ദേശാന്തര സഞ്ചാരങ്ങളും കുടിയേറ്റങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള, കൊളോണിയൽ രേഖകളെ മാത്രം ആശ്രയിച്ചുള്ള ചരിത്രത്തിനു ബദലായി ഗൾഫ് മേഖലയിലെ ചരിത്രസംഭവങ്ങളെക്കുറിച്ച് സാധാരണ കുടിയേറ്റ തൊഴിലാളികൾക്കുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ പുതിയൊരു അന്വേഷണരീതി വികസിപ്പിച്ചെടുക്കുന്ന ഗവേഷണ പഠനം
ഗൾഫിൽ എണ്ണയുടെ കണ്ടുപിടുത്തതിനുശേഷം കേരളത്തിൽ നിന്നങ്ങോട്ടേക്കുള്ള ആദ്യകാല കുടിയേറ്റക്കാരുടെ അനുഭവങ്ങൾ പുറപ്പെട്ട സ്ഥലങ്ങളിലും എത്തിപ്പെട്ട സ്ഥലങ്ങളിലും ഒരുപാട് പ്രാദേശിക ആഖ്യാനങ്ങളും വാമൊഴിപാരമ്പര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വൈയക്തിക അനുഭവങ്ങൾ, ജീവിതകഥകൾ, യാത്രയിൽ നേരിട്ട ദുരിതങ്ങൾ, എത്തിപ്പെട്ട സ്ഥലത്തെ കുറിച്ചുള്ള, കണ്ടുമുട്ടിയ ആളുകളെ കുറിച്ചുള്ള സൂക്ഷ്മവർണനകൾ എന്നിവയാണ് ഈ ആഖ്യാനങ്ങളിലധികവും.
മതിയായ രേഖകളില്ലാത്തതും വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുമായ ഇത്തരം സവിശേഷ യാത്രകളെ സംബന്ധിച്ച ആഖ്യാനങ്ങൾക്ക് താൽപര്യമുണർത്തുന്ന ചില മാനങ്ങളുണ്ട്. ഭൂവിജ്ഞാനം, വംശീയവിജ്ഞാനം, സാംസ്‌കാരികചരിത്രം എന്നിവ കൊണ്ട്
സമ്പന്നമാണ് ഇവരുടെ സഞ്ചാരകഥകൾ പലതും. ചെറുവിവരണപാഠങ്ങളായി ഓരോ സമൂഹത്തിന്റെയും സാംസ്‌കാരികവും നരവംശശാസ്ത്രപരവുമായ വിവരങ്ങളിലേക്ക് ഈ സഞ്ചാരകഥകൾ വഴിതുറക്കുന്നു. പലതും യാഥാർത്ഥ്യത്തിന്റെയും ഭാവനയുടെയും അതിർത്തികൾ നിരന്തരമായി ഉല്ലംഘിക്കുന്നവയാണ്.
ആഖ്യാതാവിന്റെ ഓർമകളിലൂടെയും സംഭവങ്ങളുടെയും അനുഭവങ്ങളുടെ ഓർത്തെടുക്കലുകളിലൂടെയും രൂപപ്പെടുന്ന ഈ കഥകൾ ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്ത തരത്തിൽ പൂർവാപരബന്ധമില്ലാത്തതും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഒന്നായി മാറുന്നുണ്ട്. ഗൾഫും കേരളവുമായി ബന്ധപ്പെട്ട അത്തരം രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചില നാട്ടാഖ്യാനങ്ങളിലൂടെയും ജീവിതകഥകളിലൂടെയുമുള്ള ഒരന്വേഷണമാണിത്.
മമ്മൂത്തൻ അബ്ദുൽ കാദർ: കുടുംബത്തിൽ പലരായി പറഞ്ഞ കഥ
ഉമ്മയുടെ മൂന്നു മാമമാരിൽ ഏറ്റവും മൂത്തയാളായിരുന്നു അബ്ദുൽ കാദർ. ഞങ്ങൾ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളു. എന്തിന് വെല്ലുമ്മയുടെ മക്കളിൽ ഉമ്മയടക്കം ആരും മാമയെ നേരിട്ട് കണ്ടിട്ടില്ല. 1920 കളുടെ അവസാനത്തിൽ ലോകസഞ്ചാരത്തിനായി വീടുവിട്ടിറങ്ങിയതാണ്. ആദ്യം ബോംബെ വഴി ലാഹോറിലേക്കും അവിടെനിന്ന് പാകിസ്ഥാനിൽ നിന്ന് മക്രാൻ തീരം വഴി അറേബിയയിലേക്കും കടക്കുകയായിരുന്നു. നാടുവിട്ട കാലം മുതൽ അറുപത്തി മൂന്നിൽ പഴയ ട്രൂഷ്യൽ സ്റ്റേറ്റിന്റേയും ഇന്ന് യു.എ.ഇയുടെയും ഭാഗമായ അജ്മാനിൽ വെച്ച് മരിക്കുന്നതിനു തൊട്ടുമുൻപുവരെ യാതൊരു അറിവുമുണ്ടായിരുന്നില്ല. തിരിച്ചുവരാൻ വല്ലുമ്മയും സഹോദരങ്ങളും ഒരുപാട് ദിവ്യന്മാരുടെ ഖബറിടങ്ങളിൽ നേർച്ചകൾ നേർന്നിരുന്നു. ഒന്നും ഫലം കണ്ടില്ല. മരിക്കുന്നതിന് ഏതാനും മാസം മുൻപ് നാട്ടിലേക്കെഴുതിയ കത്തായിരുന്നു നാടുവിട്ടശേഷമുള്ള ആദ്യത്തെയും അവസാനത്തെയും കത്ത്. അപ്പോഴേക്കും നീണ്ട ഉലകംചുറ്റലിൽ മാമ മലയാളം തന്നെ മറന്നിരുന്നു. പരസഹായത്തോടെയാണ് നാട്ടിലേക്ക് കത്തെഴുതിയത്. കുറേക്കാലം നിധി പോലെ സൂക്ഷിച്ച കത്ത് പിന്നീടെപ്പോഴോ വല്ലുമ്മയുടെ പെട്ടിയിൽ നിന്ന് നഷ്ടപ്പെട്ടെങ്കിലും കത്തിലെ വിവരങ്ങൾ ഒരു ഫോക് ലോർ പോലെ ഏറെക്കാലം കുടുംബാന്തരീക്ഷത്തിൽ ഒഴുകി നടന്നിരുന്നു.
പഴയ മലബാറിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള മതിലകത്തായിരുന്നു വെല്ലുമ്മയുടെ വീട്. വെല്ലുമ്മയുടെ വാപ്പ കോനക്കാട്ടു പറമ്പിൽ കൊച്ചുണ്ണി അഥവാ മമ്മൂത്തൻ കൊച്ചുണ്ണി നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ മലബാറിൽ നിന്ന് കൊച്ചിയിലേക്ക് നാട് വിടുകയായിരുന്നു. നാടുവിടാൻ രണ്ടായിരുന്നു പറഞ്ഞു കേട്ടിട്ടുള്ള കാരണങ്ങൾ. ഒന്നാമത്തേത്, സഹോദരങ്ങൾക്കു പങ്കുണ്ടായിരുന്ന അക്കാലത്തെ തെക്കേ മലബാറിലെ ഏറ്റവും പ്രമാദമായ ഒരു കൊലപാതമായിരുന്നു. ശ്രീനാരായണപുരത്തുള്ള ഒരു കൊങ്ങിണിയെ അതിർത്തിതർക്കത്തിന്റെ പേരിൽ കൊന്നുകളഞ്ഞുവെന്നതായിരുന്നു കേസ്. മദിരാശി ഹൈകോർട്ട് വരെയെത്തിയ നിയമയുദ്ധത്തിൽ കൊച്ചുണ്ണിയുടെ സഹോദരങ്ങളെ മതിയായ തെളിവുകളില്ലെന്ന കാരണത്താൽ കോടതി വെറുതെവിടുകയായിരുന്നു.
മലബാർ കലാപാനന്തരം മാപ്പിളമാരെ രാഷ്ട്രീയമായി ‘വരുതിക്കു'വരുത്താൻ ബ്രിട്ടീഷുകാർ കണ്ട മാർഗമായിരുന്നു അവരെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കുകയെന്നത്. അതിനുവേണ്ടി കുന്നംകുളത്തുകാരൻ മുഹമ്മദിനെ പ്രത്യേക പദവി നൽകി വിദ്യാഭ്യാസ ആപ്പീസറായി നിയമിച്ചു
രണ്ടാമത്തെകാരണമാകട്ടെ വളരെ വിചിത്രമായിരുന്നു. മലബാർ കലാപാനന്തരം മാപ്പിളമാരെ രാഷ്ട്രീയമായി ‘വരുതിക്കു'വരുത്താൻ ബ്രിട്ടീഷുകാർ കണ്ട മാർഗമായിരുന്നു അവരെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കുകയെന്നത്. അതിനുവേണ്ടി കുന്നംകുളത്തുകാരൻ മുഹമ്മദിനെ പ്രത്യേക പദവി നൽകി വിദ്യാഭ്യാസ ആപ്പീസറായി (ബ്രിട്ടീഷ് മലബാർ എഡ്യൂക്കേഷൻ ഓഫീസർ) നിയമിച്ചു.(1) മുഹമ്മദിന്റെ ശ്രമഫലമായി ഓത്തുപള്ളികളിൽ പലതും മാപ്പിള സ്‌കൂളുകളായി. അക്കാലത്ത് തെക്കേ മലബാറിൽ സ്വന്തം സ്ഥലം വിട്ടുകൊടുത്ത് നാല് മാപ്പിള സ്‌കൂളുകൾ സ്ഥാപിച്ച് പാപ്പരായയാളായിരുന്നു മമ്മുത്തൻ കൊച്ചുണ്ണി.
