ഗാന്ധി മുതൽ പെരിയാർ വരെ:
വൈക്കം സത്യഗ്രഹത്തിലെ നുണയും നേരും

വൈക്കം സത്യഗ്രഹത്തെക്കുറിച്ച്, നൂറാം വാർഷികത്തിലും തുടരുന്ന പലതരം വ്യാജ നിർമിതികളെ തുറന്നുകാട്ടുന്ന അന്വേഷണം. നിരവധി ചരിത്രപഠന സാമഗ്രികളുടെ സഹായത്തോടെ തയാറാക്കിയ ഈ പഠനം, ജനാധിപത്യവൽക്കരണ പ്രക്രിയയിൽ കീഴാള ജനതയുടെ പ്രതിനിധാനം രേഖപ്പെടുത്താനുള്ള സവിശേഷമായ ശ്രമം കൂടിയാണ്​.

വൈക്കത്തെ ജനങ്ങളുടെ ഓര്‍മയില്‍ മായാതെ നിൽക്കുന്നൊരു ചരിത്രാനുഭവമാണ് ദളവാകുളം കൂട്ടക്കൊല. തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തമ്പിയുടെ നിര്‍ദ്ദേശപ്രകാരം 1806- ല്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് കാര്യമായ ലിഖിതരേഖകളില്ല. എങ്കിലും, മൊഴിയറിവുകളെയും നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള സാമുദായിക സാഹചര്യങ്ങളേയും കണക്കിലെടുത്ത് ആധികാരിക വെളിപ്പെടുത്തല്‍ നടത്തിയത് ശ്രീനാരായണ ധര്‍മ പരിപാലന യോഗം (എസ്.എൻ. ഡി. പി) ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ആര്‍. നാരായണനാണ്. 1967 ജനുവരിയില്‍ പ്രസീദ്ധീകരിച്ച വിവേകോദയം മാസികയുടെ വാര്‍ഷികപതിപ്പില്‍ അദ്ദേഹം എഴുതി: ‘വൈക്കം ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്‍ നികന്നു പായല്‍ പിടിച്ചുകിടക്കുന്നൊരു കുളമുണ്ട്. ഈ കുളം ദളവാകുളം (ഇപ്പോള്‍ പ്രൈവറ്റ്​ ബസ്​ സ്​റ്റാൻറ്​) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബാലരാമവര്‍മ്മ മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലത്ത് കരിവരമുഖനാം കരിപ്പണിക്കന്റെ നേതൃത്വത്തില്‍ വൈക്കത്തെ ഈഴവര്‍, വൈക്കം ക്ഷേത്രത്തില്‍ കയറി ആരാധന നടത്താൻ ശ്രമം നടത്തി. അന്നത്തെ സര്‍വ്വാധികാര്യക്കാര്‍ കുഞ്ചിക്കുട്ടിയും അനുചരന്‍ കുതിരപക്ഷിയും വീരന്മാരായ ഈഴവരെയെല്ലാം വെട്ടിയരിഞ്ഞു കുഴിച്ചുമൂടിയ കുളമാണ് ദളവാകുളം- ക്ഷേത്രപ്രവേശനവാദത്തിന്റെ ജാലിയാന്‍ വാലാ ബാഗ്.’

ദളവാകുളം കൂട്ടക്കൊല ഓര്‍മിക്കപ്പെട്ടില്ലെങ്കിലും ദേശീയശ്രദ്ധയാകര്‍ഷിച്ച വൈക്കം സത്യഗ്രഹം 1924 മാര്‍ച്ച് 30 ന് ആരംഭിച്ച് 1925 നവംബര്‍ 12 ന് (603 ദിവസം) അവസാനിച്ചു. സമരത്തിന്റെ ഫലമായി 1936 നവംബര്‍ 12 ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം ഇങ്ങനെ വായിക്കാം: ജനനാലോ മതവിശ്വസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും നമ്മുടെയും ഗവണ്‍മെൻറിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.

വൈക്കം സത്യാഗ്രഹ നേതാക്കള്‍
വൈക്കം സത്യാഗ്രഹ നേതാക്കള്‍

ഇതിന്റെ ഫലമായാണ് ബ്രാഹ്​മണ- സവര്‍ണ മേധാവികളുടെ അധീനതയിലുള്ള ഹൈന്ദവ ക്ഷേത്രങ്ങളില്‍ ദലിത്- പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും
ദളവാകുളം കൂട്ടക്കൊലയുടെയും
വിലയിരുത്തല്‍

‘കേരള ചരിത്രകാരനായ എ. ശ്രീധരമേനോന്‍’ ആധുനിക കാലത്തെ അൽഭുതം എന്നാണ്‌ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ അഭിപ്രായത്തില്‍, ‘ജനങ്ങളുടെ ആദ്ധ്യത്മിക വിമോചനത്തിന്റെ ആധികാരികരേഖ’യാണ്. എന്നാല്‍ വ്യത്യസ്തമായ വിലയിരുത്തലാണ് വൈക്കം സത്യഗ്രഹത്തെ വിജയപഥത്തിലെത്തിച്ച ഇ.വി രാമസ്വാമി (പെരിയാർ) ക്കുള്ളത്.
അദ്ദേഹമെഴുതി: ഞങ്ങളെ സംബന്ധിച്ച്​ മനുഷ്യസമുദായത്തിനും ഇന്ത്യാ മഹാരാജ്യത്തിനും- പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്കും (ദലിതര്‍) ഇതിലൂടെ ആപത്തുണ്ടാകുമെന്നാണ് തോന്നുന്നത്. ഈ വിളംബരത്തിലൂടെ ആദിദ്രാവിഡര്‍ക്ക്, അതായത് സവര്‍ണര്‍ അടിച്ചമര്‍ത്തിവച്ചിരുന്ന ജനതയ്ക്ക്, ലഭിക്കുന്ന നേട്ടമെന്താണെന്ന് ചിന്തിക്കുമ്പോള്‍, പുരോഗതി നേടാനുള്ള അവസരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതാണ് ഈ വിളംബരമെന്ന് പറയേണ്ടിവരും . തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ അടിമത്തത്തിന്റെ കാരണത്തെക്കുറിച്ച് ചിന്തിച്ച് അതിനെതിരെ പോരാടുന്നതിനുപകരം അവര്‍ ഈശ്വരനിലും വിധിയിലും വിശ്വസിച്ച് എല്ലാം സഹിച്ചു മയങ്ങിപ്പോകും എന്നതാണ് ഈ വിളംബരം കൊണ്ടുണ്ടാകാന്‍ പോകുന്ന ദോഷം.

വിളംബരത്തിന്നാധാരമായ വൈക്കം സത്യഗ്രഹത്തിന്റെ ആന്തരികാനുഭവങ്ങളിലേക്ക്​ കടക്കുന്നതിനുമുമ്പായി, ജനങ്ങളുടെ സ്മൃ​തിപഥത്തില്‍നിന്ന്​ മാഞ്ഞുപോയിട്ടില്ലാത്ത ദളവാകുളം കൂട്ടക്കൊലയുടെ സത്യഗ്രഹത്തിലെ സ്വാധീനവും അതെങ്ങനെ വിണ്ടെടുക്കപ്പെട്ടുവെന്നുമാണ് പരിശോധിക്കേണ്ടത്.

പെരിയാർ ഇ.വി. രാമസ്വാമി
പെരിയാർ ഇ.വി. രാമസ്വാമി

കെ.ആര്‍. നാരായണനുമുമ്പ്, 1923- ല്‍ വൈക്കത്തിനടുത്ത് വടയാറില്‍ കുമാരനാശാന്‍ നടത്തിയ പ്രസംഗത്തില്‍, ദളവാകുളം കൂട്ടക്കൊലയിലേക്ക്​ നയിച്ച ഈഴവരുടെ പ്രവര്‍ത്തനത്തെ ‘ധീരകൃത്യ’മായാണ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത്, ദലിത്- ബഹുജന്‍ ചരിത്രകാരനായ എന്‍.കെ. ജോസും, സാമൂഹ്യവിമര്‍ശകനും ചരിത്രകാരനുമായ ഡോ. അജയ്‌ ശേഖറും ദളവാകുളം കൂട്ടക്കൊലയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവരില്‍, വ്യത്യസ്തമായൊരു നീരിക്ഷണമാണ് അജയ്​ ശേഖറിന്റേത്​. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘വൈക്കം ക്ഷേത്രം ബുദ്ധമത വിശ്വാസികളുടെ ആരാധനാലയമായിരുന്ന ബുദ്ധപള്ളിയാണ്. ആ ആരാധനാലയത്തെ എ.ഡി. 1539- ല്‍ ബ്രാഹ്​മണർ കൈയ്യടക്കി ഹൈന്ദവക്ഷേത്രമാക്കുകയായിരുന്നു. കേരളത്തില്‍ പ്രാമാണ്യം നേടിയതും സാര്‍വ്വത്രികവുമായ ശൈവാരാധനയെ നിഷേധിക്കാന്‍ കഴിയാതെ വന്നതിനാലാണ് ശിവക്ഷേത്രമായത്. ബ്രാഹ്​മണമേധാവിത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനുമുമ്പ്, ബൗദ്ധരായിരുന്ന ഈഴവരുടെ സ്വത്വനഷ്ടം നീറ്റിക്കൊണ്ടിരുന്ന യുവാക്കള്‍ സംഘടിതരായി ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹം പിടിച്ചെടുക്കാൻ നടത്തിയ സമരത്തിന്റെ പര്യവസാനമാണ് ദളവാകുളം കൂട്ടക്കൊല.’

ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്തുതന്നെയായിരുന്നാലും, കെ. ആര്‍. നാരായണന്റെ വിവരണത്തില്‍ ഹൈന്ദവമായ ആരാധനാ (വിശ്വാസം) സ്വാതന്ത്ര്യത്തിനുള്ള സമരമായും, അജയ്‌ശേഖറിനെ സംബന്ധിച്ച്​ ബുദ്ധവിശ്വാസ (സ്വത്വ) ത്തിന്റെ പുനഃസ്ഥാപനവുമായാണ് വായിക്കേണ്ടത്. എന്‍.കെ. ജോസിന്റെ അഭിപ്രായത്തില്‍, ദളവാകുളം കൂട്ടക്കൊല ബ്രാഹ്​മണ- സവര്‍ണ മേധാവിത്വത്തിനെതിരായ കലാപമാണ്.

കെ.ആര്‍. നാരായണന്‍
കെ.ആര്‍. നാരായണന്‍

മുകളില്‍ കൊടുത്ത വിലയിരുത്തലുകളെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ തന്നെ, വൈക്കം സത്യാഗ്രഹത്തില്‍ നിന്ന്​ തുടക്കം കുറിച്ച്, ക്ഷേത്രപ്രവേശനത്തിലെത്തിയ സമരത്തിന്റെ മുഖ്യ സവിശേഷത, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ ഉള്‍ക്കൊണ്ടാണ് അത്​ സംഭവിച്ചത്​ എന്നതാണ്​. കാരണമാകട്ടെ ദേശീയപ്രസ്ഥാനം മതനവോത്ഥാനവും, മതപരിഷ്‌കരണവും, ജാതിവ്യവസ്ഥയെ നിഷേധിച്ചുള്ള മതരൂപീകരണവും മാത്രമല്ല, മതനിരാസവും അംഗീകരിച്ചിരുന്നു എന്നതും. വൈക്കം സത്യഗ്രഹം ഈ ഘടകങ്ങള്‍ക്കെല്ലാമുപരി ദ്രാവിഡമായ സംസ്കാരികാസ്തിത്വത്തിന്റെ പുനഃസ്ഥാപനവും അയിത്ത ജാതികളുടെ തൊട്ടുകൂടായ്മയെ മറികടന്നുള്ള ഐക്യവും ഭരണഘടനയ്ക്ക്​ മാര്‍ഗ്ഗദര്‍ശകമായ സാമുദായിക പ്രാതിനിധ്യവുമായി മാറിയിരുന്നു. അതുകൊണ്ടാണ്, സമരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പെരിയാര്‍ മുന്നണിനേതൃത്വമാകുന്നത്. (ദേശീയ പ്രസ്ഥാനമെന്ന് ഉദ്ദേശിക്കുന്നത് ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് മാത്രമല്ല; മറിച്ച് വിവിധ ധാരകളെയാണ്.)

ആരാധനാ സമ്പ്രദായം

കേരളത്തില്‍ ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പ് ക്ഷേത്രപ്രവേശനത്തിന് അനുവാദമുണ്ടായിരുന്നത് ബ്രാഹ്​മണര്‍ക്കുമാത്രമായിരുന്നു. ശൂദ്രരരായി കണക്കാക്കപ്പെട്ട നായന്മാര്‍ക്കുപോലും കോവിലിനകത്തു കയറാന്‍ അനുവാദമില്ലായിരുന്നു. അന്നത്തെ ജാതിബദ്ധമായ ക്ഷേത്രാചാരക്രമം മന്നത്തു പത്മനാഭന്‍ ചിത്രീകരിക്കുന്നതിപ്രകാരമാണ്: അജ്ഞതകളും അനാചാരങ്ങളും അഭയം പ്രാപിച്ചിരിക്കുന്നത് സര്‍വ്വ വ്യാപകനായ ജഗദീശന്റെ അധിവാസസ്ഥാനമെന്ന് സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തിനുള്ളിലായിരുന്നു. ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കളെ ആദ്യം രണ്ടായി തിരിച്ചു. ക്ഷേത്രമതില്‍ക്കുള്ളില്‍ കടക്കുന്നവര്‍തന്നെ ദര്‍ശനത്തിനായി നില്‍ക്കുന്നത് ജാതിക്രമമനുസരിച്ചായിരുന്നു. ആരാധനയുടെ വിധത്തിലും ക്രമമുണ്ടായിരുന്നു. അകത്തുകടന്ന ജാതികളില്‍ അവസാനത്തെ ജാതി അപ്പോഴേയ്ക്കും ശുദ്രനായിത്തീര്‍ന്ന നായന്മാരായിരുന്നു. പുറത്തുനില്‍ക്കുന്നവരില്‍ പ്രാമാണിത്തം കൊണ്ടും സാമൂഹ്യനില കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നത് ഈഴവ സമുദായത്തിനായിരുന്നു. അവര്‍പുറത്തുനിന്നാല്‍ മാത്രം പോരാ, പന്ത്രണ്ടടി അകലെ നില്ക്കുകയും വേണം. ഏറ്റവും അകലെ നിൽക്കേണ്ടവര്‍ ഹരിജനങ്ങള്‍ (പഞ്ചമര്‍) ആയിരുന്നു. അവര്‍ക്ക് 64 അടിയായിരുന്നു അകലം. ഹിന്ദുമതവിശ്വാസികളായ ഭക്തജനങ്ങള്‍ക്കുപോലും സ്വാമിദര്‍ശനത്തിന് ക്ഷേത്രത്തില്‍ കടന്നുകൂടെന്നു മാത്രമല്ല, ക്ഷേത്രസാമീപ്യമുള്ള വഴിയില്‍ കൂടി ഇതര മതസ്ഥര്‍ക്കൊപ്പം നടക്കാനും പാടില്ലായിരുന്നു. മഹാക്ഷേത്രങ്ങളുടെ നാലുവശങ്ങളിലും എത്രയോ ദൂരം തീണ്ടല്‍ ജാതിക്കാര്‍ ഈ വഴിയെ സഞ്ചരിച്ചുകൂട എന്നുള്ള തീണ്ടല്‍പലക ഗവണ്‍മെന്റില്‍ നിന്നും സ്ഥാപിച്ചിരുന്നു.

എന്‍.കെ ജോസ്
എന്‍.കെ ജോസ്

സാമൂഹ്യജിവിതത്തില്‍ തലമുറകളായി നിലനിന്ന ഈ പൗരാവകാശ- മനുഷ്യാവകാശ നിഷേധം, ഒരു മൂല്യവ്യവസ്ഥയും അനുഷ്ഠാനവുമായി മാറിയെന്നു മാത്രമല്ല, ഈ അനീതിക്കെതിരെ ഹിന്ദു സമുദായത്തിലെ ജാതികളില്‍നിന്ന്​ കാര്യമായ എതിര്‍പ്പുകളും ഉയര്‍ന്നിരുന്നില്ല.
മറ്റൊരു കാരണം, എല്ലാവിഭാഗം ജനങ്ങള്‍ക്കും സ്വതന്ത്രമായി വിശ്വാസങ്ങള്‍ക്കനുസൃതമായ ആചാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതാണ്. താഴ്ന്ന ജാതികളെന്ന് കണക്കാക്കപ്പെട്ട ഓരോ വിഭാഗത്തിനും സ്വന്തമായി ആരാധനാലയങ്ങളും മൂര്‍ത്തികളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്​മണരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച്​ ഹൈന്ദവ ദൈവങ്ങളെ ആരാധിക്കേണ്ട ആവശ്യമില്ലായിരുന്നു. 1816- ലെ വാര്‍ഡിന്റെയും കോണറിന്റെയും സര്‍വ്വേ മെമ്മോയറില്‍, തിരുവിതാംകൂറില്‍ ഉയര്‍ന്ന ജാതികള്‍ക്ക് 3000 ക്ഷേത്രങ്ങളുണ്ടായിരുന്നപ്പോള്‍, താഴ്ന്ന ജാതികള്‍ക്കുണ്ടായിരുന്നത് 13,000 ക്ഷേത്രങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെയാണ് ദക്ഷിണേന്ത്യയുടെ ചരിത്രമെഴുതിയ കെ.എ. നീലകണ്ഠ ശാസ്ത്രി ഇപ്രകാരം എഴുതിയത്: 300 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രതിബന്ധമായിരുന്നില്ല. വിശാലവും നാനാമുഖവുമായ ഒരു ഹൈന്ദവ പുനരുദ്ധാരണം, ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും പ്രചാരണത്തെ തടയുകയും ആത്മാവിനെ ഇളക്കുന്ന ഭക്തിസാഹിത്യം വളരെയധികം സൃഷ്ടിക്കുകയും ദാര്‍ശനിക വീക്ഷണങ്ങള്‍ പുരോഗമിക്കുകയും ചെയ്തു. ഈ മതപരമായ ആവേശത്തിന്റെ പ്രചോദനത്തില്‍ വാസ്തുകല, ശില്‍പ്പകല, ചിത്രരചന, സംഗീതം എന്നിവയ്ക്കു ഗണ്യമായ പുരോഗതിയുണ്ടായി.

വിവിധ മതസ്ഥര്‍ അണിനിരന്ന സമരത്തില്‍ നിന്നും ദലിതരുള്‍പ്പെടുന്ന ഹിന്ദുക്കളെ അരിച്ചെടുത്ത ഗാന്ധിജി, വിലക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യത്തെ പൗരാവകാശവും മനുഷ്യാവകാശവുമായി കാണാന്‍ വിസമ്മതിക്കുകയായിരുന്നു.

ഉപരിസമുദായങ്ങളുടെ സ്വത്വാവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും, കീഴാള സമുദായങ്ങളെ പുറന്തള്ളുന്നതുമായ ഭക്തിയിലൂടെ രൂപം കൊണ്ട ഹിന്ദുമതത്തെയാണ് ശാസ്ത്രി സാംസ്കാരമായി വിലയിരുത്തുന്നത്. ഇതേ നിലപാടുതന്നെയാണ് കേരളത്തെ കുറിച്ച് എ. ശ്രീധരമേനോനുമുള്ളത്. തന്മൂലം, ഹിന്ദുമതം സവര്‍ണ- അവര്‍ണജാതികളുടെ സമാഹാരമാണെന്ന നേര്‍ക്കാഴ്ചയെ മൂടിവച്ചുകൊണ്ടദ്ദേഹം എഴുതുന്നു: കേരളത്തിന്റെ അന്തരീക്ഷം എന്നും സഹിഷ്ണുതയുടേയും സൗഹാർദ്ദത്തിന്റേതുമായിരുന്നു. ഹിന്ദുമതത്തില്‍ തന്നെ ഒട്ടേറെ അവാന്തരവിഭാഗങ്ങളുണ്ടായിരുന്നിട്ടും ഒരു കാലത്തും കേരളത്തില്‍ മതപരമായ സ്പര്‍ദ്ധയോ സംഘട്ടനമോ ഉണ്ടായിട്ടില്ല. ശൈവരും വൈഷ്ണവരും തമ്മില്‍ സഹോദരബന്ധമാണ് പുലര്‍ത്തിയത്. ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം തുടങ്ങിയവയോട് ഹിന്ദുമതം തികഞ്ഞ സൗഹാര്‍ദ്ദം പുലര്‍ത്തിയിരുന്നു. ജനജീവിതത്തില്‍ ഹിന്ദുമതത്തിനുള്ള സമുന്നത സ്ഥാനം ഇതര മതങ്ങളെ അവയോടെ വീക്ഷിക്കുന്നതിന് ഹിന്ദുവിനെ പ്രേരിപ്പിച്ചില്ല.

 ഡോ. അജയ് ശേഖർ
ഡോ. അജയ് ശേഖർ

ഇപ്രകാരമുള്ള അതിഭാവുകത്വപരമായ നിരീക്ഷണങ്ങളില്‍ നിന്ന്​ ചോര്‍ന്നുപോകുന്നത്, ഹിന്ദുമതത്തിലെ ജാതീയമായ സാമൂഹ്യവിഭജനവും ഘടനാപരമായ സവിശേഷതകളുമാണ്.

മതത്തിന്റെ
പ്രത്യയശാസ്ത്രം

മതപരിഷ്‌ക്കരണം, ദേശീയ സ്വാതന്ത്ര്യസമരത്തിലെ പ്രധാന ഘടകമായിരുന്നു. ഹിന്ദുക്കളെ സംബന്ധിച്ച്​, ഇതിന്റെയടിസ്ഥാനത്തില്‍ ദൈവത്തിനു മുമ്പില്‍ ജാതിവ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കളും തുല്യരാണെന്ന സങ്കല്‍പ്പനമാണ് മുന്നോട്ടുവച്ചത്. സെമറ്റിക് മതങ്ങളിലെ ഈ വിശ്വാസം ഹിന്ദുമതത്തിന്റേതാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് വൈക്കം സത്യഗ്രഹം ഉയര്‍ത്തിപ്പിടിച്ചത്. ഇത്തരമൊരു വിശ്വാസമാണ്​ ഗാന്ധിജിക്കുണ്ടായിരുന്നത്.
അദ്ദേഹം എഴുതി: ഞാന്‍ എവിടെ പോകുമ്പോഴും അകറ്റിനിര്‍ത്തപ്പെടുന്ന ഈ ജനവിഭാഗം എന്റെ മാനസികദൃഷ്ടിക്കുമുന്നില്‍ വന്നുനില്‍ക്കുന്നു. അവര്‍ക്ക് ഉദ്ഗതിയുണ്ടാക്കാനുള്ള മാര്‍ഗ്ഗം നിയമസഭാസീറ്റും സംവരണവുമല്ല, ഹിന്ദു സമുദായത്തില്‍ പെട്ട സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കലാണെന്ന് എനിക്ക് തോന്നുന്നു.
മാത്രമല്ല, ഹിന്ദു മതത്തില്‍ അയിത്തം എന്ന അനാചാരമുണ്ടെന്ന് ശങ്കരന്‍ ഉള്‍പ്പെടെയുള്ള മതാചാര്യന്മാര്‍ പരാമര്‍ശിക്കുന്നില്ലെന്ന് ഗാന്ധിജി നിരന്തരം വാദിച്ചിരുന്നു, തന്മൂലം മതവിശ്വസത്തെ വേദവിശുദ്ധിയായും ഹിന്ദുദൈവാരാധനയുമായി പരിവര്‍ത്തനപ്പെടുത്താനുള്ള ദൗത്യമാണദ്ദേഹം ഏറ്റെടുത്തത്.

വൈക്കം സത്യഗ്രഹകാലത്തെ ഗാന്ധിജിയുടെ നിയോഗത്തെക്കുറിച്ച് ഡോ. മാളവിക ബിന്നി എഴുതുന്നു: ഗാന്ധിജി പുലയ മഹായോഗത്തെ അഭിസംബോധന ചെയ്യുമ്പോഴും, ദലിത് സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍, സമുദായവുമായി ബന്ധപ്പെട്ട സ്റ്റീരീയോ ടൈപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നു എന്നതും കൗതുകകരമാണ്. നിങ്ങളില്‍ എത്രപേര്‍ കള്ളു കുടിക്കുന്നവരാണ്, എത്രപേര്‍ മാംസം കഴിക്കുന്നവരാണ്- മറ്റുമുള്ള ചോദ്യങ്ങള്‍ ഗാന്ധിജി അവരോട് ചോദിക്കുന്നതായി കാണാം. ഖദര്‍ വസ്ത്രം ധരിക്കാനും നൂല്‍നൂല്‍പ്പ് പഠിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ദൈവത്തെ ഭജിക്കാന്‍ പേരറിയില്ലെങ്കില്‍ രാമന്‍ എന്നു ഭജിച്ചാല്‍ മതിയെന്നും ഉപദേശിക്കുന്നുണ്ട്.’’

ഡോ. മാളവിക ബിന്നി
ഡോ. മാളവിക ബിന്നി

വിവിധ മതസ്ഥര്‍ അണിനിരന്ന സമരത്തില്‍ നിന്നും ദലിതരുള്‍പ്പെടുന്ന ഹിന്ദുക്കളെ അരിച്ചെടുത്ത ഗാന്ധിജി, വിലക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യത്തെ പൗരാവകാശവും മനുഷ്യാവകാശവുമായി കാണാന്‍ വിസമ്മതിക്കുകയായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കരിനിയമങ്ങള്‍ റദ്ദാക്കുക, പത്രസ്വാതന്ത്ര്യം അനുവദിക്കുക, രാഷ്ട്രീയ തടവുകരെ മോചിപ്പിക്കുക എന്നിങ്ങനെയുള്ള പൗരാവകാശ പ്രശ്‌നങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം, വൈക്കം സത്യഗ്രഹത്തെ വിലയിരുത്തിയത് പൗരസമത്വാവകാശം എന്ന നിലയിലായിരുന്നു. തന്മൂലം, നേതൃത്വത്തിന്റെ മുകള്‍തട്ടുമുതല്‍ താഴെ തട്ടുവരെ ഹൈന്ദവേതര വിഭാഗങ്ങള്‍ വൈക്കം സത്യഗ്രഹ സമരത്തില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇവരില്‍ ഏറ്റവും പ്രാധാന്യമുള്ള വ്യക്തി, സര്‍വ്വേന്ത്യാ നായകനായി സമരനേതൃത്വം വിശേഷിപ്പിച്ച ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും യങ്​ ഇന്ത്യയുടെ പത്രാധിപരുമായിരുന്ന അദ്ദേഹം ഭാര്യയോടൊപ്പമാണ് സമരനേതൃത്വമായി പ്രവര്‍ത്തിച്ചത്. മാത്രമല്ല; 1924 ഏപ്രില്‍ 15 ന് സമരത്തെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: സകല സ്ഥലങ്ങളിലും പ്രതിനിധികളടങ്ങിയ ഈ നാട്ടുകാരുടെ മഹായോഗം ഉടനടികൂടി ഇപ്പോഴത്തെ ഗവണ്‍മെന്റില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല എന്നൊരു നിശ്ചയം പാസ്സാക്കുകയും ഉടനടി ഉത്തരവാദ ഭരണം സ്ഥാപിക്കുന്നതിന് പദ്ധതികള്‍ രൂപീകരിച്ച് അതുപ്രകാരം പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും വേണം.

സമരത്തിലണിനിരന്ന ക്രൈസ്​തവ- മുസ്​ലിം വിഭാഗങ്ങളെ മാത്രമല്ല, സത്യഗ്രഹികള്‍ക്ക് സസ്യഭോജനശാല ഒരുക്കിയ പഞ്ചാബില്‍ നിന്നുള്ള അഹിന്ദുക്കളായ അകാലിദള്‍ പ്രവര്‍ത്തകരേയും ഗാന്ധിജി പിന്തിരിപ്പിച്ചു.

മറ്റൊരു നേതൃത്വം, ലോകമാന്യന്‍ കേസില്‍ കുറൂര്‍നമ്പൂതിരിപ്പാടിനോടൊപ്പം കൊച്ചിയിലെ ജയിലുകളിലൊന്നില്‍പോയി ദേശാഭിമാനം തെളിയിച്ച സെബാസ്റ്റ്യനാണ്. കൂടാതെ കുരുവിളയെന്നൊരു പ്രവര്‍ത്തകനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇവരുടെ നേതൃത്വത്തിലും ആഹ്വാനപ്രകാരവും നിരവധി ക്രിസ്ത്യാനികള്‍ സംഘാടനത്തിലും സത്യഗ്രഹത്തിലും പങ്കെടുത്തിരുന്നുവെന്നുവേണം കരുതേണ്ടത്. മുസ്​ലിം സമുദായാഗങ്ങളായ അബ്ദുറഹ്മാനും പരീത് സാഹിബും സമരത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. കൊല്ലത്തു ചേര്‍ന്നയോഗത്തില്‍ പരീത് സാഹിബ് പങ്കെടുത്തിരുന്നു. മറ്റൊരു യോഗത്തില്‍ വളരെയേറെ ധനസഹായം ചെയ്തത് മുസ്​ലിംകളായിരുന്നു. മാത്രമല്ല, സത്യഗ്രഹ സാഹസിക സംഘം എന്നൊരു സംഘം രൂപീകരിച്ച്​ നാലണ വീതം പിരിച്ച്​ സത്യഗ്രഹഫണ്ട് രൂപീകരിക്കാനൊരു കമ്മിറ്റിയെ തെരഞ്ഞടുക്കുകയും ചെയ്തു. അഹിന്ദുക്കളെ ആകര്‍ഷിച്ച പൗരാവകാശമെന്ന ആവശ്യത്തെ, ടി.കെ. മാധവന്റെ സഹധര്‍മ്മിണിയുടെ അഭ്യര്‍ത്ഥനയില്‍, പബ്ലിക് വീഥികളിലൂടെയുള്ള സഞ്ചാരത്തെ പൗരാവകാശസമത്വ സ്ഥാപനമായാണ് കണക്കാക്കിയത്. സമരത്തിലെ ഈ ധാരയെയും അഹിന്ദുക്കളുടെ സാന്നിദ്ധ്യത്തെയും ഡോ. ബി.ആര്‍. അംബേദ്കറും അംഗീകരിച്ചിരുന്നു.

ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്‌
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്‌

കോണ്‍ഗ്രസിലെ ഒരുവിഭാഗം അഹിന്ദുക്കളുടെ സമരത്തിലെ പങ്കാളിത്തം അംബേദ്കറുടെ അഭിപ്രായത്തില്‍, അസ്പൃശ്യരുടെ ചില അവശതകള്‍ പൗരസംബന്ധിയാണെന്നും, പൗരാവകാശ സംബന്ധിയായ അവശതകളെ സംബന്ധിച്ച്​ സത്യഗ്രഹം മുന്നോട്ടുകൊണ്ടുപോകാന്‍ അഹിന്ദുക്കളുടെ സഹായം പോലും ആവശ്യവുമായിരുന്നു.

ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഗാന്ധിജി പൗരാവകാശത്തെ വെട്ടിമാറ്റാന്‍ ഉപയോഗിച്ച ആയുധം അയിത്തോച്ചാടനം എന്ന സ്വന്തം സങ്കല്‍പ്പനമാണ്. ഇക്കാര്യത്തില്‍ അംബേദ്കര്‍ നല്കുന്ന വീശദീകരണം ഇങ്ങനെയാണ്: അയിത്തം ഹിന്ദുക്കളുടെ പാപമാണെന്ന് ഗാന്ധിജി വാദിച്ചു. അതുകൊണ്ട്​ ഹിന്ദുക്കളാണ് പശ്ചാത്തപിക്കേണ്ടത്. അയിത്തം ഇല്ലാതാക്കുന്നതിന്​ അവരാണ് സത്യഗ്രഹം നടത്തേണ്ടത്, അസ്പൃ​ശ്യരല്ല. കാരണം, അവര്‍ പാപം ചെയ്തവരല്ല.

ഗാന്ധിജി നിര്‍ദ്ദേശിച്ചത് ക്ഷേത്രപ്രവേശനാവശ്യം മുന്നോട്ടുവയ്ക്കാതെ പൊതുകിണറുകളില്‍ നിന്ന്​ വെള്ളമെടുക്കാനുള്ള അനുവാദത്തിനുവേണ്ടി പ്രക്ഷോഭം നടത്തണമെന്നായിരുന്നു. ഇതിന് കാരണമായദ്ദേഹം കരുതിയത്, ഈഴവര്‍ ദലിതരെപ്പോലെ പിന്നണി ജനതയാണെന്നാണ്.

ഗാന്ധിയുടെ നിലപാട് സവര്‍ണജാതി മേധവിത്വത്തെ സംരക്ഷിക്കുന്നതായിരുന്നു. ബോംബെ പ്രസിഡന്‍സിയിലെ അസ്പൃ​ശ്യര്‍ പൊതുകുളത്തില്‍നിന്ന്​ വെള്ളമെടുക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ മഹദിലും, ഒരു ഹിന്ദുക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന്​ നാസിക്കിലും നടത്തിയ സത്യഗ്രഹം ജാതിഹിന്ദുക്കള്‍ക്കെതിരായതിനാലാണ് ഗാന്ധി പിന്തുണക്കാതിരുന്നത്. ചുരുക്കത്തില്‍, ഹിന്ദുമതത്തിന്റെ ശാപമായ അയിത്തത്തിന് ശങ്കരാചാര്യരെപ്പോലുള്ള ഹൈന്ദവാചാര്യന്മാരുടെ അംഗീകാരമില്ലാത്തതിനാല്‍, നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത്, പരിഷ്‌കരണവാദികളായ സവര്‍ണ ഹിന്ദുക്കളുടെ കടമയാണെന്ന് വാദിക്കുക വഴി, പൗരാവകാശത്തെ കോണ്‍ഗ്രസിന്റെയും സത്യഗ്രഹത്തിന്റെയും ഭാഗമാക്കിയവരെ ഗാന്ധിജി തള്ളിമാറ്റുകയായിരുന്നു.

വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കൊച്ചിയിലെത്തിയപ്പോൾ
വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കൊച്ചിയിലെത്തിയപ്പോൾ

ഫലമോ? ജോര്‍ജ്ജ് ജോസഫ് കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നെങ്കില്‍, ഇതര നേതൃത്വങ്ങള്‍ തിരശ്ശീലക്കു പിന്നില്‍ മറയുകയായിരുന്നു. സമരത്തിലണിനിരന്ന ക്രൈസ്​തവ- മുസ്​ലിം വിഭാഗങ്ങളെ മാത്രമല്ല, സത്യഗ്രഹികള്‍ക്ക് സസ്യഭോജനശാല ഒരുക്കിയ പഞ്ചാബില്‍ നിന്നുള്ള അഹിന്ദുക്കളായ അകാലിദള്‍ പ്രവര്‍ത്തകരേയും ഗാന്ധിജി പിന്തിരിപ്പിച്ചു.

മുന്നൊരുക്കങ്ങള്‍

വൈക്കം സത്യഗ്രഹത്തിന്റെ സംഘാടക സമരനേതൃത്വമായിരുന്ന ടി.കെ. മാധവന്‍, തിരുനല്‍വേലിയില്‍ വച്ച് ഗാന്ധിജിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത് 1921 സെപ്റ്റംബര്‍ 24 നാണ്. ഗാന്ധിജി നിര്‍ദ്ദേശിച്ചത് ക്ഷേത്രപ്രവേശനാവശ്യം മുന്നോട്ടുവയ്ക്കാതെ പൊതുകിണറുകളില്‍ നിന്ന്​ വെള്ളമെടുക്കാനുള്ള അനുവാദത്തിനുവേണ്ടി പ്രക്ഷോഭം നടത്തണമെന്നായിരുന്നു. ഇതിന് കാരണമായദ്ദേഹം കരുതിയത്, ഈഴവര്‍ ദലിതരെപ്പോലെ പിന്നണി ജനതയാണെന്നാണ്. ഈഴവരുടെ സ്ഥിതി ഇന്ത്യയിലെ പഞ്ചമരുടേതുപോലെയാണെന്ന് മഹാത്മജി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ഭൂവുടമസ്ഥര്‍, കച്ചവടക്കാര്‍, വ്യവസായികള്‍, ന്യായാധിപന്മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ തിരുവിതാംകൂറിലെ ഈഴവ സമുദായത്തിലുണ്ടെന്നും ശ്രീനാരായണ ഗുരുവിനെപ്പോലൊരു മഹാത്മാവും സമുദായത്തിലുണ്ടെന്നും ടി.കെ. മാധവൻ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, ‘നിങ്ങള്‍ ക്ഷേത്രപ്രവേശനത്തിന് പാകമായവര്‍’ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ഈ കൂടിക്കാഴ്​ചക്കു മുമ്പുതന്നെ സ്വന്തം പത്രമായ ദേശാഭിമാനിയിലൂടെയും, തിരുവിതാംകൂര്‍ നിയമസഭയ്ക്കകത്തും ടി.കെ. മാധവന്‍ അയിത്തത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെ നിരന്തരം പോരാടി. ഈ സാമൂഹികാവബോധത്തിന്റെ ഫലമായാണ് ആരാധനാസ്വാതന്ത്ര്യത്തിനുള്ള അവകാശം സാമൂഹികമെന്നതുപോലെ രാഷ്ട്രീയവുമായിരിക്കണം എന്നദ്ദേഹം കരുതിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് 1923- ല്‍ കാക്കിനദയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത്,​ അയിത്തോച്ചാടനത്തിന് അഖിലേന്ത്യാ തലത്തില്‍ കര്‍മപരിപാടി ആവിഷ്‌കരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. മാത്രമല്ല, സമരമാതൃകയെന്ന നിലയിലാണ് 1924 മാര്‍ച്ച് 17 ന് ആമചാടി തേവനുള്‍പ്പെടുന്ന ദലിത് നേതാക്കളെയും കൂട്ടി വൈക്കത്തിനടുത്തുള്ള പൂത്തോട്ട ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഫലമോ, മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് ആറുമാസത്തെ ജയില്‍ശിക്ഷയ്ക്കാണ് വിധിച്ചത്.

ടി.കെ. മാധവൻ
ടി.കെ. മാധവൻ

കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ഗാന്ധിജിയുടെ അയിത്തോച്ചാടനത്തെ അംഗീകരിച്ചപ്പോള്‍ തന്നെ സാമൂഹ്യവും ദാര്‍ശനികവുമായ പരിപ്രേക്ഷ്യത്തിൽ ടി. കെ. മാധവന് ശ്രീനാരായാണ ഗുരുവാണ് ആരാധ്യനായിരുന്നത്. എന്നാല്‍, ശ്രീനാരായണ ചിന്തയ്ക്ക് രാഷ്ട്രീയവല്‍ക്കരണം കഴിയാതിരുന്നതിനാലാണ്, ഗാന്ധിജി സ്വീകാര്യനായതെന്നു കരുതാം. ഈ വൈരുധ്യം ഗാന്ധിജി ഉള്‍ക്കൊണ്ടിരുന്നപ്പോള്‍ തന്നെ ഹൈന്ദവേതര നേതൃത്വത്തോടെന്ന നിലയിലുള്ള നടപടി സ്വീകരിക്കാന്‍ ശ്രമിച്ചതേയില്ല.

ഡോ. മാളവിക ബിന്നി എഴുതുന്നു: 1925 മാര്‍ച്ച് 12 ന് തിരുവിതാംകൂര്‍ മഹാറാണിയുമായുള്ള സന്ദര്‍ശനത്തിനുശേഷം ഗാന്ധിജി ശിവഗിരിയിലെത്തി നാരായണ ഗുരുവിനെ സന്ദര്‍ശിക്കുന്നുണ്ട്. ഗുരു മുന്നോട്ടുവച്ച ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആപ്തവാക്യത്തോടുള്ള എതിര്‍പ്പ് ഗാന്ധിജി പ്രകടിപ്പിച്ചതായി സാമൂഹ്യനീരിക്ഷകനായ റോബിന്‍ ജെഫ്രി പറയുന്നുണ്ട്. അയിത്തോച്ചാടനത്തിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളുടെ കാര്യത്തിലും ഗാന്ധിജിയും ഗുരുവും വിഭിന്ന അഭിപ്രായങ്ങള്‍ ഉള്ളവരായിരുന്നു. വൈക്കം സത്യഗ്രഹം ഉള്‍പ്പെടെയുള്ള തൊട്ടുകൂടായ്മക്കെതിരെയുള്ള സമരങ്ങളില്‍ അഹിംസയിലൂന്നിയ ഒരേയൊരു മാര്‍ഗ്ഗം മാത്രമാണെന്ന് ഗാന്ധിജി നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍, ജാതിപോരാട്ടങ്ങള്‍ തൊട്ടറിഞ്ഞ ഗുരു, മര്‍ദ്ദിത ജനവിഭാഗങ്ങള്‍ ഏതു വിധേയനയും അയിത്തത്തിനെതിരെ പോരാടുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനായിരുന്നു.

ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യതിയാനം മറ്റൊരവസരത്തില്‍ ആശ്രമത്തിലെ ഒരന്തേവാസിയുമായുള്ള സംഭഷണത്തില്‍ ഗുരു പ്രകടിപ്പിക്കുന്നുണ്ട്

റോബിന്‍ ജെഫ്രി
റോബിന്‍ ജെഫ്രി

ഗുരു: എല്ലാവരും എങ്ങനെയാണ് യഥാര്‍ത്ഥ സത്യഗ്രഹിയാകുക.
അന്തേവാസി: ഇല്ല. അതുകുറെ പ്രയാസമാണെന്നാണ് പറയുന്നത്.
ഗുരു: എന്നാല്‍ ഒരാള്‍ യഥാര്‍ത്ഥ സത്യഗ്രഹി ആയാല്‍ ജയിക്കണമല്ലേ? വെയിലും കൊണ്ട് പട്ടിണി കിടന്ന് കഷ്ടപ്പെടുന്ന പാവങ്ങളെ കുറ്റം പറയേണ്ട ആവശ്യം അങ്ങനെയായാല്‍ ഉണ്ടാവുകയില്ലായിരുന്നു.

ഗുരുവിന്റെ വാക്കുകളില്‍, ഓരോ സമുദായവും എത്ര കണ്ട് ആന്തരമായ പരിഷ്‌കരണത്തെ പ്രാപിക്കുന്നുവോ, അത്ര കണ്ട് സുഖപ്രാപ്തിയുടെ അളവും ഭേദപ്പെട്ടുകൊണ്ടിരിക്കും. ഇപ്രകാരമുള്ള ആന്തരിക പരിഷ്‌ക്കരണത്തിലൂടെ നടപ്പാകുന്നത് ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച മൂല്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിഷേധമാണ്.

ഗുരു, ഈഴവര്‍ക്കുമാത്രമല്ല പുരോഗമനപരമായും ജാതിവിരുദ്ധമായും ചിന്തിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സമാരാദ്ധ്യനായത് ബ്രാഹ്​മണിസത്തിനും ശങ്കരന്റെ അദ്വൈതത്തിനുമെതിരായ ദാര്‍ശനിക നിലപാടുകളിലൂടെയാണ്. ഗുരുവിന്റെ ചിന്തകളെ ഇപ്രകാരം സംഗ്രഹിക്കാം. നൂറ്റാണ്ടുകളായി നിലനിന്ന ജാതിവ്യവസ്ഥയുടെ വരദാനമായിരുന്ന ജാതീയ സ്വയംഭരണവും ജാതീയ സ്വത്തുടമസ്ഥതയും ദുര്‍ബലപ്പെടുത്തുന്നത് ഗുരുവാണ്. ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്, ബ്രാഹ്​മണമേധാവിത്വം അദ്വൈതത്തിലൂടെ കൈവരിച്ച ജ്ഞാനാധികാരത്തിനെതിരായ ചിന്താകലാപത്തിലൂടെയാണ്. ഗുരു അദ്വൈതവാദിയായിരുന്നു. എങ്കിലും, ശങ്കരന്റെ അദ്വൈതത്തെ അപനിര്‍മ്മിക്കുന്ന വിപ്ലവകരമായ കടമയാണദ്ദേഹം നിര്‍വ്വഹിച്ചത്.

ഈ അര്‍ത്ഥത്തില്‍ പ്രപഞ്ചം മായയാണെന്ന പരികല്‍പ്പനയെ നിഷേധിച്ച്​, പദാര്‍ത്ഥനിഷ്ഠമാക്കി. ആര്‍ജ്ജിത ജ്ഞാനത്തിലൂടെയുള്ള കര്‍മ്മത്തെ ചരിത്രപരമാക്കിയതിലൂടെ, ദര്‍ശനത്തെ സാമൂഹ്യപരിവര്‍ത്തനോപാധിയാക്കി. ഗുരുവിന്റെ ദര്‍ശനത്തില്‍ മനുഷ്യന്റെ പരമമായ ലക്ഷ്യം സുഖം (‘സൗഖ്യം തന്നെയിതെല്ലാമോര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം’) കൈവരിക്കുകയാണ്. സുഖപ്രാപ്തിക്കായുള്ള അന്വേഷണം, അദ്വൈതത്തിലെ ജീവനും ബ്രഹ്​മവുമായുള്ള ലയനാത്മകതയല്ല, മറിച്ച് ലൗകിക ജീവിതം ആവശ്യപ്പെടുന്ന കടമകളുടെ നിര്‍വ്വഹണമാണ്. ഗുരുവിന്റെ ദാര്‍ശനികപദ്ധതി വ്യക്തികളേയും സമൂഹത്തെയും ഉള്‍ക്കൊണ്ട് ചരിത്രപരമാകുന്നത്, അക്കാലത്തെ രൂപകമായ സമുദായാധിഷ്ഠിതമായതിലൂടെയാണ്.

Enter caption
Enter caption

അതായത്, ഗുരുവിന്റെ വാക്കുകളില്‍, ഓരോ സമുദായവും എത്ര കണ്ട് ആന്തരമായ പരിഷ്‌കരണത്തെ പ്രാപിക്കുന്നുവോ, അത്ര കണ്ട് സുഖപ്രാപ്തിയുടെ അളവും ഭേദപ്പെട്ടുകൊണ്ടിരിക്കും. ഇപ്രകാരമുള്ള ആന്തരിക പരിഷ്‌ക്കരണത്തിലൂടെ നടപ്പാകുന്നത് ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച മൂല്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിഷേധമാണ്. മാത്രമല്ല, സുഖത്തെ ശാരീരികവും മാനസികവും ആത്മീയവുമായ അനുഭവമാക്കാന്‍ സമുദായം മതനിഷ്ഠയും സദാചാരവും പുലര്‍ത്തേണ്ടതുണ്ട്. ഇതിന് സഹായകമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും എല്ലാ ജനങ്ങള്‍ക്കും വരുത്തിക്കൂട്ടാനുള്ള സാമുദായിക പ്രവര്‍ത്തനം, ഒരു വശത്ത് ബ്രാഹ്​മണിസത്തിന്നെതിരായ കലാപമാകുമ്പോള്‍ മറുവശത്ത്, സമുദായങ്ങളുടെ ധനസംബന്ധമായ അഭിവൃദ്ധിയും സ്വാശ്രയത്വവുമായി മാറുന്നു. ഈ ലക്ഷ്യം നേടിയെടുക്കാൻ കൃഷി, കച്ചവടം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയുടെ പരിഷ്‌കരണം, പദാര്‍ത്ഥവല്‍ക്കരിക്കപ്പെട്ട ലോകത്തില്‍ ആര്‍ജ്ജിതമായ ജ്ഞാനത്തിലൂടെയുള്ള കര്‍മ്മം അനിവാര്യമാക്കുന്നു.

ഈഴവര്‍ക്ക്, ഇതര സമുദായങ്ങളേക്കാള്‍ ഗുരു ആദര്‍ശവും ആത്മാവബോധവുമായിരുന്നു. തന്മൂലം, അദ്ദേഹത്തിന്റെ മേല്‍ നിഴല്‍ വീഴുന്നതുപോലും ആ സമുദായത്തെ അഗാധമായി മുറിവേല്‍പ്പിക്കുമായിരുന്നു.

ഗുരുവിനെ സംബന്ധിച്ച്​ ലൗകികവും ആത്മീയവും രണ്ടല്ല, ഒന്നാണ്. അവയെ ഒന്നാക്കുന്നത് കര്‍മബോധമാണ്. സുഖത്തിന്റേതായ കര്‍മപദ്ധതിയെ മനുഷ്യസമുദായത്തിന്റേതാക്കി മാറ്റുന്നതിലൂടെ, ലൗകികവും ആത്മീയവുമായ കർമങ്ങള്‍ ഏകോപിച്ചുള്ള ശരീരത്തിന്റെ പ്രവര്‍ത്തനമായി മാറുന്നു. കര്‍മബോധത്തിന്റെയും ആര്‍ജ്ജിത ജ്ഞാനത്തിന്റെയും സമന്വയത്തിലൂടെ സമൂഹം ജാതിവിഭജനത്തെയും അയിത്തത്തെയും നിഷേധിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സാഹോദര്യം (എല്ലാവരും ആത്മസഹോദരര്‍) ഗുരുവിന്റെ ദര്‍ശനത്തെ ജനാധിപത്യവല്‍ക്കരണത്തിന്റെ അടിത്തറയാക്കുന്നു. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത പദാര്‍ത്ഥനിഷ്ഠമായ ലോകവും ആര്‍ജ്ജിത ജ്ഞാനവും അദ്വൈതത്തിന്റെ പ്രസക്തിയെയാണ് ചോദ്യം ചെയ്യുന്നത്. സുഖവും സൗന്ദര്യവും സ്വാതന്ത്ര്യവും മനുഷ്യന്റെ ലക്ഷ്യമായിരിക്കുന്നതിനാല്‍ ലോകത്തെ മാറ്റാനും ജീവിതത്തെ പുതുക്കിപ്പണിയാനുമുള്ള ദര്‍ശനമാണ് ഗുരുവിന്റേത്​.

ഈഴവര്‍ക്ക്, ഇതര സമുദായങ്ങളേക്കാള്‍ ഗുരു ആദര്‍ശവും ആത്മാവബോധവുമായിരുന്നു. തന്മൂലം, അദ്ദേഹത്തിന്റെ മേല്‍ നിഴല്‍ വീഴുന്നതുപോലും ആ സമുദായത്തെ അഗാധമായി മുറിവേല്‍പ്പിക്കുമായിരുന്നു.

മൂലൂര്‍ പത്മനാഭപണിക്കര്‍/  Photo: മൂലൂര് സ്മാരക സമിതി, Facebook
മൂലൂര്‍ പത്മനാഭപണിക്കര്‍/ Photo: മൂലൂര് സ്മാരക സമിതി, Facebook

വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1925- ല്‍ നടന്ന ഈഴവ- മുസ്​ലിം ലഹളയ്ക്കടിസ്ഥാനമായത് ഗുരുവിന്റെ ഫോട്ടോയുമായി നടത്തിയ ഘോഷയാത്രക്കെതിരെ ഒരു മുസ്​ലിം യുവാവ് കല്ലെറിഞ്ഞതാണ്. ഇതിനപ്പുറം പ്രകോപനപരമായിരുന്നു, വൈക്കം ക്ഷേത്രത്തിനൊരുവശത്തുള്ള പൊതുനിരത്തിലൂടെ റിക്ഷയില്‍ സഞ്ചരിച്ച ഗുരുവിനെ, ഒരു ബ്രാഹ്​മണന്‍തടഞ്ഞുനിര്‍ത്തി റിക്ഷയില്‍ നിന്നിറക്കിവിട്ട സംഭവം. ഇതൊരു കലാപമായി മാറാതിരുന്നതിനു കാരണം, ഈഴവരുടെ സാമുദായിക നേതൃത്വം ബ്രാഹ്​മണ മേധാവിത്വത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുന്ന സഞ്ചാര സ്വാതന്ത്ര്യ സമരം മുഖ്യമാക്കിയതിലൂടെയാണ്.

ആധാരമായി ചൂണ്ടിക്കാണിക്കാവുന്ന പ്രതികരണങ്ങളാണുണ്ടായത്. കുമാരനാശന്‍ വടയാറില്‍ നടന്ന യോഗത്തില്‍ പറഞ്ഞു, ‘നാമിതിന് നിമിത്തമായല്ലോ.’
ടി.കെ മാധവന്റെ വാക്കുകള്‍, ‘ഗുരുവിനു തീണ്ടലോ’ എന്നായിരുന്നു.
മൂലൂര്‍ പത്മനാഭപണിക്കര്‍ കവിതയിലെഴുതി:
വൈക്കത്തുവച്ചു
മുന്നം റിക്ഷാവണ്ടിയില്‍
മുനിമുഖ്യനാം നാരയണസ്വാമികള്‍ പോയിടവേ
മുഷ്‌കെഴും ഒരു മഹിദേവന്‍ നേരെ വന്നു
ചക്രവാഹകനോട് മാറുകയെന്നു ചൊല്ലി
രക്തനാഡികളെല്ലാം ഊഷ്മളമാക്കി തീര്‍ക്കും
ഇക്കഥയോര്‍ക്കുകില്‍ എന്തിനീ ഹിന്ദുമതം?

ഗുരുവിന്റെ സമീപനമാകട്ടെ, സത്യഗ്രഹത്തിന്​ അനുകുലമായ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു. അദ്ദേഹം സ്വന്തം വെല്ലൂര്‍ മഠം സത്യഗ്രഹികള്‍ക്കായി വിട്ടുകൊടുത്തു. ശിവഗിരിയില്‍ സ്ഥാപിച്ച ഭണ്ഡാരപെട്ടിയില്‍ നിന്നും ലഭിച്ച പണം കാല്‍നടയായെത്തി സംഭാവന ചെയ്തു. ഈ യാത്ര ഈഴവര്‍ക്കും മറ്റ് ഉല്‍പ്പതിഷ്ണക്കളായ സവര്‍ണര്‍ക്കുമുള്ള സന്ദേശമായിരുന്നു.

1865- ല്‍ തിരുവനന്തപുരം കോട്ടയ്ക്കകം ഒഴികെയുള്ള എല്ലാ പൊതുനിരത്തുകളും അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തിരുന്നു. ഇപ്രകാരമൊരു രാജശാസനമുണ്ടായിരുന്നിട്ടും സവര്‍ണര്‍ പൊതുനിരത്തുകളില്‍ അയിത്തജാതിക്കാരെ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

പുലയ മഹാസമ്മേളനം

വൈക്കം സത്യഗ്രഹത്തിനും ക്ഷേത്രപ്രവേശന വിളംബരത്തിനും മുമ്പു തന്നെ, വൈക്കത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും അയ്യങ്കാളി നേതൃത്വം കൊടുത്ത സാധുജനപരിപാലന സംഘത്തിന് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. എഴുമാന്തുരുത്ത്, ഉല്ലല, ആപ്പാഞ്ചിറ, തലയോലപ്പറമ്പ്, ഉദയനാപുരം തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും അയ്യാങ്കാളി നേരിട്ടെത്തി യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അക്കാലത്ത് പാമ്പാടി ജോണ്‍ ജോസഫ് നേതൃത്വം കൊടുത്ത തിരുവിതാം ചേരമര്‍ മഹാജനസഭയുടെ സ്വാധീനത്തില്‍, വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ചേര- ചോള-പാണ്ഡ്യ രാജവംശങ്ങളുടെ ചരിത്രം ആധാരമാക്കി, ചേരമര്‍ ചരിത്രം എന്നൊരു നാടകവും അവതരിപ്പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ക്ഷേത്രപ്രവേശനമായിരുന്നില്ല. കാരണം ഭൂമി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയോടൊപ്പം പ്രാധാന്യം കല്‍പ്പിച്ചിരുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിനായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളിയും ഇതര ദലിത് പ്രതിനിധികളും വാദിച്ചത് മുന്‍ചൊന്ന ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു.

പാമ്പാടി ജോൺ ജോസഫ്
പാമ്പാടി ജോൺ ജോസഫ്

1893- ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന വില്ലുവണ്ടി സമരമാണ്​ ദലിതരുടെ സഞ്ചാരസ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അനുഭവം.
ബാബു കെ. പന്മന എഴുതുന്നു: ‘സവര്‍ണര്‍ ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഭാഗമായി ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയെ അയ്യങ്കാളി, അവകാശസമരത്തിന്റെ അടയാളമാക്കി മാറ്റി.’
സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കാര്യം ഇങ്ങനെയാണ്.
1865- ല്‍ തിരുവനന്തപുരം കോട്ടയ്ക്കകം ഒഴികെയുള്ള എല്ലാ പൊതുനിരത്തുകളും അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തിരുന്നു. ഇപ്രകാരമൊരു രാജശാസനമുണ്ടായിരുന്നിട്ടും സവര്‍ണര്‍ പൊതുനിരത്തുകളില്‍ അയിത്തജാതിക്കാരെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. അയിത്ത ജാതിക്കാരാകട്ടെ ഈ നിയമാവകാശം നേടിയെടുക്കാന്‍ ശ്രമിച്ചതുമില്ല. തന്മൂലം, 1885- ല്‍ അയിത്ത ജാതിക്കാര്‍ പൊതുനിരത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്നവര്‍ശിക്ഷാര്‍ഹരാകുമെന്ന മുന്‍ വിളംബരം പുതുക്കി പ്രസിദ്ധപ്പെടുത്തേണ്ടിവന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അയ്യങ്കാളിയാണ് സവര്‍ണരുമായുള്ള സംഘട്ടനത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യാവകാശം നേടിയെടുത്തത്.

അയ്യങ്കാളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സാധുജനസംഘത്തെ പോലെ, തിരുവിതാംകൂറിലുടനീളം വേരുകളുണ്ടായിരുന്ന സംഘടനയായിരുന്നു, കോട്ടയം ജില്ലയിലെ കാണക്കാരി സ്വദേശിയായ ജോണ്‍ ജോസഫ് പാമ്പാടി 1921- ല്‍ രൂപീകരിച്ച തിരുവിതാംകൂര്‍ ചേരമര്‍ മഹാജനസഭ. സംഘടനയില്‍ പുലയര്‍ മാത്രമല്ല, പുലയരില്‍ നിന്ന്​ മതപരിവര്‍ത്തനം നടത്തിയ ക്രൈസ്​തവരും അംഗങ്ങളായിരുന്നു, ഇവര്‍ക്കും വൈക്കത്തെ നാലുവശങ്ങള്ളിലുള്ള പൊതുനിരത്തിലൂടെയുള്ള സഞ്ചാരം വിലക്കിയിരുന്നു. ഇക്കാര്യം ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജിയുമായി നടന്ന സംഭാഷണങ്ങളില്‍ നിന്ന്​ ഇപ്രകാരം വായിക്കാം.

ബാബു കെ. പന്മന
ബാബു കെ. പന്മന

ഗാന്ധിജി: ദിവാന്‍ നിങ്ങളെ ബഹുമാനിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം പുരോഗമനവാദികളെയും ആദരിക്കുന്നു. ഒരേയൊരു ചോദ്യം കൂടി ചോദിച്ച് ഞാന്‍ അവസാനിപ്പിക്കാം. പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങള്‍ ഈ പറയുന്ന താണ ജാതിക്കാര്‍ ക്രിസ്തുമതമോ ഇസ്​ലാം മതമോ സ്വീകരിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് നിരോധിത പാതകളില്‍ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുമോ?

നമ്പ്യാതിരി: ഇല്ല. ഒരുകാരണവശാലും അവരെ ഈ പാതകളില്‍ കൂടി സഞ്ചരിക്കാന്‍ അനുവദിക്കില്ല.

ഗാന്ധിജി: പക്ഷേ, ഇപ്പോള്‍ അത്തരക്കാര്‍ ഈ പാത വഴി നടന്നുപോകാറുണ്ടല്ലോ?

നമ്പ്യാതിരി: ഇല്ല.

ഗാന്ധിജി: ഓ, അങ്ങനെയാണോ? എന്നോട് ക്ഷമിക്കൂ. നിങ്ങള്‍ ക്രിസ്​ത്യാനികളേയും മുസ്​ലിംകളെയും പ്രവേശിപ്പിക്കുന്നില്ല.

പി.വിശ്വനാഥ അയ്യര്‍: അടുത്തകാലത്ത് മതം മാറിയവരെ പ്രവേശിപ്പിക്കുന്നില്ല.

ഗാന്ധിജി: അപ്പോള്‍ ക്രിസ്ത്യാനികള്‍ക്കും മുസ്​ലിംകൾക്കും കടന്നുപോകാന്‍ സാധിക്കും അല്ലേ?

പി.വിശ്വനാഥ അയ്യര്‍: അതെ.

ഗാന്ധിജി: ഏതുവര്‍ഷത്തിനുള്ളില്‍ മതം മാറിയവരെയാണ് കടത്തിവിടാത്തത്?

നമ്പ്യാതിരി: പാരമ്പര്യ ക്രിസ്ത്യാനികളെ മാത്രമാണ് നമ്മള്‍ ക്രിസ്ത്യാനികളായി പരിഗണിക്കുന്നത്.

പി.വിശ്വനാഥ അയ്യര്‍: മതം മാറിയ ക്രിസ്ത്യാനികള്‍ക്ക് പാതകളില്‍ പ്രവേശിക്കുന്നതിന് അവകാശമില്ല.

ഇണ്ടംതുരുത്തി മന
ഇണ്ടംതുരുത്തി മന

വൈക്കം സത്യഗ്രഹത്തെക്കുറിച്ച് വിശദ പഠനം നടത്തിയ പഴ. അതിയമാന്റെ വൈക്കം സത്യഗ്രഹം എന്ന പുസ്തകത്തില്‍ ‘ജാതിയും ജനങ്ങളും’ എന്ന വിവരണത്തില്‍ പുലയരെക്കുറിച്ച്​ പറയുന്നുണ്ട്​, പുലയര്‍ പിന്നീട് തങ്ങളുടെ ജാതിപ്പേര് ചേരമര്‍ എന്ന് മാറ്റിയതായും പ്രസ്താവിക്കുന്നുണ്ട്. ചേരമര്‍ മഹാജനസഭയുടെ നേതൃത്വത്തില്‍ 1925 ഡിസംബറിൽ കോട്ടയത്ത് ഒരു സഞ്ചാരസ്വാതന്ത്ര്യസമരം നടത്തിയിരുന്നു. അക്കാലത്ത് ഈഴവരടക്കമുള്ള അയിത്തജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ഒട്ടേറെ നിരത്തുകള്‍ കോട്ടയത്തുണ്ടായിരുന്നു. ഇതിനെതിരെ, ചേരമര്‍ മഹാജനസഭയുടെ നേതൃത്വത്തില്‍ ദലിതര്‍ സംഘടിതരാവുകയും കീഴ്കുന്ന് മുതല്‍ തിരുനക്കര കുന്നുവരെ ജാഥ നടത്തുകയുമുണ്ടായി. ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ പങ്കെടുത്ത ജാഥ പോലീസും സുറിയാനി ക്രിസ്ത്യാനികളും നായന്മാരും ചേര്‍ന്ന് തടയാനും അക്രമം അഴിച്ചുവിടാനും തുനിഞ്ഞതോടെ ജോണ്‍ ജോസഫ് ഇടപെട്ട് എതിരാളികളെ പിന്തിരിപ്പിച്ചു. തന്മൂലം സംഘര്‍ഷരഹിതമായി ജാഥ തിരുനക്കര കുന്നില്‍ സമാപിക്കുകയായിരുന്നു. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.

അയ്യങ്കാളി നേതൃത്വം നല്‍കിയ സാധുജന പരിപാലനസംഘവും ചേരമര്‍ മഹാജനസഭയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇരു സംഘടനകള്‍ സംയുക്തമായോ, സാധുജന പരിപാലന സംഘം മാത്രമായോ വൈക്കത്തിനടുത്തുള്ള ഉല്ലലയില്‍ ഒരു പുലയ മഹാസമ്മേളനം നടത്തുകയുണ്ടായി. ലക്ഷ്യമാകട്ടെ, 1924 മാര്‍ച്ച് ഒന്നിന്​ വൈക്കം ക്ഷേത്രത്തിലെ സഞ്ചാരം നിരോധിക്കപ്പെട്ട വഴികളിലൂടെ നടക്കുക. മാതൃഭൂമിയുടെ ചരിത്രം എന്ന കൃതിയില്‍ പുലയ മഹാസമ്മേളനത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും വിശദാംശങ്ങളില്ല.

തിരുവിതാംകൂറിലുടനീളം വിവിധ ദലിത് സംഘടനകളുടെ മുന്‍കൈയ്യില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആരാധനാസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി സമരങ്ങള്‍ നടന്നിട്ടേയില്ല. മതം മാറിയ ക്രിസ്ത്യാനികള്‍ക്ക് വിവേചനങ്ങളുണ്ടായിരുന്നെങ്കിലും, ക്രൈസ്​തവ ദേവാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നില്ല. മാത്രമല്ല, ജോണ്‍ ജോസഫ് പാമ്പാടി സവര്‍ണ ക്രൈസ്​തവ സഭകള്‍ക്ക് ബദലായി ചേരമര്‍ ക്രൈസ്​തവ സഭ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തിരുന്നു. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍, ഉല്ലലയില്‍ ചേര്‍ന്ന പുലയ മഹാസമ്മേളനം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നുവെന്ന് തറപ്പിച്ചുപറയാന്‍ കഴിയും. വൈക്കത്തെ പുലയ മഹാസമ്മേളനം വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രാദേശിക സമരമായതുകൊണ്ടും, സഞ്ചാരസ്വാതന്ത്ര്യം നിയമാവകാശമായതുകൊണ്ടുമായിരിക്കാം അയ്യങ്കാളി വൈക്കത്തെത്താതിരുന്നത്. സത്യഗ്രഹം കോണ്‍ഗ്രസ്​ നേതൃത്വത്തിലായതിനാലാണ് അദ്ദേഹം വൈക്കം സത്യാഗ്രഹത്തെ പൂർണമായും അവഗണിച്ചത്. എന്നാല്‍, സത്യാഗ്രഹത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക്​ രൂപീകരിച്ച കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ നായര്‍, എ.കെ. പിള്ള, കുറൂര്‍ നീലകണ്ഠന്‍ നമ്പുതിരിപ്പാട് തുടങ്ങിയവരുടെ സംഘം- കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍ - ഉല്ലലയിലെ പുലയരുടെ പ്രതിനിധികളെ സന്ദര്‍ശിച്ച് സമരം മാര്‍ച്ച് 30 ന് നടത്തണമെന്നഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈക്കം സത്യാഗ്രഹത്തില്‍ പുലയരുടെ പങ്കാളിത്തമുണ്ടാകുന്നത്.

1924-25 കാലത്ത് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരത്തിന് കര്‍ശന വിലക്കുകളുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഏറെക്കുറെ യാത്ര അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, ചില പ്രദേശങ്ങളില്‍ നിലനിന്ന എതിര്‍പ്പിന് കാരണം, ദലിതരോടുള്ള വിദ്വേഷവും അയിത്താചാരണവുമായിരുന്നു.

തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ജാഥയുടെ ഭാഗമായി പുലയരുടെ സമ്മേളനങ്ങള്‍ നടന്നിരുന്നു. വൈക്കം സഹനസമരത്തെക്കുറിച്ച്​ പറഞ്ഞു മനസ്സിലാക്കുന്നതിനും വളണ്ടിയര്‍മാരെ ചേര്‍ക്കുന്നതിനുമായി മിസ്റ്റര്‍ കെ.ജി. ശങ്കരന്റെ അദ്ധ്യക്ഷതയില്‍ ഒരു പുലയ മഹായോഗം കുടുന്നതാണെന്ന തീരുമാനമുണ്ടായി. സമരത്തിന്റെ പ്രചാരണാര്‍ത്ഥം തിരുവിതാംകൂറിലൂടനീളം കോണ്‍ഗ്രസ് ഉണര്‍ത്തിവിട്ട ആവേശത്തെക്കുറിച്ചും പുലയരുടെ സാന്നിദ്ധ്യത്തെക്കുറിച്ചും, അക്കാലത്തെ മാതൃഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്: ശാസ്താംകോട്ടയില്‍, സംഭവസ്ഥലത്ത് മൂവായിരത്തില്‍ കുറയാതെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിന്റെ കാല്‍ഭാഗവും പുലയരായിരുന്നു. 1924 ഫെബ്രുവരി 28 ന് പ്രചാരണജാഥ വൈക്കത്ത് സമാപിക്കുമ്പോള്‍ ചേര്‍ന്ന പുലയ മഹാസമ്മേളനത്തില്‍ എ.കെ.പിള്ള, ടി.കെ. മാധവന്‍, കെ. വേലായുധമേനോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, പുലയരും ഈഴവരും വമ്പിച്ചൊരു ഘോഷയാത്രയായി സത്യാഗ്രഹ പ്രഖ്യാപനം നിശ്ചയിച്ച സ്ഥലത്തേയ്ക്ക് പോയി.

ഈ മഹാസമ്മേളനമാണ് - പുലയരുടെയും ഈഴവരുടെയും ഐക്യവും ഉയര്‍ത്തെഴുന്നേല്‍പ്പുമാണ്- വൈക്കം സത്യഗ്രഹത്തിന്റെ പ്രാരംഭമായത്.

വൈക്കം ക്ഷേത്രം
വൈക്കം ക്ഷേത്രം

1924-25 കാലത്ത് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരത്തിന് കര്‍ശന വിലക്കുകളുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഏറെക്കുറെ യാത്ര അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, ചില പ്രദേശങ്ങളില്‍ നിലനിന്ന എതിര്‍പ്പിന് കാരണം, ദലിതരോടുള്ള വിദ്വേഷവും അയിത്താചാരണവുമായിരുന്നുവെന്ന് ചേരമാര്‍ നേതാവ് ജോണ്‍ ജോസഫിന്റെ സഞ്ചാരസ്വാതന്ത്ര്യസമരം വ്യക്തമാക്കുന്നുണ്ട്.

വൈക്കത്തെ സ്ഥിതിയോ?
ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്നത്, സര്‍ക്കാര്‍ നിയന്ത്രണമുള്ള പൊതുനിരത്തുകളായിരുന്നു. നിയമപരമായി ആ നിരത്തുകള്‍ അയിത്ത ജാതിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ക്ഷേത്രഭാരവാഹികളായ ബ്രാഹ്​മണർ ഏര്‍പ്പെടുത്തിയ സഞ്ചാരവിലക്കിനും ഭരണകൂടത്തിന്റെ പിന്തുണയ്ക്കും കാരണം അയിത്താചാരണമായിരുന്നു. സമരത്തിലൂടനീളം നേതൃത്വങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല, സമരത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ട മിസ്റ്റര്‍ കോട്ടണ്‍എന്ന ഉദ്യോഗസ്​ഥന്റെ ഈഴവനായ ഡ്രൈവര്‍ക്ക് സഞ്ചാരവിലക്കുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്, വൈക്കത്ത് നിലനിന്നത്, ബ്രാഹ്​മണ മേധാവിത്വമായിരുന്നുവെന്നാണ്. ഈ ആധിപത്യത്തിനെതിരായ ദലിത് ഇടപെടലുകളെക്കുറിച്ച് ലിഖിതമായ പരാമര്‍ശങ്ങളോ മൊഴിയറിവുകളോ ലഭ്യമല്ലെങ്കിലും ഇതര മത- സാമുദായിക വിഭാഗങ്ങളില്‍ നിന്നു ഭിന്നമായി സത്യഗ്രഹികളായ പുലയരെ നായര്‍ ഗുണ്ടകളും പോലീസുകാരും മര്‍ദ്ദിക്കുന്നത് സര്‍വ്വസാധാരണമായിരുന്നു. ഗാന്ധിയുടെ അഹിംസാ ധര്‍മം പാലിച്ചിരുന്നതിനാല്‍ ഏകപക്ഷീയമായ ആക്രമണത്തിനാണവര്‍ വിധേയരായത്. ആമചാടി തേവന്റെ കണ്ണില്‍ ചുണ്ണാമ്പുവെള്ളം ഒഴിച്ചതിന്റെ ഫലമായി അദ്ദേഹം ഭാഗികമായി അന്ധനായി തീര്‍ന്നു.
ഡോ. മാളവിക ബിന്നി എഴുതുന്നു: ‘1924- ലെ സത്യഗ്രഹ വാര്‍ത്താ ബുള്ളറ്റനില്‍ വൈക്കം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന്​ ഒരു ആക്രമണത്തെ വിവരിക്കുന്നു. ഭജനസംഘത്തിന്റെ പുറകെ ഒരു പുലയനുണ്ടായിരുന്നു. ഇവര്‍ തെക്കോട്ടുതിരിഞ്ഞപ്പോള്‍, നായന്മാര്‍ അതില്‍ പുലയന്‍ ആരാടാ? നിൽക്കവിടെ എന്നും മറ്റും വിളിച്ചു പറഞ്ഞു. ഉടനെ നായന്മാര്‍ അവനെ പിടിച്ചുവലിച്ച്​ ഇടിക്കുകയും അടിക്കുകയും ചെയ്തു. മറ്റൊരു പുലയവളണ്ടിയറായ വാവയെ മുതുകിലും തലയിലും അടിച്ചതായും അതില്‍ പരാമര്‍ശിക്കുന്നു. കോഴിക്കോട് സ്വദേശിയായ കെ.പി. കേശവപ്പിള്ള എന്ന സന്നദ്ധപ്രവര്‍ത്തകനെ പുലയനാണെന്ന് തെറ്റിദ്ധരിച്ച്​ മര്‍ദ്ദിച്ചു, സത്യാഗ്രഹികളുടെ എല്ലാ ഗ്രൂപ്പുകളും ആക്രമിക്കപ്പെട്ടപ്പോള്‍, പോലീസിന്റെയും സവര്‍ണരുടേയും ആക്രമണത്തിന് ഏറെയും ഇരയായത് ദലിത് സത്യാഗ്രഹികളാണ്.

ഇക്കാര്യം വ്യക്തമാക്കുന്നത് സമരത്തിലെ മുഖ്യശക്തി ദലിതരായിരുന്നുവെന്നാണ്.

(കോൺഗ്രസിന്റെ ഇടപെടൽ, പെരിയാറിന്റെ സമരം:
അടുത്ത പാക്കറ്റിൽ തുടരും)


Summary: re reading vaikom satyagraha k.k. kochu writes


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments