രാജർഷി രാമവർമ്മ

പള്ളുരുത്തിയിലെ മതസംഘർഷവും ഒരു കലാപസ്വരവും

രാജർഷി രാമവർമ: ഇതാ, രേഖകൾ സത്യം പറയുന്നു- 5

രാജാവിനെതിരായ ഒരു കലാപത്തിന്റെ സ്വരം കേൾക്കാം, അദ്ദേഹം കൂനൂരിൽ വച്ച് 2.4.1899 -ന് ദിവാന് എഴുതിയ കത്തിൽ

ള്ളുരുത്തിയിൽ മതസംഘർഷം ഉരുണ്ടുകൂടുന്നു.
ദിവാൻ 14.3.1899-ന് എറണാകുളത്തുവച്ച്, തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതി: ‘പള്ളുരുത്തി വേലയുത്സവത്തെപ്പറ്റി അഞ്ചിക്കൈമൾ ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ ഉച്ചയ്ക്ക് എന്നെ ആശങ്ക അറിയിച്ചു. ‘മഹമ്മദന്മാർ വലിയ സംഘങ്ങളായി ഒരു ലഹളയ്ക്ക് ഒരുങ്ങുന്നു എന്ന് ശക്തമായി കിംവദന്തി'യുണ്ടെന്ന് അദ്ദേഹം എനിക്കെഴുതുകയും ചെയ്തു. റസിഡന്റിന്റെ എസ്‌കോർട്ട്​ സംഘത്തെയും എറണാകുളം ട്രഷറിയിലെ സീപോയ് ഗാർഡിനെയും, നാലുനാൾ നീളുന്ന ഉത്സവഘട്ടം മുഴുവൻ തന്റെ കീഴിൽ നിർത്താൻ അദ്ദേഹം അപേക്ഷിച്ചു. ഞാൻ ഉടനെ ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിലെ ഉള്ളടക്കം മിസ്റ്റർ നിക്കോൾസനെ എഴുതിയറിയിച്ചു. കഴിയുമെങ്കിൽ റെസിഡൻറിന്റെ എസ്‌കോർട്ടിലെ സീപോയ് ഗാർഡിനെ എനിയ്ക്കു വിട്ടുതരാൻ അപേക്ഷിച്ചു. എന്നാൽ, നിർഭാഗ്യത്തിന്, റസിഡൻറിന്റെ എസ്‌കോർട്ട്​ കഴിഞ്ഞ ശനിയാഴ്ച ബോൾഗാട്ടി വിട്ടതായി ഞങ്ങൾ മനസ്സിലാക്കി. എറണാകുളം ട്രഷറി ഗാർഡിന്റെ ജമേദാർ ഇൻ-ചാർജിനോട്,
അദ്ദേഹവും അദ്ദേഹത്തിന്റെ കിട്ടാവുന്നത്ര സംഘാംഗങ്ങളും ജില്ലാ മജിസ്ട്രേറ്റിനുകീഴിൽ അണിനിരക്കാൻ നിർദേശിയ്ക്കണമെന്നും, തൃശൂരിൽ നിന്ന് മുപ്പതോളം സീപോയിമാരെ അയയ്ക്കണമെന്നും ഞാൻ തൃശൂരിലെ കമാൻഡിങ് ഓഫിസർക്ക്‌ ടെലിഗ്രാം അയയ്ക്കുകയും ചെയ്തു. എന്റെ അപേക്ഷ അംഗീകരിച്ച് കമാൻഡിങ് ഓഫിസർ എനിയ്ക്കു മറുപടി അയയ്ക്കുകയും, എറണാകുളം ട്രഷറി ഗാർഡ് ഇന്നലെ വൈകീട്ട് ജില്ലാ മജിസ്ട്രേറ്റിനൊപ്പം മട്ടാഞ്ചേരിയിലേയ്ക്കു പോകുകയും, രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് എടുത്ത ഊർജിത നടപടിയ്ക്ക് നല്ല ഫലമുണ്ടായതായി കാണുന്നു. ഇന്നലെ രാത്രി ഉത്സവം ഭംഗിയായി നടന്നു എന്ന് തിരുമനസ്സിനെ അറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ഇന്നു രാവിലെ 10 മണിയോടടുത്ത് എനിയ്ക്ക് താഴെ കുറിക്കുംപ്രകാരം എഴുതി: [...] ഇന്ന് പ്രകടനമൊന്നുമില്ല. മിക്ക മഹമ്മദന്മാരും ഈ സ്ഥലം വിട്ടിരിയ്ക്കയാണ്. ജനം പറയുന്നത്, നമ്മൾ ജാഗ്രത പാലിയ്ക്കുന്നില്ലെങ്കിൽ മതഭ്രാന്തന്മാർ നാളെ രാത്രി ഒരാക്രമണത്തിനു മുതിർന്നേക്കാമെന്നാണ്. ഞാൻ അവരുടെ നീക്കങ്ങൾ ശ്രദ്ധിയ്ക്കുന്നുണ്ട്; അങ്ങയിൽ നിന്നു
കൂടുതൽ വല്ല സഹായവും വേണമെങ്കിൽ ഞാൻ അറിയിക്കാം. ‘[....] പിൻകുറി: ഞാൻ ഇന്നു വൈകീട്ട് (ഏകദേശം 5-ന്) മട്ടാഞ്ചേരിയിലേയ്ക്കുപോയി ജില്ലാ മജിസട്രേറ്റുമായി ചർച്ച നടത്തി.' (മുൻ ഫയൽ, പേ. 154,156).

പിറ്റേന്ന് രാജാവ് ഹിൽ ബംഗ്ലാവിൽ വച്ച് ദിവാന് എഴുതി (D.O. No.103): ‘ഞാൻ കേട്ട എല്ലാ വിവരങ്ങളും വച്ചു നോക്കുമ്പോൾ എനിയ്ക്കു തോന്നുന്നത്, താങ്കളും ജില്ലാ മജിസ്ട്രേറ്റും എടുത്ത മുൻകരുതൽ നടപടികൾ ഇല്ലായിരുന്നെങ്കിൽ ഗുരുതരമായ ഒരു ലഹള ഉണ്ടാകുമായിരുന്നു എന്നാണ്. ലഹളയുടെ സൂചനകളെല്ലാം മുഴുവനായി മായുംവരെ, തൃശൂരിൽ നിന്നു വന്ന ബ്രിട്ടീഷ് സീപോയിമാർ സ്ഥലത്തുണ്ടായിരിക്കുന്നതാണു നല്ലതെന്നു ഞാൻ കരുതുന്നു.' (മുൻ ഫയൽ, പേ. 157).

പിറ്റേന്ന് (16.3.1899, എറണാകുളം) ദിവാൻ തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതി: ‘ഒരു കുഴപ്പവും കൂടാതെ ഒടുവിൽ പള്ളുരുത്തി വേലയുത്സവം സമാപിച്ചു; ബ്രിട്ടീഷ് സീപോയിമാർ ഇന്നു വൈകീട്ട് മട്ടാഞ്ചേരി വിട്ട് തൃശൂർക്കു മടങ്ങുകയാണ്.' (മുൻ ഫയൽ, പേ. 160).

സർക്കാർ ജോലി നൽകുന്നിടത്ത് പണ്ടേയുണ്ട് അഴിമതി.
രാജാവ് ഹിൽബംഗ്ലാവിൽ വച്ച് 30.3.1899-ന് ദിവാന് എഴുതി (D.O. No.177): ‘സർക്കാർ സർവീസിലെ ബന്ധുത്വ നിയമനങ്ങൾ എന്റെ ശ്രദ്ധയിൽപെടുകയും, നീണ്ടകാലമായി എനിയ്ക്കു വലിയ മനഃപ്രയാസമുണ്ടാക്കുകയും ചെയ്യുകയാണ്; ഇക്കാര്യത്തിൽ മിസ്റ്റർ നിക്കൊൾസന്റെ അഭിപ്രായമറിയാൻ ഞാൻ താങ്കൾക്ക് എഴുതാൻ ആഗ്രഹിക്കയും ചെയ്തു.' (മുൻ ഫയൽ,പേജ്. 203).

തിരക്കുകൾക്കിടയിലും ദിവാൻ പി. രാജഗോപാലചാരിയ്ക്ക് സ്വന്തം കുടുംബകാര്യം ഒഴിവാക്കാനാവില്ല. ഷൊർണൂരിലായിരിക്കുമ്പോൾ 21.5.1899-ന് അദ്ദേഹം മദ്രാസിലെ കൂനൂരിൽ വിശ്രമിയ്ക്കുന്ന രാജാവിന് എഴുതി: ‘‘എന്റെ ഭാര്യയെയും മക്കളെയും പോണ്ടിച്ചരിയിലേയ്ക്കു കൊണ്ടുപോയി, അവർക്ക് അവിടെ താമസിയ്ക്കാൻ ഏർപ്പാടുചെയ്തിട്ട് മടങ്ങിവരാൻ എനിയ്ക്കു 10 ദിവസത്തെ കാഷ്വൽ ലീവ് തരുക’’ എന്ന് അപേക്ഷിച്ചിട്ട് ദിവാൻ തുടരുന്നു: ‘സ്ഥലവും കാലാവസ്ഥയും പാടെ ഒന്നു മാറണമെന്നത് എന്റെ പാവം ഭാര്യയെ സംബന്ധിച്ച് ഒട്ടും നീട്ടിവയ്ക്കാനാവില്ല എന്നു ഞാൻ ഭയപ്പെടുന്നു. ഞാൻ കൂടെ ചെല്ലുകയും, ആദ്യത്തെ കുറച്ചുദിവസമെങ്കിലും കൂടെ താമസിയ്ക്കുകയും ചെയ്യാഞ്ഞാൽ അവർക്കു സന്തോഷമാകില്ല.'
(Raja's File 1899, Book II pp. 41- 42).

പിറ്റേന്നു രാജാവ് മറുപടി എഴുതി: ‘താങ്കളുടെ ഭാര്യയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി കേൾക്കാൻ എനിക്ക് ഉത്കണ്ഠയുണ്ട്. എങ്കിലും ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നതെന്തെന്നാൽ, കാലവർഷക്കാലത്ത് മറ്റേ [പൂർവ] തീരത്തേയ്ക്കുളള ഒരു മാറ്റം അവരുടെ ആരോഗ്യനിലയെ വലുതായി മെച്ചപ്പെടുത്തുമെന്നാണ്. താങ്കൾ കൂടെ ചെല്ലണമെന്നും, സൗകര്യപ്രദമായ താമസസ്ഥലം ഏർപ്പാടു ചെയ്തുകൊടുക്കണമെന്നും, അവർ പ്രതീക്ഷിയ്ക്കുന്നത് തികച്ചും സ്വാഭാവികവും ന്യായവുമാണ്. അവരെ പോണ്ടിച്ചരിയിലേയ്ക്കു കൊണ്ടുപോകാനും, അവിടെ അവരോടൊപ്പം 10 ദിവസമോ രണ്ടാഴ്ചയോ താമസിയ്ക്കാനും താങ്കളെ ഞാൻ സന്തോഷത്തോടെ അനുവദിയ്ക്കുന്നു. [വടക്കഞ്ചേരിയിൽ കുതിരവണ്ടി അപകടത്തിൽപെട്ടതിനാൽ] താങ്കളുടെ കാലിന്റെ ഇപ്പോഴത്തെ സ്ഥിതിയ്ക്ക്, എറണാകുളത്തേയ്ക്കു പോകുന്നതിനെപ്പറ്റി ആലോചിയ്ക്കണമെന്ന് താങ്കളെ ഒട്ടും ഉപദേശിയ്ക്കാനാവില്ല.' (മുൻ ഫയൽ, പേ.43).

രാജാവിനെതിരായ ഒരു കലാപത്തിന്റെ സ്വരം കേൾക്കാം, അദ്ദേഹം കൂനൂരിൽ വച്ച് 2.4.1899 -ന് ദിവാന് എഴുതിയ കത്തിൽ: ‘ഏതാനും ദിവസം മുൻപ് എറണാകുളത്തുനിന്ന് എനിയ്ക്കു കിട്ടിയ ഒരു കത്തിൽ നിന്നു ഞാൻ മനസ്സിലാക്കുന്നത്, മിസ്റ്റർ ഡൊൺ അധ്യക്ഷതവഹിച്ച ഒരു യോഗം പിന്നീട് കൊച്ചി രാജ്യകാര്യങ്ങൾ ചർച്ച ചെയ്തെന്നും, നമ്മൾ അനേക കാര്യങ്ങളിൽ കുറ്റക്കാരാണെന്ന് അവർ ഏകകണ്ഠമായി പ്രഖ്യാപിച്ചെന്നും, മിസ്റ്റർ ഡൊണിനെയും അദ്ദേഹത്തിന്റെ ചീഫ് കൗൺസിലറെയും കൊച്ചിയിൽ നിന്ന്​നാടുകടത്താൻ വിധിച്ചെന്നുമാണ്. എന്റെ വിവരം എത്രത്തോളം ശരിയാണെന്ന് എനിയ്ക്കറിയില്ല. എന്റെ വിവരദാതാവ് ഇതൊരു കിംവദന്തിയെന്ന നിലയിൽ മാത്രമാണു തരുന്നത്. എന്നാൽ, അത്തരമൊരു കാര്യം അസംഭാവ്യമല്ല എന്നാണ് മുൻകാല അനുഭവം വച്ച് ഞാൻ ചിന്തിയ്ക്കുന്നത്. നമ്മുടെ കുറ്റങ്ങൾക്ക് പാവം ഡൊണും ചങ്ങാതിയും ശിക്ഷ അനുഭവിയ്ക്കേണ്ടിവരുന്നതിൽ എനിയ്ക്കു വളരെ ദുഃഖമുണ്ട്.' (മുൻ ഫയൽ, പേ.47).

പിറ്റേന്ന് ദിവാൻ ഷൊർണൂരിൽ വച്ച് രാജാവിന് കൂനൂരിലേക്ക് എഴുതി: ‘ഡൊണിനെയും അദ്ദേഹത്തിന്റെ ചെയ്തികളെയും പറ്റി തിരുമനസ്സ് എനിയ്ക്കു തന്ന വാർത്ത കണ്ട് തമാശയാണു തോന്നിയത്. എറണാകുളം രാഷ്ട്രീയത്തെപ്പറ്റി കുറച്ചുനാളായി ഒന്നുമറിയുന്നില്ല ഞാൻ. അതേപ്പറ്റി, നമ്മൾ അവിടെ ചെല്ലുമ്പോൾ ധാരാളം കേൾക്കാനിടയുണ്ട്. അതിനിടയ്ക്ക് പാവം ഡൊണിനോട് അവിടുത്തേയ്ക്കുള്ള സഹാനുഭൂതിയിൽ ഞാൻ പൂർണമായി പങ്കുചേരുന്നുവെന്ന് തിരുമനസ്സിന് ഉറപ്പുതരുന്നു.' (മുൻ ഫയൽ, പേ.48-49).

ഞെട്ടിപ്പിയ്ക്കുന്നതും അത്യസാധാരണവുമായ ഒരു കാര്യമാണ് 21.6.1899-ന് രാജാവ് എഴുതിയ മെമോയിലുള്ളത്: ‘വടശ്ശേരി രാവുണ്ണിയെയും കുഞ്ഞിക്കുട്ടിയെയും അവരുടെ സ്വന്തം ലൊക്കാലിറ്റിയിൽ പ്രവേശിപ്പിക്കുന്നതിനെയും, അവരുടെ സമുദായത്തിന് സാധാരണ അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങൾ നൽകുന്നതിനെയും സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച്' എന്ന് രാജാവ് പെൻസിൽകൊണ്ടു കുറിച്ചതിനു താഴെയായി ടൈപ്പ് ചെയ്തതാണ് ഈ മെമോ: ‘ഈ ഫയൽ ശ്രദ്ധയോടെ വായിച്ചതിൽ നിന്ന്... ഞാൻ മനസ്സിലാക്കുന്നത്, വടശ്ശേരി
രാവുണ്ണിയ്ക്കും അയാളുടെ അമ്മായി കുഞ്ഞിക്കുട്ടിയ്ക്കും എതിരെ കൊണ്ടുവന്നിട്ടുള്ള കുറ്റാരോപണങ്ങൾ ഇവയാണ്:

1. ബ്രഹ്മഹത്യ (ഒരു ബ്രാഹ്മണന്റെ കൊലപാതകം) - ഇരുവർക്കും ബാധകം.
2. മാതൃഗമനം (അമ്മയുമായി ലൈംഗികവേഴ്ച - ഈ കേസിൽ
അമ്മയുടെ സഹോദരി)- ആദ്യത്തെയാൾക്കു മാത്രം ബാധകം.
3. പുത്രഗമനം (അമ്മ മകനുമായി നടത്തുന്ന ലൈംഗികവേഴ്ച) - ഈ കേസിൽ അനന്തരവനുമായുണ്ടായ വേഴ്ച.) ഇതു രണ്ടാമത്തെ ആൾക്കു മാത്രം ബാധകം.

