എൻ.ഇ. സുധീർ: ഈയടുത്ത് താങ്കൾ എഴുതിയ ഒരു ബി.ബി.സി ലേഖനത്തിൽ 1947 ലെ ‘ലൈഫ്' മാഗസിനിൽ പ്രസിദ്ധീകരിച്ച കുറിപ്പിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. അതിൽ പറയുന്നത് പ്രകാരം; ഒരു ശരാശരി മഹാരാജാവിന് 11 പദവികൾ, മൂന്ന് യൂണിഫോമുകൾ, 5.8 ഭാര്യമാർ, 12.6 കുട്ടികൾ, അഞ്ച് കൊട്ടാരങ്ങൾ, 9.2 ആനകൾ, 3.4 റോൾസ് റോയ്സ് കാറുകൾ എന്നിവ ഉണ്ടായിരുന്നു. ചരിത്രപരമായ പുനഃപരിശോധനയിലൂടെ നിങ്ങൾ തിരുത്താൻ ആഗ്രഹിക്കുന്ന ഒരു തെറ്റായ ചിത്രമാണോ അത്? ഫോൾസ് അലൈസ്: ഇന്ത്യാസ് മഹാരാജാസ് ഇൻ ദി ഏജ് ഓഫ് രവിവർമ ( False Allies: India's Maharajas in the Age of Ravi Varma) എന്ന താങ്കളുടെ പുതിയ പുസ്തകത്തിനു പിന്നിലുള്ള ഉദ്ദേശ്യം ഇതാണോ? മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ ‘റണ്ണിംഗ് ത്രെഡ്' എന്ന് പറയുന്നത് രവിവർമയാണ്. എന്തുകൊണ്ടാണ് അത്തരമൊരു തെരഞ്ഞെടുപ്പ്? ഇന്ത്യൻ രാജകീയ സാഹചര്യം മുഴുവൻ മനസ്സിലാക്കുന്നതിൽ ഇത് ഒരു പരിമിതിയായി നിലകൊള്ളില്ലേ?
മനു എസ്. പിളള: പുസ്തകത്തിന്റെ ഉദ്ദേശ്യം മഹാരാജാക്കന്മാരെ മഹത്വപ്പെടുത്തുകയല്ല; അവർ ഒരു ഭൂതകാല പ്രതിഭാസമാണ്. പക്ഷേ, നമ്മൾ അവരെ അടയാളപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമായി ശരിയല്ലെന്ന് എനിക്കുതോന്നുന്നു, കാരണം അതുവഴി വളരെ രസകരമായ ഒരു കഥയും ആകർഷകമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചലനാത്മകതകളും മറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഒന്ന്, ലൈഫ് മാഗസിൻ ഉന്നയിച്ചതുപോലുള്ള അവകാശവാദങ്ങൾ ഒരു കൊളോണിയൽ ആഖ്യാനമാണ് - സ്വദേശികൾക്ക് ഭരിക്കാനാകില്ലെന്നും അവരൊക്കെയും നിസ്സാര വ്യക്തികളാണെന്നും വലിയ കൊട്ടാരങ്ങൾ നിർമ്മിക്കുന്നതിലും ആനപ്പുറത്ത് കയറുന്നതിലും മാത്രം താൽപ്പര്യമുണ്ടായിരുന്നവരാണെന്നും വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം മാത്രമായേ കാണാനാകൂ. "സിവിലൈസ്' ചെയ്യാൻ എന്ന കാരണത്തിന്മേൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ തുടരുന്നതിനെ ന്യായീകരിക്കാൻ ഇത്തരം വ്യാജങ്ങൾ അവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ സാമാന്യവൽക്കരണത്തിനു മീതെ വസ്തുതകൾ വെല്ലുവിളിയായി തന്നെ നിൽക്കുന്നു.
ഇവിടെയുണ്ടായിരുന്ന 562 സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ചെറുതും ചെറിയ രാഷ്ട്രീയ ഉള്ളടക്കം ഉള്ളവയുമായിരുന്നു. അവയെ ഒരു ഗണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് ബ്രിട്ടീഷ് ഭൂവുടമകളെ എലിസബത്ത് രാജ്ഞിയുമായി താരതമ്യം ചെയ്യുന്നതുപോലെയാണ്. 100 വ്യത്യസ്ത സംസ്ഥാനങ്ങൾ മാത്രമായിരുന്നു ശരിക്കും "സംസ്ഥാനങ്ങൾ'. ഇവിടെ നിന്ന് നമ്മുടെ ഭൂതകാലത്തെ കുറിച്ചും കൊളോണിയലിസത്തെക്കുറിച്ചും അതിനെ പ്രതിരോധിച്ച വഴികളെക്കുറിച്ചും ഇന്ത്യൻ ദേശീയതയുടെ ജനനത്തെക്കുറിച്ചും ധാരാളം കാര്യങ്ങൾ പറയുന്ന രസകരമായ ചരിത്രങ്ങൾ ഇവിടെ കാണാം.
ഇന്ന് മോശം രാഷ്ട്രീയക്കാർ ഉള്ളതുപോലെ തീർച്ചയായും അന്ന് മോശം മഹാരാജാക്കന്മാരും ഉണ്ടായിരുന്നു. പക്ഷേ, നാട്ടുരാജ്യങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്ത്യയുടെ 40 ശതമാനത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ചരിത്രകാരന്മാർ അവഗണിക്കരുത്
പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടി മഹാരാജാക്കന്മാരുമായി സൗഹൃദത്തിലായിരുന്നു എന്നതിന് ഒരു കാരണമുണ്ട് - ദാദാഭായ് നവ്റോജിയുടെ ഹൗസ് ഓഫ് കോമൺസിലെ തിരഞ്ഞെടുപ്പിന് ധനസഹായം നൽകിയത് ഇന്ത്യൻ ഭരണാധികാരികളായിരുന്നു, അദ്ദേഹത്തിന്റെ ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ അവരിൽ നിന്ന് ധാരാളമായി ഗ്രാന്റുകൾ സ്വീകരിച്ചിരുന്നു, നാട്ടുരാജ്യങ്ങൾക്കു കൂടി പ്രാതിനിധ്യമുള്ള ഒരു ഹൗസ് ഓഫ് ലോർഡ്സ് ഉൾപ്പെടുന്ന ഇന്ത്യൻ പാർലമെന്റിനെ എം.ജി. രണഡെ വിഭാവനം ചെയ്തിരുന്നു, കോൺഗ്രസ് പ്രസിഡന്റ് ആർ. സി. ദത്ത് ബറോഡയുടെ ദിവാനായി സേവനമനുഷ്ഠിച്ചിരുന്നു, നിരവധി മഹാരാജാക്കന്മാർ കോൺഗ്രസ് വേദികളിൽ നിന്ന് സംസാരിച്ചു. 1930 കളുടെ അവസാനം വരെ ഗാന്ധി പോലും മഹാരാജാക്കന്മാരെ ബഹുമാനിച്ചിരുന്നു, കൂടാതെ തന്റെ സോഷ്യലിസ്റ്റ് സഹപ്രവർത്തകരോട് നാട്ടുരാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഈ വസ്തുതകൾ മാത്രം നമ്മെ ചിന്തിപ്പിക്കുകയും ചില ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുകയും വേണം: എന്തുകൊണ്ടാണ് ആദ്യകാല ദേശീയവാദികൾ ഭരണാധികാരികളെ ബഹുമാനിച്ചത്? ക്ലീഷേകളേക്കാൾ കൂടുതൽ കഥയിലുണ്ടെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇന്ന് മോശം രാഷ്ട്രീയക്കാർ ഉള്ളതുപോലെ തീർച്ചയായും അന്ന് മോശം മഹാരാജാക്കന്മാരും ഉണ്ടായിരുന്നു. പക്ഷേ, നാട്ടുരാജ്യങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്ത്യയുടെ 40 ശതമാനത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ചരിത്രകാരന്മാർ അവഗണിക്കരുത് - അതും "ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ' ഭാഗമാണ്, ബ്രിട്ടൻ ഭരിച്ച ഇന്ത്യ പോലെ തന്നെ പ്രാധാന്യമുള്ളത്. രാജകുമാരൻമാർ നല്ലവരോ ചീത്തവരോ എന്നതല്ല ചോദ്യം, മറിച്ച് ചരിത്രപരമായ അർത്ഥത്തിൽ അവരും അവരുടെ സംസ്ഥാനങ്ങളും ‘രസകരമാണോ' എന്നതാണ് വിഷയം. അതങ്ങനെയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇനി രവിവർമയെക്കുറിച്ച്. നാട്ടുരാജ്യങ്ങളെക്കുറിച്ച് ഒരു പൊതുപാഠപുസ്തകം എഴുതാൻ ഞാൻ ആഗ്രഹിച്ചില്ല. പുസ്തകത്തിന്റെ 50 പേജുകളിലധികം വരുന്ന ആമുഖത്തിലും ഉപസംഹാരത്തിലുമാണ് എന്റെ അടിസ്ഥാന വാദം ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ വാദം ഉന്നയിച്ചപ്പോൾ, കുറച്ച് സംസ്ഥാനങ്ങളെയും അവയുടെ ഭരണാധികാരികളെയും കൂടുതൽ വിശദമായി പഠിക്കാൻ ഞാൻ ആഗ്രഹിച്ചു, കാരണം നാട്ടുരാജ്യങ്ങൾക്കിടയിൽ ഘടന, ഭരണരീതി, രാഷ്ട്രീയ ചരിത്രം മുതലായവയിൽ വളരെയധികം വൈവിധ്യം ഉണ്ടായിരുന്നു.
ഉദാഹരണത്തിന്, വ്യവസായവൽക്കരണം വരേണ്യവർഗ്ഗത്തിന് എങ്ങനെ ബോധപൂർവമായ ഒരു പരിപാടിയായി മാറിയെന്ന് കാണിക്കാൻ ഞാൻ മൈസൂർ ചാപ്റ്റർ ഉപയോഗിക്കുന്നു. വ്യവസായവൽക്കരണം വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെങ്കിലും മഹാരാജാക്കന്മാർക്ക് ലാഭത്തിൽ താൽപ്പര്യമില്ല, മറിച്ച് അതൊരു അടയാളപ്പെടുത്തലായിരുന്നു. ഒരു "രാജകുമാരൻ' - കാലഹരണപ്പെട്ട ഗുണങ്ങൾ ഉള്ളവനെന്ന് പൊതുവെ പറയപ്പെടുന്ന - ഇരുമ്പു കൊണ്ടും സ്റ്റീൽ കൊണ്ടുമുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നു, ലോകത്തിലെ ഏറ്റവും വലിയ ഡാം പദ്ധതികളിലൊന്ന് നിർമിക്കുന്നു, മില്ലുകളും ഫാക്ടറികളും സ്ഥാപിക്കുന്നു: ഇതൊക്കെയും ഞാൻ മേൽപ്പറഞ്ഞ വസ്തുത സാധൂകരിക്കുന്നതാണ്.
സ്‌കോളറായ രാഹുൽ സാഗർ ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയിലെ ആദ്യത്തെ കരട് ഭരണഘടനകളിലൊന്ന് സർ ടി. മാധവ റാവു നിർമ്മിച്ചത് ഒരു നാട്ടുരാജ്യത്താണ്.
ഇത് സാമ്പത്തിക ദേശീയതയുടെ ഒരു രൂപമായി കരുതുക.
അതുപോലെ, ബറോഡയെക്കുറിച്ചുള്ള ചാപ്റ്റർ, രാജകുമാരന്മാർക്ക് എങ്ങനെ വ്യക്തിപരമായി രാജാവിനെ വെല്ലുവിളിക്കാൻ കഴിയുമെന്ന് കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്. സയാജിറാവു III കോൺഗ്രസിന് ധനസഹായം നൽകുക മാത്രമല്ല, വിപ്ലവകാരികളുമായി സംവദിക്കുകയും ചെയ്തു; അദ്ദേഹം ‘ദേശീയ ഗവൺമെൻറി'നെക്കുറിച്ച് പ്രസംഗിക്കുകയും ഇന്ത്യയുടെ നാശത്തിന് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുകയും ചെയ്തു; രാജാവിന് കൽപിക്കാൻ അനുവദിക്കാൻ അദ്ദേഹം വിനീതമായി വിസമ്മതിച്ചു. ഒരു വൈസ്രോയി അദ്ദേഹത്തെ "രാജ്യദ്രോഹത്തിന്റെ രക്ഷാധികാരി' എന്ന് വിളിച്ചു, കാരണം അദ്ദേഹത്തിന്റെ സംസ്ഥാനത്ത് നിരവധി നിരോധിച്ച പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചിരുന്നു.
ഓരോ സംസ്ഥാനത്തിലും ആഴത്തിൽ പോയാൽ മാത്രമേ ഈ പാളിച്ചകൾ കണ്ടെത്താനാകൂ: ഇവിടെയാണ് രവിവർമ്മയുടെ പ്രസക്തി, കാരണം അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയും അവിടുത്തെ ഭരണാധികാരികളെ വരയ്ക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ യാത്രകളും ആ കലാസൃഷ്ടികളും ആഖ്യാനത്തിലുടനീളം ഒരു common thread ആയി മാറി. അതേസമയം തന്നെ കഥകളിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാനും സാധിച്ചു. ആധുനികവൽക്കരിക്കാനും ബ്രാഹ്മണൈസ് ചെയ്യാനും ഏറെ സമ്മർദ്ദം നേരിട്ട കള്ളാർ (‘robber caste') രാജാക്കന്മാർ ഭരിക്കുന്ന പുതുക്കോട്ടൈ മുതൽ ഫ്യൂഡൽ ഗവൺമെന്റിൽ തുടങ്ങി ഗോത്ര കലാപം വരെ കൈകാര്യം ചെയ്യേണ്ടി വന്ന രജപുത്രരുടെ കീഴിലുള്ള ഉദയ്പുർ വരെ നീളുന്ന അഞ്ച് സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിലേക്കെത്താനും ഇതെന്നെ സഹായിച്ചു.
ആധുനിക ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണത്തിൽ നാട്ടുരാജ്യ രാഷ്ട്രീയത്തിന്റെ സംഭാവനകൾ വിശദീകരിക്കാമോ? നമ്മൾ സംസാരിക്കുന്നത് 21ാം നൂറ്റാണ്ടിലാണ്. 19-ാം നൂറ്റാണ്ടിലെ രാജകുടുംബങ്ങളുടെ പിൻഗാമികളോട് നമ്മൾ ഇപ്പോഴും എന്തെങ്കിലും കടപ്പെട്ടിട്ടുണ്ടോ? നിങ്ങൾ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത്? ചരിത്രത്തിന്റെ അധികം അറിയപ്പെടാത്തതും പൊതുവിൽ മറഞ്ഞു കിടക്കുന്നതുമായ കാര്യങ്ങളിൽ മനുവിലെ ചരിത്രകാരൻ വല്ലാതെ ആകൃഷ്ടനാണെന്ന് തോന്നുന്നു. സമകാലിക വീക്ഷണകോണിൽ നിന്ന് ചരിത്രത്തെ വീണ്ടും വായിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ എത്രത്തോളം പ്രസക്തമാണ്? പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഇതൊന്നു വിശദീകരിക്കാമോ?
സ്‌കോളറായ രാഹുൽ സാഗർ ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയിലെ ആദ്യത്തെ കരട് ഭരണഘടനകളിലൊന്ന് സർ ടി. മാധവ റാവു നിർമ്മിച്ചത് ഒരു നാട്ടുരാജ്യത്താണ്. ഇന്ത്യക്കാർക്ക് ഭരണത്തിൽ കൂടുതൽ അധികാരം അനുവദിക്കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ്- ഇന്ത്യയിൽ ശബ്ദമുയർന്നു തുടങ്ങിയപ്പോൾത്തന്നെ നാട്ടുരാജ്യങ്ങളിൽ ഇതിന് ആവശ്യമായ എല്ലാ കഴിവുകളും "സ്വദേശികൾക്ക്' ആണുള്ളതെന്ന് തെളിവുകൾ വന്നു കഴിഞ്ഞു. അതായത്, ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനികളായ റണഡെ, ഗോഖലെ തുടങ്ങിയവർക്ക് മാധവറാവു, ദിനകർ റാവു, ശേഷയ്യ ശാസ്ത്രി തുടങ്ങിയ വ്യക്തികളെയും രാജഭരണ പ്രദേശങ്ങളിലെ അവരുടെ വിജയങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രിട്ടീഷ് രാജിനെതിരെ സംസാരിക്കാൻ കഴിഞ്ഞു.
ചില കൊളോണിയൽ വ്യക്തികൾ അംഗീകരിച്ചതുപോലെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ബ്രിട്ടീഷ്- ഇന്ത്യയിലെ ഇന്ത്യക്കാർക്ക് മികച്ച സെക്രട്ടറിമാരാകാം. എന്നാൽ രാജഭരണം നിലനിൽക്കുന്ന ഇന്ത്യയിലുള്ളവർക്ക് മന്ത്രിമാരെന്ന നിലയിൽ യഥാർത്ഥ അധികാരം പ്രയോഗിക്കാൻ കഴിയുമായിരുന്നു. സർദാർ പണിക്കരെ ഉദ്ധരിക്കുകയാണെങ്കിൽ നാട്ടുരാജ്യങ്ങൾ ദേശീയതയ്ക്ക് ഊർജ്ജം പകർന്ന ഒരു "ഇന്ത്യൻ സ്റ്റേറ്റ്സ്മാൻഷിപ്പ് സ്‌കൂൾ' സൃഷ്ടിച്ചുവെന്നു പറയാം. ഭൗതിക സംഭാവനകളും പ്രധാനമാണ്. ചുറ്റുമുള്ള ബ്രിട്ടീഷ് ജില്ലകളേക്കാൾ കൂടുതൽ വിദ്യാഭ്യാസത്തിനായി ബറോഡ ചെലവഴിച്ചു. തിരുവിതാംകൂർ, കൊച്ചി ഭരണാധികാരികളുടെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നിവയിലെ നിക്ഷേപങ്ങളാണ് നമ്മൾ ഇപ്പോൾ കേരള മോഡൽ എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാന ഘടകം.
നാട്ടുരാജാക്കന്മാർ ലോകമഹായുദ്ധങ്ങളിൽ പോരാടാൻ പണവും ആളുകളെയും അയച്ചു. വെർസൈൽസ് ഉടമ്പടിയിലെ യു.എസ്. പ്രസിഡൻറ് പോലെയുള്ള വ്യക്തികളുടെ ഒപ്പമുള്ള ഒരേയൊരു ഇന്ത്യൻ ഒപ്പ് ഒരു മഹാരാജാവിന്റേതാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു.
ഇന്ത്യൻ കലകളെയും സംസ്‌കാരത്തെയും പിന്തുണച്ചിരുന്ന നാട്ടുരാജാക്കന്മാർ ബ്രിട്ടീഷുകാർ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് വേരുകൾ നഷ്ടപ്പെട്ടവരായിരുന്നു. ഇങ്ങനെയുള്ളവർക്ക് നാട്ടുരാജ്യങ്ങളിലേയ്ക്ക് കുടിയേറി തുടരുകയും ചെയ്യാമായിരുന്നു. ജാതിയിൽ വേരൂന്നിയ ഒരു ഫ്യൂഡൽ സമൂഹവും ആധുനികവത്കരണത്തിന്റെ ആവശ്യകതയും വിവിധ രാജാക്കന്മാർ നേരിട്ട വെല്ലുവിളികൾ ആയിരുന്നു. അതിപ്പോഴും ഇന്ത്യയിൽ തുടരുന്നു. ഒരുപക്ഷേ അവർ അത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്തെന്നു പഠിക്കുന്നതിലൂടെ, എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നമുക്ക് നേടാനാകും. കൂടാതെ, നാട്ടുരാജാക്കന്മാർ ലോകമഹായുദ്ധങ്ങളിൽ പോരാടാൻ പണവും ആളുകളെയും അയച്ചു. വെർസൈൽസ് ഉടമ്പടിയിലെ യു.എസ്. പ്രസിഡന്റ് പോലെയുള്ള വ്യക്തികളുടെ ഒപ്പമുള്ള ഒരേയൊരു ഇന്ത്യൻ ഒപ്പ് ഒരു മഹാരാജാവിന്റേതാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു.
ഭരണാധികാരികളെ ബ്രിട്ടന്റെ യുദ്ധം ചെയ്യുന്നവരായോ അല്ലെങ്കിൽ 1940 കളിൽ നാസിസത്തിനെതിരായ പോരാട്ടത്തിന് സഹായിക്കുന്നവരായോ നമുക്ക് ചിന്തിക്കാം - രണ്ട് വായനകളും പ്രധാനമാണെന്ന് പറയുമ്പോൾ തന്നെ ഈ വിഷയങ്ങൾ എത്ര സങ്കീർണമാണെന്ന് കാണിക്കുക്കുകയും ചെയ്യുന്നു. സസ്യശാസ്ത്ര വിഷയങ്ങൾ മുതൽ ആധുനിക ശാസ്ത്രവും ഗണിതവും ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് വരെയുള്ള പലതും രാജകുമാരന്മാർ പരീക്ഷിച്ചു. പാശ്ചാത്യ സംസ്‌കാരം അതേപടി പകർത്താതെ അവരിൽ പലരും ആധുനികതയെ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലവുമായി കൂട്ടിയിണക്കാൻ ശ്രമിച്ചു. ഈ ചർച്ചകൾ ഇപ്പോഴും ഇന്ത്യയിൽ പ്രതിധ്വനിക്കുന്നുണ്ട്.
രാജകുടുംബങ്ങളുടെ പിൻഗാമികൾക്ക് യഥാർത്ഥത്തിൽ ഭരിച്ച അവരുടെ പൂർവ്വികരെക്കാൾ കൂടുതൽ അഭിമാനവും അഹംബോധവും ഉണ്ട്! പിൻഗാമികളോട് ഒന്നും കടപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ അങ്ങനെയാണെങ്കിലും, പൊതുജനങ്ങളിൽ പല വിഭാഗങ്ങളും അവരോട് ബഹുമാനത്തോടെ പെരുമാറുന്നു എന്നത് ശരിയാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും, എല്ലാ രാഷ്ട്രീയ പാർട്ടികളിലും എക്സ് റോയൽസ് വിജയകരമായി രാഷ്ട്രീയക്കാരാകുന്നത്. ഉത്തരേന്ത്യയിലേക്ക് പോയ ഡെക്കാനിൽ നിന്നുള്ള മറാത്തക്കാരാണ് സിന്ധ്യ കുടുംബം; കോൺഗ്രസിലും ബി.ജെ.പിയിലും നിരവധി സിന്ധ്യകൾ ഉണ്ടായിരുന്നു, ആ രാജവംശം കേന്ദ്ര മന്ത്രിമാരെയും രാജസ്ഥാനിലെ ഒരു മുഖ്യമന്ത്രിയെയും രാജ്യത്തിനു നൽകി.
പ്രസക്തരായി തുടരുന്ന ഒരുപിടി മുൻ രാജകുടുംബാംഗങ്ങൾക്ക് വേണ്ടി ബഹുഭൂരിപക്ഷവും വിസ്മൃതിയിൽ അപ്രത്യക്ഷമായി എന്നതും അംഗീകരിക്കണം. നമ്മളിൽ എത്ര പേർക്ക് ഇപ്പോഴത്തെ കൊച്ചിരാജാവിനെ അറിയാം?
ഒരു സാമൂഹിക പ്രതിഭാസമെന്ന നിലയിൽ ഇത് രസകരമാണ്. എന്നാൽ പ്രസക്തരായി തുടരുന്ന ഒരുപിടി മുൻ രാജകുടുംബാംഗങ്ങൾക്ക് വേണ്ടി ബഹുഭൂരിപക്ഷവും വിസ്മൃതിയിൽ അപ്രത്യക്ഷമായി എന്നതും അംഗീകരിക്കണം. നമ്മളിൽ എത്ര പേർക്ക് ഇപ്പോഴത്തെ കൊച്ചിരാജാവിനെ അറിയാം? കൂടുതൽ പേർക്ക് അറിയാൻ സാധ്യതയില്ല. എന്നാൽ ഇപ്പോഴത്തെ തിരുവിതാംകൂർ രാജയുടെ പേര് ഇപ്പോഴും നിരവധി ആളുകൾക്ക് അറിയാം. എന്തുകൊണ്ട്? ഞാൻ മനസിലാക്കുന്നത് ഇതാണ്: കൊച്ചി രാജകുടുംബം തൃപ്പൂണിത്തുറയിലെ ക്ഷേത്രവുമായുള്ള ബന്ധം ഉപേക്ഷിച്ചു, അതിനുശേഷം അവർ ഒരു സാധാരണ കുടുംബമായി മാറി. പത്മനാഭസ്വാമി ക്ഷേത്രത്തിന്മേലുള്ള നിയന്ത്രണം നിലനിർത്തുന്നതുകൊണ്ട് തിരുവിതാംകൂർ രാജകുടുംബത്തിന്, ആളുകൾക്ക് ദൈവത്തോട് തോന്നുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും പങ്കുപറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം സാമൂഹ്യശാസ്ത്രജ്ഞർക്ക് വളരെയധികം ഉപകാരപ്പെടുന്നവയാണ് - സമൂഹത്തെക്കാളധികം മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് ഇത് നമ്മോട് പറയുന്നു.
നാട്ടുരാജ്യങ്ങളെ പഠിക്കുന്നത് പല വിഷയങ്ങളിലും നമുക്ക് ലഭിച്ച ആശയങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണ്. ഉദാഹരണത്തിന്, കൊളോണിയൽ കാലഘട്ടം എന്നത് ഇന്ത്യക്കാരും ബ്രിട്ടീഷ് രാജും തമ്മിലുള്ളത് മാത്രമായിരുന്നു എന്നാണ് നമ്മുടെ ധാരണ. എന്നാൽ ബ്രിട്ടീഷുകാർ നേരിട്ട് ഇടപെടാത്തതും മഹാരാജാക്കന്മാർ അധികാരത്തിന്റെ മുഖവുമായിരുന്നതുമായ നാട്ടുരാജ്യങ്ങളിൽ, ഇന്ത്യൻ സമൂഹത്തിനുള്ളിലെ സങ്കീർണതകൾ കൂടുതൽ വ്യക്തമായി കാണാം. ഉദാഹരണത്തിന്, നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയം പലപ്പോഴും ജാതി, വർഗീയത, മതം മുതലായവയിൽ കേന്ദ്രീകരിച്ചിരുന്നു. മൈസൂരിൽ, ഭരണാധികാരിക്കെതിരെ പലപ്പോഴും ഇടഞ്ഞു നിന്നിരുന്ന വീരശൈവരെ കാണാം; വൊക്കലിഗ കർഷകർ ഉണ്ടായിരുന്നു; മറാഠി ബ്രാഹ്മണരുടെ ആധിപത്യമുള്ള ഒരു ബ്യൂറോക്രസി ഉണ്ടായിരുന്നു, അവരെ "വിദേശികൾ' എന്ന് വിളിച്ചിരുന്നു; ഭരണവർഗം രൂപീകരിച്ച രാജാവും അവന്റെ ബന്ധുക്കളും ഉണ്ടായിരുന്നു.
മൈസൂർ രാഷ്ട്രീയം ഈ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയായിരുന്നു, ഭരണാധികാരിയുടെ നിയന്ത്രണത്തിലായിരുന്നില്ല എല്ലായ്പ്പോഴും കാര്യങ്ങൾ. ഇന്നുവരെ, കർണാടക രാഷ്ട്രീയം വലിയൊരളവിൽ നിർവ്വചിക്കപ്പെട്ടു പോന്നത് വീരശൈവ (ഇപ്പോൾ ലിംഗായത്ത് എന്ന് അറിയപ്പെടുന്നു), വൊക്കലിഗ ഗ്രൂപ്പുകൾ വഴിയാണ്. അതുപോലെ, നായർമാർക്കും ഈഴവർക്കുമിടയിലുള്ള കേരളത്തിലെ ഇന്നത്തെ സാമൂഹിക ചലനാത്മകത ഈഴവ സമുദായത്തിന്റെ ശക്തിയാൽ നായർ ആധിപത്യം വെല്ലുവിളിക്കപ്പെട്ട നാട്ടുരാജ്യത്തിന്റെ കാലഘട്ടത്തിൽ കണ്ടെത്താനാകും. രാജത്വം എന്ന ആശയം പോലും ഇന്നത്തെ ലെൻസിലൂടെ നാം പരിശോധിക്കേണ്ടതുണ്ട്. 2013 ൽ നരേന്ദ്ര മോദി തിരുവനന്തപുരം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളുടെ ആഘാതത്തിലാണ് ഇപ്പോഴും ഞാൻ. അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് മുൻ രാജകുടുംബാംഗങ്ങളുമായുള്ളതായിരുന്നു. അന്നത്തെ രാജാവിന്റെ സ്ഥാനപ്പേരുള്ളയാൾ അദ്ദേഹത്തിന്റെ തലയിൽ എന്തോ അംഗീകാരം നൽകുന്നത് പോലെ ഒരു തലപ്പാവ് വച്ചു. മുൻ രാജകുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ തേടുന്നത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് പ്രധാനമാണ് -"എന്തുകൊണ്ട്' എന്ന ചോദ്യത്തിന് ഉത്തരം നൽകുക എന്നത് ഗവേഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇതുപോലെ നിരവധി കാര്യങ്ങളുണ്ടെങ്കിലും, ഏറ്റവും വലിയ കാര്യം, നാട്ടുരാജ്യങ്ങളെ ഗൗരവമായി പഠിക്കുന്നത് ഇന്ന് ആശങ്കയുയർത്തുന്ന നിരവധി വിഷയങ്ങളിലേക്കും വെളിച്ചം വീശാൻ കഴിയും എന്നതാണ്. ഞാൻ മുമ്പ് പറഞ്ഞതുപോലെ, മഹാരാജാക്കന്മാർ രാജ്യത്തെ ഏകദേശം 40 ശതമാനം പ്രദേശങ്ങൾ ഭരിച്ചിട്ടുണ്ട്; അതിനാൽത്തന്നെ അവരുടെ സംസ്ഥാനങ്ങളുടെ ചരിത്രങ്ങൾക്കും അതിന്റെ ആന്തരിക ചലനാത്മകതയ്ക്കും ആനുപാതികമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ▮
(വിവർത്തനം : സീന സണ്ണി)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.