അധികാരത്തിലെത്തുന്ന
കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച്
ലെനിൻ പകർന്ന ഒരു പാഠം

‘‘ഒരു നേതാവിന്റെ ഭരണാധികാരിയുടെ മുൻഗണന, ആളുകളെ കേൾക്കാനുള്ള മനസ്സ് ഇതൊക്കെ ഇന്നും പ്രസക്തമാണ്. പാർട്ടി പ്രവർത്തനശൈലിയുടെ മാനവികവും സുതാര്യവും സത്യസന്ധവുമായ സ്വഭാവത്തിനുവേണ്ടി ലെനിൻ മുന്നോട്ടുവെച്ച നിർദേശങ്ങളും നടപടികളും നിരാകരിക്കപ്പെട്ടപ്പോഴാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടായത്’’- ലെനിൻ മരിച്ച് 100 വർഷം തികയുന്ന സന്ദർഭത്തിൽ, ഗീത നസീർ എഴുതുന്നു.

ഴകളുടെ സേനാപതേ വരൂ
ഹേ ലെനിൻ വരൂ വീണ്ടും വരൂ വരൂ
ഈ ഗാനം പാടിനടന്ന എ.ഐ.എസ്. എഫ് കാലം....
ആരാണ് ലെനിൻ എന്നറിയുന്നതിനും എത്രയോ മുൻപ് ലെനിന്റെ കൊച്ചു ശില്പങ്ങളും ബാഡ്ജുകളും ചിത്രങ്ങളും കൊണ്ടുനടന്ന ബാല്യമാണുണ്ടായിരുന്നത്. അമ്മാവൻ ഗംഗാധരമാരാർ ജയിലിലായിരുന്ന സമയത്ത് അവിടെ നിന്ന് ഞങ്ങൾക്ക് ചകരി കൊണ്ടുള്ള മാല കൊടുത്തുവിടും. അതിന്റെ ലോക്കറ്റിൽ ലെനിന്റെ പടമാണുണ്ടാവുക. അന്നൊക്കെ ഏത് കമ്യൂണിസ്റ്റ് കുടുംബത്തിലേയും കുട്ടികൾക്ക് മറ്റേത് വിപ്ലവകാരികളുടെ ചിത്രത്തെക്കാളും മുന്നേ അറിയുക ലെനിന്റെ ചിത്രമാണ്. പറയാൻ പ്രയാസമുള്ള റഷ്യൻ പേര് പൂർണമായും വഴങ്ങുമായിരുന്നു - വ്ലാദിമീർ ഇല്ല്യച്ചിനോവ് ലെനിൻ. പിന്നീട് റഷ്യൻ വിപ്ലവവും ഒക്ടോബർ വിപ്ലവവും കമ്യൂണിസ്റ്റ് ചരിത്രവും മൂലധനവുമൊക്കെ വായിക്കാനും പാർട്ടി ക്ലാസുകളിൽ പഠിക്കാനും തുടങ്ങിയപ്പോൾ ലെനിൻ എന്ന മൂന്നക്ഷരം ആവേശമായി.

കാൾ മാക്സും ഫ്രഡറിക് എംഗൽസും മുന്നോട്ടുവെച്ച ദർശനമായ മാർക്സിസത്തിന് പ്രായോഗിക രൂപമുണ്ടാക്കുന്നത് ലെനിൻ ആണ്. ലെനിനിസം ആയി അത് മാറി. ഒന്നാം ലോകമഹായുദ്ധത്തിന് തിരശീലയിട്ട്, സമാധാനത്തിന്റെയും മാനവികതയുടെയും ചുവന്ന പുലരി ഉദയം ചെയ്യുന്നതിന് നേതൃത്വം നൽകി എന്നതാണ് ലെനിന്റെ ലോക സംഭാവന. ശാസ്ത്രീയ സോഷ്യലിസത്തിന്റെ അലകും പിടിയും പണിത് കമ്യൂണിസ്റ്റ് പാർട്ടി ലോകത്താദ്യമായി അധികാരത്തിൽ വരുന്നത് ലെനിന്റെ പോരാട്ടനേട്ടമായാണ്. ഈ ചരിത്രം ലോകമുള്ള നാൾവരെ നിലനിൽക്കും.

വാട്ട് ഈസ്‌ ടു ബി ഡൺ (What is to be done) എന്ന പുസ്തകത്തിലൂടെ മാർക്സിസത്തിന്റെ പ്രായോഗികതയ്ക്ക് ലെനിൻ അടിസ്ഥാനശില പാകി. തൊഴിലാളിവർഗ സർവാധിപത്യമെന്നത് എകാധിപത്യമാകാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ പാലിക്കേണ്ട പ്രവർത്തനശൈലിയും സമീപനങ്ങളും ലെനിൻ കൃത്യമായി അടയാളപ്പെടുത്തി. അധികാരത്തിലെത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കേണ്ട സമീപനങ്ങൾ വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്ററി പാർട്ടിസ്കൂളിൽ കാണിച്ചത് ഇന്നും മനസ്സിൽ മായാതെ ഉണ്ട്. സോവിയറ്റ് യൂണിയൻ എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ ലെനിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്ഥലത്തേക്ക് ഒരു തൊഴിലാളി എത്തുന്നു. പോളിറ്റ് ബ്യൂറോ യോഗമാണ്, അകത്തേക്ക് വിടാൻ പറ്റില്ല എന്നൊക്കെ വളണ്ടിയർ സഖാവ് പറയുന്നുണ്ടെങ്കിലും തൊഴിലാളി വഴങ്ങുന്നില്ല. ലെനിനെ കണ്ടേ പറ്റൂ എന്ന വാശി രണ്ടുപേരുടെയും വാക്കേറ്റമായി മാറി. പുറത്തെ ബഹളത്തേക്കുറിച്ച് ചോദിച്ച ലെനിനെ, മറ്റ് നേതാക്കൾ, പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും കാര്യം മനസ്സിലാക്കിയ ലെനിൻ ആ തൊഴിലാളിയെ അകത്തേക്ക് വിടാൻ പറഞ്ഞു. രണ്ടു പ്രദേശത്തെ യോജിപ്പിക്കുന്ന താൽക്കാലിക പാലം പണി, ആവശ്യത്തിന് നട്ടും ബോൾട്ടും കിട്ടാത്തതുകൊണ്ട് മുടങ്ങിയിരിക്കയാണെന്നും അവർക്ക് ഭക്ഷണമെത്തിക്കാൻ കഴിയുന്നില്ലെന്നും പ്രാദേശിക അധികാരികളോട് പറഞ്ഞിട്ടും പരിഹാരം കിട്ടാത്തതുകൊണ്ടാണ് ലെനിനെ നേരിൽ കാണാൻ വന്നതെന്നും ആ തൊഴിലാളി വിവരിച്ചു. യോഗത്തിന്റെ അജണ്ട പിന്നെ അതായി. പരിഹാരം ഉടൻ ഉണ്ടാവുകയും ചെയ്തു.

ഒരു നേതാവിന്റെ ഭരണാധികാരിയുടെ മുൻഗണന, ആളുകളെ കേൾക്കാനുള്ള മനസ്സ് ഇതൊക്കെ ഇന്നും പ്രസക്തമാണ്. പാർട്ടി പ്രവർത്തനശൈലിയുടെ മാനവികവും സുതാര്യവും സത്യസന്ധവുമായ സ്വഭാവത്തിനുവേണ്ടി ലെനിൻ മുന്നോട്ടുവെച്ച നിർദേശങ്ങളും നടപടികളും നിരാകരിക്കപ്പെട്ടപ്പോഴാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടായത്. ആ തകർച്ചയുടെ നാളുകളിൽ രോഷാകുലരായ ജനങ്ങൾ ലെനിന്റെ പ്രതിമകൾ തകർക്കുമ്പോൾ ഇട നെഞ്ച് പിടഞ്ഞിട്ടുണ്ട്. ലോകത്ത് സമാധാനം പുലരാനും, ചൂഷണം അവസാനിപ്പിച്ച്, ജനങ്ങൾക്കെല്ലാം പട്ടിണി കൂടാതെ തൊഴിലും വിദ്യാഭ്യാസവും ലഭിച്ച്, ആരോഗ്യപരിരക്ഷകളോടെ കഴിയാനുമുള്ള അവസരമൊരുക്കുന്ന മാർക്സിസ്റ്റ് ദർശനത്തിന് പ്രായോഗിക രൂപം നൽകിയ ലെനിനിസത്തെ പരാജയപ്പെടുത്തിയത് മറ്റാരുമല്ല. അവ നടപ്പിലാക്കാൻ നിയുക്തമായ അധികാരകേന്ദ്രമാണ്, അവരുടെ മൂല്യ ച്യുതിയാണ്. ഈ ദർശനത്തിന്റെ മറവിൽ അവർ ഇന്നും സജീവമാണ്. അവരിൽ നിന്നും ചൂഷണത്തിന്റെ മൂലധന ശക്തികളിൽനിന്നും ഒരുപോലെ ലെനിനിസത്തെ രക്ഷിക്കേണ്ടതുണ്ട്.

ലെനിൻ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ്. ലെനിനിസം മാനവികതയുടെ മൂലമന്ത്രവും. വിട പറഞ്ഞ് 100 വർഷം കഴിഞ്ഞിട്ടും ചൂഷിതരാക്കപ്പെടുന്ന ഏഴകൾ ഇന്നും ആഗ്രഹിക്കുന്നു; ഹേ ലെനിൻ, വരൂ വീണ്ടും വരൂ വരൂ....


ഗീത നസീർ

സി.പി.ഐയുടെ വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിൽ സജീവമായി. പരിസ്ഥിതി- സാംസ്‌കാരിക മേഖലകളിലും മാധ്യമരംഗത്തും പ്രവർത്തിച്ചു. ജനയുഗം പത്രത്തിന്റെ ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ബാലറാം എന്ന മനുഷ്യൻ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

Comments