വാചാത്തി; ഇന്ത്യയിൽ ഒരു ആദിവാസി സമൂഹം നേരിട്ട എറ്റവും ക്രൂരമായ അനീതികളിൽ ഒന്നിന്റെ പേരാണ്, ഇന്ന് അത് ചോരയൊഴുക്കിനേടിയ നീതിയുടെ കൂടി അടയാളമാകുന്നു.
വീരപ്പൻ വേട്ടയുടെ മറവിൽ 18 ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് റേപ്പ് ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വിധിച്ച മദ്രാസ് ഹൈകോടതി വിധി, ഭരണകൂടത്തിനെതിരെ സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയും പൗരസമൂഹവും തീർത്തും നിസ്വരായ ഒരു ജനതക്കൊപ്പം നിന്ന് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കൂടി ചരിത്രമാണ്.
വീരപ്പൻ വേട്ടക്കെന്ന പേരിൽ, 1990- കളിൽ തമിഴ്നാട് സർക്കാർ ഒരു സ്ക്വാഡ് രൂപീകരിച്ചിരുന്നു. വനംവകുപ്പിൽ നിന്ന് 155 ഉദ്യോഗസ്ഥർ, പോലീസ് വകുപ്പിൽനിന്ന് 108 ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് 6 ഉദ്യോഗസ്ഥർ എന്നിങ്ങനെ 269 അധികാരികളുടെ സംഘം.
1992 ജൂൺ 20ന് ഇവർ വാചാത്തി ഗ്രാമത്തിലെത്തി. ഗ്രാമീണരാണ് വീരപ്പനെ സംരക്ഷിക്കുന്നതെന്നും ചന്ദനം കടത്താൻ ഒത്താശ ചെയ്യുന്നതെന്നുമായിരുന്നു അവരുടെ ആരോപണം. ഗ്രാമത്തിൽ തമ്പടിച്ച്, വാച്ചാത്തിയെ ഒറ്റപ്പെടുത്തി വേട്ടയാടിയിട്ടും വീരപ്പനെ കിട്ടാത്ത കലിപ്പിൽ അവർ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കാൻ തുടങ്ങി. ഗ്രാമീണരിൽനിന്ന് ഉദ്യോഗസ്ഥ സംഘം 18 സ്ത്രീകളെ തെരഞ്ഞുപിടിക്കുകയായിരുന്നു. ഇവരെ റേപ്പ് ചെയ്ത സംഘം, പുരുഷന്മാരെ ക്രൂരമായി മർദ്ദിച്ചു. വീടുകൾ കൊള്ളയടിച്ചു, തീയിട്ടു.
ആട്, മാട്, കോഴി എന്നിങ്ങനെ ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം ഇവർ വേട്ടയാടി ഭക്ഷിച്ചു. അത്യാവശ്യ സാധനങ്ങൾ അഗ്നിക്കിരയാക്കി. ഭക്ഷ്യവസ്തുക്കൾ ആറ്റിലൊഴുക്കി, റേഷൻ കടകളെല്ലാം തകർത്തു. നെല്ല് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വെല്ലം അടക്കമുള്ള ഭക്ഷണസാധനങ്ങളുടെ വരവ് തടഞ്ഞു. 133 അപ്പാവി ജനങ്ങളാണ് ഭീകരക്കിരയായത്. ലൈംഗികാതിക്രമത്തിനുശേഷം 18 സ്ത്രീകളെ പൊലീസ് ട്രക്കിൽ കയറ്റി വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ച്, പരാതിപ്പെട്ടാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവരടക്കമുള്ള ഗ്രാമീണരെ ചന്ദനത്തടികളുടെ മുന്നിൽ നിർത്തി ഫോട്ടോയെടുത്ത് വ്യാജ തെളിവുമുണ്ടാക്കി.
ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അധികാര സംവിധാനം ഒരു ഗ്രാമത്തോട് ചെയ്ത ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായിരുന്നു ഇത്.
ധർമപുരി ജില്ലയിലുള്ള സിത്തേരി മലയിലെ ചന്ദനക്കാടുകൾ കർണാടകയെയും തമിഴ്നാട്ടയും ബന്ധിപ്പിക്കുന്ന വനപ്രദേശമാണ്. ഇവിടെ അങ്ങോളമിങ്ങോളം 20 ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങളിൽ ആദിവാസി ഗോത്ര വർഗ്ഗക്കാരും മറ്റുള്ളവരും ഒത്തൊരുമിച്ച് ജീവിച്ചുവന്നു. ഈ പ്രദേശത്തിന് തൊട്ടു താഴെയുള്ള ആദിവാസി ഗ്രാമമാണ് വാച്ചാത്തി. പാപ്പിരാൻരെട്ടിപെട്ടി എന്ന ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള കാൽവരായൻ മലയിലാണ് വാച്ചാത്തി ഗ്രാമം. ഭൂരിഭാഗവും ആദിവാസി ഗോത്രവർഗക്കാർ താമസിക്കുന്ന മലമ്പ്രദേശം. ധർമപുരി ഭാഗത്തെ ഏറ്റവും വലിയ കൊടുങ്കാണ് വാച്ചാത്തി ഗ്രാമം. ഈ ഗ്രാമത്തെ ചുറ്റിയാണ് വീരപ്പൻ പതിറ്റാണ്ടുകൾ ജീവിച്ചിരുന്ന ചന്ദനക്കാടുകൾ.
ഗ്രാമീണ ജനങ്ങളിൽ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്. കിട്ടുന്ന ഏതു ജോലിയും ചെയ്തുകഴിയുന്നവർ. ഈ മനുഷ്യരെയാണ്, വീരപ്പൻവേട്ടയുടെ മറവിൽ ധർമപുരി വനവകുപ്പ് അധികാരികൾ വേട്ടയാടിയത്. എത്ര ശ്രമിച്ചിട്ടും വീരപ്പനെ പിടികൂടാൻ പറ്റാത്ത വിരോധം അവർ വാച്ചാത്തി ഗ്രാമമക്കളോട് തീർക്കുകയായിരുന്നു, അതിക്രൂരമായി തന്നെ. അതിക്രമത്തിനുശേഷം സ്ത്രീകളും കുട്ടികളുമടങ്ങുന്ന 105 ഗ്രാമീണരെ അറസ്റ്റു ചെയ്ത് മൂന്നു മാസം ജയിലിലടച്ചു. ഗ്രാമീണർ ജയിൽ മോചിതരായി തിരിച്ചുവന്നപ്പോൾ, അവിടെ ഒന്നും അവശേഷിച്ചിരുന്നില്ല. വീടുകളും വസ്ത്രങ്ങളും കക്കൂസുകളും വരെ അവർ തകർത്തുകളഞ്ഞിരുന്നു.
ഗ്രാമത്തിൽനിന്ന് ഓടിരക്ഷപ്പെട്ട് പുറത്തെത്തിയവരാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ആദിവാസി ഗോത്രവർഗ്ഗ സമിതി പ്രശ്നം ഏറ്റെടുത്തു. ഒപ്പം, സി.പി.എം തമിഴ്നാട് ഘടകവും രംഗത്തെത്തി. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ സമയമായിരുന്നു അത്. സർവശക്തി ഉപയോഗിച്ചും കേസ് ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചു. തമിഴ്നാട്ടിൽ മാറിമാറി ഭരിച്ച എല്ലാ രാഷ്ട്രീയപാർട്ടികളും ഈ കേസിൽ സ്വീകരിച്ചത് ഇതേ നിലപാടാണ് എങ്കിലും ഗോത്രവർഗ്ഗ സമിതിയുടെയും സി.പി.എമ്മിന്റെയും നിരന്തര പോരാട്ടം തുടർന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.പിയുമായിരുന്ന എ. നല്ലശിവം വാച്ചാത്തിയിലെത്തി സമരത്തിന് തുടക്കമിട്ടു. പാർലമെന്റിലും അദ്ദേഹം വിഷയം ഉന്നയിച്ചു.
ഗ്രാമീണർ ജയിൽ മോചിതരായ ശേഷം പാർട്ടിയുടെ മുൻകൈയിൽ മദ്രാസ് ഹൈകോടതിയിൽ റിട്ട് ഹർജി നൽകിയതോടെ പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിന് തുടക്കമായി. അന്നത്തെ മുഖ്യമന്ത്രി ജയലളിതയും വനവകുപ്പ് മന്ത്രി ചെങ്കോടൈയനും ക്രൂരത മറച്ചുവെക്കാൻ ശ്രമിച്ചു. തമിഴ്നാട് ആദിവാസി ക്ഷേമ സമിതി നേതാവ് ഡൽഹി ബാബു, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഷണ്മുഖം തുടങ്ങിയവരുടെ നേതൃത്വത്തിൽ ധർമ്മപുരി, അരൂർ പ്രദേശങ്ങളിൽ ശക്തമായ പ്രചാരണം നടത്തി യുവാക്കളെ സംഘടിപ്പിച്ചു. സി.പി.എമ്മിനൊപ്പം കിസാൻ സഭ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, തമിഴ്‌നാട് ട്രൈബൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ എൻ.ജി.ആർ. പ്രസാദ്, ആർ. വൈകൈ, ജി. സംകിരാജ്, കേ. ഇളങ്കോ തുടങ്ങിയവരാണ് മൂന്ന് പതിറ്റാണ്ട് നിയമപോരാട്ടം നടത്തിയത്.
തമിഴ്നാട് സർക്കാർ കേസെടുക്കാൻ വിസമ്മതിച്ചപ്പോൾ, 1993-ൽ അന്വേഷണം സി.ബി.ഐക്ക് വിട്ടു. 2008- വരെ കേസ് വിചാരണ നടന്നു. പിന്നീട് വിചാരണ കൃഷ്ണഗിരി ജില്ലാ കോടതിക്ക് കൈമാറി. വാച്ചാത്തി ഗ്രാമത്തിൽ നേരിട്ടെത്തിയാണ് ജുഡീഷ്യറി ബെഞ്ച് വിചാരണ നടത്തിയത്.
ഗ്രാമീണർക്ക് അധികാരികളുടെ ഭീഷണിയിൽ സ്വന്തം കൺമുന്നിൽ നടന്ന ക്രൂരതകൾ മറച്ചുവെക്കേണ്ടിവന്നു. സാക്ഷികൾ ഇല്ലാത്തതുകൊണ്ട് ശിക്ഷ അകലെയായിരുന്നു. റേപ്പ് ചെയ്യപ്പെട്ടവരിൽ 13 വയസ്സ് പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയും എട്ടുമാസം ഗർഭിണിയായ ആദിവാസി സ്ത്രീയും പെടും. മാത്രമല്ല, ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ക്രൂരമായി മർദ്ദനമേറ്റ എത്രയെത്ര സ്ത്രീകളെയാണ് അന്വേഷണത്തിന് മുതിർന്ന നാഗരാജനും മറ്റ് ജുഡീഷനറി ബെഞ്ചിനും അഭിമുഖീകരിക്കേണ്ടിവന്നത്. സംഭവിക്കാൻ പാടില്ലാത്ത കൊടും ക്രൂരത എന്നാണ് അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്.
ഒടുവിൽ, 18 വർഷങ്ങൾക്കു ശേഷം തെളിവുകൾ പുറത്തുവന്നുതുടങ്ങി. 2008-ൽ അന്വേഷണം പൂർത്തിയാക്കുമ്പോൾ പ്രതികളായ 269 ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ സർക്കാർ നൽകിയ അപ്പീൽ തള്ളി.
2011 സപ്തംബർ 29ന്, രണ്ടു ദശകങ്ങൾക്കുശേഷം, കൃഷ്ണഗിരി ജില്ലാ സെഷൻസ് കോടതി, 269ൽ ജീവിച്ചിരിക്കുന്ന 215 പേരുടെ ശിക്ഷ ശരിവച്ചു. ഇവരെ പത്തു വർഷം വരെ തടവിന് വിധിച്ചു. ഗ്രാമീണർക്കെതിരായ കള്ളക്കേസുകൾ റദ്ദാക്കി. പീഡനത്തിനിരയായവർക്ക് മൂന്നു കോടി രൂപ നഷ്ടപരിഹാരവും വിധിച്ചു. റേപ്പ് ചെയ്യപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഈ തുക പ്രതികളിൽനിന്ന് ഈടാക്കാനും വിധിച്ചു. ഇവർക്കോ കുടുംബാംഗങ്ങൾക്കോ ജോലി നൽകാനും ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ടവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
അപ്പീലിൽ വാദം കേട്ടശേഷം അന്തിമ വിധി പറയുന്നതിനുമുമ്പ് ഹൈകോടതി ജഡ്ജി പി. വേൽമുരുകൻ വാച്ചാത്തി ഗ്രാമത്തിലെത്തി. ആക്രമണത്തിനിരയായ ഗ്രാമീണരെ അദ്ദേഹം കണ്ടു. സ്ത്രീകളെ കൂട്ടത്തോടെ കെട്ടിയിട്ട ആൽമരം അടക്കമുള്ള കൊടുംക്രൂരതയുടെ അടയാളങ്ങൾ അദ്ദേഹം നേരിട്ടുകണ്ടു. ആ അനുഭവത്തിന്റെ കൂടി വാസ്തവം, ഈ വിധിയുടെ അടിസ്ഥാനമായി മാറി.
ഭരണകൂടത്തിനുകീഴിലുള്ള അധികാര സംവിധാനം തകർത്തെറിഞ്ഞ അധഃസ്ഥിത ജീവിതങ്ങളുടെ ദൃക്സാക്ഷിത്വം കൂടിയാണ് വാചാത്തി എന്ന ഗ്രാമം.