ബെർലിൻ ചലച്ചിത്രോത്സവത്തിൽ (Berlin International Film Festival) ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന സിനിമ ഉദ്ഘാടനചിത്രമാണെന്ന് കരുതുക. അല്ലെങ്കിൽ വെനീസ് ചലച്ചിത്രോത്സവം (Venice International Film Festival) മുസോളിനിയെ പ്രകീർത്തിക്കുന്ന സിനിമ കൊണ്ട് ആരംഭിക്കുകയാണെന്ന് കരുതുക. ലോകത്തിന്റെ പ്രതികരണം എത്ര രൂക്ഷമായിരിക്കും. ഒരുപക്ഷേ, ആ ചലച്ചിത്രോത്സവങ്ങളുടെ അന്ത്യം തന്നെ സംഭവിച്ചേക്കാം.
2024- ലെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (International Film Festival of India- IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ വെള്ളിത്തിര കൺതുറക്കുന്നത് രൺദീപ് ഹുഡേയുടെ സ്വാതന്ത്ര്യ വീർ സവർക്കർ (Swatantrya Veer Savarkar, Randeep Hooda, 2024) എന്ന സിനിമയോടെയാണ് എന്ന വസ്തുത മേൽപ്പറഞ്ഞ സാധ്യതയുമായാണ് ചേർത്തുവെയ്ക്കേണ്ടത്. ഹിറ്റ്ലർക്ക് ഇന്ത്യയിൽ സാധുത നല്കുക മാത്രമല്ല, സവർക്കർ ചെയ്തത്. ‘സവർക്കറിസം’ എന്ന ഇന്ത്യൻ ഫാഷിസത്തിന് രൂപം നൽകുക കൂടിയാണ്. ഇന്ന് ഇന്ത്യയിലെ ഭരണകൂടം ഇന്ത്യൻ ഭരണഘടനയേക്കാൾ ആശ്രയിക്കുന്നത് സവർക്കറിസത്തെയാണ് എന്നത് മാത്രമാണ്, ഇത്തരമൊരു ചിത്രം ഉദ്ഘാടനചിത്രമായിട്ടുപോലും IFFI- യുടെ അന്ത്യം സംഭവിക്കാതിരിക്കുന്നതിന് കാരണം.
അപ്രത്യക്ഷനായ സവർക്കർ
സവർക്കർ (Vinayak Damodar Savarkar) എന്ന വ്യക്തി പൊതുമണ്ഡലത്തിന്റെ ഓർമയിൽ നിന്ന് അപ്രത്യക്ഷമായ ഒരു നീണ്ട കാലമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 1948 വരെ തന്റേതായ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായി സവർക്കർ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ 1948 ജനുവരി 30 ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ സവർക്കർ പ്രതിയായി. കോടതി വെറുതെ വിട്ടെങ്കിലും ഇന്ത്യയിലെ പൊതുജനം സവർക്കറെ വെറുതെ വിട്ടില്ല. പ്രതിയാകുന്നതിന് മുമ്പുതന്നെ ജനക്കൂട്ടം സവർക്കറുടെ വസതിയായ ബോംബെയിൽ ദാദറിലെ ശിവാജി പാർക്കിലെ സവർക്കർ സദൻ ആക്രമിക്കാൻ തുനിഞ്ഞു. ഗാന്ധിവധത്തിന്റെ അന്വേഷണം നയിച്ചിരുന്ന ജിമ്മി നാഗർവാല എന്ന പോലീസുദ്യോഗസ്ഥൻ സവർക്കറുടെ വസതി പരിശോധനയ്ക്ക് വിധേയമാക്കുന്ന വേളയിലാണ് ഈ ആക്രമണം നടക്കുന്നത്. അദ്ദേഹത്തിന്റെ സമർത്ഥമായ ഇടപെടലാണ് സവർക്കർ സദനെ അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചത്.
അങ്ങനെ 1948- ൽ ഇന്ത്യൻ പൊതുജനം ശത്രുവിന്റെ സ്ഥാനത്ത് നിർത്തിയ ആളാണ് സവർക്കർ. അതിനുശേഷം ശത്രുക്കൾ മാത്രമല്ല മിത്രങ്ങൾ കൂടി മറവിയിലേയ്ക്ക് വലിച്ചെറിഞ്ഞ ആളാണ് സവർക്കർ. പൊതുമണ്ഡലത്തിൽ താൻ അപ്രസക്തനാകുന്നത് സ്വയം തിരിച്ചറിഞ്ഞ അദ്ദേഹം ചില വിവാദങ്ങൾ ഉയർത്തിവിട്ട് തിരിച്ചു വരാൻ ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല.
അകറ്റിനിർത്തപ്പെട്ട സവർക്കർ
നേതാജി സുഭാഷ് ചന്ദ്ര ബോസിന് (Nethaji Subhash Chandra Bose) ജപ്പാനിലേയ്ക്ക് പോകാനുള്ള ഉപദേശം താനാണ് നൽകിയതെന്ന മട്ടിലുള്ള ചില വിവാദങ്ങൾ ഉയർത്തിയാണ് സവർക്കർ തിരിച്ചുവരാൻ ശ്രമിച്ചത്. നേതാജിയുടെ മരണശേഷമാണ് ഇത്തരം വാദങ്ങൾ ഉയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ അക്കാലത്ത് ആരും അതിന് ചെവി കൊടുത്തില്ല. മാർസിയ കസോളാരിയെപ്പോലുള്ള പിൽക്കാല ഗവേഷകർ ഇത്തരം വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കിയിട്ടുമുണ്ട്.
1951-52 ൽ ഇന്ത്യ ആദ്യ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയപ്പോൾ ഒരു സ്ഥാനാർത്ഥി പോലുമാകാൻ സവർക്കർക്ക് സാധിച്ചില്ല. ജനരോഷവും ആ രോഷത്തിന്റെ ഫലമായി സെൻസർ ചെയ്യപ്പെട്ട വ്യക്തിത്വമായി അദ്ദേഹം മാറിയതുകൊണ്ടു മാത്രമല്ല അത് സംഭവിച്ചത്. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള കരാറിനുവേണ്ടി നെഹ്റുവും ലിയാക്കത്ത് ഖാനും തമ്മിൽ നടത്തിയ ചർച്ചയെ അട്ടിമറിക്കാൻ സവർക്കർ ശ്രമിച്ചപ്പോൾ, കോടതി നടത്തിയ ഇടപെടലാണ് സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശത്തിൽ നിന്നു പോലും സവർക്കറെ അകറ്റിനിർത്തിയത്.
1964 ഒക്ടോബർ 12 ന് ഗാന്ധി വധക്കേസിൽ നാഥുറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കുമൊപ്പം കൂട്ടുപ്രതികളായിരുന്ന ഗോപാൽ ഗോഡ്സേ, വിഷ്ണു കർക്കരേ, മദൻലാൽ പഹ് വ എന്നിവരെ ജീവപര്യന്തം തടവുശിക്ഷയ്ക്കുശേഷം ജയിൽ വിമുക്തരാക്കുകയുണ്ടായി. അവർക്ക് പൂനെയിലെ ഉദ്യാൻ കാര്യാലയത്തിൽ വെച്ച് 1964 നവംബർ 12 ന് സ്വീകരണം നൽകി. എം.ജി. ഗയ്സാസ് എന്ന ഹിന്ദുമഹാസഭാ നേതാവാണ് ഈ സ്വീകരണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് ക്ഷണക്കത്ത് തയ്യാറാക്കിയത്. ‘ദേശഭക്ത് നാഥുറാം ഗോഡ്സേ’യുടെ പാവനസ്മരണ മുൻനിർത്തിയാണ് സ്വീകരണം സംഘടിപ്പിച്ചത്. സ്വീകരണത്തിൽ ഹിന്ദുമഹാസഭാ നേതാവും തരുൺ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരും ബാൽ ഗംഗാധർ തിലകിന്റെ കൊച്ചുമകനുമായിരുന്ന ജി.വി. കേത്ക്കർ, ആർ എസ് എസ് (Rashtriya Swayamsevak Sangh) നേതാവ് എൻ.ജി. അഭയങ്കർ തുടങ്ങിയവർ പങ്കെടുത്തു. ആ സമ്മേളനത്തിൽ ജി. വി. കേത്ക്കർ, ഗാന്ധി വധിക്കപ്പെടുന്നതിന് മുമ്പുതന്നെ അത്തരമൊരു വധശ്രമത്തിന്റെ ആസൂത്രണത്തെപ്പറ്റി നാഥുറാം ഗോഡ്സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. കേത്ക്കറുടെ പ്രസംഗം അപകടകരമായ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മനസ്സിലായ ഗോപാൽ ഗോഡ്സേ മുന്നറിയിപ്പു കൊടുത്തെങ്കിലും, കേത്ക്കർ അത് അവഗണിക്കുകയായിരുന്നു. ഗാന്ധിവധത്തിലെ നിയമനടപടികൾ അവസാനിച്ച അദ്ധ്യായമാണെന്ന ന്യായമാണ് കേത്ക്കർ ഉന്നയിച്ചത്.
എന്നാൽ കേത്ക്കറുടെ നിഗമനം തെറ്റി. ആ പ്രസംഗം കോളിളക്കം സൃഷ്ടിച്ചു. ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസും മറാത്തി പ്രാദേശിക പത്രങ്ങളും, ഗാന്ധി വധിക്കപ്പെടുന്നതിന് മുമ്പുതന്നെ കേത്ക്കർക്ക് അതിനായി നടത്തുന്ന ആസൂത്രണങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം അത് നിയമവൃത്തങ്ങളെ അറിയിക്കാഞ്ഞത് ഗുരുതര കുറ്റമാണെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം ഗാന്ധിവധത്തിലെ പ്രതികൾക്ക് സ്വീകരണം നൽകുക എന്ന നികൃഷ്ടപ്രവൃത്തിയുടെ പങ്കാളിയായാണ് കേത്ക്കർ ഈ വെളിപ്പെടുത്തൽ നടത്തിയത് എന്നും പത്രങ്ങൾ പറഞ്ഞു. ഈ വിവരം വ്യാപിച്ചതോടെ പാർലമെൻ്റിലും അത് പ്രതിധ്വനിച്ചു. കമ്യൂണിസ്റ്റ് പാർട്ടി എം.പി യായിരുന്ന ഭൂപേഷ് ഗുപ്ത ഉൾപ്പെടെയുള്ള അംഗങ്ങൾ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തിയായി ഉന്നയിച്ചു. അതേതുടർന്ന് ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നെഹ്റു ഗവണ്മെൻ്റ് ഗോപാൽ സ്വരൂപ് പാഥക്ക് അദ്ധ്യക്ഷനായി കമീഷനെ നിയോഗിച്ചു. കമീഷൻ പ്രവർത്തനം തുടങ്ങി അധികം നാൾ കഴിയാതെ അദ്ദേഹം ഗവർണ്ണറും പിന്നീട് കേന്ദ്രമന്ത്രിയും ആയതിനെ തുടർന്ന് ജസ്റ്റീസ് ജീവൻ ലാൽ കപൂറിനെ അദ്ധ്യക്ഷനാക്കി.
കപൂർ കമീഷൻ ഗാന്ധിവധത്തെക്കുറിച്ചുള്ള വിശദ അന്വേഷണമാണ് നടത്തിയത്. സവർക്കറുടെ സെക്രട്ടറിയായ വിഷ്ണു ഡാംലേയുടേയും അംഗരക്ഷകനായിരുന്ന അപ്പാ രാമചന്ദ്ര കസാറിൻ്റേയും മൊഴികൾ ഉൾപ്പെടെ നിരവധി രേഖകൾ പരിശോധിച്ചു. നിരവധി വ്യക്തികളുടെ മൊഴിയെടുത്തു. ഇതിൽ നിന്ന് എത്തിയ നിഗമനം, ‘സവർക്കറും സവർക്കറൈറ്റുകളുമാണ്’ എന്നായിരുന്നു.
ഗാന്ധിവധവുമായി ബന്ധപ്പെട്ട് വീണ്ടും നിയമക്കുരക്കിലേയ്ക്ക് നീങ്ങുന്നു എന്ന് കണ്ട സവർക്കർ ഭക്ഷണവും മരുന്നും ഒഴിവാക്കി ഒരു തരത്തിലുള്ള ആത്മഹത്യയെ വരിക്കുകയാണ് ചെയ്തത്, ‘ആത്മാർപ്പൺ’ എന്നോ മറ്റോ പേരു കൊടുത്ത് അതിനെ മഹത്വവല്ക്കരിക്കാനുള്ള അവസാന ശ്രമവും നടത്തിക്കൊണ്ടാണെങ്കിലും, 1968 - 69 ൽ കപൂർ കമീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായി 1966- ൽ സവർക്കർ ലോകത്തോട് വിട പറഞ്ഞു, ഇന്ത്യൻ ജനതയ്ക്ക് അങ്ങേയറ്റം അനഭിമതനായിക്കൊണ്ട്.
ഗാന്ധിവധത്തിനുശേഷം അങ്ങേയറ്റം തിരസ്കൃതനായ സവർക്കറെ തന്റെ പ്രത്യയശാസ്ത്ര പിന്തുണക്കാരായ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റുന്നവർ പോലും ഏറ്റെടുക്കാൻ മടിച്ച വർഷങ്ങളാണ് പിന്നീട് കടന്നുപോയത്. 1951-52 ലെ ആദ്യ തെരഞ്ഞെടുപ്പു സമയത്ത് ഹിന്ദുമഹാസഭ എന്ന കക്ഷിയുടെ ബാനറിൽ മത്സരിക്കാൻ പോയാൽ തിരിച്ചടിയുണ്ടാകും എന്നു ഭയന്ന് ആർ എസ് എസ് ഭാരതീയ ജനസംഘ് (Bharatiya Jana Sangh- BJS) എന്ന പേരിൽ ശ്യാമപ്രസാദ് മുഖർജിയെ മുൻനിർത്തി പുതിയ രാഷ്ട്രീയകക്ഷി, സവർക്കറെ ഒഴിച്ചുനിർത്തി രൂപീകരിച്ചു. സവർക്കർ തന്നെയും ഹിന്ദുമഹാസഭയിൽനിന്ന് വിട്ടുനിന്നു.
പിന്നീട് 1980- ൽ ഭാരതീയ ജനതാ പാർട്ടി (Bharatiya Janata Party- BJP) രൂപീകരിക്കുമ്പോഴും സവർക്കറെ തങ്ങളുടെ പ്രത്യയശാസ്ത്ര പിതാവായി അംഗീകരിക്കാൻ അവർ മെനക്കെട്ടില്ല. 1990- കളിൽ സവർക്കർ തന്റെ ഹിന്ദുത്വ എന്ന, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനമായ മാനിഫെസ്‌റ്റോവിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉത്തമബിംബമായി ചൂണ്ടിക്കാണിച്ച രാമനെ മുൻനിർത്തി 1990- കളിൽ രാമജന്മഭൂമി പ്രക്ഷോഭം തുടങ്ങിവെയ്ക്കുമ്പോൾ പോലും ബി ജെ പി, സവർക്കറുടെ പേര് ഒരിടത്തും പരാമർശിക്കാൻ മുതിർന്നില്ല. ആർ എസ് എസും ഹെഡ്ഗേവാർ, ഗോൾവാൾക്കർ തുടങ്ങി തങ്ങളുടെ സർ സംഘ് ചാലക്കുമാരുടെ ഓർമകൾ മാത്രമാണ് സംരക്ഷിക്കാൻ ഇക്കാലത്ത് മുതിർന്നത്. സവർക്കറെ തങ്ങളുടെ മടക്കുകൾക്കുള്ളിൽ മാത്രമാണ് അവർ സംരക്ഷിച്ചത്.
തിരിച്ചാനയിക്കപ്പെട്ട സവർക്കർ
വാജ്പേയ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷം സവർക്കറെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഹിന്ദുത്വ രാഷ്ട്രീയം തുടങ്ങിവെച്ചു. 2002- ൽ പോർട്ട് ബ്ലെയർ എയർപോർട്ടിന് ‘വീർ സവർക്കർ എയർപോർട്ട്’ എന്ന് പേരു മാറ്റിയാണ് ‘സവർക്കറൈസേഷൻ’ പദ്ധതി അവർ തുടങ്ങി വെയ്ക്കുന്നത്. സവർക്കറുടെ ഹിന്ദുത്വപൂർവ്വ ബ്രാഹ്മണിക രാഷ്ട്രീയത്തിന്റെ ബ്രിട്ടീഷ് വിരുദ്ധതയെ മുൻനിർത്തിയാണ് അവർ ‘സവർക്കറൈസേഷൻ’ നടപടി ആരംഭിക്കുന്നത്. ആർ എസ് എസിനോ ഹിന്ദുത്വ രാഷ്ട്രീയത്തിനോ ഒരു കാലത്തും അവകാശപ്പെടാൻ കഴിയാത്ത കൊളോണിയൽ വിരുദ്ധ നിലപാടിനെ, സവർക്കറെ കാണിച്ച് പരിഹരിക്കാൻ നടത്തിയ ആദ്യ ശ്രമമായിരുന്നു അത്.
പിന്നീട് പാർലമെൻ്റിലേയ്ക്ക് ഒരിക്കൽ പോലും മത്സരിക്കാൻ കഴിയാത്ത സവർക്കറുടെ ഛായാചിത്രത്തെ 2003- ൽ പാർലിമെൻ്റിന്റെ സെൻട്രൽ ഹാളിൽ വാജ്പേയ് ഗവണ്മെൻ്റ് പ്രതിഷ്ഠിച്ചു. മാപ്പപേക്ഷകൾ തുരുതുരെ എഴുതി ബ്രിട്ടീഷ് തടവറയിൽ നിന്ന് പുറത്തുവന്ന് പിന്നീട് ബ്രിട്ടീഷ് അനുകൂലിയായി മാത്രം പ്രവർത്തിച്ച സവർക്കറുടെ ഛായാചിത്രം പാർലമെൻ്റിൽ പ്രതിഷ്ഠിക്കുന്നതിനെതിരെ അന്നത്തെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുകയും അത് അനാച്ഛാദനം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിനോട് അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പാർലമെൻ്റ് സെൻട്രൽ ഹാളിൽ ഗാന്ധിയുടെ ചിത്രത്തിനെതിരെയുള്ള ചുമരിലാണ് ചന്ദ്രകലകുമാർ കദം എന്ന ചിത്രകാരൻ വരച്ച സവർക്കറുടെ ചിത്രം വാജ്പേയ് ഗവണ്മെൻ്റ് സ്ഥാപിച്ചത്. ഗാന്ധിയെ നോക്കിയിരിക്കുന്ന, ഗാന്ധി ഘാതകരിലൊരാളായി കപൂർ കമീഷൻ റിപ്പോർട്ട് പരാമർശിച്ച സവർക്കറെ, രാഷ്ട്രപിതാവാക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇംഗിതം ഈ പ്രതിഷ്ഠാപനത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം വെളിപ്പെടുത്തി. പത്രലേഖകനായ നിരഞ്ജൻ ടാക്ലേയുടെ ഭാഷയിൽ പറഞ്ഞാൽ സവർക്കറെ കാണണമെങ്കിൽ ഗാന്ധിക്ക് നേരെ പുറം തിരിയണം എന്ന മട്ടിലായിരുന്നു ആ പ്രതിഷ്ഠാപനം.
ആഘോഷിക്കപ്പെടുന്ന സവർക്കർ
2014- ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സവർക്കറെ ഹിന്ദുത്വ രാഷ്ട്രീയം കോൾഡ് സ്റ്റോറേജിൽ നിന്ന് പൂർണ്ണമായും പുറത്തെടുത്തു. ഇന്ത്യൻ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം സവർക്കറിസമാണ് എന്ന് വ്യക്തമാക്കുന്ന നടപടികളിലേയ്ക്കാണ് മോദി കടന്നത്. തന്റെ ഗുജറാത്ത് ഭരണകാലത്ത് ഗുജറാത്ത് വംശഹത്യയിലൂടെ, ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രഗാത്രത്തിൽ ഒരു പങ്കുമില്ലെന്നും അവരെ രാഷ്ട്രശത്രുക്കളായാണ് കാണേണ്ടതെന്നുമുള്ള സവർക്കർ നയത്തിന്റെ പ്രകാശനം മോദി നിർവ്വഹിച്ചിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ യുഗത്തിന്റെ പ്രധാന വിനിമയ ഉപാധിയായ ട്വിറ്ററിലൂടെ സവർക്കറുടെ ജന്മദിനത്തിനും ചരമദിനത്തിനും മോദി ട്വീറ്റ് ചെയ്യാൻ തുടങ്ങി. സവർക്കറുടെ മാപ്പപേക്ഷകളും ഗാന്ധിവധത്തിലെ പങ്കും ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കുക എന്ന നയവും മറച്ചുവെച്ച് സവർക്കറെ കേന്ദ്രീകരിച്ചുള്ള വ്യാജ സ്വാതന്ത്ര്യസമരചരിത്ര നിർമാണമാണ് യഥാർത്ഥത്തിൽ തന്റെ ട്വീറ്റുകളിലൂടെ മോദി തുടങ്ങിവെച്ചത്.
ഇതേ തുടർന്ന് ഒരിക്കൽ സവർക്കർ കിടന്നിരുന്ന ആൻഡമാനിലെ അതേ സെല്ലിൽ ചെന്ന് ഫോട്ടോയെടുത്ത് അതും ട്വീറ്റ് ചെയ്യാൻ മോദി മുതിർന്നു. മഹാരാഷ്ട്ര ഇലക്ഷനിൽ ബി ജെ പി - ശിവസേനാ സഖ്യം സവർക്കർക്ക് ഭാരതരത്നം നല്കാനുള്ള നിർദ്ദേശം പ്രകടനപത്രികയിൽ ഉൾപ്പെടുത്തി. സവർക്കറുടെ ഹിന്ദുത്വ രാഷ്ട്രീയ നിർദ്ദേശങ്ങൾ ഒന്നൊന്നായി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങി സവർക്കറിസത്തെ ഭരണഘടനയ്ക്ക് പകരം വെയ്ക്കാനുള്ള നടപടികളും മോദി തുടർച്ചയായി നടപ്പാക്കി തുടങ്ങി. 370-ാം വകുപ്പിന്റെ പിൻവലിക്കലായാലും അഗ്നിവീർ പദ്ധതിയായാലും സി എ എ ആയാലും മോദി സർക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടപ്പാക്കലുകളെല്ലാം സവർക്കറിസത്തിന്റെ കൈയൊപ്പ് പതിഞ്ഞവയായി. ഗാന്ധിയെ മായ്ച്ചുകളഞ്ഞും നെഹ്റുവിനെ പ്രതിസ്ഥാനത്ത് നിർത്തിയും അംബേദ്ക്കറെ നിർവീര്യവല്ക്കരിച്ചും സവർക്കറെ രാഷ്ട്രപുരുഷനാക്കാനുള്ള നടപടികൾ ഭരണതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. സവർക്കറുടെ ജന്മദിനമായ മെയ് 28 ന് പുതിയ പാർലിമെൻ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചതോടെ മോദി ഗവണ്മെൻ്റ് തങ്ങളുടെ ഉദ്ദേശ്യം കൂടുതൽ കൂടുതൽ പരസ്യപ്പെടുത്തുകയുണ്ടായി.
സമാന്തരമായി സംസ്ക്കാരത്തിലും ഒരു സവർക്കർ നിർമിതി അവർ തുടങ്ങിവച്ചു. സവർക്കറുടെ ജീവിതത്തിലെ ഇരുണ്ട രാഷ്ട്രീയ വശങ്ങൾ മുഴുവനായി തുടച്ചുനീക്കി സവർക്കറെ കേന്ദ്രീകരിച്ച പുതിയ രാഷ്ട്രീയ ചരിത്രത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രമായി പ്രതിഷ്ഠിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ഈ ലക്ഷ്യത്തോടെ പാടിപ്പുകഴ്ത്താത്ത നായകനെ കണ്ടെടുക്കുന്നു എന്ന മട്ടിൽ സവർക്കർ കേന്ദ്രമായ നിരവധി സാംസ്കാരിക വ്യവഹാരങ്ങൾ പൊടുന്നനെ സജീവമാകാൻ തുടങ്ങി. വിക്രം സമ്പത്ത് എഴുതിയ സവർക്കറുടെ ജീവചരിത്രത്തിന്റെ രണ്ട് വാല്യങ്ങളും വൈഭവ് പുരന്ദരേ എഴുതിയ സവർക്കറുടെ ജീവചരിത്രവും പുറത്തുവരുന്നത് അതിന്റെ ഭാഗമായിട്ടാണ്. സവർക്കറെ പ്രതിനായകനായി ഇന്ത്യൻ ജനമനസ്സിൽ പ്രതിഷ്ഠിച്ചത് വ്യാജ മതേതര ചരിത്രമാണെന്നും യഥാർത്ഥ ഇന്ത്യൻ നായകൻ സവർക്കർ ആണെന്നും സ്ഥാപിക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സത്യാനന്തര ചരിത്ര പദ്ധതികളുടെ ബുൾഡോസർ അങ്ങനെയാണ് ഇന്ത്യയുടെ സാംസ്കാരിക മണ്ഡലത്തിൽ ഉരുളാൻ തുടങ്ങിയത്. ഇന്ത്യൻ ചരിത്രത്തിൽ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉയർത്തിയ സവർക്കറെ വിഭജനം തടയാൻ കഴിയുമായിരുന്ന ഏക രാഷ്ട്രീയ നേതാവായി ഉയർത്തിക്കാണിച്ച് ഉദയ് മഹൂർക്കറുടെ പുസ്തകം പിന്നാലെവന്നു. അത് പ്രകാശനം ചെയ്ത് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന രാജ്നാഥ് സിംഗ്, ഗാന്ധിയാണ് മാപ്പപേക്ഷിക്കാൻ സവർക്കറെ പ്രേരിപ്പിച്ചത് എന്ന മട്ടിൽ നുണപ്രസ്താവം നടത്തി. അമിത് ഷാ, സവർക്കറെ യഥാർത്ഥ ഇന്ത്യൻ ചരിത്ര നിർമാതാവായി വിശേഷിപ്പിച്ചു.
സവർക്കറെ രാഷ്ട്രപുരുഷനായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രനിർമ്മാണത്തിന്റെ തുടർച്ചകൾ പിന്നീടും ഉണ്ടായി. സിലബസുകളിൽ സവർക്കറുടെ അമാനുഷിക കഴിവുകളെ പരാമർശിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി. മാപ്പപേക്ഷകളെ തന്ത്രമായി ചിത്രീകരിച്ചുള്ള സവർക്കറെ പറ്റിയുള്ള നാടകം ആകാശവാണിയുടെ എല്ലാ പ്രധാനപ്പെട്ട നിലയങ്ങളിലൂടെയും പ്രക്ഷേപണം ചെയ്തു. തിരുവനന്തപുരം നിലയവും മലയാളത്തിൽ ആ നാടകം പ്രക്ഷേപണം നടത്തി. സവർക്കറെ യഥാർത്ഥ നായകനായി കാണിച്ചു കൊണ്ടുള്ള നാടകങ്ങളും സീരിയലുകളും തുടർച്ചയായി വരാൻ തുടങ്ങി.
ഇങ്ങനെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുയോജ്യമായ കള്ളച്ചരിത്രനിർമ്മാണത്തിന്റെ, മതേതരത്വത്തേയും ബഹുസ്വരതയേയും തുടച്ചു നീക്കിക്കൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിയുടെ സാംസ്ക്കാരികമായ കൈയ്യാണ് ഈ പുതിയ സവർക്കർ ആഘോഷത്തിനുപിന്നിൽ പ്രവർത്തിക്കുന്നത്. അതിന്റെ ഇങ്ങേ അറ്റമായിരുന്നു രൺദീപ് ഹുഡേയുടെ സ്വാതന്ത്ര്യവീർ സവർക്കർ എന്ന വൻ ബഡ്ജറ്റ് ചിത്രം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പബ്ലിക് റിലേഷൻസ് ഹാൻഡിലുകളാൽ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തുവന്ന ആ ചിത്രം പക്ഷേ, തിയ്യേറ്ററുകളിൽ തലകുത്തിവീണു.
ഇന്ത്യയുടെ മതേതരത്വത്തേയും ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന ധാർമ്മികതയേയും സമത്വ, സാഹോദര്യ, സ്വാതന്ത്ര്യ സങ്കല്പങ്ങളേയും ഇന്ത്യൻ ബഹുസ്വര വൈവിധ്യങ്ങളേയും എതിർക്കുന്ന, സർവ്വോപരി ഇന്ത്യൻ ഫാഷിസത്ത പ്രകീർത്തിക്കുന്ന ഈ സിനിമയാണ് ഇന്ത്യൻ അന്താരാഷ്ട്ര സിനിമാമേളയുടെ ഉദ്ഘാടന ചിത്രം. സത്യജിത് റായിയും ഋത്വിക് ഘട്ടക്കും മുതലുള്ള മഹത്തായ ഇന്ത്യൻ സിനിമാ ചരിത്രത്തെ അവഹേളിക്കും വിധം കലാമേന്മയില്ലാത്ത സിനിമ ഉദ്ഘാടന ചിത്രമായി വരുന്നു എന്നതല്ല ഇവിടെ പ്രശ്നം. മറിച്ച് ഹിന്ദു ഫാഷിസം എങ്ങനെ ഇന്ത്യൻ ഭാവനയുടെ സ്വതന്ത്രവും ആധുനികവുമായ പ്രകാശനങ്ങളെ ചവിട്ടിമെതിക്കാൻ പോകുന്നു എന്ന ഉച്ചത്തിലുള്ള പ്രഖ്യാപനമാണ് ഇതിലൂടെ നടക്കുന്നത്. നെഹ്റു യുഗം സ്വയംഭരണാവകാശം നൽകിയ കലയുടെ സ്വച്ഛന്ദവിഹാരത്തെ ഭരണകൂടം തന്നെ നേരിട്ട് തകർക്കാനിറങ്ങിയിരിക്കുന്നു എന്നതാണ് ഇതിലൂടെ ഉറക്കെ വിളിച്ചു പറയുന്നത്. ഇന്ത്യയുടെ കലാകാരരോടുള്ള ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനമായി ഇതിനെ കണ്ട്, അതിനെതിരെ ആഴത്തിൽ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടത് ഇന്ത്യൻ കലയുടെ ചരിത്രത്തോട് നീതിപുലർത്തുന്ന എല്ലാവരുടേയും കടമയാണ്.
Also Read: