ഇന്ത്യൻ റെയിൽവേയിൽ (Indian Railway) കമ്പ്യൂട്ടർവൽക്കരണം (Comuputerisation) നടപ്പിലാക്കാൻ സാധിച്ചത് ഏറെ ബുദ്ധിമുട്ടേറിയ ശ്രമങ്ങൾക്കൊടുവിലാണ്. മറ്റ് പല മേഖലകളിലുമെന്ന പോലെ റെയിൽവേയിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർക്കും എല്ലാം കമ്പ്യൂട്ടറിലേക്ക് മാറുന്നതിനോട് വിയോജിപ്പായിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതലേയുള്ള ശീലം മാറുന്നത് ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. മൗസ് തൊടുന്നത് പോലും പലർക്കും ഭയമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് സങ്കൽപിക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ് അന്ന് സംഭവിച്ചത്. റെയിൽവേയിലെ കമ്പ്യൂട്ടർവൽക്കരണത്തെ തുടക്കകാലത്ത് പിന്തുണയ്ക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തവരിൽ ഒരാളായിരുന്നു മുൻ ചീഫ് റെയിൽവേ കൺട്രോളറും എഴുത്തുകാരനുമായ ടി.ഡി.രാമകൃഷ്ണൻ (T.D. Ramakrishnan). റെയിൽവേയിലെ കമ്പ്യൂട്ടർവൽക്കരണത്തിൻെറ കാലത്ത് ഉണ്ടായ ചില രസകരമായ സംഭവങ്ങൾ ട്രൂ കോപ്പി തിങ്കിന് നൽകിയ ട്രൂ ടോക്കിൽ വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം.
“ആദ്യമായി ഇന്ത്യൻ റെയിൽവേയിൽ കമ്പ്യൂട്ടറൈസ് ചെയ്ത കൺട്രോൾ ഓഫീസ് പാലക്കാട് ഡിവിഷനിലെയാണ്. റെയിൽവേ കുറേയൊക്കെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഇതൊരു പഴഞ്ചൻ സംവിധാനമാണല്ലോ നമ്മൾ ചെയ്യുന്നതെന്ന തോന്നൽ എന്റെ ഉള്ളിലുണ്ടായിരുന്നു. നാലഞ്ച് തരം കളറിലുള്ള പേനയും കുറേ റബ്ബറുകളും ഉപയോഗിച്ചാണ് അപ്പോഴും ജോലി ചെയ്തിരുന്നത്. കമ്പ്യൂട്ടർ വന്ന കാലത്താണല്ലോ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ഇത് മാറേണ്ടതല്ലേ, ഇതിലൊരു മാറ്റം വരേണ്ടതല്ലേ എന്ന തോന്നൽ വളരെക്കാലമായി തന്നെ മനസ്സിലുണ്ടായിരുന്നു,” അക്കാലത്തെക്കുറിച്ച് ടി.ഡി.രാമകൃഷ്ണൻ ഓർക്കുന്നു.
പാലക്കാട് ഓപ്പറേഷൻസ് മാനേജരായി പുതിയൊരു ചീഫ് ചാർജ്ജെടുക്കുന്നതോടെയാണ് മാറ്റങ്ങൾക്ക് തുടക്കമാവുന്നത്. ഐ.ഐ.ടി മദ്രാസിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞെത്തിയ അദ്ദേഹം സാങ്കേതിക വിദ്യയെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയായിരുന്നുവെന്ന് ടി.ഡി രാമകൃഷ്ണൻ ഓർക്കുന്നു. റെയിൽവേയിൽ കൺട്രോൾ വിഭാഗം കമ്പ്യൂട്ടറൈസ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് പുതിയ ചീഫ് വിളിച്ചുചേർത്ത യോഗത്തിൽ ടി.ഡിയാണ് അവതരിപ്പിക്കുന്നത്. ഇത് തനിക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സംഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അന്ന് റിസർവേഷനൊക്കെ കമ്പ്യൂട്ടറൈസ്ഡ് ആയിരുന്നു. കൺട്രോൾ കമ്മ്യൂണിക്കേഷൻ കമ്പ്യൂട്ടറൈസ് ചെയ്യേണ്ടതാണ്. അത് റെയിൽവേയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും ഞാൻ യോഗത്തിൽ പറഞ്ഞു,” ടി.ഡി. രാമകൃഷ്ണൻ വിശദീകരിക്കുന്നു.
റെയിൽവേ കൺട്രോളിൽ കമ്പ്യൂട്ടറൈസേഷൻ വേണമെന്ന വാദം കാര്യമായി ഉയർന്നിരുന്ന ഒരു കാലമായിരുന്നു അത്. പാലക്കാട്ടെ പുതിയ ചീഫും ഇതേ അഭിപ്രായക്കാരനായിരുന്നു. ആ സമയത്ത് ഇന്ത്യൻ റെയിൽവേയിൽ എവിടെയും കൺട്രോൾ ചാർട്ടിങ് കമ്പ്യൂട്ടറൈസ് ചെയ്തിട്ടില്ലായിരുന്നു. 2000-ന്റെ തുടക്കക്കാലത്താണിത്. കമ്പ്യൂട്ടറൈസ് ചെയ്യാനുള്ള നിർദ്ദേശം ഞാൻ മീറ്റിങ്ങിൽ പറഞ്ഞപ്പോൾ തന്റെ ഒപ്പമുള്ള സീനിയേഴ്സ് വലിയ തോതിൽ വിമർശിച്ചതായും ടി.ഡി ഓർക്കുന്നു. “എന്താ നിങ്ങടെ വിചാരം? ബ്രിട്ടീഷുകാരുടെ കാലം മുതൽ പിന്തുടരുന്ന രീതിയാണിത്. അവരൊന്നും കാണാതെ ഇതൊന്നും ചെയ്യില്ല. ഈ നാല് കളറുള്ള റബ്ബറും പേനയും പെൻസിലുമൊന്നും ഒന്നും കാണാതെ കൊണ്ടുവന്നതൊന്നുമല്ല. എത്ര പെർഫെക്ടായാണ് ഇപ്പോൾ നമ്മൾ കാര്യങ്ങൾ ചെയ്യുന്നത്? കമ്പ്യൂട്ടറിൽ ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നുണ്ടോ? കമ്പ്യൂട്ടറിന് ഇതപോലെ ഒരു പ്ലാൻ ഉണ്ടാക്കി വരയ്ക്കാൻ പറ്റുമോ?,” ഇങ്ങനെ ചോദ്യശരങ്ങളുമായാണ് ഒരു കൂട്ടർ ടി.ഡിക്കെതിരെ തിരിഞ്ഞത്.
“വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. കമ്പ്യൂട്ടർവൽക്കരണം ഒരു തരത്തിലും പ്രായോഗികമല്ലെന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. കമ്പ്യൂട്ടറൈസ് ചെയ്യുന്നത് വലിയ മണ്ടത്തരമാണെന്നും വലിയ അബദ്ധങ്ങൾ സംഭവിക്കുമെന്നൊക്കെ വിശ്വസിച്ച ആളുകളുണ്ടായിരുന്നു. അത് സുരക്ഷയെ ബാധിക്കും എന്നൊക്കെ പലരും പറഞ്ഞു. എതിർപ്പ് ഉന്നയിച്ചവരിൽ പലരും കമ്പ്യൂട്ടർ ഉപയോഗിക്കാത്തവരും അതിനെ ഭയത്തോടെ കാണുന്നവരും ആയിരുന്നു. മൗസ് തൊടാൻ പോലും ചിലർക്ക് ഭയമായിരുന്നുവെന്ന് ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. “കൺട്രോൾ ചാർട്ടിനെ പവിത്രമായ എന്തോ ആയിട്ടാണ് കണക്കാക്കിയിരുന്നത്. റെയിൽവേയിൽ എന്തെങ്കിലും അപകടങ്ങളോ മറ്റോ ഉണ്ടായാൽ തെളിവിന് വേണ്ടി കൊണ്ടുപോയിരുന്ന പ്രൈമറി ഡോക്യുമെൻറാണിത്. എല്ലാ വിവരങ്ങളും എഴുതി വെച്ചിരുന്നത് കൺട്രോൾ ചാർട്ടിലാണ്. ഇതുപോലെ കമ്പ്യൂട്ടറിൽ എഴുതാൻ സാധിക്കുമോ? ഇനി എഴുതിയാൽ തന്നെ കമ്പ്യൂട്ടർ ചിലപ്പോൾ പ്രവർത്തിക്കാതെ പോയാൽ എന്ത് ചെയ്യും? കമ്പ്യൂട്ടറിൽ ആർക്കും എന്ത് വേണമെങ്കിലും എഴുതിക്കൂടേ?,” ഇങ്ങനെ ആശങ്കകൾക്ക് ഒരു കുറവുമില്ലായിരുന്നുവെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
ചാർട്ടുകൾ കൺട്രോളർമാരുടെ കയ്യിൽ നിന്ന് ബലമായി എടുത്ത് കൊണ്ടുപോയി നിർബന്ധമായി കമ്പ്യൂട്ടറിൽ വർക്ക് ചെയ്യിപ്പിച്ചാണ് കമ്പ്യൂറൈസേഷനിലേക്ക് മാറിയത്. ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് മാറാനുള്ള ആളുകളുടെ വൈമുഖ്യത്തെ താൻ കുറ്റമായി പറയുകയല്ലെന്നും ടി.ഡി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കമ്പ്യൂട്ടർ ഉപയോഗിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ കാര്യങ്ങൾ മാറി. എല്ലാവരും കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം നേടി. ഇപ്പോൾ കമ്പ്യൂട്ടർ ഇല്ലാത്ത ഒരു കൺട്രോൾ ഓഫീസിനെക്കുറിച്ച് ചിന്തിക്കാൻ വയ്യാത്ത അവസ്ഥയാണ്…
ടി.ഡി@ട്രെയിൻ എപിസോഡിന്റെ പൂർണരൂപം കാണാം: