ഡോ. മാളവിക ബിന്നി

വ്യാജ ചരിത്രനിർമിതിക്കെതിരെ വേണം,അക്കാദമിക്​ ആക്​റ്റിവിസം

അക്കാദമീഷ്യന്മാർ അവരുടെ അക്കാദമിക ദന്തഗോപുരങ്ങളിൽനിന്നിറങ്ങി സാധാരണ മനുഷ്യർക്ക് ‘ജാർഗൺ’ മുക്ത ഭാഷ ഉപയോഗിച്ച് ചരിത്രം പറഞ്ഞുകൊടുക്കേണ്ട കാലഘട്ടമാണിത്​. അതിന് അക്കാദമിക് ആക്റ്റിവിസം അനിവാര്യമായ ഒരു സമയം കൂടിയാണിത്​.

കെ. കണ്ണൻ: 2022 ഡിസംബർ 29ന്​ ചെന്നൈയിൽ സമാപിച്ച ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ 81-ാം സെഷൻ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വ്യാജചരിത്രനിർമിതിക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി. ഉദ്ഘാടകനായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ശാസ്​ത്രീയാടിത്തറയുള്ള ചരിത്രരചനയെക്കുറിച്ചും ജനപക്ഷ ചരിത്രരചനയുണ്ടാകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെയും അനുബന്ധ അക്കാദമിക സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ചരിത്രത്തിന്റെ മേഖലയിൽ നടക്കുന്ന അത്യന്തം പ്രതിലോമകരമായ പ്രത്യയശാസ്ത്രനിർമിതികളുടെ കാലത്ത്, ഈ ചരിത്ര കോൺഗ്രസിലെ ചർച്ചകൾ ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്? ഇന്ത്യൻ ഹിസ്​റ്ററി കോൺഗ്രസിന്റെ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, താങ്കൾ എങ്ങനെയാണ്​ ഹിസ്​റ്റി കോൺഗ്രസ്​ എന്ന സംവിധാനത്തിന്റെ ഇടപെടലുകളെ നോക്കിക്കാണുന്നത്​?

ഡോ. മാളവിക ബിന്നി: ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ 81ാം സെഷനുമായി ബന്ധപ്പെട്ട ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ, ചരിത്രകാരരുടെ സംഘടനയാണ്​ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. നമ്മുടെ ഈ കാലഘട്ടത്തിൽ, അതായത് ഭരണകൂടഭീകരത ഏറ്റവും രൂക്ഷമായി നിൽക്കുന്ന, വിദ്യാഭ്യാസം ഏറ്റവും കാവിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വ്യാജചരിത്രത്തെ ഭരണകൂടം മാരകമായ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്​, ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ടത്​ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പോലുള്ള സംഘടനകൾക്ക് തന്നെയാണ്. ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറി പ്രൊഫ. ആർ. മഹാലക്ഷ്മി 81-ാം സെഷനിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്​.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ 81-ാം സെഷൻ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്​ഘാടനം ചെയ്യുന്നു

ഇപ്പോഴത്തെ സാഹചര്യങ്ങൾക്കെതിരെ രണ്ടു രീതിയിലാണ് ഈ സംവിധാനത്തിന്​പോരാടാനാകുക. ഒന്ന്, ചരിത്രരചനയിൽ യാതൊരു രീതിയിലും വെള്ളം ചേർക്കാതെ, അതിന്റെ മെത്തഡോളജിയുടെ rigour-ഉം ഉണ്മയും നിലനിർത്തി ചരിത്രം എഴുതേണ്ടതിന്റെ ആവശ്യം പാനലിലുണ്ടായ സ്‌കോളർമാർ മുന്നോട്ടുവച്ചു. ഞാൻ ​പ്രത്യേകം ഓർക്കുന്ന ഒരു സെഷൻ, ഇർഫാൻ ഹബീബിന്റെയും പ്രൊഫ. ശാലിനി ഷായുടെയും പാനലാണ്​. അതിൽ, മുഗൾ ഹിസ്റ്ററി എന്തുകൊണ്ടാണ് ഇപ്പോൾ രാക്ഷസവൽക്കരിക്കപ്പെടുന്നത് എന്ന് ഇർഫാൻ ഹബീബ് വളരെ കൃത്യതയോടെ വിശദീകരിക്കുകയും അതേസമയം മുഗൾ ഹിസ്റ്ററിയെ ക്രിട്ടിക്കലായി തന്നെ അനലൈസ് ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ജ്ഞാനനിർമിതിയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ചരിത്രം അതിന്റെ എല്ലാ rigour- ഓടെയും കൈകാര്യം ചെയ്യണം എന്ന ഉറച്ച ബോധ്യമാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നൽകുന്നത്.

രണ്ട്; 81ാം സെഷനിൽ പാസാക്കിയ മൂന്ന് റസലൂഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, വാരണാസിയിലെ എല്ലാ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കപ്പെടണം എന്ന റസലൂഷനാണ്. മറ്റൊന്ന്​, പരീക്ഷകൾക്ക് ഇപ്പോൾ ‘എം.സി.ക്യു’ മോഡൽ വരികയാണല്ലോ. പിഎച്ച്.ഡി പരീക്ഷകൾ ‘എം.സി.ക്യു’ മോഡലിൽനിന്ന് തിരിച്ച് വിവരണാത്മക മോഡലിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പുറയുന്ന റസലൂഷനാണ്​. നാഷനൽ ടെസ്​റ്റിംഗ്​ ഏജൻസി (എൻ.ടി.എ) ബേസ്ഡ് പരീക്ഷക്കുപകരം ഓരോ യൂണിവേഴ്‌സിറ്റികൾക്കും അവരവരുടെ പരീക്ഷകൾ നടത്താനുള്ള സ്വാതന്ത്ര്യം തിരിച്ചെടുക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്ന റസലൂഷനാണിത്​.
ജ്ഞാനനിർമിതിയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ചരിത്രം അതിന്റെ എല്ലാ rigour- ഓടെയും കൈകാര്യം ചെയ്യണം എന്ന ഉറച്ച ബോധ്യമാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നൽകുന്നത്.

പ്രൊഫ. ഇർഫാൻ ഹബീബ്, പ്രൊഫ. ശാലിനി ഷാ

‘ഇന്ത്യൻ നോളജ് സിസ്റ്റം' എന്ന പേരിൽ പൗരാണികവും ഐതിഹ്യപരവുമായ ആഖ്യാനങ്ങളെപോലും ശാസ്ത്രീയ ചരിത്രമെന്ന വ്യാജേന സ്ഥാപിച്ചെടുക്കാനും അതിലൂടെ, അടിസ്ഥാന മനുഷ്യരുടെ ‘എക്​സ്​ക്ലൂഷൻ പ്രക്രിയ'യുടെ പുതുകാല തുടർച്ചയുമാണ് യു.ജി.സി അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ നടപ്പാക്കപ്പെടുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇത്തരം വ്യാജചരിത്രനിർമിതിയുടെ ഉത്തമ പാഠമായി മാറ്റിയെടുത്തിരിക്കുന്നു. അധ്യാപക പരിശീലനത്തിന് യു.ജി.സി തയാറാക്കിയ മാതൃകാ സിലബസിൽ അർഥശാസ്ത്രവും ജ്യോതിഷവും വാസ്തുവിദ്യയുമൊക്കെയാണുള്ളത്. ഇന്ത്യയിൽ പ്രത്യേക സംഘം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിന്റെ വികലമായ പതിപ്പാണ് എന്നാണ് ഇവരുടെ വാദം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യക്ക് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞ, ശാസ്ത്രീയമായ വിശകലന പദ്ധതികളെയാകെ അട്ടമറിക്കുംവിധം ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും മേഖലയിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ നേരിടാനുള്ള അക്കാദമികവും അല്ലാത്തതുമായ ടൂളുകൾ എങ്ങനെയാണ് വികസിപ്പിച്ചെടുക്കാനാകുക?

കഴിഞ്ഞ മൂന്നുവർഷമായി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നിരന്തരമായി ‘ഇന്ത്യൻ നോളജ് സിസ്റ്റം' എന്ന കോഴ്‌സിന്റെ ഭാഗമായി കൊണ്ടുവരുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പല രീതിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്​. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ, സ്‌റ്റേറ്റ് ഹോൾഡേഴ്‌സുമായി ബന്ധപ്പെട്ട്​വെബ്‌സൈറ്റിൽ നിർദേശം സമർപ്പിക്കാനാവശ്യപ്പെട്ടപ്പോൾ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ബാനറിൽ ഒരു വലിയ പാനൽ ചരിത്രകാരർ ഇത്തരമൊരു കോഴ്‌സിന്റെ പ്രശ്‌നങ്ങൾ എന്താണ്, എന്തൊക്കെയാണ് ഇതിലുൾപ്പെടുത്തേണ്ടത് എന്ന്​ വിശദീകരിക്കുന്ന ‘ഡോസിയർ’ സമർപ്പിച്ചു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ, നേർവിപരീതമായാണ് മോഡൽ സിലബസ് ഇറങ്ങിയത്. അതിൽ, ഇന്ത്യൻ എന്നു വിളിക്കപ്പെടുന്ന ടോപ്പിക്കുകളെല്ലാം സംസ്‌കൃതവൽക്കരിക്കപ്പെട്ടതും പുരാണിക് ഹിന്ദു ടോപ്പിക്കുകളുമാണ്.

‘ഇന്ത്യൻ നോളജ് സിസ്റ്റ’ത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ടോപ്പിക്കുകളെല്ലാം സംസ്‌കൃതവൽക്കരിക്കപ്പെട്ടതും പുരാണിക് ഹിന്ദു ടോപ്പിക്കുകളുമാണ്. അതിൽ ബുദ്ധിസം, ജൈനിസം, സൂഫിസം, ചാർവാക ചിന്ത, സാംഖ്യ ഫിലേസഫി തുടങ്ങിയവക്കൊന്നും ഇടമില്ല.

അതിൽ ബുദ്ധിസം, ജൈനിസം, സൂഫിസം, ചാർവാക ചിന്ത, സാംഖ്യ ഫിലേസഫി തുടങ്ങിയവക്കൊന്നും ഇടമില്ല. മധ്യകാലഘട്ടം പോലെ സുപ്രധാനമായ ഒരു കാലഘട്ടത്തിനോട് പുറംതിരിഞ്ഞുനിന്ന്, അന്നുനടന്ന, സയന്റിഫിക് ഇൻവെൻഷനുകളും പ്രോഗ്രസും അസ്ട്രനോമിക്കലും സസ്യശാസ്ത്ര സംബന്ധവുമായ മുന്നേറ്റങ്ങളെയും കണ്ടില്ലെന്നുനടിച്ച് തയാറാക്കിയ ഒരു പേപ്പറാണ് നമ്മളിപ്പോൾ കാണുന്നത്. ഇതിനെതിരെ എങ്ങനെ പ്രതികരിക്കാം എന്നു ചോദിച്ചാൽ,

In the dark times Will there also be singing? Yes, there will also be singing. About the dark times
എന്ന് ബ്രെഹ്​ത്​ പറഞ്ഞതുപോലെയേ ചരിത്രകാരർക്ക് പ്രതികരിക്കാൻ പറ്റുകയുള്ളൂ, അല്ലെങ്കിൽ അങ്ങനെത്തന്നെയാണ് പ്രതികരിക്കേണ്ടതും. ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് ഉറക്കെയുറക്കെ പറയേണ്ടതുണ്ട്​; ഒപ്പം, കാവി പ്രത്യയശാസ്​ത്രം എന്തിനൊയൊക്കെയാണോ രാക്ഷസവൽക്കരിക്കാനും മാറ്റിനിർത്താനും ശ്രമിക്കുന്നത്, അതിനെക്കുറിച്ച് കൂടുതൽ മേന്മയോടെ റിസർച്ച്​ചെയ്യുകയും എഴുതപ്പെട്ട റിസർച്ച് എക്‌സ്‌പെർട്ടുകളല്ലാത്ത മനുഷ്യരിലേക്ക് എത്തിക്കുകയും​ വേണം. സുമിത് സർക്കാർ Writing Social History- യിൽ പറയുന്നതുപോലെ, അക്കാദമീഷ്യന്മാർ അവരുടെ അക്കാദമിക ദന്തഗോപുരങ്ങളിൽനിന്നിറങ്ങി സാധാരണ മനുഷ്യർക്ക് ‘ജാർഗൺ’ മുക്ത ഭാഷ ഉപയോഗിച്ച് ചരിത്രം പറഞ്ഞുകൊടുക്കേണ്ട കാലഘട്ടമാണിത്​. അതിന് അക്കാദമിക് ആക്റ്റിവിസം അനിവാര്യമായ ഒരു സമയം കൂടിയാണിത്​, കാരണം, ഇത് ചരിത്രത്തിനുവേണ്ടി മാത്രമുള്ള ഒരു പോരാട്ടമല്ല. നമ്മുടെ ഓരോരുത്തരുടെയും രാജ്യത്തിന്റെയും സ്വത്വത്തിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്.

ഈ പ്രതിരോധത്തിന്​ പ്രത്യേകമായ ടൂളുകൾ വികസിപ്പിച്ചെടുക്കേണ്ട കാര്യമില്ല. കാരണം, ചരിത്രത്തിലും അതിന്റെ രീതിശാസ്ത്രത്തിലും അത്തരം ടൂളുകളുണ്ട്. സോഴ്‌സുകളും തെളിവുകളും അടിസ്ഥാനമാക്കി വളരെ ശാസ്ത്രീയമായി ചെയ്യുന്ന പ്രക്രിയയാണ് ‘റൈറ്റിംഗ് ഓഫ് ഹിസ്റ്ററി’ (historiography) എന്നത്. ഒരു നറേറ്റീവിനെതിരെ കൗണ്ടർ നറേറ്റീവ് സൃഷ്ടിക്കുന്നു എന്നതിലുപരി, സോഴ്‌സിനോട് സത്യസന്ധത പുലർത്തി ചരിത്രത്തെ റി- കൺസ്ട്രക്റ്റ് ചെയ്യുമ്പോൾ, ആർക്കും നിരസിക്കാനാകാത്ത ആർഗ്യുമെന്റുകൾ മുന്നോട്ടുവക്കാനാകും. അങ്ങനെ സോഴ്‌സുകളോട് സത്യസന്ധതയുള്ള ആർഗ്യുമെന്റുകൾ മുന്നോട്ടുവരുമ്പോൾ ഇതുപോലുള്ള വ്യാജചരിത്രനിർമിതികൾ ഇല്ലാതാകും. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ഡോ. മാളവിക ബിന്നി

അസിസ്റ്റൻറ്​ പ്രൊഫസർ, കണ്ണൂർ യൂണിവേഴ്‌സിറ്റി ഹിസ്റ്ററി ഡിപ്പാർട്ടുമെന്റ് ഹെഡ്, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം.

Comments