മലബാർ കലാപത്തിലെ
മൃഗകലാപങ്ങൾ

മലബാർ സമരങ്ങളിലെ മനുഷ്യ- മൃഗ പാരസ്​പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് മഹ്മൂദ് കൂരിയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മൃഗകലാപങ്ങൾ’. ഒട്ടനവധി മൃഗങ്ങൾ സമരങ്ങളുടെ നിരവധി ഫ്രെയിമുകളിൽ വന്ന് സ്​ഥാനമുറപ്പിക്കുകയോ വന്ന് മറയുകയോ ചെയ്തിട്ടുണ്ട്. അവയുടെ ചരിത്രവും സമരങ്ങളിലെ പങ്കും അനാവരണം ചെയ്യുന്ന പുസ്തകം കൂടിയാണിത്. ഈ പുസ്തകത്തിന്റെ ആമുഖവും ഒരു ഭാഗവും വായിക്കാം.

ആമുഖം

ബ്രിട്ടീഷുകാർ മലബാർ ഏറ്റെടുത്ത 1792 മുതൽ 1922 വരെ നടന്ന നിരവധി കലാപങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇക്കാലമത്രയും സാമ്രാജ്യത്വ കൊളോണിയൽ വിരോധം, കാർഷിക ബന്ധങ്ങൾ, ദേശീയത, സാമുദായികത, വർഗീയത തുടങ്ങിയ ഏതാനും ചർച്ചാവിഷയങ്ങളിൽ ബന്ധിതമാണ്. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഇക്കാലത്തെന്നപോലെ അക്കാലത്തും സംവാദങ്ങളുടെ വിളനിലമായിരുന്നു. ഏറ്റവും ചുരുങ്ങിയത് 1852 മുതലെങ്കിലും ഏറ്റുമുട്ടലുകളുടെ അടിസ്​ഥാന ചോദനകൾ കാർഷികബന്ധങ്ങളിൽ വന്ന വ്യതിയാനങ്ങളായിരുന്നോ മതപ്രേരിതമായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ മലബാറിലെ അധിനിവേശാധികാരികളെയും സമകാലീന വിശാരദരെയും കുഴക്കിയിരുന്നു. ഇത്തരം ചോദ്യങ്ങളുടെ പ്രസക്തിയോ പ്രാധാന്യമോ തള്ളിക്കളയാതെതന്നെ, കലാപങ്ങളെ വ്യത്യസ്​തമായ ഒരു വീക്ഷണകോണിലൂടെ കാണാനാണ് ഈ പുസ്​തകത്തിന്റെ ശ്രമം.

മനുഷ്യൻ മൃഗമായി ന്യൂനീകരിക്കപ്പെടുന്ന സംഘട്ടനഘട്ടങ്ങളിൽ ഓരോ വ്യക്തിയും മനുഷ്യേതര മൃഗങ്ങളുമായി നടത്തുന്ന ഇടപഴകലുകൾ നമുക്ക് തുറന്നുതരുന്ന കാഴ്ചപ്പാടുകളുടെ വിശാലമായ ഒരു ലോകമുണ്ട്. ഓരോ പ്രദേശത്തെയും മനുഷ്യർ എന്താണെന്നും അവർ ഇതരദേശങ്ങളിലെ മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും എത്ര വ്യത്യസ്​തരാണെന്നും വിവിധ ധാർമിക സാംസ്​കാരിക മൂല്യങ്ങളിലൂടെ അവർ ആർജിച്ച ജൈവമാതൃകകളുടെ പ്രസകതിയെന്താണെന്നുമെല്ലാം സമാധാനഘട്ടങ്ങളിലെന്നപോലെ പോരാട്ടമുഖങ്ങളിലും അവർ മൃഗങ്ങളോട് കാണിക്കുന്ന അനുഭാവക്രൗര്യഭേദങ്ങൾ നോക്കിയാൽ മനസ്സിലാക്കാം. മനുഷ്യർ മൃഗങ്ങളെ മെരുക്കുന്നു എന്നതിനെക്കാളേറെ മനുഷ്യമൃഗങ്ങളുടെ കൂടെ ജീവിക്കാൻ ഇതര മൃഗങ്ങൾ സ്വന്തം ഇഷ്ടപ്രകാരമോ നിർബന്ധിതമായോ തയ്യാറാകുന്നു എന്നത് ചരിത്രത്തിലെ സ്വാഭാവികമായ വികാസമല്ല, മറിച്ച് ലോകഘടനയിൽ മൃഗങ്ങൾക്കൂടി എടുത്ത തീരുമാനങ്ങളുടെ പരിണതഫലം കൂടിയാണ്. മൃഗങ്ങൾ നടത്തിയേക്കാവുന്ന കലാപങ്ങളായിരുന്നു ഒരുകാലത്ത് മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ ആധിയെന്നു ചരിത്രകാരന്മാരായ ജെഫ്രി സെൻ്റ് ക്ലയറും ജെയ്സൺ ഹ്രിബലും പറയുന്നുണ്ട്. മൃഗങ്ങളെ പരമാവധി അടക്കമുള്ള ജന്തുക്കളായി മാറ്റാൻ ഇരുമ്പിന്റെയും മരത്തിന്റെയും വേദനയുടെയും ശിക്ഷയുടെയും വിവിധ മെരുക്ക് ഉരുപ്പടികളിലൂടെ മധ്യകാല യൂറോപ്പിൽ ജനങ്ങൾ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ സമീപകാലത്ത് ഏറെ ശക്തമാണ്. മനുഷ്യാനന്തരചരിത്രവും സാമ്രാജ്യത്വ ദേശീയ പ്രാദേശിക ചരിത്രാന്വേഷണങ്ങളും പരിസ്​ഥിതിപഠനങ്ങളുമെല്ലാം ഇത്തരം അന്വേഷണങ്ങൾക്ക് ശക്തി പകരുന്നു. മനുഷ്യചരിത്രത്തിലെപ്പോഴും മൃഗങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ്. അവയുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്​കാരികവുമായ അനേക സംഭാവനകൾ പുതുപഠനങ്ങൾ മുന്നോട്ടുകൊണ്ടുവരുന്നു. മാർഗരറ്റ് ഡെറി, ക്ലൗഡ് ലെവിസ്ട്രോസ്, തോമസ്​ ട്രോട്മാൻ, ഹാരിയറ്റ് റിറ്റ്വോ, വിർജിനിയ ആൻഡേഴ്സൺ തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞർ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഇത്തരം അന്വേഷണങ്ങൾക്ക് ശകതി പകർന്നിട്ടുണ്ട്.

ഈ ഗവേഷണ പരിസരങ്ങളിലൂന്നിയാണ് മലബാർ സമരങ്ങളിലെ മനുഷ്യ- മൃഗ പാരസ്​പര്യത്തെക്കുറിച്ച് ഈ പുസ്​തകം അന്വേഷിക്കുന്നത്. ഒട്ടനവധി മൃഗങ്ങൾ സമരങ്ങളുടെ നിരവധി ഫ്രെയിമുകളിൽ വന്ന് സ്​ഥാനമുറപ്പിക്കുകയോ വന്ന് മറയുകയോ ചെയ്തിട്ടുണ്ട്. കലാപകാരികളുടെയും നേതാക്കളുടെയും സൈന്യത്തിന്റെയും ഇരകളുടെയും സഹയാത്രികരായും മുദ്രകളായും സമ്മാനങ്ങളായും വാഹനങ്ങളായും ഛായകളായും ഇരകളായും മോഷണവസ്​തുക്കളായും കഴുതകളും കുതിരകളും കന്നുകാലികളും ആനകളും നായകളും പൂച്ചകളും എലികളും പ്രത്യക്ഷപ്പെടുന്നു. അവയുടെ ചരിത്രവും സമരങ്ങളിലെ പങ്കും അനാവരണം ചെയ്യാൻ മാത്രമല്ല, കേരള ചരിത്രത്തിന്റെതന്നെ നിർമിതിയിൽ വിവിധ മൃഗങ്ങൾ വഹിച്ച അനിഷേധ്യ പങ്ക് അംഗീകരിക്കാനും അന്വേഷിക്കാനും ഈ പഠനം ഒരു ചവിട്ടുപടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇംഗ്ലീഷിലുള്ള കൊളോണിയൽ സ്രോതസ്സുകളാണ് ഈ കൃതിയുടെ നട്ടെല്ലെങ്കിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും തമിഴിലും ഡച്ചിലും ഇറ്റാലിയനിലും എഴുതപ്പെട്ട ഏതാനും സമരരചനകളും നോവലുകളും കവിതകളും നാടകങ്ങളും ഈ അന്വേഷണങ്ങൾക്ക് ഉപോദ്ബലകമായിട്ടുണ്ട്. സമരകാലങ്ങളോടും സമകാലീന വിവരണങ്ങളോടും നീതിപുലർത്തുന്നതിനായി 1930-കൾക്കുമുൻപ് എഴുതപ്പെട്ട സ്രോതസ്സുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.

സംസാരിക്കാൻ കഴിയാത്ത മൃഗങ്ങളുടെ ചരിത്രം എങ്ങനെ എഴുതാം? സ്വന്തം എഴുത്തുകുത്തുകളും ആത്മകഥനങ്ങളും ചരിത്രസ്രോതസ്സുകളായി നൽകാൻ പര്യാപ്തമല്ലാത്ത മൃഗങ്ങളെ എങ്ങനെ അവലോകനം ചെയ്യാൻ കഴിയും? സർവ്വോപരി, മൃഗങ്ങളുടെ ചരിത്രത്തിനെന്താണ് പ്രസക്തി? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരമാണ് മലബാർ സമരപരിസരങ്ങളിൽ ഈന്നിയുള്ള ഈ പുസ്​തകം.

മൃഗങ്ങളുടെ ഭാഷ മനുഷ്യനു മനസ്സിലാക്കാനായില്ലെങ്കിലും അവയുമായുള്ള സഹവാസം വഴി ആനുഷംഗികമായോ ബോധപൂർവ്വമോ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മൃഗങ്ങളുടെ വ്യത്യസ്​തങ്ങളായ ഭാഗധേയങ്ങൾ അനാവരണം ചെയ്യാനുള്ള ശ്രമം. വിവിധ പശ്ചാത്തലങ്ങളിൽ എഴുതപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും അറബി–മലയാളത്തിലുമെല്ലാമുള്ള ചരിത്രരേഖകളിലെ ചെറിയ ചെറിയ തെളിവുകൾ വലിയ തെളിവുകളോടു ചേർത്തുവെച്ച് കഴുതകളുടെയും നായകളുടെയും എലികളുടെയും പൂച്ചകളുടെയും മറ്റും സമരഗതികൾ മനസ്സിലാക്കാനുള്ള ശ്രമം.

അത്രയധികം പഠിക്കപ്പെടാനുണ്ടോ കേരളത്തിലെ മൃഗങ്ങളുടെ ചരിത്രം എന്നത് ഇതുമായി ബന്ധപ്പെട്ടുവരുന്ന ചോദ്യങ്ങളിൽ ഏറ്റവും പ്രധാനമാണ്. അല്ലെങ്കിൽ എന്തിനു പഠിക്കണം മൃഗങ്ങളെക്കുറിച്ച് എന്ന്.

ഒന്നാമതായി, ലോകം ഇന്നു കൈവരിച്ച പുരോഗതിയുടെ പിന്നിൽ മൃഗങ്ങളുടെ വലിയൊരു പങ്കുണ്ട്. കർഷകരായും ചുമട്ടുകാരായും വാഹനങ്ങളായും സംരക്ഷകരായും ഭക്ഷണങ്ങളായും മറ്റും മനുഷ്യന്റെ ദൈനംദിനജീവിതത്തിൽ അവ നൂറ്റാണ്ടുകളായി കൂടെ നിൽക്കുന്നുണ്ട്. മറ്റെങ്ങുമെന്നപോലെ ആധുനിക കേരളത്തിന്റെ നിർമ്മാണത്തിലും ഇവയുടെ പങ്കാളിത്തം അനിഷേധ്യമാണ്. അവ ഉഴുത നിലങ്ങളും വഹിച്ച ഭാരങ്ങളും രസിപ്പിച്ച ആഘോഷങ്ങളും നൽകിയ പാലും നെയ്യും ഇറച്ചിയും ഓരോ മലയാളിയുടെയും ജീനിൽ രൂഢമാണ്. എങ്കിലും ചരിത്രരചനയിൽ അവ നിഷ്കാസിതരായി തുടരുന്നു. കേരളത്തിന്റെ നിർമാണത്തിൽ വിവിധ സമുദായ–ജാതി–മതവിഭാഗങ്ങളുടെയും തൊഴിലാളിവർഗ്ഗങ്ങളുടെയും പങ്കിനെക്കുറിച്ചെല്ലാം നമ്മൾ ഘോരഘോരം സംസാരിക്കുമെങ്കിലും മൃഗങ്ങളോളം കേരളത്തിനുവേണ്ടി അദ്ധ്വാനിച്ച മറ്റൊരു വിഭാഗമുണ്ടെന്നു തോന്നുന്നില്ല. അതിനാൽ അവയുടെ പങ്ക് അംഗീകരിക്കലും ചരിത്രപരമായും സാമൂഹികമായും അന്വേഷിക്കലും അവയുടെ ചൂഷകർ, അല്ലെങ്കിൽ ഗുണഭോകതാക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്. അതിന്റെ കേരളീയമായ ആദ്യപടികളിലൊന്നായിരിക്കട്ടെ ഈ പുസ്​തകം.

രണ്ടാമതായി, ആപത്കരമായ ആഗോളതാപനത്തിന്റെയും പ്രകൃതിവ്യതിയാനങ്ങളുടെയും ഇക്കാലത്ത് മൃഗങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വംശനാശങ്ങളും മാറ്റങ്ങളും മനസ്സിലാക്കാൻ ചരിത്രപരമായ സമീപനം അത്യാവശ്യമാണ്. പൗരാണിക ഭാരതത്തിൽ ചുരുങ്ങിയത് എട്ട് ആനവനങ്ങളെങ്കിലുമുണ്ടായിരുന്നത് പതിനെട്ടാം നൂറ്റാണ്ടിനുശേഷം ശോഷിച്ച് വെറും ഒന്നുരണ്ടിടങ്ങളിലേക്കു മാത്രമായി ചുരുങ്ങിയതും ഏഷ്യൻ ആനകൾ ലോകത്ത് ഇനി അമ്പതിനായിരമേ ശേഷിക്കുന്നുള്ളൂവെന്നും അവയിൽ മുപ്പതിനായിരവും തെന്നിന്ത്യയിലാണെന്നും ലോകം മുഴുവൻ തിരിച്ചറിയുന്നത് പ്രകൃതിചരിത്രകാരൻ മഹേഷ് രംഗരാജന്റെ നേതൃത്വത്തിൽ 2010–ൽ പുറത്തുവന്ന എലഫൻ്റ് ടാസ്​ക് ഫോഴ്സിന്റെ റിപ്പോർട്ടിനെയും തോമസ്​ ട്രോട്മാന്റെ പഠനത്തെയും തുടർന്നാണ്. ആനകൾക്ക് ഇത്രയും വലിയൊരു വംശനാശം സംഭവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് അവയ്ക്കു കുറെക്കൂടെ സംരക്ഷണം നൽകാൻ സർക്കാരുകളെയും ജനങ്ങളെയും പ്രേരിപ്പിച്ചത്. ഇത്തരത്തിൽ ഓരോ പ്രദേശത്തുമുള്ള ഓരോ മൃഗത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ചരിത്രപരമായി നടത്തിയാൽ മാത്രമേ അവ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ നമുക്ക് മനസ്സിലാക്കാനാകൂ. ആ പ്രതിസന്ധികളിൽ നല്ലൊരു ശതമാനവും മനുഷ്യരുടെ നിർമ്മിതികളാണെന്നിരിക്കെ പ്രത്യേകിച്ചും.

മൂന്നാമതായി, മൃഗങ്ങളെക്കുറിച്ചു പഠിക്കുന്നത് മനുഷ്യർ നിർമ്മിച്ച സ്രോതസ്സുകളുടെ അടിസ്​ഥാനത്തിലാണ് എന്നതിനാൽ ആത്യന്തികമായി അത് മനുഷ്യരെക്കുറിച്ചുള്ള പഠനങ്ങൾ തന്നെയാണ്. നാം മൃഗങ്ങളോട് കാണിക്കുന്ന സ്​നേഹവും അനീതിയും ലാളനയും ക്രൂരതയും പരിപോഷണവും നശീകരണമനോഭാവവുമെല്ലാം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ മനുഷ്യർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പ്രതിഫലനങ്ങളാണ്. മൃഗങ്ങളെ അവയുടേതായ ഇടങ്ങളിലും സ്വാതന്ത്ര്യങ്ങളിലും അക്രമങ്ങളുടെ അകമ്പടിയില്ലാതെ നിലനിർത്തുക അസാദ്ധ്യമെന്നു തോന്നാം. കാടിനു പുറത്തു ജീവിക്കുന്ന മനുഷ്യർ പല കൊള്ളരുതായ്മകളെയും കാട്ടുനീതി എന്നു പരിഹസിക്കുമെങ്കിലും കാട്ടിലെ ഉത്കൃഷ്ടമായ ഏതാനും സഹജീവിസമധാരണകളെ അപ്പാടേ നിരാകരിക്കുന്നുണ്ട് മൃഗങ്ങളോടുള്ള സമീപനങ്ങളിൽ നാട്ടിലെ മനുഷ്യർ. മനുഷ്യകേന്ദ്രിതവും സ്വാർത്ഥനിഷ്ഠവുമായ നമ്മുടെ സമീപനങ്ങളിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാനും വിള്ളലുകൾ നികത്താനും ചരിത്രപരമായി മനുഷ്യ–മൃഗ സഹവാസങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. അതായിരിക്കണം അതിക്രമങ്ങളിൽ അധിഷ്ഠിതമല്ലാത്ത സഹജീവിസമഭാവനകളുടെ കാതൽ. മറ്റേത് മൃഗത്തെക്കാളും മുന്നിൽ നിൽക്കുന്നുവെന്ന് സ്വയം കരുതുന്ന മനുഷ്യരുടെ ബാദ്ധ്യതയാണത്.

Photo : historynet.com

സ്വന്തമായി സ്രോതസ്സുകൾ ഇല്ലെങ്കിലും മനുഷ്യർ പല കാലങ്ങളിൽ പലതരത്തിൽ തങ്ങളുടെതന്നെ ചരിത്രം അടയാളപ്പെടുത്തുന്നതിനിടയിൽ അനിഷേധ്യഘടകങ്ങളായി കടന്നെത്തുന്ന മൃഗങ്ങളുടെ ജീവിതങ്ങളും വികാരങ്ങളും വിചാരണകളും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതോടെ നമുക്ക് അന്വേഷിക്കാൻ കഴിയും. ചെറുതെങ്കിലും അവയെക്കുറിച്ചുള്ള പ്രസ്​താവനകളിൽ ഊന്നൽ നൽകാനും വിശകലനത്തിന്റെ മൈേക്രാസ്​കോപ്പു വെച്ച് സാമൂഹികവും സാംസ്​കാരികവും രാഷ്ട്രീയപരവും മതപരവുമായ സൂക്ഷ്മതലങ്ങളിലൂടെ അനാവരണം ചെയ്യാനും സാധിക്കും. മൃഗങ്ങളുടെ ചരിത്രം പഠിക്കാൻ പര്യാപ്തമായ സ്രോതസ്സുകളില്ല എന്ന സ്​ഥിരം ഒഴിവുകഴിവുകളെ മറികടക്കാനും ക്രിയാത്മകമായ ഇത്തരം സൂക്ഷ്മവായനകൾ സഹായിക്കും.

മലബാർ സമരങ്ങളിലെ കഴുതകളുടെയും ആനകളുടെയും കുതിരകളുടെയും കന്നുകാലികളുടെയും നായകളുടെയും എലികളുടെയും പൂച്ചകളുടെയും വിവിധങ്ങളായ ഭാഗധേയങ്ങളാണ് ഈ പുസ്​തകം മുന്നോട്ടുവെക്കുന്നത്. അതിൽ വാരിക്കുഴിയിൽ വീണ ഒരു ആനയുടെ പേരിൽ തുടങ്ങിയ കലാപമുണ്ട്, കന്നുകാലികളുടെ സംരക്ഷണത്തിനുവേണ്ടി ആയുധമെടുത്ത മാപ്പിളക്കർഷകരുണ്ട്, മമ്പുറം ഫദ്ൽ തങ്ങളെ നാടുകടത്തുമ്പോൾ പ്രകോപിതരായേക്കാവുന്ന തദ്ദേശീയരെ അടിച്ചൊതുക്കാൻ വിളിച്ചുവരുത്തപ്പെടുന്ന കുതിരസൈന്യമുണ്ട്, കൊളോണിയൽ അധികാരികളെ കടിച്ച നായകളുണ്ട്, നായകളുടെ കുര കാരണം കൊല്ലപ്പെട്ട എസ്റ്റേറ്റ് മുതലാളിയുണ്ട്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈന്യഭാരങ്ങൾ ഏറ്റി മലബാറിലങ്ങോളമിങ്ങോളം സഞ്ചരിച്ച കഴുതകളും കാളകളുമുണ്ട്... അവയെല്ലാം ചേർന്ന് മലബാർ സമരങ്ങളെക്കുറിച്ച് നമ്മൾ പൊതുവേ വായിച്ചുശീലിച്ച ആഖ്യാനങ്ങൾ ഭിന്നമാക്കുന്നു. അവയെ ചരിത്രകഥനങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നതോടെ മനുഷ്യർ പരസ്​പരം നടത്തിയ പോരുകളുടെ വ്യാഖ്യാനങ്ങൾ അധിനിവേശവിരുദ്ധത, സാമുദായികത, വർഗ്ഗീയത, കാർഷികത തുടങ്ങിയ സ്​ഥിരം ബിന്ദുക്കളിൽ നിന്ന് തെന്നിത്തെറിക്കുന്നു. പോരാട്ടവേളകളിൽ മനുഷ്യരുടെ മുന്നിലും പിന്നിലും ഇടയിലും സ്വയംകർത്തൃത്വത്തോടെയും അല്ലാതെയും പ്രത്യക്ഷപ്പെടുന്ന മൃഗങ്ങൾ അതിനാൽത്തന്നെ സങ്കീർണ്ണമായ പല തലങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

കേരളചരിത്രത്തിൽ മൃഗങ്ങളെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾക്ക് അധികം മുൻമാതൃകകളില്ലാത്തതിനാൽ വിശകലനങ്ങളിലും വിവരണങ്ങളിലും വന്നിരിക്കാവുന്ന പരിമിതികളുണ്ടാകാം. എങ്കിലും മൃഗങ്ങൾ കേന്ദ്രസ്​ഥാനത്തുവരുന്ന, കൊണ്ടുവരുന്ന ഈ പഠനം കേരള ചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

പുസ്തകത്തിൽനിന്ന് ഒരു അധ്യായം:

കഴുതകൾക്ക്
സമരഭാരങ്ങൾ

മലബാർ സമരചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മൃഗങ്ങളിലൊന്നാണ് കഴുത. കഴുതകൾക്ക് മാത്രമായി കലാപസമയങ്ങളിൽ ഒരു സൈന്യവും ബറ്റാലിയനുമുണ്ടായിരുന്നു. സമരവേളകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മൊത്തം ഭാരം മലബാറിൽ ഏറ്റിയിരുന്നത് കോവർ കഴുതകളായിരുന്നു. അവയുടെ നിസ്സീമമായ ശ്രമദാനങ്ങൾ വഴിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കലാപമുഖങ്ങളിൽ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിൽക്കാനും പിന്നീട് എല്ലാം നഷ്ടപ്പെട്ടിട്ടും ശകതമായ ഒരു തിരിച്ചുവരവ് നടത്താനും കഴിഞ്ഞത്. അതിനാൽത്തന്നെ മലബാറിലെ ജനങ്ങൾ പ്രധാനമായി ആശ്രയിച്ചിരുന്ന കാളവണ്ടികളും ബ്രിട്ടീഷുകാർ വിവിധ നാടുകളിൽനിന്ന് കൊണ്ടുവന്ന കഴുതകളും തമ്മിലുള്ള ഒരു പോരാട്ടപരമ്പര കൂടിയായിരുന്നു മലബാർ കലാപങ്ങൾ.

ചൂടും മഴയും ദാഹവും ഒരുപരിധിവരെ പ്രതിരോധിക്കാനും കുതിരകളുടെ അത്രതന്നെ ഭാരം ചുമക്കാനും കാർക്കശ്യബുദ്ധിയോടെ ഏത് അപകടാവസ്​ഥകളിലും പിടിച്ചുനിൽക്കാനും കഴുതകളെക്കാളും സാമർഥ്യത്തോടെ ജോലിചെയ്യാനും കുതിരകളെക്കാൾ ക്ഷമയും ആയുസ്സും കൈമുതലായുള്ള കോവർ കഴുതകൾക്ക് കഴിഞ്ഞിരുന്നതിനാൽ യുദ്ധമുഖത്തെ പ്രധാനമൃഗമായിരുന്നു ഇവ. തന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന ജീവി (The mule alwsay appesart o me a mstos urprising animal ) എന്ന് ചാൾസ്​ ഡാർവിൻ, കോവർ കഴുതകളെക്കുറിച്ച് എഴുതിയത് വെറുതെയല്ലല്ലോ.? യുദ്ധത്തിനിറങ്ങുന്ന ഒരു പോരാളിക്ക് കഴുതയുടെ ലക്ഷ്യബോധമുണ്ടാകണമെന്ന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് സൈനുദ്ദീൻ ഒന്നാമൻ തന്റെ മുനവ്വിറുൽ ഖുലൂബിൽ എഴുതുന്നുണ്ട്. അമ്പ് കൊണ്ടാലും വെട്ടേറ്റാലും ചുമലിലെ ഭാരവുമായി മുന്നോട്ടുപോകുന്ന കഴുതകളെപ്പോലെയാകണം ഓരോ പോരാളിയെന്നും മലബാറിലെ പോർച്ചുഗീസ്​ വിരുദ്ധ പോരാട്ടങ്ങളുടെ സമയത്ത് അദ്ദേഹം എഴുതിയത് മൂന്നുനാലു നൂറ്റാണ്ടുകൾക്കിപ്പുറം ബ്രിട്ടീഷുകാരോട് പോരാട്ടം നടത്തിയിരുന്ന പലർക്കും പ്രചോദനമായിരിക്കണം.

റോയൽ സ്കോട്ട്സ് ഗ്രേസ് കുതിരപ്പട / Photo : Library of Congress

മോട്ടോർ വാഹനങ്ങൾ വ്യാപകമാകുന്നതിനുമുൻപ് കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങൾ ആശ്രയിച്ചിരുന്ന കാളവണ്ടികളിൽ നല്ലൊരു ശതമാനവും മലബാറിൽ കൈകാര്യം ചെയ്തിരുന്നത് മാപ്പിളമാരായിരുന്നു, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽനിന്ന് ഉൾനാടുകളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള നാട്ടുവഴികളിൽ. കലാപപ്രദേശങ്ങളിൽ സമരങ്ങൾ ചൂടുപിടിക്കുന്ന അവസരങ്ങളിൽ മാപ്പിളമാർ നിയന്ത്രിക്കുന്ന കാളവണ്ടികളെ ആശ്രയിക്കാനാകില്ല എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്​ഥരിൽ പലർക്കും തോന്നിയതിനാലാണ് കഴുതകൾ ഒരു ബദൽ നിർദേശമായി സൈനികമേധാവികൾക്കിടയിൽ ഉയർന്നുവരുന്നത്. അതിനാൽത്തന്നെ 1910-കളുടെ തുടക്കംമുതൽ കലാപങ്ങളുടെ മൂർധന്യതയിൽ ഒരു കഴുതബറ്റാലിയൻ (മ്യൂൾ റൈഫിൾസ്​) മലപ്പുറം കേന്ദ്രമായി നിലവിലുണ്ടായിരുന്നു.

മലബാർ കലാപങ്ങളിൽ ബ്രിട്ടീഷുകാർ കഴുതകളെ ആശ്രയിച്ചത് പ്രധാനമായും ചുമടുകളെടുക്കാനും വെള്ളമെടുക്കാനും സഞ്ചാരമാധ്യമമായുമാണ്. ഇന്ത്യയിലെമ്പാടും കഴുതകളെ ഉപയോഗിച്ചിരുന്നത് അലക്കുകാരും മറ്റുമായിരുന്നല്ലോ. കേരളത്തിൽ പുഴകളും കുളങ്ങളും വലിയ ദൂരവ്യത്യാസങ്ങളില്ലാതെ സുലഭമായിരുന്നതിനാൽ അലക്കുകാർക്ക് ചുമടുകളേന്താൻ കഴുതകളെ ആശ്രയിക്കേണ്ടിയിരുന്നില്ല. എങ്കിലും സംഘട്ടനസമയങ്ങളിൽ സമരക്കാരും സൈന്യങ്ങളും ക്യാമ്പുകളിൽനിന്ന് ക്യാമ്പുകളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ഇരുവിഭാഗത്തിനും തദ്ദേശീയരെയും അവിടത്തെ പ്രധാന സഞ്ചാരോപാധികളെയും പെട്ടെന്ന് ആശ്രയിക്കാൻ സാധിക്കാത്തതിനാൽ കഴുതകൾ വലിയ സഹായകമായിരുന്നു, പ്രത്യേകിച്ച് ബ്രിട്ടീഷ് സൈന്യത്തിന്.

ആദ്യകഴുതകൾ

1890-കളോടെത്തന്നെ കോവർ കഴുതകളെ ബ്രിട്ടീഷുകാർ മലപ്പുറം സ്​പെഷ്യൽ പോലീസിൽ ഉപയോഗിച്ചിരുന്നു. മലബാർ സമരങ്ങൾ ഒരു തുടർച്ചയായ 1849-നുശേഷം കലാപങ്ങൾ അടിച്ചമർത്താനും മാപ്പിളമാരെ നിയന്ത്രിക്കാനും മാത്രമായി 1855-ൽ സ്​ഥാപിതമായ മലപ്പുറം സ്​പെഷ്യൽ പോലീസിൽ ആദ്യകാലമത്രയും അധികവും തദ്ദേശീയരായ പോലീസ്​ ഉദ്യോഗസ്​ഥരാണ് ഉണ്ടായിരുന്നത് (എം.എസ്​. പി. 2021-ൽ അതിെൻ്റ നൂറാംവാർഷികം ആഘോഷിക്കുന്നത് കണ്ടു. 1921-നും എത്രയോ മുൻപ് എം.എസ്​.പി. നിലവിലുണ്ടായിരുന്നുവെന്ന വസ്​തുതയുടെ തിരസ്​കാരമോ തികഞ്ഞ ചരിത്രബോധമില്ലായ്മയോ ആണിത്). എന്നാൽ 1884-ലോടെ ഈ അവസ്​ഥ മാറുകയും തദ്ദേശീയരെക്കാൾ യൂറോപ്യരായ നിരവധി സൈനികർ മലപ്പുറത്തും കോഴിക്കോട്ടും എത്തുകയും അവരുടെ ഉപയോഗത്തിന് മലബാറിൽ അന്ന് പ്രചാരത്തിലില്ലാതിരുന്ന പല ആയുധങ്ങളും മൃഗങ്ങളും വാഹനങ്ങളും ഭരണകൂടം ലഭ്യമാക്കുകയുംചെയ്തു.

ആ വർഷങ്ങളിൽ മലപ്പുറത്ത് താവളമടിച്ച ഓക്സ്​ഫഡ്ഷെയർ ലൈറ്റ് ഇൻഫൻട്രിയും കോഴിക്കോട്ടെ റോയൽ ഫസിലിയേഴ്സും അന്നത്തെ ഏറ്റവും മികച്ച ആയുധങ്ങളും സന്നാഹങ്ങളും ഉപയോഗിക്കുന്നതിൽ പരിശീലനം സിദ്ധിച്ചവരായിരുന്നു. മലമ്പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഉപയോഗിക്കേണ്ട വാഹനങ്ങളും സാമഗ്രികളും അവർക്ക് പരിചിതമായിരുന്നു. അതോടൊപ്പം, പരമ്പരാഗത യുദ്ധസജ്ജീകരണങ്ങൾ ഏറെ വിലപിടിപ്പുള്ളവയും വലിയ ഭാരമുള്ളവയുമായിരുന്നതിനാൽ, ഏറ്റവും ചുരുങ്ങിയ ഭാരങ്ങളേറ്റി, ചെലവു ചുരുക്കി ഏറ്റുമുട്ടലുകൾ നടത്താൻ അന്ന് പല ബ്രിട്ടീഷ് സൈനികത്തലവരും നടത്തിയിരുന്ന കാമ്പയിനിങ്ങിെൻ്റ അനുരണനം ഇവരുടെ സന്നാഹങ്ങളിലും പ്രകടമായിരുന്നു. അങ്ങനെയായിരിക്കണം പോലീസിലും സൈന്യത്തിലും കഴുതകൾ റിക്രൂട്ട് ചെയ്യപ്പെടുന്നത്. കാരണം, ഏറക്കുറെ ഇതേസമയത്തുതന്നെയാണ് ഇന്ത്യൻ സൈന്യത്തിന് സ്​ഥിരമായൊരു ട്രാൻസ്​പോർട്ട് വിഭാഗം വരുന്നത്. 1884 വരെയും ഓരോ സ്​ഥലത്തെയും തദ്ദേശീയരായ മൃഗങ്ങളെയും വണ്ടികളെയും വണ്ടിക്കാരെയും വാടകയ്ക്കെടുക്കുകയോ താത്കാലികമായി വാങ്ങി ഉപയോഗിക്കുകയോ ആണ് സൈന്യം ചെയ്തിരുന്നത്. എന്നാൽ, 1884-കളോടെ സ്വന്തമായ ഒരു ട്രാൻസ്​പോർട്ട് വിഭാഗം കമ്മിസരിയറ്റ് ട്രാൻസ്​പോർട്ട് ഡിപ്പാർട്ട്മെൻറ് എന്നപേരിൽ സൈന്യത്തിനു കീഴിൽ സ്​ഥാപിതമാവുകയും കഴുതകളുടെയും കുതിരകളുടെയും ആനകളുടെയുംമറ്റുമെല്ലാം ചുമതല അവർ ഏറ്റെടുക്കുകയും ചെയ്തു. അവരുടെ മേൽനോട്ടത്തിൽ മലപ്പുറത്ത് സൈനികക്കഴുതകൾ സാന്നിധ്യമറിയിച്ചു, 1890കളോടെ.

മലപ്പുറത്തെ പാണ്ടിക്കാട്ടേക്ക് അമ്പത് സൈനികരുടെ അത്യാവശ്യമുണ്ടെന്ന ഒരടിയന്തരസന്ദേശം 1894 ഏപ്രിൽ രണ്ടിന് രാവിലെ ഒമ്പതുമണിക്ക് എം.എസ്​.പിയിലെ കമാൻഡിങ് ഓഫീസർക്ക് പാണ്ടിക്കാട്ടെ പോലീസിൽനിന്ന് ലഭിച്ചയുടനെ അങ്ങോട്ട് പുറപ്പെടാനായി തയ്യാറായ ഫസ്റ്റ് ഡോർസെറ്റ് റെജിമെൻറിലെ രണ്ട് ഓഫീസർമാർ, ആറ് നോൺകമ്മിഷൻഡ് ഓഫീസർമാർ, 48 പ്രെെവറ്റുകൾ എന്നിവർക്കൊപ്പം ആറ് കഴുതകളുമുണ്ടായിരുന്നു. സൈന്യത്തിനാവശ്യമായ മുഴുവൻ വെടിക്കോപ്പുകളും ഈ കഴുതകളാണ് വഹിച്ചത്. ഒരാൾക്ക് നാൽപ്പത് റൗണ്ടെന്ന തോതിലുള്ള വെടിമരുന്നും പുറമെ റിസർവായി 5500 റൗണ്ടുകളും എട്ട് പെട്ടി ഷോട്ടുകളും എട്ട് കോമൺ ഷെല്ലുകളും പതിനാറ് ഷ്രാപ്നെലുകളും 5500 ലീമെറ്റ്മോർഡും അവയുടെ ചുമലിലായിരുന്നു. ഹൊവിറ്റ്സർ, ഗൺ ഡിറ്റാച്ച്മെൻ്റ്, പാചകപാത്രങ്ങൾ, ആശുപത്രിപരിചരണ സാമഗ്രികൾ, വെള്ളം തുടങ്ങിയവ വഹിക്കാൻ ഏതാനും ആനകളും കാളകളും കഴുതകൾക്ക് കൂട്ടിനുണ്ടായിരുന്നു.

മലപ്പുറത്തെ പ്രാദേശികമായ ഒരു സമരമുഖത്തേക്ക് പുറപ്പെടാൻ സന്നദ്ധമായിനിൽക്കുന്ന കോവർക്കഴുതകളെക്കുറിച്ചുള്ള, 1894-ൽനിന്നുള്ള ഈ ഹ്രസ്വമായ വിവരണം, അടിയന്തരഘട്ടങ്ങളിൽ അവയെ ആത്മവിശ്വാസത്തോടെ ആശ്രയിക്കാമെന്ന, അക്കാലത്തെ ആഗോളസൈനികബോധ്യത്തിന്റെ പ്രാദേശികമായ പ്രതിഫലനമാണ്. ഒന്നാം ലോകമഹായുദ്ധത്തോടെ കോവർക്കഴുതകളും കഴുതബറ്റാലിയനുകളും, വിശിഷ്യാ മാസിഡോണിയൻ മ്യൂൾ കോപ്സും, ഏറ്റവും പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാൻ എത്രത്തോളം അനിവാര്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനും എത്രയോമുൻപ്, പരമ്പരാഗത യുദ്ധസന്നാഹങ്ങളിൽ കോവർകഴുതകളെ സംശയലേശമെന്യേ ആശ്രയിക്കാമെന്ന വിശ്വാസം ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യം കൂടി ഉൾക്കൊണ്ടിരുന്നു. അതാണ് പാണ്ടിക്കാട്ടേക്ക് പുറപ്പെടാൻ തയ്യാറായ എമർജൻസി ട്രൂപ്പിൻ്റ കാതലായി, കാവലാളായി, ചുമട്ടുകാരായി കഴുതകൾകൂടി ഉൾപ്പെടാൻ കാരണം.

ആനയെവിറ്റ് കഴുതയെ വാങ്ങാമോ?

ഈ ആറ് കഴുതകൾ എടുത്താൽ പൊങ്ങുന്നതായിരുന്നില്ല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മലപ്പുറത്തെ ആയുധശക്തിയും ചുമട്ടുഭാരവും. അതിനാൽ കൂടുതൽ കോവർകഴുതകൾ വേണമെന്ന ആവശ്യം 1900-ത്തിന്റെ തുടക്കത്തോടെ മലപ്പുറത്തെ സൈനികർക്കിടയിൽ ശകതിപ്പെട്ടിരുന്നു. 1900 ഡിസംബറിൽ പട്ടാളത്തിന്റെ കമ്മീസരിയറ്റ് വിഭാഗത്തിൽനിന്നുള്ള എഴുത്തുകുത്തുകൾ ഇക്കാര്യങ്ങൾ വ്യകതമാക്കുന്നു. പരമാവധി സൈനികച്ചെലവുകൾ ചുരുക്കുകയെന്ന അധിനിവേശഭരണകൂടത്തിന്റെ നയം അറിയുന്നതിനാൽത്തന്നെ കഴുതകളെ വാങ്ങാനും നോക്കിനടത്താനും ആവശ്യമായ ചെലവുകൾക്കുള്ള പ്രതിവിധികൾ സഹിതമായിരുന്നു സൈനികർ മേലധികാരികളോട് ആവശ്യങ്ങളുന്നയിച്ചത്.

1900-ത്തിൽ മലപ്പുറത്തെ സൈനിക ക്യാമ്പിൽ ഉണ്ടായിരുന്നത് ഏഴ് ആനകളും പന്ത്രണ്ട് ചുമട്ടുകാളകളും ആറ് സൈനിക ട്രാൻസ്​പോർട്ട് വണ്ടികളുമായിരുന്നു. സൈന്യം നേരിട്ടനുവദിച്ച കമ്മീസരിയറ്റ് ട്രാൻസ്​പോർട്ട് കഴുതകൾ ഉണ്ടായിരുന്നില്ല. അതിനാൽ, കലാപങ്ങളുടെ സമയത്ത് സൈനികർക്ക് എല്ലാ സാമഗ്രികളും സഹിതം പെട്ടെന്ന് മുന്നേറാൻ മലപ്പുറത്ത് സ്വന്തമായി ചുമട്ടുകഴുതകൾ വേണമെന്നാവശ്യപ്പെട്ട്, മദ്രാസ്​ പ്രവിശ്യയുടെ മൊത്തം ചുമതലയുള്ള ലെഫ്റ്റനൻറ് ജനറൽ കമാൻഡർ മേലുദ്യോഗസ്​ഥർക്കും കമ്മീസരിയറ്റ് വിഭാഗത്തിനും കത്തെഴുതി. ഈ കത്തിൽ കലാപങ്ങളുടെ സമയത്ത് അനുയോജ്യവും പര്യാപ്തവുമായ ഒരൊറ്റ ട്രാൻസ്​പോർട്ട് ഓപ്ഷനും മലപ്പുറത്തോ സമീപപ്രദേശങ്ങളിലോ കിട്ടില്ലെന്ന് പ്രത്യേകം കുറിക്കുന്നു അദ്ദേഹം.

ഈ കത്തിൽനിന്ന് രണ്ടുകാര്യങ്ങൾ വ്യകതമാണ്.

