തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയിൽ പാളത്തിലൂടെയാണ് കൊച്ചി രാജ്യത്ത് തീവണ്ടി വന്നതെന്ന്' നിരന്തരം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ കഥയുടെ വാസ്തവം എന്താണ്?
കൊച്ചിയിലെ സാമൂഹികജീവിതത്തിൽ അതിപ്രാധാന്യമുളള ഒരു കാര്യത്തോടു ബന്ധപ്പെട്ടതാണ് രാജാവ് 30.10.1898-ന് മദ്രാസിലെ എഗ്മൂറിൽ വച്ച് ദിവാന് എഴുതിയ കത്ത് (D.O. 356): ‘തൃശൂരിലെ പരദേശ ബ്രാഹ്മണരുടെ പരാതിയും അതിന്മേൽ ദേവസ്വം- ഊട്ടുപുര സൂപ്രണ്ടിന്റെ റിപ്പോർട്ടും താങ്കൾ എന്റെ പരിശോധനയ്ക്കും അഭിപ്രായങ്ങൾക്കുമായി തന്നിരുന്നത് ഇതോടൊപ്പം മടക്കുന്നു.’ [...]
‘പരാതിക്കാരുടെ ഉദ്ദേശ്യങ്ങൾ തീർത്തും മാന്യവും, അവ നേടാനുളള ഉദ്യമങ്ങൾ സ്തുത്യർഹവും പിന്തുണയർഹിയ്ക്കുന്നതുമാണ്; അതിന്റെ പ്രയോഗികതയിൽ എനിക്ക് സംശയവും ആശങ്കയുമുണ്ടെങ്കിലും.’
പരാതിയിൽ നിന്ന്: ‘ശാന്തിക്കാരനെയും തന്ത്രിയെയും സംബന്ധിച്ച് [ദിവാന്റെ ഓഫിസ്] പ്രൊസീഡിങ്സിലെ മൂന്നാം പാരയിലുളള വ്യവസ്ഥ ഈ ക്ഷേത്രങ്ങളുടെ ഭരണകാര്യത്തിൽ ഞങ്ങളെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ക്ഷേത്രഭരണത്തിൽ നിന്നുള്ള ചില പ്രധാന ഗുണങ്ങൾ ഞങ്ങൾക്ക് നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ്. നാട്ടാചാരപ്രകാരം, വേദങ്ങൾ പഠിക്കാനോ ചൊല്ലാനോ അനുവാദമില്ലാത്ത ഒരു നമ്പൂതിരി വിഭാഗത്തിൽപ്പെട്ടയാളാണ് ഇപ്പോഴത്തെ ശാന്തിക്കാരൻ. ഞങ്ങളുടെ സമുദായത്തിന് അത്തരം ഒരു അയോഗ്യതയുമില്ലെന്നു പറയേണ്ടതില്ലല്ലോ. വേദശാസ്ത്ര അധ്യയനം പ്രോത്സാഹിപ്പിയ്ക്കുക എന്നതാണ്, [ഈ] പരാതിയിൽ പറയുംപോലെ, ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, വേദങ്ങൾ പഠിപ്പിയ്ക്കേണ്ട അതേ ക്ഷേത്രങ്ങളിൽ പൂജാവേളകളിൽ വേദമന്ത്രങ്ങൾ കേൾക്കാനില്ലെങ്കിൽ അത്പരിതാപകരമാണ്. വേദങ്ങൾ ചൊല്ലാൻ കഴിവ് നേടിയിട്ടുളള ഒരു ബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിയ്ക്കയാണ് ഏറ്റവും അഭികാമ്യമെന്നതിനാൽ, ഏത് വിഭാഗത്തിൽ നിന്നു തിരഞ്ഞെടുക്കണം എന്നതുമാത്രമാണു പ്രശ്നം. വടക്കുന്നാഥ ക്ഷേത്രത്തെ ഹിന്ദുക്കളിലെ എല്ലാ വിഭാഗക്കാരും, വിശേഷിച്ച് നമ്പൂതിരിമാർ, വലിയ പരിപാവനത്വമുള്ള സ്ഥാനമായാണ് കരുതുന്നത്. എല്ലാ നമ്പൂതിരിമാരും, അവർ ഏതു യോഗക്കാരായാലും, ആരാധനയ്ക്കുവരുന്നത് ആ ക്ഷേത്രത്തിലാണ്. പൂങ്കുന്നം- കാവതിയാട്ട് ക്ഷേത്രങ്ങളുടെ സമീപത്ത് ഒരു നമ്പൂതിരി ഇല്ലവും ഇല്ല; ഞങ്ങളുടെ അറിവിൽപെട്ടിടത്തോളം, ശാന്തിക്കാരനല്ലാതെ ഒരു നമ്പൂതിരിയും ഈ ക്ഷേത്രങ്ങളിൽ ഒരിയ്ക്കലും പോകാറില്ല. വിശേഷിച്ച് വടക്കുന്നാഥ ക്ഷേത്രം തൊട്ടടുത്തുളളതിനാൽ, നമ്പൂതിരി സമുദായത്തിന് ഈ ക്ഷേത്രങ്ങളുടെ ക്ഷേമകാര്യത്തിൽ ഒരു താത്പര്യവുമില്ല. ബ്രാഹ്മണരുടെ മനസ്സിൽ വേദപഠനത്തിനു താത്പര്യമുണ്ടാക്കുകയാണ് ഞങ്ങളുടെ ആത്യന്തികലക്ഷ്യമെങ്കിലും, തുടക്കത്തിൽ, അവർക്ക് സാമ്പത്തികനേട്ടമൊന്നുമില്ലാതെ വേദം പഠിപ്പിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത് സാമാന്യം ബുദ്ധിമുട്ടാണ്. ശരിയായി ഭരണം നടക്കുന്ന ഒരു ക്ഷേത്രത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അഭിഷേകങ്ങളും കലശങ്ങളും ഉത്സവങ്ങളും മറ്റ് ഒട്ടേറെ ആഘോഷങ്ങളും വേദപണ്ഡിതരായ ബ്രാഹ്മണർക്ക് നല്ല ആദായമാർഗമാണ്. ശാന്തിക്കാരും തന്ത്രിമാരും സ്വന്തം വിഭാഗത്തിലുൾപ്പെട്ട ബ്രാഹ്മണരെയാണ് ആഘോഷവേളകളിൽ നിയമിക്കുന്നത്; മറ്റു വിഭാഗക്കാരെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നു തടയുക പോലും ചെയ്യും. കേരളത്തിൽപ്പോലും പരദേശ ബ്രാഹ്മണർ സർക്കാർ ക്ഷേത്രങ്ങളിലും നമ്പൂതിരിമാരുടെ ക്ഷേത്രങ്ങളിലും ശാന്തിചെയ്യുന്നുണ്ട്. സമ്പന്നമായ പുതുക്കോട് ക്ഷേത്രം നടുവിലെ മഠത്തിനുകീഴിലുള്ളതാണെന്നും, അവിടത്തെ ശാന്തിക്കാരൻ മുമ്പേതൊട്ട് ഒരു പരദേശ ബ്രാഹ്മണനാണെന്നുമാണ് വിശ്വാസയോഗ്യമായി ഞങ്ങൾ അറിയുന്നത്. പുലിയന്നുർ നമ്പൂതിരിപ്പാടിന്റെ ഒരു ക്ഷേത്രത്തിൽ ശാന്തിചെയ്യുന്നത് ഒരു പരദേശ ബ്രാഹ്മണനാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. [...] അതുകൊണ്ട്, ഞങ്ങളുടെ വിഭാഗത്തിൽപ്പെട്ടവർ ശാന്തിചെയ്യുന്നത് എതിർക്കേണ്ടതാണെന്നു കരുതപ്പെടുന്നില്ല; ഹിന്ദുക്കളിലെ ഒരു വിഭാഗത്തിന്റെയും മതവികാരങ്ങളെ അത് ഒരുതരത്തിലും വ്രണപ്പെടുത്തുന്നില്ല. [...] ഈ പരാതിയിൽ ചൂണ്ടിക്കാട്ടിയ പോലെ ബ്രഹ്മോത്സവങ്ങൾ, തമിഴ് ജില്ലകളിലെയും പാലക്കാട്ടെയും ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഇത്തരം ഉത്സവങ്ങൾ നടത്തുന്ന രീതിയിൽ ആഘോഷിക്കുമെന്നു പ്രതീക്ഷിക്കുന്നു [?]
ഈ ദിവസങ്ങളിൽ രാവിലെയും വൈകീട്ടും ഒരു വാഹനത്തിലിരുത്തിയ വിഗ്രഹത്തെ ഘോഷയാത്രയോടെ അഗ്രഹാരത്തിലൂടെ എഴുന്നെളളിക്കേണ്ടതുണ്ട്. രഥം ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും കൊണ്ടുപോകേണ്ടത് ബ്രാഹ്മണരാണ്. ഈ വിഗ്രഹങ്ങൾ വഹിക്കാൻ നമ്പൂതിരിമാർക്ക് സമ്മതം ഉണ്ടാകില്ല. ഇനി, അവർ സമ്മതിച്ചാലാകട്ടെ, വലിയ തുകകൾ പ്രതിഫലമായി ചോദിക്കും. എന്നാൽ, നാമമാത്രമായ ഒരു തുകയ്ക്ക് ഈ ജോലി ചെയ്യാൻ ഞങ്ങളുടെ സ്വന്തം ആളുകളെ പ്രേരിപ്പിക്കാനാവും. ഞങ്ങളുടെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിൽ, ആഘോഷവേളകളിൽ ക്രിയകൾ ചെയ്യാൻ യോഗ്യത നേടിയിട്ടുളള ഞങ്ങളിൽപ്പെട്ടവർക്ക് അതിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ ആ അപമാനം വളരെ കടുത്തതായിരിക്കും. കഴിഞ്ഞ അരനൂറ്റാണ്ടായി തന്ത്രിക്ക് (തന്ത്രിയുണ്ടെങ്കിൽ) ഈ ക്ഷേത്രങ്ങളിൽ നിർവഹിക്കാൻ ചുമതലയൊന്നുമില്ല. ഈ ക്ഷേത്രങ്ങൾക്ക് വല്ല തന്ത്രിയുമുണ്ടോ എന്നു പറയാവുന്ന സ്ഥിതിയിലല്ല ഞങ്ങൾ. ഒരു തന്ത്രി ഈ ക്ഷേത്രങ്ങൾക്ക് എന്നെങ്കിലുമുണ്ടായിരുന്നോ എന്ന് അറിയാൻ സാധ്യമല്ലാത്തതിനാൽ, തന്റെ ചുമതലകൾ തൃപ്തികരമായി നിർവഹിക്കുന്നതിൽ നിന്ന് ഇപ്പോഴത്തെ ശാന്തിക്കാരൻരൻ, മുൻപറഞ്ഞ കാരണങ്ങളാൽ അയോഗ്യനാക്കപ്പെട്ടതിനാൽ, ഒരു പരദേശ ബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിക്കുന്നത് കീഴ്വഴക്കത്തിനും [ധർമ] ശാസ്ത്രനിബന്ധനകൾക്കും എതിരല്ലാത്തതിനാൽ, ഇപ്പറഞ്ഞ പരാമർശങ്ങളുടെ വെളിച്ചത്തിൽ, ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ അനുഗ്രഹപൂർവം കനിയണമെന്ന് ഞങ്ങൾ അങ്ങേയറ്റം ബഹുമാനപുരസ്സരം പ്രാർഥിക്കുന്നു. [Raja's File1898. Book III, pp. 286289, Ernakulam Regional Archieves].
റെയിൽവേ കൺസൾട്ടിങ് എൻജിനീയർ (?) ഫ്രാൻസിസ് ജെ. ഈ. സ്പ്രിങ് 7.10.1898-ന് ഊട്ടക്കമണ്ടിൽ വച്ച്, മദ്രാസ് സർക്കാരിന്റെ ചീഫ് സെക്രട്ടറി വഴി (Political Dept. No. 2235), തിരുവതാംകൂർ- കൊച്ചി ആക്ടിങ് ബ്രിട്ടിഷ് റെസിഡൻറ് എഫ്.എ. നിക്കോൾസൺ ഐ.സി.എസിന് എഴുതിയ കത്ത് (Political Current No. 3720), റെസിഡന്റിന്റെ ബോൾഗാട്ടി സർക്ക്യൂട്ട് ഓഫിസിൽ 3.11.1898 എന്ന തീയതി വച്ച് കൊച്ചി ദിവാന് അയച്ചുകിട്ടിയതാണ് നമ്മുടെ മുന്നിലുളള രാജാവിന്റെ ഫയലിൽ (1898, Book IV, pp. 7172, Re. Ar. Ekm.) കാണുന്നത്. 65 മൈൽ നീളത്തിൽ ഷൊർണൂർ- എറണാകുളം മീറ്റർ ഗേജ് റെയിൽവേ സ്ഥാപിയ്ക്കാൻ 50 ലക്ഷം രൂപയാകുമെന്ന് പറയുന്നു ആ കത്തിൽ. കത്ത് വായിച്ച രാജാവ് തൃപ്പൂണിത്തുറ വച്ച് 13.11.1898 ന്-ദിവാന് എഴുതി (D.O. 369): ‘2- നമ്മുടെ റെയിൽവേയ്ക്ക് 50 ലക്ഷം രൂപയിൽ കവിയുമെന്ന് ഒരു പേടിയും വേണ്ടെന്ന് മിസ്റ്റർ സ്പ്രിങിന്റെ കത്തിൽ നിന്ന് ഞാൻ വലിയ ആഹ്ലാദത്തോടെ മനസ്സിലാക്കുന്നു. എറണാകുളത്തു കണ്ടപ്പോൾ മിസ്റ്റർ നിക്കോൾസൺ ഈ കത്തിനെപ്പറ്റി പറഞ്ഞു എന്നോട്. ഈ വാർത്ത എന്റെ മനസ്സിന് വലിയ ആശ്വാസമായിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.
3- ആദ്യത്തെ 30 മൈലിന്റെ പണി തുടങ്ങാമെന്ന മി. സ്പ്രിങിന്റെ നിർദേശം അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. ഇത് താങ്കൾ കഴിയുംവേഗം റെസിഡൻറിനോടു പറയുക' (മുൻ ഫയൽ പേ. 76).
പത്രവാർത്തകൾ രാജാവ് ഗൗരവത്തോടെ കാണുന്നു എന്നതിന് ഒരു ഉദാഹരണമാണ്, തൃപ്പൂണിത്തുറ വച്ച് 21.11.1898-ന് അദ്ദേഹം ദിവാന് എഴുതിയ കത്ത് (D.O. 377): ഒരു നാരായണമേനോൻ. [ഫോറസ്റ്റ് കൺസർവേറ്റർ] മിസ്റ്റർ കൊലാഫിനെതിരെ താങ്കങ്ങൾക്കു സമർപ്പിച്ചതായി തോന്നുന്ന ഒരു പരാതിയെപ്പറ്റി മദ്രാസ് സ്റ്റാന്റഡേർഡും കൊച്ചിൻ ആർഗസും സൂചിപ്പിക്കുന്നു. അത്തരമൊരു പരാതി താങ്കൾക്ക് എപ്പോഴെങ്കിലും കിട്ടിയോ എന്ന് ദയവായി എന്നോടുപറയുക. കിട്ടിയെങ്കിൽ താങ്കൾ അതിൻന്മേൽ വല്ല നടപടിയുമെടുത്തോ എന്ന് എന്നോടുപറയുക; എടുത്തെങ്കിൽ, എന്തുകൊണ്ട് എന്നും' (മുൻ ഫയൽ, പേ 85).
ഇതുസംബന്ധിച്ച് ദിവാനിൽ നിന്നുകിട്ടിയ കേസ് ഫയൽ വായിച്ച് മടക്കിയയക്കുമ്പോൾ രാജാവ് തൃപ്പൂണിത്തുറവച്ച് 24.11.1898 ന് ദിവാന് എഴുതിയ രഹസ്യ കത്തിൽ നിന്ന്: ‘ഇക്കാര്യത്തിൽ താങ്കൾ ഇതിനകം എടുത്തിട്ടുളള നടപടിയേക്കാൾ കൂടുതലായി വല്ലതും ചെയ്യാൻ താങ്കൾക്ക് കഴിയുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. പത്രങ്ങൾ അവർക്ക് കഴിയുംപോലെ ആക്രോശിക്കട്ടെ. കാര്യം എനിക്കിപ്പോൾ അറിയാം; എല്ലാ ബഹളവും നേരിടാൻ കഴിയും'. (മുൻ ഫയൽ, പേ. 92)
ഇളയ രാജാവിനെപ്പറ്റി 24.11.1898-ന് തൃപ്പൂണിത്തുറവച്ച് രാജാവ് ദിവാന് എഴുതിയ അതിരഹസ്യ കത്തിൽ നിന്ന്: ‘അയാൾക്ക് മദ്രാസിൽ തങ്ങാനും ചികിത്സിക്കാനുമായി അയാൾ ചോദിക്കുമ്പോഴെക്കെ, ഒരു പരിധിയുമില്ലാതെ പണം കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്ക് ഏൽക്കാനാവുമെന്നു തോന്നുന്നില്ല.' (മുൻ ഫയൽ, പേ. 90)
തന്നിഷ്ടപ്പടി യാത്രചെയ്യാനാവില്ല രാജാവിന്, അദ്ദേഹം ദിവാന് എഴുതി (തൃപ്പൂണിത്തുറ, 5.12.1898): ‘രാജാവിന്റെയോ, അദ്ദേഹത്തിന്റെ സർക്കാരിന്റെയോ രേഖാമൂലമായ അനുവാദമില്ലാതെ ഈ രാജ്യാതിർത്തി വിടാൻ ഒരു രാജകുമാരന് കഴിയില്ലെന്ന് താങ്കൾക്ക് അറിയാമല്ലോ. ഡിസംബർ എട്ടുമുതൽ ഒരുമാസത്തേയ്ക്ക് രാജ്യം വിടാൻ [മദ്രാസിലേക്ക്] വേണ്ട സർക്കാർ അനുമതി എനിക്കു തരാൻ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു.' (മുൻ ഫയൽ പേ. 118). അനുമതി കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല, രാജാവ് അടുത്തൊന്നും രാജ്യം വിട്ടതായി കാണുന്നില്ല!
ഡിസംബർ എട്ടിനുതന്നെ ദിവാൻ പി. രാജഗോപാലചാരി എറണാകുളത്തുവച്ച് രാജാവിന് എഴുതി: അടുത്ത ഞായറാഴ്ച അമ്മ രാജാവിനെയോ മറ്റു തമ്പുരാട്ടിമാരിൽ ആരെയെങ്കിലുമോ ചെന്നുകണ്ടു വണങ്ങാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്റെ ഭാര്യയുടെ ആരോഗ്യനില ഒട്ടും തൃപ്തികരമല്ല; ഞാൻ വല്ലാത്ത ഉത്കണ്ഠയിലാണ്; എറണാകുളം വിടാനാനാത്ത സ്ഥിതിയിലാണ് ഞാൻ തൽക്കാലം.' (മുൻ ഫയൽ, പേ. 126)
പെറ്റാലും ചത്താലും പുലയാചരിക്കുന്ന സവർണപ്രാകൃതരിൽപ്പെട്ടയാളായിരുന്നു രാജാവ്. സായിപ്പിനെ കണ്ടാലും ‘രാജർഷി'യ്ക്ക് അയിത്തമാകുമെന്നുകൂടെ തെളിയുന്നുണ്ട്, ഒരു നട്ടുച്ചയ്ക്ക് അദ്ദേഹം ദിവാനെഴുതിയ രഹസ്യകത്തിൽ (തൃപ്പൂണിത്തുറ, 16.12.1898): ‘ഉച്ചസമയങ്ങളിൽ വൈദികരുമായി ചർച്ച നടത്താൻ ഉദ്ദേശിച്ചിരുന്നതിനാൽ എന്റെ പിറന്നാളാഘോഷം കഴിയുംവരെ തമ്മിൽ കാണാനാവില്ലെന്നാണ് ഞാൻ അയച്ച കഴിഞ്ഞ കുറിപ്പിൽ അദ്ദേഹത്തോട് [കൊലോഫിനോട്] പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന് പെട്ടെന്ന് വന്നെത്താനാകുമെങ്കിൽ ഒരു ദിവസം രാവിലെ അദ്ദേഹത്തെ കാണാൻ ഞാൻ സൗകര്യപ്പെടുത്താം. അടുത്ത ബുധനാഴ്ച വരെ നീളുന്ന ഒരു പേറ്റുപുലയാചരിക്കയാണ് ഞാൻ. പുല തീരുംമുൻപ് എന്നെ വന്നു കാണാൻ മിസ്റ്റർ കൊലാഫിന് സൗകര്യപ്പെടുമെങ്കിൽ അതെനിക്ക് വലിയ സൗകര്യമായിരിക്കും.' (മുൻഫയൽ, പേ. 146).
ഭാര്യയുടെ പ്രസവകാര്യത്തിലും അയിത്തം പാലിക്കാതെ വയ്യ രാജാവിന്. തൃപ്പൂണിത്തുറ ഡിസ്പെൻസറിയിലെ [സവർണ] മിഡ്വൈഫ് അവധിയിൽ പോയതാണ് 22.12.1898-ന് ഇങ്ങനെ ഒരു കത്ത് ദിവാന് എഴുതാൻ രാജാവിനെ നിർബന്ധിച്ചത്: ‘അവരുടെ അഭാവം മൂലം ജനം പൊതുവെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നത് തീർച്ചയാണ്. എന്നാൽ, എന്റെ ഭാര്യയുടെ പ്രസവം മൂന്നോ നാലോ ആഴ്ചയ്ക്കകം നടക്കുമെന്നു പ്രതീക്ഷിക്കുന്നതിനാൽ ഞാൻ വിശേഷിച്ചും ഉത്കണ്ഠാകുലനാണ്. സ്ഥിരം മിഡ്വൈഫ് ഉടനെ തിരിച്ചുവരുന്നില്ലെങ്കിൽ മറ്റൊരാളെ വേഗമയക്കാൻ ഡോ. കൂമിന് ഉത്തരവ് നൽകണമെന്ന് താങ്കളോട് ഞാൻ അപേക്ഷിക്കുന്നു. ആ മിഡ്വൈഫ്, കഴിയുമെങ്കിൽ ഒരു സവർണ സ്ത്രീയായിരിക്കണമെന്നും ഞാൻ നിർദേശിക്കുന്നു.' (മുൻഫയൽ, പേ.154).
ഗുരുതരമായ ഒരു കാര്യമാണ് ദിവാന് 25.12.1898-ന് രാജാവ് തൃപ്പൂണിത്തുറവച്ച് എഴുതിയറിയിച്ചത്: ‘താങ്കൾ സ്വകാര്യാവശ്യങ്ങൾക്ക് ചെലവഴിക്കുന്ന പണം തന്റെ കണക്കിലാണ് എഴുതുന്നതെന്ന തെറ്റായ തോന്നൽ ഇളയരാജാവിന്റെ തലയ്ക്കകത്തു കടന്നുകൂടിയത് എങ്ങനെയെന്ന് എനിക്കു മനസിലാക്കാൻ കഴിയുന്നില്ല.' (മുൻഫയൽ, പേ. 162).
പണി തുടങ്ങാൻ പോകുന്ന ഷൊർണൂർ- എറണാകുളം റെയിൽപ്പാതയിൽ ചൊവ്വരയിൽ ഒരു സ്റ്റേഷൻ തീർത്തും അത്യാവശ്യമാണെന്ന് ദിവാൻ 14.12.1898 ന്റെ കത്തു വഴി ആക്ടിങ് റെസിഡൻറ് എഫ്.എ. നിക്കോൾസനെ അറിയിക്കുന്നു.
‘വെള്ളാരപിള്ളി പ്രവൃത്തി എന്നും പറഞ്ഞുവരുന്ന ചൊവ്വര, തിരുവിതാംകൂർ പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒരു ചെറിയ കൊച്ചിപ്രദേശമാണ്. കൊല്ലംതോറും കുറച്ചുമാസക്കാലം രാജാവിന്റെയും രാജകുടുംബാംഗങ്ങളിൽ മിക്കവരുടെയും അതുപോലെ ദിവാന്റെയും വാസസ്ഥലമാണത്.' (മുൻഫയൽ, പേ.179).
എറണാകുളം കൊളേജിന് ഒരു ഹോസ്റ്റൽ തുടങ്ങുന്നിടത്തും ജാതിഭേദം രംഗപ്രവേശം ചെയ്യുന്നു. റെസിഡൻറ് എഫ്.എ. നിക്കോൾസന് ദിവാൻ (എറണാകുളം, 16.1.1899) എഴുതി: ‘ഹോസ്റ്റൽ തുടങ്ങുന്നതിൽ അടിസ്ഥാനപരമായ ഒരു വലിയ തടസ്സമുണ്ട്; ഊട്ടുപുരയാണത്. [കൊളേജിലെ] ഒരു വലിയ കൂട്ടം ബ്രാഹ്മണകുട്ടികൾക്ക് സൗജന്യഭക്ഷണം കിട്ടുന്നുണ്ട് ഊട്ടുപുരയിൽ നിന്ന്. ഒരു ഹോസ്റ്റലിനുവേണ്ടി അത് അവർ ഉപേക്ഷിക്കേണ്ടിവരുന്നത് ശരിയല്ല; സദാചാരവീക്ഷണത്തിൽ നോക്കുമ്പോൾ ഒരു ഹോസ്റ്റൽ എത്ര ഉന്നതമാണെങ്കിലും, അവിടെ അവർ [ബ്രാഹ്മണക്കുട്ടികൾ]പണം കൊടുക്കേണ്ടിവരുന്നുണ്ട്' (Raja's File 1899, Book I, p.39)
‘എന്റെ ഭാര്യ അപകടമൊന്നും കൂടാതെ ഒരു പെൺകുഞ്ഞിനെ പെറ്റു. [തിരുവയറൊഴിഞ്ഞു] ഇന്ന് 12.35ന്' എന്നറിയിക്കാനാണ് രാജാവ് 21.1.1899 ന് തൃപ്പൂണിത്തുറവച്ച് ഒരുകത്ത് (D.O. NO. 40) ദിവാന് എഴുതിയത് (മുൻഫയൽ, പേ. 44).
ഷൊർണൂർ- എറണാകുളം റെയിൽപ്പാത പൂർത്തിയാക്കുന്നതിൽ ദിവാൻ പി. രാജഗോപാലചാരി എത്ര ദൃഢചിത്തനായിരുന്നു എന്ന് കാണിക്കുന്നതാണ് അദ്ദേഹം രാജാവിന് എഴുതിയ ഈ [രഹസ്യ?] കത്ത് (എറണാകുളം, 23.1.1899): ‘ജനങ്ങൾക്ക് എന്നോട് എത്രവലിയ ഇഷ്ടക്കേടുണ്ടായാലും എന്റെ ഡ്യൂട്ടി ചെയ്യുന്നതിൽനിന്ന് എന്നെ പേടിപ്പിച്ചകറ്റാൻ അതിന് കഴിയില്ല; റെയിൽപ്പാത പൂർത്തിയാകുംവരെ ഒരു ധനക്കമ്മിയും ഉണ്ടാകാൻ അനുവദിക്കില്ല എന്നത് അവിടുത്തെ സർക്കാറിന്റെ ഒരു സവിശേഷലക്ഷ്യമായി ഞാൻ കണക്കാക്കും. ഞാൻ മുഴുവനായി വിജയിച്ചേക്കില്ല. അതുപക്ഷെ മറ്റൊരു കാര്യമാണ്, എന്റെ ഡ്യൂട്ടി ചെയ്യുന്നതിനെ ബാധിക്കുന്നുമില്ല.' (മുൻഫയൽ, പേ.49)
രാജകുടുംബത്തിലെ തമ്പുരാട്ടിമാർക്കുമാത്രമല്ല, ദിവാനുമുണ്ട് കിടപ്പാടത്തെപ്പറ്റി പരാതി. അദ്ദേഹമത് റെസിഡൻറ് നിക്കോൾസനെ അറിയിക്കാനാണ് ഈ രഹസ്യകത്ത് (എറണാകുളം, 21.12.1898) എഴുതിയത്: ‘ഈശ്വരസേവാ മഠമാണ് ദിവാന്റെ ഔദ്യോഗിക വസതി [...] മഠ (കെട്ടിട സമുച്ചയം) ത്തിന്റെ ഒരു ഭാഗം പണിതത് മിസ്റ്റർ ശങ്കരവാര്യർ ദിവാനായിരിക്കുമ്പോഴാണ്; അതായത് 50-ഓളം കൊല്ലം മുമ്പ്. [...] വാടകയില്ലാതെ താമസസൗകര്യം കിട്ടുമെന്നതാണ് ഇവിടെ [ദിവാനായി] നിയമനം സ്വീകരിക്കുന്നതിന് ഞാൻ പരിഗണിച്ച സാഹചര്യങ്ങളിൽ ഒന്ന്. [...] കെട്ടിടത്തിന്റെ മേൽ നില അപകടകരമായി ചരിഞ്ഞുനിൽക്കയാണ്; കെട്ടിടസമുച്ചയത്തിന്റെ മേൽക്കൂര ഒട്ടേറെയിടങ്ങളിൽ ജീർണിച്ചിരിക്കുകയാണ്. (മുൻ ഫയൽ, പേ.60)'
രാജ്യതലസ്ഥാനത്തിലെ ഒരു മുഖ്യചികിത്സകൻ റാണിയെ ചികിത്സിക്കാൻ പോയാൽ പിന്നെ ജനത്തിന്റെ സ്ഥിതിയെന്ത് എന്നറിയാം, രാജാവ് തൃപ്പൂണിത്തുറയിൽ വച്ച് 2.2.1899 ന് ദിവാന് എഴുതിയ കത്തിൽ (D.O. NO. 59) നിന്ന്. ‘വയറിളക്കം തുടരുകയാണ്. മിസ്റ്റർ ഗുന്റർ അവരെ [റാണിയെ] പതിവായി കാണട്ടെ. അവർ അവശയാകുന്നത് പൊതുവെ രാത്രിയിലായതിനാൽ ഞാൻ ഉത്കണ്ഠാകുലനാണ്; അദ്ദേഹം ഏതാനും രാത്രികൾ ഇവിടെ തങ്ങട്ടെ.
അതുകൊണ്ട്, എന്റെ ഭാര്യയ്ക്ക് കുറച്ച് ആശ്വാസമാകുംവരെ [എറണാകുളം] ആശുപത്രിയിലും ജയിലിലും പകരം ഏർപ്പാടുകൾ ചെയ്യാൻ താങ്കളോട് ഞാൻ അപേക്ഷിക്കുന്നു.' (മുൻ ഫയൽ, പേ. 78).
ജനങ്ങളുടെ നികുതിപ്പണം തിന്നുമുടിക്കുന്ന രാജകുടുംബത്തിന്റെ സ്വരൂപദർശനമുണ്ട് രാജാവ് ദിവാന് എഴുതിയ ഒരു രഹസ്യ കത്തിൽ
(തൃപ്പൂണിത്തുറ, 4.2.1899): ‘എന്റെ പെരുകിവരുന്ന കുടുംബത്തിന്റെ രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും ബഹുവിധമായ ആവശ്യങ്ങളും അവകാശവാദങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഞാൻ നിത്യവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ സ്വഭാവം അറിയാൻ വേണ്ടത്ര പരിചയം ഇക്കാലത്തിനകം താങ്കൾ നേടിയിട്ടിണ്ടെന്നു ഞാൻ കരുതുന്നു.’
‘2- താങ്കൾക്ക് നന്നായി അറിയാവുന്ന പോലെ, അമ്മ രാജാവിന്റെ [വലിയമ്മ തമ്പുരാന്റെ] കുടുംബത്തിൽ 21 തമ്പുരാട്ടിമാരും, 15-നും 21-നും ഇടയ്ക്ക് പ്രായമുളള 13 മുതിർന്ന പെൺകുട്ടികളും, 6 പെൺകുട്ടികളും, 8 ആൺകുട്ടികളും, 13 ആൺകുഞ്ഞുങ്ങളും, 20 പെൺകുഞ്ഞുങ്ങളും ചേർന്ന് 33 കുഞ്ഞുങ്ങളുണ്ട്.’ [ആകെ 81 പേർ].
‘3- സർക്കാറിൽ നിന്നുളള 3250 രൂപയുടെ മാസ സ്‌റ്റൈപ്പൻഡും,
ഭൂസ്വത്തിൽ നിന്ന് കൊല്ലത്തിൽ കിട്ടുന്ന 27,000 -ത്തോള [രൂപ] ത്തിന്റെ വരുമാനവും കൊണ്ടാണ് ഇവർ സംരക്ഷിക്കപ്പെടുന്നത്. ഇതിൽ നിന്ന് 1000-ത്തോളം രൂപയുടെ ഒരു തുകയും 6650 രൂപയുടെ മറ്റൊരു തുകയും യഥാക്രമം സർക്കാർ നികുതിയും, അമ്മ രാജകോവിലകം വക ചില ക്ഷേത്രങ്ങൾക്കും ദാനധർമങ്ങൾക്കുമുള്ള ചെലവായും പോകും. അപ്പാൾ, തന്റെ കോവിലകത്തിലെ 81 അംഗങ്ങളുടെ സംരക്ഷണത്തിനായി അമ്മരാജാവിന് യഥാർഥത്തിൽ കിട്ടുന്നത് 56,000 [58,350] രൂപയാണെന്ന് താങ്കൾക്കു കാണാം.’ (വിവിധ പ്രസവ ചെലവുകൾക്കായി കൊല്ലത്തിൽ 2000 രൂപയും കിട്ടുന്നുണ്ട് കോവിലകത്തിന്, ഈ തുക അനുവദിക്കപ്പെട്ടത്, കൊല്ലത്തിൽ ശരാശരി മുന്നിൽ കൂടുതൽ പ്രസവങ്ങളില്ലാഞ്ഞ കാലത്താണ്. എന്നാൽ ഇപ്പോൾ കൊല്ലത്തിൽ ശരാശരി ആറിൽ കുറയില്ല പ്രസവം.)
‘10- ഏകദേശം 15-ാം വയസ്സിൽ ‘ഉപനയനം' [പൂണൂൽ കല്യാണം]
കഴിയുന്ന രാജകുമാരന്മാർക്ക്, കീഴ്വഴക്കമനുസരിച്ച് സ്റ്റൈപ്പൻഡും പ്രത്യേക താമസസ്ഥലവും, പാചകത്തിനും മറ്റുമുള്ള പാത്രങ്ങളും കിട്ടാൻ അർഹതയുണ്ട്.’ (രാജാവിന് കിട്ടുന്നത് മാസത്തിൽ 7000 രൂപ, ഇളയ രാജാവിന് മാസത്തിൽ 950 രൂപ, ഒന്നാംമുറ തമ്പുരാന് മാസത്തിൽ 600 രൂപ, രണ്ടാംമുറ തൊട്ട് ഏഴാംമുറ വരെയുള്ള തമ്പുരാക്കന്മാർക്ക് മാസത്തിൽ 350 രൂപവീതം, ബാക്കി, ഒടുവിലെ മൂന്നു തമ്പുരാക്കന്മാർ ഒഴിച്ചുള്ളവർക്ക് മാസത്തിൽ 250 രൂപ വീതം, ഒടുവിലെ മൂന്നുപേർക്ക് ഇപ്പോൾ കിട്ടുന്നത് 100 രൂപ വീതം മാത്രം [...]).
‘11- അംഗസംഖ്യ കൂടുന്നതിനനുസരിച്ചുളള ആവശ്യം നിറവേറ്റാൻ വേണ്ടപ്പോഴൊക്കെ പുതിയ പാത്രങ്ങൾ അമ്മരാജാ കോവിലകത്ത് എത്തിക്കേണ്ടതും കീഴ്നടപ്പാണ്. ഈ കോവിലകത്തുളള പഴയ പാത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സർക്കാർ ചെലവിലാണ്.’
‘12- പെൺകുട്ടികൾ ഭർത്താക്കന്മാരോടൊപ്പം പാർക്കാൻ തുടങ്ങിയാൽ ഉടനെ അവർക്ക് പ്രത്യേക കെട്ടിടങ്ങൾ വേണ്ടതാണ്.’
‘13- സർക്കാറിന്റെ ആഘോഷഫണ്ടിൽ നിന്നു ചെലവ് വഹിക്കുന്ന [കൊട്ടാര] ആഘോഷങ്ങളാണ് താഴെ കുറിക്കുന്നത്.A - ചോറൂണ്: ചെലവ് മുൻപ് 4500 ഓളം രൂപയായിരുന്നു. കുറച്ചപ്പോൾ ചെലവ് ഏകദേശം 470 രൂപ.B- പെൺകുട്ടികളുടെ തിരണ്ടുപാട്ട്: ഏകദേശം 400 രൂപ.C- പെൺകുട്ടികളുടെ കല്യാണം: ശരാശരി 7000 -ത്തോളം രൂപ.D - ആൺകുട്ടികളുടെ ഉപനയനം: ഏകദേശം 4875 രൂപ.E - ഏറ്റവും പ്രായമുള്ള വൃദ്ധനും വൃദ്ധയും ഒഴിച്ചുള്ളവരുടെ ശവസംസ്‌കാര ചടങ്ങുകൾ: സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ചെലവുകൾ:-
1) മരിച്ച് 12-ാം നാൾ സമാപിക്കുന്നവയ്ക്ക് ഏകദേശം 400 രൂപ.
2) മരിച്ച് 41-ാം നാൾ സമാപിക്കുന്നവയ്ക്ക് ഏകദേശം 500 രൂപ.
3) ആറാം മാസം തീരുന്നവയ്ക്ക് ഏകദേശം 750 രൂപ.
ഏറ്റവും പ്രായമുള്ള വൃദ്ധരുടെ വൻതോതിൽ നടത്തപ്പെടുന്ന ശവസംസ്‌കാര ചടങ്ങുകൾക്ക് ഒരുലക്ഷത്തോളം രൂപ ചെലവാകും സർക്കാർ ആഘോഷഫണ്ടിൽ നിന്ന്.
‘14- വിൽപ്പനയ്ക്കു വാങ്ങിയ വിലയ്ക്കു തന്നെ ഉപ്പു കിട്ടുക, കത്തുകളും മറ്റും അങ്ങോട്ടുമിങ്ങോട്ടും സൗജന്യമായി അയയ്ക്കുക തുടങ്ങിയ പ്രത്യേകാവകാശങ്ങളും [രാജ] കുടുംബാംഗങ്ങൾക്കുണ്ട്.’
‘15- വളരെ പണ്ടുതൊട്ടേ അനുഭവിക്കുന്നവയാണ് ഈ പ്രത്യേകാവകാശങ്ങളെന്ന് താങ്കൾക്ക് വ്യക്തമായറിയാം. അതുകൊണ്ട്, അവയിൽ വല്ലതും നിഷേധിക്കുകയെന്നത് താങ്കൾക്കോ എനിക്കോ അതിസങ്കീർണ വിഷയമാണെന്നും താങ്കൾക്കറിയാം.’
‘16- രാജകുമാരന്മാരും രാജകുമാരിമാരും താമസിക്കുന്ന കൊട്ടാരങ്ങളിൽ മിക്കതും കാര്യമായ അറ്റകുറ്റപ്പണി ചെയ്യേണ്ടവയാണെന്നും, അവയിൽ ചിലതിന് സമ്പൂർണ അഴിച്ചുപണി തന്നെ വേണമെന്നും കൂടെ താങ്കൾക്ക് നന്നായറിയാം. അരഡസൻ കൊട്ടാരങ്ങൾ തമ്പുരാക്കന്മാർക്കും, അതിൽ കുറയാത്തത്രയും എണ്ണം തമ്പുരാട്ടിമാർക്കുമായി അടിയന്തിരമായി വേണം.' (മുൻ ഫയൽ, പേ. 86-89).
രാജാവിന്റെ ഡയറി തുടരുന്നു:
1.9.1899 വെള്ളി, തൃശൂർ: വൈദികരുടെ സാന്നിധ്യത്തിൽ 11 മുതൽ 2 വരെ സ്മൃതികൾ വായിച്ചുപഠിച്ചു.
2.9.1899: 11.30 മുതൽ 2.20 വരെ സ്മൃതികൾ പഠിച്ചു. പതിവു ജോലി 3 മുതൽ 4 വരെ. സവാരിക്കിറങ്ങി; പടിഞ്ഞാറെച്ചിറയ്ക്കു സമീപത്തുകൂടി പോകുന്ന റെയിൽപ്പാത പരിശോധിച്ചു. അതിലേ റെയിൽപ്പാത പോകുന്നത് കുളത്തെ അശുദ്ധമാക്കുമെന്ന പരാതിയ്ക്ക് അടിസ്ഥാനമില്ലെന്നു മനസ്സിലായി.
4.9.1899 തിങ്കൾ: ഭ്രഷ്ട് പ്രശ്നം ചർച്ചചെയ്യാൻ വൈദികരുടെയും മറ്റു വിദഗ്ധരുടെയും ഒരു യോഗം വിളിച്ചുകൂട്ടി, ഉച്ചയ്ക്ക് 2 മുതൽ 5 വരെ.
5.9.1899: വൈദികരുടെയും മറ്റും യോഗം ചേർന്നു, 3 മുതൽ 5 വരെ; ഒന്നോ രണ്ടോ കൊച്ചു കാര്യങ്ങൾ തീർപ്പാക്കി.
6.9.1899: വൈദികരുമായി ചർച്ച നടത്തി, 4 മുതൽ 5.30 വരെ.
7.9.1899: വിദേശയാത്രാ പ്രശ്നത്തിന് ധർമശാസ്ത്രങ്ങൾ വായിക്കുന്നതിനെപ്പറ്റി അഭിപ്രായമെഴുതാൻ വൈദികരുമായി ചർച്ച നടത്തി.
8.9.1899 വെള്ളി: ആ സാമൂഹികപ്രശ്നത്തെപ്പറ്റി, വിവിധ [ധർമശാസ്ത്ര] പ്രമാണങ്ങൾ വായിച്ച് ഞങ്ങൾ സ്വരൂപിച്ച അഭിപ്രായം രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു 11 മുതൽ 1 വരെ.
16.9.1899 ശനി: കെ. രാമുണ്ണിയുടെ സാമൂഹികപ്രശ്നത്തെപ്പറ്റി എറണാകുളം
ലിറ്റററി യൂണിയന്റെ ഒരു നിവേദനം കിട്ടി.
24.9.1899 ഞായർ: [രാവിലെ] 9.20ന് കൊക്കാലയിൽ നിന്നു വള്ളത്തിൽ പുറപ്പെട്ടു. വൈകിട്ട് 4-ന് തിരുവഞ്ചക്കുളത്ത് എത്തി. [...] രാത്രി 9-ന് തിരുവഞ്ചക്കുളം വിട്ടു.
25.9.1988: പുലർച്ചെ 4-ന് ഇവിടെ (തൃപ്പുണിത്തുറ) എത്തി.
27.9.1899: എന്റെ ഒടുവിലത്തെ കത്തിനുള്ള തിരുവിതാംകൂർ മഹാരാജാവിന്റെ മറുപടി കിട്ടി.
4.10.1899 ബുധൻ, കാഞ്ഞിരപ്പിള്ളി: [കെ. രാമുണ്ണി മേനോന്റെ വിദേശവാസം എന്ന] സാമൂഹികപ്രശ്നത്തിൽ [ചീഫ് കോർട്ട്] 3-ാം ജഡ്ജി [മാരാർ]യുടെ അഭിപ്രായങ്ങളിന്മേലുള്ള എന്റെ വീക്ഷണം ഒരു കവറിങ് ലെറ്ററോടു കൂടെ ദിവാന് അയച്ചു.
6.10.1899: പുലർച്ച 5.40-ന് കൊടുങ്ങയിലേക്കു തിരിച്ചു; 9-ന് സ്ഥലത്തെത്തി. 3-ന് എന്റെ കൊറുമല നെൽപ്പാടത്തെത്തി. സായാഹ്നം മുഴുവൻ പാടത്ത് പരിശോധനയുമായി കഴിച്ചു.
20.1.1899 വെള്ളി: രാവിലെ 6.30ന് കൊറുമലയിലേക്കു തിരിച്ചു. 8 മൈൽ വരുന്ന മുഴുവൻ ദൂരവും നടന്ന് 8.30ന് സ്ഥലത്തെത്തി.
6.11.1899 തിങ്കൾ, തൃപ്പൂണിത്തുറ [?]: ഇളയരാജാവ് മരിച്ചെന്ന ദുഃഖവാർത്ത ഉച്ചയ്ക്കുശേഷം 3-ന് കിട്ടി. ഉടനെ ദർബാർ ഹാളിലേക്കുപോയി; അവിടെ ദുഃഖാചരണത്തിൽ പങ്കുകൊണ്ടു. [?]
7.11.1899: അടുത്ത 12 നാൾ നിത്യപൂജ നടത്തി, ഉപ്പ് ഉപയോഗിച്ചില്ല, എല്ലാ ഔദ്യോഗിക ജോലികളും ചെയ്തു.
4.12.1899: വൈദിക [Pundit] രുമായി ചർച്ച നടത്തി [വൈകീട്ട്] 3 മുതൽ
5 വരെ. തുടർന്ന് 10-ാം തീയതി വരെയും 12, 13, 15, 16 തീയതികളിലും ഏതാണ്ട് ഇതേ സമയത്ത് വൈദികരുമായി ചർച്ച നടത്തി.
14.12.1899 വ്യാഴം: എറണാകുളത്തുചെന്ന് മിസ്റ്റർ ഡി-ലാങ്ങിനെക്കൊണ്ട് എന്റെ 3 ഫോട്ടോ എടുപ്പിച്ചു; വൈകിട്ട് 6.30ന് ഇവിടെ മടങ്ങിയെത്തി.
19.12.1899 ചൊവ്വ: എന്റെ പിറന്നാളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തു, രാവിലെ 7 മുതൽ 10 വരെ.
21.12.1899: ഭജനം തുടങ്ങി; രാവിലെ 6 മുതൽ 9 വരെ ക്ഷേത്രത്തിൽ ചെലവഴിച്ചു. [...] വൈകിട്ട് 5 മുതൽ 7 വരെ ക്ഷേത്രത്തിലായിരുന്നു.
22, 23 തീയതികളിലും തുടർന്നു ഇതേ ഭജനക്രമം.
24.12.1899 ഞായർ: മെസെർസ് സുബ്ബറാവുവിനും വി.കെ. കൊച്ചുണ്ണിയ്ക്കും, യഥാക്രമം ജൂനിയർ അസിസ്റ്റൻറ് സർജനായും അഞ്ചിക്കൈമൾ സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയായും തീട്ടൂരം നൽകി.
(പിന്നീട് കൊട്ടാരത്തിൽ രാജാവിന്റെ ചെറുമകളെ ബലാൽസംഗം ചെയ്തെന്ന കേസിൽ നാടുകടത്തപ്പെട്ടത് ഈ സുബ്ബറാവുവാണ്.)
25.12.1899: ഒരു കുഞ്ഞു രാജകുമാരിയുടെ ചരമവാർത്ത കേട്ടു വെളുപ്പിന് 4-ന്. ദിവാന് ഒരു ഡി.ഒ. എഴുതി ഉച്ചയ്ക്ക് 12-ന്. പതിവുജോലി 1 മുതൽ 2.30 വരെ.
26.12.1899: സ്ഥലത്ത് (ഹിൽ ബംഗ്ലാവിൽ) എത്തി പുലർച്ചെ 6-ന്.
[...] സ്പെഷൽ റവന്യു ഒഫിസർ വി.കെ. രാമനെ കണ്ടു. ഉച്ചയ്ക്ക് ശേഷം 3-ന്. സർവെ പാർട്ടിയോടൊത്ത് പ്രവർത്തിയ്ക്കുന്ന ഏതാനും റവന്യു ഉദ്യോഗസ്ഥരുടെ നെറികേടിനെപ്പറ്റി കേൾക്കുന്ന അപവാദത്തെയും മറ്റു പൊതുകാര്യങ്ങളെയും കുറിച്ച് അദ്ദേഹവുമായി നീണ്ട ചർച്ച നടത്തി.
30.12.1899 ശനി: ഡി.ഒ. ജോലി 11 മുതൽ 1 വരെ. പതിവു ജോലി 1 മുതൽ 2 വരെ. വൈകിട്ട് ക്ഷീണം തോന്നി. കട്ടിയാഹാരമൊന്നും കഴിച്ചില്ല. രാത്രി 8-ന് ഒരു കപ്പ് ചായ കുടിച്ച് കയറിക്കിടന്നു.
നൂറ്റാണ്ടുമുൻപ് എറണാകുളത്തെ ഫെറി ബോട്ട് സർവീസ് ലേലത്തിലേയ്ക്ക് കോൺട്രാക്റ്റർ ഹാജി ഹുസൈൻ സീദിക്ക് 16.2.0899-ന് എഴുതി നൽകിയ അപേക്ഷയുണ്ട് രാജാവിന്റെ കത്ത് ഫയലിൽ. എറണാകുളം - മട്ടാഞ്ചേരി റൂട്ടിൽ രണ്ട് സ്റ്റീം ബോട്ട് കൊണ്ട് 1075 ചിങ്ങം ഒന്നുമുതൽ ഏഴുകൊല്ലം സർവീസ് നടത്താനാണ് അപേക്ഷ. ഫസ്റ്റ് ക്ലാസ് നിരക്ക് ആൾ ഒന്നിന് രണ്ട് അണയും സെക്കൻഡ് ക്ലാസിന് ഒരണയും, തേഡ് ക്ലാസിന് 9 (?) പൈസയുമാണ്. മൂന്നു കൂട്ടർക്കും 30 പൗണ്ട് ലഗേജ് കൂടെ കൊണ്ടുപോകാം സൗജന്യമായി. സ്‌കൂൾ ദിനങ്ങളിൽ വിദ്യാർഥികൾക്കും മറ്റും യാത്ര സൗജന്യം (pp. 119,121,122, Raja's File 1899, Book I, I.N. Menon's Collection, Regional Archives Ernakulam).
സാമൂഹികവിപ്ലവത്തിന്റെ മഹനീയസ്വരം കേൾക്കാം, ദിവാൻ പി. രാജഗോപാല ചാരി 22.2.1899-ന് എറണാകുളത്തുവച്ച് രാജാവിന് എഴുതിയ കത്തിൽ. പാലസ് സ്‌കൂളിലും എറണാകുളം കൊളേജിലും പഠിയ്ക്കുന്ന രാജാകുമാരന്മാരെപ്പറ്റിയാണ്കത്ത്: ‘യുവാക്കൾ, രാജകുടുംബത്തിൽപ്പെട്ടവരാണെങ്കിലും, മറ്റു ജാതി-മതക്കാരായ യുവാക്കളുമായി ഒരേ ക്ലാസിൽ അടുത്തിടപഴകുന്നത് ഗുണകരമാണ്. മനുഷ്യർ കാലം ചെല്ലുമ്പോൾ വിലയിരുത്തപ്പെടുന്നത് അവരുടെ ജന്മം നോക്കിയല്ല, എന്തുചെയ്യുന്നു അവർ എന്നു നോക്കിയാണ് എന്ന സത്യത്തിലേക്ക് ഇത് അവരുടെ കണ്ണുതുറപ്പിയ്ക്കും.' (മുൻ ഫയൽ, പേ. 138,139)
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയിൽ പാളത്തിലൂടെയാണ് കൊച്ചി രാജ്യത്ത് തീവണ്ടി വന്നതെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് ചിലർ. കൊച്ചി നഗരസഭ പ്രസിദ്ധീകരിച്ച ‘സ്മരണിക - 2000' എന്ന സുവനീറിൽ ചേർത്ത ‘ആദ്യ ട്രെയിനിന് പിന്നിലെ ആനക്കഥ'യിൽ നിന്ന്: ‘തീവണ്ടി കൊണ്ടുവരാൻ പണമില്ല. ജനങ്ങളുടെ ക്ഷേമങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവ് ഇതിനൊരു പരിഹാരം കണ്ടെത്തി. തൃപ്പൂണിത്തുറ പൂർണത്രയീശൻ ക്ഷേത്രത്തിൽ അന്ന് ഉണ്ടായിരുന്നത് പതിനഞ്ചു തങ്കനെറ്റിപ്പട്ടങ്ങൾ. അവയിൽ പതിനാലു തങ്കനെറ്റിപ്പട്ടങ്ങളും സമീപക്ഷേത്രങ്ങളിലെ ആഭരണങ്ങളും ബാക്കി കൊട്ടാരം വക പണവും റെയിൽവേ ലൈനിനുവേണ്ടി ഉപയോഗിച്ചു.' (പേ.23)
30.12.2005-ന്റെ ദേശാഭിമാനി ദിനപത്രത്തിലെ ‘കൊച്ചി കാഴ്ച’ സപ്ലിമെന്റിൽ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയിൽപ്പാളം' എന്ന ലേഖനത്തിൽ (പേ.1) പറയുന്നത്, ‘പൂർണത്രയീശൻ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങളും ആഭരണങ്ങളും' വിറ്റിട്ടാണ് രാജാവ് തീവണ്ടിപ്പാതയ്ക്ക് കാശുണ്ടാക്കിയതെന്നാണ്. ‘സ്മരണികയിൽ കണ്ട' സമീപക്ഷേത്രങ്ങൾ ഇവിടെയല്ല! സ്മരണികക്കാരും കാഴ്ചക്കാരും ഒരേ കൂട്ടരാണ്.
മാസം മൂന്ന് തികയും മുൻപേ ‘കൊച്ചി കാഴ്ച'ക്കാർക്ക് വേറൊരു ‘സത്യം'കണ്ടുകിട്ടി; ‘ഈ രാജാവ് കൊച്ചിയുടെ പിതാവ്' എന്ന മുഖലേഖനത്തിൽ നിന്ന്: ‘റെയിൽപാത പണിയാൻ പണമില്ലാതെ വന്നപ്പോൾ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആറ് സ്വർണനെറ്റിപ്പട്ടം വിറ്റ് പണം കണ്ടെത്താൻ അദ്ദേഹം [രാജാവ്] തയ്യാറായി' (ദേശാഭിമാനി, 10.3.2003, പേ.1) വിറ്റ നെറ്റിപ്പട്ടങ്ങൾ, 14-നു പകരം 6 ആയി ഇവിടെ! ഈ എഴുത്തുകൾക്കൊക്കെ അടിസ്ഥാനമെന്തെന്ന് പ്രസ്തുത ‘കഥാ'കൃത്തുക്കൾ തന്നെ വെളിപ്പെടുത്തുംവരെ നമുക്ക് രാജാവിന്റെ സ്വന്തം രേഖകൾ വിശ്വസിയ്ക്കാനേ നിവ്യത്തിയുള്ളൂ. (ഒരു ജനവിരുദ്ധ ഭരണവർഗ നായകനുവേണ്ടി നുണപറഞ്ഞു സ്തുതിപാടുകയാണവർ എന്ന അശ്ലീലസത്യം തത്കാലം നിൽക്കട്ടെയവിടെ.) അതനുസരിച്ച്, പലിശയ്ക്ക് പണം കടം നൽകുന്നവരുടെ രൂപത്തിലാണ് ക്ഷേത്രങ്ങളെ ഇവിടെ നാം കാണുന്നത്: ദിവാൻ രാജാവിന് എഴുതിയ കത്ത് (14.3.1899, എറണാകുളം) നോക്കാം ആദ്യം: ഇൻഡ്യൻ ഗവൺമെന്റിന്റെ 32-ഓളം ലക്ഷത്തിൽ കൂടുതൽ പ്രോ-നോട്ടുകൾ നമ്മൾ വിൽക്കുന്നതിന് എതിരാണ് റെസിഡൻറ്. ഒന്നാം കൊല്ലത്തേയ്ക്ക് തീർച്ചയായും ഇതു മതി. ഒരു വായ്പയ്ക്കായി നാം രാജ്യത്തിനുപുറത്തേയ്ക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന പ്രശ്നം ഇപ്പോൾ അത്ര അടിയന്തിരമല്ല. അതേസമയം, ഈ വിഷയത്തിന് ജാഗ്രത്തായ പരിഗണന കിട്ടണമെന്നത് വ്യക്തമാണ്. അതുകൊണ്ട്, ഈ വിഷയം പരിഗണിയ്ക്കാൻ തിരുമനസ്സിനോട് ഞാൻ അപേക്ഷിക്കുന്നു. എത്ര പണം നമുക്കു കടം തരാൻ ക്ഷേത്രങ്ങൾക്കാവുമെന്നതിനെപ്പറ്റി എനിയ്ക്കൊരു സൂചന തരാൻ അവിടത്തേയ്ക്ക് കഴിയുമോ? നാലോ അഞ്ചോ ലക്ഷത്തിലധികമാവും അതെന്നു ഞാൻ കരുതുന്നില്ല.' (മുൻ ഫയൽ, പേ.49)
അഞ്ചുനാൾ മുൻപ് 9.3.1899-ന് റെസിഡൻറ് എഫ്.എ. നിക്കോൾസന് ദിവാൻ എഴുതി: [റെയിൽവേയ്ക്കുവേണ്ട പണത്തിൽ ഒട്ടും മുൻകൂർ തരില്ല ഇൻഡ്യൻ ഗവൺമെൻറ് എന്നതിനാൽ] ഗവൺമെൻറ് പ്രോ-നോട്ടുകൾ ഇപ്പോൾ മുഖവിലയ്ക്കുമേൽ വിൽക്കുന്നതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ പ്രോ-നോട്ടുകൾ വിറ്റ്റെയിൽവേയ്ക്കു ഫണ്ടുണ്ടാക്കാത്തതിൽ ഒരു ന്യായവുമില്ലെന്നു രാജാവ് കരുതുന്നതായി തോന്നുന്നു; പിന്നെ വേണ്ട ഏതാനും ലക്ഷങ്ങൾക്കായി, തിരുമനസ്സ് ഏക ട്രസ്റ്റിയായ ചില സമ്പന്നക്ഷേത്രങ്ങളിൽ നിന്ന് ന്യായമായ പലിശയ്ക്ക് പണം തരപ്പെടുത്താമെന്നും അവിടന്നു കരുതുന്നു. വല്ല കടവും സ്വരൂപിയ്ക്കുന്നതിൽ നിന്ന് അതു ഞങ്ങളെ രക്ഷിച്ചേയ്ക്കാം.' (മുൻ ഫയൽ, പേ. 150) ▮
(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ് സ്‌ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്)
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.