കേരളാ പൊലീസ് ഡിപ്പാർട്ട്മെന്റിൽ വർധിച്ചുവരുന്ന ആത്മഹത്യ, സർവ്വീസ് പൂർത്തിയാക്കുന്നതിന് മുമ്പുള്ള വിരമിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. ഡിപ്പാർട്ട്മെന്റിൽ അവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രതിസന്ധികളുടെ പ്രധാനകാരണമെന്നാണ് സേനാംഗങ്ങൾ മുന്നോട്ടുവെച്ച വാദം.
ഇക്കാര്യം ശരിവെക്കുകയാണ് സേനയിലെ ജോലിഭാരത്തെ കുറിച്ച് പഠിച്ച ഐ.ജി. ഹർഷിത അട്ടല്ലൂരി സമർപ്പിച്ച റിപ്പോർട്ട്. സേനയിൽ അംഗബലം വർധിപ്പിക്കണമെന്നടക്കമുള്ള നിർദേശങ്ങളാണ് ഐ.ജി മുന്നോട്ടുവെച്ചത്.
വിവിധ തലങ്ങളിലായി 15,075 തസ്തികകൾ കൂടി അനുവദിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ക്രമസമാധാന പാലനത്തിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് പ്രധാന ശുപാർശ. 484 പൊലീസ് സ്റ്റേഷനുകളിലായി 21,842 അംഗങ്ങളാണുള്ളത്. 12,774 സിവിൽ പൊലീസ് ഓഫീസർമാരും 4123 സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും 1085 സബ് ഇൻസ്പെകടർമാരും 480 ഇൻസ്പെക്ടർമാരുമുണ്ട്. ആംഡ് ബറ്റാലിയൻ, ജില്ലാ പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, മിനിസ്റ്റീരിയൽ എന്നീ വിഭാഗങ്ങളില്ലെമായി 61,000 ജീവനക്കാരാണുള്ളത്.
എല്ലാ തസ്തികയിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ഐ.ജിയുടെ റിപ്പോർട്ടിലുള്ളത്. 6476 സിവിൽ പൊലീസ് ഓഫീസർമാരെയും 6195 സീനിയർ സിവിൽ പൊലീസ് ഓഫീസർമാരെയും 1819 എ.എസ്.ഐമാരെയും 580 എസ്.ഐമാരെയും അഞ്ച് സ്റ്റേഷൻ ഓഫീസർമാരെയും അധികമായി നിയമിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്.
35 വർഷം മുമ്പുള്ള അംഗബലമാണ് പൊലീസ് സേനയിൽ ഇപ്പോഴുമുള്ളത്. പല സ്റ്റേഷനുകളിലും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ല. അത് ഉദ്യോഗസ്ഥരുടെ മേൽ അമിത ജോലിഭാരമുണ്ടാക്കുന്നുണ്ട്. 364 പൊലീസ് സ്റ്റേഷനുകളിൽ 50ൽ താഴെ മാത്രം ഉദ്യോഗസ്ഥരാണുള്ളത്. ജനമൈത്രി, പിങ്ക് പൊലീസ് ഉൾപ്പെടെയുള്ള പുതിയ പരിഷ്കാരങ്ങൾ വന്നതോടെ ഓരോ ഉദ്യോഗസ്ഥർക്കും 18 മണിക്കൂർ വരെ പണിയെടുക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
484 പൊലീസ് സ്റ്റേഷനുകളിലായി 21,842 അംഗങ്ങളാണുള്ളത്. 12,774 സിവിൽ പൊലീസ് ഓഫീസർമാരും 4123 സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും 1085 സബ് ഇൻസ്പെകടർമാരും 480 ഇൻസ്പെക്ടർമാരുമുണ്ട്. ആംഡ് ബറ്റാലിയൻ, ജില്ലാ പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, മിനിസ്റ്റീരിയൽ എന്നീ വിഭാഗങ്ങളില്ലെമായി 61,000 ജീവനക്കാരാണുള്ളത്.
ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനിടെ 81 ആത്മഹത്യകൾ പൊലീസ് വകുപ്പിൽ നടന്നിട്ടുണ്ട്. ഇതിന്റെ കാരണമായി സേനാംഗങ്ങൾ ഉയർത്തിക്കാട്ടുന്നത് ജോലിഭാരവും സേനയിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വലിയ തോതിലുള്ള കുറവുമാണ്. 2019ൽ മാത്രമായി 18 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 10 പേർ ആത്മഹത്യ ചെയ്തു. 2021-ൽ എട്ട്, 2022-ൽ 20 പേർ, 2023 മുതൽ ഇതുവരെ 25 പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത സേനാംഗങ്ങളുടെ കണക്ക്. 2023 ഓഗസ്റ്റ് വരെയുള്ള 169 ആത്മഹത്യകളുടെ കാരണങ്ങൾ പൊലീസ് ആസ്ഥാനത്ത് അവലോകനം നടത്തിയിരുന്നു. അക്കാലയളവിൽ ആത്മഹത്യ ചെയ്ത 30 പേരിൽ 16 പേരുടെ ആത്മഹത്യാകാരണം കുടുംബപരമായ പ്രശ്നങ്ങളാണെന്നാണ് വിലയിരുത്തൽ. ആരോഗ്യപരമായ കാരണങ്ങളാലാണ് അഞ്ച് പേർ ആത്മഹത്യ ചെയ്തത്. വിഷാദരോഗത്താൽ 20 പേരും ജോലി സമ്മർദ്ദം മൂലം ഏഴ് പേരും സാമ്പത്തിക കാരണങ്ങളാൽ അഞ്ച് പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണ്ടെത്തൽ. അതിൽ രണ്ട് പേർ ജീവനൊടുക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സേനാംഗങ്ങൾ സർവ്വീസ് കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലിയിൽ നിന്നും വിരമിക്കൽ നടത്തുന്ന സാഹചര്യവുമുണ്ട്. 2019 മുതൽ ഇതുവരെയുള്ള കാലയളവിൽ 175 പേർ സർവ്വീസിൽ നിന്നും സ്വയം വിരമിച്ചുവെന്നാണ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 148 പേർ വിരമിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016ലെ പഠന റിപ്പോർട്ട് 500 പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന അനുപാതം ശുപാർശ ചെയ്യുന്നുണ്ടെങ്കിലും നിലവിലെ അനുപാതം 656 പേർക്ക് ഒരു പൊലീസുകാരനാണ്. ജോലിസമ്മർദ്ദം മൂലമുള്ള ആത്മഹത്യകൽ വർധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ സ്റ്റേഷനുകളിലെ അംഗബലം പരിഷ്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ് ഡി.ജി.പിക്ക് അടുത്തിടെ നിർദേശം നൽകിയിരുന്നു.
Read Also | 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പൊലീസുകാർ, സ്വയം വിരമിച്ചത് 175 പേർ; കുലുക്കമില്ലാതെ ആഭ്യന്തര വകുപ്പ്