ദലിതർ അദൃശ്യരാക്കപ്പെട്ട ചരിത്രം

‘‘സമരത്തില്‍ പങ്കെടുത്തവരില്‍, മറ്റേതൊരു സാമുദായിക വിഭാഗത്തെക്കാളും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതും ദലിതര്‍ക്കായിരുന്നു. ആ ജനവിഭാഗത്തെ അഭിസംബോധന ചെയ്യാനും പ്രതിനിധാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പെരിയാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം, സമരത്തിലൂടെ രൂപപ്പെട്ട ദലിത്- പിന്നാക്ക ഐക്യം മുന്നോട്ടുപോകാനും അദ്ദേഹത്തിന്​ കഴിഞ്ഞില്ല.’’- ​വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന്റെ അവസാന ഭാഗം.

ഗാന്ധി മുതൽ പെരിയാർ വരെ:
വൈക്കം സത്യഗ്രഹത്തിലെ നുണയും നേരും- 2

കോണ്‍ഗ്രസ്​ ഇടപെടല്‍

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി. കേശവമേനോന് 1924 മാര്‍ച്ച് 19 ന് ഗാന്ധിജി അയച്ച കത്തിലൂടെയാണ് വൈക്കം സത്യഗ്രഹത്തിന് അനുമതി ലഭിക്കുന്നത്. സമരം നടക്കുന്നത് തിരുവിതാംകൂറിലെ വൈക്കത്തായിരുന്നെങ്കിലും, കെ.പി. കേശവമേനോനടക്കം ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരും മലബാറില്‍ നിന്നുമുള്ളവരായിരുന്നു. ഇതിനുകാരണം, ഒന്നാമതായി, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണം വിലക്കിയിരുന്നതാണ്. തന്മൂലം വ്യക്തികള്‍ എന്ന നിലയില്‍, തിരുവിതാംകൂറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിലും നേതൃത്വത്തിലും ഉണ്ടായിരുന്നപ്പോള്‍ മലബാറില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സംഘടനയെന്ന നിലയില്‍ നേതൃത്വം വഹിച്ചത്. ഇവരാകട്ടെ, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിക്കും ഗാന്ധിജിക്കും വിധേയരായിരുന്നതിനാല്‍ സമരത്തിലുടനീളം ആശയപരവും സംഘടനാപരവുമായ നേതൃത്വം വഹിച്ചിരുന്നു.

കെ.പി. കേശവമേനോന്‍

കേരളത്തിലെ (മലബാറിലെ) കോണ്‍ഗ്രസ് രൂപീകരണം ഇങ്ങനെയായിരുന്നു. 1903- ല്‍ സി. വിജയരാഘവാചാരിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട്ട് രാഷ്ട്രീയ സമ്മേളനം നടത്തി. തുടര്‍ന്ന് 1908- ല്‍ കോണ്‍ഗ്രസ്​ ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതോടൊപ്പം, ഡോ. ആനി ബസൻറ്​ സ്ഥാപിച്ച ഓള്‍ ഇന്ത്യ ഹോം റൂളിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം തുടങ്ങി. കെ.പി. കേശവമേനോനായിരുന്നു ഹോം റൂളിന്റെയും ജില്ലാ കമ്മറ്റിയുടെയും കാര്യദര്‍ശി. അതേസമയം, 1916-ല്‍ കോണ്‍ഗ്രസ് കമ്മറ്റി രൂപീകരിക്കപ്പെടുന്നത് കോഴിക്കോട് സാമൂതിരിയും നിലമ്പൂര്‍ ഇളയരാജയും അദ്ദേഹത്തിന്റെ ആശ്രിതരായിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പാന്‍, രാരിച്ചന്‍ മൂപ്പന്‍, തുടങ്ങിയവരുടെയും മുന്‍കൈയ്യിലായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സര്‍ സി.പി. യുടെ അദ്ധ്യക്ഷതയില്‍ 1917 ല്‍ ഏപ്രില്‍ 23, 24 തിയതികളില്‍ ചേര്‍ന്ന പ്രസ്തുത സംഘടനയുടെ രണ്ടാം കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനമാണ്, കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. രാമന്‍ മേനോന്‍ എന്നിവരുടെ നേതൃത്വം സ്ഥാപിക്കുന്നത്. 1917 മെയ് 5, 6 തിയതികളില്‍ വടകരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബ്രീട്ടീഷ് ഗവണ്‍മെന്റിനോടു വിശ്വസ്തത പുലര്‍ത്തുന്ന പ്രമേയം പാസാക്കി. തുടര്‍ന്ന്, പാലക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ നായന്മാരെ ചേര്‍ത്ത് പ്രത്യേക പട്ടാളം ഉണ്ടാക്കിയതിന് ഗവണ്‍മെന്റിനോട്‌നന്ദി പറയുന്ന പ്രമേയം പാസാക്കി. കോഴിക്കോട് സമ്മേളനം, ഡിഫന്‍സ് ഫോഴ്‌സില്‍ ഇന്ത്യക്കാരെ വളണ്ടിയര്‍മാരാകാന്‍ അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തുന്നതും, രാമേശ്വരത്ത് പോകുന്ന തീര്‍ത്ഥാടകര്‍ക്ക്​ സൗകര്യം ചെയ്തുകൊടുക്കാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നതുമായ പ്രമേയങ്ങളും പാസാക്കി.

ചുരുക്കത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഹിന്ദു (നായര്‍) പ്രതിനിധാനത്തോടെയാണ് പിറവിയെടുക്കുന്നത്.

ടിപ്പുവിന്റെ ഭരണമവസാനിച്ചതോടെ ജന്മിമാര്‍ മടങ്ങിവരികയും, അവര്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാരിന്റെ സംരക്ഷണം ലഭിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് ബ്രീട്ടിഷുകാരും മുസ്​ലിംകളുമായുള്ള വൈരുദ്ധ്യം രൂപം കൊള്ളാനിടയായത്.

മലബാറില്‍ കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നത്, 1921- ലെ മലബാര്‍ കലാപത്തോട് സ്വീകരിച്ച നിഷേധാത്മക നിലപാടിന്റെ ഫലമായാണ്. ഗാന്ധിജിയുടെ ഹിന്ദു- മുസ്​ലിം ഐക്യം, ദേശീയതാ നിര്‍മ്മിതിയുടെ ഭാഗമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷണമായിരുന്നു ഖിലാഫത്ത്. 1920 ജൂണ്‍ 20- ന് ഗാന്ധിജിയുടെയും മൗലാനാ ഷൗക്കത്തലിയുടെയും നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന സമ്മേളനമാണ് ഖിലാഫത്തിനെ മലബാറില്‍ പറിച്ചുനട്ടത്. കോണ്‍ഗ്രസ്, ആദ്യകാലത്ത് ബഹുജന പ്രസ്ഥാനമായിരുന്നില്ല. തന്മൂലം, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ, കാണക്കാരുടെ കുടുംബങ്ങളിലെ വക്കീലന്മാരും വിദ്യാസമ്പന്നരും ചേര്‍ന്നാണ് 1916- ല്‍ മലബാറില്‍ കുടിയാന്‍ അസോസിയേഷന്‍ രൂപീകരിക്കുന്നത്. ആ പ്രസ്ഥാനത്തിലെ ഹിന്ദു- മുസ്​ലിം ഐക്യത്തിനാധാരമായത് വ്യത്യസ്ത താല്‍പര്യങ്ങളായിരുന്നു. ഹിന്ദുക്കളെ (സവര്‍ണരെ) സംബന്ധിച്ച്​, സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ ലഘൂകരണവും ആനുകൂല്യങ്ങളുടെ ലഭ്യതയുമായിരുന്നു മുഖ്യം. മുസ്​ലിംകള്‍ക്കാവട്ടെ, മൈസൂര്‍ സുല്‍ത്താന്മാരിലൂടെ ലഭിച്ച ഭൂവുടമസ്ഥതയടക്കമുള്ള അവകാശങ്ങളുടെ തിരിച്ചുപിടിക്കലും നായന്മാരിലൂടെയുള്ള അടിച്ചമര്‍ത്തലുകളുടെ അവസാനിപ്പിക്കലുമായിരുന്നു. ഇക്കാരണങ്ങളാലാണ് കീഴാളരുമായി ഐക്യപ്പെട്ട്​ മുസ്​ലിംകള്‍ കുടിയായ്മ പ്രസ്ഥാനത്തില്‍ അണിനിരന്നത്.

മലബാര്‍ കലാപത്തിന് അടിത്തറയൊരുക്കുന്നതിന് മറ്റൊരു ചരിത്രാനുഭവം വലുതായ പങ്കുവഹിക്കുന്നുണ്ട്. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരലിയും ടിപ്പുവുമാണ് മലബാറില്‍കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കുന്നത്. തന്മൂലം, ഏറെ നഷ്ടം സഹിക്കേണ്ടിവന്നത് അക്കാലത്തെ ജന്മികള്‍ക്കായിരുന്നു. ഇവരില്‍ ജാതിഹിന്ദുക്കാളായ കുറച്ചുപേര്‍ തിരുവിതാംകൂറില്‍ അഭയം തേടി. എന്നാല്‍, ടിപ്പുവിന്റെ ഭരണമവസാനിച്ചതോടെ മുന്‍ചൊന്ന ജന്മിമാര്‍ മടങ്ങിവരികയും, അവര്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാരിന്റെ സംരക്ഷണം ലഭിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് ബ്രീട്ടിഷുകാരും മുസ്​ലിംകളുമായുള്ള വൈരുദ്ധ്യം രൂപം കൊള്ളാനിടയായത്.

മാത്രമല്ല, ടിപ്പുവിന്റെ കാര്‍ഷിക- സാമൂഹ്യ മേഖലകളിലെ പരിഷ്‌ക്കാരങ്ങള്‍ അടിത്തട്ടിലെ ജനങ്ങള്‍ക്കുകൂടി ബാധകമായതോടെ, വിവിധ ജാതി- മത വിഭാഗങ്ങളിലെ നിരവധി പേര്‍ ഇസ്​ലാം മതം സ്വീകരിക്കുകയുണ്ടായി (ഇവരില്‍ 50,000- ത്തോളം പേര്‍ ദലിതരായിരുന്നു.) ഈ ജനങ്ങളെ മതത്തിലുള്‍ക്കൊള്ളിക്കാന്‍, തങ്ങള്‍മാര്‍ നടത്തിയ പ്രബോധനങ്ങളിലൂടെ മലബാറിലെ ഇസ്​ലാം മതത്തില്‍ അയിത്താചരണം ഇല്ലാതാക്കാന്‍ കഴിഞ്ഞു. (ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ദലിതര്‍ക്ക് ഇന്നും അയിത്തം അനുഭവിക്കേണ്ടിവരുന്നുണ്ട്) ഫലമോ, മലബാറിലെ മുസ്​ലിംകള്‍ക്ക് ഇസ്​ലാം ഒരുപ്രത്യയശാസ്ത്രവും കീഴാളജനതകള്‍ ആ മതത്തിന്റെ അവിഭാജ്യ ഘടകവുമായതോടെ, അയിത്തത്തിന്റെ അഭാവത്തില്‍ മുസ്​ലിംകള്‍, ഒരു സമുദായമായി മാറുകയും ചെയ്തു.

മലബാര്‍ രാഷ്ട്രീയത്തിന്റെ അനിഷേധ്യ ഭാഗമായ കോണ്‍ഗ്രസിന്റെ സ്ഥിതിയാണ് പരിശോധിക്കേണ്ടത്. 1917- ല്‍ സംഘടന, കുടിയായ്മ പ്രസ്ഥാനത്തെ അംഗീകരിച്ചതോടെ, മുമ്പ് കോണ്‍ഗ്രസ് രൂപീകരണത്തിന് മുന്‍ കൈയ്യെടുത്ത പ്രമാണിമാര്‍ സംഘടന വിട്ടുപോവുകയും, സംഘടന ദേശീയവാദികളുടേതായിമാറുകയും ചെയ്തു. എങ്കിലും, കോണ്‍ഗ്രസ്​ നയങ്ങള്‍ ബ്രീട്ടിഷ് സര്‍ക്കാരിന്​ അനുകൂലവും നായര്‍ സമുദായത്തോട് വിധേയത്വം പുലര്‍ത്തുന്നതമായിരുന്നു. ഇതിന്റെ ഫലമായി രൂപം കൊണ്ട ഹിന്ദു- മുസ്​ലിം ഭിന്നിപ്പിനേയും, മുസ്​ലിംകള്‍ക്ക് കോണ്‍ഗ്രസിലുള്ള അവിശ്വാസത്തേയും പ്രയോജനപ്പെടുത്തിയാണ്, ബ്രീട്ടിഷ് സര്‍ക്കാര്‍ ആയിരക്കണക്കിന് മുസ്​ലിംകളെ കൊലപ്പെടുത്തുകയും, പതിനായിരങ്ങളെ ആന്തമാനിലെ സെല്ലുലര്‍ ജയില്‍ അടക്കമുള്ള തടവറകളിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തത്.

കോണ്‍ഗ്രസ്​ നയങ്ങള്‍ ബ്രീട്ടിഷ് സര്‍ക്കാരിന്​ അനുകൂലവും നായര്‍ സമുദായത്തോട് വിധേയത്വം പുലര്‍ത്തുന്നതമായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍, ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചെന്നു മാത്രമല്ല, ഖിലാഫത്ത്- കുടിയായ്മ പ്രസ്ഥാനങ്ങളെ കൈയ്യൊഴിയുകയും ചെയ്തു. ഇക്കാര്യം ഇ. മൊയ്തു മൗലവി മോഴിക്കുന്നത്ത് ബ്രഹ്​മദത്തന്‍ നമ്പൂതിരിപ്പാട്, അബ്ദുറഹ്​മാൻ സാഹിബ് തുടങ്ങി നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെയാണ് ബ്രീട്ടിഷ് വിരുദ്ധകലാപം മുസ്​ലിംകളിലും അവരോട് ഐക്യപ്പെട്ട ഹിന്ദുക്കളിലും നിക്ഷിപ്തമായത്.

ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

മലബാര്‍ കലാപത്തോടുള്ള നിഷേധാത്മക സമീപനത്തിന്റെ ഫലമായി, കോണ്‍ഗ്രസ് ദുര്‍ബ്ബലമായ അവസ്ഥയിലാണ് ടി.കെ. മാധവന്‍ ഗാന്ധിജിക്കു മുന്നില്‍ സമര്‍പ്പിച്ച അയിത്തോച്ചാടനത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പൊടിതട്ടിയെടുത്തത്. ഇപ്രകാരമൊരു നിലപാടിന് ഗാന്ധിജിയുടെ കൈയ്യൊപ്പ് ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു. വാസ്തവത്തില്‍ അയിത്തോച്ചാടനത്തിന്റെ മാതൃക, പ്രദേശ്​ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആസ്ഥാനമായ കോഴിക്കോട്ട് നിലനിന്നിരുന്നു. 1917 നവംബറിൽ, കോഴിക്കോട് തളിയില്‍ തീയര്‍ക്കും മറ്റു പിന്നാക്ക സമുദായക്കാര്‍ക്കും സഞ്ചാരസ്വാതന്ത്യം നിഷേധിച്ച്​ മലബാര്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് മിതവാദി പത്രാധിപരായ സി. കൃഷ്ണന്‍ ലംഘിച്ചതോടെയാണ്, ഇത്തരമൊരു പ്രക്ഷോഭത്തെക്കുറിച്ചുള്ള അവബോധം പിന്നാക്കജാതികളില്‍ രൂപം കൊള്ളുന്നത്. ഈ സമരത്തെ കോണ്‍ഗ്രസിന്റെ ജാത്യാധിഷ്ഠിത നേതൃത്വം അവഗണിക്കുകയായിരുന്നു.

സി. കൃഷ്ണന്‍

1916- ല്‍ പാലക്കാട്ട് ഡോ. ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒന്നാം കോണ്‍ഗ്രസ് സമ്മേളനം, പൊതുനിരത്തുകള്‍ സവര്‍ണര്‍ക്കു മാത്രമായി റിസര്‍വ്വ് ചെയ്​തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചു. 1917- ല്‍ കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍, ഡോ. ആനി ബസന്റിന്റെ പ്രമേയം പാസായെങ്കിലും, പ്രമേയത്തോട് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തിയ അവഗണനയില്‍ പ്രതിഷേധിച്ചാണ് മലബാറില്‍ സി. കൃഷ്ണനും കൊച്ചിയില്‍ സഹോദരന്‍ അയ്യപ്പനും കോണ്‍ഗ്രസില്‍ നിന്ന്​ അകന്നുനിൽക്കാൻ തീരുമാനമെടുക്കുന്നത്. കോണ്‍ഗ്രസ്​ നിലപാട്​ തിരുത്താനിടയായത് ഗാന്ധിജിയുടെ അയിത്തോച്ചാടനത്തിന്റെ രാഷ്ട്രീയമാണ്.

തിരുവിതാംകൂര്‍ ഇളയറാണിയുടെ ക്ഷേത്രദര്‍ശനം കണക്കിലെടുത്ത്​ ആറു ദിവസം സത്യാഗ്രഹം നിർത്തിവച്ചു.

ഗാന്ധിജിയുടെ അയിത്തോച്ചാടനം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, 1924 ജനുവരിയിൽ എറണാകുളത്ത് ചേര്‍ന്ന കോണ്‍ഗ്രസ്, അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചു. നടപടികളെടുക്കാന്‍ ടി.കെ. മാധവന്‍, കെ. കേളപ്പന്‍നായര്‍, വീമ്പൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്മസ്വാമി അയ്യര്‍, കണ്ണന്തേടത്ത് വേലായുധമേനോന്‍ എന്നിവരടങ്ങിയ കമ്മറ്റിയെ നിയോഗിച്ചു. മാത്രമല്ല, അയിത്തത്തിനെതിരെ പ്രചാരവേല നടത്താൻ കെ.പി. കേശവമേനോന്‍, എ.കെ. പിള്ള, കെ. കേളപ്പന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. ഇതനുസരിച്ച് എ.കെ. പിള്ള തയ്യാറാക്കിയ പരിപാടി പ്രകാരം കേശവമേനോന്‍, കെ. കേളപ്പന്‍ നായര്‍, എ.കെ. പിള്ള, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സംഘം - കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍- തിരുവിതാംകൂറിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പ്രചാരണം നടത്തി.

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റി നിലവില്ലാതിരുന്നതിനാലും ഗാന്ധിജിയുടെ അംഗീകാരം മലബാറിലെ കോണ്‍ഗ്രസിനായിരുന്നതിനാലും തിരുവിതാംകൂറിനേയും പ്രതിനിധീകരിക്കാന്‍ മലബാറിലെ കോണ്‍ഗ്രസ് കമ്മറ്റിക്കുകഴിഞ്ഞു. തന്മൂലം, പുലയ മഹാസമ്മേളനത്തിന്റെ പ്രതിനിധികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 30 ന് സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സത്യഗ്രഹവിവരം അറിയിച്ച്​ ഗാന്ധിജി മാര്‍ച്ച് 13- ന് കേശവമേനോന് എഴുതിയ കത്തിനുള്ള മറുപടിയില്‍ഗാന്ധിജി ഇപ്രകാരം എഴുതി: സത്യഗ്രഹത്തിനിടയ്ക്ക് എതിരാളികള്‍ ആക്രമണം നടത്തിയാലും സത്യഗ്രഹികള്‍ സംയമനം പാലിക്കണം. തിരിച്ച് ആക്രമിക്കാനേ പാടില്ല.

മഹാത്മാ ഗാന്ധി

സത്യഗ്രഹത്തിന്റെ ലക്ഷ്യം പ്രഖ്യാപിക്കുന്ന ലഘുലേഖയില്‍ കേശവമേനോന്‍ പ്രസ്താവിച്ചു: ഈ റോഡുകള്‍ ഗവണ്‍മെന്റിന് കീഴിലുള്ള പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്നതും, മൃഗങ്ങളും പക്ഷികളും ഉള്‍പ്പടെയുള്ള എല്ലാവരും ഉപയോഗിക്കുന്നതുമാണെന്ന കാര്യം എല്ലാവര്‍ക്കുമറിവുള്ളതാണ്. എന്നാല്‍, ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരൊഴികെ താഴ്ന്ന ജാതിക്കാര്‍ ഉപയോഗിക്കാന്‍ പാടില്ല പോലും. മുഴുവന്‍ ഹിന്ദുക്കളുടെയും അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ റോഡുകളില്‍ എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെടുന്ന സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഇപ്രകാരം ഒരു മാസം നീണ്ടുനിന്ന പ്രചാരണ പരിപാടികളോടെ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രൂപീകരിച്ച അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ 1924 മാര്‍ച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു.

ടി.കെ. മാധവന്റെ വാക്കുകളില്‍, വൈക്കം സത്യാഗ്രഹം അന്തര്‍ധാരയായുള്ള കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും രാഷ്ട്രീയലക്ഷ്യ ങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. അതാകട്ടെ, പുലയരുടെയും ഈഴവരുടെയും കര്‍ത്തൃത്വത്തെയും തിരുവിതാംകൂറിന്റെ ആത്മാഭിമാനത്തെയും നിഷേധിക്കുന്നതുമാണ്.

സത്യഗ്രഹത്തിന്റെ ആദ്യ ദിനങ്ങൾ

ആദ്യ ദിവസം കുഞ്ഞപ്പി എന്ന പുലയനും ബാഹുലേയന്‍ എന്ന ഈഴവനും ഗോവിന്ദപണിക്കര്‍ എന്ന നായരും സത്യഗ്രഹത്തില്‍ പങ്കെടുത്തു. വെള്ള ഖദര്‍ വസ്ത്രം ധരിച്ച സത്യഗ്രഹികള്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും കെ.പി. കേശവമേനോന്‍, ടി.കെ. മാധവന്‍, എ.കെ. പിള്ള, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍, ഈഴവ- പുലയ സമരഭടന്മാരോടൊപ്പവുമാണ് പോലീസ്​ ബാരിക്കേഡിന് സമീപമുള്ള നിരോധിത റോഡില്‍ പ്രവേശിച്ചത്​. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്യപ്പെട്ട സത്യഗ്രഹികളില്‍, നായരായ ഗോവിന്ദപണിക്കര്‍ക്ഷമാപണം നടത്തിയതിന്റെ ഫലമായി മോചിതനായപ്പോള്‍, മറ്റ് രണ്ടുപേരെയും ആറ് മാസം വീതം തടവിന് വിധിച്ച്​ ജയിലിലടച്ചു. രണ്ടാം ദിവസത്തെ സത്യാഗ്രഹികളില്‍ ഒരാളായ നായര്‍, ക്ഷമാപണം നടത്തി മോചിതനായപ്പോള്‍, പുലയനേയും ഈഴവനേയും ആറു മാസത്തെ തടവിന് ശിക്ഷിച്ചു.

പിന്നീട്, തിരുവിതാംകൂര്‍ ഇളയറാണിയുടെ ക്ഷേത്രദര്‍ശനം കണക്കിലെടുത്ത്​ ആറു ദിവസം സത്യാഗ്രഹം നിർത്തിവച്ചു. ഏഴാം ദിവസം (1924 ഏപ്രില്‍ 7) കെ.പി. കേശവമേനോനും ടി.കെ. മാധവനും സത്യാഗ്രഹമനുഷ്ടിച്ച്​ അറസ്റ്റു വരിച്ചു. ഇരുവര്‍ക്കുമെതിരായ കുറ്റാരോപണം, ക്ഷേത്രത്തിനുസമീപം അവര്‍ണര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ റോഡിലൂടെ നടക്കാന്‍ പ്രേരിപ്പിച്ചു, അതിന്റെ ഫലമായി സവര്‍ണ ഹിന്ദുക്കള്‍ക്ക് കോപമുണ്ടായി എന്നായിരുന്നു.
ടി.കെ. മാധവന്‍ പറഞ്ഞു; ഈ പൊതുവഴികളില്‍ എല്ലാവര്‍ക്കും നടക്കാന്‍ അവകാശം നല്‍കണം. ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയെന്നു പറഞ്ഞ്​ ഈ റോഡിനെ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടില്ല. നിയമം, അനുശാസിക്കുന്ന ഒരവകാശം നിഷേധിക്കുന്നതിനെതിരെ സമരം ചെയ്ത്​ അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്.

ഈ വാദങ്ങൾ തള്ളിയ മജിസ്​ട്രേറ്റ്​ 500 രൂപ പിഴയടക്കാൻ ഉത്തരവിട്ടു. പിഴയടക്കാന്‍ വിസമ്മതിച്ചതിനാല്‍, ആറുമാസത്തെ തടവിന് ശിക്ഷിച്ചു. ടി.കെ. മാധവന്റെ വാക്കുകളില്‍, വൈക്കം സത്യാഗ്രഹം അന്തര്‍ധാരയായുള്ള കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും രാഷ്ട്രീയലക്ഷ്യ ങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. അതാകട്ടെ, പുലയരുടെയും ഈഴവരുടെയും കര്‍ത്തൃത്വത്തെയും തിരുവിതാംകൂറിന്റെ ആത്മാഭിമാനത്തെയും നിഷേധിക്കുന്നതുമാണ്.

വൈക്കം നഗരമദ്ധ്യത്തിലുള്ള ടി.കെ. മാധവന്റെ പ്രതിമ

ഡോ.ടി.കെ. രവീന്ദ്രന്‍ എഴുതുന്നു: കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യമില്ലാതെ തിരുവിതാംകൂറിന്റെ ആഭ്യന്തര സമരമായി വൈക്കം സത്യാഗ്രഹം മാറിയിരുന്നെങ്കിൽ, ബ്രീട്ടിഷുകാര്‍ അയിത്തത്തിനെതിരായ നിലപാട് സ്വീകരിക്കുമായിരുന്നു. ഇതിന് സമാനമായി മുന്‍പു നടന്ന സമരങ്ങളില്‍ അതായിരുന്നു അവരുടെ നിലപാട്. ബ്രീട്ടിഷുകാര്‍ മതസ്വാതന്ത്ര്യത്തേയും വ്യക്തിസ്വാതന്ത്ര്യത്തെയും ഒരിക്കലും എതിര്‍ക്കാറില്ല. സംസ്ഥാനത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഏര്‍പ്പെടുന്ന നവോത്ഥാനത്തേയും അവര്‍ എതിര്‍ക്കാന്‍ സാദ്ധ്യതയില്ല. അടിമത്ത നിരോധനത്തിലും മാറുമറയ്ക്കല്‍ സമരത്തിലും ബ്രീട്ടിഷുകാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിന് തെളിവാണ്. ഇക്കാര്യങ്ങളില്‍ ഭരണകൂടം അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ബ്രീട്ടീഷുകാര്‍ നിര്‍ബന്ധപൂര്‍വ്വം അവരെ നേരായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു.
സമകാലീന യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയുടെ അഭാവത്തില്‍ പെരിയാര്‍, സത്യാഗ്രഹസമര നേതൃത്വം ഏറ്റെടുക്കും വരെയുള്ള ദിവസങ്ങളിലെ പ്രശ്‌നവല്‍ക്കരണങ്ങള്‍ രവീന്ദ്രന്റെ വാദം അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

ഏപ്രില്‍ 9 ന് സത്യഗ്രഹത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാരോടൊപ്പം നേതാക്കളേയും അറസ്റ്റു ചെയ്യാന്‍ തുടങ്ങി. എ.കെ. പിള്ള, കെ. കേളപ്പന്‍ നായര്‍, വേലായുധ മേനോന്‍, എന്നിവരെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന്​ അറസ്റ്റു ചെയ്തത്. തുടര്‍ന്ന്, സത്യഗ്രഹികളെ അറസ്റ്റു ചെയ്യാതെ, നിരോധിത റോഡിനുമുമ്പില്‍ തടഞ്ഞുനിര്‍ത്തി.
ഒന്നുകില്‍ അറസ്റ്റു ചെയ്യുക, അല്ലെങ്കില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കുക എന്ന്​ സത്യഗ്രഹികളാവശ്യപ്പെട്ടു. ഈയാവശ്യം നിരസിക്കപ്പെട്ടതോടെ, അവിടെ നിലയുറപ്പിച്ച്​ സത്യഗ്രഹം നടത്തി. പീന്നിട് ജോര്‍ജ്ജ് ജോസഫ്, സെബാസ്റ്റ്യന്‍, കെ.ജി. നായര്‍ എന്നിവരെ ആറു മാസം തടവിനു ശിക്ഷിച്ചു.

ജോർജ്ജ് ജോസഫ്

ഏപ്രില്‍14-ന്​ ജോര്‍ജ്ജ്‌ ജോസഫ് ഗാന്ധിജിക്കെഴുതി: എന്നെ അറസ്റ്റു ചെയ്തു. സത്യാഗ്രഹം മുന്നോട്ടുകൊണ്ടുപോയേ തീരൂ. പൊതുജനങ്ങളുടെ പിന്തുണയ്ക്കു കുറവില്ല. വളണ്ടിയര്‍മാര്‍ക്ക് ഉത്സാഹമുണ്ട്. നേതാക്കളാണാവശ്യം. ദേവദാസിനെയോ, മഹാദേവ് ദേശായിയെയോ അടിയന്തരമായി അയയ്ക്കുക. ഇതോടൊപ്പം ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ ഗാന്ധിജിക്കെഴുതി, 10-ാം തീയതി മുതല്‍ വളണ്ടിയര്‍മാര്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.

ഗാന്ധിജിയാകട്ടെ, കോണ്‍ഗ്രസ്​ നേതൃത്വത്തില്‍ നിന്ന്​ ആരേയും അയയ്ക്കാതിരിക്കുക വഴി, സത്യഗ്രഹത്തെ അഖിലേന്ത്യാ പ്രശ്‌നമാക്കി മാറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല, ഗാന്ധിജി എഴുതി: നിരാഹാരം അനുഷ്ടിക്കുന്നത് നിർത്തുക. അറസ്റ്റു ചെയ്യുന്നതുവരെ വളണ്ടിയര്‍മാര്‍ തറയിലിരുന്നു സമരം ചെയ്യുക.
ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. ഈ നിലപാടിനെ വിമര്‍ശിച്ച്​ ജൂണ്‍ 6 ന് സ്വാമി ശ്രദ്ധാനന്ദന്‍ പറഞ്ഞു: ഇതിനുമുമ്പുതന്നെ സത്യഗ്രഹം അവസാനിക്കുമായിരുന്നു. എന്നാല്‍ മഹാത്മാഗാന്ധി തടസമുണ്ടാക്കി. വളണ്ടിയര്‍മാര്‍ നിരാഹര സത്യഗ്രഹം തുടര്‍ന്നിരുന്നെങ്കില്‍ മുന്നേ തന്നെ പ്രതീക്ഷിച്ച ഫലം ലഭിക്കുമായിരുന്നു. നിരാഹാരസത്യഗ്രഹം ഗാന്ധിജി നിരോധിച്ചതോടെ സത്യാഗ്രഹത്തിന്റെ ശക്തി ക്ഷയിച്ചു. കോണ്‍ഗ്രസിന്റെ പ്രശസ്തിക്ക് ഇതിലൂടെ ഇടിവ് സംഭവിച്ചു. ഇനി കുറച്ചുകാലത്തേയ്ക്ക് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ബുദ്ധിമുട്ടുണ്ടാകും.

വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കൊച്ചിയിലെത്തിയപ്പോൾ / Photo: Wikimedia Commons

സത്യഗ്രഹ നേതാക്കളെല്ലാം അറസ്റ്റു ചെയ്യപ്പെട്ടതോടെ സത്യഗ്രഹം പരാജയപ്പെടുമെന്ന അവസ്ഥയുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ മദ്രാസ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം തേടാൻ ഗാന്ധിജി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് കേരള നേതാക്കള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇ.വി. രാമസ്വാമിയെ (പെരിയാര്‍) ക്ഷണിക്കാന്‍ തീരുമാനിച്ചത്. പ്രതിസന്ധിയുടെ ആഴമറിഞ്ഞ ജോര്‍ജ്ജ് ജോസഫും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പെരിയാറിനെ വൈക്കത്തേയ്ക്ക് ക്ഷണിച്ചു.
പെരിയാറിന് കേശവമേനോന്‍ എഴുതി; വൈക്കത്തെ സ്ഥിതി ഭയാനകമാണ്. നേതാക്കള്‍ മുഴുവന്‍ അറസ്റ്റു ചെയ്യപ്പെട്ടു. 18 സത്യഗ്രഹികള്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നു. ഞാനും വൈക്കത്തേയ്ക്ക് പുറപ്പെടുന്നു. ഉടന്‍ എന്നെയും അറസ്റ്റ് ചെയ്യും. താങ്കള്‍ ഇവിടെയെത്തി അടിയന്തരമായി സത്യാഗ്രഹ നേതൃത്വം ഏറ്റെടുക്കുക. ഉചിതമായ നിര്‍ദ്ദേശങ്ങള്‍ കമ്പിസന്ദേശമായി നല്‍കുക.
ഇപ്രകാരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്ത് 1924 ഏപ്രില്‍ 13ന് പെരിയാര്‍ കൊച്ചിയിലെത്തി.

സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന് അഭിമുഖികരിക്കേണ്ടിവന്ന പ്രതിസന്ധികളും ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങള്‍സൃഷ്ടിച്ച സന്നിദ്ധതകളും നേതാക്കളുടെ അറസ്റ്റു സൃഷ്ടിച്ച തിരിച്ചടികളും സമരത്തിനേല്‍പ്പിച്ച ആഘാതം കനത്തതായിരുന്നു. ഇത്തരം പ്രശ്‌നവല്‍ക്കരണങ്ങളെ മറികടക്കാന്‍ ശിഥിലമായ സംഘടനയെ ആദ്യമായും പെരിയാര്‍ പുനഃസംഘടിപ്പിച്ചു. രാമുണ്ണിമേനോന്‍, മധുരദാസ് പുരുഷോത്തമന്‍, പെരിയാര്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തില്‍എറണാകുളത്ത് തീണ്ടല്‍ വിരുദ്ധ കാര്യാലയം ആരംഭിക്കാന്‍ തീരുമാനിച്ചു. യോഗം അവസാനിച്ചതിനെ തുടര്‍ന്ന്, രാത്രി തന്നെ പെരിയാര്‍ വൈക്കത്തേയ്ക്ക് തിരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെരിയാറിന്റെ നേതൃത്വത്തില്‍ തമിഴ്‌- കേരള ജനതകളുടെ സംയുക്ത സമരമായി മാറിയതിനാലാണ്, വൈക്കം സത്യഗ്രഹം അപൂര്‍ണ്ണമായെങ്കിലും പര്യവസാനിച്ചത്.

സമരത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ നേതൃത്വമായിരുന്ന കോണ്‍ഗ്രസിനെയും പ്രത്യയശാസ്ത്രമായിരുന്ന ഗാന്ധിജിയുടെ വീക്ഷണത്തെയും പെരിയാര്‍ എതിര്‍ത്തിരുന്നില്ലെന്ന് മാത്രമല്ല, വിശ്വസ്തത പുലര്‍ത്തുകയും ചെയ്തിരുന്നു.

എന്തുകൊണ്ട്​ വൈക്കം?

ദക്ഷിണേന്ത്യയുടെ സവിശേഷതയായ ദ്രാവിഡ സംസ്ക്കാരത്തിന്റെ ഭൂമികയിലാണ് കേരളത്തിന്റെയും സ്ഥാനം. വൈക്കം മഹാദേവര്‍ ക്ഷേത്രവും ഐതിഹ്യവും അതിന്റെ പാഠവല്‍ക്കരണങ്ങളും ഇക്കാര്യം തെളിയിക്കുന്നുണ്ട്.

ഐതിഹ്യം ഇപ്രകാരമാണ്: ഖരന്‍ എന്ന അസുരന്‍, മുത്തച്ഛനായ മാല്യവാനില്‍ നിന്ന്​ ശൈവസിദ്ധാന്തം പഠിക്കാനും ശിവനെ ധ്യാനിക്കാനുമായി നടരാജവിഗ്രഹക്ഷേത്രം കൊണ്ട് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ ചിദംബരത്തെത്തി ശിവനെ ധ്യാനിക്കുന്നു. സന്തുഷ്ടനായ ശിവന്‍, മൂന്ന് ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നു. എന്നാല്‍, വിശ്രമിക്കാനായി വലതുകൈയ്യിലെ ശിവലിംഗം ഖരന്‍ താഴെയിറക്കി വയ്ക്കുന്നു. വിശ്രമശേഷം, പ്രസ്തുത വിഗ്രഹം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ, അവിടെ തന്നെ പ്രതിഷ്ഠിക്കാനുറച്ചു. (മറ്റു രണ്ടു വിഗ്രഹങ്ങള്‍ യഥാക്രമം കടുത്തുരുത്തിയിലും എറ്റുമാനുരുമാണ് പ്രതിഷ്ഠിച്ചത്) ഖരനാകട്ടെ, തപസ്സനുഷ്ഠിക്കുന്ന വ്യാഘ്രപാദന്‍ എന്ന മഹര്‍ഷിയെ ശിവലിംഗത്തിന്റെ സംരക്ഷണചുമതല ഏല്‍പ്പിച്ചു. ഈ വിവരമറിഞ്ഞ പരശുരാമന്‍, വിശ്വകര്‍മ്മാവിനെക്കൊണ്ടൊരു ക്ഷേത്രം പണികഴിപ്പിച്ചതോടെ, പരശുരാമന്‍ സ്ഥാപിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നായി വൈക്കം മഹാദേവര്‍ ക്ഷേത്രം മാറി.

ഈ ഐതിഹ്യം, ഇഴ കീറി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, ദ്രാവിഡ സംസ്കാരത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ശൈവാരാധനയെ പുറന്തള്ളുന്ന വൈഷ്ണവധാരയാണ്. ഇതിന്റെ തെളിവാണ്, വിഷ്ണുവിന്റെ അവതാരമായ പരശുരാമ സാന്നിദ്ധ്യം. പ്രസിദ്ധ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ അഭിപ്രായത്തില്‍, കേരളത്തില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ ആരംഭം എ.ഡി. 823- ല്‍ കണ്ടിയൂര്‍ ക്ഷേത്രനിര്‍മ്മാണത്തോടെയാണ്. തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ട മിക്ക ക്ഷേത്രങ്ങള്‍ക്കും രാജാക്കന്മാരുടെയോ നാടുവാഴികളുടെയോ ഉദാര സഹായം ലഭിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിലോ, ചേര- ചോള-പാണ്ഡ്യ ലിഖിതങ്ങളിലോ വൈക്കം ക്ഷേത്രത്തെക്കുറിച്ച്​ പരാമര്‍ശമില്ല.

അതേസമയം, എ.ഡി 10-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന തിരുവട്ടൂര്‍ ക്ഷേത്രലിഖിതത്തില്‍, തളിപ്പറമ്പിനടുത്തുള്ള തിരുവട്ടൂരില്‍, വൈക്കം ഉള്‍പ്പെടുന്ന തെക്കന്‍ഗ്രാമങ്ങളില്‍ നിന്ന്​ 23 ബ്രാഹ്​മണരെ കുടിയിരുത്തിയതായി പറയുന്നുണ്ട്. ഇതിനപ്പുറം ചരിത്രപ്രാധാന്യമുള്ള സ്ഥലമല്ല വൈക്കം.

വൈക്കം ക്ഷേത്രത്തില്‍ ആധിപത്യം വഹിക്കുന്നതും പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും മലയാളി ബ്രാഹ്​മണരായ നമ്പൂതിരിമാരല്ല, തമിഴ്‌നാട്ടില്‍ നിന്ന്​ കുടിയേറി പാര്‍ക്കുന്ന തമിഴ് ബ്രാഹ്​മണരാണ്. അവര്‍ പൊതുവേ അറിയപ്പെടുന്നത് നമ്പ്യാതിരി, അയ്യര്‍, പട്ടര്‍ എന്നിങ്ങനെയാണ്. തമിഴ്‌നാടിന്​ ബാധകമായ ദ്രാവിഡ സംസ്ക്കാരമാണ് പെരിയാറിനെ നയിച്ചതെങ്കില്‍, തമിഴ് ജനതയെ സംബന്ധിച്ച്​ ദ്രാവിഡ സംസ്ക്കാരവും ശൈവ വിശ്വാസധാരയുമാണ് വൈക്കം സത്യഗ്രഹത്തിലേയ്ക്ക് ആകര്‍ഷിച്ചത്. വസ്തുതകൾ ഇപ്രകാരമായിരുന്നെങ്കിലും, സമരത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ നേതൃത്വമായിരുന്ന കോണ്‍ഗ്രസിനെയും പ്രത്യയശാസ്ത്രമായിരുന്ന ഗാന്ധിജിയുടെ വീക്ഷണത്തെയും പെരിയാര്‍ എതിര്‍ത്തിരുന്നില്ലെന്ന് മാത്രമല്ല, വിശ്വസ്തത പുലര്‍ത്തുകയും ചെയ്തിരുന്നു.

എടുത്തുപറയേണ്ടത്, പെരിയാറിന്റെ ഭാര്യ നാഗമ്മയുടെ സമരപങ്കാളിത്തമാണ്. സത്യഗ്രഹത്തിലെ വളണ്ടിയര്‍മാരോടെപ്പം അവര്‍ വീറോടെ സമരരംഗത്ത് അടിയുറച്ചു നില്ക്കുകയും പോലീസ്​ ഭീഷണികളെ നിര്‍ഭയം നേരിടുകയും ചെയ്തു.

1925 മാര്‍ച്ച് നാലിന്​ ദല്‍ഹിയില്‍ നിന്ന്​ പുറപ്പെട്ട ഗാന്ധിജി ഒമ്പതിന്​ വൈക്കത്തെത്തി. ട്രെയിൻ എട്ടിന്​ ഈറോഡിലെത്തിയപ്പോള്‍ ഗാന്ധിജിയെ സ്വീകരിക്കുന്നതിന്​ പെരിയാര്‍, തങ്കസ്വാമിപിള്ള, എന്‍.എസ്. രാമസ്വാമി എന്നിവരും തൊഴിലാളിനേതാക്കളും ഈറോഡിലെത്തി. എല്ലാവരും ചേര്‍ന്ന് ഗാന്ധിജിയ്ക്ക് ആശംസാപത്രം നല്‍കി.

പെരിയാറിന്റെ സമരം

കോണ്‍ഗ്രസിനെയും ഗാന്ധിജിയേയും അംഗീകരിച്ചുകൊണ്ടുതന്നെ പെരിയാര്‍, തിരുവിതാംകൂറിലുടനീളം സത്യഗ്രഹ വിജയത്തിന്​ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി. എന്നാല്‍, വളണ്ടിയര്‍മാരെ അറസ്റ്റുചെയ്യുന്ന നടപടി സര്‍ക്കാര്‍നിർത്തിവച്ചിരുന്നു. പെരിയാര്‍ വൈക്കത്തും സമീപപ്രദേശങ്ങളിലും വിപുലമായ പ്രചാരണം നടത്തി. ഇത്തരം പ്രചാരണങ്ങളില്‍ ഗാന്ധിജി നിഷേധിച്ചിരുന്നെങ്കിലും, പരീത് സാഹിബിന്റെ നേതൃത്വത്തില്‍, വലിയൊരു സംഘം സത്യഗ്രഹികളെ സമരത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. പെരിയാറിന്റ ആഹ്വാനമനുസരിച്ച് ഒരു കൂട്ടം വളണ്ടിയര്‍മാര്‍ തമിഴ് നാട്ടില്‍ നിന്ന്​ വൈക്കത്തേയ്ക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നു. ഇപ്രകാരം സമരത്തില്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കിയ പെരിയാര്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ പ്രദേശങ്ങളില്‍ തനിച്ചും, മറ്റുള്ളവരുമായി ചേര്‍ന്നും പ്രചാരണം നടത്തി. ഇതോടൊപ്പം വെല്ലൂര്‍ മഠത്തില്‍ ചേര്‍ന്ന തീണ്ടല്‍വിരുദ്ധ സമിതിയുടെ യോഗം സത്യഗ്രഹം മുന്നോട്ടുകൊണ്ടുപോകാന്‍, പെരിയാറുള്‍പ്പെടുന്ന 8 അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. അതേയോഗത്തില്‍ വച്ച് ഒരു വനിതാ കമ്മിറ്റി രൂപീകരിക്കാനും നേതൃത്വം പെരിയാര്‍, ടി.കെ. മാധവന്‍, ഗോവിന്ദന്‍ എന്നിവരുടെ ഭാര്യമാരെ ഏല്‍പ്പിക്കാനും തീരുമാനിച്ചു.

ഈ സന്ദര്‍ഭത്തില്‍, എടുത്തുപറയേണ്ടത്, പെരിയാറിന്റെ ഭാര്യ നാഗമ്മയുടെ സമരപങ്കാളിത്തമാണ്. സത്യഗ്രഹത്തിലെ വളണ്ടിയര്‍മാരോടെപ്പം അവര്‍ വീറോടെ സമരരംഗത്ത് അടിയുറച്ചു നില്ക്കുകയും പോലീസ്​ ഭീഷണികളെ നിര്‍ഭയം നേരിടുകയും ചെയ്തു. പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ പ്രസംഗവിലക്കേര്‍പ്പെടുത്തിയപ്പോള്‍, നാഗമ്മ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ച്​ ചീങ്ങോലി, മുട്ടം, കൊല്ലം, മയ്യനാട്, നെടുമങ്ങാട്, തിരുവനന്തപുരം എന്നീ പ്രദേശങ്ങളില്‍ പ്രസംഗപര്യടനം നടത്തി. മാത്രമല്ല, നാഗമ്മയോടൊപ്പം പെരിയാറിന്റെ കുഞ്ഞമ്മ, അനിയത്തി എന്നിവരെ കൂടാതെ സത്യവൃതനും കോട്ടുകോയികല്‍ വേലായുധനും യാത്രകളില്‍ അനുഗമിക്കുമായിരുന്നു. 1924 മേയ് 20 ന് നാഗമ്മയും അവരുടെ ചെറിയമ്മയും ഉല്‍പ്പടെ ഒരു സംഘം സ്ത്രീകള്‍, ക്ഷേത്രത്തിന്റെ ഗോപുരവാതിലിനടുത്തെത്തി. ശ്രീമതി ഗോവിന്ദചാന്നാര്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കിയതിനെതുടര്‍ന്ന് സ്ത്രീകള്‍രണ്ടു മണിക്കൂര്‍ ഗോപുരവാതിലിനരികെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മാതൃകാപരവും അനുകരണീയവുമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു പെരിയാറിന്റേത്. ഓരോ സന്ദര്‍ഭത്തിലും യോഗം കൂടി ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞുവരുന്ന തീരുമാനങ്ങള്‍അംഗീകരിച്ചശേഷമായിരിക്കും അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ഇപ്രകാരമെടുക്കുന്ന തീരുമാനങ്ങള്‍ നിരന്തരം ഗാന്ധിജിയെ അറിയിച്ചിരുന്നു. സത്യഗ്രഹത്തിനെതിരെ എതിര്‍പ്പുകള്‍ കൂടി വന്നപ്പോള്‍ പെരിയാര്‍, മധുരദാസ്, എന്നിവര്‍ ഗാന്ധിജിയുടെ വിലക്കുള്ള നിരാഹാര സത്യഗ്രഹം ആരംഭിക്കണമെന്ന് തീരുമാനിക്കുകയും, വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സത്യഗ്രഹം തുടര്‍ച്ചയായി നിലനിര്‍ത്താനാവശ്യമായ വളണ്ടിയര്‍മാരെ സംഘടിപ്പിക്കുകയും പണം സമാഹരിക്കുകയും ചെയ്തശേഷം, പെരിയാര്‍ തെക്കന്‍ തിരുവിതാംകൂറിലെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. നാഗര്‍കോവിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഹിന്ദു നേതാക്കളോടൊപ്പം ഗുലാം ഹൈദര്‍ എന്ന മുസ്​ലിമും പ്രസംഗിച്ചു. ഇപ്രകാരം ഗാന്ധിജിയെ അംഗീകരിച്ചപ്പോള്‍ തന്നെ ബഹുജന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ നിഷേധിക്കുന്ന സമീപനവും പുലര്‍ത്തിയിരുന്നു. ഈ നിലപാട് ആശയരംഗത്തും ഉണ്ടായിരുന്നു.

മികച്ച സംഘാടനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിക്ഷോഭകരമായ പ്രഭാഷണങ്ങള്‍ കൊണ്ടും പെരിയാര്‍ സവര്‍ണരുടെയും സര്‍ക്കാരിന്റെയും മുഖ്യ എതിരാളിയായിമാറി.

തക്കലയില്‍ ചേര്‍ന്ന യോഗത്തില്‍ സത്യഗ്രഹത്തെ ഒരു പൗരാവകാശ- മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയിൽ അദ്ദേഹം വിശേഷിപ്പിച്ചു: വൈക്കത്തെ റോഡുകളില്‍ യഥേഷ്ടം സഞ്ചരിക്കുന്ന നാല്ക്കാലികളേക്കാള്‍ വിലകെട്ടവരല്ല ഇവിടുത്തെ ജനങ്ങള്‍ എന്ന കാര്യം തിരിച്ചറിയണം.
ഈ പ്രസ്താവനയുടെ വാമൊഴിയറിവ് ഇപ്രകാരമാണ്: വൈക്കത്തപ്പന്‍ കല്ലാണ്, അത് മുണ്ടലക്കാന്‍ കൊള്ളാം. പ്രശ്‌നം, പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ കഴിയുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ കഴിയില്ലെന്നതാണ്.
മികച്ച സംഘാടനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിക്ഷോഭകരമായ പ്രഭാഷണങ്ങള്‍ കൊണ്ടും പെരിയാര്‍ സവര്‍ണരുടെയും സര്‍ക്കാരിന്റെയും മുഖ്യ എതിരാളിയായിമാറി. ഇക്കാര്യം തെളിയിക്കുന്നതാണ് അദ്ദേഹത്തിന്നെതിരായ നടപടികള്‍.

പെരിയാര്‍

തിരുവിതാംകൂര്‍ പീനല്‍ കോഡിലെ 27-ാം വകുപ്പനുസരിച്ച്, പെരിയാര്‍, പ്രഭാഷണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉത്തരവ് കൈപ്പറ്റിയ പെരിയാര്‍, നിരോധനം ലംഘിക്കുമെന്ന് അധികാരികളെ അറിയിച്ചു. 15 ദിവസത്തിനുശേഷം അദ്ദേഹത്തെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. പെരിയാര്‍ ജയിലിലായിരുന്നപ്പോള്‍, നാഗമ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സമരം തുടർന്നു. പിന്നീട്, ജയില്‍ വിമോചിതനായ പെരിയാറിന് പാണാവള്ളിയില്‍ സ്വീകരണം ലഭിച്ചു. എങ്കിലും, മജിസ്​ട്രേറ്റിന്റെ ഉത്തരവ് വീണ്ടും ലംഘിച്ചതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്​ 1924 ജൂലൈ16 ന് നാലുമാസത്തെ തടവിന് ശിക്ഷിച്ചു. ഇപ്രാവശ്യം ജയിലില്‍ ഇതര തടവുപുള്ളികളോടെന്നപോലുള്ള സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തിയത്. ജയിലിലെ അവസ്ഥയെക്കുറിച്ച് കെ.പി.കേശവമേനോന്‍ എഴുതി: കാലില്‍ ഇരുമ്പുചങ്ങല. തലയില്‍ തടവുപുള്ളികള്‍ അണിയുന്ന തൊപ്പി. മുട്ടിനുതാഴെ വരെയെത്തുന്ന മുണ്ട്. കഴുത്തില്‍ തടവുപുള്ളികളെ തിരിച്ചറിയുന്നതിനുള്ള നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡ് തൂക്കിയിട്ടിരിക്കുന്നു. ഈ വേഷത്തില്‍ ഇ.വി. രാമസ്വാമി കൊലപ്പുള്ളികളോടൊപ്പം പണിയെടുക്കുന്നു.
ജയില്‍മോചിതനായ പെരിയാര്‍ മുമ്പെന്നപോലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണവും ധനസമാഹരണവും നടത്തി, സത്യഗ്രഹം മുടങ്ങാതെ നിലനിര്‍ത്തി.

കേരളത്തിലാണ് സമരം നടന്നതെങ്കിലും തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍, തിരുനല്‍വേലി, നാഗര്‍കോവില്‍, മദ്രാസ് എന്നീ ജില്ലകളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ വലിയ തോതില്‍ പങ്കെടുത്തു.

തമിഴ് ജനതയുടെ പ്രാതിനിധ്യം ഇപ്രകാരമായിരുന്നു: ഇഗ്​​നേഷ്യസ്​ എന്ന ക്രൈസ്​തവനുള്‍പ്പെടെ സത്യഗ്രഹികള്‍ 57.
ഗുലാം ഹൈദര്‍ എന്ന മുസ്​ലിം ഉള്‍പ്പെടെ ജാഥക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയവര്‍ 8. സാമ്പത്തികസഹായം നല്‍കിയ പ്രമുഖര്‍ 5. അബ്ദുള്‍ ഹമീദ്ഖാന്‍ എന്ന മുസ്​ലിം ഉൾപ്പടെ വളണ്ടിയര്‍മാര്‍ 14.
പ്രചാരണ കമ്മിറ്റി അംഗങ്ങള്‍ 7.
(കേരളത്തിലെ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വം ധീവര സമുദായാംഗമായ ഡോ. വേലുക്കുട്ടി അരയാനായിരുന്നു).

Leaders of Vaikom Satyagraha including T. K. Madhavan (sitting : middle row, last as one views the photograph) K. Kumar (standing last in the row behind TK Madhavan : bearded) K. P. Kesava Menon (sitting, third) and Amachadi Thevan .

സത്യഗ്രഹത്തില്‍ അഹിന്ദുക്കളെ പങ്കെടുപ്പിക്കുക വഴി ഗാന്ധിജിയുടേതില്‍ നിന്ന്​ ഭിന്നമായ നിലപാടാണ് പെരിയാര്‍ സ്വീകരിച്ചത്. അതാകട്ടെ ഹിന്ദുമതത്തിന്റെ വിമര്‍ശനമായിരുന്നു. ഗാന്ധിജിയുടെ അയിത്തോച്ചാടനം, സവര്‍ണമേധാവിത്വത്തെ പോറലേല്‍പ്പിക്കാതെയും, വര്‍ണവ്യവസ്ഥയെ അംഗീകരിച്ചുള്ളതുമായിരുന്നു. 1936- ല്‍ അംബേദ്കറുമായുള്ള സംവാദത്തില്‍ ഗാന്ധിജി എഴുതി: വര്‍ണവും ആശ്രമങ്ങളും സ്ഥാപനങ്ങളാണ്. അവയ്ക്ക് ജാതിയുമായി ബന്ധമില്ല. ഓരോരുത്തരും പരമ്പരാഗത തൊഴില്‍ ചെയ്ത്​ ഉപജീവനം നടത്തണമെന്നാണ് വര്‍ണം നമ്മെ പഠിപ്പിക്കുന്നത്. അത്, നിര്‍വ്വഹിച്ചുതരുന്നത് നമ്മുടെ അവകാശങ്ങളല്ല, നമ്മുടെ കടമകളാണ്. അത് മാനവരാശിയുടെ ക്ഷേമത്തിനിണങ്ങുന്ന തൊഴിലുകളെപ്പറ്റി തീര്‍ച്ചയായും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, താഴ്ന്നതോ ഉയര്‍ന്നതോ ആയ ഒരു തൊഴിലിനെപ്പറ്റിയും അത് പരാമര്‍ശിക്കുന്നില്ല. എല്ലാ തൊഴിലുകളും നല്ലതാണ്, നിയമപരമാണ്, പദവിയില്‍ തികച്ചും തുല്യമാണ്. ഒരു ബ്രാഹ്​മണന്റെ (ആദ്ധ്യാത്മികാചാര്യന്റെ) തൊഴിലും ഒരു തോട്ടിയുടെ തൊഴിലും തുല്യമാണ്. അവയുടെ യഥാര്‍ത്ഥ നിർവഹണം ദൈവത്തിനു മുമ്പില്‍ മേന്മയുള്ളതാണ്.

സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ അടുത്തഘട്ടം, ക്ഷേത്രപ്രവേശനസമരമാണെന്ന് പെരിയാര്‍ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും, ഗാന്ധിജിയെ ധിക്കാരിക്കാനദ്ദേഹം വിസമ്മതിച്ചു.

വിവേചനങ്ങള്‍ നിലനിര്‍ത്തുന്ന ചാതുര്‍വര്‍ണ്യം മനുസ്മൃ​തിയിലെന്ന പോലെ ദൈവികമാണെന്ന പരികല്‍പനയിലൂടെ ഗാന്ധിജി അസമത്വങ്ങളെ ശാശ്വതവല്‍ക്കരിക്കുകയായിരുന്നു. തന്മൂലം ക്ഷേത്രപ്രവേശനം, ജാതി ഉന്മൂലനം, മിശ്രഭോജനം, മിശ്രവിവാഹം ഇവയൊന്നും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളായിരുന്നില്ല.

ഹിന്ദുക്കളുടെ സഹായത്തോടെയും അഹിംസാമാര്‍ഗ്ഗത്തിലൂടെയും വൈദിക ബ്രാഹ്​മണര്‍ക്ക് മാനസിക പരിവര്‍ത്തനം വരുമെന്ന് ഗാന്ധിജി വിശ്വസിച്ചു.

അതിയമാന്‍ എഴുതുന്നു: ‘വൈദികരുടെയും ഭരണകൂടത്തിന്റെയും അപ്രീതി സമ്പാദിക്കാതെ സത്യഗ്രഹം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.’

കോണ്‍ഗ്രസുകാരുടെ വിശ്വാസവും അനുസരണയും, ബഹുജനങ്ങള്‍ക്കിടയില്‍ പതിഞ്ഞുകിടന്ന സന്യാസിപരിവേഷവും ഗാന്ധിജിക്ക് വലുതായ അംഗീകാരം നലകിയപ്പോള്‍, പെരിയാറിനെ സംബന്ധിച്ച്​ ഗാന്ധിജിയുടെ വിമര്‍ശനമെന്ന നിലയില്‍, ഹിന്ദുമതത്തിന്റെ തകര്‍ച്ചയെ ചൂണ്ടിക്കാണിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു: വൈക്കം സത്യഗ്രഹം സര്‍ക്കാരിനെതിരായ സമരമല്ല. അത്, മത- ജാതി കലാപമല്ല. അധഃകൃതരായി മുദ്ര കുത്തി അകറ്റിനിര്‍ത്തുന്ന പൊതുജനങ്ങള്‍ക്ക് സമത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സമരമാണ്. ഈ സമരത്തില്‍ നാം ഉന്നതസ്ഥാനങ്ങളില്‍ വിഹരിക്കുന്നവരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കരുത്. ഹിന്ദുമതം അതിവേഗം അപചയത്തിലേയ്ക്ക് നീങ്ങുകയാണ്. മറ്റു മതങ്ങളിലെല്ലാം വര്‍ഷംതോറും ജനസംഖ്യാനുപാതികമായി അനുയായികള്‍ 5, 10, 15 ശതമാനം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഹിന്ദു ജനസംഖ്യയില്‍ 6 ശതമാനമാണിടിവുണ്ടായത്. ഇതിനു കാരണം, അയിത്തം സഹിക്കാതെ ഹിന്ദുക്കള്‍ക്കിടയിലെ നല്ല ശതമാനവും മറ്റ് മതങ്ങള്‍ സ്വീകരിക്കുന്നതാണ്. ഈയവസ്ഥ തുടരുകയാണെങ്കില്‍ താമസിയാതെ ഹിന്ദുമതത്തില്‍ വിശ്വാസികള്‍ ഇല്ലാത്ത അവസ്ഥ സംജാതമാകും.
മറ്റൊരവസരത്തില്‍ പെരിയാര്‍ പറഞ്ഞു: തീണ്ടല്‍ അവസാനിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ട്​ കാര്യമില്ല. ഇതോടൊപ്പം അദ്ദേഹം പറഞ്ഞു; സമത്വം, സ്വാതന്ത്ര്യം, സഹോദര്യം എന്നിവയുള്ള ഒരു സമൂഹം നിലവില്‍ വരണമെങ്കില്‍ തീണ്ടലും തൊടീലും തുടച്ചുനീക്കേണ്ടതുണ്ട്.

ഡോ. ബി.ആർ. അംബേദ്ക്കർ

സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ അടുത്തഘട്ടം, ക്ഷേത്രപ്രവേശനസമരമാണെന്ന് പെരിയാര്‍ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും, ഗാന്ധിജിയെ ധിക്കാരിക്കാനദ്ദേഹം വിസമ്മതിച്ചു. 1925 മാര്‍ച്ച് 12- ന് ശ്രീനാരായണഗുരുവിനേയും മഹാറാണിയേയും ഗാന്ധിജി സന്ദര്‍ശിക്കുമ്പോള്‍, കൂടെ പെരിയാറുമുണ്ടായിരുന്നു. മാര്‍ച്ച് 13- ന്, പെരിയാറുമായി സംസാരിച്ചതിനെതുടര്‍ന്നാണ്​ ഗാന്ധിജി മഹാറാണിയെ കാണുന്നത്.
മഹാറാണി പറഞ്ഞു: പാതകള്‍ തുറന്നു കൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍, സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചാലുടന്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി സത്യഗ്രഹം ആരംഭിക്കുമെന്ന് പെരിയാര്‍ പ്രസ്താവിച്ചിട്ടുണ്ട്. അപ്രകാരമൊരു സമരം ചെയ്യാന്‍ പാടില്ലെന്ന് താങ്കള്‍ നിര്‍ദ്ദേശം നല്‍കണം. ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് സമരം ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയാല്‍ഇപ്പോള്‍ തന്നെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാം.
ഈ സമയം, പെരിയാറും കൊട്ടാരത്തിലെത്തി. മഹാറാണിയുടെ നിര്‍ദ്ദേശത്തിന് എന്താണ് മറുപടി നല്‍കേണ്ടതെന്ന് ഗാന്ധിജി ചോദിച്ചു.
പെരിയാര്‍ പറഞ്ഞു: നമ്മുടെ ലക്ഷ്യം ക്ഷേത്രപ്രവേശനമാണല്ലോ. സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടുമാത്രം അയിത്തം അവസാനിക്കുകയില്ല. ഈ ദുരാചാരം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് നാം സമരം ചെയ്യുന്നത്. എന്നാല്‍, ഇപ്പോള്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയല്ല, ജനങ്ങളെ അതിനുവേണ്ടി സജ്ജരാക്കിയശേഷം മാത്രമായിരിക്കും സമരം നടത്തുക.

സത്യഗ്രഹത്തിന്റെ പര്യവസാനത്തിലേയ്ക്കുള്ള യാത്ര വളഞ്ഞുപുളഞ്ഞതും കയറ്റിറക്കങ്ങളുള്ളതുമായ പാതയിലൂടെയായിരുന്നു.

പെരിയാറിന്റെ അഭിപ്രായമനുസരിച്ച് ഇപ്പോള്‍ ക്ഷേത്രപ്രവേശനം അജണ്ടയിലില്ലെന്ന് ഗാന്ധിജി മഹാറാണിയെ അറിയിച്ചു. ഗാന്ധിജിയുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടുണ്ടായ നേട്ടം, ബിഡ് ഉടമ്പടിയാണെന്നാണ് കരുതുന്നത്. തിരുവിതാംകൂര്‍ പോലീസ് കമീഷണര്‍ ബിഡും ഗാന്ധിജിയുമായുണ്ടാക്കിയ ഉടമ്പടി ഇപ്രകാരമായിരുന്നു: സത്യഗ്രഹികള്‍ സംയമനം പാലിച്ച്​ ബാരിക്കേഡുകള്‍ സ്ഥാപിച്ച പ്രദേശത്തിനപ്പുറത്തേയ്ക്ക് കടക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍, പോലീസ് ബാരിക്കേഡുകള്‍ നീക്കാൻ തയ്യാറാണ്. മാത്രമല്ല, സത്യഗ്രഹികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുകയും ചെയ്യും.

ബിഡ് ഉടമ്പടി നിലവില്‍ വന്നശേഷം സത്യഗ്രഹം നേരിട്ട ഏറ്റവും വലിയ സംഭവം, 1925 ഒക്ടോബര്‍ 3 ന് കുമാരന്‍ എന്ന ഈഴവസമുദായാംഗം, വൈക്കം ഉള്‍പ്പെടെയുള്ള എല്ലാ പൊതുവഴികളിലും എല്ലാ ജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച പ്രമേയമാണ്. സഭാദ്ധ്യക്ഷന്റെ മറുപടി; സഞ്ചാരനിയന്ത്രണം നിയമവിരുദ്ധമാണെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കണമെന്നായിരുന്നു.
പ്രസ്തുത പ്രമേയം തള്ളപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന്​ അതേ സമ്മേളനത്തില്‍ കൃഷ്ണ അയ്യങ്കാര്‍, വൈക്കം ക്ഷേത്രത്തിനു സമീപമുള്ള പാതകള്‍ എല്ലാ ജാതിയിലും പെട്ടവര്‍ക്ക് സഞ്ചരിക്കാന്‍ തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട്​ പുതിയൊരു ബില്‍ അവതരിപ്പിച്ചു. അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ക്കുശേഷം, ബില്‍ വോട്ടിനിട്ടപ്പോള്‍ 21 നെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബില്‍പരാജയപ്പെട്ടു.

വൈക്കത്തെ ഗാന്ധി പ്രതിമ

അതേസമയം, സത്യഗ്രഹത്തിന്റെ പര്യവസാനത്തിലേയ്ക്കുള്ള യാത്ര വളഞ്ഞുപുളഞ്ഞതും കയറ്റിറക്കങ്ങളുള്ളതുമായ പാതയിലൂടെയായിരുന്നു. ബിഡ് ഉടമ്പടി നിലവില്‍ വന്നതോടെ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള പാതയൊഴിച്ചുള്ള മൂന്നു പാതകളും അയിത്തക്കാര്‍ക്കായി തുറന്നുകൊടുക്കാൻ തീരുമാനമുണ്ടായി. സമരസമിതി ഈ നിര്‍ദ്ദേശം നിരസിച്ചതോടെ, കിഴക്കേ ഗോപുരത്തിന് സമീപം പുതിയതായി ചെറിയൊരു വാതില്‍ സ്ഥാപിക്കാനും, വഴിപാടിനായി എത്തുന്ന ഭക്തര്‍ക്കു മാത്രം പ്രവേശിക്കാനുള്ള അനുവാദം ഉണ്ടായിരിക്കുമെന്നുമുള്ള തീര്‍പ്പുണ്ടായി. ഇതോടെ, കിഴക്കേനട ഭക്തർക്കും പൂജാരിമാര്‍ക്കുമായിരിക്കും, അതിന്റെ നിയന്ത്രണം ദേവസ്വം ബോര്‍ഡിനായിരിക്കും. മാത്രമല്ല, വടക്കുവശത്തുള്ള പാതയെ കിഴക്കുവശത്തെ പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത നിര്‍മ്മിക്കും. ആ പാതയിലൂടെ ബ്രാഹ്​മണര്‍ക്ക് അയിത്തമുണ്ടാകാതെ കടന്നുപോകാന്‍ കഴിയും. മഹാറാണിയുടെ ഈ തീരുമാനം, രാജഗോപാലാചാരി വഴി ഗാന്ധിജിയെ അറിയിച്ചു. ഉത്തരവ് വായിച്ചശേഷം ഗാന്ധിജി ഇപ്രകാരം എഴുതി: നിങ്ങള്‍ക്ക് സത്യഗ്രഹം അവസാനിപ്പിക്കാം.

തീണ്ടല്‍ പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നെങ്കിലും, സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പാലിച്ചു സത്യഗ്രഹം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

പിന്നീട്ടുള്ള സംഭവങ്ങള്‍ ഇങ്ങനെയാണ്: അയിത്താചാരം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമായി സഞ്ചാരസ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ പെരിയാര്‍, തമിഴ്‌നാട്ടില്‍ തിരിച്ചെത്തി കോണ്‍ഗ്രസ്​ പ്രസിഡന്റ് സ്ഥാനമടക്കം മുഴുവന്‍ സ്ഥാനങ്ങളും രാജിവച്ച്​, കരുത്തുറ്റ ദ്രാവിഡ പ്രസ്ഥാനത്തിന് രൂപം നല്‍കി. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം, ദലിത്- പിന്നാക്ക ജനതകള്‍ക്ക് അപൂര്‍ണമായി സഞ്ചാരസ്വാതന്ത്ര്യം കാലം നല്‍കിയപ്പോള്‍ വൈക്കം കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞ്​, കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കോട്ടകളിലൊന്നായി പരിവര്‍ത്തനപ്പെട്ടു.

നായര്‍- ഈഴവര്‍ സംഘര്‍ഷം നിലനിന്നിരുന്നില്ലെങ്കിലും, നായന്മാര്‍ കോണ്‍ഗ്രസിലും സമരനേതൃത്വത്തിലും, സംഘാടനത്തിലും മേധാവിത്വം വഹിച്ചിരുന്നു.

സാമുദായിക പാഠങ്ങള്‍

വൈക്കം സത്യഗ്രഹത്തിന് ഊടും പാവും നല്‍കിയ ടി.കെ. മാധവന്‍ 1915 മുതല്‍ അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിരുന്നു. അദ്ദേഹം പത്രാധിപരായ ദേശാഭിമാനി, ഈ ലക്ഷ്യം നേടിയെടുക്കാൻ നിരന്തരം വാദങ്ങളുയര്‍ത്തി. ടി.കെ. മാധവന്റെ പൗരസമത്വത്തിലധിഷ്ഠിതമായ, ക്ഷേത്രപ്രവേശനാവശ്യത്തോട് നായര്‍ സമുദായം, നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിന് പ്രസിദ്ധ വക്കീലും നായര്‍ സമുദായ പ്രമാണിയുമായ മള്ളൂര്‍ ഗോവിന്ദപിള്ള 1919, ഏപ്രിലിൽ മിതവാദി മാസികയിലൂടെ നല്‍കിയ മറുപടിയിങ്ങനെയാണ്: നായന്മാരും ക്ഷേത്രപ്രവേശന വിഷയത്തില്‍ സങ്കടമുള്ളവരാകുന്നു. അവര്‍, ഈഴവാദികളുടെ ക്ഷേത്രപ്രവേശനത്തിന് വിരോധികള്‍ എന്നു പറയുന്നത് സര്‍വ്വത്ര അബദ്ധമാകുന്നു. നായര്‍സമാജത്തില്‍ നിന്ന്​ തീണ്ടല്‍ അവസാനിപ്പിക്കേണ്ടതാണെന്ന നിശ്ചയം പാസ്സാക്കി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവണ്‍മെന്റിന്റെ തീര്‍പ്പിനയച്ചുവരുന്നു.

ആനി ബസൻറ്​

നായര്‍- ഈഴവര്‍ സംഘര്‍ഷം നിലനിന്നിരുന്നില്ലെങ്കിലും, നായന്മാര്‍ കോണ്‍ഗ്രസിലും സമരനേതൃത്വത്തിലും, സംഘാടനത്തിലും മേധാവിത്വം വഹിച്ചിരുന്നു. അതേസമയം, ഈഴവ സമുദായം സത്യഗ്രഹത്തില്‍ വലുതായ തോതില്‍ അണിനിരന്നിരുന്നു.
ഈ സംഘടിതശക്തിയെ ശിഥിലീകരിക്കാനുള്ള ഗാന്ധിജിയുടെ നിര്‍ദ്ദേശമായിരുന്നു സവർണ ജാഥ. സവർണ ഹിന്ദുക്കള്‍ മാത്രം പങ്കെടുക്കുന്ന ജാഥ, മഹാറാണിയെ കണ്ട് നിവേദനം സമര്‍പ്പിക്കണം. ജാഥ അവസാനിപ്പിക്കുന്നതുവരെ സത്യഗ്രഹം നിര്‍ത്തിവയ്ക്കണം- ഇപ്രകാരം ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ, ഈഴവരടക്കമുള്ള ജാതിക്കാര്‍ക്ക് സഞ്ചാരസ്വാത്യന്ത്ര്യം മുഴുവന്‍ പൊതുവഴികളിലും നല്‍കണമെന്നാവശ്യപ്പെട്ട്​ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ നവംബര്‍ ഒന്നിന്​ വൈക്കത്തുനിന്നു പുറപ്പെട്ട് 13 ന് തിരുവനന്തപുരത്തെത്തി, 25,000 പേര്‍ ഒപ്പിട്ട നിവേദനം മഹാറാണിക്കു നല്‍കി.

നിരവധി പ്രദേശങ്ങളിലൂടെ കടന്നുപോയ ജാഥയിലുടനീളം ‘മഹാത്മാഗാന്ധി കീ ജെയ്, റീജന്റ് മഹാറാണി കീ ജെയ്’ എന്നീ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ഇതേപോലെ ഒരു സവര്‍ണ ജാഥ നവംബര്‍ 7ന് ഡോ. എമ്പരുമാള്‍ നായിഡുവിന്റെ നേതൃത്വത്തില്‍ കോട്ടാറില്‍ നിന്നാരംഭിച്ച്​ 13ന് തിരുവനന്തപുരത്ത് സമാപിച്ചു. സത്യഗ്രഹത്തിന്റെ വിജയത്തിന്നാധാരമായത് സവര്‍ണ ജാഥയാണെന്ന പ്രചാരണത്തിലൂടെ, നായര്‍ മേധാവിത്വവും മന്നത്ത് പത്മനാഭന്റെ അനിഷേധ്യ നേതൃത്വവും സ്ഥാപനവല്‍ക്കരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ഈഴവ- ദലിത് ജനതകളുടെ പ്രതിനിധാനത്തെ അദൃശ്യവല്‍ക്കരിക്കുകയും ചെയ്തു.

എത്രയും വേഗം സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്രിസ്തു മതമോ ഇസ്​ലാം മതമോ ബുദ്ധമതമോ, സ്വീകരിക്കുമെന്ന അഭിപ്രായം ഈഴവർക്കിടയിൽനിന്ന്​ ഉയർന്നുവന്നു. ഈ വിവരമറിഞ്ഞ ഗാന്ധിജി അസ്വസ്ഥനായി.

വൈക്കം സത്യഗ്രഹത്തില്‍ നേതൃത്വപരമായും, തമിഴ്‌- കേരള ജനതയെ ദ്രാവിഡാവബോധത്തില്‍ ഏകീകരിച്ച്​ സമത്തില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞ പെരിയാര്‍ ഏറെ അനുഭാവം പ്രകടിപ്പിച്ചത് ഈഴവരോടായിരുന്നു. 1924 മേയ് 20 ന് പെരിയാര്‍ ഈഴവരോട് നടത്തിയ അഭ്യര്‍ത്ഥന ഇപ്രകാരമായിരുന്നു: സഹോദരീസഹോദരന്മാരെ, സത്യഗ്രഹം പരാജയപ്പെട്ടാല്‍ ഇന്ത്യ മുഴുവന്‍ നമ്മള്‍ അപമാനിതരാവും. ഈഴവരുടെ സാമൂഹികാവസ്ഥയും കൂടുതല്‍ പ്രശ്‌നസങ്കീര്‍ണ്ണമാകും. പിന്നീട് നമുക്ക് സവര്‍ണരുടെ മുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ ഈഴവര്‍ ഓരോരുത്തരും ആണ്‍- പെണ്‍ഭേദമില്ലാതെ സത്യഗ്രഹത്തിന്റെ വിജയത്തിനായി ആത്മാർഥമായി ശ്രമിക്കണം. ദയവുചെയ്ത്​ നിങ്ങള്‍മാറി നിന്ന് സമൂഹദ്രോഹിയെന്ന പട്ടം കരസ്ഥമാക്കരുത്.

സെപ്റ്റംബര്‍ 5ന് നെടുങ്കണ്ടയില്‍ കേരളകൗമുദി പത്രാധിപരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പെരിയാര്‍ പറഞ്ഞു: അതിശക്തമായ ബ്രിട്ടീഷ് ഭരണകൂടം അയിത്തം അംഗീകരിക്കുന്നില്ല. പിന്നെ, ബ്രിട്ടീഷുകാരുടെ കീഴിലുള്ള ദുര്‍ബ്ബലമായ തിരുവിതാംകൂര്‍ ഭരണകൂടം അത് മുറുകെ പിടിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈഴവരുടെ അവകാശങ്ങള്‍ അടിയന്തരമായി അനുവദിച്ചാല്‍ തങ്ങളുടെ അന്തസ്സിന് കോട്ടം തട്ടുമെന്ന് ഭരണകൂടം ഭയപ്പെടുന്നു. നമ്മള്‍ തീവ്രതയോടെ ആറുമാസം കൂടി സമരം ചെയ്താല്‍ ഉറപ്പായും നമുക്ക് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാന്‍ കഴിയും.

Illustration : chintha.in

സത്യഗ്രഹം 15 മാസം പിന്നിട്ടപ്പോള്‍, അവര്‍ണ്ണരുടെ ഇടയില്‍ മതം മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. എത്രയും വേഗം സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്രിസ്തു മതമോ ഇസ്​ലാം മതമോ ബുദ്ധ മതമോ, സ്വീകരിക്കുമെന്ന അഭിപ്രായം ഈഴവർക്കിടയിൽനിന്ന്​ ഉയർന്നുവന്നു. ഈ വിവരമറിഞ്ഞ ഗാന്ധിജി അസ്വസ്ഥനാവുകയും, ഹിന്ദുമതത്തില്‍ കടന്നുകൂടിയ ജീവകാരുണ്യപരമല്ലാത്ത അന്ധവിശ്വാസത്തെ ഒരു കാരണവശാലും, ഹിന്ദു രാജ്യത്തിലെ ഹിന്ദു ഭരണകൂടം അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്​തു.

സത്യഗ്രഹം അവസാനിച്ചശേഷവും പെരിയാര്‍ ഈഴവരുമായുള്ള ബന്ധം തുടര്‍ന്നു. 1936- ല്‍ ഈഴവ യുവജനസംഘടനയുടെ 43-ാം വാര്‍ഷികത്തോടനുബന്ധിച്ച്​ തൃശൂരിലും, എറണാകുളത്തും സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ പെരിയാര്‍ പങ്കെടുത്തു. ഈഴവരോടുണ്ടായിരുന്ന സൗഹൃദം, ഡോ. വേലുക്കുട്ടി അരയന്റെ പ്രതിനിധാനത്തിലൂടെ സത്യഗ്രഹത്തില്‍ പങ്കാളിത്തം വഹിച്ച ധീവരരോടും ദലിതരോടും പെരിയാര്‍ പുലര്‍ത്തിയിരുന്നില്ല.

അയിത്തം മൂലമുള്ള കൊടും ദുരിതവും പീഡനവും അനുഭവിക്കേണ്ടി വന്നത് പുലയർ (ദലിതര്‍) ക്കാണ്. അതുകൊണ്ടുതന്നെ അയ്യങ്കാളിയടക്കമുള്ള നവോത്ഥാന നായകരുടെ സുദീര്‍ഘമായ പ്രക്ഷോഭങ്ങളിലൂടെ സവര്‍ണ മേധാവിത്വത്തെ പ്രതിരോധിക്കാന്‍ അവര്‍ കരുത്ത് നേടിയിരുന്നു. ഇതിന്റെ ഫലമായി വൈക്കത്തെ സമരത്തിന്- സത്യഗ്രഹത്തിന്- തുടക്കം കുറിക്കാനും വിവിധ പ്രദേശങ്ങളിലെ കൂട്ടായ്മകളിലൂടെ സത്യഗ്രഹത്തിന്റെ ഭാഗമാകാനും മാത്രമല്ല, സമരത്തില്‍ പങ്കെടുത്തവരില്‍, മറ്റേതൊരു സാമുദായിക വിഭാഗത്തെക്കാളും പോലീസിന്റെയും ഗുണ്ടകളുടെയും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതും ദലിതര്‍ക്കായിരുന്നു. ആ ജനവിഭാഗത്തെ അഭിസംബോധന ചെയ്യാനും പ്രതിനിധാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പെരിയാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം, സമരത്തിലൂടെ രൂപപ്പെട്ട ദലിത്- പിന്നാക്ക ഐക്യം മുന്നോട്ടുപോകാനും അദ്ദേഹത്തിന്​ കഴിഞ്ഞില്ല. ചുരുക്കത്തില്‍, വൈക്കം സത്യഗ്രഹത്തിലെ ദലിതരുടെ അദൃശ്യമാക്കല്‍ ചരിത്രാനുഭവമായി രേഖപ്പെടുത്തേണ്ടതുണ്ട്.
(അവസാനിച്ചു)

സഹായക കൃതികള്‍:
1. കെ. ആര്‍. നാരായണന്‍- ‘ഈഴവര്‍’, (സമാഹരണം) ജി. പ്രിയദര്‍ശനന്‍, ഡോ. എസ്. ജയപ്രകാശ്.
2. എ. ശ്രീധരമേനോന്‍; ‘കേരള ചരിത്രം.’
3. പഴ. അതിയമാന്‍; ‘വൈക്കം സത്യഗ്രഹം.’
4. മന്നത്ത് പത്മനാഭൻ; ‘എന്റെ ജീവിത സ്മരണകള്‍.’
5. Ward and conner; ‘Memoir of the survey of the travancore and cochin states.’
6. K.A. Neelakanda Sasthri; ‘South Indian History.’
7. കെ. കെ. കൊച്ച്; ‘കേരളചരിത്രവും സമൂഹരൂപികരണവും.’
8. കെ.കെ. കൊച്ച്; ‘ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്ര പ്രസക്തി.’
9. ഡോ. മാളവിക ബിന്നി; ‘നൂറ്റാണ്ടു പിന്നിടുന്ന വൈക്കം സത്യഗ്രഹം ഒരു വിജയമോ?’
10. ഡോ. ബി. ആര്‍. അംബേദ്കര്‍; ‘സമ്പൂര്‍ണ കൃതികള്‍ വാല്യം -10.’
11. ബാബു പന്മന; ‘കേരള നവോത്ഥാനം വില്ലുവണ്ടി സമരം.’
12. ‘മാതൃഭൂമിയുടെ ചരിത്രം’
13. കെ.കെ. കൊച്ച്: ‘പാമ്പാടി ജോണ്‍ ജോസഫ്- വീണ്ടെടുപ്പ് പുനര്‍വായന.’
14. ഡോ. ബി. ആര്‍. അംബേദ്കര്‍; ‘സമ്പൂര്‍ണ കൃതികള്‍, വാല്യം ഒന്ന്.’


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments