‘പുറംജാതി’യെ നിയമനങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾ, ഷൊർണൂർ- കൊച്ചിൻ റെയിൽവേ പദ്ധതി, കേരളത്തിന്റെ ഇരുണ്ട ഭൂതകാലത്തിൽ നിന്ന് ഒരു രഹസ്യക്കത്ത്: കൊച്ചി രാജാവിനെക്കുറിച്ചുള്ള കെട്ടുകഥകളിലേക്കുള്ള ചരിത്രപഠനം തുടരുന്നു
സർക്കാർ ജോലി ‘കുലീനർ’ക്കുള്ളതാണെന്ന ശാഠ്യക്കാരനായിരുന്നു രാജർഷി.
22.11.1896-ന് ദിവാന് എഴുതിയ മെമ്മോയിൽ അദ്ദേഹം പറഞ്ഞു: ‘നിയമനങ്ങൾക്ക് മുഖ്യ യോഗ്യതയായി കണക്കാക്കേണ്ടത് കഴിവ് (സർവകലാശാലാ ബിരുദങ്ങളാലുള്ളത്), സത്യസന്ധത (പാരമ്പര്യം, ജനനം, വളർന്ന സാഹചര്യം അഥവാ വളർത്തുദോഷമില്ലായ്മ) ഇവയാണ്. ഇവയോടൊപ്പം സീനിയോറിറ്റിയും നോക്കിവേണം സ്ഥാനക്കയറ്റം നൽകാൻ [....]. ജനങ്ങളുടെ മതപരവും സാമൂഹികവുമായ വികാരങ്ങളെ ബാധിക്കുന്നതൊന്നും ചെയ്യാതിരിക്കുക; ജനങ്ങളിൽ ഭൂരിപക്ഷവും യാഥാസ്ഥിതികരായ, അല്ല, അന്ധവിശ്വാസികളായ ഹിന്ദുക്കളാണ്' (മുൻ ഫയൽ, പേ. 263).
അയിത്ത ജാതിക്കാരെ ഒഴിവാക്കാൻ രാജാവ് പറയുന്ന ഈ ന്യായത്തിന് എന്തടിസ്ഥാനം എന്ന് നമുക്ക് സംശയം തോന്നാം; അന്നോ ഇന്നോ ഈ നാട്ടിലെ ജനസംഖ്യയിൽ, അവരുടെ മറുപക്ഷമായ സവർണ ഹിന്ദുക്കൾ ഭൂരിപക്ഷമല്ല. ബ്രാഹ്മണഭയമുള്ള, അവരുടെ ‘കൈക്കാരൻ ' മാത്രമായ രാജാവ് കാണുന്നത് ‘പുറംജാതി'യെ ഒഴിവാക്കിയശേഷം വരുന്ന ജനങ്ങളെയാണ് എന്നറിഞ്ഞാൽ നമ്മുടെ സംശയം തീരും! 62 വർഷം കഴിഞ്ഞിട്ടുപോലും മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ചെയർമാനായ ഭരണപരിഷ്‌കരണ കമ്മിറ്റി പറഞ്ഞത്, സർക്കാർ ജോലിക്ക് നേരിട്ടുള്ള നിയമനത്തിൽ പിന്നാക്ക വർഗങ്ങൾക്ക് സംവരണം ഉണ്ടായിരിക്കരുത്' എന്നാണ് (ഭരണപരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ട്, 1958, വോള്യം I ഭാഗം I & II പേ. 128). എങ്കിൽപ്പിന്നെ രാജാവു മാത്രമായി പഴി കേൾക്കുന്നതെന്തിന്!
ഇക്കാലത്ത് കൊച്ചിയിലെ ഏറ്റവും വലിയ വികസനപദ്ധതി തീവണ്ടിപ്പാത നിർമാണമാണ്. 1861-ൽ മലബാറിൽ തീവണ്ടിയെത്തി. കൊച്ചിയിൽ തീവണ്ടിക്കാര്യം ഔദ്യോഗിക രംഗത്തേക്കുവന്നത് 1862 ജനുവരിയിൽ ബ്രിട്ടീഷ് റെസിഡൻറ്മോൾട്ട്ബി, ദിവാൻ ശങ്കുണ്ണി മേനോന് എഴുതിയ കത്തിലൂടെയാണ് (1924-നുശേഷം ദിവാന്റെ ഓഫിസിൽ തയ്യാറാക്കിയ ‘THE STATE RAILWAY എന്ന റിപ്പോർട്ട്, ചാപ്റ്റർ 1 പേജ്, 2: സ്വകാര്യശേഖരത്തിൽ നിന്ന്). തർക്കവിതർക്കങ്ങളോടെ മൂന്നു വ്യാഴവട്ടക്കാലം നീങ്ങിയ ആ പദ്ധതി ചർച്ച വീണ്ടും സജീവമായത് പി. രാജഗോപാലചാരി ദിവാനായതോടെയാണ്.
കൊച്ചി രാജകുടുംബവും പാലിയത്തച്ചന്മാരുമായി ഉണ്ടായിവന്ന അകൽച്ചയിലേക്ക് വെളിച്ചം വീശുന്ന ഒരു കത്താണ് 16.3.1897-ന് രാമവർമ രാജാവ് ദിവാന് എഴുതിയത്.
4.1.1897-ന് അദ്ദേഹം രാജാവിന് എഴുതി: അങ്ങ് നിർദേശിച്ച പോലെ ഞാൻ ഷൊർണൂർ- കൊച്ചിൻ റെയിൽവേ പദ്ധതിയുടെ കത്തിടപാട് ഫയൽ പരിശോധിച്ചു. പട്ടാമ്പിയിൽ നിന്നോ ഷൊർണൂരിൽ നിന്നോ എറണാകുളത്തേക്ക് തീവണ്ടിപ്പാതയുണ്ടാക്കാൻ വേണ്ട സർവേയ്ക്ക് ഇന്ത്യ ഗവൺമെൻറ് അനുവാദം നൽകിയത് അറിയിക്കുന്ന മദ്രാസ് ഗവണ്മെൻറ് ഉത്തരവ് 8.12.1894-ന് ബ്രിട്ടീഷ് റെസിഡൻറ് കൊച്ചി ദർബാറിനു കൈമാറി. സർവേയ്ക്ക് ഓഫിസർമാർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം [...]. നിർദിഷ്ട തീവണ്ടിപ്പാതയുടെ തുടക്കസ്ഥാനമായി ഷൊർണൂർ സ്റ്റേഷനെ [കൊച്ചി ചീഫ് എൻജിനീയർ] മിസ്റ്റർ ഹഡ്സൻ 29.11.1894-നുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് തൃശൂരിൽ നടത്തിയ ഒരു ചർച്ചയുടെ വിവരം നമ്മുടെ ഫയലിലുണ്ട്. മദ്രാസ് റെയിൽവേ ചീഫ് എൻജിനീയർ, കൊച്ചി ദിവാൻ, റെസിഡൻറ്, ഒരു തിരുവിതാംകൂർ ഉദ്യോഗസ്ഥൻ ഇവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആ യോഗത്തിലെ തീരുമാനം, തീവണ്ടിപ്പാത ഷൊർണൂരിൽനിന്ന് തൃശൂരിലേക്കും അവിടന്ന് ആളൂർ, ചാലക്കുടി, പെരുമ്പാവൂർ, Kulamade [കീഴ്മാട്?] തുടങ്ങിയവ വഴി എറണാകുളത്തേയ്ക്കും പണിയാനാണ്.
ഒട്ടേറെ ആളുകൾ ഒപ്പിട്ട ഒരു പരാതി തൃശൂരിലും മറ്റുമുള്ള ചിലർ റെസിഡന്റിനു സമർപ്പിച്ചത് 26.6.1895-ന് ചീഫ് എൻജിനീയർക്കു കൈമാറി. ഈ പരാതിയെപ്പറ്റി ദിവാൻ 27.8.1895-ന് റെസിഡൻറിന് എഴുതിയപ്പോൾ, ചീഫ് എൻജിനീയറുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ടിന്റെ പകർപ്പും കൂടെ വച്ചിരുന്നു. ഉൾനാടുകളുടെ വികസനത്തിനും യാത്രാവള്ളങ്ങളുടെ മത്സരത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുമായി, 1871-ലെ സർവേയിൽ കാണിച്ചിരുന്നതിനെക്കാൾ ഉൾപ്രദേശത്തേയ്ക്കു മാറ്റിയാണ് തീവണ്ടിപ്പാത തീരുമാനിച്ചത് എന്നാണ് ചീഫ് എൻജിനീയറുടെ അഭിപ്രായം; ഈ ഷൊർണൂർ- എറണാകുളം പാതയിൽനിന്ന് 10 മൈൽ കുറച്ചാൽ പാത ആളൂരിൽ നിന്നു തിരിഞ്ഞ്, 1871-ലെ പദ്ധതിയിലുള്ള പോലെ മാളയിലെത്തി അവിടന്ന് എറണാകുളത്തേക്കു പോകണം. തൃശൂർ, എടക്കുന്നി, പുതുക്കാട്, ആളൂർ, മാള വഴിയുള്ള ഷൊർണൂർ- എറണാകുളം പാത 63 മൈലും, ചാലക്കുടി, പെരുമ്പാവൂർ വഴിയുള്ള പാത 72 മൈലുമായിരിക്കുന്നമെന്നും മിസ്റ്റർ ഹഡ്സൻ ചൂണ്ടിക്കാട്ടി. മിസ്റ്റർ ഹഡ്സന്റെ അഭിപ്രായത്തെ അനുകൂലിച്ച് ദിവാൻ അവതരിപ്പിച്ച സ്വന്തം നിലപാട്: 1871-ലെ പദ്ധതി പ്രകാരം ഉദ്ദേശിച്ച തൃശൂർ- ആളൂർ പാത പരിഗണിക്കണം; ആളൂരിൽ നിന്നു മാള വഴി എറണാകുളത്തേക്ക് പാതയുണ്ടാക്കാം.' (Diwans File 1897, Book Ipp.I,30, 31,32, Re. Ar. Ekm.).
മേൽ നിലപാട് പുറത്തുവന്നു രണ്ട് മാസമെത്തിയപ്പോഴാണ്, 23.10.1895-ന്, രാമവർമ രാജാവായത്. സാമ്പത്തികപ്രശ്നം മൂലം പദ്ധതി മുന്നോട്ടില്ലെന്നായപ്പോൾ അദ്ദേഹം 11.3.1897-ന് തയ്യാറാക്കിയ ഒരു കുറിപ്പിൽ പറയുന്നത്, എങ്കിൽ തീവണ്ടിപ്പാത തത്കാലം ഷൊർണൂരിൽ നിന്ന് തൃശൂർ വരെ പണിയാമെന്നാണ്. ‘അവിടന്ന് കൊച്ചി, ആലപ്പുഴ, കൊല്ലം മുതലായ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലേക്ക് സൗകര്യമുളള ജലപാതയുളളതിനാൽ വൻ വ്യാപാരപുരോഗതിയ്ക്കും പലവിധ രാജ്യപുരോഗതിയ്ക്കും സാധ്യതയുണ്ട്. തീവണ്ടിപ്പാത വീണ്ടും (തെക്കോട്ടു) നീട്ടാൻ വേണ്ട ഒരു ഫണ്ട് സ്വരൂപിക്കാൻ ആണ്ടുതോറും ഒരു തുക നീക്കിവയ്ക്കാൻ സർക്കാരിന് കഴിഞ്ഞാൽ, അടുത്ത പത്തോ ഇരുപത്തഞ്ചോ കൊല്ലത്തിനകം പാത കരൂപ്പടന്നയ്ക്ക്, ഒരു പക്ഷെ അവസാനമായി എറണാകുളത്തേയ്ക്കോ ഞാറക്കലേക്കോ, നീട്ടാൻ സാധിക്കും' (മുൻ ഫയൽ, പേ.106-107).
തീവണ്ടിപ്പാത പൂർത്തിയാക്കാൻ കാശ് തികയാതെ വന്നപ്പോൾ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ തങ്കനെറ്റിപ്പട്ടങ്ങൾ വിറ്റിട്ടാണ് കാശുണ്ടാക്കിയത് എന്ന കഥപറച്ചിലിന്റെ പൊളളത്തരം നമുക്ക് വഴിയേ പരിശോധിക്കാം.
‘മുൻ തമ്പുരാൻ [അന്തരിച്ച മുൻ രാജാവ് കേരളവർമ] അനുഭവിച്ച അശാന്തിയ്ക്കും പൊറുതികേടിനും അപമാനത്തിനും ദൃക്സാക്ഷിയാണ് ഞാൻ. ജീവിതകാലത്തുതന്നെ അദ്ദേഹം മരിച്ച ഉടനെ എന്റെ അടുത്തേയ്ക്കുവന്ന പാലിയത്തച്ചനെ കാണാൻ എനിക്കാവില്ല. അതുകൊണ്ട്, എനിക്കിപ്പോൾ അയാളെ കാണാൻ കഴിയില്ലെന്ന് താങ്കൾ സൗമ്യമായി അയാളോടു പറയുക'
കൊച്ചി രാജകുടുംബവും പാലിയത്തച്ചന്മാരുമായി ഉണ്ടായിവന്ന അകൽച്ചയിലേക്ക് വെളിച്ചം വീശുന്ന ഒരു കത്താണ് 16.3.1897-ന് രാമവർമ രാജാവ് ദിവാന് എഴുതിയത്. ‘തനിക്കും തന്റെ വിശ്വസ്ത മന്ത്രിമാർക്കുമെതിരെ പാലിയത്തച്ചൻ റെസിഡന്റിനു നൽകിയ പരാതിയിലെ മര്യാദകെട്ട, അധിക്ഷേപാർഹമായ, നാണംകെട്ട പ്രയോഗങ്ങൾ മൂലം മുൻ തമ്പുരാൻ [അന്തരിച്ച മുൻ രാജാവ് കേരളവർമ] അനുഭവിച്ച അശാന്തിയ്ക്കും പൊറുതികേടിനും അപമാനത്തിനും ദൃക്സാക്ഷിയാണ് ഞാൻ. ജീവിതകാലത്തുതന്നെ അദ്ദേഹം മരിച്ച ഉടനെ എന്റെ അടുത്തേയ്ക്കുവന്ന പാലിയത്തച്ചനെ കാണാൻ എനിക്കാവില്ല. അതുകൊണ്ട്, എനിക്കിപ്പോൾ അയാളെ കാണാൻ കഴിയില്ലെന്ന് താങ്കൾ സൗമ്യമായി അയാളോടു പറയുക' (മുൻ ഫയൽ, പേ.133).
9.6.1897- ന് തൃപ്പൂണിത്തുറ വച്ച് രാജാവ് ദിവാന് എഴുതി:- ‘ഗ്രാൻറ് കൂട്ടണമെന്ന എറണാകുളം സെൻറ് തെരേസാസ് കോൺവെൻറ് ഗേൾസ് സ്‌കൂൾ മാനേജരുടെ അപേക്ഷയെക്കുറിച്ചുള്ള താങ്കളുടെ ഓഫിസ് നോട്ടും കത്തും, ഈ സ്ഥാപനത്തെയും, താരതമ്യേന നീണ്ട കാലമായി അത് ചെയ്തുവരുന്ന മികച്ച സേവനത്തെയും കുറിച്ച് എനിക്കറിയാം. താങ്കളുടെ ഓഫിസ് നോട്ടിലെ 5-ാം ഖണ്ഡികയിലെ അഭിപ്രായത്തോട് ഞാൻ പൂർണമായി യോജിക്കുന്നു. മാനേജർ ചോദിച്ചിരിക്കുന്ന 60 രൂപയുടെ ഗ്രാൻറ് വർധന ഒട്ടും അന്യായമല്ല എന്റെ അഭിപ്രായത്തിലും' (Diwans File 1897, Book II p.17).
ദിവാൻ പി. രാജഗോപാലചാരിയുടെ (അകാല മരണത്തിനിരയായ) ഭാര്യ ഔദ്യോഗിക രേഖകളിലേക്കും കടന്നുവരുന്നു. രാജാവ് 12.6.1897-ന് എഴുതിയ കത്തിലൂടെ: ‘താങ്കളുടെ ഭാര്യയ്ക്ക് പനിയാണെന്നു ഞാനറിഞ്ഞു. അതേപ്പറ്റി താങ്കൾ എന്നോട് ഒന്നും പറയാത്തതിനാൽ, കിംവദന്തി അടിസ്ഥാനമില്ലാത്തതാണെന്ന്, അഥവാ അതിൽ ഗൗരവമായി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു.' (മുൻ ഫയൽ, പേ. 29).
കേരളത്തിന്റെ ഇരുണ്ട ഭൂതകാലത്തിൽ നിന്ന് ഒരു രേഖ; 24.6.1897-ന് തൃപ്പൂണിത്തുറ വച്ച് രാജാവ് ദിവാന് എഴുതിയ രഹസ്യക്കത്ത്: ‘ഒരു നമ്പൂതിരി സ്ത്രീയുടെ വ്യഭിചാരക്കേസ് ഇന്ന് എന്റെയടുത്ത് ചില നമ്പൂതിരിമാർ കൊണ്ടുവന്നു. ഇത്തരം ഒരു കേസ് മുന്നിലെത്തിയാൽ രാജാവിന് ഒട്ടേറെ കാര്യങ്ങളുണ്ടു ചെയ്യാൻ എന്നാണ് ആചാരം. ഇതാണ് എനിക്ക് താങ്കളോട് നാളെ സംസാരിക്കാനുള്ള പ്രധാന പോയൻറ്. പഴയ രേഖകൾ പരിശോധിച്ച് ഞാൻ കഴിയുന്നത്ര കുറിപ്പുകളെടുക്കാം. എന്തൊക്കെയാണ് ചെയ്യാനുള്ളതെന്നും, അതിൽ എന്റെ ഉത്തരവാദിത്വം എത്രയെന്നും അങ്ങനെ താങ്കൾക്കറിയാൻ കഴിയുമല്ലോ' (മുൻ ഫയൽ, പേ. 70).
പിറ്റേന്നത്തെ തീയതിവച്ച് രാജാവ് തയ്യാറാക്കിയ ‘സ്മാർത്തവിചാരത്തെക്കുറിച്ചുളള കുറിപ്പുകൾ': ‘ഒരു നമ്പൂതിരി സ്ത്രീയെ പറ്റി വ്യഭിചാരക്കേസുണ്ടായാൽ, അവളുടെ അയൽക്കാരനും ബന്ധുക്കളും ചേർന്ന് സംഗതിയെപ്പറ്റി ഒരുതരം പ്രാഥമികാന്വേഷണം നടത്തും. അവരുടെ അഭിപ്രായത്തിൽ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാൽ അവർ വിവരം രാജാവിനെ അറിയിക്കും. അതിന്മേൽ അദ്ദേഹം സ്മാർത്തന് ഒരു തീട്ടൂരം നൽകും. രാജാവ് തിരഞ്ഞെടുക്കുന്ന നാലുപേരും സ്മാർത്തൻ തിരഞ്ഞെടുക്കുന്ന രണ്ടുപേരും ഉൾപ്പെട്ട ഒരു സമിതിയുടെ പാരമ്പര്യാവകാശമുള്ള അധ്യക്ഷനാണ് സ്മാർത്തൻ. അദ്ദേഹം പ്രസ്തുത സ്ത്രീയുടെ അയൽക്കാരും ബന്ധുക്കളുമൊത്ത് രാജാവിനു മുന്നിൽ ഹാജരാകും. മതപരമായ ചില പ്രാഥമിക ചടങ്ങുകൾക്കുശേഷം, ആരോപണത്തെപ്പറ്റി സമിതിയംഗങ്ങളോടാലോചിച്ച് ആചാരപ്രകാരമുള്ള അന്വേഷണം തുടങ്ങാൻ ഔപചാരിക അനുവാദം സ്മാർത്തൻ രാജാവിൽനിന്നു സ്വീകരിക്കും.
‘‘‘സത്യപ്രഖ്യാപനം' പലവിധത്തിലും പൂർവാചാര്യന്മാർ വിധിച്ചിട്ടുണ്ട്. ആ കൂട്ടത്തിലൊന്നാണ്, ‘നെയ്യു തിളപ്പിച്ചു കയ്യുമുക്കുക’ എന്നു മുമ്പെ പറഞ്ഞ കൃത്യം. ശുചീന്ദ്രമെന്ന മഹാക്ഷേത്രത്തിൽ ചന്ദ്രശേഖര സ്വാമി സന്നിധിയിൽവെച്ച് ഈ മഹാകർമം പണ്ട് ചെയ്തുവന്നിരുന്നു.’’
സ്ത്രീ അപരാധിനിയല്ലെന്നു കണ്ടെത്തിയാൽ, അതേസമിതി അവളെ രാജാവിന്റെ സാന്നിധ്യത്തിൽ വച്ചു വിട്ടയയ്ക്കും. മറിച്ച്, കുറ്റക്കാരിയെന്നു തെളിഞ്ഞാൽ അവളെ ജാതിഭ്രഷ്ടയായി പ്രഖ്യാപിക്കും; ജീവിതകാലം മുഴുവൻ, അല്ലെങ്കിൽ മറ്റൊരു ഭർത്താവിനെ കണ്ടെത്തുംവരെ അവൾക്ക് താമസത്തിനും ഭക്ഷണത്തിനും ഏർപ്പാടുചെയ്യും രാജാവ്. വ്യഭിചാരത്തിൽ അവളുടെ പങ്കാളിയായ പുരുഷനും, അല്ലെങ്കിൽ പുരുഷന്മാരും ജാതിഭ്രഷ്ടരാക്കപ്പെടും. ഒരു സ്ത്രീയെ, കുറ്റം ചെയ്തെന്ന് അവൾ സ്വയം സമ്മതിയ്ക്കാതെ ശിക്ഷിക്കില്ല. കുറ്റവാളിയെന്നു സംശയിക്കുന്ന പുരുഷനെ, അല്ലങ്കിൽ പുരുഷന്മാരെ, പ്രസ്തുത സ്ത്രീയുടെ വെറും വാക്കുകൾ കേട്ടാണ് ശിക്ഷിയ്ക്കുന്നത്; അന്വേഷണ നടപടികളിൽ അവർക്ക് പങ്കില്ല. ഇതാണ് പുരോഗമന ആശയക്കാർക്ക് വിചിത്രമായി തോന്നുക. ഈ പുരുഷന്മാരെ ശിക്ഷിക്കാൻ പ്രസ്തുത സ്ത്രീയുടെ ഏറ്റുപറച്ചിലല്ലാതെ മറ്റു വല്ല തെളിവും വേണമെന്ന് ചിന്തിക്കുന്നേയില്ല. തങ്ങൾക്കുമേൽ പ്രഖ്യാപിച്ച വിധിയിൽ പുരുഷന്മാർ തൃപ്തരല്ലെങ്കിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അവർക്ക് പഴയകാലത്ത് ഒരു വഴിയുണ്ടായിരുന്നു. പക്ഷേ ആ തെളിയിക്കൽ രീതി വളരെ ക്രൂരമായതിനാൽ പിന്നീട് ബ്രിട്ടീഷ് ഗവണ്മെൻറ് ന്യായമായിത്തന്നെ അത് നിരോധിച്ചു. (മുൻ ഫയൽ, പേ. 80, 82).
മേൽ സൂചിപ്പിച്ച ക്രൂരമായ നടപടി ‘ശുചീന്ദ്രത്തെ കൈമുക്കൽ' ആവാം. 1905-ൽ ‘രസികരഞ്ജിനി' മാസിക അതേപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്: വ്യഭിചരിച്ചുവെന്നു പറയുന്ന സ്ത്രീ വിചാരം കഴിക്കുന്ന സ്മാർത്തമീമാംസകാദി ബ്രാഹ്മണരുടെ യോഗത്തിൽവെച്ചു മഹാജനങ്ങളെ തെളിവോടുകൂടി ബോദ്ധ്യപ്പെടുത്തീട്ടുള്ളതും വിവിക്ത സ്ഥലത്തു സ്ത്രീപുരുഷന്മാർ തനിച്ചു നടത്തിയതായിരിക്കാൻ മാത്രമിടയുള്ളതുമായ ആ നിഗൂഢകൃത്യം ഒരുവൻ ചെയ്തിട്ടില്ലെന്നു പറയുന്നതുകൊണ്ടുമാത്രം ആ പുരുഷൻ നിർദോഷിയാണെന്നു ജനബോധ്യം വരുവാനും തരമില്ല. ഇങ്ങനെയുള്ള ഘട്ടത്തിൽപ്പെട്ട പുരുഷനു ‘സത്യപ്രഖ്യാപനം' ചെയ്കയല്ലാതെ മറ്റെന്തൊരു നിവൃത്തിയാണുള്ളത്? ‘സത്യപ്രഖ്യാപനം' പലവിധത്തിലും പൂർവാചാര്യന്മാർ വിധിച്ചിട്ടുണ്ട്. ആ കൂട്ടത്തിലൊന്നാണ്, ‘നെയ്യു തിളപ്പിച്ചു കയ്യുമുക്കുക’ എന്നു മുമ്പെ പറഞ്ഞ കൃത്യം. ശുചീന്ദ്രമെന്ന മഹാക്ഷേത്രത്തിൽ ചന്ദ്രശേഖര സ്വാമി സന്നിധിയിൽവെച്ച് ഈ മഹാകർമം പണ്ട് ചെയ്തുവന്നിരുന്നു. [.....]
‘കൊല്ലവർഷം 1018-1019, (എ.ഡി. 1840-1841 ) വരെ ഈ അത്ഭുതകർമം നിലനിന്നുപോന്നിട്ടുണ്ട്.’ [.....]. ദോഷവിചാരത്തിൽ സാധനം [വ്യഭിചാരിണി] ദോഷപ്പെടുത്തി എന്നുപറയുന്ന പുരുഷൻ താൻ നിർദോഷിയാണെന്നു വാദിക്കുന്നതായാൽ ആ പുരുഷന് പമ്പുകൊടുക്കുക എന്നൊരു സമ്പ്രദായമുണ്ട്. പമ്പ് എന്നുവെച്ചാൽ സത്യപ്രഖ്യാപനത്തിനുള്ള അനുവാദക്കുറിപ്പാകുന്നു. ഇതു ദോഷവിചാരത്തിൽ പ്രഥമപുരുഷനായി തെളിഞ്ഞിട്ടുള്ള ആൾക്കുമാത്രം കൊടുക്കുക പതിവില്ലത്രെ. പമ്പുകൊടുക്കുന്നത്, ദോഷവിചാരം ചെയ്തവരുടെ സമ്മതത്തോടുകൂടി, രാജ്യത്തെ രാജാവാകുന്നു. പമ്പു വാങ്ങുന്ന പുരുഷൻ ദ്വിജനാണെങ്കിൽ മാത്രമേ ശുചീന്ദ്രത്ത് കൈമുക്കുവാൻ സമ്മതിക്കുകയുള്ളൂ. താണജാതിക്കാരനാണെങ്കിൽ, കാർത്തികപ്പിള്ളിക്കടുത്ത ഏതോ ഒരു ക്ഷേത്രത്തിൽവെച്ചാണ് കൈമുക്കുക പണ്ടു നടത്തിപോന്നിരുന്നത്. ഇങ്ങനെ പമ്പുവാങ്ങിച്ച ബ്രാഹ്മണൻ, ശുചീന്ദ്ര ക്ഷേത്രത്തിന്റെ ഉടമസ്ഥനും രാജ്യാധിപതിയുമായ തിരുവിതാംകൂർ മഹാരാജാവിന്റെ തിരുമുമ്പാകെ ഈ പമ്പോടുകൂടി വിവരം ബോധിപ്പിക്കണം. അപ്പോൾ ജ്ഞാതികളും ഇണങ്ങരും കൂടെ ഉണ്ടായിരിക്കേണ്ടതു മുറയാകുന്നു. തിരുവിതാംംകൂർ തമ്പുരാന് തിരുമനസ്സുകൊണ്ടു കല്പിച്ചു തീ [നീ] ട്ടയച്ചാൽ അതുപ്രകാരം ശുചീന്ദ്രത്തു മഹാക്ഷേത്രത്തിൽ കൈമുക്കലിനുള്ള ഒരുക്കം കൂട്ടുകയായി. ‘സത്യപ്രഖ്യാപനം' ചെയ്യുവാനുള്ള നമ്പൂതിരിയും സഹായികളും ശുചീന്ദ്രത്തു ചെന്നു ചന്ദ്രശേഖരസ്വാമിയെ ഭജിക്കുന്നുണ്ടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
‘കൈമുക്കുവാൻ നിശ്ചയിച്ച ദിവസത്തിന്റെ തലേനാൾ തന്നെ പല ക്രിയകളും നടത്തുവാനുണ്ട്. [...] നവഗ്രഹപൂജ കഴിഞ്ഞാൽ പിന്നെ സ്വാമി സന്നിധാനത്തിൽ ചെന്ന് സത്യം ചെയ്യുകയായി. [...]. പിറ്റേന്നാൾ ഉദയത്തോടുകൂടി കൈമുക്കൽ കാണുവാനുള്ള ജനങ്ങൾ വന്നുകൂടി തുടങ്ങും [...]. തലേനാൾ രാത്രി മൂത്തതും മറ്റും പറഞ്ഞുകൊടുത്ത ഉപദേശങ്ങൾ കേട്ടും തനിയെ പലതുമാലോചിച്ചും ഹൃദയത്തിൽ ആകപ്പാടെ ഒരു കിടുകിടുപ്പോടുകൂടി നില്ക്കുമ്പോൾ കൈമുക്കുന്ന നമ്പൂതിരിയോട് കുളിക്കാൻ പോകാം എന്നു മൂത്തതു പറയും. ‘പ്രജ്ഞാതീർഥം' എന്ന പ്രസിദ്ധമായ കുളത്തിന്റെ വിജനമായ ഒരു മൂലയ്ക്കലുള്ള കടവിലാണ് അദ്ദേഹം കുളിയ്ക്കേണ്ടത്. കുളിച്ചുവന്നാൽ പിന്നെ കൈമുക്കാതിരിപ്പാൻ നിവൃത്തിയില്ല. അതുകൊണ്ട്, കുളിപ്പാൻ പോകുന്നതോടുകൂടി ഭയമുള്ള പക്ഷം വേണമെങ്കിൽ ഒളിച്ചു ചാടിപ്പോകുന്നതിനാണത്രെ വിജനസ്ഥലത്ത് കുളി എന്നു വെച്ചിട്ടുള്ളത്. കുളിച്ചു മാറ്റുടുത്തു വരുമ്പോഴേക്കും ധ്വജത്തിന്റെയും വൃഷഭത്തിന്റെയും ഇടയിലായിട്ട് ഗണപതിയുടെ മുമ്പിൽ അപ്പക്കാരയുടെ ആകൃതിയിലുള്ള ഒരു ഇരിമ്പുപാത്രത്തിൽ നെയ്യു തിളപ്പിക്കുന്നുണ്ടായിരിക്കും. [...] കൈമുക്കുവാൻ കുളികഴിഞ്ഞാൽ പിന്നെ മൗനവ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കണം. കുളിച്ചെത്തിയാൽ തലേനാളത്തെ സത്യവാചകം എഴുതിയ ഓല അദ്ദേഹത്തിന്റെ അരയിൽ മൂത്തതു തിരികിക്കൊടുക്കും. ആ മൂത്തതുതന്നെ പൊതിഞ്ഞുകൊണ്ടുവന്നിട്ടുള്ള ഒരു സുവർണ വൃഷഭ വിഗ്രഹം തിളച്ചുമറിയുന്ന നെയ്യിലിടും. വെണ്മാടമായ മേപ്പുരയിലുള്ള സുഷിരത്തിൽകൂടി സൂര്യരശ്മി നെയ്യിൽകിടന്നു തിളച്ചുമറിയുന്ന ആ വൃഷഭത്തിന്മേൽ തട്ടുന്ന സമയത്താണ് കൈമുക്കുക എന്ന കർമം
ചെയ്യേണ്ടത്. [...] സത്യരൂപനായ ഭഗവാന്റെ സന്നിധാനത്തിൽ അസംഖ്യം ജനം നോക്കിനിൽക്കേ സത്യപ്രഖ്യാപനം ചെയ്യുന്ന ബ്രാഹ്മണൻ തിളച്ചുമറിയുന്ന നെയ്യിൽ കയ്യുമുക്കി ആ വൃഷഭത്തെ എടുത്ത് മുമ്പിൽ വെച്ചിട്ടുള്ള തൂശനിലയിലേക്കിടണം [...]. ആ കയ്യുമുയർത്തിപിടിച്ചുകൊണ്ട് ക്ഷേത്രത്തിന്നൊരു പ്രദക്ഷിണവും വെയ്ക്കണം. [...] സ്വാമിയുടെ നടയിലെത്തിയാൽ മൂത്തതു കയ്യുമുടികെട്ടും. പിന്നെ മൂന്നു ദിവസം അദ്ദേഹത്തിന്റെ വാസം മൂത്തതിന്റെ ഇല്ലത്താണ്. ഭക്ഷണം കൊടുപ്പാനും കൂടി മൂത്തതുതന്നെയാണ്. [...] കൈ പൊള്ളിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അന്നു കൈ നീറിക്കൊണ്ടിരിക്കും. നേരത്തോടുനേരം കഴിഞ്ഞാൽ നീറ്റൽ നില്ക്കും. പിന്നെ കൈ പൊള്ളീട്ടുണ്ടോ എന്നു മൂത്തത് സ്വകാര്യമായി പരീക്ഷിച്ചുനോക്കും.
പൊള്ളീട്ടുള്ള പക്ഷം അദ്ദേഹത്തിന്റെ രക്ഷാധികാരിയായ മൂത്തത് അദ്ദേഹത്തിന് ഒളിച്ചുചാടി പൊയ്ക്കൊള്ളുന്നതിന് അനുവാദം കൊടുക്കാറുണ്ട്. ആളെ കാണാതായാൽ മൂത്തതു പതിനാലു പണം പിഴ ചെയ്താൽ മതി. ചാടിപ്പോയില്ലെങ്കിൽ ക്ഷേത്രത്തിൽ നാലായിരം പണം ചിലവുണ്ട്. മഹാഘോഷമായിട്ടുള്ള ശുദ്ധി മുതലായതു കഴിക്കണം. ദോഷപ്പെട്ടിട്ടുണ്ടെന്നു തീർച്ച വന്നിട്ടുളള ആളെ മുപ്പത്തിരണ്ടു ദാസിമാരുടെ സമാർജനീ സംഭാവനയോടുകൂടി പുഴയ്ക്കക്കര കടത്തുകയും വേണം.
‘കൈ പൊള്ളിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ ചാരിതാർഥ്യവും അത്ഭുതവും ജനങ്ങളുടെ സന്തോഷവും, മഹോത്സവവും, പറയാനില്ല. [....] പിന്നെ അദ്ദേഹത്തിനെ വളരെ ബഹുമാനിച്ചു വാഹനത്തിൽകയറ്റി ഒരു പട്ടണപ്രവേശം കഴിപ്പിക്കും. തിരികെ തിരുവനന്തപുരത്ത് എത്തിയാൽ മഹാരാജാവ് ബഹുമാനിച്ചു രണ്ടുകൈക്കും വീരശ്യംഖലയും മറ്റും കൊടുക്കും. അദ്ദേഹം സകല ബ്രാഹ്മണയോഗങ്ങളിലും മാന്ന്യസ്ഥാനത്തിനർഹനായും ഭവിക്കും.' (1080 തുലാം, പുസ്തകം 3, ലക്കം 3, പേ. 118-123).
‘ദോഷശങ്കയിൽപ്പെട്ടവർക്കു മാത്രമല്ല കൈമുക്കാവുന്നതെന്നും, അവർക്കുവേണ്ടി അവരുടെ അടുത്തയാളുകളിൽ ആരെങ്കിലും കൈമുക്കിയാൽ മതിയാകുന്നതാണെന്നും' പറയുന്ന ഒരു ലേഖനം മലയാള മനോരമ-യിൽ നിന്ന് നമ്പൂതിരിമാരുടെ മംഗളോദയം മാസികയിൽ (1085 ഇടവം, പുസ്തകം 2, ലക്കം 7, പേ. 276-278) എടുത്തു ചേർത്തിട്ടുണ്ട്. പ്രതിക്കു ‘പമ്പ്' കൊടുക്കുന്നത് സ്മാർത്തനാണെന്നാണ് അതിലുള്ളത്. നിരോധിയ്ക്കപ്പെട്ടെങ്കിലും ‘സ്മാർത്തവിചാരത്തിൽപ്പെടുന്നവർക്ക് പമ്പിനുള്ള ഭ്രമം ഇപ്പോഴും ചില്ലറയല്ല' എന്നും, ‘പലർ പമ്പു വാങ്ങുകയും സ്മാർത്തന്മാർ കൊടുക്കുകയും ഇക്കാലത്തും ധാരാളമായി നടന്നുവരുന്നുണ്ട്' എന്നും ലേഖനം അറിയിക്കുന്നു. കുറിയേടത്തു താത്രിക്കുട്ടിയുടെ കുപ്രസിദ്ധമായ സ്മാർത്തവിചാരം നടക്കുമ്പോൾ (1905-ൽ) വിചാരണയിൽ രാജാവ് വരുത്തിയ പരിഷ്‌കാരവും മറ്റും നമുക്ക് വഴിയേ കാണാം.
കുട്ടികൾ കുറയുമ്പോൾ സ്‌കൂളുകൾ നിർത്തുന്നത് പതിവാണിപ്പോൾ. എന്നാൽ, വെറും 10 കുട്ടികൾക്കുവേണ്ടി രാജകീയ പ്രൗഢിയോടെതന്നെ നടത്തിയിരുന്ന സ്‌കൂളുമുണ്ട് കൊച്ചിയിൽ.
ഇപ്പോൾ രാജാവിന്റെ ഡയറിയിലേക്കു മടങ്ങാം:
1.7.1897 (19.11.1071) വ്യാഴം: ഞാറയ്ക്കൽ നികത്തുഭൂമിയെപ്പറ്റിയുള്ള ഫയലും ദിവാന്റെ മെമോയും വൈകിട്ട് 5-ന് കിട്ടി.
17.7.1897 (3.12.1072) ശനി: എന്റെ അമ്മയുടെ കർമവിപാകദാനത്തിന്റെ ചടങ്ങുകളിൽ ഏർപ്പെട്ടു.
19.7.1897: മതപരിവർത്തനം ചെയ്യുന്നവരുടെ കാലക്ഷേപമാർഗത്തെക്കുറിച്ചുള്ള ആക്റ്റ് സംബന്ധിച്ച് ദിവാനു നൽകേണ്ട ഒരു ഡി.ഒ.യുടെ (അർധ ഔദ്യോഗിക കത്തിന്റെ) കരട് തയ്യാറാക്കി.
25.7.1897 (11.12.1072) ഞായർ: ഒരു മണിക്കൂറോളം പി. ഗോപാലന്റെ അസംബന്ധങ്ങളും പുലമ്പലും കേട്ടു വിനോദിച്ചു.
13.8.1897 (30.12.1072) വെള്ളി: സ്വന്തം ഊരും പേരും കാണിയ്ക്കാതെ ഒരാൾ അയച്ച രസകരമായ കത്ത് കിട്ടി. ദിവാനെ കാണിക്കണമെന്നു തോന്നിയതിനാൽ അത് ഞാൻ നശിപ്പിച്ചില്ല.
കുട്ടികൾ കുറയുമ്പോൾ സ്‌കൂളുകൾ നിർത്തുന്നത് പതിവാണിപ്പോൾ. എന്നാൽ, വെറും 10 കുട്ടികൾക്കുവേണ്ടി രാജകീയ പ്രൗഢിയോടെതന്നെ നടത്തിയിരുന്ന സ്‌കൂളുമുണ്ട് കൊച്ചിയിൽ. രാജകുമാരന്മാർക്കുവേണ്ടിയുള്ള തൃപ്പൂണിത്തുറ ‘പാലസ് സ്‌കൂളി'ൽ അത്രയും കുട്ടികളേയുള്ളൂ 1071 -ൽ (Diwan's File 1897, Book I p.98, Regional Archives, Ernakulam). ഈ 10 പേരെ അരമണിക്കൂറിന്റെ യാത്രകൊണ്ട് ‘എറണാകുളം കോളേജി'ൽ (ഇന്നത്തെ മഹാരാജാസ് കോളേജിൽ) എത്തിച്ചു പഠിപ്പിച്ചാൽ പോരായിരുന്നോ എന്നുതോന്നാം നമുക്ക്. അവിടെയന്ന് ലോവർ പ്രൈമറി സ്‌കൂളും മിഡിൽ സ്‌കൂളും ഹൈസ്‌കൂളും കോളേജ് വിഭാഗവും (സീനിയർ എഫ്.എ.യും ജൂനിയർ എഫ്.എ.യും) ഉണ്ടല്ലോ (മുൻ ഫയൽ, പോ. 91), ഗമ കുറയരുതെന്നും സുരക്ഷയ്ക്കു ഭീഷണിയാകരുതെന്നും കരുതിയിരിക്കാം.
അക്കൊല്ലംതന്നെ എറണാകുളം കോളേജിലേക്കു നോക്കിയാൽ ഒരദ്ഭുതകാഴ്ചയും കാണാം. ഉപനയനവും ഓത്തും മറ്റുമായി കഴിഞ്ഞിരുന്ന നമ്പൂതിരിമാർ ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞാണു നിന്നതെന്നും, അതുകൊണ്ടാണ് അവർക്ക് കാലത്തിനൊപ്പം മുന്നേറാൻ കഴിയാഞ്ഞത് (?) എന്നും ഒരു പറച്ചിലുണ്ടല്ലോ. പക്ഷേ എറണാകുളം കോളേജിലെ 779 കുട്ടികളിൽ 20.92 ശതമാനം അഥവാ 163 പേർ ബ്രാഹ്മണരാണ് 1071-ൽ! നായന്മാരും മറ്റു ഹിന്ദുക്കളുമായി 434 പേരുമുണ്ട്. ക്രിസ്ത്യാനികൾ 170, മഹമ്മദന്മാർ 10, ജൂതന്മാർ 2 (മുൻ ഫയൽ, പേ. 90).
ബ്രിട്ടീഷ് റെസിഡൻറ് തിരുവനന്തപുരം ഓഫിസിൽ നിന്ന് 21.2.1896-ന് കൊച്ചി ദിവാന് എഴുതിയ കത്തിലെ (Resident's Letters 1896, p.51, Re. Ar .Ekm) സൂചനയ്ക്ക് കേരള ചരിത്രരചനയിൽ അതിപ്രാധാന്യമുണ്ടാവേണ്ടതാണ്. പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് ദലിതർ റെസിഡന്റിനു സമർപ്പിച്ച പരാതികളെ മുൻനിർത്തി അദ്ദേഹം കൊച്ചി സർക്കാരിനോടു വിശദീകരണം ചോദിക്കയാണെന്നു കരുതാവുന്നതാണ് ആ സൂചന. "താഴെ കുറിക്കുന്ന നമ്പറുകളിലുള്ള എന്റെ മുൻ കത്തുകൾക്കു വേഗം മറുപടി തരുക' എന്ന് എഴുതി റെസിഡൻറ് (അദ്ദേഹത്തിനുവേണ്ടി അസിസ്റ്റന്റ് റെസിഡൻറ്) കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
‘Ref. on le. No. 3737 dt. 17/12/95.
Ref. on le. No. 3739 dt. 17/12/95'.
ഇവയിൽ ആദ്യ വരിയുടെ നേരെ വലത്തായി ‘Pulayas replied' എന്നും രണ്ടാം വരിയുടെ വലത്തായി ‘Para replied' എന്നും നീല പെൻസിൽ കൊണ്ട് ദിവാൻ (?) കുറിച്ചിട്ടുണ്ട്. ദലിതർക്കെതിരായ അയിത്തനീതിക്ക് അറുതിവരുത്താൻ യാഥാസ്ഥിതികർ അനുവദിക്കുന്നില്ല എന്നോ മറ്റോ ആവാം ‘രാജർഷി'ക്കുവേണ്ടി ദിവാൻ മറുപടി നൽകിയത് എന്നു നമുക്ക് ഊഹിക്കാം. കാരണം, 16 കൊല്ലത്തിനുശേഷം 21.4.1913-ന് എറണാകുളം സെൻറ് ആൽബെർട്സ് ഹൈസ്‌കൂൾ വളപ്പിൽ സമ്മേളിച്ച് ‘കൊച്ചി പുലയസഭ' രൂപവത്കരിച്ച ആ വിപ്ലവകാരികൾ (T.K. Krishna Menon, THE DAYS THAT WERE, Ernakulam, 1949, p.354; കൊച്ചി ഗവ: ഗസറ്റ്, 30.8.1919, Part III, Vol: LIV, No.2) സംഘടിപ്പിച്ച ചെറുത്തുനിൽപ്പിന്റെ സമ്മർദത്താൽ പിന്നെയും കൊല്ലങ്ങൾ കഴിഞ്ഞിട്ടാണ് കൊച്ചി രാജ്യത്ത് ഒരു അധികാരകേന്ദ്രം ആദ്യമായി ദലിതരെ മനുഷ്യരായി കാണുന്നത്. തങ്ങളുടെ ക്ഷേത്രത്തിനുമുന്നിലുള്ള പൊതുവഴിയിൽ പുലയസഞ്ചാരം നിരോധിക്കുന്ന ബോർഡുകൾ വയ്ക്കാൻ അനുവദിയ്ക്കണമെന്ന് അപേക്ഷിച്ച (petition No. 427/93, dt. 20.11.1093) എറണാകുളം തിരുമല ദേവസ്വം അധികാരികൾക്ക് 8.12.1093 (23.7.1918) ന് ചേർന്ന എറണാകുളം ടൗൺ കൗൺസിൽ യോഗം നൽകിയ മറുപടി, ഇക്കാര്യത്തിൽ ഇടപെടാൻ കൗൺസിൽ ഒരു കാരണവും കാണുന്നില്ല എന്നാണ് (കൊച്ചി ഗവ: ഗസറ്റ്, 3.8.1918, Part III, p. 654, Vol: LII, No. 46).
പി. രാജഗോപാലചാരി ദിവാനായതോടെ കൊച്ചിയിലെ ഉദ്യോഗസ്ഥ സംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ വരുത്തി. എല്ലാറ്റിനും ഒരു ചിട്ട വന്നു. സൂത്രക്കാരായ ഉദ്യോഗസ്ഥർക്ക് നിൽക്കക്കള്ളിയില്ലാതായി. തൃപ്പൂണിത്തുറയിൽ നിന്നു രാജാവ് 18.6.1897-ന് ദിവാന് എഴുതി: ‘1897 ജൂൺ 15-ന്റെ കത്തിന്റെ കൂടെ അയച്ച താങ്കളുടെ പ്രൊസീഡിങ്സ് [ഭരണാവലോകന റിപ്പോർട്ട്] ഞാൻ താത്പര്യത്തോടെ വായിച്ചു. താങ്കൾ പരാമർശിച്ച വിവിധ പോയ്ന്റുകൾ പ്രധാനപ്പെട്ടവയാണ്. അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഒരു മൂലയ്ക്കാക്കിയിട്ടുണ്ട്. അവർ സ്വയം നന്നാവുകയോ, നമ്മളോടു ഗുഡ്ബൈ പറയുകയോ ചെയ്യുന്നത് അധികം വൈകാതെ കാണാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇതേ തരത്തിൽ മറ്റു താലൂക്കുകളിലെ സ്ഥിതിയും താങ്കൾ കഴിയും വേഗം തുറന്നുകാണിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു' (Diwan's File 1897, Book II p.58, Re. Ar .Ekm.).
ബ്രിട്ടീഷ് ചക്രവർത്തിനിയുടെ 60-ാം ഭരണവാർഷികത്തെകുറിച്ച് കൊച്ചി ഗവ: ഗസറ്റിന്റെ 24.6.1897 (12.11.1072) ന്റെ അസാധാരണ ലക്കത്തിൽ അറിയിക്കുന്നു: [തൃശൂർ വിക്റ്റോറിയ ജൂബിലി കാസ്റ്റ് ഗേൾസ് സ്‌കൂൾ, എറണാകുളം കാസ്റ്റ് ഗേൾസ് സ്‌കൂൾ തുടങ്ങിയവയെപ്പോലുള്ള] എല്ലാ സർക്കാർ സ്‌കൂളുകളിലെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സദ്യ [?] നൽകി ' (Diwan's File 1897, Book II p.71).
ഈ അവസരത്തിൽ രാജാവിന് ‘കെ.സി.എസ്.ഐ.' ബഹുമതി ബിരുദം സമ്മാനിക്കുന്നുവെന്ന് മദ്രാസ് ഗവർണർ റ്റെലിഗ്രാം വഴി അറിയിച്ചത് മുൻപ് നാം കണ്ടല്ലോ. വൈസ്രോയിയും ഗവർണർ ജനറലുമായ എൽജിൻ അയച്ച ആശംസയ്ക്കു മറുപടിയായി രാജാവ് 22.6.1897-ന് ദർബാർ ഹാളിൽ നടന്ന ആ ചടങ്ങിൽ പ്രഖ്യാപിച്ചു: ‘നാം ഇന്ന് ആഘോഷിക്കുന്ന മഹത്തായ സംഭവത്തിന് രണ്ട് ശാശ്വത സ്മാരകങ്ങൾ എന്റെ രാജ്യത്ത് ഉയർത്താനുള്ള തീരുമാനം ഈയവസരത്തിൽ ഞാൻ അറിയിക്കുന്നു. അവയിലൊന്ന് എറണാകുളത്ത് ഒരു ടൗൺ ഹാളും പബ്ലിക് ലൈബ്രറിയുമാണ്; മറ്റേത്, തൃശൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു ആശുപത്രിയും. തിരുമനസ്സിന്റെ [Her Majesty = ബ്രിട്ടിഷ് ചക്രവർത്തിനി] പാവനനാമായിരിക്കും രണ്ട് സ്മാരകത്തിനും നൽകുക' (മുൻ ഗസറ്റ്).
ബ്രാഹ്മണ ജാതിവാഴ്ചയുടെ ദംഷ്ട്രകൾ തല്ലിക്കൊഴിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കിയ ബ്രിട്ടിഷ് ഭരണത്തിന്റെ (ചക്രവർത്തിനിയുടെ) പേരിൽത്തന്നെയാണ് തൃശൂരിലെ സവർണക്കുട്ടികൾക്കു മാത്രമുള്ള സ്‌കൂൾ എന്നതിലെ തമാശ എങ്ങനെയാണ് നാം ആസ്വദിക്കുക!
ദൈനംദിന ഭരണകാര്യങ്ങളിലും ബ്രിട്ടിഷുകാരുടെ നിയന്ത്രണം എത്രയെന്നു സൂചിപ്പിക്കുന്നതാണ് റെസിഡന്റ് 16.7.1896-ന് തിരുവനന്തപുരത്തുനിന്നു കൊച്ചി ദിവാന് എഴുതിയ കത്ത്: ‘Ref. le. No. 2155 of' 96.
പരേതനായ തിരുമനസ്സിന്റെ [മുൻ രാജാവ് ] തിരുമാസം അടിയന്തിരത്തിന് [ചാത്തം] 66,000 രൂപ ചെലവ് കണക്കാക്കുന്ന താങ്കളുടെ കത്ത് (No. 1641/p 229) [കിട്ടി]. ‘ഇതുപോലുള്ള കഴിഞ്ഞ അവസരത്തിൽ ചെലവ് ചെയ്ത പണത്തിന്റെ മൂല്യത്തിലേക്ക് ഈ തുക, കഴിയുമെങ്കിൽ, കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഞാൻ താങ്കളെ ബോധ്യപ്പെടുത്തട്ടെ' (Resident's Letters 1896, p.149, Re. Ar. Ekm).
കൊച്ചിൻ റെയിൽവേയുടെ ആദ്യ പ്ലാനുകളിൽ ഒന്ന്, രാജാവ് തൃപ്പൂണിത്തുറയിൽനിന്ന് 2.7.1897-ന് ദിവാന് എഴുതിയ കത്തിലുണ്ട്: ‘ഷൊർണൂരിൽ നിന്നു തൃശൂർ വരെ റെയ്ൽ സ്ഥാപിക്കുന്ന പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതിന് അനുകൂലമായി മിസ്റ്റർ നിക്കൊൾസൻ അസി. റെസിഡൻറ് ഒടുവിൽ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു. നമ്മുടെ ആവശ്യം മീറ്റർ ഗേജ് എത്രത്തോളം നിറവേറ്റുമെന്ന് എനിക്കറിയില്ല' (Diwan's File 1897, Book II p.102).
രാജാവ് പിൽക്കാലത്ത് സ്ഥാനത്യാഗത്തിനു തുനിഞ്ഞതും, കുറെ കഴിഞ്ഞ് സ്ഥാനത്യാഗം ചെയ്തതും എന്തുകൊണ്ട് എന്നു ചിന്തിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു പോയൻറാണ് കുടുംബപ്രശ്നം. തുടർന്നുള്ള ഡയറിക്കുറിപ്പുകളിൽ അതിന്റെ ഭീകരദൃശ്യം തന്നെയുണ്ട്.
പിന്നീട് കൊട്ടാരത്തിൽ ബലാൽസംഗ കേസിൽ പ്രതിയായി നാടുവിടേണ്ടിവന്ന ഒരാൾ, സുബ്ബറാവ്, രേഖയിലേക്കു കടന്നുവരുന്നു. രാജാവ് ദിവാന് എഴുതിയ കത്ത് (തൃപ്പൂണിത്തുറ, 1897 ജൂലൈ 16): ‘ജൂനിയർ അസി. സർജൻ മിസ്റ്റർ സുബ്ബറാവ് ഒരു മാസത്തെ ലീവിന് അപേക്ഷിച്ചെന്നും അദ്ദേഹത്തിനു പകരം മിസ്റ്റർ ആർ.പി. ഗുൻററെ ഡോ: കുംസ് നിർദേശിച്ചെന്നും ഞാൻ മനസ്സിലാക്കുന്നു. ഈ ഏർപ്പാട് ഞാൻ ഇഷ്ടപ്പെടുന്നില്ല. പല കാരണങ്ങളാൽ ഇവിടെ ഒരു ക്രിസ്ത്യാനിയെക്കാൾ ഹിന്ദുവിനെയാണ് ഞാൻ അനുകൂലിക്കുന്നത്. ഇരിഞ്ഞാലക്കുട ഡിസ്പെൻസറിയുടെ ചുമതലയുള്ള ഐ.ശങ്കുണ്ണി എൽ.എം.എസിനെ ഇങ്ങോട്ടയയ്ക്കുകയും, പിരിഞ്ഞുപോകുന്ന അപ്പോത്തിക്കിരി മിസ്റ്റർ വൈഗസിനെ ഇരിഞ്ഞാലക്കുടയ്ക്ക് അയക്കുകയും ചെയ്യുക' (മുൻ ഫയൽ, പേ. 123-124).
രാജാവിന്റെ ഡയറിയിലേക്കു മടങ്ങാം:
-2.1.1899 തിങ്കൾ: [എറണാകുളം കോളേജ് പ്രിൻസിപ്പൽ] മിസ്റ്റർ ക്രുക്ഷങ്കിനെയും ഭാര്യയെയും മൂന്ന് പുത്രിമാരെയും വൈകീട്ട് 4-ന് കണ്ടു. പുറത്തുപോയി 4.30ന് വഞ്ചി സവാരി നടത്തി; 5.15ന് മടങ്ങിയെത്തി.
3.1.1899: [വൈകീട്ട് ] 4-ന് പുറത്ത് സവാരിയ്ക്കിറങ്ങി. വൈറ്റില മുതൽ പാലാരിവട്ടം വരെ ഒരു നീണ്ട നടപ്പ് നടന്നു. 5.40-ന് [കൊട്ടാരത്തിൽ] മടങ്ങിയെത്തി.
7.1.1899 ശനി: തിരുവിതാംകൂർ മഹാരാജാവിന്റെ മറുപടി കിട്ടി.
9.1.1899: വൈകീട്ട് 3.30-ന് സർവാധി സെക്രട്ടറി ഒന്നിച്ച് എറണാകുളത്തേയ്ക്കു തിരിച്ചു. മുൻനിശ്ചയപ്രകാരം ദിവാനെ അദ്ദേഹത്തിന്റെ ഗേറ്റിൽ സന്ധിച്ചു; അദ്ദേഹവുമൊത്ത് ഇങ്ങോട്ടു മടങ്ങി.
21.1.1899 ശനി: അപ്പീൽ ചീഫ് കോടതിയുടെ ഒരു വിധിക്കെതിരെ മന്നാടിയാർ സമർപ്പിച്ച പെറ്റീഷൻ തള്ളിക്കളയുന്ന എന്റെ തീരുമാനത്തിന്റെ കരട് തയ്യാറാക്കി, 11 മുതൽ 12 വരെ.
24.1.1899: റെസിഡന്റിനുള്ള കത്തിന്റെ കരട് (തിരുത്തലുകൾക്കായി) ഉൾപ്പെടെ ദിവാന് ഒരു ഡി.ഒ. എഴുതി, രാവിലെ 7-ന്.
25.1.1899: മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ഒരു മഹമ്മദൻ [Mahomedan] സുഹൃത്തിൽ നിന്ന് ഒരു കുറിപ്പ് കിട്ടി.
26.1.1899: [എന്റെ] കുടുംബപ്രശ്നങ്ങളെപ്പറ്റി ദിവാനുള്ള ഡി.ഒ.യുടെ കരട് തയ്യാറാക്കി.
രാജാവ് പിൽക്കാലത്ത് സ്ഥാനത്യാഗത്തിനു തുനിഞ്ഞതും, കുറെ കഴിഞ്ഞ് സ്ഥാനത്യാഗം ചെയ്തതും എന്തുകൊണ്ട് എന്നു ചിന്തിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു പോയൻറാണ് മേൽ കണ്ട കുടുംബപ്രശ്നം. തുടർന്നുള്ള ഡയറിക്കുറിപ്പുകളിൽ അതിന്റെ ഭീകരദൃശ്യം തന്നെയുണ്ട്.
28.1.1899 ശനി: രാജകുടുംബത്തെപ്പറ്റി ദിവാനുള്ള ഡി.ഒ.യുടെ കരട് തയ്യാറാക്കി, [ഉച്ചയ്ക്ക്] 2 മുതൽ 3 വരെ.
[റവന്യൂ വകുപ്പിലെ] മിസ്റ്റർ സ്വമിനാഥ അയ്യരുടെ കാലാവധി നീട്ടാൻ മദ്രാസ് ഗവണ്മെന്റ് സമ്മതിച്ചെന്നറിയിച്ച് റെസിഡന്റ് അയച്ച റ്റെലിഗ്രാം ദിവാനിൽ നിന്നുള്ള കുറിപ്പ് സഹിതം കിട്ടി.
4.2.1899 ശനി: എന്റെ കുടുംബപ്രശ്നങ്ങളെപ്പറ്റിയുള്ള രഹസ്യ ഡി.ഒ. അദ്ദേഹത്തിന് [ദിവാന്] അയച്ചു.
5.2.1899: അമ്മയെ [തൃപ്പൂണിത്തുറ കൊട്ടാരത്തിൽ] നാലുമണിക്ക് കണ്ടു. പനിമൂലം അവശയായിരുന്നു അവർ. ഒരു മണിക്കൂറിലേറെ അവരുടെ കിടക്കയ്ക്കരുകിൽ ഇരുന്നു. ഞാൻ അമ്മയെ വിട്ടുപോന്ന സമയം അവരുടെ പനിയും മാറി.
14.2.1899 ചൊവ്വ: പഴയ മിസ്സിസ് വൈറ്റിന്, എന്റെ പതിവ് ക്രിസ്തുമസ് സമ്മാനമായ 20 രൂപയും ചേർത്ത് ഒരു കുറിപ്പ് അയച്ചു [ക്രിസ്തുമസിന് ഒന്നര മാസത്തിനുശേഷം!]
22.2.1899 ബുധൻ: ദിവാനുമായി സംസാരിച്ചു [രാവിലെ] 11 മുതൽ 11.30 വരെ. രാജകുടുംബത്തിലെ ചെലവ് സംബന്ധിച്ച പ്രശ്നം ഞങ്ങൾ കുറച്ച് ദീർഘമായി ചർച്ച ചെയ്തു; [പുതിയ] പദ്ധതിയുടെ അടിത്തറയ്ക്കുള്ള വിശദാശങ്ങളിൽ ധാരണയായി. നായർ ബ്രിഗേഡ് പുനഃസംഘടനയും, എറണാകുളം - കൊച്ചിൻ ഫെറി കോൺട്രാക്റ്റ് നൽകുന്നതും സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമായി. ▮
(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജ്ജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ് സ്‌ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്)
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.