‘മുള്ളിവായ്ക്കൽ ദിനം’ കൊന്നവരുടെയോ കൊല ചെയ്യപ്പെട്ടവരുടെയോ? ഒരു വംശീയ കലാപത്തിന്റെ ഓർമയ്ക്ക്

ശ്രീലങ്കയിലെ മുള്ളിവായ്ക്കൽ ഗ്രാമത്തിൽ നടന്ന സായുധപോരാട്ടത്തിൻ്റെ അവസാന നാളുകളുടെ ഓർമപ്പെടുത്തലായി മേയ് 18 ‘മുള്ളിവായ്ക്കൽ ദിന’മായി ശ്രീലങ്കൻ തമിഴ് ജനത അനുസ്മരിക്കുന്നു. സർവതും നഷ്ടപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന ശ്രീലങ്കൻ തമിഴർക്ക് ഈ ദിനാചരണം എന്തുതരം ഓർമകളാണ് നൽകുന്നത്? ഓസ്ട്രേലിയയിലെ തമിഴ് റെഫ്യൂജി കൗൺസിൽ സ്ഥാപകനായ ആരൻ മിൽവാഗ്നം, തമി​ഴ്നാട്ടിലെ ക്യാമ്പുകളിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് അഭയാർഥികൾ എന്നിവരുമായുള്ള ആശയവിനിമയത്തിലൂടെ ഒരു അഭയാർഥി സമൂഹത്തിന്റെ ഐഡന്റിറ്റികളിലേക്ക് ഒരന്വേഷണം, റിസ്വാന ബി. എഴുതുന്നു.

ശ്രീലങ്കൻ-തമിഴ് അഭയാർത്ഥികളിൽ പെട്ട 41 പേരെ ആസ്ട്രേലിയയിൽ പിടികൂടി ബലമായി തിരിച്ച് ശ്രീലങ്കയിലേക്കുതന്നെ അയക്കുന്നുവെന്ന, ഓസ്ട്രേലിയയിലെ തമിഴ് റെഫ്യൂജി കൗൺസിൽ സ്ഥാപകനായ ആരൻ മിൽവാഗ്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് അഭയാർത്ഥിത്വത്തിൻ്റ തീവ്രത വീണ്ടും മനസ്സിൽ തെളിഞ്ഞുവന്നത്.

1969- ലെ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി (OAU) റെഫ്യൂജി സമ്മേളനത്തിൽ അഭയാർത്ഥികളെ അവരുടെ സമ്മതത്തോടെ മാത്രമേ തിരിച്ചയക്കാവൂ എന്നു പറയുന്നുണ്ട്. ജീവൻ സംരക്ഷിക്കാൻ, ഉടുവസ്ത്രത്തിൽ പിറന്ന നാടും വീടും ഉപേക്ഷിച്ച് രാജ്യം വിടുന്ന മനുഷ്യരെ യാതൊരു സുരക്ഷയും ഉറപ്പു നൽകാതെ തിരിച്ചയക്കുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും?. അവർ എങ്ങനെയാകും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക?. വാസ്തവത്തിൽ ഇതിനെ ആരൻ എങ്ങനെ നോക്കിക്കാണുന്നുവെന്നാണ് ഞാൻ ആ കുറിപ്പ് വായിച്ചപ്പോൾ ചിന്തിച്ചത്. അഭയാർത്ഥിത്വത്തിൻ്റെ നിസ്സഹായതയിലേൽക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ എന്നും ഉറച്ച ശബ്ദമായി നിലകൊണ്ട വ്യക്തിയാണ് ആരൻ മിൽവാഗ്നം.

ആരൻ മിൽവാഗ്നം
ആരൻ മിൽവാഗ്നം

ശ്രീലങ്കൻ- തമിഴ് അഭയാർത്ഥികളുടെ അഭയാർത്ഥി ജീവിതത്തെ കുറിച്ചുള്ള എൻ്റെ മനഃശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ടാണ് ആരനെ പരിചയപ്പെടുന്നത്. അഭയാർത്ഥിയായി 14-ാം വയസ്സിൽ ആസ്ട്രേലിയയിലേക്ക് കുടിയേറി അഞ്ചുവർഷത്തോളം ആസ്ട്രേലിയൻ ഗവൺമെൻറിന്റെ നിരീക്ഷണത്തിൽ, മാതാപിതാക്കളുടെ അഭാവത്തിൽ അനാഥത്വത്തിൻ്റെ നിഴലിൽ കഴിഞ്ഞ കൗമാരത്തെക്കുറിച്ചും, പിന്നീട് അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ തമിഴ് റെഫ്യൂജി കൗൺസിൽ രൂപം കൊടുത്തതിനെക്കുറിച്ചും ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

28 വർഷങ്ങൾക്കുമുമ്പ്, പഠിച്ചിരുന്ന വിദ്യാലയത്തിൽ ബോംബ് സ്ഫോടനമുണ്ടായപ്പോൾ 13 വയസ്സുള്ള സഹോദരനെയും, ആറു വയസ്സുള്ള അമ്മാവന്റെ മകളെയും ചിന്നിച്ചിതറിയ നിലയിൽ കണ്ട ആരന് ഇന്നും അത് നടുക്കുന്ന ഓർമയാണ്. പിന്നീടെരിക്കലും സ്വദേശത്തേക്ക് തിരിച്ചു പോയിട്ടില്ലെന്നുപറയുമ്പോൾ ശബ്ദം ഇടറുന്ന ആരന്റെ വാക്കുകൾ നിശ്ശബ്ദം കേട്ടിരിക്കാനേ എനിക്കുമായുള്ളൂ. ഇന്നും അതിൻ്റെ കാരണങ്ങൾ ആന്തരികമായി തിരയാറുണ്ടെന്ന് ആരൻ അന്ന് പറഞ്ഞിരുന്നു.

വൈയക്തികമായ ചില നഷ്ടങ്ങൾ സംഭവിക്കുമ്പോൾ അവയുടെ കാര്യകാരണങ്ങളും പിന്നിട്ട വഴികളും എന്തൊക്കെയായിരുന്നു എന്നൊക്കെ മനസ്സ് ആഴത്തിലന്വേഷിക്കും. അത് മാനസിക സന്തുലനത്തിനു വേണ്ടിയാണ്. തന്നെ തന്നെ നഷ്ടപ്പെടാതെ ചേർത്തുനിർത്താൻ വേണ്ടിയാണ്. ദുരന്തചിത്രം സാംശീകരിക്കുകയെന്നത് ദുരന്തബാധിതർക്ക് അനിവാര്യവുമാണല്ലോ.

ചിന്നിച്ചിതറിയ നിലയിൽ, മറ്റു പലരിലേക്കും വ്യാപിച്ചു കിടക്കുന്ന സ്വത്വബോധം ഇത്തരം കൂട്ടമായ മാനസിക ആഘാതങ്ങൾക്ക് വിധേയമായവരുടെ സവിശേഷതയാണ്. ഇത്തരത്തിൽ അടർന്നു മാറ്റപ്പെട്ട സ്വത്വത്തെ (identity) ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഓരോ അഭയാർത്ഥിയിലും കാണുന്നുവെന്ന് തൻ്റെ തിബറ്റൻ അഭയാർത്ഥികളെ കുറിച്ച് നടത്തിയ ഗവേഷണത്തിൽ വഹാലി (2009), പരാമർശിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അഭയാർത്ഥിയെന്നാൽ നഷ്ടപ്പെട്ട കണ്ണികൾ ചേർത്തുപിടിക്കാൻ വെമ്പുന്ന, തന്നെ തന്നെ ചുറ്റിലും തിരയുന്ന, ഒരു സാമൂഹിക അനാഥത്വത്തിൻ്റെ വക്താവു കൂടിയാണ്. ആ അനാഥത്വത്തിൻ്റെ വിഹ്വലതകളാണ് പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായഹസ്തമേകാൻ അഭയാർത്ഥികൾക്ക് പ്രേരണയാകുന്നത്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ തന്നെ തന്നെ കണ്ടു തുടങ്ങുകയും, മറ്റുള്ളവരുടെ വിഷമങ്ങൾ തുടച്ചു നീക്കുകയും വഴി, സ്വയം ആശ്വസിക്കാൻ കഴിയുമെന്ന ചിന്താഗതിയിൽനിന്ന്, സ്വയം പാകപ്പെടുത്തിയ രൂപത്തിലാണ് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഒരു അഭയാർഥി മുന്നിട്ടിറങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഒരു കൂട്ടം മനുഷ്യരെ തമിഴ്നാട്ടിലെ അഭയാർഥി ക്യാമ്പുകളിലും കാണാനും സാധിച്ചു.

പിന്നീട് ആസ്ട്രേലിയൻ പൗരത്വം ലഭിച്ചെങ്കിലും ഓരോ അഭയാർത്ഥിയിലും, ദുരിതമനുഭവിക്കുന്നവരിലും ആരൻ തൻ്റെ അരക്ഷിതമായ കുട്ടിക്കാലം കണ്ടിരുന്നിരിക്കാം. ഇന്ന് ആരനിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട തമിഴ് റെഫ്യൂജി കൗൺസിൽ അഭയാർത്ഥികൾക്കു വേണ്ടി മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം കൊണ്ട് കുടിയേറുന്നവർക്കും, വർഗീയ അതിക്രമത്തിൽ ബുദ്ധിമുട്ടുന്നവർക്കും പ്രതീക്ഷ നൽകി, മുതലാളി വർഗ്ഗത്തിന്റെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധ ചങ്ങല സൃഷ്ടിക്കുന്ന, പ്രതീക്ഷയറ്റവർക്ക് പ്രതീക്ഷയാകുന്ന സംഘടനയാണ്. അല്ലെങ്കിലും ഒന്നും പ്രതീക്ഷിക്കാനില്ലെന്നു കരുതുന്നവർക്ക് പ്രതീക്ഷയേകാൻ, ഒട്ടും പ്രതീക്ഷയില്ലാത്ത, ഇടുങ്ങിയ വഴികളിലൂടെ ചെന്ന് ജീവിതം തിരിച്ചുപിടിച്ചവർക്കാണ് സാധിക്കുക; ആരനെ പോലെ.

ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരായ ശ്രീലങ്കൻ തമിഴരും സിംഹളരും

വാസ്തവത്തിൽ ശ്രീലങ്കൻ തമിഴ് ജനത സാംസ്കാരികമായും, സാമൂഹികമായും, ഭൂമിശാസ്ത്രപരമായും സിംഹള വിഭാഗത്തിൽനിന്ന് വ്യത്യസ്തരാണ്. ഭാഷയിലെ വൈവിധ്യത കൂടി കണക്കിലെടുത്താൽ ഇവർക്കിടയിലുള്ള പരസ്പര ലയനം അസാധ്യമാണെന്ന് മനസ്സിലാക്കാം. ഒരു ഭാഷയെ നിർബന്ധിതമാക്കുക വഴി, ഒന്നിനെ തരംതാഴ്ത്തുക വഴി, ഭാഷയിലൂടെ മറ്റുള്ളവരിലേക്ക് തന്റെ സംസ്കാരവും ഉല്പത്തിയും എത്തിക്കുക എന്ന ഒരു ജനതയുടെ സാമൂഹികാവശ്യമാണ് നിരാകരിക്കപ്പെടുന്നത്. അവർക്ക് നഷ്ടപ്പെടുന്നത് ആത്മവിശ്വാസവും സാമൂഹ്യബോധവുമാണ്. ഇവിടെ സിംഹള ഭാഷക്ക് പ്രാധാന്യം നൽകിയപ്പോൾ, അറിയാതെ തന്നെ സിംഹള മാതൃഭാഷയായവർ, തമിഴ് സംസാരിക്കുന്നവർക്ക് മുകളിൽ മേൽക്കോയ്മ നേടി.

മനഃശാസ്ത്രപരമായി നമ്മുടെ ചിന്താഗതികൾക്കെല്ലാം വൈകാരിക, ഭൗതിക, പെരുമാറ്റതലമുണ്ട്. മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുമ്പോഴും നമുക്ക് പവിത്രമായി തോന്നുന്ന ഭാഷയിലേക്കാണ് പലായനം ചെയ്യുന്നത്, അത് മാതൃഭാഷ തന്നെയാവണമെന്നില്ല. മലയാളികളെ സംബന്ധിച്ച് ഒരു ഭാഷയോട് പ്രത്യേക അടുപ്പം എന്നൊന്നില്ല. ചിലപ്പോഴൊക്കെ സൗകര്യവും, സ്വീകാര്യതയും മലയാളികൾ നോക്കാറുണ്ട്. എന്നാൽ, തമിഴ് ജനതയുടെ ഉള്ളിലും പുറത്തും അവർ കൂടുതൽ പവിത്രത നൽകുന്നത് തമിഴ് ഭാഷയ്ക്കു തന്നെയാണ് എന്നത് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഭാഷയുടെ കലക്കങ്ങൾ അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. അല്ലെങ്കിലും എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ജനത മറ്റൊരു ജനതയുടെമേൽ മേൽക്കോയ്മ സ്ഥാപിക്കുന്നത്?. അതും ബി.സി 200 മുതൽ ശ്രീലങ്കയിൽ കുടിയേറി താമസിക്കുന്ന തമിഴ് ജനത രണ്ടാം കിടക്കാരാണ് എന്ന് പറയുന്നതിലെ യുക്തിരാഹിത്യം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൻ്റെ നാൾവഴികൾ

മുൻപ് സൂചിപ്പിച്ചതുപോലെ ഭാഷയുടെ മുകളിലുണ്ടായ ചില നിയന്ത്രണങ്ങളിൽ നിന്നാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്. മനുഷ്യരെ കൂട്ടിച്ചേർക്കാനും തമ്മിൽ തല്ലിക്കാനും ഭാഷകൾക്കാവുമെന്ന് തെളിയിച്ച, വർഷങ്ങളുടെ പോരാട്ട ചരിത്രമാണ് മുള്ളിവായ്ക്കല്‍ ദിനത്തിനും പറയാനുള്ളത്.

ഇലങ്കൈ തമിഴ് അരസു കച്ചി (ITAK), തമിഴർക്കും സിംഹളകൾക്കും തുല്യ പ്രാധാന്യം കൊടുത്ത് തമിഴും സിംഹളയും ഔദ്യോഗിക ഭാഷയാക്കി, ഒരു രാഷ്ട്രം രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ 1956-ൽ പാർലമെൻറ് നടപ്പിലാക്കിയത് ‘സിംഹള' ഒരേയൊരു ഔദ്യോഗിക ഭാഷയാക്കുക എന്ന നിയമമായിരുന്നു. പിന്നീടത് ഇംഗ്ലീഷ് എന്നാക്കിയെങ്കിലും തങ്ങളെ അപരവൽക്കരിക്കുന്നുവെന്ന ചിന്ത തമിഴ് ജനതയിൽ നിഴലിക്കാൻ ഈ നിയമം കാരണമായി.

തുടർക്കാലത്ത് ബന്ദാരനായക ഗവൺമെൻറ് നിലവിൽ വന്നതോടെ യൂണിവേഴ്സിറ്റികളിലും ഗവൺമെൻറ് ജോലികളിലും തമിഴരുടെ പ്രാതിനിധ്യം 10% ആയി കുറച്ചു കൊണ്ടുള്ള നിയമങ്ങളും വന്നു. ഇതിലുള്ള പ്രതിഷേധമെന്നോണമാണ് തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (TULF) 1963- ൽ രൂപം കൊള്ളുന്നതും തമിഴർക്ക് മാത്രമായി ശ്രീലങ്കയുടെ വടക്ക്- കിഴക്ക് പ്രവിശ്യകൾ സമന്വയിപ്പിച്ച് 'ഈലം' രാഷ്ട്രം വേണമെന്ന ആശയം മുന്നോട്ടു വെക്കുകയും ചെയ്യുന്നത്. പിന്നീട് ടി.യു.എൽ.എഫിനെ ശക്തിപ്പെടുത്താൻ തമിഴ് ന്യൂ ടൈഗർ രൂപം കൊണ്ടു. യുവതലമുറ വലിയ തോതിൽ ആകൃഷ്ടരായ തമിഴ് ന്യൂ ടൈഗറിൽ നിന്ന് ക്രമേണ എൽ.ടി ടി.ഇ ഉദയം കൊണ്ടു.

1977-1983 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഭാഗമായി സിംഹള വിഭാഗത്തിന് ശ്രീലങ്കയിൽ കൂടുതൽ പരിഗണന ലഭിക്കുകയും തമിഴ് വംശജരെ രണ്ടാം കിട പൗരന്മാരായി പരിഗണിക്കപ്പെടുകയും ചെയ്തപ്പോൾ നിലനിൽപ്പിനുവേണ്ടിയുള്ള സമരമെന്നോണമാണ് തമിഴിടത്തിനുവേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത്.

ഇതിൽ എടുത്തുപറയേണ്ട സംഭവം, 1981 ജൂൺ ഒന്നിന് ജാഫ്ന പബ്ലിക് ലൈബ്രറി തീയിട്ട് നശിപ്പിച്ചതാണ്. ഏകദേശം 97,000 ലേറെ തമിഴ് ഗ്രന്ഥങ്ങൾ അടങ്ങിയിരുന്ന ജാഫ്ന ലൈബ്രറി സന്ദർശിക്കാൻ വിദേശികളടക്കം നിരവധിപേർ എത്തിയിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു. വർഷങ്ങളെടുത്ത് പണിത ലൈബ്രറിയുടെ നാശം സംസ്കാരത്തിൻ്റെ തുടച്ചനീക്കലായാണ് കാണാൻ സാധിക്കുക. തമിഴ് രോഷം ആളിക്കത്താൻ ഇത് കാരണമായി.

1981 ജൂൺ ഒന്നിനാണ് ജാഫ്ന പബ്ലിക് ലൈബ്രറി തീയിട്ട് നശിപ്പിക്കുന്നത്. ഏകദേശം 97,000 ലേറെ തമിഴ് ഗ്രന്ഥങ്ങൾ അടങ്ങിയിരുന്ന ജാഫ്ന ലൈബ്രറി സന്ദർശിക്കാൻ വിദേശികളടക്കം നിരവധിപേർ എത്തിയിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്
1981 ജൂൺ ഒന്നിനാണ് ജാഫ്ന പബ്ലിക് ലൈബ്രറി തീയിട്ട് നശിപ്പിക്കുന്നത്. ഏകദേശം 97,000 ലേറെ തമിഴ് ഗ്രന്ഥങ്ങൾ അടങ്ങിയിരുന്ന ജാഫ്ന ലൈബ്രറി സന്ദർശിക്കാൻ വിദേശികളടക്കം നിരവധിപേർ എത്തിയിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്

എന്നാൽ ആയുധം ഉപയോഗിച്ച് നീതിയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുണ്ടായ സായുധ പോരാട്ടത്തിനാണ് എൽ.ടി ടി.ഇ ചുക്കാൻ പിടിച്ചത്. ഇടയ്ക്കിടെ നടന്ന തമിഴ് പുലികളും ശ്രീലങ്കൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ല​പ്പെട്ടു. ‘ബ്ലാക് ജൂലായ്’ എന്നറിയപ്പെടുന്ന 1983 ജൂലൈയിൽ തമിഴ് ജനത യുടെ നേരെ നടന്ന വംശീയ കലാപത്തിൽ 5000 ത്തിലധികം പേർ കൊല്ലപ്പെട്ടു. ഒന്നര ലക്ഷത്തോളം പേർ തെരുവിലായി. ശ്രീലങ്കൻ ഭരണകൂടം ഇതിന് കാരണമായി പറയുന്നത്, 13 ശ്രീലങ്കൻ പട്ടാളക്കാരെ തമിഴ് പുലികൾ വധിച്ചുവെന്നതാണ്. അത് പിന്നിട് സിംഹള വിഭാഗത്തിലുള്ളവർ തമിഴ് ജനതക്കുനേരെ നടത്തിയ കൂട്ട ആക്രമണത്തിൽ കലാശിച്ചു.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത് വടക്ക്- കിഴക്കൻ പ്രദേശങ്ങളിലെ ഭൂരിഭാഗവും എൽ. ടി. ടി. ഇ യുടെ അധീനതയിലായിരുന്നു ജാഫ്നയെ കേന്ദ്രീകരിച്ചായിരുന്നു അധികാര നിയന്ത്രണങ്ങൾ. അതുകൊണ്ടുതന്നെ പുതിയ സംസ്ഥാനം രൂപം കൊണ്ടാൽ ജാഫ്ന കേന്ദ്രീകൃതമായി ഭരണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കണമെന്നായിരുന്നു തമിഴ് പുലികളുടെ ലക്ഷ്യം.

തമിഴ് രാഷ്ട്രം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി കൗമാര പ്രായത്തിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും കേഡറ്റുകളായി തമിഴ് പുലികൾ എൽ.ടി.ടി.ഇ യിൽ ചേർത്തു. ചിലർ താത്പര്യത്തോടെയും മറ്റു ചിലർ ഭീഷണിക്കു വഴങ്ങിയും സംഘടനയിൽ അംഗങ്ങളായി. തമിഴർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, സ്വന്തം കുഞ്ഞുങ്ങളെ കേഡറ്റുകളാക്കാൻ പല മാതാപിതാക്കളും വിസമ്മതിച്ചു. ഇത് പല രീതിയിലുള്ള വാഗ്വാദങ്ങളിലേക്കും പിടിവലികളിലേക്കും പലായനങ്ങളിലേക്കും നയിച്ചു. ചില കേഡറ്റുകൾ സൂയിസൈഡ് ബോംബുകളായി പ്രവർത്തിച്ചു. യുദ്ധം അവസാനിക്കുന്ന വർഷം പന്ത്രണ്ടിനും പതിനാറിനുമിടയിലുള്ള 594 കുട്ടികൾ ശ്രീലങ്കൻ ആർമിക്കുമുന്നിൽ കീഴടങ്ങിയെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്തു.

തമിഴ് രാഷ്ട്രം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി കൗമാര പ്രായത്തിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും കേഡറ്റുകളായി തമിഴ് പുലികൾ എൽ.ടി.ടി.ഇ യിൽ ചേർത്തു
തമിഴ് രാഷ്ട്രം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി കൗമാര പ്രായത്തിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും കേഡറ്റുകളായി തമിഴ് പുലികൾ എൽ.ടി.ടി.ഇ യിൽ ചേർത്തു

2006 ആഗസ്റ്റ്-14 ന് ശ്രീലങ്കൻ ആർമി, തമിഴ് പുലികളുടെ ട്രെയിനിംഗ് ക്യാമ്പാണെന്നാരോപിച്ച് ചെഞ്ചോലയിലെ ക്യാമ്പിൽ ആക്രമണം നടത്തിയപ്പോൾ 16 നും-18നുമിടയിലുള്ള 63 പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഇത് കിളിനൂച്ചി, മുള്ളത്തിവ് സ്ഥലങ്ങളിലെ കുട്ടികൾ ഒത്തുചേർന്ന പഠന ക്യാമ്പായിരുന്നുവെന്നും, എൽ ടി ടി യുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നുവെന്നും, ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും പിന്നീട് കണ്ടെത്തി.

ഇത്തരം നിരന്തരമായ ആക്രമണ ചരിത്രം ശ്രീലങ്കൻ- തമിഴ് ജനതക്ക് പങ്കുവെക്കാനുണ്ട്. ഇതൊരു പക്ഷേ അവരുടെ മനസ്സുകളിൽ അല്ലെങ്കിൽ ചരിത്രത്താളുകളിലൂടെ, മറ്റു പല രൂപകങ്ങളിലൂടെ പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടാകാം. എല്ലാ ദുരന്തങ്ങൾക്ക് തലമുറകളിലൂടെ പടർന്നു കയറാനുള്ള കഴിവുണ്ട്.

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നുവെന്നൊക്കെ പറയാമെങ്കിലും തമിഴ് പുലികളെന്ന് വിളിപ്പേരുള്ള എൽ.ടി ടി ഇ യുടെ മാർഗത്തിൽ എവിടെയൊക്കെയോ പാളിച്ച സംഭവിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. ഈ സായുധ വിപ്ലവം പിൽക്കാലത്ത് 1981, 1990, 1995 എന്നീ കാലഘട്ടത്തിൽ കൂടുതൽ അഭയാർത്ഥികളെ സൃഷ്ടിക്കാൻ കാരണമാവുകയാണ് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തിൽ പരമാളുകൾ യുദ്ധകാലത്ത് മരിച്ചിട്ടുണ്ട്. 80,000- ത്തിലധികം ആളുകൾ വിവിധ രാജ്യങ്ങളിലേക്കായി പലായനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഹൈകമീഷനർ ഫോർ റഫ്യൂജീസ് (UNHCR), 2014-ൽ ഏറ്റവും വലിയ അഭയാർത്ഥികൂട്ടമായി ശ്രീലങ്കൻ- തമിഴ് അഭയാർത്ഥികളെ പ്രഖ്യാപിച്ചു.

2009 മെയ് 18ന്, ​വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ സായുധ വിപ്ലവം അവസാനിച്ചതായി ശ്രീലങ്കൻ ഭരണകൂടം പ്രഖ്യാപനം നടത്തി.
2009 മെയ് 18ന്, ​വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ സായുധ വിപ്ലവം അവസാനിച്ചതായി ശ്രീലങ്കൻ ഭരണകൂടം പ്രഖ്യാപനം നടത്തി.

2009 മെയ് 18ന്, ​വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ സായുധ വിപ്ലവം അവസാനിച്ചതായി ശ്രീലങ്കൻ ഭരണകൂടം പ്രഖ്യാപനം നടത്തി. ശ്രീലങ്കയുടെ വടക്കു കിഴക്കുള്ള മുള്ളിവായ്ക്കൽ ഗ്രാമത്തിൽ നടന്ന സായുധ പോരാട്ടത്തിൻ്റെ അവസാന നാളുകളുടെ ഓർമപ്പെടുത്തലായി ഇന്നും മേയ് 18 മുള്ളിവായ്ക്കൽ ഓർമദിനം /മുള്ളിവായ്ക്കൽ ദിനം എന്ന പേരിൽ ലോകമെമ്പാടുമുള്ള ശ്രീലങ്കൻ തമിഴ് ജനത അനുസ്മരിച്ചുവരുന്നു. പക്ഷേ ഈ ദിനാചരണം ശ്രീലങ്കൻ ഭരണകൂടം ഔദ്യോഗികമായി അനുവദിച്ചിട്ടില്ല. അന്നേദിവസം സ്കൂളുകൾക്കും കോളേജുകൾക്കും പൊതു അവധിയാണ്. തമിഴ് ജനങ്ങൾ താമസിക്കുന്ന വടക്ക് കിഴക്കൻ പ്രവിശ്യകളിൽ മിലിട്ടറിയുടെ സുരക്ഷാവലയം ശക്തമാക്കും. അധികാരികളുടെ കണ്ണിൽ മരിച്ചവരെല്ലാം തമിഴ് പുലികളാണ്. അതുകൊണ്ടുതന്നെ, വർഷംതോറും അവരെ മഹത്വവൽക്കരിക്കേണ്ടതില്ല എന്നാണ് ഭരണകർത്താക്കളുടെ വാദം.

കൂടാതെ, ഇത്തരം ഓർമ്മപ്പെടുത്തൽ തടയാൻ, ശ്രീലങ്കൻ ഭരണകൂടം മെയ് 18 വിക്ടറി ഡേയായി ആചരിച്ചുവരുന്നു. ശ്രീലങ്കയെ തമിഴ് പുലികളുടെ പിടിയിൽ നിന്ന് സ്വതന്ത്രമാക്കിയതിൻ്റെ ഓർമപ്പെടുത്തലെന്നോണം മിലിട്ടറി പരേഡുകളുമായി മേയ് 18 അവർ ഗംഭീരമായി ആഘോഷിക്കും. കൊലചെയ്യപ്പെട്ട പതിനായിയിരത്തിലധികം ശ്രീലങ്കൻ തമിഴ് മനുഷ്യരെ എവിടെയും അനുസ്മരിക്കാതെ…

തമിഴ്നാട് ക്യാമ്പ് ജീവിതം

തമിഴ് നാട്ടിലുള്ള ശ്രീലങ്കൻ തമിഴ് ജനതയെ മൂന്നായി വിഭജിച്ചിരിക്കുന്നു.
1. അഭയാർഥി ക്യാമ്പുകളിൽ താമസിക്കുന്നവർ.
2. ജോലി- വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ക്യാമ്പിനു പുറത്ത് താമസിക്കുന്ന ക്യാമ്പ് രജിസ്ട്രേഷനുള്ളവർ.
3. സ്പെഷ്യൽ ക്യാമ്പുകളിൽ ബന്ദികളാക്കപ്പെട്ട തമിഴ് പുലികളാണെന്ന് സംശയിക്കപ്പെടുന്നവർ. കൃത്യമായി പറഞാൽ രാജീവ് ഗാന്ധി വധത്തിനു ശേഷം, 1991- ലാണ് ഇത്തരം സ്പെഷ്യൽ ക്യാമ്പുകൾ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്ന് തമിഴ് നാട് പുനരധിവാസ കമീഷന്റെ കണക്ക് പ്രകാരം തമിഴ്നാട്ടിലെ 106 അഭയാർത്ഥി കേന്ദ്രങ്ങളിലായി 58,000-ൽ പരം അഭയാർത്ഥികൾ താമസിക്കുന്നു.
അഭയാർത്ഥി ക്യാമ്പുകൾ എന്നു മാറ്റി പുനരധിവാസ ക്യാമ്പുകളെന്ന് അവയെ പുനർനാമകരണം ചെയ്തെങ്കിലും, കമീഷണർ ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ ഓഫ് നോൺ റസിഡൻസ് തമിൽസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ അവരുടെ ചലനസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നുണ്ട് എന്ന് ക്യാമ്പ് നിവാസികൾ പറയുന്നു. ക്യാമ്പിൽ നിന്ന് ദൂരയാത്രക്കോ മറ്റോ പുറത്തുപോകുമ്പോൾ ക്യാമ്പ് അധികാരികളെ അറിയിക്കണം. മാസത്തിൽ ഒരിക്കലെങ്കിലും ക്യാമ്പിലെ വ്യക്തിപരിശോധനകളിൽ പങ്കെടുക്കണം. ഇതിനായി ടോക്കണെടുത്ത് ഊഴം കാത്തു നിൽക്കണം. ഇത് അവർക്ക് ആകെ കിട്ടുന്ന അവധി ദിവസത്തിലുമാണ്. ചലനസ്വാതന്ത്ര്യമോ വ്യക്തിസ്വാതന്ത്ര്യമോ നിഷേധിക്കപ്പെടാത്ത ലോകത്ത് താമസിക്കുന്ന നമുക്കത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

photo: amnesty.org
photo: amnesty.org

തമിഴർക്കുവേണ്ടി പ്രത്യേക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 1976- ൽ രൂപം കൊണ്ട ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ) പലരുടെയും ഉറക്കം കെടുത്തിയ ഓർമകളിൽ പെട്ടതാണ്. ക്യാമ്പിൽ തന്നെയുള്ള ചിലർക്ക് തമിഴ് പുലികൾ എന്നു വിളിക്കുന്ന എല്‍.ടി.ടി.ഇ ഒരു വികാരമാണ്. എല്‍.ടി.ടി.ഇ യുടെ പതാകയുമായി ബൈക്കിൽ ആർത്തുവിളിച്ച് വേലുപ്പിള്ള പ്രഭാകരന് പിന്തുണയേകിയതിന് പോലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലിട്ട അനുഭവമൊക്കെ ചിരിച്ചുകൊണ്ട് വിവരിക്കുമ്പോഴും ശരവണ ചേട്ടൻ്റെ മുഖത്ത് നിരാശ നിഴലിച്ചത് എനിക്ക് കാണാമായിരുന്നു. ഇന്നും വേലുപിള്ള പ്രഭാകരൻ അദ്ദേഹത്തിൻ്റെ വീരനായകനാണ്. ഒറ്റമുറി വീടിന്റെ വിവിധ സ്ഥലങ്ങളിലായി പ്രഭാകരന്റെ തോക്കും ചൂണ്ടിയുള്ള ചിത്രങ്ങൾ ഞാൻ കണ്ടു. ഇടയ്ക്ക് പ്രഭാകരനെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം കൗമാരത്തിലെ ഓരോ തോന്നലുകളല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും, പ്രഭാകരനെ പോലെ ഇത്രമേൽ അദ്ദേഹത്തെ സ്വാധീനിച്ച വേറൊരു മനുഷ്യനും ഉണ്ടായിട്ടില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ തെളിഞ്ഞു.
തമിഴ് പുലികൾ ഭരിക്കുമ്പോൾ സ്ത്രീകൾ സുരക്ഷിതരായിരുവെന്നും, ഭക്ഷ്യസാധനങ്ങൾ സുലഭമായിരുന്നുവെന്നും, അവിടുത്തെ സിംഹള വിഭാഗക്കാർ വരെ അദ്ദേഹത്തിൻ്റെ ഭരണം ആഗ്രഹിച്ചിരുന്നുവെന്നൊക്കെ പറയുമ്പോൾ ശരവണൻ ചേട്ടൻ്റെ കണ്ണുകളിൽ അഭിമാനം പ്രകടമായിരുന്നു. പ്രഭാകരൻ്റെ വിയോഗത്തെ കുറിച്ച് പറഞ്ഞപ്പോൾ പ്രതീക്ഷയറ്റ് തന്നിലേക്കുതന്നെ ചുരുണ്ടുകൂടിയ അദ്ദേഹത്തെ കാണാൻ സാധിച്ചു.

ദേവക്കയുടെ അനുഭവവും വ്യത്യസ്ഥമല്ല. വേലുപിള്ള പ്രഭാകരൻ കൊല്ലപ്പെട്ട ദിവസമാണ് എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അവർക്ക് മൂന്ന് കുട്ടികളെയാണ് ആഭ്യന്തര യുദ്ധത്തിൽ നഷ്ടമായത്. മാനസികനില തെറ്റിയ അവസ്ഥയിലാണ് അഭയാർഥി ക്യാമ്പിൽ എത്തിയതെന്ന് ദേവക്ക പറഞ്ഞു. പിന്നീട് ഒരിക്കലും ശ്രീലങ്കയിലേക്ക് തിരിച്ചുപോയിട്ടില്ല.

അഭയാർത്ഥികളാണെന്ന ഒറ്റ കാരണം കൊണ്ട്, മതിയായ വിദ്യാഭ്യാസ യോഗ്യതകളും കഴിവുകളും ഉണ്ടെങ്കിലും, അസംഘടിത മേഖലയിൽ ഒട്ടും താല്പര്യമില്ലാതെ ജോലി ചെയ്യുന്ന, അഭയാർത്ഥിയെന്ന നാമധേയത്തിൽ തലമുറകളായി കഴിയുന്നവരാണ് ഈ ജനത. ഇവരുടെ മനസ്സിൽ മുള്ളിവയ്ക്കൽ ദിനം (മെയ് 18) എന്ത് പ്രകമ്പനമാവും സൃഷ്ടിക്കുന്നുണ്ടാവുക? തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് സ്വദേശം വിടേണ്ടിവരുന്നവർ നീതിനീതിഷേധത്തിന്റെ ഇരകളായാണ് സ്വയം വിലയിരുത്തുന്നത്. ഇവിടെ ജനിച്ചിട്ടും, അഭയാർത്ഥികൾ എന്ന മുദ്ര കുറ്റപ്പെടുത്തുന്നവരുടെ മനസ്സിൽ ഈ ദിനം ഒരു തലമുറയുടെ പ്രതീക്ഷകളുടെ അസ്തമനത്തെയാവാം സൂചിപ്പിക്കുന്നത്.

മുള്ളിവായ്ക്കൽ ദിനം
ആരിലൂടെ അറിയപ്പെടണം?

2009- ൽ വേലുപിള്ള പ്രഭാകരന്റെ മരണത്തോടെ ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചുവെന്ന് ഭരണകൂടം പ്രഖ്യാപിച്ചെങ്കിലും സ്വന്തം നാടും, കുടുംബവും സ്വത്തും നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് അതൊരു ഓർമ്മപ്പെടുത്തൽ ദിനം കൂടിയാണ്. ഒരു രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്ക് വിലങ്ങുതടിയാവുന്നതെല്ലാം നീക്കി സമാധാനം പ്രഖ്യാപിക്കുക എന്നതാണ് ഭരണാധികാരികളെ സംബന്ധിച്ച് യുദ്ധവിജയമെങ്കിൽ സർവം നഷ്ടപ്പെട്ടവർക്ക് അത് പരാജയത്തിന്റെ നേർക്കാഴ്ചയാണ്. യുദ്ധത്തിന് കാരണക്കാരായവർ ചരിത്രം തിരുത്തി തങ്ങളുടെയും തങ്ങളുടെ സംഘടനയുടെയും പ്രതിച്ഛായ സംരക്ഷിച്ചു നിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഹിർഷ്ബർഗറുടെ (Hirschberger- 2018) പഠനത്തിൽ പറയുന്നുണ്ട്. അതിലെങ്കിൽ അത് നിലനില്പിനു തന്നെ ഭീഷണിയാകുമെന്നും തൻ്റെ ഗ്രൂപ്പിൻ്റെ കൊള്ളരുതായ്മകൾ ആലോചിച്ച് കുറ്റബോധത്തിൽ കുടുങ്ങിപ്പോകുമെന്നും അദ്ദേഹം പറയുന്നു.
അതുപോലെ, ഇരകളാക്കപ്പെട്ടവരും സംഭവിച്ചതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമം നടത്തുകയും അത് തങ്ങളുടെ താവഴികളിലൂടെ സഞ്ചരിക്കുന്ന സാമൂഹികവും സമഷ്ടിപരവുമായ ഓർമപ്പെടുത്തലിൻ്റെ (collective memory) ഭാഗമായി കൂട്ടിച്ചേർക്കാനുളള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പഠനത്തിൽ പറയുന്നു.

ഇത് രണ്ടും ശ്രീലങ്കൻ ആഭ്യന്തര കലാപ വഴികളിൽ കാണാം. മുള്ളിവായ്ക്കൽ ദിനം ‘വിക്ടറി ഡേ’യായി ശ്രീലങ്കൻ ഭരണകൂടം ആഘോഷിക്കുന്നതിനു പിന്നിലും വംശഹത്യയുടെ അനുസ്മരണദിനമായി ശ്രീലങ്കൻ തമിഴ് ജനത ആഘോഷിക്കുന്നതിനു പിന്നിലും ഈ സാമൂഹിക ഓർമപ്പെടുത്തലിന്റെ അടയാളപ്പെടുത്തലുകൾ കാണാം. ചരിത്രം രണ്ടു രീതിയിലാണ് ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത്. അക്രമം പ്രവർത്തിച്ചവർക്ക് അതൊരു വിജയ ചരിത്രമായും ഇരയാക്കപ്പെട്ടവർക്ക് അതൊരു നഷ്ടപ്പെടുത്തലിന്റെ ഓർമപ്പെടുത്തലായും മാറുന്നു. ഇവിടെ ഭരണകൂടം ബദൽ വിവരണം സൃഷ്ടിക്കുന്നത് അവർ നടത്തിയ ക്രൂര കൃത്യങ്ങളുടെ പ്രതിചേർക്കലിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, മറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് പുതു തലമുറയുടെ പിന്തുണ ഉറപ്പുവരുത്താൻ കൂടിയാണ്.

വർവിന്റെ (Varvin-1995) അഭിപ്രായത്തിൽ ഇരയാക്കപ്പെട്ട സമൂഹം തൻ്റെ ആന്തരിക സംഘർഷങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യുമ്പോൾ പിന്നീട് വരുന്ന തലമുറ അവയുടെ വൈവിധ്യതലങ്ങൾ പല വിധേന സമൂഹത്തിൽ പ്രതിഫലിപ്പിക്കും. ഇല്ലെങ്കിൽ അവ ഉണങ്ങാത്ത മുറിവായി യുഗാന്തരങ്ങൾ പിന്നിടും. അതുപോലെ കുറ്റം ചെയ്തവർ എത്ര തലമുറ കഴിഞ്ഞാലും അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവുകയുമില്ല. തൻ്റെ മുൻഗാമികളെ പോലെ തന്നെ കുറ്റബോധത്തിൻ്റെ കെട്ടുപാടിൽ കുരുങ്ങിപ്പോകാതെ ഇരിക്കാനാവാം.

വർഷങ്ങൾക്കിപ്പുറവും, കലാപനാളുകളിൽ മരിച്ചവരുടെയോ കാണാതായവരുടെയോ യാഥാർത്ഥ കണക്കുകൾ ശ്രീലങ്കൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇന്നും തമിഴ് ജനതക്കു നേരെയുള്ള വംശീയാക്രമണങ്ങൾക്ക് ശ്രീലങ്ക വേദിയാകുന്നുവെന്നാണ് ക്യാമ്പ് നിവാസികൾ അവരുടെ ശ്രീലങ്കയിൽ താമസിക്കുന്ന ബന്ധുക്കളുടെ അനുഭവത്തിൽനിന്ന് പറഞ്ഞത്.

ജന്മനാടും
അഭയാർത്ഥിത്വവും

ജന്മനാട് പോകുന്നിടത്തെല്ലാം ചുമന്നു നടക്കുകയെന്നത് ഓരോ സഞ്ചാരിയുടെയും തീവ്രചിന്തകളിൽ പടർന്നുകിടക്കുന്നതാണ്. തനിക്ക് പറ്റാവുന്നതെല്ലാം നുള്ളിപ്പെറുക്കി കയ്യിലെടുക്കുമ്പോൾ കയ്യിൽ കരുതുന്ന ചിലത് മറ്റുള്ളവർക്ക് അസ്വാഭാവികമായി തോന്നുന്ന സാധനങ്ങളാവാം. ഒരു പഴയ പെട്ടി, അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ പാത്രം, ഒരു കലം, ഒരു താലം, കര-കൗശല വസ്തുക്കൾ എന്തുമാകാം അത്. അല്ലെങ്കിലും യുക്തിഭദ്രത തികച്ചും ആപേക്ഷികമാകുന്ന ചില സന്ദർഭങ്ങളുണ്ട്, എല്ലാവരുടെയും ജീവിതത്തിൽ. പാകിസ്ഥാനി കവി ജോഷ് മാൽഹബാദി, ചിറ്റഗോങ്ങിലെ മണ്ണ് പോകുന്നിടത്തെല്ലാം കൊണ്ടുപോയിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
പക്ഷെ കുറച്ചു മാസങ്ങൾക്കു ശേഷം തിരികെ വരാമെന്ന പ്രതീക്ഷയിൽ, ഉടുവസ്ത്രമല്ലാതെ മറ്റൊന്നും കയ്യിലെടുക്കാതെ പാതിരാത്രിയിൽ ബോട്ടിൽ കയറി, രാമേശ്വരത്ത് എത്തിയവർക്ക് കയ്യിൽ കരുതാനുള്ളത്, നാടിനെ കുറിച്ചുള്ള നടുക്കുന്ന ഓർമകളാണ്. തിരികെ പോകാനാവാത്ത വിധം തലമുറകളായി മറ്റൊരു നാട്ടിൽ അഭയാർത്ഥികളായി കഴിയേണ്ടിവരുന്നവരുടെ ചിന്താധാര അനിർവചനീയമാണ്. പ്രത്യേകിച്ച് ജന്മനാടിൻ്റെ പ്രാഥമ്യത്തിൽ വിശ്വസിക്കുന്നവർക്ക്. അവർക്ക് സ്ഥിരതയെന്നാൽ നിർബന്ധിതമായി ചലിക്കപ്പെടാതെയിരിക്കുക എന്നതുകൂടിയാണ്.

മനുഷ്യർ ചിലപ്പോൾ ബന്ധങ്ങളുടെ സുരക്ഷിതത്വം ആഗ്രഹിക്കാറുണ്ട്. ചലനസ്വാതന്ത്ര്യമെന്നത് പൂർണമായി ഉപയോഗപ്പെടുത്താതെ, വീടിൻ്റെയും നാടിൻ്റെയും സുരക്ഷിതത്വത്തിൻ്റെ ചുവരുകളിൽ കുരുങ്ങിക്കിടക്കാനുള്ള പ്രവണതയും മനുഷ്യനുണ്ട്. അതിൻ്റെ പരിണിതഫലമാണ് സമൂഹം നിഷ്കർഷിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ പിന്തുടരുകയെന്നത്. സൈക്കോ അനലിസ്റ്റ്റായ എറിക് ഫ്രോമിൻ്റെ (1941) അഭിപ്രായത്തിൽ ഏതൊരു അടിച്ചമർത്തലും സഹിച്ച്, അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ജീവിക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടോ മരണത്തെ സ്നേഹിക്കുന്നതു (Necrophilia) കൊണ്ടോ ആണ്. മരണത്തെ മാത്രമല്ല, ജീവനുള്ളതിനെ സ്നേഹിക്കുക (biophilia) എന്ന തലം കൂടിയുണ്ട് മനുഷ്യനിൽ എന്നാണ് എറിക് ഫ്രോം(1941) പറയുന്നത്. അഥവാ സമൂഹത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആളുകളുണ്ട്. തന്നിലൂടെ ഒരു തലമുറ ചിന്തിച്ചു തുടങ്ങണമെന്നാഗ്രഹിക്കുന്ന ചിലർ. അവർക്ക് ഈ കെട്ടുപാടുകൾ അരോചകമാണ്.

മനുഷ്യനിൽ ഇതിൽ ഏതു ആഗ്രഹമാണ് കൂടുതലെങ്കിലും അഭയാർത്ഥിത്വം ആരും ആഗ്രഹിച്ച് തിരഞ്ഞെടുക്കുന്നതല്ല. കാരണം വീട്, അല്ലെങ്കിൽ വീടെന്ന് നമ്മൾ പേരിട്ടു വിളിച്ച സ്ഥലങ്ങൾ മനുഷ്യരുടെ സുരക്ഷിതത്വബോധത്തിൻ്റെ പ്രതീകങ്ങളാണ്. മനുഷ്യൻ്റെ ഒരു ഭാഗം നഷ്ടപ്പെടുന്ന പോലെയാണ് വീട് നഷ്ടപ്പെടുക എന്നത് എന്ന് സെറ്റർ (Zetter- 1999) പറയുന്നുണ്ട്. അതിനേക്കാൾ തീവ്രമാണ് ജന്മനാട് നഷ്ടപ്പെടുക എന്നത്. കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും കൂടുതൽ സമയം ചെലവഴിച്ച സ്ഥലങ്ങൾ, അവ വർഷങ്ങൾക്കിപ്പുറവും ജീവിതത്തിൽ അനുഭവങ്ങളുടെ അലയടികൾ സമ്മാനിക്കുന്നുവെങ്കിൽ അത്തരം ചില സ്ഥലങ്ങളെയാണ് വീടെന്ന് റൂബൻസ്റ്റീൻ (Rubenstein-2001) വിശേഷിപ്പിച്ചത്. തൊഗാഷി ആന്റ് ബ്രദേഴ്സ് (Togashi & Brothers -2021) പറയുന്നത്, വീട് എന്നത് മനുഷ്യത്വത്തിൻ്റെ അടയാളപ്പെടുത്തലാണെന്നും വീടില്ല എന്നത് ഒരു വ്യക്തിയുടെ ഭൗതികതലത്തിൽ മാത്രമല്ല; തലമുറകളിലൂടെ വ്യാപരിക്കുന്ന ഒരു ചിന്താധാരയുടെ ഭാഗമാണെന്നുമാണ്. ദീർഘകാല കുടിയേറ്റ ജീവിതത്തിനുശേഷവും വീടെന്ന സുരക്ഷിതത്വം വേറെയെവിടെയും പ്രതിഫലിപ്പിക്കാനാവാത്ത കുറെ മനുഷ്യരു ഉണ്ടെന്നാണ് പെരസ് മുർസിയ (Perez Murcia- 2019) യുടെ പഠനത്തിൽ പറയുന്നത്.

തിരിച്ചുപോകാനാഗ്രഹിക്കുന്നവർ

തമിഴ് നാട്ടിലെ വിവിധ ക്യാമ്പുകളിലെ അഭയാർത്ഥികളായ മനുഷ്യരോട് സംസാരിച്ചപ്പോൾ മനസ്സിലായത് ജന്മനാടായ ശ്രീലങ്ക ഇന്നും അവർക്ക് പ്രിയപ്പെട്ടത് തന്നെയാണ് എന്നാണ്. ജന്മനാട് നഷ്ടപ്പെടുന്നത് പെറ്റമ്മയുടെ മടിത്തട്ടിൽ നിന്ന് അടർത്തിമാറ്റുന്നതുപോലെയാണെന്നാണ് 72 വയസ്സുള്ള സുകുമാരൻ ചേട്ടൻ പറഞ്ഞത്. സുരക്ഷിതത്വവും ജീവിതമാർഗവും ഉറപ്പു നൽകിയാൽ ഏതു നിമിഷവും തിരിച്ചു പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രതിനിധിയാണ് സുകുമാരൻ ചേട്ടൻ.

ഒരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ലെന്നും, യുദ്ധകാലഘട്ടങ്ങളെക്കുറിച്ച് ഓർക്കാനിഷ്ടപ്പെടുന്നില്ലെന്നും, ശ്രീലങ്കൻ തമിഴ് ജനതക്കുമാത്രമായി ഒരു തമിഴ് 'ഈഴം' വരുമ്പോൾ മാത്രമാണ് ഇനി തിരിച്ചുപോകുകയെന്നും ദേവക്ക പറഞ്ഞതിനെ, ജന്മനാട് എന്നാൽ ബലമായി പലായനം ചെയ്യപ്പെട്ടവർക്ക് വിഷലിപ്തമായ ഗൃഹാതുരതയുടെ ഭാഗമാണ് എന്ന് സൽമാൻ അക്തർ (1999) പറഞ്ഞതുമായി കൂട്ടി​ച്ചേർക്കേണ്ടതുണ്ട്

തമിഴ് നാട്ടിലെ വിവിധ ക്യാമ്പുകളിലെ അഭയാർത്ഥികളായ മനുഷ്യരോട് സംസാരിച്ചപ്പോൾ മനസ്സിലായത് ജന്മനാടായ ശ്രീലങ്ക ഇന്നും അവർക്ക് പ്രിയപ്പെട്ടത് തന്നെയാണ് എന്നാണ്
തമിഴ് നാട്ടിലെ വിവിധ ക്യാമ്പുകളിലെ അഭയാർത്ഥികളായ മനുഷ്യരോട് സംസാരിച്ചപ്പോൾ മനസ്സിലായത് ജന്മനാടായ ശ്രീലങ്ക ഇന്നും അവർക്ക് പ്രിയപ്പെട്ടത് തന്നെയാണ് എന്നാണ്

34 വർഷം മുൻപ് ഉപേക്ഷിച്ചുപോന്ന പണിതീരാത്ത വീട് ഇന്നും ഒരു പോറലുപോലുമേൽക്കാതെ അവശേഷിക്കുന്നുവെന്നും അവിടെ തിരിച്ചുചെന്ന് താമസിക്കണമെന്നൊക്കെ മഹാദേവൻ ചേട്ടൻ അഭിമുഖസമയത്ത് പറഞ്ഞപ്പോൾ ശുഭാപ്തി വിശ്വാസത്തിന്റെ മറ്റൊരു തലമെന്ന് ഞാൻ ചിന്തിച്ചെങ്കിലും ചിലപ്പോൾ അവിശ്വസനീയമായ ചില ചിന്തകളാണ് ജീവിക്കാൻ പോലും പ്രേരണയായിത്തീരുന്നത് എന്നോർത്തു. വിശ്വാസവും അവിശ്വാസവും വൈയക്തികമാകേണ്ടതുമാണല്ലോ, ചില വിശ്വാസങ്ങളെല്ലാം സമൂഹം രൂപപ്പെടുത്തുന്നവയാണെങ്കിൽ കൂടി.

ഉപേക്ഷിച്ചുപോയ നാടിൻ്റെ ഗൃഹാതുരമായ ഓർമകളാണ് ഏതൊരു കുടിയേറ്റക്കാരനും കുടിയേറിയ നാടിൻ്റെ സംസ്കാരവുമായി കൂടിക്കലരാനുള്ള ഊർജമേകുന്നത്. മലിനമാക്കപ്പെട്ട ഓർമകളെ സംസ്കരിച്ച് ഇനിയുള്ള കാലം കൂടെ കൂട്ടുക എന്നത് ബലമായി കൂട്ട പലായനം ചെയ്യ​പ്പെട്ടവരുടെ അവകാശവുമാണ്. ഇത്തരത്തിൽ ജന്മനാടിൻ്റെ നീറുന്ന ഓർമകളെ വിഷമുക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാവണം തിരിച്ചുപോകാനുള്ള ദേവക്കയടക്കമുള്ളവരുടെ തീവ്രമായ ആഗ്രഹം.

തിരികെപ്പോകാൻ സാധിക്കാത്തവരെ, പൗരത്വം നൽകി ചേർത്തുപിടിക്കാൻ നമ്മുടെ കുടിയേറ്റ നിയമത്തിൽ വ്യവസ്ഥകളില്ല. സാമൂഹിക രാഷ്ട്രീയ കാരണങ്ങൾ പലതുണ്ട് എങ്കിലും, പൗരത്വ നിയമ ഭേദഗതിയിൽ (2019) പോലും ശ്രീലങ്കയിൽ നിന്ന് കൂട്ടപലായനം ചെയ്ത, 34 വർഷങ്ങളായി, എങ്ങോട്ടും പോകാതെ ഇന്ത്യൻ മണ്ണിൽ അഗതികളായി ജീവിക്കുന്ന ഈ ശ്രീലങ്കൻ തമിഴ് ജനതക്ക് പൗരത്വം വാഗ്ദാനം ചെയ്യപ്പെടുന്നില്ല എന്നത് തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്. പൗരത്വം അവിടെയോ ഇവിടെയോ എന്നുപോലും വ്യക്തതയില്ലാതെ, ജന്മനാട്ടിലേക്ക് തിരികെ പോകാനൊക്കുമോ എന്ന പ്രതീക്ഷ പോലുമില്ലാതെ അന്യനാട്ടിൽ പാർശ്വവത്കരിക്കപ്പെട്ട് ജീവികുക എന്നത് സ്വപ്നത്തിൽ പോലും ആരും ചിന്തിക്കുന്ന കാര്യവുമല്ല, നിസ്സഹായതയുടെ വരമ്പത്തു നിന്നല്ലാതെ.

തലമുറകളായി അനുഭവിക്കുന്ന അഭയാർഥിത്വത്തിൽ നിന്ന് രൂപം കൊണ്ട സമഷ്ടിപരമായ ഓർമകളുടെ (collective memory) ഉപോൽപന്നമായ ഈ മുള്ളിവയ്ക്കൽ ദിനാചരണത്തിലും രക്തസാക്ഷികളുടെ ഓർമ്മക്കു മുമ്പിൽ മെഴുകുതിരികൾ അർപ്പിക്കപ്പെടും. ഒരു പ്രതീക്ഷയും നൽകാതെ ഈ ദിനവും കടന്നു പോകും… ചരിത്രത്താളിൽ ആർക്കും വേണ്ടാത്ത ഒരു കോണിൽ എഴുതപ്പെടുകയും ചെയ്യും.


Summary: Each year, on 18 May, a memorial event at Mullivaikkal brings together thousands of war-affected Tamils to commemorate those lost to the war and demand justice and accountability. - Riswana B writes


റിസ്വാന ബി.

മങ്കട ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സൈക്കോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ. ശ്രീലങ്കൻ തമിഴ് അഭയാർഥികളെക്കുറിച്ചായിരുന്നു പിഎച്ച്.ഡി. റഫ്യൂജി പഠനം, എഡ്യക്കേഷനൽ സൈക്കോളജി, അക്കാദമിക് പോളിസി മേക്കിങ്, സോഷ്യോ- കൾചറൽ സൈക്കോളജി തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു.

Comments