കൊണാർക്ക് ക്ഷേത്രത്തിലെ കാഴ്ചകൾ / ഫോട്ടോകൾ: ഉമ

കാലം പാതി മായ്ച്ചുകളഞ്ഞ കല്ലിന്റെ സൂര്യകവിത

കൊണാർക്ക് സൂര്യക്ഷേത്രം വലിയ ഓർമപ്പെടുത്തലാണ്. ഏതു കൊടിപ്പടവും കാലം കീറിക്കളയും എന്നതിന്റെ.

Here the language of stone surpasses the language of man.- Rabindranath Tagore

തെ, പുരിയെന്നാൽ മനുഷ്യക്കൂട്ടങ്ങളുടെ ഭക്തിലഹരിയുടെ ആരവം മാത്രമാകുമ്പോൾ, പത്തുനാൽപ്പതു കിലോമീറ്റർ മാത്രം അകലെയുള്ള കൊണാർക്കിൽ മനുഷ്യന്റെ ഭാഷയെ അതിശയിക്കുന്നു കല്ലിന്റെ ഭാഷ. ആ ജഢതയ്ക്ക് മനുഷ്യന്റെ ചെവിപിളർക്കുന്ന വാക്കുകളുടെ, ചരിത്രത്തിന്റെ ചലനാത്മകതയുണ്ട്. കൊണാർക്ക് - സൂര്യന്റെ ദിക്ക് അല്ലെങ്കിൽ കിഴക്ക് സൂര്യനുദിക്കുന്ന ദിഗ്‌ബോധം. ഇവിടെ മനുഷ്യഭാഷയെ കല്ലുകളുടെ ഭാഷ മറികടക്കുന്നു എന്ന് ടഗോറിനു തോന്നിയത് കവിതയ്ക്കും കല്ലിനും മനുഷ്യനപ്പുറത്തേക്കു കടക്കാൻ കഴിയും എന്ന ആത്മബോധത്തിൽ നിന്നുതന്നെ എന്ന് മനസിലാവാൻ, ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം, അവിടേക്ക്.

ഒരിക്കൽ ആറുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്ന ആരാധനാലയത്തിന്റെ പ്രേതാവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് കാലം ബാക്കി നിർത്തിയിട്ടുള്ളൂ എന്നതുകൊണ്ടുമാത്രമായിരുന്നില്ല മെലിഞ്ഞ ആൾക്കൂട്ടം കൊണാർക്കിനെ അന്വേഷിച്ചുവരുന്നത്.

പുരിയെന്നാൽ, സാക്ഷാൽ പുരുഷോത്തമന്റെ പുരം. ആഷാഢത്തിൽ ( ജൂൺ- ജൂലൈ) ജഗന്നാഥന്റെ രഥയാത്ര കാണാൻ, കടൽമണൽത്തരികൾ പോലെ ഒഴുകിയെത്തുന്ന, പത്തുലക്ഷത്തോളം വരുന്ന പുരുഷാരം. അവരുടെ ആർപ്പും വാഴ്ത്തുപദങ്ങളും. നാലുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള രഥങ്ങളെ വിശ്വാസത്തഴമ്പുകൊണ്ട് കിലോമീറ്ററുകൾ അപ്പുറമുള്ള ഗുണ്ടിച്ച ബാരിയിലേക്കു തള്ളിയും വലിച്ചും ആനയിക്കുമ്പോൾ അതിന് ആളകമ്പടിയായി ലക്ഷങ്ങൾ. ദൈവങ്ങളിലേക്കു കൊടുമുടി കയറുന്ന തള്ളിലും തിരക്കിലും ചവിട്ടിമെതിക്കപ്പെട്ടും രഥച്ചക്രങ്ങളിൽ വീണടിഞ്ഞും മരിക്കുന്ന ഭക്ത്യുന്മാദങ്ങൾ. രണ്ടു ദിവസം വരെ നീളുന്ന ഈ രഥയാത്ര അവിടെ വന്നണയുന്ന ലക്ഷങ്ങളുടെ ജീവിതയാത്ര തന്നെയായി മാറാറുമുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള സ്വയംഹത്യകളും സ്വപീഡനങ്ങളും സാധാരണം. കാരണം സ്വാഭാവികം. പുരിയിലെ മരണം മോക്ഷപ്രാപ്തിയാണെന്നു ഗരുഡപുരാണം.
എന്നാൽ, കൊണാർക്കിൽ രഥഘോഷങ്ങളില്ല. ആവേശത്തിമർപ്പില്ല. വൈഷ്ണവത്തിന്റെ കൊടിപ്പടമില്ല. കൊണാർക്ക് കാണാനായി വരുന്നവർക്ക്, ശംഖനാദമോ സഹസ്രമണിക്വാണമോ ഉയർത്തി എന്തെങ്കിലും പ്രാർഥിക്കാനോ ഉണത്തിക്കാനോ ഇല്ല. പക്ഷെ, കൊണാർക്ക് തന്നെ ഇരുപത്തിനാലു കൽച്ചക്രങ്ങളിൽ ഏഴു കുതിരകൾ വലിക്കുന്ന പടുകൂറ്റൻ രഥമാണ്.

അങ്ങനെയൊരു തേരിൽ പോകുന്ന ഒരേയൊരു ശക്തിയേ പുരാണങ്ങളിലുള്ളൂ; സൂര്യൻ. ഒന്നും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലാത്ത, എന്തും അറിയുന്ന, ഇലയ്ക്കും പുഴുവിനും നീന്തുന്നതിനും പറക്കുന്നതിനും ജീവൻ നിറയ്ക്കുന്ന സൂര്യന്റെ പേരിൽ രണ്ട് ആരാധനാലയങ്ങളേ ഉള്ളൂ രാജ്യത്ത്. ഒന്ന് കൊണാർക്ക്. രണ്ടാമത്തേത് ഗുജറാത്തിലെ മൊധേരയിലും.

പുരിയുടെ വർണക്കൂട്ടുകളില്ല, തിക്കിത്തിരക്കുന്ന ജനപദമില്ല. എങ്ങോട്ടുനോക്കിയാലും കണ്ണിൽ നിറയുന്നത് കല്ലിലെ കൊത്തുപണികൾ. ഒരിക്കൽ ആറുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്ന ആരാധനാലയത്തിന്റെ പ്രേതാവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് കാലം ബാക്കി നിർത്തിയിട്ടുള്ളൂ എന്നതുകൊണ്ടുമാത്രമായിരുന്നില്ല മെലിഞ്ഞ ആൾക്കൂട്ടം കൊണാർക്കിനെ അന്വേഷിച്ചുവരുന്നത്. അവിടെ എത്തിയാൽ ഭക്തിയുടെ ഉന്മാദമല്ല തോന്നുക. മറിച്ച്, മൗനത്തിന്റെ അഭൗമമായ ചേർത്തുപിടിക്കലാണ് അനുഭവപ്പെടാൻ കഴിയുക.
എന്നാൽ, ഒഡീഷയിലെ തന്നെ ക്ഷേത്രനഗരമായ ഭുവനേശ്വറിലും ഭാരതത്തിൽ പുണ്യപാവനങ്ങളായി കരുതപ്പെടുന്ന ഏഴു നഗരങ്ങളിലൊന്നായ പുരിയിലും എന്തിനോ തിക്കിത്തിരക്കുന്ന ജനസാമാന്യത്തെയാണ് കാണാൻ കഴിയുക. പുരിയിലെ ജനസംഖ്യ മൂന്നുലക്ഷത്തോളം മാത്രമാണെങ്കിലും ജഗന്നാഥക്ഷേത്രം മറ്റു പല ലക്ഷങ്ങളെയാണ് ആകർഷിക്കുന്നത്. പത്തുലക്ഷത്തോളം പേരാണ് രഥയാത്രാ സമയത്ത് തടിച്ചുകൂടുന്നത്. പുരിക്ക് എന്തു കാര്യത്തിനും ജീവിക്കാനും മരിക്കാനും ജഗന്നാഥൻ തന്നെ. ക്ഷേത്രമാണ് ശരിക്കും നഗരത്തിന്റെ ജീവിതത്തെ നിർണയിക്കുന്നത്. ആ തിക്കും തിരക്കും ഏതു ദിവസവും കാണാം. ക്ഷേത്രത്തിനു ചുറ്റുമുള്ള തെരുവുകളിൽ പുരുഷാരം മെലിയണമെങ്കിൽ രാത്രി വൈകണം.

പുരി ജഗന്നാഥ ക്ഷേത്രത്തിനുമുന്നിലെ നിരത്ത്​

പക്ഷെ, കൊണാർക്ക് അങ്ങനെ തടിച്ചുകണ്ടിട്ടില്ല ഒരിക്കലും. മാഘമാസത്തിലെ ഏഴാം നാൾ, സൂര്യന്റെ പിറന്നാൾ ദിനമെന്ന പേരിൽ ആഘോഷിക്കുന്ന മാഘസപ്തമി നാളിൽ ചന്ദ്രഭാഗ നദിയിൽ (ഇപ്പോഴത് ഒരു കുളം മാത്രമായി മാറിയിരിക്കുന്നു) മുങ്ങിക്കുളിച്ച് അന്നത്തെ ഉദയസൂര്യനെ വന്ദിക്കാനെത്തുന്ന തീർത്ഥാടകർ എത്തിയാലോ പൗഷ മാസത്തിലെ പത്താം നാളിലെ സാംബ ദശമി ആഘോഷത്തിന് കൂട്ടം നിറഞ്ഞാലോ മാത്രം കൊണാർക്ക് ആരവങ്ങളണിയും. ചന്ദ്രഭാഗ മേള എന്ന പ്രദർശത്തിനും മറ്റും കൗതുകങ്ങൾ നിറഞ്ഞാലായി. ബാക്കി സമയങ്ങൾ കൊണാർക്ക് ലോകത്തിന്റെ സമയത്തിൽ നിന്ന് ഒറ്റപ്പെട്ടുകിടന്നു.
സൂര്യന്റെ ആരാധനാലയം എന്നു കേട്ട്​ രാജ്യത്തിന്റെയും ലോകത്തിന്റെയും പല ഭാഗങ്ങളിൽ നിന്നെത്തിയവർ ചെലവഴിക്കുന്ന ഏതാനും മണക്കൂറുകൾ. അവരെ എതിരേൽക്കുന്നത്​ എണ്ണൂറോളം വർഷം കാലം കാത്തുവച്ച വിസ്മയത്തിന്റെ ശേഷിപ്പുകൾ. ക്ഷേത്രം നിർമാണത്തിൽ തുടങ്ങി അതിന്റെ ഇന്നത്തെ നില വരെ തുടരുന്ന ദുരൂഹതകളുടെ കെട്ടുകഥകളും ഐതിഹ്യങ്ങളും പുരാണങ്ങളും. കൊണാർക്ക്​ കണ്ട പടയോട്ടങ്ങളുടെ കുളമ്പടിയൊച്ചകൾ. രക്തച്ചൊലിച്ചിലിന്റെയും കൊള്ളയുടെയും ബാക്കിയിരിപ്പുകൾ.

നിർമാണാന്ത്യത്തിൽ തന്നെ അനിവാര്യമായി വന്നുഭവിച്ച ജീവത്യാഗത്തിന്റെ പേരിൽ അവമതിക്കപ്പെട്ട ആരാധനാ അനുഷ്ഠാനങ്ങൾ. വെറും എണ്ണൂറുകൊല്ലത്തെ കാലത്തിന്റെ രഥച്ചക്രവേഗത്തിനിടെ നഷ്ടപ്പെട്ട ചരിത്രവസ്തുതകൾ. ആളൊഴിഞ്ഞ കൊണാർക്ക് ക്ഷേത്രശേഷിപ്പുകളിൽ കാലം തിരയുമ്പോൾ വന്നു ചേർത്തുപിടിക്കുന്നത് കീറിയെടുത്തുകളഞ്ഞ, തമസ്‌കരിക്കപ്പെട്ട ചരിത്രം തന്നെയാണെന്ന് അറിയും. ഒരു പക്ഷെ, മനുഷ്യന്റെ ഭാഷയെ മാത്രമല്ല, മനുഷ്യന്റെ ബോധ്യങ്ങളെയും അതിശയിക്കുന്നു കൊണാർക്കിലെ കല്ലുകളുടെ ഭാഷ.

ചന്ദ്രഭാഗ നദി എവിടെ?

കൊണാർക്കിൽ സൂര്യക്ഷേത്രം നിർമിച്ചത്​ ഗാംഗേയ രാജാവായിരുന്ന നരസിംഹദേവൻ ഒന്നാമന്റെ (ക്രിസ്തുവർഷം 1236 - 1282) കാലത്തായിരുന്നു എന്നു മാത്രമാണു കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു കാര്യം. ക്ഷേത്രം നിർമാണം പൂർത്തിയായിരുന്നോ, അവിടെ ആരാധന നടത്തിയിരുന്നോ, അവിടെ സാധാരണ ക്ഷേത്രങ്ങളിലേതു പോലെ അനുഷ്ഠാനപരമായ ആചാരങ്ങൾ നിലനിന്നിരുന്നോ തുടങ്ങിയ ഒരു കാര്യത്തിലും ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല എന്നു മാത്രമല്ല ക്ഷേത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും അടിസ്ഥാനമാക്കിയെടുത്തിരിക്കുന്നത്​, പുരാണങ്ങളും ഐതിഹ്യങ്ങളും പ്രാചീന യാത്രാവിവരണ ആഖ്യാനങ്ങളുമാണ്.

​ഉൾക്കടൽത്തീരത്ത്​ ചന്ദ്രഭാഗ നദിമുഖത്തു നിർമിച്ചിരുന്ന സൂര്യക്ഷേത്രത്തിന്റെ തൊട്ടടുത്തുവരെ വെള്ളമുണ്ടായിരുന്നു. ഇന്നിപ്പോൾ നദി തന്നെ കാണാനില്ല. കടൽത്തീരമാണെങ്കിൽ മൂന്നു കിലോമീറ്ററോളം അകലേക്കു മാറിയിരിക്കുന്നു.

ഏതായാലും കൊണാർക്കിൽ ഒരു ക്ഷേത്രം നിർമിക്കാനുള്ള പണികൾ പുരോഗമിക്കുന്നുണ്ടായിരുന്നു. അതു നിർമിച്ചത് ചന്ദ്രഭാഗ നദീമുഖത്ത്​ ബംഗാൾ ഉൾക്കടലിന്റെ തീരത്തായിരുന്നു എന്നതാണ്​ വിശ്വസിക്കപ്പെടുന്ന ഒരു വസ്തുത. ഈ ചന്ദ്രഭാഗ നദി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. അതേ പേരിൽ അവിടെ ഇപ്പോൾ ബാക്കിയുള്ളത്​, കടൽത്തീരത്തോടടുത്തുള്ള ആഴം അധികമില്ലാത്ത ഒരു തടാകമോ കുളമോ ആണ്. എന്നാൽ അതൊരു സ്വഭാവിക കായൽ പോലുമല്ല ഇന്ന്. ഒരു വെള്ളക്കെട്ട്. അല്ലെങ്കിൽ ഒരു വലിയ കുളം. അങ്ങനെയെങ്കിൽ ചന്ദ്രഭാഗ നദി എവിടെ അപ്രത്യക്ഷമായി?

ഒരു പുണ്യനദിയായിട്ടാണ്​ ചന്ദ്രഭാഗ അറിയപ്പെടുന്നതു തന്നെ. തെളിവ്? എന്നാൽ, കൃത്യമായ തെളിവ് ഒന്നും ലഭ്യമല്ല. സാംബൻ (യാദവവംശത്തിന്റെ തന്നെ സർവവിനാശത്തിന്​ കാരണമായെന്ന, പുരാണത്തിലെ ഇരുമ്പുലക്കയുമായി ബന്ധപ്പെട്ട സാംബൻ തന്നെ. ശ്രീകൃഷ്ണന്റെ മകൻ) പിതാവിന്റെ തന്നെ ശാപത്താൽ കുഷ്ഠരോഗിയായി പന്ത്രണ്ടു വർഷം കുളിച്ചുപ്രാർത്ഥിച്ചുകഴിഞ്ഞ മൈത്രേയവനം ചന്ദ്രഭാഗ നദിക്കരയായിരുന്നുവെന്നു സാംബ പുരാണത്തിൽ (ക്രിസ്തുവർഷം 500 - 800) പറയുന്നു. ഭവിഷ്യപുരാണവും (500 - 800) കപില സംഹിതയും (14ാം നൂറ്റാണ്ട്) ഇതേ കഥ ഏറ്റുപറയുന്നു.

കൊണാർക്ക് ക്ഷേത്രത്തിലെ കൊത്തുപണികൾ / Photo: Hindol Bhattacharya, flickr

19ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ചരിത്രകാരന്മാരായ ആർ. എൽ. മിത്രയും പണ്ഡിറ്റ് കെ. എസ്. മിശ്രയും ഇതേകഥ അവരുടെ പഠനങ്ങളിൽ എടുത്തുദ്ധരിച്ചിട്ടുണ്ട്. മാഘ, ശുക്ല സപ്തമി ദിനങ്ങളിൽ ചന്ദ്രഭാഗ തീർത്ഥത്തിൽ ഭക്തന്മാർ എത്താറുണ്ടായിരുന്നെന്നു ഒഡിയ കവി സരള ദാസിന്റെ സരള മഹാഭാരതം (15ാം നൂറ്റാണ്ട്) പാടിത്തീർക്കുന്നു.
ഉൾക്കടൽത്തീരത്ത്​ ചന്ദ്രഭാഗ നദിമുഖത്തു നിർമിച്ചിരുന്ന സൂര്യക്ഷേത്രത്തിന്റെ തൊട്ടടുത്തുവരെ വെള്ളമുണ്ടായിരുന്നു. ഇന്നിപ്പോൾ നദി തന്നെ കാണാനില്ല. കടൽത്തീരമാണെങ്കിൽ മൂന്നു കിലോമീറ്ററോളം അകലേക്കു മാറിയിരിക്കുന്നു. കഴിഞ്ഞ മുന്നൂറു കൊല്ലത്തിനിടെ എന്താണു സംഭവിച്ചിട്ടുണ്ടായിരിക്കുക?. ഈ ഒരു സംശയമാണ്​ ഏഴുകുതിരകളെപ്പൂട്ടിയ ഇരുപത്തിനാലു ചക്ര രഥക്ഷേത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ മനസിൽ നിറഞ്ഞുനിൽക്കുക.

പുരാണങ്ങളെയും കെട്ടുകഥകളെയും മാറ്റിനിർത്തിയാൽ, ഉത്ഖനന തെളിവുകളായോ ചിത്രത്തെളിവുകളായോ ആകെ ചരിത്രത്തിനു മുന്നിലുള്ളത്​വളരെ കുറച്ചുമാത്രം. 1837 ൽ ജയിംസ് ഫെർഗുസൻ വരച്ചു ലഭ്യമാക്കിയ ചിത്രത്തെളിവിൽ ക്ഷേത്രത്തിനു വളരെ അടുത്തായി വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. 1890 ലോ മറ്റോ വില്യം ഹെൻട്രി കോർണിഷ് എടുത്ത ഛായാചിത്രത്തിലും ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള പനയോലച്ചിത്രങ്ങളിലും വെള്ളത്തിന്റെ സമീപസാന്നിധ്യം വ്യക്തം.

ഒരു കാലത്ത്​ പ്രാമാണിക ബ്രാഹ്‌മണ്യം ഗുപ്തമാക്കിവച്ചിരിക്കുന്ന രതിലീലകളുടെ കൊത്തുവേലകളാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ലൈംഗികതയുടെ എല്ലാ വിലക്കുകളെയും തിരുത്തിയെഴുതുന്ന ഉന്മാദങ്ങളുടെ.

ക്ഷേത്രം കല്ലിലെ ഒരു മോഷൻ പിക്ചർ

ഏഴുവെള്ളിക്കുതിരകളെ പൂട്ടിയ തേരിൽ ആകാശമാർഗേ പോകുന്ന സൂര്യനെയാണ്​ ഭൂമിയിലിരുന്നു മനുഷ്യൻ എക്കാലത്തും കണ്ടിരുന്നത്. സൂര്യനല്ല, ഭൂമിയാണു കറങ്ങുന്നതെന്ന ശാസ്ത്രയുക്തിയൊന്നും ആയിരുന്നില്ല കൊണാർക്ക് ക്ഷേത്രശിൽപ്പിയായ, അക്കാലത്ത് ഒഡീഷയിലെ ഏറ്റവും പ്രഗത്ഭനായ ബിസു മഹാറാണയ്ക്ക്. അതുകൊണ്ടു തന്നെ നിർമാണവും വാസ്തുവിദ്യയും വെല്ലുവിളികൾ നിറഞ്ഞതായി. കലിംഗാ വാസ്തുവിദ്യയുടെ തച്ചുശാസ്ത്ര കൃത്യതയോടെയായിരുന്നു നിർമാണമെങ്കിലും ബിസു മഹാറാണ അതിനുള്ളിൽ പല നിർമാണരഹസ്യച്ചുഴികളും ഒളിച്ചുവച്ചതായി സംശയിക്കപ്പെടുന്നുണ്ട്.

കൊത്തുപണി തൊടാതെ ഒരു കല്ലു പോലും ബാക്കിയിട്ടിരുന്നില്ല. 1200ഓളം കൽപ്പണി വിദഗ്ദ്ധരായിരുന്നു ജോലിക്ക്. പന്ത്രണ്ടു വർഷം കൊണ്ടാണ്​പൂർത്തിയാക്കിയത്. കലിംഗാ ക്ഷേത്രവാസ്തുവിദ്യ പ്രകാരം നിർമിക്കുന്നവയ്ക്കു ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ രീതിയല്ല. ശ്രീകോവിൽ, അതിനു മുകളിൽ വളരെ ഉയരത്തിലുള്ള സ്തൂപം, പിന്നെ ചെറുമണ്ഡപങ്ങൾ എന്നിങ്ങനെ. ആറുനിലക്കെട്ടിടത്തോളം ഉയരത്തിൽ സൂര്യന്റെ പ്രതിഷ്ഠയുള്ള ഗർഭഗൃഹം എന്ന ശ്രീകോവിൽ, നടന മണ്ഡപം, ക്ഷേത്ര സോപാനം എന്നതായിരുന്നു കൊണാർക്കിലെയും രീതി.

കൊണാർക്ക് ക്ഷേത്രകവാടം

കിഴക്കോട്ടു മുഖം. സൂര്യൻ ഉദിക്കുന്ന വേളയിൽ തന്നെ ബാലാർക്കന്റെ കിരണങ്ങൾ പ്രതിഷ്ഠയുടെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു രൂപകൽപ്പന. ക്ഷേത്രകവാടത്തിൽ ദ്വാരപാലകരായി രണ്ടു കൂറ്റൻ സിംഹങ്ങൾ, അതും ആക്രമണോത്സുകനായി നിൽക്കുന്ന ഒരു കരിവീരനിൽ പിടിമുറുക്കുന്ന മട്ടിൽ. ബുദ്ധിസ്റ്റ് നിലപാടുകൾക്കു മേൽ ബ്രാഹ്‌മണ്യം കോയ്മ സ്ഥാപിക്കുന്നതിന്റെ ചിത്രീകരണമായാണ് അതു വിശദീകരിക്കപ്പെടുന്നത്. നടന മണ്ഡപം നൃത്താരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളത്. പ്രധാന ക്ഷേത്രത്തിനു ചുറ്റുമായി ഒരു ഡസനോളം വേറെയും ക്ഷേത്രങ്ങൾ.

കല്ലിലെ കരവിരുത് അല്ല, കവിത

പ്രാദേശികമായി ലഭ്യമായ കല്ലുകളൊന്നുമായിരുന്നില്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന്​ നൂറോളം കിലോമീറ്റർ അകലെയുള്ള കടമഗിരിയിൽ നിന്നും ഉദയഗിരിയിൽ നിന്നുമുള്ള പാറക്കല്ലുകൾ എത്തിച്ചത് എങ്ങനെ എന്ന കാര്യത്തിൽ പോലും വിസ്മയം ബാക്കി. സാധാരണ കല്ലുകളായിരുന്നില്ല അവ. തമ്മിൽ അടുക്കുമ്പോൾ ഉറപ്പിനു വേണ്ടി കുമ്മായമോ അന്നു നിലവിലുള്ള ചാന്തുകൂട്ടുകളോ ഉപയോഗിച്ചിട്ടില്ല. കലിംഗ വാസ്തുവിദ്യയ്ക്കു മാത്രം സ്വന്തമായ ഇടകലർന്ന കൂട്ടിയോജിപ്പായിരുന്നു അത്.

ഒറ്റക്കല്ലു പോലും ശിൽപ്പികളുടെ കൈതൊടാതെ പോയിട്ടില്ല എന്നു കാണാൻ കഴിയും. ഹൈന്ദവ ദേവീദേവന്മാർ, യക്ഷകിന്നരഗന്ധർവന്മാർ, യക്ഷികൾ, അപ്‌സരസുകൾ തുടങ്ങി പൗരാണിക മനസിന്റെ എല്ലാ ഭാവനകളെയും ഉന്മാദങ്ങളെയും അപ്പാടെ കല്ലിൽ അടയാളപ്പെടുത്തിയതുപോലെ ഉളിമൂർച്ചകൾ കൊത്തുവേല ചെയ്തിരിക്കുന്നു. ഒരു കാലത്തു പ്രാമാണിക ബ്രാഹ്‌മണ്യം ഗുപ്തമാക്കിവച്ചിരിക്കുന്ന രതിലീലകളുടെ കൊത്തുവേലകളാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ലൈംഗികതയുടെ എല്ലാ വിലക്കുകളെയും തിരുത്തിയെഴുതുന്ന ഉന്മാദങ്ങളുടെ.

കൊണാർക്കിൽ സൂര്യരഥത്തിലെ സമയചക്രം കൊത്തുവേല

സൂര്യത്തേരിന്റെ ചക്രങ്ങൾ ശരിക്കും സൂര്യഘടികാരങ്ങൾ തന്നെ. അവയുടെ നിഴൽ വീഴുന്നതിന്റെ രീതി നോക്കി മിനിട്ടിന്റെ കൃത്യത്തിനു തന്നെ സമയം മനസിലാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, വരുംകാലങ്ങളെ ഗണിക്കാൻ ആ സൂര്യഘടികാരങ്ങൾക്കായില്ല. കൊണാർക്ക് ഇന്നും കാലത്തിനോടു പരാജയപ്പെട്ടു നിൽക്കുന്നു.

സൂര്യനെ എന്നെങ്കിലും ആരാധിച്ചിരുന്നോ?

കൊണാർക്ക് ക്ഷേത്രം പൂർണമായി നിർമിക്കപ്പെട്ടിട്ടേയില്ല എന്നു വാദിക്കുന്ന ചരിത്രകാരന്മാർ തന്നെയുണ്ട്. പൂർത്തിയാവുന്നതിനു മുന്നേ രാജാവ് നരസിംഹദേവൻ ഒന്നാമൻ മരിച്ചുപോയിരുന്നു എന്നതാണ് ആ വാദത്തിനു പിന്നിൽ. അതിൽപ്പിന്നെ, ക്ഷേത്രനിർമാണം ഉപേക്ഷിക്കപ്പെട്ടിരിക്കാമെന്നും. എന്നാൽ, പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൗരാണിക രേഖകളും 1278 കാലത്തെ ചില ചെമ്പോലകളും അനുസരിച്ച്​ രാജാവിന്റെ ഭരണകാലം 1282 വരെയെങ്കിലും ഉണ്ടായിരുന്നു, അപ്പോൾ ക്ഷേത്രനിർമാണം പൂർത്തിയാക്കപ്പെട്ടുവെന്നും ഒരു വാദമുണ്ട്​. 1253 നും 1260 നും ഇടയ്ക്ക്​ ക്ഷേത്രം നിലവിൽ വന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാൽ, ഒഡീഷയിൽ പരക്കെ വിശ്വസിക്കപ്പെടുന്ന ഐതിഹ്യമനുസരിച്ച് ക്ഷേത്രനിർമാണത്തിന്റെ ഏറ്റവും അവസാനത്തെ ദിവസം കാലം കാത്തുവച്ചിരുന്നത് ഒരു അപമൃത്യുവായിരുന്നു. അതും പന്ത്രണ്ടു വയസുള്ള ബാലന്റെ.

ഐതിഹ്യങ്ങളുടെ ചുവടുപിടിച്ചുപോവുമ്പോൾ അതിനു പിന്നിൽ നരസിംഹദേവൻ ഒന്നാമന്റെ ഒരു കാർക്കശ്യം പുറത്തുവരുന്നുണ്ട്; 12 എന്ന സംഖ്യയുടെ (കാലഗണനയുമായി പ്രധാനപ്പെട്ടത്) ഭാഗ്യദോഷങ്ങളുമായി ബന്ധപ്പെട്ടത്. 1200 ജോലിക്കാർ 12 വർഷം കൊണ്ട്​ ക്ഷേത്രം പണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന. അല്ലാത്ത പക്ഷം 1200 ശിൽപ്പികളുടെയും കഴുത്തുവെട്ടും എന്നായിരുന്നു ഉഗ്രവാണി. ഈ 12 വർഷത്തെയും രാജ്യത്തിന്റെ പ്രധാന വരുമാനം നീക്കിവച്ചതും പണിക്കു തന്നെ.

എന്നാൽ, 12 വർഷം പൂർത്തിയാവുന്നതിന്റെ തൊട്ടു തലേന്നാൾ എത്തിയിട്ടും ക്ഷേത്രഗോപുരത്തിന്റെ മേൽക്കല്ല് സ്ഥാപിക്കാൻ ബിസു മഹാറാണയ്ക്കു കഴിയുന്നുണ്ടായിരുന്നില്ല. അതു പണിയുമായി ബന്ധപ്പെട്ട ചില പിശകുകളെത്തുടർന്നുമായിരുന്നു. അവസാനത്തെ നിമിഷം വന്നുകഴിഞ്ഞുവെന്ന്​എല്ലാ ശിൽപ്പികൾക്കും തോന്നി. എന്നാൽ, മേൽശില യഥാവിധം ഉറപ്പിക്കാൻ മഹാറാണയ്ക്കു സാധിച്ചില്ല.

ഈ അവസരത്തിൽ, മഹാറാണയുടെ 12 വയസുകാരൻ മകൻ, ധർമപാദൻ നാട്ടിൽ നിന്ന് അപരിചിതനായി അവിടെയെത്തുകയും അപാര വാസ്തുവിദ്യാ വ്യുത്പത്തിയോടെ അത് ഉറപ്പിക്കുകയും ചെയ്തുവെന്നാണ്​ പുരാവൃത്തം. 1200 ജീവൻ രക്ഷിക്കാനായെങ്കിലും പുതിയൊരാൾ കൂടി പങ്കുചേർന്നതു കൊണ്ടാണ്​ പണി പൂർത്തിയായതെന്ന് അറിയുന്ന രാജാവിന്റെ കോപം തങ്ങൾക്കു മേൽ പതിയാതിരിക്കില്ലെന്നു ഭയന്ന ശിൽപ്പികൾ മകനെ ആരുമറിയാതെ കൊന്നുകളയണമെന്നു നിർബന്ധിച്ചെന്നും പിതാവിന്റെ ആശയക്കുഴപ്പവും മകനോടുള്ള സ്‌നേഹത്തെ പ്രതി ഉണ്ടായ വ്യഥയും ഇല്ലാതാക്കാൻ ധർമപാദൻ ക്ഷേത്രത്തിന്റെ മുകളിൽ നിന്ന്​ ചന്ദ്രഭാഗ നദിയിൽ ചാടി ജീവനൊടുക്കിയെന്നുമാണ് ഐതിഹ്യം.

അക്ബറിന്റെ കാലത്തെ മുഗൾ രേഖയിൽ സന്ദർശകരെ കാണെക്കാണെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ക്ഷേത്രസമുച്ചയമായി കൊണാർക്കിനെ കൃത്യമായി അടയാളപ്പെടുത്തി വയ്ക്കുന്നുമുണ്ട്.

ഈ അപമൃത്യു കാരണം, കൊണാർക്ക് ക്ഷേത്രത്തിൽ ഒരിക്കലും ആരാധന നടക്കാതെ പോയി എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, നരസിംഹദേവൻ നാലാമന്റെ കാലത്തെ (1384 ) ചെമ്പോലയിൽ, ക്ഷേത്രത്തിൽ വിശേഷപ്പെട്ട രീതിയിൽ തന്നെ ആരാധനകളും ആചാരാനുഷ്ഠാനങ്ങളും നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊന്നും , പിന്നീട്​ 16ാം നൂറ്റാണ്ടു വരെയും കൊണാർക്ക് തകരുകയോ വാസ്തുഭംഗം വരികയോ ഒന്നും ചെയ്തിരുന്നില്ല. അക്ബറിന്റെ കാലത്തെ മുഗൾ രേഖയിൽ (അബുൽ ഫസി രചിച്ച ഐനി അക്ബരി) സന്ദർശകരെ കാണെക്കാണെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ക്ഷേത്രസമുച്ചയമായി കൊണാർക്കിനെ കൃത്യമായി അടയാളപ്പെടുത്തി വയ്ക്കുന്നുമുണ്ട്.

പിന്നെ സൂര്യകിരീടം വീണുടഞ്ഞതെന്ന്?

അത്​ കൃത്യമായി എന്നാണെന്നും എങ്ങനെയെന്നും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഇന്ന്​ കൊണാർക്ക് കാണാനെത്തുന്നവരുടെ യഥാർത്ഥ നേർക്കാഴ്ച. 16ാം നൂറ്റാണ്ടുവരെയുള്ള രേഖകളിലൊന്നും ക്ഷേത്രം തകർന്നതുമായി ബന്ധപ്പെട്ട പരാമർശമില്ലാത്തതും 1837 ൽ ജയിംസ് ഫെർഗുസൻ വരച്ചു ലഭ്യമാക്കിയ ചിത്രത്തെളിവിൽ നാശം സംഭവിച്ചതായി കാണുന്നതും മാത്രമാണ് ഇന്നു ലോകത്തിന് അറിവായ കാര്യങ്ങൾ. അതിനിടയിലെന്തൊക്കെയാവും സംഭവിച്ചിട്ടുണ്ടായിരുന്നിരിക്കുക. 17ാം നുറ്റാണ്ടിന്റെ ആദ്യകാലം വരെയും ക്ഷേത്രം ഒരു ആരാധനാലയമായി നിലനിന്നിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള പഷ്ത്തൂൺ ഗോത്രവിഭാഗത്തിലെ കരാനി വംശത്തിൽ പെട്ട സുൽത്താന്മാർ ഇന്നത്തെ ബംഗാളും ബിഹാറും ഒഡീഷയും അടങ്ങുന്ന അന്നത്തെ പ്രദേശങ്ങൾ കൈയടക്കിയതോടെ ഈ മേഖലയിൽ മുഗളന്മാരും കരാനി സുൽത്താന്മാരും നിരന്തരം സംഘർഷത്തിലായി. കരാനി സുൽത്താന്റെ ജനറലായിരുന്ന കാലാ പഹഡ് എന്ന രാജീബ് ലോചൻ റായ് ഒട്ടേറെ തവണ സൂര്യ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങൾക്കു നേരെ 1568 കാലഘട്ടത്തിൽ ആക്രമണം നടത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയതായുമാണ്​ ചരിത്രം. മുഗളർക്ക്​ ബംഗാളും ബിഹാറും വിട്ടുകൊടുക്കേണ്ടിവന്ന കരാനി സുൽത്താന്മാരുടെ കീഴിലായിരുന്നു കുറേക്കാലം ഒഡീഷാ പ്രദേശങ്ങൾ. എന്നാൽ, 16ാം നൂറ്റാണ്ടു വരെ ക്ഷേത്രത്തിനു കാര്യമായ എന്തെങ്കിലും കോട്ടം സംഭവിച്ചെന്നു ഐനി അക്ബരിയിലെവിടെയും പരാമർശമില്ലതാനും.

കൊണാർക്ക് ചുവരിലെ രതി മൈഥുന കൊത്തുപണികൾ / Photo: Wikimedia Commons

ഇരുന്നൂറു വർഷങ്ങൾക്കു ശേഷം, 18ാം നൂറ്റാണ്ടിൽ മറാത്ത സാമ്രാജ്യത്തിന്റെ ഭരണകാലത്താണ്, കാടു മൂടിക്കിടന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ക്ഷേത്രത്തിൽ നിന്ന് അരുണസ്തംഭം പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സിംഹകവാടത്തിനു മുന്നിലേക്കു മാറ്റി സ്ഥാപിക്കുന്നത്. ഈ മൂന്നൂറു വർഷങ്ങളിൽ പുരി മേഖലയിലെ പടയോട്ടങ്ങളിൽ നിന്ന്​ രക്ഷിക്കാൻ കൊണാർക്കിലെ പല വിഗ്രഹങ്ങളും മണ്ണിനടിയിൽ മറച്ചുവയ്ക്കുകയോ പുരിയിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ടായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട കാലാ പഹഡ് പല തവണ ആക്രമിച്ചതായും പറയപ്പെടുന്നുണ്ട്.

ഇന്ത്യൻ കടൽ കടന്ന്​ ഉൾക്കടലിലേക്കു പ്രവേശിക്കുന്ന കിഴക്കൻ തീരങ്ങളിലേക്കുള്ള യൂറോപ്യൻ കപ്പലുകൾ സ്ഥാനനിർണയം നടത്തിയിരുന്നത്​കൊണാർക്കിന്റെ സ്തൂപത്തിലേക്കു നോക്കിയായിരുന്നുവത്രെ

16ാം നൂറ്റാണ്ടിന്റെ അവസാനത്തെയും 17ാം നൂറ്റാണ്ടിന്റെ ആദ്യത്തെയും ഇടയിലുള്ള കാലത്താണ്​ സൂര്യക്ഷേത്രം തകർന്നതെന്നാണ്​ 19ാം നൂറ്റാണ്ടിലെ പഠനങ്ങൾ വെളിവാക്കുന്നത്. എന്നാൽ, അതിനൊരൊറ്റ കാരണമായി ഒന്ന് ചൂണ്ടിക്കാണാനായിട്ടില്ല. നിർമാണത്തിലെ പാളിച്ചകളോ ഭൂകമ്പം തുടങ്ങിയ പ്രകൃത്യാലുള്ള കാരണങ്ങളോ ദുർബലമായ അടിത്തറ കാരണമോ കടലാക്രമണമോ പടയോട്ടങ്ങളോ എന്തുമാകാം കാരണങ്ങൾ. എന്നാൽ, ക്ഷേത്രനഗരങ്ങൾ കൂടുതലുള്ള ഒഡീഷയിൽ ഇങ്ങനെ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിർമാണത്തിൽ ബിസു മഹാറാണ ഒളിപ്പിച്ചുവച്ച പല തച്ചുശാസ്ത്ര വിസ്മയങ്ങൾ കാലാന്തരത്തിൽ മാറ്റം വന്നതു ക്ഷേത്രത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചതും ആകാം.

പുരിയിലെ കടൽ

ബംഗാൾ ഉൾക്കടലാണ്. കോപിക്കുന്നതെപ്പോഴെന്നും ശാന്തയാകുന്നതെപ്പോഴെന്നും പ്രവചിക്കാൻ പറ്റാത്തത്. അവിടെ വൈകുന്നേരങ്ങൾ കടപ്പുറത്തു നടക്കാനിറങ്ങുന്നു. മഴക്കാലത്തൊഴിച്ച്, വലിയ തിരക്കില്ലാത്ത ആൾക്കൂട്ടം അവിടെ കടൽ കണ്ടു നിന്നു. പുരിയിൽ മാത്രം, പകൽ കരക്കാറ്റെന്നും രാത്രി കടൽക്കാറ്റെന്നും പറഞ്ഞുകേൾക്കും.
പുരി തീരത്തെ കടലിൽ അങ്ങനെ പലതും കാലം പറഞ്ഞുനടന്നിട്ടുണ്ട്. കൊണാർക്ക് ക്ഷേത്രത്തിലെ കാന്തികശിലകളുടെ കാര്യമാണ് അതിലൊന്ന്. അഷ്ടധാതുക്കൾ കൊണ്ടുണ്ടാക്കിയ പ്രാചീന സൂര്യവിഗ്രഹം ഏറ്റവും മുകളിൽ സ്ഥാപിച്ചിട്ടുള്ള കാന്തികശിലയുടെ ശക്തിയിൽ കാന്തിക പ്ലവനം - ലെവിറ്റേഷൻ - ചെയ്ത് വായുവിൽ നിൽക്കുകയാണെന്ന കഥയടക്കം.

പുരി കടൽത്തീരം

ഇന്ത്യൻ കടൽ കടന്ന്​ ഉൾക്കടലിലേക്കു പ്രവേശിക്കുന്ന കിഴക്കൻ തീരങ്ങളിലേക്കുള്ള യൂറോപ്യൻ കപ്പലുകൾ സ്ഥാനനിർണയം നടത്തിയിരുന്നത്​കൊണാർക്കിന്റെ സ്തൂപത്തിലേക്കു നോക്കിയായിരുന്നുവത്രെ. അതിനെ അവർ ബ്ലാക്ക് പഗോഡ എന്നു വിളിച്ചു. പുരി സ്തൂപത്തെ വൈറ്റ് പഗോഡയെന്നും. കാന്തികശിലയുടെ ശക്തി കാരണം ഉൾക്കടലിലെത്തുമ്പോൾ കപ്പലുകളുടെ ഗതി താളം തെറ്റുന്നതായും കപ്പൽച്ചേതങ്ങൾ ഉണ്ടാകാറുള്ളതായും കപ്പലുകളുടെ ദിശ നിർണയിക്കുന്ന കാന്തസൂചി തകരാറിലാവുന്നതായും പണ്ടു കടപ്പുറത്തും പുറങ്കടലിലും പറഞ്ഞുകേൾക്കുന്ന കഥകളാണെന്ന്​ കരയിലേക്കു വീശുന്ന കടൽക്കാറ്റ് വൈകുന്നേരങ്ങളെ ഓർമിപ്പിച്ചുനിർത്തുന്നു.

കൊണാർക്ക് സൂര്യക്ഷേത്രം വലിയ ഓർമപ്പെടുത്തലാണ്.
ഏതു കൊടിപ്പടവും കാലം കീറിക്കളയും എന്നതിന്റെ.▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments