ഏഴു രൂപയും മറ്റും വലിയ മാസ ശമ്പളമായി വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ കൊച്ചിയിൽ, രാജകുടുംബത്തിലെ വെറുതെയിരിക്കുന്ന 106 അംഗങ്ങൾക്ക് മാസം ശരാശരി 275 രൂപ വീതം പൊതുഖജനാവിൽ നിന്നു ദാനം കിട്ടിയിട്ടും രാജാവിന് ‘തത്കാല തൃപ്തി'യേ വരുന്നുളളു!
രാജാവിന്റെ 1900-ലെ ഡയറി കിട്ടാനില്ല; നമുക്ക് 1901-ലേയ്ക്ക് കടക്കാം:
8.1.1901 ചൊവ്വ: കെ. രാമുണ്ണിയുടെ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മടക്കത്തപാലിൽ അയയ്ക്കണമെന്ന് ദിവാന്റെ റ്റെലിഗ്രാം കിട്ടി.
13.1.1901: അയ്യമ്പിള്ളി ദേവസ്വത്തിന്റെ മാപ്പിള കുടിയാന്മാരുടെ അപേക്ഷ നേരിട്ടുകേട്ടു; ദേവസ്വത്തിന്റെ ഒരു പറമ്പിൽ പള്ളി പണിയണമെന്ന്.
15.1.1901 ചൊവ്വ: മുൻ ദിവാൻ ഗോവിന്ദമേനോന് രോഗം കൂടുതലാണെന്ന് ജസ്റ്റിസ് കൃഷ്ണമേനോനിൽ നിന്ന് രാവിലെ 9-ന് ഒരു കുറിപ്പ് കിട്ടി. അതിനു മറുപടി അയച്ചു; ദാനം നൽകാൻ കുറച്ച് പണവും തുണികളും കൊടുത്തയച്ചു.
23.1.1901 ബുധൻ: ചക്രവർത്തിനി [വിക്റ്റോറിയ] യുടെ ചരമം അറിയിച്ച് റെസിഡന്റിന്റെ റ്റെലിഗ്രാം കിട്ടി, 4-ന്.
26.1.1901 ശനി: [അമ്മ] മരിച്ചു, രാത്രി 7.20-ന്.
27.1.0901: ഇന്നുതൊട്ട് ഫെബ്രു. 6 വരെ രാവിലെ മരണാനന്തര ചടങ്ങുകൾ നടത്തി; ഔദ്യോഗിക ജോലി ചെയ്തു; ഉച്ചയ്ക്കുശേഷം സന്ദർശകരെ സ്വീകരിച്ചു; സുഹൃത്തുക്കളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒട്ടേറെ കത്തുകൾ കിട്ടി.
7.2.1901 വ്യാഴം: രാവിലെ നിത്യശ്രാദ്ധ കർമം ചെയ്തു. 4-ന് ഹിൽ ബംഗ്ലാവിലേയ്ക്കുപോയി; അവിടെ എന്റെ ഭാര്യയ്ക്കുവേണ്ടി പണിയുന്ന പുതിയ കെട്ടിടത്തെപ്പറ്റി വേണ്ട നിർദേശങ്ങൾ ഓവർസീയർക്കു നൽകി.
12.2.1901 ചൊവ്വ: ഇളയ രാജാവിനെ കണ്ടു. അമ്മ രാജാവിന്റെ കാര്യങ്ങൾ അദ്ദേഹവുമായി ചർച്ചചെയ്തു, 2.40 തൊട്ട് 3.30 രെ. ഇപ്പോഴത്തെ അമ്മ രാജാവ് എതിർപ്പിന്റെ സൂചനകൾ കാണിക്കാൻ തുടങ്ങിയെന്ന് അദ്ദേഹത്തിൽ നിന്ന് അറിഞ്ഞത് ദുഃഖകരമായി. ഉറച്ച നിലപാട് കാണിക്കാൻ തമ്പുരാനോട് ഞാൻ പറഞ്ഞു.
‘‘കുടുംബി ബാവന്, അയാളുടെ അച്ഛന്റെ സ്ഥാനത്ത് അയാളെ രണ്ട് തെരുവുകളുടെ മൂപ്പനാക്കിക്കൊണ്ടുള്ള തീട്ടൂരം നൽകി.’’
16.2.1901 ശനി: റവ: ഫാദർ ബോണിഫസിനെയും വരാപ്പുഴ ആർച്ച് ബിഷപ്പിനെയും കണ്ടു, 4-ന്.
19.2.1901 ചൊവ്വ: കെ. രാമുണ്ണിമേനോന്റെ കേസിനെപ്പറ്റി സർ വീ. ഭാഷ്യം അയ്യങ്കാർ അയച്ച അഭിപ്രായവും അനുബന്ധങ്ങളും വായിച്ചു, 6 തൊട്ട് 7 വരെയും 11 തൊട്ട് 1 വരെയും. ആലുവായിലെ പാലം പണി കണ്ടു, 3.30ന്.
21.2.1901 വ്യാഴം: കെ. രാമുണ്ണിമേനോന്റെ കേസിനെപ്പറ്റി സർ വീ. ഭാഷ്യത്തിന്റെ അഭിപ്രായം വിശകലനം ചെയ്ത് ഒരു കരട് മെമോ എഴുതി, പുലർച്ചെ 6-നും 7.30നും ഇടയ്ക്ക്; 12 തൊട്ട് 2 വരെയും. ഇവിടെ ചൊവ്വരയിൽ കനത്ത മഴ പെയ്തു, വൈകീട്ട് 5.30 തൊട്ട് 7 വരെ.
22.2.1901: ഇന്നലത്തെ ഡയറിയിൽ പറഞ്ഞ കരട് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടു, പുലർച്ചെ 6 തൊട്ട് 7വരെയും 11 തൊട്ട് 1 വരെയും. ആലുവായിലെ തീവണ്ടിപ്പാലം പണി ചുമതലക്കാരൻ മിസ്റ്റർ മായിസിൽ നിന്ന് സന്ധ്യയ്ക്ക് 7-ന് ഒരു കുറിപ്പു കിട്ടി.
23.2.1901: കഴിഞ്ഞ രണ്ടുദിവസത്തെ ഡയറികളിൽ പറഞ്ഞ കരട് തയ്യാറായി, പുലർച്ചെ 6 തൊട്ട് 7 വരെയും 11 തൊട്ട് 1 വരെയും. [...] പാലം കാണാൻ 3-ന് ആലുവായിലേയ്ക്കുപോയി, ഇവിടെ 5.30-ന് തിരിച്ചെത്തി.
25.2.1901 തിങ്കൾ: പുല സംബന്ധമായ നിത്യശ്രാദ്ധത്തിലെ കുടിശ്ശിക തീർക്കുന്നതിൽ ഏർപ്പെട്ടു, രാവിലെ 8 തൊട്ട് 11 വരെ.
2.3.1901 ശനി: വണ്ടിയിൽ കയറി പുറത്തുപോയി വൈകീട്ട് 4.30ന്; ചെറിയൊരു അപകടം പറ്റി. എന്റെ സഹോദരൻ 6-ാം കൂറ് തമ്പൂരാൻ അന്നേരം എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്നു. വണ്ടിക്കാരന്റെ ഉപദേശമനുസരിച്ച് ഞങ്ങൾ രണ്ടാളും താഴെയിറങ്ങി; ഇത്തിരിപ്പോലും പരുക്കുപറ്റിയില്ല. എന്റെ സഹോദരൻ നടന്നുവന്നു വീട്ടിൽ. ഞാൻ എന്റെ ചറിയ കൂനൂർ കുതിരയുടെ പുറത്തു കയറി 6-നടുത്ത് വീട്ടിലെത്തി.
6.3.1901 ബുധൻ: [ചൊവ്വരയിൽ നിന്ന്] വെളുപ്പിന് 4.45ന് തൃപ്പൂണിത്തുറയ്ക്കു തിരിച്ചു; 6.53ന് അവിടെയെത്തി. [...] നമ്മൾ തമ്മിൽ എന്തുതന്നെ സംസാരിച്ചാലും അതേപ്പറ്റി തമ്പുരാന്മാരോടും തമ്പുരാട്ടിനമാരോടും പറയുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് [സുബ്ബറാവുവിനോട്] പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് അയാൾ സമ്മതിച്ചു.
15.3.1901 വെള്ളി-ചൊവ്വര: സ്ഥലത്തെ ഉപ്പുവിൽപനശാലയിൽ ഒരു മിന്നൽ പരിശോധന നടത്തി, ഉച്ചയ്ക്കുശേഷം 3 തൊട്ട് 5.30 വരെ. കുന്നംകുളം ജില്ലയിലെ ഒരു നമ്പൂതിരി വിധവയ്ക്ക് എതിരെയുള്ള ജാരസംസർഗ കേസിന്റെ പ്രാഥമിക നടപടികളിൽ പങ്കെടുത്തു.
‘‘ചെങ്ങൽ എന്ന സ്ഥലത്ത് ഒരു പറയ ജാതിക്കാരൻ, തന്നെ ഒരു നായർ തല്ലിയെന്ന് എന്നോടു പരാതിപ്പെട്ടു. തൊട്ടടുത്തുതന്നെയുളള പോലീസ് സ്റ്റേഷനിലേയ്ക്ക് കോൺസ്റ്റബിളിനായി ആളെ വിട്ടു; വേണ്ടത് ചെയ്യാൻ കോൺസ്റ്റബിളിനു നിർദേശം നൽകി.’’
21.3.1901 ഞായർ-ചൊവ്വര: കുടുംബി ബാവന്, അയാളുടെ അച്ഛന്റെ സ്ഥാനത്ത് അയാളെ രണ്ട് തെരുവുകളുടെ മൂപ്പനാക്കിക്കൊണ്ടുള്ള തീട്ടൂരം നൽകി.
31.3.1901 ഞായർ-ചൊവ്വര: വണ്ടിയിൽ കയറി പുറത്തുപോയി, [വൈകീട്ട്] 4.30ന്. ചെങ്ങൽ എന്ന സ്ഥലത്ത് ഒരു പറയ ജാതിക്കാരൻ, തന്നെ ഒരു നായർ തല്ലിയെന്ന് എന്നോടു പരാതിപ്പെട്ടു. തൊട്ടടുത്തുതന്നെയുളള പോലീസ് സ്റ്റേഷനിലേയ്ക്ക് കോൺസ്റ്റബിളിനായി ആളെ വിട്ടു; വേണ്ടത് ചെയ്യാൻ കോൺസ്റ്റബിളിനു നിർദേശം നൽകി. കൊച്ചിയിലെ ചില ജൂതന്മാർ സ്വന്തം കാര്യങ്ങൾക്കായി കാണാൻ വന്നു, വൈകീട്ട് 4.30-ന് [?].
1.4.1901: പറയനെ തല്ലിയവനെ കണ്ടുപിടിച്ചെന്ന് [രാത്രി] 7.30-ന് കോൺസ്റ്റബിൾ വന്ന് എന്നോടുപറഞ്ഞു. ഇക്കാര്യത്തിൽ വേണ്ടതു ചെയ്യാൻ അയാളോടുപറഞ്ഞു.
4.4.1901 വ്യാഴം: വയസ്സൻ കുറു നമ്പൂരി എന്നെ വന്നുകണ്ടു, രാവിലെ 10.30-ന്.
6.4.1901: കെ.പി. പദ്മനാഭമേനോനെ 3-ന് കണ്ടു; 3.40 വരെ അദ്ദേഹത്തോടു സംസാരിച്ചു.
16.4.1901 ചൊവ്വ-ചൊവ്വര: അഴീക്കൽ വരാഹ ദേവസ്വം ട്രസ്റ്റികളായ മൂന്ന് കൊങ്കണികൾ എന്നെ വന്നു കണ്ടു, 3.30-ന്.
8.5.1901 ബുധൻ: ദാനം ചടങ്ങിൽ പങ്കെടുത്തു, വൈകീട്ട് 6.30 തൊട്ട് 7.30 വരെ.
17.6.1901 തിങ്കൾ: വലിയ ഇക്കാവു തമ്പുരാൻ തിരുമനസ്സിന്റെ 60-ാം പിറന്നാൾ പ്രമാണിച്ചു നടന്ന ദാനം ചടങ്ങിൽ പങ്കെടുത്തു, ഉച്ചയ്ക്ക് 11.30 വരെ.
25.6.1901 ചൊവ്വ: മദ്രാസ് മെയിൽ-ന് അയയ്ക്കേണ്ട ഒരു ലേഖനം തയ്യാറാക്കി, രാവിലെ 6.30 തൊട്ട് 8 വരെ.
10.7.1901 ബുധൻ: ഒരു സെഷൻസ് കേസിലെ തന്റെ നടപടിയെപ്പറ്റി ജഡ്ജി രാമചന്ദ്ര അയ്യരുടെ വിശദീകരണം വായിച്ചു. [ഉച്ചയ്ക്കുശേഷം] 3.30 തൊട്ട് 4.20 വരെ.
17.7.1901 ബുധൻ: എന്റെ മകളെ ഒരു സംസ്‌കൃതം പാഠം പഠിപ്പിച്ചു, [വൈകീട്ട്] 5 തൊട്ട് 6 വരെ.
12.8.1901 തിങ്കൾ: താൻ ബുധനാഴ്ച തൊട്ട് [ഉദ്യോഗം ഒഴിയുന്നതിനുമുൻപുളള]
അവധിയിലാണെന്നറിയിച്ച് ദിവാൻ [പി. രാജഗോപാലചാരി] യാത്രപറഞ്ഞു.
14.8.1901: ഒരു ജാരബന്ധ കേസുമായി വന്ന, നെമ്മാറയിലെ ബ്രാഹ്മണരുടെ ഒരു പ്രതിനിധിസംഘത്തെ വൈകീട്ട് 4-ന് സ്വീകരിച്ചു. അരമണിക്കൂർ അവരോടു സംസാരിച്ചു.
19.8.1901 തിങ്കൾ: ചോഗൻ [ഈഴവൻ] അയ്യാക്കുട്ടിക്കു തീട്ടൂരം നൽകി, രാവിലെ 7-ന്. ചീഫ് സർക്കാർ വക്കീലിന് ഒരു രഹസ്യ കുറിപ്പ് എഴുതി, രാവിലെ 6.30-ന്.
19.9.1901 വ്യാഴം: ഫോണോഗ്രഫ് [കിട്ടി].
24.9.1901 ചൊവ്വ: ദിവാനും അദ്ദേഹത്തിന്റെ സെക്രട്ടറിയുമൊത്ത് 1077-ലെ പൊതുമരാമത്ത് ബജറ്റിനെപ്പറ്റി ചർച്ചചെയ്തു, 3.20 തൊട്ട് 5.30 വരെ.
27.9.1901: കൈമുക്ക് വൈദികനെ 2-ന് കണ്ടു; 3.30 വരെ അദ്ദേഹവുമായി സംസാരിച്ചു.
16.10.1901 ബുധൻ: മിസ്റ്റർ മകെൻസിയും അസിസ്റ്റൻറ് റെസിഡന്റും എന്നെ സന്ദർശിച്ചു, 4-ന്. ഔദ്യോഗികകാര്യങ്ങളിൽ അദ്ദേഹത്തോടൊപ്പം മുഴുകി, 5 വരെ. മിസ്റ്റർ ലോക്കിനെ [പുതിയ] ദിവാനായി സ്ഥിരീകരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ലോക്ക് എന്നും ഒരു നല്ല ദിവാനായിരിക്കില്ലെന്നു തോന്നുന്നതിനാൽ എനിയ്ക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് ഞാൻ പറഞ്ഞു. (രാജഗോപാലചാരിയോട് ഒരു വട്ടം കൂടെ ദിവാനായിരിക്കാൻ രാജാവ് നിർബന്ധിക്കുന്ന കത്ത് വഴിയേ നോക്കാം.).
12.10.1901 തിങ്കൾ: എറണാകുളത്തേയ്ക്കുപോയി, 2 മണിയ്ക്ക്. മി. ലോക്കിനോടൊത്ത് റെയിൽവേ ഡോക്ക് പരിശോധിച്ചു, 4-ന്. പേരണ്ടൂർ പാലം പണി കാണാൻ ട്രോളിയിൽ മെസർസ് ലോക്ക്, ലൈൽ എന്നിവരൊത്ത് പോയി. വൈകീട്ട് 6.30 ന് ഇവിടെ (തൃപ്പൂണിത്തുറ) തിരിച്ചെത്തി.
12.11.1901 ചൊവ്വ: രാജഗോപാലചാരിയിൽ നിന്ന് ഒരു കത്ത് കിട്ടി; ഒന്ന് അദ്ദേഹത്തിന് അയച്ചു. (ദിവാൻ സ്ഥാനത്തുനിന്നു വിരമിക്കുന്നതിന്റെ ഭാഗമായി നീണ്ട അവധിയിലാണു ചാരി.)
1.12.1901 ഞായർ: ചാഴൂർ കുടുംബത്തിൽ ഒരു ജനനം നടന്നതിന്റെ പുലയുണ്ടെന്ന് വാർത്ത കിട്ടി, രാവിലെ 10-ന്.
7.12.1901 ഹിൽ ബംഗ്ലാവ്: പി. ഗോപാലമേനോനെ 2.30-ന് കണ്ടു; അയാളുടെ തറവാടിന്റെ പ്രാധാന്യത്തെപറ്റിയും മറ്റും അയാളുടെ പൊട്ടക്കഥകൾ കേൾക്കേണ്ട ദുർഭാഗ്യമുണ്ടായി. അയാളുടെ വീട്ടിലെ, എന്റെ വീട്ടിലെയും, പൂർവികരെക്കുറിച്ച് ധാരാളം ഉപാഖ്യാനങ്ങൾ അയാൾ പറഞ്ഞു. ചുരുക്കത്തിൽ, തന്റെ വീട് വളരെ പ്രമുഖമാണെന്ന് സ്ഥാപിക്കുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. അയാൾ സ്ഥലംവിട്ടപ്പോൾ എനിയ്ക്കത് തീർച്ചയായും ഒരാശ്വാസമായിരുന്നു.
10.12.01901 ചൊവ്വ: [തൃപ്പൂണിത്തുറയിൽ നിന്ന്] 4-ന് ഇങ്ങോട്ട് (ഹിൽ ബംഗ്ലാവ്) പോരുന്ന വഴിയ്ക്ക് ദിവാനിൽ നിന്ന് ഒരു ഡി.ഒ. കിട്ടി; ഉടനെ മറുപടി നൽകി.
24.12.1901 ചൊവ്വ: സ്നേഹിതർക്ക് ക്രിസ്തുമസ്-പുതുവത്സര കാർഡുകൾ അയച്ചു, 11-നും 1-നുമിടയ്ക്ക്. [...]. വിദ്വാന്മാരുമായി ചർച്ച നടത്തി, 2.30 തൊട്ട് 5 വരെ.
27.12.1901 വെള്ളി: പതിവ് പിറന്നാൾ ആഘോഷങ്ങളിൽ ഏർപ്പെട്ടു, രാവിലെ 8 തൊട്ട് 11 വരെ.
[ഡിസംബർ 24, 25 തീയതികളിലും, 28 തൊട്ട് 1902 ജനുവരി 2 വരെയും, 4 തൊട്ട് 7 വരെയും, 9-10 തീയതികളിലും രാജാവ് ഉച്ചയ്ക്കുശേഷം 2 മണിക്കൂറോളം വിദ്വാൻമാരുമായി ചർച്ച (വിദ്വത് സദസ്സ്?) നടത്തി.].
അമ്മയുടെ മരണംമൂലം ഒരു കൊല്ലമായി എനിയ്ക്ക് ഭാര്യയെ കാണാൻ കഴിഞ്ഞില്ല. അതിനാൽ, ഒരാണ്ടിന്റെ വേർപാടിനുശേഷമുണ്ടായ ഞങ്ങളുടെ സമാഗമം എനിയ്ക്ക് തീർച്ചയായും ആനന്ദകരമായിരുന്നു.
11.1.1902 ശനി: മുൻസിഫ് അനന്തരാമ അയ്യരെ കണ്ടു, 10.30ന്; അദ്ദേഹത്തിന് എന്നോടു പറയാനുണ്ടായിരുന്നതെല്ലാം കേട്ടു. [...] ഒരു പ്രമോഷൻ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന്, വാക്ക് നൽകാൻ എനിയ്ക്കാവില്ലെന്ന് ഞാൻ പറഞ്ഞു.
17.2.1902 വെള്ളി [തൃപ്പൂണിത്തുറ]: തിരുമാസം [ചാത്തം] അടിയന്തിരത്തിനു വന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടു, രാവിലെ 10.30 തൊട്ട് വൈകീട്ട് 4.30 വരെ. എന്റെ ഭാര്യയെയും അവരുടെ അമ്മയെയും കണ്ടു, 4.30ന്. അവരുമായി വർത്തമാനം പറഞ്ഞു 5.30 വരെ. അമ്മയുടെ മരണംമൂലം ഒരു കൊല്ലമായി എനിയ്ക്ക് ഭാര്യയെ കാണാൻ കഴിഞ്ഞില്ല. അതിനാൽ, ഒരാണ്ടിന്റെ വേർപാടിനുശേഷമുണ്ടായ ഞങ്ങളുടെ സമാഗമം എനിയ്ക്ക് തീർച്ചയായും ആനന്ദകരമായിരുന്നു.
24.1.1901 വെള്ളി: രാജഗോപാലചാരിയുടെ ഉദ്യോഗകാലം ഒരു വട്ടം കൂടെ നീട്ടുന്നതിനെപ്പറ്റി ചില കുറിപ്പുകൾ എഴുതി, 2.30-നും 3.30-നും ഇടയ്ക്ക്. ചില റോമൻ കത്തോലിക്ക പാതിരിമാരെ കണ്ടു.
(ചിലപ്പോൾ അതതു നാൾ തന്നെ ഡയറിയെഴുതാതെ പിന്നീട് ഒന്നിച്ച് എഴുതിയിരുന്നു എന്നു സംശയിക്കാം, ജനുവരി 31-ന്റെ ഡയറിയിൽ മദ്രാസ് കാര്യം കാണുമ്പോൾ. മദ്രാസിലേയ്ക്ക് തൃശൂരിൽ നിന്നു പുറപ്പെടുന്നതുതന്നെ ഫെബ്രുവരി 3-നാണ്.)
3.2.1902 തിങ്കൾ: തൃശൂർ വിട്ടു [ഉച്ചയ്ക്കുശേഷം] 3.30-ന് ബലസ്റ്റ് ട്രെയിനിൽ; 5-ന് ചെറുതുരുത്തിയിൽ എത്തി.
[ഷൊർണൂർ- എറണാകുളം തീവണ്ടിപ്പാത യാത്രാവണ്ടികൾക്കു തുറന്നുകൊടുത്തത് 17.7.1902 നാണ്. എന്നാൽ, അതിന് ആറുമാസം മുൻപേ രാജാവ് തീവണ്ടിയിൽ യാത്രചെയ്തതാണ് മേൽ കണ്ടത്. പാത പണിയ്ക്കുള്ള കല്ലും മറ്റും കൊണ്ടുപോകുന്നതാണ് ബലസ്റ്റ് ട്രെയ്ൻ.]
9.2.1902 ഞായർ [മദ്രാസ്]: രാജഗോപാലചാരിയും ഗുന്ററുമൊത്ത് അലൈ ആൻഡ് ബ്രദേഴ്സ് വർക്ക്ഷോപ്പ് സന്ദർശിച്ചു, 5-ന്.
10.2.1902 തിങ്കൾ: ഗവർണറെ സന്ദർശിച്ചു, രാവിലെ 10.30-ന്. തിരുമനസ്സ് എന്നോട് പല കാര്യങ്ങളും സംസാരിച്ചു. അവയിലൊന്ന്, ഇംഗ്ലൻഡിൽ നിന്നു മടങ്ങിയെത്തിയ എന്റെ രാജ്യക്കാരനായ ഒരു നായർ മാന്യന്റെ [രാവുണ്ണി മേനോന്റെ] ഭ്രഷ്ടിനെക്കുറിച്ചായിരുന്നു. കാര്യമാകെ മുഴുനീളത്തിൽ വിശദീകരിച്ചുകൊടുത്തു. ഞാൻ പറഞ്ഞതുകേട്ട് തിരുമനസ്സ് തൃപ്തനായതായി കാണപ്പെട്ടു. ലോക്കിനെ 1-നും രാജഗോപാല ചാരിയെ 4-നും കണ്ടു. ചാരിയുമായി 5 വരെ സംസാരിച്ചു.
14.2.1902: അബ്കാരി കോൺട്രാക്റ്റർമാരായ നാടാർ സഹോദരന്മാരെ [രാവിലെ] 7.30-ന് കണ്ടു.
15.2.1902: നമ്പെരുമാൾ ചെട്ടിയെ രാവിലെ 7.30-ന് കണ്ടു.
ചെട്ടി കൊച്ചിയുടെ നവോത്ഥാന ചരിത്രത്തിലുണ്ട്. ‘രാജർഷി' രാജാവിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തോടനുബന്ധിച്ച് 1912-ൽ ‘റാവു സാഹിബ്ബ് ടി. നമ്പെരുമാൾ ചെട്ടി അവർകൾ ഏർപ്പെടുത്തിയ കവിതാപരീഷയിൽ ഒന്നാം സമ്മാനം കിട്ടിയത്' എറണാകുളത്ത് സർക്കാർ ബാലികാ പാഠശാലയിൽ സംസ്‌കൃത മുൻഷി [പണ്ഡിറ്റ്] കെ.പി. കറുപ്പൻ ഉണ്ടാക്കിയ ‘ബാലാകലേശം' കാവ്യനാടകത്തിനാണ് (പണ്ഡിറ്റ് കറുപ്പന്റെ സമ്പൂർണ കൃതികൾ, ഭാഗം 2, ജ്ഞാനോദയം സഭ, ഇടക്കൊച്ചി, 1992, പേ. 455). റാവു ബഹദൂർ ടി. നമ്പെരുമാൾ ചെട്ടി ഗാരു 1921-ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി (Proceedings of the Leg. Council of the Governor of Madras, I session, 1921, p3, Regional Archives Kozhikkode).
16.2.1902 ഞായർ: കുറെ മുൻപ് ഭ്രഷ്ടനാക്കിയ രാമുണ്ണി മേനോനെ കണ്ടു, 12-ന്; ഏതാണ്ട് ഒരുമണിവരെ അയാളോടു സംസാരിച്ചു.
20.2.1902: സന്ധ്യയ്ക്ക് 7-ന് സ്പെഷൽ തീവണ്ടിയിൽ മദ്രാസ് വിട്ടു.
21.2.1902: രാവിലെ 7.40-ന് ഷൊർണൂരിൽ എത്തി. ബലസ്റ്റ് ട്രെയ്നിൽ ചെറുതുരുത്തി വിട്ടു, ഉച്ചയ്ക്കുശേഷം 2.30-ന്; 4-ന് തൃശൂരിൽ എത്തി.
26.3.1902 ബുധൻ: [ഉച്ചയ്ക്ക്] 12.30-ന് തൃപ്പൂണിത്തുറ വിട്ട് ഇടപ്പള്ളി ലെവൽ ക്രോസിങ്ങിലേയ്ക്കു തിരിച്ചു. 2.20-ന് ബലസ്റ്റ് ട്രെയ്നിൽ പുറപ്പെട്ടു; വൈകീട്ട് 4.45-ന് ഇവിടെ [തൃശൂർ?] എത്തി. എന്റെ ഭാര്യയും മക്കളും എന്നോടൊപ്പം ഗാർഡ്സ് വ്യാനിൽ യാത്ര ചെയ്തു.
29.3.1902: ബലസ്റ്റ് ട്രെയ്നിൽ [വൈകീട്ട്] 4-ന് [തൃശൂർ?] വിട്ടു; 5-ന് ചെറുതുരുത്തിയിൽ എത്തി. രാത്രി 10-ന് സ്പെഷൽ ട്രെയ്നിൽ കൂന്തൂർക്ക് തിരിച്ചു.
30.4.1902 [കൂനൂർ]: തെക്കൻ ഡിവിഷനിലെ അബ്കാരി കോൺട്രാക്റ്റ്, മുൻപത്തെക്കാൾ 84,000 രൂപ കൂടുതലിന് ഒരു കെ. ഉഴുത വാര്യർ ലേലത്തിൽ പിടിച്ചെന്ന് ലോക്കിന്റെ ടെലിഗ്രാം കിട്ടി.
21.8.1902 വ്യാഴം: രാവിലെ 7.50-ന് മെയ്ൽ ട്രെയ്നിൽ എറണാകുളം വിട്ടു. ചെറുതുരുത്തി കൊട്ടാരത്തിൽ വച്ച് കാപ്പി കുടിച്ചു; 3.15-ന് പാലക്കാട്ട് എത്തി. [യാത്രാ തീവണ്ടി ഓടാൻ തുടങ്ങിയശേഷം അതിൽ രാജാവിന്റെ ആദ്യ യാത്രയാണിത്.]
6.9.1902 ശനി: പുതിയ ദിവാന് എൻ. പട്ടാഭിരാമ റാവു തീട്ടൂരം നൽകി, രാവിലെ 8.30-ന്.
23.9.1902 ചൊവ്വ: എന്റെ വലതുകൈയിലെ ട്യൂമർ, മിസ്റ്റർ സുബ്ബറാവു ഓപ്പറേഷനിലൂടെ നീക്കംചെയ്തു, വൈകീട്ട് 4-ന്. അദ്ദേഹം അത് ചെയ്യുമ്പോൾ മി. ഗുന്ററും സന്നിഹിതനായിരുന്നു.
1.101902 ബുധൻ: രാവിലെ 6.10-ന് തൃപ്പൂണിത്തുറ വിട്ടു; എറണാകുളം സ്റ്റേഷനിൽ (ഇന്നത്തെ ഹൈക്കോടതിയ്ക്കു വടക്ക്) 6.30-ന് എത്തി. എല്ലാ പ്രമുഖ ഉദ്യോഗസ്ഥരുമുണ്ട് അവിടെ. തീവണ്ടിയിൽ കയറാൻ നേരമാകുന്നതുവരെ അവരുമായി വർത്തമാനം പറഞ്ഞു. 9.30-ന് ചാലക്കുടിയിൽ എത്തി. 10.30-ന് ഈ സ്ഥലത്തേയ്ക്ക് (കാഞ്ഞിരപ്പിള്ളി) പോന്നു.
2.10.1901: ജീവിതചരിത്രം എഴുതി, ഉച്ചയ്ക്ക് 1 തൊട്ട് 2.30വരെ.
പളളുരുത്തി വേല ലഹളയോടുനുബന്ധിച്ച് ദിവാൻ പി. രാജഗോപാലചാരി എറണാകുളം, 17.2.1900) തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതിയ രഹസ്യ കത്തിൽ നിന്ന്: ‘എല്ലാ പൊതുവഴികളും എല്ലാ സമുദായക്കാർക്കും, നിയമവിധേയമായ എല്ലാ കാര്യങ്ങൾക്കുമായി ഉപയോഗിക്കാം എന്നതാണ് മദ്രാസ് പ്രസിഡൻസിയിലെ നിയമം; ദൈവാരാധനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സമുദായക്കാരെയും ശല്യപ്പെടുത്താൻ മറ്റൊരു സമുദായത്തെ അനുവദിക്കില്ലെന്നു മാത്രം' (Raja's File 1900, Book I, p.146, I.N. Menon's collection, Regional Archives Ernakulam).
‘എന്റെ കുടുംബത്തിന്റെ ചെലവ് നാലോ അഞ്ചോ ലക്ഷമായി ഉയർത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അങ്ങനെയായാൽ, താങ്കൾ ഇപ്പോൾ നിർദേശിച്ചതിനെക്കാൾ വളരെ കൂടുതൽ തമ്പുരാക്കന്മാർക്ക് നിശ്ചിത അലവൻസുകൾ നൽകാൻ എനിയ്ക്ക് കഴിഞ്ഞേയ്ക്കും.’
ബ്രിട്ടീഷ് ഭരണം ഇൻഡ്യക്കാരോടു ചെയ്ത കൊടിയ ‘ദ്രോഹ'ങ്ങളിൽ ഒന്നാണിത്! അതേസമയം, ഈ നാടിനെ യഥാർഥത്തിൽ കൊള്ളയടിച്ചിരുന്നവരിൽ ഒരു കൂട്ടരുടെ ചിത്രമുണ്ട് കൊച്ചി രാജാവ് (കുന്തൂർ, 30.5.1900) ദിവാനയച്ച രഹസ്യ കത്തിൽ: ‘എന്റെ കുടുംബത്തിന്റെ ചെലവ് നാലോ അഞ്ചോ ലക്ഷമായി ഉയർത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അങ്ങനെയായാൽ, താങ്കൾ ഇപ്പോൾ നിർദേശിച്ചതിനെക്കാൾ വളരെ കൂടുതൽ തമ്പുരാക്കന്മാർക്ക് നിശ്ചിത അലവൻസുകൾ നൽകാനും, നിത്യേന വലുതായി വരുന്ന ഒരു [പെൺ] കുടുംബത്തിന്റെ ചെലവ് വഹിക്കേണ്ട കനത്ത ഭാരമുള്ള അമ്മ രാജാവ് തിരുമനസ്സിന് കുറെക്കൂടെ വലിയ സംഖ്യ കൂട്ടിനൽകാനും എനിയ്ക്ക് കഴിഞ്ഞേയ്ക്കും. എന്നാൽ [...] ഇനിയും തുക കൂട്ടുന്നത് ഭരണത്തെ ഗുരുതരമായി തകരാറിലാക്കുമെന്ന് താങ്കൾ കരുതുന്നതിനാൽ തൽക്കാലം ഞാൻ മൂന്നരലക്ഷം രൂപ കൊണ്ട് തൃപ്തിപ്പെടാൻ ഒരുക്കമാണ്' (മുൻ ഫയൽ, പേ. 223).
ഏഴുരൂപയും മറ്റും വലിയ മാസ ശമ്പളമായി വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ കൊച്ചിയിൽ, രാജകുടുംബത്തിലെ വെറുതെയിരിക്കുന്ന 106 അംഗങ്ങൾക്ക് (ഐറ്റം നമ്പർ: 60, രാജാവിന്റെ ഫയൽ-1899, ബുക്ക് I , പേ. 100-102) മാസം ശരാശരി 275 രൂപ വീതം പൊതുഖജനാവിൽ നിന്നു ദാനം കിട്ടിയിട്ടും രാജാവിന് ‘തത്കാല തൃപ്തി'യേ വരുന്നുള്ളൂ!
ഈ രാജകീയ ചൂഷകസംഘത്തിന്റെ വേറൊരു തനിനിറമുണ്ട്. (രാജാവിന്റെ ഫയൽ-1900, Book III, പേ. 35-42). രാജകുടംബത്തിന്റെ ആണ്ടുചെലവ് മൂന്നരലക്ഷം രൂപയിൽ ഒതുക്കി ദിവാൻ ബ്രിട്ടീഷ് റെസിഡന്റിനു നൽകിയ നിർദേശത്തെ വിമർശിച്ച് 3-ാം കൂറും 5-ാം കൂറും 6-ാം കൂറും, 8 തൊട്ട് 13 വരെ കൂറുകാരും, 15 തൊട്ട് 18വരെ കൂറുകാരുമായ 13 തമ്പുരാക്കൻമാർ ചേർന്ന് 2.7.1900- ദിവാനു നൽകിയ പരാതിയാണത്: ‘[...] അതുകൊണ്ട്, ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നതെന്തെന്നാൽ, ഇൻഡ്യയിൽ മറ്റൊരു ഉദാഹരണമില്ലാത്ത വിധമുളള ഞങ്ങളുടെ കുടുംബത്തിന്റെ അനുപമത്വം പരിഗണിക്കുമ്പോൾ, രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിൽ ഒന്നിനെ രാജകുടുംബത്തിന്റെ ചെലവിനുളള പരിധിയാക്കണമെന്ന് ഞങ്ങൾ നിർദേശിച്ചാൽ അത് അത്ര അധികമോ, നികുതിദായകരോടുളള അനീതിയോ ആയി കരുതാനാവില്ല.' [‘അഞ്ചിൽ ഒന്ന്' എന്നിടത്ത് രാജാവ് പെൻസിൽ കൊണ്ട് അഭിപ്രായം എഴുതിയിരിക്കുന്നു: ‘ഭരണപുരോഗതിയെയോ ജനക്ഷേമത്തെയോ ദോഷപ്പെടുത്താതെ ഇതു നടപ്പാക്കാനായാൽ ഞാൻ തീർച്ചയായും സന്തോഷിക്കും'] ഇതുപ്രകാരം, ‘രാജ്യത്തിന്റെ ശരാശരി ആണ്ടുവരുമാനം 20 ലക്ഷം രൂപയെടുത്താൽ പാലസ് ഫണ്ട് 4 ലക്ഷം രൂപയായിരിക്കും' എന്നു വിശദമാക്കുന്നുണ്ട് പരാതിക്കാർ.
കൊച്ചിയുടെ ചിരപ്രതീക്ഷിതമായ തീവണ്ടിപ്പാതയുടെ പണി പൂർത്തിയാകും മുന്നേ രാജാവ് പാതപ്പണിച്ചരക്കുവണ്ടിയിൽ കയറി പലവട്ടം യാത്രചെയ്യുന്നത് നാം കണ്ടതാണ്. നാലുമാസം കഴിഞ്ഞ് 2.6.1902-ന് ഷൊർണൂർ- എറണാകുളം പാതയിലൂടെ ചരക്കുഗതാഗതം തുടങ്ങി. (The State Railway, p. 39, സ്വകാര്യ ശേഖരം) ഒന്നരമാസം കഴിഞ്ഞ് 16.7.02-ന് യാത്രാവണ്ടിയും ഓടിത്തുടങ്ങി (മുൻ ഫയൽ, പേ. 39). ഈ രണ്ട് ചരിത്രസംഭവങ്ങളുമില്ല രാജാവിന്റെ ഡയറിയിൽ! തീവണ്ടിപ്പാതയ്ക്ക് ഔപചാരിക ഉദ്ഘാടനമില്ലായിരുന്നു എന്ന് രാജാവിന്റെ ആത്മകഥയിലുണ്ട് (Rajarshi of Cochin, Kerala State Archives,1994, p.98).
14.10.1902 ചൊവ്വ: 9.40-ന് ഇവിടെ (എറണാകുളം) എത്തി. ഉച്ചയ്ക്ക് 2-ന് ഇളയരാജാവുമൊത്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കുപോയി. 2.50-ന് തിരുമേനിമാരെ [മദ്രാസ് ഗവർണറെയും ഭാര്യയെയും] സ്വീകരിച്ചു. ഗവർണറുമൊത്ത് ജെയ്ൽ ജെട്ടിയിലേയ്ക്കു തിരിച്ചു [കുതിരവണ്ടിയിൽ?]; ഗവർണറും പാർട്ടിയും സ്റ്റീം ലോഞ്ചിൽ കയറിയശേഷം 3.20-ന് വീട്ടിൽ [എറണാകുളം പാലസ്] തിരിച്ചെത്തി.
17.10.1902 [തൃപ്പൂണിത്തുറ]: ഇളയ രാജാവിന്റെ അമ്മ കാവോപ്പയുടെ ദാനച്ചടങ്ങുകളിൽ സംബന്ധിച്ചു, രാവിലെ 7 തൊട്ട് 12 വരെ.
5.11.1902 ബുധൻ: സന്ധ്യയ്ക്ക് 7-ന് ഷൊർണൂർ വിട്ടു [ട്രെയിനിൽ; വിദേശ യാത്ര തുടങ്ങുന്നു].
29.11.1902 ശനി [ബനാറസ്]: മണികർണികാഘട്ടിലെ പുണ്യസ്നാനത്തോടും വിശ്വനാഥക്ഷേത്രത്തിലെ ആരാധനയോടും അനുബന്ധിച്ച് ദാനത്തിലും മറ്റു ക്രിയകളിലും ഏർപ്പെട്ടു, രാവിലെ 7 തൊട്ട് 12 വരെ. ഭാര്യയ്ക്കു ടെലിഗ്രാം അയച്ചു.
4.12.1902 വ്യാഴം [ബനാറസ്]: [ഉച്ചയ്ക്ക്]12 തൊട്ട് മൂന്നുവരെ പണ്ഡിറ്റുകളുമായി ചർച്ച നടത്തി. ഒട്ടും നിലവാരമില്ലാത്ത കൂട്ടമാണ് ഈ പണ്ഡിറ്റുകൾ. തങ്ങൾ ഒട്ടും അർഹിക്കാത്തവിധമുള്ള നെടുങ്കൻ പേരുകളാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അവരെല്ലാം ഗർവിഷ്ഠരാണ്.
10.12.1902 ശനി [കൽക്കട്ട]: സംസ്‌കൃത കോളേജ് സന്ദർശിച്ചു. ചെടികൾക്കും ലോഹങ്ങൾക്കും മൃഗങ്ങളെപ്പോലെ വേദന തുടങ്ങിയ വികാരങ്ങളും ജനന-മരണങ്ങളുമുണ്ടെന്നു തെളിയിക്കാൻ ഡോ: [ജെ.സി.] ബോസ് ചില പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചു.
‘‘പുതുക്കോട്ട ദിവാൻ മിസ്റ്റർ വെങ്കിടരാമദാസിനെ കണ്ടു, ജനപ്രതിനിധി അസംബ്ലിയുടെ ഉദ്ദേശ്യവും പ്രയോജനവും അദ്ദേഹം ദീർഘമായി വിശദീകരിച്ചു എന്നോട്. എന്നാൽ, അതിനെതിരെ ഏറ്റവും മിതമായി പറയാവുന്നത്, ഒട്ടും പ്രയോജനമില്ലാത്ത കാര്യമാണത് എന്നാണ്.’’
27.12.1902 ശനി [ഡൽഹി]: തിരുവിതാംകൂർ മഹാരാജാവിനെയും സന്ധിച്ചു.
[ബ്രിട്ടനിലെ എഡ്വേർഡ് 7-ാമൻ രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ചുള്ള ദർബാറിൽ പങ്കെടുക്കാനാണ് രാജാവ് ഡൽഹിയിലെത്തിയത്.]
31.12.1902 ബുധൻ, ഡൽഹി: [തിരുവിതാംകൂർ -കൊച്ചി റെസിഡന്റായിരുന്ന] മിസ്റ്റർ ജെ. തോംസൺ എന്നെ സന്ദർശിച്ചു. ഈ സന്ദർശനത്തിന്റെ വിശദവിവരങ്ങൾ ഒരു പ്രത്യേക ഡയറിയിൽ ചേർക്കുന്നു.
1.1.1903 [ഡൽഹി]: അംഫി തിയറ്ററിൽ 11 തൊട്ട് 3.30 വരെ കിരീടധാരണ ദർബാറിൽ പങ്കെടുത്തു.
2.1.1903 [ഡൽഹി]: തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിന്റെ അടുത്ത് ഒരു സ്വകാര്യ സന്ദർശനം നടത്തി. 11 തൊട്ട് 1.30 വരെയും അവരോധ ചടങ്ങിൽ ഞാൻ ചെയ്യേണ്ടതെല്ലാം പഠിച്ചു.
3.1.1903 [ഡൽഹി]: അവരോധ ചടങ്ങിനായി ‘ദിവാൻ-ഇ- അയ്നി' ലേക്ക് രാത്രി 8-ന് തിരിച്ചു. ദിവാൻ [പട്ടാഭിരാമറാവു], രണ്ട് രാജകുമാരന്മാർ ഇവർ എന്നോടൊപ്പം പോന്നു. ആദ്യം അവരോധിക്കപ്പെട്ടത് ഞാനാണ്. [ഓരോ പുതിയ ബ്രിട്ടിഷ് രാജാവും അധികാരമേൽക്കുമ്പോൾ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ഭരണത്തലവന്മാരെയെല്ലാം ഇങ്ങനെ വിളിച്ചുവരുത്തി പുതുതായി സാമന്ത രാജാവായി അവരോധിയ്ക്കും; ഭരണത്തലവന്മാർ ബ്രിട്ടിഷ് സിംഹാസനത്തോട് കൂറ് പ്രഖ്യാപിക്കും. തന്റെ അവരോധചടങ്ങിൽ വച്ച് തനിയ്ക്കു മാത്രമാണ് ‘ജി.സി.എസ്.ഐ.' എന്ന ബഹുമതി സമ്മാനിച്ചതെന്ന് അഭിമാനബോധത്തോടെ രാജാവ് രാമവർമ ആത്മകഥയിൽ എഴുതിയിട്ടുണ്ട് - Rajarshi of cochin, P.104]
5.1.1903 [ഡൽഹി]: ബൗൺ ആൻഡ് ഷെപർഡ് എന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയിലേയ്ക്കു ചെന്നു, ഉച്ചയ്ക്ക് 1.30ന് [...] ഗൗണും [പുതിയ ബഹുമതിയുടെ] നക്ഷത്രമുദ്രയുമണിഞ്ഞ് മൂന്ന് ഫോട്ടോകൾ എടുത്തു. [...വൈസ്രോയി] കേർസൻ പ്രഭു തിരുമേനിയെ സന്ധിച്ചു. [...] സുബ്ബറാവുവും പൊലീസ് സൂപ്രണ്ടും ഫോറസ്റ്റ് കൺസർവേറ്ററും കൊച്ചിയിലേയ്ക്കു മടങ്ങാനായി എന്നോട് വിടവാങ്ങി. സർക്കാർ ഉത്തരവുകൾ ധിക്കരിച്ച് ചിലർ ചിറ്റൂരിൽ തേക്കിൻകാടുകൾ വെട്ടിവെളുപ്പിക്കുന്നതായി അവർക്കു വിവരം കിട്ടിയിരിക്കുന്നു. അതു നേരാണെങ്കിൽ കുറ്റവാളികളുടെ കൈയേറ്റം അമർച്ചചെയ്യാൻ കടുത്ത നടപടികൾ എടുക്കണമെന്ന് ഞാൻ ഇരുവർക്കും നിർദേശം നൽകി.
[രാജാവിന്റെ ഡൽഹി യാത്രയുടെ ചെലവ് വളരെ കൂടുതലാണെന്നതിനെപ്പറ്റി ബ്രിട്ടിഷ് ഇൻഡ്യൻ സർക്കാരിന്റെ അഭിപ്രായം സൂചിപ്പിക്കുന്നുണ്ട് 9.1.1903-ന്റെ ഡയറിയിൽ.]
12.1.1903 [ഡൽഹി]: പുതുക്കോട്ട ദിവാൻ മിസ്റ്റർ വെങ്കിടരാമദാസിനെ കണ്ടു, വൈകീട്ട് 6-ന്. ജനപ്രതിനിധി അസംബ്ലിയുടെ ഉദ്ദേശ്യവും പ്രയോജനവും അദ്ദേഹം ദീർഘമായി വിശദീകരിച്ചു എന്നോട്. എന്നാൽ, അതിനെതിരെ ഏറ്റവും മിതമായി പറയാവുന്നത്, ഒട്ടും പ്രയോജനമില്ലാത്ത കാര്യമാണത് എന്നാണ്. [ജനപ്രതിനിധിസഭയ്ക്കുവേണ്ടി കാലേക്കൂട്ടി വാദിച്ചയാളാണു രാമവർമയെന്നു നുണപറഞ്ഞു സ്തുതിക്കുന്നവർ ഈ ഡയറിക്കുറിപ്പ് പ്രത്യേകം വായിക്കട്ടെ!].
22.1.1903: ഷൊർണൂരിലെത്തി, പുലർച്ച 5-ന് [...] തൃശൂരിലെ പൊതുജനങ്ങളിൽ നിന്ന് ഒരു മംഗളപത്രം സ്വീകരിച്ചു, 11.30-ന്. ജനങ്ങൾ സ്വയം എന്റെ വണ്ടി വലിച്ച് ഘോഷയാത്രയായി സ്റ്റേഷനിലേയ്ക്കുതിരിച്ചു. ഉച്ചയ്ക്ക് 1-ന് തീവണ്ടി തൃശൂർ വിട്ടു; 3.30-ന് പെരുമ്പറയടിച്ചും കതിനപൊട്ടിച്ചും ജനങ്ങൾ എന്നെ ഊഷ്മളമായി അനുവദിച്ചു.
23.1.1903: എറണാകുളത്തെ പൊതുജനങ്ങൾ തന്ന മംഗളപത്രത്തിനു മറുപടി തയ്യാറാക്കി, 12-നും 2-നും ഇടയ്ക്ക്. 3-ന് എറണാകുളത്തേയ്ക്കു തിരിച്ചു. ദർബാർ ഹാളിൽ വെച്ച് മൂന്ന് മംഗളപത്രങ്ങൾ സ്വീകരിച്ചു. എന്റെ മറുപടി വായിച്ചു. രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥരിൽ മിക്കവരും ഹാജരുണ്ടായിരുന്നു. മംഗളപത്രങ്ങൾ സ്വീകരിച്ചശേഷം ഞാൻ അവരോട് മണിക്കൂറോളം സംസാരിച്ചു. ക്ഷേത്രത്തിൽ തൊഴുതു; ദീപാലങ്കാരം കണ്ടു. തൃപ്പൂണിത്തുറയ്ക്കു മടങ്ങി. വഴിക്ക് വൈറ്റില ക്ഷേത്രത്തിൽ തൊഴുതു. ▮
(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ് സ്‌ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്)
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.