മൂന്നാണ്മക്കളും മൂന്ന് പെൺമക്കളും.
പെൺകുട്ടികളെ നന്നായി പഠിപ്പിച്ചു. കൂട്ടത്തിൽ പാട്ടും പഠിപ്പിച്ചു.
പെൺകുട്ടികൾ പാട്ടു പഠിച്ചത് പിന്നീട് കുടുംബത്തിന് തുണയായി. പരമ ദാരിദ്ര്യകാലത്ത് കല്യാണത്തലേന്ന് പെൺമക്കൾ പാട്ടു പാടിയുണ്ടാക്കിയ പൈസയായിരുന്നു കുടുംബത്തിന്റെ ആകെ വരുമാനമാർഗം. കൊച്ചിയിൽ വെച്ച് അങ്ങിനെയൊരു കല്യാണപ്പാട്ട് സദസ്സിൽ കണ്ടിഷ്ടപ്പെട്ടാണ് വലുപ്പ വല്ലുമ്മയെ നിക്കാഹ് ചെയ്തത്.
നാട്ടിലെ കോൺവെന്റിൽ ആധുനിക വിദ്യാഭ്യാസം കിട്ടിയ ആദ്യത്തെ പെൺകുട്ടികളായിരുന്നു കൊച്ചുണ്ണിയുടെ പെൺമക്കൾ. മൂത്തയാൾ പിന്നീട് ആധാരമെഴുത്തിലേക്ക് തിരിഞ്ഞു, ആ തൊഴിലിൽ ഏർപ്പെടുന്ന ആദ്യ മുസ്‌ലിം സ്ത്രീയായി മാറി. ആൺമക്കൾ പാട്ടിൽ കേമൻമാരായിരുന്നെങ്കിലും പഠനത്തിൽ നന്നായി ഉഴപ്പി. കൊച്ചുണ്ണി കൊച്ചിയിലേക്ക് നാടുവിടുന്നതിനു മുൻപുതന്നെ മൂത്തമകൻ കുടുംബവുമായി പിരിഞ്ഞ് ബോംബെയിലേക്ക് ഒളിച്ചോടിയിരുന്നു. അധികം വൈകാതെ രണ്ടമത്തെ മകൻ അബ്ദുൾ റഹിമാനും, കുറച്ചുനാൾക്കുശേഷം ഏറ്റവും ഇളയ മകൻ മജീദും മൂത്തജേഷ്ഠനെ പിന്തുടർന്ന് ലാഹോറിലേക്ക് നാടുവിട്ടു.
മൂത്ത മാമ അബ്ദുൽ കാദർ പലചരക്ക് കടയിൽ എടുത്തുകൊടുക്കുന്നയാളായും പാൻകട നടത്തിയും പോർട്ടർ പണിചെയ്തും ലാഹോറിലും കറാച്ചിയിലുമായി ആദ്യ കുറെക്കാലം കഴിഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്തു നിൽക്കുന്ന ശീലമില്ലാത്തതുകൊണ്ട് പാകിസ്ഥാൻ വാസം അധികം നീണ്ടില്ല. അപ്പോഴേക്കും വിഭജനവും വിഭജനാന്തര കലാപങ്ങളും നടന്നതുകൊണ്ട് നാട്ടിലേക്ക് തിരിച്ചുവരാനും കഴിഞ്ഞില്ല. കടൽ കടന്ന് നേരെ അറേബ്യയിലെത്തി. ആദ്യമെത്തിയത് ഒമാനിലെ മത്രയിലായിരുന്നു. അധികം കാലം മത്രയിൽ തങ്ങിയില്ല. വീണ്ടും ലക്ഷ്യമില്ലാതെ യാത്ര തുടർന്നു. നീണ്ട അലച്ചിലിനൊടുവിൽ എത്തിപ്പെട്ടത് ഖത്തറിലെ സുബാറയിലായിരുന്നു. സുബാറയായിരുന്നു അന്ന് ചെറു നാട്ടുരാജ്യമായിരുന്ന ഖത്തറിന്റെ തലസ്ഥാനം. അത്യാവശ്യം തണ്ടും തടിയുമുള്ളതുകൊണ്ട് അവിടെ രാജകുടുംബത്തിലെ ഒരു രാജകുമാരന്റെ ബോഡീ ഗാർഡായി ജോലികിട്ടി.
അവിടത്തെ വാസവും അസ്ഥിരമായിരുന്നു. ഒരു ദിവസം രാവിലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൊട്ടാരത്തിലെ ആയുധ ശേഖരത്തിൽ നിന്നൊരു തോക്കെടുത്ത് ഉന്നം നോക്കാതെ പുറത്തേക്കു വെടിവെച്ചു. പാകിസ്ഥാനിൽ വെച്ച് ശീലമാക്കിയ ചരസ്സ് വലിയുടെ ഹാലിലായിരുന്നു വെടിവെപ്പെന്ന് മാമക്കൊപ്പം അവസാനകാലം കൂടെ താമസിച്ചിരുന്ന നാട്ടുകാരനായ അബൂബക്കർക്ക പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും ഈ സംഭവത്തോടെ മൂപ്പർ കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.
രാജകൊട്ടാരത്തിലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതുകൊണ്ട് ഖത്തർ വിടുകയെ രക്ഷയുണ്ടായിരുന്നുള്ളു. എന്നാൽ ഇത്തവണ യാത്രക്കൊരു ലക്ഷ്യമുണ്ടായിരുന്നു. എണ്ണയുടെ കണ്ടുപിടുത്തതോടെ സാമ്പത്തികമായി പച്ചപിടിച്ചു തുടങ്ങിയ അബൂദബിയായിരുന്നു ആദ്യ ലക്ഷ്യം. എങ്ങിനെയൊക്കെയോ നടന്നും, ട്രക്കുകളിൽ കയറിപ്പറ്റിയും അബൂദബിയിലെത്തി. അബൂബകർക്കയുടെ ആഖ്യാന പ്രകാരം 1950കളുടെ ആദ്യത്തിലാണ് ഇത് സംഭവിച്ചിരിക്കാൻ ഇടയുള്ളത്. പിന്നെ പതുക്കെ അജ്മാനിലേക്കു നീങ്ങി. അപ്പോഴേക്കും നാട്ടിൽ നിന്ന് നേരെ ഇളയ അനിയൻ അബ്ദുൽ റഹിമാനും ഏറ്റവും ഇളയ അനിയൻ മജീദും പാക്കിസ്ഥാൻ വഴി തന്നെ ഗൾഫിലെത്തിചേർന്നിരുന്നു. മൂവരും കൂടി അജ്മാനിലെ ആദ്യത്തെ ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് കമ്പനിയും, ഏതാണ്ട് ഒരു ദശകത്തിനുശേഷം ആദ്യത്തെ സിനിമ തിയേറ്ററും തുടങ്ങി. അസീന പിക്ചേഴ്സ് എന്നായിരുന്നു തിയേറ്ററിന്റെ പേര്.
ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും കള്ള ലോഞ്ച് കയറി ഗൾഫിലെത്തി പലതരം കോൺട്രാക്ടിങ് വർക്കുകളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു കാഴ്ചക്കാരിലധികവും. കാണിച്ചിരുന്ന പടങ്ങളിൽ കൂടുതലും ഹിന്ദി സിനിമകളായിരുന്നെന്ന് ഇളയ മമ്മയുടെ ഭാര്യ ഐശീവി അമ്മായി ഓർത്തെടുക്കുന്നു. പടം കാണാൻ വരുന്ന അറബികളെ വേറിട്ടിരുത്തി സിനിമകാണിക്കാൻ തിയേറ്ററിനകത്ത് അവർക്കു വേണ്ടി പ്രത്യേക ബോക്സ് തന്നെ ഒരുക്കിയിരുന്നു. അറബികൾക്ക് കഥ മനസിലാക്കാൻ പാകത്തിൽ, ഹിന്ദിയിലും മലയാളത്തിലുമുള്ള സിനിമാക്കഥകളുടെ രത്നച്ചുരുക്കം നോടീസ് രൂപത്തിലാക്കി തിയറ്റററിനകത്ത് വിതരണവും ചെയ്തിരുന്നു.
1920കളിലെ എണ്ണയുടെ കണ്ടുപിടിത്തത്തിനുശേഷം ഗൾഫിലേക്കു കുടിയേറിയ മലയാളികളെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിവരണം ബഹ്റൈനിൽ നിന്നുള്ള സി.എം. നായരുടെ പരാതി രൂപത്തിലുള്ള കത്താണ്
സി.എം.നായരും നടക്കാതെ പോയ തൊഴിലാളി മുന്നേറ്റങ്ങളും
1920കളിലെ എണ്ണയുടെ കണ്ടുപിടുത്തത്തിനുശേഷം ഗൾഫിലേക്കു കുടിയേറിയ മലയാളികളെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിവരണം ബഹ്റൈനിൽ നിന്നുള്ള സി.എം. നായരുടെ പരാതി രൂപത്തിലുള്ള കത്താണ്. ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലാണ് 1948ൽ അയച്ച ഈ പരാതിയുടെ അസ്സൽ സൂക്ഷിച്ചിരിക്കുന്നത്(2). അന്ന് ഫോറിൻ സെക്രട്ടറിയായിരുന്ന കെ.പി.എസ്. മേനോനെ അഭിസംബോധന ചെയ്താണ് നായർ എഴുതുന്നത്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിസയോ മതിയായ രേഖകളോ ഇല്ലാതെ കടൽമാർഗം എത്തി ബഹ്റൈനിൽ ജോലിചെയ്യുന്ന തൊഴിലാളികളെ കുറിച്ചാണ് കത്തിലെ സൂചനകൾ.
തൊഴിലാളികളിൽ അധികപേരും വളരെ മോശം അവസ്ഥയിലാണ് കഴിയുന്നത്. അടിമകളേക്കാൾ മോശമാണ് പലരുടെയും അവസ്ഥ. അവർക്കായി കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന താമസ സൗകര്യങ്ങൾ അതീവ ശോചനീയമാണ്. തദ്ദേശീയരായ അറബികളെക്കാൾ വെള്ളക്കാരായ കമ്പനി മാനേജർമാരിൽ നിന്നുമാണ് കൂടുതൽ പീഡനം. നാട്ടുകാരായ അറബികളടക്കം വെള്ളക്കാരേക്കാൾ തീരെ മോശപ്പെട്ട ശമ്പളത്തിലാണ് ജോലിചെയ്യുന്നത്. മിക്കവരുടെ സേവനത്തിന്റെയും വേതനത്തിന്റെയും കാര്യത്തിൽ കൃത്യമായ കരാറുകളൊന്നും ഒപ്പിട്ടട്ടില്ല. ഉണ്ടെങ്കിൽ തന്നെ, മതിയായ കാരങ്ങളില്ലാതെ പിരിച്ചുവിടുന്നു തരത്തിലാണ് വ്യവസ്ഥകൾ.
2008നുശേഷം കഴിഞ്ഞ ഒരുദശകകാലത്തോളം ദുബായിയിലും, ബഹ്‌റൈനിലും മറ്റുമായി ഒരുപാടു തൊഴിൽ സമരങ്ങൾ നടന്നിരുന്നു. പ്രധാനമായും തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മുൻകൈയിൽ നടന്ന ഈ സമരങ്ങൾക്ക് ചരിത്രപരമായി വലിയ പ്രധാന്യമുണ്ട്
കത്തിലുടനീളം സി.എം. നായരുടെ സ്വരത്തിൽ ഉരുണ്ടുകൂടുന്ന ഗൾഫിലെ തൊഴിൽ- വേതന വ്യവസ്ഥകളോടുള്ള അമർഷമുണ്ട്. ഒരേ തൊഴിൽ ചെയ്യുന്ന തെക്കേനേഷ്യയിൽ നിന്നും അറബ് ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽനിന്നും വരുന്ന തൊഴിലാളികൾക്ക്, കുറഞ്ഞ ശമ്പളവും സൗകര്യങ്ങളും കൊടുക്കുന്നതിനോടാണ് ഈർഷ്യ മുഴുവനും.(3)
2008നുശേഷം കഴിഞ്ഞ ഒരുദശകകാലത്തോളം ദുബായിയിലും, ബഹ്‌റൈനിലും മറ്റുമായി ഒരുപാടു തൊഴിൽ സമരങ്ങൾ നടന്നിരുന്നു. ഉള്ളടക്കം കൊണ്ടും പങ്കെടുത്തയാളുകളുടെ അംഗബലം കൊണ്ടും പ്രധാനമായും തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മുൻകൈയിൽ നടന്ന ഈ സമരങ്ങൾക്ക്, ഗൾഫിന്റെ രാഷ്ട്രീയത്തിൽ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞിട്ടില്ലെങ്കിലും ചരിത്രപരമായി വലിയ പ്രധാന്യമുണ്ട്. നാട്ടുകാരായാലും, വിദേശികളായാലും സംഘടിക്കുകയോ, സംഘം ചേർന്ന് സമരം ചെയ്യുകയോ എന്നത് ഗൾഫ് രാജ്യങ്ങളിൽ രണ്ടോ മൂന്നോ ദശകങ്ങൾക്കു മുൻപ് സ്വപ്നം കാണാൻ പോലും പറ്റാത്ത ഒന്നായിരുന്നു. സാധാരണയായി നീണ്ട ജയിൽവാസമോ, രാജ്യത്തിൽ നിന്ന് പുറത്താക്കലോ ആണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്ന ശിക്ഷ. അതുകൊണ്ടുതന്നെ ഇത്തരം തൊഴിൽ സമരങ്ങളെ ഇപ്രാവശ്യം അവിടങ്ങളിലെ സർക്കാരുകൾ നേരിട്ട രീതി പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
ഗൾഫിലെ തൊഴിൽ സമരങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അമ്മാതിരിയുള്ള ആദ്യ സമരം നടന്നത് സൗദി അറേബ്യയിലായിരുന്നുവെന്നു കാണാം. അതും തദ്ദേശീയരായ അറബികൾ 1930കളുടെ ആരംഭത്തിൽ നടത്തിയ, ഒന്നല്ല തുടർച്ചയായ സമരങ്ങളുടെ പരമ്പര. ശമ്പളം കൂട്ടിക്കൊണ്ടും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചുമാണ് സൗദി സർക്കാർ സമരത്തെ നേരിട്ടത്.
ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ തൊഴിൽ സമരമായിരുന്നു 1938ൽ കുവൈത്തിൽ നടന്നത്. ഈ സമരം ഏതാണ്ട് അടുത്ത ഒരു ദശകക്കാലം നിരവധി രസകരമായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും വഴി തെളിയിച്ചിരുന്നു. അതിലൊന്നാണ്, ബഹ്‌റൈനിൽ, ബാപ്‌കോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബഹ്‌റൈൻ പെട്രോളിയം കമ്പനിയിൽ സി. എം. നായരുടെ ശ്രമഫലമായി ഉയർന്നുവന്ന ലേബർ യൂണിയൻ.
ഗൾഫിലെ ആദ്യ തൊഴിലാളി യൂണിയൻ
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും, ഗൾഫിലെ തന്നെ ആദ്യത്തെ തൊഴിലാളി യൂണിയനിയിരുന്നു 1946ൽ നിലവിൽ വന്ന, ബഹ്‌റൈൻ പെട്രോളിയം കമ്പനിയിലെ ലേബർ യൂണിയൻ. കുറച്ചുകാലം മാത്രം നിലനിന്ന ലേബർ യൂണിയനെ പ്രാദേശിക ഭരണകൂടം ബ്രിട്ടീഷുകാരുടെ സഹായത്താൽ അടിച്ചൊതുക്കി. ഇതുസംബന്ധിച്ച് സി. എം. നായർ നിരന്തരം ഡൽഹിയിലുള്ള, ഗൾഫിലെ പ്രശ്ങ്ങൾ കൈകാര്യം ചെയ്യാൻ നിയുക്തനായ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റിന് എഴുതുന്നുണ്ട്. ആരും വിഷയം ഗൗരവമായി എടുത്തില്ല. പിന്നീട്, ഇന്ത്യ സ്വാതന്ത്രമായപ്പോഴും നായർ എഴുത്തു തുടർന്നു. 1940കളുടെ അവസാനം അന്ന് ഇന്ത്യൻ ഫോറിൻ സർവീസിൽ ഗൾഫിന്റെ കൂടെ ചുമതലയുള്ള കെ.പി.എസ്. മേനോനാണ് ഒടുവിൽ ഈ വിഷയം ഗൗരവമായി എടുക്കുന്നത്.
പിന്നീട് ഏതാണ്ട് മൂന്ന് ദശകം പിന്നിടുമ്പോഴാണ് ബഹ്‌റൈനും കുവൈറ്റും ഒഴികെയുള്ള രാഷ്ട്രങ്ങളിൽ രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകൾക്ക് പ്രവർത്തിക്കാൻ അനുമതി കിട്ടുന്നത്.
എഴുപതുകളുടെ ആദ്യപകുതിവരെ മലയാളി സംഘടനകളുടേത് ഒരുതരം ഒളിപ്രവർത്തനമായിരുന്നു. ഗൾഫ് രാഷ്ട്രങ്ങൾ ബ്രിട്ടീഷ് പ്രൊട്രാക്ടറേറ്റിൽ നിന്ന് സ്വതന്ത്രമായി പരമാധികാര രാഷ്ട്രങ്ങളായി മാറിയപ്പോഴും തുടക്കത്തിൽ പാശ്ചാത്യ തൊഴിലാളികളുടെ ക്ലബുകൾക്കും പ്രഫഷണൽ അസോസിയേഷനുകൾക്കും മാത്രമായിരുന്നു പ്രവർത്തിക്കാൻ അനുമതി കൊടുത്തിരുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പോഷക സംഘടനകളടക്കം പലയിടത്തും തെളിവിലില്ലാതെ പ്രവർത്തിച്ചിരുന്നു.
അതിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ നിന്നുള്ള ആദ്യകാല പ്രവാസിയായ ബാലേട്ടൻ ഇങ്ങിനെ ഓർക്കുന്നു:
ഷാർജയിൽ ഞങ്ങൾ ചെറിയ കുടിലുകൾ പോലുള്ള സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. കോഴിക്കോടുനിന്ന് കയറും മീനെണ്ണയും കയറ്റിവരുന്ന ഉരുക്കളിൽ കരപറ്റിയ ഒരു വലിയ സംഘം മലയാളികളുടെ താവളമായി ഞങ്ങളുടെ താമസ സ്ഥലം. മിക്കവരും മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ നിന്നുള്ള ബീഡി തെറുപ്പുകാരോ, ഖലാസികളോ, മത്സ്യ തൊഴിലാളികളോ ആയിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്ന കേരള രാഷ്ട്രീയത്തെകുറിച്ചുള്ള ചർച്ചയാണ് ഏറ്റവും വലിയ നേരംപോക്ക്. കൂട്ടത്തിൽ അധികം പേരും ലീഗുകാരോ കമ്യൂണിസ്റ്റുകരോ ആയിരുന്നു. 1970കളുടെ ആദ്യം വരെ കമ്യൂണിസ്റ്റുകാരായ ഞങ്ങൾ ആരുമറിയാതെ ആഴ്ചയിലൊരിക്കൽ ഒത്തുകൂടും. ഏതെങ്കിലും മലയാളി നടത്തുന്ന ചായക്കടയായിരിക്കും യോഗസ്ഥലം. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള സുഹൃത്തുക്കളുടെ കത്തുകൾ എല്ലാവരും കേൾക്കാൻ പാകത്തിൽ വായിക്കുന്നതായിരിക്കും പ്രധാന യോഗ അജണ്ട. എഴുപതുകളിലാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ സാംസ്‌കാരിക സംഘടനകളുടെ ലേബലിൽ ഗൾഫിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അതുവരെ ഈ നില തുടർന്നു.
