അൽ ബിറൂനിയുടെ ഛായാചിത്രം

അൽ ബിറൂനി: ഒരു സാഹസിക സഞ്ചാരി​കണ്ടെത്തിയ ഇന്ത്യ

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച മാക്​സ്​ മുള്ളർ, ആൽബർട്ട് വെബർ പോലുള്ള ഓറിയൻറലിസ്റ്റുകളുടെ, ഇൻഡോളജിയുമായി ബന്ധപ്പെട്ട ഗവേഷണയത്നങ്ങൾക്കുമുമ്പ് ലോക വിജ്ഞാനഭൂപടത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ അൽ ബിറൂനിയുടെ വൈജ്ഞാനിക ദൗത്യത്തെത്തെക്കുറിച്ച്​ ഒരു വിചാരം.

വിജ്ഞാന ചരിത്രത്തിന്‌ ശ്രേഷ്​ഠ സംഭാവനകളർപ്പിച്ച ലോകോത്തര പണ്ഡിതന്മാരിൽ അഗ്രഗണ്യനാണ് അൽ ബിറൂനി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അബൂ റയ്ഹാൻ മുഹമ്മദ് ഇബ്‌നു അഹ്​മദ്​ അൽ ബിറൂനി. ഭൂമിശാസ്ത്രം, ഊർജതന്ത്രം, ജ്യോതിശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, രസതന്ത്രം, കർമശാസ്ത്രം തുടങ്ങിയ വിജ്ഞാനമേഖലകളിലെല്ലാം അഗാധമായ പാണ്ഡിത്യത്തിനുടമയായ അൽ ബിറൂനി വൈജ്ഞാനിക സേവനത്തിനും ഗവേഷണത്തിനുമായി ജീവിതം സമർപ്പിച്ച സാഹസികനായ ഒരു സഞ്ചാരി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭാശാലിത്വം ഏതെങ്കിലും ഒരു മേഖലയിൽ പരിമിതമായിരുന്നില്ല. സമഗ്രമായ വൈജ്ഞാനികാവബോധത്തോടെ മനുഷ്യകുലത്തിന്റെ വൈജ്​ഞാനികശേഷിപ്പുകളെ ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ സ്വായത്തമാക്കാനും നിരൂപണം ചെയ്യാനും ശേഖരിക്കാനും പ്രയത്‌നിച്ച അതുല്യനായ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തത്വചിന്തകൻ, വൈദ്യശാസ്ത്രനിപുണൻ, ചരിത്രകാരൻ, കവി, സാഹിത്യനിപുണൻ തുടങ്ങി നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിലേക്ക് ചേർന്നുവരുന്നുണ്ട്.

കശ്മീർ മുതൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ വിവിധ നാടുകളിൽ സന്ദർശനം നടത്തുകയും അക്കാലത്തെ ഇന്ത്യൻ വിജ്ഞാനങ്ങളും സംസ്കാര ആചാരക്രമങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്​ത സഞ്ചാരിയായിരുന്നു അൽ ബിറൂനി

ഇന്നത്തേതുപോലെ ഗതാഗതസൗകര്യങ്ങളില്ലാതിരുന്ന ആയിരം വർഷങ്ങൾക്കുമുമ്പാണ് ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ഖീവാ പട്ടണത്തോടടുത്ത് സ്ഥിതിചെയ്യുന്ന ഖവാറസ്മിൽ പിറന്ന് അവിടെ ജീവിച്ച അദ്ദേഹം ലോകസഞ്ചാരത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ വിഖ്യാതയാത്രകൾ സാമ്പത്തികമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നില്ല. പ്രത്യുത, വിവിധ ജനപഥങ്ങളും അവരുടെ സംസ്കാരവും അവരുടെ വിജ്​ഞാനങ്ങളും തേടിയായിരുന്നു. എ.ഡി. 973 മുതൽ 1050 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം.

നിരവധി വിജ്ഞാനശാഖകളുടെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്ന ഇസ്ലാമിക നാഗരികതയുടെ സുവർണകാലത്ത് ജീവിച്ച ഒരു മഹാപണ്ഡിതനായിരുന്നു അൽ ബിറൂനി. ഇൻഡോളജി, മതതാരതമ്യപഠനം, ജിയോഡസി, നരവംശശാസ്ത്രം തുടങ്ങിയ പല വിജ്ഞാനങ്ങളുടെയും ഉപജ്ഞാതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നുണ്ട്.

ഇസ്ലാമിക നാഗരികതയുടെ സുവർണകാലത്ത് ജീവിച്ച ഒരു മഹാപണ്ഡിതനായിരുന്നു അൽ ബിറൂനി. / Photo : Flicker

എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ ഖീവാ പട്ടണത്തിലുണ്ടായ ഒരു രാഷ്ട്രീയവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വദേശം വിട്ട് യാത്ര ആരംഭിച്ചത്. ലോകസഞ്ചാരവും പഠനവും ഗവേഷണവുമായിരുന്നു അദ്ദേഹം ലക്ഷ്യംവെച്ചത്. വിവിധ ജനപഥങ്ങളുമായുള്ള സമ്പർക്കങ്ങൾ മൂലം അദ്ദേഹത്തിന്റെ വൈജ്ഞാനികലോകം വികസ്വരമായി. കശ്മീർ മുതൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ വിവിധ നാടുകളിൽ സന്ദർശനം നടത്തുകയും അക്കാലത്തെ ഇന്ത്യൻ വിജ്ഞാനങ്ങളും സംസ്കാര ആചാരക്രമങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്​തു. കിതാബുൽ ഹിന്ദ് എന്ന ഈ പുസ്​തകം മലയാളത്തിലേക്ക്​ അൽ ബിറൂനി കണ്ട ഇന്ത്യ എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്​.

ആയിരം വർഷങ്ങൾക്കുമുമ്പ് രചിക്കപ്പെട്ട പുസ്​തകമായിട്ടും ശാസ്ത്രീയ ഗവേഷണ രീതിശാസ്ത്രങ്ങളവലംബിച്ച് ആധുനിക കാലത്ത് രചിക്കപ്പെട്ട ഗ്രന്​ഥങ്ങളോട് കിടപിടിക്കാവുന്നവിധം ഘടനയിലും ഉള്ളടക്കത്തിലും ഏറെ സവിശേഷതകൾ പുലർത്തുന്ന ഈ പുസ്​തകം അക്കാലത്ത് മുസ്​ലിം പണ്ഡിതന്മാർക്കിടയിൽ നിലനിന്നിരുന്ന സൂക്ഷ്മവും സമഗ്രവുമായ വിശകലനപാടവത്തെയും ഗവേഷണാത്മക വൈജ്ഞാനിക സംസ്കാരത്തെയും കൃത്യമായും സാക്ഷ്യപ്പെടുത്തുന്നതാണ്.

ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ജ്​ഞാനപാരമ്പര്യങ്ങളും പ്രമേയമാക്കി വികസിച്ചു വന്ന പഠനശാഖക്ക് ആയിരം വർഷങ്ങൾക്കുമുമ്പ് വിജ്​ഞാനചരിത്രത്തിൽ തുടക്കം കുറിച്ചുവെന്നത് അൽ ബിറൂനിയുടെ മഹത്വങ്ങളിൽ പ്രധാനമായതാണ്.

ചരിത്രത്തിന് ഭൂമിശാസ്ത്രവും സംസ്കാരവുമായുള്ള ബന്ധം കൃത്യമായി തിരിച്ചറിഞ്ഞ മഹാപണ്ഡിതനായിരുന്നു അൽ ബിറൂനി. ലോകസഞ്ചാരത്തിനിടയിൽ അദ്ദേഹം അക്കാലത്തെ പ്രമുഖമായ വൈജ്ഞാനികശേഖരങ്ങൾ നിലവിലുണ്ടായിരുന്ന ഗ്രീക്ക് സംസ്കാരത്തെയും വൈജ്ഞാനികപാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കാൻ ഗ്രീക്ക് ഭാഷ പഠിക്കുകയും വിവിധ മേഖലകളിൽ വ്യുൽപത്തി നേടുകയും ചെയ്തു. ഗണിതശാസ്ത്രം, രാഷ്ട്രമീമാംസ, കാലഗണനാവിജ്ഞാനീയം, രസതന്ത്രം, പ്രകൃതിശാസ്ത്രം, ചരിത്രം തുടങ്ങി നിരവധി മേഖലകളിൽ അസാമാന്യ മികവ് നേടാൻ ഈ പഠനങ്ങൾ സഹായിച്ചു. പല ഗ്രീക്ക് പുസ്​തകങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹം ജീവിച്ചത് വൈജ്ഞാനിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ അബ്ബാസിയ്യ ഖിലാഫത്തിന്റെ മൂർധന്യദശയിലായിരുന്നതിനാൽ ഇസ്ലാമിക ഭരണകൂടം തന്നെ ഇത്തരം ഗവേഷണസംരംഭങ്ങളെ വല്ലാതെ പിന്തുണച്ചിരുന്നുവെന്ന അനുകൂല സാഹചര്യവും സമകാലിക പണ്ഡിതന്മാരുടെ ഈ മേഖലയിലുള്ള പ്രയത്‌നങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും ഇവിടുത്തെ സംസ്കാരവും ചരിത്രവും നരവംശപൈതൃകങ്ങളും തേടിയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച അദ്ദേഹം ഗസ്നയിൽ താമസിച്ചിരുന്ന കാലത്ത് അവിടുത്തെ സംസ്കൃത പണ്ഡിതന്മാരിൽ നിന്ന്​ സംസ്കൃതം അഭ്യസിക്കുകയും അതിലൂടെ വേദങ്ങളിലും പുരാണങ്ങളിലും തത്വചിന്തയിലും അവഗാഹം നേടുകയും ചെയ്​തു. ഗസ്നയിലെ അധിവാസ സന്ദർഭത്തിലാണ് ഇന്ത്യ മുഴുവനായും സഞ്ചരിക്കാനുള്ള സാഹസികപദ്ധതി അദ്ദേഹത്തിന്റെ മനസ്സിൽ നാമ്പിട്ടത്. ഇതിനുവേണ്ടി പല ത്യാഗങ്ങളും അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. അങ്ങനെ ഇന്ത്യയുടെ സംസ്കാരവും ചരിത്രവും തത്വചിന്തയും സ്വായത്തമാക്കാനുള്ള പദ്ധതികളുമായി അദ്ദേഹം മുന്നേറി.

അൽ ബിറൂനിയുടെ ഇന്ത്യാ പര്യാടനം 1017 മുതൽ 1037 വരെയുള്ള കാലയളവിലാണെന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ, അൽ ബിറൂനി കണ്ട ഇന്ത്യ എന്ന പുസ്​തകത്തിന്റെ പരിഭാഷകൻ ഡോ. മുഹിയിദ്ദീൻ അഭിപ്രായപ്പെടുന്നത്​, 13 വർഷത്തെ അന്വേഷണ പര്യവേഷണങ്ങളാണ് ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പഠിക്കാൻ അൽ ബിറൂനി വിനിയോഗിച്ചത് എന്നാണ്. അബ്ബാസി ഭരണകൂടത്തിന്റെ പിന്തുണയോടെ ആരംഭിച്ചിരുന്ന ലോകത്തിലെ വിവിധ സംസ്കാരിക- നാഗരിക- വൈജ്ഞാനിക പാരമ്പര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപരിശ്രമങ്ങളോട് കണ്ണിചേരുന്നതായിരുന്നു അൽ ബിറൂനിയുടെ വൈജ്ഞാനികദൗത്യവും. പൗരസ്ത്യ പഠന ശാഖ (ഓറിയന്റലിസം) എന്നൊരു വിജ്​ഞാനമേഖല കൊളോണിയൽ ആധുനികതയുടെ ഭാഗമായി ആവിർഭവിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്കുമുമ്പാണ് തത്വചിന്തയുടെയും സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും നിധിശേഖരങ്ങൾ തേടി ഇന്ത്യയിലുടനീളം അൽ ബിറൂനി സഞ്ചരിച്ചത്. അൽ ബിറൂനിയെ പോലുള്ളവരുടെ ദൗത്യങ്ങൾ ഒരു കൈമാറ്റപ്രക്രിയ കൂടിയായിരുന്നുവെന്ന് തിരിച്ചറിയാനാവും. അക്കാലത്ത് ഇസ്​ലാമിക നാഗരികതയും സംസ്കാരവും ലോകസംസ്കാരങ്ങളുടെ സഞ്ചിതമായ വൈജ്ഞാനികസമ്പത്ത്​ സ്വാംശീകരിച്ചും പുനരാവിഷ്‌കരിച്ചും മനുഷ്യകുലത്തിന് കൈമാറിക്കൊണ്ടിരുന്ന സവിശേഷസന്ദർഭം കൂടിയായിരുന്നു. തീർച്ചയായും പിൽക്കാലത്തെ പൗരസ്ത്യ പഠന വിജ്​ഞാനശാഖയെ രൂപപ്പെടുത്തിയതിലും പ്രചോദിപ്പിച്ചതിലും ഇത്തരം ദൗത്യങ്ങൾക്ക് കൃത്യമായും പങ്കുണ്ട്.

ഡോ. മുഹിയിദ്ദീൻ

വടക്കേ ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച അദ്ദേഹം കശ്മീർ മേഖല സന്ദർശിക്കുന്ന കാലത്ത് തിബത്തുകാരുടെ സംസ്കാര- ആചാരക്രമങ്ങളിൽ ആകൃഷ്ടനാവുകയും സൂക്ഷ്മപഠനങ്ങൾക്കുശേഷം തിബത്തൻ സംസ്കാരത്തെക്കുറിച്ച് ഒരു പുസ്​തകം രചിക്കുകയും ചെയ്തു. കശ്മീരിനെക്കുറിച്ചും സമാനമായ ഒരു പുസ്​തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളും വൈദ്യഗ്രന്​ഥങ്ങളും അദ്ദേഹം അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
എ.ഡി. 1025-ൽ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് അദ്ദേഹം കേരളപര്യടനത്തിനായി പുറപ്പെട്ടുവെന്നതിന്​ ചരിത്രരേഖകളുണ്ട്. അദ്ദേഹത്തിന്റെ തന്നെ വിവരണമനുസരിച്ച്, കേരളത്തിൽ അദ്ദേഹം ഒരുവർഷവും ഏഴുമാസവും താമസിച്ചുവെന്നും ശേഷം സിന്ധിലേക്കാണ്​ യാത്രയായത് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വീണ്ടും ചൈനയിലേക്കുള്ള യാത്രാമധ്യേ കോഴിക്കോടിറങ്ങുകയും ഏതാനും ദിവസങ്ങൾ അവിടെ താമസിക്കുകയും ചെയതു.

അറബികളുടെ മറ്റ് ഏഷ്യൻ സമൂഹങ്ങളുമായുള്ള സമുദ്രാന്തര സംസ്കാര വ്യാപാര ബന്ധങ്ങളെ കുറിച്ച് വികസിച്ചു വന്ന പുതിയ പഠനങ്ങൾക്ക് വലിയ ഉൾക്കാഴ്ച പകരുന്നതാണ് അൽ ബിറൂനിയുടെ പുസ്​തകങ്ങൾ.

എ.ഡി. 1025-1027 കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമെന്ന് ഏതാണ്ട് വ്യക്തമാണ്. ഈ കാലയളവിൽ അദ്ദേഹം കേരളത്തിൽ കണ്ട കാഴ്ചകൾ തന്റെ പുസ്​തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെത്തിയ അറബികളുടെയും മുസ്​ലിംക ളുടെയും സാന്നിദ്ധ്യത്തെ കുറിച്ചും ഇസ്ലാമിക പ്രചാരണത്തെ കുറിച്ചും തെറ്റായ ചില സിദ്ധാന്തങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്ന പ്രമുഖ ചരിത്രകാരന്മാരുടെ പലരുടെയും കണ്ണുതുറക്കാൻ പര്യാപ്തമാണ് അൽ ബിറൂനിയുടെ നേർസാക്ഷ്യങ്ങൾ. പ്രസ്തുത വിവരണങ്ങളിലെ കേരള ചരിത്ര സംബന്ധിയായ നിർണായക വിവരങ്ങളെ ആമുഖഭാഗത്ത് പരിഭാഷകൻ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: ‘‘മലബാറിന്റെ വ്യാപാരകീർത്തി വിദേശങ്ങളിൽ അലയടിച്ചിരുന്ന 11ാം നൂറ്റാണ്ടിലാണല്ലോ അൽ ബിറൂനിയുടെ കേരള സന്ദർശനം. കേരളത്തിലെ അഞ്ച് മുഖ്യപട്ടണങ്ങളിൽ താമസിക്കുകയും ഏഴ് രാജാക്കന്മാരുമായി സംഭാഷണം നടത്തുകയും ചെയ്തു. കൊല്ലം രാജാവും കോഴിക്കോട് രാജാവും വിലപിടിച്ച പല സമ്മാനങ്ങളും അദ്ദേഹത്തിന് നൽകി. കേരളത്തിലെ കൃഷി സമ്പ്രദായത്തെയും വ്യവസായങ്ങളെയും സംബന്ധിച്ച് അൽ ബിറൂനി സസൂക്ഷ്മം പഠിക്കുകയും സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊല്ലത്തും ചാലിയത്തും അറബി വൈദ്യപണ്ഡിതന്മാർ ചികിത്സാകേന്ദ്രങ്ങൾ തുറക്കുകയും അറബി വൈദ്യസമ്പ്രദായം കേരളീയരെ പഠിപ്പിക്കുകയും കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന വൈദ്യസമ്പ്രദായങ്ങൾ പഠിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ വ്യവസായിക പ്രമുഖരിൽ പലർക്കും മൂന്നുനാല് ഭാഷകൾ അറിയാമായിരുന്നുവെന്നും പല വിദേശ ഭാഷാപ്രയോഗങ്ങളും അവരുടെ ഭാഷയിൽ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഭിന്നവിശ്വാസികളും വിവിധ ആചാരാവലംബികളും ഐക്യത്തിലും സമാധാനത്തിലും ജീവിക്കുന്നതായാണ് കേരളത്തിൽ താൻ കണ്ടതെന്നും മലബാറിലെ ചില ഭാഗങ്ങളിൽ അറബി കോളണികൾ ഉണ്ടായിരുന്നുവെന്നും അറബി വ്യാപാരികളെ തദ്ദേശ ഭരണാധികാരികൾ വിശ്വസിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നുവെന്നും അൽ ബിറൂനി വിശദീകരിക്കുന്നു.’’

അൽ ബിറൂനി കശ്മീർ മേഖല സന്ദർശിക്കുന്ന കാലത്ത് തിബത്തുകാരുടെ സംസ്കാര- ആചാരക്രമങ്ങളിൽ ആകൃഷ്ടനാവുകയും സൂക്ഷ്മപഠനങ്ങൾക്കുശേഷം തിബത്തൻ സംസ്കാരത്തെക്കുറിച്ച് ഒരു പുസ്​തകം രചിക്കുകയും ചെയ്തു. / Photo : Wikimedia Commons

തീർച്ചയായും കേരള ചരിത്രപഠനത്തിന് സഹായകമാവുന്ന നിർണായക വിവരങ്ങളാണ് അൽ ബിറൂനി നൽകുന്നത്. അറബികളുടെ മറ്റ് ഏഷ്യൻ സമൂഹങ്ങളുമായുള്ള സമുദ്രാന്തര സംസ്കാര വ്യാപാര ബന്ധങ്ങളെ കുറിച്ച് വികസിച്ചു വന്ന പുതിയ പഠനങ്ങൾക്ക് വലിയ ഉൾക്കാഴ്ച പകരുന്നതാണ് അൽ ബിറൂനിയുടെ പുസ്​തകങ്ങൾ. പല വിഷയങ്ങളിലായി 180 ലധികം പുസ്​തകങ്ങൾ അൽ ബിറൂനി രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ ഗവേഷണ രീതിയായിരുന്നു അൽ ബിറൂനിയുടേത് എന്ന് ഈ പുസ്​തകങ്ങൾ വായിക്കുന്ന ഏതൊരാൾക്കും വ്യക്തമാകും. ഒരുപക്ഷെ ഇന്ന് നിലവാരമുള്ള ഗവേഷണ പഠനങ്ങളിൽ നാം കാണുന്ന അക്കാദമികമായ കൃത്യതയും വസ്തുനിഷ്ഠതയും നിരപേക്ഷ സ്വഭാവവും ആയിരം വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട ഒരു പുസ്​തകത്തിലുടനീളം നമുക്കനുഭവപ്പെടുന്നു. ഇന്ത്യൻ സംസ്കാരവും വിജ്​ഞാനവും പഠിക്കുകയും അത് വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയും മാത്രമല്ല, തന്റെ വിശ്വാസവും സംസ്കാരവും നിലനിർത്തികൊണ്ടുതന്നെ അതിന്റെ ഒരു പ്രതിനിധി തന്നെയായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ സന്ദേശവാഹകനായാണ് അൽ ബിറൂനി സ്വദേശത്തേക്ക് മടങ്ങിയത് എന്ന് ജീവചരിത്രകാരനായ ജോർജ്ജ് സാൾട്ടർ രേഖപ്പെടുത്തിയിട്ടുണ്ട്​.

അതുകൊണ്ടാണ് അൽ ബിറൂനിയുടെ ജീവചരിത്രകാരനായ ജോർജ്ജ് സാൾട്ടർ ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ സന്ദേശവാഹകനായാണ് അൽ ബിറൂനി സ്വദേശത്തേക്ക് മടങ്ങിയത് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
അൽ ബിറൂനിയുടെ കിതാബുൽ ഹിന്ദ് എന്ന പുസ്​തകം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യ ഭാഗത്ത് 30 അദ്ധ്യായങ്ങളാണുള്ളത്. ആദ്യ അദ്ധ്യായത്തിൽ ഇന്ത്യൻ വിജ്​ഞാനപഠനത്തിന് അന്വേഷകർ നേരിടുന്ന പ്രതിസന്ധികളാണ്​ അവലോകനം ചെയ്യുന്നുത്. തുടർന്ന് ദൈവവിശ്വാസം, ഇന്ദ്രിയ ഗോചരവും അല്ലാത്തതുമായ കാര്യങ്ങളിൽ ഇന്ത്യക്കാർക്കുള്ള വിശ്വാസം, ആത്മാവും ജഡപദാർത്ഥവും തമ്മിലുള്ള ബന്ധം, അവതാര സിദ്ധാന്തം, ലൗകിക ബന്ധങ്ങളിൽ നിന്നുള്ള മോചനം, വർഗങ്ങളും ജാതികളും, വേദങ്ങളും പുരാണങ്ങളും തുടങ്ങി വൃത്തവും വ്യാകരണവും സംബന്ധമായ വിശകലനങ്ങളും ഇതര ശാസ്ത്രങ്ങളിലെ പുസ്​തകപരിചയങ്ങളും മറ്റു വൈജ്​ഞാനിക വിഷയങ്ങളും ചർച്ച ചെയ്യുന്നു.

അറബികളുടെ മറ്റ് ഏഷ്യൻ സമൂഹങ്ങളുമായുള്ള സമുദ്രാന്തര സംസ്കാര വ്യാപാര ബന്ധങ്ങളെ കുറിച്ച് വികസിച്ചു വന്ന പുതിയ പഠനങ്ങൾക്ക് വലിയ ഉൾക്കാഴ്ച പകരുന്നതാണ് അൽ ബിറൂനിയുടെ പുസ്​തകങ്ങൾ. / Art: Francois-Edmond, Wikimedia Commons

രണ്ടാം ഭാഗത്ത്, 50 അദ്ധ്യായങ്ങളാണ്. രാജ്യങ്ങൾ തമ്മിലുള്ള അന്തരം, ലോകത്തിന്റെ തുടർച്ചയും കാലവും അതിന്റെ ഉത്പത്തിയും അന്ത്യവും, കാലം സംബന്ധിച്ച മറ്റ് ഇന്ത്യൻ സിദ്ധാന്തങ്ങൾ, ഇന്ത്യയുടെ ഇതിഹാസ കാലങ്ങളും ജ്യോതിശാസ്ത്ര വിവരണങ്ങളും, ബ്രാഹ്​മണരുടെ പ്രത്യേകതകളും അവരുടെ കർത്തവ്യങ്ങളും, ബ്രാഹ്​മണരല്ലാത്ത ജാതികൾ ജീവിതകാലത്ത് ചെയ്യേണ്ട ആചാരമുറകൾ, ബലികർമ്മങ്ങൾ, തീർത്ഥാടനങ്ങൾ, ധർമവും സ്വത്തുവിനിയോഗ ക്രമവും തുടങ്ങി അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതുമായ ഭക്ഷണപാനീയ ക്രമങ്ങൾ, വ്യവഹാര നിയമങ്ങൾ, അനന്തരാവകാശ നിയമങ്ങൾ, വ്രതവും അതിന്റെ വകുപ്പുകളും, യോഗങ്ങളുടെ വിവരണം, ജ്യോതിശാസ്ത്ര ഗണനാമാർഗങ്ങളും അതിന്റെ പ്രാഥമിക മൂല തത്വങ്ങളും വരെ നിരവധി ശീർഷകങ്ങളിലായി ഇന്ത്യൻ സംസ്കാരത്തെയും വിശ്വാസ- ആചാരക്രമങ്ങളെയും ചിന്താപാരമ്പര്യങ്ങളെയും അൽ ബിറൂനി അവലോകനം ചെയ്യുന്നു. ക്രമീകൃതമല്ലാതെ പരന്നുകിടക്കുന്ന വിജ്​ഞാനരൂപങ്ങളെയും ആചാരരീതികളെയും വിശ്വാസ, സാംസ്കാരിക മൂല്യങ്ങളെയും വിവിധ ശീർഷകങ്ങളിലായി വിശകലനം ചെയ്യുന്ന ഈ പുസ്​തകം അക്കാലത്തെ സമൂഹങ്ങൾക്ക് ഇന്ത്യൻ സംസ്കാരത്തെ സംബന്ധിച്ച് കൃത്യതയോടെയുള്ള ചില സാമാന്യധാരണകൾ പകരാൻ പര്യാപ്തമായിരുന്നു.

പൗരസ്ത്യ തത്വചിന്തയുടെയും സാമൂഹിക- സംസ്കാരിക- നരവംശ ശാസ്ത്ര പഠനങ്ങളുടെയും മേഖലയിൽ ആയിരത്തോളം വർഷങ്ങളായി ഒരു ആധികാരിക റഫറൻസ് ആയി പരിഗണിക്കപ്പെടുന്ന മഹത്തായ പല പുസ്​തകങ്ങളുടെയും രചന നിർവ്വഹിച്ച അൽ ബിറൂനി സംസ്കാരങ്ങൾ തമ്മിലുള്ള ആദാന പ്രദാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ മൗലിക പ്രതിഭയായിരുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ജ്​ഞാനപാരമ്പര്യങ്ങളും പ്രമേയമാക്കി വികസിച്ചു വന്ന പഠനശാഖക്ക് ആയിരം വർഷങ്ങൾക്കുമുമ്പ് വിജ്​ഞാനചരിത്രത്തിൽ തുടക്കം കുറിച്ചുവെന്നത് അദ്ദേഹത്തിന്റെ മഹത്വങ്ങളിൽ പ്രധാനമായതാണ്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സൈനുദ്ദീൻ മന്ദലാംകുന്ന്

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും, മാപ്പിള സമരചരിത്രപഠനങ്ങൾ, കേരള മുസ്​ലിം നവോത്ഥാനം: ചരിത്രം വർത്തമാനം വിമർശനം, ഇസ്​ലാമിലെ ജ്ഞാനി ജ്ഞാനം ജ്ഞാനശാസ്ത്രം, ദക്ഷിണേന്ത്യയിലെ മുസ്​ലിം വേരുകൾ: സ്വൂഫികൾ സ്വൂഫിസം (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments