കെ. കണ്ണൻ: ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങളോട് വിമതത്വം പുലർത്തുന്നവരെ നിരന്തരം നിരീക്ഷിക്കുക, കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ തടവിലാക്കുക, നിയമവിരുദ്ധമായി കേസ് നടപടികൾ നീട്ടിക്കൊണ്ടുപോകുക, അടിച്ചേൽപ്പിക്കപ്പെടുന്ന അനിശ്ചിത കാല വിചാരണ തടവിനൊടുവിൽ ‘മരണശിക്ഷ'യിലേക്ക് തള്ളിവിടുക തുടങ്ങി മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാ അവകാശങ്ങളുടെയും വലിയ തോതിലുള്ള നിഷേധം സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. താങ്കളും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലാകുകയും നാലുവർഷത്തിലേറെ പുനെയിലെ യർവാദ ജയിലിൽ തടവിൽ കഴിയുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകനാണ്. ചികിത്സ അടക്കമുള്ള അവകാശങ്ങൾ താങ്കൾക്കും നിഷേധിക്കപ്പെട്ടിട്ടുണ്ട്. താങ്കളെ വിചാരണ കൂടാതെ തടവിൽ പാർപ്പിച്ചതിനെതിരെയും മോചനത്തിനും ആഗോളതലത്തിൽ തന്നെ സമ്മർദമുയർന്നിരുന്നു. ഇത്തരം സംഭവങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ നീതിനിഷേധങ്ങളെക്കുറിച്ചും താങ്കളുടെ അനുഭവങ്ങളിൽനിന്ന് പറയാമോ?
കെ. മുരളി (അജിത്ത്): ഇന്ത്യയിലെ തടവറകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പലരും പല ആവർത്തി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ തന്നെ പല ജഡ്ജിമാരും ഈ വിഷയത്തിൽ ഇടപെട്ടു. ചിലപ്പോഴൊക്കെ പത്രവാർത്തകൾ മുൻനിർത്തി കേസെടുത്തു. അതിന്റെയൊക്കെ വെളിച്ചത്തിൽ തടവറയിലെ മനുഷ്യാവകാശങ്ങൾ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളും മറ്റും നൽകുകയും ചെയ്തു. ജാമ്യം കൊടുക്കുന്നതാണ് പൊതുവിൽ വേണ്ടത്, വിചാരണത്തടവ് അപൂർവ്വമായോ ഉണ്ടാകാവൂ എന്നും വിധിയുണ്ട്.
ഇതൊക്കെ ഉണ്ടായിട്ടും ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല എന്നതാണ് അടിസ്ഥാനപരമായ വസ്തുത. മാത്രമല്ല, പൊതുവിൽ തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കൂടാതെ, യു.എ.പി.എ. പോലുള്ള നിയമങ്ങളിൽ കുടുക്കിയിട്ടിരിക്കുന്ന തടവുകാരെ സംബന്ധിച്ച് സ്ഥിതി ഒന്നുകൂടി മോശമാണ്. കാരണം ജാമ്യം കിട്ടുക അവർക്ക് ഏറെക്കുറെ അസാധ്യമാണ്. പത്തും പന്ത്രണ്ടും വർഷം വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞ ശേഷം, ഒടുവിൽ തെളിവൊന്നുമില്ല, കുറ്റക്കാരനല്ല, എന്നും പറഞ്ഞ് യു.എ.പി.എ. തടവുകാരെ വിട്ടയച്ച നിരവധി ഉദാഹരണങ്ങൾ സമീപകാലത്തു തന്നെ മാധ്യമങ്ങളിൽ വന്നതാണല്ലോ. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഈ വ്യക്തികളോട് ചെയ്യുന്ന പാതകം, ചെയ്യാത്ത ഒരു കുറ്റത്തിനുവേണ്ടി ഒരാൾ നീണ്ടകാലം തടവിൽ കിടക്കേണ്ടി വരുന്ന അവസ്ഥ, ഇതിനൊന്നും ഒരു പരിഹാരവും നമ്മുടെ നിയമവ്യവസ്ഥയിൽ ഇല്ല.
പ്രധാനപ്പെട്ട ഒരു ജയിലായതുകൊണ്ട് സജ്ജമായ ഒരു ആശുപത്രി തന്നെയുണ്ട് പുനെയിലെ യർവാദ ജയിലിൽ. ഇതെല്ലാം ഉണ്ടായിട്ടും തക്ക സമയത്ത് വൈദ്യസഹായം കിട്ടാതെ തടവുകാർ മരിച്ച രണ്ട് സംഭവങ്ങൾ ഞാൻ അവിടെയുള്ളപ്പോൾ നടന്നു
ഇതേപോലെ തന്നെയാണ് വിലങ്ങുവയ്ക്കുന്ന പ്രശ്‌നം. ശിക്ഷിക്കപ്പെട്ടവരോ വിചാരണയിലുള്ളവരോ ആരുമാകട്ടെ തടവുകാരെ വിലങ്ങുവയ്ക്കാൻ പാടില്ല. കോടതിയിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകുമ്പോൾ, ആശുപത്രിയിൽ കിടത്തുമ്പോൾ, ഒരു കാരണവശാലും അത് ചെയ്യാൻ പാടില്ല. ഇത്തരത്തിലും സുപ്രീംകോടതി വിധികളുണ്ട്. ഏറ്റവും ഒടുവിൽ 2018ലും ഇത് ആവർത്തിച്ചു. ഇത് ലംഘിച്ചതിന് കോടതിയലക്ഷ്യത്തിന് കേസെടുത്ത സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം ഒരു വിഷയവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു ഡി.ഐ.