പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി ചാപ്പലിലെ ഗ്ലാസ് വിൻഡോയിൽ ചെയ്ത അബുബക്കർ അൽ റാസിയുടെ പെയ്ന്റിങ്ങ് / Photo: Wikimedia Commons

അബുബക്കർ അൽ റാസിയെ കോവിഡുകാലത്ത്​ എന്തിന്​ ഓർക്കണം?

ആധുനിക വൈദ്യശാസ്ത്രം പൂർണമായും പാശ്ചാത്യ സൃഷ്ടിയാണ് എന്ന തെറ്റായ ധാരണ തിരുത്തുന്നതാണ് അബുബക്കർ സക്കറിയ അൽ റാസി വൈദ്യശാസ്ത്രത്തിനു നൽകിയ സംഭാവനകൾ. ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത്, വൈദ്യശാസ്ത്രത്തിന്റെ രഹസ്യാത്മകതയെയും വരേണ്യതയെയും എതിർത്ത അബുബക്കർ അൽ റാസിയുടെ ഇടപെടലുകളുടെ പ്രസക്തി പരിശോധിക്കപ്പെടുന്നു

നുഷ്യനും രോഗങ്ങളും തമ്മിലുള്ള സ്വകാര്യ പോരാട്ടം ഒരു സാമൂഹ്യപ്രശ്‌നമായി മാറുന്നത് പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴാണ്. വസൂരി, മീസിൽസ്, പ്ലേഗ്, കോളറ തുടങ്ങി നിരവധി സാംക്രമിക രോഗങ്ങൾ ചരിത്രാതീതകാലം മുതൽ ഇടവിട്ടിടവിട്ട് മനുഷ്യനെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ ഈ വ്യാധികൾ മഹാമാരികളായി മാറി ചരിത്രത്തിന്റെ ഒഴുക്കിനു തന്നെ ഗതിമാറ്റം സൃഷ്ടിക്കുന്നു.

വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് എന്നിങ്ങനെയുള്ള സൂക്ഷ്മജീവികളാണ് സാംക്രമിക രോഗങ്ങൾക്ക് ഹേതുവെന്ന് ആധുനിക വൈദ്യശാസ്ത്രം സ്ഥാപിക്കുന്നു. രോഗാണു സിദ്ധാന്തം എന്നറിയപ്പെടുന്ന ഈ ശാസ്ത്രതത്വം രോഗമുക്തിക്കുള്ള ഔഷധങ്ങളും രോഗപ്രതിരോധത്തിനുള്ള വാക്‌സിനുകളും വികസിപ്പിച്ചെടുക്കാൻ നമ്മെ സഹായിക്കുന്നു. രോഗാണു സിദ്ധാന്തത്തിലേയ്ക്ക് വൈദ്യശാസ്ത്രം എത്തിച്ചേർന്നത് രോഗങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുടെ ഒരു പരിണാമ പ്രക്രിയയിലൂടെയാണ്. വിവിധ സംസ്‌കാരങ്ങളിൽ ഉത്ഭവിച്ച ശാസ്ത്രീയ ആശയങ്ങളുടെ പരസ്പര വിനിമയവും തത്ഫലമായുണ്ടാകുന്ന സംസ്‌കരണവും ഈ പരിണാമ പ്രക്രിയയുടെ സുപ്രധാന ഘടകമാണ്.

പാശ്ചാത്യ ശാസ്ത്രചരിത്രകാരന്മാർ അത്യുന്നത സ്ഥാനീയരായി കരുതുന്ന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞരായ ഹിപ്പോക്രാറ്റസിനോടും ഗാലനോടും കിടപിടിക്കുന്ന സംഭാവനകൾ ലോകത്തിനു നൽകിയ പൗരസ്ത്യപ്രഭയാണ് അബുബക്കർ അൽറാസി

മഹാമാരികളുമായി പോരാടുമ്പോൾ ലോകം കൃതജ്ഞതയോടെ സ്മരിക്കേണ്ട മഹാനായ വൈദ്യശാസ്ത്രജ്ഞനാണ് മധ്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന അബൂബക്കർ മുഹമ്മദ് ഇബ്ൻ സക്കറിയ അൽറാസി. എ.ഡി. ഒമ്പതാം ശതകത്തിൽ അബ്ബാസിദ് സാമ്രാജ്യത്തിന്റെ ഭാഗമായ പേർഷ്യയിൽ ജനിച്ച് അവിടെയും അബ്ബാസിദ് തലസ്ഥാനമായ ബാഗ്ദാദിലും ജീവിച്ച് വിവിധ മേഖലകളിൽ പ്രവർത്തിച്ച ഇദ്ദേഹത്തേപ്പോലെ, തന്റെ അനവധി സംഭാവനകളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ സ്വാധീനിച്ച മറ്റൊരാൾ ഇസ്‌ലാമിക ലോകത്തുണ്ടായിട്ടില്ല.

ആധുനിക വൈദ്യശാസ്ത്രം പൂർണമായും പാശ്ചാത്യ സൃഷ്ടിയാണ് എന്നൊരു തെറ്റായ ധാരണ വ്യാപകമാണ്. യൂറോപ്യൻ സാമ്രാജ്യത്വത്തേയും കോളനിവൽക്കരണത്തേയും ന്യായീകരിക്കുന്നതിന് ചരിത്രം എഴുതപ്പെടുകയും വിദ്യാഭ്യാസ സമ്പ്രദായം മാറ്റപ്പെടുകയും ചെയ്തപ്പോൾ പാശ്ചാത്യ സൃഷ്ടിയായ ആധുനിക വൈദ്യശാസ്ത്രം എന്ന സങ്കല്പം ലോകം മുഴുവൻ പടർന്നു. ഇത്തരം ധാരണകളെ പൂർണമായും തിരുത്തുന്നതാണ് അബുബക്കർ സക്കറിയ അൽറാസി വൈദ്യശാസ്ത്രത്തിനു നൽകിയ അമൂല്യ സംഭാവനകളെപ്പറ്റി നമുക്ക് കിട്ടുന്ന അറിവുകൾ. പാശ്ചാത്യ ശാസ്ത്രചരിത്രകാരന്മാർ അത്യുന്നത സ്ഥാനീയരായി കരുതുന്ന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞരായ ഹിപ്പോക്രാറ്റസിനോടും ഗാലനോടും കിടപിടിക്കുന്ന സംഭാവനകൾ ലോകത്തിനു നൽകിയ പൗരസ്ത്യപ്രഭയാണ് അബുബക്കർ അൽറാസി. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ആഴത്തിലുള്ള വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം രസതന്ത്രത്തിലും തത്വശാസ്ത്രത്തിലും സമാന തലത്തിലുള്ള സംഭാവകൾ നൽകി.

രോഗാണു സിദ്ധാന്തത്തിലേക്ക് വൈദ്യശാസ്ത്രം എത്തിച്ചേർന്നത് രോഗങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുടെ ഒരു പരിണാമ പ്രക്രിയയിലൂടെയാണ്. വിവിധ സംസ്‌കാരങ്ങളിൽ ഉത്ഭവിച്ച ശാസ്ത്രീയ ആശയങ്ങളുടെ പരസ്പര വിനിമയവും തത്ഫലമായുണ്ടാകുന്ന സംസ്‌കരണവും ഈ പരിണാമ പ്രക്രിയയുടെ സുപ്രധാന ഘടകമാണ്. / Photo: Wikimedia Commons

ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിവേരുകൾ ഈജിപ്ത്, ഇന്ത്യ, ചൈന, ഗ്രീസ്, മെസപൊട്ടേമിയ, പേർഷ്യ തുടങ്ങി എല്ലാ പുരാതന നാഗരികതകളിലും വ്യാപിച്ചു കിടക്കുന്നു എന്ന് നിസ്സംശയം പറയാം. പക്ഷേ പാശ്ചാത്യരുടെ സ്വത്വബോധത്തിൽ എല്ലാ ആധുനിക ശാസ്ത്രങ്ങളുടേയും ഉൽഭവം പുരാതന ഗ്രീക്ക് സംസ്‌കാരത്തിൽ നിന്നാണ്. ഗ്രീക്ക് വൈദ്യത്തെ സവിശേഷതയുള്ള ഒരു ശാസ്ത്രമെന്ന നിലയിൽ ബൗദ്ധികമായി സംഘടിപ്പിക്കുന്നത് ബി.സി 460-370 ൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസും അദ്ദേഹത്തിന്റെ അനുഗാമികളുമാണ്. വൈദ്യത്തിന് മതവും വൈദികനുമായുള്ള ബന്ധത്തെ ഹിപ്പോക്രാറ്റസ് വിച്ഛേദിച്ചു. രോഗങ്ങൾക്കുള്ള കാരണങ്ങളെ ദൈവകോപത്തിൽ നിന്ന് വിഭിന്നമായി പ്രകൃതിയിലും പരിസ്ഥിതിയിലും ഭക്ഷണത്തിലും ജീവിതശീലങ്ങളിലും അന്വേഷിച്ചു. ദൃഢമായ ഈ ചുവടുവയ്പുകൾ എടുത്ത ഹിപ്പോക്രാറ്റസിനെ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് പാശ്ചാത്യലോകം സംബോധന ചെയ്തു.

പാശ്ചാത്യർ ഗാലനെ അന്ധമായി പിൻതുടർന്നപ്പോൾ ഇസ്‌ലാമിക ലോകത്തെ വൈദ്യശാസ്ത്രജ്ഞർ പലപ്പോഴും ഗാലന്റെ സിദ്ധാന്തങ്ങളേയും ചികിത്സാരീതികളേയും ചോദ്യം ചെയ്തു.

ഹിപ്പോക്രാറ്റസിനു ശേഷം എകദേശം അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഗാലൻ എന്നറിയപ്പെടുന്ന ക്ലോഡിയസ് ഗാലനസ് പാശ്ചാത്യ വൈദ്യശാസ്ത്രരംഗത്ത് പ്രവേശം ചെയ്യുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ഗാലൻ (എ.ഡി 130-260) ആണ് പാശ്ചാത്യ വൈദ്യശാസ്ത്രത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി. 1000 വർഷത്തോളം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും പ്രയോഗരീതികളുമാണ് പാശ്ചാത്യർ പൂർണമായും പിൻതുടർന്നത്. അസാമാന്യ പ്രതിഭയായിരുന്ന ഗാലൻ വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും തന്റേതായ സംഭാവന നൽകുകയും ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു.

ഹിപ്പോക്രാറ്റസ് മുതൽ ഗാലൻ വരെയുള്ള പാശ്ചാത്യ വൈദ്യശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു വൈദ്യശാസ്ത്ര തത്വമാണ് നാലുദ്രവരൂപങ്ങളുടെ സിദ്ധാന്തം (Theory of four humors). ഈ സിദ്ധാന്തമനുസരിച്ച് രക്തം, കഫം, മഞ്ഞയും കറുപ്പുമായ പിത്തരസങ്ങൾ എന്നിങ്ങനെ ശരീരത്തിലുള്ള നാലു ദ്രവരൂപങ്ങളുടെ (humors) സന്തുലനമാണ് ശരീരത്തെ ആരോഗ്യമുള്ള അവസ്ഥയിൽ നിർത്തുന്നത്. ഈ ദ്രവരൂപങ്ങളുടെ ആധിക്യവും ന്യൂനതയും രോഗങ്ങൾക്കു കാരണമാകുന്നു. നാലു ദ്രവരൂപങ്ങളുടെ സിദ്ധാന്തത്തെ പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പരമമായ തത്വമായി ഉയർത്തുന്നത് ഗാലനാണ്.

രക്തം വാർക്കൽ (bloodletting) പോലുള്ള അപകടകരമായ പല ചികിത്സാമുറകൾക്കും ഗാലന്റെ ഈ സിദ്ധാന്തം കാരണമായി. ചില രോഗങ്ങൾക്കു കാരണം ശരീരത്തിൽ രക്തത്തിന്റെ അളവു കൂടുന്നതാണെന്ന ആശയവും രോഗശമനത്തിനായി ശരീരത്തിൽ നിന്ന് രക്തം ഊറ്റിക്കളയണമെന്നുള്ള ചികിത്സാവിധി നിലവിൽ വന്നു. ആധുനിക കാലത്തിന്റെ ആദ്യഘട്ടങ്ങൾ വരെയും ഇത്തരം തെറ്റായ ചികിത്സാരീതികൾ പാശ്ചാത്യലോകത്ത് തുടർന്നു. വെറും 220 വർഷങ്ങൾക്കു മുൻപ് എ.ഡി. 1799ൽ അമേരിക്കയുടെ ആദ്യ പ്രസിഡൻറ്​ ജോർജ് വാഷിംഗ്ടൺ മരിച്ചത് ചികിത്സകർ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് രക്തം അത്യധികം നീക്കം ചെയ്തതു മൂലമാണെന്നും പറയപ്പെടുന്നു.
പാശ്ചാത്യർ ഗാലനെ അന്ധമായി പിൻതുടർന്നപ്പോൾ ഇസ്‌ലാമിക ലോകത്തെ വൈദ്യശാസ്ത്രജ്ഞർ പലപ്പോഴും ഗാലന്റെ സിദ്ധാന്തങ്ങളേയും ചികിത്സാരീതികളേയും ചോദ്യം ചെയ്തു. ഇന്ത്യയിലേയും ചൈനയിലേയും വൈദ്യശാസ്ത്ര സമ്പ്രദായങ്ങളേക്കുറിച്ചുള്ള അറിവും പരിചയവും ഇസ്‌ലാമിക ലോകത്തെ വൈദ്യശാസ്ത്രജ്ഞർക്ക് ഗാലനെ വിമർശനബുദ്ധിയോടെ സമീപിക്കുവാൻ പ്രേരണ നൽകി.

ഹിപ്പോക്രാറ്റസ് മുതൽ ഗാലൻ വരെയുള്ള പാശ്ചാത്യ വൈദ്യശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു വൈദ്യശാസ്ത്ര തത്വമാണ് നാലുദ്രവരൂപങ്ങളുടെ സിദ്ധാന്തം (Theory of four humors). രക്തം വാർക്കൽ (blood letting) പോലുള്ള അപകടകരമായ പല ചികിത്സാമുറകൾക്കും ഈ സിദ്ധാന്തം കാരണമായി / Photo: Wikimedia Commons

അബുബക്കർ അൽറാസിയെപ്പോലുള്ള മധ്യകാല വൈദ്യശാസ്ത്രജ്ഞർ ഗാലനിലൂടെ ഔന്നത്യം പ്രാപിച്ച ഗ്രീക്ക് വൈദ്യശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോഴും അതിനെ സംശയിക്കുകയും സംസ്‌കരിക്കുകയും പതിന്മടങ്ങ് ഫലവത്താക്കുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായി മാറിയ ഒട്ടനവധി നേട്ടങ്ങൾ അബുബക്കർ അൽ റാസിയുടെ വൈദ്യശാസ്ത്രത്തിലെ സംഭാവനകളിൽ കാണാം. ഇത്തരം നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് പകർച്ചവ്യാധികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും. പകർച്ച വ്യാധികളെക്കുറിച്ചുള്ള മനുഷ്യന്റെ ജ്ഞാനസഞ്ചയം രൂപപ്പെട്ടു വരുന്നത് വസൂരി, മീസിൽസ് തുടങ്ങിയ രോഗങ്ങളുടെ ഇടവിട്ടിടവിട്ടുള്ള പൊട്ടിപ്പുറപ്പെടലുകൾ വഴിയാണ്. ചരിത്രാതീതകാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മനുഷ്യനെ അത്യധികം ഭയപ്പെടുത്തിയ രോഗമാണ് വസൂരി. ഈ മാരകരോഗത്തേക്കുറിച്ചുള്ള പരാമർശങ്ങൾ ഇന്ത്യ, ചൈന, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുരാതന സ്രോതസുകളിൽ കാണാം. ബി.സി. 1157-ൽ ഈജിപ്റ്റിലെ ഫറവോ രാംസേസ് അഞ്ചാമൻ വസൂരി മൂലം മരിച്ചതായി കരുതപ്പെടുന്നു. വസൂരി പോലെ നന്നേ കാലങ്ങളായി മനുഷ്യനോടൊപ്പമുള്ള മറ്റൊരു മാരകമായ രോഗമാണ് മീസിൽസ് (അഞ്ചാംപനി). 1963-ൽ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിനു മുൻപ് പ്രതിവർഷം ലോകമാകെ 26 ലക്ഷം ആളുകൾ മീസിൽസ് മൂലം മരിച്ചിരുന്നു.

പുരാതന ഗ്രീക്ക്, സിറിയൻ, ഇന്ത്യൻ, പേർഷ്യൻ, ചൈനീസ് വൈദ്യശാസ്ത്രനേട്ടങ്ങളുടെ ക്രിയാത്മക സമന്വയത്തിലൂടെയാണ് ഇസ്‌ലാമിക ലോകത്തെ വൈദ്യശാസ്ത്രം ഉരുത്തിരിഞ്ഞുവന്നത്.

അതിവേഗം പടരുന്ന രോഗങ്ങളായ വസൂരിയും മീസിൽസും രോഗബാധയുടെ ആരംഭത്തിൽ സാമ്യമുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നതിനാൽ അവയെ വേർതിരിച്ചു കാണാൻ മനുഷ്യനായിരുന്നില്ല. ഇവ രണ്ടും വ്യത്യസ്ത രോഗങ്ങളാണെന്ന് ആദ്യമായി മനസ്സിലാക്കുകയും അവയുടെ ലക്ഷണങ്ങളേയും ചികിത്സയേയും ആദ്യമായി വ്യത്യസ്തമായി പ്രതിപാദിക്കുകയും ചെയ്തത് അബുബക്കർ അൽ റാസിയാണ്.

ലോകാരോഗ്യസംഘടനയുടെ 1970-ലെ ബുള്ളറ്റിൻ അബുബക്കർ അൽറാസിയെ ആദരിച്ച് ഇപ്രകാരം പറയുന്നു: വസൂരിയേയും മീസിൽസിനേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതിപാദനം മൗലികവും സൂക്ഷ്മവുമാണ്. പകർച്ചവ്യാധികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതിപാദനമാണ് ആ രംഗത്തുള്ള ആദ്യത്തെ ശാസ്ത്രീയ പ്രബന്ധം.

ആധുനിക വൈദ്യശാസ്ത്രം അതിന്റെ മഹത്തായ നേട്ടങ്ങൾ പടുത്തുയർത്തിയത് ഇസ്‌ലാമിക ലോകത്തെ അൽ റാസിയേപ്പോലുള്ള മഹാരഥന്മാർ സൃഷ്ടിച്ചെടുത്ത വൈദ്യശാസ്ത്രജ്ഞാനത്തിന്റെ അടിത്തറയിലാണ്. പുരാതന ഗ്രീക്ക്, സിറിയൻ, ഇന്ത്യൻ, പേർഷ്യൻ, ചൈനീസ് വൈദ്യശാസ്ത്രനേട്ടങ്ങളുടെ ക്രിയാത്മക സമന്വയത്തിലൂടെയാണ് ഇസ്‌ലാമിക ലോകത്തെ വൈദ്യശാസ്ത്രം ഉരുത്തിരിഞ്ഞുവന്നത്.

അൽ റാസി. പ്രശസ്ത പോർച്ചുഗീസ് ചിത്രകാരൻ വെലോസോ സാൽഗാദോയുടെ പെയ്ന്റിങ്ങ്‌ / Photo: Wikimedia Commons

