവിതാംകൂറിനും കൊച്ചിക്കും വേണ്ടിയുള്ള അന്നത്തെ ബ്രിട്ടീഷ് റസിഡൻറ്​ സർ ജെയിംസ് തോംസൺ രാജാവിനെ സിംഹാസനത്തിലേയ്ക്ക് ആനയിച്ചു. അനന്തരം റെസിഡൻറ്​ വായിച്ച വിളംബരത്തിന്റെ സാരം, ബ്രിട്ടീഷ് സർക്കാർ രാമവർമയെ കൊച്ചി രാജാവായി അംഗീകരിച്ചിരിക്കുന്നുവെന്നും, സകല പ്രജകളും സൈന്യങ്ങളും അദ്ദേഹത്തിന്റെ കൽപന പോലെ നടന്നുകൊള്ളണമെന്നുമായിരുന്നു. അതെ, രാഷ്ട്രീയമായ സ്വാതന്ത്ര്യമൊന്നുമില്ലാത്ത ഒരു സാമന്തനായിരുന്നു കൊച്ചി രാജാവ്. അനുദിന ഭരണ കാര്യങ്ങളിലും ഒട്ടേറെ ബ്രിട്ടീഷ് നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നു രാജാവ്. (ഈ ദുർബലാവസ്ഥ അയിത്ത ജാതിക്കാരുടെ സാമൂഹിക വിപ്ലവത്തെ എങ്ങനെ തുണച്ചു എന്നത് മറ്റൊരു പഠന വിഷയമാണ്.)

രാമവർമ ഭരണം തുടങ്ങുമ്പോൾ പഴയ വി. സുബ്രഹ്മണ്യപിള്ളയായിരുന്നു ദിവാൻ. അതിനാൽ, ഒരു മിടുക്കനെ ദിവാനായി കിട്ടുക എന്നതായിരുന്നു രാജാവിന്റെ മുന്നിലെ ആദ്യ വെല്ലുവിളി. അഴിമതിയിലും മറ്റ് വൃത്തികേടുകളിലും മുങ്ങിനിൽക്കയായിരുന്നു ഉദ്യോഗസ്ഥ രംഗം.

രാമവർമ്മയുടെ ഡയറികളിലൊന്ന്
രാമവർമ്മയുടെ ഡയറികളിലൊന്ന്

രാമവർമയുടെ ഭരണകാലം 19-ൽ പരം കൊല്ലമാണ്. അതിൽ പതിനെട്ടേകാൽ കൊല്ലം (6685-ഓളം ദിവസം) അദ്ദേഹം എഴുതിയ ഡയറികളാണ് കണ്ടുകിട്ടിയത്. അവ മുഴുവൻ പരിശോധിച്ചിട്ടാണ് ഈ പരമ്പര തയ്യാറാക്കുന്നത്. റസിഡന്റുമാരും രാജാവും ദിവാന്മാരും തമ്മിൽ നടത്തിയ കത്തിടപാടുകൾ, രാജാവിന്റെ അപൂർണമായ ആത്മകഥയും ഐ. എൻ. മേനോൻ എഴുതിയ രാജാവിന്റെ ജീവിത ചരിത്രവുമടങ്ങുന്ന ‘ദ് രാജർഷി ഓഫ് കൊച്ചിൻ' തുടങ്ങിയവ ഡയറിക്കുറിപ്പുകളോട് ഒത്തുനോക്കിയിട്ടുണ്ട്. (ഇവയെല്ലാം പരിശോധിയ്ക്കാൻ അനുവദിച്ച സംസ്ഥാന ആർക്കൈവസ് വകുപ്പിനോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. ടി. എം. ചുമ്മാറിന്റെ ‘രാജർഷി'യും ഉപകരിച്ചു.) ഡയറിക്കുറിപ്പുകൾ രാജാവ് ഇംഗ്ലീഷിലാണ് എഴുതിയത്. അത് തർജ്ജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. രാജരണത്തിലെ ചെറുതും വലുതുമായ, അറിയപ്പെടാത്ത ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുകയാണ് ഇവിടെ:

15-8-1896 (1-1-1072) ശനി:
[ഉച്ചയ്ക്ക് ] 1.30 മുതൽ 3.00 വരെ അനുദിന [ഓഫീസ്] ജോലി. 3.30 മുതൽ 4.30 വരെ ഏതാനും സന്ദർശകരെ സ്വീകരിച്ചു.

16-8-1896:
1.30 മുതൽ 3.00 വരെ അനുദിന ജോലി. ചീഫ് കോർട്ടിലെ മൂന്നാം ജഡ്ജിയേയും പുതിയ കണയന്നൂർ താസിൽദാരേയും കണ്ടു.

22-8-1896 (8-1-1072) ശനി:
[ഉച്ചയ്ക്ക്] 1 മുതൽ 5 വരെ എന്റെ കുടുംബാംഗങ്ങൾക്കും രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥർക്കും ഓണസമ്മാനം നൽകി.

23-8-1896:
ഓണം അവധി

24-8-1896:
3.30-ന് പി. ഗോപാലനെ കണ്ടു. അയാൾ ബോറടിപ്പിക്കാൻ തുടങ്ങി. ഒരു മണിക്കൂറോളം അയാൾ പുലമ്പിക്കൊണ്ടിരുന്നു. പേഷ്‌കാർ നാരായണന്റെ കേസിനെപ്പറ്റി ചില വിശേഷങ്ങൾ ഗോപാലനു നൽകാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് അയാൾ പറയുന്നത്; അങ്ങനെ ചെയ്യരുതെന്ന് എന്നെ ജാഗ്രതപ്പെടുത്തി. യഥാർഥത്തിൽ, ആ വാർത്ത എന്നിൽനിന്ന് ചോർത്താനാണ് അയാൾ ശ്രമിച്ചത്. അതു ഞാൻ തടഞ്ഞു. ഞാൻ വിശദീകരിക്കാനൊന്നും പോയില്ല; അത് ശല്യമാകും. 5-ന് ഹുസൂർ ശിരസ്തദാരെ കണ്ടു.

27-8-1896 (13-1-1072) വ്യാഴം:
[എറണാകുളം കോളേജ് പ്രിൻസിപ്പൽ] മിസ്റ്റർ ക്രുക്ക് ഷേങ്കിൽ നിന്ന് ഒരു കുറിപ്പ് കിട്ടി; ഉടൻ മറുപടി നൽകി.

പഴയ കൊച്ചി രാജ്യത്തിന്റെ ഭൂപടം
പഴയ കൊച്ചി രാജ്യത്തിന്റെ ഭൂപടം

1-9-1896 (18-1-1072) ചൊവ്വ:
വൈകിട്ട് 4.30-ന് തൃപ്പൂണിത്തുറയിൽനിന്നു തിരിച്ച് 5-ന് എറണാകുളത്തെത്തി. [കൊട്ടാരത്തിന്റെ] പടിയ്ക്കൽ തന്നെ ദിവാൻ നിൽപ്പുണ്ടായിരുന്നു; അരമണിക്കൂർ സംസാരിച്ചു. [തൃപ്പൂണിത്തുറ ഹിൽ പാലസ് ബംഗ്ലാവാണ് രാജാവിന്റെ ആസ്ഥാനം.]

2-9-1896:
പുലർച്ചെ 6-ന് മുൻ ദിവാനെ കണ്ടു. 4-ന് വസ്ത്രം മാറി ദർബാറിനു പോകാൻ തയ്യാറെടുത്തു. 4.30-ന് തുടങ്ങിയ ദർബാർ 20 മിനിറ്റ് നീണ്ടു. വളരെ തൃപ്തികരം. ഹാജർ നിലയും ഉയർന്നതായിരുന്നു.

3-9-1896:
റെസിഡൻറ്​ ഇങ്ങോട്ട് വന്നതിനു പകരമായി മദ്രാസ് സമയം 5-ന്, അങ്ങോട്ടു ചെന്നുകണ്ടു. [ബ്രിട്ടിഷ് പ്രതിനിധി രാജാവിനെ കൊട്ടാരത്തിൽ വന്നു കണ്ടാൽ, രാജാവ് ബോൾഗാട്ടി റെസിഡൻസിയിൽ പ്രതിസന്ദർശനം നടത്തണമെന്നുണ്ട്. റെസിഡൻറ്​ തിരിച്ചും ആ മര്യാദ പാലിയ്ക്കണം.]

4-9-1896:
3-ന് കോളേജിലെത്തി. എല്ലാ ക്ലാസിലും കയറിയിറങ്ങി. പിന്നെ [ഇന്നത്തെ ഹൈക്കോടതി പരിസരത്തുള്ള] ജയിൽ സന്ദർശിച്ചു.

10-9-1896- വ്യാഴം:
[പുലർച്ചെ] 7.30-ന് [ഇന്നത്തെ ജനറൽ] ആശുപത്രി സന്ദർശിച്ചു; 8.30-ന് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. 3.00-നും 5.00-നും ഇടയ്ക്ക് [ഇന്നത്തെ കണയന്നൂർ താലൂക്ക് ഓഫീസ് കെട്ടിടത്തിലുള്ള ] ഹുസൂർ ഓഫീസും [തൊട്ടടുത്തുള്ള] അപ്പീൽ കോടതിയും സന്ദർശിച്ചു.

1-10-1896 (17-2-1072)വ്യാഴം:
നിയുക്ത ദിവാനുമായി ഒരു അഭിമുഖത്തിന് എനിക്ക് എന്ന് സൗകര്യപ്പെടുമെന്ന് കമ്പി വഴി അറിയിക്കാൻ ആവശ്യപ്പെട്ട് റെസിഡൻറ്​ അയച്ച റ്റെലിഗ്രാം കിട്ടി; മറുപടി ഉടൻ നൽകി. ഭാര്യയുടെ അച്ഛനും അമ്മയും എന്നെ സന്ദശിച്ചു. [പി. രാജഗോപാലചാരിയാണ് നിയുക്ത ദിവാൻ. കേരള ചരിത്രത്തിൽ ഒരു സുവർണ അധ്യായമാണ് അദ്ദേഹത്തോടൊപ്പം തുടങ്ങുന്നത്. കൊച്ചി ഭരണരംഗത്തെ വിദഗ്ധമായി പുതുക്കിയെടുത്ത ശേഷമാണ് അദ്ദേഹം തിരുവിതാംകൂറിൽ ദിവാനായി ചുമതലയേറ്റത്. നിക്ഷിപ്ത- നീച താത്പര്യക്കാരായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടേയും കൂട്ടരുടേയും നിരന്തര പഴി കേൾക്കേണ്ടിവന്നെങ്കിലും അദ്ദേഹം അധഃസ്ഥിത ജനതയ്ക്ക് ആദരണീയനായിരുന്നു. അവർക്കായി ഒട്ടേറെ നന്മകൾ ചെയ്തു അദ്ദേഹം.]

29-10-1896 (14-3-1072)വ്യാഴം:
[തൃശൂരിൽ] രാവിലെ 11-ന് മിസ്റ്റർ രാജഗോപാലചാരിയെ കണ്ടു; ഒരു മണി വരെ സംസാരിച്ചു. ഈ ചെറിയ കൂടിക്കാഴ്ചയിൽനിന്ന് വലിയ മതിപ്പാണ് അദ്ദേഹത്തെപ്പറ്റി എന്നിലുണ്ടായത്.

10-11-1896(26-3-1072)ചൊവ്വ:
രാത്രി 9.30-നടുത്ത് [തൃശൂരിൽ നിന്ന് എറണാകുളത്തേയ്ക്ക്] ഞാൻ വളളത്തിൽ പുറപ്പെട്ടു. [തൃശൂർ കോവിലകത്തും ഇന്നത്തെ മുകുന്ദപുരം താലൂക്കിലെ കാഞ്ഞിരപ്പിളളിയിൽ പണിയിച്ച ബംഗ്ലാവിലും രാജാവ് പതിവായി ചെന്ന് താമസിക്കാറുണ്ട്.]

ദിവാൻ രാജഗോപാലാചാരി
ദിവാൻ രാജഗോപാലാചാരി

12-12-1896 (26-4-1072) ശനി:
എറണാകുളം കോളേജിൽ 4.30-ന് സമ്മാനദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരേതനായ മിസ്റ്റർ സീറ്റിയെ സ്മരിച്ച് ഏതാനും വാക്കുകൾ പ്രസംഗിക്കാൻ പാറക്കൽ കൃഷ്ണമേനോനെ അനുവദിച്ചോട്ടേ എന്ന് പ്രിൻസിപ്പൽ എന്നോടു സമ്മതം ചോദിച്ചു. സന്തോഷത്തോടെ ഞാനത് സമ്മതിച്ചു. എന്നാൽ, പ്രസംഗത്തിനിടയിൽ മേനോൻ അനാവശ്യമായി, അങ്ങേയറ്റം അസുഖകരമായ മറ്റൊരു വിഷയത്തിലേക്കാണ് ചാടിയത്. ദിവന്റെ ചില ചെയ്തികളെ അധിക്ഷേപാർഹമായ ഭാഷയിൽ വിമർശിക്കുകയാണ് അയാൾ. ഞാൻ ആ പ്രസംഗം തടഞ്ഞു; ഇപ്പറഞ്ഞതെല്ലാം അയാൾ പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റിയ്ക്കുവേണ്ടിയാണോ എന്നു ചോദിച്ചു. അല്ലെന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ സമ്മാനദാനത്തിലേക്ക് കടന്നു. സീറ്റിയുടെ വിദ്യാർത്ഥികളും മറ്റും ചേർന്നു സംഘടിപ്പിച്ച ചലിൻജ് കപ്പ് ഞാൻ വിജയിക്കു സമ്മാനിച്ചു.

13-12-1896:
3 മുതൽ 6 വരെ [ബ്രാഹ്മണ] പണ്ഡിതന്മാരുമായി ചർച്ച നടത്തി.

15-12-1896 (2-5-1072) ചൊവ്വ:
അടുത്ത തിങ്കളാഴ്ച ദർബാർ വിളിച്ചുകൂട്ടാമോ എന്നു ചോദിച്ച് അസിസ്റ്റൻറ്​ റെസിഡൻറ്​ ദിവാന് അയച്ച റ്റെലിഗ്രാം അടക്കം ചെയ്ത കുറിപ്പ് ദിവാനിൽ നിന്നുകിട്ടി. ആ ദിവസം സൗകര്യമാണെന്ന് അറിയിച്ച് ഉടൻ (വൈകിട്ട് 7-ന്) മറുപടി നൽകി. എറണാകുളത്ത് അടുത്ത ദിവസം എത്തിക്കോളാമെന്ന് അറിയിച്ച് രാജഗോപാലചാരി തൃശൂരിൽനിന്ന് അയച്ച റ്റെലിഗ്രാം കിട്ടി. അത് ഉടനെ ദിവാന് അയച്ചു.

16-12-1896:
രാവിലെ 10-ന് ദിവാൻ വന്നു. പുതിയ ദിവാൻ വെള്ളിയാഴ്ച ചുമതലയേൽക്കുമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. [ആചാരപരമായി] വാൾ അടുത്ത ദിവസം എത്തിക്കാമെന്നു പറഞ്ഞു അദ്ദേഹം. രാജഗോപാലചാരിയിൽനിന്ന് ഒരു കുറിപ്പ് കിട്ടി; മറുപടി ഉടനെ നൽകി.

17-12-1896:
രാവിലെ 10-ന് ദിവാൻ വന്ന് തന്റെ വാൾ തിരിച്ചേൽപ്പിച്ച് 10.30-ന് മടങ്ങി. എനിക്കു ദീർഘായുസ്സും ശ്രേയസ്‌കരമായ ഭരണകാലവും ആശംസിക്കുന്ന ഒരു ചെറു മംഗളപത്രം അദ്ദേഹം വായിച്ചു കേൾപ്പിച്ചു. കൊച്ചിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് തന്നെ സംബന്ധിച്ച് ബുദ്ധിപരമല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു നിർത്തി. 1 മുതൽ 2 വരെ അനുദിന ജോലി. 3.00 മുതൽ 4.30 വരെ രാജഗോപാലചാരിയുമായി സംസാരിച്ചു.

18-12-1896 (5-5-1072) വെള്ളി:
രാവിലെ 10.30-ന് രാജഗോപാലചാരിയ്ക്ക് [ദിവാനായി നിയമിച്ചുകൊണ്ടുള്ള] തീട്ടുരം നൽകി. എന്റെ അമ്മയേയും മറ്റും സന്ദർശിച്ചശേഷം അദ്ദേഹം വീണ്ടും വന്നു. 1 മണി വരെ അദ്ദേഹവുമായി സംസാരിച്ചു.
1 മുതൽ 3 വരെ അനുദിന ജോലി.

19-12-1896:
പുലർച്ചെ 6-നും 11-നും 2 കത്ത് ദിവാന് എഴുതി. [.....] സന്ധ്യയ്ക്ക് 7-ന് ദിവാനിൽനിന്ന് 2 കത്ത് കിട്ടി.

20-12-1896 ഞായർ:
ദിവാന്റെ ഇന്നലത്തെ കത്തുകൾക്ക് പുലർച്ചെ 6-ന് മറുപടി എഴുതി. പിന്നീട് ദിവാനിൽനിന്നു കിട്ടിയ കത്തിന് 10 മണിക്ക് മറുപടി എഴുതി. ഉച്ചയ്ക്ക് കിട്ടിയ ദിവാന്റെ 2 കത്തിന് ഉടനെ മറുപടി നൽകി. [....]
[ആക്റ്റിങ്ങ് റെസിഡൻറ്​ എഫ്. എ.] നിക്കൊൾസനിൽനിന്ന് രാത്രി 8-ന് ഒരു കുറിപ്പ് കിട്ടി.

21-12-1896:
പുലർച്ചെ 6-ന് നിക്കൊൾസന്റെ കത്തിന് മറുപടി എഴുതി. ബെംഗാരിയിലെ സെമീന്ദാറിൽനിന്ന് ഒരു കുറിപ്പ് കിട്ടി; ഉടനെ മറുപടി എഴുതി. 2 മണിക്ക് ദിവാനിൽനിന്നും റെസിഡന്റിൽനിന്നും കത്തുകൾ കിട്ടി. 4.30-ന് ദർബാർ സമ്മേളിച്ചു. [ദർബാറിൽ എത്തിയ റെസിഡന്റിനെ] 5.30-ന് [ബോൾഗാട്ടിയിൽ ചെന്ന്] പ്രതിസന്ദർശിച്ച് 7-ന് തൃപ്പൂണിത്തുറയ്ക്ക് മടങ്ങി. എറണാകുളത്തുപോയ ഒന്നാം മുറ തമ്പുരാനും എന്നോടൊപ്പം തൃപ്പൂണിത്തുറയ്ക്കു മടങ്ങി.

22-12-1896 (9-5-1072) ചൊവ്വ:
എന്റെ പിറന്നാൾ ആയതിനാൽ രാവിലെ 10 വരെ ആഘോഷങ്ങളിൽ പങ്കെടുത്തു.

23-12-1896:
[....] ഞാൻ വള്ളത്തിൽ യാത്ര തിരിച്ചു. [മദ്രാസിലേയ്ക്കു
പോകാൻ]. വൈകിട്ട് 4-ന് തിരുവഞ്ചിക്കുളത്ത് എത്തി. 9-ന് തൃശൂർക്ക് തിരിച്ചു.

ബോൾഗാട്ടി പാലസ്‌ / Photo: Wikimedia Commons
ബോൾഗാട്ടി പാലസ്‌ / Photo: Wikimedia Commons

24-12-1896:
വെളുപ്പിന് 4.30-ന് തൃശൂരിൽ എത്തി. [....] 2-ന് തൃശൂർ വിട്ട് 5-ന് ചെറുതുരുത്തിയിൽ എത്തി. [....] 7.30 മുതൽ 9.00 വരെ ദിവാനുമായി സംസാരിച്ചു.

25-12-1896:
[....] 10.40-ന് [ഷൊർണൂരിൽനിന്ന്] തീവണ്ടിയിൽ യാത്ര തിരിച്ചു. വൈകീട്ട് 4-നടുത്ത് ഈറോഡിൽ എത്തി. 5 മണിക്കൂർ ഇവിടെ തങ്ങി. രാത്രി 9-ന് മദ്രാസിനുള്ള തീവണ്ടിയിൽ യാത്ര തിരിച്ചു.

26-12-1896:
രാവിലെ 8.15-ന് ഇവിടെ മദ്രാസിൽ എത്തി. [....]

27-12-1896 ഞായർ:
രാവിലെ അഡയാറിൽ ഒരു സവാരി നടത്തി; ആനിബസൻറിന്റെ പ്രഭാഷണം കേട്ടു.

28-12-1896:
6.30 മുതൽ 7.30 വരെ നിസ്‌ജെന്ത് ആൻഡ് കമ്പനിയിൽ ഒരു മായാദീപബായാ പ്രദർശനം [Magic lantern show] കണ്ടു. [സിനിമയുടെ ആദ്യ രൂപമാണിത്.]
-29-12-1896-
[....] ഗ്യാസ് ലൈറ്റുകൾ കണ്ടു.

30-12-1896:
രാവിലെ 7 മുതൽ 8 വരെ സൈക്കിൾ ചവിട്ടാൻ പരിശീലിച്ചു.

31-12-1896 (18-5-1072) വ്യാഴം:
രാവിലെ അര മണിക്കൂറോളം സൈക്കിൾ ചവിട്ടാൻ പരിശീലിച്ചു [....]. വീബ് ആൻഡ് ക്ലീനിൽ [സ്റ്റ്യുഡിയോ] ഒരു ഫോട്ടോ എടുക്കാൻ പോയി.

2-1-1987 ശനി:
മ്യൂസിയം കാണാൻ ചെന്നെങ്കിലും പടിയ്ക്കൽവച്ച് പ്രവേശനം നിഷേധിച്ചു; ശനിയാഴ്ച പ്രവേശനം നാട്ടുകാരായ സ്ത്രീകൾക്ക് മാത്രമേയുള്ളൂ. സ്‌പെൻസർ ആൻഡ് കമ്പനിയുടെ കട സന്ദർശിച്ചു. ചില സാധനങ്ങൾ വാങ്ങി.

61-1897 (24-5-) ബുധൻ:
[....] 300 രൂപയ്ക്ക് ഒരു ലേഡീസ് സൈക്കൾ വാങ്ങി.

17.1.1897 (6.6.1072) ഞായർ:
[മദ്രാസിൽനിന്ന് രാവിലെ] 8.40-ന് ഷൊർണൂരിൽ എത്തി. ഉച്ചയ്ക്ക് 2-ന് ഇവിടം വിട്ടു. [....] 4.30-ന് തൃശൂരിൽ എത്തി. കൊക്കാല കടവിൽനിന്ന് 5 മിനിറ്റ് നേരത്തേയ്ക്ക് [പൂരം] വെടിക്കെട്ട് കണ്ടു; 9.30-ന് വള്ളത്തിൽ കയറി.

22.1.1897:
എറണാകുളം മുൻസിഫ് മഹാദേവ അയ്യർ കൈക്കൂലി വാങ്ങിയെന്നും മറ്റും ആരോപിച്ച് ഒരു സ്ത്രീ അപ്പീൽ കോടതിയിൽ നൽകിയ പെറ്റീഷനിൽനിന്നും സത്യവാങ്മൂലത്തിൽനിന്നും കുറിപ്പുകൾ എടുത്തു.

പിറ്റേന്ന് രാജാവ് ദിവാന് എഴുതിയ രഹസ്യ കത്തിൽനിന്ന്: ഞാൻ സംശയിച്ച പോലെ തന്നെ, മുൻസിഫിന് എതിരായ പെറ്റീഷന്റെ കാര്യത്തിൽ അപ്പീൽ കോടതി ജഡ്ജിമാർ ഒന്നും ചെയ്തില്ല [....] പെറ്റീഷനെക്കുറിച്ച് ഞാൻ രണ്ടാം ജഡ്ജിയോട് ചോദിച്ചു. മുൻസിഫിന് എതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിന് ഒന്നും കിട്ടാൻ സാധ്യതയില്ലെന്നാണ് ജഡ്ജിമാർ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ല തെളിവുമുണ്ടോ എന്നറിയാൻ അപ്പീൽ കോടതിയിലെ ഏതെങ്കിലും ജഡ്ജി ഒരു സ്വകാര്യാന്വേഷണം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞു അദ്ദേഹം. ആ പണിക്ക് ഏറ്റവും നല്ലത് പോലീസാണെന്നാണ് അദ്ദേഹം കരുതുന്നത്. താഴെ കുറിക്കുന്ന പോയിന്റുകളെപ്പറ്റിയുള്ള വിവരങ്ങൾ, മുൻസിഫിന് എതിരായ ആരോപണങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുമെന്നാണ് എന്റെ അഭിപ്രായം:-
1. മുൻസിഫും നല്ലിയോട്ട് നമ്പൂരിയും തമ്മിൽ വല്ല ചങ്ങാത്തവുമുണ്ടോ? ഉണ്ടെങ്കിൽ, എങ്ങനെ അവർ ചങ്ങാതികളായി?
2. നീലകണ്ഠ മേനോന്റെ നേർക്ക് മുൻസിഫ് വല്ല പ്രത്യേക ആനുകൂല്യവും കാണിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനു കാരണമെന്ത്?
3. നീലകണ്ഠമേനോനും നമ്പൂരിയുടെ ചങ്ങാതിയാണോ? പരാതിക്കാരി പറയുന്നത്, മുൻസിഫ് ഒരു ഏകാന്ത മുഹൂർത്തത്തിൽ നമ്പൂരിയുടെ ഇല്ലത്തേയ്ക്ക് കയറുന്നത് അവൾ സ്വന്തം കണ്ണാൽ കണ്ടെന്നും, മുൻസിഫിന് നമ്പൂരി 200 രൂപ കൊടുത്തെന്നു നമ്പൂരിയുടെ ഭാര്യയിൽനിന്ന് അവൾ കേട്ടെന്നും നമ്പൂരി മുൻസിഫിനു തുണിത്തരങ്ങൾ സമ്മാനിച്ചെന്ന് ചേരാനല്ലൂർ ദേവസ്വത്തിലെ മുൻ മുതൽപിടി അവളോട് പറഞ്ഞെന്നും, മുൻസിഫിന് 100 രൂപ നൽകിയാൽ കേസിൽ അവൾക്ക് അനുകൂലമായി താൻ വിധി പറയിക്കാമെന്ന് നീലകണ്ഠ മേനോൻ അവളോട് നേരിട്ട് പറഞ്ഞെന്നുമാണ്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് പ്രഥമ ദൃഷ്ട്യാ സാധ്യത കമ്മിയാണെങ്കിലും, അതുകൊണ്ടുതന്നെ, മുൻസിഫ് ധാർമികമായി കുറ്റമേൽക്കാൻപോലും ഇവ അപര്യാപ്തമാണെങ്കിലും, ആരോപണങ്ങൾക്ക് തുമ്പുണ്ടാകാൻ ഇടയുള്ള ഈ ഘട്ടത്തിൽ നിരാശപ്പെടുകയോ, തുടർ നടപടികൾ നിർത്തിവയ്ക്കുകയോ ചെയ്യുന്നതു ശരിയല്ല.

11.2.1897 (1.7.1072) വ്യാഴം:
ഇരിങ്ങാലക്കുടയിൽ പുലയർ [അവർക്ക് നിരോധിക്കപ്പെട്ട] ഒരു വഴിയിൽ പ്രവേശിച്ചെന്ന കേസിന്റെ രേഖകൾ കിട്ടി. അതിൽനിന്ന്, ഒരു മെമ്മോ തയ്യാറാക്കാൻ വേണ്ട കുറിപ്പുകളെടുത്തു.

കൊച്ചി രാജ്യത്തിലെ പൗരസ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അതിപ്രധാനമായ ഒന്നിന്റെ സൂചനയാണ് മേൽ കണ്ടത്. ജാതി വ്യവസ്ഥിതി എന്ന സവർണ തെമ്മാടിവാഴ്ചയിലെ അയിത്ത കൽപ്പനയ്‌ക്കെതിരെ ഒരു കൂട്ടം വിപ്ലവകാരികൾ പൊരുതാനിറങ്ങുന്നതാണ് ആ കാഴ്ച. (ഇതേ വിപ്ലവകാരികളുടെ പിൻമുറക്കാർ, അര നൂറ്റാണ്ടെത്തിയപ്പോൾ, ഇതേ അയിത്ത നീതിയെ സംഘശക്തികൊണ്ട് നേരിട്ട് ജയിച്ചതിന്റെതാണ്​ കേരള ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിൽ ഒന്ന്. 1946-ൽ ഇരിങ്ങാലക്കുടയിൽ ചേർന്ന സമസ്ത കൊച്ചി പുലയ മഹാസഭാ വാർഷിക സമ്മേളനത്തോടൊപ്പം പൊട്ടിപ്പുറപ്പെട്ട ‘കുട്ടംകുളം സമര'മാണത്.)

അയിത്ത ജാതിക്കാർക്കുവേണ്ടി ബ്രിട്ടീഷുകാരിൽനിന്നും ദിവാൻ രാജഗോപാലചാരിയിൽനിന്നും ഉണ്ടായ സമ്മർദം തെളിഞ്ഞു കാണാവുന്നതാണ് രാജാവ് ദിവാന് എഴുതിയ കത്ത്.

12.2.1897-ന് രാജാവ് ദിവാന് എഴുതിയ കത്തിൽനിന്ന് : ‘ഇരിങ്ങാലക്കുട റോഡും പുലയ പ്രശ്‌നവും സംബന്ധിച്ച് എന്റെ നിലപാട് ഉൾക്കൊള്ളുന്ന ഒരു മെമ്മോ ഇതോടൊപ്പം അയയ്ക്കുന്നു. ഏതെങ്കിലും പോയിന്റിൽ താങ്കൾ എന്നോടു യോജിക്കുന്നില്ലെങ്കിൽ, അതിന്റെ കാരണങ്ങൾ എന്നെ എഴുതിയറിയിക്കുക. എന്നിട്ട് അതേപ്പറ്റി നമുക്ക് നേരിൽ വിശദമായി ചർച്ചചെയ്യാം. വേണമെങ്കിൽ ഇക്കാര്യം ഞാൻ മിസ്റ്റർ നിക്കൊൾസനുമായും ചർച്ചചെയ്യാം. നേരെ മറിച്ച്, പ്രധാന പോയിന്റുകളിൽ താങ്കൾ എന്നോട് യോജിക്കയാണെങ്കിൽ ഉടനെ റെസിഡൻറിന്റെ കത്തിനു മറുപടി നൽകുക; അദ്ദേഹത്തിന്റെ ഉപദേശം അനുസരിക്കാൻ നമുക്ക് കഴിയാത്തതിനുള്ള കാരണങ്ങൾ അറിയിക്കുക'.

പുലയർക്കും വഴിനടക്കാൻ സ്വാതന്ത്ര്യം നൽകണമെന്നാണ് ബ്രിട്ടീഷ് റെസിഡൻറ്​ ഉപദേശിച്ചതെന്നും, അയിത്ത നീതിസാര വിരുദ്ധമായ ഒരു ഉപദേശമാണ് അയിത്ത നീതിയുടെ കാവലാളായ ‘രാജർഷി'ക്ക് അനുസരിക്കാൻ കഴിയാഞ്ഞതെന്നും നമുക്ക് ഈഹിക്കാം.

ദിവാൻ രാജാവിനയച്ച കത്തിൽ നിന്ന്‌
ദിവാൻ രാജാവിനയച്ച കത്തിൽ നിന്ന്‌

16 വർഷത്തിനുശേഷവും, രാജർഷി സ്ഥാനമൊഴിയുന്നതിന്റെ ഒന്നര വർഷം മുമ്പുപോലും, അയിത്ത ജാതിക്കാരുടെ അടിയന്തര പൗരാവകാശത്തിന് വല്ല വിലയും കൽപ്പിയ്ക്കാൻ കൊച്ചി സർക്കാരിന് കഴിഞ്ഞില്ല.
1913 ഏപ്രിൽ 16-ന് (1088 മേടം 4-ന്) ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് പി. നാരായണമേനോൻ ‘ക്രിമിന[-ാ]ൽ നടവടി 125-ാം വകുപ്പ് പ്രകാരം കൽപിക്കുന്നത് എന്തെന്നാൽ ഇരിഞ്ഞാലക്കുടെ കുടൽമാണിക്കം ക്ഷെത്രത്തിന്റെ നാലുപുറവും ഉള്ള എടവഴികളിൽ കൂടിയും കുട്ടൻ കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഉള്ള കരകളിലും വഴികളിലും കൂടിയും ഹിന്തുക്കളിൽതന്നെ തീണ്ടൽ ജാതിക്കാരും ഇതരമതക്കാരും മെപ്പടി ക്ഷെത്രത്തിലെ ഉത്സവകാലത്ത് സഞ്ചരിക്കുന്നതകൊണ്ട തന്ത്രി മുതലായവർക്ക അസഹ്യൊപദ്രവം നെരിടുന്നതാണെന്നും തന്നിമിത്തം സമാധാനലംഘനത്തിന്ന എടയുണ്ടെന്നും നാം കണ്ടിരിക്കയാൽ മെൽപറഞ്ഞ വഴികളിൽ കൂടി ഉത്സവം തുടങ്ങുന്നതായ [ഈ] മാസം 6-നു മുതൽ ഹിന്തുക്കളിൽ തന്നെ തീണ്ടൽ ജാതിക്കാരും ഇതരമതക്കാരും ഗതാഗതം ചെയ്ത പൊകരുതെന്ന നാം ഇതിനാൽ ഖണ്ഡിതമായി കൽപിക്കുകയും താക്കീതാക്കയും ചെയ്യുന്നു.' (കൊച്ചി ഗവ: ഗസ്റ്റ്, 1913 മെയ് 3 = 1088 മേടം 21 ശനി, Part III, Judicial Dept., പേ. 163 Vol: 47 No.33).

26.2.1897 (16.7.1072) വെള്ളി:
ബോൾഗാട്ടിയിൽനിന്ന് [വൈകീട്ട്] 6-ന് പോന്നു. 9 മുതൽ 12 വരെ സ്വദേശ നാടകം കണ്ടു.

3.3.1897 (21.7.1072):
രാവിലെ 6.30-ന് [എറണാകുളം കൊട്ടാരത്തിൽനിന്ന്] സൈക്കിൾ ചവിട്ടി പുറത്തേയ്ക്കിറങ്ങി; ജെയിലിലേയ്ക്കുപോയി. പടിയ്ക്കൽ ഒരു പാറാവുകാരനുണ്ടായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ തടവുകാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടു. ഞാൻ മടങ്ങാനൊരുങ്ങുമ്പോൾ, തടവുകാരുടെ യൂണിഫോം മാറ്റത്തെപ്പറ്റി 2 തടവുകാർ എന്നോട് പരാതിപ്പെട്ടു. ഉടൻ അവരെ തടഞ്ഞു ഞാൻ; ജയിലധികൃതരുടെ അനുവാദം വാങ്ങാതെയാണ് അവർ പരാതി പറഞ്ഞത്​. ജെയിലിലെ അച്ചടക്കമില്ലായ്മ ഞാൻ മിസ്റ്റർ റൊബിൻസന്റെ ശ്രദ്ധയിൽ പെടുത്തി.

6.3.1897:
വൈകുന്നേരം വരെ തലവേദനയും ദേഹമാകെ വേദനയും.
ഗുൻറ്ർ​ വന്ന് ഒരു മിക്‌സ്ചർ തന്നു. 3 നേരം അതു കഴിച്ചതോടെ വലിയ ആശ്വാസമായി. [ഉച്ചയ്ക്ക്]1 മുതൽ 2 വരെ പതിവ് ജോലി ചെയ്തു.

11.3.1897 വ്യാഴം:
ബോൾഗാട്ടിയിൽ [വൈകീട്ട്] 5 മുതൽ 6 വരെ ഉദ്യാനവിരുന്നിൽ പങ്കെടുത്തു. കുറച്ച് [യൂറോപ്യൻ] സ്ത്രീകളും പുരുഷന്മാരുമൊത്ത് ബേഡ്മിന്റൻ കളിച്ചു.

12.3.1897:
എറണാകുളത്തെ ബിഷപ് [വൈകീട്ട്] 7.30-ന് എന്നെ സന്ദർശിച്ചു.

15.3.1897 (3.81072) തിങ്കൾ:
ഫാ. ബൊണിഫെയ്‌സ് രാവിലെ 7.15-ന് എന്നെ സന്ദർശിച്ചു.

16.3.1897:
എന്നെ കാണാൻ പാലിയത്തച്ചൻ അപേക്ഷിക്കുന്നതായ ഒരു കുറിപ്പ് ദിവാനിൽനിന്ന് കിട്ടി; അപേക്ഷ നിരസിച്ചു ഞാൻ മറുപടി നൽകി.

26.3.1897 (14.8.1072) വെളളി:
ഹുസൂർ ശിരസ്തദാർക്കെതിരായ ദിവാന്റെ രൂക്ഷ പരാമർശങ്ങളോട് എന്റെ എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു കരട് മെമ്മൊ തയ്യാറാക്കി.

12.4-1897(1.9.1072)തിങ്കൾ:
[അമ്മ കൊടുത്തയച്ച] വിഷു പ്രസാദം കിട്ടി.

14.4.1897:
അമ്മയുടെ അടുത്തുനിന്നു പോന്നു; 4-ന് നവജാതശിശുവിനെ കണ്ടു. 8.30-ന് തൃപ്പൂണിത്തുറ വിട്ടു.

21.4.1897 (10.9.1072) ബുധൻ:
[കാഞ്ഞിരപ്പിള്ളി]
പതിവുജോലി ഉച്ചയ്ക്ക് 1 മുതൽ 2 വരെ. ഭാര്യയ്ക്ക് ഒരു കുറിപ്പ് എഴുതി. 4.30-ന് പുറത്ത് സവാരിയ്ക്കിറങ്ങി; 5.30-ന് തിരിച്ചെത്തി.

22.4.1897:
വിവാഹം തടസ്സമില്ലാതെ നടന്നെന്നും, കുട്ടികൾ സുഖമായിരിക്കുന്നെന്നും പറയുന്ന കുറിപ്പ് ഭാര്യയിൽ നിന്ന് കിട്ടി.

3.5.1897 (22.9.1072) തിങ്കൾ:
നവജാത ശിശുവിന്റെ മരണം.

10.5.1897:
ഫയലൊന്നും ഇന്നുകിട്ടിയില്ല; അതിനാൽ, പതിവു ജോലിയുമില്ല.

15.5.1897 (3.10.1072) ശനി:
വൈകീട്ട് 6.45-ന് കാഞ്ഞിരപ്പിള്ളി വിട്ടു. കരൂപ്പട്ടണത്ത് കരൂപ്പടന്ന മുകുന്ദപുരം താസിൽദാറെ കണ്ടു. തിരുവഞ്ചിക്കുളത്തെ കലശം ഭംഗിയായി അവസാനിച്ചെന്ന് അദ്ദേഹം അറിയിച്ചു. 9.15-ന് വള്ളത്തിൽ പുറപ്പെട്ടു.

16.5.1897:
വള്ളം തേവര കനാലിൽ പുതഞ്ഞുപോയി. തുടർന്നുള്ള യാത്ര ഓടി വഞ്ചിയിലാക്കേണ്ടി വന്നു. പുലർച്ചെ 6-ന് ഇവിടെ (തൃപ്പൂണിത്തുറ) എത്തി.

21.5.1897:
ബോൾഗാട്ടിയിൽനിന്ന് എറണാകുളത്തേയ്ക്ക് മടങ്ങുമ്പോൾ
ഡേയ്​വിസനെയും ദിവാനെയും കണ്ടു. പാർക്കിനും ചില സർക്കാർ കെട്ടിടങ്ങൾക്കുമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ദിവാനുമൊത്തു പരിശോധിച്ചു.

അയിത്ത ജാതിക്കാർക്കുവേണ്ടി ബ്രിട്ടീഷുകാരിൽനിന്നും ദിവാൻ രാജഗോപാലചാരിയിൽനിന്നും ഉണ്ടായ സമ്മർദം തെളിഞ്ഞു കാണാവുന്നതാണ് രാജാവ് 24.5.1897-ന് ദിവാന് എഴുതിയ കത്ത്. ഈഴവർക്ക് സർക്കാർ ജോലി നേടിക്കൊടുക്കാൻ ഡോ. പൽപ്പു തിരുവിതാംകൂറിൽ പൊരുതുമ്പോൾ, സമാന പരിശ്രമങ്ങൾ കൊച്ചിയിലും നടക്കുന്നുണ്ടായിരുന്നു എന്ന അറിയപ്പെടാത്ത വസ്തുതയും വെളിവാക്കുന്നുണ്ട് ഈ കത്ത്: ‘താങ്കളുടെ ഇന്നത്തെ കത്തിനൊപ്പം കിട്ടിയ തീയരുടെ 2 പരാതികൾ ഇതൊടൊപ്പം തിരിച്ചയയ്ക്കുന്നു.’
‘സർക്കാർ സർവീസ് എല്ലാ ജാതി- മതക്കാർക്കും, കഴിയുന്നിടത്തോളം തുറന്നു കൊടുക്കണമെന്നാണ് എന്റെയും നയം. അതുകൊണ്ട്, ഹുസൂറിലോ റെജിസ്ട്രി ഓഫീസുകളിലോ തീയർ ക്ലാർക്കുമാരായി നിയമിക്കപ്പെടുന്നതിൽ എതിർപ്പൊന്നും ഞാൻ കാണുന്നില്ല.’
‘ഇതോടനുബന്ധിച്ച് ഞാൻ പറയുന്നത്, തലപ്പിള്ളി താലൂക്കിലെ നെല്ലുവായ് സ്വദേശിയായ എ.അനന്തനാരായണ അയ്യർക്ക്, പുതുതായി തുടങ്ങുന്ന ഒരു സബ് റെജിസ്ട്രി ഓഫിസിൽ ഒരു ക്ലാർക്ക് ജോലി കൊടുക്കാൻ താങ്കൾക്കു കഴിഞ്ഞാൽ ഞാൻ സന്തോഷവാനാകും എന്നാണ്. താങ്കളെ കാണാൻ ഇതിനകം അപേക്ഷ തന്നിട്ടുള്ള ആ ബ്രാഹ്മണ യുവാവിന്റെ കാര്യത്തിൽ എന്റെ ഒരു സുഹൃത്തിനു താൽപര്യമുണ്ട്. സത്സ്വഭാവിയായി എനിക്കു തോന്നുന്ന ആ യുവാവ് മട്രിക്കുലേഷൻ പാസായിട്ടുണ്ട്; എഫ്. എ. കോഴ്‌സ് പൂർത്തിയാക്കിയെന്ന് പറയുന്നു.'

21.6.1897 (9.11.1072) തിങ്കൾ:
ഗോപാലദേശികൾ സർവാധികാരിയായി രാവിലെ 11-ന് ചുമതലയേറ്റു.

22.6.1897:
[ഹിൽ പാലസിൽനിന്ന് ഉച്ചയ്ക്ക്] 12.30-ന് എറണാകുളത്തേയ്ക്ക് തിരിച്ചു; 1.00-ന് അവിടെയെത്തി. [...] 2.00-ന് ദർബാർ ഹാളിലേയ്ക്കു തിരിച്ചു. 2.30-ന് കേപ്റ്റൻ അൻഡ്രൂസ് എത്തും വരെ ആളുകളുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തെ ഞാൻ ഇരിപ്പിടത്തിലേയ്ക്ക് ആനയിച്ചു. 5 മിനിറ്റ് സംഭാഷണത്തിനുശേഷം അദ്ദേഹം വൈസ്രോയിയുടെ ഖരീത്ത [തീട്ടൂരം] എനിക്ക് സമ്മാനിച്ചു. ദിവാൻ അത് [ഉറക്കെ] വായിച്ചു കഴിഞ്ഞപ്പോൾ എന്റെ മറുപടിയും വായിക്കാൻ ഞാൻ ദിവാനോട് പറഞ്ഞു. അതു കഴിഞ്ഞപ്പോൾ H.E. [His Excellency] മദ്രാസ് ഗവർണറുടെ ഒരു റ്റെലിഗ്രാം കിട്ടി എനിക്ക്; H.M. [ Her Majsety- ബ്രിട്ടീഷ് മഹാരാജ്ഞി] എനിക്ക് K.C.S.I. [Knight Commander of the Star of India] എന്ന ബഹുമതി ബിരുദം സമ്മാനിക്കുന്നു എന്ന്. ആ വാർത്ത കേപ്റ്റൻ അൻഡ്രൂസ് ദർബാറിൽ പ്രഖ്യാപിച്ചു.

മലബാർ ‘മാപ്പിള കലാപ'ത്തിനു കാൽനൂറ്റാണ്ടോളം മുൻപ് 16.3.1896-ന് രാമവർമ രാജാവ് ചാലക്കുടിയിൽ നിന്ന് തന്റെ ദിവാൻ സുബ്രഹ്മണ്യപിള്ളക്ക് എഴുതി: ‘‘വടക്കൻ ഡിവിഷൻ പെയ്ഷ്‌കാർ കെ.നാരായണൻ ഇന്നലെ ഉച്ചയ്ക്കു ശേഷം ഇവിടെയുണ്ടായിരുന്നു. മാപ്പിള ലഹള കാരണം അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ചിലർ കവർച്ച പേടിച്ച് ഈ രാജ്യത്തിലേക്ക് അതിക്രമിച്ചു കടന്നിട്ടുണ്ട്; അതിർത്തിയ്ക്കടുത്തുള്ള ബ്രിട്ടീഷ് പ്രദേശങ്ങളിലേക്കും ആളുകൾ എത്തിയിട്ടുണ്ട്. ആളുകളുടെ ഭയത്തിന് വലിയ അടിസ്ഥാനമൊന്നുമില്ല. ആക്റ്റിങ്ങ് പൊലീസ് സൂപ്രണ്ട് അവിടെയുണ്ട്. ജനങ്ങളെ ആശ്വസിപ്പിക്കാനും അതിർത്തി കാക്കാനും അദ്ദേഹം പരമാവധി യത്‌നിക്കുന്നുണ്ട്.’’ (Diwan's File 1896, Book 1, P. 262, Regional Archives, Ernakulam).▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ചെറായി രാമദാസ്​

ചരിത്ര ഗവേഷകൻ, മാധ്യമപ്രവർത്തകൻ. കേരളീയ നവോത്ഥാനകാലത്തെക്കുറിച്ച് സവിശേഷ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവർണ പക്ഷ രചനകൾ, അംബേദ്കറുടെ മരണം, അയ്യൻകാളിക്ക് ആദരത്തോടെ, ശാംകര സ്മൃതി (പുനരച്ചടി പരിശോധകൻ) തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.

Comments