‘ആരോപിക്കപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും കുറ്റങ്ങളിൽ പ്രതികൾ യഥാർഥത്തിൽ കുറ്റക്കാരാണെന്നു കാണിക്കാൻ വേണ്ടതൊന്നും തന്നെയില്ല രേഖകളിൽ. ഇരുവർക്കുമെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചവർ തങ്ങൾക്കു തുണയാകുന്ന വല്ല തെളിവും ഹാജരാക്കാൻ ഒരു ശ്രമംപോലും നടത്തിയിട്ടില്ല. [...] രാവുണ്ണിയ്ക്കും കുഞ്ഞിക്കുട്ടിയ്ക്കുമെതിരെ ഒടുവിലത്തെ രണ്ട് ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നു തെളിയിച്ചാൽ, അവർ ജീവിതകാലം മുഴുവൻ ജാതിഭ്രഷ്ടരായി കഴിയേണ്ടിവരും; അവരെ കുറ്റത്തിൽ നിന്നും കുറ്റത്തിന്റെ സാമൂഹികവും മതപരവുമായ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ ഒരു നിവൃത്തിയുമില്ല.

‘രാമേശ്വരം പോലുള്ള ഒരു പുണ്യസ്ഥലത്തേയ്ക്കു തീർഥാടനവും, വൈദികർ നിശ്ചയിച്ചിട്ടുള്ള പ്രായശ്ചിത്തങ്ങളും മതിയാകും, ഒന്നാമത്തെ ആരോപണത്തിൽ പറയുന്ന പാപത്തിൽ നിന്നും കുറ്റവാളികൾ ശുദ്ധീകരിക്കപ്പെടാൻ.’
‘പരാതിക്കാർ വാദിക്കുന്നത്:
1. കൊടുങ്ങല്ലൂർ രാജാവ് ആജ്ഞാപിച്ച പ്രകാരം അവർ രാമൈശ്വരത്തേയ്ക്കു പോയെന്നും,
2. വൈദികരുടെ നിർദേശപ്രകാരമുള്ള പ്രായശ്ചിത്തങ്ങൾ ചെയ്തെന്നും,
3. രാജാവിന്റെ പക്കൽ നിന്നും ജലം വാങ്ങി കുടിച്ചെന്നുമാണ്.

രാജാവ് ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. മേൽപറഞ്ഞ മൂന്നു കാര്യങ്ങളിൽ ഒടുവിലത്തേത് രാജാവ് സമ്മതിച്ചാൽ പോലും, ഒരു ബ്രാഹ്മണന്റെ കൊല പോലെ നീചമായ ഒരു കുറ്റത്തിന് അത് മതിയായ പ്രായശ്ചിത്തമാകില്ലെന്നാണ് ഞാൻ കരുതുന്നത്. കൊടുങ്ങല്ലൂർ രാജാവിന് കൈമുക്ക് വൈദികൻ 1068 ഇടവം എട്ടിന് എഴുതിയതെന്ന് കരുതുന്ന ഒരു കത്തിന്റെ പകർപ്പ് ഞാൻ കണ്ടു. ഈ കത്ത് പ്രകാരം, തടവിന്റെ പേരിൽ മാത്രമാണ് പരാതിക്കാരോട് പ്രായശ്ചിത്തമനുഷ്ഠിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് കരുതുന്നത്; അല്ലാതെ പരാതിക്കാർക്ക് എതിരെ കൊടുങ്ങല്ലൂരിലെ ജനങ്ങൾ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്ല. കൈമുക്ക് വൈദികന്റെ നിർദേശപ്രകാരം രാവുണ്ണിയും കുഞ്ഞിക്കുട്ടിയും അനുഷ്ഠിക്കണമെന്ന് പറയുന്ന പ്രായശ്ചിത്തം ഇവിടെ നടന്നിട്ടില്ലെന്നത് അതുകൊണ്ട് വ്യക്തമാണ്.

‘കൊടുങ്ങല്ലൂർ രാജാവ് 1074 ചിങ്ങം 28-ന് ദിവാനുള്ള കത്തിൽ
എഴുതുന്നത്, സമ്മതിച്ച പ്രകാരം കൈമുക്ക് വൈദികൻ ഈ വിഷയം അന്വേഷിക്കാൻ കൊടുങ്ങല്ലൂർക്ക് പോയിട്ടില്ലെന്നും, അത്തരമൊരു അന്വേഷണം നടത്താൻ 60 രൂപ വേണമെന്നും, രാവുണ്ണിയും മറ്റും ചെലവു വഹിക്കുമെങ്കിൽ കൈമുക്ക് വൈദികൻ പോയി വേണ്ട അന്വേഷണം നടത്തുമെന്നു’മാണ്. പക്ഷേ ഇതേ വൈദികന്റെ 1068 ഇടവത്തിലെ കത്തിനെപ്പറ്റി രാജാവ് ഒരക്ഷരം മിണ്ടുന്നില്ല.
‘ഒരവസാന നിഗമനത്തിലെത്താൻ, താഴെക്കുറിക്കുന്ന പോയിന്റുകളുടെ വിവരം വേണം എനിക്ക്:
‘A. പരാതിക്കാർക്കെതിരേ താൻ ഉന്നയിച്ച മൂന്നാമത്തെ ആരോപണം സ്ഥാപിക്കാൻ രാജാവിന്റെ പക്കൽ എന്തു തെളിവാണ് ഉള്ളത്?
‘B. തങ്ങൾ രാമൈശ്വരത്തേക്കുയ് തീർഥാടനം നടത്തിയെന്നു കാണിക്കാൻ പരാതിക്കാർക്ക് എന്തുണ്ട് തെളിവ്?
‘C. കൈമുക്ക് വൈദികൻ 1068 ഇടവത്തിൽ തനിക്കെഴുതിയ കത്തിനെപ്പറ്റി എന്തു പറയാനുണ്ട്?
‘D. രേഖാമൂലമായ നിർദേശം അനുസരിച്ചാണോ വൈദികൻ അവരെ പ്രായശ്ചിത്തം ചെയ്യിച്ചത്?
‘E. അതങ്ങനെയാണെങ്കിൽ, ആരെഴുതി അദ്ദേഹത്തിന്? ആ കത്ത് എവിടെ?
‘F. ആദ്യത്തെ ആരോപണത്തിന്, വൈദികരുടെ അഭിപ്രായമനുസരിച്ച് മതിയായ ഒരു പ്രായശ്ചിത്തം എന്തായിരിക്കും?
‘G. ആദ്യത്തെ ആരോപണത്തിന് തങ്ങൾ പ്രായശ്ചിത്തം ചെയ്തു എന്നു തെളിയിക്കാൻ പരാതിക്കാർക്ക് കഴിയുമോ?
‘വിവാദ വിഷയത്തിൽ കൊടുങ്ങല്ലൂർ രാജാവ് എന്നെങ്കിലും
എഴുതിയിട്ടുണ്ടോ ഏതെങ്കിലും വൈദികന്? അല്ലെങ്കിൽ, ഏതെങ്കിലും
വൈദികൻ അതേപ്പറ്റി അദ്ദേഹത്തിന് എഴുതിയിട്ടുണ്ടോ?
‘അത്തരം വല്ല കത്തുകളുമുണ്ടെങ്കിൽ അവ കാണിക്കാൻ
ആവശ്യപ്പെടാം'. (മുൻ ഫയൽ, പേ.226-228)

പൊതുമരാമത്തു വകുപ്പിൽ നിയമിക്കുന്ന പുതിയ അസിസ്റ്റൻറ്​ എൻജിനിയർ ‘നമ്മുടെ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും പ്രവേശിക്കാവുന്ന'വിധം ‘ഒരു ഹിന്ദു'വായിരിക്കണം എന്നാണ് ദിവാൻ (എറണാകുളം, 21.6.1899) തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതുന്നത്. (മുൻ ഫയൽ, പേ. 231).

ഈ നിർദേശം അപ്പടി അംഗീകരിച്ച് രാജാവ് പിറ്റേതിന്റെ പിറ്റേന്ന് (23.6.1899, തൃപ്പൂണിത്തുറ) ദിവാന് എഴുതുകയും ചെയ്തു. (മുൻ ഫയൽ, പേ.250).

ജി. സുബ്രഹ്മണ്യ അയ്യർ / Photo: The Hindu, Twitter

‘ഒരുവർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മിസ്റ്റർ ഡൊൺ ഇന്നലെ ഉച്ചയ്ക്ക് എന്നെ വന്നുകണ്ടു' എന്ന്, തൃപ്പൂണിത്തുറയിലുള്ള രാജാവ് 14.7.1899ന് ദിവാന് എഴുതി: ‘അപ്പീൽ കോടതി ജഡ്ജിമാർക്കു നൽകിയ തന്റെ പെറ്റീഷന്റെ കാര്യത്തിൽ ഒതുങ്ങിനിന്നു അദ്ദേഹം; അതുമായി ബന്ധപ്പെട്ട മുൻപത്തെയും പിന്നത്തെയും എല്ലാ കാര്യങ്ങളും വിവരിച്ചു. കേസിൽ കോടതിയുടെ പെരുമാറ്റത്തിലും വിധിയിലും വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു അദ്ദേഹം. സ്ഥലംവിടാൻ ഒരുങ്ങുകയാണ് അദ്ദേഹം.' (Raja's File 1899, Book III p.51).

രാജകീയ സ്വീകരണമാണ് അന്ന് ചില പത്രപ്രവർത്തകർക്ക് കിട്ടിയിരുന്നത്. ‘ഹിന്ദുവിന്റെ മുൻ എഡിറ്റർ ജി. സുബ്രഹ്മണ്യ അയ്യർ ബി.എ. തിരുവനന്തപുരം യാത്രയിൽ എറണാകുളത്ത് തങ്ങി'യത് ദിവാൻ 3.7.1899ന് രാജാവിന് എഴുതിയത് അതുകൊണ്ടാകണം. (മുൻ ഫയൽ, പേ.16).

രാജാവിന്റെ ഡയറിയിലേക്ക് നമുക്ക് മടങ്ങാം.
1898 ജനുവരി 16-നു ശേഷം നാലുദിവസത്തെ കുറിപ്പുകൾ കീറിയെടുത്തിരിക്കുന്നു! കീറിയ പേജ് ഒട്ടിച്ചുചേർത്തിട്ടുണ്ട്. (ഇത്തരം ‘ഇല്ലായ്മ' രാജാവിന്റെ ഫയലുകളിൽ വ്യാപകമാണ്. രാജാവിന്റെ മകനായ ഐ.എൻ. മേനോന്റെ കൈവശമിരുന്ന ഡയറികളും ഫയലുകളുമാണ് പിന്നീട് സംസ്ഥാന ആർക്കൈവ്സിലെത്തിയത്.)

28.1.1898 ശനി: കൊടുങ്ങല്ലൂർ തീരത്തിനടുത്ത് മുമ്പ് നടന്ന കടൽക്കൊ ള്ളയെപ്പറ്റിയുള്ള ഒരു കത്തിടപാടു ഫയൽ ദിവാനിൽ നിന്നു കിട്ടി. മറുപടി ഉടനെ നൽകി.
29.1.1898 ബുധൻ: താൻ എഫ്.എ. പരീക്ഷ ജയിച്ചതായി 13-ാം കൂറ് തമ്പുരാൻ അറിയിക്കുന്ന സ്വകാര്യകത്തു കിട്ടി.
8.2.1898 ചൊവ്വ: തന്റെ മെട്രിക്കുലേഷൻ പരീക്ഷാവിജയം അറിയിക്കുന്ന 17-ാം കൂറ് തമ്പുരാന്റെ കത്തു കിട്ടി.
15.2.1898: മിസ്റ്റർ ഗോപാലകൃഷ്ണ അയ്യർ വൈദ്യുതിയിൽ നടത്തിയ ഒരു പരീക്ഷണം കണ്ടു. ഉച്ചയ്ക്കുശേഷം 2.30 തൊട്ട് വൈകീട്ട് 5 വരെ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു.
25.2.1898 വെള്ളി: ഇന്നു രാവിലെ കുതിരപ്പുറത്തുനിന്നു വീണ് നാഭിയിൽ പരിക്കുപറ്റി; ദിവസം മുഴുവൻ കിടപ്പിലായിപ്പോയി.
29.3.1898 ചൊവ്വ, കാഞ്ഞിരപ്പിള്ളി: ‘സ്റ്റാൻഡേർഡി'ന്റെ എഡിറ്ററിൽ നിന്ന് ഒരു കത്തു കിട്ടി; ഉടനെ മറുപടി നൽകി.
5.4.1898 ചൊവ്വ, കാഞ്ഞിരപ്പിള്ളി: ബിഷപ്പും കൊല്ലങ്കോട് നമ്പിടിയും കാണാനെത്തി.
12.4.1898 ചൊവ്വ, തൃപ്പൂണിത്തുറ: വിഷുക്കൈനീട്ടം കൊടുക്കുന്നതിൽ മുഴുകി ഉച്ചയ്ക്ക് ഒന്നുതൊട്ട് വൈകീട്ട് നാലുവരെ.
[6.5.1898നു ശേഷമുള്ള ഡയറിയിൽ നിന്നു രണ്ട് ഷീറ്റ് (നാലുദിവസത്തെ കുറിപ്പുകൾ) കീറിയെടുത്തിരിക്കുന്നു.]
16.5.1898 തിങ്കൾ, കാഞ്ഞിരപ്പിള്ളി: 99 വയസ്സായെന്നു പറയുന്ന ഒരു നായർ എന്നെ കാണാനെത്തി. ഉച്ചയ്ക്ക് രണ്ടിനുശേഷം. ഏകദേശം 85 വയസ്സിനുമേൽ അയാൾക്ക് പ്രായം തോന്നിക്കുന്നില്ല. പല്ലുകളെല്ലാം കൊഴിഞ്ഞെങ്കിലും, കാഴ്ചയും കേൾവിയും പ്രായത്തെ അപേക്ഷിച്ച് മികച്ചതാണ്. ഓർമശക്തിയും താരതമ്യേന നല്ലതാണ്. [...] ഞാൻ അയാൾക്കു രണ്ട് മുണ്ട് സമ്മാനിച്ചു. അതിൽ അയാൾ സന്തുഷ്ടനായി കാണപ്പെട്ടു.
7.7.1898 വ്യാഴം, തൃപ്പൂണിത്തുറ: എ.യും ബി.യും തമ്മിൽ ഒരു സംഭാഷണം എഴുതി [വൈകീട്ട്] നാലുതൊട്ട് 5.30 വരെ
8.7.1898 വെള്ളി: എന്റെ പരേതനായ ഇംഗ്ലീഷ് ട്യൂട്ടറുടെ വിധവ മിസിസ് ആർ. വൈറ്റിന് ഒരു കുറിപ്പോടുകൂടെ 30 രൂപയുടെ ഒരു ചെറിയ [...?] സഹായം അയച്ചുകൊടുത്തു; വൈകീട്ട് ഏഴിന് മറുപടി കിട്ടി.
21.9.1898 ബുധൻ: പുലർച്ചെ അഞ്ചിന് ഇവിടെ (മദ്രാസിൽ) എത്തി. [റെയിൽവേ] സ്റ്റേഷനിൽ എന്റെ സഹോദരൻ ഇളയരാജാവ്, എന്റെ അനന്തരവൻ അപ്പൻ, മുൻ ദിവാൻ സുബ്രഹ്മണ്യപിള്ള, ഹൈക്കോടതി വക്കീൽ ദെയ്ശികചാരി തുടങ്ങിയവരെ സന്ധിച്ചു. എന്റെ സഹോദരനും അനന്തരവനുമൊത്ത് ഈ സ്ഥലത്തേയ്ക്ക് (ബീക്കൺസ് ഫീൽഡ് ഹൗസ്) പോന്നു. പൂർണവിശ്രമമെടുത്തു.
22.9.1898: ഡോ: മൈറ്റ്​ലൻഡ്​ വൈകീട്ട് 4.30ന് വന്ന് എന്നെ സവിസ്തരം പരിശോധിച്ചു. എന്റെ പ്രധാന അവയവങ്ങൾ വളരെ മികച്ച നിലയിലാണെന്നും, എനിക്കു ദീർഘായുസ്സില്ലാതിരിക്കാൻ ഒരുകാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു എന്നോട്.
23.9.1898: ബീച്ചിലേയ്ക്കു പുറപ്പെട്ടു. അവിടെ ജസ്റ്റിസ് സുബ്രഹ്മണ്യ അയ്യരെയും ഭാഷ്യം അയ്യങ്കാരെയും സന്ധിച്ചു. രണ്ടാമനുമായി ഞാൻ അരമണിക്കൂറോളം സംസാരിച്ചു. അദ്ദേഹം തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിനെ രൂക്ഷമായി വിമർശിക്കുകയും കൊച്ചിയിലെ സംവിധാനമാണ് അതിനേക്കാൾ മികച്ചതെന്ന് എന്നോടു പറയുകയും ചെയ്തു.
24.9.1898 ശനി: ഇളയരാജാവ് എഴുതിയ ഒരു കത്ത് [ദിവാൻ] എന്നെ കാണിച്ചു. വിഷലിപ്തമായ ഭാഷയിലുള്ള, അങ്ങേയറ്റം അസംബന്ധമായ ഒരു കത്തായിരുന്നു അത്. സംഭാഷണത്തിനിടയിൽ, ഞാനും സഹോദരനും തമ്മിലുള്ള സൗഹൃദവികാരം എത്ര നേർത്തതാണെന്നും ഭിന്നിപ്പ് എങ്ങനെ വന്നെന്നും ദിവാനോട് എനിക്ക് പറയേണ്ടിവന്നു.
25.9.1898: [മുൻ തിരുവിതാംകൂർ -കൊച്ചി റെസിഡന്റും മദ്രാസ് ഗവൺമെന്റിൽ റവന്യൂ ബോർഡ് അംഗവുമായ മിസ്റ്റർ ജെയ്​സ്​] തോംസനെ സന്ദർശിച്ചു, ഉച്ചയ്ക്കുശേഷം 2.45ന്; അവിടന്നു പോന്നു 5.40ന്. തന്റെ പതിവ് നർമശൈലിയിൽ അദ്ദേഹം എനിക്ക് ധാരാളം വിലപിടിച്ച ഉപദേശങ്ങൾ തന്നു; ഏതു സ്ഥാപിത താൽപര്യക്കാരന്റെ, അല്ലെങ്കിൽ അജ്ഞന്റെ ഇഷ്ടക്കേടിനെയും കൂസാതെ, പേടി കൂടാതെ എന്റെ കടമ ചെയ്യാൻ എന്നെ ധൈര്യപ്പെടുത്തി.
30.9.1898 വെളളി: എന്റെ സഹോദരൻ ഇളയരാജാവ് വന്നു. അയാളുമൊത്ത്
[...?] അൽവാർ നായിഡുവിന്റെ ബംഗ്ലാവ് പരിശോധിക്കുവാൻ പോയി, അതു വാങ്ങാനുളള ഉദ്ദേശ്യത്തോടെ.

2,63,200 രൂപ നാലു ശതമാനം പലിശയ്ക്ക് തമ്പുരാട്ടി സർക്കാറിന് വാഗ്ദാനം ചെയ്‌തെന്ന പറയുന്ന ദിവാന്റെ കത്ത്. ഒന്നര വർഷത്തിന് ശേഷം രാജാവിന്റെയും ഇളയ രാജാവിന്റെയും ഒത്താശയോടെ വലിയമ്മ തമ്പുരാൻ റയിൽവെ നിർമാണത്തിലേയ്ക്ക് നൽകിയത് 2,63,200 രൂപയാണ്. റെയിൽവെ നിർമാണത്തിന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റതിനെക്കുറിച്ച് രാജാവിന്റെ ജീവിത ചരിത്ര ഗ്രന്ഥത്തിൽ പോലും സൂചനയില്ല.

2.10.1898 ഞായർ: താമസസ്ഥലത്തേയ്ക്കു മടങ്ങുമ്പോൾ [രാവിലെ 7.30ന് ശേഷം] എന്റെ സഹോദരൻ ഇളയരാജാവിനെ കണ്ടു. അയാൾക്ക് വീണ്ടും ആസ്തമയുടെ ഉപദ്രവം ഉണ്ടായിരിക്കുന്നു; വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ഡോ. ടി. മാധൻ നായരെ കണ്ടു ഈ സ്ഥലത്ത്. [മഹത്തായ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നായകൻ പാലക്കാട്ടുകാരനായ ഡോ: ടി.എം. നായരാണ് ഇത്] എന്റെ സഹോദരന്റെ ആരോഗ്യനിലയെപ്പറ്റി ചോദിച്ചു അദ്ദേഹത്തോട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇളയരാജാവിന് വളരെ ഭേദമുണ്ട്; കുഴപ്പങ്ങൾക്കെല്ലാം മുഖ്യകാരണമായ തൊണ്ട [... ?] ഡോക്ടർ പറഞ്ഞതിൽ അധികമൊന്നും ഞാൻ വിശ്വസിച്ചില്ല. വൈകീട്ട് നാലിന് കടലിൽ ബോട്ടുയാത്ര ചെയ്തു.
5.10.1898 ബുധൻ: താമസസ്ഥലത്തേയ്ക്കു മടങ്ങുമ്പോൾ [രാവിലെ] എന്റെ സഹോദരൻ ഇളയരാജാവിനെ കണ്ടു. തലേന്ന് ഉച്ചയ്ക്കുശേഷം തൊണ്ടയിൽ ഓപ്പറേഷൻ നടത്തിയതുമൂലം ഉറക്കമില്ലാത്ത രാത്രിയാണ് കഴിഞ്ഞതെന്ന് കേട്ട് ദുഃഖം തോന്നി.
20.10.1898 വ്യാഴം: മലകളിൽ കാപ്പിത്തോട്ടവും മറ്റും ഉണ്ടാക്കാൻ ഭൂമി പതിച്ചുനൽകുന്നതിനെപ്പറ്റിയുള്ള ഫയൽ വായിച്ചു. [ഉച്ചയ്ക്ക്] 12 തൊട്ട് രണ്ടുവരെ
30.10.1898 ഞായർ: തൃശൂരിലെ ബ്രാഹ്മണർ ദിവാനു നൽകിയ പരാതിയിൽ പറയുന്ന വിവിധ നിർദേശങ്ങളെപ്പറ്റി എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു
ഡി.ഒ. എഴുതി ദിവാന്.

5.11.1898: ഗവർണർ തിരുമനസ്സിനെ കാണാൻ ഉച്ചയ്ക്ക് ഒന്നിന് ഗ്വിണ്ടിയിലേക്കുപോയി; അതിന്റെ വിശദാംശങ്ങൾ ഒരു പ്രത്യേക ഡയറിയിൽ ചേർക്കുന്നു. ഞാൻ ഗവർണറെ സന്ദർശിച്ചതിന്റെ മുഖ്യവിവരങ്ങൾ ചുരുക്കമായി അറിയിക്കുന്ന ഒരു രഹസ്യകത്ത് എഴുതി. [റെസിഡൻറ്​] മിസ്റ്റർ നിക്കൊൾസന്.

9.11.1898 ബുധൻ: പുലർച്ചെ അഞ്ചിന് എറണാകുളത്ത് [ജെട്ടിയിൽ] എത്തി. [...] കൊട്ടാരത്തിലേയ്ക്കുപോയി. [...] 7ന് ദർബാർ ഹാളിലേയ്ക്കു പോയി. [....] നിക്കൊൾസനെ സ്വീകരിച്ചു ഏഴിന്. ഗവർണർ തിരുമനസ്സുമായി ഞാൻ നടത്തിയ എല്ലാ സംഭാഷണങ്ങളുടെയും ചുരുക്കം അദ്ദേഹത്തോടു പറഞ്ഞു. തൃപ്പൂണിത്തുറയിലെത്തി ഒമ്പതിന്.

15.11.1898 ചൊവ്വ: നിശ്ചയപ്രകാരം മിസ്റ്റർ ഡി- മെലൊയെ ഹിൽ ബംഗ്ലാവിൽ [വൈകീട്ട് നാലിനുശേഷം] കണ്ടു. കുറച്ചു മാനുകളെ വളർത്താൻ ഒരു വേലിക്കെട്ട് ഉണ്ടാക്കാനുള്ള എന്റെ തീരുമാനം അയാളോടു പറഞ്ഞു. അതിനുവേണ്ട
സ്ഥലമളന്ന് ഉടനെ ചെലവു കണക്കാക്കാമെന്നു പറഞ്ഞു അയാൾ.

21.11.1898: ക്ഷേത്രത്തിൽ ഭജനം തുടങ്ങി.
4.12.1898 ഞായർ: പിരപ്പനാട് രാജാവിനെ സ്വീകരിച്ചു. [ഉച്ചയ്ക്കു ശേഷം] 3ന്. എന്റെ വിശേഷങ്ങൾ അദ്ദേഹം വിശദമായി ചോദിച്ചു. തിരുവിതാംകൂർ നയങ്ങളെപ്പറ്റി അദ്ദേഹം ദീർഘമായി സംസാരിച്ചു. [മുൻ റസിഡൻറ്​] മിസ്റ്റർ റീസിനെ വലിയ കുഴപ്പക്കാരനായാണ് തിരുവിതാംകൂർ മഹാരാജാവ് കാണുന്നതെന്നും പറഞ്ഞു അദ്ദേഹം. ▮

കുറിപ്പ്​: രാജാവിന്റെ നെറ്റിപ്പട്ടം വിൽപ്പന: കൊച്ചി രാജാവ് രാജർഷി രാമവർമ, തീവണ്ടിപ്പാതയുണ്ടാക്കാനുള്ള പണത്തിനായി തൃപ്പൂണിത്തുറ പൂർണ​ത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റെന്നു പ്രചരിപ്പിക്കുന്നുണ്ട്​സ്തുതിപാഠകർ. യാഥാർഥ്യം വേറെയാണ് (അത് ഞാൻ വിശദമാക്കിയിട്ടുണ്ട് മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ 28.1.2019 ന്റെ ലക്കത്തിൽ; പേ. 68- 69).
രാജാവിന്റെ ജീവിത ചരിത്ര ഗ്രന്ഥമായ The Rajarshi of Cochin ൽ (Kerala State Archives Dept.,1994) റെയിൽ നിർമാണ ഫണ്ട് ശേഖരണം രാജാവ് വിവരിക്കുന്നുണ്ട്; നെറ്റിപ്പട്ടം എന്ന വാക്കുപോലുമില്ല. ഏറ്റവും ഒടുവിൽ സ്വീകരിച്ച മാർഗം, ഖജനാവിലുള്ള പണം കൂടാതെ, 10 ലക്ഷം രൂപ, 5 ശതമാനം പലിശയ്ക്ക് ഡിബെഞ്ചർ ബോണ്ട് വഴി സ്വരൂപിക്കുക എന്നതായിരുന്നു. ഒരു താമസവും ഇല്ലാതെ അതു സമാഹരിക്കാനായി എന്നാണ് രാജാവ് മേൽ സൂചിപ്പിച്ച ഗ്രന്ഥത്തിൽ പറയുന്നത് (പേ. 78). അതിലേയ്ക്ക് രാജാവിന്റെയും ഇളയ രാജാവിന്റെയും ഒത്താശയോടെ വലിയമ്മ തമ്പുരാൻ 2,63,200 രൂപയാണ്​ നൽകിയത് (ഒന്നരകൊല്ലം മുൻപേ, തനി ‘വട്ടിപ്പലിശ'ക്കാരിയായി നിന്ന് തമ്പുരാട്ടി ഇതേ തുക നാല് ശതമാനം
പലിശയ്ക്ക് സർക്കാരിനു വാഗ്ദാനം ചെയ്തിരുന്നു എന്ന് ദിവാന്റെ ഒരു കത്തിലുണ്ട്: (I.N. Menon's Collection, File No.1.2.2-26,1901, Item No.82, Regional Archives, Ernakulam).

(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ്​ സ്​ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്​)

(തുടരും) ​​​​​​​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ചെറായി രാമദാസ്​

ചരിത്ര ഗവേഷകൻ, മാധ്യമപ്രവർത്തകൻ. കേരളീയ നവോത്ഥാനകാലത്തെക്കുറിച്ച് സവിശേഷ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവർണ പക്ഷ രചനകൾ, അംബേദ്കറുടെ മരണം, അയ്യൻകാളിക്ക് ആദരത്തോടെ, ശാംകര സ്മൃതി (പുനരച്ചടി പരിശോധകൻ) തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.

Comments