പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിയ്ക്കപ്പെട്ടിരുന്ന അയിത്ത ജാതിക്കാർക്ക് ഒരു പിടിവള്ളിയായിരുന്നു മതപരിവർത്തനം. ‘വിദേശ'മതങ്ങൾക്ക് അംഗബലം കൂടുന്നത് രാജാവ് ഉൾപ്പെടെയുള്ള സവർണ ബുദ്ധിജീവികളെ ബേജാറാക്കിയിരുന്നു.
തീവ്രമായ മതപരിവർത്തന സമ്മർദം നിലനിന്നിരുന്ന കാലമായിരുന്നു ‘രാജർഷി'യുടേത്. പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിയ്ക്കപ്പെട്ടിരുന്ന അയിത്തജാതിക്കാർക്ക് ഒരു പിടിവള്ളിയായിരുന്നു മതപരിവർത്തനം. മതം മാറിവരുന്നവരെ മനുഷ്യരായി അംഗീകരിയ്ക്കാതെ നിവൃത്തിയില്ലായിരുന്നു സവർണർക്ക്. അങ്ങനെ ‘വിദേശ'മതങ്ങൾക്ക് അംഗബലം കൂടുന്നത് രാജാവ് ഉൾപ്പെടെയുള്ള സവർണ ബുദ്ധിജീവികളെ ബേജാറാക്കിയിരുന്നു. അതുകൊണ്ടാണ് അവരിൽ ചിലർ, സമുദായ പരിഷ്‌കരണ പരിപാടികളുമായി രംഗത്തുവന്ന ഘട്ടത്തിൽ, അയിത്തജാതിക്കാരെ സഹായിക്കാൻ തുടങ്ങിയത്. എങ്ങനെയും മതംമാറ്റം തടയുകയായിരുന്നു അവരുടെ ലക്ഷ്യം. മതംമാറ്റവുമായി ബന്ധമുള്ളതാണ് രാജാവ് 20.7.1897-ന് ദിവാന് എഴുതിയ ഈ കത്ത്. മതം മാറുന്നവരുടെ പാരമ്പര്യസ്വത്തവകാശത്തക്കുറിച്ചുള്ള ബിൽ ആണ് വിഷയം-
‘ഗവ: ഓർഡറും (No: 367, Political, dated 10th June, 1896) ബന്ധപ്പെട്ട രേഖകളും ഞാൻ ശ്രദ്ധയോടെ വായിച്ചു; മതം മാറുന്നവർക്കു ജീവനാംശം നൽകുന്നതുസംബന്ധിച്ച് ശ്രേഷ്ഠനായ [മദ്രാസ്]ഗവർണർ തന്റെ അവസാന അഭിപ്രായം പ്രകടിപ്പിച്ചതായി മനസ്സിലാക്കുന്നു. നീണ്ട 47 കൊല്ലം മുൻപ് അന്നത്തെ [ബ്രിട്ടീഷ് ഇൻഡ്യൻ] നിയമനിർമാതാക്കൾ, ഈ നാട്ടിലെ
[കേരളത്തിലെ] ജനങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നടപ്പ് പാരമ്പര്യ സ്വത്തവകാശക്രമങ്ങളെയും കുറിച്ച് അജ്ഞരായിരുന്നപ്പോൾ പാസാക്കിയതാണ് 1850-ലെ 21-ാം ആക്റ്റ് എന്നു വ്യക്തം. [...] ആലോചനയില്ലാതെ ആ നിയമം ഈ രാജ്യത്തു നടപ്പാക്കിയാൽ മരുമക്കത്തായ പിന്തുടർച്ച വ്യവസ്ഥയെ അതു ഗുരുതരമായി ബാധിക്കും. [...] മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന, വർധിപ്പിക്കുന്ന അത്തരമൊരു നിയമം പാസാക്കുന്നത് ഒരു ഹിന്ദു ഭരണാധികാരിക്ക് സന്തോഷമുള്ള കാര്യമല്ല. [...] എന്നാൽ, അത് പാസാക്കിയേ തീരൂ എന്നാണ് മദ്രാസ് ഗവണ്മെൻറ് പറയുന്നതെങ്കിൽ, മതം മാറുന്നവർക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നതായി പറയുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, വരാൻ പോകുന്ന നിയമമായ മരുമക്കത്തായ വ്യവസ്ഥയെയും, നമ്പൂതിരിമാർ മുതൽ പറയർ വരെയുള്ള വിവിധ വിഭാഗം മലയാളികളുടെ സാമൂഹിക ആചാരം - പെരുമാറ്റങ്ങളെയും എത്രത്തോളം ബാധിക്കുമെന്നും മറ്റും ഒരു പ്രത്യേക കമീഷനെ വച്ച് സമഗ്രമായി അന്വേഷിക്കേണ്ടതാണ് (Raja's File 1897, Book II p.127, Regional Archives, Ernakulam.).
രാവും പകലും നോക്കാതെ പാടത്തും പറമ്പിലും കൃഷിപ്പണിയെടുത്തു നാട്ടിൽ സമ്പത്തുണ്ടാക്കുന്ന ദലിതർക്കും മറ്റും എന്നും കൂട്ടിനുണ്ടാകും അന്തിപ്പട്ടിണി. അതേസമയം, അത്തരം ഒരു പണിയും ചെയ്യാത്ത ഒരു കൂട്ടർക്ക്, ബ്രാഹ്മണർക്ക്, സർക്കാർ ഖജനാവിലെ കാശുകൊണ്ട് എന്നും സൗജന്യഭക്ഷണം നൽകുമായിരുന്നു. സൗജന്യഭക്ഷണം സംവരണം ചെയ്യപ്പെട്ട ഭാഗ്യവാന്മാർ! തൃപ്പൂണിത്തുറ കണ്ണൻകുളം ഊട്ടുപുരയിലെ മാത്രം അഞ്ച് കൊല്ലത്തെ കണക്ക് കാണുക:
‘ഈ ഊട്ടുപുരയിൽ സ്ഥിരം അന്തേവാസികൾക്കും വഴിപോക്കർക്കും നിത്യവും രണ്ടുനേരം ഊണ് കൊടുക്കുന്നുണ്ട്. ഈ ക്ഷാമകാലത്ത് രണ്ടുനേരം സൗജന്യ ശാപ്പാട് കിട്ടുമെന്നത്, പാലക്കാട്, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം ബ്രാഹ്മണരെ ആകർഷിക്കുന്നുണ്ട്. പാണ്ടി ബ്രാഹ്മണർ ഉൾപ്പെടെ 250-ൽ കുറയാത്ത സ്ഥിരം അന്തേവാസികളുണ്ട്. [...] ഓരോ ഊട്ടുദിവസവും 1000-ൽപരം പേർ ഊണുകഴിക്കുന്നുണ്ട്.' (Proceedings of the Diwan of Cochin Devaswom Branch, മുൻ ഫയൽ, പേ 133, 137).
പെൺകൊട്ടാര വഴക്കിന്റെ ഒരു ചിത്രമുണ്ട് രാജാവ് 22.11.1897-ന് തൃപ്പൂണിത്തുറവച്ച് ദിവാന് എഴുതിയ രഹസ്യകത്തിൽ:- കുഞ്ഞമ്മ തമ്പുരാന്റെ പുത്രിമാർക്കും കുടുംബത്തിനുമായി 5-ാം മുറ തമ്പുരാന്റെ കൊട്ടാരം ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം മറ്റു തമ്പുരാട്ടിമാരിൽ വലിയ സംഭ്രമവും ആശയക്കുഴപ്പവും ഉണ്ടാക്കിയിരിക്കുന്നു. അവർ എനിക്ക് എല്ലാവിധ ശല്യങ്ങളും ചെയ്യാൻ നോക്കുന്നുണ്ട്. [...] 5-ാം മുറ തമ്പുരാന്റെ അമ്മ, സാധാരണ ഗതിയിൽ ശാന്തസ്വഭാവക്കാരി, ഏതാണ്ട് നിരാശയും കലഹക്കാരിയുമായിരിക്കുന്നു. മകൻ സ്വന്തം കൊട്ടാരം ഒഴിഞ്ഞുകൊടുത്താൽ താൻ ചെന്ന് അതു കൈയടക്കുമെന്നും, ആരാണു തന്നെ പുറത്താക്കുന്നതെന്നു കാണട്ടെ എന്നുമാണ് അവരുടെ പക്ഷം. ഉപരിപ്ലവമായെങ്കിലും നിലനിന്നിരുന്ന കുടുംബ ഐക്യം, നിർദിഷ്ട മാറ്റങ്ങൾ മൂലം ഏതാണ്ട് തകരാറിലായി. എങ്കിലും, ന്യായമല്ലാത്തതൊന്നും ചെയ്യില്ലെന്നും, ന്യായമായ വല്ല പരാതിയുമുണ്ടെങ്കിൽ താങ്കളുടെ മുന്നിൽ അവതരിപ്പിക്കണമെന്നും, താങ്കൾ ഇനി ഇവിടെ വരുമ്പോൾ അങ്ങോട്ടയയ്ക്കാമെന്നും ഞാൻ ആ തമ്പുരാട്ടിയെ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്. നാം തമ്മിൽ കാണും വരെ താങ്കൾ ഒന്നും ചെയ്യേണ്ടതില്ല.' (Raja's File 1897, Book III, p.109110, Re. Ar. Ekm).
ദിവാൻ അന്നുതന്നെ രാജാവിനു മറുപടി എഴുതി: ‘കഴിഞ്ഞദിവസം വൈകിട്ട് അങ്ങയുടെ അടുത്തുനിന്നു പോന്നശേഷം ഞാൻ കുഞ്ഞമ്മ തമ്പുരാന്റെ മൂത്ത മകളെ കാണാൻ പോയി; അവരോടുകൂടെ കൊട്ടാരവും പരിസരവും ആകെ പരിശോധിച്ചു. അവർ, അവരുടെ നാല് പുത്രിമാർ, കുഞ്ഞമ്മ തമ്പുരാന്റെ മറ്റൊരു മകൾ ഇങ്ങനെ ആറ് തമ്പുരാട്ടിമാർക്ക് താമസിക്കാൻ പറ്റുന്ന വിധത്തിൽ കൊട്ടാരത്തിൽ നടത്തേണ്ട അനാമത്തു പണികളെയും മറ്റും സംബന്ധിച്ച് ഞങ്ങൾ ഒരു ധാരണയിലെത്തി. ഞാൻ തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്തു മടങ്ങിയെത്തിയ ശേഷം 5-ാം മുറ തമ്പുരാനെ കണ്ടു സംസാരിക്കാൻ സമയം കിട്ടിയില്ല. എന്നാൽ, അദ്ദേഹം രണ്ടുതവണ എനിക്കെഴുതി; അദ്ദേഹത്തിന്റെ കൊട്ടാരം തമ്പുരാട്ടിമാർക്കു നൽകാൻ ഞാൻ ഏർപ്പാടാക്കിയതിൽ അദ്ദേഹം വളരെ സന്തോഷിക്കുന്നു എന്നും, എറണാകുളത്തോ തൃശൂരിലോ അദ്ദേഹത്തിനു കൊട്ടാരം ഏർപ്പാടാക്കുന്നതിനെപ്പറ്റി തീരുമാനിക്കാൻ ഞാൻ ഉടനെ അദ്ദേഹത്തെ കാണണമെന്നുമാണ് അറിയിച്ചത്. ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. മറ്റു തമ്പുരാട്ടിമാരുടെ എതിർപ്പ് എന്തിനോടാണ് എന്ന് അങ്ങയിൽ നിന്നു നേരിട്ട് കൃത്യമായി അറിയുംവരെ ഞാൻ തുടർനടപടികൾ എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കാം. അവരും പരിഷ്‌കാരങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തീർത്തും ന്യായമാണെന്നാണ് എനിക്ക് പറയാനുള്ളത്.
‘‘ഒരു ചീത്ത പോലീസ് സംവിധാനത്തിനു പരിഹാരമാകുന്നത്, ശക്തമായ ഒരു മജിസ്ട്രേറ്റ് സംവിധാനമുണ്ടാകുമ്പോഴാണ്. ദുർഭാഗ്യത്തിന്, കൊച്ചിയിലെ മജിസ്ട്രസിയ്ക്ക് നട്ടെല്ലുളളതായി തോന്നുന്നില്ല.’’
അമ്മ രാജാവിന്റെ കൊട്ടാരം എന്നു വിളിക്കുന്ന ആ വലിയ കെട്ടിടസമുച്ചയം ഞാൻ വേണ്ടത്ര പരിശോധിച്ചു. ഏതുവിധത്തിലും തമ്പുരാട്ടിമാർക്ക് തുടർന്ന് താമസിക്കാൻ പറ്റാത്ത സ്ഥിതിയിലാണ് അത് എന്നു ബോധ്യമായി എനിക്ക്. എല്ലാ തമ്പുരാട്ടിമാരെയും ഒന്നിച്ചു താമസിപ്പിയ്ക്കാൻ പറ്റുന്ന ഒരു ഒറ്റക്കെട്ടിടം തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് പണിയുക എന്നത് ഇനി തീർത്തും അപ്രായോഗികമായതിനാൽ നമുക്കുമുന്നിലുള്ള ഏക വഴി തമ്പുരാട്ടിമാരെ പല വിഭാഗങ്ങളായി തിരിയ്ക്കുകയാണ്; ഓരോ വിഭാഗത്തെയും ഓരോ പുതിയ കെട്ടിടത്തിലാക്കണം. അറ്റകുറ്റപ്പണികൾക്കു പണം ചെലവഴിയ്ക്കുന്നതു തീർത്തും പാഴായിപ്പോകുമെന്നു വിലയിരുത്തപ്പെട്ടിട്ടുള്ളതിനാൽ പഴയ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുമാറ്റണം. ഇക്കാര്യങ്ങളെല്ലാം മറ്റു തമ്പുരാട്ടിമാരോട് വിശദമാക്കുമ്പോൾ അവരായിരിക്കും എന്നോട് ആദ്യമായി സഹകരിയ്ക്കുകയെന്ന് എനിയ്ക്കുറപ്പുണ്ട്. എന്നോട് ഇടപെടുമ്പോൾ അവർ അങ്ങേയറ്റം ഔചിത്യത്തോടെയാണു ഇതേവരെ പെരുമാറിയിട്ടുള്ളതെന്നും പറയേണ്ടതുണ്ട്. ഇക്കാര്യത്തിൽ എനിക്ക് ഒരു ഉത്കണ്ഠയുമില്ല'. (മുൻ ഫയൽ, പേ. 112 - 113).
വൈദ്യശാസ്ത്രത്തിലെ ഒരു വലിയ കണ്ടെത്തലിനെ കൊച്ചിക്കാർ പരിചയപ്പെടുന്നു. ദിവാൻ 12-2-1898ന് രാജാവിനെഴുതി:- ‘സുബ്ബറാവു
[അസിസ്റ്റൻറ് സർജൻ] ഇന്നലെ രാത്രി എറണാകുളത്തുനിന്നു മദ്രാസിലേക്കു പോയി എന്ന് അങ്ങയെ അറിയിക്കാനാണ് ഇതെഴുതുന്നത്. [എക്സ്-റെ] ഉപകരണം കൈകാര്യം ചെയ്യുന്ന വിധം അദ്ദേഹത്തെ പഠിപ്പിക്കാനും അത് അദ്ദേഹത്തെ ഏൽപ്പിക്കാനും അപേക്ഷിച്ച് മെർസ് ഒർ ആൻഡ് സൺസിന് എഴുതിയ കത്ത് ഞാൻ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. (Raja's File 1898, Book I, p.176, Re. Ar. Ekm.)
നിവൃത്തിയുണ്ടെങ്കിൽ ഇന്ന് നമുക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ലാത്ത ഗ്യാസ് ലൈറ്റ് പോലും അന്നത്തെ വൻ പരിഷ്‌കാരമായിരുന്നു. 15-2-1898ന് ദിവാൻ എഴുതിയ കത്തിൽ, 30 മെഴുകുതിരികളുടെ വെളിച്ചം കിട്ടുന്ന ഓയിൽ ഗ്യാസ് ലൈറ്റിനെയാണ് രാജാവിനു പരിചയപ്പെടുത്തുന്നത് (മുൻ ഫയൽ, പേ. 179).
‘‘തൃശൂർ താലൂക്കിൽ നിലത്തിന്റെ കരം പിരിവ് ശോചനീയമാണ്; താസിൽദാർ നൽകിയ വിശദീകരണം പരിശോധിക്കേണ്ടതുണ്ട്. കുറ്റവാളികളിൽ നിന്നു പിഴയീടാക്കുന്നതിലും പുരോഗതിയില്ല’’
രാജാവിന്റെ ഡയറിയിലേക്കു മടങ്ങാം:
25-2-1899 ശനി: സർക്കാരും പാലിയവും തമ്മിൽ ചില തുരുത്തുകളെക്കുറിച്ചുളള തർക്കം സംബന്ധിച്ച ഒരു വലിയ ഫയൽ പരിശോധിച്ചു, ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയ്ക്ക്.
11-3-1899 ശനി: ബോൾഗാട്ടിയിൽ നിന്നു ദിവാനുമൊത്ത് എറണാകുളത്തേക്ക് മടങ്ങി. അദ്ദേഹം എന്നെ തന്റെ വണ്ടിയിൽ [പുണിത്തുറയിലെ] പനംകുറ്റിവരെ എത്തിച്ചു. അവിടെനിന്ന് ഇവിടെ [ഹിൽ ബംഗ്ലാവ്] യെത്തി, 6.30 ന്.
12-3-1899: പെയ്ഷ്‌കാർ ശങ്കുണ്ണിയെ കണ്ടു, 3-ന്. കുടിശ്ശിക [ജോലികൾ] എല്ലാം ഉടനെ തീർത്തില്ലെങ്കിൽ അയാളെ ശിക്ഷിക്കാൻ ഞാൻ നിർബന്ധിതനാകുമെന്നു പറഞ്ഞു.
പിറ്റേന്ന് രാജാവ് ദിവാന് എഴുതിയ രഹസ്യ കത്ത്: ‘കഴിഞ്ഞ രാത്രി ഏതാണ്ട് 11 മണിയ്ക്ക് ഒരു സിറിയൻ ക്രിസ്ത്യാനിയും അയാളുടെ ഭാര്യയും ഇവിടെ എന്റെ പടിയ്ക്കൽ വന്നു നിലവിളിച്ചു. തൃപ്പൂണിത്തുറ അങ്ങാടിയിൽ താമസിക്കുന്ന അവരെ, അവിടെത്തന്നെയുളള മറ്റു ചില ക്രിസ്ത്യാനികൾ ആക്രമിച്ചു മർദിച്ചെന്നും, സഹായത്തിനായി ചെന്നപ്പോൾ പോലീസ് അവരെ മടക്കിയയച്ചെന്നും അവരിൽ നിന്നു ഞാൻ മനസ്സിലാക്കി. [...] സ്വന്തം സ്ഥലത്തേയ്ക്കു മടങ്ങിച്ചെന്നാൽ ഇനിയും ആക്രമിയ്ക്കപ്പെടുമെന്നും പറഞ്ഞു അവർ. പോലീസ് സംരക്ഷണയിലാക്കി അവർക്ക് അൽപം ആശ്വാസം നൽകാനായി, ഒരു പ്യൂണിനെയും നായർ ബ്രിഗേഡിലെ ഒരു സീപോയിയെയും കൂട്ടി അവരെ അയച്ചു ഞാൻ. എന്നാൽ, അവരെല്ലാം മടങ്ങിവന്ന് അറിയിച്ച വാർത്തയെന്തന്നാൽ, സ്റ്റേഷൻ തുറന്നുകിടപ്പുണ്ടെന്നും, ഒരു വിളക്ക് അവിടെ കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും, എങ്കിലും അവിടെ ആരുമില്ലെന്നുമാണ്. ഇവിടത്തെ ഒരു ഹെഡ് കോൺസ്റ്റബിളിന് ചില പ്രാദേശികബന്ധങ്ങളുണ്ടെന്നും, അതിന്റെ സ്വാധീനത്തിന് അടിപ്പെട്ടിരിയ്ക്കയാണ് അയാളെന്ന് ആരോപണമുണ്ടെന്നും കഴിഞ്ഞ ഒരു ദിവസം ഞാൻ താങ്കളോടു പറഞ്ഞതായി ഓർക്കുന്നു. [...] ഈ സ്ഥിതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്; കണ്ടില്ലെന്നു വെയ്ക്കാനാവില്ല'(Raja's File1899, Book, p185, Re. Ar. Ekm.)
ഇതിന് 30-3-1899-ന് ദിവാൻ എഴുതിയ ‘പരമ രഹസ്യ' മറുപടി: ‘‘മദ്രാസ് പ്രസിഡൻസിയിൽ കുറ്റകൃത്യങ്ങൾ ഏറെ നടക്കുന്ന ഒന്നിലേറെ ‘ക്രിമിനൽ ഡിവിഷ' നുകളുടെ ചുമതലയുണ്ടായിരുന്ന ഡിവിഷനൽ മജിസ്ട്രേറ്റ് എന്ന നിലയിൽ 11 കൊല്ലത്തെ അനുഭവമുളളതുകൊണ്ട് ഞാൻ കരുതുന്നത്, ഒരു ചീത്ത പോലീസ് സംവിധാനത്തിനു പരിഹാരമാകുന്നത്, ശക്തമായ ഒരു മജിസ്ട്രേറ്റ് സംവിധാനമുണ്ടാകുമ്പോഴാണ്. ദുർഭാഗ്യത്തിന്, കൊച്ചിയിലെ മജിസ്ട്രസിയ്ക്ക് നട്ടെല്ലുളളതായി തോന്നുന്നില്ല. അതില്ലാത്തതാണ് അവർക്കു രക്ഷയെന്ന മട്ടിലുളള മറുപടിയാണ് അവരിൽ നിന്ന് എനിക്കു കിട്ടിയത്’’. (മുൻ ഫയൽ. പേ. 200 - 201).
2-4-1899 ഞായർ: പെയ്ഷ്‌കാറെ [വൈകീട്ട്] 3-ന് കണ്ടു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ പരിശോധിയ്ക്കാനും അതിന്റെ വിവരം അടുത്ത തവണ എന്നെ കാണുമ്പോൾ അറിയിയ്ക്കാനും അയാളോടു പറഞ്ഞു.
5-4-1899: ചില സാമൂഹിക കാര്യങ്ങളെക്കുറിച്ച് വൈദികന്മാരുമായി ചർച്ചചെയ്തു, 3 മുതൽ 5 വരെ
24-4-1899 തിങ്കൾ, കൂനൂർ (മദ്രാസ്): ദിവാന്റെ സെക്രട്ടറി അച്യുതന് ഒരു കത്തെഴുതി.
[എറണാകുളം കൊളേജിലെ മുൻഷിയ്ക്ക് ശിക്ഷ]
മേൽ കണ്ട ദിവാൻ സെക്രട്ടറി, മലയാള നിരൂപണശാഖയെ ഒരു കാലഘട്ടം മുഴുവൻ നയിച്ചയാളും, ‘കൊച്ചിൻ സ്റ്റേറ്റ് മാന്വൽ' കർത്താവുമായ സി.പി. (അഥവാ സി.) അച്യുതമേനോനാണ്. മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസികയായി അറിയപ്പെടുന്ന ‘വിദ്യാവിനോദിനി' 1065 (1889) ൽ തുടങ്ങിയപ്പോൾ മുതൽ 1070 വരെ അദ്ദേഹമായിരുന്നു പത്രാധിപർ. 1061-ൽ തൃപ്പൂണിത്തുറയിൽ കൊട്ടാരം ട്യൂട്ടറായി അദ്ദേഹം. അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ ഒരാളാണ് ‘രാജർഷി'. 1065-ൽ പ്രാഥമിക വിദ്യാഭ്യാസ പ്രാചാരണ വകുപ്പ് സൂപ്രണ്ടും അടുത്തകൊല്ലം സെൻസസ് സൂപ്രണ്ടും 1071 വൃശ്ചികം അഞ്ചുമുതൽ ദിവാൻ സെക്രട്ടറിയുമായി. 1067-ൽ ‘വിനോദ ചിന്താമണി' നാടകസഭ തുടങ്ങിയതും അദ്ദേഹമാണ്.
4-6-1899 ഞായർ, കൂനൂരിൽ നിന്നുളള മടക്കയാത്രയിൽ: 3 മുതൽ 5 വരെ [തൃശൂർ ?] പെയ്ഷ്‌കാർ ഓഫിസ് പരിശോധിച്ചു. റിക്കോഡുകൾ ചിട്ടയായല്ല സൂക്ഷിച്ചിരിക്കുന്നത്. പുറമ്പോക്ക് ഭൂമി രജിസ്റ്റർ ചെയ്യുന്നതും മറ്റുമായി ധാരാളം കേസുകൾ കുടിശ്ശികയാണ്. ഓർമക്കത്തുകൾ കൃത്യമായി അയയ്ക്കുന്നില്ല. തൃശൂർ താലൂക്കിൽ നിലത്തിന്റെ കരം പിരിവ് ശോചനീയമാണ്; താസിൽദാർ നൽകിയ വിശദീകരണം പരിശോധിക്കേണ്ടതുണ്ട്. കുറ്റവാളികളിൽ നിന്നു പിഴയീടാക്കുന്നതിലും പുരോഗതിയില്ല. പരിശോധന ഒരു വിധത്തിലും മുഴുവനായില്ല.
‘‘രാജാവിന്റെ നിയമനിർമാണ അധികാരത്തിലേക്കു വരുമ്പോൾ സ്പഷ്ടമായി കാണാവുന്നത്, കൊച്ചിയിൽ അത് തിരുമനസ്സ് ഒരു സമിതിയെയും ഏൽപ്പിയ്ക്കാതെ സ്വയം വഹിയ്ക്കുന്നു എന്നതാണ്. അതുകൊണ്ട്, തിരുമനസ്സിന്റെ അനുമതിയില്ലാതെ ഒരു നിയമമോ ചട്ടമോ നിർമിയ്ക്കാനാവില്ല.’’
7-6-1899 ബുധൻ: 8.45-ന് തിരുവഞ്ചിക്കുളം വിട്ടു; ഉച്ചയ്ക്കുശേഷം 2.45-ന് ഇവിടെ (തൃപ്പൂണിത്തുറ) എത്തി.
18-6-1899 ഞായർ: കൊടുങ്ങല്ലൂർ രാജാവിനെ ക്ഷേത്രങ്ങളിലും മറ്റും പ്രവേശിക്കുന്നതിൽ നിന്നു വിലക്കുന്ന കേസിൽ സ്റ്റേ ഉത്തരവ് നൽകുന്നതുസംബന്ധിച്ചു ദിവാൻ അയച്ച ഫയൽ വായിച്ചു; മെമ്മോ തയ്യാറാക്കി, 11 മുതൽ 1 വരെ.
22-6-1899: കൊടുങ്ങല്ലൂർ ഭ്രഷ്ട് കേസിൽ മെമ്മോ പൂർത്തിയാക്കി എന്റെ സർവാധിയെ ഏൽപ്പിച്ചു.
കൊച്ചി രാജാവിന്റെ നീതിന്യായ ഭരണ അധികാരങ്ങൾ എന്തൊക്കെയെന്ന്, ദിവാൻ 17.2.1898-ന് തയ്യാറാക്കിയ ഓഫിസ് നോട്ടിൽ നിന്നു മനസ്സിലാക്കാം: ‘5. തിരുമനസ്സിന്റെ നീതിന്യായാധികാരം അപ്പീൽ കോടതിയിൽ നിക്ഷിപ്തമാണ്. അതായത്, കക്ഷികൾ തമ്മിലുള്ള കേസുകളിൽ തീർപ്പുകൽപ്പിയ്ക്കാൻ തനിയ്ക്കുളള അവകാശവും കടമയും തിരുമനസ്സ് ചില ഉപാധികളോടെ അപ്പീൽ കോടതി ജഡ്ജിമാരെ ഏൽപ്പിച്ചിരിയ്ക്കുകയാണ്. റോയൽ അപ്പീൽ കോടതി കൈകാര്യം ചെയ്യുന്ന കേസുകളും, തിരുമനസ്സിന്റെ അന്തിമനുമതി വേണ്ടതായ, [കൊച്ചി] അപ്പീൽ കോടതി വധശിക്ഷ വിധിച്ച കേസുകളുമാണ് [അവയിൽ നിന്ന്]വേറിട്ടുനിൽക്കുന്നത്. അപ്പീൽ കോടതിയുടെ ഭരണനിർവഹണാധികാരം ചില നിയന്ത്രണങ്ങൾക്കു വിധേയമാണ്. 30 രൂപയോ അതിനുമുകളിലോ ശമ്പളമുള്ള ഒരു തസ്തികയിലേയ്ക്കും തിരുമനസ്സിന്റെ അനുമതിയില്ലാതെ നിയമനം നടത്താൻ അതിന് കഴിയില്ല. തിരുമനസ്സിന്റെ പൊതുവോ സവിശേഷമോ ആയ അനുമതി ഇല്ലാതെ അതിന് ഒരു ചെലവും ചെയ്യാനാവില്ല എന്നതാണ് മറ്റൊരു നിയന്ത്രണം. രാജാവിന്റെ നിയമനിർമാണ അധികാരത്തിലേക്കു വരുമ്പോൾ സ്പഷ്ടമായി കാണാവുന്നത്, കൊച്ചിയിൽ അത് തിരുമനസ്സ് ഒരു സമിതിയെയും ഏൽപ്പിയ്ക്കാതെ സ്വയം വഹിയ്ക്കുന്നു എന്നതാണ്. അതുകൊണ്ട്, തിരുമനസ്സിന്റെ അനുമതിയില്ലാതെ ഒരു നിയമമോ ചട്ടമോ നിർമിയ്ക്കാനാവില്ല. അതിനാൽ, തങ്ങളിൽ നിക്ഷിപ്തമായ അധികാരത്തിനനുസരിച്ചുളള ചട്ടങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുമ്പോൾ അപ്പീൽ കോടതി അതിന് തിരുമനസ്സിന്റെ അനുമതി തേടിയിരിക്കണം.’
‘6. രാജാവിന്റെ ഭരണനിർവഹണാധികാരത്തിലേക്കാണ് ഇനി നാം വരുന്നത്: നികുതികൾ ചുമത്തലും പിരിയ്ക്കലും, രാജ്യത്തിന്റെ സാമ്പത്തികഭരണം, പൊലീസിന്റെ നിയന്ത്രണവും ഭരണവും, പൊതുമരാമത്ത് പണികൾ നടത്തൽ, പോസ്റ്റ് മാനേജ്മെന്റ്, ചുരുക്കത്തിൽ, മറ്റു രണ്ട് വിഭാഗങ്ങളിലും പെടാത്തതെല്ലാം. വ്യക്തമായ ചില നിയന്ത്രണങ്ങൾക്കു വിധേയമായി ഭരണനിർവഹണാധികാരം ദിവാനിൽ നിക്ഷിപ്തമായിരിക്കുന്നു. അവയിൽ ചിലത് താഴെ കുറിക്കുന്നു:
എ) തിരുമനസ്സിന്റെ അനുമതി ഇല്ലാതെ 100 രൂപയ്ക്കുമേൽ ചെലവുചെയ്യാൻ ദിവാന് കഴിയില്ല (ഈയിടെ വരെ 10 രൂപയായിരുന്നു ഈ പരിധി).
ബി) 30 രൂപയോ അതിനുമേലോ ശമ്പളമുളള ഒരു തസ്തികയിലേയ്ക്കും നിയമനം നടത്താൻ ദിവാന് കഴിയില്ല.
സി) തിരുമനസ്സിന്റെ അനുമതിയില്ലാതെ ഒരു നികുതി വരുമാനവും ദിവാന് എഴുതിത്തളളാൻ കഴിയില്ല.
‘7. വ്യക്തവും ആചാരാനുസൃതവുമായ മറ്റ് ഒട്ടേറെ പരിമിതികളുണ്ട്; ഒരു ദിവാനും അവഗണിക്കാനാവില്ല അവ. തീർച്ചയായും, ദിവാന്റെ ഭരണനിർവഹണാധികാരം ഇനിയും പരിമിതമാക്കാനോ വിപുലമാക്കാനോ തിരുമനസ്സിന് കഴിയും.
‘8. എന്നാൽ, ഈ നിയന്ത്രണങ്ങൾ എത്രയധികമാകട്ടെ, എവിടെയെങ്കിലും ഒരു അതിർത്തിരേഖ വരയ്ക്കേണ്ടതുണ്ട് എന്നത് വ്യക്തമാണ്. തിരുമനസ്സിന്റെ സഹജമായ ഗവൺമെന്റധികാരങ്ങൾ ദിവാനെ ചുമതലയേൽപ്പിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ടതുണ്ട്; തിരുമനസ്സിന്റെ സഹജമായ നീതിന്യായ അധികാരങ്ങൾ അപ്പീൽ കോടതിയെ ചുമതലയേൽപ്പിച്ചപോലെ. ഇത് അംഗീകരിച്ചാൽ ഇതിന്റെ തുടർച്ചയായി വരുന്ന ഒരു കാര്യമുണ്ട്: എവിടെയൊക്കെ ‘ഗവൺമെൻറ്' എന്നോ ‘തിരുമനസ്സിന്റെ ഗവൺമെൻറ്' എന്നോ ഉപയോഗിക്കുന്നുണ്ട്, അതൊക്കെ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് ദിവാനെയാണ്; ദിവാന്റെ ഏതെങ്കിലും ഭരണനടപടിയെ ചോദ്യംചെയ്യാൻ അനുവദിക്കപ്പടാവുന്ന ഏക വ്യക്തി തിരുമനസ്സാണ്.
‘‘സവിശേഷ കാര്യങ്ങൾ ഉണ്ടാകുമ്പോൾ തിരുമനസ്സിന്റെ പേരിൽ ഉത്തരവുകൾ പുറപ്പെടുവിയ്ക്കുംമുൻപ് തിരുമനസ്സിന്റെ ഉത്തരവുകൾ പരിഗണിയ്ക്കേണ്ടത് ഭരണം നടത്തുന്ന ദിവാന്റെ കടമയാണ്’’
‘9. മേൽ കുറിച്ച നിലപാട്, എന്നെ ദിവാനായി നിയമിച്ചു വിളംബരപ്പെടുത്തിയ തീട്ടുരത്തിലെ എഴുത്തുമായി പൊരുത്തപ്പെടുന്നുണ്ട്. ആ തീട്ടുരത്തിന് എന്റെ സെക്രട്ടറി ഉണ്ടാക്കിതന്ന ഒരു തർജമ താഴെ ചേർക്കുന്നു.
‘നമ്മുടെ രാജഗോപാല ചാരിയർക്ക്: ‘മുൻ ദിവാൻ സുബ്രഹ്മണ്യൻ തന്റെ രാജി സമർപ്പിച്ചതിനാൽ; താങ്കൾ, രാജഗോപാല ചാരിയർ, ആ സ്ഥാനത്ത് ഇന്നുതൊട്ട് നിയമിയ്ക്കപ്പടുന്നതിനാൽ: ബ്രിട്ടിഷ് സർക്കാരിനുളള കൊച്ചി രാജ്യത്തിന്റെ കപ്പം ആണ്ടുതോറും താങ്കൾ നൽകേണ്ടതാണ്. ആ സർക്കാർ നമ്മിൽ അർപ്പിച്ചട്ടിളള സ്നേഹത്തിനും വിശ്വാസത്തിനും കോട്ടം തട്ടാത്തവിധം ആവശ്യമായ എല്ലാ കാര്യങ്ങളും ബ്രിട്ടിഷ് റെസിഡന്റുമായി ചർച്ചചെയ്ത് താങ്കളുടെ ചുമതലകൾ നിർവഹിയ്ക്കേണ്ടതാണ്: ദേവസ്വങ്ങൾക്കും ഊട്ടുപുരകൾക്കും തണ്ണീർപന്തലുകൾക്കുമുളള പരമ്പരാഗത അലവൻസുകളും മറ്റു ദാനധർമങ്ങളും, അതുപോലെ നമ്മുടെ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം, വിശേഷാൽ കാര്യങ്ങൾക്കുളള ചെലവ് എന്നിവ നൽകേണ്ടതാണ്: ഇക്കാര്യങ്ങൾ നമ്മെ അറിയിക്കുകയും നമ്മുടെ ഉത്തരവുകളനുസരിച്ചു പ്രവർത്തിക്കുകയും പതിവു കണക്കുകൾ നമ്മുക്കു സമർപ്പിയ്ക്കുകയും ചെയ്യേണ്ടതാണ്: താങ്കളുടെ ഒഫിസിനുള്ള ശമ്പളം കൈപ്പറ്റുകയും, നമ്മുടെ ഉത്തരവുകൾക്കനുസരിച്ചു താങ്കൾ സ്വയം വിശ്വസ്തതയോടെ പ്രവർത്തിയ്ക്കുകയും ചെയ്യേണ്ടതാണ്.' [...]
‘12. സവിശേഷ കാര്യങ്ങൾ ഉണ്ടാകുമ്പോൾ തിരുമനസ്സിന്റെ പേരിൽ ഉത്തരവുകൾ പുറപ്പെടുവിയ്ക്കുംമുൻപ് തിരുമനസ്സിന്റെ ഉത്തരവുകൾ പരിഗണിയ്ക്കേണ്ടത് ഭരണം നടത്തുന്ന ദിവാന്റെ കടമയാണ്.' (Raja's File 1898, Book1, pp.183-188, Regional Archives, Ernakulam).
ഒരാഴ്ച കഴിഞ്ഞ് 24.2.1898-ന് ദിവാൻ എറണാകുളത്തുവച്ച് രാജാവിന് എഴുതിയ കത്ത്, 13-ാം മുറ തമ്പുരാന്റെ (13th prince's) കൊട്ടാരം പണി നടത്തുന്ന കോൺട്രാക്റ്റർ ഭട്ടതിരിയെപ്പറ്റിയാണ് (മുൻ ഫയൽ, പേ. 216). അന്നുതന്നെ ദിവാൻ എറണാകുളത്തുവച്ച് ചീഫ് സർക്കാർ വക്കീലിന് എഴുതിയ കത്തിൽ, ‘മനഃസ്സാക്ഷിക്കുത്തില്ലാത്ത ഒരു കോൺട്രാക്റ്റർ മൂലം [സർക്കാർ] വഞ്ചിയ്ക്കപ്പെട്ടിരിക്കയാണ്' എന്നു കാണുന്നു (അതേ പേജ്).
ദിവാന്റെ അധികാരങ്ങളെ ചീഫ് എൻജിനീയർ ചോദ്യം ചെയ്യുന്നതാണ് 4.3.1898-ന്റെ ഒരു രേഖ (മുൻ ഫയൽ, പേ.243).
ദിവാനും ജഡ്ജിമാരും തമ്മിലുളള വഴക്ക് വെളിവാക്കുന്നു 12.3.1898-ന്റെ ഒരു രേഖ (മുൻ ഫയൽ, പേ. 259).
രാജാവിന് ‘എഫ്.എം.യു.' എന്ന ബഹുമതി (Fellow of Madras University) നൽകുന്നതിനെപ്പറ്റി 23.3.1898 -ന്റെ ഒരു രേഖയിലുണ്ട് (മുൻ ഫയൽ, പേ. 229). ഒന്നര മാസമെത്തിയപ്പോൾ, കാഞ്ഞിരപ്പിളളിയിൽ ക്യാംപ് ചെയ്യുമ്പോൾ, 6.5.1898-ന് രാജാവ് ദിവാന് എഴുതിയ തത്സംബന്ധമായ അർധ ഔദ്യോഗിക കത്ത് (D.O. 155) രസകരമാണ്: ‘എന്റെ പ്രിയ ദിവാൻ, യൂണിവേഴ്സിറ്റി രജിസ്ട്രാറിൽ നിന്ന് എനിക്കു കിട്ടിയ ഒരു കത്താണ് ഇതോടൊപ്പമുളളത്. എനിക്ക് ഒരു പുതിയ ബഹുമതി നൽകുന്നതായി വിളംബരം ചെയ്യുകയാണത്. ആരോടാണ് ഇതിന്റെ പേരിൽ ഞാൻ നന്ദി പറയേണ്ടത് എന്ന് എനിയ്ക്കറിയില്ല. രജിസ്ട്രാർക്കാണോ ഗവർണർക്കാണോ, അല്ലെങ്കിൽ അവർ രണ്ടുപേർക്കുമാണോ ഞാൻ നന്ദി പറയേണ്ടതെന്ന് താങ്കളൊന്നു പറഞ്ഞുതന്നാൽ ഉപകാരമാകും. ഈ ബഹുമതികളിൽ ചിലത് എനിക്കിഷ്ടമുള്ളവർക്കു കൈമാറാൻ എനിക്കധികാരം തന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിൽ അവയിൽ ഭൂരിപക്ഷവും ഞാൻ താങ്കളുടെ ശിരസ്സിൽ അർപ്പിയ്ക്കുമെന്നു തീർച്ച. തമാശ പറഞ്ഞതു ക്ഷമിയ്ക്കുമല്ലോ.
താങ്കളുടെ വിശ്വസ്തൻ രാമവർമ' (Raja's File1898, Book II, p.71, Re. Ar. Ekm.)
‘‘തീവണ്ടിപ്പാതയ്ക്കായി വിട്ടുതരുന്ന സ്ഥലത്തിന്റെ റവന്യൂ തിട്ടപ്പെടുത്തുന്നതിൽ തിരുവതാംകൂർ ഉന്നയിച്ച അവകാശവാദത്തിന്മേൽ റസിഡന്റിന്റെ അവസാന മറുപടി പ്രതീക്ഷിയ്ക്കയാണു ഞാൻ. തീവണ്ടിപ്പാത എറണാകുളം വരെയോ കരുപ്പടന്ന വരെയോ വേണമെന്ന പ്രശ്നം ആ മറുപടിയെ ആശ്രയിച്ചാണിരിക്കുന്നത്'’
മൂന്നാം നാൾ, 8.5.1898-ന്, ദിവാൻ പി. രാജോപാലചാരി എറണാകുളത്തുവച്ച് രാജാവിന് എഴുതിയ രഹസ്യ കത്തിൽ തന്റെ ഗുരുതരമായ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നു: ‘എന്റെ ആരോഗ്യസ്ഥിതി വഷളായെന്ന് തിരുമനസ്സിനെ അറിയിക്കേണ്ടിവന്നതിൽ അങ്ങേയറ്റം ഖേദമുണ്ട്. അതിനാൽ, എന്റെ മുന്നിലുളള അവസാന പോംവഴി, അവകാശ അവധി എടുത്ത് ഒരു മാറ്റവും പൂർണവിശ്രമവും തരപ്പെടുത്തുക എന്നതാണ്. അതിന് അങ്ങയുടെ അനുമതി തേടുക മാത്രമേ എനിക്കു കരണീയമായുളളു. [...] എന്നത്തെയും പോലെ [?] ശക്തിയായ മലമ്പനിയുണ്ട് എനിയ്ക്ക്. തീവണ്ടിപ്പാതയ്ക്കായി വിട്ടുതരുന്ന [ആലുവായിലെ] സ്ഥലത്തിന്റെ റവന്യൂ തിട്ടപ്പെടുത്തുന്നതിൽ തിരുവതാംകൂർ ഉന്നയിച്ച അവകാശവാദത്തിന്മേൽ റസിഡന്റിന്റെ അവസാന മറുപടി പ്രതീക്ഷിയ്ക്കയാണു ഞാൻ. തീവണ്ടിപ്പാത എറണാകുളം വരെയോ കരുപ്പടന്ന വരെയോ വേണമെന്ന പ്രശ്നം ആ മറുപടിയെ ആശ്രയിച്ചാണിരിക്കുന്നത്' (മുൻ ഫയൽ, പേ.72-76).
മൂന്നാം നാൾ, 10.5.1898-ന് രാജാവ് കാഞ്ഞിരപ്പിള്ളിയിൽ വച്ച് ദിവാന് എഴുതിയ മറുപടി (D.O. 159) യിൽ നിന്ന്: ‘കീഴുദ്യോഗസ്ഥർ ഇപ്പോൾ കണിശമായും ചിട്ടയായും പണിയെടുക്കുന്നത് മുഖ്യമായും ശിക്ഷാഭയം കൊണ്ടാണ്; അല്ലാതെ, അവരുടെ നിയാനുസൃത ജോലി സത്യസന്ധമായും ആത്മാർഥമായും ചെയ്യണമെന്നു സ്വമനസാലെയുണ്ടാകുന്ന ആഗ്രഹം കൊണ്ടോ [മറ്റു] വല്ല കർത്തവ്യബോധം കൊണ്ടോ അല്ല. അതുകൊണ്ട്, ജോലിയിൽ ഉഴപ്പുമ്പോൾ തങ്ങളെ നിരന്തരം കഷ്ടപ്പെടുത്തുന്ന കരുത്തുറ്റ കൈകളെ കുറച്ചുകാലം പേടിക്കാനില്ലെന്ന് അറിയുന്ന നിമിഷം തൊട്ട് അവർ തങ്ങളുടെ പഴയ മടിയൻ സ്വഭാവത്തിലേക്കു വഴുതിവീഴുമെന്നാണ് ഞാൻ ശങ്കിയ്ക്കുന്നത്. അതിൽ നിന്ന് അവരെ വീണ്ടും ഉണർത്താൻ എത്രമാത്രം അപ്രിയ കാര്യങ്ങളും നാം നേരിടേണ്ടി വരുമെന്ന് എനിയ്ക്കറിയില്ല. ഇതെല്ലാം ആലോചിയ്ക്കുമ്പോൾ, നിമിഷനേരത്തേയ്ക്കുപോലും താങ്കളെ വിട്ടയയ്ക്കാൻ എനിയ്ക്കു സമ്മതമില്ല. ആരോഗ്യപരമായ കാരണത്താലല്ലായിരുന്നെങ്കിൽ താങ്കൾക്ക് അവധി നിഷേധിക്കാൻ ഞാൻ മടിയ്ക്കില്ലായിരുന്നു' (മുൻ ഫയൽ, പേ.86).
ചോറ്റാനിക്കര ക്ഷേത്രകാര്യങ്ങൾ വഷളായിക്കൊണ്ടിരുന്നപ്പോൾ, 2.6.1898-ന് തൃപ്പൂണിത്തുറ വച്ച് രാജാവ് ദിവാന് എഴുതിയ കത്ത് (D.O. No. 191) താഴെ കുറിയ്ക്കുന്ന വാക്യത്താൽ സവിശേഷമാണ്: ‘ക്ഷേത്രത്തിലെ ഇപ്പോഴത്തെ മേനേജറെ എനിക്ക് കൃത്യമായി അറിയാം. അയാളെക്കാൾ വഷളായ ഒരു തെമ്മാടി കൊച്ചി രാജ്യത്തുണ്ടെന്നു ഞാൻ കരുതുന്നില്ല' (മുൻ ഫയൽ, പേ.172).
ഭക്തി മൂത്ത് പലരും രാജാവിനെ ‘മഹാരാജാവേ' എന്നു വിളിക്കുമായിരുന്നു. തനിക്ക് അർഹതയില്ലാത്ത ആ സംബോധനയെ രാജാവുതന്നെ വിലക്കേണ്ടിവന്നു. രാജഗോപാലാചാരി അവധിയിൽ പോയപ്പോൾ ആക്റ്റിങ് ദിവാനായ സ്വാമിനാഥ അയ്യർക്ക് രാജാവ് 1.7.1898-ന് ഹിൽ ബംഗ്ലാവിൽ വച്ച് എഴുതിയ കത്തിൽ നിന്ന്: ‘എന്നെ രാജാവ് എന്ന് മാത്രമേ മേലിൽ താങ്കൾ സംബോധന ചെയ്യാവൂ; മഹാരാജാവ് എന്നല്ല. ആ പദവി [‘മഹാരാജാവ്'] എനിക്ക് [ബ്രിട്ടിഷ് സർക്കാർ] ഔദ്യോഗികമായി അനുവദിച്ചുതന്നിട്ടില്ലെന്ന് താങ്കൾക്ക് അറിയാമല്ലോ. അതിനാൽ, സ്വകാര്യ- അർധ ഔദ്യോഗിക കത്തുകളിൽ പോലും അതുപയോഗിച്ചു സംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല' (Raja's File1898, Book III, p. 10). പക്ഷെ മൂന്നുനാൾ കഴിഞ്ഞ് 4.7.1898-ന് എഴുതിയ കത്തിലും അയ്യർ ഉപയോഗിച്ചത് ‘മഹാരാജാവ്' എന്ന സംബോധന തന്നെയാണ്! (മുൻ ഫയൽ, പേ.27).
ആശുപത്രികളും ഡിസ്പെൻസറികളും പരിശോധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് അയയ്ക്കാനുളള ഫോമിന്റെ കരടുരൂപം ദിവാനു (അയ്യർ) തന്നെ തിരിച്ചയച്ചു. രാജാവ് ഹിൽ ബംഗ്ലാവ് പാലസിൽ വച്ച് 7.8.1898-ന് എഴുതിയ കത്തിൽ രണ്ടു നിർദേശങ്ങളുണ്ട്: ‘ഈ സ്ഥാപനങ്ങൾ സന്ദർശിയ്ക്കാൻ സ്വദേശി ജനങ്ങൾക്കുളള സൗകര്യം' എന്നതിനോട് ‘വിശേഷിച്ച് താഴ്ന്ന ജാതിക്കാർക്ക്' എന്നു ചേർക്കുക; ‘അവർ പതിവായി വരുന്നുണ്ടോ' എന്നും ചേർക്കുക (D.O. No. 265, മുൻ ഫയൽ, പേ.161).
സെപ്റ്റംബറിൽ രാജാവിന് മദ്രാസിലേക്ക് പോകണം. യാത്രപുറപ്പെടാൻ പറ്റിയ നാൾ നിശ്ചയിയ്ക്കാൻ താൻ ഒരിയ്ക്കൽ കൂടെ പഞ്ചാംഗം നോക്കുമെന്നും ജ്യോത്സ്യനെ കാണുമെന്നും, ശുഭദിനമേതെന്ന് മൂന്നോ നാലോ നാളുകൾക്കകം ഔദ്യോഗികമായി അറിയിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണെന്നും രാജാവ് ഹിൽ ബംഗ്ലാവിൽ വച്ച് 11.8.1898-ന് ദിവാന് എഴുതിയ രഹസ്യ (D.O.N. 268) കത്തിൽ പറയുന്നു (മുൻ ഫയൽ, പേ. 171).
വനത്തിൽ ആനകളെ വെടിവയ്ക്കാൻ രാജാവ് അനുവദിയ്ക്കുന്നതാണ് 17.8.1898-ന്റെ ഒരു രേഖ (മുൻ ഫയൽ, പേ.188).
‘‘അങ്ങയ്ക്കും അമ്മ രാജാവിനും രാജകുടുംബത്തിലെ ഒട്ടേറെ അംഗങ്ങൾക്കും ഭൂമിയുണ്ടെന്ന് എനിക്ക് അറിയാമെങ്കിലും, ഇപ്പോൾ അങ്ങ് വഹിക്കുന്ന സ്ഥാനമോർത്താൽ, അങ്ങ് ഭൂമി വാങ്ങാൻ പോകുന്നത് അഭികാമ്യമല്ല എന്നാണ് എനിക്കു തോന്നുന്നത്’’
താൻ കോടച്ചേരിയിലും ചേലക്കരയിലും ഭൂമി വാങ്ങുന്നതിനെപ്പറ്റി രാജാവ് ദിവാന്റെ അഭിപ്രായം ചോദിക്കുകയാണ് 13.9.1898-ന് എഴുതിയ കത്തിൽ (മുൻ ഫയൽ. പേ. 209). അതിന് അന്നുതന്നെ ദിവാൻ രാജഗോപാലചാരി എറണാകുളത്തുവച്ച്, തൃപ്പൂണിത്തുറയിലുളള രാജാവിന് എഴുതിയ മറുപടിയിൽനിന്ന്: ‘ഭൂമി വാങ്ങുന്നതിൽ നിന്ന് തിരുമനസ്സിനെ തടയുന്ന ചട്ടമൊന്നും ഇല്ലെങ്കിലും, അത്തരമൊന്ന് ഉണ്ടാവാൻ ഇടയില്ലെങ്കിലും, അങ്ങയ്ക്കും അമ്മ രാജാവിനും രാജകുടുംബത്തിലെ [മറ്റ്] ഒട്ടേറെ അംഗങ്ങൾക്കും ഭൂമിയുണ്ടെന്ന് എനിക്ക് അറിയാമെങ്കിലും, ഇപ്പോൾ അങ്ങ് വഹിക്കുന്ന സ്ഥാനമോർത്താൽ, അങ്ങ് ഭൂമി വാങ്ങാൻ പോകുന്നത് അഭികാമ്യമല്ല എന്നാണ് എനിക്കു തോന്നുന്നത്; അങ്ങ് ഒരു ട്രസ്റ്റി മാത്രമായ ക്ഷേത്രങ്ങൾക്കും മറ്റും വേണ്ടി ഭൂമി വാങ്ങാവുന്നതാണ് താനും' (മുൻ ഫയൽ, പേ. 210).
രാജാവിന്റെ ഡയറിയിലേക്കു മടങ്ങാം:
4.7.1899 ചൊവ്വ: ഹിന്ദുവിന്റെ മുൻ എഡിറ്റർ മിസ്റ്റർ സുബ്രഹ്മണ്യ അയ്യരെ കണ്ടു, [ഉച്ചയ്ക്കുശേഷം] 3-ന്
5.7.1899: ഇംഗ്ലണ്ടിലേക്കു പോയതിന്റെ പേരിൽ കെ. രാമുണ്ണിയ്ക്ക് ചില സാമൂഹിക അവകാശങ്ങൾ നിഷേധിക്കുന്നതിനെ [ഭ്രഷ്ടനാക്കുന്നതിനെ] സംബന്ധിച്ച് ഒരു മെമ്മോയും ഒരു ഡി.ഒ.യും ദിവാന് എഴുതി.
ഇതിനു രണ്ടാഴ്ചയോളം മുൻപ് 23.6.1899-ന് രാജാവ് തൃപ്പൂണിത്തുറ വച്ച് ദിവാന് എഴുതിയ രഹസ്യ കത്തിൽ നിന്ന്: ‘ഇന്നലെ വൈകിട്ട് നമ്മൾ തമ്മിൽ കണ്ടശേഷം എനിക്കു കിട്ടിയ, വിശ്വസനീയമെന്നു വിശ്വസിയ്ക്കത്തക്ക ഒരു വിവരമനുസരിച്ച്, നമ്മുടെ ആംഗ്ലോ- നായരായ കെ. രാമുണ്ണി മേനോൻ കുറുപ്പത്ത് തറവാട്ടിലെ ഒരു ശാഖയിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ ആലോചിയ്ക്കയാണ്. അത്തരമൊരു കാര്യം സംഭവിച്ചാൽ അത് സാമൂഹികമായി നമുക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നു ഞാൻ ഭയപ്പെടുന്നു. [...] ഇക്കാര്യം തടയാനാവുമെന്ന് ഉറപ്പുളള ഒരു നടപടിയും നിർദേശിയ്ക്കാൻ എനിയ്ക്കു കഴിയുന്നില്ല.
[...] ഈ വിവാഹം നടന്നാൽ അത് നമ്മുടെ ചില സുഹൃത്തുക്കളെ ബാധിയ്ക്കും. അവർക്ക് വിവാഹത്തെപ്പറ്റി തക്കസമയത്ത് അറിവുകിട്ടുകയും, ഈ വിവാഹം മൂലം ഉണ്ടായേക്കാവുന്ന ദുഷ്ഫലങ്ങൾ ബോധ്യപ്പെടുകയും ചെയ്താൽ, വിവാഹകക്ഷികളിൽ സ്വാധീനം ചെലുത്തി ഇതു തടയാൻ അവർക്ക് കഴിഞ്ഞേയ്ക്കും. [...] ഇക്കാര്യത്തിന്റെ ഭവിഷ്യത്തുകൾ നമ്മെ ബാധിയ്ക്കില്ലായിരുന്നെങ്കിൽ നമുക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ല. എന്നാൽ, ഇത് നമുക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കുമെന്നതിനാൽ ഇതിൽനിന്ന് അപ്പാടെ വിട്ടുനിൽക്കാൻ നമുക്കാവുമോ എന്ന് എനിയ്ക്കുറപ്പില്ല. [...] ഈ വിവാഹം ഒരാഴ്ചയ്ക്കുളളിലോ മറ്റോ ആണ് നടത്താൻ ഉദ്ദേശിക്കുന്നത്.' (Raja's File 1899, Book II,p.249, Re. Ar. Ekm).
കടൽ കടന്നു പോയതിന്റെ പേരിൽ സ്വന്തം പ്രജയെ ഭ്രഷ്ടനാക്കി കല്യാണവും മുടക്കാൻ തത്രപ്പെടുന്ന ഒരു രാജാവ് വെറും നൂറുകൊല്ലം മുമ്പ് കൊച്ചിയെ ഭരിച്ചിരുന്നു! പ്രകൃതിവിരുദ്ധമായ ബ്രാഹ്മണദുരാചാരങ്ങളുടെ അന്ധനായ ഈ നടത്തിപ്പുകാരനെ ‘രാജർഷി' എന്നു ചൊല്ലിവിളിച്ച് ആമോദിയ്ക്കുന്നതാരെന്ന് ഇവിടെ ഊഹിയ്ക്കാമല്ലോ. ബ്രാഹ്മണൻ തന്നെയായ, പുരോഗമനവാദിയായ, ദിവാൻ രാജഗോപാലചാരിയ്ക്ക് കൊച്ചിയിലെ ബ്രാഹ്മണ്യത്തിന്റെ ഇരുളുമായി പൊരുത്തപ്പെടാനാവാഞ്ഞതിനാൽ, അദ്ദേഹം അന്നുതന്നെ എറണാകുളത്തുവച്ച് രാജാവിന് എഴുതിയ രഹസ്യകത്തിൽ നിന്ന്: ‘മിസ്റ്റർ രാമുണ്ണി മേനോൻ കുറുപ്പത്ത് വീട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കുന്നതിൽ നമുക്ക് എങ്ങനെ ഇടപെടാനാവുമെന്ന് എനിയ്ക്കറിയില്ല. ഇത്തരം കാര്യങ്ങളിൽ നമ്മുടെ ഇടപെടൽ ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ. തീർച്ചയായും ഞാൻ തൃപ്പൂണിത്തുറയിലേക്ക് ഓടിയെത്തി തിരുമനസ്സിനെ കണ്ടുകൊളളാം' (മുൻ ഫയൽ, പേ. 251).
8.8.1899-ചൊവ്വ: പി. ഗോപാലനെ കണ്ടു. വിടുവായത്തംകൊണ്ട് അയാൾ രണ്ടു മണിക്കൂറോളം എന്നെ സ്വൈര്യം കെടുത്തി [ഉച്ചയ്ക്ക് 2-നു ശേഷം]. പറഞ്ഞുവിടാൻ പല വഴിക്കും ഞാൻ നോക്കിയെങ്കിലും അയാൾ എന്നെ വിട്ടില്ല.
11.8.1899: രാവിലെ അത്തച്ചമയഘോഷയാത്രയിൽ പങ്കെടുത്തു. പ്രധാന ഉദ്യോഗസ്ഥരും രാജകുമാരന്മാരുമുണ്ടായിരുന്നു അതിൽ. ഘോഷയാത്രയും സമ്മാനദാനവും 9 മണിയോടെ അവസാനിച്ചു.
13.8.1899 ഞായർ: മിസ്റ്റർ എം. ഗോപാലനെ ദിവാന്റെ ഓഫിസിൽ 45 രൂപ [ശമ്പളം] യുള്ള രണ്ടാം ഗുമസ്തനായി തരംതാഴ്ത്താൻ ശുപാർശചെയ്ത് ദിവാൻ റെസിഡന്റിന് എഴുതിയ ഡി.ഒ.യും അത് അംഗീകരിച്ചു റെസിഡൻറ് എഴുതിയ മറുപടിയും അടങ്ങിയ കവർ ദിവാനിൽ നിന്നു കിട്ടി.
രണ്ടാം ഗുമസ്തന്റെ ഈ 45 രൂപ ശമ്പളവും, രാജാവിന്റെ രണ്ടാം ഭരണവർഷമായ 1072-ലെ 10 മാസത്തേയ്ക്ക് (1897) തൃപ്പൂണിത്തുറ കണ്ണൻകുളം ഊട്ടുപുരയിൽ (ദുർ) ചെലവായ 18,087 രൂപയും തമ്മിലൊന്ന് ഒത്തുനോക്കുന്നത് രസകരമാണ്. അതിനേക്കാൾ ‘രസ'-കരമാണ്, പിന്നെയും 30-ഓളം കൊല്ലം കഴിഞ്ഞിട്ടും കൊച്ചിയിലെ ഒരു സർക്കാർ പ്യൂണിനു കിട്ടിയിരുന്ന വെറും ഒൻപത് രൂപ ശമ്പളത്തെ (Cochin Legislative Council Proceedings: 5.4.1927, Vol, III, Part:118, p. 832) മേൽ തുകകളുമായി ഒത്തുനോക്കുന്നത്!
14.8.1899 തിങ്കൾ: തൃശൂരിലെ ഒരാളിൽ നിന്ന്, അബ്കാരി കോൺട്രാക്റ്റ് നൽകാൻ അപേക്ഷിക്കുന്ന ടെലിഗ്രാം കിട്ടി.
15.8.1899: അതേ ആളിൽ നിന്ന് അതേ കാര്യത്തിന് മറ്റൊരു ടെലിഗ്രാം കിട്ടി. അതും അഭിപ്രായത്തിനായി ദിവാന് അയച്ചു. ▮
(രാജാവ് ഇംഗ്ലീഷിൽ എഴുതിയ ഡയറിക്കുറിപ്പുകൾ തർജ്ജമ ചെയ്താണ് ഇവിടെ ചേർക്കുന്നത്. തിരഞ്ഞെടുത്ത ചില ദിനക്കുറിപ്പുകളേ പകർത്തുന്നുള്ളൂ. വേണ്ടിടത്തു മാത്രം, സ്‌ക്വയർ ബ്രാക്കറ്റിൽ, വിശദീകരണം നൽകുന്നുണ്ട്. വ്യക്തമല്ലാത്ത ഭാഗങ്ങളാണ് സ്‌ക്വയർ ബ്രാക്കറ്റിൽ കുത്തുകളായി സൂചിപ്പിച്ചിരിക്കുന്നത്)
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.