രാജർഷി രാമവർമ്മ

തൃശ്ശൂരി​ലെ തീവണ്ടിപ്പാത അയിത്തപ്പാടിനകത്തു വരാതിരിക്കാൻ സവർണരുടെ പരാതി, ദൂരമളക്കുന്ന രാജാവ്​

രാജർഷി രാമവർമ: ഇതാ, രേഖകൾ സത്യം പറയുന്നു- 6

ഡിസംബർ 13 തൊട്ട് 16 വരെയും 19 തൊട്ട് 22 വരെയും, 24 തൊട്ട് 27 വരെയും ഉച്ചയ്ക്കുശേഷം രണ്ടുമൂന്നു മണിക്കൂർ രാജാവ് ബ്രാഹ്മണ പണ്ഡിതന്മാരുമായി ചർച്ച ചെയ്യുന്നുണ്ട്. ജാതിവാഴ്ചയുടെ പ്രാകൃത നിയമങ്ങളും ബ്രീട്ടീഷ് നിയന്ത്രിത ഭരണനയങ്ങളും തമ്മിൽ പൊരുത്തപ്പെടുത്തുകയാകണം അതിന്റെ ഉദ്ദേശ്യം.

23.12.1898 വെള്ളി: 10-ാം കൂറ് തമ്പുരാനെക്കുറിച്ച് ചില നിർദേശങ്ങൾ വച്ച് സി. ശങ്കരൻ നായർ തനിക്കയച്ച കത്ത് ദിവാൻ എനിക്കയച്ചുതന്നു. വായിച്ചശേഷം അത് മടക്കി അയച്ചു. (രാജാവിന്റെ ഫയൽ 1898 -Book IVപേ. 158-ലുള്ള 24.12.1898ന്റെ D.O. 406ൽ കാണുന്നത്, 10-ാം തമ്പുരാന്റെ ‘നെറികെട്ട നീക്കങ്ങളെ'ക്കുറിച്ചാണ്. അതേ ഫയലിൽ പേ. 173 ലുള്ള 29.12.1898ന്റെ രേഖ, ഈ തമ്പുരാനുവേണ്ടി ഡെപ്യൂട്ടി കലക്ടർ ഉദ്യോഗം ചോദിയ്ക്കുന്നതിനെപ്പറ്റിയാണ്.

ഉച്ചയ്ക്കുശഷം 2.30 ബോൾഗാട്ടിയ്ക്കു തിരിച്ചു. എളംകുളത്തുവച്ച് ദിവാൻ കൂടെ ചേർന്നു. തൂശത്തുനിന്ന് വള്ളത്തിൽ കയറി ബോൾഗാട്ടിയ്ക്ക് പോയി.

തീവണ്ടിപ്പാതയുണ്ടാക്കാൻ രാജാവ് തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റെന്നു സ്തുതിപാടുമ്പോൾ ഇനി പറയുന്ന ഫയൽ കൗതുകകരമാണ്. ദിവാൻ തൃശൂരിൽ വച്ച് 25.7.1899-ന് രാജാവിനെഴുതി: ‘പോയ കൊല്ലത്തെ വൻ ബാധ്യതകൾ, വിശേഷിച്ച് പൊതുമരാമത്തു വകുപ്പിലേത്, കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം ഞാൻ കൊടുത്തുതീർക്കേണ്ടിവന്നെങ്കിലും ഇപ്പോൾ നമ്മുടെ സാമ്പത്തികനില വളരെ പുഷ്ടിപ്പെടുകയാണ്. ഒരുലക്ഷത്തോളം രൂപയുടെ മിച്ചത്തോടെയായിരിക്കും 1074 അവസാനിക്കുക എന്നു കരുതാൻ എനിക്ക് എല്ലാ ന്യായവുമുണ്ട് (Raja's File 1899, Book III, p.84, I.N. Menon's Collection, Regional Archives Ernakulam).

‘ഏറ്റവും കുറഞ്ഞ അയിത്തപ്പാടകലം എത്ര അടിയാണെന്ന് തിരുമനസ്സ് ദയവായി ഒന്നന്വേഷിച്ച് എന്നോട് പറയാമോ? എങ്കിൽ എനിയ്ക്കത് രേഖപ്പെടുത്തിവെയ്ക്കാം; എവിടെയെങ്കിലും വല്ല പ്രശ്നവും ഉയർന്നുവന്നാൽ, തീവണ്ടിപ്പാതയുടെ അതിരിൽനിന്ന് നിർദിഷ്ട ക്ഷേത്രത്തിന്റെയോ കുളത്തിന്റെയോ അതിരിലേക്കുള്ള ദൂരം അളക്കാൻ എനിയ്ക്ക് പേഷ്കാരോട് ആവശ്യപ്പെടുകയും ചെയ്യാമല്ലോ'

അയിത്തനീതി ഉയർത്തിപ്പിടിച്ച് ബ്രാഹ്മണാധിപത്യ പ്രാകൃതസമൂഹം തീവണ്ടിപ്പാതയെ തടയാൻ നോക്കിയതെങ്ങനെ എന്നു കാണുക: ദിവാൻ ‘അതിരഹസ്യ'കത്തായി (തൃശൂർ, 26.8.2899) തൃപ്പൂണിത്തുറയിലുളള രാജാവിന് എഴുതി: പടിഞ്ഞാറെച്ചിറയോട് വളരെ അടുത്തുപോയി തീവണ്ടിപ്പാതയുടെ അലൈൻമെൻറ്​ എന്ന് തൃശൂരിലെ ഏതാനും പേർ ഇവിടെ റെസിഡൻറിനു പരാതി നൽകിയിരുന്നു. റെസിഡൻറ്​ ആ പരാതി നടപടിയെടുക്കാനായി എനിയ്ക്കു കൈമാറുകയും, ഞാൻ പേഷ്​കാരുമൊത്ത് ചെന്നു സ്ഥലം പരിശോധിക്കയും ചെയ്തു. ഈ അലൈൻമെൻറ്​ കുളത്തെ അശുദ്ധമാക്കില്ലെന്നാണ് എനിയ്ക്കു മനസ്സിലായത്. എന്നാൽ അത് മൂന്നോ നാലോ നായർ വീടുകളെ അയിത്തപ്പെടുത്താനിടയുണ്ട്.’

‘തീവണ്ടിപ്പാത ക്ഷേത്രങ്ങളുടെയും പൊതുകുളങ്ങളുടെയും
അയിത്തപ്പാടിനകത്തു വരാതിരിക്കാൻ നോക്കുന്നതു കൂടാതെ, വീടുകളുടെ സാമീപ്യവും നാം കണക്കിലെടുക്കണോ എന്നാണ് എനിയ്ക്കറിയേണ്ടത്. അതു വേണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്; അങ്ങനെ ചെയ്താൽ നമ്മുടെ ബുദ്ധിമുട്ടുകൾക്ക് ഒരവസാനവുമില്ലാതെ വരും; ഈ അലൈൻമെൻറ്​ ആകെ കാര്യമായി മാറ്റേണ്ടിവരും. ഈ വിഷയത്തിലെ മുൻ കത്തിടപാടുകളെക്കുറിച്ച് എന്റെ ഓർമ ശരിയാണെങ്കിൽ, പടിപടിയായി വന്ന ദിവാന്മാർ ഒഴിവാക്കാൻ നിർബന്ധിച്ചിട്ടുളള ഏക കെട്ടിടം ആരാധനാലയങ്ങളാണെന്നാണ് എന്റെ വിശ്വാസം; എനിയ്ക്കതു മനസ്സിലാക്കാനും കഴിയും, എന്നാൽ സവർണ ഭവനങ്ങളെയും നാം ആരാധനാലയങ്ങളുടെ ഇനത്തിൽ പെടുത്തിയാൽ അത് വളരെ അപ്രായോഗികമായിരിക്കും. ഏറ്റവും കുറഞ്ഞ അയിത്തപ്പാടകലം എത്ര അടിയാണെന്ന് തിരുമനസ്സ് ദയവായി ഒന്നന്വേഷിച്ച് എന്നോട് പറയാമോ? എങ്കിൽ എനിയ്ക്കത് രേഖപ്പെടുത്തിവെയ്ക്കാം; എവിടെയെങ്കിലും വല്ല പ്രശ്നവും ഉയർന്നുവന്നാൽ, തീവണ്ടിപ്പാതയുടെ അതിരിൽനിന്ന് നിർദിഷ്ട ക്ഷേത്രത്തിന്റെയോ കുളത്തിന്റെയോ അതിരിലേക്കുള്ള ദൂരം അളക്കാൻ എനിയ്ക്ക് പേഷ്കാരോട് ആവശ്യപ്പെടുകയും ചെയ്യാമല്ലോ' (മുൻ ഫയൽ, പേ.144 - 145).

രാമവർമ്മയുടെ ഇളയ സഹോദരൻ കുഞ്ഞുണ്ണി

പിറ്റേന്നും ദിവാൻ രാജാവിന് രഹസ്യകത്തെഴുതി: ‘ചിലർ പറയുന്നു അത് [അയിത്തപ്പാട്] ഏകദേശം 60 അടിയാണെന്ന്; മറ്റു ചിലരാകട്ടെ, ഏകദേശം 300 അടിയെന്നും. എന്നാൽ, എനിയ്ക്കു തോന്നുന്നത്, വിവിധ ജാതികൾക്ക് അയിത്തപ്പാട് വിവിധ ദൂരങ്ങളാണെന്നാണ്; 300 അടി എന്നത് നായാടികൾക്ക് [...?] ആണെന്നറിയുന്നു. തൃശൂർ പട്ടണത്തിൽ തീവണ്ടിപ്പാതയുടെ അലൈൻമെൻറിന് നാം ഈ 300 അടി ബാധകമാക്കണോ? പ്രശ്നം വൻ പ്രാധാന്യമുള്ളതാണ്. എന്തെന്നാൻ 300 അടി ബാധകമാക്കിയാൽ അലൈൻമെന്റിൽ കാര്യമായ മാറ്റങ്ങൾ വേണ്ടിവരും; തൃശൂരിലായതിനാൽ പാതപ്പണിയുടെയും സ്ഥലമെടുപ്പിന്റെയും ചെലവ് കാര്യമായി കൂടുകയും ചെയ്യും. നായാടികളും [...?] തീവണ്ടിപ്പാതയിലൂടെ നടക്കുന്നതിനെപ്പറ്റി ഞാൻ ഒരിയ്ക്കലും കേട്ടിട്ടില്ല; അയിത്തപ്പാട് 300 അടി വരെയാകാം എന്നും ഇപ്പോൾ വരെ എനിയ്ക്കറിയില്ലായിരുന്നു. വിഷയം ഗൗരവമേറിയതാണ്; കഴിയുംവേഗം ഇതു പരിഗണിയ്ക്കാനും, ശരിയായ നടപടി എന്തെന്ന് എന്നോടു പറയാനും ഞാൻ തിരുമനസ്സിനോട് അപേക്ഷിയ്ക്കുന്നു. ഇവിടെ പരാതിയ്ക്കിടയാക്കിയ തൃശൂരിലെ ഇപ്പോഴത്തെ അലൈൻമെൻറ്​ പ്രകാരം പടിഞ്ഞാറെച്ചിറയിൽനിന്ന് ഏറ്റവും അടുത്ത ദൂരം ഒരു 100 അടിയാണ്. അതായത്, പണിയ്ക്കിടയിൽ തീവണ്ടിപ്പാതയുടെ പുറവേലിയിൽ നിന്ന് കുളത്തിന്റെ പുറമതിരിലേക്ക് ദൂരം ഏകദേശം 100 അടിയായിരിയ്ക്കും. പണികഴിയുമ്പോൾ ആ ദൂരം ഏകദേശം 120 അടിയാകും.' (മുൻ ഫയൽ, പേ.149).

പിറ്റേന്ന് രാജാവ് (തൃപ്പൂണിത്തുറ, 28.8.1899) ദിവാന് എഴുതി: ‘സ്വകാര്യ വ്യക്തികളുടെ സൗകര്യത്തിനുവേണ്ടി തീവണ്ടിപ്പാത മാറ്റാനാവില്ല. വല്ല പ്രധാന പൊതുകുളങ്ങളെയോ ആരാധനാലയങ്ങളെയോ അയിത്തപ്പെടുത്തുംവിധം അവയോട് അത്രയ്ക്ക് അടുത്തെത്തുമെങ്കിൽ പാതയുടെ ഒരു മാറ്റം മിക്കവാറും ഒഴിവാക്കാനാവാത്തതാണ്. എന്നാൽ, മറ്റൊരു കാര്യത്തിനും അത് അനുവദിക്കാനാവില്ല. അല്ലാത്തപക്ഷം, പാത പണിയാൻ ബുദ്ധിമുട്ടാകും.
പടിഞ്ഞാറെച്ചിറയെ അയിത്തപ്പെടുത്തുംവിധം പാത അടുത്തെത്തുന്നു എന്നാണ്, തൃശൂർ പട്ടണത്തിൽ പാത മാറ്റത്തിനായി ഉന്നയിച്ചിരിക്കുന്ന പരാതി. യഥാർത്ഥ പീഡിതർ ഈ കുളത്തിൽ കുളിയ്ക്കുന്നവരല്ലെന്നും, ഇപ്പോഴത്തെ അലൈൻമെൻറ്​ തങ്ങളുടെ വീടുകളെ ബാധിയ്ക്കാനിടയാകുമെന്നു കണ്ട ഏതാനും സ്വകാര്യ വ്യക്തികളാണ് ഒച്ചപ്പാടുകളെല്ലാം ഉണ്ടാക്കുന്നതെന്നുമാണ് എനിയ്ക്കു തോന്നുന്നത്. 300 അടിയുടെ അയിത്തം എനിയ്ക്കും പുതുമയാണ്. തത്കാല കാര്യത്തിന് ചിലർ കണ്ടുപിടിച്ചതാണത് എന്നെനിക്കു തോന്നുന്നു. പാത, കുളത്തിൽ നിന്ന് ഒരു 100 അടി അകലെയാണെങ്കിൽ അതു മാറ്റണമെന്നു ഞാൻ കരുതുന്നില്ല. എങ്കിലും തൃശൂരിൽ എത്തിയാലുടനെ ഞാൻ പ്രശ്നം പരിശോധിച്ചു തീർപ്പാക്കാം. '

‘മിസ്റ്റർ മകെൻസി [പുതിയ റെസിഡൻറ്​] യെ കാണാൻ ഞാൻ ഇന്നുച്ചയ്ക്ക് ബോൾഗാട്ടിയിലേയ്ക്കു പോകുകയാണ്' (മുൻ ഫയൽ, പേ.152).

ഭാര്യയുടെ അസുഖം മൂലം 29.8.1899-ന് ഷൊർണൂരിൽ നിന്ന് തീവണ്ടിയിൽ സേലത്തേയ്ക്കു തിരിച്ച ദിവാൻ പി.രാജഗോപാലചാരി പിറ്റേന്ന് സേലത്തുനിന്ന് രാജാവിനെഴുതി: ‘എന്റെ ഭാര്യയുടെ ആരോഗ്യനില വളരെ ഭേദപ്പെട്ടു. രണ്ടുമാസത്തിനകം എന്റെ ഭാര്യയ്ക്ക് സേലം വിടാൻ കഴിയുമെന്നു ഞാൻ കരുതുന്നു' (മുൻ ഫയൽ, പേ. 154, 156).

‘ഇപ്പോഴത്തെ അലൈൻമെൻറ്​ പ്രകാരമുള്ള പാതിയിലൂടെ തീവണ്ടി കടന്നുപോകുമ്പോൾ പടിഞ്ഞാറെച്ചിറ അയിത്തപ്പെടുമെന്ന് ചിലർ ഉന്നയിച്ച ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇതിൽ നിന്നു താങ്കൾക്കു മനസ്സിലാകും.’

സെപ്റ്റംബർ മൂന്നിന് രാജാവ് തൃശൂരിൽ വച്ച് ദിവാന് എഴുതി: ‘എന്റെ കഴിഞ്ഞ 28-ന്റെ ഡി.ഒ.യുടെ തുടർച്ചയായും, താങ്കളുടെ ഇക്കഴിഞ്ഞ 3-ന്റെ ഡി.ഒ.യ്ക്കു മറുപടിയായും, ഞാൻ എഴുതുന്നതെന്തെന്നാൽ, വിവിധ തരക്കാരായ താഴ്ന്ന ജാതിക്കാരുടെ അയിത്തത്തെപ്പറ്റി ഞാൻ [വൈദിക] അധികാരികളുമായി (രേഖാമൂലമായും) നേരിട്ടും ചർച്ചചെയ്തു; 64 അടിയാണ് അയിത്തപ്പാടിന്റെ കൂടിയ ദൂരമെന്നു തിരിച്ചറിയുകയും ചെയ്തു. ഇപ്പോഴത്തെ അലൈൻമെൻറ്​ പ്രകാരമുള്ള പാതിയിലൂടെ തീവണ്ടി കടന്നുപോകുമ്പോൾ പടിഞ്ഞാറെച്ചിറ അയിത്തപ്പെടുമെന്ന് ചിലർ ഉന്നയിച്ച ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇതിൽ നിന്നു താങ്കൾക്കു മനസ്സിലാകും. തർക്കസ്ഥലം ഞാൻ നേരിട്ടു പരിശോധിക്കയും, പ്രസ്തുത ദൂരം, വേണ്ടതിലേറെയാണെന്നു മനസ്സിലാക്കുകയും ചെയ്തു.' (മുൻ ഫയൽ, പേ.167)

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും കുറച്ചുകാലത്തെ തീവ്രയത്നങ്ങൾക്കും ശേഷം തീവണ്ടിപ്പാതയുടെ പണി തുടങ്ങാൻ പോകുന്നു; രാജാവ് (തൃശൂർ, 6.9.1899) ദിവാന് എഴുതി: ‘തീവണ്ടിപ്പാതയുടെ പണിയുദ്ഘാടനച്ചടങ്ങ് ഇവിടെ ഒക്ടോബർ 26-ന് നടക്കുമെന്നും, ചില യൂറോപ്യൻ മാന്യന്മാരെയും മാന്യകളെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ടെന്നും താങ്കൾ ഇതിനകം അറിഞ്ഞിട്ടുണ്ടെന്നു ഞാൻ കരുതുന്നു'(മുൻ ഫയൽ, പേ. 171).

കാഞ്ഞിരപ്പിള്ളിയിൽ ക്യാമ്പ് ചെയ്യുന്ന രാജാവ് ഒക്ടോബർ മൂന്നിന് ദിവാന് എഴുതുന്നത്, ഷൊർണൂർ തീവണ്ടിപ്പാത പണിയുടെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് പാലിയത്തച്ചനെ ക്ഷണിക്കാൻ പാടില്ലെന്നാണ്. ഈ കൽപന, ദിവാൻ 25.9.1899-ന് റെസിഡന്റിനോട് വെളിപ്പെടുത്തിയ ആഗ്രഹത്തിന് എതിരാണ് (മുൻ ഫയൽ, പേ.219).

പിറ്റേന്ന് ദിവാൻ തൃശൂരിൽ നിന്ന് രാജാവിനെഴുതിയ കത്തിൽ നിർദേശിച്ചു: പണി ഉദ്ഘാടനച്ചടങ്ങ്, ഇളയ രാജാവിന്റെ ഗുരുതരമായ രോഗാവസ്ഥ പരിഗണിച്ച് വേണ്ടെന്നുവയ്ക്കണം; ഔപചാരിക ചടങ്ങൊന്നുമില്ലാതെ പണി തുടങ്ങിയാൽ മതി. (മുൻ ഫയൽ).

പൊതുഖജനാവ് തിന്നുമുടിയ്ക്കുന്ന രാജകുടുംബം ധാരാളം സ്വകാര്യ സ്വത്ത് സമ്പാദിച്ചുകൂട്ടുന്നുണ്ട്. കാഞ്ഞിരപ്പിള്ളിയിൽ വച്ച് 5.10.1899-ന് രാജാവ് ദിവാന് എഴുതിയ കത്തിൽ നിന്ന്: ‘എനിയ്ക്ക് ഒരു സ്വകാര്യ കൊട്ടാരവും കുറച്ച് നെൽപ്പാടങ്ങളുമുളള കൊടുങ്ങ ഇവിടന്ന് ഏതാണ്ട് 8 മൈൽ വടക്കുപടിഞ്ഞാറാണ്.' (മുൻ ഫയൽ പേ. 226).

അയിത്തനീതിയുടെ മുന്നിലെത്തിയിരിയ്ക്കുന്നു നമ്മൾ വീണ്ടും. രാജാവ് കാഞ്ഞിരപ്പിള്ളിയിൽ വച്ച് 9.10.1899-ന് ദിവാന് എഴുതിയ രഹസ്യക്കത്ത്: ‘താങ്കളുടെ ഓഫിസിന്റെ ചില നേരത്തുള്ള അലസമായ പ്രവർത്തനരീതിയിലേയ്ക്ക് എനിയ്ക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കേണ്ടതുണ്ട്.' [...]

2 - ഒരു അയ്യാസ്വാമി കോനാർക്ക് ക്ഷേത്രങ്ങളിൽ കടക്കാനും പൊതുകുളങ്ങളിൽ കുളിയ്ക്കാനും യോഗ്യതയെന്ത് എന്ന പ്രശ്നത്തിൽ എന്റെ തീരുമാനത്തിനായി താങ്കൾ എനിയ്ക്കൊരു ഔദ്യോഗിക കത്ത് അയച്ചിരുന്നു. ഈ പ്രശ്നത്തിൽ എനിക്ക് കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ വേണ്ടത്ര വിവരങ്ങൾ കത്തിലില്ല എന്നു കണ്ടതിനാൽ, ചില പ്രത്യേക പോയിൻറുകളെപ്പറ്റി വിവരങ്ങൾ തരണമെന്ന് താങ്കൾക്കെഴുതാൻ ഞാൻ എന്റെ സർവാധികാര്യക്കാരനെ ചുമതലപ്പെടുത്തി. സർവാധിയുടെ കത്ത് 1074 കുംഭം 29 തീയതി വച്ചുള്ളതാണ്. എനിയ്ക്കവേണ്ട വിവരങ്ങളെ സൂചിപ്പിക്കുന്ന ആ കത്തിലെ പോയിൻറുകളുടെ ഒരു നേർ തർജമ [ഇംഗ്ലീഷിൽ] താഴെ കൊടുക്കുന്നു.'

3- ആദിയിൽ ഏതു സ്ഥലത്തുനിന്നാണ് പരാതിക്കാരൻ പാലക്കാട്ട് എത്തിയതെന്നും, ആ സ്ഥലത്ത് ഇപ്പോൾ പരാതിക്കാരന്റെ സമുദായക്കാർ വല്ലവരുമുണ്ടോ എന്നും വ്യക്തമായി അറിയുംവരെ, അവരോട് ആളുകൾ അവിടെ എങ്ങനെയാണു പെരുമാറുന്നതെന്ന്, നമുക്കു വിശ്വാസമുള്ള ഒരാളോട് എഴുതി ചോദിച്ചറിയുംവരെ പരാതിക്കാരന്റെ അപേക്ഷയിൽ ഒരുവിധത്തിലും തീരുമാനമെടുക്കാനാവില്ല എന്നത്.'

കൊച്ചമ്മാമൻ. രാമവർമ്മയുടെ ഇളയ സഹോദരൻ.

4- താങ്കളുടെ അറിവിനായി കുറിച്ച വിവരങ്ങൾ ശരിയല്ലെന്ന് ഫയലിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു. കാര്യം താഴെ കൊടുക്കുന്നു.
പരാതിക്കാരന്റെ ബന്ധുക്കളിൽ ആരെങ്കിലും പാലക്കാട്ട് താമസിക്കുന്നുണ്ടോയെന്നും, ഏതൊക്കെ ക്ഷേത്രങ്ങളിലാണ് അവർക്കു പ്രവേശനം അനുവദിച്ചിരിയ്ക്കുന്നതെന്നുമുള്ള കാര്യങ്ങളുടെ മുഴുവൻ വിശദാംശങ്ങളും ഒരു വിശ്വസ്തനിൽ നിന്ന്​ ചോദിച്ചറിയാതെ പരാതിക്കാരന് ഈ രാജ്യങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രവേശാനുമതി നൽകാനാവില്ല.
5 - താങ്കളുടെ സെക്രട്ടറിയും മറ്റും പ്രസ്തുത പേപ്പർ കണ്ടിട്ടുണ്ടെന്ന് ഫയലിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ ദുർഭാഗ്യവശാൽ അവരിൽ ഒരാളും ആ ഒറിജിനൽ വായിച്ച് പിശക് കണ്ടുപിടിക്കുന്നതിന്റെ ബുദ്ധിമുട്ട് ഏറ്റേടുത്തതായി തോന്നുന്നില്ല.
6- അപൂർണമോ അയഥാർഥം പോലുമോ ആയ വിവരത്തിന്മേൽ താങ്കൾ കല്പനകൾ പുറപ്പെടുവിക്കാനും, കാര്യമെല്ലാം കഴിയുംവരെ അത്​ തിരിച്ചറിയാതിരിക്കാനുമുള്ള അപകടസാധ്യതയെപ്പറ്റി പൊതുവായി താങ്കളെ ബോധ്യപ്പെടുത്താൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. (മുൻ ഫയൽ, പേ. 239 -240).

ദിവാന്റെ​ ദുഃഖവാർത്തയാണ് രാജാവിന്റെ ഒരു കത്തിലുള്ളത് (കാഞ്ഞിരപ്പിള്ളി, 11.10.1899): ‘മിസിസ് രാജഗോപാലചാരിയുടെ ആരോഗ്യനിലയെപ്പറ്റി താങ്കൾക്കു നല്ല വാർത്തയില്ലെന്നു കേൾക്കുന്നതിൽ ഞാൻ വളരെ ദുഃഖിക്കുന്നു. ഇപ്പോൾ എടുക്കുന്ന ചികിത്സയുടെ ഭാഗമായ കർശന ആഹാരരീതി മൂലമുണ്ടായ പൊതുവായ തളർച്ചയാകാം അവരുടെ പ്രശ്ന​മെന്ന് എനിയ്ക്കു തോന്നുന്നു. എന്നാൽ, താങ്കൾ സേലത്തെത്തുമ്പോഴേക്കും അവരുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ടിരിക്കും എന്നു ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. നവരാത്രി അവധിക്ക് അവരെ കാണാൻ സേലത്തേയ്ക്കു പോകണമെന്ന താങ്കളുടെ താൽപര്യത്തെ ഞാൻ അംഗീകരിക്കുന്നു' (മുൻ ഫയൽ, പേ. 259).

കൊച്ചി രാജ്യത്ത് പണ്ടേതൊട്ട് നടപ്പിലിരിയ്ക്കുന്ന ‘പുത്തൻ'പണം റദ്ദാക്കുന്നത് തീർത്തും ദുഃഖകരമാണെന്ന് രാജാവ് (കാഞ്ഞിരപ്പിള്ളി, 15.10.1899) ദിവാന് എഴുതിയതായി കാണുന്നു; കൊച്ചിയുടെ ഏക നാണയവുമാണത് (മുൻ ഫയൽ, പേ. 267).

ഡോ. ടി.എം. നായർ ഇരിഞ്ഞാലക്കുടയിലെത്തി ഇളയ രാജാവിനെ ചികിത്സിയ്ക്കുന്നതായി കാണുന്നു 23.10.1899-ന്റെ ഒരു കത്തിൽ (മുൻ ഫയൽ പേ. 296).
കൊടുങ്ങല്ലൂർ കോവിലകത്തിലെ കെ. രാമവർമ രാജകുമാരനെ 70 രൂപ ശമ്പളത്തിൽ എറണാകുളം കോളേജിൽ ഒരു അധ്യാപകനായി നിയമിക്കണമെന്ന ദിവാന്റെ നിർദേശം പ്രിൻസിപ്പൽ ക്രുക്ഷങ്ക് നിരസിയ്ക്കുന്നു (2.11.1899). വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിയ്ക്കേണ്ടത് ആ തലത്തിലുളള ഒരധ്യാപകനെയായിരിക്കണമെന്നുള്ളതിനാലാണ് ദിവാൻ ആ നിർദേശം വച്ചത്. രാജകുമാരനെ ഡെപ്യൂട്ടി സൂപ്രണ്ടാക്കണമെന്ന് ദിവാൻ 19.10.1899-ന് രാജാവിനോടു നിർദേശിച്ചിരുന്നു. (മുൻ ഫയൽ, പേ. 283; Raja's File 1899, Book IV, p.4).

ഏതു വകുപ്പിലുള്ള എതു നിയമനവും (നിയമിയ്ക്കുന്നത് സർവിസിലുള്ളയാളെയായാലും അല്ലെങ്കിലും) 506-ാം വകുപ്പനുസരിച്ചായിരിയ്ക്കണമെന്ന് ദിവാൻ 26.11.1899-ന് രാജാവിന് എഴുതുന്നതും മേൽ കണ്ടതിനോടൊപ്പം വായിക്കാം. (Raja's File 1899, Book IV, p.40).

ദിവാൻ തൃശൂരിൽ വച്ച് 11.11.1899-ന് രാജാവിനെഴുതിയ കത്തിന്റെ കൂടെ, റെസിഡൻറ്​ ജി.റ്റി. മകെൻസി 9.11.1899-ന് ദിവാന് എഴുതിയ കത്ത് വച്ചിരുന്നു. ഇളയ രാജാവിന്റെ ചരമം [6.11.1899-ന്​] രാജകുമാരന്മാരുടെ അലവൻസിന്റെ തോത് പുതുക്കാൻ അവസരമുണ്ടാക്കിയേക്കുമെന്നാണ് മകെൻസി പറയുന്നത്. ദിവാൻ കൂടെ വച്ച മറ്റൊരു കത്ത്, റെസിഡന്റിന് അയയ്ക്കാൻ 11-നുതന്നെ ദിവാൻ തയ്യാറാക്കിയതാണ്. അതിലുള്ളത് 1075 (1899 ആഗസ്റ്റ് മുതൽ 1900 ആഗസ്റ്റ് വരെ) ലേയ്ക്ക് രാജകുടുംബത്തിന് അനുവദിച്ചിട്ടുള്ള ചെലവിന്റെ കണക്കാണ്. പാലസ് സ്‌കൂളിന് 3800 രൂപയടക്കം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 2,96,800 രൂപ. പക്ഷേ അതിലൊതുങ്ങില്ല യഥാർഥ ചെലവ് എന്നൂഹിയ്ക്കാൻ ന്യായം ആ കണക്കിൽ തന്നെയുണ്ട്: 1073-ൽ അനുവദിച്ചത് 2,85,900 രൂപയായിരുന്നെങ്കിലും രാജകുടുംബം ചെലവാക്കിയത് 3,03,080 രൂപയാണ്. 1074-ൽ ഇത്, 2,88,200 രൂപയും 3,14,409 രൂപയുമായിരുന്നു. (മുൻ ഫയൽ,പേ. 20-22).

രാജവാഴ്ച അവസാനിപ്പിച്ചു പോകേണ്ടിവന്നപ്പോൾ അവസാന തമ്പുരാൻ ഒരു പഞ്ചാംഗമേ ചോദിച്ചുള്ളൂ പ്രതിഫലമായി എന്ന കള്ളക്കഥയാണ് ഈ ഭരണസംഘത്തിന്റെ ശിങ്കിടികൾ പ്രചരിപ്പിയ്ക്കുന്നത്.

അതിഭീമമായ ഈ ചെലവും അധികച്ചെലവും വഹിയ്ക്കുന്നത്, ‘പൂർണത്രയീശ ക്ഷേത്രം വക സ്വർണ നെറ്റിപ്പട്ടങ്ങൾ'വിറ്റിട്ടല്ലെന്ന് വായനക്കാർ ശ്രദ്ധിക്കുമല്ലോ. പൗരാവകാശങ്ങൾ പോലും അനുവദിയ്ക്കപ്പെട്ടിട്ടില്ലാഞ്ഞ ജനഭൂരിപക്ഷത്തിൽ നിന്ന് പിടിച്ചുവാങ്ങിയിരുന്ന നികുതിപ്പണം കൊണ്ടാണ് ഈ സനാതന ഭരണത്തിന്റെ ദുർച്ചെലവുകളൊക്കെയും നടത്തിയിരുന്നത്. (ഈ കൊള്ളയുടെ ഭീകരത മുറ്റിയ കാഴ്ചകൾ വഴിയേ കാണാം നമുക്ക്). മുൻകാല തോന്ന്യാസങ്ങൾക്ക് ഒരു നിയന്ത്രണം വന്നു ബ്രിട്ടീഷ് അധികാരത്തിനു കീഴിലായതോടെ എന്ന വ്യത്യാസമേയുള്ളൂ. എന്നിട്ടും, രാജവാഴ്ച അവസാനിപ്പിച്ചു പോകേണ്ടിവന്നപ്പോൾ അവസാന തമ്പുരാൻ ഒരു പഞ്ചാംഗമേ ചോദിച്ചുള്ളൂ പ്രതിഫലമായി എന്ന കള്ളക്കഥയാണ് ഈ ഭരണസംഘത്തിന്റെ ശിങ്കിടികൾ പ്രചരിപ്പിയ്ക്കുന്നത്. അതിന്റെ വിശദാംശങ്ങളും ചർച്ചചെയ്യാം നമുക്ക് പിന്നീട്.

ഇന്നത്തെ രണ്ടു ജില്ലയുടെ പോലും വലുപ്പം തികയാത്ത അന്നത്തെ ഇത്തിരി കൊച്ചി രാജ്യത്തിന്റെ ‘ഹിസ്ഹൈനസ്' തന്റെ ഗമയിൽ കുറവുവരുത്താൻ ഇഷ്ടപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാർ തന്റെ അംഗരക്ഷകരുടെ എണ്ണം കുറച്ചതിൽ ഖിന്നനായ രാജാവ് (തൃപ്പൂണിത്തുറ, 28.11.1899) ദിവാന് എഴുതിയ മറുപടിയിൽ നിന്ന്: ‘‘നായർ ബ്രിഗേഡിന്റെ പുനഃസംഘടനയെത്തുടർന്നുണ്ടായ ‘പുതിയ’ സ്‌കീമനുസരിച്ച് എന്റെ അംഗരക്ഷകരുടെ എണ്ണം 60-ൽ നിന്ന് 40 ആയി കുറച്ചു. 12 സീപ്പോയിമാരും ഒരു നായിക്കും ഒരു ഹവിൽദാറും ഉണ്ടായിരുന്ന ഇളയരാജാവിന് കിട്ടുന്നത് വെറും 8 സീപ്പോയിമാരെയും ഒരു ഹവിൽദാരെയുമാണ്.’’ (മുൻ ഫയൽ, പേ. 45).

ഭരണരംഗത്തിലെ അഴിമതികളെപ്പറ്റി വ്യാപകമായ ആരോപണങ്ങൾ ഉയരുന്നതുകൊണ്ടാകാം, ദിവാന്റെ മരുമകൻ മദ്രാസ് റെയിൽവേ കമ്പനിയിൽ ഉദ്യോഗം കിട്ടി കൊച്ചിയിൽ എത്തുന്നതിനെപ്പോലും രാജാവ് നിരുത്സാഹപ്പെടുത്തുകയാണ്, 30.11.1899 -ന് തൃപ്പൂണിത്തുറ വച്ച്​ ദിവാന് എഴുതിയ കത്തുവഴി: ‘നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അപവാദങ്ങൾ
പരത്താൻ ഒരുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ ദുഷ്ടതാത്പര്യക്കാരുടെ നീക്കങ്ങൾ അറിയുന്നതിനാൽ ഞാൻ വളരെ ആഗ്രഹിക്കുന്നത്, അയാളെ കൊച്ചിയിലേയ്ക്ക് അയയ്ക്കാതിരുന്നെങ്കിൽ എന്നാണ്. കൊച്ചി ഒഴിച്ച് ഏതെങ്കിലും സ്ഥലത്തേയ്ക്ക് താങ്കളുടെ മരുമകന് എത്രയും വേഗം സ്ഥലംമാറ്റം നൽകാൻ മിസ്റ്റർ മോസിനോട് അപേക്ഷിക്കുക.' (Raja's File 1899. Book IV, p.56, I.N. Menon's collection, Regional Archives, Ernakulam).

ഒരു ഉദ്യോഗസ്ഥപ്രമാണിയുടെ മുഷ്‌ക്കിന് തക്ക ശിക്ഷ നൽകാൻ തുനിഞ്ഞ ദിവാനെ രാജാവ് തടയുകയാണ് 4.13.1899 -ന് എഴുതിയ കത്തിലൂടെ: ‘എറണാകുളത്തെ മോസ്‌ക്കിനോട് ചേർന്ന സ്ഥലം, വൈസ്​ പ്രിൻസിപ്പലിന്റെ ക്വാർട്ടേഴ്സിനുവേണ്ടി ഏറ്റെടുത്ത തെക്കൻ ഡിവിഷൻ പേഷ്​കാരെ ശാസിക്കണമെന്ന താങ്കളുടെ നിർദേശത്തെപ്പറ്റി- എന്റെ അഭിപ്രായത്തിൽ, ശാസനയ്ക്കുപകരം, 10 രൂപയുടെ പിഴയാണ് ശരിയായ ശിക്ഷ. ഇത് താങ്കൾ അംഗീകരിയ്ക്കുമെന്നും ഞാൻ വിശ്വസിക്കുന്നു' (മുൻ ഫയൽ, പേ. 63).

ദിവാൻ വഴങ്ങിയില്ല. പിറ്റേന്ന് തൃശൂരിൽ വച്ച് അദ്ദേഹം രാജാവിന് എഴുതി: ‘പരിഗണനയിലുളള കേസിൽ തിരുമനസ്സ് ഒരു ശാസനയെ അംഗീകരിച്ചാൽ അത് സർക്കാർ താൽപര്യത്തിന് എതിരാകുമെന്ന് ഞാൻ കരുതുന്നില്ല'. (മുൻ ഫയൽ, പേ.64). രാജാവിന്റെ ഫയലിൽ സൂക്ഷിച്ചിരിക്കുന്ന ഈ കത്തിൽ താഴെയായി നീല പെൻസിൽ കൊണ്ട് ഇങ്ങനെ കുറിച്ചിട്ടുണ്ട്: ‘ദിവാന്റെ നിർദേശം ഞാൻ അംഗീകരിക്കുന്നു. (ആർ.വി. 6.12.99)'.

‘500 രൂപ വിലമതിയ്ക്കുന്ന ഒരു വൈരമോതിരമുണ്ടായിരുന്നു അയാളുടെ പക്കൽ എന്ന് എനിയ്ക്കറിയാം. ആ മോതിരമാണ് അയാൾ ഡോക്ടർക്ക് സമ്മാനിച്ചതെന്നും കേട്ടിരുന്നു. എന്നാൽ, ഈ കേൾവിയുടെ സത്യാവസ്ഥ സാക്ഷ്യപ്പെടുത്താൻ എനിക്കാവില്ല.’

മഹാനായ ഡോ. ടി.എം. നായരുടെ, മഹത്വരഹിതമെന്നു കരുതാവുന്ന ഒരു നടപടിയെക്കുറിച്ചാണ് രാജാവ് 5.12.1899-ന് തൃപ്പൂണിത്തുറവെച്ച് ദിവാന് എഴുതിയത്: ‘ടി.എം. നായരിൽ നിന്ന് 9-ാം കൂറ് തമ്പുരാനുകിട്ടിയ ഒരു കത്ത് താങ്കളുടെ പരിശോധനയ്ക്കും തിരിച്ചയപ്പിനുമായി ഇതോടൊപ്പം വയ്ക്കുന്നു. എന്റെ പരേതനായ സഹോദരനെ ചികിത്സിക്കാൻ അദ്ദേഹം ഇരിഞ്ഞാലക്കുടയിൽ വന്നതിന്റെ വിശദാംശങ്ങൾ ഞാൻ ഇതിനകം താങ്കളോടു പറഞ്ഞിട്ടുണ്ടെന്നും കരുതുന്നതിനാൽ ഇവിടെ അവ ഒഴിവാക്കുന്നു.
‘അദ്ദേഹത്തിന്റെ ഫീസിനെപ്പറ്റി ഞാൻ ഒരു വാഗ്ദാനവും അദ്ദേഹത്തിന് നേരിട്ടോ അല്ലാതെയോ നൽകിയിട്ടില്ല. എന്റെ സഹോദരൻ ടി.എമ്മിനു സമ്മാനിച്ച മോതിരത്തിന്റെ വില കൃത്യമായി അറിയില്ല എനിയ്ക്ക്. 500 രൂപ വിലമതിയ്ക്കുന്ന ഒരു വൈരമോതിരമുണ്ടായിരുന്നു അയാളുടെ പക്കൽ എന്ന് എനിയ്ക്കറിയാം. ആ മോതിരമാണ് അയാൾ ഡോക്ടർക്ക് സമ്മാനിച്ചതെന്നും കേട്ടിരുന്നു. എന്നാൽ, ഈ കേൾവിയുടെ സത്യാവസ്ഥ സാക്ഷ്യപ്പെടുത്താൻ എനിക്കാവില്ല. ഇക്കാര്യത്തിൽ എടുക്കാവുന്ന ഏറ്റവും നല്ല നടപടിയെന്ത് എന്ന് എന്നോട് പറഞ്ഞാലും.’

‘മദ്രാസിൽ നിന്നയച്ച താങ്കളുടെ 2.12.1899-ന്റെ കത്തു കിട്ടി; തീവണ്ടിപ്പാതയ്ക്കുവേണ്ട മുഴുവൻ തടി (തേക്ക്) യും നമ്മളിൽ നിന്നു വാങ്ങാമെന്ന് മിസ്റ്റർ മോസ് സദയം സമ്മതിച്ചതറിഞ്ഞു സന്തോഷിയ്ക്കുന്നു. താങ്കളുടെ ഭാര്യയ്ക്ക് എങ്ങനെയുണ്ട്? കുട്ടികളെല്ലാം സേലത്തെ വിശ്രമവാസം മുഴുവനായി ആസ്വദിക്കുന്നുണ്ടെന്നു കരുതുന്നു' (മുൻ ഫയൽ, പേ.66-67).

ദിവാൻ മറുപടിയിൽ (തൃശൂർ, 6.12.1899) എഴുതി: ‘ഡോ. ടി.എം. നായരുടെ കത്ത് ഞാൻ 9-ാം കൂറ് തമ്പുരാനു തിരിച്ചയക്കുന്നു. തിരുമനസ്സിന്റെ സ്ഥാനവും മരിച്ചുപോയ സാധു തമ്പുരാന്റെ സ്ഥാനവും പരിഗണിയ്ക്കുമ്പോൾ, ഫീസായി 500 രൂപ നൽകാമെന്നു കരുതുന്നു. അതയയ്ക്കുമ്പോൾ, തിരുമനസ്സ് കൽപ്പിക്കുന്നതനുസരിച്ച് ഞാൻ അദ്ദേഹത്തിന്റെ സേവനങ്ങൾക്കും മറ്റും നന്ദി പറഞ്ഞ് എഴുതാമെന്നും നിർദേശിക്കട്ടെ' (മുൻ ഫയൽ, പേ. 68).
താഴെ ചുവപ്പുമഷിയിൽ ദിവാൻ കുറിച്ചു: ‘എന്റെ ഭാര്യയ്ക്ക് വളരെ ഭേദമായെന്ന് അത്യാഹ്ലാദത്തോടെ അറിയിക്കയാണ്; ചികിത്സയുടെ രണ്ടാംഘട്ടം തുടങ്ങുകയും ചെയ്തു. കുട്ടികൾ സുഖമായിരിക്കുന്നു.’

പൊതുഖജനാവ് തിന്നുമുടിക്കുന്ന രാജകുടുംബത്തിന്റെ ബീഭത്സ ചിത്രമുണ്ട് ദിവാൻ (എറണാകുളം, 9.12.1899) രാജാവിന് അയച്ച കത്തിന്റെ കൂടെ വച്ച മറ്റൊരു കത്തിൽ. ആക്റ്റിങ് ബ്രിട്ടീഷ് റസിഡൻറ്​ ജി.റ്റി. മകെൻസി (Resident's Office, Trivandrum, 5th December 1899, Ref. on CNo. 3822) ദിവാന് അയച്ചതാണത്: ‘കൊച്ചി രാജാവിന്റെ കുടുംബത്തിൽ അതിവേഗം ഉണ്ടാകുന്ന ആൾവർധനയും, ഇളയ അംഗങ്ങൾക്കു നൽകുന്ന ആകെ അലവൻസ് തുകയും തജ്ജന്യമായി ഉണ്ടാകുന്ന കയറ്റവും കുറച്ചുനാളായി എന്റെ ശ്രദ്ധയാകർഷിയ്ക്കുന്നുണ്ട്.'

‘2. മുൻ ഇളയ രാജാവിന്റെ ദുഃഖപൂർണമായ മരണത്തിനുശേഷം ഞാൻ അർധ ഔദ്യോഗികമായി [ഡി. ഒ.] രാജാവു തിരുമനസ്സിനു എഴുതിയ കത്തിൽ നിർദേശിച്ചത്, ഒന്നും രണ്ടും കൂറ് തമ്പുരാക്കന്മാർക്ക് (ഇപ്പോൾ ഇളയ രാജാവ്, ഒന്നാം കൂറ് തമ്പുരാൻ എന്നീ സ്ഥാനങ്ങളിൽ എത്തിയവർക്ക്) സാധാരണ അലവൻസുകൾ നൽകുന്നത് ഈ വിഷയം ആകെ ചർച്ചചെയ്യും വരെ മാറ്റിവയ്ക്കണമെന്നാണ്.'

‘അലവൻസ് വാങ്ങുന്ന തമ്പുരാക്കന്മാരുടെ എണ്ണത്തിന് ഒരു പരിധി വയ്ക്കേണ്ടത് ആവശ്യമായിരിയ്ക്കുന്നു. കാരണം, എണ്ണമറ്റ അലവൻസുകൾ കൊടുക്കാൻ മതിയാകില്ല കൊച്ചി രാജ്യത്തിന്റെ നികുതിവരുമാനം.’

‘3. ഉപനയന പ്രായം എത്തിയ ഓരോ തമ്പുരാനുമുളള അലവൻസ് 250 രൂപയായി 1838 മുതലേ തീരുമാനിയ്ക്കപ്പെട്ടതായാണ് കാണുന്നത്. കാരണം, 15.2.1868-ന്റെ ഒരു കത്തിൽ (No.121) ദിവാൻ പറഞ്ഞത്, 30 കൊല്ലമായിട്ട് ആ തുകയാണ് അലവൻസായി നൽകുന്നതെന്നാണ്; അത് 350 രൂപയാക്കി കൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം. ആ അപേക്ഷയെപ്പറ്റി റെസിഡൻറ്​ സർക്കാരിന് എഴുതിയ മറുപടിയിൽ പറഞ്ഞത്, രണ്ടും മൂന്നും കൂറ് തമ്പുരാക്കന്മാർക്കു മാത്രമേ ആ പുതിയ നിരക്ക് ആ ഘട്ടത്തിൽ നൽകാവൂ എന്നാണ്. കൂട്ടിയ അലവൻസ് അപ്പോൾ രണ്ടു തമ്പുരാക്കന്മാർക്കേ നൽകാവൂ എന്ന നിർദേശത്തോടെ സർക്കാർ ആ വർധന അനുവദിച്ചു.' (G.O. No. 94 dated 17th April, 1868, Political).

‘4. 1885 ഫെബ്രുവരിയിൽ 28 തമ്പുരാക്കന്മാരുണ്ടായിരുന്നതായി കാണുന്നു. ഒന്നാം കൂറ് തമ്പുരാന് ആ സ്ഥാനത്തിനുള്ള അലവൻസ് കിട്ടിയിരുന്നു. 2 തൊട്ടു 10 വരെ കൂറ് തമ്പുരാക്കന്മാർ കൂട്ടിയ (ഓരോരുത്തരും) അലവൻസായ 350 രൂപയും, 11-ഉം 12-ഉം 13-ഉം കൂറ് തമ്പുരാക്കന്മാർ 250 രൂപയും [വീതം] വാങ്ങി. 15 തമ്പുരാക്കന്മാരുടെ ഉപനയനം കഴിഞ്ഞിരുന്നില്ല. 11-ാം കൂറ് തമ്പുരാന്റെ അലവൻസ് 350 രൂപയായി സർക്കാർ 20.2.1885ന് (G.O. No.125, Political) കൂട്ടി; എന്നാൽ, ശേഷിയ്ക്കുന്ന 17 തമ്പുരാക്കന്മാർക്ക് അത്തരം വർധന അനുവദിക്കില്ലെന്നു പറയുകയും ചെയ്തു.'

‘5. ഇളയരാജാവിന്റെ മരണത്തിനുമുൻപ്, 5.11.1899-ന് 2 തൊട്ട് 7 വരെ കൂറ് തമ്പുരാക്കന്മാർ [ഓരോരുത്തരും] 350 രൂപയും 8 തൊട്ട് 19 വരെ തമ്പുരാക്കന്മാർ [ഓരോരുത്തരും] 250 രൂപയും, 20-ഉം, 21-ഉം 22-ഉം കൂറ് തമ്പുരാക്കന്മാർ വെറും 100 രൂപ വീതവും [അലവൻസ്] വാങ്ങി. ഒരു അലവൻസും കിട്ടാത്തവരായി 20-ൽപ്പരം കുട്ടിത്തമ്പുരാക്കന്മാരുമുണ്ടായിരുന്നു; ഈ സംഖ്യ കൂടും.'

‘6. ഈ ചുറ്റുപാടിൽ, അലവൻസ് വാങ്ങുന്ന തമ്പുരാക്കന്മാരുടെ എണ്ണത്തിന് ഒരു പരിധി വയ്ക്കേണ്ടത് ആവശ്യമായിരിയ്ക്കുന്നു. കാരണം, [ഇങ്ങനെ], എണ്ണമറ്റ അലവൻസുകൾ കൊടുക്കാൻ മതിയാകില്ല കൊച്ചി രാജ്യത്തിന്റെ നികുതിവരുമാനം.’

മങ്കു. രാമവർമ്മയുടെ സഹോദരി.

‘7. ഉപനയനം കഴിയുമ്പോൾ ഓരോ ആൺകുട്ടിയ്ക്കും പ്രത്യേക അലവൻസ് നൽകണമെന്ന നയം നിർത്തലാക്കാൻ ഞാൻ നിർദേശിയ്ക്കുന്നു. മുതിർന്ന തമ്പുരാക്കന്മാർക്കുമാത്രം അലവൻസ് നൽകാനും, 13-ാം കൂറ് തമ്പുരാനുകീഴെയുളള എല്ലാ തമ്പുരാക്കന്മാരും, തമ്പുരാട്ടിമാരെപ്പോലെ, സീനിയർ റാണിക്കു [വലിയമ്മ തമ്പുരാനു] നൽകുന്ന അലവൻസുകൊണ്ടു ജീവിയ്ക്കണമെന്നുമാണ് എന്റെ നിർദേശം. ഞാൻ നിർദേശിയ്ക്കുന്ന
നിരക്കുകൾ താഴെ ചേർക്കുന്നു:
ഇളയരാജാവ് - 950 രൂപ
1-ാം കൂറ് തമ്പുരാൻ - 600
2-ാം കൂറ് തൊട്ട് 10-ാം കൂറ് വരെ - 350
11-ാം കൂറ് തൊട്ട് 20-ാം കൂറ് വരെ - 250
21-ാം കൂറ് തൊട്ട് 30-ാം കൂറ് വരെ - 100
ഇതിനപ്പുറമില്ല.’

‘8. ഈ വിഷയം ഒരു ചർച്ചയ്ക്കായി അവതരിപ്പിയ്ക്കാൻ മാത്രമേ ഈ കത്തുകൊണ്ട് ഉദ്ദേശിക്കുന്നുളളു എന്നും, ഞാൻ മദ്രാസ് ഗവൺമെന്റിന് എഴുതുംമുൻപ് തിരുമനസ്സിന്റെയും തമ്പുരാക്കന്മാരുടെയും അഭിപ്രായങ്ങൾ അറിയാൻ എനിയ്ക്ക് ആകാംക്ഷയുണ്ടെന്നും താങ്കൾ രാജാവ് തിരുമനസ്സിനു വിശദീകരിച്ചുകൊടുക്കണമെന്ന് ഞാൻ അപേക്ഷിയ്ക്കുന്നു'. (മുൻ ഫയൽ, പേ.76-78).

സംഭ്രമജനകമായ കത്താണ് ദിവാൻ പി. രാജഗോപാലചാരി ഇരിങ്ങാലക്കുടയിൽ വച്ച് 14.12.1899-ന് തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതിയത്: ‘സേലം ജില്ലയിലെ തിരുപ്പത്തൂരിൽ പ്ലേഗിന്റെ രൂക്ഷമായ ആക്രമണമുണ്ടായിരുന്നു എന്ന് അറിയിച്ച് സുരമംഗലത്തുനിന്ന് എന്റെ ആളുകൾ അയച്ച റ്റെലിഗ്രാം ദാ, ഇപ്പോൾ കിട്ടി; 250-ൽപരം ആളുകൾ മരിച്ചിട്ടുണ്ട്. എന്റെ ഭാര്യയോടും കുട്ടികളോടും കഴിയുംവേഗം മടങ്ങിവരാൻ ഞാൻ കമ്പിയടിച്ചു. എത്ര പെട്ടന്നാണു പ്ലേഗ് പരക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതുകൊണ്ട് ഞാൻ വല്ലാതെ ആശയക്കുഴപ്പത്തിലാണ്. എന്റെ ഭാര്യയും മക്കളും സുരക്ഷിതരായി മടങ്ങിയെത്തുന്നതുകാണാൻ ഷൊർണൂരിലേയ്ക്ക് ഓടിച്ചെല്ലാൻ എനിക്ക് ആകാംക്ഷയുണ്ട്; വേണമെങ്കിൽ സേലത്തേയ്ക്കു ചെല്ലാനും' (Raja's File1899. Book IV, p.85, I.N. Menon's collection, Regional Archieves, Ernakulam).

പിറ്റേന്ന് രാജാവ് ദിവാന് എഴുതി: ‘താങ്കളുടെ ഭാര്യയെയും കുട്ടികളെയും ഇനി അവിടെ നിർത്തുന്നത് ഒട്ടും സുരക്ഷിതമല്ല. താങ്കളുടെ കുടുംബത്തെ സന്ധിയ്ക്കാൻ ഷൊർണൂർക്കോ സേലത്തേയ്ക്കുതന്നെയോ പോകണമെന്ന താങ്കളുടെ നിർദേശത്തിന് എന്റെ പൂർണസമ്മതമുണ്ട്' (മുൻ ഫയൽ, പേ. 86).

പിറ്റേതിന്റെ പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വച്ച് ദിവാൻ രാജാവിനെഴുതിയത് വേറൊരു സംഗതിയാണ്: ‘വാക്ക് പറഞ്ഞിരുന്ന മാളിക നിർമാണത്തിൽ വന്ന താമസംമൂലം മങ്കു തമ്പുരാൻ തിരുമനസ്സിനു വലിയ ബുദ്ധിമുട്ടായിരിക്കുന്നു എന്നറിയിച്ച് അവർ എഴുതിയ ഒരു കത്തുമായി നീലകണ്ഠൻ ഭട്ടതിരി ദാ, ഇപ്പോൾ വന്നതേയുള്ളൂ എന്റടുത്ത്. ഭട്ടതിരി എന്നോടു പറഞ്ഞതിൽ നിന്നു മനസ്സിലാകുന്നത്, മങ്കു തമ്പുരാൻ തിരുമനസ്സിന്റെ ഈയിടെ വിവാഹിതയായ രണ്ടാമത്തെ മകൾക്ക് കിടപ്പുമുറിയേ ഇല്ലാതായെന്നും എന്തുചെയ്യണമെന്ന് തനിയ്ക്കറിയില്ലെന്നും മറ്റുമാണ് മങ്കു തമ്പുരാൻ പരാതിപ്പെടുന്നതെന്നാണ്. മങ്കു തമ്പുരാനോടു വാക്കുപറഞ്ഞിരുന്ന മാളികയ്ക്കുള്ള തുക ഇക്കൊല്ലത്തെ പൊതുമരാമത്ത് ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, പരിശോധകൻ ഈയടുത്തു മാത്രമേ അളവുകളും മറ്റും ചീഫ് എൻജിനിയർക്ക് നൽകിയിട്ടുള്ളു എന്നതാണു കാലതാമസത്തിനു കാരണമെന്നും ചീഫ് എൻജിനിയർ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയാണെന്നും, അവ കിട്ടിയാലുടനെ തിരുമനസ്സ് അനുവാദം നൽകുമെന്നും പണി തുടങ്ങുമെന്നും മങ്കു തമ്പുരാനെ അറിയിക്കാൻ ഞാൻ ഭട്ടതിരിയോടു പറഞ്ഞു. അവരുടെ ആവശ്യങ്ങൾ എത്ര അടിയന്തിരമാണെങ്കിലും പൊതുമരാമത്തു വകുപ്പ് നടത്തുന്ന ഒരു പുതിയ നിർമാണത്തിന് സ്വാഭാവികമായും സമയം പിടിക്കുമെന്നും, മാളികയുടെ പണിതീരാൻ ഒരു കൊല്ലത്തോളമെങ്കിലും വേണമെന്നും കൂടെ ഞാൻ പറഞ്ഞു. മങ്കു തമ്പുരാന്റെ പ്രയാസങ്ങൾ തീരുംവരെ, കിട്ടാവുന്ന ഇവിടത്തെ ഏതെങ്കിലും കൊട്ടാരത്തിൽ തങ്ങാൻ അവർ അന്വേഷിയ്ക്കണമെന്നും, ഇത്തരം കാര്യങ്ങൾ തിരുമനസ്സിനേ പരിഹരിക്കാനാവൂ എന്നും, എനിയ്ക്ക് അവയിൽ ഇടപെടാനാവില്ലെന്നും ഞാൻ സൂചിപ്പിച്ചു.'

‘പരേതനായ ഒന്നാം കൂറ് തമ്പുരാന്റെ വിധവയ്ക്ക് രോഗം മൂർച്ഛിച്ചിരിയ്ക്കയാണ്. അവരുടെ ആങ്ങളയും നെന്മാറ ആശുപത്രിയിലെ അപ്പോത്തിക്കിരിയുമായ ഐ. ശങ്കുണ്ണിയ്ക്ക് ലീവ് വേണം; പെങ്ങളുടെ രോഗശയ്യയ്ക്കരുകിൽ ഇരിയ്ക്കാനാണ്.’

‘2. അങ്ങനെ പറയുമ്പോൾ എന്റെ ഉദ്ദേശ്യം, ഏതാനും നാൾ മുൻപ് തിരുമനസ്സ് എന്നോടുപറഞ്ഞ നിർദേശം നടപ്പാക്കുന്നത് എളുപ്പമാക്കുക എന്നതായിരുന്നു. ആ നിർദേശത്തോടു പൂർണമായി യോജിക്കുമ്പോൾ തന്നെ, ഈ വിഷയത്തിൽ തിരുമനസ്സിന് കാര്യങ്ങൾ നീക്കിത്തുടങ്ങാൻ വേണ്ട ശരിയായ സംഗതിയാണോ അതെന്ന് ഒന്നിലേറെ തവണ ഞാൻ ചിന്തിച്ചു. തിരുമനസ്സിന്റെ പ്രേരണയാലാണ് പദ്ധതി തയ്യാറാക്കിയതെന്ന് അറിയിക്കാതെ നിർദേശം നടപ്പാക്കാൻ കഴിയുന്ന വല്ലവഴിയും കണ്ടെത്താനാകുമോയെന്ന് ഞാൻ ആലോചിയ്ക്കുകയായിരുന്നു. അതുകൊണ്ട്, ഭട്ടതിരി എന്റെയടുത്തു വന്നപ്പോൾ [...] ഇക്കാര്യത്തിൽ തമ്പുരാട്ടിയെ തിരുമനസ്സിന്റെയടുത്തെത്താൻ പ്രേരിപ്പിയ്ക്കുന്നതും, തിരുമനസ്സിന് കാര്യങ്ങൾ ശരിയാക്കൽ എളുപ്പമാക്കുന്നതുമായ ഒരു നിർദേശം ഉന്നയിക്കുന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. പുതിയവ പണിയുന്നതിനെക്കാൾ ഉപകാരപ്രദം ഇപ്പോഴുള്ള കെട്ടിടങ്ങൾ സമഗ്രമായി അറ്റകുറ്റപ്പണി നടത്തുകയാണ് എന്നാണ് എന്റെ ബലമായ വിശ്വാസം.' [...]

‘3 ഇന്നുച്ചയ്ക്ക് ഞാൻ തൃശൂർക്ക് പോകുകയാണ്; എന്റെ കുടുംബത്തിന്റെ വരവും കാത്ത് വടക്കഞ്ചേരിയിൽ പോയി നിൽക്കാനാണ് (മുൻ ഫയൽ. 87 -89).
കപ്പൽ കയറി വിദേശത്തുപോയി താമസിച്ച ഒരു നായരെ (കെ. രാവുണ്ണി മോനോനെ) ശിക്ഷിക്കണോ എന്നതിനെപ്പറ്റിയാണ് ‘രാജർഷി'യുടെ ഒരു മുഖ്യ വേവലാതി. 24.12.1899-ന് അദ്ദേഹം തൃപ്പൂണിത്തുറ വച്ച് ദിവാന് എഴുതിയ മറുപടി: ‘‘[മദ്രാസ് അഡ്വ: ജനറൽ] മിസ്റ്റർ ഭാഷ്യം അയ്യങ്കാറുമായി നേരിട്ട് ചർച്ചചെയ്ത് അദ്ദേഹത്തിന്റെ ഉപദേശം കേൾക്കുംമുൻപ് മിസ്റ്റർ രാവുണ്ണിയുടെ കേസ് തീർപ്പാക്കാൻ എനിക്ക് ഒരുദ്ദേശ്യവുമില്ല. [...] താങ്കൾ നിർദേശിച്ചപോലെ ഏതാനും ആഴ്ചകൾ കൂടെ നമുക്ക് കാക്കാം. എന്നിട്ട്, വേണമെങ്കിൽ, താങ്കൾ മദ്രാസിലേയ്ക്ക് ചെന്ന് മിസ്റ്റർ ഭാഷ്യം അയ്യങ്കാറെ കൂട്ടികൊണ്ടുവരണം. എന്റെ തൃശൂർ സന്ദർശനവും, വൈദികരെയും പണ്ഡിതരെയും സംഘടിപ്പിക്കലുമെല്ലാം അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് തരപ്പെടുത്താൻ എനിയ്ക്ക് കഴിയും. ഇവിടുത്തെ ക്ഷേത്രത്തിൽ ഞാൻ ഒരു ‘ഭജനം' നടത്തുകയാണ്.’’ (മുൻ ഫയൽ, പേ.109).

പരേതനായ ഒന്നാം കൂറ് തമ്പുരാന്റെ വിധവയ്ക്ക് രോഗം മൂർച്ഛിച്ചിരിയ്ക്കയാണ്. അവരുടെ ആങ്ങളയും നെന്മാറ ആശുപത്രിയിലെ അപ്പോത്തിക്കിരിയുമായ ഐ. ശങ്കുണ്ണിയ്ക്ക് ലീവ് വേണം; പെങ്ങളുടെ രോഗശയ്യയ്ക്കരുകിൽ ഇരിയ്ക്കാനാണ്. തൃപ്പൂണിത്തുറ ഹിൽ ബംഗ്ലാവിലിരുന്ന് രാജാവ് 26.12.1899-ന് ശങ്കുണ്ണിയെപ്പറ്റി ദിവാന് എഴുതി: ‘ഒരു കീഴ് തസ്തികയിലാക്കിയിട്ടെങ്കിലും തനിക്ക് കുറച്ച് മാസത്തേയ്ക്ക് തൃശൂരിലേയ്ക്കു സ്ഥലം മാറ്റം നൽകണമെന്ന് താൻ ഡോ. കുംസിനോട് അപേക്ഷിച്ചെന്നും പറയുന്നു അയാൾ. ഈ അപേക്ഷ അനുവദിയ്ക്കാൻ ഡോക്ടർ തയ്യാറായിട്ടില്ലെന്ന് അയാൾ പറയുന്നു. താൻ ഇപ്പോൾ കുറച്ച് അവധിയ്ക്ക് അപേക്ഷിച്ചിരിയ്ക്കയാണെന്നും, അതനുവദിയ്ക്കാനോ, ഒരു ചെറിയ ഘട്ടത്തിലേക്ക് തൃശൂരിൽ സ്ഥലംമാറ്റം നൽകാനോ ഞാൻ താങ്കളോടോ കുംസിനോടോ പറയണമെന്നാണ് ശങ്കുണ്ണി യാചിയ്ക്കുന്നത്'. ഞാൻ താങ്കൾക്ക് ഈ കത്ത് എഴുതില്ലായിരുന്നു. എന്നാൽ, തന്റെ ഇപ്പോഴത്തെ രോഗാവസ്ഥയിൽ ഏക സഹോദരൻ അടുത്തുണ്ടാകണമെന്നതിൽ ആ സ്ത്രീയ്ക്ക് വലിയ ഉത്കണ്ഠയുണ്ടെന്ന് എനിയ്ക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഈ താത്പര്യമെടുക്കുന്നത്. ഒരുപക്ഷേ ഇത് അവരുടെ അന്ത്യാഭിലാഷമാകും. അതുകൊണ്ട്, കഴിയുമെങ്കിൽ ഇതു സാധിച്ചുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ മിസ്റ്റർ വെയ്ഗസിന്റെ ചികിത്സയിലാണെന്നും വളരെ സന്ദിഗ്ധാവസ്ഥയിലാ
ണെന്നുമാണ് ഞാനറിഞ്ഞത്.’

‘എന്റെ കുടുംബത്തിലെ ഒരു കുഞ്ഞിന്റെ മരണം മൂലം എന്റെ ഭജനം മുടങ്ങിയതിനാൽ ഇന്നു രാവിലെ ഞാൻ ഇങ്ങോട്ടുപോന്നു' (മുൻ ഫയൽ. 119-120). ▮

(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ്​ സ്​ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്​)

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ചെറായി രാമദാസ്​

ചരിത്ര ഗവേഷകൻ, മാധ്യമപ്രവർത്തകൻ. കേരളീയ നവോത്ഥാനകാലത്തെക്കുറിച്ച് സവിശേഷ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവർണ പക്ഷ രചനകൾ, അംബേദ്കറുടെ മരണം, അയ്യൻകാളിക്ക് ആദരത്തോടെ, ശാംകര സ്മൃതി (പുനരച്ചടി പരിശോധകൻ) തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.

Comments