ജിക്ക് ഈ കോടതിവിധി ഓർമപ്പെടുത്തി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ അയക്കേണ്ടിവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അതിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ഞങ്ങളുടെ കാര്യത്തിലും അത് തന്നെയാണുണ്ടായത്. ഈ കോടതിവിധിയെ ഉദ്ധരിച്ചുള്ള ശക്തമായ പ്രതിഷേധം വഴി മാത്രമാണ് അത് ഒഴിവാക്കാൻ കഴിഞ്ഞത്. അതും വിധിയുടെ കോപ്പി ഞങ്ങൾക്ക് ജയിലിനകത്ത് കിട്ടിയതിനുശേഷം. വാക്കാൽ അതിനുമുമ്പ് പറഞ്ഞതൊന്നും അവർ അംഗീകരിക്കാൻ സന്നദ്ധനായിരുന്നില്ല. എന്നെ സംബന്ധിച്ച് സസ്സൂൺ ആശുപത്രി ഐ.സി.യുവിലായിരുന്നപ്പോൾ കൈയ്യിലോ കാലിലോ വിലങ്ങുവച്ച് കട്ടിലുമായി ബന്ധിപ്പിച്ചാണ് കിടത്തിയിരുന്നത്. അങ്ങനെ ചെയ്യുമ്പോൾ കാവൽ നിൽക്കുന്ന പൊലീസുകാർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി എങ്ങോട്ടെങ്കിലും പോകാൻ കഴിയും. ഇത് ചെയ്യാൻ പാടില്ല എന്ന് സുപ്രീം കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഡോക്ടർമാർക്ക് അതറിയാം. ഇനി മറ്റൊന്നുമല്ല, ഒരു മാനുഷിക നിലപാടിൽ നിന്ന് തങ്ങൾ ചികിത്സിയ്ക്കുന്ന രോഗിയുടെ അവസ്ഥ പരിഗണിച്ച് ഇത് ചെയ്യാൻ ഞാൻ സമ്മതിക്കില്ല എന്ന് ഡോക്ടർക്ക് പറയാം. അത് പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാകും. പക്ഷേ ഡോക്ടർമാരും അതിന് മുതിരാറില്ല. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ പുലിവാലാകും, അതിനു സമാധാനം പറയേണ്ടിവരും എന്ന ഭയവും പൊതുവിൽ തടവുകാരോടുള്ള നിഷേധാത്മക മനോഭാവവും ഇതിന് കാരണമാകുന്നു.
ചന്തയിലേക്ക് കാലികളെ കൊണ്ടുപോകുന്ന പോലെ വിലങ്ങുവച്ച തടവുകാരെ ഒരു നീണ്ട ശൃംഖല പോലെ കൂട്ടിക്കെട്ടി ആയുധധാരികളായ പൊലീസുകാർ തെളിച്ചുകൊണ്ടുപോകുന്നത് പൂനെയിൽ പതിവായി കണ്ടിരുന്ന കാഴ്ചയാണ്. ഇങ്ങനെയാണ് അവരെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നത്. വക്കീലന്മാരും ജഡ്ജിമാരും പതിവായി കാണുന്ന ഒരു കാഴ്ചയാണിത്. ഇത് നിയമവിരുദ്ധമാണ്, സുപ്രീംകോടതി നിർദ്ദേശത്തിന്റെ ലംഘനമാണ് എന്ന തോന്നൽ ആർക്കും ഒരിക്കലും ഉണ്ടായിട്ടില്ല.
തടവുകാർ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നം തന്നെയാണ് ചികിത്സയുടേത്. തലോജ ജയിലിൽ കിടക്കുന്ന ഭീമാ കൊറേഗാവ് കേസിലെ യു.എ.പി.എ. തടവുകാർക്കുള്ള ആരോഗ്യപ്രശ്‌നങ്ങളും, വേണ്ടപോലെ ചികിത്സ കിട്ടാത്ത പ്രശ്‌നങ്ങളും പല തവണ മാധ്യമങ്ങളിൽ വന്നതാണ്. ഫലപ്രദമായ ചികിത്സ വേണ്ടസമയത്ത് നൽകാതെ ഫാദർ സ്റ്റാൻ സ്വാമിയെ ഫലത്തിൽ കൊലപ്പെടുത്തിയ സംഭവം ഇതിനെ വീണ്ടും സജീവ ചർച്ചാവിഷയമാക്കി. തലോജ ജയിലിലെ അവസ്ഥയെക്കുറിച്ച് കുറച്ച് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയൊരു കേന്ദ്ര ജയിലാണ് അത്. മുംബൈയിലെ ആർത്തർ റോഡ് ജയിലിലെ തിരക്ക് ഒഴിവാക്കാൻ നവി മുംബൈയുടെ പ്രാന്തപ്രദേശത്ത് പണിതതാണ് ഈ ജയിൽ.
3000 തടവുകാരെ പൂട്ടിയിടാൻ സൗകര്യമുള്ള വലിയ ജയിലാണങ്കിലും ചികത്സാസൗകര്യം തീർത്തും പരിമിതമാണ്. മഹാരാഷ്ട്ര ജയിൽ മാനുവൽ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ അപര്യാപ്തമായ ചെറിയൊരു ആശുപത്രി മാത്രമേയുള്ളു. ആയുർവേദ ഡോക്ടർമാരെ നിയമിയ്ക്കാമെങ്കിലും തലപ്പത്ത് ഒരു അലോപ്പതി ഡോക്ടർ വേണമെന്ന നിബന്ധന പാലിച്ചിട്ടില്ല. ഉള്ള മൂന്ന് ഡോക്ടർമാരും ആയുർവേദ ഡോക്ടർമാരാണ്. ബാക്കി എല്ലാ കാര്യങ്ങളും തടവുകാരെ കൊണ്ട് നിർവഹിക്കുന്ന ഒരു അവസ്ഥയാണ് അവിടെയുള്ളത്.
വിചാരണ തടവുകാരിൽ വലിയൊരു പങ്ക് ഒരു കുറ്റവും ചെയ്യാതെ തടവിലാക്കപ്പെട്ടവരാണ്. മിക്കവാറും ദരിദ്രർ. ദളിതരും ആദിവാസികളും ചേരികളിലെ മുസ്‌ലിംകളും. യാതൊരു മനുഷ്യാവകാശങ്ങളും ഇല്ലാതെ, കേസ് നടത്താൻ പോലും കഴിയാതെ നരകയാതന അനുഭവിക്കുന്നവർ കുറച്ചൊന്നുമല്ല.
യർവാദയിൽ ആർ.എം.ഒ എപ്പോഴും അലോപ്പതി ഡോക്ടറായിരുന്നു. മാത്രമല്ല അത്യാവശ്യം വേണ്ട ഉപകരണങ്ങളും കിടത്തി ചികിത്സാസൗകര്യങ്ങളും അവിടെയുണ്ട്. തടവുകാർ ഗുരുതര ആരോഗ്യ പ്രശ്‌നം നേരിടുമ്പോൾ അവരെ അടിയന്തരമായി ചികിത്സക്ക് കൊണ്ടുപോകാൻ ആംബുലൻസുണ്ട്. മഹാരാഷ്ട്രയിലെ ജയിൽ ഭരണത്തിന്റെ ആസ്ഥാനം പൂനെ ആയതുകൊണ്ടും, വിദേശത്തുനിന്നും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും സന്ദർശനത്തിന് വരുന്നവരെ കാണിച്ചുകൊടുക്കുന്ന ജയിലായതുകൊണ്ടും കൂടിയാണ് യർവാദയിൽ ഇതെല്ലാം ഉള്ളത്. ഇതേസമയം, സംസ്ഥാന തലസ്ഥാനമായ മുംബൈയുടെ പ്രാന്തങ്ങളിലുള്ള തലോജയിൽ പോലും അതൊന്നും ഇല്ലെന്ന വസ്തുത തടവുകാരുടെ മനുഷ്യാവകാശങ്ങളോട് പൊതുവിലുള്ള ഭരണകൂട സമീപനമാണ് വ്യക്തമാക്കുന്നത്.
കോടതിയുടെ സമീപനവും ഏറെക്കുറെ അങ്ങനെ തന്നെയാണ്. തനിക്ക് പാർക്കിൻസൺസ് രോഗം ഉള്ളതുകൊണ്ട് ഗ്ലാസ് കയ്യിൽ പിടിച്ച് കുടിക്കാൻ ബുദ്ധിമുട്ടാണ്, അതിന് പതിവായി ഉപയോഗിക്കുന്ന സിപ്പറും സ്‌ട്രോയും കിട്ടണം എന്ന് സ്റ്റാൻ സ്വാമി ആവശ്യപ്പെട്ടപ്പോൾ ജയിലധികാരികൾ ഇത് നിഷേധിച്ചു. ആ വിഷയം കോടതിയിൽ വന്നപ്പോൾ ഇതിനെ കുറിച്ച് അന്വേഷിക്കാൻ സമയം വേണം എന്ന എൻ.ഐ.എ. ആവശ്യം അംഗീകരിച്ച് 20 ദിവസത്തേക്കാണ് സ്റ്റാൻ സ്വാമിയുടെ അപേക്ഷ മാറ്റിവച്ചത്. ഈ കോടതിയിൽനിന്ന് തലോജ ജയിലിലേക്ക് പരമാവധി 50 കിലോമീറ്റർ ദൂരം കാണും. സിപ്പറും സ്‌ട്രോയും കൊടുത്തോ, എന്താ തടസ്സം, എന്നൊക്കെ ജയിൽ അധികാരികളോട് ഫോണിൽ കൂടി തിരക്കാനാവില്ലെങ്കിൽ ഒരാളെ വിട്ട് അന്വേഷിച്ച് അന്നുതന്നെ തീരുമാനിയ്ക്കാവുന്ന കാര്യമേയുള്ളു. ആരോഗ്യപ്രശ്‌നം മുൻനിർത്തി അടിയന്തര നടപടി സ്വീകരിയ്ക്കാവുന്നതുമാണ്.
മുമ്പ് പല അവസരങ്ങളിലും, പല കാര്യങ്ങളിലും, കോടതികൾ ഇങ്ങനെ ഉടനടി ഫലം കാണുന്ന നടപടികൾ എടുത്തിട്ടുണ്ട്. പക്ഷെ അതല്ല ഇവിടെ നടന്നത്. 80 വയസിലേറെ പ്രായമുള്ള ഒരു വയോധികന്റെ വളരെ പ്രാഥമികമായ, ആരോഗ്യപരമായ ആവശ്യമായിരുന്നു ഒരു സ്‌ട്രോയും സിപ്പറും. അത് ഏതെങ്കിലും തരത്തിൽ ആയുധമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നുമല്ല, അതുപോലും അനുവദിയ്ക്കാൻ അടിയന്തരമായി തീർപ്പുണ്ടാക്കാൻ കോടതി സന്നദ്ധമായില്ല. ഇതു തന്നെയാണ് അവസാനം ഉണ്ടായതും. അവശനിലയിലായ സ്റ്റാൻ സ്വാമി താൻ മരിക്കാൻ പോവുകയാണ്, ചുരുങ്ങിയപക്ഷം താൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച പ്രദേശത്ത് പോയി സുഹൃത്തുക്കൾക്കിടയിൽ മരിക്കാൻ തന്നെ അനുവദിക്കണം എന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിച്ചു കൊടുക്കാതെ ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വേണമെങ്കിൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ മുൻനിർത്തി അടിയന്തരമായി ജാമ്യം കൊടുക്കാമായിരുന്നു. ഇതിനു മുമ്പ്, ഇതേ കേസിൽ, സഖാവ് വരവര റാവുവിന്റെ കാര്യത്തിൽ അത് ചെയ്തതാണ്.
റിപ്പോർട്ട് വരട്ടെ നോക്കട്ടെ എന്നെല്ലാം പറഞ്ഞ് കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ ആ വയോധികൻ മരിച്ചപ്പോൾ ഞങ്ങൾ ഞെട്ടി എന്നും പറഞ്ഞ് കൈകഴുകി രക്ഷപ്പെടുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ, ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ കിടന്ന് മരിക്കാൻ പോവുകയാണ് എന്നറിഞ്ഞുകൊണ്ട്, അങ്ങനെ സംഭവിച്ചാൽ അത് വലിയ പ്രശ്‌നമാകും എന്നു ഭയന്ന്, കോടതിയും ജയിലധികൃതരും സർക്കാരും എല്ലാം ചേർന്ന് നടത്തിയ ഒത്തുകളി മാത്രമായിരുന്നു സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേയ്ക്കുമാറ്റിയതിനു പിന്നിൽ.