അറേബ്യൻ രാവുകളിലൂടെ പ്രശസ്തനായ ഹാരൂൺ അൽ റഷീദിന്റെ പുത്രൻ അൽ- മാമൂൻ അബ്ബാസിദ് സാമ്രാജ്യത്തിന്റെ ഖലീഫ ആയതോടെ തലസ്ഥാനമായ ബാഗ്ദാദ് ലോകത്തിന്റെ തന്നെ ജ്ഞാന - സാംസ്‌കാരിക - ബൗദ്ധിക തലസ്ഥാനമായി. വിവിധ ദേശങ്ങളിൽ നിന്ന് വിവിധ ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത മതസ്ഥരായ പണ്ഡിതരെയും ഭിഷഗ്വരൻമാരെയും ശാസ്ത്രജ്ഞരെയും ബാഗ്ദാദിലേയ്ക്കാകർഷിച്ച് പ്രോത്സാഹിപ്പിച്ച അൽ മാമൂൻ ബൗദ്ധിക ഉണർവിന്റെ ഒരു പുതിയ സാഹചര്യം സൃഷ്ടിച്ചു. സ്വതന്ത്രചിന്തയുടേയും പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന തുറന്ന മനസിന്റെയും ഊഷ്മളാന്തരീക്ഷം സൃഷ്ടിച്ചു. ശാസ്ത്രീയാന്വേഷണങ്ങൾക്കും ബൗദ്ധിക - സാംസ്‌കാരിക സർഗാത്മകതയ്ക്കും തടസം നിന്ന യാഥാസ്ഥിതിക മതതീവ്രവാദികളെ കർശനമായി നിയന്ത്രിച്ചുനിർത്തി.
ശാസ്ത്ര സാങ്കേതിക, ദാർശനിക, വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ മറ്റു ഭാഷകളിൽ നിന്ന് അറബിയിലേക്ക് തർജ്ജമ ചെയ്യുന്ന ഒരു സംരംഭം ഖലീഫ ഹാരൂൺ അൽ റഷീദിന്റെ കാലത്ത് ബാഗ്ദാദിൽ ആരംഭിച്ചിരുന്നു. അൽ മാമൂന്റെ സജീവ രക്ഷാകർതൃത്വത്തിൽ ഇത് ശക്തി പ്രാപിച്ചു. അറേബ്യൻ രാവുകളിലൂടെ പ്രശസ്തനായ ഹാരൂൺ അൽ റഷീദിന്റെ പുത്രൻ അൽ- മാമൂന്റെ സജീവ രക്ഷാകർതൃത്വത്തിൽ ഒന്നര നൂറ്റാണ്ടുകൊണ്ട് ഗ്രീക്ക്, സുറിയാനി, പേർഷ്യൻ, സംസ്‌കൃതം തുടങ്ങി വിവിധ ഭാഷകളിലെ അനേകം ഗ്രന്ഥങ്ങൾ അറബിയിലേക്ക് പല തവണ തർജ്ജമ ചെയ്തു. തൽഫലമായി അറബി ഭാഷ ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ആശയ വിനിമയത്തിനുള്ള അന്താരാഷ്ട്രീയ ഭാഷയായി മാറി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഒരു കുതിച്ചു ചാട്ടത്തിന് കളമൊരുക്കുകയും ചെയ്തു.

നെസ്റ്റോറിയൻ സിറിയൻ ക്രിസ്ത്യാനികളും യഹൂദൻമാരുമായ പണ്ഡിതൻമാരായിരുന്നു ഈ മഹത്തായ തർജ്ജമ പ്രസ്ഥാനത്തിന് ആദ്യഘട്ടത്തിൽ നേതൃത്വം നൽകിയത്. ഹുനയൂൻ ഇബ്ൻ ഇഷാക് എന്ന നെസ്‌തോറിയൻ വിശ്വാസിയായ വൈദ്യശാസ്ത്രജ്ഞൻ ഈ കാലഘട്ടത്തിലെ ഏറ്റവും വിദഗ്ധനായ തർജ്ജമകാരനായി കരുതപ്പെടുന്നു. ഗ്രീക്ക് വൈദ്യശാസ്ത്രത്തിലെ അതികായരായ ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും രചനകളെ ഇദ്ദേഹം ഭാഷാന്തരണം ചെയ്തു.

ശാസ്ത്രത്തിന്റെ മറ്റു മേഖലകൾക്കൊപ്പം വൈദ്യശാസ്ത്രരംഗത്ത് വിവിധ സംസ്‌കാരങ്ങളുടെ സംഭാവനകൾ ഒരുമിച്ച് സമന്വയിക്കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്ത ഈ ഒരു കാലഘട്ടത്തിലാണ് അബുബക്കർ സക്കറിയ അൽ റാസി ജീവിച്ചത്​

തുടർന്ന് പേർഷ്യയിൽ സുറിയാനി ക്രിസ്ത്യാനിയായി ജനിച്ച, ജീവിത സായാഹ്‌നത്തിൽ ഇസ്‌ലാമിലേക്കു മതപരിവർത്തനം നടത്തിയ, അലി ഇബ്ൻ സാൽ റബ്ബാൻ അൽ തബാരി ആദ്യത്തെ വൈദ്യവിജ്ഞാനകോശം ‘ജ്ഞാനത്തിന്റെ പറുദീസ' (Firdous al- Hikmah -Paradise of wisdom) അറബിയിൽ രചിച്ചു.
ശാസ്ത്രത്തിന്റെ മറ്റു മേഖലകൾക്കൊപ്പം വൈദ്യശാസ്ത്രരംഗത്ത് വിവിധ സംസ്‌കാരങ്ങളുടെ സംഭാവനകൾ ഒരുമിച്ച് സമന്വയിക്കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്ത ഈ ഒരു കാലഘട്ടത്തിലാണ് അബുബക്കർ സക്കറിയ അൽ റാസി ജീവിച്ചതും തന്റെ അവിസ്മരണീയമായ സംഭാവന വൈദ്യശാസ്ത്രത്തിന് നൽകിയതും.

അബുബക്കർ മുഹമ്മദ് ഇബ്ൻ സക്കറിയാ അൽ റാസിയുടെ ജനനം എ.ഡി. 854-ൽ അബ്ബാസിദ് സാമ്രാജ്യത്തിന്റെ പ്രവിശ്യാ തലസ്ഥാനമായ പേർഷ്യയിലെ റെയ് (Rey) പട്ടണത്തിലായിരുന്നു. ആധുനിക ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനടുത്താണ് ഈ പട്ടണത്തിന്റെ സ്ഥാനം. ചെറുപ്പകാലത്ത് സംഗീതത്തിലായിരുന്നു താൽപര്യം. പിന്നീട് ആൽക്കെമിയിലായി പഠനങ്ങൾ. മുപ്പതു വയസ്സിനുശേഷമാണ് വൈദ്യശാസ്ത്ര പഠനത്തിലേക്കു തിരിഞ്ഞത്.

അബുബക്കർ അൽ റാസി തന്റെ വൈദ്യവിദ്യാഭ്യാസം, ‘ജ്ഞാനത്തിന്റെ പറുദീസ'യുടെ രചയിതാവായ അലി ഇബ്ൻ സാൽ റബ്ബാൻ അൽ തബാരിയുടെ കീഴിൽ നടത്തിയതായി കരുതപ്പെടുന്നു. പഠനത്തിനുശേഷം തിരികെ ജന്മസ്ഥലമായ റെയിനിലെത്തിയ അദ്ദേഹം അവിടുത്തെ രാജകീയ ആശുപത്രിയുടെ തലവനായി. വൈദ്യശാസ്ത്ര തത്വങ്ങളിലെ പാണ്ഡിത്യവും അവയുടെ പ്രയോഗത്തിലെ നൈപുണ്യവും അദ്ദേഹത്തെ വളരെ പെട്ടെന്ന് പ്രശസ്തനാക്കി.

രോഗിയെ പരിശോധിക്കുന്ന അൽ- റാസി. ഹൊസ്സൈൻ ബെഹ്‌സാദിന്റെ മിനിയേച്ചർ പെയ്ന്റിങ്ങ്‌ / Photo: Wikimedia Commons

ഖലീഫ അൽ മുഖ്താഫി (Al Muktafi) അബുബക്കർ അൽ റാസിയെ സാമ്രാജ്യതലസ്ഥാനമായ ബാഗ്ദാദിലേക്ക് ക്ഷണിച്ച് രാജകീയ ആശുപത്രിയായ അൽ മുതാദിദ് ബിമാരിസ്​ഥാന്റെ (Al Muktafi Bimaristan) അധിപനായി നിയമിച്ചു. തുടർന്ന് വലിയ പുതിയൊരു ആശുപത്രി കെട്ടുന്നതിന്റെ ചുമതല ഖലീഫ അദ്ദേഹത്തെ എൽപിച്ചു. അബുബക്കർ അൽറാസി ബാഗ്ദാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കഷണങ്ങൾ തൂക്കിയിട്ടുവെന്നും ദിവസങ്ങൾക്കുശേഷം മാംസത്തിന് ഏറ്റവും കൂറവ് ജീർണത സംഭവിച്ച സ്ഥലം ആശുപത്രിയ്ക്കായി തിരഞ്ഞെടുത്തുവെന്നും കഥയുണ്ട്. ആ സ്ഥലത്തെ വായുവാണ് ഏറ്റവും ശുദ്ധമായത് എന്നതായിരുന്നു അൽ റാസിയുടെ യുക്തി.

ഭിഷഗ്വരന്മാരും മറ്റുള്ളവരുമടക്കം 25 ജീവനക്കാരുമായി ആരംഭിച്ച ഈ ആശുപത്രി താമസിയാതെ വിവിധ വിഭാഗങ്ങളുള്ള ചികിത്സക്കൊപ്പം വൈദ്യവിദ്യാഭ്യാസവും നൽകുന്ന വലിയൊരു സ്ഥാപനമായി വളർന്നു. ഇസ്​ലാമിക ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന്​ വൈദ്യശാസ്ത്രം പഠിക്കാൻ വിദ്യാർത്ഥികളെത്തി. ഇന്ന്​സാർവത്രികമായ ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും ഒരുമിച്ചു ചേർന്നുള്ള, വൈദ്യശാസ്ത്ര സ്​ഥാപനത്തിന്റെ തുടക്കം ഇങ്ങനെയാണുണ്ടായത്.
വൈദ്യശാസ്ത്രസിദ്ധാന്തങ്ങളിലും തത്വങ്ങളിലും അപാര പാണ്ഡിത്യം ആർജ്ജിച്ച അൽ റാസി ഒരു ഭിഷഗ്വരൻ എന്ന നിലയിലുള്ള ദീർഘകാലത്തെ പ്രയോഗപരിചയത്തിലൂടെ തന്റെ അറിവിനെ വികസിപ്പിക്കുകയും അധ്യാപനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്തു. ലഭ്യമായ ഗ്രന്ഥങ്ങൾ വായിക്കുന്ന ശീലമുണ്ടായിരുന്ന അദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു.

പിൽക്കാല ഗ്രന്ഥകർത്താക്കൾ നൽകുന്ന സൂചനയനുസരിച്ച് ഇരുന്നൂറിനു മുകളിൽ ഗ്രന്ഥങ്ങൾ അബുബക്കർ അൽ റാസി രചിച്ചിട്ടുണ്ട്. അവയിൽ 36 എണ്ണം പതിനൊന്നു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ലഭ്യമാണ്.
അൽ റാസിയുടെ ഏറ്റവും പ്രസിദ്ധ രചനകളിലൊന്നാണ് ‘കിതാബ് അൽ ജദാരി വാ അൽ ഹസ്ബ്’ (The book on small pox and measles). 14 അധ്യായങ്ങളിൽ രചിക്കപ്പെട്ട ഈ പുസ്തകത്തിൽ വസൂരിയെയും മീസിൽസിനേയും കുറിച്ച് വൈദ്യശാസ്ത്രം അന്നേവരെ ആർജ്ജിച്ച എല്ലാ അറിവും വിവരിക്കപ്പെടുന്നു. അതോടൊപ്പം, ദീർഘനാളിലെ അനുഭവജ്ഞാനം കൊണ്ടും ചിന്ത കൊണ്ടും ഉരുത്തിരിഞ്ഞ പുതിയ ആശയങ്ങളും ചികിത്സരീതികളും ഭക്ഷണക്രമങ്ങളും മുൻപോട്ടു വയ്ക്കുന്നു. വസൂരിയും മീസിൽസും രണ്ടു വ്യത്യസ്ത രോഗങ്ങളാണെന്ന്​സംശയാതീതമായി അദ്ദേഹം പ്രതിപാദിക്കുന്നു.

പകർച്ച വ്യാധി ചികിത്സയുടെ ചരിത്രത്തിലെ നാഴികകല്ലാണ് അബുബക്കർ അൽ റാസിയുടെ ഈ പുസ്തകം. നൂറ്റാണ്ടുകളോളം പാശ്ചാത്യ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു ഈ അമൂല്യ ഗ്രന്ഥം. ലത്തീനിലേക്കും മറ്റു യൂറോപ്യൻ ഭാഷകളിലേക്കും പല തവണ വിവർത്തനം ചെയ്യപ്പെട്ടു. 1498-നും 1866-നും ഇടയിൽ 40 തവണ യൂറോപ്പിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിൽ വസൂരിക്കെതിരായ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് യൂറോപ്യന്മാർ ആരായാൻ തുടങ്ങിയപ്പോൾ അൽ റാസിയുടെ പുസ്തക​ത്തെക്കുറിച്ചുള്ള താത്പര്യം പതിൻമടങ്ങു വർദ്ധിച്ചു.

ഫാർമക്കോളജി അഥവാ ഔഷധശാസ്ത്രത്തിന്റെ പ്രണേതാവായും അൽ റാസിയെ കരുതുന്നു. മരുന്നുകളുടെ വികസനത്തിലും നിർമാണത്തിലും അതീവ ശ്രദ്ധ ചെലുത്തി, ഫാർമക്കോളജിയെ ഒരു ശാസ്ത്രമായി വികസിപ്പിച്ചെടുത്തു

രോഗങ്ങളെ കുറിച്ചുള്ള മനുഷ്യന്റെ അവബോധത്തിന് ഒരു മാതൃകാമാറ്റം (Paradigm shift) നിർമിക്കുകയാണ് ഈ പുസ്​തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ അൽ റാസി ചെയ്​തത്. രോഗങ്ങളെ മനസ്സിലാക്കുന്നതിനുള്ള ഈ അടിസ്ഥാനപരമായ സമീപന വ്യത്യാസമാണ് രോഗങ്ങളെക്കുറിച്ചുള്ള ആധുനിക സമീപനത്തിനും വസൂരി നിർമാർജ്ജനം പോലുള്ള വലിയ നേട്ടങ്ങൾക്കും വഴി തെളിച്ചത്. വസൂരിയും മീസിൽസും വ്യത്യസ്​ത രോഗങ്ങളാണെന്ന തിരിച്ചറിവ് രണ്ടിന്റെയും രോഗഹേതുക്കളും വ്യത്യസ്​തമാകാം എന്ന നിഗമനത്തിലേക്കു നയിച്ചു. വിവിധ രോഗങ്ങൾക്ക് വിവിധ ഹേതുക്കൾ എന്ന ജീവതത്വശാസ്ത്രപരമായ സങ്കല്പത്തിലേക്ക് (ontological concept) വൈദ്യശാസ്ത്രം നീങ്ങി.

പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം വൈദ്യശാസ്ത്രത്തിന് അബൂബക്കർ അൽ റാസി നൽകിയ ഒട്ടനവധി സംഭാവനകളിൽ ഒന്നു മാത്രമാണ്. പ്രഗല്ഭനായ ചികിത്സകൻ എന്ന നിലയിലും വൈദ്യശാസ്​ത്ര താത്വികൻ എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തതാണ്.
ബാലരോഗചികിത്സയുടേയും മനഃശ്ശാസ്ത്ര ചികിത്സയുടേയും പിതാവായി അദ്ദേഹത്തെ കരുതുമ്പോൾ പ്രസൂതി ചികിത്സ (Obstetrics)യുടേയും നേത്രരോഗ ചികിത്സയുടേയും (Ophthalmology) ആദ്യകാല പ്രധാന കാൽവയ്പുകളും അദ്ദേഹത്തിന്റെതുതന്നെയാണ് എന്നു കാണാനാകും. നാഡീവ്യൂഹ പഠനത്തിലും (Neurology) രോഗപ്രതിരോധ ശാസ്ത്രത്തിലും (Immunology) അദ്ദേഹം പുതിയ പാതകൾ തുറന്നു.

അൽ റാസിയുടെ കുട്ടികളുടെ രോഗങ്ങൾ (The disease of children) എന്ന ഏക വിഷയ പ്രബന്ധം ആണ് ബാലരോഗ ചികിത്സയെ (pediatrics) വൈദ്യശാസ്ത്രത്തിലെ ഒരു പ്രത്യേക വിഭാഗമായി ആദ്യമായി പരിഗണിച്ചു വികസിപ്പിക്കുന്നത്.
മാനസികാസ്വാസ്ഥ്യത്തെ ഒരു പ്രത്യേക വൈദ്യ ചികിത്സാ അവസ്ഥയായി കണ്ട് തദനുസൃതമായ ചികിത്സാപദ്ധതികൾ ആവിഷ്‌ക്കരിച്ചു. തന്റെ നേതൃത്വത്തിൽ നടന്നിരുന്ന ബാഗ്ദാദിലെ ആശുപത്രിയിൽ മാനസികരോഗ ചികിത്സയ്ക്കായി ഒരു പ്രത്യേക വാർഡ് തുറന്നു. ഔഷധങ്ങളോടൊപ്പം ഭക്ഷണക്രമീകരണം, ലേപന സ്നാനം, സംഗീത ചികിത്സ, സുഗന്ധ ചികിത്സ, തൊഴിലധിഷ്ഠിത ചികിത്സ തുടങ്ങിയവയും ചികിത്സ പദ്ധതിയുടെ ഭാഗമായിരുന്നു. രോഗം മാറി ആശുപത്രി വിടുന്നവർക്ക് അവരുടെ അത്യാവശ്യങ്ങൾക്കായി ഒരു തുക നൽകി വിടുന്ന പതിവ് അദ്ദേഹം തുടങ്ങി. മാനസിക രോഗശമനത്തിന്റെ അനന്തര പരിചരണത്തിന്റെ (Psychiatric After care) ആദ്യ നടപടികൾ

ഫാർമക്കോളജി അഥവാ ഔഷധശാസ്ത്രത്തിന്റെ പ്രണേതാവായും അൽ റാസിയെ കരുതുന്നു. മരുന്നുകളുടെ വികസനത്തിലും നിർമാണത്തിലും അതീവ ശ്രദ്ധ ചെലുത്തി, ഫാർമക്കോളജിയെ ഒരു ശാസ്ത്രമായി വികസിപ്പിച്ചെടുത്തു. ഈ വിഷയത്തിൽ അനേകം പാഠപുസ്തകങ്ങൾ രചിച്ചു. അൽ റാസി വികസിപ്പിച്ചെടുത്ത ഫാർമക്കോളജിയുടെ ഉപകരണങ്ങൾ (mortar, flask, spatula, phial) തുടങ്ങിയവ 19-ാം നൂറ്റാണ്ടുവരെയും ഉപയോഗത്തിലുണ്ടായിരുന്നു. ഇറാനിൽ ആഗസ്റ്റ് 27 റാസി ദിനമായും ഫാർമക്കോളജി ദിനമായും ഇപ്പോൾ ആചരിക്കുന്നു.

ആൽക്കെമിയുടെ ദുരൂഹവും രഹസ്യാത്മകവുമായ രീതികളിൽ നിന്ന് മാറി നിന്ന് കെമിസ്ട്രിയെ ഒരു ശാസ്ത്രമെന്ന രീതിയിൽ നോക്കിക്കാണുകയും അവതരിപ്പിക്കുകയും ചെയ്തു അൽ റാസി.

മസ്തിഷ്‌കജ്വര (meningitis) രോഗികളിൽ അൽ റാസി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾ ചികിത്സാ പരീക്ഷണങ്ങൾ (clinical trial) എന്ന ആശയത്തിന്റെ ആദ്യ പ്രയോഗമാണ്. രോഗികളുടെ രണ്ടു സംഘങ്ങളിൽ ഒന്നിനെ തന്റെ ചികിത്സാരീതികൾക്ക് വിധേയമാക്കുകയും അനന്തരഫലത്തെ ചികിത്സയ്ക്കു വിധേയമാകാതിരുന്ന രണ്ടാമത്തെ സംഘവുമായി താരതമ്യപ്പെടുത്തി നോക്കുകയും ചെയ്ത്​ മനുഷ്യരിൽ പ്രയോഗിക്കുന്നതിനു മുൻപ് തന്റെ മരുന്നുകൾ മൃഗങ്ങൾക്കു നൽകി ഫലം നിരീക്ഷിക്കുന്ന രീതിയും റാസി ആവിഷ്‌ക്കരിച്ചിരുന്നു.
രോഗികളോട് കരുതലും കാരുണ്യവും കാണിച്ചിരുന്ന ചികിത്സകനായിരുന്നു അബുബക്കർ അൽ റാസി. വൈദ്യശാസ്ത്രത്തിന് രഹസ്യാത്മകതയും വരേണ്യ സ്വഭാവവും കൈവരുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഏതൊരാൾക്കും സാധാരണ രോഗങ്ങളെ സ്വയം സുഖപ്പെടുത്താൻ കഴിയണം എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കുവേണ്ടി അദ്ദേഹം ഒരു വൈദ്യഗ്രന്ഥം രചിച്ചു. ‘ചികിത്സകന്റെ സഹായം കിട്ടാത്തവർക്കുവേണ്ടി’ (For one who has no physician to attend him)എന്ന പേരിലെഴുതിയ ഈ സഹായ പുസ്തകം 36 അധ്യായങ്ങളിൽ സാധാരണ രോഗങ്ങളെയും അവയുടെ ചികിത്സകൾക്കുള്ള മരുന്നുകളേയും ഭക്ഷണരീതികളേയും ലളിതമായി വിവരിക്കുന്നു.

അൽ റാസിയുടെ നിരവധി ഗ്രന്ഥങ്ങളിൽ പാശ്​ചാത്യ ലോകത്ത് ഏറ്റവും പ്രാധാന്യം കൽപിക്കപ്പെട്ടത് ‘കിതാബ് അൽ ഹാവി ഫി അൽതിബ്ബ്’ (The comprehensive book of medicine) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ബൃഹത്തായ വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. 23 വാല്യങ്ങളിൽ നീളുന്ന വിജ്ഞാനകോശ തുല്യമായ ഈ കൃതി വൈദ്യവിജ്ഞാനത്തിന്റെ എല്ലാ മേഖലകളേയും സമഗ്രമായി പ്രതിപാദിക്കുന്നു. അൽ റാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ നോട്ടു പുസ്തകങ്ങളുടെയും കേസ് സ്റ്റഡികളുടെയും ഒരു സംഗ്രഹമായാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. എ.ഡി 1279-ൽ ഇത് ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോടെ യൂറോപ്യൻ വൈദ്യശാസ്ത്രർക്ക് അൽ റാസിയുടെ വൈദ്യവിജ്ഞാനം ലഭ്യമായി. വലിയ സംഗ്രഹം (continens) എന്ന് ലത്തീനിലും, നന്മ നിറഞ്ഞ ജീവിതം (virtuous life) എന്ന് ഇംഗ്ലീഷിലും പേരുള്ള ഈ മഹത്ഗ്രന്ഥം പുനരുജ്ജീവിക്കപ്പെട്ട പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലുകളിലൊന്നായി മാറി. ഏറ്റവും അവസാനമായി ഈ ഗ്രന്ഥം പുനഃ പ്രസിദ്ധീകരിക്കപ്പെട്ടത് ഇന്ത്യയിലെ ഹൈദരബാദിൽനിന്ന് 1955-1973 കാലയളവിലാണ്.

ഇറ്റാലിയൻ വിവർത്തകൻ ജെറാർഡ് ഓഫ് ക്രെമോണ 13-ാം നൂറ്റാണ്ടിൽ പരിഭാഷപ്പെടുത്തിയ അൽ- റാസിയുടെ പുസ്തകങ്ങളിലൊന്ന്. / Photo: Wikimedia Commons

അബുബക്കർ അൽ റാസിയുടെ ശാസ്ത്രരംഗത്തെ സംഭാവനകൾ വൈദ്യശാസ്ത്രത്തിൽ ഒതുങ്ങി നിന്നില്ല. രസതന്ത്രത്തിൽ അദ്ദേഹം നടത്തിയ മൗലീക പഠനങ്ങൾ ഇന്നും ആ ശാസ്ത്ര ശാഖയിലെ പ്രമുഖ നേട്ടങ്ങളായി നിലനിൽക്കുന്നു. ആൽക്കെമിയുടെ ദുരൂഹവും രഹസ്യാത്മകവുമായ രീതികളിൽ നിന്ന് മാറി നിന്ന് കെമിസ്ട്രിയെ ഒരു ശാസ്ത്രമെന്ന രീതിയിൽ നോക്കിക്കാണുകയും അവതരിപ്പിക്കുകയും ചെയ്തു. ആൽക്കെമിയുടെ മാന്ത്രികഭാവത്തെ പൂർണമായും ഉപേക്ഷിച്ച് പരീക്ഷണ നിരീക്ഷണങ്ങളുടേയും മാപനാധിഷ്ഠിതമായ അനുമാനങ്ങളുടേയും ശാസ്ത്രമായി ശരിയായ കെമിസ്ട്രിയുടെ ആദ്യ ചുവടുകൾ എടുത്തു.
സൾഫ്യൂരിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത് അൽ റാസിയാണ്. ആൽക്കഹോൾ ആദ്യമായി ശുദ്ധി ചെയ്‌തെടുത്തതും അദ്ദേഹം തന്നെ. വസ്തുക്കളേയും രാസപ്രക്രിയകളേയും പരീക്ഷണോപകരണങ്ങളേയും വർഗ്ഗീകരിച്ചു. ധാതുക്കളെ ആറിനങ്ങളായി തരം തിരിച്ചു. ലവണത്വം ജ്വലനാത്മകത തുടങ്ങിയ ഗുണങ്ങളെ അടിസ്ഥാനമാക്കി വസ്തുക്കളുടെ രാസസ്വഭാവത്തെ അപഗ്രഥിച്ചു. ഒരു വിദഗ്ധ ശസ്ത്രക്രിയാകാരനായിരുന്ന അൽ റാസി ആൾക്കഹോളിനെ ആദ്യമായി ഒരു അണുനാശിനിയായി ഉപയോഗിച്ചു. കറുപ്പിനെ (opium) അനസ്ത്യേഷ്യയ്ക്കായി ആദ്യമായി ഉപയോഗിച്ചതും അദ്ദേഹമാണ്.

അബുബക്കർ അൽ റാസി തത്വശാസ്ത്രത്തിനു നൽകിയ സംഭാവനകൾ വൈദ്യശാസ്ത്രത്തിലേതുപോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തുറന്ന മതനിരപേക്ഷ ചിന്തയും നിലവിലിരുന്ന അരിസ്റ്റോട്ടിലിയൻ സിദ്ധാന്തങ്ങളുടെ മേധാവിത്വത്തെ പലപ്പോഴും വെല്ലുവിളിച്ചതും, സ്വതന്ത്ര ചിന്തയുടെ പരസ്യ നിലപാടുകളും അദ്ദേഹത്തിന് ധാരാളം ഏതിരാളികളെ സമ്മാനിച്ചു.

വ്യക്തികളെ സഹജമായ കഴിവുകളുടെ അടിസ്ഥാനത്തിൽ മുകളിൽ നിന്ന് താഴേക്ക് നിരനിരയായി ക്രമീകരിക്കാം എന്ന ആശയത്തെ അൽ റാസി നിരസിച്ചു. അദ്ദേഹത്തിന്റെ തത്വചിന്തയിൽ, വിവേക ബുദ്ധിയാൽ എല്ലാ മനുഷ്യരും അനുഗൃഹീതരാണ്. ഈ വിവേക ബുദ്ധിയുടെ സഹായത്താൽ എല്ലാ മനുഷ്യർക്കും പ്രായോഗിക കാര്യങ്ങളിൽ മാത്രമല്ല, താത്വിക പ്രശ്‌നങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കുവാൻ സാധിക്കും.

മതപ്രവാചകന്മാരേക്കാൾ മനുഷ്യനാവശ്യം യൂക്ലിഡിനേയും ഹിപ്പോക്രാറ്റസിനേയും പോലുള്ള ശാസ്ത്രജ്ഞരെയാണെന്നദ്ദേഹം വിശ്വസിച്ചു.
ശാസ്ത്രവും തത്വചിന്തയും ഉൾപ്പെടെ എല്ലാ മേഖലകളിലും എല്ലാ വിധത്തിലുമുള്ള പ്രാമാണിക മേൽക്കോയ്മകളേയും അൽ റാസി നിരസിച്ചു.

അധികാര ​ശ്രേണികളുടെ നിരാകരണം സംഘടിത മതത്തിനെതിരെയുള്ള അൽ റാസിയുടെ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. മനുഷ്യരെല്ലാം സ്വതവേ തുല്യതയുള്ളവരായതുകൊണ്ട് സ്വന്തം കാര്യങ്ങൾ ക്രമീകരിക്കുവാൻ അവർക്ക് മതമേധാവികൾ അടിച്ചേല്പിക്കുന്ന അച്ചടക്കത്തിന്റെ ആവശ്യമില്ല എന്നദ്ദേഹം വാദിച്ചു. മതപ്രവാചകന്മാരേക്കാൾ മനുഷ്യനാവശ്യം യൂക്ലിഡിനേയും ഹിപ്പോക്രാറ്റസിനേയും പോലുള്ള ശാസ്ത്രജ്ഞരെയാണെന്നദ്ദേഹം വിശ്വസിച്ചു.
ശാസ്ത്രവും തത്വചിന്തയും ഉൾപ്പെടെ എല്ലാ മേഖലകളിലും എല്ലാ വിധത്തിലുമുള്ള പ്രാമാണിക മേൽക്കോയ്മകളേയും അൽ റാസി നിരസിച്ചു. നിരന്തര വിമർശനങ്ങളിലൂടെ പൂർവീകരിൽ നിന്നാർജ്ജിച്ച ജ്ഞാനത്തെ സംസ്കരിക്കണമെന്ന്​ വാദിച്ചു. ശാസ്ത്രത്തിന്റെ പുരോഗതിയിലും സിദ്ധാന്തങ്ങളുടെ മെച്ചപ്പെടുത്തലിലും വിശ്വസിച്ചു. ഒരു ശാസ്ത്രജ്ഞന് പൂർവ്വകാലത്തെ മുഴുവൻ ശാസ്ത്രജ്ഞരുടേയും ജ്ഞാനം സ്വായത്തമാക്കുവാൻ കഴിയുന്നതുകൊണ്ട് പൂർവ്വകാലത്തെ ഏറ്റവും മഹാന്മാരേക്കാൾ മെച്ചപ്പെട്ട സംഭാവനകൾ നൽകുവാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. വൈദ്യശാസ്ത്രത്തിന്റെ ചില മേഖലകളിൽ തനിക്കുള്ള അറിവ് മഹാനായ ഗാലനേക്കാൾ മെച്ചപ്പെട്ടതാണെന്ന് അദ്ദേഹം സധൈര്യം അവകാശപ്പെടുന്നു.

‘ഗാലനേക്കുറിച്ചുള്ള സംശയങ്ങൾ’ (Doubts about Galen) എന്ന പുസ്തകത്തിലൂടെ അബുബക്കർ അൽ റാസി നൂറ്റാണ്ടുകളായി കൊണ്ടാടിവന്നിരുന്ന ഗാലന്റെ പല സിദ്ധാന്തങ്ങളോടും തനിക്കുള്ള എതിർപ്പ് വ്യക്തമാക്കുന്നു. പക്ഷേ ഈ എതിർപ്പ് ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ ഉരുത്തിരിയലിന്റെ ഒരു ഭാഗമാണന്നദ്ദേഹം വ്യകതമാക്കുന്നു:‘‘ഗാലനെ എതിർക്കുകയും വിമർശിക്കുകയും ചെയ്യേണ്ടി വരുന്നതിൽ എനിക്ക് അത്യധികം വേദനയുണ്ട്. കാരണം അദ്ദേഹത്തിന്റെ അറിവിന്റെ സമുദ്രത്തിൽ നിന്ന് ഞാൻ ധാരാളം വാരിക്കുടിച്ചിട്ടുണ്ട്. അദ്ദേഹം ശരിക്കും മഹാഗുരുവും ഞാൻ ശിഷ്യനുമാണ്. പക്ഷേ ഈ ബഹുമാനവും അംഗീകാരവും അദ്ദേഹത്തെ സംശയിക്കുന്നതിൽ നിന്നോ അദ്ദേഹത്തിന്റെ തെറ്റായ സിദ്ധാന്തങ്ങളെ എതിർക്കുന്നതിൽ നിന്നോ എന്നെ പിന്തിരിപ്പിക്കുവാൻ പാടില്ല.’’

21–ാം നൂറ്റാണ്ടിൽ നിന്നുകൊണ്ട് ആയിരം വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന അബുബക്കർ മുഹമ്മദ് ഇബ്ൻ സഖറിയ അൽ റാസിയെ വീക്ഷിക്കുമ്പോൾ നാം കാണുന്നത്, ഒരു ആധുനിക മനുഷ്യനെയാണ്. മനുഷ്യന് സ്വതസിദ്ധമായ വിവേകബുദ്ധിയുടെ ക്രിയാത്മകമായ പ്രയോഗം കൊണ്ട് സ്​ഥല–കാല പരിമിതികളെ അതിജീവിക്കുവാനും നിരവധി നൂറ്റാണ്ടുകൾക്കുശേഷവും പ്രസക്തമായി നിലനിൽക്കുന്ന ബൗദ്ധിക നേട്ടങ്ങൾക്കുടമയാകുവാനും സാധിക്കും എന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ജോളി കെ. ജോൺ

ഇന്ത്യൻ നാഷനൽ സയൻസ്​ അക്കാദമി, ഐ.എസ്​.ആർ.ഒ തുടങ്ങിയ സ്​ഥാപനങ്ങളിൽ റിസർച്ച്​ ഫെലോ ആയിരുന്നു, ഇപ്പോൾ എം.ജി യൂണിവേഴ്​സിറ്റിയിലെ ​ഇൻറർ യൂണിവേഴ്​സിറ്റി സെൻറർ ഫോർ സോഷ്യൽ സയൻസ്​ റിസർച്ചിൽ വിസിറ്റിങ്​​ ഫെലോ.

Comments