ഒന്ന്, 1900-ങ്ങളോടെത്തന്നെ സമരങ്ങൾ ഒരു നിരന്തരപ്രതിഭാസമായി കാണാനും അതിന്റെ അടിസ്​ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം അവയെ കൂടുതൽ ഫലപ്രദമാംവിധം എങ്ങനെ ശക്തി ഉപയോഗിച്ച് നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാനുമായിരുന്നു അന്നത്തെ ഉദ്യോഗസ്​ഥസൈനിക ഭരണശ്രമങ്ങൾ. അതാണ് കഴുതകളെ ആശ്രയിക്കാനും അവയ്ക്കായി അപേക്ഷിക്കാനും ഉന്നതസൈനികോദ്യോഗസ്​ഥരെ പ്രേരിപ്പിച്ചത്.

രണ്ട്, കലാപസമയത്ത് മാപ്പിളമാരും മലപ്പുറത്തുകാരുമെല്ലാം ഒറ്റക്കെട്ടായിനിൽക്കുമെന്ന ധാരണ ബ്രിട്ടീഷുകാരിൽ സജീവമായിരുന്നു. പ്രദേശത്തെ മാപ്പിളമാർക്കിടയിൽനിന്നുതന്നെ നല്ലൊരു ശതമാനം നേതാക്കളും പണ്ഡിതരും ഉദ്യോഗസ്​ഥരും കലാപത്തിനെതിരേയും ആയുധസമരങ്ങൾക്കെതിരേയും ശബ്ദിച്ചിരുന്നുവെങ്കിലും (ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ, തിരൂർമഞ്ചേരി തഹസിൽദാർമാർ, നിരവധി മുസ്​ലിം പണ്ഡിതർ തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം), കലാപം തുടങ്ങിയാൽ അവരെല്ലാവരും ഒറ്റക്കെട്ടായിനിൽക്കുമെന്ന ആത്യന്തിക ന്യൂനോകതി ഈ പ്രസ്​താവനകളിൽ വ്യകതമാണ്. കലാപകാരികളെയെന്നപോലെ മലപ്പുറത്ത് സൈന്യത്തെ സഹായിച്ചിരുന്നതും മാപ്പിളമാരായിരുന്നുവെന്നതും, മാപ്പിള റൈഫിൾസ്​ മലബാർ സ്​പെഷ്യൽ പോലീസിനെക്കാളും പ്രാധാന്യത്തോടെ ഇന്ത്യയിലൊട്ടുക്കും സേവനമനുഷ്ഠിച്ചിരുന്നു എന്നതുമെല്ലാം മാപ്പിളമാരെക്കുറിച്ചുള്ള ഏകശിലാത്മകമായ ഈ കൊളോണിയൽ ധാരണാനിർമിതിയിൽ നിഷ്പ്രഭമോ അപ്രസകതമോ ആയിരുന്നു.

തന്റെ അപേക്ഷയിൽ കമാൻഡർ ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യം, അനുവദിക്കപ്പെടുന്ന കഴുതകൾ മലപ്പുറത്തിന് മാത്രമായിരിക്കണമെന്നാണ്. ജില്ലയ്ക്ക് പുറത്തുള്ള ആവശ്യങ്ങൾക്ക് അവയെ ഉപയോഗിക്കാനോ കൊണ്ടുപോകാനോ പാടില്ല. ഈ നിർദേശം തത്ത്വത്തിൽ ആവശ്യപ്പെട്ടത്, ഇതുപോലെ മറ്റെങ്ങും കൊണ്ടുപോകാൻ പറ്റാത്തവയായി ഏതാനും മാസങ്ങൾക്കുമുമ്പ് (1900 സെപ്റ്റംബർ 25-ന്) മിലിട്ടറി ഡിപ്പാർട്ട്മെൻറ് പ്രവിശ്യയുടെ മറ്റുഭാഗങ്ങളിലേക്ക് അനുവദിച്ച കഴുതകളുടെ കൂട്ടത്തിലേക്ക് പുതുതായി പന്ത്രണ്ടെണ്ണത്തിനെക്കൂടി വാങ്ങിക്കാനും അതുവരെ മലപ്പുറത്ത് ഉപയോഗിച്ചിരുന്ന ആനകളുടെ എണ്ണം ഏഴിൽനിന്ന് മൂന്നായി ചുരുക്കാനുമായിരുന്നു. അവസാന വാചകത്തിൽ മലപ്പുറത്തിന് പകരം ഇന്ത്യയിൽ എന്നാണ് കമാൻഡർ എഴുതുന്നത്, ഇത് ശരിയാകാൻ വഴിയില്ല. കാരണം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനേകം ആനകളെ ബ്രിട്ടീഷ് ഗവൺമെൻറ് ഉപയോഗിച്ചിരുന്നു, സൈനികാവശ്യത്തിനും തടിവലിക്കാനും മറ്റുമായി.

മലപ്പുറത്തേക്ക് കഴുതകളെ വാങ്ങുന്നതിനും അവയെ വർഷാവർഷം നോക്കിനടത്തുന്നതിനും ആവശ്യമായ വരവുചെലവുകണക്ക് സാമ്പത്തികകാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന മദ്രാസ്​ കൺേട്രാളർ തയ്യാറാക്കിയതായി ഈ പ്രൊപ്പോസലിൽ കമാൻഡർ അറിയിക്കുന്നു. പന്ത്രണ്ട് കഴുതകളെ വാങ്ങാൻ 2498 രൂപയും ഏഴ് അണയും ഏഴ് പൈസയും ചെലവ് വരുന്നുവെങ്കിൽ അവയെ തീറ്റിപ്പോറ്റി നോക്കിനടത്താൻ വർഷാവർഷം 2156 രൂപ 15 അണ 11 പൈസ വേണ്ടിവരും. ഇത് പക്ഷേ, ആനകളുടെ എണ്ണം മൂന്നായി ചുരുക്കുന്നതിലൂടെ തത്ത്വത്തിൽ സർക്കാരിന് ലാഭമാണുണ്ടാക്കുക. കാരണം മൂന്ന് ആനകളായി ചുരുക്കുന്നതോടെ ആദ്യഘട്ടത്തിൽ തന്നെ 3151 രൂപ 6 അണ 10 പൈസയും വർഷാവർഷം 3226 രൂപ 9 അണ 0 പൈസയും ലാഭിക്കാൻ സാധിക്കും. അതായത് 652 രൂപ 15 അണ 3 പൈസ ആദ്യഘട്ടത്തിലും 1069 രൂപ 9 അണ 1 പൈസ വർഷാവർഷവും ലാഭമാണെന്നാണ് കൺേട്രാളറുടെ കണക്ക്.

എങ്കിലും കൺേട്രാളർ അവതരിപ്പിച്ച കണക്കിൽ കൊളോണിയൽ ഉദ്യോഗസ്​ഥർ സംതൃപ്തരായിരുന്നില്ല. 1900 ഒക്ടോബർ ഒന്നോടെ പ്രൊപ്പോസൽ അംഗീകരിച്ച് കഴുതകളെ വാങ്ങി മെയിെൻ്റയിൻ ചെയ്യുന്നുവെങ്കിൽ ആ വർഷാവസാനത്തോടെ 3293 രൂപ 0 അണ 1 പൈസ ചെലവ് വരുന്നുവെങ്കിലും ആ സമയത്തോടെ ആനകളെ വിറ്റാൽ ഒക്ടോബർ ഒന്നുമുതൽ ഫെബ്രുവരി ഇരുപത്തെട്ടോടെ 1241 രൂപ ലാഭിക്കാമെന്നാണ് കൺേട്രാളർ തന്റെ സ്റ്റേറ്റ്മെൻറ്സിയുടെ അവസാന കോളത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആ വർഷം ആവശ്യമായി വരുന്ന മൊത്തം അധിക ചെലവ് 2052 ആകുമെന്നിരിക്കെ കൺേട്രാളർ അത് 2606 ആയി കാണിച്ചതെങ്ങനെയാണെന്ന് കമ്മിസറി ജനറൽ ഇൻചീഫിന് ഒക്ടോബർ ആറിന് എച്ച്.ടി. കെന്നി എഴുതിയ കത്തിൽ സംശയം പ്രകടിപ്പിക്കുന്നു.

എച്ച്.ടി. കെന്നി കത്തിന്റെ അവസാനം എഴുതുന്നത് മദ്രാസിലെ ലെഫ്റ്റനൻറ് ജനറൽ കമാൻറിങ് ഫോഴ്സസ്​ ടെലിഗ്രാം വഴി തന്നെ തൊട്ടുമുൻപ് കഴുതകളുടെ ആവശ്യമുന്നയിച്ച് വീണ്ടും ബന്ധപ്പെട്ടെന്നാണ്. മുൻപ് പറഞ്ഞതിലും നേരത്തെ കഴുതകളെ അനുവദിച്ചുകിട്ടാൻ വല്ല വഴിയുമുണ്ടോ എന്നായിരുന്നു അദ്ദേഹം ആരാഞ്ഞത്. ഇല്ല എങ്കിൽ തെക്കൻ ജില്ലയിലെ ആനകളുടെ നിലവിലെ ദൗർലഭ്യത പരിഹരിക്കാൻ പെട്ടെന്ന് എന്തെങ്കിലും ഇടപെടലുകൾ നടത്തേണ്ടിവരുമെന്നും കമാൻഡർ ടെലിഗ്രാമിൽ കെന്നിയെ ബോധ്യപ്പെടുത്തി.

മലപ്പുറത്ത് കഴുതകൾക്ക് വേണ്ടിയുള്ള ഇത്തരം നിരന്തര ഇടപെടലുകൾ വഴി അനുകൂലമായ നിലപാടാണ് സൈനികമേധാവി ടി.എഫ്. ഹോബ്ഡെ സ്വീകരിച്ചത്. നിലവിലെ കഴുതകൾക്ക് പുറമേ പുതിയ കഴുതകളെ വാങ്ങിക്കാനാണ് ഈ ആവശ്യമെന്നതിനാൽ തനിക്ക് എതിർപ്പില്ലെന്ന് അദ്ദേഹം കെന്നിക്ക് എഴുതി. ഈ വിവരം കെന്നി ഇതര ഉദ്യോഗസ്​ഥരെ അറിയിക്കുന്നതോടൊപ്പം മൊത്തത്തിലുള്ള ഇടപാടിൽ ലാഭം കാണിക്കുന്നതിനാൽ പ്രൊപ്പോസൽ തൃപ്തികരമാണെന്ന് വിലയിരുത്തുക കൂടി ചെയ്യുന്നു. ഈ വർഷത്തേക്ക് വേണ്ടിവരുന്ന ചെലവ് നിലവിൽ അനുവദിച്ച ഗ്രാൻറ് നമ്പർ നാലിൽനിന്ന് എടുക്കാൻ അദ്ദേഹം നിർദേശിക്കുന്നു.

കെന്നിയുടെ നിർദേശത്തെത്തുടർന്ന് മറ്റ് രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്​ഥരും (എഫ്.ജി. കാർഡ്യൂ, ജെ.എ. മൈലി) ഈ പ്രൊപ്പോസലിനെ പിന്താങ്ങുന്നു, ഒക്ടോബർ 13ന് അവർ എഴുതിയ കത്തിൽ. എത്രയും പെട്ടെന്ന് ഈ ആവശ്യം അംഗീകരിക്കാനും എറ്റവും ചുരുങ്ങിയത് അടുത്ത വർഷം ജനുവരി ഒന്നോടെയെങ്കിലും സാധ്യമാക്കാനും അവർ ആവശ്യപ്പെടുന്നു. ഇതിൽ ഒരാൾ മുമ്പ് മലപ്പുറത്ത് ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്തിട്ടുണ്ട്. അത്ര തൃപ്തികരമല്ലാത്ത തന്റെ വ്യകതിപരമായ അനുഭവത്തിന്റെ അടിസ്​ഥാനത്തിൽ മലപ്പുറത്ത് ചുമടുകളെടുക്കാൻ കഴുതകൾ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നത് അതിനാലായിരിക്കണം.

ഒക്ടോബർ അവസാനത്തോടെ മിലിട്ടറി ഡിപ്പാർട്ട്മെൻറിലെ ഉന്നതോദ്യോഗസ്​ഥനായ (കമ്മിസറി ഇൻചീഫ് ആയ) ടി.എഫ്. ഹോബ്ഡെ വീണ്ടും എഴുതിച്ചോദിക്കുന്നത് പുതുതായി വാങ്ങിക്കുന്ന കഴുതകൾ 1900 സെപ്റ്റംബർ 25ന് വാങ്ങിച്ച നിലവിലെ കഴുതകൾക്ക് പുറമെയാണല്ലോ എന്നാണ്. (ഈ കഴുതകൾ മലപ്പുറത്ത് തന്നെയായിരുന്നോ, അതോ മദ്രാസ്​ പ്രവിശ്യയിലെ മറ്റേതെങ്കിലും ഭാഗത്തായിരുന്നോ എന്ന് വ്യകതമല്ല.) ഈ ചോദ്യത്തിന് ഉത്തരമായി അതെയെന്ന് പറയുന്നതോടൊപ്പം എ.ആർ. ഗാർഡൻ എന്ന ഉദ്യോഗസ്​ഥൻ എഴുതുന്നത്, ഈ പുതിയ കഴുതകളെ ഒരു കാരണവശാലും മലപ്പുറത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും അതിനാൽ അവ സെപ്റ്റംബർ 25-ന് വാങ്ങിച്ച കഴുതകളുടെ ഭാഗമായി അതേ ആനൂകൂല്യങ്ങളോടെ പരിഗണിക്കപ്പെടണമെന്നുമായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി തനിക്കെഴുതണമെന്ന് ഹോബ്ഡെ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇതേകാര്യം കുറച്ചുകൂടെ വ്യക്തമായി ഔദ്യോഗിക ഭാഷയിൽ എ.ആർ. ഗാർഡൻ കമ്മിസറി ജനറൽ ഇൻചീഫിന് നവംബർ എട്ടിന് എഴുതി.

ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ അധിനിവേശാതിക്രമങ്ങളുടെ ഉത്തുംഗതയിൽ നിൽക്കുന്ന 1900-15 കാലയളവിൽ ആഫ്രിക്ക മുതൽ ഓസ്​ട്രേലിയ, അമേരിക്കകൾ വരെയും നീണ്ടുകിടന്ന കൊളോണിയൽ മെഷിനറിക്ക് മുമ്പിൽ മലപ്പുറം പോലുള്ള ഒരു ചെറിയ പ്രദേശത്തേക്ക് കഴുതകളെ വാങ്ങിക്കുന്നതുപോലുള്ള ചെറുതെന്ന് തോന്നിയേക്കാവുന്ന ഒരു കാര്യത്തിനുവേണ്ടി നിരവധി സൈനിക ഉദ്യോഗസ്​ഥർ നടത്തുന്ന കത്തിടപാടുകളും അവയിലടങ്ങിയ ആശങ്കകളും ആശ്വാസങ്ങളും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മത മാത്രമല്ല സൂചിപ്പിക്കുന്നത്, ആത്യന്തികമായി കൊളോണിയൽ ഭരണം ഒരു ലാഭക്കച്ചവടമായിരിക്കണമെന്നുള്ള നിർബന്ധബുദ്ധിയും ചെറുതെന്ന് തോന്നിയേക്കാവുന്ന സാമ്പത്തിക ഇടപാടുകളിൽപോലും അതീവകാർക്കശ്യം കാണിക്കാൻ പ്രേരിപ്പിക്കുന്ന പ്രൊട്ടസ്റ്റൻറ് ധാർമികതയും ഇഴചേർന്നുള്ള ബോധ്യങ്ങളുമാണ്.

കഴുതപ്പട്ടാളം

കലാപങ്ങൾ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വിവിധ റെജിമെൻറുകളുടെയും റൈഫിൾസുകളുടെയും കൂട്ടത്തിൽ കഴുതകളുമായി ബന്ധപ്പെട്ട് മാത്രം മൂന്ന് യൂണിറ്റുകളുണ്ടായിരുന്നു. ഇരുപത്തിനാലാം പാക്ക് മ്യൂൾ കോർ, ഇരുപതാം ഡ്രോട്ട് മ്യൂൾ കോർ (പകുതി), മുപ്പതാം മ്യൂൾ കോർ (ഡിറ്റാച്ച്മെൻറ്) എന്നിവ. പാക്ക് മ്യൂൾ കോർ ചുമട് ഏറ്റുന്ന കഴുതകളുടെതാണെങ്കിൽ ഡ്രോട്ട് മ്യൂൾ കോർ ഭാരം വലിക്കുന്ന കഴുതകളുടെതായിരുന്നു. ചുമട് ഏറ്റുകയാണോ വലിക്കുകയാണോ എന്നതിനെ ആശ്രയിച്ച് ഭാരംവഹിക്കാനുപയോഗിക്കുന്ന മൃഗങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കുന്നതിന്റെ അടിസ്​ഥാനത്തിലാണ് സൈന്യത്തെയും ഇത്തരത്തിൽ വിഭജിച്ചിരുന്നത്. ഭാരം വലിക്കുന്ന മൃഗങ്ങൾക്ക് മിക്കപ്പോഴും പിന്നിൽ രണ്ട് ചക്രങ്ങളുള്ള വണ്ടികളുണ്ടായിരുന്നു, കാളവണ്ടികൾപോലെ. റിക്ഷാവലിക്കാരെപ്പോലെ. എന്നാൽ ചുമടേറ്റുന്ന കഴുതകൾക്ക് ഇത്തരം വണ്ടികളുടെ ആവശ്യമില്ലായിരുന്നു. സ്വന്തം ശരീരങ്ങളിൽ ഇരുനൂറും മുന്നൂറും കിലോ വരെ ഏറ്റാൻ കഴിയുമായിരുന്നെങ്കിലും ശരാശരി 160 പൗണ്ട് (ഏകദേശം എഴുപത് കിലോയ്ക്ക് മുകളിൽ) ഭാരമാണ് സൈന്യത്തിലെ കഴുതകളെക്കൊണ്ട് വഹിപ്പിച്ചിരുന്നത്. എന്നാൽ വണ്ടികളുടെയും മറ്റും സഹായത്തോടെ ഭാരം വലിച്ചിരുന്ന കഴുതകളെക്കൊണ്ട് ശരാശരി 800 പൗണ്ട് (ഏകദേശം 362 കിലോ) ഭാരം വലിപ്പിച്ചിരുന്നു.

സമരങ്ങളുടെ മൂർധന്യതയിൽ മൃഗങ്ങളെ നേരിട്ട് ഉപയോഗിച്ച ഏക സൈനികവിഭാഗമായിരുന്നു ഈ കഴുതപ്പട്ടാളങ്ങൾ. ബ്രിട്ടീഷ് സൈന്യത്തിൽ നായ, കുതിരകൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും അവയൊന്നും മലബാറിൽ 192122 വർഷങ്ങളിൽ വ്യവസ്​ഥാപിതമായി ഉപയോഗിക്കപ്പെട്ടില്ലായിരുന്നുവെന്നതിനാൽ കലാപമൃഗങ്ങളെന്ന രീതിയിൽ കഴുതകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഒരു സെക്ഷൻ കശാപ്പുകാർ ഉണ്ടായിരുന്നു സൈന്യത്തിൽ, മലപ്പുറത്ത് അവർ തമ്പടിക്കുകയും ചെയ്തിരുന്നു. പക്ഷേ, സൈനികർക്കാവശ്യമായ മാംസഭക്ഷണങ്ങൾ തയ്യാറാക്കലായിരുന്നു അവരുടെ ജോലി, അല്ലാതെ കലാപത്തിൽ നേരിട്ട് പങ്കെടുക്കലോ ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കലോ ആയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിെൻ്റ മദ്ധ്യ ദശാബ്ദങ്ങളിൽ അപൂർവമായി ബ്രിട്ടീഷ് സൈന്യം കുതിരപ്പടയെയും ഉപയോഗിച്ചിരുന്നു.

കലാപം മൂർച്ഛിച്ച സമയത്ത് ഇന്ത്യൻ ന്യൂസ്​ ഏജൻസി ടെലിഗ്രാം വഴി ഇതര പത്രങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്ന ഷിംലയിൽനിന്നുള്ള ഒരു ഔദ്യോഗിക വാർത്ത (7 ഒക്ടോബർ 1921, 13.35 മണിക്ക്) മലബാറിലേക്ക് വിന്യസിക്കപ്പെട്ട കോവർകഴുതപ്പടയെക്കുറിച്ചാണ്. മാപ്പിളമാർ അവരുടെ യുദ്ധതന്ത്രങ്ങൾ മാറ്റുകയും മുൻപത്തെപ്പോലെ പൊലീസിനോടോ സൈന്യത്തോടോ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കി പതിഞ്ഞിരുന്ന് ആക്രമിക്കാനും ഗറില്ലായുദ്ധമുറകൾ ആശ്രയിക്കാനും തുടങ്ങുകയും ചെയ്തതിനാൽ നിലവിലെ സൈന്യം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നു. അതിനാൽ കുറച്ചുകൂടെ സൈന്യത്തെ അയക്കാൻ ഭരണകൂടം തീരുമാനിച്ചു. ഇക്കൂട്ടത്തിൽ ഗൂർഖ ബറ്റാലിയൻ, ബർമയിൽനിന്നുള്ള കച്ചിൻചിൻ (കൊച്ചിചൈന) ബറ്റാലിയൻ എന്നിവയോടൊപ്പം ഒരു ഡ്രോട്ട് മ്യൂൾ കോറി​ന്റെ പകുതിയും മുപ്പത് ഫോർഡ് വാനുകളും പാക്ക് വയർലെസ്​ സെറ്റുകളും പാക്ക് ഹൊവിറ്റ്സേഴ്സിന്റെ ഒരു വിഭാഗവും അയക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇതിലെ മ്യൂൾ കോർ യുദ്ധമുഖങ്ങളിലേക്ക് ചുമടുകളെടുക്കാനും ആയുധങ്ങളും വെടിക്കോപ്പുകളും മൂവ് ചെയ്യാനും ഉത്തരവാദപ്പെട്ട കഴുതപ്പടയായിരുന്നു.

യുദ്ധസാമഗ്രികൾക്കിടയിലാണ് മ്യൂൾ കോറിനെപ്പറ്റി പറയുന്നത് എന്നത് ശ്രദ്ധേയമാണ്. വാർത്തയുടെ അവസാനത്തിൽ പറയുന്നത് കാലാൾപ്പടയെ നിയോഗിക്കുന്നത് കാടുകളിൽ യുദ്ധം ചെയ്യാനുള്ള അവരുടെ അനുഭവസമ്പത്തിന്റെ അടിസ്​ഥാനത്തിലാണ് എന്നാണ്. ഏറക്കുറെ ഇതേ ആവശ്യം മുന്നിൽ കണ്ടായിരിക്കണം കഴുതപ്പടയെയും മലബാറിലേക്ക് നിയോഗിക്കുന്നത്.

ശിപായിപ്പടയാളിയും
കഴുതപ്പടയാളിയും

മ്യൂൾ കോർ കാലാൾപ്പടയുടെ (ഇൻഫൻററി) ഭാഗമായിരുന്നു. എങ്കിലും രണ്ടും തമ്മിൽ വലിയ വിവേചനങ്ങൾ നിലനിന്നിരുന്നു. ശിപായിപ്പടയാളികൾക്ക് കിട്ടിയിരുന്ന അത്ര ശമ്പളമോ ആനുകൂല്യങ്ങളോ പെൻഷനോ ഒന്നും കഴുതപ്പടയാളികൾക്ക് ലഭിച്ചിരുന്നില്ല. കാലാൾപ്പടയ്ക്ക് പലപ്പോഴും മെഡലുകളും അംഗീകാരങ്ങളും പരിക്കേറ്റാൽ നല്ല ചികിഝയുമെല്ലാം കിട്ടിയിരുന്നെങ്കിൽ ഇതൊന്നും കഴുതപ്പടയാളികൾക്ക് ലഭ്യമായിരുന്നില്ല. കഴുതവണ്ടികളുടെ ഡ്രൈവർമാരായിരുന്ന ഡ്രാബിമാരുടെ കാര്യം മാത്രം എടുത്താൽ ഈ വിവേചനം വ്യകതമാകും. മലബാറിൽ കലാപങ്ങൾ ഉച്ചസ്​ഥായിയിലെത്തുന്നതിന് തൊട്ടുമുൻപ് 1919-ൽ ഒരു ബ്രിട്ടീഷ് പാർലമെൻ്റംഗം ലണ്ടനിൽനിന്ന് പ്രസിദ്ധീകരിച്ച പുസ്​തകത്തിൽ രണ്ട് പടയാളികളും തമ്മിലുള്ള വ്യവസ്​ഥാപിത വിവേചനങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. പുറമേ, ഇതര പടയാളികളെക്കാളും കൂടുതൽ സമയം ജോലി ചെയ്യാൻ ഡ്രാബിമാർ നിർബന്ധിതരായിരുന്നു. പകരം അവർക്ക് കിട്ടിയ സന്നാഹങ്ങളും യുദ്ധവസ്​ത്രങ്ങളും പലപ്പോഴും പഴകിയതും തുന്നിപ്പറിഞ്ഞതും വൃത്തിയില്ലാത്തതുമൊക്കെയായിരുന്നു. മറ്റുള്ള പട്ടാളക്കാരെപ്പോലെ പലപ്പോഴും അവർക്ക് പാലോ സിഗരറ്റോ ബീഡിയോ പുകയിലയോ സമ്മാനങ്ങളോ കിട്ടിയിരുന്നില്ല.

ഇത്തരം വിവേചനങ്ങൾ കഴുതപ്പടയിൽ ചേരുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിച്ചിരുന്നു. സൈന്യത്തിന്റെ പിന്നിൽ വരുന്നവർ എന്ന അർഥത്തിൽ ഫോളോവേഴ്സ്​ എന്ന് കഴുതപ്പടയാളികൾ വിളിക്കപ്പെട്ടിരുന്നതും ഇക്കാര്യം പറഞ്ഞ് പല കഴുതപ്പടയാളികളും അവരുടെ ഗ്രാമങ്ങളിൽ കളിയാക്കപ്പെട്ടിരുന്നതും മ്യൂൾ കോറിലേക്ക് ആവശ്യമായ ഡ്രൈവർമാരെ കണ്ടെത്തുന്നതിൽ വലിയ വിലങ്ങുതടിയായിരുന്നെന്ന് 1915-ൽ ലഖ്നൗ ഡിവിഷനിൽനിന്നുള്ള ഒരു കത്തിൽ പറയുന്നുണ്ട്. തൂപ്പുകാരും കക്കൂസ്​ കഴുകുന്നവരും അലക്കുകാരുമൊക്കെയായിരുന്നു ഫോളോവേഴ്സ്​ എന്ന് വിളിക്കപ്പെട്ട സൈന്യത്തിലെ മറ്റുവിഭാഗങ്ങൾ. താഴ്ന്ന ജാതിക്കാരെയും തടവുകാരെയും കുറ്റവാളികളെയും പലപ്പോഴും നിർബന്ധിച്ചാണ് ഇത്തരം ജോലികൾ എടുപ്പിച്ചിരുന്നതെങ്കിൽ, ശിപായിമാരെ റിക്രൂട്ട് ചെയ്ത അതേ ജാതികളിൽനിന്നു തന്നെയാണ് ഡ്രാബിമാരെയും റിക്രൂട്ട് ചെയ്തിരുന്നത്. മേൽജോലികൾ ചെയ്യാൻ നിർബന്ധിതരായ പല ഉന്നതജാതിക്കാരും കലാപം നടത്തുകയോ ആത്്മഹത്യക്ക് ശ്രമിക്കുകയോ ഒക്കെ ചെയ്തതായി രേഖകളിൽ കാണാം.

അതിനാൽ ഫോളോവേഴ്സ്​ എന്ന നാട്ടുകാരുടെ പരിഹാസവും അതിന് സമാനമായ സൈന്യത്തിനകത്തെ വിവേചനങ്ങളും കഴുതപ്പടയിൽനിന്ന് ജോലി രാജിവെച്ചുപോകാൻ പലരെയും പ്രേരിപ്പിച്ചിരുന്നു. ഇത്തരത്തിൽ നല്ലൊരു വിഭാഗം സൈന്യംവിട്ടതിനാൽ വേണ്ടത്ര ഡ്രാബിമാരെ കിട്ടാതെ ബ്രിട്ടീഷ് സാമ്രാജ്യം ബുദ്ധിമുട്ടി. കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പുതിയ ആളുകളെ ആകർഷിക്കാൻ അതിനാൽ ഗവെൻ്റ് നിർബന്ധിതമായി.

1915 പകുതിയോടെ ഡ്രാബിമാരുടെ മാസശമ്പളം എട്ടുരൂപയിൽനിന്ന് ഒമ്പതായി വർധിപ്പിച്ചു. ശിപായിമാർക്ക് കിട്ടിയിരുന്ന മാസശമ്പളത്തിൽ നിന്ന് രണ്ടുരൂപ കുറവായിരുന്നു ഇതെങ്കിലും പാചകക്കാർക്കും വെള്ളംകോരികളായ ബിഷ്തികൾക്കും തൂപ്പുകാർക്കും കിട്ടിയിരുന്ന എട്ട് രൂപയെക്കാൾ ഒരുപടി മുകളിലായിരുന്നു. എന്നിട്ടും 1917ൽ ഒരു മാസം ആയിരം കഴുതപ്പടയാളികൾ വേണ്ടിടത്ത് വെറും അറുനൂറുപേരെ മാത്രമേ ലഭിച്ചുള്ളൂവെന്ന് അന്നത്തെ വൈേസ്രായി പരാതിപ്പെ ടുന്നുണ്ട്.

ഇന്ത്യൻ ന്യൂസ്​ ഏജൻസിയുടെ വാർത്തയിൽ പറഞ്ഞ ​ഡ്രോട്ട് മ്യൂൾ കോറിന്റെ പകുതി 1921 ഒക്ടോബർ 13-ന് തിരൂരിലെത്തിയെന്ന് അന്നത്തെ ജില്ലാ പൊലീസ്​ മേധാവി റിച്ചാർഡ് ഹൊവാർഡ് ഹിച്ച്കോക്ക് എഴുതുന്നു. അവരുടെകൂടെ ഫോർഡ് വാൻ കമ്പനിയുടെ ഒരു വിഭാഗവും ബർമ റൈഫിൾസും വയർലെസ്​ സെക്ഷനും സായുധസജ്ജമായ ഒരു കാർ കമ്പനി സെക്ഷനും മറ്റുമെല്ലാം ഉണ്ടായിരുന്നു.

ഇവയെല്ലാം മലബാറിലെ സൈന്യത്തിന് അനുവദിച്ചുകിട്ടുന്നതിന് പ്രേരകമായത് രണ്ട് ഘടകങ്ങളായിരുന്നു. ഒന്ന്, കലാപനേതാക്കളായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശേരി തങ്ങളും മണ്ണാർക്കാട്ടുള്ള സീതിക്കോയ തങ്ങളെ നിരന്തരമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോരാളികളെ പരസ്​പര സഹകരണത്തോടെ ശകതമാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്ന സമയമായിരുന്നു. തത്ഫലമായി അങ്ങാടിപ്പുറത്തിന്റെ വടക്കുഭാഗത്തുള്ള മേലാറ്റൂർപോലുള്ള പ്രദേശങ്ങളിലൂടെ ചെറുതും വലുതുമായ സായുധസംഘങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിക്കുകയും പതിയിരുന്നുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. നിലമ്പൂരിലെ ലെയ്ൻസ്റ്റേഴ്സിനോ വണ്ടൂരും പാണ്ടിക്കാട്ടും അങ്ങാടിപ്പുറത്തുമുള്ള ഡോർസെറ്റ്സിനോ മണ്ണാർക്കാട്ടെ സഫോൾക്സിനോ നൂറുകണക്കിനുവരുന്ന ഈ പടയാളികളെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു. ചെറിയ ചെറിയ കുന്നുകൾക്കും മലയിടുക്കുകൾക്കും കാടുകൾക്കുമിടയിലൂടെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന പടയാളികളുടെ ആക്രമണങ്ങളെ മുൻകൂട്ടി കാണാനോ ചെറുക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ കൂടുതൽ സൈനികരും സന്നാഹങ്ങളും വേണമെന്ന ആവശ്യം സൈനികർക്കിടയിൽ ശക്തമായിരുന്നു.

രണ്ടാമതായി, സെപ്റ്റംബർ 26ന് (1921) ജനറൽ ബർനറ്റ് സ്റ്റ്യുവർട്ട് പ്രദേശം സന്ദർശിക്കുകയും കാര്യങ്ങളുടെ നിജസ്​ഥിതി മനസ്സിലാക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് മൂന്നുദിവസം കഴിഞ്ഞ് സെപ്റ്റംബർ 29ന് അദ്ദേഹം ഈട്ടിയിൽ ഒരു കോൺഫറൻസ്​ വിളിച്ചുചേർത്തു. ഈ യോഗത്തിൽ കൂടുതൽ സൈന്യങ്ങളുടെ ആവശ്യം അദ്ദേഹം അവതരിപ്പിക്കുകയും അതിന് പൊതുപിന്തുണ നേടുകയും ചെയ്തു. അതനുസരിച്ചാണ് സർക്കാർ മേൽപ്പറഞ്ഞയത്രയും പടയാളികളെയും പടക്കോപ്പുകളും അയക്കാൻ അനുമതി നൽകുന്നത്.

കർമനിരതരായി
കഴുതകൾ

ചുമടുകൾ വഹിക്കാൻ കോവർകഴുതകളെ ഉപയോഗിക്കുന്നതിെൻ്റ വഴിവിവരങ്ങളുടെയും ചെലവുകണക്കുകളുടെയും ഏകദേശ രൂപം 1921 അവസാനത്തോടെ എഴുതപ്പെട്ട ഒരു മെമ്മോറാണ്ടത്തിൽനിന്ന് നമുക്ക് ലഭ്യമാണ്. മദ്രാസ്​ ജില്ലയിലെ (സൈനിക വിഭജനമനുസരിച്ച് മദ്രാസിനെ പ്രവിശ്യയായല്ല ജില്ലയായാണ് പരിഗണിച്ചിരുന്നത്) കമാൻഡറായ മേജർ ജനറൽ ജെ.ടി. ബർനറ്റ് സ്റ്റ്യുവർട്ട് 1921 ഡിസംബർ 20 ന് വെല്ലിങ്ടണിൽനിന്ന് പൂനയിലെ സതേൺ കമാൻഡിെൻ്റ ആസ്​ഥാനത്തേക്ക് എഴുതിയ കത്തിൽ മലബാർ സമരത്തെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ നൽകുന്ന കൂട്ടത്തിൽ ശേഷിക്കുന്ന കലാപകാരികളെ പിടികൂടാനും അടിച്ചമർത്താനും ആവശ്യമായ സൈന്യത്തിന്റെ ദൈനംദിന ചെലവുകൾ നൽകുന്നു. ഇക്കൂട്ടത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യുദ്ധക്കോപ്പുകളും ഭക്ഷണപദാർഥങ്ങളും മറ്റും മലപ്പുറത്തും വണ്ടൂരിലും ക്യാമ്പ്ചെയ്ത സൈനികർക്ക് എത്തിക്കുന്നതിന് അവലംബിച്ചുകൊണ്ടിരിക്കുന്ന കോവർകഴുതകളുടെ ചെലവും സ്റ്റ്യുവർട്ട് നൽകുന്നു. യുദ്ധച്ചെലവുകളുടെ കൂട്ടത്തിൽ അദ്ദേഹം പ്രത്യേകം എടുത്തുപറയുന്ന ഒരുവിഭാഗം കഴുതകളാണെന്നത് അവയുടെ പ്രാധാന്യം വിളിച്ചോതുന്നു. കലാപങ്ങൾ അടിച്ചമർത്തുന്നതിനാവശ്യമായ സൈനികരുടെയും അവരുടെ ആയുധങ്ങളുടെയും വയറുകൾ നിറയ്ക്കാൻ കഴുതകൾ മലബാറിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ നിരന്തരം ഓടണമായിരുന്നു.

‘മണ്ണാർക്കാട്ട് സീതിക്കോയ തങ്ങളുടെ നേതൃത്വത്തിൽ മുന്നൂറോളം പേരും കലാമുളയിൽ ചെമ്പ്രശേരി തങ്ങൾ, അബ്ദു ഹാജി, കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിൽ നാനൂറോളം പേരും കൊന്നാര് തങ്ങളുടെ നേതൃത്വത്തിൽ ബേപ്പൂർ പുഴയുടെ വടക്ക് 120 പേരും ഇപ്പോഴും വിപ്ലവം തുടരുന്നതോടൊപ്പം ഓമശ്ശേരി, ചാത്തല്ലൂർ, മറ്റത്തൂർ, കൽപകഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങൾ അമ്പത് പേർ വീതവും പെരിന്തൽമണ്ണയിൽ നൂറും പന്തല്ലൂരിൽ ഇരുപതും പേർ ശകതമായ കലാപം തുടരുന്നതിനാൽ നിലവിലെ രണ്ട് ബ്രിട്ടീഷ് കമ്പനികളും ഒരു ഇന്ത്യൻ ബറ്റാലിയനും പൊലീസിെൻ്റ ആറ് ഓക്സിലറി കമ്പനികളും (കുന്ദമംഗലം, അരീക്കോട്, തിരൂരങ്ങാടി, തിരൂർ, മേലാറ്റൂർ, പെരിന്തൽമണ്ണമണ്ണാർക്കാട് എന്നിവിടങ്ങളിലായിരുന്നു ആറ് പൊലീസ്​ കമ്പനികൾ) ചിൻകച്ചിൻ ബറ്റാലിയനും പ്രദേശത്ത് തുടരൽ അത്യാവശ്യമാണ്.’

ഇതിൽ ഓക്സിലറി പൊലീസിന് ആവശ്യമായ ഭക്ഷണവസ്​തുക്കൾ അവർ സ്വയം കണ്ടെത്തുമെങ്കിലും ബ്രിട്ടീഷ്, ഇന്ത്യൻ കാലാൾപ്പടയുടെ അവശ്യവസ്​തുക്കൾ ഓരോ പത്തുദിവസം കൂടുമ്പോഴും തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് എത്തിക്കണം. കോഴിക്കോടിെൻ്റ സമീപങ്ങളിലായി തമ്പടിച്ചിരിക്കുന്ന ഒരു പകുതി കമ്പനിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി സാധനങ്ങൾ എത്തിക്കാമെങ്കിലും വലിയൊരു വിഭാഗം സൈന്യത്തിന് സാധനങ്ങൾ എത്തിക്കാൻ തിരൂർ തന്നെയായിരുന്നു അഭികാമ്യം. കാരണം അവിടെനിന്ന് കഴുതകൾ ലോഡുകൾ വഹിച്ച് മലപ്പുറത്തെത്താനും അവിടെയുള്ള സൈനികർക്ക് സാധനങ്ങൾ നൽകിയശേഷം വണ്ടൂരിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാനും പ്രൊവിഷനുകൾ വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങൾ പ്രത്യേകം സജ്ജമായിരുന്നു.

സമരങ്ങളുടെ ഭാരങ്ങളത്രയും കഴുതകളുടെ ചുമലിലായിരുന്നു. ഏറ്റുമുട്ടലുകൾ ശകതമായ സമയമത്രയും കഴുതകൾ കാളകളുടെ കൂടെയോ ഒറ്റയ്ക്കോ അവശ്യവസ്​തുക്കളും ആയുധങ്ങളും വഹിച്ച് മലബാറിലങ്ങോളമിങ്ങോളം കർമനിരതരായി. മേൽപറഞ്ഞ രണ്ട് കാലാൾപ്പടകളിൽ മാത്രം 1100 സൈനികരുണ്ടായിരുന്നു (മലപ്പുറത്ത് 300 ബ്രിട്ടീഷ് കാലാളുകളുടെ ഒന്നര കമ്പനിയും വണ്ടൂരിൽ 800 ഇന്ത്യൻ സൈനികരുടെ ഒരു ബറ്റാലിയനും). ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മാംസം, വിറക്, പച്ചക്കറികൾ എന്നിവ പ്രദേശത്തുനിന്നുതന്നെ സംഘടിപ്പിക്കുകയാണ് ചെയ്തിരുന്നത്. അതിനു പുറമേയുള്ള ഭക്ഷണസാധനങ്ങളുടെ ഭാരം മാത്രമാണ് ഇതെന്നോർക്കണം. ഇതിൽ ഒരാൾക്ക് പ്രതിദിനം രണ്ട് പൗണ്ട്സ്​ (ഏകദേശം 900 ഗ്രാം) എന്ന തോതിലായിരുന്നു പുറത്തുനിന്ന് എത്തിക്കാനുള്ള റേഷൻ കണക്കുകൂട്ടിയിരുന്നത്. റേഷനുകളത്രയും ബാംഗ്ലൂരിൽനിന്നാണ് കൊണ്ടുവരേണ്ടതെന്ന് മെമ്മോറാണ്ടം പറയുന്നു. ഒരു സൈനികൻ ഒരു ദിവസം രണ്ട് പൗണ്ട് എന്നുവെച്ച് പത്തുദിവസത്തേക്ക് 1100 സൈനികർക്ക് തിരൂരിൽനിന്ന് മലപ്പുറത്തേക്ക് 22,000 പൗണ്ട് (ഏകദേശം 10,000 കിലോ) ഭാരവും മലപ്പുറത്തുനിന്ന് വണ്ടൂരിലേക്ക് 16000 പൗണ്ടും (ഏകദേശം 7250 കിലോ) വണ്ടൂരിൽനിന്ന് ചുറ്റുവട്ടത്തുള്ള മൂന്ന് ഔട്ട്പോസ്റ്റുകളിലേക്ക് (നിലമ്പൂർ, കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ) 4000 പൗണ്ടും (ഏകദേശം 1800 കിലോ) എത്തിക്കാൻ ഓരോ പത്തുദിവസം കൂടുമ്പോഴും ഈരണ്ട് തവണ ഈ ദൂരമത്രയും കഴുതകൾ നിരന്തരം ഓടേണ്ടിയിരുന്നു. തിരൂരിൽനിന്ന് മലപ്പുറത്തേക്ക് 18 മൈലും മലപ്പുറത്തുനിന്ന് വണ്ടൂരിലേക്ക് മഞ്ചേരി, എടവണ്ണ വഴി 19 മൈലും ദൂരമുണ്ടായിരുന്നുവെന്നും പല വഴികളും ഏറെ ദുർഘടവും ചെങ്കുത്തായതും പലപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലും ആയിരുന്നുവെന്നും ഉദ്യോഗസ്​ഥർ കുറിക്കുന്നു. ഗവൺമെന്റിന്റെ അധീനതയിലുള്ള കഴുതകളെ ഉപയോഗിക്കുന്നില്ലെങ്കിൽ തിരൂരിൽനിന്ന് വാടകയ്ക്ക് എടുക്കാവുന്ന വണ്ടികൾ ഉപയോഗിച്ചായിരിക്കണം അവശ്യവസ്​തുക്കൾ മലപ്പുറത്തേക്കും വണ്ടൂരിലേക്കും എത്തിക്കേണ്ടതെന്ന് മേജർ എഴുതുന്നു.

മൊത്തം 49 മൃഗങ്ങൾ ഈ പാതയിൽ 192122ൽ ബ്രിട്ടീഷ് സൈന്യത്തിെൻ്റ കീഴിലുണ്ടായിരുന്നു. ഇരുപത് കഴുതകളും 29 വണ്ടികളും. (വണ്ടികൾക്ക് കാർട്ട് എന്ന പദമാണ് ഉപയോഗിക്കുന്നത്. അതിനാൽ ഭാരം വലിച്ചിരുന്ന ഡ്രോട്ട് കഴുതകളുടെ കഴുതവണ്ടികളാകാം. അല്ലെങ്കിൽ കാളവണ്ടികളാകാം, വ്യക്തമല്ല). തിരൂരിൽനിന്ന് പതിന്നാല് കഴുതകൾ മലപ്പുറം വരെയും അവിടന്ന് വണ്ടൂരിലേക്ക് അഞ്ച് കഴുതകളും അവിടന്ന് അഞ്ച് വണ്ടികളിൽനിന്ന് ഒന്നും പോകണമെന്നായിരുന്നു സൈന്യത്തിന്റെ സജ്ജീകരണം. ഈ കഴുതകൾക്കും അവയെ നോക്കി കൂടെ നടക്കുന്ന സൈനികർക്കും ആവശ്യമായ വഴിച്ചെലവിന്റെയും റേഷന്റെയും കണക്ക് മെമ്മോറാണ്ടത്തിലുണ്ട്. പുറമേ, കഴുതകൾക്കോ അവയെ നോക്കുന്നവർക്കോ അസുഖങ്ങളോ മറ്റോ പിടിപെടാവുന്നത് മുന്നിൽകണ്ട് ഇവയുടെ എണ്ണം ഒരൽപമെങ്കിലും കൂട്ടണമെന്ന് മേജർ ജനറൽ ആവശ്യപ്പെടുന്നു. ഇതെല്ലാം ഗവൺമെൻറ് ട്രാൻസ്​പോർട്ടിന്റെ കീഴിലായിരുന്നുവെങ്കിൽ പ്രദേശത്തുനിന്ന് കോൺട്രാക്ടിനെടുക്കാവുന്ന വണ്ടികളുടെ ഏകദേശ വിലവിവരങ്ങളും മേജർ നൽകുന്നുണ്ട്.

അദ്ദേഹം എഴുതുന്ന മറ്റൊരു കാര്യം കഴുതകളെ ബ്രിട്ടീഷുകാർ എത്രത്തോളം ആശ്രയിച്ചിരുന്നുവെന്നും ദൗർലഭ്യത മൂലം അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നും കാണിക്കുന്നു. എല്ലാ യൂണിറ്റുകൾക്കും സ്വന്തമായി ഫസ്റ്റ് ലൈൻ ട്രാൻസ്​പോർട്ട് കഴുതകൾ അത്യാവശ്യമല്ല, മെഷീൻ ഗണ്ണുകളും ലെവിസ്​ ഗണ്ണുകളും ഉപയോഗിക്കുന്ന ബറ്റാലിയനുകൾക്കു മാത്രം കഴുതകളെ അനുവദിച്ചാൽ മതി. ഇത്തരം തോക്കുകളും അവയുടെ സാമഗ്രികളും വഹിക്കാനാവശ്യമായ കഴുതകൾ മാത്രം മതി. മറ്റെല്ലാ ആവശ്യങ്ങൾക്കും ഒരു കമ്പനിക്ക് ഒന്നെന്ന നിലയിൽ മലപ്പുറത്തേക്ക് രണ്ടും വണ്ടൂരിലേക്ക് നാലും കാർട്ടുകൾ അഥവാ (കഴുത) വണ്ടികൾ നൽകാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അഡ്മിനിസ്ട്രേഷൻ ആവശ്യത്തിനായി രണ്ട് ഫോർഡ് വാനുകളും പരിക്കേറ്റ സൈനികരെ മലപ്പുറത്തും വണ്ടൂരിലും സ്​ഥാപിച്ച ഹോസ്​പിറ്റലുകളിലേക്ക് എത്തിക്കാനോ അവശ്യമെങ്കിൽ റെയിൽ മാർഗം ഇവാക്വേറ്റ് ചെയ്യാനോ ഒരു ഫോർഡ് ആംബുലൻസും മേജർ ജനറൽ ആവശ്യപ്പെടുന്നു. സൈന്യത്തിന്റെ ഇത്തരം ആവശ്യങ്ങൾക്ക് സ്വാഭാവികമായും കഴുതകൾ പരിമിതമായ സഹായമാണല്ലോ. എങ്കിലും കഴുതപ്പുറത്ത് പരിക്കേറ്റവരെ എത്തിക്കുന്ന പല സന്ദർഭങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ മലബാർ സമരങ്ങളുടെ പശ്ചാത്തലങ്ങളിലല്ലെങ്കിലും ലോകമഹായുദ്ധ സമയത്തും മറ്റും നമുക്ക് ലഭ്യമാണ്.

സൈനികരെ മാത്രമാണ് ഇവർ ആശുപത്രികളിലേക്കും ട്രെയിൻ മാർഗം ഇവാക്വേറ്റ് ചെയ്യുന്നതിനും പരിഗണിച്ചതെന്നതും എണ്ണൂറ് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരുന്ന വണ്ടൂരിന് പകരം മുന്നൂറ് ബ്രിട്ടീഷ് സൈനികർ മാത്രം തമ്പടിച്ചിരുന്ന മലപ്പുറത്ത് ആംബുലൻസ്​ നിർത്തിയിടാൻ മേജർ ആവശ്യപ്പെട്ടത് എന്നതും യുദ്ധമുഖങ്ങളിൽപോലും കൊളോണിയൽ മെഷിണറി പുലർത്തിയിരുന്ന വർഗവർണ വ്യത്യാസങ്ങളുടെ നിദാനങ്ങളാണ്. മേൽപറഞ്ഞ വാഹനങ്ങളുടെ പരിചരണത്തിനും റിപ്പയറിങ്ങിനുമായി ചെറിയ ഒരു മോട്ടോർ ട്രാൻസ്​പോർട്ട് വർക്ക്ഷോപ്പ് പ്രദേശത്ത് സ്​ഥാപിക്കാനും മേജർ ആവശ്യപ്പെടുന്നുണ്ട്, ഒരു ബ്രിട്ടീഷ് സാർജൻറും രണ്ട് ഇന്ത്യൻ ഫിറ്റേഴ്സും മതിയെന്നും. കലാപ ട്രാൻസ്​പോർട്ടുകളുടെ ജീവനാഡിയായിരുന്ന കഴുതകളുടെ പരിചരണത്തിനായി ഇത്തരം സംവിധാനങ്ങൾ ഒരുക്കിയതായി കാണുന്നില്ല.

പ്രതികൾ,
ഇരകൾ

കഴുതകൾ ആർക്കൈവൽ രേഖകളിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരവസരം സമരനേതാക്കളിലൊരാളായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പിടിക്കപ്പെടുന്നതിന്റെ തൊട്ടുമുൻപ് അരീക്കോടുവെച്ച് നടന്ന ഒരു ആക്രമണത്തെക്കുറിച്ചുള്ള വിവരണങ്ങളിലാണ്. 1921 ഡിസംബർ മൂന്നിന് മലപ്പുറത്ത് തമ്പടിച്ചിരുന്ന മലബാർ ഫോഴ്സിന്റെ ഇൻറലിജൻസ്​ വിഭാഗം തലവൻ മേജർ ഇ.ആർ. വ്യാറ്റ് എഴുതിയ രഹസ്യ റിപ്പോർട്ടിൽ. അരീക്കോട് പുഴക്കടവിൽവെച്ച് വെള്ളമെടുക്കുന്ന സമയത്ത് 1/39ാം നമ്പർ ട്രാൻസ്​പോർട്ട് മ്യൂൾസിനെതിരേ പുഴയ്ക്കക്കരെനിന്ന് കലാപകാരികൾ വെടിയുതിർത്തു. ഈ ക്യാമ്പ് ഇതുവഴി പോകുന്നുണ്ടെന്നറിഞ്ഞ് സമരക്കാർ അവിടെ എത്തിയതാകാമെന്ന് വ്യാറ്റ് അനുമാനിക്കുന്നു. അവർ ഉതിർത്ത വെടികൾ നിസ്സാരമായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല. തിരിച്ച് സൈനികർ ലെവിസ്​ തോക്കുപയോഗിച്ച് വെടിയുതിർത്തെങ്കിലും എത്രത്തോളം കലാപകാരികളെ അത് ബാധിച്ചുവെന്നത് ചുറ്റുപാടും കാട് കെട്ടിക്കിടന്നിരുന്നതിനാൽ അവർക്ക് മനസ്സിലാക്കാനായില്ല. വെടിയൊച്ചകൾ കേട്ട് സമീപത്തൊരു ഇല്ലത്ത് ഭക്ഷണം കഴിക്കാൻ തയ്യാറായിരുന്ന കാരാട്ട് മൊയ്തീൻകുട്ടി ഹാജി എന്ന കലാപനേതാവ് ഭക്ഷണം കഴിക്കാതെ കോഴിക്കോട് താലൂക്കിലേക്കും അവിടന്ന് കാടുവഴി നിലമ്പൂരിലേക്കും രക്ഷപ്പെട്ടുവെന്ന് ഹിച്ച്കോക്ക് എഴുതുന്നു. അദ്ദേഹത്തിനും കൂടെയുള്ള നൂറിലധികം പേർക്കുമാണ് നടുവത്തേടത്ത് ഇല്ലത്ത് ഭക്ഷണം തയ്യാറാക്കിയിരുന്നതേത്ര. അരീക്കോടുതന്നെയുള്ള പ്രദേശവാസികളിൽ ആയിരത്തോളം മാപ്പിളമാർ ഈ ദിവസങ്ങളിൽ കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും പലരും സ്​ത്രീകളെയും കുട്ടികളെയും കൂട്ടി സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്ത സമയമായിരുന്നു. എങ്കിലും, കാര്യമായും പുഴയുടെ വടക്കുഭാഗത്ത് കൊടിയത്തൂർ, പന്നിക്കോട് ദിശകളിൽ കലാപകാരികൾ തമ്പടിച്ചിരുന്നു. അവരുടെ പിന്തുണയാലായിരിക്കണം മൊയ്തീൻകുട്ടി ഹാജി അവിടെയെത്തിയതും വെടിയൊച്ച കേട്ട് രക്ഷപ്പെട്ടതും.

ഈ രഹസ്യ റിപ്പോർട്ടിന് തൊട്ടുശേഷം ഫയലിൽ പറയുന്നത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 21 അനുയായികൾ സഹിതം പിടികൂടിയെന്ന വാർത്തയാണ്. ജനുവരി ഏഴിന് മദ്രാസിൽനിന്ന് വന്ന റിപ്പോർട്ട് വൈേസ്രായി ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് അറിയിക്കുന്നതാണിക്കാര്യം. ഇരുസംഭവങ്ങൾക്കുമിടയിൽ ഒരു മാസം വിടവുണ്ടെങ്കിലും കൊളോണിയൽ വിവരണ യുകതിയിൽ ഇവ അടുത്തടുത്ത് നിൽക്കുന്നുവെന്നത് കഴുതകളും വാരിയൻകുന്നത്തും തമ്മിലുള്ള ഏതെങ്കിലും പാരസ്​പര്യത്തെ ധ്വനിപ്പിക്കുന്നതിനെക്കാളേറെ, അരീക്കോടുപോലുള്ള പ്രദേശങ്ങളിൽ മാപ്പിളമാർ കീഴടങ്ങാൻ തയ്യാറാകുന്നതിനിടയിൽ നടന്ന ഒറ്റപ്പെട്ട നിസ്സാരമായ ആക്രമണങ്ങൾ തുടരുന്നുവെന്ന് സൂചിപ്പിക്കാനായിരിക്കണം.

ഇതേ ഫയലിൽ കഴുതകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് 1922 ജനുവരി മൂന്നിനും ഇരുപത്തിനാലിനുമാണ്, മലബാറിലെ വിവിധ പ്രദേശങ്ങളിലെ മാപ്പിളമാർ കൊല്ലപ്പെട്ടതിന്റെയോ കീഴടങ്ങിയതിന്റെയോ വിവരണങ്ങൾ നൽകുന്നയിടങ്ങളിൽ. കാരക്കുന്ന്, കക്കാട്, വാവാട്, കൊടുവള്ളി, എടവണ്ണ തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് മാപ്പിളമാർ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്ത ആ ആഴ്ചകളോടനുബന്ധിച്ച് 30ാം മ്യൂൾ കോർ, ഡിസംബർ 27ന് ബാംഗ്ലൂരിലെ അവരുടെ സമാധാനകാല താവളത്തിലേക്ക് തിരിച്ചു. മലബാറിലെ തങ്ങളുടെ സർവീസ്​ പൂർത്തിയായതിനാൽ ജനുവരി 16ന് 28ാം ​ഡ്രോട്ട് മ്യൂൾ കോറിലെ പകുതിപേരും ജനുവരി 24ന് ശേഷിക്കുന്ന പകുതിയും തിരൂരിൽനിന്ന് മീററ്റിലേക്ക് തിരിച്ചു. (മറ്റു പല ബറ്റാലിയനുകളും കമ്പനികളും ഗുണ്ടൂരിലേക്കും സിക്കന്ദരാബാദിലേക്കും മടങ്ങി.)

മമ്പുറത്തേക്ക് പോയ
കഴുതകൾ

രണ്ട് കോവർ കഴുതകൾ കലാപത്തിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള ഹ്രസ്വമെങ്കിലും പ്രാധാന്യമർഹിക്കുന്ന വിവരണം യുദ്ധമുഖങ്ങളിൽ അവയുടെ പക്ഷമേതാണെന്നും മർമസ്​ഥാനമെന്താണെന്നും സൂചിപ്പിക്കാൻ പര്യാപ്തമാണ്. 1922 ജനുവരി രണ്ടിന് രാത്രി കൊണ്ടോട്ടിയിൽനിന്ന് ഒരു സംഘം മമ്പുറം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന വാർത്ത കിട്ടിയതിന്റെ അടിസ്​ഥാനത്തിൽ ഒരു കമ്പനി നിജസ്​ഥിതി അറിയാനായി അങ്ങോട്ട് പുറപ്പെട്ടപ്പോഴാണ് ആക്രമണമുണ്ടാകുന്നത്. മലബാറിലെ പ്രധാന തീർഥാടനകേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള മാപ്പിളമാരുടെ യാത്രകൾ കൊളോണിയൽ ഉദ്യോഗസ്​ഥരും സൈനികമേധാവികളും വളരെ സംശയത്തോടെയാണ് കണ്ടിരുന്നത്. മമ്പുറത്തേക്ക് അത്തരമൊരു സന്ദർശനം മിക്കപ്പോഴും വലിയൊരു ആക്രമണത്തിെൻ്റ മുന്നോടിയാണെന്ന് മേൽപ്പറഞ്ഞ ഇൻറലിജൻസ്​ റിപ്പോർട്ടിൽ വ്യാറ്റ് എഴുതിയിട്ടുണ്ട്. അതിനാൽ, മമ്പുറത്തേക്ക് പോകുന്നവരെ തടയുക, പിടികൂടുക എന്നത് കലാപകാലത്ത് സൈന്യത്തിെൻ്റ വലിയ ചുമതലയായിരുന്നു. അത്തരമൊരു വാർത്തയുടെ അടിസ്​ഥാനത്തിലാണ് കമ്പനി കൊണ്ടോട്ടി ലക്ഷ്യംവെച്ചത്.

പക്ഷേ, അരീക്കോട്ടുനിന്ന് ഒരു മൈൽ വിട്ടതും കമ്പനിയെ സമരക്കാർ ആക്രമിച്ചു. പട്ടാളക്യാമ്പ് ലക്ഷ്യംവെച്ച് വന്നതായിരുന്നു അവർ. വഴിയിൽ സൈന്യത്തെ കണ്ടപ്പോൾ അവർ ശങ്കിച്ചില്ല. ആക്രമണത്തിൽ ഒരു ജമാദാറിനും എട്ട് ശിപായികൾക്കുമാണ് പരിക്കേറ്റതെങ്കിൽ കൊല്ലപ്പെട്ടത് രണ്ട് കഴുതകളായിരുന്നു. സൈന്യം തിരിച്ച് അരീക്കോട്ടേക്ക് പോയി. അടുത്ത ദിവസം രാവിലെ അവർ കൊണ്ടോട്ടിയിലെത്തുകയും ഏതാനും ദിവസം അവിടെ ക്യാമ്പ് ചെയ്യുകയും ചെയ്തു. സ്വാഭാവികമായും കൊല്ലപ്പെട്ട ഈ രണ്ട് കഴുതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. അവയെ ആക്രമിച്ചതിന് പിന്നിൽ കലാപകാരികളുടെ ചേതോവികാരം എന്തായിരുന്നുവെന്ന് ഊഹിക്കാനേ നമുക്കാകൂ. പ്രദേശങ്ങളിൽനിന്ന് പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ നട്ടെല്ലായിരുന്നല്ലോ കഴുതകൾ. അവ ചുമക്കുന്ന ആയുധങ്ങളും സാമഗ്രികളുമില്ലാതെ സൈന്യം വെറും വീറും വാശിയും മനോധൈര്യവും മാത്രമായി ചുരുങ്ങുന്നു. കഴുതകൾ നയിക്കാനോ ആനയിക്കാനോ ഇല്ലാത്ത സൈന്യം അതിനാൽ മലബാറിൽ ഒരു കെട്ടുകാഴ്ച മാത്രമാകുന്നു.

സമുദ്രാന്തര,
ദേശാന്തര കഴുതകൾ

കലാപസമയത്ത് നിരവധി കോവർകഴുതകളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത് പലപ്പോഴും ഇന്ത്യൻ മഹാസമുദ്രപ്രദേശങ്ങളിൽനിന്നായിരുന്നു. 1857-ലെ കലാപസമയത്ത് ഇന്നത്തെ യെമനിലെ ഏദൻ തുറമുഖത്ത് കച്ചവടം നടത്തിയിരുന്ന ബോംബെയിൽനിന്നുള്ള ഏതാനും പാഴ്സി കച്ചവടക്കാരും അവിടത്തെ ബ്രിട്ടീഷ് പൊളിറ്റിക്കൽ റസിഡൻറുമാണ് ബ്രിട്ടീഷുകാരുടെ സൈനികാവശ്യങ്ങൾക്കായി മൗറീഷ്യസിൽനിന്ന് കഴുതകളെ പ്രത്യേകം ഇറക്കുമതിചെയ്തിരുന്നത്. അന്ന് ആ കോൺട്രാക്ടെടുത്ത രണ്ടുപേരെ സഹായിച്ച ഒരാളുടെ മകൻ പിൽക്കാലത്ത് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ, കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നിവകളിൽ മെംബറാവുകയും ഏദൻ നഗരം ഇന്ത്യാഗവൺമെൻറിൽനിന്ന് കൊളോണിയൽ ഗവൺമെൻറിന് വിട്ടുകൊടുക്കുന്നതിനെതിരെ? കൗൺസിൽ ഓഫ് സ്റ്റേറ്റിൽ 1921 സെപ്റ്റംബറിൽ നടന്ന ചൂടുപിടിച്ച ഡിബേറ്റിൽ ഇക്കാര്യം പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. ഈ മകൻ മറ്റാരുമല്ല, ബോംബയിൽനിന്നുള്ള പാഴ്സി രാഷ്ട്രീയനേതാവും കച്ചവടക്കാരനും കോൺഗ്രസ്​ നേതാവുമായിരുന്ന സർ ഡിൻഷാ എഡുജി വാചയായിരുന്നു.

മൗറീഷ്യസിൽനിന്ന് ഏദനിലേക്കും അവിടന്ന് ഇന്ത്യയിലേക്കും ഇറക്കുമതി ചെയ്യപ്പെട്ട ഇത്തരം കഴുതകളുടെ ദേശാന്തരസമുദ്രാന്തര സഞ്ചാരങ്ങൾ, അവയ്ക്കും എത്രയോമുൻപ്, ആഫ്രിക്കയിൽനിന്ന് ബംഗാൾവഴി ചൈനയിലെ മിങ് രാജാവിന് സമർപ്പിക്കപ്പെട്ട, പതിനഞ്ചാം നൂറ്റാണ്ടിലെ ജിറാഫിെൻ്റ ദീർഘസഞ്ചാരങ്ങളെ ഓർമിപ്പിക്കുന്നു. ആ ജിറാഫ് ഒരു അത്യപൂർവ കൗതുകവസ്​തുവായി, നയതന്ത്രപ്രധാനമായ സമ്മാനമായാണ്, കൊട്ടാരങ്ങളിൽനിന്ന് കൊട്ടാരങ്ങളിലേക്ക് രാജകീയമായി സഞ്ചരിച്ചതെങ്കിൽ, ഈ കഴുതകൾ തുറമുഖങ്ങളിൽനിന്നു തുറമുഖങ്ങളിലേക്ക് സഞ്ചരിച്ചത്, യുദ്ധങ്ങളുടെയും കലാപങ്ങളുടെയും രകതഭാണ്ഡങ്ങളും അവയുടെ മുന്നൊരുക്കമായ വെടിക്കോപ്പുകളും ചുമക്കാനായിരുന്നു.

മൗറീഷ്യസിൽനിന്നുമാത്രമല്ല, അർജൻ്റീനയിൽനിന്നും ചൈനയിൽനിന്നും ഇന്ത്യയിലേക്ക് കോവർകഴുതകളെ ഇറക്കുമതിചെയ്തിരുന്നുവെന്ന് ഇതരരേഖകളിൽനിന്ന് കാണാം. പഞ്ചാബിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തദ്ദേശീയമായ പോണി പെൺകുതിരകളെയും ഇറക്കുമതിചെയ്യപ്പെട്ട ഇംഗ്ലീഷ് കഴുതകളെയും തമ്മിൽ ഇണചേർത്ത് പ്രസവിക്കുന്ന കോവർകഴുതകളെയും സൈന്യത്തിലേക്കെടുത്തിരുന്നു. കോവർകഴുതകളെ ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽനിന്നും മറ്റും ബ്രിട്ടീഷുകാർ ഇറക്കുമതിചെയ്യുന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നമ്മൾ കാണുന്നതെങ്കിൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അനേകായിരം മൃഗങ്ങളെ ഇന്ത്യയിലെ കൊളോണിയൽ സംവിധാനം പുറത്തേക്ക് കയറ്റുമതിചെയ്യുന്നത് ശ്രദ്ധേയമാണ്. ഒന്നാംലോകമഹായുദ്ധസമയത്ത്, 1914-നും 1918നുമിടയിൽ മാത്രം 1,72,815 മൃഗങ്ങളെ ഇന്ത്യ വിദേശത്തേക്കയച്ചിട്ടുണ്ട്. അതിൽ 85,953 കുതിരകളും 65,398 കോവർകഴുതകളും ഉൾപ്പെടുന്നു.

കോവർകഴുതകളുടെ കാര്യം മാത്രമെടുത്താൽ, ഇറാഖിലും ഫ്രാൻസിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യയിൽനിന്നുള്ള കഴുതകളും കഴുതപ്പടയും ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ലോകമഹായുദ്ധത്തിൽ പോരാടിയിരുന്നു. പോരാട്ടമുഖങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുമ്പോഴും സൈന്യത്തിന്റെ താഴെത്തട്ടിലുണ്ടായിരുന്ന കഴുതപ്പടയടക്കമുള്ള, ഇന്ത്യയിൽനിന്നുള്ള കൂലിക്കാരുടെ ദൈന്യമായ ജീവിതാനുഭവങ്ങളെക്കുറിച്ചും അവർ ഇതര സൈനികരിൽനിന്നും ബ്രിട്ടീഷ് സാമ്രാജ്യസംവിധാനങ്ങളിൽനിന്നും നിരന്തരം നേരിട്ട ശകതമായ വിവേചനങ്ങളെക്കുറിച്ചും ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറായ രാധിക സിംഘ, ദ കൂലീസ് ഗ്രേറ്റ് വാർ എന്ന പുസ്​തകത്തിൽ വിശദമായി എഴുതുന്നുണ്ട്.

മലബാറിലേക്ക് കഴുതകളെ കലാപസമയങ്ങളിൽ പ്രധാനമായും കൊണ്ടുവന്നത് മീററ്റ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നായിരുന്നു. കേരളം പൊതുവെ കഴുതകളുടെ വിഹാരകേന്ദ്രങ്ങളല്ലാത്തതിനാലായിരിക്കണം, അവയെ ലഭിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറിന് പുറംനാടുകളെ ആശ്രയിക്കേണ്ടിവന്നത്. മീററ്റും അതുൾക്കൊള്ളുന്ന ഉത്തരദേശങ്ങൾ പലതും ചരിത്രപരമായി കഴുതകളെ വളർത്തിയും ആശ്രയിച്ചുംകൊണ്ടിരുന്ന സ്​ഥലങ്ങളായിരുന്നതിനാൽ അവിടെ സ്​ഥായിയായ കഴുതസൈന്യങ്ങളുണ്ടായിരുന്നു.

ബാംഗ്ലൂരിൽ തദ്ദേശീയമായ കഴുതകൾ വിരളമായിരുന്നുവെങ്കിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു അവിടമെന്നതിനാൽ അവിടെയും സൈന്യത്തിന്റെ മേൽനോട്ടത്തിൽ കഴുതകളുണ്ടായിരുന്നു. ഈ രണ്ട് സ്​ഥലങ്ങളിൽനിന്നും കൊണ്ടുവന്ന കഴുതകൾ പ്രത്യേകം പരിശീലനം നേടിയവയും സൈന്യത്തിൽ ലിസ്റ്റുചെയ്യപ്പെട്ടവയുമായ ‘ഉന്നത’ കഴുതകളായിരുന്നതിനാൽ, സമരങ്ങൾ ഏറക്കുറെ അടിച്ചമർത്തപ്പെട്ടയുടനെ അവ വന്നയിടങ്ങളിലേക്കുതന്നെ തിരിച്ചയയ്ക്കപ്പെട്ടു.

അതിനാൽത്തന്നെ കലാപാനന്തരം മലബാറിലൂടെ അലയാനോ പ്രജനനപ്രക്രിയകളിലൂടെ നാടിന്റെ ജൈവവൈവിധ്യങ്ങളിൽ കാതലായ സാന്നിധ്യമറിയിക്കാനോ അവയ്ക്കായില്ല.


മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments