രാജർഷി രാമവർമ

ആയിരം രൂപയ്ക്ക് ദിവാൻ ജോലി സ്വീകരിക്കാൻ തയ്യാറുളളവരെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാലം

രാജർഷി രാമവർമ: ഇതാ, രേഖകൾ സത്യം പറയുന്നു- 8

തിരുമനസ്സ് മി. രാജഗോപാലചാരിയെപ്പറ്റി എന്നോട് ചോദിച്ചു. അദ്ദേഹത്തെ കിട്ടുകയാണെങ്കിൽ, ഭരണനടത്തിപ്പിന്റെ ബുദ്ധിമുട്ടുകൾ തിരുമനസ്സിന് ഒട്ടും അനുഭവിക്കേണ്ടതില്ലെന്നും, അദ്ദേഹത്തിനു വേണ്ട സ്വാതന്ത്ര്യം അനുവദിക്കുകയും മാത്രം ചെയ്താൽ മതിയെന്നും ഞാൻ പറഞ്ഞു.

കൊടുങ്ങല്ലൂരും കൊച്ചി സർക്കാറും തമ്മിലുള്ള ബന്ധം വിശദമാക്കുന്നതാണ് ദിവാൻ 10.1.1900-ന് എറണാകുളത്തുവച്ച് രാജാവിന് എഴുതിയ കത്ത്: സാമ്പത്തികരംഗത്തല്ലാതെ കൊടുങ്ങല്ലൂരിന് [കൊച്ചിയിൽ നിന്ന് വിട്ട്] പ്രത്യേക നിലനിൽപ്പില്ല. [...] തിരുമനസ്സിന്റെ നോമിനിയായ കൊച്ചി ദിവാൻ, കൊച്ചിയുടേതുപോലെ തന്നെ കൊടുങ്ങല്ലൂരിന്റെയും സാമ്പത്തികഭരണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നു.
[...] കൊടുങ്ങല്ലൂർ ഫണ്ടിൽ നിന്നാണ് ചെലവു ചെയ്യേണ്ടതെങ്കിൽ ദിവാൻ കൊടുങ്ങല്ലൂർ രാജാവിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഈ നാലാണ്ടുകളിൽ [1070-1071-1072-1073] ഓരോന്നും കമ്മിയുടേതാണ്. കൊടുങ്ങല്ലൂരിന്റെ 1074-ലെ സാമ്പത്തിക റിപ്പോർട്ട് തൽക്കാലം എന്റെ കൈയിലില്ല എങ്കിലും, കൊച്ചി മിച്ചംവയ്ക്കുമ്പോൾ കൊടുങ്ങല്ലൂർ കമ്മിയിലാണെന്ന വസ്തുത ദിവാന്റെ കൊടുങ്ങല്ലൂർ സാമ്പത്തികഭരണത്തിന്റെ കള്ളിയിൽ ചേർക്കാവുന്നതല്ല എന്നാണ് എന്റെ അഭിപ്രായം. [...] 1075-ലേയ്ക്കുള്ള കൊടുങ്ങല്ലൂർ ബജറ്റ് ഏതാനും ദിവസങ്ങൾക്കുമുൻപ് ഞാൻ കൊടുങ്ങല്ലൂർ രാജാവിനു സമർപ്പിച്ചു' (Raja's File1900, Book I, p. 35,37,40,42 , I.N. Menon's collection, Regional Archives Ernakulam).

എറണാകുളം കോളേജിലേയ്ക്കു കടക്കാം.
രാജാവ് (തൃപ്പൂണിത്തുറ, 11.1.1900) ദിവാന് എഴുതി: എറണാകുളം കോളേജിലെ പ്രിൻസിപ്പൽസ് അസിസ്റ്റന്റായി മിസ്റ്റർ [ബി. വാമന] ബാലിഗയെ നിയമിക്കുന്നതിനെപ്പറ്റി താങ്കളുടെ ഇന്നത്തെ തീയതിയിലുള്ള ഡി.ഒ.യുടെ കൂടെ വച്ചിരുന്ന രേഖകൾ ഞാൻ തിരിച്ചയയ്ക്കുന്നു. മിസ്റ്റർ മത്തായിയുടെ പിൻഗാമിയാകാൻ യോഗ്യതയുള്ള ഒറ്റയാളും ഈ കോളേജിലില്ല എന്നത് തീർച്ചയായും വലിയ കഷ്ടമാണ്. കോളേജിന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകരുത് എന്നത് പ്രധാനമാണ്. അതുകൊണ്ട്, അതിന്റെ താൽപര്യത്തിന് എന്താണോ ഏറ്റവും ഉത്തമം, അതു ചെയ്യണം. അതിനാൽ, മി. ബാലിഗയെ പ്രിൻസിപ്പൽസ് അസിസ്റ്റന്റായി നിയമിക്കുന്നതിൽ ഞാൻ ഒരു തടസ്സവും കാണുന്നില്ല' (മുൻ ഫയൽ, പേ. 48).

വിദേശവാസം കഴിഞ്ഞുവന്ന രാവുണ്ണി മേനോൻ നേരിടുന്ന ഭ്രഷ്ട് രാജാവിന്റെ ഒരു പ്രധാന ആകുലതയാണ്. രാജാവ് (തൃപ്പൂണിത്തുറ, 13.1.1900) ദിവാന് എഴുതി: ‘മദ്രാസ് പത്രങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കുന്നത്, മിസ്റ്റർ ബാ(ഭാ)ഷ്യം അയ്യങ്കാർ ഉൾനാടുകളിലേക്ക് ഔദ്യോഗിക പര്യടനം തുടങ്ങിയെന്നാണ്. [മദ്രാസ് സർക്കാരിന്റെ ആക്റ്റിങ് അഡ്വക്കേറ്റ് ജനറലാണ്​ ഭാഷ്യം എന്ന് രാജാവിന്റെ 1898 -ലെ ഒറിജിനൽ ഡയറിയുടെ ഒരു ആമുഖ പേജിൽ കാണുന്നു.]
അദ്ദേഹത്തിന് എപ്പോൾ തൃശൂർ സന്ദർശിച്ച് രാവുണ്ണി മേനോന്റെ ഭ്രഷ്ടിന്മേലുളള സാമൂഹികപ്രശ്നത്തിൽ എനിയ്ക്കു വാഗ്ദാനം ചെയ്തിരുന്ന ഉപദേശം തരാൻ, കഴിയുമെന്ന് ചോദിച്ചു ഞാൻ ഇപ്പോൾ അദ്ദേഹത്തിന് ഒരു കത്ത് എഴുതണമെന്നാണു വിചാരിക്കുന്നത്. അതിന്റെ കരട് തയ്യാറാക്കി, താങ്കൾക്ക് കഴിയുന്നത്ര നേരത്തെ അത് എനിയ്ക്കയച്ചു തന്നാൽ ഞാൻ താങ്കളോടു നന്ദിപറയും' (മുൻ ഫയൽ, പേ.53).

പിറ്റേന്ന് രാജാവ് തൃപ്പൂണിത്തുറ വച്ച് ദിവാന് എഴുതിയത് ബ്രിട്ടീഷ് ഭക്തി തെളിയിക്കുന്ന ഒരു കത്താണ്: ‘ട്രാൻസ്വാൾ യുദ്ധഫണ്ടിലേക്ക് ഒരു സംഭാവന നൽകണമെന്ന താങ്കളുടെ നിർദേശം ഞാൻ മുഴുവനായും അംഗീകരിക്കുന്നു. [തെക്കെ ആഫ്രിക്കയിൽ ബ്രിട്ടീഷുകാർ നടത്തുന്നതാണ്​ ട്രാൻസ്വാൾ യുദ്ധം.] എന്നാൽ, താങ്കൾ നിർദേശിച്ച തുക (1000 രൂപ) തീരെ ചെറുതാണെന്നാണ് എന്റെ അഭിപ്രായം. 2000 രൂപയിൽ കുറഞ്ഞതൊന്നും ആകർഷകമായ ഒരു സംഭാവനയാവില്ല എന്നാണ് ഞാൻ കരുതുന്നത്. പത്രങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കുന്നത്, തിരുവിതാംകൂർ 5000 രൂപ നൽകിയെന്നാണ്' (മുൻ ഫയൽ, പേ.57).

26.1.1903: ഒരു മണിക്ക് കൈമുക്ക് വൈദികനെ കണ്ടു; രണ്ടുമണിവരെ സംസാരിച്ചു.
1.2.1903: പുലർച്ചെ 5-ന് കുളിച്ചു; ‘പ്രാജാപത്യ' എന്ന പ്രായശ്ചിത്ത ചടങ്ങിൽ ഏർപ്പെട്ടു. ദിവസം മുഴുവൻ. മിക്കവാറും മുഴുവനായിത്തന്നെ ഉപവസിക്കുകയും, രാവിലെ 8 തൊട്ട് രാത്രി 9 വരെ അഷ്ടാക്ഷര [മന്ത്രം] ജപിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. പകൽ നാലുവട്ടം കുളത്തിൽ മുങ്ങിക്കുളിച്ചു. ഒരു കമ്പിളിവിരിപ്പിൽ തലയിണയില്ലാതെ കിടന്നുറങ്ങി.
13.2.1903: കൈമുക്ക് വൈദികനെ ഒരുമണിയ്ക്ക് കണ്ടു; പല സാമൂഹിക കാര്യങ്ങളും ചർച്ച ചെയ്തു, രണ്ടുവരെ.
14.2.1903: (ഒരു ബ്രാഹ്മണന് ഒരു പശുവിനെ നൽകുന്ന) ‘ഗോദാനം' നടത്തി ‘സന്താപനം'എന്ന പ്രായശ്ചിത്തവും മറ്റും ചെയ്തു.
22.2.1903: എറണാകുളം ലിറ്ററി യൂണിയന്റെ ഒരു 16 അംഗ പ്രതിനിധിസംഘത്തെ സ്വീകരിച്ചു.
18.2.1903: ഉപജാപങ്ങളും മറ്റു വളഞ്ഞ വഴികളും കൊണ്ട് ദിവാനെ തടസ്സപ്പെടുത്തുന്ന ഒരു ക്ലിക്ക് ഉള്ളതായി അയാളും [പൊലീസ് സൂപ്രണ്ട്] ശക്തിയായി സംശയിക്കുന്നുണ്ട്.
1.6.1903: നാലുമണിയ്ക്ക് [എറണാകുളത്ത്] ഹുസൂർ ഒഫിസിലേയ്ക്കുപോയി; അവിടം മുഴുവൻ നടന്നുകണ്ടു; പിന്നെ അങ്ങാടിയിലൂടെ സഞ്ചരിച്ചു.
6.6.1903: പള്ളുരുത്തിയിലെ ഓയിൽ മില്ലും ഇരുമ്പ് വാർപ്പുശാലയും സന്ദർശിച്ചു, ഉച്ചയ്ക്കുശേഷം 3 തൊട്ട് രാത്രി 8 വരെ.
15.6.1903: [എന്റെ] ഭാര്യ ഒരു മരിച്ച കുഞ്ഞിനെ പ്രസവിച്ചു, രാത്രി 7.40-ന്.
22.6.1903: തൃപ്പൂണിത്തുറയ്ക്കു തിരിച്ചു [വൈകീട്ട്] 5-ന്. തഴകുളം അന്തർജനത്തിനെതിരായ ജാരസംസർഗ കേസ് സാധാരണ ചടങ്ങുകളോടെ അവസാനിപ്പിച്ചു. ചടങ്ങുകൾ രാത്രി 7.30 തൊട്ട് 9 വരെ നീണ്ടു. 11-ന് ഉറങ്ങാൻ കിടന്നു.

23.6.1903: രാവിലെ 9-ന് ഇവിടെ [എറണാകുളം] തിരിച്ചെത്തി. തഴകുളം ഇല്ലത്തുണ്ടായ ജാരസംസർഗ കേസിന്റെ അന്വേഷണത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി, 11-ന്.
28.6.1903: 3-ാം ജഡ്ജി [ഇ.സി.] യെ കണ്ടു 3-ന്; 4 വരെ സംസാരിച്ചു. നമ്പൂരി സ്ത്രീ ജാരസംസർഗ സ്മാർത്തവിചാരത്തിന്റെ അന്വേഷണ നടപടിക്രമങ്ങളുടെ വിശദാംശങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.
29.6.1903: റെയിൽവേ സ്റ്റേഷനടുത്തുള്ള [ബർമ ഓയിൽ കമ്പനി വക] ഓയിൽ ടാങ്ക് സന്ദർശിച്ചു, 5 തൊട്ട് 6 വരെ.
1.7.1903: ജനറൽ ഹോസ്പിറ്റൽ സന്ദർശിച്ചു; ഒരു ഓപ്പറേഷൻ നിരീക്ഷിച്ചു. രാവിലെ 8-ന്.
3.7.1903: റെയിൽവേ സ്റ്റേഷനിലേയ്ക്കു പോയി, [വൈകീട്ട്] 5.30-ന്​; എനിയ്ക്കുവേണ്ടി ഉണ്ടാക്കിയ സലൂൺ കണ്ടു. വിശിഷ്ടമായ ഒരു വണ്ടിയാണത്.

7.7.1903: ഹുസൂർ ഓഫീസിലേയ്ക്കു പോയി ഭൂനികുതി വിഭാഗത്തിലെ സെക്രട്ടറിയിൽ നിന്നും ഹെഡ് ക്ലാർക്കിൽ നിന്നും അവിടുത്തെ ക്രമക്കേടുകളെപ്പറ്റി, ദിവാന്റെ സാന്നിധ്യത്തിൽ വിശദീകരണം തേടി. 2.30 തൊട്ട് വൈകീട്ട് 6 വരെ ഈ ജോലിയിൽ മുഴുകി.
11.7.1903: ഡൽഹി ദർബാറിൽ പങ്കെടുത്തതിന്റെ ബഹുമാനാർഥം [ബ്രിട്ടീഷ്] ഇൻഡ്യൻ ഗവൺമെൻറ്​ അയച്ചുതന്ന സ്വർണമെഡൽ ഒരു പൊതുദർബാറിൽ വച്ച് സ്വീകരിച്ചു [റെസിഡൻഷ്യൽ സാന്നിധ്യത്തിൽ?]
12.7.1903: റസിഡന്റിനെ തിരിച്ചു സന്ദർശിക്കാൻ ബോൾഗാട്ടിയിലേയ്ക്കു പോയി. [പുതിയ] ദിവാൻ [പട്ടാഭിരാമറാവു] എങ്ങനെയുണ്ട് എന്ന് എന്നോടു ചോദിച്ചു. ദിവാൻ വളരെ നന്നായി ജോലിചെയ്യുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പിന്നെ അദ്ദേഹം എന്നോടു ചോദിച്ചത്, ദിവാൻ ജോലി കുടിശ്ശിക വരുത്തുന്നുണ്ടോ എന്നാണ്. രാജഗോപാലചാരിയെപ്പോലെ ജോലിയിൽ വേഗതയില്ലെങ്കിലും ദിവാൻ, വളരെ ചിട്ടയായും കുടിശ്ശിക വരുത്താതെയും ജോലിചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു.
19.7.1903: 1.50ന് ആലുവായിക്കു തിരിച്ചു; കൂടെ ദിവാനും എന്റെ മൂത്തമകളുമുണ്ടായിരുന്നു. എന്റെ പുതിയ സലൂണിലാണ് യാത്ര ചെയ്തത്. 6-ന് ഇവിടെ തിരിച്ചെത്തി.

ദിവാൻ എൻ. പട്ടാഭിരാമറാവു

24.7.1903: മിസ്റ്റർ ക്രുക്ഷങ്കും ഭാര്യയും രാവിലെ 7.30-ന് എന്നെ സന്ദർശിച്ചു. സംഭാഷണത്തിനിടയ്ക്ക് അദ്ദേഹം എന്നോടു രഹസ്യമായി പറഞ്ഞത്, മിസ്സിസ് ഡേവിസ് [എറണാകുളം] കോളേജിലെ സമ്മാനദാന ദിനത്തിൽ മിസ് ബെലൻ ക്രുക്ഷങ്കിനോടു മോശമായി പെരുമാറിയ കാര്യമാണ്; മിസ് ക്രുക്ഷങ്ക് വരാന്തയിലൂടെ കടന്നുപോകുമ്പോൾ അവർ പുറംതിരിഞ്ഞു നിന്നുകളഞ്ഞു. അവരെ കാണാൻ വിസമ്മതിച്ചെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
22.9.1903: [തോപ്പാത്തിക്കവലയ്ക്കു സമീപം പോത്തുപാറയിൽ] മലയർക്കും കാടർക്കും എന്റെ പേരിൽ നൽകിയ സദ്യയ്ക്കു സാക്ഷ്യംവഹിച്ചു; അവർക്ക് പതിവ് ഓണസമ്മാനങ്ങൾ നൽകി, 4 തൊട്ട് 6 വരെ.

27.9.1903: രാവിലെ കാടർമാരുടെ കുടിലുകൾ സന്ദർശിച്ചു. [...]ഏതാനും കാടർ സ്ത്രീകൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി; കുളിച്ചു.
അതിഥികളെ പാർപ്പിക്കാൻ കൊള്ളാവുന്ന സ്ഥലമല്ല തൃപ്പൂണിത്തുറ എന്നാണ് രാജാവിന്റെ അഭിപ്രായമെന്നു തോന്നുന്നു. അവിടെ വച്ച് അദ്ദേഹം 28.1.1900-ന് ദിവാൻ രാജഗോപാലചാരിക്ക് എഴുതി: [കൊച്ചിയിലൂടെ കടന്നുപോകുന്ന] തിരുവതാംകൂർ ഒന്നാംമുറ തമ്പുരാനെപ്പറ്റി താങ്കൾ [സർവാധികാര്യക്കാർ] ഗോപാലദേശികന് എഴുതിയത് അദ്ദേഹം എന്നോടു പറഞ്ഞു. കൊള്ളാവുന്ന ഒരൊറ്റ കെട്ടിടവുമില്ലാത്ത തൃപ്പൂണിത്തുറയിൽ തങ്ങാൻ രാജകുമാരനോടു പറയുന്ന പ്രശ്നമേയില്ല. അതുകൊണ്ട്, എറണാകുളത്തു തങ്ങാൻ അദ്ദേഹത്തോടു ഞാൻ പറയാം. അവിടെ അമ്പലക്കുളത്തിനടുത്തുള്ള കൊട്ടാരത്തിൽ അദ്ദേഹത്തെ നമുക്ക് പാർപ്പിക്കാം എന്നു ഞാൻ കരുതുന്നു (Raja's File 1900, Book I, p.106, I.N. Menon's collection, Regional Archieves, Ernakulam).

ഏഴുരൂപ ശമ്പളമുള്ള ജോലിക്കായി ശിപാർശ ചെയ്യുകയാണ്​ ദിവാൻ (എറണാകുളം 29.1.1900) രാജാവിനോട്: ‘അവിടുത്തെ അംഗരക്ഷകസേനയിലെ ജമേദാർ, തന്റെ മകന് ഒരു ജോലിയ്ക്കായി എന്നോട് ആവശ്യപ്പെട്ടിരിക്കയാണ്. ആ വയസ്സന്റെ റിട്ടയർമെൻറ്​ ഉടനെയോ പിന്നെയോ ഉണ്ടാകും. അയാളുടെ സർവീസിന്റെ ദൈർഘ്യവും നോക്കുമ്പോൾ, ഒരു പരിഗണന അയാൾക്കു നൽകാവുന്നതാണ്. ചട്ടപ്രകാരം വേണ്ട ശാരീരികയോഗ്യതയുണ്ടെങ്കിൽ അയാൾക്ക് [മകന്] ഏഴുരൂപ മാസശമ്പളത്തിൽ നായർ ബ്രിഗേഡിൽ ഒരു സീപോയിയുടെ ജോലി നൽകാൻ കഴിയുമോ?' (മുൻ ഫയൽ, പേ. 108)
‘താങ്കളുടെ നിർദേശം നടപ്പാക്കുന്നതിൽ ഒരു തടസ്സവും ഞാൻ കാണുന്നില്ല' എന്ന് രാജാവ് പിറ്റേന്ന് ദിവാനെഴുതി. (മുൻ ഫയൽ, മുൻ പേജ്).
ഹിൽ ബംഗ്ലാവിലിരുന്ന് 6.2.1900-ന് രാജാവ് ദിവാന് എഴുതിയ ഒരു മറുപടി: ‘[...]നമ്മുടെ അഞ്ചലും ബ്രിട്ടിഷ് തപാൽ വകുപ്പും തമ്മിൽ സംയോജിപ്പിക്കുന്നതിനെപ്പറ്റി മിസ്റ്റർ കോർട്ടിസിന്റെ മെമ്മോയുടെ കോപ്പി. നമ്മുടെ അഞ്ചൽ സംവിധാനം വളരെ നന്നായി പ്രവർത്തിക്കുന്നതുകൊണ്ടും, പൊതുജനങ്ങൾക്ക് താരതമ്യേന ചെലവുകുറഞ്ഞതായതുകൊണ്ടും അങ്ങനെ സംയോജിപ്പിക്കുന്നതിന് ഒരാവശ്യവും ഇല്ലെന്നാണ് ഞാനും
കരുതുന്നത്.' (മുൻ ഫയൽ, പേ.122).

കൊച്ചി രാജ്യത്ത് 20-ാം നൂറ്റാണ്ടിനെ മുൻകൂറായി സംബോധന ചെയ്ത ഭൂകമ്പത്തെപ്പറ്റിയാണ് 8.2.1900-ന് ഹിൽ ബംഗ്ലാവിൽ വച്ച് രാജാവ് ദിവാന് എഴുതുന്നത്: ‘ഇന്നു പുലർച്ചയ്ക്കു വളരെ മുമ്പ്, ഏകദേശം 2.30-നാണ് ഇവിടെ ഭൂകമ്പമുണ്ടായത്. അന്നേരം സുഖനിദ്രയിലായിരുന്ന ഞാൻ, എന്തെന്നു കൃത്യമായി തിരിച്ചറിയാൻ കഴിയാഞ്ഞ ഒരു അലർച്ചകേട്ടു നടുങ്ങി ഉണർന്നു. സംഭ്രമത്തിനിടയ്ക്ക് ഞാൻ കരുതിയത്, കെട്ടിടമാകെ നിലംപതിച്ചെന്നാണ്; അതിന്റെ കാരണവും എനിയ്ക്കു പിടികിട്ടിയില്ല. കിടപ്പുമുറിയിൽ നിന്ന് കുടുംബത്തോടൊപ്പം പുറത്തുകടക്കാനുള്ള ഉത്കണ്ഠ എല്ലാ പേടിയെയും തത്കാലം മറികടന്നു. അതു കഴിഞ്ഞപ്പോഴേയ്ക്കും പ്രകമ്പനം നിലച്ചെങ്കിലും, പേടി വിട്ടുമാറിയില്ല ഏറെനേരത്തേയ്ക്ക്. അപ്പോഴേയ്ക്കും തൃപ്പൂണിത്തുറയിലെ കെട്ടിടങ്ങളുടെ സ്ഥിതിയോർത്തുണ്ടായ ഉത്കണ്ഠ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അവ തീർച്ചയായും, ഇവിടെ ഞാൻ അനുഭവിച്ചപോലത്തെ ഒരു ഭൂകമ്പം താങ്ങാൻ ഒട്ടും കരുത്തില്ലാത്തവയാണ്. അവിടത്തെ സ്ഥിതിയറിയാൻ ഞാൻ ആളുകളെ അയച്ചു. എന്നാൽ, അവിടത്തെ കെട്ടിടങ്ങളും അവയിലെ താമസക്കാരും തുല്യമായ ഭാഗ്യമുള്ളവരാണെന്നു പറയാൻ എനിക്ക് സന്തോഷമുണ്ട്. ഈ ഭൂകമ്പത്തോടു താരതമ്യപ്പെടുത്തുമ്പോൾ, പറയത്തക്ക ഒരു പരിക്കുമേൽക്കാതെ അവ രക്ഷപ്പെട്ടു. [എന്റെ] ഈ കെട്ടിടം പരിശോധിക്കാൻ ഇന്നു രാവിലെ ഇവിടെയെത്തിയ തൃപ്പൂണിത്തുറ ഓവർസീർ മിസ്റ്റർ രാമലിംഗ വാധ്യാർ എന്നോടു പറഞ്ഞത്, ഭൂകമ്പ തീവ്രത [കുന്നിൻപുറമായ] ഇവിടത്തെക്കാൾ വളരെ കുറവായിരുന്നു താഴേക്കു ചെന്നപ്പോൾ എന്നാണ്; അല്ലെങ്കിൽ അനന്തരഫലം വളരെയേറെ വിനാശകരമാകുമായിരുന്നു. ഈ കെട്ടിടത്തിൽ ധാരാളം വിള്ളലുകൾ ഉണ്ടായെങ്കിലും, ഒന്നും ഗുരുതരമായി തോന്നുന്നില്ല. മി. വാധ്യാരും അങ്ങനെ
കരുതുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നത്, നിലംപതിയ്ക്കാൻ അടിയന്തര സാധ്യതയില്ലെങ്കിലും, ഈ കെട്ടിടം ഏറെ ഉലഞ്ഞിട്ടുണ്ടെന്നും അത് ഉറപ്പിനെ കാര്യമായി ബാധിച്ചുട്ടുണ്ടെന്നുമാണ്. യോഗ്യതയുള്ള ഒരാളെക്കൊണ്ട് കെട്ടിടം പരിശോധിപ്പിക്കണമെന്നതിൽ എനിക്ക് ആകാംക്ഷയുണ്ട്; അതിനുവേണ്ട ഏർപ്പാട് കഴിയുംവേഗം ചെയ്യാൻ താങ്കളോട് അപേക്ഷിക്കുന്നു. എറണാകുളത്ത് കെട്ടിടങ്ങൾക്കോ മനുഷ്യർക്കോ അപകടമുണ്ടായിട്ടില്ലെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു; അവിടെയും ഭൂകമ്പമുണ്ടായെന്നു ഞാൻ കേൾക്കുന്നുണ്ട്' (മുൻ ഫയൽ, പേ.125-126).

ഹിൽ പാലസ്‌

5.12.1903: ദിവാനെ കണ്ടു 6.30ന്; മുകുന്ദപുരം മുൻസിഫ് വെങ്കിട്ടറാവുവിനെ സസ്പെൻഡ് ചെയ്തു എന്നും, ചീഫ് കോർട്ട് ആക്റ്റിങ് റജിസ്ട്രാർ അയ്യാക്കുട്ടിയെ അയാൾക്കു പകരക്കാരനായി അയച്ചു എന്നും അദ്ദേഹത്തിൽ നിന്ന് അറിഞ്ഞു.
13.12.1903: 3-ന് കുംഭകോണത്തു നിന്നു തിരിച്ച് 5.15-ന് ചിദംബരത്ത് എത്തി. [...] അമ്പലക്കുളത്തിൽ കുളിച്ച്, ചിദംബരേശ്വര ഭഗവാനെ തൊഴാൻ പോയി. ക്ഷേത്രമാകെ ചുറ്റിനടന്നു കണ്ടു. വിവിധ എടുപ്പുകളുടെ പ്രൗഢമായ നിർമാണചാതുരി പരിശോധിച്ചു. പ്രധാന ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്ത് എത്തിയപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായി. മുപ്പതോ നാൽപ്പതോ അടി സമചതുരമായ ഒരു ചെറിയ മുറിയാണ് ആ ശ്രീകോവിൽ. നൂറോളം പേരുണ്ടായിരുന്നു അതിൽ. കുറെപ്പേർ പുറത്തിറങ്ങാതെ എനിയ്ക്ക് അകത്തു കയറാനാവില്ലെന്നു ഞാൻ പറഞ്ഞു. അവർ അതിനു തയ്യാറായില്ല. എന്റെ താഴ്ന്ന ജാതിക്കാരായ സേവകരെ അകത്തു കടക്കാൻ ഏതാനും മിനിറ്റ് മുൻപ് അവർ പ്രേരിപ്പിച്ചതാണെങ്കിലും, അകത്തു കടക്കാൻ എനിയ്ക്കുളള യോഗ്യതയിൽ അവർ സംശയിക്കുന്നതായും തോന്നി. എന്നിൽ നിന്ന്​ ധാരാളം പണം പിടുങ്ങാനുളള സൂത്രമാണതെന്ന് എനിയ്ക്കുടനെ മനസ്സിലായി. ഞാൻ ഉറച്ചുനിന്നു. നേർവഴിക്കു എനിയ്ക്കു പ്രവേശം തരുംവരെ ഒന്നും കൊടുക്കില്ലെന്നു ഞാൻ വാദിച്ചു. ഇരുപക്ഷവും വഴങ്ങിയില്ല. ആ തെമ്മാടികൾക്ക് ഒന്നും കൊടുക്കാതെ, പുറത്തുനിന്നു തൊഴുത്, ഞാൻ മടങ്ങി.

25.12.1903 [മദ്രാസ്]: രത്നസ്വാമി നാടാർ ഒരു സംഗീത പരിപാടികൊണ്ട് എന്നെ സത്കരിച്ചു, 4.30 തൊട്ട് 6.30 വരെ.
29.12.1903: [തിരുച്ചിറപ്പള്ളിയിൽ നിന്നുളള തീവണ്ടിയാത്രയിൽ, പുതുക്കോട്ട ദിവാൻ വെങ്കിട്ടരാമദാസ് നായ്ഡു] എന്നോടു ചോദിച്ചു: ‘തിരുവിതാംകൂർ ദിവാൻ സ്ഥാനക്കാര്യത്തിൽ വല്ല തീരുമാനവുമായോ?'
അക്കാര്യത്തിൽ കേട്ടുകേൾവിയേക്കാൾ വളരെ മെച്ചമാകാനിടയില്ലാത്തതാണ് എന്റെ അറിവെന്നും, അതനുസരിച്ച്, തിരുവിതാംകൂർ സർവിസിലുളള ആരെയെങ്കിലും ദിവാനാക്കുന്നത് മദ്രാസ് സർക്കാർ അംഗീകരിക്കില്ലെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. തന്റെ ദിവാനായി വിദേശിയെ മഹാരാജാവ് തിരുമനസ്സ് ആഗ്രഹിക്കുന്നില്ലെന്നും ഞാൻ പറഞ്ഞു. വൈകീട്ട് 7-ന് മധുരയിൽ എത്തി.
[തിരുവിതാംകൂറിൽ പിന്നീട് തുടർച്ചയായി വന്ന മൂന്ന് ദിവാന്മാരും വിദേശികളായിരുന്നു: വി.പി. മാധവറാവു, എസ്. ഗോപാലചാര്യർ, പി. രാജഗോപാലചാരി.]

11.1.1904: [തിരുവിതാംകൂർ അതിർത്തിയിലുള്ള] തോവാളയിൽ എത്തി 3.40-ന് [മഹാരാജാവ്] തിരുമനസ്സിന്റെ വണ്ടിയിൽ കയറി തോവാളകൊട്ടാരത്തിലേക്കു പോയി; നാലിന് അവിടെയെത്തി.
12.1.04: രണ്ടുമണിയ്ക്ക് തോവാള വിട്ടു; 3.30ന് ശുചീന്ദ്രത്ത് എത്തി. [...] 5-ന് കന്യാകുമാരിയ്ക്കു തിരിച്ചു.
13.1.1904: [കന്യാകുമാരിയിൽ] റെസിഡൻസി സന്ദർശിച്ചു. [...] ഉച്ചയ്ക്കുശേഷം 3-ന് കന്യാകുമാരി വിട്ടു; 5.10-ന് പദ്മനാഭപുരത്ത് എത്തി.
15.1.1904: തിരുവനന്തപുരത്ത് [മുൻ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമയ്ക്കുവേണ്ടി പണിതതും അദ്ദേഹം താമസിച്ചിരുന്നതുമായ] അനന്തവിലാസം ബംഗ്ലാവിൽ വിശ്രമിച്ചു.

16.1.1904: [രാവിലെ 9.30-നുശേഷം തിരുവിതാംകൂർ മഹാരാജാവിന്റെ കൊട്ടാരത്തിൽ] മിസ്റ്റർ സ്വാമിനാഥ അയ്യർ എങ്ങനെയുള്ള ആളാണെന്ന് തിരുമനസ്സ് എന്നോടു ചേദിച്ചു. എന്റെ ആക്റ്റിങ് ദിവാനായി ജോലിചെയ്ത ചെറിയ കാലയളവിൽ അദ്ദേഹം വളരെ നല്ല പ്രവർത്തനമാണ് നടത്തിയതെന്നു ഞാൻ തിരുമനസ്സിനോടു പറഞ്ഞു. [...] എനിയ്ക്കു മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം അദ്ദേഹം ഒരു നല്ല കഠിനാധ്വാനിയാണെന്ന് ഞാൻ പറഞ്ഞു. സർക്കാർ സർവീസിൽ ധാരാളമായുണ്ടെന്ന് തിരുമനസ്സുതന്നെ എന്നോടു പറഞ്ഞ അഴിമതി തുടച്ചുനീക്കാൻ കഴിവുള്ളയാളാണെന്നും ഞാൻ അറിയിച്ചു. [...] തുടർന്ന് തിരുമനസ്സ് രഹസ്യമായി എന്നോടു പറഞ്ഞത്, തിരുവിതാംകൂർ ദിവാൻ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ പേര് [മദ്രാസ്] സർക്കാർ നിർദേശിച്ചെന്നും, ഒരുകൊല്ലത്തെ പ്രവർത്തനം തൃപ്തികരമെങ്കിൽ അദ്ദേഹത്തെ സ്ഥിരപ്പെടുത്താമെന്നു താൻ സമ്മതിച്ചെന്നുമാണ്. തുടർന്ന് തിരുമനസ്സ് മി. രാജഗോപാലചാരിയെപ്പറ്റി എന്നോട് ചോദിച്ചു. എന്റെ അഭിപ്രായത്തിൽ മി. രാജഗോപാലചാരിയാണ് അവിടുത്തേയ്ക്കു പറ്റിയ ഏറ്റവും നല്ല വ്യക്തിയെന്ന് ഞാൻ പറഞ്ഞു; അദ്ദേഹത്തെ കിട്ടുകയാണെങ്കിൽ, ഭരണനടത്തിപ്പിന്റെ ബുദ്ധിമുട്ടുകൾ തിരുമനസ്സിന് ഒട്ടും അനുഭവിക്കേണ്ടതില്ലെന്നും, ഭരണനയങ്ങൾ പൊതുവായൊന്നു വ്യക്തമാക്കുകയും അദ്ദേഹത്തിനുവേണ്ട സ്വാതന്ത്ര്യം അനുവദിക്കുകയും മാത്രം ചെയ്താൽ മതിയെന്നും ഞാൻ പറഞ്ഞു. [...] മി. രാജഗോപാലചാരിയെ കുറച്ച് കാലത്തേയ്ക്കു കൂടെ [ദിവാനായി] നിലനിർത്തണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നതായാണു താൻ കേട്ടിട്ടുളളതെന്നും, എന്തുകൊണ്ട് എനിയ്ക്ക് അതിനു കഴിഞ്ഞില്ലെന്നും തിരുമനസ്സ് ചോദിച്ചു. അടുത്ത രണ്ടുകൊല്ലത്തേയ്ക്കു കൂടെ അദ്ദേഹം എന്റെ ദിവാനായിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെന്നും, എന്നാൽ, അനാരോഗ്യം മൂലം അദ്ദേഹത്തിന് എന്നോടൊപ്പം തുടരാനായില്ലെന്നും ഞാൻ പറഞ്ഞു.

ശമ്പളക്കാര്യത്തിൽ വല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നോ എന്നു ചോദിച്ചു തിരുമനസ്സ്. ചെറിയ ശമ്പളമായ ആയിരം രൂപയ്ക്ക് ദിവാൻ ജോലി സ്വീകരിക്കാൻ തയ്യാറുളള നല്ലയാളുകളെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായി ഞാൻ കരുതുന്നു എന്ന് തിരുമനസ്സിനെ അറിയിച്ചു. അത് ശരിയാണെന്ന് തിരുമനസ്സ് പറഞ്ഞു. [മദ്രാസ്​] സർക്കാർ മി. രാജഗോപാലചാരിയുടെ പേര് നിർദേശിയ്ക്കാഞ്ഞത്, അനാരോഗ്യം മൂലം തിരിവിതാംകൂറിലേയ്ക്കു പോകാൻ അദ്ദേഹം ഇഷ്ടപ്പെടില്ലെന്ന് അവർ കരുതിയതുകൊണ്ടാകണം. അദ്ദേഹത്തിന്റെ പേര് സർക്കാർ നിർദേശിക്കാഞ്ഞതിലുളള തന്റെ നൈരാശ്യം പ്രകടിപ്പിക്കുകയും ചെയ്തു തിരുമനസ്സ്.
18.1.1904: തിരുമനസ്സുമൊത്ത് രാവിലെ 6-ന് കടലോരത്തേയ്ക്കുപോയി; മഹാരാജാസ് വെർണക്യൂലർ കാസ്റ്റ് ഗേൾസ് സ്‌കൂൾ സന്ദർശിച്ചു. [കൊട്ടാരത്തിൽ എത്തിയപ്പോൾ] തിരുമനസ്സിന്റെ 7 വയസ്സുകാരൻ മകനെയും 2 വയസ്സുളള മകളെയും ഒരു മണിയ്ക്ക് ശങ്കരൻ തമ്പി എന്റെയടുക്കൽ കൊണ്ടുവന്നു. [...] 8-ന് വെടിക്കെട്ട് കണ്ടു. [...] 9-ന് തിരുമനസ്സിനോടു വിട പറഞ്ഞു. 9.40-ന് പെരുന്താന്നിയിൽ വച്ച് വള്ളത്തിൽ കയറി. അവിടെ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥപ്രമുഖർ ഹാജരുണ്ടായിരുന്നു.

19.1.1904: പുലർച്ചെ 6.30-ന് വർക്കലയിലെത്തി. [... വൈകീട്ട്] കടലോരത്തുകൂടി ഏറെ നേരം നടന്നു. പല സ്ഥലങ്ങളിലും പാറക്കെട്ടുകളിൽ നിന്ന് ഉറവകൾ താഴേയ്ക്കുചാടുന്നുണ്ട്. പാപനാശനം, ദുഃഖനാശനം തുടങ്ങിയ പുണ്യനാമങ്ങളിലാണ് അവയോരോന്നും അറിയപ്പെടുന്നത്. ആ പ്രദേശത്തിന്റെ പ്രാചീന (പുരാണ) ചരിത്രത്തിൽ പണ്ഡിതനെന്നു സ്വയം അവകാശപ്പെടുന്ന ഒരു ബ്രാഹ്മണ വഴികാട്ടി അവ എനിയ്ക്കു വിവരിച്ചുതന്നു. സ്ഥലപുരാണമനുസരിച്ച് ആ പ്രദേശത്തു 64 കോടി തീർഥങ്ങൾ (ഉറവകൾ) ഉണ്ടെന്ന് ഈ വഴികാട്ടി എന്നോടു പറഞ്ഞു.
20.1.1904: പുലർച്ചെ 6.30-ന് കൊല്ലത്ത് എത്തി.
21.1.1904: തങ്കശ്ശേരിയ്ക്കു പുറപ്പെട്ടു. [...] റെസിഡൻസി, റെയിൽവേ സ്റ്റെഷൻ എന്നിവ സന്ദർശിച്ചു.
22.1.1904: പുലർച്ചെ 6.30-ന് അമ്പലപ്പുഴയിൽ എത്തി.
23.1.1904: പുലർച്ചെ 6.30-ന് വൈക്കത്ത് എത്തി. [...] 1.30-ന് വൈക്കം വിട്ടു. [...] 5-ന് തൃപ്പൂണിത്തുറയിൽ എത്തി.
25.1.1904: ദിവാനെയും മിസ്സിസ് ആനി ബെസന്റിനെയും കണ്ടു, 3.20-ന്. പാലസ് സ്‌കൂളിൽ വിദ്യാഭ്യാസത്തെപ്പറ്റി ബെസന്റ് നടത്തിയ പ്രഭാഷണം കേട്ടു, 3.40 തൊട്ട് 4.30 വരെ.
17.3.1904: [കാഞ്ഞിരപ്പള്ളി]: സൂര്യഗ്രഹണമായതുകൊണ്ട് മൂന്നുവട്ടം കുളിക്കേണ്ടി വന്നു. ഒരുമണിയ്ക്കാണ് ഞാൻ പ്രാതൽ കഴിച്ചത്.
19.3.1904: [കോറിമലയ്ക്ക് അടുത്തുള്ള] ഇടുക്കുപാറയിലേയ്ക്കു പുറപ്പെട്ടു. [രാവിലെ] 9.30 ന്. 12ന് അവിടെയെത്തി; കുഴിയിലുള്ള ആനയെ കണ്ടു.

ആനി ബെസന്റ്‌ / Photo: Wikimedia Commons

ഇവിടന്ന് നൂറ്റാണ്ടിപ്പുറം, 2005 ജനുവരി ഏഴിന് ഈ ലേഖകൻ കാഞ്ഞിരപ്പളളി കോവിലകം കാണാൻ പോയി. തൃശൂർ ജില്ലയിലെ ചാലക്കുടി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽനിന്നു വണ്ടിയിൽ കയറി, മലപ്പാറ റൂട്ടിൽ 10 കിലോമീറ്റർ പിന്നിടുമ്പോൾ കാഞ്ഞിരപ്പള്ളിയായി. ‘ആൽ' എന്നാണ് ബസ് സ്റ്റേഷന്റെ പേര്. എന്നാൽ ആ മരം 1116-ലെ കൊടുങ്കാറ്റിൽ കടപുഴകി വീണുപോയി. അക്കൊല്ലം അതിനുശേഷമാണ് താൻ ജനിച്ചതെന്ന് അയൽപക്കത്തെ വട്ടോലി വീട്ടിൽ വി.ഡി. ലോനക്കുട്ടി മാസ്റ്റർ ഓർക്കുന്നു. അദ്ദേഹത്തിന്റെ വീട് മെയിൻ റോഡിന്റെ വടക്കുവശം, പരിയാരം പഞ്ചായത്തിന്റെ 8-ാം വാർഡിലാണ്. റോഡിന്റെ തെക്കുവശം, 9-ാം വാർഡിലാണ് കോവിലകം. ഈ റോഡിൽ നിന്ന്, കെ.കരുണാകരൻ എം.പി.യുടെ ഒരുലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചുണ്ടാക്കിയെന്ന് ബോർഡ് സ്ഥാപിച്ചിട്ടുളള 130 മീറ്റർ ‘പാലസ് റോഡ്' കോവിലകം വളപ്പിലെത്തുന്നു. വടക്കും കിഴക്കും അതിരുകളെ പഴയ മതിൽ രക്ഷിക്കുന്നുണ്ടെന്നു പറയാം. 12 ഏക്കറാണ് വളപ്പിന്റെ വിസ്തൃതിയെന്ന് ലോനക്കുട്ടി പറയുന്നു. കോവിലകത്തിന്റെ ഓർമയ്ക്കായി അതിലുള്ളത് കാടും പടലും ചേർന്നു ഞെരുക്കിക്കളഞ്ഞ ഒരു കഷണം ചുമർ മാത്രമാണ്. അവിടവിടെ ഏതാനും കുറ്റിച്ചെടികളുള്ള ഒരു മൊട്ടക്കുന്നാണ് ഈ വളപ്പ്. തെക്കേ അതിരിലൂടെ താഴേയ്ക്കിറങ്ങിച്ചെല്ലുന്നത് കോലംകെട്ടുപോയ ഒരു പുഴയിലേയ്ക്കാണ്. തീവണ്ടി വരുംമുമ്പ് എറണാകുളത്തുനിന്നു വള്ളത്തിൽ യാത്രതിരിക്കുന്ന രാജാവ്, കൊടുങ്ങല്ലൂർ കായലിൽനിന്ന് കരൂപ്പടന്ന വഴി, ചാലക്കുടിപ്പുഴയിലൂടെ സഞ്ചരിച്ച് ഇവിടെ വന്നടുക്കുമായിരുന്നുവെന്നാണ് തോന്നുന്നത്. രാജാവിന്റെ വിശ്രമകാല സങ്കേതമായിരുന്ന കോവിലകത്തിന്റെ അവശിഷ്ടം മാത്രമേയുള്ളൂ വളപ്പിൽ. അതിനു പടിഞ്ഞാറ് രാജപത്നി (നേത്യാരമ്മ)യുടെ ഇട്യാണത്ത് മഠവും അതിനപ്പുറത്തുളള തോടിനു പടിഞ്ഞാറ് ‘പത്തമുറി കോവിലക'വും ഉണ്ടായിരുന്നതായി ലോനക്കുട്ടി പറയുന്നു. തോടിനു മീതെ ‘ആട്ടുപാല'വുമുണ്ടായിരുന്നു. വളപ്പിൽനിന്നു നോക്കിയാൽ വടക്കുകിഴക്കായി കാണുന്ന ‘പുല്ലുമുടി'യിൽനിന്നാണ് ആനമലയുടെ തുടക്കം. രാജാവിന്റെയും സായിപ്പുമാരുടെയും നായാട്ടുകേന്ദ്രമായിരുന്നു അവിടം.

ലോനക്കുട്ടിയുടെ കുടുംബം, അപ്പൂപ്പൻ ലോനപ്പന്റെ കാലത്താണ് കാഞ്ഞിരപ്പിള്ളിയിലേയ്ക്കു കുടിയേറിയത്. (മൂന്ന് കിലോമീറ്റർ പടിഞ്ഞാറുളള പരിയാരത്തായിരുന്നു വീട്. 99-ലെ വെളളപ്പൊക്കത്തിൽ ആ വീട് ഒലിച്ചുപോയി.) അതിനുമുമ്പേ രാജർഷിയുടെ ഭരണകാലത്തുതന്നെ ഇവിടെ ലോനപ്പന് പാട്ടംകൃഷിയുണ്ടായിരുന്നു. താൻ രാജർഷിയെ കണ്ടിട്ടുളള കാര്യങ്ങൾ
അപ്പൂപ്പൻ ലോനക്കുട്ടിയോടു പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരു മഹാരാജാവിന്റെ കാലത്ത് ഇരുവരും കോവിലകത്തുചെന്നു മുഖം കാണിച്ചിട്ടുണ്ട്. ലോനക്കുട്ടിക്ക് അന്ന് ആറ് വയസ്സ് (?) തികഞ്ഞിട്ടില്ല. രാജാവിനെ തൊഴുകേണ്ട വിധവും മറ്റും കാര്യമായി പരിശീലിപ്പിച്ചിരുന്നു അപ്പൂപ്പൻ. 10-15 പടി കയറിയിട്ടുവേണം കോവിലകത്തിന്റെ തെക്കേ മുറ്റത്തെത്താൻ. പുഴയോടു മുഖംതിരിച്ചുനിൽക്കുന്ന പൂമുഖമാണത്. (നേരെ എതിരിൽ വടക്കുഭാഗത്തുമുണ്ട് ഒരു പൂമുഖം) മുന്നിലെത്തിയപ്പോൾ മഹാരാജാവ് ചോദിച്ചു: ‘ആരാ വട്ടോലീ ഇത്?'
‘എന്റെ അടിക്കിടാവിന്റെ അടിക്കിടാവാണ്.
നേത്യാരമ്മ കൊണ്ടുവന്നുകൊടുത്ത ഒരു മാമ്പഴം, ഒറ്റത്തോർത്തുമാത്രം ഉടുത്ത മഹാരാജാവ് ലോനക്കുട്ടിയുടെ കുഞ്ഞുകൈകളിലേക്ക് ഇട്ടുകൊടുത്തു. (അവസാന രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാന്റെ കാലത്തും ക്രിസ്ത്യാനികൾക്ക് 25 അടി അയിത്തപ്പാട് പിന്നിലേ നിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂവെവെന്നും പറയുന്നു, ലോനക്കുട്ടി; ഈഴവർക്ക് അതിനേക്കാൾ പിന്നിലും, ദലിതർക്ക് മതിലിനുള്ളിലേയ്ക്ക് അൽപം കടക്കാം).

താൻ ടി.ടി.സി.യ്ക്കു പഠിക്കുമ്പോൾ കോവിലകത്തു സുഖവാസത്തിനെത്തുന്ന പരീക്ഷിത്ത് തമ്പുരാന്റെ എഴുന്നള്ളത്ത് കാണാറുണ്ടായിരുന്നു ലോനക്കുട്ടി. 1953-54 വരെ ഇത് മെറ്റൽ റോഡായിരുന്നു. അന്ന് പൊയ്യക്കാരൻ അംബൂക്കന്റെ ‘യു.എം.ടി.' എന്ന കരിബസുകളാണ് ഇങ്ങോട്ടുവന്നിരുന്നത്. 1930കളിൽ വളരെ അകന്നകന്ന് 8-10 വീടുകളേ ഇവിടെയുണ്ടായിരുന്നുള്ളൂ. രാജർഷിയുടെ കാലത്ത് ഇവിടെ ആൾത്താമസമുണ്ടായിരുന്നോ എന്നറിയില്ല. അപ്പൂപ്പൻ 97-ാം വയസ്സിലാണു മരിച്ചത്, 1960-ൽ.

1965-നടുത്തുവരെ കോവിലകത്ത് രാജകുടുംബാംഗങ്ങൾ താമസിച്ചിരുന്നുവെന്നാണ് ലോനക്കുട്ടിയുടെ ഓർമ. 1980കളുടെ മധ്യം വരെ കെട്ടിടങ്ങൾ കുറെയൊക്കെ നിലനിന്നിരുന്നു. (നാട്ടുകാർ കൈയേറി നശിപ്പിച്ചെന്നാണ് സമീപവാസിയായ ജോൺസണും പുഴയ്ക്കക്കരെ താമസിക്കുന്ന അശോകനും പറയുന്നത്. തന്റെ ചെറുപ്പത്തിൽ അപൂർവ ഫലവൃക്ഷങ്ങൾ നിറഞ്ഞതായിരുന്നു ഈ വളപ്പ് എന്നാണ് 40നടുത്തു പ്രായമുള്ള അശോകൻ ഓർക്കുന്നത്.) രണ്ട് കോവിലകങ്ങൾ വാങ്ങിയത് ചാലക്കുടിക്കാരൻ ബേബി ചിറയത്താണ്, 1982-ൽ മഠം വാങ്ങിയത് തൃപ്പൂണിത്തുറയിലെ ഒരു വേലായുധനാണ്. അയാളിൽനിന്ന് അത് വേറെ ആരോ വാങ്ങി. പിന്നെ കോവിലകങ്ങളും മഠവുമടക്കം വളപ്പ് ആകെ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് വാങ്ങി റബർ നട്ടു. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ(എം.പി.ഐ.) കമ്പനിക്കുവേണ്ടി സർക്കാർ ഏറ്റെടുത്തു ഈ വളപ്പ്. പക്ഷെ പിന്നീടൊന്നുമുണ്ടായില്ല. 1990കളുടെ തുടക്കത്തിൽ വളപ്പിനോടുചേർന്ന് പടിഞ്ഞാറുവശത്ത് ‘ശ്രീശക്തി' പേപ്പർ മില്ലും വടക്കുവശത്ത് ‘ഡ്രീം വേൾഡ്' വാട്ടർ പാർക്കും തുടങ്ങി. ഈ രണ്ടിടത്തും വന്നുപോകുന്നവർ അറിയുന്നുണ്ടോ, ചാരത്തുള്ളത് കൊച്ചി മഹാരാജാക്കന്മാരുടെ ഗതകാലപ്രൗഢിയുടെ ഒരു ശ്മശാനമാണെന്ന്.

കോവിലകം വളപ്പിനുമുന്നിലൂടെ കിഴക്കോട്ടു പോകുന്ന റോഡ്, 80 ഓളം കിലോമീറ്ററിനപ്പുറത്ത് സംസ്ഥാന അതിർത്തിയിലെ മലക്കപ്പാറയും കടന്ന് തമിഴ്നാട്ടിലേയ്ക്കു കടക്കുന്നു. ഈ റൂട്ടിലാണ് തുമ്പൂർമൂഴി, ചിക്ലായി, അരൂർമൂഴി, വെറ്റിലപ്പാറ, കണ്ണൻകുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പുകയിലപ്പാറ, പുളിയിലപ്പാറ, പെരിങ്ങൽകുത്ത് ഡാം, അമ്പലപ്പാറ, ഷോളയാർ ഡാം തുടങ്ങിയവ. 1940കളുടെ മധ്യം വരെ കോവിലകത്തിനുകിഴക്ക് ഒന്നര കിലോമീറ്റർ അകലെ ദിവാൻകല്ല് വരെയായിരുന്നു റോഡ്. അവിടന്ന് ആനമലവരെ പിന്നീടാണ് റോഡ് വെട്ടിയത്.
ലോനക്കുട്ടിയുടെ വീടിനുമുന്നിൽ റോഡരുകിൽ കിഴക്കോട്ട് ഒരു കൈചൂണ്ടിയുണ്ടായിരുന്നു, ഒന്നരകൊല്ലം മുമ്പുവരെ- ‘എച്ചിപ്പാറ 5 മൈൽ'. ഫോറസ്റ്റ് കൺസർവേറ്റർ കൊലോഫ് സായിപ്പ് രാജർഷിയെ പറ്റിച്ചതിന്റെ സ്മാരകമാണത്രെ അത്. രാജാവിനു കോവിലകം പണിയാൻ പറ്റിയ സ്ഥലം കണ്ടെത്താൻ ചുമതലയേൽപ്പിച്ചത് സായിപ്പിനെയാണ്. ഇപ്പോൾ നശിച്ചുകഴിഞ്ഞ വളപ്പ് രാജാവിനുവേണ്ടി കണ്ടെത്തിക്കൊടുത്തു അയാൾ. വെറും രണ്ട് കി.മീറ്റർ കിഴക്കുള്ള, അതിമനോഹരമായ എച്ചിപ്പാറയിൽ 30 ഏക്കർ അയാൾ സ്വന്തമായും പതിച്ചെടുത്തു. എന്നിട്ട് അത് വളരെ ദൂരെയാണെന്ന് രാജാവിനെ ധരിപ്പിക്കാനാണ് 5 മൈൽ (8-ൽ പരം കി.മീ.) എന്ന് കൈചൂണ്ടിവച്ചതെന്നു പറയുന്നു ലോനക്കുട്ടി. നാടൻ വിശ്വാസം ഇങ്ങനെയാണെങ്കിലും കൊലോഫിനെ രാജാവ് ന്യായീകരിക്കുന്ന ഒരു രേഖ (D.o.377. Raja's File 1898, Book IV, P 85, Regional Archives Ernakulam) മുമ്പ് നമ്മൾ കണ്ടു (സുശിഖം, 2004 ഏപ്രിൽ, പേ-22).

വീണ്ടും രാജാവിന്റെ ഡയറിയിലേയ്ക്ക്:
13.9.1904 ചൊവ്വ [കാഞ്ഞിരപ്പിള്ളി]: ഒരു നമ്പൂതിരി സ്ത്രീയെകുറിച്ചുള്ള ജാരസംസർഗ സംശയത്തെപ്പറ്റി ചെമ്മന്തട്ടയിലെ ഏതാനും നമ്പൂതിരിമാർ എന്നോടു വന്നു പറഞ്ഞു. 10.30 തൊട്ട് 11.30 വരെ അവരുമായി സംസാരിച്ചു.
(കുറിയേടത്ത് താത്രിക്കുട്ടിയുടെ കുപ്രസിദ്ധമായ സ്മാർത്തവിചാരത്തിലേക്കാണ് നാം കടക്കുന്നത്.)
10.12.1904 ശനി [ഹിൽ ബംഗ്ലാവ്?]: ഒരു ജാരസംസർഗ ആരോപണവുമായി ബന്ധപ്പെട്ട് ചില നമ്പൂതിരിമാരുമായി സംസാരിച്ചു, 2 തൊട്ട് 4 വരെ.
11.12.1904 [എറണാകുളം?]: ഇന്നലത്തെ ഡയറിയിൽ സൂചിപ്പിച്ച നമ്പൂതിരിമാരുമായി വീണ്ടും സംസാരിച്ചു, രാവിലെ 10 തൊട്ട് 11 വരെ.
11.1.1905 ബുധൻ: തൃപ്പൂണിത്തുറയിലേയ്ക്കു പോയി (വൈകീട്ട്) അഞ്ചിന്. ചെമ്മന്തട്ടയിലെ ഒരു നമ്പൂതിരി ഇല്ലത്തിന്റെ സ്മാർത്തവിചാരം തുടങ്ങി ഏഴിന്. കൂത്ത് കണ്ടശേഷം പാതിരാത്രി 12ന് ഇവിടെ [ഹിൽ ബംഗ്ലാവിൽ] തിരിച്ചത്തി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ചെറായി രാമദാസ്​

ചരിത്ര ഗവേഷകൻ, മാധ്യമപ്രവർത്തകൻ. കേരളീയ നവോത്ഥാനകാലത്തെക്കുറിച്ച് സവിശേഷ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവർണ പക്ഷ രചനകൾ, അംബേദ്കറുടെ മരണം, അയ്യൻകാളിക്ക് ആദരത്തോടെ, ശാംകര സ്മൃതി (പുനരച്ചടി പരിശോധകൻ) തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.

Comments