സഖാവ് കഞ്ചൻ നന്നാവരെയുടെ മരണം സ്റ്റാൻ സ്വാമിയുടേതു പോലെ ഒരു ഭരണകൂട കൊലയായിരുന്നു. ആസന്നനിലയിൽ സസ്സൂണിൽ കിടക്കുമ്പോഴും ജാമ്യം നൽകാൻ മുംബൈ ഹൈകോടതി തയ്യാറായില്ല. ഹൃദ്രോഗിയായിരുന്നു ആ സഖാവ്. രണ്ട് ബൈപ്പാസ് കഴിഞ്ഞതാണ്. ആ അവസ്ഥയിലാണ് യർവാദ ജയിലിൽ എത്തുന്നത്.
ഇത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എന്റെ കാര്യത്തിലും അതായിരുന്നു കോടതിയുടെ സമീപനം. സസ്സൂൺ ഐ.സി.യുവിൽ കിടക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയാം. ഐ.സി.യുവിൽ കിടക്കുന്ന ഒരാളെ സംബന്ധിച്ച് പ്രാഥമിക ആവശ്യങ്ങളും മറ്റും നിർവഹിക്കാൻ സഹായം വേണം. മറ്റു രോഗികളെ സംബന്ധിച്ച് ബന്ധുക്കളുണ്ടാവും. തടവുകാർക്ക് കൂടെ ആരുമുണ്ടാവില്ല. മാത്രമല്ല വിലങ്ങുവച്ച് കിടത്തിയിരിയ്ക്കുന്ന അവസ്ഥയാണ്. ഞാൻ ഇത് ശരിക്കും അനുഭവിച്ചു. അത് വല്ലാത്തൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് എന്റെ മകൻ ആശുപത്രിയിലെത്തിയത്. പക്ഷേ എന്നെ സഹായിക്കാനോ എന്റെ ആവശ്യങ്ങൾ നിറവേറ്റാനോ കാവൽ നിൽക്കുന്ന പൊലീസുകാരൻ അനുവദിച്ചില്ല. ഇക്കാര്യത്തിൽ അടിയന്തിരമായി തീരുമാനം ഉണ്ടാകണം അല്ലെങ്കിൽ പ്രതിഷേധമായി നിരാഹാരസമരം തുടങ്ങും എന്ന് ഞാൻ അറിയിച്ചു. കോടതിയിൽ അടിയന്തരമായി ഒരു അപേക്ഷ കൊടുക്കാൻ വക്കീലിനെ കണ്ട് സംസാരിക്കാൻ മകനെ ഏർപ്പാടാക്കുകയും ചെയ്തു. വക്കീൽ ഉടനെ അപേക്ഷ തയ്യാറാക്കി കോടതിയിലെത്തി. അടിയന്തര സാഹചര്യമാണ്, ഐ.സി.യുവിൽ കിടക്കുന്നു, ഇതാണ് അവസ്ഥ, അതുകൊണ്ട് കൂടെ നിൽക്കാൻ മകനെ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട ജഡ്ജി; ശരി, ജയിലധികാരികൾക്ക് ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയട്ടെ, അപേക്ഷ ഞാൻ അങ്ങോട്ട് അയച്ചു കൊടുക്കാം എന്നുപറഞ്ഞ് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഐ.സി.യുവിൽ കിടക്കുന്ന ഒരു രോഗിയുടെ കാര്യത്തെ കുറിച്ചാണ് ഇങ്ങനെ പ്രതികരിച്ചത് എന്നോർക്കണം. അതാണ് നമ്മുടെ കോടതികൾ. അതുകൊണ്ടാണ് സ്റ്റാൻ സ്വാമിയ്ക്കുണ്ടായ അനുഭവം എനിയ്‌ക്കൊരു അത്ഭുതമാകാതിരുന്നത്.
രോഗിയായ തടവുകാരന്റെ ചികിത്സയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. അത് കൃത്യമായും നടപ്പാക്കികൊടുക്കേണ്ടത് ജയിൽ അധികാരികളാണ്. അവരത് ചെയ്യുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കാൻ ജഡ്ജിമാർക്ക് ഉത്തരവാദിത്വമുണ്ട്. അതാത് ജില്ലകളിലെ ഒരു ജഡ്ജിയെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. റിമാൻഡ് തടവുകാരുടെ കാര്യത്തിൽ അവരുടെ വിചാരണ നടക്കുന്ന കോടതികളുടെ ജഡ്ജിമാർക്കും ഇതിന് ഉത്തരവാദിത്തമുണ്ട്. ഇതൊക്കെയാണെങ്കിലും ഒരു തടവുകാരിക്കോ തടവുകാരനോ എന്തെങ്കിലും കാര്യമായ അസുഖം വരുമ്പോൾ, അതിന്റെ ചികിത്സ ജയിലിൽ നിറവേറ്റാൻ കഴിയില്ല എന്ന സാഹചര്യത്തിൽ പോലും, അവരുടെ പുറംചികിത്സ പലപ്പോഴും നടക്കാറില്ല. അത്യന്താപേക്ഷിത അവസരങ്ങളിൽ പോലും അപൂർവമായേ സമയോചിതമായി നടക്കാറുള്ളൂ. യർവാദയിൽ ആവർത്തിച്ചു കണ്ട കാര്യമാണിത്.
ജയറാം പടിക്കലിനെ പോലുള്ള മർദ്ദകരെ തെരുവിലിട്ട് ഓടിച്ച അനുഭവം ഈ കേരളത്തിനുണ്ട്. പ്രത്യക്ഷമായ അത്തരം ജനകീയ ഇടപെടലുകൾ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം ഉയർന്നുവരുന്നതാണ്.
പ്രധാനപ്പെട്ട ഒരു ജയിലായതുകൊണ്ട് സജ്ജമായ ഒരു ആശുപത്രി തന്നെയുണ്ട് അവിടെ. വൈദ്യപരിശോധനക്ക് വേണ്ട എക്‌സ് റേ, ഇ.സി.ജി, ദന്തചികിത്സക്കുള്ള കസേര മുതലായ പല സൗകര്യങ്ങളുമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും തക്ക സമയത്ത് വൈദ്യസഹായം കിട്ടാതെ തടവുകാർ മരിച്ച രണ്ട് സംഭവങ്ങൾ ഞാൻ അവിടെയുള്ളപ്പോൾ നടന്നു. ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിൽ ഒരു ഘടകം. രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറുണ്ട് യർവാദയിൽ. പക്ഷേ വിസ്തൃതമായ ഈ ജയിലിൽ രണ്ടു ബ്ലോക്കിൽ നിന്ന് വിളി വന്നാൽ ആദ്യം വിളിച്ചിടത്തേക്ക് ഡോക്ടർ പോകും. മറ്റേ ബ്ലോക്കിലേക്ക് പാരസെറ്റാമോൾ, മെട്രോഗിൽ പോലുള്ള അത്യാവശ്യ മരുന്നുകളുമായി ഒരു വാർഡനും പോകും. അവിടെയുള്ളത് പക്ഷാഘാതമോ മറ്റോ വന്ന തടവുകാരനാണെങ്കിൽ ഡോക്ടറെ അങ്ങോട്ടു വിളിക്കും. ഡോക്ടർ വന്ന് രോഗം സ്ഥരീകരിച്ചിട്ടുവേണം പൂട്ടുതുറന്ന് ആ തടവുകാരനെ പുറത്തെത്തിക്കുന്ന പ്രക്രിയ തുടങ്ങാൻ. അതൊരു പ്രക്രിയ തന്നെയാണ്. ഡോക്ടർ മുഖ്യകവാടത്തിലേയ്ക്ക് വിളിയ്ക്കണം. അവിടെ ഡ്യൂട്ടിയിലുള്ള ജയിലർ വന്നിട്ടുവേണം പൂട്ടുതുറക്കാൻ. ചുരുങ്ങിയത് അര മണിക്കൂറെങ്കിലും എടുക്കും ഇതൊക്കെ നടക്കാൻ. പുറത്തുള്ള ആശുപത്രയിലേയ്ക്ക് കൊണ്ടുപോകേണ്ടത് അവശ്യമാണെങ്കിൽ അതിനും വേണം വീണ്ടുമൊരു അര മണിക്കൂർ.
ഈ ഡോക്ടർക്ക് തന്നെയാണ് വനിതാ ജയിലിന്റെ ഉത്തരവാദിത്വം. ജയിൽ ആശുപത്രിയിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം വരും അങ്ങോട്ട്. അവിടെ ആർക്കെങ്കിലും കാര്യമായി അസുഖം വന്നാൽ അവിടെനിന്ന് മുഖ്യകവാടത്തിലേയ്ക്ക് വിളിക്കണം. അവർ ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള കാവൽക്കാരെ വിളിക്കും. അവരു പോയി ഡോക്ടറെ വിവരമറിയിക്കണം. രോഗം അങ്ങേയറ്റം മോശമായ അവസ്ഥയിലാണ് ഡോക്ടറെ വിളിയ്ക്കുന്നത്. എല്ലാം അനങ്ങി വരുമ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ട് പോയിരിക്കും.
സഖാവ് കഞ്ചൻ നന്നാവരെ മരിക്കുന്നത് അങ്ങനെയാണ്. സ്റ്റാൻ സ്വാമിയെ പോലെ അതും ഒരു ഭരണകൂട കൊലയായിരുന്നു. ആസന്നനിലയിൽ സസ്സൂണിൽ കിടക്കുമ്പോഴും ജാമ്യം നൽകാൻ മുംബൈ ഹൈകോടതി തയ്യാറായില്ല. ഹൃദ്രോഗിയായിരുന്നു ആ സഖാവ്. രണ്ട് ബൈപ്പാസ് കഴിഞ്ഞതാണ്. ആ അവസ്ഥയിലാണ് യർവാദ ജയിലിൽ എത്തുന്നത്. വേണ്ടതരത്തിൽ, വേണ്ടസമയത്ത്, ഫലപ്രദമായ ചികിത്സ കിട്ടാതിരുന്നതുകൊണ്ട് മാത്രമാണ് സഖാവിന്റെ ആരോഗ്യനില ക്രമത്തിൽ മോശമായി ഒടുവിൽ മരിക്കുന്നത്. ഇതുകൊണ്ടും തീർന്നില്ല ജയിൽ അധികാരികളുടെ മനുഷ്യത്വവിരുദ്ധ സമീപനം. സഖാവിന്റെ ജീവിതപങ്കാളിയായ സഖാവ് അരുൺ ബെൽക്കെ യർവാദയിലെ അണ്ട സെല്ലിലെ തടവുകാരനാണ്. പക്ഷേ കഞ്ചനെ അത്യാസന്നനിലയിൽ ആശുപത്രിയിലേയ്ക്കു മാറ്റിയതും, മസ്തിഷ്‌കാഘാതമുണ്ടായതും, അതിനുവേണ്ടി ശസ്ത്രക്രിയ നടത്തുന്നതും ബെൽക്കെയെ അറിയിച്ചിട്ടില്ല. കഞ്ചന്റെ വീട്ടുകാരെ പോലും അറിയിച്ചിട്ടില്ല. മരിച്ചതിനുശേഷമാണു് വിവരം അറിയിച്ചത്. ബെൽക്കെയുടെ ദൃഢനിശ്ചയവും വക്കീൽ സംഘത്തിന്റെ സജീവ ഇടപെടലും മൂലം ശവസംസ്‌കാരച്ചടങ്ങിൽ ആ സഖാവിന് പങ്കെടുക്കാൻ കഴിഞ്ഞു.
വിദഗ്ധ ചികിത്സക്കോ പരിശോധനക്കോ തടവുകാർ പുറത്തേക്ക് പോകണോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. ഇതാണ് ജയിൽ മാനുവലിൽ പറയുന്നത്. തടവുകാരുടെ പേരും രോഗവിവരവും കാണിച്ചുള്ള മെമ്മോ ജയിൽ ഓഫീസിലേക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ പൊലീസ് എസ്‌കോർട്ട് ഏർപ്പാടാക്കുകയും വേണം. ഇതിന് വിരുദ്ധമായി, ജയിൽ സൂപ്രണ്ടിന്റെ വക ഒരു പരിശോധനയുണ്ട്. പോകാൻ നിർദ്ദേശിക്കപ്പട്ട രോഗികളിൽ എഴുന്നേറ്റു നിൽക്കാൻ കഴിയുന്നവരെല്ലാം ആശുപത്രിക്കുമുമ്പിൽ നിരന്നുനിൽക്കണം. ഡോക്ടർക്കൊപ്പം സൂപ്രണ്ട് വരും. ഓരോ രോഗിയോടും എന്താ അസുഖം എന്ന് തിരക്കും. എന്നിട്ട് അതിൽ ആരെയൊക്കെ പുറത്തെ ആശുപത്രിയിലേക്കു വിടണമെന്ന് സുപ്രണ്ട് തീരുമാനിയ്ക്കും. ജയിൽ നിയമപ്രകാരം തടവുകാരുടെ അവകാശമായ കാര്യം ഇതോടെ, ഫലത്തിൽ, ജയിൽ അധികാരികളുടെ ഔദാര്യമായി മാറുകയാണ്. തടവുകാരുടെ വിധേയത്വം ഉറപ്പിച്ചുനിർത്താൻ അവരുടെ രോഗാവസ്ഥ ഉപയോഗപ്പെടുത്തുന്നു. ഏന്തെങ്കിലും കാരണവശാൽ ഏതെങ്കിലും ജയിൽ ഉദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിച്ചിട്ടുണ്ടെങ്കിൽ പിന്നെ ആ തടവുകാർ പുറത്തെ ആശുപത്രിയിലേക്കുപോകുന്ന പ്രശ്‌നമില്ല. കോടതിയിൽ കേസുകൊടുത്ത് ഉത്തരവ് നേടി അതിന്റെ ബലത്തിൽ മാത്രം ചികിത്സക്കുപോകാൻ കഴിഞ്ഞ ഒരു തടവുകാരനെ ജയിലിൽ കണ്ടിരുന്നു.
ഇന്നും ബഹുജനങ്ങൾ നിസ്സംഗരാണ് എന്നെനിക്ക് തോന്നുന്നില്ല. ബഹുജനാഭിപ്രായം ഉണ്ട്. പക്ഷേ അതിനെ ശക്തമായി കേന്ദ്രീകരിക്കാൻ പോന്ന, ഒരുസാമൂഹ്യശക്തിയായി അതിനെ മാറ്റാൻ കഴിയുന്ന സംഘടനയില്ല.
എനിക്കും ഒരിക്കൽ ഇതുപോലെ ചെയ്യേണ്ടിവന്നു. വൈദ്യപരിശോധനക്ക് സസ്സൂണിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിർദ്ദേശം നൽകി ഒരു മാസമായിട്ടും നടക്കാതിരുന്നപ്പോൾ കോടതിയിൽ ഇതുന്നയിച്ചു. കോടതി ഉത്തരവിട്ടതുകൊണ്ടാണ് എനിക്ക് പോകാൻ കഴിഞ്ഞത്.
കഴിയുന്ന എല്ലാ രീതിയിലും തടവുകാരെ മാനസികമായി പീഡിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. രാഷ്ട്രീയത്തടവുകാരെ സംബന്ധിച്ച് ഇതിനോട് പ്രതികരിക്കാൻ, ഒച്ചപ്പാടുണ്ടാക്കാൻ അവർക്കുകഴിയും. പുറമേ അവരെ പിന്തുണക്കുന്ന ആൾക്കാരുണ്ടാകും. പൊതുജനാഭിപ്രായവും അനുകൂലമാകും. അതുകൊണ്ട് ഇതെല്ലാം ഒരു വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാനും ചെറിയ പരിഹാരങ്ങൾ സാധ്യമാക്കാനും ചില ഘട്ടങ്ങളിൽ കഴിഞ്ഞെന്നുവരാം. എന്നാൽ സാധാരണ തടവുകാരെ സംബന്ധിച്ച് അതല്ല അവസ്ഥ. അവരിൽ ഭൂരിപക്ഷവും വിചാരണ തടവുകാരാണ്. അതിൽ തന്നെ വലിയൊരു പങ്ക് ഒരു കുറ്റവും ചെയ്യാതെ തടവിലാക്കപ്പെട്ടവരാണ്. മിക്കവാറും ദരിദ്രർ. ദളിതരും ആദിവാസികളും ചേരികളിലെ മുസ്‌ലിംകളും. ഇവരെ സംബന്ധിച്ച് യാതൊരു വിധത്തിലുമുള്ള മനുഷ്യാവകാശങ്ങളും ഇല്ലാതെ, കേസ് നടത്താൻ പോലും കഴിയാതെ നരകയാതന അനുഭവിക്കുന്നവർ കുറച്ചൊന്നുമല്ല. എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാത്ത പടുവൃദ്ധരായ ആൾക്കാർ, 90 കഴിഞ്ഞവർ പോലും ഇപ്പോഴും യർവാദ ജയിലിലുണ്ട്. അങ്ങനെയുള്ള ഒരു വയോധികനെ ആശുപത്രിയിൽ ചങ്ങലക്കിട്ടു കിടത്തിയ കാഴ്ച ഞാൻ കണ്ടിട്ടുണ്ട്.
സ്റ്റാൻ സ്വാമിയുടെ മരണത്തിന് തൊട്ടുപിറകെ ഇത്തരത്തിലുള്ള ഒരു പടം സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. പലരും അതുകണ്ട് ഞെട്ടി. പക്ഷെ ഇതാണ് ഇന്ന് നാട്ടുനടപ്പ്. പതിവായി നടന്നുകൊണ്ടിരിക്കുന്ന കാര്യമാണത്. ഐ.എം.എ പോലുള്ള വൈദ്യസംഘടനകൾ, ആശുപത്രി ജീവനക്കാരുടെ സംഘടനകൾ, കൺമുമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുന്നില്ല. പ്രാഥമികമായ ഒരു മാനുഷിക ബോധത്തിൽ നിന്ന് പ്രതികരിക്കാൻ അവർക്ക് കഴിയുന്നില്ല. അവരതിന് തയ്യാറാകുന്നില്ല.
ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അതിശക്തമായ പൊതുജനാഭിപ്രായം ഉയർത്തി കൊണ്ടുവന്നാൽ മാത്രമേ ഇതിൽ എന്തെങ്കിലും ഒരു മാറ്റവും തടവുകാർക്ക് ആശ്വാസവും ഉണ്ടാകൂ. അല്ലെങ്കിൽ ഇതെല്ലാം തുടർക്കഥയായി നടന്നുകൊണ്ടിരിക്കും. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഒരു അനക്കം ഉണ്ടാകും. ഫാദർ സ്റ്റാൻ സ്വാമിയുടെ കൊലപാതകത്തിലും അത് കണ്ടല്ലൊ. പക്ഷേ അതുകഴിഞ്ഞ് ആ വിഷയം മുങ്ങിപ്പോകും. ഭരണകൂട വേട്ടകളെ ജനങ്ങൾ ന്യായീകരിക്കുന്നതുകൊണ്ട്, അല്ലെങ്കിൽ അതുമായി പൊരുത്തപ്പെടുന്നതുകോണ്ടാണോ ഇത് സംഭവിയ്ക്കുന്നത്? അല്ലെന്നാണ് എന്റെ പക്ഷം.
ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയതുകൊണ്ടല്ല ഇവിടെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്. അത് നടക്കട്ടെ എന്ന നിർദേശം ഭരണതലത്തിലെ ഉന്നതങ്ങളിൽ നിന്ന്, പിണറായി വിജയന്റെ തലത്തിൽ നിന്ന്, വന്നതുകൊണ്ടാണ് അത് നടന്നത്.
അധികാരികളുടെ ഇത്തരം പ്രവൃത്തികൾ ഹീനമാണ്; പക്ഷെ നമുക്ക് എന്താണ് ചെയ്യാൻ പറ്റുക? ഇങ്ങനെയുള്ള ഒരു പരാജയഭാവം ശക്തമാണ്. ഇതാണ് ആൾക്കാരെ തടഞ്ഞുവെക്കുന്നത്. അതുകൊണ്ടുതന്നെയാണ് സജീവവും ശക്തവുമായ അഭിപ്രായരൂപീകരണം, നിരന്തരമായ അഭിപ്രായരൂപീകരണം, പ്രതിഷേധ പ്രവർത്തനം, ആവശ്യമായിവരുന്നത്. പൊതുസമൂഹത്തിന്റെ മുമ്പിൽ ഈ വിഷയത്തെ സജീവമായി നിലനിർത്താനും കോടതികളുടെ മേൽ സമ്മർദ്ദം ചെലുത്താനും നിലവിലുള്ള ഭരണ സംവിധാനത്തിൽ സാധ്യമാകുന്ന പരിഷ്‌കരണങ്ങൾ നേടിയെടുക്കാനും കഴിയുക അതിലൂടെ മാത്രമാണ്. ഇത് സാധ്യമാണെന്ന് തെളിയിക്കുന്ന ധാരാളം അനുഭവങ്ങൾ നമുക്കുണ്ട്.
അടിയന്തരാവസ്ഥ പിൻവലിച്ചശേഷം അന്ന് നടന്നിട്ടുള്ള പൊലീസ് മർദ്ദനങ്ങളും പീഡനങ്ങളും പുറത്തുവന്നു. കക്കയം, ശാസ്തമംഗലം ക്യാമ്പുകളുടെ ഭീകരത പൊതുസമൂഹം അറിഞ്ഞു. സഖാവ് രാജനെയും വിജയനെയും മറ്റും കൊലപ്പെടുത്തിയത് വെളിപ്പെട്ടു. അതോടെ ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന ശക്തമായ പ്രതിഷേധം കേരളം കണ്ടതാണ്. ജയറാം പടിക്കലിനെ പോലുള്ള മർദ്ദകരെ തെരുവിലിട്ട് ഓടിച്ച അനുഭവം ഈ കേരളത്തിനുണ്ട്. പ്രത്യക്ഷമായ അത്തരം ജനകീയ ഇടപെടലുകൾ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം ഉയർന്നുവരുന്നതാണ്. പക്ഷേ, മേൽപറഞ്ഞപോലെ പൊതുജനാഭിപ്രായ രൂപീകരണത്തിനുള്ള ബോധപൂർവമായ ശ്രമങ്ങളും തുടർച്ചയായ ഇടപെടലുകളും നടത്തിയാൽ അതിലൂടെ ഉയർന്നുവന്ന മനുഷ്യാവകാശബോധത്തെ തുടർന്നും നിലനിർത്താനും കൂടുതലായി വികസിപ്പിക്കാനും കഴിയും.
രണ്ട്: പൗരർക്കുനേരെയുള്ള ഇത്തരം ഭരണകൂടവേട്ടകളോടുള്ള പൊതുസമൂഹ സമീപനം ഏതുവിധത്തിലുള്ളതാണെന്നാണ് താങ്കളുടെ അനുഭവം? കേരളത്തിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്തുനടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ന്യായീകരിച്ചും മഹാരാഷ്ട്ര മോഡൽ നിയമം വേണമെന്ന് ശുപാർശ ചെയ്തുകൊണ്ടുമുള്ള മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അഭിപ്രായ പ്രകടനങ്ങൾ പോലും കേരളീയ പൊതുസമൂഹം കുറ്റകരമായ നിസ്സംഗതയോടെയാണ് കേട്ടത്. ഭരണകൂടന്യായങ്ങളെ അവിശ്വസിക്കാതിരിക്കുക എന്നൊരു നിലപാടിലേക്ക് പൊതുസമൂഹം പരിവർത്തനപ്പെടുന്നത് എന്തകൊണ്ടാണ്?
പെൻഷൻപറ്റി പോകുന്ന സമയത്തു് മുൻ ഡി.ജി.പി ലോക്നാഥ് ബഹ്‌റ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഒരു പൊലീസുകാരനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന അഭിപ്രായങ്ങൾ മാത്രമാണ്. ചർച്ചചെയ്യേണ്ടത് അതല്ല. ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ അവകാശവാദങ്ങളും അതിന്റെ പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് ശ്രദ്ധിക്കേണ്ടത്. ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയതുകൊണ്ടല്ല ഇവിടെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്. അത് നടക്കട്ടെ എന്ന നിർദേശം ഭരണതലത്തിലെ ഉന്നതങ്ങളിൽ നിന്ന്, പിണറായി വിജയന്റെ തലത്തിൽ നിന്ന്, വന്നതുകൊണ്ടാണ് അത് നടന്നത്. അല്ലാതെ പിണറായി വിജയനോ സി.പി.എം നേതൃത്വമോ അറിയാതെ സംഭവിച്ച കാര്യങ്ങളല്ല അതൊക്കെ. നേർക്കുനേരുള്ള പോരാട്ടത്തിലെ എറ്റുമുട്ടലിൽ നിന്ന് വ്യത്യസ്തമായി ഏറ്റുമുട്ടൽ കൊലപാതകം യാദൃശ്ചികമായി ഒരിക്കലും നടക്കാറില്ല.
ഒരു ഉദാഹരണം നോക്കാം. കർണാടകയിൽ നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അതുണ്ടായില്ല. ഒരുകാരണവശാലും ഏറ്റുമുട്ടൽ കൊലപാതകം പാടില്ല എന്ന നിർദ്ദേശം പൊലീസിന് കൊടുത്തിരുന്നു. ഇതേ കാര്യം തന്നെ ബീഹാറിൽ ലാലു പ്രസാദ് യാദവ് ഭരിച്ചിരുന്ന കാലത്തും കണ്ടതാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ, ഭരണനേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചുമാത്രമേ പൊലീസ് ഇത്തരം കൊലകൾക്ക് മുതിരൂ. അല്ലാതെ അപൂർവമായേ സംഭവിക്കൂ. എന്നാൽ ഭരണനേതൃത്വത്തിന് അത്തരമൊരു നയമില്ലെങ്കിൽ അത് ഉടനെ നിയന്ത്രിക്കപ്പെടും. അതിനെതിരെ നടപടിയും ഉണ്ടാകും.
ഇവിടെ കാണേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. യു.ഡി.എഫ് ഭരണകാലത്താണ് ഇത്തരം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത് എന്നുകരുതുക. സംശയം വേണ്ട; സി.പി.എം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ചാടിയിറങ്ങിയിട്ടുണ്ടാകും. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയിരിക്കും. തങ്ങളുടെ സങ്കുചിതമായ തെരഞ്ഞെടുപ്പു താൽപര്യങ്ങൾക്കുവേണ്ടി ജനവികാരം മുതലെടുക്കാൻ ആകാവുന്നതെല്ലാം ചെയ്തിരിയ്ക്കും. അടിയന്തരാവസ്ഥക്കാലത്തുടനീളം കയ്യും കെട്ടി മിണ്ടാതിരുന്ന ഈ പാർട്ടി അത് പിൻവലിച്ചശേഷം കക്കയം ക്യാമ്പ് കഥകളുടെ പ്രചാരകരായി അവതരിച്ച അനുഭവമില്ലേ? അവിടത്തെ മർദ്ദന കഥകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ, അത് അനുഭവിച്ചവരിൽ ഭൂരിപക്ഷവും അടിയന്തിരാവസ്ഥയെ ധീരമായ നേരിട്ട സി.പി.ഐ (എം. എൽ) സഖാക്കൾ ആണെന്ന വസ്തുത മറച്ചുവച്ച് ഒരു പീഡന പ്രശ്‌നം മാത്രമായി അതിനെയെല്ലാം ചുരുക്കി. സഖാവ് രാജന്റെ രാഷ്ട്രീയ ചായ്‌വ് മറച്ചുവച്ച് കരുണാകരനെതിരെ പാട്ടുപാടിയ വിദ്യാർത്ഥിയായി ചിത്രീകരിച്ചു. വലിയ ബഹുജന പ്രക്ഷോഭങ്ങൾ ഇളക്കിവിട്ട് കരുണാകരനെ താഴെയിറക്കി അധികാരത്തിൽ കയറി.
ഇന്ത്യയാകെ കോൺഗ്രസിനെ പുറന്തള്ളിയപ്പോൾ, കരുണാകരൻ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് ഇതിന് തൊട്ടുമുമ്പാണ്. ഈ അനുഭവം പലതും പഠിപ്പിക്കുന്നു. അന്നും ബഹുജനങ്ങൾ നിസ്സംഗരായിരുന്നില്ല. സത്യം അവരിൽ നിന്ന് മറച്ചുവെച്ചിരുന്നു. അവരത് അറിഞ്ഞതോടെ ഇളകിമറിഞ്ഞു. ഇന്നും ബഹുജനങ്ങൾ നിസ്സംഗരാണ് എന്നെനിക്ക് തോന്നുന്നില്ല. ബഹുജനാഭിപ്രായം ഉണ്ട്. പക്ഷേ അതിനെ ശക്തമായി കേന്ദ്രീകരിക്കാൻ പോന്ന, ഒരുസാമൂഹ്യശക്തിയായി അതിനെ മാറ്റാൻ കഴിയുന്ന സംഘടനയില്ല. നിലവിലുള്ളവ പല രൂപത്തിലും പ്രതിഷേധിക്കുന്നണ്ട്. എന്നാൽ കേരളത്തിലൊന്നാകെ അതിനെ ഒരു വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാൻ മാത്രം കെൽപ്പുള്ള സാന്നിധ്യം അവർക്കില്ല. അതുകൊണ്ട് തന്നെയാണ് ഭരണകൂടഭീകരതകൾക്ക് എതിരെയുള്ള ബഹുജനാഭിപ്രായം അങ്ങനെ പ്രകടമാകാത്തത്. പക്ഷെ അത് ഉയർന്നുവരുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ഫാദർ സ്റ്റാൻ സ്വാമിയുടെ കൊല മഹാരാഷ്ടയിലാണ് നടന്നതെങ്കിലും, കേരളത്തിലും അതിന്റെ അനുരണങ്ങളുണ്ടായി. അവശനിലയിലായ സഖാവ് ഇബ്രാഹിമിന്റെ മോചനം വ്യാപക ശ്രദ്ധയാകർഷിച്ചത് അതിനുതെളിവാണ്. ▮