അറുപതുകളിലും എഴുപതുകളിലും പ്രദേശത്താകമാനം അലയടിച്ചിരുന്ന അറബ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അണികളെ മാത്രമായിരുന്നു ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നുവെന്നതുകൊണ്ട്, മലയാളി സംഘടനകളുടെ ഒളിപ്രവർത്തനത്തെ അവിടുത്തെ പൊലീസുകാരോ സി.ഐ. ഡികളോ ഗൗരവമായി എടുത്തിരുന്നില്ല.
2000ലെ തൊഴിൽ സമരങ്ങൾക്ക് ശേഷം സംഗതി മാറി. ഇതേതുടർന്ന്, ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ നക്സൽലൈറ്റുകൾക്കടക്കം വേരോട്ടമുണ്ടെന്നുള്ള രഹസ്യ റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഒരുതരത്തിൽ പറഞ്ഞാൽ രസമുള്ള കാര്യമാണ്, ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ടീയത്തിൽ ഒരു ചെറുഅനക്കം പോലും സൃഷിടിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ, ഗൗരവതരമായ ഒരു രാഷ്ട്രീയ ഇടപെടൽ ചർച്ചകളുടെയും തെരുവുനാടകങ്ങളുടെയും രൂപത്തിൽ നടത്തുകയെന്നത്. കേരളത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളും, ജാതി-സ്ത്രീ- പരിസ്ഥിതി സമരങ്ങളും കേരളത്തെപോലെ തന്നെ ഗൾഫ് രാജ്യങ്ങളിലെ ചെറുകൂട്ടായ്മകളുടെ ചർച്ചകളിൽ സജീവ വിഷയമാണ്. എന്തിന് കേരളത്തിലെ പ്രമുഖ പാർട്ടികളിലെ ഗ്രൂപ്പ് വഴക്കുകൾ പോലും ഗൾഫ്- മലയാളി രാഷ്ട്രീയത്തിൽ അനുരണനം സൃഷ്ടിക്കുന്നുണ്ട്. ഒരുതരം ‘ട്രാൻസ് ലോക്കൽ' സ്വഭാവമുള്ള ഈ രാഷ്ട്രീയപ്രവർത്തങ്ങളുടെ വളരെ സീരിയസായ ഉള്ളടക്കങ്ങൾ അവിടെങ്ങളിലെ ഭരണകൂടങ്ങൾ എങ്ങിനെ നോക്കികാണുന്നുവെന്നതും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്.
അറേബ്യയിൽ എണ്ണകുഴിച്ചെടുക്കാൻ പാശ്ചാത്യ കമ്പനികൾക്ക് അനുമതി കൊടുത്തത്തിന്റെ സന്തോഷത്തിൽ, ഫേവർ ലുബയുടെ പേനകളിലൊരണ്ണം ഏതോ ഒരു കമ്പനി അന്നത്തെ സൗദി രാജാവായ അബ്ദുൽ അസീസിനും കൊടുത്തിരുന്നു. സൗദി യാത്രക്കിടയിൽ രാജാവിനെ സന്ദർശിച്ച മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്, അദ്ദേഹം സമ്മാനമായി ഈ പേന കൊടുത്തു
സൗദി രാജാവ് അബ്ദുൽ റഹിമാൻ സാഹിബിന് കൊടുത്ത പേന
എഴുത്തുകാരനും, മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബുമായി അടുത്തിടപഴകിയിട്ടുള്ളവരിൽ ഒരാളുമായ എൻ. പി. മുഹമ്മദ് പങ്കുവെച്ച ഒരു വിവരം പറയാം. അദ്ദേഹം ഇത് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല.
സ്ഥലം കോഴിക്കോട് അൽ അമീൻ ലോഡ്ജ്.
അബ്ദുൽ റഹിമാൻ സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിലപ്പെട്ട സൂക്ഷിപ്പുകൾ അടുത്ത അനുയായികൾക്കും, സുഹൃത്തുക്കൾക്കുമിടയിൽ, സൂരക്ഷിതമായി സൂക്ഷിച്ചുവെക്കാൻ വീതംവെക്കുന്ന സന്ദർഭം.
സാധനങ്ങളുടെ കൂട്ടത്തിൽ സാഹിബ് ദീർഘകാലം ഉപയോഗിച്ചിരുന്ന ഫേവർ ലുബയുടെ പേനയുമുണ്ടായിരുന്നു. പേന തനിക്കു വേണമെന്ന് സാഹിബിന്റെ അനുജൻ ഇബ്രാഹീം വാശി പിടിച്ചു. അദ്ദേഹത്തിന് സാഹിബിന്റെ പേനയോടൊരു വൈകാരിക അടുപ്പമുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലത്തെ ഉപയോഗത്തിനുശേഷം, അദ്ദേഹത്തിൽ നിന്ന് പേന നിലത്തുകുത്തി വീണ് നിബ്ബ് ഒടിഞ്ഞു. മലബാറിലെങ്ങും അന്വേഷിച്ചെങ്കിലും ഇതിനുപാകമായ നിബ്ബ് കിട്ടിയില്ല. അന്വേഷണം ബോംബയിലേക്കും നീണ്ടു. ബോംബയിലെ കമ്പനിയുടെ ഇന്ത്യൻ ഓഫിസിലേക്കു തന്നെ നേരിട്ടെഴുതി. പിന്നീട് നടന്നത് രസകരമായ സംഭവങ്ങളായിരുന്നു. ആ പേന ഫേവർ ലൂബ കമ്പനി പുറത്തിറക്കിയ ലിമിറ്റഡ് എഡീഷൻ സീരിസിൽ പെട്ട അപൂർവം പേനകളിലൊന്നായിരുന്നു.
എഴുത്തുകിട്ടിയ കമ്പനി പ്രതിനിധികൾ പേനയുടെ മോഡൽ തിരിച്ചറിഞ്ഞപ്പോൾ തന്നെ, പേന തിരിച്ചുതരുമോയെന്ന് ആവശ്യപ്പെട്ട് സാഹിബിന്റെ സഹോദരനു തിരിച്ചെഴുതി. ബ്രിട്ടീഷ് രാജ്ഞിയടക്കം ചുരുക്കം പേർക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ സീരീസിലെ മുഴുവൻ പേനകളും. അറേബ്യയിൽ എണ്ണ കുഴിച്ചെടുക്കാൻ പാശ്ചാത്യ കമ്പനികൾക്ക് അനുമതി കൊടുത്തത്തിന്റെ സന്തോഷത്തിൽ, ഈ പേനകളിലൊരണ്ണം ഏതോ ഒരു കമ്പനി അന്നത്തെ സൗദി രാജാവായ അബ്ദുൽ അസീസിനും കൊടുത്തിരുന്നു. സൗദി യാത്രക്കിടയിൽ രാജാവിനെ സന്ദർശിച്ച സാഹിബിന്, അദ്ദേഹം സമ്മാനമായി കൊടുത്തതായിരുന്നു ഈ പേന. 1930കളുടെ ആദ്യത്തിലായിരുന്നു സാഹിബിന്റെ ഹജ്ജ് യാത്ര. ഈ യാത്രക്കിടയിലായിരിക്കണം പേന സമ്മാനമായി ലഭിച്ചിട്ടുണ്ടാകുക.
ഇതേ യാത്രയിലായിരുന്നു സിറിയയിൽ സ്ഥിരതാമസമാക്കിയ മമ്പുറം സയ്യിദ് ഫദൽ പൂക്കോയ തങ്ങളുടെ കടുംബത്തിൽ പെട്ടയാളുകളെ മക്കയിൽ വച്ച് കണ്ടുമുട്ടുന്നതും, അവരെ മലബാറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നതും. 1933ൽ തങ്ങളുടെ മകൻ സയ്യിദ് അലിയും ബ്രിട്ടീഷുകാർ നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്ന കുടുംബത്തിന്റെ മോശപ്പെട്ട അവസ്ഥ അബ്ദുൽ റഹിമാൻ സാഹിബിനെ എഴുതി അറിയിക്കുന്നുണ്ട്. ഇതേ തുടർന്ന് മമ്പുറം റെസ്റ്റോറേഷൻ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഒരു കമ്മിറ്റി തന്നെ രൂപീകരിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷുകാർ അറേബ്യയിലേക്ക് നാടുകടത്തുകയും, അവിടെ നിന്ന് ഒമാനിലെ ദോഫാർ പ്രവിശ്യയിലേക്ക് പാലായനം ചെയ്യുകയും, അവിടെ ഗവർണർ ആവുകയും, ഏറ്റവും ഒടുവിൽ ഇസ്താംബൂളിലെത്തി ഓട്ടോമൻ സുൽത്താൻ ആയിരുന്ന ഹാമിദ് പാഷ രണ്ടാമന്റെ മതകാര്യ ഉപദേഷ്ടാവാകുകയും ചെയ്ത സയ്യിദ് ഫദൽ പൂക്കോയ തങ്ങളുടെ കുടുംബത്തെ അധിനിവേശ വിരുദ്ധ സമരത്തിന്റെ ഭാഗമായി, പ്രതീകാത്മകമായി സ്വീകരിച്ചു കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തിലായിരുന്നു ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചത്.
കെ.എം. മൗലവിയുടെ നിവേദനങ്ങൾ
സൗദി രാജകുടുംബവുമായി നിരന്തര സമ്പർക്കമുണ്ടായിരുന്ന മറ്റൊരു പ്രമുഖൻ കെ.എം. മൗലവിയാണ്. അബ്ദുൽ അസീസിന്റെ കാലം മുതൽക്കേ ഹജ്ജിനുപോകുമ്പോൾ, സൗദി ഭരണാധികാരികളെക്കണ്ടു
മതകാര്യങ്ങൾ ചർച്ച ചെയുന്ന പതിവുണ്ടായിരുന്നു മൗലവിക്ക്. എണ്ണ കൊണ്ടുവന്ന സമ്പന്നതക്കുശേഷം സൗദിയിലുണ്ടായ പല ഗുണപരമല്ലാത്ത മാറ്റങ്ങളെയും മൗലവി അവിടുത്തെ ഭരണാധികാരികൾക്ക് കൊടുക്കുന്ന നിവേദനങ്ങളിൽ തുറന്നു വിമർശിച്ചിരുന്നു. പുതുതായി വന്ന എണ്ണകമ്പനികളിൽ ഉയർന്ന ജോലിയിൽ നിയമിക്കപ്പെട്ട പാശ്ചാത്യ- ക്രിസ്ത്യൻ ആപ്പീസർമാർ സൗദിയുടെ ഇസ്ലാമിക സംസ്‌കാരത്തിന് ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വിപത്തുകളെ പറ്റിയും മൗലവി സൗദി ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. (4)
1950കളിൽ സമർപ്പിച്ച ഒരു നിവേദനത്തിൽ മറ്റു പല കാര്യങ്ങൾക്കൊപ്പം പങ്കിട്ട ആശങ്ക സൗദി അറേബ്യയിൽ പുതുതായി തുറന്ന സലൂണുകളെകുറിച്ചായിരുന്നു. സലൂണുകളുടെ വരവോടെ സൗദികൾക്കിടയിൽ താടി വടിക്കുന്ന ശീലം പെരുകുന്നുവെന്ന് സൗദി രാജാവിനെഴുതിയ കത്തിൽ പറയുന്നു. കേരളത്തിൽ സലഫികൾക്കിടയിൽ താടി പറ്റെ വടിക്കൽ നിഷിദ്ധമായി കരുതുന്ന സമയത്താണ്, സലഫി പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രചാരകരിൽ പ്രമുഖനായിരുന്ന മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ നാട്ടിൽ, സലഫി ആശയങ്ങൾക്ക് അനുസൃതമായി ഭരണം നടത്തുന്ന സൗദിയിൽ താടിവടിക്കുന്നതിനു വേണ്ടിയുള്ള സലൂണുകൾ പെരുകുന്നത്. (5)
വിവിധ സമൂഹങ്ങളുടെ സമുദ്രാന്തര സഞ്ചാരങ്ങളും, സഞ്ചാരത്തിലൂടെ ഉരുവം കൊണ്ട ദശാന്തരബന്ധങ്ങളും, അവരുടെ ചരിത്രാവബോധവും, ഓർമകളും, പരിഗണിക്കെ വിവിധ സഞ്ചാരസാഹിത്യകാരന്മാർ മധ്യകാല, ആധുനികാരംഭ കേരളത്തെ ‘ചലനത്വരയുടെ ലോകമായാണ്' വിശേഷിപ്പിച്ചിട്ടുള്ളത്
കുടിയേറ്റങ്ങളും ആഖ്യാനങ്ങളും
കേരളവും ഗൾഫ് തീരങ്ങളും തമ്മിലുള്ള സുദൃഢമായൊരു കച്ചവട സാംസ്‌കാരിക ബന്ധം രണ്ടായിരം വർഷത്തിനുമേലെ പഴക്കമുള്ളതാണ്. എ.ഡി ആദ്യ നൂറ്റാണ്ടുമുതലുള്ള ബന്ധത്തിന് അടുത്തകാലത്ത് പട്ടണത്ത് നടന്ന പുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് സ്പഷ്ടമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. അറബ് നാവികർ അങ്ങോട്ടു മിങ്ങോട്ടും തുടർച്ചയായി സഞ്ചരിച്ചിരുന്നതിന്റെ മൂർത്തമായ തെളിവുകൾ ഈ പര്യവേഷണങ്ങൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ആധുനികകാലത്തോടെ, മനുഷ്യവിഭവങ്ങളായും ചരക്കുകളായും ആശയങ്ങളായും പലവിധ കൈമാറ്റങ്ങളിലൂടെ ഈ ബന്ധം കൂടുതൽ വിശാലമായ തരത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നുണ്ട്. വിവിധ സമൂഹങ്ങളുടെ സമുദ്രാന്തര സഞ്ചാരങ്ങളും, സഞ്ചാരത്തിലൂടെ ഉരുവം കൊണ്ട ദശാന്തരബന്ധങ്ങളും, അവരുടെ ചരിത്രാവബോധവും, ഓർമകളും, പരിഗണിക്കെ വിവിധ സഞ്ചാരസാഹിത്യകാരന്മാർ മധ്യകാല, ആധുനികാരംഭ കേരളത്തെ ‘ചലനത്വരയുടെ ലോകമായാണ്' വിശേഷിപ്പിച്ചിട്ടുള്ളത്. വ്യാപാരികളും നാവികരും കുടിയേറ്റത്തൊഴിലാളികളും കല്ലാശാരിമാരും കൈവേലക്കാരും സൂഫികളും, സംഗീതജ്ഞരും പണ്ഡിതരും വിശുദ്ധരുമൊക്കെയടങ്ങിയ പരന്നതും വൈവിധ്യമാർന്നതുമായിരുന്നു കേരളത്തിന്റെ ‘കടൽലോകം.' ഇന്നത്തെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന അറേബ്യൻ തീരങ്ങളായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യസ്ഥാനം.
ദേശാന്തരവാണിജ്യബന്ധങ്ങളുടെ ഈ ലോകം മലബാറിനെ അറേബ്യയിലും മധ്യേഷയിലും കിഴക്കനേഷ്യയിലും കിഴക്കനാഫ്രിക്കയിലുമുള്ള തുറമുഖനഗരങ്ങളുമായി ചേർത്തു നിർത്തി. പതിനാറാം നൂറ്റാണ്ടു മുതലോ ഒരു പക്ഷെ അതിനു മുമ്പു തന്നെയോ ദക്ഷിണ അറേബ്യ ലക്ഷ്യം വെക്കുന്ന
തീർത്ഥാടകരുടെയും പണ്ഡിതരുടെയും പ്രധാന നിർഗമനസ്ഥാനവും പത്തൊമ്പതാം നൂറ്റാണ്ടു മുഴുവനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും ഗുജറാത്ത്, ബോംബെ, സ്വാഹിലി തീരം, ഏദൻ, മസ്‌കറ്റ് തുടങ്ങിയ
വിദൂരലക്ഷ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളവുമായിരുന്നു മലബാർ തീരങ്ങൾ. സഞ്ചാരവും വാണിജ്യവും വിശ്വാസാധിഷ്ഠിത ശൃംഖലകളും മലബാറിലെ നാവികരെ വിശാല ലോകങ്ങളുമായും സംസ്‌കാരങ്ങളുമായും ബന്ധിപ്പിച്ചു. മേഖലയിലാകെ പലവിധ ബന്ധശ്രേണികൾ രൂപപ്പെടുകയും അവയ്ക്കകമേയും പരസ്പരവും ബന്ധങ്ങൾ വ്യാപകമാവുകയും ചെയ്തു.
സഞ്ചാരത്തിലൂടെ സാധ്യമായ ‘ആഗോളാന്തരത' ജീവിതത്തെയും സംസ്‌കാരത്തെയും മതവിശ്വാസങ്ങളേയും ആഴത്തിൽ സ്വാധീനിക്കുകയും, നിരന്തരസമ്പർക്കങ്ങളിലൂടെ കേരളത്തിന്റെ കലാരൂപങ്ങളെയും അനുഷ്ഠാനങ്ങളെയും, ജീവിതചക്ര-ആചാരങ്ങളെയും, മതചര്യകളെയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമായി ജീവിച്ച മമ്പുറം സയ്യിദ് അലവി തങ്ങൾക്ക് ഇന്തോനേഷ്യയിലെ തിമോർ, മലബാർ, തെക്കൻ അറേബ്യയിലെ ഹദറമൗത്ത് എന്നിങ്ങനെ മൂന്ന് ഉപ- ഭൂഖണ്ഡങ്ങളിൽ നിന്നായി മൂന്നുഭാര്യമാർ ഉണ്ടായിരുന്നുവെന്നത് ഇന്നൊരു അതിശയമായി തോന്നാം.
1970കൾ വരെയെങ്കിലും മലബാറിലെ തീരദേശഗ്രാമങ്ങൾക്ക് ഈ യാത്രകൾ ഒരുതരം ദേശാന്തരീയത സംഭാവന ചെയ്തിരുന്നു. കടൽജീവിതത്തെ സംബന്ധിച്ച കഥകളാലും മിത്തുകളാലും പാട്ടുകളാലും സമ്പന്നമാണ് ഈ ഗ്രാമങ്ങൾ. സഞ്ചാരങ്ങളെ സംബന്ധിച്ച ആഖ്യാനങ്ങളും കടലിൽ സംഭവിച്ച
‘ദിവ്യാത്ഭുതങ്ങളെ' സംബന്ധിച്ച കഥകളും മിത്തുകളും ഈ പ്രദേശങ്ങളിലെ നാടോടിക്കഥകളെ വലിയൊരളവോളം രൂപപ്പെടുത്തിയിട്ടുണ്ട്.
1970കളുടെ ആദ്യ പകുതിയോടെ അറേബ്യൻ ഗൾഫ് മേഖലയടക്കമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സഞ്ചാരങ്ങൾ നിയമവിരുദ്ധമായി വ്യവസ്ഥ ചെയ്യപ്പെടുന്നതുവരെ ഇത്തരം ദേശാന്തരബന്ധങ്ങൾ തുടർന്നിരുന്നു. അതുവരെ പുറപ്പെടുകയും എത്തിചേരുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിയമാനുസൃതമായിരുന്നില്ല പലപ്പോഴും കടൽയാത്രികരുടെ സഞ്ചാരങ്ങൾ. മിക്കവാറും സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു ഇത്തരം യാത്രകൾ സംഘടിപ്പിക്കപ്പെട്ടത്.
ആദ്യ തലമുറ സഞ്ചാരങ്ങൾ: ഷൗക്കുക്കയുടെ ജീവിതം
പട്ടിണിയെയും ദാരിദ്ര്യത്തെയും മറികടക്കാൻ ഗൾഫിലേക്ക് പുറപ്പെട്ടവരായിരുന്നു ആദ്യതലമുറ. അൻപതുകളിലും അറുപതുകളിലും പാസ്പോർട്ട്, വിസ തുടങ്ങിയ യാത്രാരേഖകളൊന്നുമില്ലാതെയാണ് ബോംബെ, കറാച്ചി, ഗ്വാദാർ തുറമുഖങ്ങൾ വഴി അറബിക്കടൽ മുറിച്ചുകടന്ന് ഇവർ ഗൾഫിൽ പല പ്രദേശങ്ങളിലുമെത്തിയത്. ആദ്യകാല സാഹസികർ ദാരിദ്ര്യത്തിൽനിന്ന് സമ്പന്നതയിലെത്തിയ കഥകൾ കേട്ട് അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലുമായി ഭാഗ്യാന്വേഷികളുടെ പുതിയൊരു കൂട്ടം ഗൾഫിലേക്കു നീങ്ങുന്നുണ്ട്.
1960കളിൽ ഗൾഫിലെത്തിയ ഞങ്ങളുടെ ബന്ധുവായ ഷൗക്കുക്ക തന്റെ അനുഭവം ഇങ്ങിനെ വിവരിക്കുന്നു:
ഞാനന്ന് ബോംബെയിൽ ഒരു പലചരക്കുകടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴി ബോംബയിൽ തങ്ങുന്ന ഒരു പാട് മലയാളികളെ കണ്ടുമുട്ടാറുണ്ടായിരുന്നു. അവരിലൊരാൾ നാട്ടുകാരനും ഉമ്മയുടെ അകന്ന ബന്ധുവുമായ മജീദ്ക്കയാണ്. മജീദ്ക്ക എന്നാണ് ഗൾഫിലേക്ക് പോയതെന്നുപോലും ഓർമയില്ല. അൻപതുകളുടെ ആദ്യത്തിലായിരിക്കണം. ദുബായിയിലേക്ക് അന്ന് നടത്തിയ യാത്രയെ കുറിച്ചുള്ള വിവരണങ്ങളായിരിക്കും നേരിട്ട് കാണുമ്പോളെല്ലാം സംസാരത്തിലുടനീളം. ഓരോ പ്രാവശ്യം വരുമ്പോഴും അത്തറും മിഠായിയും ഫോറിൻ സിഗരറ്റും ഞങ്ങൾക്ക് വേണ്ടി കരുതിയിട്ടുണ്ടാകും. മജീദ്ക്ക മിക്ക സമയവും പാന്റായിരുന്നു ധരിച്ചിരുന്നത്. പണം നേടാനുള്ള ആഗ്രഹത്തോടൊപ്പം, അത്തറിലൂടെ പരന്ന ഗൾഫിന്റെ മണമാണ് ബോംബെ വിട്ട് അങ്ങോട്ടു പോകുവാനുള്ള കൊതിയുണ്ടാക്കുന്നത്.
നാട്ടുകാരനായ ബാലേട്ടന്റെ കാര്യത്തിൽ യാത്രാലക്ഷ്യം മറ്റൊന്നായിരുന്നു.
വീട്ടിലെ പട്ടിണികൊണ്ട് ആദ്യം ബോംബയ്ക്കു പോയി. ബോംബയിൽ കാര്യമായ പണിയൊന്നും കിട്ടിയില്ല. ‘നല്ല' പണികളെല്ലാം നായന്മാർക്കോ, ക്രിസ്താനികൾക്കോ മറ്റു മുന്തിയ ജാതിക്കാർക്കോ വേണ്ടിയുള്ളതായിരുന്നു. ടൈപ്പിസ്റ്റിന്റെ പണിയാന്വേഷിച്ചു പോകുമ്പോൾ പോലും ജാതി ചോദിക്കും. ടൈപ്പിംഗ് എന്നത് കേരത്തിലെ ഏതോ മുന്തിയ ജാതിയുടെ കുലതൊഴിലാണെന്നായിരുന്നു ബോംബെയിൽ പലരുടെയും ധാരണ. അങ്ങിനെയാണ് ഗൾഫിലേക്ക് പോകാനുള്ള തീരുമാനമെടുക്കുന്നത് .
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിൽനിന്ന് ചരക്കു കയറ്റി അറേബ്യൻ തീരത്തുള്ള കോർഫഖാൻ, ദുബൈ, ദോഹ സൊഹാർ മസ്‌കത് തുടങ്ങിയ തുറമുഖ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള ഉരുകളെയും പത്തേമാരികളെയും മറ്റു ചരക്കുനീക്കു സംവിധാനങ്ങളെയാണ് ഇവർ വ്യാപകമായി ആശ്രയിച്ചത്. വിസ നിർബന്ധമാക്കുകയും രേഖകളില്ലാത്ത തൊഴിലാളികൾക്കെതിരെയുള്ള നിയമങ്ങൾ കർശനമാക്കുകയും ചെയ്ത എഴുപതുകളുടെ പകുതിവരെ വരെ ഇത്തരം യാത്രകൾ നിർബാധം തുടർന്നു.
ഗൾഫിലേക്കുള്ള ആദ്യ യാത്രയെ കുറിച്ച് വേങ്ങര സ്വദേശി അലവി ഹാജി പറയുന്നതിങ്ങനെ:
കോഴിക്കോട്ട് ഈന്തപ്പഴം ഇറക്കി തിരിച്ചുപോകുന്ന ഒരു ഉരുവിലായിരുന്നു എന്റെ ആദ്യ യാത്ര. തൊള്ളായിരത്തി അറുപതിലാണത്. രണ്ടാം ഭാര്യയിലൂടെ കോഴിക്കക്കോടുമായി വിവാഹമബന്ധമുള്ള ഒരു അറബിയുടേതായിരുന്നു ആ ഉരു. അതുകൊണ്ടു യാത്രകാശിനു കുറവ് കിട്ടി. നാനൂറു രൂപക്ക് ഗൾഫിലെത്തിക്കാമെന്നു പറഞ്ഞ് ഒരു ഏജന്റ് എന്നെ സമീപിക്കുകയായിരുന്നു. എന്നായിരുന്നു യാത്രയെന്നും ഉരുവിൽ എത്രപേരുണ്ടായിരുന്നുവെന്നും ഇപ്പോൾ ഓർമയില്ല. ഓർമയുള്ളൊരു കാര്യം കൂടെയുണ്ടായിരുന്നവരിൽ ചിലർ യാത്രക്കിടയിൽ മരിച്ചുവെന്നതാണ്. മോശം കാലാവസ്ഥയിൽ ഉരു കടലിൽ തന്നെ ദിവസങ്ങളോളം നിലയുറപ്പിക്കേണ്ടി വന്നു. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടു. ഏതാണ്ട് ഇരുപത്തിരണ്ടു ദിവസത്തിനുശേഷമാണ് കോർഫാഖാൻ തീരത്തടുത്തത്. വഴിയിലെല്ലാം കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ഉരു ഓടിക്കാൻ സ്രാങ്ക് പാടുപെടുന്നുണ്ടായിരുന്നു.
കോർഫാഖാൻ: ആദ്യ തീരം
ഇന്നത്തെ യു.എ.ഇയിലെ കോർഫാഖാനാണ് പല മലയാളികളെ സംബന്ധിച്ചും ആദ്യമണഞ്ഞ തീരം.(6) എഴുപതുകൾക്കു മുൻപും ശേഷവും അവിടെ നിലനിന്നിരുന്ന അയഞ്ഞ കുടിയേറ്റ നിയമങ്ങളായിരുന്നു ഒരു കാരണം. ഇതുകൂടാതെ മലബാറുമായുണ്ടായിരുന്ന കച്ചവട- സാംസ്‌കാരിക- വിവാഹ ബന്ധങ്ങളും കൂടുതലാളുകളെ അവിടേക്കടുപ്പിച്ചു. ഓരോ കുടുംബത്തിലും ഒരു പ്രാവശ്യമെങ്കിലും ഉരുവിന് മലബാറിലേക്ക് യാത്ര ചെയ്തിട്ടുള്ള ഒരാളെങ്കിലും കാണുമായിരുന്നു.(7) പല കുടുംബങ്ങളിലും കോഴിക്കോട് നിന്ന് കല്യാണം കഴിച്ചവരുമുണ്ടായിരുന്നു. ഒമാനിൽ നിന്നുള്ള കടൽക്കച്ചവടക്കാരിൽ ചിലർ അക്കാലത്ത് മലബാറിലെ സമുദ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്ന കോഴിക്കോടുള്ള മുസ്‌ലിം കുടുംബങ്ങളുമായി വിവാഹ ബന്ധം സ്ഥാപിച്ചിരുന്നു. രസകരമായൊരു വസ്തുത, 1976ൽ അവിടെത്തെ ഭരണകൂടം തദ്ദേശീയരായ സ്ത്രീകളുടെ അപേക്ഷ പ്രകാരം ഇത്തരം വിവാഹങ്ങളെ നിയമം മൂലം നിയന്ത്രിച്ചുവെന്നുള്ളതാണ്. (8)
ചെന്നെത്തിപ്പെട്ട ആദ്യകാലങ്ങളിൽ ഗൾഫിലെ തൊഴിലും ജീവിതവും ദുസ്സഹമായിരുന്നു. എണ്ണക്കമ്പനികൾ ബോംബയിൽ നിന്നും മറ്റും നേരിട്ടും ഏജന്റുമാർ വഴിയും കയറ്റി അയച്ച മധ്യകേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിൽ മാത്രമായിരുന്നു നില വ്യത്യാസമുണ്ടായിരുന്നത്. അങ്ങിനെ വന്നവരിൽ പലരും വിദ്യാഭ്യാസമുള്ളവരും തൊഴിൽ വൈദഗദ്യം നേടിയവരും ജാതീയമായി ഉയർന്നവരുമായ സുറിയാനി ക്രിസ്ത്യാനികളോ നായന്മാരോ ആയിരുന്നുവെന്ന് നേരത്തെ ഞാൻ നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും തൊഴിലാളി വിരുദ്ധമായിരുന്നു തൊഴിലിടങ്ങളിലെ അന്തരീക്ഷം. കുടിയേറ്റത്തിന്റെ സവിശേഷ സ്വഭാവംകൊണ്ടും മതിയായ രേഖകൾ ഇല്ലാതിരുന്നതുകൊണ്ടും മലയാളി കുടിയേറ്റ തൊഴിലാളികൾക്ക് കാര്യമായ നിയമ പരിരക്ഷയൊന്നുമുണ്ടായിരുന്നില്ല. എണ്ണക്കമ്പനികൾക്കനുകൂലമായ ഏകപക്ഷീയ സാഹചര്യങ്ങളിൽ നിസ്സാര കാരണങ്ങൾക്കു വരെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെടുമായിരുന്നു.
അറുപതുകളുടെ രണ്ടാം പകുതിയിലാണ് ഈ അവസ്ഥക്ക് കാര്യമായൊരു മാറ്റം വരുന്നത്. അപ്പോഴേക്കും മേഖലയുടെ പലഭാഗങ്ങളിലുമായി പടർന്നുപിടിച്ച അറബ് സോഷ്യലിസത്തിന്റെ അനുരണനങ്ങൾ ഗൾഫിലും കണ്ടുതുടങ്ങിയിരുന്നു. ഒമാനിൽ ഇത്തരം സംഘങ്ങൾ സോവിയറ്റ് യൂണിയന്റെയും തെക്കൻ യെമന്റെയും സഹായത്തോടെ അധികാരം പിടിച്ചടക്കാൻ പോലും ശ്രമിച്ചു. അറബ് ലോകത്തുമുഴുവൻ ചലനങ്ങളുണ്ടാക്കിയ സോഷ്യലിസ്റ്റ് ആശയങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഏറ്റെടുത്തത് പ്രധാനമായും അവിടെങ്ങളിൽ തൊഴിലെടുക്കുന്ന ഈജിപ്ത്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറബ് തൊഴിലാളികളായിരുന്നു. ഇത് പ്രാദേശിക ഭരണകൂടങ്ങളെ സ്വദേശികളല്ലാത്ത അറബ് തൊഴിലാളികളെകൂടുതലായി ആശ്രയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ഈ നയം തുണയായത് പ്രധാനമായും ഇന്ത്യൻ തൊഴിലാളികൾക്കായിരുന്നു. അവർക്ക് കൂടുതൽ മെച്ചപ്പെട്ട വേതനവും സൗകര്യങ്ങളും നൽകാൻ എണ്ണകമ്പനികൾ തയ്യാറായി.
ഷൗക്കുകയെപോലെ അജ്മാനിലേയും ദുബായിയിലെയും അബുദാബിയിലെയും ഭരണാധികാരികളുമായി ചങ്ങാത്തമുണ്ടായിരുന്ന സാധാരണക്കാരായ പല ആദ്യകാല കുടിയേറ്റക്കാരുണ്ടായിരുന്നു. അവരിൽ നിന്ന് കടം വാങ്ങിയും അവർക്ക് കടം കൊടുത്തും അടുത്തിടപഴകി ജീവിച്ച ഒരുപാടുപേരെ ആദ്യകാല കുടിയേറ്റക്കാരെ കുറിച്ച് ഞാൻ നടത്തിയ പഠന സമയത്ത് കണ്ടുമുട്ടിയിരുന്നു
എഴുപതുകളുടെ പകുതിയാകുമ്പോഴേക്കും പല ഗൾഫ് രാജ്യങ്ങളും ഒരുതരത്തിലുള്ള ആധുനിക വൽക്കരണത്തിനു വിധേയമാകുന്നുണ്ട്. ആദ്യകാല ഗൾഫുകാരുടെ പല ആഖ്യാനങ്ങളിലും ഈ ആധുനികവൽക്കരണത്തെകുറിച്ചുള്ള ആശങ്കകളും നിഴലിക്കുന്നുമുണ്ട്. പുതിയ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും വരുന്നു, സാങ്കേതിക വിദ്യകൾ വികസിക്കുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഭരണത്തിന്റെയും ഭരണാധികാരികളുടെയും സ്വഭാവത്തിലുണ്ടാകുന്ന മാറ്റമാണ്. ചെറുനാട്ടുരാജ്യങ്ങളായിരുന്ന ഗൾഫ് രാജ്യങ്ങൾ സ്വാതന്ത്ര രാജ്യങ്ങളായി വികസിക്കുന്നതോടെ ഭരണത്തിന്റെ രീതിയും മാറുന്നു.
ഷൗക്കുക്കയുടെ വിവരണം എഴുപതുകൾക്കുശേഷം ഗൾഫിൽ വന്ന മാറ്റത്തെ കൃത്യമായി കുറിക്കുന്നു:
എഴുപതുകളുടെ ആദ്യത്തിൽ റെസ്റ്റോറന്റ് തുടങ്ങിയ കാലം മുതൽക്കേ അജ്മാനിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് (9) ഞങ്ങളുടെ കടയിലെ സ്ഥിരം സന്ദർശകനായിരുന്നു. കുട്ടികളും സുഹൃത്തുക്കളും ഒരു വലിയ പട ബദുക്കളായ അംഗരക്ഷകരുമായിട്ടായിരിക്കും ഷെയ്ഖ് കടയിലേക്ക് വരിക. വടക്കേ ഇന്ത്യൻ ഭക്ഷണമാണ് ഷെയ്ഖിന് കൂടുതൽ പ്രിയം. അത് കൊട്ടാരത്തിൽ വിശിഷ്ടാതിഥികൾ വരുമ്പോൾ വിളമ്പാൻ വലിയ അളവിൽ ഓർഡർ ചെയ്യും. ഞാൻ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. പിന്നീട് ഞാൻ തുടങ്ങിയ സൂപ്പർ മാർക്കറ്റ് അടക്കമുള്ള പല സംരംഭങ്ങളുടെയും സ്പോൺസർ ഷെയ്ഖായിരുന്നു. മനാമയിൽ (10) ഞാൻ തുടങ്ങിയ സൂപ്പർമാർക്കറ്റിലെ നാട്ടുകാരുടെ തിരക്കിനെ നിയന്ത്രിക്കാൻ പൊലീസുകാരെപ്പോലും വിട്ടു തരുമായിരുന്നു. വിദൂരദിക്കുകളിൽ നിന്ന് വരുന്ന സ്വദേശികളെ നിയന്ത്രിക്കാനായിരുന്നു വലിയ പാട്. സൂപ്പർമാർക്കറ്റ് പലർക്കും പുതിയൊരനുഭവമായിരുന്നു. എപ്പോഴൊക്കെ എനിക്ക് പൈസ ആവശ്യമുണ്ടോ, അപ്പോഴൊക്കെ ഷെയ്ഖ് കടം തരും. വലിയ തുകകൾ ഞാൻ കടം വേടിച്ചിട്ടുണ്ട്. പലിശ കൊടുത്ത് ബാങ്കിൽ നിന്ന് കടമെടുക്കുന്നത് ഹറാമാണെന്ന വിശ്വാസത്താൽ, പണം ആവശ്യം വരുമ്പോൾ ബാങ്കുകളെ സമീപിക്കുന്നതിൽ നിന്ന്എന്നെ വിലക്കും. വളരെ ലളിതമായാണ് 1981ൽ മരിക്കും വരെ ഷെയ്ഖ് ജീവിച്ചിരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മക്കളുടെ കാര്യം അങ്ങനെയായിരുന്നില്ല. എഴുപതുകളുടെ അവസാനത്തോടെ ഭരണത്തിൽ അവർ പുതിയരീതികൾ കൊണ്ടുവരാൻ തുടങ്ങിയിരുന്നു. കൂട്ടികളായിരുന്ന കാലത്ത് അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും, വലുതായപ്പോൾ അവരുടെ ശീലങ്ങൾ മാറി. കുടുംബത്തിന് എന്നോടുള്ള അടുപ്പവും കുറഞ്ഞു.
ഷൗക്കുകയെപോലെ അജ്മാനിലേയും ദുബായിയിലെയും അബുദാബിയിലെയും ഭരണാധികാരികളുമായി ചങ്ങാത്തമുണ്ടായിരുന്ന സാധാരണക്കാരായ പല ആദ്യകാല കുടിയേറ്റക്കാരുണ്ടായിരുന്നു. അവരിൽ നിന്ന് കടം വാങ്ങിയും അവർക്ക് കടം കൊടുത്തും അടുത്തിടപഴകി ജീവിച്ച ഒരുപാടുപേരെ ആദ്യകാല കുടിയേറ്റക്കാരെ കുറിച്ച് ഞാൻ നടത്തിയ പഠന സമയത്ത് കണ്ടുമുട്ടിയിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഭരിക്കുന്നവരും കുടിയേറ്റ- കച്ചവടക്കാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ഭരണക്രമത്തിലുണ്ടായ മാറ്റത്തോടുകൂടിയാണ്. പുതിയ ദേശ-രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നതോടെ, ഓരോ ഗൾഫ് രാജ്യത്തിന്റെയും ഭരണരീതികൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു.
ആഖ്യാനങ്ങളുടെ ബദൽ ചരിത്ര സാധ്യതകൾ
ആധുനിക ഗൾഫിന്റെ ചരിത്ര രചനയിൽ കടന്നു കൂടിയ പ്രധാന പോരായ്മ കൊളോണിയൽ ചരിത്ര രചനരീതിയോടുള്ള അതിന്റെ ആശ്രിത സ്വഭാവമാണെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. കോളനിയാനന്താര ചരിത്ര രചനയിൽ പോലും ഈ പക്ഷപാതിത്വം പ്രകടമാണ്. കൊളോണിയൽ ആർക്കൈവുകളിൽ സൂക്ഷിച്ചിരിക്കുന്ന പോർത്തുഗീസ് ഡച്ച് ബ്രിട്ടീഷ് ആപ്പീസർമാരുടെയും പൊളിറ്റിക്കൽ ഏജന്റ്മാരുടെയും കുറിപ്പുകൾക്കാണ് കൂടുതൽ പ്രാമുഖ്യം. ബദൽ സ്രോതസ്സുകൾക്കും ചരിത്ര രചനാരീതികൾക്കും വേണ്ടിയുള്ള തദ്ദേശീയമായ ശ്രമങ്ങൾ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഊർജ്ജിതമായിട്ടുണ്ട്.
ചരിത്രകാരൻ കൂടിയായ ഷാർജ ഭരണാധികാരി സുൽത്താൻ മുഹമ്മദ് അൽ-ക്വാസിമിയുടെ പഠനങ്ങളാണ് ഈ വഴിയിൽ എടുത്തുപറയാവുന്ന പ്രധാന ശ്രമം. അദ്ദേഹത്തിന്റെ പഠന- അന്വേഷണങ്ങളിലെ പ്രധാന വിഷയം ഗൾഫിലടക്കം ഇന്ത്യ മഹാസമുദ്രത്തിന്റെ പല കരകളിലായി അധിവസിക്കുന്ന പോർത്തുഗീസ്, ബ്രിട്ടീഷ് അധിനിവേശ നാവികശക്തികളെ പ്രധിരോധിച്ച ചെറു മുസ്‌ലിം കച്ചവട-നാവിക സംഘങ്ങളെ ‘കടൽക്കൊള്ളക്കാർ' എന്നു വിശേഷിപ്പിച്ച് എങ്ങിനെ അവമതിക്കുന്നുവെന്നുള്ളതാണ്. ‘കടൽക്കൊള്ളക്കാർ' എന്ന് ബ്രിട്ടീഷുകാരാൽ വിശേഷിപ്പിക്കപ്പെട്ട സ്വന്തം കുടുംബത്തിന്റെ അനുഭവം വെച്ചുകൊണ്ട് ‘മിത്ത് ഓഫ്
അറബ് പൈറസി' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകത്തിൽ ഈ വാദമുഖങ്ങളെ ഖണ്ഡിക്കുന്നുണ്ട്.
ഈയൊരു സന്ദർഭത്തിലാണ് ആദ്യകാല ഗൾഫ് മലയാളി കുടിയേറ്റക്കാരുടെ ആഖ്യാനങ്ങളുടെ ചരിത്രപരമായ പ്രസക്തിയേറുന്നത്. വ്യക്തിപരമായ സാഹസങ്ങൾ മുതൽ സങ്കീർണ സാഹചര്യങ്ങളെ കൂട്ടായി നേരട്ടതിന്റെ വരെ കഥകൾ ഇക്കൂട്ടത്തിലുണ്ടാകും. പക്ഷെ, അവരുടെ ഓർമകൾ കേവലം വ്യക്തിഗത അനുഭവങ്ങളുടെ വിവരണങ്ങളായി മാത്രം നിൽക്കുന്ന ഒന്നല്ല. യാത്രകളെക്കുറിച്ചുള്ള സവിസ്തര വിവരങ്ങൾ പലതും അക്കാലത്തെ കടൽ വ്യാപാരത്തെ കുറിച്ചും അറബിക്കടലിലൂടെയുള്ള മനുഷ്യരുടെയും ചരക്കുകളുടെയും നീക്കങ്ങളെക്കുറിച്ചും പ്രാമാണിക ചരിത്രത്തിനു പുറത്തുള്ള പല വിവരങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ്. ഗൾഫ് എന്ന ദേശത്തിന്റെ ചരിത്രം മറ്റൊരു വഴിക്ക് സമാന്തരമായി പുനഃസൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമം കൂടി മലബാറിലെ ഓരോ ഗ്രാമത്തിലും പ്രചാരത്തിലുള്ള ഇത്തരം അസംഖ്യം അനുഭവ കഥകളിലുണ്ട്. ദേശാന്തര സഞ്ചാരങ്ങളും കുടിയേറ്റങ്ങളും പ്രായേണ ഒഴിവാക്കിക്കൊണ്ടുള്ള, കൊളോണിയൽ രേഖകളെ മാത്രം ആശ്രയിച്ചുള്ള ചരിത്രത്തിനു ബദലായി ഗൾഫ് മേഖലയിലെ ചരിത്രസംഭവങ്ങളെക്കുറിച്ച് സാധാരണ കുടിയേറ്റ തൊഴിലാളികൾക്കുള്ള ധാരണകളുടെ സമ്പന്നതയെക്കുറിച്ച് മനസ്സിലാക്കുന്നതിന് അവ ഉപയോഗപ്രദമാണ്. നിർഭാഗ്യവശാൽ, ദേശ- രാഷ്ട്രഭാവനക്ക് പുറത്തായതുകൊണ്ടാവാം ഗൾഫിലെയും കേരളത്തിലെയും ചരിത്രകാരന്മാരും ഇത്തരം ആഖ്യാനങ്ങളെ കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല.
ഒരു പ്രത്യേക ഭൂപ്രദേശത്ത് അധിവസിക്കുന്ന ആളുകൾക്ക് സംഭവിച്ച കാര്യങ്ങൾ എന്ന നിലയിൽ ഭൂ- കേന്ദ്രീകൃതമായി മാത്രം കേരള ചരിത്രത്തെ നോക്കിക്കാണുന്ന രീതിയിൽ നിന്ന് മാറി സഞ്ചാരങ്ങളുടെയും, ചലനാത്മകഥയുടെയും വിശാല തലത്തിൽ കേരള ചരിത്രത്തെ പുനർസങ്കൽപനം ചെയ്യാൻ കെൽപുള്ളവയാണ് ഈ ആഖ്യാനങ്ങൾ എന്നുള്ളതാണ് ഇവയുടെ അക്കാദമികമായ പ്രസക്തി.▮
1. ഖാൻ ബഹാദൂർ മുഹമ്മദ് സാഹിബ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഇദ്ദേഹമാണ് ‘മാപ്പിളമാർ എങ്ങോട്ട്' എന്ന പുസ്തകമെഴുതിയിട്ടുള്ളത്. വിവരങ്ങൾക്ക് വി.കെ. ശ്രീരാമനോട് കടപ്പാട്. 2. J. S. Mehta to E.A Wing Ministry of E A & CR. U.O. NO. D2338/48 on 27 July 1948, Treatment of Employees in Bahrain, F. 18(27) AWT/48 and F.N. 18-AWT/48 Vide. S. No. 1 and 3. ഈ എഴുത്തുകളുടെയെല്ലാം കോപ്പികൾ ദില്ലി ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്. 4. അബ്ദുൽകരീം, കെ. കെ. മുഹമ്മദ്, ‘കെ.എം. മൗലവി: ജീവചരിത്രം' (കോഴിക്കോട്: യുവത ബുക്ക് ഹൗസ്) പുറം. 134. 5. ഇതേ പുസ്തകം. പുറം. 322. 6. നാസർ, എം സി എ., ‘പ്രവാസത്തിന്റെ ആദിമ മുദ്ര', ഗൾഫ് മാധ്യമം (പ്രത്യേക പതിപ്പ്), 3, നമ്പ.1 (2012), പുറം. 8-11. 7. അതെ ലേഖനം. 8. ശംസുദ്ധീൻ, ഷിനോജ് കെ., ‘കോഴിക്കോട്- ഒമാൻ വിവാഹ ബന്ധങ്ങൾ', ഗൾഫ് മാധ്യമം (പ്രത്യേക പതിപ്പ്), 3, നമ്പ.1 (2012), പുറം. 66-69. 9. 1928 മുതൽ 1981 വരെ അജ്മാൻ ഭരിച്ചിരുന്ന ഷെയ്ഖ് റാഷിദ് ഇബ്ൻ ഹുമൈദ് അൽ-നുഐമി. 10. അജ്മാനിലെ ഒരു ജില്ല.
വിശദ വായനക്ക്: Ilias, M.H., ‘Memories and Narrations of ' Nations' Past: Accounts of Early Migrants from Kerala in the Gulf in the Post-Oil Era', Oxford Middle East Review, Vol. 2, No. 1 (Trinity 2018), pp. 67-88. Potter, Lawrence G., The Persian Gulf in History, (London: Palgrave Macmillan, 2009). Al-Qasimi, Muhammed, The Myth of Arab Piracy in the Gulf (London: Routledge, 2017).
നേരത്തെ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച മറ്റൊരു കുറിപ്പിന്റെ ഭാഗമായ ഈ ലേഖനത്തിലെ ചില വരികൾ വിവർത്തനം ചെയ്തതിന് അബ്ദുൽ ലത്തീഫ് വി.യോട് കടപ്പാട്. ലേഖനം വായിച്ച് ചില തിരുത്തലുകൾ നിർദേശിച്ച സുഹൃത്തുക്കളായ ആരതിക്കും ഫസറുവിനും ദിലീപിനും നന്ദി.