ദേശീയ സ്വാതന്ത്ര്യസമരത്തിലെ കേരളത്തിന്റെ ഗാന്ധിയൻ പ്രതീകമായ കെ. ദേശീയപ്രസ്ഥാനം കേരളത്തിൽ സജീവമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ രേഖപ്പെടുത്താത്ത ഒരേടാണ് സാംസ്‌കാരികരംഗം, പ്രത്യേകിച്ച് വായനശാലാ പ്രവർത്തനം. അഭ്യസ്തവിദ്യരുടെ സൗന്ദര്യബോധവികസനത്തിനോ വെറും വിനോദത്തിനോ വേണ്ടിയല്ല അദ്ദേഹം ലൈബ്രറികൾ സ്ഥാപിച്ചത്, സാമൂഹികമാറ്റത്തിനായുള്ള ആശയവേദികൾ എന്ന നിലയ്ക്കാണ്. മലബാറിലെ വായനശാലാ പ്രസ്ഥാനത്തിലുള്ള കേളപ്പന്റെ പങ്കാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.
സ്വാതന്ത്ര്യസമരകാലം കേരളം മൂന്ന് പ്രവിശ്യകളായാണ് നിലനിന്നത്. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച രാജഭരണ പ്രദേശങ്ങളും മലബാർ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിലും. ആ രാഷ്ട്രീയസാഹചര്യത്തിൽ കേരളത്തിലെ സ്വാതന്ത്ര്യസമരം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത് മലബാറിലാണ്. പോരാട്ടവേദിയും മലബാർ തന്നെയായിരുന്നു.
കേളപ്പന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നതുതന്നെ വായനശാല സ്ഥാപിച്ചാണ്. സാമൂഹികമാറ്റത്തിനായുള്ള താൽപര്യം കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ കേളപ്പനിൽ വളർന്നിരുന്നു. കോഴിക്കോട് സാമൂതിരി കോളേജിൽ എഫ്.എ.യ്ക്ക് പഠിക്കുമ്പോൾ ബ്രഹ്മവിദ്യാസംഘവുമായി ഇടപഴകി പ്രവർത്തിക്കുന്ന അവിടുത്തെ അധ്യാപകരുടെ സ്വാധീനം കേളപ്പനിലും പുരോഗമന ചിന്താഗതി രൂപപ്പെടുത്തി.
ദേശീയ സ്വാതന്ത്ര്യസമരവും മലബാറിലെ വായനശാലകളുടെ വളർച്ചയും പരസ്പരപൂരകമായ ഒന്നാണ്. 1930 കൾക്കുശേഷം ഉടലെടുത്ത മിക്ക ലൈബ്രറികളും സ്വാതന്ത്ര്യസമരസേനാനികളുടെ പ്രവർത്തനഫലമായും, സ്വാതന്ത്ര്യസമരകാല സംഭവങ്ങളുമായി ചേർന്നുമാണ് രൂപമെടുത്തത്. കോൺഗ്രസ് സമ്മേളനത്തിൽ വായനശാലാ പ്രവർത്തകരുടെ ഒത്തുചേരലുണ്ടായിരുന്നു. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പഠനം, പ്രസംഗപരിശീലനം തുടങ്ങിയവയ്ക്കെല്ലാം വായനശാലകളും കേന്ദ്രമായി. കേളപ്പൻ, എ.കെ.ജി., മൊയാരത്ത് ശങ്കരൻ, കെ.എ. കേരളീയൻ തുടങ്ങിയവർ വായനശാലാ പ്രവർത്തനത്തിൽ സവിശേഷ താൽപര്യം പുലർത്തി. ഇ.എം.എസ്. കെ.പി.സി.സി. പ്രസിഡന്റായ കാലത്ത് വായനശാലകൾ തുടങ്ങാൻ നിർദേശം നൽകിയിരുന്നു. മലബാറിലെ വായനശാലകൾക്ക് സംഘടിതസ്വഭാവം വരുന്നതും ഈ കാലത്താണ്. 1930-ൽ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനിയായിരുന്നു ശ്രീഹർഷൻ. പൊലീസിന്റെ കൊടിയ മർദനത്തിൽ കണ്ണൂർ ജയിലിൽവെച്ച് ശ്രീഹർഷൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഓർമ നിലനിർത്താൻ കെ.പി.ആർ. ഗോപാലനും കെ.എ. കേരളീയനും സ്ഥാപിച്ച ലൈബ്രറിയാണ് കല്യാശ്ശേരിയിലെ ശ്രീഹർഷൻ വായനശാല. ഇങ്ങനെയുള്ള രാഷ്ട്രീയചരിത്രങ്ങൾ മലബാറിലെ അനേകം വായനശാലകൾക്കുണ്ട്. ഇവയിൽ പലതും ഇന്ന് വിസ്മൃതിയിലായി, ചിലതെല്ലാം പൊലീസ് നശിപ്പിച്ചു. ഇവയുടെ കൃത്യമായ ചരിത്രമോ രേഖകളോ നമുക്കിന്നില്ല.
കേളപ്പന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നതുതന്നെ വായനശാല സ്ഥാപിച്ചാണ്. സാമൂഹികമാറ്റത്തിനായുള്ള താൽപര്യം കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ കേളപ്പനിൽ വളർന്നിരുന്നു. കോഴിക്കോട് സാമൂതിരി കോളേജിൽ എഫ്.എ.യ്ക്ക് പഠിക്കുമ്പോൾ ബ്രഹ്മവിദ്യാസംഘവുമായി ഇടപഴകി പ്രവർത്തിക്കുന്ന അവിടുത്തെ അധ്യാപകരുടെ സ്വാധീനം കേളപ്പനിലും പുരോഗമന ചിന്താഗതി രൂപപ്പെടുത്തി. അക്കാലത്ത് യുവാക്കളെ സംഘടിപ്പിച്ച് പള്ളിക്കരയിൽ ഗ്രാമീണ വായനശാല സ്ഥാപിച്ചു. നാടകവും അവതരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെ വ്യക്തമായ ചിത്രം തിക്കോടിയന്റെ അരങ്ങുകാണാത്ത നടൻ എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘ഗ്രാമീണ വായനശാല പ്രകൃതിമനോഹരമായ ചുറ്റുപാടിൽ, ഒരു ചെറിയ പീടികമുറിയിലാണ് ആരംഭിച്ചത്. കോടനാട്ടും കുളവും പരദേവതാക്ഷേത്രവും ആൽത്തറയും ഒരുവശത്ത്. മറുവശത്ത് വീതി കൂടിയ ഊടുവഴി. അതിനപ്പുറം പരന്നുകിടക്കുന്ന നെൽപ്പാടം. ജനങ്ങൾക്ക് വരാനും ഒത്തുചേരാനും സൗകര്യപ്രദമായ സ്ഥലം. വളരെ ക്ലേശിച്ചാണ് സ്ഥലം സമ്പാദിച്ചത്. യാഥാസ്ഥിതികർ ഒറ്റക്കെട്ടായി നിന്ന് കേളപ്പനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തി. "വായനശാല അപകടമാണ്, അത് ചെറുപ്പക്കാരെ കേടുവരുത്തും, ഈശ്വരവിശ്വാസം തകർക്കും, അമ്പലം അശുദ്ധമാക്കും, തീണ്ടൽ ജാതിക്കാരെകൊണ്ട് എല്ലാം തൊട്ട് നശിപ്പിക്കും, കേളപ്പൻ നായരുടെ ഉദ്ദേശ്യമതാണ്. ഒരിഞ്ചുസ്ഥലം ആരും കൊടുക്കരുത്'- പ്രചാരവേല നല്ല ഫലം ചെയ്‌തെങ്കിലും ഒടുവിൽ ഒരു മുസ്ലിം കാരണവർ സഹായത്തിനെത്തി. അദ്ദേഹമാണ് ഒരു പീടികമുറി സൗജന്യമായി കൊടുത്തത്. അതോടെ പള്ളിക്കരയിലെയും പരിസരപ്രദേശങ്ങളിലെയും യുവജനങ്ങളുടെ ആകർഷണകേന്ദ്രമായി ഗ്രാമീണ വായനശാല.''
കേളപ്പൻ എഴുതിയ നാടകത്തിൽ തന്നെ അഭിനയിപ്പിച്ചതും തിക്കോടിയൻ ഓർക്കുന്നു.
1918 ലാണ് കേളപ്പൻ പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അധ്യാപകനായി ചേർന്നത്. പൊന്നാനിയുടെ സാംസ്‌കാരികചരിത്രത്തിൽ അതിപ്രധാന്യമുള്ള ഒരു സ്‌കൂളാണ് എ.വി. ഹൈസ്‌കൂൾ. ഉറൂബ്, എം. ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ, കെ.സി. എസ്. പണിക്കർ, ടി.കെ. പത്മിനി, സി. രാധാകൃഷ്ണൻ തുടങ്ങിയവർ ഈ സ്‌കൂളിലെ വിദ്യാർഥികളാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായും ഉണർവുള്ള പ്രദേശമാണ് പൊന്നാനി. കേളപ്പജിയുടെ വരവ് ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിന് ദിശാബോധം നൽകി."ദേശീയ പ്രസ്ഥാനത്തിന്റെ നവ്യപ്രകാശം ഉൾക്കൊള്ളാൻ ഈ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് 1918-ൽ എ.വി. ഹൈസ്‌കൂൾ അധ്യാപകനായി വന്ന കേളപ്പന്റെ പ്രവർത്തനം കൊണ്ടാണ്' എന്ന് ഈഴുവത്തുരുത്തി പഞ്ചായത്തിന്റെ വികസനരേഖയിൽ പറയുന്നു.
കേളപ്പൻ, ടി. ഗോപാലക്കുറുപ്പ്, കൃഷ്ണപ്പണിക്കർ, സി. ചോയുണ്ണി തുടങ്ങിയവരാണ് ഇവിടുത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകർ. പൊന്നാനിയുടെ സാംസ്‌കാരികമേഖലയിലും ഇടപെട്ടുകൊണ്ടാണ് ഇവർ പ്രവർത്തിച്ചത്. ടി. ഗോപാലക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കസ്തൂർബാ സ്മാരക വായനശാല സ്ഥാപിച്ചത്. അത് പിന്നീട് പൊലീസ് നശിപ്പിച്ചു. കൃഷ്ണപ്പണിക്കരുടെ പേരിൽ ഇടശ്ശേരി നേതൃത്വം നൽകി സ്ഥാപിച്ച ലൈബ്രറിയാണ് എ.വി. ഹൈസ്‌കൂളിന് സമീപമുള്ള കൃഷ്ണപ്പണിക്കർ വായനശാല. പൊന്നാനി കളരി എന്ന പേരിൽ സാഹിത്യനഭസ്സിൽ ഇന്നും നിലനിൽക്കുന്ന കൂട്ടായ്മ ഈ വായനശാലയുടെ സൃഷ്ടിയാണ്. വി.ടി. ഭട്ടതിരിപ്പാടിന് കേളപ്പനുമായുള്ള ബന്ധം പ്രത്യേകം പരാമർശിക്കേണ്ടതാണ്. നാടകത്തിന്റെ പ്രഹരശേഷി നന്നായി തിരിച്ചറിഞ്ഞ കേളപ്പനാണ് വി.ടി. യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ അവതാരിക എഴുതിയത്.
മലബാറിലെ വായനശാലകളുടെ സംഘടിത പ്രസ്ഥാനമായ മലബാർ വായനശാലാസംഘം ആ സമ്മേളനത്തിലാണ് രൂപീകരിച്ചത്. 149 ഓളം വായനശാലകൾ അതിൽ പങ്കെടുത്തിരുന്നു.
ജനകീയാസൂത്രണ കാലത്ത് തയ്യാറാക്കിയ വികസനരേഖയിൽ കേളപ്പന്റെ ശ്രമഫലമായി ആരംഭിച്ച വായനശാലകളുടെ ചരിത്രമുണ്ട്. 1930-ൽ കേളപ്പന്റെ അനുഗ്രഹാശിസ്സുകളോടെ കാരന്തൂരിൽ ആരംഭിച്ച സംസ്‌കാരപ്രദായനി വായനശാലയാണ് ഗ്രന്ഥശാലാപ്രവർത്തനത്തിന്റെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ കൂട്ടായ്മ. 1952-ൽ മുചുകുന്നിൽ ദേശീയവിലാസം വായനശാലയും സ്ഥാപിച്ചത് കേളപ്പൻ തന്നെ. ഭൂദാനപ്രസ്ഥാനം, ഖാദി പ്രസ്ഥാനം എന്നിവയെല്ലാം സജീവമായി നടത്തിയ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ദേശസേവിനി വായനശാലയും ഇന്നും നല്ലനിലയിൽ പ്രവർത്തിക്കുന്ന പയ്യന്നൂരിലെ ലാൽബഹദൂർശാസ്ത്രി ഗ്രന്ഥാലയം & വായനശാലയും കേളപ്പനാണ് ഉദ്ഘാടനം ചെയ്തത്. 1937 ജൂൺ 11-ന് കോഴിക്കോട്ട് കേളപ്പന്റെ അധ്യക്ഷതയിലാണ് ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നത്. മലബാറിലെ വായനശാലകളുടെ സംഘടിത പ്രസ്ഥാനമായ മലബാർ വായനശാലാസംഘം ആ സമ്മേളനത്തിലാണ് രൂപീകരിച്ചത്. 149 ഓളം വായനശാലകൾ അതിൽ പങ്കെടുത്തിരുന്നു. ഇന്ന് ഔദ്യോഗികചരിത്രമായി പറയുന്ന തിരുവിതാംകൂർ ലൈബ്രറി സംഘത്തിൽ കേവലം 47 അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേളപ്പന്റെ അധ്യക്ഷതയിൽ ചേർന്ന ആ സമ്മേളനത്തിൽ കെ. ദാമോദരനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും മലബാർ മേഖലയിൽ ശക്തമായ ഒരു വായനശാല സംഘത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
മേൽപറഞ്ഞ പ്രവർത്തനങ്ങളെല്ലാം കേളപ്പന്റെ സാമൂഹിക കാഴ്ചപ്പാടിന്റെയും ജീവിതാവബോധത്തിന്റെയും ഫലമാണ്. അതെന്താണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ: ‘‘സമൂഹത്തിലെ വ്രണമാണ് ദാരിദ്ര്യം. അഴുക്കാണ് അസമത്വം. അഴുക്കിന് കാരണം അജ്ഞത തന്നെ. അജ്ഞതയും അസമത്വവും നീങ്ങുമാറ് താഴെ തട്ടിലുള്ളവർക്ക് തൊഴിലവസരവും വിദ്യാസൗകര്യവും എത്തിക്കലാവണം നമ്മുടെ ചുമതല. അത് സ്വാതന്ത്ര്യസമരത്തിന് തുല്യമാണ്, തയ്യാറെടുപ്പാണ്.''
കേളപ്പന്റെ ഈ വാക്കുകൾ അസമത്വം നിലനിൽക്കുന്ന എല്ലാകാലത്തും പ്രസക്തമാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.