അറുകൊലക്കാവിൽനിന്ന്​
ന്യൂ ബെറിയിലേക്ക്​

നരബലിയുടെ ചോരപ്പാടുകളിലൂടെ

​ആരാധനയുടെ ഭാഗമായി നരബലി നിലനിൽക്കുന്ന സമൂഹങ്ങൾ ഇന്നില്ലെങ്കിലും ചടങ്ങുകളുടെ സഹായത്തോടെയും സാമൂഹിക സമ്മതിയോടെയും അധികാരമുള്ള ഒരു വർഗം ദുർബല മനുഷ്യരിൽ നടത്തുന്ന മനുഷ്യക്കുരുതികളെ നരബലിയായി തന്നെ കരുതേണ്ടി വരും. നരബലിയുടെ പ്രദർശന കേന്ദ്രമായിരുന്ന ന്യൂ ബെറി എന്ന നഗരത്തിന്റെ ചരിത്രത്തിലൂടെ, കുരുതികളുടെ സാമൂഹികശാസ്​ത്രം വിശകലനം ചെയ്യുന്നു.

റാക്ക് കുവൈറ്റിനെ ആക്രമിച്ച 1990ലെ വേനൽക്കാലത്താണ് ഞാൻ ‘നരബലി' എന്ന്​ ആദ്യമായി കേൾക്കുന്നത്.

ചെമ്മണ്ണ് നിറഞ്ഞ, അടക്കമരങ്ങൾ കാവൽ നിൽക്കുന്ന നിരത്തിലൂടെ നേതാജി സ്മാരക വായനശാലവരെ പോയി വരാനുള്ള ഒന്നര മണിക്കൂറിന്റെ സ്വാതന്ത്ര്യം ഞാൻ നേടിയെടുക്കുന്നതും ആ വേനൽക്കാലത്താണ്. വായനശാലയിലെ പൊടിയൻ അലമാരക്കുള്ളിലെ ബിലാത്തിക്കാരൻ ഷെർലക് ഹോംസിന്റെയും, ബെൽജിയംകാരൻ പൊയ്റോട്ടിന്റെയും മലയാളീകരിച്ച വേർഷനുകൾ സ്വന്തമാക്കാൻ തക്കവണ്ണം വായനശാലാലെഡ്ജറിലെ എന്റെ ഒപ്പിന്​ ആ സമയം പ്രായപൂർത്തിയായിരുന്നു. പക്ഷെ, ഒരു വർഷത്തെ വായനശാലാ മെമ്പർഷിപ്പ്​തുകയായ 12 രൂപ ഒന്നിച്ചടക്കാൻ ലൈബ്രറേറിയനായ ഹരിയണ്ണൻ മുന്നറിപ്പ് തന്നതോടെ ആ തുക സ്വയം കണ്ടെത്താൻ തോക്ക പറയ്ക്കാ​ൻ റബ്ബർ തോട്ടത്തിലേക്കിറങ്ങിയ ദിവസമായിരുന്നു അത്.

തോട്ടത്തിന്റെ പടിഞ്ഞാറേവശത്ത്​, റബർ മരങ്ങളുടെ കൊളോണിയൽ അധിനിവേശത്തെ ചെറുത്തുതോൽപ്പിച്ച്, മഹാമരങ്ങളുടെ ഒരു കൂട്ടം, ദ്വീപുപോലെ നിലനിൽക്കുന്നുണ്ട്. ‘അറുകൊലക്കാവ്​’ എന്ന്​ ആളുകൾ പേടിയോടെ വിളിക്കുന്ന ആ മരക്കൂട്ടത്തിലേക്ക്​ ഞാൻ തോക്ക പറക്കി നടന്നടുക്കുന്നത് പശുവിന്​ പുല്ലു പറിക്കാൻ വന്ന അമ്മൂമ്മ ദൂരെനിന്ന് കാണുന്നു. സ്വതവേ വാത്സല്യത്തോടെ എന്നോടിടപെടാറുള്ള അച്ഛന്റമ്മ അന്ന് ദേഷ്യം കൊണ്ട് ജ്വലിച്ചു. ‘നിന്നോടൊറ്റയ്ക്കിവിടെ വരരുതെന്ന് പറഞ്ഞിട്ടില്ലേ; അവിടെ ചാവുകളുണ്ടെടാ' എന്ന് ഒച്ച താഴ്ത്തി ഇതുവരെ കേൾക്കാത്ത ഒരു വിറച്ച ഒച്ചയിൽ അവർ എനിക്ക് മുന്നറിയിപ്പ് തന്നു. അതിലും ഒച്ച താഴ്ത്തി അന്തരീക്ഷത്തിൽനിന്ന് ഞങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന മട്ടിൽ ചുറ്റും നോക്കി അമ്മൂമ്മ വീണ്ടും കൂട്ടിച്ചേർത്തു; ‘നരബലി ഉണ്ടാരുന്ന സ്ഥലാണ്. ചില വെച്ചാരാധനയൊക്കെയുണ്ട്. അങ്ങോട്ടൊന്നും ഇനി പോണ്ട.'

നരബലി ഉച്ഛനീചത്വത്തിന്​ ഒരു കാരണമായി തീരുന്നതാണോ അതോ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നതുകൊണ്ട് നരബലി ഉണ്ടായതാണോ എന്നതിന് ഇപ്പോഴും തെളിവുകളില്ല.

എ.കെ.ജിക്ക്​ ജാഥ വിളിക്കുന്ന ആത്മാക്കൾ

ഏകദേശം ഇരുപതുവർഷത്തിനുശേഷം, തികച്ചും അക്കാദമിക് ആയ താല്പര്യത്തോടെ ഞാൻ അറുകൊലക്കാവിന്റെ വിവരങ്ങൾ ശേഖരിക്കാൻ അമ്മൂമ്മയെ ഒന്നുകൂടി അഭിമുഖം നടത്തി. ഏതോ നാടുവാഴി അധികാരമുറപ്പിക്കാൻ പത്തിരുന്നൂറു വർഷം മുൻപ് നരബലി നടത്തിക്കൊണ്ടിരുന്ന സ്ഥലമാണത്രെ അറുകൊലക്കാവ്. ദേവീപ്രീതിക്കായി മലയരെ പിടിച്ചുകൊണ്ടുവന്ന്​ നാടുവാഴിക്ക്​ അധികാരമുറപ്പിക്കാൻ അവരെ കുരുതി കൊടുത്തിരുന്ന സ്ഥലം. ദിവസവും നട്ടുച്ചക്കും പാതിരാത്രിയിലും അറുകൊലക്കാവിന്റെ ദുരൂഹ അന്തരീക്ഷത്തിൽ കാലത്തിന്റെ ഒരു വിടവ് പ്രത്യക്ഷപ്പെടും. ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് വിടരുന്ന വിചിത്രമായ ഒരു പോർട്ടൽ! അതിലൂടെ ബലിയായ മലയന്മാരുടെ ആത്മാക്കൾ പുറത്തിറങ്ങി ഒരു പന്തം കൊളുത്തി പ്രകടനം നടത്തും. നട്ടുച്ചക്ക് വെയിൽ വാൾ വെട്ടുന്ന നേരം അറുകൊലക്കാവിലേക്കു സൂക്ഷിച്ചുനോക്കിയാൽ മൃഗതൃഷ്​ണ പോലെ അന്തരീക്ഷത്തിൽ പന്തങ്ങളുടെ ഒരു മിന്നായം കാണാനാകും. രാത്രി ഉറങ്ങാതിരുന്നാൽ ശരീരമില്ലാത്ത പന്തങ്ങളുടെ ജാഥ അറുകൊലക്കാവിന്റെ പരിസരങ്ങളിൽ കാണാം.

ഈ അമ്മൂക്കകഥയിൽ നിന്ന് ഒരു മിത്തിനെ ഉദ്​ഖനനം ചെയ്യാൻ വെമ്പിയ എനിക്ക് പിന്നീടാണ് അപകടം മണത്തത്. പ്രായം കൂടുംതോറും അമ്മുമ്മയുടെ അറുകൊലക്കാവ് വർണ്ണയിൽ പുതിയ കൂട്ടിച്ചേർക്കലുകൾ വരാൻ തുടങ്ങുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അനുപാതങ്ങൾ വിചിത്രമായി തെറ്റാൻ തുടങ്ങിയിരുന്നു, ഈ വർണനയിൽ. അതുകൊണ്ടുതന്നെ, അറുകൊലക്കാവിന്റെ മിത്തിക്കൽ ഘടനയിൽ എനിക്ക് സംശയം തോന്നാൻ തുടങ്ങി. എന്നെ വിഷമിപ്പിച്ചത് അമ്മൂമ്മയുടെ ഭാവനയായിരുന്നില്ല; മറിച്ച്, ഭാവനയിൽ യാഥാർഥ്യം കലരുന്നതായിരുന്നു.

മിത്തിനെ എത്രത്തോളം അതാതു വർത്തമാനകാലവുമായി ഘടിപ്പിച്ചുനിർത്തി എന്ന് പറയാനാകാത്ത വണ്ണം തലമുറകൾ അതിനെ രേഖകൾ അവശേഷിപ്പിക്കാതെ കൂട്ടിക്കുഴച്ചു

ഉദാഹരണത്തിന്, ഒരു തവണ അമ്മൂമ്മയുടെ വർണ്ണനയിലെ മലയന്മാരുടെ പ്രകടനത്തിൽ പന്തം മാത്രമായിരുന്നില്ല, ഒച്ചയുമുണ്ടായിരുന്നു. ‘എ.കെ.ജി, ഇ. എം. എസ്, സുന്ദരയ്യ സിന്ദാബാദ്' എന്ന് ആത്മാക്കൾ ജാഥ വിളിക്കുന്നത് കേട്ടെന്ന്​ അമ്മൂമ്മയൊരിക്കൽ എന്റെ കയ്യിലടിച്ചു സത്യം ചെയ്തപ്പോൾ എനിക്ക് നിരാശയും ദേഷ്യവും ഒരുമിച്ചു വന്നു. മിത്ത് എന്ന വാറ്റുചാരായത്തെ വർത്തമാന യാഥാർഥ്യത്തിന്റെ വെള്ളമൊഴിച്ച് പല തലമുറകൾ എത്ര തവണ നേർപ്പിച്ചിട്ടുണ്ടാകും എന്ന് വിലയിരുത്തിയപ്പോൾ എന്റെ അറുകൊലക്കാവ് - നരബലി പ്രോജക്ടിന്റെ അക്കാദമിക് സാധ്യത അലിഞ്ഞില്ലാതായി.

ഒരു പെറ്റി കേസ് മാത്രം ചാർജ് ചെയ്യാൻ പറ്റാവുന്ന നിസ്സാര കുറ്റങ്ങളാണ് നരബലിയായി പരിണമിക്കുക. മിക്ക ചടങ്ങുകൾക്കും അതിനകം ചില പാറ്റേണുകൾ ഉണ്ടായിവന്നിരുന്നു.

നരബലിയും സാമൂഹിക അധികാരപദവിയും

നമ്മുടെ ഒട്ടുമിക്ക മിത്തുകളുടെയും ഗതിയിതാണ്. മിത്തിനെ എത്രത്തോളം അതാതു വർത്തമാനകാലവുമായി ഘടിപ്പിച്ചുനിർത്തി എന്ന് പറയാനാകാത്ത വണ്ണം തലമുറകൾ അതിനെ രേഖകൾ അവശേഷിപ്പിക്കാതെ കൂട്ടിക്കുഴച്ചു. ഏതായാലും, കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ ചടങ്ങുകളിലിപ്പോഴും നരബലിയുടെ നിഴലുകൾ വീണുകിടപ്പുണ്ട്. അടൂർ ഏഴംകുളം അമ്പലത്തിൽ, ഞാൻ കുട്ടിക്കാലത്തു മിഴിച്ചുനോക്കിനിന്നിട്ടുള്ള തൂക്കം എന്നൊരു ചടങ്ങുണ്ട്. മനുഷ്യരെ വലിയ തേരിൽ തൊലി തുളച്ച്​ തൂക്കിയിടുന്ന വിചിത്രാനുഷ്ഠാനമാണത്. മനുഷ്യരക്തം നേർച്ചയുള്ള ഉഗ്രരൂപികളായ പഴയ ദേവീസങ്കൽപ്പങ്ങൾക്ക്​ വഴിപാടായി നരബലി നിലനിന്നിരുന്ന വിഹാരങ്ങളിൽ, ആ ചടങ്ങിനെ നേർപ്പിച്ചെടുത്തതാണ് തൂക്കം എന്നൊരു ഐതിഹ്യമുണ്ട്. നാട്ടിലെ അമ്മൂമ്മ കുശുകുശുക്കുകൾക്കപ്പുറം, എത്ര സത്യം - എത്ര കള്ളം എന്നത് തിരിച്ചറിയാൻ വയ്യാതെ കിടക്കുന്ന ഒരു സംസാരമാണത്. കേരള ചരിത്രത്തിൽ ആധികാരികമായി എടുക്കാവുന്ന ശാസനങ്ങളോ താളിയോലകളോ പരാമർശങ്ങളോ ഇല്ലാത്തതിനാൽ അക്കാദമിക് ആയി ആ വിഷയത്തെ സമീപിക്കാനുമാകില്ല.

കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ ചടങ്ങുകളിലിപ്പോഴും നരബലിയുടെ നിഴലുകൾ വീണുകിടപ്പുണ്ട്.

നരബലിയെ അനുസ്മരിപ്പിക്കുന്ന കേരളത്തിലെ ചില ആരാധനാരീതികളെ നരവംശശാസ്ത്രത്തിന്റെ രീതിശാസ്​ത്രമുപയോഗിച്ച്​ കേരളത്തിൽ ആദ്യമായി അഭിസംബോധന ചെയ്തത് ഫിലിപ്പോ ഒസ്സെല്ലോ എന്ന യൂണിവേഴ്‌സിറ്റി ഓഫ് സസ്സെക്‌സിലെ നരവംശ ശാസ്​ത്രജ്ഞനാണ്. (ഈയടുത്ത കാലത്ത്​ കേന്ദ്ര ഗവൺമെൻറ്​ വിസ നിഷേധിച്ചതിനാൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു). അദ്ദേഹം പൂതൻകുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ പരാമർശിച്ചു നടത്തിയ പഠനങ്ങൾ എടുത്തുപറയേണ്ടതായിട്ടുണ്ട്

നരബലിയിലൂടെ അത് ചെയ്യുന്നവരുടെ ഉയർന്ന സാമൂഹിക പദവിയും, ഇരയായ വർഗത്തിന്റെ താഴ്ന്ന പദവിയും ഒന്നുകൂടി സമൂഹത്തിൽ ഉറപ്പിക്കപ്പെടുന്നു.

സാങ്കല്പിക നരബലിയായി ദേവിക്ക് അർപ്പിക്കുന്ന കുട്ടിയുടെ രക്തം ശൂലം കുത്തി ദേവിക്കിറ്റിക്കുന്ന ചടങ്ങാണ് കുത്തിയോട്ടത്തിൽ പ്രധാനം. സങ്കല്പികമായി ബലി നൽകുന്ന കുട്ടി ജീവിച്ചിരിക്കുന്നതാണെങ്കിലും ചടങ്ങുകൾക്കുശേഷം മരിച്ച ആളാണ്. ഒരു മൃതദേഹമായി മാറിയ അവന്​ സ്‌കൂളുകളിൽനിന്ന് കാര്യമായി പരിഹാസമേൽക്കേണ്ടിവരും എന്നുമാത്രമല്ല, സമൂഹത്തിലെ ശുഭകാര്യങ്ങൾക്കൊന്നും വിളിക്കാതെ ജീവിതകാലം മുഴുവൻ ‘അശുദ്ധ' മനുഷ്യനായി പരിഗണിക്കപ്പെടും. ആ അർത്ഥത്തിൽ നരബലിയോട് ചേർന്നുനിൽക്കുന്ന ക്ഷേത്രാരാധനയിലൊന്നാണ് കുത്തിയോട്ടം.

യഥാർത്ഥത്തിൽ കുത്തിയോട്ടം സംഘടിപ്പിക്കുന്നയാളിന്റെ മകനാകണം ബലിയാക്കപ്പെടേണ്ടത്. ഭക്തി ഒരു മൂല്യാധികാരമായി സമൂഹത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത്​ അങ്ങനെ സംഭവിച്ചിരിക്കാം. തന്റെ കപടമില്ലാത്ത ദേവിഭക്തി കൊണ്ട് തനിക്ക്​ ഏറ്റവും വേണ്ടപ്പെട്ട മകനെത്തന്നെ ബലി നൽകുന്നതിലൂടെ ബലി നല്കിയാൾക്കും അയാളുടെ കുടുംബങ്ങൾക്കും സവിശേഷമായ ഒരു സാമൂഹിക അധികാരപദവിയുണ്ടാകുന്നു. ബലി വളരെ സിംബോളിക് ആയി നടത്തപ്പെടുമ്പോഴും കുത്തിയോട്ടത്തിന്റെ നടത്തിപ്പുകാരനെന്ന നിലയിൽ അയാളുടെ സാമൂഹിക പദവി ഉയരുന്നത്​ ഒസെല്ലോ നിരീക്ഷിക്കുന്നുണ്ട്.

ഫിലിപ്പോ ഒസ്സെല്ലോ

ആരാധനയുടെ ഭാഗമായി നരബലി നിലനിൽക്കുന്ന സമൂഹങ്ങൾ ഇന്നില്ലെങ്കിലും ചടങ്ങുകളുടെ സഹായത്തോടെയും സാമൂഹിക സമ്മതിയോടെയും അധികാരമുള്ള ഒരു വർഗം ദുർബല മനുഷ്യരിൽ നടത്തുന്ന മനുഷ്യക്കുരുതികളെ നരബലിയായി തന്നെ കരുതേണ്ടി വരും. ഒരു ‘spectacle', അല്ലെങ്കിൽ സ്റ്റേജ് ചെയ്യപ്പെടുന്ന കാഴ്ച എന്ന രീതിയിൽ അത് സമൂഹത്തിലുണ്ടാക്കുന്ന അർഥോൽപ്പാദനം വിലയിരുത്തുന്നത് കൗതുകകകരമായിരിക്കും. അങ്ങനെയൊരു ശ്രമമാണ് വിഷയത്തിന്റെ ആധികാരികത വിട്ടുപോകാതെ അൽപം ഫിക്ഷൻ കലർത്തി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അവതരിപ്പിക്കുവാൻ പോകുന്ന സംഭവങ്ങൾക്ക്​ ഒരു നൂറു വർഷത്തെ പഴക്കം മാത്രമേയുള്ളൂ, അതുകൊണ്ട് അവയുടെ തെളിവുകൾ നിരത്തുവാനും എളുപ്പമാണ്.

1916 ലെ ഒരു നരച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലൂടെ എനിക്കീ മരം തിരിച്ചറിയാം. അന്നീ മരത്തിൻ കൊമ്പിൽ ആറു ശവങ്ങൾ കാറ്റത്താടി നില്പുണ്ടായിരുന്നു. ന്യൂബെറിയിലെ കുറെ മനുഷ്യർ ഈ മരത്തിന്റെ ചുറ്റിലുംനിന്ന് നരബലികളുടെ കർമങ്ങൾ അനുഷ്ഠിക്കുകയായിരുന്നു.

ന്യൂബെറിയിലെ നരബലി

ഞാൻ ഇപ്പോൾ താമസിക്കുന്ന ന്യൂ ബെറി എന്ന നഗരം നരബലിയുടെ വിലക്ഷണ പ്രദർശനങ്ങളുടെ ഒരു ദേശമായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ സാങ്കല്പിക സ്ഥലമായ മക്കോണ്ടയെ ഓർമിപ്പിക്കും ഫ്ലോറിഡയിലെ ഈ ചെറുപട്ടണം. നമുക്ക് സാധാരണമായി തോന്നുന്ന കാഴ്ചകൾക്കുപുറകിൽ അസാധ്യ ചരിത്രങ്ങളുടെ ഇന്ദുപ്പ് നിറച്ചുവച്ചിട്ടുണ്ട്​ ഈ നാട്. അത്തരമൊരു കാഴ്ചയാണ് വീട്ടിൽ നിന്ന് ഒരു നൂറു മീറ്റർ ദൂരം നടന്നാൽ ഞാൻ എത്തിച്ചേരുന്ന ഒരു ഭീമൻ ഓക്ക് മരത്തിന് നല്കാൻ കഴിയുക.

സ്പാനിഷ് മോസ്സസ്സിന്റെ ആയിരം സ്പർശനികൾ കാറ്റിലുലച്ചുകൊണ്ട് ആ മരം അങ്ങനെ നില്ക്കാൻ തുടങ്ങിട്ടെത്ര നാളയെന്നറിയില്ല. പക്ഷെ, 1916 ലെ ഒരു നരച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലൂടെ എനിക്കീ മരം തിരിച്ചറിയാം. അന്നീ മരത്തിൻ കൊമ്പിൽ ആറു ശവങ്ങൾ കാറ്റത്താടി നില്പുണ്ടായിരുന്നു. ന്യൂബെറിയിലെ കുറെ മനുഷ്യർ ഈ മരത്തിന്റെ ചുറ്റിലുംനിന്ന് നരബലികളുടെ കർമങ്ങൾ അനുഷ്ഠിക്കുകയായിരുന്നു.

ന്യൂ ബെറി എന്ന നഗരം നരബലിയുടെ വിലക്ഷണ പ്രദർശനങ്ങളുടെ ഒരു ദേശമായിരുന്നു

സംഗതി ശരിക്കും മനസ്സിലാക്കണമെങ്കിൽ ന്യൂബെറിയുടെ ചരിത്രമറിയണം. തന്റെ 29 അടിമകളുമായി ബെഞ്ചമിൻ ഡഡ്‌ലിയും അയാളുടെ ഭാര്യ മേരിയും ചേർന്ന് 1856 കാലത്ത്​ ഒരു ഫാം തുടങ്ങിയപ്പോഴാണ് ന്യൂബെറിയുടെ രേഖാമൂലമായ ചരിത്രം തുടങ്ങുന്നത്. ശരിക്കും പഴയ അടിമക്കച്ചവടക്കാരനായിരുന്നു ഡഡ്‌ലി. പിന്നീട് ന്യൂബെറിയിൽ ഫോസ്​ഫേറ്റ്​ അയിര് കണ്ടുപിടിച്ചതോടെ ഡഡ്‌ലിയുടെ ജീവിതം ഒന്നുകൂടി പുഷ്പിക്കുന്നു.

ആയിടക്കാണ് ന്യൂബെറിയിൽ റെയിൽറോഡും തീവണ്ടിയും വരുന്നത്. ആദ്യമായി തീവണ്ടി പുക തുപ്പി കൂകിപ്പാഞ്ഞെത്തിയപ്പോൾ, ‘അടുക്കള വീട് വലിച്ചുകൊണ്ടുവരുന്നെന്നു' കരുതി മക്കൊണ്ടയിലെ ഒരു സ്ത്രീകഥാപാത്രത്തെ പോലെ അടുപ്പിലേക്ക് പേടിച്ചോടിക്കയറി, ചന്തി പൊള്ളിച്ചോ എന്നെനിക്കറിയില്ല. പക്ഷെ, തീവണ്ടി കൂകിപ്പാഞ്ഞെത്തുന്നതിനു മുൻപ് തന്നെ ഡഡ്‌ലി സായിപ്പിന് ആവശ്യത്തിൽ കൂടുതൽ പ്രശ്‌നങ്ങളുമായി വടക്കുനിന്ന് എബ്രഹാം ലിങ്കൺ കൂകിപ്പാഞ്ഞെത്തിരുന്നു. മാർക്കേസിന്റെ തന്നെ നായകനായ ജോസ് ആർക്കേഡിയോ ബുവണ്ടിയോട്​ രൂപത്തിലും സ്വാഭാവത്തിലും സാദൃശ്യമുള്ള എബ്രഹാം ലിങ്കൺ എന്ന അമേരിക്കൻ മോശ ആഭ്യന്തര യുദ്ധം ജയിപ്പിച്ചു, അടിമജനത്തെയാകെ മോചിപ്പിക്കുന്നു. കൂട്ടത്തിൽ ന്യൂബെറിയിലെ അടിമകൾക്കും സ്വാതന്ത്ര്യം കിട്ടുന്നു.

സമൂഹത്തിൽ അധികാരവും മേൽക്കോയ്മയുമുള്ള വർഗം തന്റെ താഴെയാണെന്നു ധരിക്കുന്ന മനുഷ്യരോടുള്ള അധീശ്വത്വം സാമൂഹികമായി ഉറപ്പിച്ചെടുക്കാനുള്ള ഒരു കടന്ന തന്ത്രമായി നരബലിയെ ഉപയോഗിക്കുന്നു / Photo : britannica.com

അതിനുശേഷമാണ് ന്യൂബെറിയിലെ മെലാനിൻ കുറഞ്ഞ മനുഷ്യർക്കിടയിൽ ഒരുതരം ദഹനക്കേട് പിടിപെടുന്നത്. കാലങ്ങളായി, ജന്മാവകാശം പോലെ വെച്ചനുഭവിച്ചിരുന്ന മനുഷ്യന്റെ ശരീരത്തിനുമേലുള്ള ഉടമസ്ഥവകാശം നഷ്ടപ്പെടുന്നതിനെപറ്റിയുള്ള വേപഥു ആയിരുന്നു അതിന്റെ മുഖ്യകാരണം. സ്വന്തം വളർത്തുമൃഗം നഷ്ടപ്പെട്ട വീട്ടുടമസ്ഥന്റെ മനോഘടനയിൽ അവർ സ്വാതന്ത്രമാക്കപ്പെട്ട കറുത്ത ശരീരങ്ങളെ നോക്കി നെടുവീർപ്പിട്ടു. ജന്മസിദ്ധമായ മേൽക്കോയ്​മയെ അംഗീകരിക്കാതെ ‘മൃഗങ്ങളെ പോലെ മെരുക്കേണ്ട കുറെ അധമ വർഗത്തെ' ഇങ്ങനെ തുറന്നുവിട്ട ആശയത്തെ മര്യാദക്ക് ദഹിപ്പിക്കാൻ കെൽപ്പില്ലാത്ത സവർണവർഗം നിരന്തരം കീഴ്ശാസം വിട്ടുകൊണ്ടിരുന്നു. അതിന്റെ ദുർഗന്ധം രണ്ടു തലമുറയോളം ന്യൂബെറിയെയാകെ വീർപ്പുമുട്ടിച്ചു.

ഏതോ പവിത്രമായ ആചാരം പോലെ അവർ ആ മനുഷ്യരെ ഒരു ദിവസം, നേരത്തെ സൂചിപ്പിച്ച ഓക്ക് മരത്തിന്റെ കൊമ്പിൽ തൂക്കിയിട്ട്​ പൊതുപ്രദർശനം നടത്തി. കുറഞ്ഞ ആളുകളായിരുന്നില്ല ആ നരബലിയിൽ സംബന്ധിച്ചവർ. അക്കാലത്തെ ഒരു സെനറ്റർ ഉൾപ്പെടെ കൂടിയ ഒരു ക്വാസി- ഒഫീഷ്യൽ ചടങ്ങായിരുന്നു അത്.

ആ ആശയ - കീഴ്ശ്വാസത്താൽ ദുർഗന്ധപൂരിതമായി ന്യൂബെറി നിൽക്കുന്ന കാലത്താണ് ഒരു പഴയ അടിമ വംശജൻ, ബോയ്‌സി ലോങ്ങ്, ഡാഡ്​ലിയുടെ പുരയിടത്തിൽ നിന്ന് ഒരു പന്നിയെ മോഷ്ടിക്കുന്നത്. ചോദിയ്ക്കാൻ ചെന്ന ജോർജ് വൈൻ എന്ന കോൺസ്റ്റബിളുമായി (ഇയാൾ ബെഞ്ചമിൻ ഡാഡ്​ലിയുടെ മൂന്നാം തലമുറ കൂടിയാണ്) ബോയ്‌സി തർക്കത്തിലാകുകയും അബദ്ധത്തിൽ ബോയ്‌സിയുടെ കയ്യിലിരുന്ന തോക്കിൽ നിന്ന് വെടി പൊട്ടി ജോർജ് മയ്യത്താകുകയും ചെയ്യുന്നു.

ന്യൂബെറി കണ്ട ഏറ്റവും വലിയ നരബലിയുടെ തുടക്കമായിരുന്നു അത് 2. ബോയ്സിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നുതെളിയിക്കാൻ പറ്റാത്ത കുറ്റത്തിന്, ബോയ്‌സിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടെ ആറുപേരെ ന്യൂബെറിയിലെ സവർണർ പരസ്യമായി തല്ലിക്കൊന്നു.

ന്യൂബെറിയിലെ സവർണർ പരസ്യമായി തല്ലിക്കൊന്ന്​ കെട്ടിത്തൂക്കിയ അടിമകളുടെ ശരീരങ്ങൾക്കുമുന്നിൽ ഫോ​ട്ടോക്ക്​ പോസ്​ ചെയ്യുന്ന സംഘം, നരബലിയിൽ പങ്കെടുത്തവരുടെ വിവരങ്ങളടങ്ങിയ ‘ലിഞ്ചിംഗ്​ പോസ്റ്റ് കാർഡ്’

ഏതോ പവിത്രമായ ആചാരം പോലെ അവർ ആ മനുഷ്യരെ ഒരു ദിവസം, നേരത്തെ സൂചിപ്പിച്ച ഓക്ക് മരത്തിന്റെ കൊമ്പിൽ തൂക്കിയിട്ട്​ പൊതുപ്രദർശനം നടത്തി. കുറഞ്ഞ ആളുകളായിരുന്നില്ല ആ നരബലിയിൽ സംബന്ധിച്ചവർ. അക്കാലത്തെ ഒരു സെനറ്റർ ഉൾപ്പെടെ കൂടിയ ഒരു ക്വാസി- ഒഫീഷ്യൽ ചടങ്ങായിരുന്നു അത്. അവരെല്ലാം ചേർന്ന് ആയിടക്കുമാത്രം പ്രചരിച്ചിരുന്ന ഫോട്ടോഗ്രാഫി എന്ന വില കൂടിയ ടെക്‌നിക് ഉപയോഗിച്ച് ഈ നരബലിയിൽ തങ്ങൾക്കുള്ള പങ്ക്​അനശ്വരമാക്കി. (അതിനാൽ എനിക്കാ ഫോട്ടോ ഇതോടൊപ്പം കൊടുക്കാൻ കഴിഞ്ഞു).

ഒരു അപകട വന്യമൃഗത്തെ വേട്ടയാടിപ്പിടിച്ച സന്തോഷം പങ്കുവെക്കുന്ന പോലെ ചടങ്ങിൽ കാഴ്ചക്കാരായ വെള്ള - കുലസ്ത്രീകൾ അഭിമാനത്തോടെ അവരുടെ ഭർത്താക്കന്മാരുടെ ഈ ധീരത കണ്ടാനന്ദിച്ചു. വേറെ ചിലർ ഇരകളെ തൂക്കാനുപയോഗിച്ച കയറിന്റെ പിരികൾ ഒരു സുവനീർ പോലെ വീടുകളിലേക്ക് കൊണ്ടുപോയി. അടിമകളെ മര്യാദ പഠിപ്പിച്ച തറവാടാണ് തങ്ങളുടേതെന്ന് വരും തലമുറയ്ക്ക് ഗർവ് കൊള്ളാൻ അതവരുടെ ആറ്റിക്കുകളിൽ വിശ്രമിച്ചു.
ആഭ്യന്തര യുദ്ധത്തിനുശേഷം, ന്യൂ ബെറിയിൽ മാത്രമല്ല, ഇതുപോലെ സൗത്തേൺ സ്റ്റേറ്റുകളിലെമ്പാടും നരബലികൾ നടന്നു.

ന്യൂബെറി കണ്ട ഏറ്റവും വലിയ നരബലിയിൽ, ഏതോ പവിത്രമായ ആചാരം പോലെ അവർ ആ മനുഷ്യരെ ഓക്ക് മരത്തിന്റെ കൊമ്പിൽ തൂക്കിയിട്ട്​ പൊതുപ്രദർശനം നടത്തി.

ഒരു പെറ്റി കേസ് മാത്രം ചാർജ് ചെയ്യാൻ പറ്റാവുന്ന നിസ്സാര കുറ്റങ്ങളാണ് നരബലിയായി പരിണമിക്കുക. മിക്ക ചടങ്ങുകൾക്കും അതിനകം ചില പാറ്റേണുകൾ ഉണ്ടായിവന്നിരുന്നു. ആദ്യം പ്രതിയെ ഒരു കയറിൽ കെട്ടിയിടും. പ്രതിയുടെ മുന്നിൽ നിന്നുതന്നെ ആൾക്കൂട്ടം പ്രതിയുടെ കൈയ്യിന്റെയോ കാലിന്റെയോ മറ്റു ശരീരഭാഗങ്ങളുടെയോ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കിക്കും. അവ ആര് സുവനീർ ആക്കും എന്ന തർക്കം തീർക്കാൻ നറുക്കിടും. ഈ ക്രൂരതയൊക്കെ ഇരയെ കാണിച്ചുള്ള ചടങ്ങുകളാണെന്നോർക്കണം. ഒടുവിൽ കത്തിച്ചോ, തൂക്കിയോ നടത്തിയ നരബലിക്കുശേഷം, തികച്ചും പുരോഗമനപരമായ ടെക്‌നിക്കായ ഫോട്ടോഗ്രാഫി ഉപയോഗിച്ച്, നരബലിയിൽ പങ്കെടുത്തവർ തങ്ങളെ തന്നെ അനശ്വരാരാക്കും. അവയെ സ്റ്റാമ്പ് ഒട്ടിച്ചു വിടാൻ കഴിയുന്ന പോസ്റ്റ് കാർഡ് ആക്കി മാറ്റുന്ന ചടങ്ങാണ് അടുത്ത ഘട്ടം. പോസ്റ്റ് കാർഡ് ആയിക്കഴിഞ്ഞാൽ ലിഞ്ചിങ് എന്ന ഈ എക്​സൈറ്റിംഗ്​ നരബലിയിൽ പങ്കുകൊള്ളാൻ ഭാഗ്യം കിട്ടാത്ത മൻഹാട്ടനിലോ, ന്യൂ ഇംഗ്ലണ്ടിലോ മറ്റോ താമസിക്കുന്ന തങ്ങളുടെ കസിൻസിനു അവ അയച്ചു കൊടുക്കുന്ന ചടങ്ങാണ് അടുത്ത ഘട്ടം. ആ പോസ്റ്റ് കാർഡുകൾ പരസ്യമായി എല്ലവരെയും കാണെ നാഗരികതയുടെ ഒരു ‘അറ്റവിസം’ (atavism) പോലെ അമേരിക്കയുടെ ഇൻഡസ്ട്രിയൽ നഗരങ്ങളിലൂടെ സഞ്ചരിക്കും. ഈ കാർഡ് സഞ്ചരിക്കുന്ന വഴികളില്ലെല്ലാം മൗനം നിറഞ്ഞ ഒരു തരം നിസ്സംഗത കൊണ്ട് കാഴ്ചക്കാർ ഈ വിലക്ഷണം പിടിച്ച നരബലിയുടെ അവസാന ചടങ്ങിൽ തങ്ങളറിയാതെ പങ്കാളികളാകും. ഒടുവിൽ, പോസ്റ്റ്മാസ്റ്റർ ജനറൽ ഈ പരിപാടി നിരോധിക്കുന്നതുവരെ നിർബാധം ലിഞ്ചിങ് പോസ്റ്റുകാർഡുകൾ അമേരിക്കൻ പോസ്റ്റൽ വകുപ്പുകളിലൂടെ അങ്ങോളമിങ്ങോളം ഔദ്യോഗികമായി സഞ്ചരിച്ചു.

ന്യൂ ബെറിയിൽ നടന്ന നരബലിയുടെ നൂറാം വാർഷികത്തിൽ ലിഞ്ചിങിനെ കുറിച്ച് ഖേദപൂർവ്വം ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇരയായവരുടെയും വേട്ടയാടിയവരുടെയും പിന്മുറക്കാർ ആ ബോർഡിനുമുന്നിൽ മൗനമാചരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്​തു.

ഏതായാലും ന്യൂബെറിയുടെയും അമേരിക്കയുടെ തന്നെയും ആ ഭൂതകാല മുറിവുകൾ ഏറെക്കുറെ ഇന്ന് ഉണങ്ങിയിരിക്കുന്നു. ന്യൂബെറിയിൽ നടന്ന ആ നരബലിയുടെ നൂറാം വാർഷികത്തിൽ അനീതിയുടെമേൽ ഓർമകൾ നടത്തുന്ന ഒരു സമരം പോലെ, ലിഞ്ചിങിനെ കുറിച്ച് ഖേദപൂർവ്വം ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇരയായവരുടെയും വേട്ടയാടിയവരുടെയും പിന്മുറക്കാർ ആ ബോർഡിനുമുന്നിൽ മൗനമാചരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്​ത്​ ആ ശ്രാദ്ധസ്മൃതികൾക്കുമുൻപിൽ ഒരു പോലെ ബലിയിട്ടു. മറവിയിലേക്കു കുഴിച്ചു മൂടാതെ, ഓർമകൾ കൊണ്ടാണ് ന്യൂബെറിയിലെ മനുഷ്യർ തങ്ങളുടെ തെറ്റുകൾക്കു പകരം വീട്ടുന്നത്. ഏതായാലും ആന്ത്രപോളോജിക്കൽ പഠനം അർഹിക്കുന്ന ഒരു അക്കാദമിക് വിഷയമായി ഈ ഭൂതകാലം മാറിയിരിക്കുന്നു.

കെന്റക്കിയിലെ റസ്സൽവില്ലെയിൽ ആൾക്കൂട്ടത്താൽ കൊലചെയ്യപ്പെട്ട വിർജിൽ ജോൺസ്, റോബർട്ട് ജോൺസ്, തോമസ് ജോൺസ്, ജോസഫ് റിലേ എന്നിവർ

സാമൂഹിക നരബലികൾ

‘Social control' എന്ന ഹൈപോതെസിസ് ആണ് പരസ്യ നരബലിയെ ഏറ്റവും യുക്തിപരമായി വ്യാഖ്യാനിക്കുന്നത്. സമൂഹത്തിൽ അധികാരവും മേൽക്കോയ്മയുമുള്ള വർഗം തന്റെ താഴെയാണെന്നു ധരിക്കുന്ന മനുഷ്യരോടുള്ള അധീശ്വത്വം സാമൂഹികമായി ഉറപ്പിച്ചെടുക്കാനുള്ള ഒരു കടന്ന തന്ത്രമായി നരബലിയെ ഉപയോഗിക്കുന്നതാണെന്ന് സോഷ്യൽ കൺട്രോൾ ഹൈപോതെസിസ് പറയുന്നു. നരബലിയിലൂടെ അത് ചെയ്യുന്നവരുടെ ഉയർന്ന സാമൂഹിക പദവിയും, ഇരയായ വർഗത്തിന്റെ താഴ്ന്ന പദവിയും ഒന്നുകൂടി സമൂഹത്തിൽ ഉറപ്പിക്കപ്പെടുന്നു. തായ്​വാനിലുള്ള ആസ്‌ട്രോ ഏഷ്യൻ വംശജരായവരുടെ പിന്മുറക്കാരിൽ നടത്തിയ പഠനത്തിലാണ് സോഷ്യൽ കൺട്രോൾ ഹൈപോതെസിസിന്​ ആശ്​ചര്യജനകമായ സാധൂകരണം കിട്ടുന്നത്.

സോഷ്യൽ ഡോമിനൻസിന്​ ഒരു ടൂൾ ആയി നരബലി ചരിത്രത്തിൽ മാത്രമല്ല, വർത്തമാന കാലത്തും നിലനിൽക്കുന്നുണ്ട് എന്നതിന് ഇന്ത്യക്കാരൻ മുഹമ്മദ് അഖ്​ലാഖ്​ ഒരു തെളിവാണ്.

തൈവാനിൽനിന്ന്​ ഈസ്റ്റേൺ ഐലൻഡ് മുതൽ മഡഗാസ്‌കർ വരെ കുടിയേറി വ്യത്യസ്ത സമൂഹങ്ങൾ ഉണ്ടാക്കിയവരാണ് ഈ ആസ്‌ട്രോ ഏഷ്യൻ വംശജർ. അങ്ങനെ കുടിയേറിവരിൽ നരബലി ഒരു ആചാരമാക്കിയ പല സമൂഹങ്ങളുണ്ട്. അതേസമയം, നരബലി ചരിത്രത്തിൽ ഒരിക്കലും ആചരിക്കാത്ത സമൂഹങ്ങളുമുണ്ട്. നരബലി നിലനിന്നിരുന്ന സമൂഹത്തിൽ മനുഷ്യർ പല തട്ടുകളിലായി നിൽക്കുകയും (നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥ പോലെ), നരബലി ഇല്ലാതിരുന്ന സമൂഹത്തിൽ മനുഷ്യരുടെ ഇടയിൽ കടുത്ത ഉച്ചനീചത്വങ്ങൾ ഇല്ലാത്ത ‘അഗാലിറ്റേറിയൻ’ (egalitarian) സമൂഹമായി തുടർന്നുപോകുകയും ചെയ്തതിന്റെ ശാസ്ത്രീയ ഡോക്യുമെന്റഷൻ നേച്ചർ മാഗസിനിൽ ജോസഫ് വാട്​സ്​ പ്രസിദ്ധീകരിച്ചിട്ടുണ്ട് 3. നരബലി ഉച്ഛനീചത്വത്തിന്​ ഒരു കാരണമായി തീരുന്നതാണോ അതോ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നതുകൊണ്ട് നരബലി ഉണ്ടായതാണോ എന്നതിന് ഇപ്പോഴും തെളിവുകളില്ല.

2015 സപ്തംബർ 28 ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖ്

ഏതായാലും സോഷ്യൽ ഡോമിനൻസിന്​ ഒരു ടൂൾ ആയി നരബലി ചരിത്രത്തിൽ മാത്രമല്ല, വർത്തമാനകാലത്തും നിലനിൽക്കുന്നുണ്ട് എന്നതിന് ഇന്ത്യക്കാരൻ മുഹമ്മദ് അഖ്​ലാഖ്​ ഒരു തെളിവാണ്. ബീഫിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ഇദ്ദേഹത്തെ നാമറിയും. അഖ്​ലാഖ്​ ബീഫ് കൈവശം വെച്ചു എന്ന ആരോപണം ഒരു ക്ഷേത്രത്തിലെ മൈക്കിൽ കൂടിയാണ് ചിലർ നാട്ടുകാരെ അറിയിച്ചത്. അതോടെ, വളരെ ഓർഗാനിക് ആയി ഒരു വലിയ ജനക്കൂട്ടം രൂപപ്പെടുകയും സാമൂഹിക നരബലിക്ക്​ സാധ്യത ഒരുങ്ങുകയുമായിരുന്നു. അതിൽ നേരിട്ട് പങ്കെടുത്തവരും അനുകൂലിച്ചവരും നിശ്ശബ്ദരായി നിന്നവരും ഉൾപ്പെടെ പങ്കു കൊണ്ട ആ സാമൂഹിക നരബലിയെ നമുക്ക് ‘സോഷ്യൽ ഡോമിനൻസ്​ ഹൈപോതെസിസ്’ കൊണ്ട് വിശദീകരിക്കാം. ഇന്ത്യൻ സാമൂഹികാവസ്ഥയിൽ മുസ്​ലിംകൾക്കിടയിൽ ഹിന്ദുത്വ സ്ഥാപിച്ചെടുക്കാൻ നോക്കുന്ന അധികാര പദവിയെ ഉറപ്പിച്ചെടുക്കാൻ മനുഷ്യരക്തം കൊണ്ടുള്ള ഒരു അബോധ ബലിയായിരുന്നു അത്. ഒന്നിരുത്തി ആലോചിച്ചാൽ, ഒളിച്ചും പാത്തും നടന്ന നരബലിക്കളെക്കാൾ വിഷമം പിടിച്ച ഒരു പ്രശ്‌നമാണ്, പകൽവെട്ടത്തിൽ നടന്ന സാമൂഹിക നരബലികൾ. വിചിത്രമെന്നു പറയട്ടെ, അവ ഭൂതകാലത്തിന്റെ കുപ്പിയിലടച്ച സങ്കീർണതകളല്ല, മറിച്ച് അറുകൊലക്കാവിലെ വർണ്ണനകൾ പോലെ വർത്തമാനകാലം കലർന്ന മനുഷ്യരാശിയുടെ വിഷമപ്രശ്‌നങ്ങളിലൊന്നാണ്. ▮

1. Traditionalism ‘versus’ innovation: The politics of ritual change in South India, Caroline Osella and Filippo Osella, p. 271-301.2. Hidden in plain sight -A history of Newberry mass lynching of 1916, Janis Owens.3. Human sacrifice may have helped societies become more complex New study shows how religion can be exploited by social elites BY EMILY BENSON, 4 APR 2016 (Science).


വിനോദ്​ വിജയൻ

യൂണിവേഴ്​സിറ്റി ഓഫ്​ ഫ്ലോറിഡയിൽ അനാറ്റമി ആൻറ്​ സെൽ ബയോളജി ഡിപ്പാർട്ടുമെൻറിൽ ബയോളജിക്കൽ സയൻറിസ്​റ്റ്​.

Comments